Tuesday, August 2, 2011

ഒരിടത്തൊരു അച്ഛനും മോളും...

‘പപ്പേ ഈ കാൽ‌ടെക്സിനെങ്ങനാ കാൽ‌ടെക്സെന്നു പേരു വന്നത്?’

‘ഇവിടെ പണ്ട് ആ പേരിലെങ്ങാനും ഒരു പെട്രോൾ പമ്പുണ്ടാർന്നു. അങ്ങനെ ആണെന്നു തോന്നുന്നു. നീയീ സൈഡിലേക്ക് മാറി നടക്ക് മോളേ. വണ്ടി വരുന്നതു കാണുന്നില്ലേ’

കൈയിലെ പപ്പയുടെ പിടിത്തം മുറുകുന്നു. ഇത്തിരി അയച്ചാൽ ഞാൻ ഓടിപ്പോയി ഏതെങ്കിലും വണ്ടിക്ക് അട വെയ്ക്കും എന്നു വിചാരിച്ചാവും.

‘ശ്ശൊ ഇവിടാരുന്നൊ കെസാർടീസീ ബസ്റ്റ്‌റ്റാൻഡ്. ഞാനിതു ശ്രദ്ധിച്ചിട്ടില്ലാരുന്നു’

‘ഇതിവിടെ കുറെനാളായിട്ടുണ്ടല്ലോ. നീ പ്രൈവറ്റ് ബസിനു മാത്രം കേറുന്നതു കൊണ്ടല്ലേ. മൊളെ എന്തൊക്കെ പറഞ്ഞാലും സ്റ്റേറ്റ്ബസിന്റെ ആ ഒരിത്....(സ്റ്റേറ്റ്ബസുകളുടെ ഗുണങ്ങൾ..)‘

‘ഹ്മ്. പപ്പെ ഒരു മിനിട്ടേ. ഞാനാ ഉന്തുവണ്ടിക്കാരന്റെടുത്തൊന്നു ശകലം നെല്ലിക്ക വാങ്ങട്ടെ,

‘ഹ്മ്. ബാഗിങ്ങു തന്നിട്ട് ശ്രദ്ധിച്ചു പോ. ഇരൂട്ടാ. ചെളീലൊന്നും ചവിട്ടാ‍ണ്ട് പോണം കേട്ടൊ’

‘ നല്ല ആരോഗ്യമുള്ള നെല്ലിക്ക. നമ്മടെ ഇവിടെ ഇതു കിട്ടും‌ന്ന് എനിക്കറിയത്തില്ലാരുന്നു‘

‘ഇതൊക്കെ കർണാടകേന്നു വരുന്നതല്ലേ. നിനക്കിതാ ബാം‌ഗ്ലൂരിലെ മാർക്കറ്റീന്നു മേടിച്ചാ പോരാരുന്നോ. ഇവിടങ്ങളിലൊക്കെൈട്ടുന്നത് ചെറിയ ടൈപ്പ് നെല്ലികയല്ലേ.ചില്ലിക്കാന്നു പറയുന്ന സാധനം..... (കർണ്ണാടകയിലെ നെല്ലിക്കാ കൃഷി/വിപണനത്തെ പറ്റിയുള്ള വിവരങ്ങ്ങാൾ...)

‘ എനികു വെശക്കുന്നു. ഇവിടടുത്തെങ്ങാണ്ട് ഇന്ത്യൻ കോഫീ ഹൌസില്ലേപ്പേ’

‘പിന്നില്ലേ. എന്നാ അങ്ങോട്ടു നടക്കാം. ബസ് വരാൻ ഇനീം സമയമുണ്ടല്ലോ. അല്ല. നീയിതെന്തിനാ ആ പശൂന്റെ മുതുകത്തോട്ടു കേറുന്നേ.. ഇങ്ങോട്ടു മാറി നടക്കെടീ..”

“യ്യോ അതു പശുവാ‍ണോ. ഞാം വിചാരിച്ചു വല്ല ബൈക്കും നിർത്തിയിട്ടിരിക്കുന്നതാണെന്ന്‘“

“ശ്രദ്ധിച്ചു നോക്കി നടക്കെന്റെ മോളെ” (ടോൺ അഭ്യർത്ഥനയുടേതല്ല, ശാസനയുടേതാണ്‌)

“യീക്ക്. പപ്പേ ഞാൻ ചാണകം ചവുട്ടി. വ്രിത്തികെട്ട പശൂ‍ൂ‍ൂ‍ൂ‍ൂ..“

“ഹ്മ്. ഇതു തന്നാ പറഞ്ഞത്. സാരമില്ല. ബസ്സ്റ്റാൻ‌ഡിൽ ചെന്നിട്ട് കഴുകീട്ടു വരാം’

“ ശ്ശ്. ചാണകം മണക്കുന്നുണ്ടോ പപ്പേ..”

‘ഇല്ലെടീ. നീ പോയി കഴുകീട്ടു വാ.”

(ലൊക്കേഷൻ ഇന്ത്യൻ കോഫീ ഹൌസ്. മട്ടൻ കട്ലേറ്റ് തീർന്നു പോയതിന്റെ ദു:ഖത്തിൽ ഇരിക്കുന്ന ഞാൻ)

“കട്ലേറ്റ് അടുത്ത പ്രാവശ്യം മേടിച്ചു തരാടീ. ഇപ്പോ നീ നെയ്രോസ്റ്റ് കഴിക്ക്. നല്ല മൊരിഞ്ഞ നെയ്രോസ്റ്റ്. നീ ഒന്നു കഴിച്ചു നോക്ക്”

“അതു പിന്നെ പപ്പ അങ്ങനല്ലേ പറയുള്ളൂ. ഇന്ത്യൻ കോഫീ ഹൌസിലെ പാത്രം കഴുകിയ വെള്ളം കിട്ടിയാലും പപ്പ പറയും നല്ല ടേസ്റ്റാനെന്ന്”

“പിന്നേ അങ്ങനൊനുമില്ല. നിനക്കറിയാഞ്ഞിട്ടാ. ഇത്രെം വൃത്തിയുള്ള ഹോട്ടൽ വേറെ ഉണ്ടാവില്ല. ഏ.കെ.ജിടെ ഐഡിയയാ ഇത്. മുടിയൊന്നും പാറി വീഴാതിരിക്കാനാ ഇവിടുത്തെ പണിക്കാരു തൊപ്പിയൊക്കെ വച്ചു നടക്കുന്നത്”
(നെയ്രൊസ്റ്റിനു മെമ്പൊടിയായി ഇന്ത്യൻ കോഫീ ഹൌസിന്റെ ചരിത്രം)

തിരിച്ചു ബസ്‌സ്റ്റാൻ‌ദിലേക്ക്.
“ഇതു തന്നാണൊ നിന്റെ സീറ്റ്. നല്ലോണം നോക്ക്’“

“ആന്നേ. ഇതു കണ്ടില്ലേ നമ്പറ്”

“എന്നാപ്പിന്നെ ബാഗൊക്കെ ആ സൈഡിലെക്ക് മാറ്റി വെയ്ക്ക്. കാലു വെയ്ക്കാൻ സ്ഥലമില്ലേ. കുറച്ചു കഴിയുമ്പോൾ ആ ജനലടച്ചേക്ക്. കാറ്റടിച്ച് ജലദോഷം പിടിക്കണ്ട. പിന്നെ സീറ്റു മുന്നോട്ടും പിന്നോട്ടും ഒക്കെ ആക്കുമ്പോൾ പുറകിലിരിക്കുന്ന ആളെ നോക്കീട്ട് ചെയ്യനം. തുമ്മെന്ന് അങ്ങ് താഴ്തിയേക്കരുത്. പുറകിലുള്ളവരുടെ ദേഹത്തു പോയി ഇടിക്കും. പിന്നെ നിന്റെ കൈയും എവിടെം കുടുങ്ങാതെ നോക്കിക്കോണം.ടിക്കറ്റെന്ത്യേ. പെട്ടെന്ന് എടുക്കാവുന്ന സ്ഥ്ലലത്ത് തന്നെ വെച്ചേക്ക്. രാത്രീൽ വണ്ടി നിർ‌ത്തുമ്പോ ഇറങ്ങി ദൂരെയെങ്ങും പോകണ്ട കേട്ടോ. നിനക്ക ചില്ലറ വല്ലോം വേണോ വഴിക്ക് ചായ കുടിക്കാൻ...”

“എന്റെ പപ്പെ ഞാനിതാദ്യമായിട്ടാണോ ബാം‌ഗ്ലൂരേക്ക് ബസിനു പോകുന്നത്. പപ്പ പൊക്കോന്നേ.’

(പിന്നെം അവിടേം ഇവിടെം ഒക്കെ നോക്കി എല്ലാം ശരിയാണോ എന്നൊകെ ഉറപ്പുവരുത്തിക്കൊണ്ട് നിൽ‌ക്കുകയാണ്)

“ ഇതിപ്പോ ഓട്ടം കഴിഞ്ഞ് വന്ന വല്ല വണ്ടീമായിരിക്കുമോ പോലും .എങ്കീ പിന്നെ എഞ്ചിൻ തണുത്തിട്ടുണ്ടാവില്ല. ഇവമ്മാരെ ഒന്നും വിശ്വസിക്കാ‍ാൻ കൊള്ളില്ലെന്നേ”

“യേയ്. ഒന്നൂല്ലേലും ഇത് ഗവണ്മെന്റ് വണ്ടിയല്ലേ. അവരങ്ങനൊകെ ചെയ്യുമോ?”
(അവിടെ ഇൻസ്പെക്ഷൻ നടത്തുന്നതിനിടെ എന്റെ ‘ആക്കലൊന്നും’ അവിടങ്ങ് രെജിസ്റ്റർ ചെയ്യപ്പെടുന്നില്ല)
“പപ്പേ ഇറങ്നെന്നേ, വണ്ടി വിടാൻ പോവാ”

“എന്നാ ശരി മോളേ. അവിടെ ചെന്നപാട് വീട്ടിലേക്ക് വിളിച്ചെക്കണം കേട്ടോ. മമ്മി ചുമ്മാ ടെൻ‌ഷനടിക്കും”

(ഉവ്വേ ഉവ്വേ.. എത്തണ്ട സമയം കഴിഞ്ഞല്ലോ, അവളു വിളിച്ചില്ലേടീന്ന് നാഴികയ്ക്ക് നാപ്പതു വട്ടം മമ്മിയോട് ചോദിക്കുന്ന ആളാണ് ഒക്കേം മമ്മീടെ ടെൻ‌ഷനെ പറ്റി ടെൻ‌ഷനാവുന്നത്)

“വിളിക്കാം പപ്പേ. പപ്പേം വീട്ടിലെത്തീട്ട് വിളിക്ക് കേട്ടൊ. ഇവിടുന്നാവുമൊമ്പോ പപ്പേടെ സ്റ്റേറ്റ്ബസു തന്നെ ഇഷ്ടം പോലെ കിട്ടൂലോ“(പിന്നെം ഒരു ‘ആക്കൽ’ കൂടി വേസ്റ്റ് ആയി

“ശരീടി മോളേ. എന്നാ ഞാനിറങ്ങിയേക്കുവാ”

പുറത്തെ മഴയിൽ ധൃതിയിൽ നടന്ന് ഇരുട്ടിലേക്കു മറയുന്ന വെള്ളഷർട്റ്റും മുണ്ടുമിട്ട രൂപം. ഉള്ള നാടു മുഴുവൻ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മോളാണെങ്കിലും കൂടെ നടക്കുമ്പോൾ ഇള്ളക്കുട്റ്റികളെ കൊണ്ടുനടക്കുന്നതു പോലെ കൈയിൽ മുറുകെ പിടിച്ചേ നടക്കൂ. ബെല്ലും ബ്രേക്കുമില്ലാതെ നടക്കുകയാണെങ്കിലും ആ സ്നേഹത്തിന്റെ തണലിൽ പൂച്ചക്കുട്ടിയെ പോലെ പതുങ്ങിക്കിടക്കാനാണ് ഇടയ്ക്കിടെ ബഹളം വച്ചങ്ങോട്ടു കയറിചെല്ലുന്നതും. ലവ് യൂ..

50 comments:

  1. Anonymous said...

    യാത്ര അയക്കാൻ കൂടെ അധികം പേരുണ്ടായിട്ടില്ല ചെറുപ്പം മുതൽ.. പക്ഷെ ഇപ്പോഴും യാത്രപറച്ചിൽ വല്ലാത്ത ഫീലിംഗ് ആണ്.

  2. mini//മിനി said...

    യാത്രാമംഗളം നേരുന്നു.

  3. Unknown said...

    എന്നിട്ട് ബാംഗ്ലൂര്‍ എത്തീട്ടു വിളിച്ചോ..
    മാതാപിതാക്കള്‍ ഇങ്ങനെയാ..
    മക്കളെത്ര വളര്‍ന്നാലും അവരോടു ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ടേയിരിക്കും..
    നല്ല പോസ്റ്റ്.

  4. Rajesh said...

    Since very young, was quite independant and hence had never felt this kind of a see off from my parents. But I have seen them doing this with my siblings and also saw my friends getting such see off's a lot.
    Very good post ji. The last description of the father walking away was beautiful.

  5. Eldho said...

    Beautiful post. it shows how badly u miss ur dad. .

  6. Eldho said...

    Beautiful post. it shows how badly u miss ur dad. .

  7. Eldho said...
    This comment has been removed by the author.
  8. പഥികൻ said...

    തിരിച്ചു വരവിൽ സന്തോഷം !

  9. ഓര്‍മ്മകള്‍ said...

    കൊള്ളാം.... നല്ല പോസ്റ്റ്......,//

  10. Manoraj said...

    സത്യത്തില്‍ അച്ഛന്‍, അമ്മ അവരുടെ ഒക്കെ കെയര്‍ നമ്മള്‍ അറിയുക അവരുടെ അസാന്നിദ്ധ്യത്തിലാണ്. അച്ഛന് എന്നോട് പറയത്തക്ക സ്നേഹമൊന്നുമില്ല എന്ന് (തെറ്റി)ധരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. എല്ലാം കഴിയുമ്പോള്‍ ഉള്ള വല്ലാത്ത ആ ശൂന്യത അതാണ് ഏറ്റവും വലിയ വീര്‍പ്പുമുട്ടല്‍.

    അല്ല ഇതൊക്കെ എന്തിനാ ഇവിടെ പറയുന്നതെന്നാവും. പെട്ടന്ന് അച്ഛനെ ഓര്‍മ്മ വന്നു. പോസ്റ്റ് വായനയുടെ തുടക്കത്തില്‍ എനിക്ക് ഇഷ്ടമായില്ലായിരുന്നു. മെല്ലെ മെല്ലെ പറയാന്‍ ശ്രമിക്കുന്നത് എന്താണെന്ന് മനസ്സിലായി വന്നപ്പോഴാണ് വീണ്ടും ആദ്യം മുതല്‍ വായിച്ചത്. അപ്പച്ചനെ കുറിച്ചുള്ള ഓര്‍മ്മ നന്നായി.

  11. മുകിൽ said...

    കുറച്ചു കാലമായല്ലോ കണ്ടിട്ട്. നന്നായി പോസ്റ്റ്. ഹൃദയത്തിൽ നിന്നു തന്നെ പറഞ്ഞു.

  12. ബയാന്‍ said...

    കാല്‍റ്റെക്സ് എന്ന പേരിനു ഏതോ റ്റെക്സ്റ്റയില്‍‌സ് ആയിരിക്കാം ചിലപ്പോള്‍ .... പപ്പേനെ ഒന്നു ഭീഷണിപ്പെടുത്തി നോക്ക് സത്യം പുറത്ത് വരാതിരിക്കില്ല.

  13. കുഞ്ഞൂസ് (Kunjuss) said...

    വായനയില്‍ അറിയാതെ കണ്ണു നിറഞ്ഞു പോയി, ഓരോ കുഞ്ഞു കാര്യങ്ങളില്‍ പോലും ശ്രദ്ധിച്ചിരുന്ന അച്ഛന്‍ , ഇപ്പോള്‍ കൂടെയില്ലെന്നത് ഒരു നിമിഷം ഓര്‍ത്തു പോയി....

  14. Unknown said...

    അസ്സലായി

  15. evuraan said...

    ഇന്ത്യന്‍ കോഫീ ഹൌസ് ഏ.കെ. ഗോപാലന്റെ ഐഡിയയാണെന്നത് എനിക്ക് പുതിയ അറിവാണു്. ഒരുപാട് ICH-ല്സില്‍ പോയിട്ടുണ്ടെങ്കിലും.

    ത്രേസ്യാന്റെ പപ്പയ്ക്ക് എന്റെ വക ഒരു ഹൈ ഫൈവ് കൊടുത്തേരേ..!

  16. Manju Manoj said...

    നൈസ്... എന്റെ അച്ഛനെയും മനസ്സില്‍ കണ്ടു ഈ നിമിഷം.... ഓരോ ചെറിയ കാര്യവും തിരക്കുന്ന അച്ഛന്‍....നന്നായി ഈ പോസ്റ്റ്‌...

  17. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    അച്ഛന്മാരുടെ സ്നേഹം സാധാരണ അവരെ വിട്ടു താമസിക്കുമ്പോഴെ മനസിലാകൂ
    ഓടോ

    അപ്പൊ കൊച്ചു തിരികെ ബാംഗ്ലൂരെത്തിയോ?
    അപ്പൊ ഇനി ഇടയ്ക്കിടെ പോസ്റ്റു പ്രതീക്ഷിക്കാം അല്ലെ

    നന്നായി

  18. yousufpa said...

    അച്ഛൻ.. അത് ഒരു അറിയിക്കാനാകാത്ത വികാരമാണെനിക്ക്.ഏത് പ്രശ്നങ്ങൾക്കും ഒരു ബലമായി കൂടെയുണ്ടാകും.

  19. മൻസൂർ അബ്ദു ചെറുവാടി said...
    This comment has been removed by the author.
  20. മൻസൂർ അബ്ദു ചെറുവാടി said...

    ഹൃദയം സംസാരിക്കുന്ന കുറിപ്പ്. സ്നേഹത്തിന്റെ ഭാഷ. ഹൃദ്യം

  21. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    യൂസുഫ്പ ജിയുടെ കമന്റ്‌ വായിച്ചപ്പോള്‍ ഓര്‍മ്മ വന്നതാ

    ഇവിടങ്ങളില്‍ അച്ഛനെ ബലം കൊടുക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ വിളിക്കുന്ന ഒരു വാക്കു തന്നെ ഉണ്ട്‌
    " ബലദ്‌ " എന്ന്.
    ഒരിക്കല്‍ എന്റെ കൂടെ ഉള്ള ഒരാള്‍ രോഗിയുടെ പേരുവിവരം എഴുതുന്നിടത്ത്‌ "ബലദ്‌ കോന്‍ ഹെ" എന്നു ചോദിക്കുന്നതു കേട്ടു. അന്ന് അയാളോട്‌ ചോദിച്ചു പഠിച്ചെടുത്തതാ ഇതിവിടെയും പങ്കു വയ്ക്കാം എന്നു കരുതി

  22. സുഗന്ധി said...

    ഈ അച്ഛന്മാരെല്ലാം ഒരേപോലാ ല്ലേ.. ഞാനെത്ര അടികൂടുമെന്നോ ഈ ആവലാതി കാണുമ്പോ..

  23. ഉസ്മാന്‍ പള്ളിക്കരയില്‍ said...

    ഞാനും ഒരച്ഛനാണ്. വരികളിൽ ഞാൻ എന്നെ കണ്ടു. രചന നന്നായിരിക്കുന്നു.

  24. ചെലക്കാണ്ട് പോടാ said...

    കാല്‍ടെക്സ് കണ്ണൂരിലേ അല്ലേ :D

    യെസ് യാത്രപറയുന്നതിന്റെ ഫീലിംഗ്, അത് വേറെതന്നെയാണ് കുഞ്ഞുനാള് മുതല്‍ ദേ വളര്‍ന്ന് വലുതായശേഷവും പല സ്ഥലത്തൂന്ന് ഇറങ്ങുമ്പോഴും ഫീലിംഗ്സ് അടിക്കാറുണ്ട്... പ്രത്യേകിച്ച് ഷോര്‍ട്ട് സ്റ്റേക്കാണെങ്കിലും തറവാട്ടില്‍ പോയിട്ട് മടങ്ങുമ്പോള്‍....

  25. Nomad said...

    ഞാനിവിടെ പുതിയതാ.ഇനി പുറകെ നടന്നോളാം (follow ) നല്ല പോസ്റ്റ്‌ കേട്ടോ .

  26. Junaiths said...

    പണ്ട് കാള്‍ടെക്സില്‍ മേഞ്ഞു നടന്ന കാലം ഓര്‍ത്തു പോയ്‌ കൊ.ത്രേ. അവിടെ മെഡിക്കല്‍ സ്റ്റോറിന്റെയൊക്കെ ഓപ്പസിറ്റ് ഒരു സിനിമാ കൊട്ടകയുണ്ടായിരുന്നല്ലോ..ഇപ്പോഴുമുണ്ടോ ആവോ..

  27. Unknown said...

    നല്ല പോസ്റ്റ്.

  28. നെല്‍സണ്‍ താന്നിക്കല്‍ said...

    നല്ല സുന്ദരന്‍ പോസ്റ്റ്‌. പറയാതിരിക്കാന്‍ വയ്യ.


    കാര്‍ന്നോമ്മാരുടെ വെഷമം അറിയണമെങ്കില്‍ നീയും ആ അവസ്ഥയില്‍ എത്തണം

    എല്ലാ മാതാപിതാക്കള്‍ക്കും ഈയൊരു ടെന്‍ഷന്‍ ഉള്ളതാ. ഞാന്‍ വെറുതെ ഇരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ ആലോചിക്കാറുണ്ട് ഈ വേവലാതിയെപ്പറ്റി. ഞാന്‍ വീട്ടില്‍ നിന്ന് പോരുമ്പോള്‍ എന്നും മമ്മി പറയും ചെന്നിട്ടു വിളിക്കണം എന്ന്. എനിക്കീ പാലായില്‍ നിന്ന് എറണാകുളം വരെ വന്നാല്‍ മതി. രണ്ടുമൂന്നു വര്‍ഷമായി എല്ലാ ആഴ്ചയും ഇതേ പരിപാടി ആവര്‍ത്തിക്കുന്നതാണ്. എനിക്ക് ഇത് കേള്‍ക്കുമ്പോള്‍ പലപ്പോഴും ചിരിയാണ് വരാറ്. ഞാനേതാണ്ട് ആദ്യമായിട്ട് പോകുന്നതുപോലെയാണ് സംസാരം. അതുപോലെ തന്നെ ഒരു ദിവസം വൈകുന്നേരം എട്ടുമണി ആയിട്ടും വിളിച്ചില്ലെങ്കില്‍ എന്താ ഇതുവരെ വിളിക്കാത്തതെന്നു ഇങ്ങോട്ട് വിളിച്ചന്വേഷിക്കും. എന്തെങ്കിലും കാരണം പറഞ്ഞാല്‍ ഓക്കേ. സമാധാനമായി. എന്തുപറ്റി എന്ന് അറിയാന്‍ വിളിച്ചതാ എന്നും പറഞ്ഞു ഫോണ്‍ വെക്കും


    ഞാന്‍ ഒരു ദിവസം വീട്ടില്‍ ചെന്നപ്പോള്‍ ഈ കാര്യങ്ങള്‍ എല്ലാം മമ്മിയോടു പറഞ്ഞു അപ്പോള്‍ കിട്ടിയ മറുപടിയാണ് ആദ്യം പറഞ്ഞിരിക്കുന്നത്

  29. പാവപ്പെട്ടവൻ said...

    മുടിയൊന്നും പാറി വീഴാതിരിക്കാനാ ഇവിടുത്തെ പണിക്കാരു തൊപ്പിയൊക്കെ വച്ചു നടക്കുന്നത്”
    അതു മാത്രമല്ല .തൊഴിലാളികളാൽ നയ്ക്കപ്പെടുന്ന പ്രസ്ഥാനത്തിൽ ആർക്കും വേർതിരിവില്ല.എല്ലാവരും യൂണിഫോം ധരിക്കണം .

  30. ഒടിയന്‍/Odiyan said...

    എന്റെ അച്ഛനെയും മനസ്സില്‍ ഓര്‍മ്മ വന്നു ഈ നിമിഷം..ഓരോ ചെറിയ കാര്യവും തിരക്കുന്ന അച്ഛന്‍..വല്ലാത്ത ഫീലിംഗ്

  31. Dhanya said...

    Reminded me of my parents.. I used to get very irritated when amma gets worried for every small thing as if I am a KG kid. Had blogged abt it here
    But now I miss all those and often yearns for some to worry about me ;)

  32. ajith said...

    ഈ ലോകത്ത് ആദ്യമായിട്ടാണ്. ഒത്തിരിയൊത്തിരി ഇഷ്ടപ്പെട്ടു ഈ എഴുത്ത്.

  33. SFO2Puthuppally said...
    This comment has been removed by the author.
  34. SFO2Puthuppally said...

    എന്തിനാ എന്നെ കരയിപ്പിച്ചേ

  35. ആളവന്‍താന്‍ said...

    :-(

  36. ജിമ്മി ജോൺ said...

    ഈ പോസ്റ്റിന്റെ യഥാര്‍ത്ഥ ചിത്രം മറ്റ് ചില കമന്റുകളില്‍ നിന്നുമാണ് മനസ്സിലായത്‌.. വേര്‍പാട് എന്നും വേദനാജനകം തന്നെ..

    കാല്‍ ടെക്സിനെ ക്കുറിച്ചുള്ള ആ സംശയം എനിക്കുമുണ്ടായിട്ടുണ്ട്.. അതിന്നും ഒരു സംശയമായിത്തന്നെ അവശേഷിക്കുന്നു..

    ഇന്ത്യന്‍ കോഫീ ഹൗസ്‌, കേയെസ്സാര്‍ട്ടീസ്സി, കാല്‍ ടെക്സ് ജംഗ്ഷന്‍.. നമ്മുടെ സ്വന്തം കണ്ണൂര്‍ !!

  37. mayflowers said...

    പപ്പയുടെ സ്നേഹത്തിന്റെ തണുപ്പുള്ള പോസ്റ്റ്‌.
    അപ്പൊ,ആള്‍ കണ്ണൂരില്‍ എവിടെയോ ആണല്ലേ..?
    ഞാനും ആ ജില്ലക്കാരിയാണേ..
    കാല്‍ടെക്സ് പപ്പ പറഞ്ഞത് സത്യം.

  38. Cynic said...

    Lovely post..

  39. rasmi said...

    എന്റെ അച്ഛനും ഇങ്ങനെ തന്നെയാ..കണ്ണ് നിറഞ്ഞു, വായിച്ചപ്പോള്‍. നന്ദി, കൊച്ചു ത്രേസ്യക്കൊച്ചേ :)

  40. കാഴ്ചകളിലൂടെ said...
    This comment has been removed by the author.
  41. കാഴ്ചകളിലൂടെ said...

    നല്ല പോസ്റ്റ്‌.
    അച്ഛനമ്മമാരുടെ വേദന അറിയണമെങ്കില്‍ അച്ഛനമ്മമാരാകണം

    സജീവ്‌

  42. Jeena said...

    നന്നായിരിക്കുന്നു കൊച്ചു ത്രേസ്സ്യ...എല്ലാ പോസ്റ്റുകളും വായിച്ചു...ചിലത് കണ്ണ് നനച്ചു..മറ്റു ചിലത് ചിരിപ്പിച്ചു. ഏറെ ദൂരത്തല്ലാതെ ഞാന്‍ കടന്നു പോന്ന വഴികള്‍ പലതും കണ്ടു ഓരോ വായനയിലും... അതുകൊണ്ടാവാം മൊത്തത്തില്‍ ഒരുപടിഷ്ടമായത്...!

  43. Shinoj said...

    എന്റെ അച്ഛനെ മനസ്സില്‍ ഓര്‍മ്മ വന്നു... hmmm :-(

  44. manjumj said...

    does kaimal's dosa kada really exist?

  45. ബഷീർ said...

    ഹൃദയഹാരിയായ പോസ്റ്റ്

  46. ammaalu said...

    ഇത് നമ്മുടെ സ്വന്തം കണ്ണൂരല്ലേ വളരെ നന്നായിട്ടുണ്ട് കാല്‍ടെക്സ്ഉം കോഫീഹൌസ്ഉം കാണാന്‍ തിരക്കായി നന്ദി കൊച്ചു ത്രെസ്യകൊച്ചേ

  47. വിനീഷ് said...

    ഉവ്വേ ഉവ്വേ.. എത്തണ്ട സമയം കഴിഞ്ഞല്ലോ, അവളു വിളിച്ചില്ലേടീന്ന് നാഴികയ്ക്ക് നാപ്പതു വട്ടം മമ്മിയോട് ചോദിക്കുന്ന ആളാണ് ഒക്കേം മമ്മീടെ ടെൻ‌ഷനെ പറ്റി ടെൻ‌ഷനാവുന്നത്

    Nostalgic

  48. Sabu Ismail said...

    The way you've narrated father's love is simply beautiful!

  49. ഒരു യാത്രികന്‍ said...

    ഹൃദയസ്പര്‍ശിയായ എഴുത്ത്. നന്നായി കൊത്രേ .........സസ്നേഹം

  50. Byjuwriter said...

    Brothers and sisters, I am a newbie on blogs, left Facebook due to frustration, landed here through Google plus, malayalam font upayogikkan ariyilla, enthengilum help pratheekshikkunnu (ith pichakkarude parivedanam pole aayo, entho!)