Saturday, May 10, 2008

വാണ്ട്‌ കമ്പനി??

ഒന്നിനെയും അന്ധമായി ഇഷ്ടപ്പെടുകയോ ആരാധിക്കുകയോ ചെയ്യുന്നത്‌ എനിക്കു പണ്ടേ ഇഷ്ടമല്ല. ആ സ്വഭാവമുള്ള ആള്‍ക്കാരുമായി ഞാന്‍ കഴിവതും ഇടപെടാറുമില്ല. ആ എന്നെ പരീക്ഷിക്കാന്‍ വേണ്ടീട്ടാവണം ദൈവം തമ്പുരാന്‍ മധുവിനെ പൂനെയില്‍ നിന്ന്‌ ഡെല്‍ഹിയിലേക്ക്‌ കൊണ്ടു വന്ന്‌ ഹോസ്റ്റലില്‍ എന്റെ റൂംമേറ്റായി പ്രതിഷ്ഠിച്ചത്‌.ആറ്റംബോംബിനെ പറ്റി പറഞ്ഞു തുടങ്ങിയാലും അത്‌ അവസാനം പൂനെനഗരത്തിന്റെ ഗുണമഹിമയിലെക്കോ മധൂന്റെ ബോയ്‌ഫ്രണ്ടിന്റെ മഹത്വത്തിലെക്കോ എത്തിപ്പെടും. അതാവട്ടെ തുടങ്ങിയാല്‍ പിന്നെ നിര്‍ത്തുകയുമില്ല. പൂനെയെയും നീരജിനെയും പറ്റിയുള്ള മധുരവചനങ്ങള്‍ ഇങ്ങനെ ഇടതടവില്ലാതെ കേട്ടാല്‍ ഞാനൊരു പ്രമേഹരോഗിയായിപ്പോയേക്കുംന്നൊക്കെ ഞാന്‍ മധൂനു വാണിംഗ്‌ കൊടുത്തു നോക്കി. യെവടെ!!ആ ഒരൊറ്റ ഡയലോഗില്‍ പിടിച്ച്‌ പൂനെയില്‍ പ്രമേഹരോഗികള്‍ വളരെകുറവാണെന്നും അവിടുത്തെ ആള്‍ക്കാരൊക്കെ ഭയങ്കര ഹെല്‍ത്‌കോണ്‍ഷ്യസാണെന്നും നീരജിനിഷ്ടപ്പെട്ട ചോക്‌ലേറ്റ്‌സ്‌ ഏതൊക്കെയാണെന്നും ഒക്കെയുള്ളതിനെപറ്റിയുള്ള ഒരു ഉപന്യാസം തന്നെ എനിക്കു കേള്‍ക്കേണ്ടി വന്നു.


ഇങ്ങനൊക്കെയാണെങ്കിലും ചില കാര്യങ്ങളില്‍ എനിക്കു മധൂനെ ഭയങ്കര ഇഷ്ടമായിരുന്നു. കണ്ണൂര്‍ എന്ന കൊച്ചുനാട്ടില്‍ വച്ചു ഞാന്‍ ധാരാളമായി പ്രയോഗിച്ചിരുന്ന പല വാക്കുകളും ഡെല്‍ഹിയില്‍ ഉപയോഗിച്ചാല്‍ ഭീകരമായ അര്‍ത്ഥവ്യത്യാസം വരുമെന്ന്‌ എന്ന്‌ പഠിപ്പിച്ചത്‌ മധുവാണ്‌. അതില്‍ ആദ്യം പഠിച്ച വാക്കാണ്‌ 'കമ്പനി'. ഒരു സന്ധ്യാ സമയത്ത്‌ ജന്‍പഥ്‌ മാര്‍ക്കറ്റിലൂടെ പ്രത്യേകിച്ചു ലക്ഷ്യമൊന്നുമില്ലാതെ ഞങ്ങള്‍ രണ്ടു പേരും ചുറ്റിത്തിരിഞ്ഞു നടക്കുമ്പോഴാണ്‌ ആ വാക്കും കൊണ്ട്‌ ഒരള്‍ വന്നത്‌. ഒരു പയ്യന്‍.. ഞങ്ങള്‍ടെ തൊട്ടടുത്തു വന്ന്‌ 'വാണ്ട്‌ കമ്പനി??' എന്ന് ചോദിച്ചു.അത്രെം ജനത്തിരക്കുള്ള സ്ഥലത്ത്‌ ഇനിയെന്തിനാ ഒരു കമ്പനി എന്നും വിചാരിച്ച്‌ ഞാന്‍ ഒരു 'നോ താങ്ക്സ്‌' എന്നു പറഞ്ഞു ഒരു ചിരിയും കൂടി പാസ്സാക്കി കൊടുത്തു. ആ ഒരു കുറ്റത്തിന്‌ എനിക്കു മധൂന്റടുത്തുന്ന്‌ ഹിന്ദി,ബംഗാളി ഇംഗ്ലീഷ്‌ എന്നീ മൂന്നു ഭാഷകളിലാണ്‌ ചീത്ത കേള്‍ക്കേണ്ടി വന്നത്‌. ആ പയ്യന്‍ ചോദിച്ചത്‌ എന്തോ കോഡാണു പോലും. അതു മാത്രമല്ല ആ ചോദ്യത്തിനു മറുപടിയായി ചിരിച്ചു കാണിച്ചാല്‍ പച്ചക്കൊടിയാണെന്നൊരു ഞെട്ടിക്കുന്ന സത്യവും എന്നെ അറിയിച്ചു.ഒരു ഇംഗ്ലീഷ്‌ പത്രത്തില്‌ ജേര്‍ണലിസ്റ്റ്‌ ട്രെയിനിയായതു കൊണ്ട്‌ മധൂന്‌ എന്നെക്കാളും സജ്ജനപരിചയവും പൊതുവിജ്ഞാനവും കൂടും.അതുകൊണ്ടു തന്നെ ആ പറഞ്ഞത്‌ സത്യമാവാനേ വഴിയുള്ളൂ. 'നോ താങ്ക്സ്‌' പറയാന്‍ പാടില്ല, ചിരിച്ചു കാണിക്കാന്‍ പാടില്ല, ഇഗ്നോര്‍ ചെയ്താല്‍ ചിലപ്പോ മൗനം സമ്മതം എന്നു വിചാരിച്ചാല്‍ പിന്നെ അതും പണിയാകും. പിന്നെന്താ ഇങ്ങനെയുള്ളവരോടു മറുപടി പറയേണ്ടതെന്നു ചോദിച്ചപ്പോള്‍ മധൂനും അതു വല്യ പിടിയില്ല.എന്നാലും ഇതെങ്ങനെ ഡീല്‍ ചെയ്യണമെന്ന്‌ ഏതെങ്കിലും സീനിയറിനോടു ചോദിച്ച്‌ പറഞ്ഞുതരാംന്ന്‌ മധു ഉറപ്പു തന്നു.


പക്ഷെ അതിനുത്തരം കിട്ടുന്നതു വരെ കാത്തു നില്‍ക്കാന്‍ തലേവര തയ്യാറല്ലായിരുന്നു. അടുത്ത ദിവസം ഗൂഗിളില്‍ ഏതോ ടെക്നിക്കല്‍ ഡോക്യുമെന്റ്‌ തപ്പിക്കൊണ്ടിരുന്ന ഞാന്‍ കാടുകയറിക്കയറി ഏതൊക്കെയോ വഴികളിലൂടെ ശ്രീ ശ്രീ രവിശങ്കറിലേക്കും അതു വഴി സുദര്‍ശന്‍ ക്രിയയിലേക്കുമൊക്കെ എത്തിപ്പെട്ടു.പിന്നെ അതിനെ പറ്റിയായി ഗവേഷണം. അപ്പോഴാണ്‌ ഡെല്‍ഹീല്‌ ആര്‍ട്ട്‌ ഓഫ്‌ ലിവിങ്ങിന്റെ ക്യാമ്പു വരുന്ന കാര്യം അറിഞ്ഞത്‌. എന്നാല്‍ പിന്നെ ബാക്കി അവിടെ പോയി നേരിട്ടു തന്നെ ഗവേഷണിച്ചെക്കാംന്നും വിചാരിച്ച്‌ കണ്ണും പൂട്ടി ക്യാമ്പിന്‌ ജോയിന്‍ ചെയ്തു.ക്യാമ്പിന്റെ അവസാനത്തെ ദിവസം. യാത്ര പറച്ചിലും ബഹളവും ഒക്കെ കാരണം ഒരുപാടു വൈകി.കയറിയ ബസ്‌ ബ്രേക്ക്ഡൗണാവുകയും കൂടി ചെയ്തതോടേ ആറാമിന്ദ്രിയത്തില്‍ നിന്ന്‌ ചില അപകടസൂചനകളൊക്കെ കിട്ടാന്‍ തുടങ്ങി. എന്നാലും ഒരു ചിരിയൊക്കെ മുഖത്തൊട്ടിച്ചു വച്ച്‌ (ശ്രീ ശ്രീയെപോലെ അത്രേം വിശാലമായ ചിരിയല്ല;ഒരു കുഞ്ഞ്യേ ചിരി);ക്യാമ്പില്‍ നിന്നും കിട്ടീയ 'ബീ പോസിറ്റിവ്‌' എന്ന സൂത്രവാക്യോം മനസ്സിലിട്ട്‌ അടുത്ത ബസും പിടിച്ച്‌ ഒരുവിധത്തില്‍ രാത്രി പതിനൊന്നുമണിയോടു കൂടി എന്റെ സ്റ്റോപ്പില്‍ ചെന്നിറങ്ങി.


ഉള്ള സ്ട്രീറ്റ്‌ലൈറ്റുകളെല്ലാം സെന്‍ട്രല്‍ ഡെല്‍ഹീല്‌ പാര്‍ലമെന്റിന്റേം മന്ത്രിമാരുടെ വീടിന്റേമൊക്കെ ചുറ്റും കൊണ്ടുപോയി വെച്ചതു കൊണ്ട്‌ നമ്മടെ ദരിദ്രവാസി സ്റ്റോപ്പില്‍ സ്ട്രീറ്റ്‌ലൈറ്റൊന്നുമില്ല. വല്ലപ്പോഴും കടന്നു പോകുന്ന വാഹനങ്ങള്‍ടെ വെളിച്ചം മാത്രം.അതും അവിടെ രണ്ടു സൈഡിലേക്കുള്ള വണ്‍വേയും രണ്ടു ലെവലിലാണ്‌. അതായത്‌ ഞാനിറങ്ങിയ സ്റ്റോപ്പില്‍ നിന്ന്‌ റോഡ്‌ ക്രോസ്സ്‌ ചെയ്ത്‌ സ്റ്റെപ്പു കയറി മുകളിലെത്തിയാല്‍ മറ്റേ സൈഡിലെക്കുള്ള വണ്‍വേയായി. അതും ക്രോസ്‌ ചെയ്ത്‌ സൈഡ്‌റോഡിലൂടെ കയറി ഒരു അഞ്ചു മിനിട്ട്‌ നടന്നാല്‍ എന്റെ ഹോസ്റ്റലായി. ആ സമയമായപ്പോഴേക്കും റോഡ്‌സൈഡിലുള്ള ഷോപ്പുകളൊക്കെ അടച്ചിരുന്നു.ട്രാഫിക്കും തീരെയില്ല. ആകെപ്പാടെ നല്ല ഹൊറര്‍‍ സെറ്റപ്പ്‌ . എങ്ങനേലും പെട്ടെന്നു ഹോസ്റ്റലിലെത്തണംന്നും വിചാരിച്ച്‌ റോഡ്‌ ക്രോസ്‌ ചെയ്യാന്‍ തുടങ്ങീപ്പഴാണ്‌ നമ്മടെ ഹീറോ വന്നത്‌-ബൈക്കില്‌. ഇങ്ങേരു പോയിട്ടു വേണം റോഡ്‌ ക്രോസ്‌ ചെയ്യാന്‍ എന്നും കരുതി ആ ബൈക്കിനെ തന്നെ തുറിച്ചു നോക്കിക്കൊണ്ട്‌ നില്‍ക്കുന്നതു കണ്ടിട്ടാണോ എന്തോ.. എന്റടുത്തു വന്ന്‌ ബൈക്ക്‌ സ്ലോ ആക്കി ഒറ്റ ചോദ്യം..അതെ ആ പഴയ ചോദ്യം തന്നെ -"വാണ്ട്‌ കമ്പനി?".


ദൈവമേ ഇതിനുത്തരം മധു ഇതേവരെ പറഞ്ഞു തന്നിട്ടില്ലല്ലോ എന്ന്‌ അപ്പോഴാണ്‌ ഓര്‍ത്തത്‌. എന്തെങ്കിലുമൊക്കെ ഉത്തരം പറഞ്ഞ്‌ റിസ്കെടുക്കാന്‍ പറ്റില്ല. തിരക്കേറിയ മാര്‍ക്കറ്റിലാരുന്നെങ്കില്‍ തെറ്റുത്തരം പറഞ്ഞാലും വല്യ കുഴപ്പമൊന്നും പറ്റാതെ രക്ഷപെടാം. പക്ഷെ ഇവിടെ ഈ വിജനമായ സ്ഥലത്ത്‌ പ്രത്യാഘാതം രൂക്ഷമായിരിക്കും. ഞാന്‍ ഒന്നും മിണ്ടാതെ സൈഡിലെക്കു മാറി നടന്നു. അതേറ്റു. ഹീറോ ബൈക്കും ഓടിച്ചങ്ങു പോയി. 'അപ്പോ ഇങ്ങനെയാണ്‌ പ്രതികരിക്കേണ്ടത്‌' എന്നങ്ങു മന‍സ്സില്‍ ആശ്വസിച്ചതേയുള്ളൂ.. മുന്നോട്ടു പോയ ബൈക്ക്‌ അല്‍പം ദൂരെ നിര്‍ത്തി തിരിച്ച്‌ എന്റെ നേരെ വരുന്ന നയനമനോഹരമായ കാഴ്ച. ഞാനും ഒന്നു നിന്ന്‌ തിരി‍ഞ്ഞു നടക്കാന്‍ തുടങ്ങി. എന്തിനെന്നു ചോദിക്കരുത്‌. അപ്പോള്‍ അങ്ങനെ ചെയ്യാനാണു തോന്നിയത്‌. പുറകില്‍ ബൈക്ക്‌ അടുത്തു വരുന്ന ശബ്ദം കേള്‍ക്കാം. പെട്ടെന്ന്‌ അവിടൊക്കെ ഭയങ്കരമായ ഒരു പ്രകാശം. എന്റെ മുന്നിലായി റോഡ്‌സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറീടെ ഹെഡ്‌ലൈറ്റിട്ടതാണ്‌. അതിന്റകത്ത്‌ ഒരു മനുഷ്യനുമുണ്ട്‌. ഒരു പക്ഷെ അവിടെ വേറെയും ആളുണ്ടെന്ന്‌ ആ ബൈക്കുകാരന്‌ മനസ്സിലാവാനായിരിക്കും അവര്‌ ലൈറ്റിട്ടത്‌. പക്ഷെ സാക്ഷാല്‍ ദൈവം തമ്പുരാന്‍ തന്നെ നേരിട്ടു വന്നാലും ഞാനപ്പോള്‍ വിശ്വസിക്കുമായിരുന്നില്ല. എന്തായാലും ആ ഒരു ഞെട്ടലും കൂടി ആയപ്പോള്‍ ഒരു ഗുണം ഉണ്ടായി. എല്ലാ ഞെട്ടലും പോയി എതാണ്ട്‌ ചെസ്‌ കളിക്കുന്നവന്റെ മാനസികാവസ്ഥയിലായി ഞാന്‍. ഓര്‍ക്കാപ്പുറത്തു രണ്ടു സൈഡില്‍ നിന്നും ചെക്ക്‌ വന്നതു പോലെ. ഞാന്‍ നടപ്പൊക്കെ നിര്‍ത്തി ലോറിക്കാരനെയും തുറിച്ചു നോക്കി മനസില്‍ കണക്കു കൂട്ടാന്‍ തുടങ്ങി.മുന്നോട്ടോടിയാല്‍ നേരെ ഫ്ലൈ-ഓവറിന്റെ അടിയിലേക്കാണ്‌ എത്തുക. അതു വല്യ അപകടമാണ്‌.. അല്ലേങ്കില്‍ പിന്നെ സൈഡിലെ ഷോപ്പുകളിലേക്ക്‌ ഓടിക്കേറണം. അവിടേം ജനങ്ങളൊന്നുമില്ലാത്തതു കൊണ്ട്‌ വല്യ രക്ഷയുണ്ടാവില്ല. പിന്നെ ഒരേയൊരു വഴി നേരെ തിരിച്ചു പോയി അവിടെ എന്നേം കാത്തു നില്‍ക്കുന്ന ബൈക്കുകാരനെയും കടന്ന്‌ പോയി റോഡ്‌ ക്രോസ്‌ ചെയ്ത്‌ സ്റ്റെപ്‌ കയറി മുകളിലത്തെ റോഡിലെത്തണം. അതു ഇത്തിരൂടി ട്രാഫിക്‌ കൂടുതലുള്ള റോഡാണ്‌. പിന്നൊന്നും ചിന്തിച്ചില്ല. നേരെ തിരിഞ്ഞ്‌ വെടിച്ചില്ലു പോലെ പാഞ്ഞു. ബൈക്കുകാരന്റെ അടുത്തേക്ക്‌. ഞാനിങ്ങനെ പാഞ്ഞു വരുന്നത്‌ ബൈക്കില്‍ കയറാനായിരിക്കുംന്നൊക്കെ വ്യാമോഹിച്ചു നില്‍ക്കുന്ന ഹീറോയെയും കടന്നോടി പറന്നാണ്‌ മുകളിലെത്തെ റോഡിലെത്തിയത്‌.എന്നിട്ടും ഓട്ടം നിര്‍ത്തീല്ല. തിരിഞ്ഞു നോക്കാതെ ഹോസ്റ്റല്‍ വരെ അതെ സ്പീഡിലോടി. ഇടയ്ക്ക്‌ മധൂനെ വിളിച്ച്‌ ഗേറ്റ്‌ തുറന്നിടാനും ഏര്‍പ്പാടാക്കി. അതിനു മറ്റൊരുദ്ദേശ്യവുവുമുണ്ട്‌. എങ്ങാനും ബൈക്കുകാരന്‍ എന്നെ പിടികൂടിയാല്‍ അറ്റ്‌ലീസ്റ്റ്‌ എന്റെ ഡെഡ്‌ബോഡി ‍കിട്ടാന്‍ ഏത്‌ ‌ ഏരിയയില്‍ തപ്പണം എന്നൊരു ക്ലൂ എങ്കിലും മധൂനു കിട്ടുമല്ലോ..


അന്നു രാത്രി മുഴുവന്‍ ഞാനും മധുവും ചിന്തിച്ചു കൂട്ടുകയായിരുന്നു. ഇങ്ങനൊരു ആക്രമണം ഉണ്ടായാല്‍ എങ്ങനെ പ്രതിരോധിക്കണം. എപ്പോഴും ഓടി രക്ഷപെടാന്‍ പറ്റീന്നു വരില്ല .കത്തി,കഠാര,തോക്ക്‌ തുടങ്ങി പല മാരകയുധങ്ങളും പരിഗണനയില്‍ വന്നു. അതൊക്കെ ബാഗില്‍ കൊണ്ടു നടന്നാല്‍ ഡെല്‍ഹീലെ ഒരു സാഹചര്യമനുസരിച്ച്‌ ചുളുവില്‍ ഒരു തീവ്രവാദിപ്പട്ടം കിട്ടാന്‍ അതു ധാരാളം മതി. കരാട്ടേ,കുങ്ങ്‌ഫൂ ഒക്കെ പഠിക്കാന്‍ പോയാലോന്നായി അടുത്ത ചിന്ത. പക്ഷെ അതൊക്കെ പഠിച്ചു കഴിയുന്നതു വരെ അക്രമികള്‍ വെയ്റ്റ്‌ ചെയ്യണംന്നില്ലല്ലോ. പെട്ടെന്ന്‌ പ്രയോഗത്തില്‍ വരുത്താവുന്ന ഒരു പരിഹാരമാണ്‌ വേണ്ടത്‌. അങ്ങനെ ഒരു പാടു നേരത്തെ ആലോചലകള്‍ക്കു ശേഷം അവസാനം ഉത്തരം കിട്ടി..പെപ്പര്‍ സ്‌പ്രേ.. അതാവുമ്പോ ധൈര്യമായി ബാഗില്‍ കൊണ്ടു നടക്കാം. ആവശ്യത്തിനെടുത്തുപയോഗിക്കുകയും ചെയ്യാം. പിന്നെ അതു തേടിയുള്ള അന്വേഷണമായിരുന്നു. ഡെല്‍ഹിയില്‍ ഒറ്റ കടയിലും കിട്ടാനില്ല. മിക്കവരും അങ്ങനൊരു സാധനത്തെ പറ്റി കേട്ടിട്ടു പോലുമില്ല. സാധനം കിട്ടാത്ത നിരാശയെക്കാളും എനിക്കു സഹിക്കാന്‍ പറ്റാതിരുന്നത്‌ മറ്റൊരു കാര്യമാണ്‌. ഓരോ കടയില്‍ നിന്നിറങ്ങുമ്പോഴും മധൂന്റെ വക പ്രഖ്യാപനമുണ്ടാകും. 'ച്ഛെ ഡെല്‍ഹിയില്‍ ഇതു പോലുമില്ലെന്നോ!! പൂനെയിലായിരുന്നെങ്കില്‍....." ഒരു പത്തുപതിനഞ്ചു പ്രാവശ്യം ഇതേ കാര്യം കേട്ടു കഴിഞ്ഞതോടെ എന്റെ ക്ഷമ അതിന്റെ വഴിക്കു പോയി. ഞാന്‍ വെല്ലുവിളിച്ചു


'എങ്കില്‍ പിന്നെ മധു ഇതു പൂനെയില്‍ പോകുമ്പോള്‍ മേടിച്ചിട്ടു വാ..ഇത്തിരി സമയമെടുത്താലും കുഴപ്പമില്ല. അതു വരെ ആരെങ്കിലും ഉപദ്രവിക്കാന്‍ വന്നാല്‍ തല്‍ക്കാലം ഞാനോടി രക്ഷപെട്ടോളാം'


അക്കൊല്ലം മധൂനു ലീവ്‌ കിട്ടീപ്പോള്‍ ഏറ്റവും സന്തോഷം എനിക്കായിരുന്നു.രണ്ടിലൊന്ന്‌ ഇപ്പം തീരുമാനമാകും. പൂനെയില്‍ പെപ്പര്‍ സ്പ്രേ കിട്ടിയാല്‍ ഞാന്‍ ഹാപ്പി..കിട്ടീലെങ്കില്‍ അതിനെക്കാളും ഹാപ്പി. ഒരു പെപ്പര്‍ സ്പ്രേ പോലും വാങ്ങാന്‍ കിട്ടാത്ത സ്ഥലമാണ്‌ പൂനെ എന്ന്‌ മധൂന്‌ സമ്മതിക്കേണ്ടി വരും. മധു തിരിച്ചു വരുന്നതും കാത്ത്‌ കണ്ണിലെണ്ണയൊഴിച്ച്‌ ഞാന്‍ കാത്തിരുന്നു. തിരിച്ചു വന്ന്‌ പൂനെ-സ്പെഷ്യല്‍ മധുരപലഹാരങ്ങളൊക്കെ എനിക്കു തന്ന്‌ വിശേഷങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞിട്ടും സ്പ്രേയെ പറ്റി മാത്രം ഒന്നും മിണ്ടുന്നില്ല. സംഭവം കിട്ടീട്ടില്ലാന്നുറപ്പ്‌. ചുമ്മാ ഒന്നു ശവത്തില്‍ കുത്തി നോക്കിയാലോന്നും വിചാരിച്ച്‌ അവസാനം ഞാന്‍ തന്നെ ചോദിച്ചു.



"സ്പ്രേ കിട്ടീട്ടുണ്ടാവുമല്ലോ അല്ലേ..??"


അല്‍പസമയം മൗനം. അങ്ങനെ അവസാനവും മധുവും മധൂന്റെ പൂനെയും കേവലമൊരു സ്പ്രേയുടെ മുന്നില്‍ തോല്‍വി സമ്മതിക്കുന്നതും കാത്ത്‌ സന്തോഷത്തോടിരുന്ന എന്റെ ചെവിലെക്ക്‌ ആ വാക്കുകള്‍ വന്നു വീണു


" ഒരു പാടന്വേഷിച്ചു. പക്ഷെ ഒരു ഷോപ്പിലുമില്ല. പൂനെയില്‍ പെണ്ണുങ്ങള്‍ക്കു നേരെ യാതൊരു ഉപദ്രവവുമില്ലല്ലോ. പിന്നെന്തിനാ ഈ സാധനം സ്‌റ്റോക്ക്‌ ചെയ്യുന്നതെന്നാണ്‌ അവരു ചോദിക്കുന്നത്‌."


കഴിച്ചുകൊണ്ടിരുന്ന ഗുലാബ്‌ജാമുന്‍ തൊണ്ടയില്‍ കുടുങ്ങി വിക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു


"ശ്ശൊ നമ്മളത്‌ നേരത്തേ ഓര്‍ക്കേണ്ടതായിരുന്നു അല്ലേ.."


"അതെയതെ..ഇതു പൂനെയില്‍ പോയി ചോദിച്ച ഞാന്‍ നാണം കെട്ടു പോയി"


ഞാന്‍ പിന്നൊന്നും മിണ്ടിയില്ല. അല്ല;മിണ്ടീട്ടും കാര്യമില്ലല്ലോ.. കളിയാക്കിയാലും മനസ്സിലാകാത്ത പെണ്‍കുട്ടി!!!!

88 comments:

  1. കൊച്ചുത്രേസ്യ said...

    ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടങ്കില്‍ അതിതാണ്‌ ഇതാണ്‌ ഇതാണ്‌..
    ഏതാണെന്നൊക്കെ പോസ്റ്റ്‌ വായിച്ചു മനസ്സിലാക്കുക:-)

  2. പാഞ്ചാലി said...

    പോസ്റ്റ് വായിച്ചു. വനിതയിലൂടെ കൂടുതല്‍ പോപ്പുലര്‍ ആയതിനു ശേഷമുള്ള ആദ്യ പോസ്റ്റില്‍ നിന്നു വളരെ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു...

  3. ഹരിത് said...

    ആല്‍ഫ്രെഡി ഹിച്ഹോക്കി:)

  4. Haree said...

    കമന്റ് മറന്നു പോയി... പാഞ്ചാലീടെ കമന്റ് കണ്ടപ്പോള്‍...

    വനിത - പോപ്പുലാരിറ്റി, അതെന്താ സംഭവം? ലിങ്ക്സ് ഉണ്ടോ തരാന്‍?

    ഇനി കൊച്ചുത്രേസ്യ ‘വാണ്ട് കമ്പനീ’ന്ന് ചോദിച്ചു തുടങ്ങും, അപ്പോള്‍ പയ്യന്മാരോടണ ഓട്ടം... അതൊന്നാലോചിച്ചേ! ;)
    --

  5. സമീര്‍ അലി I Samir Ali said...

    കൊച്ചുത്രെസ്യയുടെ നിലവാരം കുറയുന്നു...Be Alert..ok

  6. ബാജി ഓടംവേലി said...

    നന്നായിരിക്കുന്നു........

  7. Baiju Elikkattoor said...

    Inimitable Kochuthresia........!

  8. ദിവാസ്വപ്നം said...

    :-)

    അലക്കി. അല്ലേലും അവനവനിസ്റ്റുകളെക്കൊണ്ട് വല്യ ഉപദ്രവമാണ്.


    അല്ല, എന്തുവാ ഈ വാണ്ട് കമ്പനി എന്നു പറഞ്ഞില്ല. അരഡസന്‍ വര്‍ഷം ഡെല്‍ഹീയില്‍ തേരാപാരാ നടന്നിട്ടും എന്നോടാരും വാണ്ട് കമ്പനി ചോദിച്ചില്ലല്ലോ.

  9. അഹങ്കാരി... said...

    ഹരീ, വനിത മാഗസിനില്‍ ( യൂത് കോര്‍ണറില്‍ ആണെന്നു ഥോന്നുന്നു ) നമ്മുടേ കൊത്രേയെക്കുറിച്ച് ഒരു കിടിലന്‍(!!??) പരസ്യം ഉണ്ടായിരുന്നു...അതില്‍ കൊത്രേയെ ബൂലോകത്തിലെ ശ്രീനിവാസന്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നേ (ശ്രീനിവാസന്‍ വനിത വായിക്കാത്തത് വനിതക്കാരുടെ ഭാഗ്യം )

    പിന്നെ എന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ ആണുങ്ങളെ അത്ര കളിയാക്കണമായിരുന്നോ??? ആ ചോദ്യത്തിനുത്തരം കിട്ടിയോ?

    വനിത വഴിയാണ് ഞാനും ചേച്ചിയെ കുറിച്ചു വായിച്ചത് കേട്ടോ ( ചേച്ചീന്നു വിളിക്കാമല്ലോ അല്ലെ? )

    പിന്നെ , ശ്രീനിവാസന്റെയും എന്റെയും അത്ര പോരെങ്കിലും മോശമില്ല , നല്ലൊരു ഭാവി ഉണ്ട്...

    ഓ.ടോ : പിന്നെ സിസ്റ്റം അഡ്മിന്‍ ഒക്കെ എങ്ങനെ പോകുന്നു???

  10. ഹരീഷ് തൊടുപുഴ said...

    ഇത്തിരികൂടി സൂക്ഷിച്ചു നടന്നോണം ട്ടോ, ചേച്ചീ..

  11. കുഞ്ഞന്‍ said...

    അപ്പോള്‍ പൂനയില്‍പ്പോയാല്‍ സ്വര്‍ഗ്ഗം കാണാം..!

    എന്തിനാണ് ഈ പെപ്പര്‍ സ്പ്രേ..? ഇങ്ങിനെയുള്ള സാഹചര്യങ്ങളില്‍ കുഞ്ഞെ, അനിയാ , ചേട്ടാ , അമ്മാവ...ഇങ്ങിനെയൊക്കെ പെരുമാറിയാല്‍ മരിച്ചുകഴിയുമ്പോള്‍ നരകത്തില്‍ പോകുമെന്നും മറ്റു പറഞ്ഞ് പേടിപ്പിക്കണം..യേത്..!

  12. ആഗ്നേയ said...

    കൊച്ചൂ കലക്കീട്ടോ..
    ഇതിങ്ങനെ വായിച്ച് “അയ്യോ ഞാനും ഒരു ഭയങ്കര സുന്ദരിയല്ലെ,ഇങ്ങ്നെ ഒറ്റക്കൊക്കെ രാത്രി പുറത്തിറങ്ങേണ്ടി വന്നാല്‍(ഉവ്വ ഈ ജന്മത്ത് പോയി,പകലെങ്കിലും ഒന്നൊറ്റക്ക് പുറത്തിറങ്ങാഗ്നൂ ന്ന് പറഞ്ഞിപ്പോ പലരും വരും.ആരു വന്നില്ലേലും ആ യാരിതും,ആഷേം വരും.അതു ശ്രദ്ധിക്കാന്‍ പോണ്ട.)അത്യാവശ്യം ഉപകരിക്കാന്‍ കുറച്ച് ആയോധനമുറയൊക്കെ പഠിക്കാംന്നോര്‍ത്തപ്പോഴാ കൊച്ചൂന്റെ കിടിലന്‍ വാര്‍ണിങ്.”അതൊക്കെ പഠിക്കും വരെ അക്രമികള്‍ വെയ്റ്റ് ചെയ്തില്ലെങ്കിലോ?”
    അപ്പോ ആ പൂതി ഉപേക്ഷിക്കുന്നു..എന്നാലും എനിക്കു സങ്കടായി.പ്രമേഹത്തിന്റെ കാര്യം പറഞ്ഞപ്പോ ഉപന്യാസം കേള്‍ക്കേണ്ടിവന്ന കൊച്ചൂന്റെ മുഖം ഓര്‍ത്ത്.
    “കളിയാക്ക്യാലും മനസ്സിലാവൂല്ല.”
    അപ്പോ മന്ദബുദ്ധിപ്പട്ടത്തില്‍ കൊച്ചൂന്റെ ഒന്നാംസ്ഥാനം പോയീല്ലേ?സാരല്ലാ‍ട്ടോ.

  13. sandoz said...

    അണ്ടി കമ്പനി എന്നൊക്കെ കേട്ടിട്ടുണ്ട്...
    ഇതന്താ ഈ വാണ്ട് കമ്പനി....
    വായിച്ച് നോക്കട്ടെ...ഇങേരന്താ എഴുതി വച്ചേക്കണേ എന്ന്...

  14. വേണാടന്‍ said...

    എന്നാ‍ലും വാണ്ട്‌ കമ്പനി?? എന്തുവാണെന്നു പറഞ്ഞില്ലാ‍ല്ലൊ...കൊച്ചുത്രെസ്യയുടെ ഒരു സസ്പെന്‍സ്...

    ഇപ്പോള്‍ പേപ്പര്‍ സ്പ്രേ (പെപ്പര്‍ അല്ലല്ലൊ) എന്തുവാണെന്നു മനസ്സിലായീ..
    ഇനി “വാണ്ട്‌ കമ്പനി??“ ഗുട്ടന്‍സും കൂടി ഒന്നു പറയൂ പ്ലീസ്..
    ഒന്നുമല്ലെങ്കിലും ചൊദിച്ചിട്ടല്ലെ....പറയൂ പ്ലീസ്..

  15. Kannapi said...

    Q: വാന്ഡ് company ? ans: poda patti

  16. പാമരന്‍ said...

    :)

  17. sandoz said...

    കയ്യിലേ ഒരു വിസില്‍ കരുതുക...
    ഈ കാക്കിക്കാരു കൊണ്ടൂ നടക്കുന്ന ചേലില്‍ ഉള്ളത്..
    അണ്ടി ക്കമ്പനി വരുമ്പോ വിസില്‍ എടുത്ത് ചുമ്മാ ചുറ്റിലും നോക്കി ജാഡക്ക് നിന്ന് ഊതുക..
    ഒന്ന് പരിക്ഷിച്ച് നോക്കീട്ടു അറീക്കണേ...
    [കര്‍ത്താവേ..വിസില്‍ തൊണ്ടേല്‍ കുടുങി പെങ്കൊച്ച് ചത്ത് പോയി എന്ന വാര്‍ത്ത കേള്‍പ്പിക്കരുതേ...]

  18. Rare Rose said...

    കൊള്ളാട്ടോ കൊച്ചൂ..ധൈര്യം കയ്യില്‍ പിടിച്ചോടിയ ആ ഓട്ടം ..തമാശയില്‍ പൊതിഞ്ഞു പറഞ്ഞതു കൊണ്ട് ആ ടെന്‍ഷന്‍ അത്ര തോന്നിയില്ല..എങ്കിലും ഞാന്‍ എന്നെ ആ സ്ഥാനത്ത് നിര്‍ത്തിയാലോചിച്ചപ്പോള്‍‍ ഒരു ചിന്ന ഭയം.....അപ്പോള്‍ പെപ്പര്‍ സ്പ്രേ കാര്യം പരാജയപ്പെട്ട സ്ഥിതിക്ക് ഇനിയെന്താ അടുത്ത പരിപാടി..??..പുനെയിലെ ഭീകര സ്ഥിതിവിശേഷങ്ങളൊക്കെ അവിടെ ജോലിയെടുക്കുന്ന കൂട്ടുകാര്‍ വഴി അറിയുന്നുണ്ടു..ആ പുണെയല്ലേ ഈ മധുന്റെ പൂനേ...

  19. ബഷീർ said...

    കാലം മാറി..കഥ മാറി...

    ഇപ്പോള്‍ പെണ്‍പിള്ളാരു പിറകെ വന്ന് "വാണ്ട്‌ കമ്പനി ? എന്ന് ചോദിച്ച്‌ ആണ്‍പിള്ളാരെ വലയിലാക്കുകയാണെന്ന് ആരോ എവിടെയൊ പറയുന്നത്‌ കേട്ടു ( ഞാന്‍ ഇവിടില്ല )

  20. Sands | കരിങ്കല്ല് said...

    കൊച്ചൂസേ... കലക്കി...

    ഞാന്‍ കമ്പ്യൂട്ടറിന്റെ മുന്നിലിരുന്നു്‌... പനീര്‍-കറിയില്‍ മുക്കിയ ബ്രഡ്ഡും... പിന്നെ നല്ല കണ്ണന്‍ ദേവന്‍ ചായയും കുടിക്കായിരുന്നു...

    "ഒരു പാടന്വേഷിച്ചു. പക്ഷെ ഒരു ഷോപ്പിലുമില്ല. പൂനെയില്‍ പെണ്ണുങ്ങള്‍ക്കു നേരെ യാതൊരു ഉപദ്രവവുമില്ലല്ലോ. പിന്നെന്തിനാ ഈ സാധനം സ്‌റ്റോക്ക്‌ ചെയ്യുന്നതെന്നാണ്‌ അവരു ചോദിക്കുന്നത്‌."

    ഇതങ്ങ് വായിച്ച വഴിക്കു്‌ യാതൊരു കണ്ട്രോളുമില്ലാതെ ചിരിക്കാന്‍ തുടങ്ങി...
    വായില്‍നിന്ന് ഒന്നും ചാടിപ്പോവാതിരിക്കാന്‍ പെട്ട പാടു്‌.

    സാധാരണ ഞാന്‍ ബ്ലൊഗ് വായിച്ചു്‌ ഇങ്ങനെയൊന്നും ചിരിക്കാറില്ല..
    ഇതു നന്നായിരുന്നു..

  21. ~nu~ said...

    എന്തിനാ ത്രേസ്യേ നിനക്ക് പെപ്പര്‍ സ്പ്രേ? ആ വായ തുറന്ന് നാലു വര്‍ത്തമാനം പറഞ്ഞൂടെ! നിന്റെ കത്തിയടി കേട്ട് സഹിക്കാതെ ഏതവനും അവന്റെ പാട്ടിന് പൊയ്ക്കോളും!

    എന്തായാലും കൊച്ചുത്രേസ്യയുടെ ഓട്ടപ്രദക്ഷിണം കൊള്ളാം..

  22. 420 said...

    ആക്‌ച്വലി ഞാന്‍ നോര്‍മലാവാന്‍
    കുറച്ചുസമയമെടുത്തു,
    ചിരിച്ചു വശംകെട്ടിട്ടേയ്‌...

  23. കുറ്റ്യാടിക്കാരന്‍|Suhair said...

    :)

  24. റീനി said...

    ന്യൂയോര്‍ക്ക് സിറ്റിയില്‍ സുഹൃത്തുക്കളുമൊത്ത് ചുറ്റിനടന്നപ്പോള്‍ ഞങ്ങള്‍ സ്ത്രീകള്‍ അല്‍പ്പം പുറകിലായി കാഴ്ച കണ്ടു നടക്കുകയായിരുന്നു. ഒരു കൊച്ചുടുപ്പും പൊങിയഹീല്‍‌സും ഇട്ടൊരുവള്‍ സുഹൃത്തിന്റെ ഭര്‍ത്താവിനോട് ‘യൂ വോണ്ട് റ്റു ഹവ് എ ഗൂഡ് റ്റൈം’? എന്ന് ചോദിച്ച് പുറകെ കൂടിയതും ഞങള്‍ സ്തീകള്‍ വേഗം നടന്ന് ഒപ്പം എത്തി അങേരെ രക്ഷിച്ചതും ഓര്‍മ്മ വരുന്നു.

    വനിതയില്‍ എത്തിയതിന് കണ്‍ഗ്രാ.

  25. കാവലാന്‍ said...

    എഴുത്ത് കൊള്ളാം ..... അഭിനനന്ദനങ്ങള്‍.

    പക്ഷേ,

    വായിച്ചിട്ട് ചിരിയേക്കാള്‍ പേടിതോന്നുന്നു.യഥാര്‍ത്ഥത്തില്‍ അങ്ങനെ പെട്ടു പൊവുന്ന സന്ദര്‍ഭത്തില്‍ ഒരു സാദാരണപെണ്‍കുട്ടിക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നോര്‍ത്ത്.

  26. ഡി .പ്രദീപ് കുമാർ said...
    This comment has been removed by the author.
  27. ഡി .പ്രദീപ് കുമാർ said...

    കൊച്ചുത്രേസ്യേ,
    ഇതിലെ കറുത്ത ഹാസ്യം ഇഷ്ടപ്പെട്ടു.ഈ കുറിപ്പുകള്‍ പുസ്തകമാക്കണം.

  28. Mr. K# said...

    ഡല്ഹി വളരെ അപകടം പിടിച്ച സ്ഥലമാണ്‍. സ്ത്രീകള്ക്ക് പ്രത്യേകിച്ചും.

  29. Unknown said...

    കൊച്ചുവിനെ ഈ അടുത്ത് വനിതയില്‍ കണ്ടു
    ഞാനോരു സ്പ്രെ കട ഇടുമ്പോള്‍ കൊച്ചു അവിടെ വന്ന് വാങ്ങിച്ചോളു

  30. ശ്രീവല്ലഭന്‍. said...

    പാവങ്ങള്‍. വെറുതെ വായില്‍ നോക്കി നടക്കുന്നത് കണ്ട് വല്ല കമ്പനീലും ജോലി തരാമെന്നു വിചാരിച്ചാലും സമ്മതിക്കൂലെന്നു വച്ചാല്‍.:-)

    കുറിപ്പ് കൊള്ളാം. ഡല്‍ഹിയില്‍ ഓഫീസിലെ എല്ലാ സ്ത്രീകളും പെപ്പര്‍ സ്പ്രേ കൊണ്ട് നടക്കാറുണ്ടായിരുന്നു. എവിടുന്നാണോ അത് മേടിച്ചത്. ആരും 'വാണ്ട് കമ്പനി' എന്ന് ചോദിച്ചില്ല. അതിനാല്‍ എവിടുന്നു വാങ്ങിച്ചു എന്ന് ചോദിക്കണ്ട ആവശ്യം വന്നില്ല.:-)

  31. Sherlock said...

    ...കളിയാക്കിയാലും മനസ്സിലാകാത്ത പെണ്‍കുട്ടി “

    ആര് ആരോട് പറയുന്നു? :)))

  32. Anonymous said...

    കലക്കീട്ടോ..

  33. smitha adharsh said...

    ഹൊ ! ചിരിച്ചു ,ചിരിച്ചു മനുഷ്യന്‍റെ പണി തീര്‍ന്നു.ശരിക്കും നന്നായിട്ടുണ്ട് കേട്ടോ... നിലവാരതകര്‍ച്ചയോന്നും വന്നിട്ടേ ഇല്ല..അതൊക്കെ ചില ദോഷ ദൃക്കുകള്‍ ചുമ്മാ പടച്ചു വിട്ട വെറും ആരോപണം...ഇനി,എല്ലാവരും കൂടി എന്നെ ചീത്ത വിളിക്കാന്‍ വരരുത്.കൊച്ചു ത്രേസ്യ നീണാള്‍ വാഴട്ടെ..

  34. യാരിദ്‌|~|Yarid said...

    ഞാനീ പുപ്പുലികളുടെ പോസ്റ്റ് വായിച്ചിട്ടു അതു വഴി അടൂത്ത വണ്ടി പിടീച്ചു പോകുകയാണ്‍ പതിവ്. ഇപ്പൊ പക്ഷെ അങ്ങനെ പോകാന്‍ തോന്നുന്നില്ല.

    ഗ്രാഫ് താഴോട്ടാണൊ എന്നൊരു സംശയമുണ്ട്. രസിച്ചു വാ‍യിച്ചു വന്നു, പക്ഷെ കണ്‍ക്ലൂഷന്‍ എന്തൊ മാതിരി. അങ്ങോട്ട് ഒക്കുന്നില്ല, ഒപ്പിക്കാന്‍ ഞാനൊരു ശ്രമം നടത്തി നോക്കി, അതും ഒക്കുന്നില്ല.. പിന്നെ എന്നാ ചെയ്യാന്‍..

    ഓഫ്: ആഗ്നുവിനു ഞാന്‍ വച്ചിട്ടുണ്ട്.. ഓണ്‍‌ലൈന്‍ വരുമല്ലൊ അല്ലെ!!!???

  35. മലമൂട്ടില്‍ മത്തായി said...

    Read this post in one go. Good writing. But I feel more dread than happiness after reading it.

  36. yousufpa said...

    ആ ഓട്ടം തുടര്‍ന്നോടിയിരുന്നെങ്കില്‍ പി റ്റി ഉഷയായില്ലെങ്കിലും പി റ്റി യെങ്കിലും ആകുമായിരുന്നു.എന്തൊ ഞങ്ങടെ നിര്‍ഭാഗ്യം.

  37. കൊച്ചുത്രേസ്യ said...

    Noti Morrison@ ബാംഗ്ലൂരുന്ന്‌ വീട്ടിലേക്കു പോവുമ്പോള്‍ എന്റെ വീടിന്റെ മുന്‍പില്‍ തന്നെയാണ്‌ ബസിറങ്ങുന്നത്‌. അതിരാവിലെ... വീട്ടില്‍ നിന്നു നോക്കിയാല്‍ ഞാന്‍ ബസിറങ്ങി വരുന്നതു കാണാം.എന്നിട്ടും കൂടി ഓരോ പ്രാവശ്യവും ബസിറങ്ങിയാലുടന്‍ ഞാന്‍ കാണാറുള്ളത്‌ റോഡ്സൈഡില്‍ എന്നെയും കാത്തു നില്‍ക്കുന്ന പപ്പയെയാണ്‌."ഒറ്റയ്ക്ക്‌ ഇത്രേം ദൂരം സഞ്ചരിച്ചു വന്ന എനിക്കെന്തിനാ പപ്പേ ഇനിയൊരു നാലു ചുവടു വയ്ക്കാന്‍ കൂട്ട്‌?" എന്നു കളിയാക്കി ചോദിക്കുമ്പോള്‍ ഉത്തരം കിട്ടും "പോട്ടെടി മോളേ..പപ്പേടെ ഒരു സമാധാനത്തിനല്ലേ എന്ന്‌ "

    ആ മോളെ ഒരു രാത്രിയ്ക്ക്‌ ഏതോ നാട്ടില്‌ ഇട്ടോടിച്ചൂന്നു കേട്ടല്‍ എന്തായിരിക്കും പപ്പയുടെ വിഷമം!! അതു കൊണ്ടു തന്നെ ആ സംഭവത്തെ പറ്റി ഓര്‍ക്കുമ്പോള്‍ പേടിയും ദേഷ്യവും ഒന്നുമല്ല; വല്ലാത്ത സങ്കടമാണ്‌ എനിക്കു തോന്നാറുള്ളത്‌. വീട്ടില്‍ ഇക്കാര്യം പറയുമ്പോള്‍ ഈ പോസ്റ്റിലേതു പോലെ തന്നെ മധൂന്റെ പൂനെപ്രേമത്തെ കളിയാക്കി അതിനിടയില്‍ തീരെ പ്രാധാന്യമില്ലാത്ത ഒരു സംഭവമായേ ഇതിനെ ഞാന്‍ അവതരിപ്പിക്കാറുള്ളൂ.അന്നു ഞാനനുഭവിച്ച പേടിയും നിസഹായതയും പപ്പയ്ക്കു മനസ്സിലാവരുതേ എന്നും പ്രാര്‍ത്ഥിച്ചു കൊണ്ട്‌..

  38. മലമൂട്ടില്‍ മത്തായി said...

    Now that you are no longer in Delhi, hopefully things are better.

  39. ദിവാസ്വപ്നം said...

    ഓകെ പിടികിട്ടി

  40. Liju Kuriakose said...

    കൊച്ചുത്രേസ്യേ ഈ ഡല്‍ഹിയും പൂനെയും ഒന്നും ഒന്നുവല്ല. ഞങ്ങടെ ചങ്ങനാശ്ശേരിലോട്ട് വാ. ചങ്ങനാശേരിലാരുന്നേ പെപ്പര്‍സ്പ്രേ അടുത്ത സെക്കന്റി കിട്ടിയേനേ. എന്നാ പറയാന .ചങ്ങനാശ്ശേരിടത്രേം വരുവോ ദില്ലിയും പൂനെയും.

  41. Unknown said...

    അപ്പോ‍ പറഞ്ഞപോലെ ശെരിക്കും ഗുരുവിനു പഠിക്കുവാ അല്ലിയോ?

    കൊഴപ്പമില്യ, ശിഷ്യ നന്നാവുന്നുണ്ട്..

    പിന്നെ വിപ്രോയുടെ ഏതാപ്പീസിലാ?

    ഞാനും ആ കമ്പനിക്കാരന്‍ തന്നാണേ, പക്ഷെ വാണ്ടട് കമ്പനീന്നൂന്നും ചോദിക്കൂലാ,ഡോണ്ട് വറി!

  42. അരവിന്ദ് :: aravind said...

    കൊച്ചു ത്രേസ്യേ, ഡല്‍ഹി ഒട്ടും സുരക്ഷിതമല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പ്രത്യേകിച്ച് ബീഹാറില്‍ നിന്നും മറ്റും കുറേ അലവലാതികള്‍ കുറ്റീം പറിച്ചിറങ്ങിയിട്ടുണ്ട്. ലോക്കല്‍ റ്റൂറിസ്റ്റുകളെ പോലും പബ്ലിക്കായി ശല്യം ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇടപെട്ടിട്ടില്ല-നല്ല അടി നാട്ടില്‍ കിട്ടൂലേ എന്നു വിചാരിക്കും.
    ഇതുപോലെ ഒരു ചെറിയ പോസ്റ്റെഴുതാന്‍ വെച്ച ഒരു സംഗതി ഇനി ഇപ്പോ കമന്റാക്കി കളയാം. ഇവിടെ ആഫ്രിക്കയില്‍ ഞാനും എന്റെ ഫ്രന്റ്സും കൂടി ഒരു പബ്ബില്‍ കയറിയതായിരുന്നു. ബീയറൊക്കെ പിടിപ്പിച്ച് സിനിമാക്കഥയും പറഞ്ഞിരുന്നപ്പോള്‍ ശ്രദ്ധിച്ചു, തൊട്ടടുത്ത റ്റേബിളിലെ മൂന്ന് പെണ്ണുങ്ങള്‍. അവര്‍ ഞങ്ങളെ തന്നെ നോക്കിയാണ് സംസാരവും, ചിരിച്ചൊക്കെ കാട്ടുന്നു. ഹോ മദാമ്മകള്‍ ചിരിച്ചു കാണിച്ചല്ലോ എന്നഭിമാനിച്ചിരിക്കുമ്പോളാണ് മനസ്സില്‍ "ബൈ ദ ബൈ ഇവര്‍ ആള് പിശകായിരിക്കുമോ" എന്ന ചിന്ത വന്നത്. തെറ്റിയില്ല. അല്പം കഴിഞ്ഞപ്പോള്‍ "വാണ്ട് കമ്പനി" പോലൊരു വാചകവും , ഫോണ്‍ നമ്പറുമെഴുതിയ ഒരു കടലാസ് തുണ്ട് അവര്‍ ഞങ്ങളുടെ റ്റേബിളിലേക്ക് വലിച്ചെറിഞ്ഞു.
    എന്താ ചെയ്യാ എന്നൊന്നു പകച്ചെങ്കിലും, എന്നിലെ സാത്താന്‍ സടകുടഞ്ഞെഴുന്നേറ്റത് പെട്ടെന്നായിരുന്നു.
    പേനയും കടലാസു‌മെടുത്ത്, "വില്‍ മീറ്റ് സൂണ്‍" എന്നെഴുതി അതിന്റെ കീഴില്‍ ഫോണ്‍ നമ്പറുമെഴുതി, ബില്ലടച്ച് പുറത്തേക്കിറങ്ങും വഴി, അവരുടെ റ്റേബിളിന്റരികില്‍ കൂടി ചെന്ന്, ഒരു പാല്പുഞ്ചിരി പൊഴിച്ച്, ആ കടലാസ് അവരുടെ മേശമേല്‍ ഇട്ടു. എന്നിട്ട് പെട്ടെന്ന് സ്കൂട്ടായി.
    എന്താ കാര്യം ന്ന് വെച്ചാല്‍...
    ഞാനെഴുതിയ ഫോണ്‍ നമ്പര്‍...അന്ന് ഞങ്ങളുടെ കൂടെയില്ലായിരുന്ന, അങ്ങ് ജോബര്‍ഗ്ഗില്‍ മൂന്ന് വട്ടം പ്രാര്‍ത്ഥനയും പള്ളിപ്പരിപാടിയും, ആതുരസേവനവുമായി നടക്കുന്ന, പച്ചവെള്ളം ചവച്ചു കുടിക്കുന്ന, ഞങ്ങളുടെ പാവം ഫിലിപ്പ് അച്ചായന്റെ ആയിരുന്നു.

    അടുത്താഴ്ച ഫോണ്‍ വിളികള്‍ കൊണ്ട് മെനക്കെട്ടിട്ട് ഫിലിപ്പിന് നമ്പര്‍ മാറ്റേണ്ടി വന്നത്രേ!

  43. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:“ഓര്‍ക്കാപ്പുറത്തു രണ്ടു സൈഡില്‍ നിന്നും ചെക്ക്‌ വന്നതു പോലെ” -- മൈ ഗോഡ് ഇതിനു ചെസ്സും അറിയാമോ!!!

    നീളം കുറഞ്ഞ് പോയീ, ആ ‘പപ്പ കമന്റ് ‘ പോസ്റ്റിലേക്ക് കയറ്റി ഒരു ജി മനു സ്റ്റൈല്‍ കൊടുക്കുന്നോ?

    ആ മധൂന്റെ ബോയ്ഫ്രണ്ട്ന് അവാര്‍ഡൊന്നും കൊടുത്തില്ലേ!!!!


    ഓടോ: അ തല്ലിപ്പൊളി ബൈക്ക് ആ പയ്യനു വിറ്റവനെ എന്റെ കയ്യില്‍ കിട്ടിയാല്‍......

    ഓടോടോ: വനിതയും ആ കൊ.ത്രേ.ശ്രീ ഭാഗം വായിക്കാന്‍ ഭൂതക്കണ്ണാടീം വാങ്ങിയ വകയില്‍ 14+200 എന്റെ അക്കൌണ്ടില്‍ ഉടനേ ഇട്ടേക്കണം.

  44. Unknown said...

    Vanithayil kandanu vayikkan thudangiyathu.vayichu kazhijappol Kochuthressyakkochinte fan aayi.Engane ethra bhangiyayi ezhuthan kazhiyunnu.Enikku ettavum eshtappettathu aniyante koodeyulla bike yaathra aanu. aadyam chirichengilum adutha nimisham kannu niranju.Namukku oru aapattu varumpolanu mattullavar nammale ethramathram snehikkunnundennu manasilakunnathu.Eniyum ethupole ezhuthan eeswaran anugrahikkatte.Englishil ezhuthan ariyattattu kondanu Manglishil ezhuthunnathu.SORRY.

  45. Anil cheleri kumaran said...

    കുറച്ചു പാരഗ്രാഫുകളായി തിരിക്കാമോ
    വായിക്കുവാന്‍ എളുപ്പമാകുമയിരുന്നു.

    പൂനെയിലിങനെയാ..

  46. ശ്രീലാല്‍ said...

    ത്രേസ്യാമ്മേ, പതിവുപോലെ എഴുത്ത് രസായിട്ടുണ്ട്.
    ഇവിടെ ബാംഗ്ലൂരില്‍ രാത്രി പുറത്തിറങ്ങുമ്പോഴും ബൈക്കില്‍ യാത്ര ചെയ്യുമ്പോഴും ഒക്കെ പെപ്പര്‍ സ്പ്രേയും കൊണ്ട് നടക്കുന്ന കൂട്ടുകാരന്‍ എനിക്കുണ്ട്. പേടിയാണെത്രേ അവന് ! മറ്റൊരു കാര്യം അവന്‍ രാത്രിയില്‍ ഓട്ടോയില്‍ കയറിയാല്‍ അപ്പോള്‍ തന്നെ ഓട്ടോയുടെ നമ്പറും, സ്ഥലവും മൊബൈലില്‍ മെസ്സേജ് ഡ്രാഫ്റ്റ് ചെയ്ത് ചങ്ങാതിമാര്‍ക്കും വീട്ടുകാര്‍ക്കും സെന്‍ഡ് ചെയ്യാന്‍ റെഡിയാക്കി വെക്കും. എന്നിട്ട് സെന്‍ഡ് ബട്ടണില്‍ വിരലും വെച്ചിരിക്കും. ആരെങ്കിലും തട്ടിക്കൊണ്ടുപോവാനോ ആക്രമിക്കാനോ വന്നാല്‍ ആ സ്പോട്ടില്‍ സെന്‍ഡ് ബട്ടണ്‍ അമര്‍ത്തി എല്ലാവരെയും അറിയിക്കാനാണെത്രേ ഇത്..29 വയസ്സും ഒത്ത തടിയും വണ്ണവും ഉള്ള ഒരു സോഫ്റ്റ് വേര്‍ ജീവി - ടീം ലീഡ് ആണ് കെട്ടാ ലവന്‍. അതും കന്നട നാട്ടുകാരന്‍ !! എപ്പടി ? :)

  47. ചേര്‍ത്തലക്കാരന്‍ said...

    കൊച്ഛേ....
    “”വാണ്ട്‌ കമ്പനി??“ എന്താ ഇതിന്റെ അർതം?????

  48. ദേവന്‍ said...

    WANT Company LLC എന്നൊരു മെഡിക്കല്‍ കമ്പനിയുണ്ട് കൊച്ചു ത്രേസ്യേ. ഡെല്‍ഹിയില്‍ അതിനു ഓഫീസുകാണും. ആ ചെറുക്കന്‍ അങ്ങോട്ടുള്ള വഴി ചോദിച്ചതായിരിക്കാനാണു സാദ്ധ്യത.


    അരവിന്ദേ, ആ പാവം അനോണി ആന്റണിക്കിട്ട് അനോണി ആന്റണിക്കിട്ട് ഈ പണി പണിഞ്ഞതും അപ്പോ അരവിന്ദായിരുന്നു അല്ലേ?

  49. സജുശ്രീപദം said...

    ഈ സംഭവം അടുത്ത് നടന്നതാണോ ചേച്ചി..ചെസ്സിനെ വച്ചുള്ള ഉപമ വളരെ മനോഹരമായിരിക്കുന്നു

  50. Aadityan said...

    ദീപു പറഞ്ഞ പോലെ നിലവാര തകര്‍ച്ച അല്ല .പക്ഷെ എന്തോ ഒരു ഇത് മിസ്സ്‌ ചെയുന്നുണ്ട് . നന്ന്നയിതുണ്ട് .എന്ന്നാലും ........
    സരമില്ലെന്നെ അടുത്തത് നമുക്കു കലക്കികലയാം

  51. Physel said...

    കൊച്ചു ത്രേസ്യാ എഴുതിച്ചിരിപ്പിക്കും എന്നു വെച്ച് കൊച്ചിന്റെ ജീവിതത്തിലൂണ്ടാകുന്ന സംഭവങ്ങളൊക്കെ തമാശയായിരിക്കും എന്നങ്ങ് വിചാരിക്കുന്നത് ശരിയാണോ? കാര്യം കൈയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് മുക്കാലേ മുണ്ടാണിയും അങ്ങിനൊക്കെ പറ്റും...എന്നാലും ഈ സംഭവത്തില്‍ ഹാസ്യം ഇത്രേങ്കിലും കണ്ടെത്തിയല്ലോ?

  52. പപ്പൂസ് said...

    ബാംഗ്ലൂരില്‍ ഞങ്ങളും ചോദിക്കാറുണ്ട്, ഇടക്കിടെ,

    "വാണ്ട് കമ്പനി?"

    കോഡറിയാവുന്ന സുഹൃത്ത് ഉടന്‍ മറുചോദ്യമെറിയും,

    "ഗംഗോത്രി ബാര്‍ ഓര്‍ മദന്‍സ് പബ്ബ്?"

    ഇവിടുന്നങ്ങനെ ചോദ്യം കേട്ടാല്‍ ഞെട്ടണ്ട കേട്ടോ. ;-)

  53. ഭക്ഷണപ്രിയന്‍ said...

    ചാത്താ കുട്ടാ ഒന്നു പറഞ്ഞു താടാ ആ വനിതേലെവിടാടാ ഈ കൊച്ചിന്റെ വീരചരിത്രം ഇട്ടേക്കണേ? രണ്ട് ദിവസം മുഴുവന്‍ തപ്പീട്ട് കിട്ടീല്ല എന്റെ കണ്ണ് കേടായതു മിച്ചം !

  54. കൊച്ചുത്രേസ്യ said...

    പാഞ്ചാലീ എന്നെ പറ്റി പ്രതീക്ഷകളൊന്നും വച്ചിട്ടു കാര്യമില്ലാന്ന്‌ ഇപ്പം മനസീലായില്ലേ..

    ഹരിത്‌ ചുമ്മാ വല്ലയിടത്തും കിടക്കുന്ന മനുഷ്യനെ ഇങ്ങോട്ടു വലിച്ചിഴച്ചുകൊണ്ടുവരേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ :-)

    ഹരീ കമ്പനീം ചോദിച്ചങ്ങു ചെന്നാല്‍ മതി..പയ്യന്മാര്‍ എന്നെ ഓടിക്കും :-)

    ദീപൂ Dont' be alert- അതാണ്‌ എന്റെ ബ്ലോഗ്‌ പോളിസി. എഴുതാനുള്ളതൊക്കെ ഫ്രീയായി അങ്ങെഴുതാന്‍ പറ്റണം. നിലവാരമൊക്കെ കാണുന്നവരുടെ കണ്ണിലാണല്ലോ..അപ്പോപിന്നെ അതിനെപറ്റി ഞാന്‍ ആലോചിച്ചിട്ടു കാര്യമില്ല. അഭിപ്രായത്തിനു നന്ദി.

    ബാജി,ബൈജു,ഉഗാണ്ട നന്ദി

    ഹോസേ കമ്പനിക്കുള്ള ഓഫര്‍ കിട്ടണമെങ്കിലേ മിനിമും ഒരു സൗന്ദര്യമൊക്കെ വേണം. ചുമ്മാ പറ്റില്ല :-)

    അഹങ്കാരീ ഞാനെവിടാ ആണുങ്ങളെ കളിയാക്കീത്‌!! ഇനി ഇതും കണ്ട്‌ ആണുങ്ങളെല്ലാം കൂടി എന്റെ നേരെ തിരിഞ്ഞാല്‍ ആരു സമാധാനം പറയും :-)

    ഹരീഷ്‌ സൂക്ഷിച്ചു നടന്ന്‌ നടന്ന്‌ എനിക്കു ബോറടിച്ചു. ഇപ്പോ 'വരുന്നതു വരട്ടെ' എന്ന ലൈനിലാണ്‌..

    കുഞ്ഞാ പെപ്പര്‍ സ്പ്രേ നമ്മടെ കണ്ണീര്‍ വാതകത്തിന്റെ ഒരു കുഞ്ഞു രൂപമാണ്‌. ഉപദ്രവിക്കാന്‍ വരൗന്നോര്‌ സാരോപദേശം ഒക്കെ കേള്‍ക്കാനുള്ള സന്‍മനസ്‌ കാണിക്കുമോ ആവോ..

    ആഗ്നേയാ ബ്ലോഗില്‍ വന്നപ്പഴെ എനിക്കറിയാമായിരുന്നു..മന്ദബുദ്ധിപട്ടത്തില്‍ എനിക്കു രണ്ടാം സ്ഥാനമേ കിട്ടൂന്ന്‌.അക്കാര്യത്തില്‍ ആഗ്നേയയോടൊക്കെ മത്‌സരിക്കാനുള്ള യോഗ്യത പോലും എനിക്കില്ല
    :-(

    വേണാടാ,ചേര്‍ത്തല്‍ക്കാരാ അതൊന്നും കൊച്ചുകുട്ടികള്‍ അരിയേണ്ട കാര്യമല്ല. സമയം കളയാതെ പോയിരുന്ന്‌ കളിക്കുടുക്ക വായിക്ക്‌ ..പോ പോ..

    കണ്ണാപ്പീ ഉത്തരം കൊള്ളാം. ഒന്നു പ്രയോഗിച്ചു നോക്കീട്ട്‌ റിസല്‍ട്ട്‌ അറിയിക്കണേ..

    പാമരാ താങ്ക്സ്‌..

    സാന്‍ഡോസേ ഈ ഐഡിയ ശരിക്കും ഒന്നു പരീക്ഷിച്ചു നോക്കിയാലോന്നുണ്ട്‌. അടുത്ത പ്രാവശ്യത്തെ പള്ളിപ്പെരുന്നാളിന്‌ ഒരു വിസില്‍ മേടിച്ചിട്ടേ ബാക്കി കാര്യമുള്ളൂ.

    RaRE Rose പൂനെയിലും ഇമ്മാതിരി പ്രശ്നങ്ങളൊക്കെയുണ്ടെന്നേ. ഓരോ നാടിന്റെയും ഗുണം മാത്രമേ കാണൂ എന്നു വാശിയുള്ളവര്‌ അതൊന്നും അറിയാന്‍ ശ്രമിക്കാറില്ലല്ലോ..

    ബഷീറേ അങ്ങനത്തെ പെണ്ണുങ്ങളുള്ളതായി എനിക്കു നേരത്തെ അരിയാമായിരുന്നു. പക്ഷെ ആണുങ്ങള്‍!!

    കരിങ്കല്ല്‌,ഹരിപ്രസാദ്‌,കുറ്റ്യാടിക്കാരാന്‍ നന്ദി

    ഏകാകീ ആ സമയത്ത്‌ ശ്വാസം വിടുനതെങ്ങനെയാണെന്നു പോലും ഞാന്‍ മറന്നു പോയിരുന്നു. പിന്നല്ലേ വാചകമടി..

    റിനീ നിങ്ങളെത്തീപ്പോ 'ച്ഛെ ഈ ഫീല്‍ഡിലും കോംപറ്റീഷനോ" എന്നായിരിക്കും ആ കുട്ടികള്‍ ചിന്തിച്ചിട്ടുണ്ടാവുക..

    കാവാലാ ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ഒക്കെ ഭാഗ്യത്തിനു വിട്ടു കൊടുക്കുക..അത്ര തന്നെ.

    പ്രദീപ്‌കുമാര്‍ നന്ദി

  55. കൊച്ചുത്രേസ്യ said...

    കുതിരവട്ടാ ഒന്നു നോക്കിയാല്‍ അവിടെ എപ്പോഴും അപകടമാണ്‌. ബോംബ്‌ ബ്ലാസ്റ്റുണ്ടായിക്കഴിഞ്ഞ്‌ കുറെ നാള്‍ ഞാന്‍ എന്റെ പേരും അഡ്രസും നാട്ടിലെ ഫോണ്‍നമ്പറുമൊക്കെ ഒരു സ്ലിപ്പിലെഴുതി ബാഗിലിടുമായിരുന്നു. എപ്പോഴെങ്കിലും അങ്ങനെ വല്ല അപകടവുമുണ്ടായാല്‍ ഒന്നൂല്ലേലും അജ്ഞാതശവമാകില്ലല്ലോ..

    അനൂപേ വാങ്ങിക്കില്ല. ഫ്രീ ആയി തരണം..

    ശ്രീവല്ലഭാ ഇതൊക്കെ ഒന്നു ചോദിച്ചു മനസ്സിലാക്കി വെയ്ക്കണ്ടേ..

    ജിഹേഷേ അടി അടി..

    മലയാളംബ്ലോഗ്‌റോള്‍,സ്മിത നന്ദി

    യാരിദേ തുടങ്ങിയാല്‍ പിന്നെ എവിടെങ്കിലും കൊണ്ടുപോയി അവസാനിപ്പിക്കണ്ടേ.. അതിങ്ങനെ ആയിപ്പോയി :-)

    അത്ക്കാ ആ ഓട്ടത്തോടെയല്ലേ എന്റെ ഉള്ളിലും ഒരു ഓട്ടക്കാരി ഒളിഞ്ഞിരിപ്പുണ്ടന്നു മനസ്സിലായത്‌..

    അച്ചായാ അതെന്താ ചങ്ങനാശേരീല്‌ പെപ്പര്‍സ്പ്രേയ്ക്ക്‌ ഇത്ര ഡിമാന്‍ഡ്‌? ങും ങും..

    നിസ്‌ ഗുരു എവിടെ! ശിഷ്യ എവിടെ!

    അരവിന്ദേ ചുമ്മാ വല്ലവര്‍ക്കും പണി കൊടുക്കാന്‍ പറ്റിയാല്‍ എന്തൊരു ആശ്വാസം അല്ലേ :-)

    കുട്ടിച്ചാത്താ പണ്ടൊക്കെ ചെസ്‌കളി ശരിക്കും ഒരു ഭ്രാന്തായിരുന്നു. വീട്ടില്‌ പപ്പയൊഴികെ എല്ലാരും കളിക്കും.രാവിലെ തൊട്ടു തുടങ്ങും. .പിന്നെ അടീം പിടീം ബഹളോം. എന്നോടൊക്കെ കളിച്ചു പഠിച്ചാണ്‌ അനിയന്‍ കോളേജിലെ ചെസ്‌ ചാമ്പ്യനായത്‌.യൂണിവേഴ്‌സിറ്റി മത്സരത്തിനു പോയപ്പോ എട്ടു നിലേല്‍ പൊട്ടുകയും ചെയ്തു കേട്ടോ.ചെസ്‌,,സ്ക്രാബ്‌ള്‍,സുഡോകു,അക്കുത്തിക്കുത്താന ഇങ്ങനെ മേലനങ്ങാതെയുള്ള എന്തു കളീം എനിക്കിഷ്ടമാണ്‌.

    കുമാരാ പാരഗ്രാഫിന്റെ കാര്യം പരിഗണിക്കുന്നതാണ്‌.കുറച്ചു ഫ്രീ ടൈം കിട്ടട്ടെ.

    ശ്രീലാലേ ബംഗ്ലൂരിന്റെ കാര്യം പറഞ്ഞപ്പോഴാണ്‍`. ഇതിനിടയ്ക്ക്‌ ഓഫീസിലെക്കു പോവുമ്പോള്‍ ഒരു പാലത്തിനെ മുകളില്‍ നിന്ന്‌ താഴേക്കും നോക്കി നില്‍ക്കുന്ന ജനക്കൂട്ടം. ആരെയോ കൊന്ന്‌ പ്ലാസ്റ്റിക്ക്‌ കൂടിലിട്ട്‌ താഴെയുള്ള ചളിയില്‍ താഴ്‌ത്തിയിരിക്കുകയാണത്രേ. പിന്നെ രാത്രി ഓഫീസില്‍ നിന്നു തിരിച്ചു വരുമ്പോള്‍ ആ പാലമെത്തുന്നതിനു മുന്‍പ്‌ എന്തോ ഒരു തരം പേടിയാണ്‌.പാലം കഴിയുന്നതുവരെ കണ്ണു തുറക്കാതിരുന്നു പാട്ടു കേള്‍ക്കാന്‍ ശ്രമിക്കും. പക്ഷെ കഷ്ടകാലത്തിന്‌ പാലത്തിന്റെ കൃത്യം നടുക്കെത്തുമ്പോള്‍ തന്നെ കണ്ണു തുറന്നു പോകും. എന്റമ്മേ.. അപ്പോഴത്തെ ഒരു അവസ്ഥ..

    ദേവേട്ടാ അങ്ങേനെയും ആവാം അല്ലേ. എന്നാലും കൃത്യമായി രണ്ടു പേരും വന്ന്‌ എന്നോടു വഴി ചോദിക്കാന്‍ ഞാനാ കമ്പനീടെ ഐ.ഡി കാര്‍ഡും കഴുത്തില്‍ തൂക്കി നടക്കുകയായിരുന്നില്ലല്ലോ :-)

    സജൂ ഇതു നടന്നിട്ടു 2-3 വര്‍ഷമായി. പിന്നെ ചെസ്സ്‌. ഏതു പ്രതിസന്ധിഘട്ടത്തിലും എനിക്കാദ്യം ഓര്‍മ വരിക ചെസ്സാണ്‌. ചെസ്സു കളിക്കുമ്പോള്‍ ചിന്തിക്കുന്നതു പോലെ ചിന്തിക്കും. പലപ്പോഴും ഈ വിദ്യ ഫലിച്ചിട്ടുണ്ട്‌.

    ആദിത്യാ എന്റെ മമ്മി സിനിമാനടി ഗീതയുടെ സൗന്ദര്യത്തെ പറ്റി പറയുന്നതാണ്‌-'എല്ലാം കൊള്ളാമെങ്കിലും ഒരു ഉപ്പു ചേരാത്തതു പോലേന്ന്‌' അമ്മാതിരി വല്ലതുമാണോ ഇവിടെ മിസ്‌ ചെയ്യുന്നത്‌?

    ഫൈസല്‍ ഏതു സംഭവത്തിലും ആദ്യം ഭയങ്കര ദേഷ്യവും സങ്കടവുമൊക്കെ തോന്നിയാലും കുറച്ചു കഴിഞ്ഞു ചിന്തികുമ്പോള്‍ ഞാനതില്‍ മാക്സിമം കോമഡി കാണാന്‍ ശ്രമിക്കും. അല്ലാതെ ദേഷ്യോം മനസിലിട്ടു നടന്നാല്‍ ജീവിക്കാനൊരു സുഖമുണ്ടാവില്ലെന്നേ:-)

    പപ്പൂസ്സേ അപ്പോ ഇതാണല്ലേ അതിനുത്തരം. അവസാനം ഈ ഉത്തരം പറഞ്ഞ്‌ പുലിവാലാകുമോ ;-)

    ആരാധകാ ചാത്തന്റെ കയ്യില്‍ മൈക്രോസ്കോപ്പുണ്ട്‌. അത്‌ദിവസവാടകയ്ക്കു മേടിച്ച്‌ വനിതെല്‌ തപ്പി നോക്ക്‌ :-)

  56. കൊച്ചുത്രേസ്യ said...

    resmi ഇത്രേം കഷ്ടപ്പെട്ട്‌ വായിച്ച്‌ കമന്റിട്ടതിനു നന്ദി. എനിക്കും ഒരു തരി ഇഷ്ടം കൂടുതലുള്ള പോസ്റ്റാണ്‌ ആ ബൈക്ക്‌ പോസ്റ്റ്‌. എന്റെ അനിയന്‍ കുഞ്ഞായിരിക്കുമ്പോള്‍ ഒരിക്കല്‍ ചോദിച്ചതു പോലെ 'അപ്പം നിനക്കെന്നോട്‌ സ്നേഹോക്കെയുണ്ട്‌ അല്ലേ' എന്നു മനസ്സിലായ സംഭവം.
    :-)

  57. Peelikkutty!!!!! said...

    ത്രേസ്യകൊച്ചൂ...as usual..മനോഹരം‌...

    എനിക്ക് കഴിഞ്ഞ ആഴ്ച ഓഫീസില് ഒരു സെല്‍ഫ് ഡിഫെന്‍സ് വര്‍ക്‍ഷോപ്പുണ്ടായിരുന്ന്നു...ആ ചേട്ടന്‍‌ ഏതാണ്ടൊക്കെ സ്റ്റെപ്സ് പറഞ്ഞു തന്നു(ഇതൊക്കെ ഓര്‍‌ത്ത് പിടിച്ച്..മ്..മ്..)...ദുപ്പട്ട പോലും‌ എങ്ങനെ ആയുധമാക്കാം‌‌ ആറുവഴികള്‍‌ അതൊരു ഹൈലൈറ്റ്...അതിനേക്കള്‍‌ വലിയ കോമഡി..ഈ ഹാഫ് ഡെ കരാട്ടയ്ക്ക് മിനി സ്കേര്‍‌ട്ടിട്ടു വന്ന എന്റെ അടുത്തിരുന്ന കുട്ടി പൂനെക്കാരി ആയിരുന്നു...:)

  58. Jayarajan said...

    കുറച്ചൊക്കെ ശ്രദ്ധിക്കണ്ടെ കൊഛ്രേസ്യേ? രാത്രിയ്കൊക്കെ ഒറ്റയ്ക്കാണൊ പോകുന്നത്‌? ആര്‍ട്‌ ഓഫ്‌ ലിവിംഗ്‌ വേറെ വല്ലോമായേനേ... ഇതിനിപ്പോ ഡെല്‍ഹിയെന്നൊ പൂനയെന്നോ ആണെന്നോ പെണ്ണെന്നോ വ്യത്യാസമൊന്നും ഉണ്ടാകില്ല.

  59. Jayarajan said...

    ദേ ഈ പോസ്റ്റൊന്നു നോക്കിയേ... മൂന്നാലു ചേട്ടന്മാര്‍ വന്ന് കൊച്ചിനെ ചീത്ത വിളിച്ചു പോയേക്കുന്നു... ഇതൊന്നും കേട്ട്‌ തളരരുത്‌ കേട്ടോ? ചൈനീസ്‌ അറിയാവുന്ന ആരെയെങ്കിലും രംഗത്തിറക്കൂ :)

  60. Unknown said...

    dear,
    samayam kollikku ella asamsakalum.......syama

  61. നവരുചിയന്‍ said...

    ഒരു പെപ്പെര്‍ സ്പ്രേ കിട്ടിയിരുന്നു എങ്കില്‍ ഒരു ഒമ്ലെറ്റ് കഴിക്കാം....................
    എന്തായാലും സംഭവം കൊള്ളാം..ഒന്നും സംഭവികാത്തത് കൊണ്ടു കോമഡി ..ഇല്ലാരുന്നു വെങ്കില്‍....മൊത്തം ഒരു ട്രാജഡി ആയേനെ .................................

  62. പ്രവീണ്‍ ചമ്പക്കര said...

    കലക്കി കേട്ടോ... ഇല്ല എന്നങ്ങാനും പറഞ്ഞാല്‍ ആ സ്പ്രേ എടുത്ത് അടിച്ചാലോ.....

  63. arunraj said...

    നന്നായിരുന്നു...

  64. ഭൂമിപുത്രി said...

    ‘കൊച്ചുത്രേസ്യയ്ക്ക് പഠിയ്ക്കല്‍’ഊറ്ജ്ജിതമായി നടക്കുന്നകൂട്ടത്തിലാണ്‍ ഞാനും ആ ബൈക്ക്കഥ വായിച്ച്,കുറെനേരം ഹൃദ്യസ്പറ്ശിയായിട്ടിരുന്നു പോയത്.
    ഇന്നിപ്പോ,ഈ ഹൊററ്സ്ടോറി!
    സ്വൈര്യം തരില്ലല്ലൊ ഈക്കൊച്ച്..

  65. chakky said...

    വനിതയില്‍നിന്നാണ് ആദ്യമായി കൊച്ചുത്രേസ്യയെ പറ്റി അറിഞ്ഞത്...ഞാനും ഒരു കണ്ണൂര്‍ക്കാരിയാണ് കേട്ടോ..ജീവിതത്തില്‍ നടന്ന സീരിയസ്സായ ഒരു കാര്യം നര്‍മ്മം കലര്‍ത്തി വളരെ രസമായി എഴുതിയിരിക്കുന്നു...എന്നാലും കുട്ടീ..നിന്നെ സമ്മതിച്ചിരിക്കുന്നു...

  66. ഭക്ഷണപ്രിയന്‍ said...

    ഒ .ടൊ. കൊച്ചിന്റെ അഭീഷ്ട്പ്രകാരം ഞാന്‍ പേരു മാറ്റിയതു മനസ്സിലായിക്കാന്നുമല്ല്ലൊ. പേരു മാറിയെങ്കിലും ആരാധനയില്‍ കുറവൊന്നുമില്ല കേട്ടൊ.
    പിന്നെ ഒടുവില്‍ വനീതേല്‍ കൊച്ചിനെ കണ്ടെത്തി കേട്ടൊ അങ്ങൊരു മൂ‍ലക്കൂ പോയ്യൊതുങ്ങി നില്‍ക്കുന്നു.ഈ മനോരമക്കാരുടെ ഒരു പണി നോക്കണേ ഭ്രാന്തിന്റെ ടാക്കിട്ടറാ‍വാന്‍ ആശിച്ച കൊച്ചിനെ MAD house-ല്‍ ആണല്ലൊ കൊണ്ടു നിര്‍ത്തീരിക്കുന്നെ.

  67. ശ്രീലാല്‍ said...

    എല്ലാരും പറയുന്നു വനിത.. വനിത.. എന്ന്. ഞാന്‍ കഴിഞ്ഞാഴ്ച ഒരു കടയില്‍ കയറി ഉള്ള വനിത മുഴുവനും തപ്പിനോക്കിയിട്ടും എങ്ങും കണ്ടില്ല. അവസാനം കടക്കാരനോട് “വേണ്ട ചേട്ടാ, ഈ വനിതയില്‍ ആ വനിതയില്ല..” എന്ന് പറഞ്ഞിട്ട് ഇറങ്ങി വന്നു..

    ശെരിക്കും ഒള്ളതാണോ കൊച്ചുത്രേസ്യേ...?

  68. ഹരിയണ്ണന്‍@Hariyannan said...

    ഈ കഥയില്‍ അല്പം കഥയുള്ളതാണ് ഇതിനെ കൊ.ത്രേ.ക്കഥയാക്കുന്നത്!

    എന്നാലും ആ ബൈക്കുകാരനെ സമ്മതിക്കണം.ഇവ്വനൊന്നും ഒരു മിനിമം സൌന്ദര്യബോധമില്ലാതായിപ്പോയല്ലോ?
    :)

  69. Simy Chacko :: സിമി ചാക്കൊ said...

    കൊച്ചുത്രേസ്യ കൊച്ചേ , ഒരു മൂന്നു ദിവസം കൊണ്ടു ത്രെസ്യെടെ മുപ്പതു പോസ്റ്റെന്കിലും വയിചെച്ച് മൊത്തത്തില്‍ ഉള്ള ഒരു കമന്റ് ആണ് കേട്ടോ,

    എല്ലാം നല്ല എഴുത്തുകള്‍ . ചിലതില്‍ കുറച്ചു കഴംബിന്റെ കുരവുണ്ടോന്നു ഒരു സംശയം ഉണ്ടെന്കിലും എഴുത്തിന്റെ ഒഴുക്കും ഭംഗിയും ഒക്കെ എല്ലാത്തിലും ഉണ്ട്.

    ഈ കൊച്ചുത്രേസ്യ കൊച്ചുത്രേസ്യ എന്ന് കേള്‍ക്കാനും കാണാനും തോടങ്ങിട്ടു കുറച്ചു നാളായി. ത്രെസ്യെടെ തന്നെ ഒരു പോസ്റ്റില്‍ മറ്റാര് മഹാന്‍ പറഞ്ഞ മാതിരി, ഈ പെമ്ബില്ലെരോക്കെ തമാഷിച്ചാല്‍ എന്തോരും തമാശ്തിക്കും എന്ന് വിച്ചരിചിരിക്കുവരുന്നെ,. ഞാന്‍ കണ്ട പെമ്ബില്ലരോക്കെ , നമ്മള്‍ ഒക്കെ എന്തേലും വളിപ്പ് അടിക്കുമ്പോ കുടുകുട ചിരിക്കുന്നതല്ലാതെ കൊച്ചുത്രേസ്യകൊച്ചിനെപൂലെ ഒന്നിനെ കണ്ടിട്ടേ ഇല്ലര്‍ന്നു. തെറ്റി എല്ലാം തെറ്റി , ത്രെസ്യടെ എഴുത്തെല്ലാം കിടിലന്‍ .

    ത്രേസ്യ സിരിയസ് ആയി എഴുതുന്നത് താമസകലെക്കള്‍ രസമാകുന്നുന്ദ്. ഇനി വരുന്ന പോസ്ടുകളിലോക്കെ അഭിപ്രായം പറയാന്‍ ഞാനുമുന്റാവും.
    -
    അക്ഷരതെട്ടുകലുറെ പാതി കുറ്റം എനിക്കും ബാക്കി ഗൂഗിലംമാവന്റെ ഇന്‍ഡിക് ട്രന്സിലറെരിനും

  70. Anonymous said...
    This comment has been removed by the author.
  71. Anonymous said...

    Hi Bloganamarile Sreenivasa,


    Your Blog is very nice.Congrats.Keep Blogging

  72. Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍) said...

    കൊള്ളാല്ലോ ഈ "വാണ്ട്‌ കമ്പനി"! ഞാന്‍ ഈ നാട്ടില്‍ (ബെംഗ്ളൂരു) വല്ല മഹിളാ മണികളോടും ചോദിച്ചു നോക്കിയിട്ട് നല്ല ഉത്തരങ്ങള്‍ വല്ലതും കിട്ടിയാല്‍ പറഞ്ഞു തരാം!

    പിന്നെ ... വനിതയിലെ ലേഖനം ഞാന്‍ കണ്ടു പിടിച്ചു ... അഭിനന്ദനങള്‍! ശ്രീനിവാസനായൊക്കെ താരതമ്യം ചെയ്യപ്പെടുന്നത് വലിയ കാര്യം തന്നെ. ശ്രീനിവാസനാരാ മോന്‍?

  73. ഷാഫി said...
    This comment has been removed by the author.
  74. ഷാഫി said...

    എനിക്കു വിശ്വാസമായില്ല.
    ബൈക്കില്‍ വന്ന ആള്‍ കണ്ണുപൊട്ടനോ മറ്റോ ആയിരുന്നോ?
    ;)

  75. 123456 said...

    ത്രേസ്യാമ്മച്ചിയെക്കണ്ട്‌ ഒരുത്തന്‍ ബൈക്ക്‌ നിറുത്തി "വാണ്ട്‌ കമ്പനി?" എന്നു ചോദിച്ചെന്നോ?? അവന്റെ ഭാഗ്യം ത്രേസ്യാമ്മ യെസ്‌ പറയാതിരുന്നത്‌. ത്രേസ്യാമ്മച്ചി എങ്ങാനും ആ ബൈക്കില്‍ കയറിയായിരുന്നെങ്കില്‍ പാവം പൈയ്യനു ഓവര്‍ലൊഡിനു പെറ്റി അടിച്ചു കിട്ടിയെനേ.. കാരണം ബൈക്കില്‍ കയറ്റാവുന്ന മാക്സിമം ലോഡ്‌ 250 കിലോ ആകുന്നു..!! ഹി ഹി.. ഞാന്‍ ഓടി.

  76. Pongummoodan said...

    ശ്രീനിവാസീ,
    നന്ന്.
    രസകരം.
    പതിവുപോലെ.

  77. അശ്വതി/Aswathy said...

    കൊച്ചുത്രേസ്യാ.... പോസ്റ്റ് നന്നായി...
    ഇതുപോലെ ഒരു രാത്രി എന്റെ ജീവിതത്തിലും ഉണ്ട്.ഓടലും...
    ഈ ജാതി കഥകള്‍ ഞാനും വീട്ടില്‍ അവതരിപ്പിക്കുന്നത് ഇങ്ങനെ തന്നെ. അല്ലെന്കില്‍ അച്ഛനും അമ്മയും ടെന്‍ഷന്‍ അടിച്ച് കഥ ട്രാജടി ആക്കും.
    എല്ലാ ആശംസകളും ....

  78. annamma said...

    ഇതു പോലത്തെ ഓട്ടം ആഴ്ച തോറും സം‌ഘടിപ്പിച്ചാല്‍് ജിമ്മില് പോകേണ്ട ആവശ്യം വരില്ലാട്ടോ കൊച്ചേ. ട്രാജടി സീന്‌ കോമഡി സീനാക്കി മാറ്റാനുള്ള കഴിവിനു ഒരു സ്പെഷ്യല് congrat...

  79. കൊച്ചുത്രേസ്യ said...

    പീലീ ഇതു പോലുള്ള വര്‍ക്ക്‌ഷോപ്പുകളൊക്കെ ഞങ്ങള്‍ടെ ഓഫീസിലും നടക്കുന്നുണ്ട്‌. ആരേലും ഉപദ്രവിക്കാന്‍ നോക്കുമ്പോള്‍ 'ചേട്ടാ ഒന്നു നില്‍ക്കൂ ഞാനീ നോട്‌സ്‌ ഒന്നു നോക്കിക്കോട്ടെ' എന്നു പറയുന്നതോര്‍ക്കുമ്പഴാ.. :-)

    ജയരാജന്‍ അവരു ചീത്തവിളിക്കുന്നതല്ല. എന്നോടു ചൈനീസില്‍ ബ്ലോഗെഴുതാമോന്നു റിക്വസ്റ്റ്‌ ചെയ്യുന്നതാണ്‌. സമയാമില്ലാന്നു പറഞ്ഞിട്ടും സമ്മതിക്കുന്നില്ലെന്നെ..

    shyama നന്ദി

    നവരുചിയാ സത്യം.. സംഭവം ട്രാജഡിയാവാതെ കഷ്ടിച്ചു രക്ഷപെട്ടു..

    പ്രവീണ്‍ പേടിക്കണ്ട.. ആ സ്പ്രേ എനിക്കിതു വരെ കിട്ടീട്ടില്ല :-)

    machoos നന്ദി

    ഭൂമിപുത്രീ ആ കമന്റില്‍ അവസാനത്തെ ലൈന്‍ എന്റെ വീട്ടുകാര്‌ എപ്പോഴും പറയുന്നതാ.. കേട്ടു കേട്ട്‌ നല്ല ശീലമായി;-)

    chakky താങ്ക്സുണ്ടേ..

    ഭക്ഷണപ്രിയാ ഇപ്പഴാണ്‌ കേട്ടോ നല്ല സ്റ്റെയിലന്‍ പേരായത്‌..

    ശ്രീലാലേ ഉള്ളതാണ്‌ ഉള്ളതാണ്‌. അപാരക്ഷമയുണ്ടെങ്കിലേ കണ്ടുപിടിക്കാന്‍ പറ്റൂ.. തോല്‍വി സമ്മതിക്കതെ ഇനിയും ട്രൈ മാഡൂ..

    ഹരിയണ്ണാ ഇരുട്ടല്ലേ..ശരിക്കും കണ്ടിട്ടുണ്ടാവില്ലെന്നേ..

    സിമി ചാക്കോ.. അക്ഷരതറ്റുകള്‍ക്കിടയിലൂടെ പറഞ്ഞ നല്ല വാക്കുകള്‍ക്ക്‌ നന്ദി

    koodaram താങ്ക്സ്‌

    സന്ദീപേ ഉത്തരം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ആരോടും പറയണ്ട. കിട്ടിയതും വാങ്ങിക്കൊണ്ടു മിണ്ടാതെ സ്ഥലം കാലിയാക്കുന്നതാ ബുദ്ധി.

    ഷാഫി അല്ലല്ല..കണ്ണുപൊട്ടന്‍മാരെങ്ങനാ ബൈക്കോടിക്കുന്നത്‌??

    പെണ്ണുപിടിയാ അങ്ങനൊന്നും ഇല്ല. എന്റെ അനിയന്റെ ബൈക്കില്‍ ഞാന്‍ സ്ഥിരം കേറുന്നതല്ലേ..

    പോങ്ങുമ്മൂടന്‍.അശ്വതി,അന്നമ്മ നന്ദി

  80. Kiran said...

    good one.... keep writing...

  81. Anonymous said...

    Hi Kochu
    Excellent

  82. ചേര്‍ത്തലക്കാരന്‍ said...

    വേണാടാ,ചേര്‍ത്തല്‍ക്കാരാ അതൊന്നും കൊച്ചുകുട്ടികള്‍ അരിയേണ്ട കാര്യമല്ല. സമയം കളയാതെ പോയിരുന്ന്‌ കളിക്കുടുക്ക വായിക്ക്‌ ..പോ പോ..




    കൊച്ചുത്രേസ്യകൊച്ഛെ.....
    ഞാൻ ഒരു കൊച്ഛു കൊട്ടിയൊന്നുമല്ലാ, പിന്നെ വേണാടനെ എനിക്കറിയില്ല.........

    കളിക്കുടുക്ക എണ്ടെ കൊച്ഛിലെ പോലും ഞാൻ വയിച്ഛീട്ടില്ലാ, പിന്നാ ഇപ്പോൾ.......

  83. ഭക്ഷണപ്രിയന്‍ said...

    cherthalakkaran oru tube light thanne alle koche?

  84. വേണാടന്‍ said...

    കളിക്കുടുക്ക കിട്ടിയില്ല..അതുകൊണ്ടു കൊച്ചിന്റെ ലോകം വായിച്ചു കരയുന്നു..ങീ..ങീ..

    എന്നൊടു പറഞ്ഞതോക്കെ..എന്നാലും കൊച്ചേ...ചേര്‍ത്തല്‍ക്കാരനോടരല്പം ബഹുമാനം ആവാമായിരുന്നു..
    അങ്ങോറ്ക്കു ഫീലായീ...


    ഇന്നു കിട്ടിയ കളിക്കുടുക്കയില്‍ നിന്നും..

    അപ്പം തിന്നാന്‍ കൈ കൊട്ട്
    ആറ്റില്‍ ചാടാന്‍ കൈ കൊട്ട്

    ബ്ലോഗില്‍ കേറിയാല്‍ അടി കിട്ടും
    കൊച്ചിന്റെ ബ്ലോഗില്‍ പോകല്ലെ
    അവിടം മൊത്തം പൈങ്കിളിയാ
    അതിലും ഭേദം കുടുക്കയാ...കളിക്കുടുക്കയാ...

    അപ്പം തിന്നാന്‍ കൈ കൊട്ട്
    ആറ്റില്‍ ചാടാന്‍ കൈ കൊട്ട്
    കൊച്ചിന്റെ ബ്ലോഗില്‍ പൊയെന്നാ‍ല്‍
    മിണ്ടാതെ തിരികെ നടന്നോളൂ..

    വീണ്ടും ...വീണ്ടും..
    ( വേഗത്തില്‍)
    അപ്പം തിന്നാന്‍ കൈ കൊട്ട്
    ആറ്റില്‍ ചാടാന്‍ കൈ കൊട്ട്
    അപ്പം തിന്നാന്‍ കൈ കൊട്ട്
    ആറ്റില്‍ ചാടാന്‍ കൈ കൊട്ട്
    അപ്പം തിന്നാന്‍ കൈ കൊട്ട്
    ആറ്റില്‍ ചാടാന്‍ കൈ കൊട്ട്

  85. ഗോര്‍ഗ്ഗ് said...

    കൊച്ചുത്രേസ്സ്യകൊച്ചിനോടുള്ള നന്ദി പറഞ്ഞാലും പറഞ്ഞാലും തീരില്ല. ഇനി വെല്ലപ്പോഴും ഡെല്‍ഹിക്ക് പോവുമ്പോ അറിഞ്ഞിരിക്കേണ്ട കോഡ് വേഡ് മനസ്സിലായല്ലോ... :)

    പെപ്പര്‍ സ്പ്രേ അവിടെങ്ങും കിട്ടില്ലെന്നറിഞ്ഞതില്‍ സന്തോഷം ...

  86. ചേര്‍ത്തലക്കാരന്‍ said...

    ഭക്ഷണപ്രിയന്‍ said...
    cherthalakkaran oru tube light thanne alle koche?

    May 22, 2008 2:50 AM


    ഭക്ഷണപ്രിയാ, മോനേ...
    ഞാൻ ട്യൂബ് ലൈറ്റ് ഒന്നുമല്ല, അതിന്റെ അർതം ത്രേസ്യാകൊച്ഛു തന്നെ പറയുമോ എന്നു നോക്കിയതാ.




    ഇനീം എനിക്കിട്ടുവെക്കരുത്, ഒന്നുമില്ലേലും നമ്മൾ ഭക്ഷണപ്രിയരല്ലേ????
    --------------------------------
    അപ്പം തിന്നാന്‍ കൈ കൊട്ട്
    ആറ്റില്‍ ചാടാന്‍ കൈ കൊട്ട്

    ബ്ലോഗില്‍ കേറിയാല്‍ അടി കിട്ടും
    കൊച്ചിന്റെ ബ്ലോഗില്‍ പോകല്ലെ
    അവിടം മൊത്തം പൈങ്കിളിയാ
    അതിലും ഭേദം കുടുക്കയാ...കളിക്കുടുക്കയാ...

    അപ്പം തിന്നാന്‍ കൈ കൊട്ട്
    ആറ്റില്‍ ചാടാന്‍ കൈ കൊട്ട്
    കൊച്ചിന്റെ ബ്ലോഗില്‍ പൊയെന്നാ‍ല്‍
    മിണ്ടാതെ തിരികെ നടന്നോളൂ..




    വേണാടാ,
    ഇഷടപ്പെട്ടൂ. എനിക്കുപറ്റാത്തതെന്തായലും വേണാടൻ ചെയ്തല്ലോ.

  87. Rejo said...

    Kalakkan Post :-)

  88. Shabeeribm said...

    super writting