Tuesday, May 25, 2010

ഇറ്റാലിയൻ വിശേഷങ്ങൾ..(2)

വിമാനത്തിൽ കയറി രണ്ടു ജ്യൂസ്‌ കുടിച്ചു കഴിഞ്ഞപ്പോഴേക്കും ലാൻഡിംഗ്‌ അനൗൺസ്മന്റ്‌ വന്നു. ഇറ്റലിയിലെ മിലൻ എയർപോർട്ടിലെക്ക്‌ ഉടനെ തന്നെ ലാൻഡ്‌ ചെയ്യുമത്രേ.. ഞാൻ എത്തി വലിഞ്ഞു വിൻഡോയിലൂടെ നോക്കി.. ഇറ്റലിയുടെ വിശ്വപ്രസിദ്ധമായ ആ രൂപമുണ്ടല്ലോ- മെഡിറ്ററേനിയൻ സീയിലേക്കു ചവിട്ടി നിൽക്കുന്ന ഒരു ബൂട്ടിന്റെ രൂപം- അതിന്റെ വല്ല അറ്റവും വാലുമൊക്കെ കാണുമോന്നറിയാൻ.. പക്ഷെ കാര്യമായൊന്നും തടഞ്ഞില്ല.. ചിലപ്പോൾ കുറച്ചു കൂടി മുകളിൽ നിന്നു നോക്കണമായിരുന്നിരിക്കും. എന്തായാലും ദാ ഇറ്റലീടെ പടം താഴെ. ഞാൻ എടുത്തതൊന്നുമല്ല കേട്ടോ..


മിലനിൽ വിമാനമിറങ്ങിയതും ആകെയൊരു സന്തോഷം.. അങ്ങനെ ഞങ്ങൾ ആദ്യമായി ഇറ്റാലിയൻ മണ്ണിൽ കാലു കുത്തിയിരിക്കുകയാണ്‌. പക്ഷെ ഇവിടങ്ങനെ അധികനേരം സന്തോഷിച്ചു നിൽക്കാൻ പറ്റില്ല.. റോമിലേക്കുള്ള കണക്ടിംഗ്‌ ഫ്ളൈറ്റ്‌ അതിന്റെ പാട്ടിനു പോകും. ബാക്കി സന്തോഷപ്രകടനമൊക്കെ റോമിലെത്തിക്കഴിഞ്ഞിട്ടാവാമെന്ന്‌ തീരുമാനിച്ച്‌ ഞങ്ങൾ വേഗം തന്നെ അടുത്ത ഫ്ളൈറ്റിനുള്ളിൽ കയറി പറ്റി.ഒന്നിരുന്നു ലെവലായ പാടെ എയർഹോസ്റ്റസ്‌ ചേച്ചി ദാ ജ്യൂസും കൊണ്ടു വരുന്നു. കഴിഞ്ഞ വിമാനത്തിൽ വച്ചു കഴിച്ചു മതിയായ പൈനാപ്പിൾ ജ്യൂസിനെ മാറ്റി ഇത്തവണ ഓറഞ്ച്‌ ജ്യൂസ്‌ ഓർഡർ ചെയ്തു. ദാ വരുന്നു കഫ്സിറപ്പിന്റെ മാതിരി ചുവപ്പു കളറിലുള്ള ഒരു പാനീയം. അയ്യോ സാധനം മറിപ്പോയി ചേച്ചീ എന്നു പറയാൻ നാവെടുത്തതാണ്‌.. അപ്പോഴാണ്‌ തലചോറിൽ ഒരു ട്യൂബ്‌ലൈറ്റ്‌ ഓണായത്‌.. ദൈവമേ ഇത്‌ ഇത്‌.. ഇതല്ലേ അത്‌.. യൂറോപ്പിന്റെ -പ്രത്യേകിച്ചും ഇറ്റലി,സ്പെയിൻ എന്നിവിടങ്ങളിലെ- സ്പെഷ്യാലിറ്റിയായ ബ്ളഡ്‌ റെഡ്‌ ഓറഞ്ച്‌!! പണ്ടേതോ പാചകബ്ളോഗിൽ ഇതിനെ കണ്ടു കൊതി വിട്ടു നിന്നതാണ്‌.അതിതാ ജീവനോടെ മുന്നിൽ.. ഒരു ഗ്ളാസ്‌ ജ്യൂസും കൂടി മേടിച്ചു കുടിച്ചു.. ടേസ്റ്റൊക്കെ ഏതാണ്ട്‌ സാധാരണ ഓറഞ്ചിന്റേതൊക്കെ തന്നെ. എന്നാലും ഇനിയെപ്പോഴാ ഈ ചാൻസ്‌ കിട്ടുന്നതെന്നറിയില്ലല്ലോ.. ദാ നിങ്ങൾടേയും വിജ്ഞാനം വർദ്ധിപ്പിക്കാനായി അതിന്റെ പടം .

Image Courtesyhttp://timeinthekitchen.com

റോമിൽ നിലം തൊട്ടതും ആദ്യം ചെയ്തത്‌ വാച്ചിലെ സമയം ഒരു മണിക്കൂർ മുന്നോട്ടാക്കുകയാണ്‌. വെറുതെയൊന്നുമല്ല..ഇവിടെ ടൈംസോൺ GMT+1 ആണ്‌.. അതുകൊണ്ടന്താ.. ഒരു മുഴുവൻ മണിക്കൂർ സമയം ആർക്കും ഉപകാരമില്ലാതെ ഒറ്റയടിക്കു പോയിക്കിട്ടി (ഈ ടൈംസോൺ കണ്ടു പിടിച്ചവനെ ഭൂമദ്ധ്യരേഖക്കു ചുറ്റും പത്തു പ്രാവശ്യം ഓടിക്കണം..ഹല്ല പിന്നെ..). എയർപോർട്ടിൽ നിന്നും നേരെ റെയിൽവേസ്റ്റേഷനിലേക്ക്‌..പറയാൻ മറന്നു..റോമിൽ രണ്ടു എയർപ്പോർട്ടുകളുണ്ട്‌ കേട്ടോ.. -Fiumicino-യും Campino-യും (ഇതെങ്ങനെയാണ്‌ ഉച്ചരിക്കുകയെന്നു സത്യമായും എനിക്കറിയില്ല..). ഇതിൽ ആദ്യത്തേതിന്‌ ലിയനാർഡോ ഡാവിഞ്ചി എയർപോർട്ടെന്നും പേരുണ്ട്‌. അവിടെയാണ്‌ വിമാനം ഞങ്ങളെ കൊണ്ടു ചാടിച്ചിരിക്കുന്നത്‌. ഈ രണ്ട്‌ എയർപോർട്ടുകളും നഗരമധ്യത്തിൽനിന്നു കുറച്ചു വിട്ടിട്ടാണ്‌ .. എന്നാലും പേടിക്കാനില്ല.. ഫ്രീക്വന്റ്‌ ട്രെയിൻ സർവീസ്‌ ഉണ്ട്‌ രണ്ടിടത്തേക്കും. അതവിടെ നിൽക്കട്ടെ.. നമ്മക്ക്‌ കഥയിലേക്കു തിരിച്ചു വരാം. ഞങ്ങൾക്കു പോവേണ്ടത്‌ ഓസ്റ്റ്യൻസ്‌ (Osteince) സ്റ്റേഷനിലേക്കാണ്‌. ഏറ്റവും ദരിദ്രവാസി ട്രെയിനായ റീജിയയണൽ ആണ്‌ ഞങ്ങൾ സെലക്ട്‌ ചെയ്തത്‌.പക്ഷെ നല്ല വൃത്തീം വെടിപ്പുമുള്ള ട്രെയിൻ..ഒറ്റ പ്രശ്നമേയുള്ളൂ..ട്രെയിനിന്റെ എല്ലാ ജനലുകളിലും കലാപരമായി പെയിന്റു കൊണ്ടു ഓരോരോ ചിത്രപ്പണികൾ.കംപ്ളീറ്റ്‌ കാഴ്ചയും മറച്ചു കൊണ്ട്‌.. പൊതുജനങ്ങളുടെ വക അവരെക്കൊണ്ടു കഴിയുന്ന പോലുള്ള ഗ്രാഫിറ്റികൾ.. ഒരു മാതിരി എല്ലാ കമ്മ്യൂട്ടർ ട്രെയിനുകളും ഇക്കൂട്ടർടെ പെയിന്റിംഗ്‌ ക്യാൻവാസാണെന്നു തോന്നുന്നു. പക്ഷെ സത്യം പറയാലോ.. കാണാൻ നല്ല ഭംഗിയാണ്‌ ഈ മൾടികളർ ട്രെയിനുകളെ.. വിൻഡോയിൽ ഒക്കെ സ്റ്റൈലൻ നിറങ്ങൾ വാരിപ്പൂശിയിരിക്കുന്നതു കൊണ്ട്‌ ഒരുമാതിരി ഡിസ്കോയിലിരിക്കുന്നതു പോലെ ആണ്‌ ട്രെയിനിനകത്തിരിക്കുമ്പോൾ..എന്തായാലും എനിക്കിഷ്ടപ്പെട്ടു സംഭവം


ട്രെയിനുള്ളിൽ തന്നെ ഓരോ സ്റ്റേഷനുമെത്തുമ്പോൾ അനൗൺസ്‌ ചെയ്യുന്നതു കൊണ്ട്‌ പുറത്തേക്കു നോക്കി സ്റ്റേഷന്റെ പേര്‌ വായിച്ചെടുക്കെണ്ട കാര്യവുമില്ല. സ്റ്റേഷനുകൾടെ പേരു ഡിസ്പ്ളേ ചെയ്യുന്നത്‌ വായിച്ചും കേട്ടുമൊക്കെ ട്രെയിനിൽ വച്ചു തന്നെ ഞങ്ങൾക്ക്‌ ഇറ്റാലിയൻ ഭാഷയിലുള്ള അവഗാഹം അങ്ങോട്ട്‌ അപാരമായി വർദ്ധിച്ചു കേട്ടോ.. ഇറ്റാലിയനിലെ ആദ്യപാഠം ഇതാണ്‌. ഈ ഭാഷയിൽ, നമ്മുടെ അക്ഷരമാലയിലെ ‘ടഠഡഢ’ എന്നീ കഠിന ശബ്ദങ്ങളൊന്നുമില്ല.. അതിനു പകരം ‘തഥദധ’ ഈ ശബ്ദങ്ങളാണ്‌.. അതുപോലെ ‘റ്റ’ക്കു പകരവും ‘ത’ ആണ്‌. അതായത്‌ ഇറ്റലി-ക്ക്‌ അവർ ഇത്തലി എന്നാണു പറയുന്നത്‌ .പിന്നെ, ഓരോ വാക്കിലെയും അക്ഷരങ്ങൾ വള്ളിപുള്ളി വിടാതെ ഉച്ചരിക്കണമെന്നു അവർക്കു നിർബന്ധമാണ്‌.. ഇടക്കിടക്ക്‌ ഓരോ വവൽസിനെ പിടിച്ച്‌ സൈലന്റാക്കുന്ന സാധാരണ ഇംഗ്ളീഷ്‌ ക്രൂരകൃത്യങ്ങളൊന്നും ഇവിടെ പറ്റില്ല .ഒറ്റ അക്ഷരം പോലും വേസ്റ്റാക്കരുതെന്നു ഇറ്റലിക്കാർക്ക്‌ വല്യ നിർബന്ധമാണ്‌. ഒരുദാഹരണത്തിന്‌ Osteince - എന്നതിനെ ഉള്ള വിവരം വച്ച്‌ നമ്മള്‌ 'ഓസ്റ്റ്യൻസ്‌' എന്നു വിളിക്കും.. എന്നാൽ ഇറ്റലിക്കാർ അതിനെ 'ഓസ്തായാൻസെ' എന്നേ വിളിക്കൂ.. അദാണ്‌. അതുപോലെ ചില സ്ഥലപ്പേരിനൊക്കെ ഇത്തിരി മുറുക്കം കൂടുതലാണെന്നു തോന്നീട്ടാണോ എന്തോ, ഓരോ വവൽസൊക്കെ അവിടേം ഇവിടേം ഒക്കെ ഇട്ട്‌ ഒന്നു ലൂസാക്കിയെടുക്കും ഇവിടുത്തുകാർ. അങ്ങനെയാണ്‌ ഇറ്റാലിയനിലേക്കു വരുമ്പോൾ റോം റോമായും, മിലൻ മിലാനോ-യും, നേപിൾസ്‌ നപോളിയുമൊക്കെ ആയി മസിലൊന്ന്‌ അയച്ചു പിടിക്കുന്നത്‌.

ഓ.കെ.. അങ്ങനെ ട്രെയിനിൽ വച്ചു ഫ്രീ ആയി കിട്ടിയ ഇറ്റാലിയൻ പരിജ്ഞാനവും അതിന്റെ ഫലമായുണ്ടായ വാനോളം ആത്മവിശ്വാസവുമായി ഞങ്ങൾ ഓസ്ത്യാൻസെ സ്റ്റേഷനിലിറങ്ങി. ഇനിയൊക്കെ എനിക്കു കാണാപ്പാഠമാണ്‌. സ്റ്റേഷനു മുന്നിലെ പിയാസയിലേക്കു പോണം .716 നംബർ ബസ്‌ പിടിക്കണം.രണ്ടാമത്തെ സ്റ്റോപ്പ്‌ ഞങ്ങൾടെ ഹോട്ടൽ. (പിയാസയോ..അതാര്‌!! എന്നന്ധാളിച്ചിരിക്കുന്ന നിരക്ഷരകുക്ഷികൾക്കായി- പിയാസ (piazza )എന്നു വച്ചാൽ സ്ക്വയർ. അതായതു നമ്മുടെ കോഴിക്കോട്‌ മാനാഞ്ചിറ സ്ക്വയറിനെ ഇറ്റലിക്കാരുടെ കയ്യിൽ കിട്ടിയാൽ അവരതിനെ ‘പിയാസാ മാനാഞ്ചിറേ’ എന്നു വിളിക്കും. ഇപ്പോൾ മനസിലായില്ലേ. ഈ പിയാസകൾ ഇറ്റലിയുടെ ജീവനാഡികളാണ്‌. അതാണ്‌ ഇവിടുത്തെ ലാൻഡ്‌ മാർക്കുകൾ.. ഇറ്റാലിക്കാരുടെ കലാബോധത്തിന്റെ ഉദാഹരണങ്ങളാണ്‌ ഈ സ്ക്വയറുകൾ.. ഓരോന്നിലും എന്തെങ്കിലും ഉണ്ടാകും- നോക്കുന്നവരെ ‘ ശ്ശോ എന്തൊരു ഭംഗി എന്നു പറയിക്കാതെ ഒരു പിയാസയും വിടില്ല. ഒന്നുകിൽ ഒരു ശില്പം, അല്ലെങ്കിൽ ഒരു ഫൌണ്ടെയ്ൻ, ഒന്നുമില്ലെങ്കിൽ ഒരു കൊച്ചു പൂന്തോട്ടം.കണ്ണിനു വിരുന്നായി എന്തങ്കിലുമുണ്ടാകും അവിടെ. ചുമ്മാതല്ല കേട്ടോ.. ഇതിൽ കുറെയെണ്ണം ഡിസൈൻ ചെയ്തിരിക്കുന്നത്‌ ഡാവിഞ്ചിയും ബെർനിനിയും പികാസോയും മൈക്കലാഞ്ചലോയും ഒക്കെയാണ്‌. പിന്നെങ്ങനെ മോശം വരാൻ.).

അപ്പോൾ പറഞ്ഞപോലെ സ്റ്റേഷനു മുന്നിലുള്ള പിയാസയിലെക്ക്‌ ഞങ്ങൾ വലതു കാലു വച്ചിറങ്ങി. അതിനെ ചുറ്റിയാണ്‌ റോഡ്‌. ബസുകൾ വന്നും പോയുമൊക്കെ ഇരിക്കുന്നുണ്ട്‌,. ഞങ്ങൾടെ 716 മാത്രം കാണാനില്ല. അവസാനം ഞങ്ങൾ പൊതുജനങ്ങളുടെ സഹായം തേടാൻ തന്നെ തീരുമാനിച്ചു. ആദ്യം കിട്ടിയത്‌ വയസായ രണ്ടമ്മൂമ്മമാരെ. അവരെ സംബന്ധിച്ചിടത്തോളം ഇംഗ്ളീഷ്‌ എന്നൊരു ഭാഷയേ എക്സിസ്റ്റ്‌ ചെയ്യുന്നില്ല. എന്നാലും ഞങ്ങൾ പ്രതീക്ഷ കൈവിടാതെ 716 എന്നെഴുതികണിച്ചു കൊടുത്തു( അതിനെ റോമൻ അക്കത്തിലേക്കു മാറ്റാൻ ഞാൻ ഒന്നു ശ്രമിച്ചു നോക്കിയതാണ്‌.. പക്ഷെ എന്നെകൊണ്ടു പറ്റിയില്ല). എന്തായാലും അക്കത്തിലെഴുതീപ്പോൾ അമ്മൂമ്മമാർക്കു മനസിലായി. രണ്ടു പേരും മത്സിച്ചു കുറെ ഗൈഡൻസ്‌ തന്നു. അതിൽ ആകെ ഞങ്ങൾക്കു മനസിലായതു ’പിയാസ‘ എന്നതു മത്രം!! താങ്ക്സ്‌ പറഞ്ഞ്‌ അവരെ ഒഴിവാക്കിയതിനു ശേഷം ഞങ്ങൾ അടുത്ത ആളെ പിടികൂടി. അങ്ങേരു പിന്നെ ഞങ്ങളെ കണ്ടതും ’നോ ഇംഗ്ളീഷ്‌ ' എന്നും പറഞ്ഞ്‌ സ്ഥലം കാലിയാക്കി. പിന്നങ്ങോട്ട്‌ കണ്ണിൽ കണ്ടവരോടെല്ലാം വഴി ചോദിക്കൽ യജ്ഞമായിരുന്നു. വഴി കിട്ടിയില്ലെങ്കിലും മർമപ്രധാനമായ മൂന്നു ഇറ്റാലിയൻ വാക്കുകൾ ഞങ്ങൾ പഠിച്ചു- സീ (yes) , ഗ്രാസ്യാസ്‌(thanks), ബോൻജ്യോന്നോ (good day). പിന്നങ്ങോട്ടു ഇതു മൂന്നും വച്ചുള്ള പയറ്റായിരുന്നു. ഞങ്ങൾടെ കുറെ 'സീ'കളും 'ബൊൺജ്യോന്നോ'കളും വേസ്റ്റായതല്ലാതെ കാര്യമായ പുരോഗതി ഒന്നും ഉണ്ടായില്ല. നാലു ദിവസം കൊണ്ടു ഇറ്റലി ഓടിനടന്നു കാണാൻ വന്ന ഞങ്ങളാണ്‌.. ലക്ഷണം കണ്ടിട്ടു നാലു ദിവസവും ഈ പിയാസയെ ചുറ്റുചുറ്റി ജീവിതം പാഴയിപ്പോവാനാണ്‌ എല്ലാ സാധ്യതയും. വെയ്റ്റ്‌.. അവസാനത്തെ കച്ചിതുരുമ്പു പോലെ ദാ നിൽക്കുന്നു രണ്ടു കന്യാസ്ത്രീകൾ. നാടെങ്ങും പോയി പ്രേക്ഷിത പ്രവർത്തനം നടത്താൻ നിയുക്തരായവരല്ലേ.. അപ്പോൾ എന്തായാലും ഇംഗ്ളീഷ്‌ അറിയാമായിരിക്കും. എന്നൊക്കെ ഞങ്ങള്‌ വെറുതേ മനക്കോട്ട കെട്ടീതാണെന്നു സംസാരിച്ചു തുടങ്ങീപ്പോഴേ മനസിലായി. എന്നാലും പ്രതീക്ഷ കൈവിട്ടു പോവാതിരിക്കാൻ ഞാൻ മാക്സിമം ശ്രമിച്ചു. ‘കാതു കുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരൂടീ പെങ്കൊച്ചേ’ എന്ന്‌ എന്റെ വല്യമ്മച്ചി ഇടകിടക്കേ പറയാറുണ്ട്‌.. ആ ഒരു ധൈര്യവും മുറുകെ പിടിച്ചു ഞങ്ങൾ ആ പിയാസയിലൂടെ ഒരിംഗ്ളീഷുകാരൻ/കാരിയെയും തേടി അലഞ്ഞു.അവസാനം കിട്ടി ഒരു ചേട്ടനെ.. അങ്ങേർക്‌ ഇംഗ്ളീഷ്‌ കേട്ടാൽ മനസിലാവും.. പക്ഷെ പറയാൻ അറിയില്ല. കോളമ്പോ ക്രിസ്റ്റഫറോ (ഞങ്ങൾക്കു പോവേണ്ട സ്ഥലം)-ലേക്കു എങ്ങനെ എത്തിച്ചേരുമെന്നുള്ള ചോദ്യം അങ്ങേർക്കു മനസിലായെങ്കിലും പറഞ്ഞ ഉത്തരം ഞങ്ങൾക്കു പിടികിട്ടിയില്ല.കുറ്റം പറയരുതല്ലോ.. ആ ചേട്ടൻ മാക്സിമം ശ്രമിച്ചു. പാവത്തിന്റെ കഷ്ടപ്പാട്‌ കണ്ട്‌ ‘ എന്റെ ദൈവമേ പണ്ട് ഇംഗ്ളീഷുകാർക്കു കൊണ്ടു പോയി പണ്ടാരമടങ്ങുന്നതിനു പകരം ഇന്ത്യയെ ഇറ്റലിക്കാരെ കൊണ്ടു ഭരിപ്പിച്ചൂടായിരുന്നോ’ എന്നു ഞാൻ ദൈവത്തെ വരെ ചോദ്യം ചെയ്തു പോയി.അങ്ങനെയായിരുന്നെങ്കിൽ ഈ ഭാഷാപ്രശ്നമേ ഉദിക്കില്ലയിരുന്നു.. ങ്‌ഹാ.. പണ്ടു നടത്തിയ പ്ളാനിംഗിനെ പറ്റി ഇത്രയും കൊല്ലം കഴിഞ്ഞു പാവം ദൈവത്തെ ക്വസ്സ്റ്റ്യൻ ചെയ്തിട്ടു വല്ല കാര്യവുമുണ്ടോ.. എന്തായാലും അവസാനം മനസിലാക്കിയും മനസിലാക്കിച്ചും ഞങ്ങൾ രണ്ടു കൂട്ടരും അവശരായീന്നു പറഞ്ഞാൽ മതിയല്ലോ. അവസാനം ചേട്ടൻ പറഞ്ഞു ‘‘ബസ്‌ ദ്രൈവർ ബസ്‌ ദ്രൈവർ’’എന്ന്‌. അതെ അതും കറക്ട്‌.. ബസ്‌ ഡ്രൈവർമാരോടു ചോദിച്ചു നോക്കാം.. അവർക്കറിയുമായിരിക്കുമല്ലോ . ഞങ്ങൾ ഏറ്റവും കൂടുതൽ ബസുകൾ നിർത്തുന്ന സൈഡിൽ പോയി നിന്നു.

ഏതു ബസിനെ ആദ്യം തടയണം എന്നു കൂലംകഷമായി ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ അതാ ഞങ്ങൾ കേൾക്കാൻ കൊതിച്ചിരുന്ന ആ വാക്ക്‌..

"ഇംഗ്ളീഷ്‌?"

ഞങ്ങൾ മൂന്നു പേരും ഒരേ സ്പീഡിൽ തിരിഞ്ഞ് നോക്കി.. ദാ നില്ക്കുന്നു ഒരു ജപ്പൻകാരൻ. ഞങ്ങൾടെ പരക്കം പാച്ചിൽ കണ്ടു സഹായിക്കാൻ വന്നതാവും..

“യെസ്” ഞങ്ങൾ

“ഇറ്റാലിയൻ”? അയാൾ

നോ” !! ഞങ്ങൾ

പാവം തെറ്റിദ്ധരിച്ചതാണ്‌.. ആ പയ്യനും ഞങ്ങളെപോലെ ഇംഗ്ളീഷും തേടി നടക്കുകയാണ്‌. അങ്ങേർടെ കൈയിലാണെങ്കിൽ പോവേണ്ട റൂട്ട് ഇറ്റാലിയനിൽ ആണ്‌ എഴുതി വച്ചിരിക്കുന്നത്‌.. ഇങ്ങനെ കുറെ അലഞ്ഞപ്പോൾ ആരെങ്കിലും എഴുതിക്കൊടുത്തതായിരിക്കും. ഞങ്ങൾക്കാണെങ്കിൽ അറ്റ്ലീസ്റ്റ്‌ പോവേണ്ടത്‌ എങ്ങോട്ടണെന്നെങ്കിലും അറിയാം. അപ്പോൾ ഞങ്ങളുടേതിലും ഭീകരമായ അവസ്ഥയിലുള്ളവരും ഉണ്ടെന്നറിഞ്ഞപ്പോൾ ഒരു കുഞ്ഞ്‌ ആശ്വാസം തോന്നി .എന്തായാലും ഞങ്ങള്‌ ഏഷ്യക്കാര്‌ യൂറോപ്പിന്റെ മണ്ണിൽ വച്ചു പരസ്പരം ദുഖങ്ങളൊക്കെ പങ്കു വെയ്ക്കാൻ തുടങ്ങി. പയ്യനും ഞങ്ങളെ പോലെ ഇംഗ്ളീഷുകാരെ തേടിയിറങ്ങാൻ പോവുകയാണ്‌. എന്തായാലും ഞങ്ങൾ കവർ ചെയ്ത ഏരിയയിലൊന്നും ഇംഗ്ളീഷ്‌ അറിയുന്ന ആരുമില്ലെന്ന മഹത്തായ ഇൻഫർമേഷൻ ഞങ്ങൾ പകർന്നു കൊടുത്തു. വെറുതെ അയാൾടെ സമയം കൂടി കളയണ്ടല്ലോ .അതു കേട്ടതും അയാള്‌ ഏതോ ബസിൽ കയറി എങ്ങോട്ടോ പോവുന്നതു കണ്ടു.. മനസു മടുത്തിട്ടു തിരിച്ചു ജപ്പാനിലേക്കായിരിക്കും.. പാവം..

എന്തായാലും ഞങ്ങൾ അതുകൊണ്ടൊന്നും തളർന്നില്ല.. അന്വേഷണം ബസ്‌ഡ്രൈവർമാരിലേക്കു വ്യാപിപ്പിച്ചു.. നിർത്തുന്ന ബസിന്റെയൊക്കെ മുന്നിൽ ചെന്നു നിന്നു ചുമ്മാ ‘ കൊളമ്പോ ക്രിസ്റ്റഫറോ’ എന്നു പറഞ്ഞു നോക്കുക.. ആരെങ്കിലുമൊക്കെ പ്രതികരിക്കാതിരിക്കില്ലല്ലോ .. ഇതായിരുന്നു ഞങ്ങക്കുടെ സ്ട്രാറ്റജി. കുറ്റം പറയരുതല്ലോ.. ഒറ്റ മനുഷ്യരു പോലും ഞങ്ങളെ തിരിഞ്ഞു നോക്കിയില്ല. ഡ്രൈവർമാരുടെ കാര്യമാണെങ്കിൽ പറയാനില്ല..ഒരു മാതിരി കുമ്പസാരക്കൂട്ടിലിരിക്കുന്നതു പോലെയണ്‌ അവർടെ ഇരിപ്പ്‌..ഒരു ഗ്ളാസ് ക്യാബിനിനുള്ളിൽ.. ശ്വാസം കിട്ടാനാണെന്നു തോന്നുന്നു ഇടയ്ക്ക്‌ രണ്ടു മൂന്നു അഴിയിട്ടിട്ടുണ്ട്‌. അതിലൂടെ വേണം ഞങ്ങൾക്ക്‌ ദർശനം തരാൻ..ബസിൽ കയറി ക്യാബിനിൽ മുട്ടിയാലൊക്കെയെ ഡ്രൈവർ മൈൻഡ്‌ ആക്കൂ..അതും നിസംഗഭാവത്തിൽ ഒന്നു നോക്കീട്ട്‌ പിന്നേം മുഖം തിരിച്ചു കളയും. യാത്രക്കാരോടു മിണ്ടിയാൽ ഇവർക്കെന്താ വായിൽ നിന്നും മുത്തു പൊഴിയുമോ.. എന്തായാലും ഞങ്ങള്‌ ‘കൊളംബോ കൊളംബോ’ മുദ്രാവാക്യം നിർവിഘ്നം തുടർന്നു ..(കൊളംബോ ക്രിസ്റ്റഫറോ എന്നൊക്കെ മുഴുവനും വീണ്ടും വീണ്ടും പറയാനുള്ള എനർജി ഇല്ലായിരുന്നു. കൊളംബോ കേട്ട്‌ ആരെങ്കിലും തിരിഞ്ഞു നോക്കിയാൽ മാത്രം ബാക്കിയും കൂടെ പറഞ്ഞാൽ മതിയല്ലോ..യേത്‌).


മൂന്നു പേരും മൂന്ന്‌ സൈഡിലേക്കും നോക്കി കൊളമ്പോ എന്നു പ്രതീക്ഷയോടെ പറഞ്ഞുകൊണ്ടിരിക്കുകയാണ്‌.. അപ്പോഴതാ ഒരു മറുപടി..

“കൊളമ്പോ ക്രിസ്റ്റഫറോ”?

"സീ " "സീ" "സീ" - മൂന്നു പേരും ഓരോരോ സീ-യോടെ ചോദ്യത്തിനുടമയെ നോക്കി. അയാള്‌ ബസിനുള്ളിലെക്കു കയറുകയാണ്‌.. ഞങ്ങളോടും കൂടെ കയറാൻ ആംഗ്യം കാണിച്ചു. ഞങ്ങളും പിന്നാലെ ഓടിക്കയറി.. അയാൾ ബസിലെ തിരക്കിനിടയിളേക്കു അങ്ങു പോയി.. ഒരു ഗ്രാസ്യാസ്‌ പോലും പറയാൻ പറ്റിയില്ല. എന്തായാലും കുറച്ചു കഴിഞ്ഞപ്പോൾ അയാൾ തിക്കിതിരക്കി ഞങ്ങൾടെ അടുതെക്കു വന്നു. എന്നിട്ടു ഒരു സ്റ്റോപ്പിലിറങ്ങി. ഞങ്ങ്ളൊടും ഇറങ്ങാൻ പറഞ്ഞു.‘ഒക്കെ ചേട്ടൻ പറയുമ്പോലേ’ന്നുള്ള മട്ടിൽ ഞങ്ങളും ചാടിയിറങ്ങി. ഏതു ഹോട്ടലിലെക്കാണ്‌ പോവേണ്ടത്‌ എന്നു ചോദിച്ച്‌ അയാൾ ഹോട്ടലും കാണിച്ചു തന്നു. ഞങ്ങൾ മൂന്നു പേരും കൂടി നന്ദി പറഞ്ഞ്‌ അയാളെ കൊന്നില്ലെനേയുള്ളൂ. നോക്കി നില്ക്കേ അയാളങ്ങു നടന്നു പോയി ഒരു തിരിവിൽ മറഞ്ഞു. ഞങ്ങൾ നേരെ ഹോട്ടലിലെക്കും. രണ്ടു സ്റ്റെപ് വച്ചപ്പോഴേക്കും ആകെയൊരാശയക്കുഴപ്പം..മൂന്നു പേരും അങ്ങോട്ടുമിങ്ങോട്ടും നോക്കി..

പുറത്തേക്കു വന്നതു മൂന്നു സൌത്തിന്ത്യൻ ഭാഷകളിലായിരുന്നെങ്കിലും ഞങ്ങൾ മൂന്നു പേരും പറഞ്ഞതിന്റെ സാരാംശം ദാ ഇതായിരുന്നു..

ദൈവമേ അതു ഹിന്ദി അല്ലയിരുന്നോ!! ”

അതെ.. ആ മനുഷ്യം ഞങ്ങളോടു സംസാരിചതു മുഴുവൻ ഹിന്ദിയിലായിരുന്നെന്നു ഇപ്പോഴാണ്‌ മൂന്നു പേർക്കും ഒരേ പോലെ ബോധോദയം ഉണ്ടയത്‌. എന്തായാലും ആ ഹിന്ദിചേട്ടന്റെ സഹായം കൊണ്ടു മാത്രം പ്ളാൻ ചെയ്തതിലും ഒരു മണിക്കൂർ മാത്രം വൈകിയാണെങ്കിലും (ശരിക്കും 5 മിനിട്ടു പോലും എടുക്കില്ലായിരുന്നു) ഞങ്ങൾ വിജയകരമായി ഹോട്ടലിലെത്തിചേർന്നു.. അയ്യോ ഇതുങ്ങൾടെ ഒരു മണിക്കൂർ സമയം പോയല്ലോ എന്നോർത്ത്‌ വിഷമിക്കുന്നവരുടെ ശ്രദ്ധക്ക്‌ .. ഡോണ്ട്‌ വറി.. എല്ലാ ദിവസവും വഴി തെറ്റി നടക്കുന്നതിലേക്കായി ഞങ്ങൽ ഓരോ മണിക്കൂർ വച്ച്‌ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു.. സ്വയം നല്ലതു പോലെ അറിയുനതു കൊണ്ടുള്ള ഒരു ചിന്ന മുൻകരുതൽ... ബു ഹ ഹ...

71 comments:

 1. കൊച്ചുത്രേസ്യ said...

  ദാ ഇറ്റലീടെ എന്നു വച്ചാല്‍ ഇറ്റലി പര്യടനത്തിണ്റ്റെ രണ്ടാം ഭാഗം :-)

 2. Ebin said...

  athe fontu chenge cheyyu vaayikkan pattunnilla. ethu fonta upayogikkunnathu?

 3. haari said...

  ഇത് എന്തൂട്ട് ഭാഷയാണ് ത്രേസ്യ കൊച്ചെ ?

 4. ഒഴാക്കന്‍. said...

  onnum manasilaakunilla

 5. ചേച്ചിപ്പെണ്ണ്‍ said...

  ഇത് വായിക്കാന്‍ വേണ്ടി പുതിയെ ഒരു ലിപി പഠിക്കാന്‍ ഞാന്‍ തയ്യാറാണ് ..! (വേറെ മാര്‍ഗം ഇല്ലേ ..)
  പുതിയ പോസ്റ്റ്‌ അടുത്ത് തന്നെ ഇടും ,അതാവും സമ്മാനം എന്ന് പറഞ്ഞതിന് നീ എന്നെ ശിക്ഷിച്ചതാണോ ?
  പക്ഷെ ഇത് ഒരു ആഗോള ശിക്ഷ ആയി പോയല്ലോ ..

  പിന്നെ പറയുമ്പോ എല്ലാം പറയണമല്ലോ
  മാപ്പ് കൊള്ളാം .. പിന്നെ നാരങ്ങ പടം നല്ല ഭംഗിയുണ്ട് ...


  മറുഭാഷ മാറി മലയാളഭാഷാ ആവുന്നതും കാത്ത് ..
  (മലയാളത്തിന്റെ വില ഇത്തരം സന്ദര്‍ഭങ്ങളില മനസ്സിലാവുന്നെ )

 6. ചാര്‍ളി (ഓ..ചുമ്മാ ) said...

  എല്ലാവര്‍ക്കും എന്താ പറ്റിയേ..
  ഞാന്‍ മുഴുവനും വായിച്ചു..
  കൊള്ളാം നല്ല തകര്‍പ്പന്‍ വിവരണം.
  ഇറ്റലിയെപ്പറ്റി ഇത്രയു ഹൃദ്യമായി എഴുതാന്‍ കൊച്ചിനേ കഴിയൂ..
  .ഫോട്ടോയൊക്കെ സൂപ്പര്‍..
  പിന്നെ കപ്പലില്‍ നിന്നും താഴേക്കിട്ടു എന്നു പറഞ്ഞതെന്താണെന്നു മനസ്സിലായില്ല.
  അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു( ഈ ഫോണ്ൂ തന്നെ വേണം ട്ടാ )

 7. ചാര്‍ളി (ഓ..ചുമ്മാ ) said...

  യ്യോ പറയാന്‍ മറന്നു.

  Grazie molto il nuovo carattere. Era in attesa del prossimo post precoce e finalmente questo tipo di arte. In ogni caso mantenere il vostro buon lavoro. Si prega di ri-postare la stessa in malayalam di nuovo. Grazie. Charli

 8. ചേച്ചിപ്പെണ്ണ്‍ said...

  അയ്യോ ചാര്‍ളി ക്ക് വായിക്കാന്‍ പറ്റി .. അസൂയ സഹിക്കാന്‍ പറ്റുന്നില്ല ..

  കൊച്ചുവേ ഒന്നുകില്‍ നീ ഇത് ശരിയാക്ക് , എന്നിട്ട് പോസ്ടിയ മതി ..
  അങ്ങനെയിപ്പം കുറച്ച് പേര്‍ മാത്രം, വായിക്കണ്ട .. ( കുശുംബ് )
  യീ പെങ്കൊച് എവിടെ പോയി ? ഇതിപ്പോ ഡോഗിക്ക് ഫുള്‍ കോകനട്ട് കിട്ടിയ മാതിരി ആയല്ലോ ..

  ഞാന്‍ ലിനക്സ്‌ /ഫയര്‍ ഫോക്സ് വഴി ആണു ബ്രൌസുന്നത് .. അതാവുമോ പ്രശ്നം ?
  പക്ഷെ പഴേ പോസ്റ്റുകള്‍ക്ക് പ്രശ്നം ഇല്ലല്ലോ ..
  കൊച്ചുവേ ....

 9. Ashly said...

  മനോഹരമായ എഴുത്ത്....ഹോ...അവിടെ പോയ ഒരു എഫ്ഫക്റ്റ്‌.....എങ്ങനെ ഇങ്ങനെ എഴുതുന്നു.....അപാരം !!!!കിടില്ലം !!!!

 10. Suraj P Mohan said...

  Extremely awesome writing!!!
  ഇത്ര ആവേശത്തോടെ ഞാന്‍ ഒരു പോസ്റ്റും വായിച്ചിട്ടില്ല. ആദ്യം ഫയര്‍ഫോക്സില്‍ വായിച്ചു.. പിന്നെ കൊതി തീരാഞ്ഞു IE യിലും . എന്നാലും ഇത്ര പെട്ടെന്ന് ഇറ്റാലിയന്‍ ഒക്കെ എങ്ങനെ പഠിച്ചു.. സമ്മതിച്ചിരിക്കുന്നു.

 11. Muralee Mukundan , ബിലാത്തിപട്ടണം said...

  എന്റെ ഗെഡിച്ചീ , കലക്കീൻണ്ട്..ട്ടാ‍ാ
  ഈ ജിബ്രാൽട്ട്രി ഭാഷേലുള്ള പൂശൽ !

  ചില ഗ്രാമർ മിസ്റ്റേക്കുകൾ ഉള്ളത് തിരുത്തണം ..കേട്ടൊ

 12. ശ്രീ said...

  മന:പൂര്‍വ്വമാണോ അതോ അബദ്ധം പറ്റിയതോ?

  [പോസ്റ്റ് എഴുതാനുദ്ദേശ്ശിച്ച ഭാഷയെ പറ്റി തന്നെ ആണ് ചോദിച്ചത്]

 13. കൊച്ചുത്രേസ്യ said...

  ഫോണ്ട് തക്കിടതരികിട ആയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ രാജി വച്ചാലോന്നു വരെ വിചാരിച്ചതാ.. പിന്നെ അതങ്ങു ശരിയാക്കിയേക്കാമെന്നു വച്ചു :-)

 14. Rajesh said...

  കഴിഞ്ഞ പോസ്റ്റ്‌ വായിച്ചാപ്പോള്‍ തോന്നി, അമ്മച്ചിയുടെ humour sense ഒക്കെ നഷ്ടപെട്ടു എന്ന്. ഭാഗ്യം. ഇല്ല.
  കൊള്ളാം ഇത് നന്നായി.
  ഇതിലും ബുദ്ധിമുട്ടാണ് കേട്ടോ , Francil പോയാല്‍. ഇറ്റലി പിന്നെയും സഹിക്കാം

 15. chithrakaran:ചിത്രകാരന്‍ said...

  പാവം ഇറ്റലിക്കാര്‍.....
  കടലില്‍ ചാടി മരിക്കാതിരുന്നാല്‍ മതിയായിരുന്നു :)
  നല്ല വഴികണ്ടുപിടിക്കല്‍ വിവരണം !!!
  ആശംസകള്‍.

 16. Pyari said...

  Rajesh, പറഞ്ഞ പോലെ കൊച്ചിന്റെ നര്‍മ ബോധമൊക്കെ എവിടെ പോയി എന്ന് വിചാരിച്ചിരിക്കുകയായിരുന്നു . ഹാവൂ സമാധാനമായി. :)

 17. മത്താപ്പ് said...

  ഹോഓഓയ് ഞാന്‍ ലിനക്സില്‍ തന്നെ വായിച്ചേ.....

  ആദ്യം തന്നെ ഉബുണ്ടൂനു രണ്ടു ഉമ്മ......
  [പുതിയ വേര്‍ഷന്‍ ഇന്‍സ്ടാള്‍ ചെയ്തിട്ട് ഇത് ആദ്യത്തെ മെയിന്‍ ഉപയോഗമാണ് ........]  "എന്തായാലും ഞങ്ങൾ കവർ ചെയ്ത ഏരിയയിലൊന്നും ഇംഗ്ളീഷ്‌ അറിയുന്ന ആരുമില്ലെന്ന മഹത്തായ ഇൻഫർമേഷൻ ഞങ്ങൾ പകർന്നു കൊടുത്തു. വെറുതെ അയാൾടെ സമയം കൂടി കളയണ്ടല്ലോ .അതു കേട്ടതും അയാള്‌ ഏതോ ബസിൽ കയറി എങ്ങോട്ടോ പോവുന്നതു കണ്ടു.. മനസു മടുത്തിട്ടു തിരിച്ചു ജപ്പാനിലേക്കായിരിക്കും.. പാവം.."


  "പുറത്തേക്കു വന്നതു മൂന്നു സൌത്തിന്ത്യൻ ഭാഷകളിലായിരുന്നെങ്കിലും ഞങ്ങൾ മൂന്നു പേരും പറഞ്ഞതിന്റെ സാരാംശം ദാ ഇതായിരുന്നു..

  “ദൈവമേ അതു ഹിന്ദി അല്ലയിരുന്നോ!! ”
  "


  "എല്ലാ ദിവസവും വഴി തെറ്റി നടക്കുന്നതിലേക്കായി ഞങ്ങൽ ഓരോ മണിക്കൂർ വച്ച്‌ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു.. "

  കലക്കീട്ട്ണ്ട് ട്ടാ......
  നിക്കിഷ്ട്ടായി


  off:അപ്പൊ വെര്‍തെ ഒന്ന്വല്ല രിസശന്‍ വന്നത് ല്ലേ?????

 18. Junaiths said...

  ഇറ്റലിയില്‍ പോയി മലയാളത്തിന്റെ കഴുത്തില്‍ പിടിച്ചെന്നല്ലേ കരുതിയത്‌..ഞാന്‍ ആദ്യമേ പറഞ്ഞില്ലേ ഇറ്റലിയിലും ഫ്രെഞ്ചിലുമൊന്നും വേണ്ടാ മലയാളത്തില്‍ മതിയെന്ന്...എന്നിട്ട് എന്നെ കൊണ്ട് പിന്നേം എഴുതിക്കണോ മലയാളത്തില്‍ മതി മലയാളത്തില്‍ മതീന്ന്..
  വഴി കാണിക്കാന്‍ നല്ലൊരു ഹിന്ദിക്കാരനെ കിട്ടീട്ടു വഴി കളഞ്ഞില്ലേ.."നോക്കി നില്‍ക്കെ അയാളങ്ങു നടന്നു പോയി ഒരു തിരുവില്‍ മറഞ്ഞു"
  ഇതങ്ങിഷ്ടായി..മഞ്ഞത്ത് മാഞ്ഞു പോയത് പോലെ..
  കൊളംബോ ക്രിസ്ടഫര്‍ പിയാസയില്‍ നിന്നും കൂടുതല്‍ കറങ്ങാതെ അടുത്ത പിയാസ്സകളിലേക്ക് കോ.ത്രെ.എക്സ്പ്രസ് പോട്ടെ ണിം.. ണിം..

 19. Manoraj said...

  ഇറ്റലിയുടെ രണ്ടാം ഭാഗവും വായിച്ചു. “ടൈം സോൺ കണ്ടുപിടിച്ചവനെ ഭൂമധ്യരേഖക്ക് ചുറ്റും ഓടിക്കണം ..“ അത് കലക്കി. പിന്നെ ഇറ്റാലിയൻ ഭാഷ ഇറ്റലിയിൽ പോകാത്ത എനിക്കും കുറച്ച് വർഷങ്ങൾക്ക് മുൻപ് പ്രശ്നമായിരുന്നു. കൊച്ച് പറഞ്ഞത് പോലെ ഇറ്റലിക്കാരുടെ ഇംഗ്ലീഷ് ഒട്ട് ശരിയല്ലാതിരുന്നിട്ടാണൊ അതോ എന്റെത് കേംബ്രിഡ്ജും അവരുടേത് ഒക്സ്ഫോർഡും ആയിരുന്നതിനാലുമാണോ എന്നറിയില്ല, ഔദ്യോഗികാവശ്യങ്ങൾക്കുള്ള പല മെയിലുകളും ഞാൻ ട്രാൻസിലേറ്ററുടെ സഹായത്തോടെയായിരുന്നു വായിച്ചിരുന്നത്, ആകെ ഇന്നിപ്പോൾ ഓർമ്മയിൽ നിൽക്കുന്നത് കുറച്ച് നിറങ്ങളുടെ പേരുകൾ മാത്രം. ഗ്രീൻ എന്നതിനു വെർഡേ, യെല്ലോ - ഗാലിയോ, ഡാർക്ക് ഗ്രീൻ - വെർഡേ സ്കുറോ, ബയാൻകോ - വെള്ള, അസ്സുറോ - ബ്ലൂ ഇതൊക്കെ ശരിയാണോ ആവോ .. ഇതൊക്കെ തെറ്റെങ്കിൽ തിരുത്തിയേക്കണേ കൊച്ചുത്രേസ്യേ.. വായിക്കുന്നവർക്ക് ഉപകാരപ്പെടട്ടെ എന്ന് കരുതി എഴുതിയതാണ്. തെറ്റാണെങ്കിൽ നിശ്ചയമായും തിരുത്തണം.

 20. ചെലക്കാണ്ട് പോടാ said...

  ഇതിനൊരു അവസാനമില്ലേ ഈശോയേ...

 21. ചെലക്കാണ്ട് പോടാ said...

  ബ്ലഡ് റെഡ് ഓറഞ്ച് ഒരെണ്ണം പാഴ്സല്‍ കൊണ്ടോരുമോ?

 22. കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

  അപ്പൊ ഇഡലിക്കും അവിടെ ഇത്തലി എന്നാണോ പറയുന്നത്..

  പാവങ്ങള്‍..

 23. ചേച്ചിപ്പെണ്ണ്‍ said...

  ഇന്നലെ ഒരു ബസ്‌ ഇറക്കി ... അന്യ ലിപികളില്‍ വരുന്ന മലയാളം പോസ്റ്കള്‍ വായിക്കാന്‍ മാര്‍ഗം ചോദിച്ച്.
  മോനു keralite ഫോണ്ട് അയച്ചുതന്നു ..അത് ഇറക്കുമതി ചെയ്തു installi . അതുംകൊണ്ട് ചെന്നപോള്‍ ആട് ( പോസ്റ്റ്‌ )കിടന്നിടത്ത് പൂട പോലും ഇല്ല .ദൈവാധീനം കൊണ്ട് മറുഭാഷ പോസ്റ്റ്‌ മുയുമന്‍ കോ പേ ചെയ്തു കൊചൂനു അയച്ചിരുന്നു ..
  "ഇതെന്നത ഇറ്റലി ഭാഷയാ ?" .. ന്നും ചോദിച്ച് .. അത് കൊണ്ട് തപാല്‍ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന പോസ്റ്റ്‌ വായിക്കാന്‍ പറ്റി ..
  ഒരു സംശയം ഇന്നലെ ചോദിയ്ക്കാന്‍ പറ്റീല ...
  ഡ്രൈവര്‍ ഹിന്ദി പഠിച്ച ഇറ്റലി വാല ആയിരുന്നോ അതോ ഹിന്ദിക്കാരന്‍ തന്നെ ആയിരുന്നോ ?


  --

 24. Ashly said...

  ഹോ...അപാരം....വായിച്ചു എന്റെ അടപ് ഊരി പോയി. ഇത്രയം കാലം എങ്ങനെ എഴുതാതെ പിടിച്ചു നിന്ന് ?

  Hats off !!!!!!

 25. Unknown said...

  ennodu paranjittu ITALY kku poyal mathiyayirunnu ente friend avide undu njaan number tharumarunnallo?

  ingane oro manikkoor oro divasam mativechu kochuvinu ente abinandhanagal

 26. Suraj P Mohan said...

  (ഈ ടൈംസോൺ കണ്ടു പിടിച്ചവനെ ഭൂമദ്ധ്യരേഖക്കു ചുറ്റും പത്തു പ്രാവശ്യം ഓടിക്കണം..ഹല്ല പിന്നെ..).

  ട്രെയിനിൽ വച്ചു തന്നെ ഞങ്ങൾക്ക്‌ ഇറ്റാലിയൻ ഭാഷയിലുള്ള അവഗാഹം അങ്ങോട്ട്‌ അപാരമായി വർദ്ധിച്ചു കേട്ടോ..

  ( അതിനെ റോമൻ അക്കത്തിലേക്കു മാറ്റാൻ ഞാൻ ഒന്നു ശ്രമിച്ചു നോക്കിയതാണ്‌.. പക്ഷെ എന്നെകൊണ്ടു പറ്റിയില്ല). എന്തായാലും അക്കത്തിലെഴുതീപ്പോൾ അമ്മൂമ്മമാർക്കു മനസിലായി. രണ്ടു പേരും മത്സിച്ചു കുറെ ഗൈഡൻസ്‌ തന്നു. അതിൽ ആകെ ഞങ്ങൾക്കു മനസിലായതു ’പിയാസ‘ എന്നതു മത്രം!!
  --

  ചിരി സഹിക്കാന്‍ പറ്റാത്തതിനാല്‍ ബാക്കി വായന വീട്ടില്‍ ചെന്നിട്ട്‌.

  ചില്ലക്ഷരങ്ങളെ "പിയസോ" യില്‍ നിന്നും convert ചെയ്താണ് ഞാന്‍ വായിക്കുന്നത് കേട്ടോ.

 27. സഹയാത്രികന്‍...! said...

  അങ്ങിനെ കൊ. ത്രെ . കൊ ബ്ലോഗില്‍ വീണ്ടും സജീവമാകുന്നു. ഇനി എന്നും ഇവിടെ വന്നു കുറച്ചു നേരം ചിലവഴിച്ചിട്ടു പോകാല്ലോ... ഇനീം വല്ല മുങ്ങല്‍ പരിപാടീടെ പണിപ്പുരയിലാണേല്‍, വേണ്ടാ അതെല്ലാം മറന്നേക്കു. എന്നും വന്നിവിടെ ഹാജര്‍ വച്ചില്ലേല്‍...അപ്പോകാണാം :D

 28. Unknown said...

  കിടിലന്‍ വിവരണം !

 29. krish | കൃഷ് said...

  ഈ പോക്ക് കണ്ടിട്ട് കൊ.ത്രേ.യും കൂട്ടരും ഇത്തലിക്കാരുടെ പരുപ്പെളക്കും എന്നാ തോന്നണ്.
  ഇത്തലി ചെന്നതല്ലേ, പേർ ചോദിച്ചാൽ ചുരുക്കത്തിൽ ‘കൊത്രോച്ചി‘ എന്നു പറഞ്ഞാലും മതിയാകും. നല്ല ബഹുമാനവും കിട്ടും.
  :)

 30. vnkovoor said...

  അപ്പൊ കൊച്ചെ ആ നാട്ടിലെ ട്രെയിനിലും നമ്മടെത് പോലെ 'ഗ്രാഫിറ്റികൾ ' ഉണ്ടോ?എന്തായാലും അടുത്ത തവനെ നാട്ടില്‍ പോകുമ്പോ മേയേറെ കണ്ടു മാനാഞ്ചിറ സ്ക്വയറിനെ പേര് മാറ്റി ‘പിയാസാ മാനാഞ്ചിറേ’ എന്നാക്കാന്‍ പറയുന്നുണ്ട്!!!കിടകട്ടെ നമ്മടെതിനും ഒരു ഇന്റര്‍നാഷണല്‍ ടച്ച്‌..ഇതിന്റെ ബാക്കി എന്നാ കൊച്ചെ??

 31. Vipin vasudev said...

  ത്രേസ്സ്യ കൊച്ചെ വിവരണം കൊള്ളാട്ടോ
  പിന്നെ ആ ബ്ലഡി ഓറഞ്ച് ഒരണ്ണം ഇനി ബാംഗ്ലൂര്‍ വരും ബോ കൊണ്ടന്നു തരണം ട്ടോ...
  www.venalmazha.com

 32. സ്വപ്നാടകന്‍ said...

  കൊള്ളാം നല്ല കലക്കന്‍ വിവരണം.

  ...മനസു മടുത്തിട്ടു തിരിച്ചു ജപ്പാനിലേക്കായിരിക്കും.. പാവം..

  ഹ ഹ..ഇതു വായിച്ചു ചിരിച്ചു ഞാന്‍ പണ്ടാരടങ്ങി :):)

  ആ നാരങ്ങേന്റെ ഒരു വിത്തോ തൈയോ കിട്ട്വോ..?

  അല്ല ഇങ്ങള്‍ ആക്ച്വലി കോയ്ക്കോട്ടുകാരിയാണോ..?
  ആ “ഒക്കെ” കണ്ടപ്പഴാ ഡൌട്ടായത്..:)

  ഇതൊരു സംഭവബഹുലമായ യാത്ര തന്നെ..! ബാക്കി കൂടി പോന്നോട്ടെ...  ഓഫ്:ഈ ചേച്ചിപ്പെണ്ണിന്റെയൊരു കാര്യം :)

 33. മൻസൂർ അബ്ദു ചെറുവാടി said...

  വഴിയറിയാതെ തെണ്ടി തിരിഞ്ഞതിന്റെ ദൈന്യത മുഴുവന്‍, അത് ഹിന്ദിയാണെന്ന് മനസ്സിലാക്കാന്‍ കഴിയാതെ പോയതിലുണ്ട്.

 34. ഹാഫ് കള്ളന്‍||Halfkallan said...

  കിടിലം ... നമ്മ ബ്ലോഗ്‌ തുടങ്ങണ കാലത്ത് എഴുത്ത് നിര്തീപ്പോ കരുതി
  പേടിച്ചിട്ടാണെന്ന് :)
  ഈ സൈസ് സാധനം അലക്കാനാനെന്നു ഞാന്‍ അറിഞ്ഞില്ലാ !

 35. angelheart said...

  "ഒരു മുഴുവന്‍ മണിക്കൂര്‍ സമയം ആര്‍ക്കും ഉപകാരമില്ലാതെ ഒറ്റയടിക്കു പോയിക്കിട്ടി"
  ഹി ഹി ഹി... കൊള്ളാം... ;)

 36. Unknown said...

  ഹ ഹ ഹ ഹ :D

 37. Rahul C Raju said...

  Good One Lady, (like al ur odr posts) ....
  keep it up...

 38. jayanEvoor said...

  അയ്യോ!!

  അപ്പോ എട്ടാംക്ലാസിൽ കൊഞ്ഞ ഗോവാലേഷ്ണൻ പറഞ്ഞതു ശരിയാരുന്നോ!?

  ഇറ്റലിക്ക് ‘ഇത്തലി’ എന്നു പറഞ്ഞ അവനെ കളിയാക്കിച്ചിരിച്ച എന്നോടും ചേരിയാൻ സാറിനോടും കർത്താവു പൊറുക്കട്ടെ!


  പോസ്റ്റ് എനിക്കു വളരെ ഇഷ്ടപ്പെട്ടു. (കൊതിയും അസൂയയും വരുന്നുണ്ട്!)

 39. മൂര്‍ത്തി said...

  വെല്‍കം ബാക്ക്...ഗ്രാസ്യാസ്‌

 40. EJ said...

  Font പ്രശനം ഉള്ളവര്‍ മനോരമ സൈറ്റില്‍ നിന്നും ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യു.. Go the bottom of the manorama home page and download the font.

  "അയ്യോ ഇതുങ്ങൾടെ ഒരു മണിക്കൂർ സമയം പോയല്ലോ എന്നോർത്ത്‌ വിഷമിക്കുന്നവരുടെ ശ്രദ്ധക്ക്‌ .. ഡോണ്ട്‌ വറി.. എല്ലാ ദിവസവും വഴി തെറ്റി നടക്കുന്നതിലേക്കായി ഞങ്ങൽ ഓരോ മണിക്കൂർ വച്ച്‌ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു.. സ്വയം നല്ലതു പോലെ അറിയുനതു കൊണ്ടുള്ള ഒരു ചിന്ന മുൻകരുതൽ... ബു ഹ ഹ..."

  കൊള്ളാം ...ഇത്രക്കൂ ആത്മവിശ്വാസം ഉള്ളവരെ കണ്ടേ കിട്ടാന്‍ പാടാണ്

 41. അഭി said...

  ചേച്ചി
  നല്ല രസം ആയിരുന്നു വായിച്ചിരിക്കാന്‍ , ഇടക്ക് ഉള്ള ആ ഡയലോഗ് ഒക്കെ ആസ്വദിക്കാന്‍ കഴിഞ്ഞു
  ബാക്കി കൂടെ വേഗം പോരട്ടെ

 42. Muralee Mukundan , ബിലാത്തിപട്ടണം said...

  ഇപ്പൊ ശരിക്കായിട്ടും വായിച്ചൂട്ടാ‍ാ

 43. അമ്മുക്കുട്ടി said...

  അടിപൊളി...

 44. കൊച്ചുത്രേസ്യ said...

  എല്ലാരോടും .. ഇറ്റലിയിൽ ‘റ്റ’ യെ ‘ത’ എന്നാൺ ഉച്ചരിക്കുന്നതെന്നുള്ള കണ്ടുപിടിത്തം തെറ്റാണെന്നു ബ്ലോഗർ ഗുപ്തൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.ശരിക്കും അത്‌ ‘റ്റ’യ്ക്കും ‘ത’യ്ക്കും ഇടയിലുള്ള സ്വരമാണത്രേ.. അത്‌ എന്നെപ്പോലുള്ള വിവരദോഷി മല്ലൂസ്‌ കേല്ക്കുമ്പോൾ ‘ത’ പോലെ തോന്നുന്നതാണെന്ന്‌.. എന്തായാലും ഈ ഒരു തെറ്റായ ഇൻഫർമേഷൻ കൊണ്ട്‌ ആരുടെയെങ്കിലും (പ്രത്യേകിച്ച്‌ ഇതു വായിച്ച ഏതെങ്കിലും ഇറ്റാലിയൻസിന്റെ) ഹൃദയം വ്രണപെട്ടിട്ടുണ്ടെങ്കിൽ ഞാൻ നിർവ്യാജ്യം ക്ഷമ ചോദിക്കുന്നു. എന്നെപോലും (ങ്ഹൂം) തിരുത്താൻ ധൈര്യം കാണിച്ച ഗുപ്താ. നന്ദിയുണ്ട്‌ കുഞ്ഞേ...

 45. ഗുപ്തന്‍ said...

  ബെസ്റ്റ്. എനിക്കിത് കിട്ടണം :(

  കൊച്ചുത്രേസ്യ മുകളില്‍ പറഞ്ഞകാര്യത്തേല്‍ കാര്യമുണ്ടെങ്കിലും ഞാന്‍ അങ്ങനെ പറഞ്ഞിട്ടേയില്ല. :)

 46. ഗുപ്തന്‍ said...
  This comment has been removed by the author.
 47. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

  ഇറ്റലിക്കാര്‍ എങ്ങനെ പറയും എന്നറിയില്ല , പക്ഷെ ഞങ്ങളുടെ കമ്പനിയില്‍ കുറെ ചൈനക്കാരുണ്ട് അവരില്‍ ഒരാള്‍ക്ക് അല്പം ഇംഗ്ലീഷ് അറിയാം അയാള്‍ പറയുന്നത് What ന് “വാത്“ എന്നാണ്

 48. Anonymous said...

  微風成人wellen 台灣無碼女優 av女優短片 性趣 十足,性愛教學 85cc成人片 av美美色網影片 成人小遊戲 成人 影片,性愛故事 後宮視訊聊天 正妹交友hibb tw 免費成人情色 線上看av 5278影片網 免費線上 aa 片試看成人論壇 tvnet 影音聊天室 八大娛樂網 ut387視訊聊天 百人斬視訊妹真人真事 hilive,蔡依林性感影片 視訊sex888movie影城 視訊辣妹,網路援交 拓網免費視訊辣妹 視訊kk69 85cc免費視訊辣妹脫衣秀 情色視訊做愛 080情人網,免費a片欣賞 sex520-視訊 桃園援交小魔女自拍天堂 視訊聊天室777美女 av短片-免費a片 Alice Japan免費影片 成人情色 ez打砲 性愛情慾視訊自拍aio 視訊交友90739南台灣視訊 sod特輯 免費av自拍影片成人 情色 日本avdvd光碟 天下第一色站 浪漫月光論壇 dudu sex,av無碼 甜心寶貝視訊妹 xxxpanda com 免費影片-無碼a片 免費線上歐美A片段觀看 黃金girls色論 34C正妹拓網交友 xvediox免費a片 金瓶梅視訊聊天室 卡通美女短片免費試看

 49. Unknown said...

  കുറച്ചു ഫോട്ടോസ് കൂടി ആവാമായിരുന്നു....
  ആ സ്ക്വയറിന്റെ അവിടെയുള്ള ശില്‍പങ്ങളുടെ കാര്യം ഒക്കെ പറഞ്ഞപ്പോള്‍ ഞാന്‍ കരുതി താഴെ ഫോട്ടോ കാണുമെന്ന്

 50. Gini said...

  ഇപ്പൊ ഏകദേശം മനസ്സിലായി. ബാക്കി വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.

 51. Sulfikar Manalvayal said...

  ദെ പിന്നേം പറ്റിച്ചു. ഇപ്പോം വരുമെന്ന് കരുതി കുറച്ചു ചോറ് മാത്രം ഇട്ടു തന്നു ഓടിക്കളഞ്ഞു അല്ലെ.
  കറികള്‍ ഇനി എപ്പോള്‍ ആണാവോ?
  പറയുമ്പോള്‍ എല്ലാം പറയണമല്ലോ, വഴി അന്വേഷിച്ചുള്ള നടപ്പ് ഇത്തിരി ആര്ഭാട്മായിപ്പോയില്ലേ എന്നൊരു തോന്നല്‍ ?
  (നീളം ഒന്ന് കുറക്കാമായിരുന്നു . പക്ഷെ മുഷിപ്പ് അനുഭവപ്പെട്ടില്ല അത്ര ഭംഗിയായി വെച്ചില്ലേ "കത്തി" )
  അതോ ഇതൊരു മെഗാ സീരിയല്‍ ആയി കൊണ്ട് നടക്കാനാണോ പ്ലാന്‍?
  ന്റെ കൊച്ചു ത്രേസ്യ അപ്പോഴേക്കും മുത്തശ്ശി ത്രേസ്യ ആകുമോ?

  കാത്തിരിക്കുന്നു. ആകാംക്ഷയോടെ (അതിനായിരുന്നല്ലോ ഇത് . അല്ലെ )

 52. sm sadique said...

  ഓ....ഹ്..., കുറച്ച് ചുറ്റികറങ്ങിയെങ്കിലും ഇത്തിരി ‘ഇത്താലിയൻ‘
  ഭാഷ പടിക്കാൻ കഴിഞ്ഞല്ലോ എന്റെ കൊച്ച് ത്രേസ്സ്യെ.....

 53. Anonymous said...

  More haste, less speed...................................................

 54. ഭൂതവും,ഭാവിയും പിന്നെ കുറച്ചു വര്‍ത്തമാനങ്ങളും .. said...

  thressyamma chedathiye.. sangathi kalakkunnund.. njanum ithokke kandu ippo blogen ayi.. enthakumo avo.. ennalum ithu vaaayikkuvanenkil enne anugrahichekkane..

 55. 彥安彥安 said...

  真正的愛心,是照顧好自己的這顆心。......................................................

 56. Indu said...
  This comment has been removed by the author.
 57. Indu said...

  ദൈവമേ , വയനാട്ടിലും ആലപ്പോഴേലും ഒക്കെ ചുമ്മാ വട്ടത്തിലും നീളത്തിലും നടന്ന കൊച്ചു ദാണ്ടേ നേരെ ലണ്ടനിലും ഇറ്റലിയിലും എത്തിയിരിക്കുന്നു ..അല്ലെന്ഗ്ഗില്‍ തന്നെ ഓരോരോ യാത്രാവിവരണങ്ങള്‍ വായിച്ചു മനുഷ്യന്‍ അസൂയ പിടിച്ചു ചാകാറായി..അപ്പോഴാ അടുത്തത് ..
  ഈശ്വര, ഈ കൊച്ചിനെ ആരേലും പെട്ടെന്ന് കെട്ടി യുദ്ധകാലാടിസ്ഥാനത്തില്‍ 10 പിള്ളേരും ആയി വീട്ടിലെങ്ങാനും അടങ്ങിയിരിത്തണേ ..ഈശ്വരാരാരാരാരാരാ................

  എന്തായാലും മിടുക്കിപിള്ളേര്‍ കേട്ടോ ..കൊട് കൈ :)

 58. ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

  ഇറ്റലിക്കാരെ ബോണ്‍സായ് കളാക്കി നിറുത്താനാണ്‌ ഇംഗ്ലീഷ് പഠിപ്പിക്കാതിരുന്നതെന്നാണ്‌ എന്റെ അളിയന്‍ 'ഔസേപ്പിതാവി'(Giuseppe Rosato)ന്റെ അഭിപ്രായം.

 59. Anonymous said...

  你不能左右天氣,但你可以改變心情 ..................................................

 60. P. M. Pathrose said...

  അല്ല ചാരുദത്താ, ഇറ്റലിക്കാര്‍ക്ക് ഇംഗ്ലീഷിനോട് നമുക്കുള്ളതുപോലെ വലിയ ബഹുമാനമൊന്നുമില്ല, അതാ കാരണം. നമുക്ക്‌ കൊങ്ങിണി എന്നോ തുളു എന്നോ കേള്‍ക്കുമ്പോള്‍ തോന്നുന്നതൊക്കെയേ അവര്‍ക്ക്‌ ഇംഗ്ലീഷ് എന്നു കേള്‍ക്കുമ്പോഴും തോന്നൂ. അവരെക്കണ്ടു പഠി...

 61. ബിന്ദു കെ പി said...

  രണ്ടു ഭാഗങ്ങളും വായിച്ചു. രണ്ടാം ഭാഗം സൂപ്പർ!. പിന്നെ ആ മൾട്ടി കളർ ട്രെയിനിന്റെ ഫോട്ടോയൊന്നും എടുത്തില്ലായിരുന്നോ?

 62. Anonymous said...

  失去金錢的人,失去很多;失去朋友的人,失去更多;失去信心的人,失去所有。..................................................

 63. manojpattat said...

  എത്ര അനായാസമായാണ് ഇവര്‍ ഭാഷ ഉപയോഗിക്കുന്നത്.മലയാളത്തിലെ ചിരപ്രതിഷ്ഠരായ എഴുത്തുകാര്‍ ലജ്ജിക്കണം.

 64. saju john said...

  ഇത്തിരി മസിൽ പിടിച്ച് നടന്നിരുന്നതിനാൽ ഇവിടെയൊക്കെ വരാൻ വൈകി.

  എന്തായാലും.....വായിച്ച് തുടങിയാൽ ഒരു മാസത്തിനുള്ള വകയുണ്ട്.

  "പിന്നെ ഇയാളെ വച്ച് "കൊച്ചുമാളു" എന്നു പേരിട്ട് ഒരു കഥാപാത്രം ഉണ്ട് കേട്ടോ...

  എഴുത്ത്....ശൈലി....ആരെയും ശരിക്കും അസൂയപ്പെടുത്തുന്നത്........

 65. Anonymous said...

  唯有穿鞋的人,才知道鞋的哪一處擠腳......................................................................

 66. Sulfikar Manalvayal said...

  കൊച്ചു ത്രേസ്യേ., അഭിനന്ദനങ്ങള്‍.
  കേരളകൌമുദിയിലെലേഖനം കണ്ടു.
  ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

 67. മുകിൽ said...

  നല്ല വിവരണം. ശരിക്കും രസിച്ചു.

 68. Cartoonist said...

  കൊത്രേ :)

  മൈ ഗോഡ്!
  ജന്മനാഹാസ്യത്തിന് വെച്ചടി(2)കയറ്റാണല്ലൊ!

  പിന്നെ
  കുറുമ്പന്‍ തുടങ്ങി ഹാഫ് കള്ളന്‍ വരെ,
  അമ്മുക്കുട്ടി മുതല് ഒറ്റയാന്‍ വരെ,
  എത്രയെത്രചിത്രവിചിത്രകമെന്റേറ്റര്‍മാരാ !
  ഒരൊറ്റയൊരുത്തന്‍ എന്റെ വഴി വന്നിട്ടില്ല
  ഇന്നോളം :(

  ഏതായാലും, വെറും ചടങ്ങിന് ഏതാനും ആശംസകള് !

 69. 世禾 said...

  天下父母心-時時孝順你的父母~~.................................................................

 70. Sumi Mathai said...
  This comment has been removed by the author.
 71. Sumi Mathai said...

  hi
  first time reading your blog. started from the beginning and reached till here. have not stopped yet and honestly wondering if i will. you are EPIC. im laughing so hard every 2 seconds that it hurts. mind blowing writing style and wicked humour sense. loving every bit of it. keep going!!