ടി.വി.യിലെ പാചകപരിപാടികളുടെ കടുത്ത ഒരു ആരാധികയാണ് ഞാന്‍. ചാനലുകളിങ്ങനെ മാറ്റിമാറ്റി കളിക്കുന്നതിനിടെ എവിടെങ്കിലും ഏതെങ്കിലും ചേട്ടനോ ചേച്ചിയോ അടുപ്പും പാത്രോം തവീമൊക്കെയായി തിരിഞ്ഞുകളിക്കുന്നതു കണ്ടാല്‍ (അതിപ്പോ എനിക്കു കേട്ടുകേള്‍വി പോലുമിലാത്ത ഭാഷയിലായാലും ശരി) ഞാനവിടങ്ങ് സ്റ്റക്കായിപ്പോകും. ഇതൊക്കെയാണെങ്കിലും ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മിടുക്കിയായ പാചകതാരം എന്റെ വീട്ടില്‍ തന്നെയാണ് കേട്ടോ- എന്റെ സ്വന്തം മാതാശ്രീ. പാചകകാര്യത്തില്‍ ഇത്രേം കുരുട്ടുബുദ്ധിയുള്ള വേറൊരാളെ ഞാന്‍ കണ്ടിട്ടില്ല. ദാ ഇന്നലത്തെ കാര്യം തന്നെ നോക്ക്.. രാവിലെ കണ്ണും തിരുമ്മിയെഴുന്നേറ്റു വരുമ്പോള്‍ കണ്ട കഴ്ചയെന്താണെന്നോ-- കാസറോളില്‍ അടുക്കിയടുക്കി വച്ചിരിക്കുന്ന പിങ്കപ്പങ്ങള്‍.. എന്നു വച്ചാല്‍ ലൈറ്റ് പിങ്ക് കളറുള്ള അപ്പങ്ങള്‍.മമ്മിയെ ഞാന്‍ ഇന്നും ഇന്നലേമൊന്നും കണ്ടു തുടങ്ങീതല്ലല്ലോ.. അതുകൊണ്ട് ആദ്യം സംശയിച്ചത് തലേന്നു രാത്രി ബാക്കിവന്ന ബീറ്റ്റൂട്ട് തോരനെയാണ്. ചെന്നു നോക്കീപ്പോള്‍ ഫ്രിഡ്ജില്‍ അതു ഭദ്രമായിരിപ്പുണ്ട്.പിന്നെ ഈ കളറിന്റെ ഗുട്ടന്‍സെന്ത് എന്ന് മമ്മിയെ ക്വസ്റ്റ്യന്‍ ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. തലേ ദിവസം രാവിലെ ബാക്കിവന്ന പുട്ടാണ് നായകന്. രാത്രി അപ്പത്തിനു മാവരച്ചപ്പോള്‍ ചോറിനു പകരം ആ പുട്ടാണത്രേ ചേര്‍ത്തത്. ഒന്നോര്‍ത്താല്‍ ചോറും പുട്ടുമൊക്കെ ഒരേ ഫാമിലിയില്‍ പെട്ടതാണല്ലോ. നല്ല തവിട്ടു കളറുള്ള ചമ്പാപുട്ടായിരുന്നു..അതാണ് അപ്പത്തിന്റെ കോലത്തിലായപ്പോള്‍ ലൈറ്റ്പിങ്ക് കളറു വന്നുപോയത്.. ബാക്കിവരുന്ന ഭക്ഷണസാധനങ്ങളെ ഒരു കുഞ്ഞുപോലുമറിയാതെ വേറെ രൂപത്തിലാക്കുന്ന മമ്മീടെ ട്രിക്കിനെ പറ്റി അറിയാഞ്ഞിട്ടാണ്-- അല്ലെങ്കില്‍ മുതുകാടും പി.സി സര്‍ക്കാരും ഹൗഡിനിയുമൊക്കെ എന്റെ വീടിനു മുന്നില്‍ ക്യൂ നിന്നേനേ.. മമ്മീടെ ശിഷ്യത്വം സ്വീകരിക്കാന്‍..
ഈ പാചകമാജിക്കില്‍ മമ്മീടെ ഗുരു-കം-അമ്മായിഅമ്മ എന്റെ അമ്മച്ചിയാണ്. അമ്മച്ചീടെ നല്ല കാലത്ത് കുറച്ചു ചക്കക്കുരുവും മാങ്ങയും കൊണ്ട് അമ്മച്ചി വിഭവസമൃദ്ധമായ സദ്യ ഒരുക്കുമായിരുന്നത്രേ. അതപ്പോള്‍ കുടുംബത്തിലെ അംഗസംഖ്യ അത്രയും വലുതാണ്. എല്ലാരെയും തീറ്റിപ്പോറ്റണമെങ്കില്‍ അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടുന്നതു പോലുള്ള മാജിക്കൊക്കെ അമ്മച്ചി കാണിച്ചു പോവും. കുറ്റം പറയാന്‍ പറ്റില്ല. ഈ രണ്ടു മാജിക്കുകാരികളെയും കൂടാതെ എന്റെ വീട്ടില്‍ ഒരു പാചകശാസ്ത്രജ്ഞയുമുണ്ട്- എന്റെ ചേച്ചി.. പാചകം ആറ്റംബോബുണ്ടാക്കുന്നതു പോലുള്ള ഒരു ശാസ്ത്രമാണെണെന്നാണ് അവൾടെ വിശ്വാസം. എന്തേലും നിവര്‍ത്തിയുണ്ടെങ്കില്‍ അവള് കോമ്പസും സ്കെയിലും തെര്‍മോമീറ്ററും സ്റ്റോപ്പ്വാച്ചും ടൈമറും ഒക്കെ ഉപയോഗിച്ചേ പാചകം ചെയ്യൂ. എല്ലാം പെര്‍ഫക്ടായിട്ട്. അതുകൊണ്ടെന്താ.. അവളിങ്ങനെ വൃത്തോം അലങ്കാരോമൊക്കെ ശ്രദ്ധിച്ച് സാധനമുണ്ടാക്കി വരുമ്പോഴെക്കും ബാക്കിയുള്ളോര് പട്ടിണി കിടന്നു മൃതിയടഞ്ഞിട്ടുണ്ടാവും.പിന്നുള്ളത് അനിയനാണ്. അവന്റെ മാസ്റ്റര്‍ പീസ് 'തട്ടുകട കപ്പ' എന്ന വിഭവമാണ്. എന്നു വച്ചാല്‍ മമ്മി ഉണ്ടാക്കിയ കപ്പയും ബീഫ് കറിയും ഒരു ചീനച്ചട്ടിയിലിട്ട് ഇളക്കിയോജിപ്പിച്ചു തരും. മട്ടും ഭാവവും കണ്ടാല്‍ തോന്നും ആ കപ്പ നട്ടതു പോലും അവനാണെന്ന്. അത്രയ്ക്കുണ്ടാവും അഹങ്കാരം.
ഇവര്‍ടെയിടയില്‍ നിന്ന് രക്ഷപെട്ട് ഓഫീസിലെത്തിയാലോ.. അവിടെ മറ്റൊരു തരം പാചകജീവികളെയാണ് നേരിടേണ്ടി വരുന്നത്- പുതുതായി കല്യാണം കഴിഞ്ഞ് തിരികെ ജോലിയില്‍ കയറുന്ന പെണ്ണുങ്ങള്.. മഷ്രൂം കുക്കിണീസ് എന്നു ഞാനിട്ടിരിക്കുന്ന പേര്. പേരു പോലെ തന്നെ കൂണ് മുളയ്ക്കുന്നതു പോലെ ഒറ്റ ദിവസം കൊണ്ടൊക്കെയാണ് ഇവര്‍ പാചകത്തിന്റെ ഉത്തുംഗശൃഖത്തിലെത്തുന്നുന്നത്. കല്യാണത്തിനു മുന്‍പു വരെ നമ്മടെ കൂടെയിരുന്ന് ബ്രഡിന്റെ കൂടെ കഴിക്കാന്‍ തക്കാളിയാണോ വെള്ളരിക്കയാണോ നല്ലത് എന്നൊക്കെ ചര്‍ച്ച ചെയ്തോണ്ടിരുന്ന ടീംസാണ്; കല്യാണം കഴിഞ്ഞാലുടനെ ഹൈദരാബാദി ദം ബിരിയാണി, എത്യോപ്യന്‍ പുഡ്ഡിംഗ് തുടങ്ങിയ ലെവലിലേക്കൊക്കെ അങ്ങുയര്‍ന്നു പോവും.അതു കൂടാതെ മറ്റൊരു പുതുമയും കൂടിയുണ്ട് ഇക്കൂട്ടര്‍ക്ക്- റ്റിഫിന്‍ .. അതും വല്ല ദോശയും ഇഡലിയും പുട്ടുമൊക്കെയായിരിക്കും. "യ്യോ നീയിതെന്നുമുതലാണ് ഇങ്ങനെ രാജകീയബ്രേക്ക്ഫാസ്റ്റൊക്കെ കഴിച്ചു തുടങ്ങീത്" എന്ന് അന്തംവിടുമ്പോഴാണ് അടുത്ത ഷോക്ക് "ചേട്ടന് ബ്രേക്ക്ഫാസ്റ്റിന് ഇതാണിഷ്ടം" എന്ന്. ഇഷ്ടമൊക്കെ അങ്ങനെ പലതുമുണ്ടാവും.. ഉള്ളതു പറയാലോ.. എനിക്കറിയാവുന്ന ബാച്ചിലേഴ്സൊക്കെ തലെദിവസത്തെ പിസയുടെ ബാക്കിയോ ബ്രെഡോ മാഗിയോ ഒക്കെ കഴിച്ചാണ് ജീവിക്കാറുള്ളത്.അല്ലെങ്കില്‍ പിന്നെ അടുത്തു വല്ല ഹോട്ടലോ മറ്റോ വേണം. ലവന്മാര്‍ക്കൊക്കെയാണ് കല്യാണം കഴിയുന്നതോടെ മണ്‍കലത്തിലുണ്ടാക്കിയ ചോറ്, അമ്മീലരച്ച ചമ്മന്തി, ചിരട്ടപ്പുട്ട് തുടങ്ങിയ കോംപ്ലികേറ്റഡ് വിഭവങ്ങളില്ലാതെ ജീവിക്കാന്‍ പറ്റാതാവുന്നത്. ഈ നട്ടാല്‍ കുരുക്കാത്ത നുണ കേട്ടാലുടനെ വിശ്വസിക്കാന്‍ കുറെ പെണ്ജന്മങ്ങളും!! ഇങ്ങനെ ചില അഭിനവഭര്‍ത്താക്കന്മാരാണെങ്കില്‍ വേറൊരു കഥയാണു പറയുന്നത്. അവര്‍ ആവശ്യപ്പെടാതെയാണ് ഭാര്യമാര്‍ ഇത്തരം ഭക്ഷ്യമേളകളൊക്കെ ഒരുക്കുന്നതെന്ന്- അവരെ ഇംപ്രസ് ചെയ്യിക്കാന്‍ വേണ്ടി.. ഇതിന്റെയൊക്കെ സത്യാവസ്ഥ എന്താണോ എന്തോ.. എന്തായാലും ഇത്തരത്തിലുള്ള ആവേശമൊക്കെ രണ്ടുമൂന്നു മാസം കൊണ്ട് തണുത്തുറഞ്ഞ് ഇവരൊക്കെ പഴയ മാഗി/ബ്രഡ്/പഴം ഡയറ്റിലെക്കു തിരിച്ചുപോവുന്നതായിട്ടാണ് പൊതുവേ കണ്ടുവരുന്നത്.. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
ഓഫീസിൽ ഒളിഞ്ഞും തെളിഞ്ഞും നേരിടേണ്ടി വരുന്ന മറ്റൊരു കൂട്ടരുണ്ട്. നമ്മളിങ്ങനെ ആര്‍ക്കും ശല്യമാവാതെ കാന്റീനിന്റെ ഒരൊഴിഞ്ഞ കോണിൽ സാൻഡ്വിച്ചും കടിച്ചുപറിച്ചിരിക്കുമ്പോഴായിരിക്കും ഇക്കൂട്ടരുടെ വഹ അഭിപ്രായപ്രകടനങ്ങൾ--" ങ്ഹും..ഇന്നത്തെ പെണ്‍കുട്ടികള്‍.. ഇതുങ്ങള്‍ക്കൊക്കെ വല്ലതും വച്ചുണ്ടാക്കിക്കൂടേ" എന്ന് . ഇനീപ്പം എന്റെ സ്ഥനത്ത് വല്ല പയ്യനുമാണ് സാൻഡ്വിച്ചും കൊണ്ടിരിക്കുന്നതെങ്കിലോ.. അങ്ങു സഹതാപമാണ്.. "പാവം വച്ചു വിളമ്പാനാരുമില്ല.. ഇവനൊരു കല്യാണം കഴിച്ചാലെന്താ" -ആ ലൈനിലങ്ങു പോവും. എനിക്കും അവനുമൊക്കെ ദിവസത്തില്‍ 24 മണിക്കൂറേ ദൈവം അനുവദിച്ചു തന്നിട്ടുള്ളൂ എന്നോര്‍ക്കണം.. എന്തൊരക്രമം.. അനീതി!!
ഇത്രേമൊക്കെ പറഞ്ഞ സ്ഥിതിക്ക് ഞാനൊരു പാചകവിരോധിയാണ് എന്നൊന്നും തെറ്റിദ്ധരിച്ചേക്കരുത്. പാചകത്തെ അതിമനോഹരമായ ഒരു കലയായി കണക്കാക്കുകയും ബഹുമാനിക്കുകയും ചെയുന്ന ഒരു വ്യക്തിയാണ് ഞാൻ .അതുകൊണ്ടു തന്നെ ചില പ്രശ്നങ്ങളുമുണ്ട്. അതായത് ഏതെങ്കിലും ഒരു കലാകാരന് രാവിലെ എട്ടുമണിക്കു മുൻപ്/ഉച്ചയ്ക്ക് ഒരു മണിയ്ക്ക്/രാത്രി എഴു മണിയ്ക്ക് എന്ന മട്ടിൽ സമയബന്ധിതമായി കലാസൃഷ്ടികളുണ്ടാക്കാൻ പറ്റുമോ..അതിനൊക്കെ നല്ല മൂഡു വേണം, ഭാവന വേണം ,ആവശ്യമായ സാധനങ്ങൾ വേണം, അനുകൂലമായ സാഹചര്യം വേണം.. പറഞ്ഞുവരുന്നത് എന്റെ പാചകകലാസൃഷ്ടിയും ഇങ്ങനുള്ള അപൂർവ്വനിമിഷങ്ങളിലേ രൂപം കൊള്ളാറുള്ളൂ.. . ബാക്കിയുള്ള ദിവസങ്ങളിലൊക്കെ വല്ല പഴമോ പച്ചക്കറിയോ ഒക്കെ കഴിച്ചാണ് ജീവൻ നിലനിർത്താറുള്ളത് .. ഇനീപ്പം വല്ലതും വച്ചുണ്ടാക്കാൻ തോന്നിയാലോ- പാരമ്പര്യപാചകത്തിന്റെ കംപ്ലീറ്റ് നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ടുള്ള വിഭവങ്ങളേ ഉണ്ടായിവരാറുള്ളൂ. വേണംന്നു വച്ചു ചെയ്യുന്നതല്ല.. അങ്ങനെയൊക്കെ ആയിപ്പോകുന്നതാണ്. ദാ തെളിവിനായി കഴിഞ്ഞ ഒരുമാസത്തെ കലാസൃഷ്ടികൾടെ അവസ്ഥ താഴെക്കൊടുക്കുന്നു.
1)ഗുലാബ് ജാമുൻ - എവിടൊക്കെയോ എന്തൊക്കെയോ പാളിയെന്നു ഉണ്ടാക്കികഴിഞ്ഞപ്പോൾ മനസിലായി. നല്ല സോഫ്റ്റായിരിക്കേണ്ട സാധനം കരിങ്കല്ലു പോലിരിക്കുന്നു.പിന്നെ എല്ലാത്തിലും പപ്പടംകുത്തീം കൊണ്ട് ഓരോ തുളയുമിട്ട് കുറെനേരം അതിനെ പഞ്ചസാര സിറപ്പിൽ മുക്കിപ്പിടിച്ചപ്പോൾ ഇത്തിരി മയം വന്നു ച്യൂയിംഗം പരുവത്തിലായിക്കിട്ടി. അയൽവാസിപ്പിള്ളാരുടെ ഇടയിലൊക്കെ വൻഹിറ്റായിരുന്നു. അവരിലാരും ശരിക്കും ഗുലാബ് ജാമുൻ കണ്ടിട്ടില്ലായിരുന്നൂന്ന് പ്രത്യേകം പറയണ്ടല്ലോ..
2)ക്യാരറ്റ് പായസം - അടപ്രഥമൻ, സേമിയാപായസം, പയറുപായസം തുടങ്ങിയ സാമ്പ്രദായിക പായസങ്ങളിൽ നിന്നും മാറിച്ചിന്തിക്കാനുള്ള ശ്രമമായിരുന്നു. എല്ലാം ഒത്തു വന്നതുമാണ്.അപ്പോഴാണ് മമ്മീടെ വക റെക്കമെൻഡേഷൻ-നേരത്തെ ഉണ്ടാക്കിയതിന്റെ ബാക്കി കുറച്ചു സേമിയ ഉണ്ട്, അതിനേം കൂടി പായസത്തിലുൾപ്പെടുത്തണമെന്ന്. എന്തായാലും എന്റെ ക്യാരറ്റ് പായസത്തിന് ഒരു അലങ്കാരമായിക്കോട്ടേന്നു വിചാരിച്ച് ആ സേമിയയും കൂടി പായസത്തിലേക്കു തട്ടി. ഇത്തിരി കഴിഞ്ഞു വന്നു നോക്കീപ്പോഴുണ്ട് സേമിയ വളർന്നു വലുതായി പായസത്തിലാകെ നിറഞ്ഞു നിൽക്കുന്നു. എന്തായാലും കഴിച്ചവരൊക്കെ അത്ഭുതം രേഖപെടുത്തി കേട്ടോ-- ഓറഞ്ചുകളറിലുള്ള സേമിയാപായസം ആദ്യം കാണുകയാണെന്നും പറഞ്ഞ് ..
3)ഫോർ-ലെയർ പുഡ്ഡിംഗ് - പേരു പോലെ തന്നെ നാലു ലെയറുള്ള പുഡ്ഡിംഗ് ആയ്രുന്നു വിഭാവനം ചെയ്തത്. ആദ്യത്തെ ലെയറിനു വേണ്ട പൈനാപ്പിൾ കടയിൽ സ്റ്റോക്കില്ലായിരുന്നു. പിന്നൊരു ലെയറായ ഓറഞ്ചാണെങ്കിൽ മിക്സീലിട്ടടിച്ച് ചൈനാഗ്രാസുമിട്ട് തിളപ്പിച്ച് സെറ്റ് ചെയ്തു കഴിഞ്ഞപ്പോൾ ഒടുക്കത്തെ കയ്പ്പ്. ഓറഞ്ചിന്റെ കുരു നീക്കം ചെയ്യാതെ അടിച്ചതു കൊണ്ടാവും. എന്തായാലും സമയം കളയാതെ വേസ്റ്റ്ബാസ്കറ്റിലേക്കിട്ടു. പിന്നെ ബാക്കിവന്നത് പാലിന്റെ ലേയറും ബിസ്കറ്റിന്റെ ലേയറുമായിരുന്നു. എല്ലാം റെഡിയാക്കി തണുപ്പിച്ച് പുഡ്ഡിംഗ് മോൾഡിനെ സെർവിങ്ങ് പ്ലേറ്റിലേക്കു കമഴ്ത്തീപ്പോൾ പാലൊക്കെ അങ്ങോഴുകിപ്പരന്നു. അവസാനം ഗ്ലാസിലൊഴിച്ചു കുടിക്കേണ്ടി വന്നു. ബിസ്കറ്റിന്റെ ലേയറാണെങ്കിൽ താഴേക്കു വീഴാൻ കൂട്ടാക്കാതെ മോൾഡിൽ തന്നെ പറ്റിപ്പിടിച്ചിരുന്നതു കൊണ്ട് അവിടുന്ന് ചിരണ്ടിത്തിന്നേണ്ടിയും വന്നു. എന്റെ പാചകചരിത്രത്തിലെ ഏറ്റവും വ്യത്യസ്ത്മായ കലാസൃഷ്ടിയായിരുന്നു ഇത്.
4) ചോക്കലേറ്റ്-ലിച്ചീ പുഡ്ഡിംഗ് - സാദാ ജെല്ലി ഉണ്ടാക്കാനുള്ള ശ്രമം അവസാനിച്ചതിങ്ങനെയാണ്. വീട്ടിലുണ്ടായിരുന്ന ചോക്കലേറ്റും ജ്യൂസും മിഠായിയുമൊക്കെ ഒക്കെ ഒരു രസത്തിന് എടുത്തു ചാർത്തി. എന്തും നേരിടാൻ ശക്തി തരണേ എന്നു പ്രാർത്ഥിച്ചാണ് എൻഡ് പ്രോഡക്ട് ടേസ്റ്റ് ചെയ്തു നോക്കീത്. എന്താണെന്നറിയില്ല; സംഭവം സക്സസ് ആയി. . എന്തൊക്കെയാണ് അതിൽ ചേർത്തതെന്ന് എനിക്ക് അവ്യക്തമായ ഒരോർമ്മ മാത്രമെയുള്ളൂ. അതുകൊണ്ട് റെസിപ്പിയൊന്നും ചോദിച്ച് ആരും ബുദ്ധിമുട്ടിക്കരുത് പ്ലീസ് ..
പക്ഷെ അവസാനത്തെ ആ വൻ വിജയത്തെക്കാളും എന്റെ വീട്ടുകാരോർമ്മിക്കുന്നതും എന്നെ ഒരിക്കലും മറക്കാനനുവദിക്കാത്തതും അതിനുമുൻപിലുള്ള റിലേ പരാജയങ്ങളാണ്. തരം കിട്ടുമ്പോഴൊക്കെ അതിന്റെ കാര്യം പറഞ്ഞ് എന്നിലെ പാചകകലാകാരിയെ തളർത്താൻ നോക്കും. അല്ലെങ്കിലും നല്ല കലാകരൻമാരെ/കാരികളെ അംഗീകരിക്കാൻ എന്നും നമ്മടെ സമൂഹത്തിനു മടിയാണല്ലോ.. സമൂഹത്തിന്റെ ആസ്വാദനനിലവാരത്തിൽ കാര്യമായ മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നൂന്ന് വിവരമുള്ളവർ പറയുന്നത് വെറുതെയല്ലെന്നേ...
Thursday, December 18, 2008
Subscribe to:
Post Comments (Atom)
81 comments:
എന്താണെന്നറിയില; പാചകത്തെ പറ്റി എത്ര പറഞ്ഞാലും എനിക്കു മതിയാവില്ല. ഇതൊരു രോഗമാണോ എന്തോ.. :-))
ഇത്തവണ തേങ്ങ എന്റെ വക......ഠോ
പാചകം എന്ന് കണ്ടപ്പൊ ഓടി വന്നതാ.
പിന്നെ കൊച്ച് ത്രേസ്യാക്കൊച്ചിന്റെ പാചകം എന്ന് കണ്ടപ്പോ ദാ, തിരിച്ച് ഓടുന്നൂ!
ബൈയ്...
എന്റെ ചില പാചക ശ്രമങ്ങള്‍
1) ഗുലാബ് ജാമുന് - നേരത്തെ പറഞ്ഞ പോലെ കട്ടി കൂടി - ഗുലാബ് ജാമുന് എന്ന് പറഞ്ഞാലല്ലേ കുഴപ്പമുള്ളൂ ചികിട എന്ന് പറഞ്ഞും ഒരു പലാഹാരം ഉണ്ടല്ലോ
2) കേക്ക് - ഉണ്ടാക്കി വന്നപ്പോള്‍ അസ്സലു ബിസ്കറ്റ് പരുവം. വേറെ ഒരു അവസരത്തില്‍ നല്ല ഹല്‍വ പോലെ.
കൊച്ചു ത്രെസ്യകൊച്ചേ ഈ പാചകകലയുടെ പരാജയത്തിനു കാരണം നമ്മള് എന്താനുണ്ടാക്കാന് പോകുന്നതെന്ന് ആദ്യമേ ചോരുന്നതാ. എന്തുണ്ടാക്കാന്‍ പോകുന്നു എന്നൊരിക്കലും ആരോടും പറയരുത്. ഉണ്ടാക്കി കഴിയുമ്പോ എന്താണോ ഉണ്ടായത് അതാണ് നമ്മള് ഉണ്ടാക്കാന്‍ ശ്രമിച്ചത്.
ന്നാലും പണ്ടത്തെ മള്‍ട്ടി കളര്‍് ഇഡ്ഡിലി പോലെ ഒരു റസീപ്പി ആഗ്രഹിച്ചു പോയി.ആ ചോകോ പുഡ്ഡിങ്ങിന്റെ എങ്കിലും :)
രസിച്ചു. തലകുലുക്കി രസിച്ചു വായിച്ചു.
"എനിക്കറിയാവുന്ന ബാച്ചിലേഴ്സൊക്കെ തലെദിവസത്തെ പിസയുടെ ബാക്കിയോ ബ്രെഡോ മാഗിയോ ഒക്കെ കഴിച്ചാണ് ജീവിക്കാറുള്ളത്.അല്ലെങ്കില്‍ പിന്നെ അടുത്തു വല്ല ഹോട്ടലോ മറ്റോ വേണം. ലവന്മാര്‍ക്കൊക്കെയാണ് കല്യാണം കഴിയുന്നതോടെ മണ്‍കലത്തിലുണ്ടാക്കിയ ചോറ്, അമ്മീലരച്ച ചമ്മന്തി, ചിരട്ടപ്പുട്ട് തുടങ്ങിയ കോംപ്ലികേറ്റഡ് വിഭവങ്ങളില്ലാതെ ജീവിക്കാന്‍ പറ്റാതാവുന്നത്. ഈ നട്ടാല്‍ കുരുക്കാത്ത നുണ കേട്ടാലുടനെ വിശ്വസിക്കാന്‍ കുറെ പെണ്ജന്മങ്ങളും!!"
:-))
രസകരമായിരിക്കുന്നു പാചക കുറിപ്പ്, എല്ലാവരും ഇങ്ങനെ ചെയ്താണ് പഠിക്കുന്നത്. ചെറുപ്പത്തില്‍ ശ്രമിക്കാത്തവര്‍ക്ക് കല്ല്യാണം ഒക്കെ കഴിയുമ്പോള്‍ പഠിക്കണം എന്നു തോന്നും. കല്ല്യാണമൊക്കെ കഴിച്ചു കഴിയുമ്പോള്‍ സ്മോള്‍ ത്രേസ്യായും കുറച്ചു മാറുമായിരിക്കാം. കല്ല്യാണം കഴിഞ്ഞവരോടുള്ള ഇപ്പോളത്തെ പുച്ഛം ഒക്കെ നല്ല ഒരു ഭര്‍ത്താവിനെ കിട്ടുമ്പോള്‍ മാറും കൊച്ചേ. ഒരു നൈര്‍മല്യവും മൃദുലതയും ഒക്കെ അപ്പോള്‍ ഈ കഠിനഹൃദയക്കും വരും.
മാടിയന്മാരായ ചില ആണുങ്ങളെ മാത്രംകണ്ടതു കൊണ്ട് എല്ലാവരും അങ്ങിനെയെന്നു കരുതരുത്. ഞാന്‍ നന്നായി ഭക്ഷണം കഴിച്ചിരുന്നു, വീട്ടില്‍ നിന്നോ, ഹോട്ടലില്‍ നിന്നോ അതുമല്ലെങ്കില്‍ തന്നെ വെച്ചിട്ടോ (വേറെ വഴിയില്ലെങ്കില്‍).ഇന്ന് എന്റെ ഭാര്യ വര്‍ഷങ്ങളായി വെച്ചു വിളമ്പി തരുന്നു. ഇടക്കു ഗ്യാപ്പും ജോലിയും എല്ലാം ഉണ്ടായിരുന്നെങ്കിലും ഒരിക്ക്കലും അവള്‍ക്ക് അതു മടുക്കും എന്നെനിക്കു തോന്നുന്നില്ല. ഇനി അഥവാ ചെറിയ മേലായ്ക ഉള്ളപ്പോള്‍ എനിക്കു അവള്‍ക്കു കൂടി ഉണ്ടാക്കുന്നതിനും മടിയില്ല താനും
കഴിഞ്ഞ ഒരു മാസത്തെ പാചക കലാസൃഷ്ടികളില്‍ ചോക്കലേറ്റ്-ലിച്ചീ പുഡ്ഡിംഗ് നു പേറ്റന്റ് എടുക്കാമായിരുന്നു...
പിന്നെ അനിയനാണ് താരം...
കൊള്ളാം...പാചക പരീക്ഷണങ്ങള്‍ എല്ലാം ഒന്നിനൊന്നു മെച്ചം...പിന്നെ ഇതെല്ലാം സഹിക്കേണ്ടി വന്ന വീട്ടുകാരുടെ കാര്യമാലോചിച്ചപ്പോള്‍ അവര്‍ പറയുന്നതിലും കാര്യമില്ലേ എന്ന് തോന്നി. കൊച്ചു ത്രേസ്യയുടെ "പാചക പരീക്ഷണങ്ങള്‍" അടുക്കളയെ ഒരു പരീക്ഷണ ശാല...ഓഹ് ...പരീക്ഷണ ശാലയല്ല സാക്ഷാല്‍ ആര്‍ട്ട് ഗാലറി ആക്കുന്ന എല്ലാ കലാകാരി/കാരന് മാര്‍ക്കും പ്രചോദനമാകട്ടെ...!
ചോക്കലേറ്റ്, ജ്യൂസ്, മിഠായി : മൂന്നും വളരേ നല്ല സാധനങ്ങള്‍... മിക്സ് ചെയ്തില്ലെങ്കില്‍ തന്നെയും നല്ല രുചിയോടെ കഴിക്കാവുന്നവ. അത് മൂന്നും കൂട്ടിചേര്‍ത്തതിന് ഇത്രയും അഹങ്കാരം വേണോ?
ഇവിടത്തെ ഒരു മാതിരിപ്പെട്ട പോസ്റ്റുകളൊക്കെ ഞാന്‍ ഈയടുത്ത് ഒറ്റ ഇരുപ്പിന് വായിച്ച് തീര്‍ത്തു. എല്ലാം കിടിലനായിട്ടുണ്ട്. കുറച്ച് കൂടെ frequent ആയാല്‍ കിടിലോല്ക്കിടിലനാകും :)
യ്യോ വല്ല സുന്ദരി ഇഡ്ഢലീടേം കുറിപ്പടി കിട്ടുമെന്ന് കരുതി ഓടി വന്നതാ.. കളഞ്ഞു...
ആണ്പിള്ളേരെ അങ്ങനെ മൊത്തത്തില്‍ കുറ്റം പറയേണ്ടാട്ടോ.. എഞ്ചിനീയറിംഗിനു പഠിക്കുന്ന സമയത്ത് ക്ലാസിലേ കൂട്ടത്തിലേ നല്ല പാചകക്കാരെല്ലാം ആണ്പിള്ളേരായിരുന്നു. ഇപ്പോഴെങ്ങനാന്നറിയില്ലാ..
ഗുലാബ് ജാമുന്, പായസം, പുഡ്ഡിംഗ്, ഒരു വന്‍ ക്രിസ്ത്മസിനുള്ള ഒരുക്കമാണെന്ന് തോന്നുന്നല്ലേ.. ഹാപ്പി ക്രിസ്ത്മസ് (മമ്മി കുക്ക് ചെയ്യുവാണേല് :) )
ത്രേസ്യ കൊച്ചെ...ഇങ്ങനെ വേണ്ടാത്ത ഉപദേശം ഒക്കെ ഈ പെന്പില്ലേര്ക്ക് കൊടുത്തു, കല്യാണം കഴിഞ്ഞാല്‍ എങ്കിലും ഈ omlet ഉം ചോറും തൈരും പിന്നെ വീട്ടില്‍ നിന്നും അമ്മ തന്നു വിടുന്ന അച്ചാറും ചമ്മന്ധി പൊടിയും ഒക്കെ കൂടിയുള്ള സ്ഥിരം കലാപരിപാടി ഒന്നു അവസാനിപിച്ചു, വായക്ക് പിടിക്കുന്ന വല്ലതും കഴിക്കാം എന്ന ഞങ്ങള്‍ പാവം ബാച്ചികളുടെ സ്വപ്ന കഞ്ഞിയില്‍ ഇങ്ങനെ മണ്ണ് വാരി ഇടല്ലേ പെങ്ങളെ!!
I love your way of writing. Keep it up. :)
നല്ല കഥ (!) കൊച്ചുത്രേസ്യക്കൊച്ചേ :)
എനിക്കിഷ്ടം ചേച്ചിയുണ്ടാക്കിയ മറ്റേ കളര്‍ഫുള്‍ ഇഡ്ഡലീസാണു ...എന്തായിരുന്നു ടേസ്റ്റ്...
"എനിക്കറിയാവുന്ന ബാച്ചിലേഴ്സൊക്കെ തലെദിവസത്തെ പിസയുടെ ബാക്കിയോ ബ്രെഡോ മാഗിയോ ഒക്കെ കഴിച്ചാണ് ജീവിക്കാറുള്ളത്.അല്ലെങ്കില്‍ പിന്നെ അടുത്തു വല്ല ഹോട്ടലോ മറ്റോ വേണം. " - സത്യം...
"അവര്‍ ആവശ്യപ്പെടാതെയാണ് ഭാര്യമാര്‍ ഇത്തരം ഭക്ഷ്യമേളകളൊക്കെ ഒരുക്കുന്നതെന്ന്- അവരെ ഇംപ്രസ് ചെയ്യിക്കാന്‍ വേണ്ടി.." - ഇതും സത്യമായാല്‍ മതിയായിരുന്നു...
പലതും പരീക്ഷിച്ചു അത്യാധുനിക വിഭവങ്ങള്‍ കണ്ടെത്തിയതിനു ആശംസകള്‍... പോസ്റ്റ് നന്നായി രസിച്ചു...
ദൈവമേ... ഇതൊക്കെ അനുഭവിയ്ക്കാന്‍ ആ വീട്ടുകാര്‍ കഴിഞ്ഞ ജന്മങ്ങളിലൊക്കെ എന്തു പാപം ചെയ്തോ എന്തോ... പാചക പരീക്ഷണങ്ങള്‍ എന്നാക്കാമായിരുന്നില്ലേ തലക്കെട്ട്?
Hilarious!
ബാച്ചികളെ പറ്റി ചുമ്മാ അപവാദം പറയുന്നോ ഗഡീ? നല്ല സുന്ദരായിട്ടു പുട്ടും ദോശയുമൊക്കെ അടിച്ചാ ഞങ്ങള്‍ നടക്കുന്നെ.....സംശയുണ്ടെങ്കില്‍ ഞങ്ങള്‍ടെ അടുക്കളയില്‍ വന്നു നോക്കു. എണ്റ്റെ കൂട്ടുകാരന് നിന്നു പുട്ടുണ്ടാകുന്നുണ്ട്....ചിലപ്പൊ കൂട്ടുകാരികള്‍ കെട്ട്യൊന് ഉണ്ടാക്കുന്ന ദോശയും പുട്ടും ഒക്കെ ആവും കൊണ്ടുവരുന്നത്'ഡാറ്ലിംഗ് അത്രക്കിഷ്റ്റാണെങ്കില് ഉണ്ടാക്കിക്കോളു . എനിക്കും ആയിക്കോട്ടെ രണ്ടെണ്ണം എന്നാവും വീട്ടിലെ പതിവു ഡയലോഗ്'. അങ്ങനത്തെ പെന്‍പിള്ളേരെ കണ്ടിട്ടുണ്ടെ ഈയുള്ളവന്
ചുള്ളന്‍സ് പറഞ്ഞതാ കാര്യം.
ബാച്ചിയായിരുന്ന കാലത്തൊന്നും പട്ടീണി കിടന്നിട്ടേയില്ല..
കല്ലാണനിശ്ചയം കഴിഞ്ഞൊരുനാള്‍ ഞാനുണ്ടാക്കിയ ഇടിയപ്പോം ചിക്കന്‍ കറിയും ഫോട്ടോ അയച്ചു കൊടുത്തപ്പോള്‍ പെണ്ണിനത്ഭുതം..."ഇടിയപ്പം എങ്ങനാ ഉണ്ടാക്കുന്നേ.."
കെട്ടിയെടുത്ത് കൂടെ നിന്നു പടിപ്പിച്ചു കഴിഞ്ഞപ്പോള്‍ പുച്ഛം.."ഓ...ഇതിത്ര എളുപ്പമാണോ.."
എനിക്കറിയാവുന്ന ബാച്ചിലേഴ്സൊക്കെ തലെദിവസത്തെ പിസയുടെ ബാക്കിയോ ബ്രെഡോ മാഗിയോ ഒക്കെ കഴിച്ചാണ് ജീവിക്കാറുള്ളത്.അല്ലെങ്കില്‍ പിന്നെ അടുത്തു വല്ല ഹോട്ടലോ മറ്റോ വേണം. ലവന്മാര്‍ക്കൊക്കെയാണ് കല്യാണം കഴിയുന്നതോടെ മണ്‍കലത്തിലുണ്ടാക്കിയ ചോറ്, അമ്മീലരച്ച ചമ്മന്തി, ചിരട്ടപ്പുട്ട് തുടങ്ങിയ കോംപ്ലികേറ്റഡ് വിഭവങ്ങളില്ലാതെ ജീവിക്കാന്‍ പറ്റാതാവുന്നത്.
:(
njan poornamaayi yojikkunnu koche
"എനിക്കും അവനുമൊക്കെ ദിവസത്തില്‍ 24 മണിക്കൂറേ ദൈവം അനുവദിച്ചു തന്നിട്ടുള്ളൂ എന്നോര്‍ക്കണം.. എന്തൊരക്രമം.. അനീതി" അത് പോയന്റ്!
ഒരുമാസത്തില്‍ നാലു വിഭവങ്ങള്‍ പരീക്ഷിച്ചോ. ഭാവിയുണ്ട്. :-)
തലേ ദിവസത്തെ പിസ്സ!
ബ്രെഡ്!!
മാഗ്ഗി!!!
ഇപ്പറഞ്ഞ സാധനങ്ങളൊന്നും ഞാന്‍ എന്റെ ബാച്ചി ജീവിതത്തിനിടക്ക് കഴിച്ചിട്ടേയില്ല!
രാവിലെ രണ്ടു മുട്ടന്‍ നേന്ത്രപ്പഴം (പുഴുങ്ങരുത്, മണ്ണെണ്ണ സ്റ്റൗ അടിച്ചു കത്തിക്കാനുള്ള കലോറി രണ്ടു പഴത്തില്‍ നിന്നും കിട്ടില്ല, അനുഭവോഗുരു. ഒരു നാലഞ്ചെണ്ണമുണ്ടെങ്കില് ഒരു കൈ പുഴുങ്ങാം).
അല്ലെങ്കില്‍ ഉപ്പുമാവ് (ചീഞ്ചട്ടിയില്‍ ഇത്തിരി വെളിച്ചെണ്ണയോ ഡാള്ഡയോ ഒഴിച്ച്, വെള്ളം ചേര്‍ത്ത്, രണ്ടു പിടി റവ വാരിയിട്ടു പോയാല്‍ മതി. പല്ലു തേച്ചു വരുമ്പോഴേക്കും കിടിലന്‍ ഉപ്പുമാവു റെഡി).
ബിസിബേളേബാത്ത് (ഒരരപ്പിടി പരിപ്പും കുറച്ച് ഗരം മസാലയും ഒരു ഗ്ലാസ്സ് തലേന്നത്തെ ചോറും കുക്കറിലിട്ടു പോവാം. കുളിച്ചു വരുമ്പോളേക്കും ബിസിബേളേബാത്ത് റെഡി. തിന്നാന്‍ ഒരു കറിയും വേണ്ട. കുഴകുഴാന്നിരിക്കും.)
കഞ്ഞി (കുറച്ചധികം വെള്ളത്തില്‍ അരി അടുപ്പത്തിട്ട ശേഷം പോയി ചീട്ടു കളിക്കുകയോ വെള്ളമടിക്കുകയോ സിനിമ കാണുകയോ എന്തും ചെയ്യാം. കഞ്ഞി എത്ര വെന്താലും ഇത്തിരി ഉപ്പിട്ടാല്‍ നല്ല ടേസ്റ്റോടെ കുടിക്കാം. മൈ ഫേവറിറ്റ്.)
ഇപ്പോ വികസിച്ചു വികസിച്ചു ചക്കപ്പുട്ടും ചിക്കന്‍ കറീം വരെയായി. കല്യാണം കൂടെ കഴിഞ്ഞതോടെ കുക്കിങ്ങൊഴിഞ്ഞ സമയമില്ല. പാവം, അവള്‍ക്കെത്ര കന്നഡ സീരിയലു കാണേണ്ടതാ...
അതായത് ഏതെങ്കിലും ഒരു കലാകാരന് രാവിലെ എട്ടുമണിക്കു മുൻപ്/ഉച്ചയ്ക്ക് ഒരു മണിയ്ക്ക്/രാത്രി എഴു മണിയ്ക്ക് എന്ന മട്ടിൽ സമയബന്ധിതമായി കലാസൃഷ്ടികളുണ്ടാക്കാൻ പറ്റുമോ..അതിനൊക്കെ നല്ല മൂഡു വേണം, ഭാവന വേണം ,ആവശ്യമായ സാധനങ്ങൾ വേണം, അനുകൂലമായ സാഹചര്യം വേണം..
loved ur writing a lot..keep writing...
ഇത് പാചകമല്ല വെറും വാചകം!!!!
ചാത്തനേറ്:“മട്ടും ഭാവവും കണ്ടാല്‍ തോന്നും ആ കപ്പ നട്ടതു പോലും അവനാണെന്ന്” -- ഇവിടെ മലയാളി മെസ്സില്‍ എന്നും കപ്പേം ബീഫും കൂട്ടി തട്ടുന്ന ഒന്ന് രണ്ട് ‘കാപെറുക്കി’ കമ്പനിക്കാരെ നോട്ടമിട്ട് വച്ചിട്ടുണ്ട് ഇന്നല്ലെങ്കില്‍ നാളെ ടാഗില്‍ നിന്ന് പേരു വായിച്ചെടുത്തിട്ട് വേണം ചേച്ചീടെ സാഹസം കുഞ്ഞാങ്ങളെയെ അറീക്കാന്...
അതേയ്, ബാച്ചിലര്‍ ആയിരുന്ന കാലത്ത് എന്നെയൊന്നും പരിചയമില്ലായിരുന്നോ!!! മാഗി , പിസ രാവിലെ പോലും... ബാച്ചിലേഴ്സിന്റെ കീബോര്ഡീന്ന് വാങ്ങിക്കരുത്..
ബാച്ചിലേര്‍സ് ആയ ആണ്‍പിള്ളേരു കുക്ക് ചെയ്യില്ല എന്ന് പറയരുത്! അതൊരു തെറ്റായ ധാരണ മാത്രം ആണ്! ദിവസവും മലയാളി വിഭവങ്ങള്‍ മാത്രം കുക്ക് ചെയ്തു കഴിക്കുന്ന എന്നെയും എന്റെ റൂം മേറ്റ്സിനേയും പോലുള്ള കുറച്ചു പേരും ഇവിടെ ഉണ്ടേ!
പോസ്റ്റ് പതിവു പോലെ തന്നെ! നന്നായിട്ടുണ്ട്!
ത്രേസ്യാമ്മൊ
വാചകം പോലെ അത്ര എളുപ്പമല്ല പാചകം എന്ന് മനസ്സിലായല്ലൊ അല്ല്ലെ?
(നാടു വിട്ടോ ഒരു ന്യൂസും ഇല്ലാലൊ)
പാചക കലാറാണിയ്ക്ക് വണക്കം... പി.എച്ച്.ഡി. ക്ക് ശ്രമിച്ചൂടേ?
ബാച്ചലേര്‍സ് ആയിരുന്നപ്പോ???? എന്താന്ന്??? നമുക്ക് നാട്ടില്‍ ഹോട്ടലുകളൊക്കെയുണ്ടേയ്... പിസ്സയേയും മാഗിയേയൊന്നും വിളിച്ചാല്‍ വരുകേലന്നേയ്... ;-)
പിന്നെ, കല്ല്യാണം കഴിഞ്ഞുള്ള കാര്യം... ഹോട്ടലീന്നായിരുന്നപ്പോ വല്ലതും മാറി മാറി പരീക്ഷിക്കാം.. ഇത് ബ്രഡും മുട്ടേം പഴോം അത്ര വെറൈറ്റി കോമ്പിനേഷനിലൊന്നും നടക്കുകേലെന്നേയ്...
:-)
ഒരു സശയം:
മസാല ചായ ഉണ്ടാക്കാന്‍ ചിക്കന്‍ മസാല ആണോ ഗരം മസാല ആണൊ നല്ലത്?
ഹഹഹ
ത്രെസ്യാമോ .. as usual രസിച്ചു ! cooker അടയ്ക്കാന്‍ പോലും അറിയാതിരുന്ന ഞാന്‍ ഇവിടെ വന്നിട്ട് വന്‍ കുക്ക് ആയി .കല്യാണം ഒന്നും കഴിചില്ലെന്കിലും നാടന്‍ ഭക്ഷണം ത്തിനു സ്വന്തം വയറു നിറയ്ക്കാനുള്ള ആഗ്രഹം ആരുന്നു driving force. Break Fast മുതലായ ആടംബരങ്ങള് ആദ്യ കാലത്ത് ഉണ്ടായിരുന്നെന്കിലും ഇപ്പൊ അത് Lunch and Dinner ഇല ഒതുങ്ങി . മടുത്തു എന്ന് തോന്നുബോള്‍ Taco bell, pizza hut, Thai food ഒക്കെ ശരണം എങ്കിലും ഈ പാചകം വെല്ല്യ കാര്യമൊന്നും അല്ല എന്നൊരു ചെറിയ അഹങ്കാരം വന്നു തുടങ്ങിയിരിക്കുന്നു ! കുടുംബവും കുട്ടികളും ആയ പലരും സമ്മതിച്ചു തരുന്ന ഒരു കാര്യം ആണ് "ചേട്ടന് നന്നായ് കുക്ക് ചെയ്യും " എന്നത്. :)
മിസിസ് കെ.എം.മാത്യൂ ആവാനാണോ കൊച്ചേ ഭാവം?
പാചകമൊരു പാതകമാക്കരുത് :-)
രസിച്ചു വായിച്ചു..
നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ദൂരംഈ പാചക കൊലക്ക് ഛെ കലക്ക് വേണ്ടിയായിരുന്നോ.. ?... :)
ചുമ്മാ പറഞ്ഞതാ ...
കൊള്ളാം കേട്ടോ ..........
:-)
കൊച്ചുത്രേസ്യായുടെ “പാതക”വിശേഷങ്ങള്‍ നന്നായിട്ടുണ്ട്.
ഇതിനാ വിവരമുള്ളവര്‍ പറയുന്നത്, “പെണ്ണ്“ കെട്ട് എന്ന്.
പപ്പൂസിന്റെ ഗമന്റ് ഗലക്കിട്ടോ.
മിസ്.കൊച്ചുത്രേസ്യേ
ഈ നാല് മധുരോദാരവിഭവങ്ങളല്ലാതെ.. ശരിയ്ക്കും വിശപ്പ് മാറാന്‍ കഴിയ്ക്കാന്‍ കഴിയുന്ന എന്തെങ്കിലും റെസിപ്പി ഇടന്നേ. എന്നാലല്ലേ ഒരു പഞ്ചുള്ളൂ. യേത്.
ബാചിലേഴ്സിന്റെ കഴിപ്പിന്റെ ഒരു സ്റ്റൈലൊക്കെ ശരി. പക്ഷേ കല്യാണം കഴിഞ്ഞുള്ള ഈ മാറ്റത്തിന് എക്സ്ട്റാ വര്‍ക്കിന്റെ ഒരു മാനവും കൂടിയുണ്ടേ. അദ്ധ്വാനിയ്ക്കുമ്പോള് അതിന്റെ ക്ഷീണം മാറണ്ടേ. അതാ.
പിന്നെ.. ഒരു കാര്യം ഓര്‍ക്കുക. ഭവതിയുടെ "പഴം പച്ചക്കറി" മെനു ഓക്കെ. പക്ഷേ.. "തലെദിവസത്തെ പിസയുടെ ബാക്കിയോ ബ്രെഡോ മാഗിയോ "...... അത് ഡെയ്ഞ്ചര്‍ കേട്ടോ. മാസം 50000-100000 വരെ ശമ്പളം മേടിയ്ക്കുന്നതല്ലേ. ഒനുകില് നന്നായിട്ട് വല്ലതുമൊക്കെ വെച്ചുകഴിച്ച് തടി കേടാകാതെ കഴിയുക. അല്ലെങ്കില്‍ നല്ല സാധനങ്ങള്‍ ഫ്രഷായി മേടിച്ച് കഴിയ്ക്കുക. പ്രായത്തിന്റെ ഒരു അഹങ്കാരം കഴിയുമ്പോള്‍ മ്മുടെ ശരീരം നമ്മളോട് പരാതിപ്പെടും "ന്നാലും നീ എന്നെ നന്നായി നോക്കിയില്ലല്ലോ" എന്ന്.
എഴുത്തിന്റെ തമാശ കിടു. ചിരിച്ചു. :)
‘അല്ലെങ്കിലും നല്ല കലാകരൻമാരെ/കാരികളെ അംഗീകരിക്കാൻ എന്നും നമ്മടെ സമൂഹത്തിനു മടിയാണല്ലോ..‘
സത്യം കൊച്ചു ത്രേസ്യ. എല്ലാവരും പരാജയങ്ങളുടെ കണക്കേ കയ്യിൽ വയ്ക്കൂ
നല്ല രസികൻ പോസ്റ്റ്. ഇഷ്ടപ്പെട്ടു
അമ്മ അടുക്കളയില്‍ കടുക് വറുത്തിട്ടാലും ,ഉള്ളി കാച്ചിയാലും തുമ്മല്‍ വരുന്നു എന്നാരോപിച്ച് ആ മേഖലയില്‍ അറിയാതെപോലും കയറില്ലായിരുന്നു.ആ ഞാന്‍ ഇപ്പൊ,രാവിലെ എണീറ്റ് ഒറ്റ രൂപാ നാണയത്തിന്റെ വലുപ്പത്തിലും,പൂവിന്റെ ഷേപ്പ്ലും ദോശ ഉണ്ടാക്കുന്നു(മോള്‍ക്ക് വേണ്ടിയാ). അത് ടിഫിന്‍ ബോക്സില്‍ വച്ചു കഴിയുമ്പോഴാവും അവള്‍ക്ക് "ഹാഫ് മൂണ്‍" ഷേപ്പ്ല് ദോശ വേണംന്ന് അടുത്ത ഓര്‍ഡര്‍.ചന്തിക്കിട്ട് രണ്ടു കൊടുത്തു,കരയുന്ന അവളെ എടുത്തു വാനില്‍ കേറ്റി വിട്ടു തിരിച്ചു വരുമ്പോള്‍ അവള്ടെ പിതാശ്രീ "ശ്ശൊ!എനിക്കിന്ന് ദോശയല്ല പുട്ടാ വേണ്ടെ"..പോരെ പൂരം!!.മോള്ക്കിട്ടു കൊടുത്തത് ഇവിടെ പറ്റാത്തത് കൊണ്ടു അടുക്കള സമരം പ്രഖ്യാപിക്കുന്നു. അത് പേടിച്ചു കിട്ടിയ ദോശ തന്നെ വെട്ടി വിഴുങ്ങി മൂപ്പര് "അണ് ഹാപ്പി"യായി ഓഫീസില്‍ പോകുന്നു.ഇതൊക്കെയാണ് ഇവിടെ സംഭവിക്കുന്നത്.ഭര്ത്താക്കന്മാരെ നമുക്കു ഭീഷണിയിന്മേല് നിര്‍ത്താം..പക്ഷെ,ഭാവി വാഗ്ദാനമായ ഈ സന്തതികള്‍ നമ്മുടെ പുക കണ്ടാലും 'കോംപ്രമൈസ്ന്' തയ്യാറാവില്ല.പപ്പടത്തിന്റെ പോളത്തില്‍ ചോറുരുള കുത്തിക്കയറ്റണം,മുട്ട പൊരിച്ചത് "സ്റ്റാര്‍"ന്റെ ഷേപ്പ് ല്‍ വേണം..പാല്,സ്പൂണില്‍ ഒഴിച്ച്,സ്ട്രോ വച്ചു കുടിക്കണം...(വായിലെത്താന്‍ ബാക്കി ഒന്നും ഉണ്ടാവില്ല,എന്നത് വേറെ കാര്യം),തൈരിന്റെ മോളില് കാരറ്റ് പീസ് വേണം,ചപ്പാത്തി "കുഞ്ഞി,കുഞ്ഞി" പീസാക്കി സോസ് മുക്കി തിന്നണം ..അങ്ങനെ പോണു ഡിമാന്ണ്ട്സ്..ഇതൊക്കെ കഴിഞ്ഞു അവള്ടെ കോലം കണ്ടാല്‍,ആള്ക്കാര് എന്നെ എടുത്തിട്ട് തല്ലും."ഉണ്ടാക്കുന്നതൊക്കെ തന്നത്താന്‍ വെട്ടിവിഴുങ്ങ്വാണോ" എന്ന് ചോദിച്ച്...
ബാക്കി എഴുതാന്‍ നിന്നാല്‍,പോസ്റ്നെക്കാള് വലിയ കമന്റ് ആയി ഇതു രൂപാന്തരപ്പെടും.പരമ്പരയായി കൈമാറി വന്ന സകല കറികളും മാറി,മാറി പരീക്ഷിച്ചു ഞാനും ഒരു "പാചക റാണി"യായി ജീവിച്ചു പോകുന്നു.
ത്രേസ്യ കൊച്ചേ..പോസ്റ്റ് കിടിലന്‍..കേട്ടോ.
കൊച്ചുത്രേസ്യ കൊച്ചിന്റെ കല്യാണം കഴിഞ്ഞ ആദ്യത്തെ ക്രിസ്മസ്
കൊച്ചുത്രേസ്യ : ഓടിവാ , ഓടിവാ , അടുകളയില് കള്ളന് ... അവന് ഞാന്‍ നിങ്ങള്‍ക്ക് തരാന്‍ വേണ്ടി ഉണ്ടാക്കി വെച്ച ക്രിസ്മസ് കേക്ക് എടുത്തു തിന്നുന്നു ......
ഭര്‍ത്താവ് : അപ്പൊ ഞാന്‍ ആരെ ആണ് വിളികേണ്ടത് ?? ആംബുലന്സ്ഓ അതോ പോലീസിനെയോ
എനിക്കും അവനുമൊക്കെ ദിവസത്തില്‍ 24 മണിക്കൂറേ ദൈവം അനുവദിച്ചു തന്നിട്ടുള്ളൂ എന്നോര്‍ക്കണം.. എന്തൊരക്രമം.. അനീതി!![:)]
Ennikku ethu vazhichapol oru karyam orma vannu. Orikkal oru film actor thante pachaka parishnangal test cheyyan randu pere villichu. Avar bhakshnam kazhichu kanzhingappol, oru comment- "curd and pappad was good". Nalla post.
പഥികാ തേങ്ങ സ്വീകരിച്ചിരിക്കുന്നു.. അടുത്തു തന്നെ ഇതും കൊണ്ടുള്ളൊരു അതിനൂതനപാചകസൃഷ്ടി പ്രതീക്ഷിക്കാം :-)
കൈതമുള്ളേ ഓടിക്കോ ഓടിക്കോ.. ഒരു കാലത്ത് നിങ്ങളൊക്കെ എന്റെ ഓട്ടോഗ്രാഫിന് ക്യൂ നിൽക്കും.. അന്നു പറയാം ബാക്കി :-P
കവിത സാരമില്ലെന്നേ. ഏതു മഹാനായ കലാകാരനായാലും ഇത്തരം ചില പരീക്ഷണങ്ങളെ നേരിട്ടേ പറ്റൂ.. തളരരുത്
പ്രിയ ഞാനും ഇപ്പോൾ ആ വഴിക്കാണ്. ഇതിനിടയ്ക്ക് ഒരു ദിവസം കരിക്കു പുഡ്ഡിംഗ് ഉണ്ടാക്കാൻ ശ്രമിച്ച് ആയി വന്നപ്പോൾ കരിക്കുപായസമായിപ്പോയി.ആദ്യമേ അനൗൺസ് ചെയ്തുപോയതു കൊണ്ട് വേറെ പേരിട്ട് രക്ഷപെടാനും പറ്റീല്ല. വീട്ടുകാരെല്ലാം കൂടി എന്നെ കളിയാക്കി കൊന്നില്ലെന്നേയുള്ളൂ :-(
ബാബുകല്യാണം :-)
വാഴക്കാവരയാ എനിക്കു വിവാഹിതരോടു പുച്ഛമോ അവിവാഹിതരോടു പ്രത്യേകിച്ചു സ്നേഹമോ ഒന്നുമില്ല.. ചില നിരീക്ഷണങ്ങൾ പങ്കു വച്ചൂന്നു മാത്രം. അതിന്റെ പേരിൽ എന്നെ കഠിനഹൃദയ എന്നൊക്കെ വിളിച്ചാൽ എന്റെ മൃദുലഹൃദയം തകർന്നുപോകുമേ :-))
റിനുമോൻ പേറ്റന്റെടുക്കാൻ പോവുമ്പോൾ അതൊന്നൂടെ ഉണ്ടാക്കിക്കാണിക്കാൻ പറഞ്ഞാലോ.. ഞാൻ നിന്നു നക്ഷത്രമെണ്ണിപ്പോകും :-)
അശോക് അദന്നെ. ഇനിയും ഒരുപാടു കലാകാരൻമാർ ഈ രംഗത്തേക്കു കടന്നുവരട്ടേ എന്നാണ് എന്റെയും ആഗ്രഹം
വടക്കൂടാ ഇങ്ങനെ രുചിയുള്ള സാധങ്ങൾ കൂടിച്ചേർന്നാൽ തീരെ രുചിയില്ലാത്ത സാധങ്ങളും ഉണ്ടാക്കാൻ പറ്റുമെന്ന് അനുഭവത്തിൽ നിന്ന് എനിക്കറിയാം. അതുകൊണ്ട് ഈ വിജയത്തിൽ ഞാനൽപ്പം അഹങ്കരിക്കും... എന്നെ തടയരുത്..പ്ലീസ്
കുഞ്ഞൻസ് ഇതിനങ്ങനെ ആൺപെൺ വ്യത്യാസമൊന്നുമില്ല.നല്ല പാചകക്കാർ രണ്ടു കൂട്ടരിലുമുണ്ട്. പക്ഷെ പാചകം അറിഞ്ഞതുകൊണ്ടു മാത്രം കാര്യമില്ലല്ലോ.. അതു ചെയ്യാനുള്ള മനസും വേണം. വിഷുവും ഓണവുമൊക്കെ വരുമ്പോൾ എന്റെ ആൺസുഹൃത്തുക്കൾടെ പുറകേ നടന്ന് സദ്യയ്ക്ക് 'ക്ഷണിപ്പി'ക്കാറുണ്ടായിരുന്നു ഞാൻ :-)
ഇത്തവണ ക്രിസ്മസ് വിഭവങ്ങൾടെ ഫുൾ ചാർജ് ഞാനും കുരുട്ടും ഏറ്റെടുത്തിരിക്കുകയാണ്. എന്താകുമോ എന്തോ..
തോമാച്ചാ സ്വപ്നം കാണുമ്പോൾ ഇത്തിരി മയത്തിലൊക്കെ കാണെന്നേ.. എടുത്താൽ പൊങ്ങാത്ത സ്വപ്നങ്ങളൊക്കെ കണ്ട് അവസാനം പണി കിട്ടുമേ.. :-)
sethulakshi thanks
ഹരിത് ഹാവൂ അങ്ങനെ എന്നെയും ആരെങ്കിലുമൊക്കെ ഒരു കഥയെഴുത്തുകാരിയായി അംഗീകരിച്ചല്ലോ.. ഞാൻ ധന്യയായി :-)
മൃദുൽ ആ ഇഡ്ഡലിയൊക്കെ പാസ്റ്റ്ടെൻസായില്ലേ.. ഇപ്പോഴും അതിനെ പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയാണോ :-)
boby ഇതൊക്കെ സത്യമായിത്തീരുംന്നേ..പ്രതീക്ഷ കൈവിടേണ്ട..
ശ്രീ പാപമോ!! അടി അടി.. മുജ്ജൻമസുകൃതം എന്നു പറയൂ..
sameer :-)
chullanz ഗതികെടാൽ പുലി പുട്ടുമുണ്ടാക്കും എന്നു കേട്ടില്ലേ.. അത്രേയുള്ളൂ പാവം കൂട്ടുകാരന്റെ പുട്ടുപരാക്രമം :-)
പിന്നെ ഇപ്പറഞ്ഞ ടൈപ്പ് പെൺപിള്ളാരെ ഞാനും കണ്ടിട്ടുണ്ട്.അവർ എന്തോ തെറ്റു ചെയ്യുന്നു എന്നൊരു ധ്വനി ചുള്ളന്റെ കമന്റിലുണ്ടോ എന്നൊരു തംശം. കെട്ട്യോൻ ഉണ്ടാക്കുന്ന പുട്ടും ദോശയും കഴിക്കുന്നതിൽ അവർക്ക് പ്രത്യേകിച്ച് കുറ്റബോധമോ ദു:ഖമോ ഒന്നും തോന്നേണ്ടതില്ല എന്നാണ് എന്റെ എളിയ അഭിപ്രായം :-)
ഉണ്ടാപ്രീ ചൂടുവെള്ളത്തിലിട്ട് അഞ്ചുമിനിട്ട് കഴിഞ്ഞ് എടുത്തു കഴിക്കുന്ന ഇൻസ്റ്റന്റ് ഇടിയപ്പമല്ലേ കാണിച്ചു കൊടുത്തത്. പെങ്കൊച്ച് പുച്ഛിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ :-)
anamika,ജയരാജൻ നന്ദി
ബിന്ദു ഈ വിഭവങ്ങൾടെയൊക്കെ അവസ്ഥ കണ്ടിട്ട് ഭാവിയുടെ കാര്യത്തിൽ എനിക്കു നല്ല സംശയമുണ്ട് :-(
പപ്പൂസേ ഇയാള്‍ കല്യാണം കഴിച്ചത് നന്നായി- ഇങ്ങനെ വച്ചുണ്ടാക്കുന്നവർക്കൊന്നും ബാച്ചിയായിരിക്കാനുള്ള് യോഗ്യതയില്ല :-).
എന്റെ ബാച്ചിണിജീവിതത്തിലെ പ്രധാന ബ്രേക്ഫാസ്റ്റ് തക്കാളിയാണ്. കുറെ സമയമുണ്ടെങ്കിൽ തക്കാളീം ഉള്ളീം മസാലേം എല്ലാം കൂടി വഴറ്റി ബ്രഡിന്റെ കൂടെ കഴിക്കും.സമയം കുറവാണെങ്കിൽ വഴറ്റാതെ പച്ചയ്ക്കു കഴിക്കും. തീരേം സമയമില്ലെങ്കിൽ തക്കാളിയെ നോക്കി ഒന്നു കടാക്ഷിച്ചിട്ട്് ഇറങ്ങിയോടും :-))
അന്നമ്മേ അദാണ് :-)
അനു അതെന്തെങ്കിലും ആവട്ടെ. എന്തായാലും പാചകത്തെക്കാളും എളുപ്പമാണ് വാചകം :-)
കുട്ടിച്ചാത്താ മാഗ്ഗീം പിസയും.. ഞാൻ ഇത്തിരി സ്റ്റാൻഡേഡ് ള്ള ബാച്ചിലേഴ്സിന്റെ കാര്യമാ പറഞ്ഞത്.. ക്ഷമി :-)
Tony പിന്നെ പിന്നെ.. 'ദിവസവും' എന്നുള്ള വാക്കു മാറ്റി ആഴ്ചയിലൊരിക്കൽ' എന്നാക്കിക്കൂടേ...
തഥാഗതോ നാടുവിടാൻ വേണ്ടി ഭാണ്ഡമൊക്കെ കെട്ടീതാണ്. അപ്പോഴാണ് അശരീരി " പോവരുത് കുഞ്ഞേ.. ഇന്ത്യക്കു നിന്നെ ആവശ്യമുണ്ട്" -എന്ന്". അതുകൊണ്ടിപ്പോൾ ബങ്കലൂരു തന്നെ അലഞ്ഞുതിരിഞ്ഞു നടക്കുന്നു :-)
സൂര്യോദയം ഹി ഹി.. മിസിസ് സൂര്യോദയത്തിന്റെ നമ്പറൊന്നു തന്നേ.. ആ ബഡ്/മുട്ട/പഴത്തിന്റെ കാര്യത്തിലും ഒരു തീരുമാനമുണ്ടാക്കിത്തരാം :-)
Tomkid അതു ചിക്കൻചായയാണോ ഗരംചായയാണോ ഉണ്ടാക്കുന്നത് എന്നതിനെ അനുസരിച്ചിരിക്കും :-)
kolachchiri ഇതു കൊലച്ചിരിയാണോ സാദാ ചിരിയാണോ :-)
കുഞ്ഞിക്കിളീ എനിക്കും തന്നെ ചെയ്തു ചെയ്താണ് പാചകം ഇത്ര വല്യ കാര്യമൊന്നുമല്ലാ എന്നു മനസ്ലായത്. നമ്മക്കൊക്കെ കൈപുണ്യംന്നു പറയുന്ന സാധനം ആവശ്യത്തിലും കൂടുതലുള്ളതു കൊണ്ട് എന്തുണ്ടാക്കിയാലും നല്ല ടേസ്റ്റായിരിക്കുമെന്നേ :-)
കിഷോർ മിസിസ് കെ എം മാത്യുവ്ന്റെ കസേര ഒഴിഞ്ഞുകിടക്കുകയല്ലേ.. ആ കുറവ് ഞാൻ തന്നെ പരിഹരിച്ചേക്കാം :-)
ഷിജൂ :-)
കൃഷ് വിവരമുള്ളവരു പറഞ്ഞാൽ കേൾകാതിരിക്കുനത്തെങ്ങനെ.. ഞാനും ഈ 'പാതക'മൊക്കെ നിർത്തീട്ട് 'പെണ്ണു'കെട്ടാൻ പോവുകയാണ് :-)
നിഷ്കളങ്കാ ഞാനെന്നു പഴം/പച്ചക്കറീടെ ആളാണ്. ബ്രഡും മാഗീമൊക്കെ ബാച്ചിലേഴ്സിന്റെ അരിപാടിയല്ലേ.. ബാച്ചികളേ, നിഷ്കു പറഞ്ഞത് കേട്ടല്ലോ.. ഇനിയെങ്കിലും നന്നായി ജീവിക്കാൻ നോക്ക്..
lakshmy :-)
smitha സത്യം ഈ പിള്ളേർസെറ്റിനെ മെരുക്കാൻ വല്യ പാടാണ്. എന്റെ കസിൻപിറ്ങ്ങിണീസിനേം കൊണ്ട് ഞാൻ കുറെ കഷ്ടപ്പെട്ടിട്ടുണ്ട്. അപ്പമുണ്ടാക്കി അതിന്റെ മുകളിൽ തേനും കൊണ്ടോ ജാമും കൊണ്ടോ ഒക്കെ അവർടേ പേരെഴുതീം പടം വരച്ചുമൊക്കെ കൊടുത്താലേ അവര്‍ അപ്പത്തെ മൈൻഡാക്കുക പോലുമുള്ളൂ. കുറെ ശ്രമിച്ച് പരാജയപ്പെട്ടു കഴിയുമ്പോൾ എല്ലാം കൂടിയെടുത്ത് തല വഴി കമഴ്ത്താൻ തോന്നും. ങ്ഹാ അതൊക്കെയൊരു കാലം.. ആ ബാച്ചൊക്കെ ഇപ്പോ വലുതായിപ്പോയി.. ഞാനും :-(
നവരുചിയാ ഭർത്താവ് അങ്ങനെയെങ്ങാനും പറഞ്ഞാൽ രണ്ടും വേണ്ടി വരും. ആംബുലൻസ് അങ്ങേരെ കൊണ്ടു പോവാനും പോലീസ് എന്നെ കൊണ്ടുപോവാനും . കള്ളൻ പിന്നെ കേക്കു കഴിക്കുന്നതോടെ മോഷണമൊക്കെ നിർത്തി വല്ല ആശ്രമത്തിലോ ധ്യാനകേന്ദ്രത്തിലോ പോയി ചേർന്നോളും :-)
രായപ്പാ താങ്ക്സേ
prem kumar ഇമ്മാതിരി ഹൃദയം തകർക്കുന്ന അഭിപ്രായങ്ങൾ എനിക്കെപ്പോഴും കിട്ടാറുള്ളതാണ്.. പ്രത്യേകിച്ച് അനിയന്റെ വകയായി.. എന്തു ചെയ്യാം.. മുറ്റത്തെ മുല്ലയ്ക്കു മണമില്ലല്ലോ.. :-(
ഹ്ം.. അപ്പൊ ഈ ഞാന്‍ പൊതുവെ ബാച്ചികള്‍ക്ക് ഒരു അപവാദമാണെന്ന് തോന്നുന്നു - പാചകം എന്റെ ഒരു ഇഷ്ടകലയാണ്... കല്യാണം കഴിക്കുമ്പൊ എനിക്കുള്ള ഒരു പ്രധാന ഡിമാന്റ് അടുക്കള ഭരണത്തില്‍ എനിക്കും എന്റെ സഹധര്‍മ്മിണിക്കും തുല്യ അവകാശം വേണം എന്നാണ്...
a nice delicious post
പരാജയത്തില്‍ തളരരുതു്. പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുക.
"എനിക്കറിയാവുന്ന ബാച്ചിലേഴ്സൊക്കെ തലെദിവസത്തെ പിസയുടെ ബാക്കിയോ ബ്രെഡോ മാഗിയോ ഒക്കെ കഴിച്ചാണ് ജീവിക്കാറുള്ളത്.അല്ലെങ്കില്‍ പിന്നെ അടുത്തു വല്ല ഹോട്ടലോ മറ്റോ വേണം. ലവന്മാര്‍ക്കൊക്കെയാണ് കല്യാണം കഴിയുന്നതോടെ മണ്‍കലത്തിലുണ്ടാക്കിയ ചോറ്, അമ്മീലരച്ച ചമ്മന്തി, ചിരട്ടപ്പുട്ട് തുടങ്ങിയ കോംപ്ലികേറ്റഡ് വിഭവങ്ങളില്ലാതെ ജീവിക്കാന്‍ പറ്റാതാവുന്നത്."
ത്രേസ്യ കൊച്ചു പറഞ്ഞതില്‍ വല്ല കാര്യവുമുണ്ടോ??
ഇതാ ഒരു ബാച്ചിലന്‍ വകപിസ്സയും ചമ്മന്തിയും...
കലം അറിയാതെ കയ്യിടല്ലേ......
ഈയടുത്ത് കല്യാണം കഴിഞ്ഞത് കൊണ്ട് ആ രണ്ടാമത്തെ പാരയെപ്പറ്റി ഒന്നേ പറയാനുള്ളൂ. സത്യം, പരമമായ സത്യം! പിന്നെ ഒരു വാര്‍ണിങ്ങും - കെട്ടൊന്നു കഴിഞ്ഞോട്ടെ മോളെ ... എന്നിട്ട് കാണാം :)
അമ്മയുടെയും അമ്മച്ചിയുടെയും മാജിക്കൊക്കെ പെട്ടെന്ന് പഠിക്കട്ടെ എന്നാശംസിക്കുന്നു. ആവശ്യം വരും.
--xh-- ഡിമാൻഡൊക്കെ ഇഷ്ടപ്പെട്ടു.. എന്നിട്ടിപ്പോ ഭാര്യ അടുക്കളയുടെ മുഴുവൻ അവകാശവും പതിച്ചു തന്നിട്ടുണ്ടാവും അല്ലേ :-)
കെ.കെ.എസ് നന്ദി
എഴുത്തുകാരീ തളരാനോ!! ഞാനോ!! ഒരിക്കലുമില്ല :-))
Jo പിസയ്ക്കും ചമ്മന്തിക്കും നന്ദി. അഭിപ്രായം ആ പോസ്റ്റിൽ കമന്റായി അറിയിച്ചിട്ടുണ്ട്..
അത്ക്കാ ഇനി ശ്രദ്ധിക്കാം :-)
സന്ദീപ് ഈ സാക്ഷിമൊഴിക്കു നന്ദി :-)
വോട്ടിംഗിന് ഇനി ഒരു ദിനം കൂടിമാത്രം...വോട്ടുചെയ്യാനുള്ളവര്‍ ഇവിടെ ക്ലിക്കുക... happy new year
:)
"ഈ രണ്ടു മാജിക്കുകാരികളെയും കൂടാതെ എന്റെ വീട്ടില്‍ ഒരു പാചകശാസ്ത്രജ്ഞയുമുണ്ട്- എന്റെ ചേച്ചി.. പാചകം ആറ്റംബോബുണ്ടാക്കുന്നതു പോലുള്ള ഒരു ശാസ്ത്രമാണെണെന്നാണ് അവൾടെ വിശ്വാസം. എന്തേലും നിവര്‍ത്തിയുണ്ടെങ്കില്‍ അവള് കോമ്പസും സ്കെയിലും തെര്‍മോമീറ്ററും സ്റ്റോപ്പ്വാച്ചും ടൈമറും ഒക്കെ ഉപയോഗിച്ചേ പാചകം ചെയ്യൂ. എല്ലാം പെര്‍ഫക്ടായിട്ട്. അതുകൊണ്ടെന്താ.. അവളിങ്ങനെ വൃത്തോം അലങ്കാരോമൊക്കെ ശ്രദ്ധിച്ച് സാധനമുണ്ടാക്കി വരുമ്പോഴെക്കും ബാക്കിയുള്ളോര് പട്ടിണി കിടന്നു മൃതിയടഞ്ഞിട്ടുണ്ടാവും.പിന്നുള്ളത് അനിയനാണ്. അവന്റെ മാസ്റ്റര്‍ പീസ് 'തട്ടുകട കപ്പ' എന്ന വിഭവമാണ്. എന്നു വച്ചാല്‍ മമ്മി ഉണ്ടാക്കിയ കപ്പയും ബീഫ് കറിയും ഒരു ചീനച്ചട്ടിയിലിട്ട് ഇളക്കിയോജിപ്പിച്ചു തരും. മട്ടും ഭാവവും കണ്ടാല്‍ തോന്നും ആ കപ്പ നട്ടതു പോലും അവനാണെന്ന്. അത്രയ്ക്കുണ്ടാവും അഹങ്കാരം."
ഇതൊക്കെ എല്ലാ വീടുകളിലും ഉള്ള കഥാപാത്രങ്ങള്‍ തന്നെ!
"എന്തായാലും ഇത്തരത്തിലുള്ള ആവേശമൊക്കെ രണ്ടുമൂന്നു മാസം കൊണ്ട് തണുത്തുറഞ്ഞ് ഇവരൊക്കെ പഴയ മാഗി/ബ്രഡ്/പഴം ഡയറ്റിലെക്കു തിരിച്ചുപോവുന്നതായിട്ടാണ് പൊതുവേ കണ്ടുവരുന്നത്.. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല."
നല്ല observation!
ആദ്യമായാണ് ഈ ബ്ലോഗില്‍ വരുന്നത്... രസി'കത്തി'ആണെന്ന് മനസ്സിലായി... പോസ്റ്റ് കലക്കി ട്ടോ...
കൊച്ചുത്രേസ്യയ്ക്കുപോലും ഉണ്ടാക്കാൻ പറ്റിയ ഒരു രഹസ്യറൈപ്പി ഇതാ.അവൽ പായസം! (അതേ, അരി ഫ്ലാറ്റായി പോയ അവൻ അവൽ).അവൽ ഒന്നു ചൂടാക്കി ധാരാളം വെള്ളമൊഴിച്ച് വേകാൻ രണ്ടുമൂന്നും മിനുട്ട് അനുവദിക്കുക. ശർക്കര ഇട്ട് ഒന്നു കൂടി തിളപ്പിക്കുക. പായ്ക്കറ്റിൽ കിട്ടുന്ന തേങ്ങാപ്പാൽ പൊടി കലക്കിയതോ ക്യാനിൽ കിട്ടുന്ന തേങ്ങാപ്പാലോ ചേർക്കുക. ഇച്ചിരെ ഏലത്തരി പൊടിച്ചത് തൂകി നവ്യസുഗന്ധം ചുറ്റും പടർത്തുക. അഞ്ചുമിനുട്ടിനകം സംഗതി റെഡി. പാചകറാണിയായി (പാർവ്വതി) ഓമനക്കുട്ടനായി വിലസുക.
ആരോടും പറയരുത്. തലേ ദിവസം മിച്ചം വന്ന ചപ്പാത്തി കുഞ്ഞു കുഞ്ഞു തുണ്ടായി കീറി ഒന്ന് തിളപ്പിച്ച് ശർക്കര ചേർത്ത് ഒരു മധുരയൌവനം വരുത്തി തേങ്ങാപ്പാൽ ചേർത്താൽ ഒന്നന്തരം ഗോതമ്പ് അടപ്രഥമൻ ആയി! ചപ്പാത്തിയ്ക്ക് മോക്ഷം കിട്ടുന്ന പരിപാടി ആയതുകൊണ്ട് “മോക്ഷ നാൻ കി” എന്ന കിടിലൻ പേരൊക്കെ പറഞ്ഞോണം. (പക്ഷെ നമ്മൾ ഉദ്ദേശിക്കുന്നത് നാണം കെട്ട എനിയ്ക്ക് ഇങ്ങ്നെയും മോക്ഷം കിട്ടാം എന്നൊക്കെയാണെന്ന് പാവം വിരുന്നുകാരുണ്ടോ അറിയാൻ പോകുന്നു!)
കലക്കീട്ടോ !! നന്നായി ആസ്വദിച്ചു !!
koche koche......
christmasinu kuruttumaayi oppicha paathakanga postakkane.....
pinne happy new year....
njaanum kochine ppole thanneyaane....
pareekshanam polum nadathaarilla
രാവിലെ ബ്രഡും ജാമും
ഉച്ചക്ക് ബ്രഡും ബട്ടറും
രാത്രി ഉണങ്ങിയ ബ്രഡ് (റസ്ക് ആയിപ്പോയത്) ചായയിലിട്ടു കുതിര്‍ത്തത്.
ഇങ്ങനെയും കഴിഞ്ഞു പോകാറുണ്ട് ചില ബാച്ചി ദിനങ്ങള്‍.
നന്നായിരിക്കുന്നു.
കൊച്ചേ..നല്ല കൈപൊണ്യമുള്ള ഒരുത്തൻ കൂടെ ഉണ്ടാവുമ്പോൾ ബാച്ചിലർ കുക്കിങ്ങാണു അടിപൊളി..
ഒന്നുമില്ലെങ്കിലും രണ്ടെണ്ണം അടിച്ച് ആ അരിയലും തിക്കും തിരക്കൂം ഒക്കെ ബഹു രസമാണു.
"എനിക്കറിയാവുന്ന ബാച്ചിലേഴ്സൊക്കെ തലെദിവസത്തെ പിസയുടെ ബാക്കിയോ ബ്രെഡോ മാഗിയോ ഒക്കെ കഴിച്ചാണ് ജീവിക്കാറുള്ളത്.അല്ലെങ്കില്‍ പിന്നെ അടുത്തു വല്ല ഹോട്ടലോ മറ്റോ വേണം. "
അങ്ങനെ പറയരുത്.. ലോകത്തിലെ ഏറ്റവും നല്ല പാചക വിദ്വാന് ആണ് വര്‍ഗം ആണെന്ന് പണ്ടാരൂ പറഞ്ഞിടുണ്ട്.. ഏത് ഹോട്ടലും എന്തിന് വേണം സ്റ്റാര്‍ ഹോട്ടലില്‍ പോലും ആണ് വര്‍ഗം ആണ് കുക്ക്... ഞാന്‍ അടങ്ങുന്ന വേറൊരു സമൂഹം ഉണ്ട് കൊച്ചെ, പാചകം ഇഷ്ട പെടുന്നവര്‍...
കൈരളി ടിവി യിലെ ആ തടിച്ചേ പെണ്ണുങ്ങള്‍ക്ക് പണിയാവും... ആരോടും പറയണ്ട കൊച്ചേ, കൊച്ചു ഒരു സംഭവം ആണെന്ന കാര്യം
ലക്ഷ്മി നായരെ പോലെ ഒരു പാചക പ്രോഗ്രാം തുടങ്ങാനുള്ള മിനിമം യോഗ്യതയുണ്ട് എന്ന് ഇതു വായിച്ചപ്പോള്‍ മനസ്സിലായി.പിന്നെ ഉണ്ടാക്കുന്നതൊക്കെ സ്വയം പരീക്ഷിച്ച് നോക്കിയിട്ടേ പൊതുജനത്തിനു മുന്നില്‍ വെക്കുന്നുള്ളു എന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കുകയും ചെയ്യും.
I really enjoyed!
ആദ്യദിവസങ്ങളില്‍ പ്രഭാതഭക്ഷണം ഹോട്ടലില്‍ നിന്നായിരുന്നു ;ഫുള്‍ ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് ; ഒരു പ്ലേറ്റ് നിറയെ കുറെ വിഭവങ്ങള്‍ - ചിലതിനു ഭയങ്കര പുളി മാത്രം ,ചിലതിനു എരിവും മറ്റു ചിലതിനു ഉപ്പും ഒക്കെ ! ഞാന്‍ കുറച്ചു ബുദ്ധിമുട്ടിയാനെന്കിലും ഓരോന്നായി കഴിച്ചു .
ഇങ്ങനെകുറെ ദിവസങ്ങള്‍ കഴിച്ചു കഴിഞ്ഞു ,ഒരു ദിവസം ഒരു മദാമ്മ കഴിക്കുന്നത് കണ്ടപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത് ......
അത് ഓരോന്നായി കുറേശ്ശെ എടുത്തു ,കത്തിയും ഫോര്‍ക്കും ഉപയോഗിച്ചു ശബ്ദം പുറപ്പെടുവിക്കാതെ "മിക്സ് " ചെയ്താണ് കഴിക്കേണ്ടിയിരുന്നത് എന്ന് !! പിറ്റേ ദിവസം അങ്ങിനെ കഴിച്ചു നോക്കി ...ഹാ നല്ല ടേസ്റ്റ് !!!
അങ്ങിനെ ദിവസങ്ങള്‍ കഴിയും തോറും പലകാര്യങ്ങളും പഠിക്കുവാന്‍ തുടങ്ങി ...കൂട്ടത്തില്‍ മണ്ടത്തരങ്ങ ളുടെ എണ്ണവും കൂടാന്‍ തുടങ്ങി ....
കുക്കിംഗ് കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട ഒരു പാവം ബാച്ചിലര്‍ ആണേ ഞാന്‍. എന്റെ പരീക്ഷണങ്ങള്‍ ഇതാ ഇവിടെ.
എഴുത്ത് പതിവു പോലെ കലക്കി കേട്ടോ...
ഇതു തേങ്ങയുടച്ചാലൊന്നും പോര.....തകര്‍ത്തു എന്റെ കൊച്ചുത്രേസ്സ്യാമ്മെ....തകര്‍ത്തു, എത്ര സത്യം
kollam..
prinson, ആര്യൻ നന്ദി
എതികതിരവാ ഈ അത്യന്താധുനികപാചകവിധികൾക്കു നന്ദി. ഉണങ്ങി പപ്പടം പോലെയായ ചപ്പാത്തികൊണ്ടും ഇപ്പറഞ്ഞ പായസമുണ്ടാക്കാമല്ലോ അല്ലേ..
മനസ് നന്ദി
പിരിക്കുട്ടീ ക്രിസ്ത്മസ് പാചകം സംഭവബഹുലമായിരുന്നു.. അതിനെപറ്റി പിന്നെപ്പോഴെങ്കിലും എഴുതാം :-)
ഷാഫി ബാച്ചികളായാൽ ഇങ്ങനെ തന്നെ വേണം :-)
കുമാരാ താങ്ക്സ്
ചാളിപ്പാടാ അതു ശരിയാണ്.. ഗ്രൂപ്പായി ചെയ്യുമ്പോൾ ഈ പാചകം നല്ല രസമുള്ള പരിപടിയാണ്.. അതിന് രണ്ടെണ്ണം അടിക്കണമെന്നൊന്നുമില്ല കേട്ടോ :-))
നവനീത് അതെയതെ. ആൺവർഗം നല്ല കുക്കൊക്കെയാണ്.. പക്ഷെ ഇങ്ങനെയുള്ള സ്റ്റാർഹോട്ടലിലോ അല്ലെങ്കിൽ നാലു പേർടെ അംഗീകാരം കിട്ടുന്ന സ്ഥലത്തോ ഒക്കെയേ പാചകിക്കൂ എന്നേയുള്ളൂ... സ്വന്തം വീട്ടിലെ അടുക്കളയിൽ ഒറ്റക്കു നിന്നു പാചകം ചെയ്യാനൊന്നു പറഞ്ഞു നോക്കിക്കേ.. അപ്പോ കാണാം കളി ;-)
biyachi,മുസാഫിർ നമ്മുടെ പാചകപരിപാടികളിലൊക്കെ അവതാരകർ എല്ലാം ഭയങ്കര അച്ചടക്കത്തോടെയല്ലേ എല്ലാം ചെയ്യുന്നതു. ഞാനൊക്കെ ആ പണിക്കു പോയാൽ നല്ല രസമായിരിക്കും.. കരിഞ്ഞ് പൊഹ വരുന്ന കറികൾ,'ഉപ്പു കാണുന്നില്ലേ മുളകു കാണുന്നില്ലേ' എന്നും പറഞ്ഞ് ക്യാമറയ്ക്കു മുന്നിലൂടെ ഓട്ടം,തട്ടിമറിഞ്ഞു കിടക്കുന്ന പാത്രങ്ങൾ, പാതകത്തിന്റെ മുകളിൽ കയറിയിരുന്നു പാട്ടും പാടി കുക്ക് ചെയ്യുന്ന അവതാരക, മുരിങ്ങാക്കോല് വിറകൊടിക്കുന്നതു പോലെ ചവിട്ടിയൊടിച്ച് കറിയിലേക്കെറിയുന്ന പോലുള്ള ആക്ഷൻ സീനുകൾ, പിന്നെ എല്ലാം കഴിഞ്ഞ് പാത്രങ്ങളൊക്കെ വടിച്ചു നക്കി വൃത്തിയാക്കലും-- പ്രേക്ഷകർക്കൊക്കെ ശരിക്കും പുതിയൊരനുഭവമായിരിക്കും :-)
bilathipattanam :-))
muneer,sapna,cpramod നന്ദി
...ഏതെങ്കിലും ഒരു കലാകാരന് രാവിലെ എട്ടുമണിക്കു മുൻപ്/ഉച്ചയ്ക്ക് ഒരു മണിയ്ക്ക്/രാത്രി എഴു മണിയ്ക്ക് എന്ന മട്ടിൽ സമയബന്ധിതമായി കലാസൃഷ്ടികളുണ്ടാക്കാൻ പറ്റുമോ..
ഹഹഹ!
ഇതായിരുന്നു സൂപ്പര്‍ ഡയലോഗ് :)
adipoli ketto!
മിസ്സിസ് കെ എം മാത്യു, മിസ്സിസ് ബി എഫ് വറുഗീസ് എന്നിവരുടെ പുസ്തകങ്ങള്‍ വായിച്ചുപോലും ഞാന്‍ ഇത്രയും ചിരിച്ചിട്ടില്ല എന്ന് ഇത്തരുണത്തില്‍ പറഞ്ഞുകൊള്ളട്ടെ.
പഴകിയ ഭക്ഷണം റീ പ്രോടുസ് ചെയുന്നതില്‍ ഗവേഷണം നടത്തിയ ഒരു സ്പെഷ്യല്‍ പുള്ളിയാണ് ഞാന്‍.
ഇതിനു ചില പ്രതേക ടൂളുകള്‍ ആവിശ്യം ആന്നു
സ്പെഷ്യല്‍ ടൂളാണ് കത്തി.
ഇവനാണ് ഒരു പഴത്തില്‍ നിന്നും എത്ര പഴം പൊരി ഉണ്ടാക്കാം?
ഈ ടൂള്‍ വേറെ ആര്‍ക്കും കൈ മാറരുത്.
പഴം പൊരി വലിയ കുഴപ്പം ഇല്ലാതെ രണ്ടു ദിവസം വരെ വെക്കാം, ഇനി ചില വായില്ലെങ്കില്‍ ഇവനെ ഫ്രിഡ്ജില്‍ വെക്കുക രണ്ടു മണികൂര്.
അതിനു ശേഷം പുറം തോല് എടുത്തു കളയുക പുതിയ മാവില്‍ മുക്കുക പോരിക്കികുക വീണ്ടു ഫ്രെഷ് പഴം പൊരി.
ഈ കത്തിയാണ് കഴിഞ്ഞ ദിവസം എന്റെ കടയിലെ അണ്ണാച്ചി ഉള്ളി മുറിക്കാന്‍ എടുത്തത്.
അന്നുതന്നെ ഞാന്‍ അവനു TC കൊടുത്തു വിട്ടു.
അണ്ണാച്ചികള് പഴം കൃഷി ചെയ്തു ഉണ്ടാക്കി കേരളത്തില്‍ കൊണ്ട് വരുന്നു എന്നുകരുതി അവന് എന്നോട് ഈ കൊലച്ചതി വേണമായിരുന്നോ
കൂടുതല്‍ പഴകിയ ഭക്ഷണം റീ പ്രോടുസ് ചെയുനത് അറിയാന്‍ താല്പര്യം ഉള്ളവര്‍ ബന്ധപ്പെടാന്‍ മറകേണ്ട
ആദ്യം പറഞ്ഞ കാര്യങ്ങളോട് സ്വല്പം വിയോജിപ്പുണ്ട്.അവസാനം പറഞ്ഞ കാര്യങ്ങളോട് സമ്പൂർണ്ണ യോജിപ്പും. പാരമ്പര്യവിഭവങ്ങളെന്നും പറഞ്ഞിരിക്കരുത്.പരീക്ഷിക്കണം. പരീക്ഷിച്ച് പരീക്ഷിച്ച് കഴിക്കുന്നവന്റെ പരിപ്പിളക്കണം.ഒരു പ്രാവശ്യം കഴിച്ചവൻ/അവളൊ പിന്നയാ വഴിക്ക് വരരുത്. കഴിക്കാനാളില്ലേ പിന്നെന്തിനാ പാചകം. നമ്മുടെ ജോലി സിമ്പിളാകും.
ഹ ഹ ത്രേസ്യാക്കുട്ടീ പോസ്റ്റു അസ്സലായി. ഇതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട ഭാഗം
എനിക്കറിയാവുന്ന ബാച്ചിലേഴ്സൊക്കെ തലെദിവസത്തെ പിസയുടെ ബാക്കിയോ ബ്രെഡോ മാഗിയോ ഒക്കെ കഴിച്ചാണ് ജീവിക്കാറുള്ളത്.അല്ലെങ്കില്‍ പിന്നെ അടുത്തു വല്ല ഹോട്ടലോ മറ്റോ വേണം. ലവന്മാര്‍ക്കൊക്കെയാണ് കല്യാണം കഴിയുന്നതോടെ മണ്‍കലത്തിലുണ്ടാക്കിയ ചോറ്, അമ്മീലരച്ച ചമ്മന്തി, ചിരട്ടപ്പുട്ട് തുടങ്ങിയ കോംപ്ലികേറ്റഡ് വിഭവങ്ങളില്ലാതെ ജീവിക്കാന്‍ പറ്റാതാവുന്നത്.
ഇനി വേറൊരു കാര്യം. എന്റെ മുകളിൽ കമന്റെഴുതിയ മഹാന്റെ ഐഡിയ നാളെ മുതൽ പരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചു കഴിഞ്ഞു. സിമ്പിളാക്കി തരാം :))
Good one.. :)
just can't resist laughing.. :)
എന്റമ്മോ!!! ചിരിച്ചു ചത്തു ....... ബാച്ചികള് മിക്കതും ഇത് പോലെ ഒക്കെ തന്നെ ആണ് ... എന്റെ കാര്യത്തില്‍ മൂഡ് ഉണ്ടെങ്കിലേ ബ്രേക്ഫാസ്റ്റ് കഴിക്കൂ എന്നു മാത്രം...
തുടര്‍ന്നും നര്‍മ രസമുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു
Post a Comment