Sunday, December 6, 2009

വിമാനയാത്രാനുഭങ്ങൾ..

അങ്ങനെ വിജയകരമായി ബിലാത്തിപര്യടനം പൂർത്തിയാക്കി ഞാൻ നാട്ടിൽ തിരിച്ചെത്തി. മാസങ്ങളോളം ബില്ലടക്കാത്തതു കൊണ്ട്‌ ക്രൂരമായി കട്ടു ചെയ്യപ്പെട്ട മൊബൈൽ കണക്ഷൻ വീണ്ടെടുത്തു.സ്യൂട്‌കേസിൽ കുത്തിക്കൊള്ളിച്ചിരുന്ന സാധനസാമഗ്രികളെല്ലാം വീടു മുഴുവൻ നിരത്തിയിട്ട്‌ വീടിന്റെ തനിസ്വരൂപം വീണ്ടെടുത്തു. പുതിയ ഒരു ഇന്റർനെറ്റ്‌ കണക്ഷൻ- അതും അഞ്ചുമാസത്തെ പൈസ മുൻകൂറായി അടച്ച്‌ സ്വന്തമാക്കി- (അങ്ങനെ ചെയ്താൽ എന്തോ ചെറിയ ഡിസ്കൗണ്ട്‌ കിട്ടും പോലും.പൈസ ലാഭിക്കുന്നതെങ്ങിനേന്ന്‌ എന്നെ കണ്ടു പഠി..). അങ്ങനെ പതുക്കെ പതുക്കെ ഞാനാ പഴയ ബങ്കളൂരു-ജീവിതത്തിലേക്കു തിരിച്ചു വരികയായിരുന്നു. അപ്പോഴാണു നമ്മടെ പണിസ്ഥലത്തു നിന്നും കുഞ്ഞോരു മെസ്സേജ്‌ -"ഡിയർ എംപ്ലോയീ, നീ നിന്റെ കിടക്കയും പെട്ടിയുമെടുത്തു തിരിച്ചു ബിലാത്തിയിലേക്കു തന്നെ വിട്ടോളൂ " എന്ന്‌. പിന്നെ ചോദ്യോം പറച്ചിലുമൊന്നുമില്ല.. സാധനങ്ങളെല്ലാം തിരികെ പെട്ടിയിൽ കുത്തിനിറച്ച്‌ ഞാൻ പിന്നേം നാടു വിട്ടു.


ഇത്തവണയും ബ്രിട്ടീഷ്‌ എയർവേയ്സിൽ തന്നെ എന്നെ പറപ്പിക്കാൻ കമ്പനി കുറേ ശ്രമിച്ചു. നടന്നില്ല. അതിൽ സീറ്റൊന്നും ഒഴിവുണ്ടായിരുന്നില്ലത്രേ. അല്ലെങ്കിലും എപ്പോഴും അവരുടെ വിമാനത്തിൽ തന്നെ ഞാൻ കയറിയാൽ അത്‌ അവർക്കൊരു അഹങ്കാരമാവില്ലേ.. പിന്നെ അടുത്ത ഓപ്ഷൻ- എമിറേറ്റ്‌സ്‌.. ഞാൻ കണ്ണും പൂട്ടി നിരസിച്ചു. അത്‌ പറന്ന്‌ അങ്ങെത്തുമ്പോഴേക്കും വൈകുന്നേരമാകും.. തറവാട്ടിൽ പിറന്ന ഒരു മലയാളിമങ്ക ലണ്ടനിൽ അസമയത്തു ചെന്നിറങ്ങാനോ.. നടന്നതു തന്നെ. ഇനിയിപ്പോ ഇതേ ഉള്ളൂ എന്നും പറഞ്ഞ്‌ കമ്പനി ഗൾഫ്‌ എയറിന്റെ ടിക്കറ്റ്‌ തന്നു. എന്തായാലും അതെനിക്കിഷ്ടപെട്ടു. ഒന്നാമത്‌ അത്‌ ഉച്ചയാവുമ്പോഴേക്കും അങ്ങെത്തിക്കോളും. അതു മാത്രമല്ല, ഇതിനു ബഹറിനിൽ നിന്നാണു കണക്ടിംഗ്‌ ഫ്ലൈറ്റ്‌. ബഹറിനെയോ ഈ ജന്മത്തു കാണാൻ പറ്റുമെന്നു തോന്നുന്നില്ല.. ഇതിപ്പോ അതിന്റെ വിമാനത്തവളമെങ്കിലും ഒന്നു കാണാൻ പറ്റുമല്ലോ..


രാവിലെ അഞ്ചരക്കാണു ബാംഗ്ലൂരിൽ നിന്നും പുറപ്പെടുന്നത്‌. എന്തായാലും തുടക്കം തന്നെ പിഴച്ചു. ആദ്യം അരമണിക്കൂറ്‌ ഡിലേ അനൗണ്‌സ്‌ ചെയ്തു. പിന്നെ അത്‌ ഒരു മണിക്കാറായി.. ഒന്നരയായി.. അവസാനം രണ്ടു മണിക്കൂറിൽ ഉറപ്പിച്ചു. രണ്ടു മണിക്കൂറ്‌ ഡിലേ ആയി ഞാൻ ബഹറിനിലെത്തുമ്പോഴേക്കും എന്റെ അവിടുന്നുള്ള വിമാനം അതിന്റെ പാട്ടിനു പോയിട്ടുണ്ടാകും. ടിക്കറ്റിൽ സീലടിക്കുന്ന ചേട്ടന്റടുത്തു ഞാൻ ആവലാതി ബോധിപ്പിച്ചു. അങ്ങേരാണെങ്കിൽ അതു പുഷ്പം പോലെ സോൾവ്‌ ചെയ്തു തന്നു. അതു പോയാൽ പോട്ട്‌.. ഏറ്റവുമടുത്ത വിമാനത്തിൽ തന്നെ എന്നെ ബഹറിനിൽ നിന്നും ലണ്ടനിലേക്കു പാഴ്സലാക്കാനുള്ള ഏർപ്പാടുകളൊക്കെ ചെയ്തു കഴിഞ്ഞു പോലും. പുതിയ ടിക്കറ്റിൽ സമയം നോക്കിയപ്പോൾ ..വൈകുന്നേരം നാലര. ഉച്ചക്കെത്തേണ്ടത്‌ ഇത്തിരി അങ്ങോട്ടു മാറി വൈകുന്നേരമാകുമെന്നല്ലേ ഉള്ളൂ. എന്നലും എന്തോ ഒരു മിസ്റ്റേക്ക്‌..ഒന്നൂടെ നോക്കി.എല്ലാം മനസിലായി. ബഹറിനിൽ നിന്നും പുപ്പെടുന്ന സമയമാണ്‌ നാലര. അതു ലണ്ടനിലെത്തുന്നത്‌ രാത്രി ഒൻപതു മണിക്ക്‌!! ഇനി എന്തു ചെയ്യാൻ ...ഞാൻ എന്റെ വിധിയെ പഴിച്ചു കൊണ്ട്‌ വിമാനത്തിൽ കയറിയിരുന്നു.


ഗൾഫ്‌ എയർ- ബങ്കലൂരു-ടു-ബഹറിൻ.. അതിനെക്കാളും ഭേദം നമ്മടെ എയർഡക്കാനും സ്പേസ്‌ജെറ്റുമൊക്കെയാണ്‌. ഒരു ചേച്ചി വന്നു മനസില്ലാമനസോടെ ഡെമോയൊക്കെ കാണിച്ചിട്ടു പോയി.കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എങ്ങാനും കഷ്ടകാലത്തിനു വിമാനമെങ്ങാനും ക്രാഷായാൽ, ചുമ്മാ കിടന്ന്‌ അലറിവിളിക്കുംന്നല്ലാതെ, ഇക്കാണിച്ചതു പോലെ ആരും ലൈഫ്‌ ജാക്കറ്റെടുത്തിടാനൊന്നും പോവുന്നില്ലാന്ന്‌ ചേച്ചിയ്ക്ക്‌ നന്നായിട്ടറിയാമായിരിക്കുമല്ലോ.കുറച്ചു കഴിഞ്ഞപ്പോൾ ബ്രേക്ക്‌ഫാസ്റ്റ്‌ കിട്ടി.. ഞാൻ പറഞ്ഞതു നോൺവെജ്‌.. കിട്ടീത്‌ ഉപ്പുമാവ്‌. ഉപ്പുമാവിനെയൊക്കെ എന്നു മുതൽക്കാണോ നോൺവെജായി അവരോധിച്ചത്‌ !! പിന്നെ ഇടയ്ക്കെപ്പോഴോ ജ്യൂസും കൊണ്ടു തന്നു.അല്ലെങ്കിലും ഇത്രയൊക്കെയല്ലേ പ്രതീക്ഷിക്കാൻ പറ്റൂ..പാവം എന്നെപ്പോലുള്ള പാവം ഇന്ത്യക്കാരുടെ കാശും കൊണ്ടു കഞ്ഞികുടിച്ചു പോവുന്ന വിമാനമല്ലേ.. ഞാനങ്ങു ക്ഷമിച്ചു.എന്തായാലും അവരെന്നെ സുരക്ഷിതമായി ബഹറിനിലെത്തിച്ചു തന്നു.. അതു തന്നെ മഹാഭാഭാഗ്യം.


ബഹറിൻ എയർപോർട്ട്‌. അവിടെ നിറയെ തലയിൽ വെള്ളത്തുണിയുമിട്ട്‌ അതിനു മുകളിൽ കറുത്ത വളയം ഫിറ്റ്‌ ചെയ്തു നടക്കുന്ന അറബികളെ പ്രതീക്ഷിച്ച്‌ അങ്ങോട്ടു ചെന്നു കയറിയ എനിക്കു തെറ്റി. നോക്കുന്നിടത്തെല്ലാം ഇന്ത്യക്കാര്‌!! അതുകൊണ്ടെന്താ.. വേറൊരു നാട്ടിലാണ്‌ എത്തിപ്പെട്ടിരിക്കുന്നതെന്നൊരു തോന്നൽ പോലും ഉണ്ടായില്ല. ഇനിയിപ്പോ രാവിലെ പത്തു മണി മുതൽ വൈകുന്നേരം നാലര വരെ എങ്ങനെയെങ്കിലും കഴിച്ചു കൂട്ടണം. വിചാരിച്ചത്ര ബുദ്ധിമുട്ടുണ്ടായില്ല.. ഒരു ബുക്ക്‌ മുഴുവൻ വായിച്ചു തീർത്തു, സ്ലോ-മോഷനിൽ ലഞ്ച്‌ കഴിച്ചു,പിന്നെ ബാക്കിയുള്ള സമയം മുഴുവൻ ചുമ്മാ വായ്‌നോക്കിയിരുന്നു.മൂന്നു മണി ആയപ്പോൾ ദാ വരുന്നു അനൗൺസ്മെന്റ്‌..ലണ്ടനിലേക്കുള്ള ഗൾഫ്‌ എയർ ഒരു മണിക്കൂർ ഡിലേ ആയെന്നും, അതിലെ പാസഞ്ചേഴ്സിനു വേണ്ടി സമാശ്വാസ സമ്മാനമായി ചായേം പലഹാരങ്ങളുമൊക്കെ വിതരണം ചെയ്യുമെന്നും.. അനൗൺസ്മെന്റിന്റെ ആദ്യഭാഗത്തിൽ എനിക്കു വല്യ പുതുമയൊന്നും തോന്നിയില്ലെങ്കിലും രണ്ടാമത്തെ ഭാഗം അങ്ങ്‌ പെരുത്തിഷ്ടപ്പെട്ടു. പിന്നെ ഒട്ടും വൈകാതെ പോയി ചായേം കുടിച്ച്‌ പലഹാരോം തിന്ന്‌ മറ്റുള്ള യാത്രക്കാരുടെ ഒപ്പം ചേർന്ന്‌ ചുമ്മാ ഗൾഫ്‌ എയറിനെ കുറ്റം പറഞ്ഞ്‌ ഫലപ്രദമായി സയം കളഞ്ഞു.


ബഹറിൻ - ലണ്ടൻ ഗൾഫ്‌ എയർ.. 'അപ്പം നിങ്ങക്ക്‌ വേണംന്നു വെച്ചാ നല്ല വിമാനം ഇറക്കാനും പറ്റും അല്ലേ." വിമാനത്തിനുള്ളിൽ കയറിയ പാടെ എന്റെ മനസിലൂടെ കടന്നു പോയ കുശുമ്പുചിന്ത അതായിരുന്നു. ഒരു മാതിരി ഫൈവ്‌സ്റ്റാർ ഹോട്ടലിൽ ചെന്നു കയറിയതു പോലെ. ഒന്നങ്ങുമ്പോഴേക്കും എയർഹോസ്റ്റസ്‌ ഓടി വരും--സഹായിക്കാൻ.യെന്റമ്മച്ചീ.. ഒടുക്കത്തെ സപ്പോര്‌ട്ട്‌!! ഇന്ത്യയിൽ നിന്നുള്ളതും ലണ്ടനിലേക്കുള്ളതും ഒരു കമ്പനിയുടെ വിമാനങ്ങളായിരുന്നൂന്ന്‌ ആരും പറയില്ല. അത്രയ്ക്കു വ്യത്യാസം. എന്റെയുള്ളിലെ ദേശസ്നേഹി മുറുമുറുത്തു. ദാ വരുന്നു.. ഒരു എയർഹോസ്റ്റസ്‌ ചേച്ചി.. വെളുക്കെ ചിരിച്ചു കൊണ്ട്‌. ഒരു കൊച്ചു ലിക്കർഷോപ്പും തള്ളിക്കൊണ്ടാണ്‌ വരവ്‌.എന്തു വേണമെന്ന്‌ ചോദിച്ചു. അടുത്തിരുന്ന ചേച്ചി പറഞ്ഞു വൈറ്റ്‌ വൈൻ.. ഞാൻ പറഞ്ഞു റെഡ്‌ വൈൻ..എന്തിനു ഞാനതു പറഞ്ഞൂന്ന്‌ ഇപ്പോഴും എനിക്കറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം അങ്ങോട്ടു കഴിക്കും മുൻപേ ഇങ്ങോട്ടു തിരിച്ചു വരുന്ന ഭക്ഷണസാധങ്ങളിൽ പെട്ടതാണ്‌ വൈനും. ഇന്നു വരെ രണ്ടു സിപ്പിൽ കൂടുതൽ വൈൻ തൊണ്ടയിൽ നിന്നിറക്കാൻ എന്നെ കൊണ്ടു പറ്റിയിട്ടില്ല.. ആ ഞാനാണ്‌ ചുമ്മാ ഓരോ തല തിരിഞ്ഞ നേരത്ത്‌...വിനാശകാലേ വിപരീതബുദ്ധി.. അല്ലാതെന്ത്..


എന്റെ ആക്രാന്തതോടെയുള്ള പറച്ചിൽ കേട്ടിട്ടാവും എയർഹോസ്റ്റസ്‌ ചേച്ചി ഒരു ഗ്ലാസിൽ നിറയെ റെഡ്‌വൈൻ കുത്തിക്കൊള്ളിച്ചു തന്നു. ഞാൻ ഒരു ദീർഘനിശ്വാസം വിട്ടു. എന്നിട്ട്‌ കഷ്ടപ്പെട്ട്‌ രണ്ടു സിപ്പ്‌ എടുത്തു. വൈൻ എനിക്കിഷ്ടമല്ലന്നുള്ള സത്യം ഒന്നൂടെ അടിവരയിട്ടുറപ്പിച്ച്‌ ഞാൻ ഗ്ലാസ്‌ തിരിച്ചു വച്ചു. വിമാനമായതു കൊണ്ട്‌ ജനലു വഴി പുറത്തേക്കു കളയാൻ പറ്റില്ല. കുടിച്ചു തീർത്തേ പറ്റൂ.. ഞാൻ കോട്ടക്കൽ ആര്യവൈദ്യശാലയിലെ കഷായങ്ങളെ മനസിലോർത്തു. അക്കൂട്ടത്തിൽ ഒന്നാണ്‌ എന്റെ മുന്നിലെ ഗ്ലാസിലിരിക്കുന്നതെന്ന്‌ ഇമാജിൻ ചെയ്തു. ഗ്ലാസെടുത്തു. ഗ്ലും ഗ്ലും.. രണ്ടു വിഴുങ്ങലിന്‌ കഷായം-ഐ മീൻ വൈൻ- അകത്തായിക്കിട്ടി. കപ്പു കാലിയാകാൻ കാത്തിരുന്നതു പോലെ എയർഹോസ്റ്റസ്‌ ചേച്ചി അതെടുത്തു കൊണ്ടു പോവുകയും ചെയ്തു. അത്രയും സമാധാനം. പക്ഷെ ആ സമാധാനം അൽപായുസ്സായിരുന്നു.. ആകെപ്പാടെ ഒരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌.. എന്റെ ബാലൻസ്‌ പോകുന്നതു പോലെ.സീറ്റ്‌ ബെൽറ്റിട്ടിരിക്കുന്നതു കൊണ്ട്‌ ഞാൻ പറന്നു പോവില്ലാന്നുറപ്പ്‌. നോക്കുന്നിടത്തെല്ലാം ആൾക്കാരെ രണ്ടായി കാണുന്നു. ഞാൻ കണ്ണടച്ചിരുന്നറങ്ങാൻ ശ്രമിച്ചു. അപ്പോഴാണ്‌ എയർഹോസ്റ്റസ്‌ ചേച്ചി ഡിന്നറും കൊണ്ടഴുന്നെള്ളിയത്‌. കുറെ ഭക്ഷണം അങ്ങു ചെന്നാൽ നേരത്തേ ചെന്നു കയറിയ വൈനിനെ എന്റെ വയറങ്ങ്‌ മറന്നാലോ..എനിക്ക്‌ ഐഡിയ മിന്നിത്തിളങ്ങി. മുൻപിൽ കൊണ്ടു വിളമ്പിയ സാധനം എന്താണെന്നും നോക്കിയില്ല.. വെട്ടിവിഴുങ്ങി.അഞ്ചുപത്തു മിനിട്ടു കഴിഞ്ഞു.. ഇപ്പോൾ അൽപ്പം ആശ്വാസം തോന്നുന്നുണ്ട്‌. പിന്നെ എന്താണു സംഭവിച്ചതെന്ന്‌ എനിക്കു വ്യക്തമായ ഓർമ്മയില്ല. ശരിക്കും വെളിവു വന്നപ്പോൾ ഞാൻ ടോയ്‌ലെറ്റിലെ വാഷ്‌ബേസിനിലേക്ക്‌ സർവ്വശക്തിയുമെടുത്ത്‌ വാളു വെയ്ക്കുകയായിരുന്നു. (ആ പോയ പോക്കിൽ ഒരപൂപ്പനെ ഞാൻ തള്ളിയിട്ടിരുന്നോന്നൊരു സംശയം.. അപ്പൂപ്പാ സഭവം സത്യമാണെങ്കിൽ എന്നോടു ക്ഷമി..)


എന്തായാലും അതിനു ശേഷം അപാരമായ ആശ്വാസമായിരുന്നു.തിരിച്ചു സീറ്റിൽ വന്നിരുന്നു. കണ്ണുകളടച്ചു. പിന്നെ ഞാനെഴുന്നേൽക്കുമ്പോൾ വിമാനം ലാൻഡ്‌ ചെയ്യാൻ പോവുന്നതിന്റെ അനൗൺസ്‌മന്റ്‌ മുഴങ്ങുന്നു. ആറേഴു മണിക്കൂർ ബോറൻ വിമാനയാത്ര പുഷ്പം പോലെ ഞാൻ തരണം ചെയ്തിരിക്കുന്നു. വൈനിന്റെ ഓരോരോ അത്ഭുതസിദ്ധികളേയ്‌ !! ഇതു കണ്ടുപിടിച്ച മഹാൻ/മഹതി ആരായാലും ഞാൻ അവരെ നമിച്ചിരിക്കുന്നു.. മണിക്കൂറുകളോളം നീളുന്ന യാത്രകളെ വെറും മിനിട്ടുകൾക്കുള്ളിൽ തീർന്നതായി തോന്നിപ്പിക്കുന്ന അത്ഭുതപാനീയം.. ആദ്യം ആ കുടിക്കുമ്പോഴും വാളു വെക്കുമ്പോഴും ഉള്ള സമയത്തെ ബുദ്ധിമുട്ടുകളേയുള്ളൂ.. പിന്നെയങ്ങോട്ട്‌ ഒക്കെ ശാന്തം....

94 comments:

  1. കൊച്ചുത്രേസ്യ said...

    വന്നു വന്ന്‌ യെവൾക്കിപ്പോ വിമാനത്തിൽ നിന്നിറങ്ങാൻ നേരമില്ലാതായി എന്നൊന്നും തെറ്റിദ്ധരിച്ചേക്കരുത്‌ കേട്ടോ :-)

  2. JiJu ** Chovva ™** said...

    oh... valu vachu,,,

  3. A Cunning Linguist said...

    കൊച്ചുവാളു് വെച്ചുവല്ലേ....

  4. ശ്രീവല്ലഭന്‍. said...

    കാണാനില്ലെന്നും പറഞ്ഞ് പത്രത്തില്‍ പരസ്യം കൊടുക്കാന്‍ പോകുവായിരുന്നു. :-)

  5. Anonymous said...

    ഇങ്ങനെ പറന്ന് നടന്ന്‌ ഭൂമിയിലെ പാവം മനുഷ്യരെ ഓര്‍ക്കാന്‍ മാലഖക്ക് നേരമുണ്ടോ? :-D

  6. സഹയാത്രികന്‍...! said...

    ഇതെവിടാരുന്നു , ഇത്ര നാളായിട്ടും ഒരു വിവരോം ഇല്ലാരുന്നല്ലോ.മെയ്‌il ഒരു പോസ്റ്റ് ഇട്ടിട്ടു പോയ പോക്കാ എന്നിട്ടിപ്പഴാ വരണേ? ഹൊ എന്നാലും ഇതിത്തിരി കടന്ന കയ്യായിപ്പോയി. ഇതിനി ഇവിടെ തന്നെ ഉണ്ടാകുമോ അതോ അടുത്ത മുങ്ങലിനുള്ള പ്ലാന്‍ വല്ലോം ആണോ...?
    ഇനി ഞാന്‍ പോസ്റ്റ് വായിച്ചിട്ട് വരാം.:)

  7. nimishangal said...

    kochu thresyayude vaalu hittaaayiii... Daivame ethra beer um wine um adichirikkunnu... ennittithupole oru vaal veckaan pattiyillallo... well done.. kuchu thresya.. not for the vaal.. for this writing..

  8. കുഞ്ഞൻ said...

    കൊ.ത്രേ.കൊ.

    വ്യാജ വൈനടിച്ചാൽ ഇങ്ങനെയിരിക്കും..ന്നാലും ഞങ്ങളുടെ രാജ്യത്ത് വന്നപ്പോൾ കിട്ടിയ സ്വീകരണം(ബഹ്‌റൈൻ)ഭക്ഷണം വീമാനത്തിലെ സൌകര്യങ്ങൾ എല്ലാം മികച്ചതായിരുന്നില്ലെ. ഇപ്പൊ കൊച്ചിനു മനസ്സിലായില്ലെ ഗൾഫന്മാർക്കുള്ള ഭക്ഷണവും വീമാനവുമെല്ലം കൂതറയാണെന്ന്. എന്നാൽ ഫെയർ ചാർജ് നോക്കുമ്പോൾ ഇവിടെ നിന്നും(ബഹ്‌റൈൻ) ലണ്ടനിലേക്ക് കുറവാണ് ദൂരം വച്ചുനോക്കുമ്പോൾ ലണ്ടണിലേക്ക് ഇരട്ടി ദൂരവും..! അതായിത് ഗൾഫിലേക്ക് വരുന്നവർക്ക് ഇത്രയൊക്കെ മതീന്ന്..

    പിന്നെ ഒരു ഡിസ്ക്ലൈമർ കൊടുക്കാമായിരുന്നു. ഈ പോസ്റ്റ് വായിച്ചുള്ള പ്രചോദനത്താൽ ആരും വൈനടിക്കരുതെന്നും അങ്ങിനെയുണ്ടാകുന്ന സംഭവങ്ങൾക്ക് കൊ.ത്രേ കൊച്ച് യാതൊരൊത്തരവാദിയല്ലെന്നും..!

  9. ചേച്ചിപ്പെണ്ണ്‍ said...

    Happy to see u after a looooooooooooong break ...
    really ...
    pls don't repeat this .. valuvekkal alla break idal ..

    Enjoyed ur post as usual ..
    Ente translator bhayankara slow ..
    kshama kuravayath kond mangleeshil postunnu ...

  10. Norah Abraham | നോറ ഏബ്രഹാം said...

    "പിന്നെ ഒരു ഡിസ്ക്ലൈമർ കൊടുക്കാമായിരുന്നു. ഈ പോസ്റ്റ് വായിച്ചുള്ള പ്രചോദനത്താൽ ആരും വൈനടിക്കരുതെന്നും അങ്ങിനെയുണ്ടാകുന്ന സംഭവങ്ങൾക്ക് കൊ.ത്രേ കൊച്ച് യാതൊരൊത്തരവാദിയല്ലെന്നും..!"

    കുഞ്ഞച്ചാ! കൊടുകൈ..!!!

    പിന്നെ കൊ.ത്രേ.കൊച്ചേ... ഞാ‍ന്‍ വിചാരിച്ചു. ബിലാത്തിയില്‍ പോയതിന് ശേഷം ബ്ലോഗിംഗ് ഒക്കെ മറന്നൂന്ന്. ഇല്ലെന്ന് ഇപ്പം മനസ്സിലായി. നല്ല വിവരണം. തുടരുക..

  11. Unknown said...

    "ആറേഴു മണിക്കൂര്‍ ബോറന്‍ വിമാനയാത്ര പുഷ്പം പോലെ ഞാന്‍ തരണം ചെയ്തിരിക്കുന്നു. വൈനിന്റെ ഓരോരോ അത്ഭുതസിദ്ധികളേയ്‌ !!"
    ഇനിയിപ്പോള്‍ എത്ര ബോറന്‍ യാത്രയാണെങ്കിലും ഈ മരുന്ന് കയ്യില്‍ കരുതിയാല്‍ മതി. ഒരു ഗ്ലാസ്സിന് പകരം രണ്ടാക്കിയാല്‍ ചിലപ്പോള്‍ വിമാനം ലാന്‍ഡ് ചെയ്യുന്നത് പോലും അറിയില്ല...!

  12. ജയരാജന്‍ said...

    വെൽകം ബാക്ക്!!! "ഉപ്പുമാവിനെയൊക്കെ എന്നു മുതൽക്കാണോ നോൺവെജായി അവരോധിച്ചത്‌" - സൂക്ഷിച്ച് നോക്കിയിരുന്നെങ്കിൽ കിട്ടിയേനെ ചില നോൺ വെജ് കുഞ്ഞുങ്ങളെ :) അങ്ങനെയാണെങ്കിൽ വൈൻ അടിക്കാതെ തന്നെ വാളും വെക്കാമായിരുന്നു :)

  13. ഇസാദ്‌ said...

    ഹോ, മിടുക്കി !

    ഞാനും ഇങ്ങനെ തന്നെയാ.. സെയിം പിച്ച്. ഒരൊറ്റ റെഡ് വൈന്‍, പറ്റായി സൈഡാവും. പിന്നെ നാലു മണിക്കൂര്‍ എമിറേറ്റ്സ് യാത്ര അറിയാറേ ഇല്ല..

    കലക്കി.

  14. ദിവാരേട്ടN said...

    ത്രെസ്സ്യകൊച്ചേ, ഇപ്പം മനസ്സിലായല്ലോ ഞങ്ങള്‍ ആണുങ്ങള്‍ എത്ര പാടുപെട്ടാ ഇതിലും മികച്ചത് അടിച്ചു, വാള് വെക്കാതെ ഇരിക്കുന്നെന്ന്... [വെറുതെ കിട്ടിയാല്‍ ആസിഡും കുടിക്കുന്ന ഈ സ്വഭാവം ഇനിയെങ്കിലും ഒന്ന് നിറുത്ത്...]
    ഓ. ടോ. ഏട്ടന്‍ വെറുതെ പറഞ്ഞതാ ട്ടോ.. മോള് ചുമ്മാ അടി...

  15. Muralee Mukundan , ബിലാത്തിപട്ടണം said...

    അമ്പഡാ..റെഡ് വൈനേ..ഒരു ഗ്ലാസ്സെനിക്കും അടിക്കണം....
    ഇനിയിവിടന്നുപോകുമ്പം ഗൾഫെയറുവഴി പോകണം !
    ഇവിടെ രണ്ടുകുപ്പിവൈനടിച്ചിട്ടും ഉറങ്ങാൻ വേറെകള്ളടിക്കണമെന്നുപറഞ്ഞസ്ഥിത്യാ...

    കലക്കി കേട്ടൊ ....ഈ വീമാനാനുഭവം !

  16. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:പാവങ്ങള്‍ ആ വാഷ് ബേസിന്‍ അവരേത് കടലില്‍ എടുത്തെറിഞ്ഞോ എന്തോ...

  17. മറ്റൊരാള്‍ | GG said...

    "ഉപ്പുമാവിനെയൊക്കെ എന്നു മുതൽക്കാണോ നോൺവെജായി അവരോധിച്ചത്‌"

    സൂക്ഷിച്ച് നോക്കിയിരുന്നെങ്കിൽ കിട്ടിയേനെ ചില നോൺ വെജ് കുഞ്ഞുങ്ങളെ

    Jayraj:സത്യം! നിങ്ങളുടെ മറുപടി വായിച്ച് അറിയാതെ ചിരിച്ചുപോയി.

  18. ബിച്ചു said...

    എന്തായാലും വന്നാലോ...
    അത് മതി...

    വെല്‍ക്കം ബാക്ക്...

    ലണ്ടനിലെ വിശേഷങ്ങള്‍ കാത്തിരിക്കുന്നു

  19. Dhanush | ധനുഷ് said...

    ബീമാനത്തിലെ വൈനടി ഒരു സുഖമാണ്. വൈനടിക്കുക ഉറങ്ങുക, പിന്നെ ഏണീക്കുക, കഴിക്കുക വൈനടിക്കുക, പിന്നെ ഉറങ്ങുക. ഇങ്ങനെയായിരുന്നു ഞാന്‍ എന്റെ 25 മണിക്കൂര്‍ ബീമാനയാത്രയില്‍ നേരം പോക്കിയത്

    മെല്‍കൌ ബാക്ക്

  20. Babu Kalyanam said...

    "ആദ്യം ആ കുടിക്കുമ്പോഴും വാളു വെക്കുമ്പോഴും ഉള്ള സമയത്തെ ബുദ്ധിമുട്ടുകളേയുള്ളൂ.. പിന്നെയങ്ങോട്ട്‌ ഒക്കെ ശാന്തം.... "
    :-))

  21. Unknown said...

    കൊച്ചു ത്രേസ്യ കൊച്ചിന്റെ കാലത്ത് ബൂലോഗത്ത്‌ വന്നില്ലല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ടു നടക്കുകാരുന്നു ഞാന്‍, ആള് ഇവിടുണ്ടല്ലോ . സന്തോഷം.
    പുതിയ വിശേഷങ്ങള്‍ക്ക് കാത്തിരിക്കുന്നു.

  22. പ്രദീപ്‌ said...

    ഒരു ജാഡ എഴുത്ത് !!!!!!! ഹും നടക്കട്ടെ .

    എങ്കിലും ,
    പിന്നെ ഒട്ടും വൈകാതെ പോയി ചായേം കുടിച്ച്‌ പലഹാരോം തിന്ന്‌ മറ്റുള്ള യാത്രക്കാരുടെ ഒപ്പം ചേർന്ന്‌ ചുമ്മാ ഗൾഫ്‌ എയറിനെ കുറ്റം പറഞ്ഞ്‌ ഫലപ്രദമായി സയം കളഞ്ഞു.
    ഇതൊക്കെ ഇഷ്ടപ്പെട്ടു കേട്ടോ .
    ഹഹഹ

  23. പ്രദീപ്‌ said...
    This comment has been removed by the author.
  24. jayanEvoor said...

    ഇതൊന്നും സാരമില്ലന്നേ... ചെറിയൊരു സ്റാര്‍ടിംഗ് ട്രബിള്‍ .. പിന്നല്ലാണ്ട്...
    നോ പ്രോബ്ലം... ഇനിയന്ഗഡ് ശീലമായിക്കൊള്ളും!
    ഓള്‍ ദ ബെസ്റ്റ്!

  25. ഷിബിന്‍ said...

    ഹോ.... അവസാനം തിരിച്ചു വന്നല്ലോ.... കാണാഞ്ഞ വിഷമത്തില്‍ ഞാന്‍ ഒരു പോസ്റ്റും ഇട്ടു...
    http://asthikalpookkumbol.blogspot.com/2009/11/blog-post.html

    ഇനി ഏതു ഭൂഖണ്ടത്തില്‍ പോയാലും ഇത്രയും വലിയ ഇടവേള അരുതേ....

    ഞാന്‍ ചിരിക്കാന്‍ തന്നെ മറന്നു പോയിരുന്നു.....

    എന്തായാലും welcome back..

  26. Anonymous said...

    അപ്പോ...ഞ്ഞങ്ങളീ കുടിയന്മാരെ ഒക്കെ സമ്മതിച്ചു തരണം ലേ.....
    ബു ഹ ഹ ഹ.....
    :)

    ഇഷ്ടായി കൊച്ചേ ഇതും.....

  27. ഹാഫ് കള്ളന്‍||Halfkallan said...

    ബെല്കം ബാക്ക് .. ചുമ്മാ ഇരിക്കട്ടെ ...
    ബൈ ദി ബൈ .. ആയുധം വെച്ചല്ലേ തുടക്കം .. തകര്‍ക്ക് തകര്‍ക്ക് !

  28. ഹരിത് said...

    അപ്പൊ, കൊച്ചു ചത്തില്ലേ.... ദൈവമേ....

  29. Rakesh R (വേദവ്യാസൻ) said...

    ആഹാ തിരിച്ചെത്തിയോ, ഞങ്ങള്‍ കരുതി ഇനി വരത്തില്ലാന്ന്, എന്നാലും ഇങ്ങനെ ആശിപ്പിക്കണ്ടായിരുന്നു....

    ഇനി വായിക്കട്ടെ :)

  30. haari said...

    ചിയേഴ്സ് ത്രേസ്യ കൊച്ചെ .....
    പോസ്റ്റുകള്‍ കാണാത്തതിന്റെ കാരണം ഇപ്പോഴല്ലേ മനസിലായത് !!
    (വൈനടി ഒന്ന് കുറയ്ക്കുന്നത് നല്ലതാണു ട്ടാ )
    പിന്നെ ബിലാത്തി ഒരു വഴിക്കാക്കിയെ അടങ്ങു അല്ലെ ????

  31. Anil cheleri kumaran said...

    ആദ്യം ആ കുടിക്കുമ്പോഴും വാളു വെക്കുമ്പോഴും ഉള്ള സമയത്തെ ബുദ്ധിമുട്ടുകളേയുള്ളൂ.. പിന്നെയങ്ങോട്ട്‌ ഒക്കെ ശാന്തം....

    ഹഹഹ.. കൊള്ളാം.

  32. ചെലക്കാണ്ട് പോടാ said...

    അഹങ്കാരം അഹങ്കാരം അഹങ്കാരം...

    ഇടയ്ക്കിടയ്ക്ക് ഇവിടെ വന്ന് ബിമാനം ബിമാനം എന്ന് പറയണത് അഹങ്കാരം തന്നെ...

    അടുത്ത പ്രാവശ്യം ഉപ്പുമാവ് പോലും കിട്ടരുതേ...ഈശ്വരാ........

  33. Dhanya said...

    kandittu kure kaalaayalloo.. ini kurachu london visheeshangal aavaam :)

  34. ..:: അച്ചായന്‍ ::.. said...

    ഇപ്പൊ ഒരു കാര്യം മനസ്സില്‍ ആയല്ലോ ചെയ്യാന്‍ തരുന്ന പണി നേരെ ചെയിതില്ലേ വീണ്ടും പോയി ചെയിതു കൊടുക്കണ്ടി വരും എന്ന് :D

  35. Anonymous said...

    Good to see you after a long time....Welcome back....good post!

  36. ബിനോയ്//HariNav said...

    "..ഞാൻ പറഞ്ഞു റെഡ്‌ വൈൻ..എന്തിനു ഞാനതു പറഞ്ഞൂന്ന്‌ ഇപ്പോഴും എനിക്കറിയില്ല.."

    ഹ ഹ ഇതാണ് പറയണത് വരാനുള്ളത് വഴീ തങ്ങൂല്ലാന്ന്.

    നല്ല പോസ്റ്റ് കൊച്ചുത്രേസ്യാക്കൊച്ചേ. വൈനിന്‍റെ പൂസിറങ്ങുന്ന ഇടവേളകളലെങ്കിലും എന്തെങ്കിലും കുറിച്ചുകൂടേ :)

  37. Ammus said...

    amazing post as usual..chiri adakan vayya ketto..wine glum gulm enu kudichathu orthitu chiri control cheyan patanilla..ethayalum vere kuzhapangal onum ilathe angu ethyallo.thank God!!..hei really missed ur posts these days..keep writing..waiting to see more..

  38. vnkovoor said...

    അതേതായാലും നന്നായി...ഞങ്ങടെ പ്രയോഗത്തില്‍ പറഞ്ഞാന്‍ 'കിക്കര്‍ അടിച്ചുപോയിട്ടില്ല'..അതാ വാള് വച്ചത്...

    ഇനി 'യുകയിലുടെ വട്ടത്തിലും നീളത്തിലും' ഒക്കെ ഇങ്ങു പോരട്ടെ..

    Hope u had a nice time there...

  39. ദിയ കണ്ണന്‍ said...

    hehe..kollam.. :)

  40. Unknown said...

    really nice post!

    Malayaali.com is interested to introduce you and your posts to our audience with consent. Kindly reply to us in malayaali.com@gmail.com.

    (Apologies for posting here - could not find your contact email id anywhere)

  41. Raneesh said...

    Kochu Thirichu Vaneeeeeeeeee!!!!!!
    Kannurinte Swantham Kochu Thirichu Vanneeeeeeee

  42. അഭിമന്യു said...

    വാളു വയ്ക്കാതിരിക്കാന്‍ ഒരുപാട് tips&trics ഉണ്ടേ.................

  43. Rajesh said...

    അമ്മച്ച്ഹിക്കപ്പോ ജീവനോണ്ടാല്ലേ , സന്തോഷം

  44. Junaiths said...

    ബിലാത്തിക്കാര്‍ക്ക് ഇതുവരെ അനുഭവിച്ചതൊന്നും പോരാഞ്ഞിട്ടാണോ കൊച്ചു .ത്രെ.യെ പിന്നേം അങ്ങോട്ട്‌ തന്നെ തൂക്കിയെറിഞ്ഞത്?അതോ ഇവിടുത്തുകാര്‍ക്ക് സമാധാനം കിട്ടട്ടെയെന്ന് കരുതിയോ?ഏതായാലും വാള് കലക്കി...
    തുടരുക...വാളല്ല എഴുത്ത്

  45. കേഡി കത്രീന said...

    ഇനി അകത്തു പോയ വൈനിനു സഹിക്കാതെ തിരിച്ചു ചാടിയതൊ മറ്റോ ആണോ!

  46. hi said...

    :) kollaam

  47. ചേച്ചിപ്പെണ്ണ്‍ said...

    കൊച്ചു എന്താ മമ്മൂട്ടിക്ക് പഠിക്കുവാണോ ....? കഴിഞ്ഞ പോസ്റ്റിലെ നൂറു കണക്കിനു കമെന്റ്സ് മറുപടി ഇല്ലാതെ കിടക്കുന്നു ,..

    ഒരു സ്മൈലി എങ്കിലും ഇടാന്‍ മേലെ എന്റെ കൊച്ചു ...?

  48. Shyamchandrathil said...

    ഓഫീസ് ലൈഫ് മടുത്തു എങ്ങനെ സമയം കളയണം എന്നറിയാതെ ഇരിക്കുമ്പോളാണ്, എന്റ കൂട്ടുകാരന്‍ ഒരു ഐഡിയ തന്നത്, മലയാളം ബ്ലോഗ്‌... ഗൂഗിളില്‍ സെര്‍ച്ച്‌ ചെയിതപ്പോള്‍ കിട്ടിയത് മലബാര്‍ എക്സ്പ്രസ്സ്‌... എന്തായാലും എഴുതിയ ആളെ അറിയാത കഥകളെല്ലാം വായിച്ചു തീര്‍ത്തു.... വായിക്കുമ്പോള്‍ സീനുകള്‍ മനസ്സില്‍ വരുന്നത് പോല ഉള്ള നല്ല വിവരണം (ആരാധന തോന്നിപ്പോകുമോ എന്ന് ഞാന്‍ ശരിക്കും പേടിച്ചു പോയി)...വായിച്ചു വായിച്ചു എന്റ മനസിന്ട ഏതോ കോണില്‍ ഉറങ്ങികിടന്നിരുന്ന കലാകാരന്‍ എന്തിനോ വേണ്ടി എഴുന്നേറ്റ പോലെ, ആകപ്പാടെ ഒരു അസ്വസ്ഥത അങ്ങനെ ഞാനും ഒരു പ്രൊഫൈല്‍ അങ്ങ് create ചെയിതു ഒരു കഥയും തുടങ്ങി വച്ചിടുണ്ട്,പക്ഷെ അറിയാവുന്നവരില്‍ നിന്നുള്ള കളിയാക്കലുകള്‍ക്ക് പുറമെ സമ്പാദിക്കാനുള്ള ധൈര്യം ഇല്ലാത്തതു കൊണ്ട് പോസ്റ്റ്‌ ആക്കിയിട്ടില്ല.......

    ഞാന്‍ വിചാരിച്ചത് എഴുത്ത് നിര്‍ത്തി കാണും എന്നാണ്, എന്തായാലും തിരിച്ചു വന്നു എന്നറിഞ്ഞതില്‍ സന്തോഷം , പുതിയ കഥകള്‍ക്കായി കാത്തിരിക്കുന്നു.

  49. jyo.mds said...

    വളരെ രസകരമായിരിക്കുന്നു

  50. naisy said...

    കൊള്ളാം കേട്ടോ ത്രെസ്യക്കൊച്ച്ചേ.. അപ്പൊ ഇനിപ്പോ ഉടനെ ബ്ലോഗ്‌ പ്രേതീക്ഷിക്കന്ടാ അല്ലെ...

  51. Vipin vasudev said...

    angane iyallum oru pazhasi rajaa aayaleeee...
    congratsss and welcome to PVA(pazhasi raja Vallukakyal Association)
    lolz

  52. Unknown said...

    വന്നു വന്നു വിമാനത്തില്‍ വരെ വാളു വച്ചു.. ഇന്നാളു ജിമ്മില്‍ ആയിരുന്നു..

    ഹിഹി ഇനിയിപ്പോ വീക്കെന്റ് ബോറടി മാറാന്‍ ബിലാതിയില്‍ വാളു വച്ച കഥ വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു..

  53. ഉപാസന || Upasana said...

    thaNNi paartty aaNallE

  54. Gini said...

    sammathichu..
    ini njan Gulf-air-il mathrame kayaroo..

  55. poor-me/പാവം-ഞാന്‍ said...

    സ്ത്രീ പുരുഷ സമത്വം ഇല്ലന്നാരു പറഞു...
    പെണ്ണെഴുത്ത്..പെണ്‍ വാള്‍..പെണ്‍ വാനിറ്റി...

  56. കൊച്ചുത്രേസ്യ said...

    Jiju.ഞാൻ.. ഇതൊക്കെ ഒരു തുടക്കം മാത്രം.. ഇനിയങ്ങോട്ടു വാൾപയറ്റയിരിക്കും :-)

    മൂർത്തീ പോസ്റ്റിന്റെ തലക്കെട്ടിൽ ഒരു 'വ' മിസ്സിംഗാണ്‌.. മൂർത്തിക്കു പോലും അതു കണ്ടുപിടിക്കാൻ പറ്റാത്ത സ്ഥിതിക്ക്‌ അതങ്ങനെതന്നെ കിടന്നോട്ടേന്നു ഞാൻ തീരുമാനിച്ചു :-)

    ശ്രീവല്ലഭാ ധൈര്യമായി കൊട്‌.. അങ്ങനെയെങ്കിലും പത്രത്തിൽ എന്റെ പേരൊന്നു വരട്ടെന്നേ..


    വഴിപോക്കാ മുങ്ങീതൊന്നുമല്ല..അതെങ്ങനാ അങ്ങോട്ടുമിങ്ങോട്ടും തേരാ പാരാ ഓടുന്നതിനിടയിൽ സമയം കിട്ടണ്ടേ..


    nimishangngal വെള്ളമടിക്കുമ്പോ ആത്മാർഥതയോടെ അടിക്കണം.എന്നാ വാളൊക്കെ വെക്കാൻ പറ്റൂ..

    കുഞ്ഞാ ബഹറിനിലെ ഭക്ഷണത്തെ പറ്റി മിണ്ടിപ്പോകരുത്‌.. ഗൾഫ്‌ എയറുകാര്‌ തന്ന കൂപ്പണുംകൊണ്ട്‌ അവിടുത്തെ റെസ്റ്റോറണ്ടിൽ ചെന്നുകയറിയതാ.. ലാവിഷായി നോൺവെജ്‌ തന്നെ ഓർഡർ ചെയ്തു.. കുബ്ബൂസും ചിക്കൻ നിർത്തിപ്പൊരിച്ചതുമൊക്കെ പ്രതീക്ഷിച്ചിരുന്ന എന്റെ മുന്നിലേക്ക്‌ അവര്‌ കുറച്ചു ചോറും അതിന്റെ മുകളിലേക്ക്‌ എന്തോ ഒരു കറി ഒഴിച്ചതും കൊണ്ടു വച്ചു. തീരേം ടേസ്റ്റില്ലാത്ത ഒരു കറി..കുറച്ചു പച്ചച്ചോറും വാരിത്തിന്ന്‌ ഞാൻ അവിടുന്ന്‌ രക്ഷപെട്ടു :-(

    ചേച്ചിപ്പെണ്ണേ മംഗ്ലീഷൊക്കെ മതീന്നേ. അല്ലങ്കിലും എനിക്കിപ്പോ അതൊക്കെയേ മനസിലാവൂ..കേരളം വിട്ടിട്ടു കുറച്ചു മാസങ്ങളായില്ലേ..മലയാളമൊന്നും ഇപ്പോഴങ്ങോട്ടു വഴങ്ങുന്നില്ല :-P

    നോറ ഒക്കെ മറന്നതായിരുന്നു..പിന്നേം ഒക്കെ പൊടിതട്ടിയെടുത്തത്തല്ലേ :-)

    ഏകലവ്യാ അതു ശരിയാ.. നന്നായി ഞാൻ ഒക്കെ ഒന്നു മിതമാക്കീത്‌ :-)

    ജയരാജാ.. അടി അടി.. കയ്യീ കിട്ടുന്നതെന്തും കണ്ണും മൂക്കും നോക്കാതെ വെട്ടിവിഴുങ്ങ്നുന്ന സ്വഭാവമായതു കൊണ്ട്‌ ഞാൻ രക്ഷപെട്ടു :-)

    ഇസാദ്‌ അപ്പോൾ എന്നെ പോലെ വേറേ അവതാരങ്ങളും ഉണ്ടല്ലേ.. സമാധാനമായി..

    ദിവാരേട്ടാ.. സ്വന്തം കയ്യീന്നു കാശു മുടാക്കീട്ടായിരുന്നെങ്കിൽ വാളു വെക്കാതെ ഞാനും പരമാവധി ശ്രമിച്ചേനേ.. ഇതിപ്പോ വല്ലോരുടേം കാശ്‌ വല്ലോരുടെം വൈന്‌,നമ്മക്കെന്തു നഷ്ടം :-)

    bilaaththippattanam അതാ പറയുന്നതു അടിക്കുമ്പോ നല്ല ക്വാളിറ്റിവൈനടിക്കണമെന്ന്‌..

  57. കൊച്ചുത്രേസ്യ said...

    കുട്ടിച്ചാത്താ ഞാൻ ഇത്തിരി ഫാസ്റ്റായി ഓടീതു കൊണ്ട്‌ അവരു രക്ഷപെട്ടു.. ഇല്ലെങ്കിലിപ്പോ വാഷ്‌ബേസിനല്ല, മൊത്തം വിമാനം തന്നെ കടലിലെറിയേണ്ട അവസ്ഥ വന്നേനേ..

    മറ്റൊരാൾ :-)

    ബിച്ചു നന്ദി

    ധനുഷ്‌ ഞാനാണെങ്കിൽ ഇടയ്ക്ക്‌ വാളുവെക്കുക എന്നുള്ള എക്സ്ട്രാ പരിപാടിയും കൂടി നിർവഹിക്കുന്നുണ്ടായിരുന്നു.. ബാക്കിയെല്ലാം സേം സേം :-)

    Babu kalyanam താങ്ക്സ്‌

    നീലകുറിഞ്ഞി 'കൊച്ചുത്രേസ്യയുടെ കാലം' എന്നൊക്കെ കേൾക്കുമ്പ്പോൾ ആകെയൊരു രാജരാജകൊച്ചുത്രേസ്യ ഫീലിംഗ്‌. നോം സന്തുഷ്ടായായിരിക്കുന്നു. ആരവിടെ.. നീലക്കുറിഞ്ഞിക്ക്‌ ഒരു ചാക്ക്‌ സ്വർണ്ണനാണയം കൊടുക്കാൻ നോം ഉത്തരവിട്ടിരിക്കുന്നു..

    പ്രദീപ്‌ ജാഡയുടെ കാര്യത്തിൽ മാത്രം ഞാൻ ഒരിക്കലും കോമ്പ്രമൈസ്‌ ചെയ്യാറില്ലാന്ന്‌ ഇപ്പോൾ മനസിലായല്ലോ :-)

    jayanEvoor ഹാവൂ ആശ്വ്വാസമായി.. എന്നെപ്പോലുള്ള നവ-വാളുകൾക്ക്‌ ഇതു പോലുള്ള പ്രോത്സാഹനം അത്യാവശ്യമാണ്‌ :-)

    കൊസ്രാക്കൊള്ളീ ഞാൻ ഒളിച്ചോടിപ്പോയത്‌ ശ്രദ്ധിച്ചവരും ബൂലോകത്തിലുണ്ടല്ലോ പെരുത്ത്‌ സന്തോഷം..

    കൊച്ചുതെമ്മാടീ ഉവ്വുവ്വ്‌.. ഒരൊറ്റ അനുഭവം കൊണ്ട്‌ ഞാനീ കുടിയൻമാരുടെ ഫാനായിപ്പോയി :-)



    ഹാഫ്‌ കള്ളാ ആയുധം വെച്ചു തുടങ്ങീന്ന്‌!! ഹ ഹ..

    ഹരിത്‌ ദുഷ്ടാ അപ്പോൾ ഞാൻ വടിയായീന്നും മോഹിച്ചിരിക്കുകയായിരുന്നില്ലേ.. ഇനി നോക്കിക്കോ.. എത്ര വലിയ ബ്രേക്കെടുത്താലും ഇടയ്ക്കിടയ്ക്കു വന്നു 'ഞാൻ ചത്തില്ലാ' എന്നും പറഞ്ഞ്‌ പോസ്റ്റിടും :)

    വേദവ്യാസാ യൂ ടൂ.... (കണ്ണു തുടയ്ക്കുന്നു...മൂക്കു ചീറ്റുന്നു..)

    haaari അത്രയുമേയുള്ളൂ.. ബിലാഹ്തി ഒരു വഴിക്കായീന്ന്‌ ഉറപുവരുത്തീട്ടേ ഞാൻ ഇനി തിരിച്ചു വരൂ..

    കുമാരൻ നന്ദി

  58. കൊച്ചുത്രേസ്യ said...

    jobinbasani അങ്ങനെ എപ്പോഴുമൊന്നും സമയം കിട്ടാറില്ല.. പിന്നെ ഇടയ്ക്കിടക്ക്‌ കഷ്ടപ്പെട്ടു ബുദ്ധിമുട്ടി ഇത്തിരി സമയം കണ്ടെത്താറുണ്ട്‌ :-)

    ചെലക്കാണ്ട്‌ പോടാ ബ്ലോഗാണെന്നു വച്ച്‌ ഉള്ള അഹങ്കാരം കാണിക്കാതിരിക്കാൻ പറ്റുമോ.. ഹല്ല പിന്നെ..

    Dhanya ലണ്ടൻ വിശേഷങ്ങൾ ഒന്നും മിസ്സാവാതെ ബ്ലോഗിലെത്തിക്കാൻ ഞാൻ പരമാവധി ശ്രമിക്കാം :-)

    അച്ചായാ അങ്ങനാണെങ്കിൽ ഇനീം ചെയ്യാനുള്ള പണി നേരാംവണ്ണം ചെയ്യാതിരിക്കാൻ ഞാൻ മാക്സിമം ശ്രമിക്കുന്നതാണ്‌ ;-)

    Lekha നന്ദി

    ബിനോയ്‌ അതെ അതുതന്നെ.. വരാനുള്ളതൊന്നും വഴിയിൽ തങ്ങൂല്ല :-(

    Ammus താങ്ക്സുണ്ടേ..

    vnkovoor ഓഹോ ഇതിന്‌ അങ്ങനെയും ഒരു സ്റ്റേജുണ്ടോ!! 'ഈ കിക്കർ അടിക്കുന്ന' സ്റ്റേജിലേക്കെത്താൻ എന്താണ്‌ ചെയ്യേണ്ടത്‌ ഗുരോ?

    Diya :-)

    malayaali നന്ദി.

    Nambiar ആർപ്പോ ഇർറോ‍ാ :-)

    അഭിമന്യു ഞാൻ ഒന്നു ശിഷ്യപ്പെട്ടോട്ടേ?

    Rajesh ഉണ്ട്‌ കുഞ്ഞേ ഉണ്ട്‌ :-))

    junaith ഉവ്വ..ഞാനില്ലാതെ ഇവിടിയന്നുമങ്ങോട്ടു ശരിയാകില്ല.. അതാ തിരിച്ചു വന്നത്‌.. എല്ലായിടത്തും എന്റെ കൈ തന്നെ എത്തണംന്നുപറഞ്ഞാൽ എന്തു ചെയ്യും :-)

    കേഡി കത്രീന ചിലപ്പോൾ അതായാ‍ീക്കും സത്യം.. ച്ഛേ..ആ വൈനിനോട്‌ ഒന്നു ചോദിച്ച്‌ സത്യാവസ്ഥ മനസിലാക്കാമായിരുന്നു..

    ചേച്ചിപ്പെണ്ണേ.. ആരാ ഈ മമ്മൂട്ടി.. കേരളത്തിലെ വല്ലപ്രജയുമാണോ. (മമ്മൂട്ടി ഫാൻസുകാരേ നിങ്ങളിതു കേട്ടിട്ടില്ല കേട്ടോ..)

    Shyamchandrathil തുടങ്ങിവെച്ച കഥയൊക്കെ ഇനി ബാക്കി വല്ലവരും വന്ന്‌ പൂർത്തിയാക്കിത്തരുമോ..പെടെന്ന്‌ എഴുതിത്തീർത്ത്‌ ധൈര്യമായി പോസ്റ്റാക്കെന്നേ..

    jyo നന്ദി

    naisy താങ്ക്സ്‌.. ബ്ലോഗോക്കെ അതാതിന്റെ സമയത്തു വന്നുകൊണ്ടേയിരിക്കും കേട്ടോ :-)

    വാസുദേവ്‌ എന്നെ അസോസിയേഷന്റെ പ്രസിഡന്റാക്കാമോ.. എന്നാലേ ഈ പദവി ഞാൻ സ്വീകരിക്കൂ..

    കുഞ്ഞൻസ്‌ എന്തുചെയ്യാം..എവിടെ പോയാലും എന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കണം എന്നുള്ളത്‌ എന്റെ ഒരു വീക്ക്‌നെസ്സായിപ്പോയി :-))

    ഉപാസനാ അങ്ങനെ കംപ്ലീറ്റങ്ങോട്ട്‌ ആയിട്ടില്ല.. ജസ്റ്റ്‌ തുടങ്ങീട്ടേയുള്ളൂ :-))

    ഗിനി അങ്ങനെ ഞാൻ കാരണം ഗൾഫ്‌ എയറിന്‌ ഒരു കസ്റ്റമറെ കൂടി കിട്ടി.. ഗൾഫ്‌ എയറേ കമ്മീഷൻ കമ്മീഷൻ..

    poor-me സ്ത്രീപുഷ്വസമത്വം നേടിയെടുക്കാൻ വേണ്ടി ആദ്യമായി വാളുവച്ച ത്യാഗിനി എന്ന നിലയ്ക്ക്‌ എന്നെ ഗിന്നസ്‌ ബുക്കിലേക്കു വലിച്ചു കയറ്റുന്നതിനെപറ്റി എന്താണഭിപ്രായം :-)

  59. Anonymous said...

    Ente Koche... ithokke dheeramayi kaikaryam cheyyendathalle.. pedikkathe munnottu munnottu poku.. ee njan undu koode..

    Pinne.. adyamadyam ithoru vishamamaaa .. pinne pinne ellam sheelamakum...
    ella aashamsakalum..

    nalla oru kudiyathiyakatte...!

  60. പിരിക്കുട്ടി said...

    ഹല്ലോ കൊച്ചു
    ഇവിടെ ഒക്കെ ഉണ്ടല്ലേ ....
    വീണ്ടും ബിലാത്തി വിശേഷങ്ങള്‍ എഴുത്‌ട്ട .....

    വാളു വെച്ചല്ലോ കൊച്ചു കഷ്ടം ...ക്രിസ്ത്യാനികളുടെ പേര് കളഞ്ഞു
    ഇപ്പോള്‍ മനസ്സിലായില്ലേ "അഹങ്കാരം അധപതനം "... എന്ന് അടുത്തിരുന്ന ചേച്ചി വൈറ്റ് വൈന്‍ ചോദിച്ചപ്പോള്‍ നമുക്ക് കുറക്കാന്‍ പറ്റൊല്ലേ സ്റ്റെയില് കാണിക്കാന്‍ റെഡ് വൈന്‍ ചോദിച്ചതല്ലേ അതല്ലേ വാളുകാരി വാളു വെച്ചത് ...എനിക്കാ കമന്റ്‌ റിപ്ല്യ്‌ ഇഷ്ടം ആയിട്ടാ " നീലകുറിഞ്ഞി 'കൊച്ചുത്രേസ്യയുടെ കാലം' എന്നൊക്കെ കേൾക്കുമ്പ്പോൾ ആകെയൊരു രാജരാജകൊച്ചുത്രേസ്യ ഫീലിംഗ്‌. നോം സന്തുഷ്ടായായിരിക്കുന്നു. ആരവിടെ.. നീലക്കുറിഞ്ഞിക്ക്‌ ഒരു ചാക്ക്‌ സ്വർണ്ണനാണയം കൊടുക്കാൻ നോം ഉത്തരവിട്ടിരിക്കുന്നു"
    പിന്നെ എന്റെ വക ക്രിസ്തുമസ് പുതുവത്സരാശംസകള്‍ ... കേക്ക് ഒക്കെ ഉണ്ടാക്കി ഒരു പോസ്റ്റ്‌ കൂടെ ഇട് ഇത്രേം delay വേണ്ട കേട്ടോ we r missing u

  61. Unknown said...

    നന്നായി.......... ഈ വിമാനാനുഭവം

  62. ഭൂമിപുത്രി said...

    'Alcoholics Anonymous' നെപ്പറ്റി കേട്ടുകാ‍ണൂല്ലൊല്ലേ? അത്യാസന്നമാവുമ്പൊ ഗൂഗിള് ചെയ്താമതീ ബാംഗ്ലുരെ ബ്രാഞ്ച് കണ്ടുപിടിയ്ക്കാം.

  63. Unknown said...

    കൊച്ചേച്ചി..ഓര്‍മ്മയുണ്ടോ...???

    അപ്പോള്‍ ഇപ്പോ വീണ്ടും ബിലാത്തിയിലാണല്ലേ..കൊള്ളാം..അവിടേ അങ്ങു സ്ഥിരതാമസമാക്കി കൂടേ... :)

  64. വിഷ്ണു | Vishnu said...

    വീണ്ടും യു കെ യില്‍ ലാന്‍ഡ്‌ ചെയ്തതേ കിടിലം ഐറ്റം ആയി ആണെല്ലോ...വൈന്‍ എഫ്ഫക്റ്റ്‌ കലക്കി!! നമുക്ക് ഇവിടെ ഒരു ബ്ലോഗേഴ്സ് മീറ്റ്‌ നടത്താം ...അന്നെരോം റെഡ് വൈന്‍ തന്നെ ഓര്‍ഡര്‍ ചെയ്യണം ;-)

  65. സുമേഷ് | Sumesh Menon said...

    കൊച്ചേച്ചിയേ, ഇബടെ ആദ്യാ...
    കുറെ ഭക്ഷണം അങ്ങു ചെന്നാല്‍ നേരത്തേ ചെന്നു കയറിയ വൈനിനെ എന്റെ വയറങ്ങ്‌ മറന്നാലോ..
    :)
    ഹതു കലക്കി...!!!

  66. കാര്‍ത്ത്യായനി said...

    welcome back!

  67. Liju Kuriakose said...

    banna thirichu,


    Ingalu oru beemana campany angattu thodangiinnu. Athalle lafam.

  68. ദീപ്സ് said...

    ബോറടിക്കാതെ വായിച്ചു... :)

  69. ഹരിയണ്ണന്‍@Hariyannan said...

    നന്നായി “വരൂ”!!
    :)

    പുതുവത്സരാശംസകള്‍!

  70. കേഡി കത്രീന said...

    തലക്കെട്ടിൽ "വ" വിട്ടുപോയി കൊച്ചു

  71. ഏറനാടന്‍ said...

    ഇങ്ങനെ ഒരു ബ്ലോഗിണി ഈ ബൂലോക ദുനിയാവിൽ ഉണ്ടല്ലൊ എന്ന സംഗതി വിസ്മരിച്ചുതുടങ്ങിയപ്പോഴാ ഏതോ ലിങ്ക് വഴി വീണ്ടും വന്നത്.

    അപ്പോ ബംഗലൂരു വിട്ട് ബഹ്‌റൈൻ വഴി ലണ്ടനിലെത്തിയല്ലേ.. വിജയീ ഭവ:

    വാളുവെക്കുന്നതും ഒരു കലയല്ലേ?

  72. ഭ്രാന്തനച്ചൂസ് said...

    ഹോ ...അപ്പോ ഇനി കമ്പനി തരാല്ലോ അല്ലേ..? ഒരു ചിയേര്‍സ് മുന്‍ കൂറായി പിടിച്ചോ...!!

    നന്നായീട്ടോ...

  73. Unknown said...

    ഇവിടെ ആദ്യമായിട്ടാണ് വരുന്നത് കേട്ടോ .പലരും പറഞ്ഞിരുന്നു പുലിയാണെന്ന് .ഇപ്പോഴല്ലേ മനസിലായത് പുപ്പുലിയാണെന്ന്..പോസ്റ്റ്‌ നന്നായിരിക്കുന്നു ..

  74. smitha adharsh said...

    അത് കലക്കീല്ലോ..

  75. ഒഴാക്കന്‍. said...

    athu thakarthhu!!

  76. H1B Express :) said...

    അടിപൊളി. ചിരിച്ചു ചിരിച്ചു ഒരു വിധം ആയി. മലയാളം അറിയാത്ത എന്റെ കളത്രം ഇവിടെ എനിക്ക് എന്ത് പറ്റി എന്നത് അറിയാതെ കണ്ണ് തള്ളി നില്‍ക്കുന്നു :)

  77. നീലത്താമര said...

    ഗള്‍ഫ്‌ എയറിന്‌ അപ്പോള്‍ ലണ്ടനിലേക്ക്‌ വേറെ മുഖമാണല്ലേ? എന്തായാലും ഞങ്ങളിപ്പോള്‍ യാത്ര എമിറേറ്റ്‌സിലേക്ക്‌ മാറ്റി. ഗള്‍ഫ്‌ എയറിനേക്കാള്‍ ഭേദമാ കേട്ടോ.

  78. Nidhi,,, said...

    ayyo kochee nenta karayam,,,,,

  79. Rahul C Raju said...
    This comment has been removed by the author.
  80. Rahul C Raju said...

    Hi Lady,
    Hw come u hav not blogged of late ??

    Continue postin dear... U hav got pretty amazin humour sense and an awesome choice of words... Make use of it ...

    HATS OFF .....

  81. kARNOr(കാര്‍ന്നോര്) said...

    കൊച്ചേ

    മാസം മൂന്നു കഴിഞ്ഞു (എനിയ്ക്കോ കൊച്ചിനോ അല്ല) ഈ പോസ്റ്റ് വെളമ്പീട്ട്.

    അടുത്ത ചീട്ടെറക്ക്

    ഒഴപ്പാണല്ലേ ????

  82. mazhamekhangal said...

    kollam kochu thessiae...

  83. പരിത്രാണം said...

    ലേറ്റായാലും ലൈറ്റസ്റ്റായി പറയാണു സംഭവം കലക്കി വിവരണം അതുഗ്രൻ വിമാനയാത്ര ചെയ്യുന്നവർക്ക് ഇതിലും നല്ലൊരു വിവരണം ഇനി ലഭിക്കാനില്ല.
    എന്തായാലും അതൊരു ശീലമാക്കണ്ട വിമാനയാത്രയല്ല വൈൻ കഴിക്കുന്നത്.

  84. chinthakan said...

    അല്ല.. കൊച്ചു ബ്ലോഗ്‌ പരിപാടി നിര്‍ത്തിയോ? അതോ ഓഫീസില്‍ ഇമ്മിണി പണിയുണ്ടോ?അടുത്ത പോസ്റ്റ്‌ കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു..ശെരിക്കും...

  85. വരയും വരിയും : സിബു നൂറനാട് said...

    ആയുധം(വാള്‍) വെച്ച് കീഴടങ്ങിയോ...? പുതിയ പോസ്റ്റ്‌ ഒന്നുമില്ലെ..??

  86. Anonymous said...

    ഹോ.........കലക്കന്‍ ശൈലി......ബഷീര്‍ സാഹിത്യം വായിച്ചിരിക്കുന്ന പോലെ നല്ല രസമുണ്ട് കേട്ടോ.........മനസ്സീന്നെടുത്തു വാല് വെച്ച പോലുണ്ട് ഓരോ വരികളും........

  87. മന്‍സു said...

    ബൂലോകത്ത് കന്നിപ്പയ്യനാണ്. നന്നായിരിക്കുന്നു.

  88. Muralee Mukundan , ബിലാത്തിപട്ടണം said...

    പ്രിയരെ ഈ വരുന്ന ഞായറാഴ്ച്ച മെയ് ഒമ്പതിന്, നമ്മൾ ബ്രിട്ടൻ മല്ലു ബ്ലൊഗ്ഗേഴ്സ് ഒന്ന് ഒത്തുകൂടി സൗഹൃദം പങ്കുവെക്കുന്ന കാര്യം അറിഞ്ഞുകാണുമല്ലോ. രാവിലെ പത്തരക്ക് ‘ആശദോശയിൽ’ പോയി പുട്ടടിച്ച്,മസാല ദോശ തിന്ന് പ്രദീപ് നമ്മുടെ ബ്ലോഗ്ഗീറ്റ് സോറി ബ്ലോഗ് മീറ്റ് ഉൽഘാടനം ചെയ്യുന്നതാണ്. ശേഷം വെടിപറയൽ,ഈസ്റ്റ് ഹാം കറങ്ങൽ മുതലായ കലാപരിപാടികൾ. ഉച്ചഭക്ഷണത്തിനുശേഷം യുകെയിലെ മലയാളി സാഹിത്യസദസ്സുമായി പരിചയപ്പെടലും,ചർച്ചയും,കൊച്ചുകലാപരിപാടികളും.
    നാ‍ലുമണിക്ക് അന്ന് ലണ്ടനിൽ റിലീസ് ചെയ്യുന്നമലയാളം (മോഹൻലാൽ-പ്രിയ-സുരേഷ് ഗോപി) സിനിമ 'ജനകന്‍ 'കാണൽ.ഏഴുമണിക്ക് സഭ പിരിയുന്നതാണ്
    Date&Time :- 09-05-2010 & 10.30am To 19.00 pm
    Venue&Place:- AsaiDosai Kerala Restuarant,3 Barking Road,EastHam,London, E 6 1 PW.
    :-Boleyn Cinema Comlex,5 Barking Road,EastHam,London, E 6 1 PW.
    How to get here ?:- Catch Distrct or Hammersmith&City Underground Trains towards Eastbound(Barking or Upminister ) staydown at Upton Park TubeStation ,turn right walk 5 mints& there is Boleyn (near WestHam Football stadium) or Contact
    Muralee :-07930134340
    Pradeep :-07805027379
    Vishnu :-07540426428

  89. C.K.Samad said...

    കൊച്ചൂ...ലെണ്ടന്‍ മലയാളീ ബ്ലോഗേര്‍സ് മീറ്റില്‍ വെച്ച് നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. എഴുത്തിന്റെ ശൈലിപോലെതന്നെ ആളെ കണ്ടപ്പോഴും തോന്നിയത്......ഒരു കാ‍ന്താരി....!!
    എല്ലാ ആശംസകളും....ഇനിയും ആശായ്-ദോശേയിലെ മസാലദോശ തിന്നാന്‍ യോഗമുണ്ടാവട്ടെ. അന്നത്തെപോലെ മൂക്കറ്റം തിന്ന് പിന്നെ നടക്കാന്‍ പറ്റാതെ വരരുത്. തിന്നുമ്പോള്‍ വയറു വടകക്കല്ലെന്നുള്ള ഓര്‍മ്മ നന്നാവും.....

  90. siya said...

    എല്ലാം വായിക്കാന്‍ ത്തനെ ആണ് ഇവിടെ വന്നതും ,ഒന്ന് വായിച്ചപോള്‍ തന്നെ മനസിലായി ,ഞാന്‍ ഇവിടെ എത്താന്‍ വളരെ താമസിച്ചുപോയി എന്ന് .ബ്ലോഗേഴ്സ് മീറ്റില്‍ കണ്ടപോളും ,ഒരു വാക്ക് പോലും കൂടുതല്‍ സംസാരിക്കാനും ,പരിചയപെടാനും സമയം കിട്ടിയില്ല .എല്ലാത്തിനും പകരമായി എനിക്ക് ഇവിടെ വരാന്‍ സമയം ഉണ്ടാവും .എല്ലാ വിധ ആശംസകളും ...

  91. Manoraj said...

    സത്യം പറയാല്ലോ.. ആദ്യമായിട്ടാ ഇവിടെ.. അതും ബിലാത്തി മീറ്റിൽ നിങ്ങൾക്കൊരു ഹീറോ പരിവേഷം ചാർത്തിയുള്ള കമന്റുകളും പോസ്റ്റുകളും കണ്ടത് കൊണ്ട്.. ക്ഷമിക്കണം.. അത് എന്റെ അറിവില്ലായ്മയായി.. കാഴ്ചക്കുറവായി.. പോസ്റ്റ് വായിച്ചു. വെള്ളമടി ആരോഗ്യത്തിനു ഹാനികരം എന്ന് പറഞ്ഞിട്ട് പോകുന്നു പിന്നെ വരാം.. ബാക്കി വായിക്കണ്ടേ.. ഹ..ഹ

  92. Josjin said...

    Gollam...

  93. Anish Philip said...

    വളരെ വൈകിയാണ് ഒരു പക്ഷെ ഞാന്‍ ഇത് വായിച്ചത്....വളരെ നന്നായിരിക്കുന്നു. ഓഫീസില്‍ പണിയില്ലാത്ത സമയത്ത് വായിച്ചത് കൊണ്ടാണോ എന്ന് അറിയില്ല ഒറ്റയ്ക്കിരുന്നു ചിരിച്ചു,,,,,,ഹ ഹ

  94. Anish Philip said...

    വളരെ വൈകിയാണ് ഒരു പക്ഷെ ഞാന്‍ ഇത് വായിച്ചത്....വളരെ നന്നായിരിക്കുന്നു. ഓഫീസില്‍ പണിയില്ലാത്ത സമയത്ത് വായിച്ചത് കൊണ്ടാണോ എന്ന് അറിയില്ല ഒറ്റയ്ക്കിരുന്നു ചിരിച്ചു,,,,,,ഹ ഹ