Wednesday, November 13, 2013

ക്ഷണിക്കാതെ വന്ന അതിഥി...


പപ്പയ്ക്കും മമ്മിയ്ക്കും അങ്ങനൊരു യോഗമുണ്ട്. വീടും പൂട്ടി എവിടെങ്കിലും ചുറ്റിക്കറങ്ങാന്‍ പോയാലോന്ന് വിചാരിമ്പോഴേക്കും അതു മണത്തറിഞ്ഞ പോലെ മക്കളില്‍ ഏതെങ്കിലും ഒരുത്തന്‍/ഒരുത്തി വീട്ടില്‍ ഹാജരാകും. അതോടെ അവര്‍ടെ യാത്ര കുന്തസ്യ. ഇത്തവണ ആദ്യമെത്തീത് അനിയനായിരുന്നു. ഒരു ജോലിയില്‍ നിന്നിറങ്ങി അടുത്ത ജോലിക്ക് അട വെയ്ക്കുന്നതു വരെയുള്ള വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ അവന്‍ തെരഞ്ഞെടുത്തത് വീടാണ്‌. അതാവുമ്പൊ മമ്മി അവനിഷ്ടമുള്ളതൊക്കെ ഉണ്ടാക്കി കൊടുത്ത് സ്നേഹിച്ചോളും. അങ്ങനെ മമ്മീടെ സ്നേഹം ഫുഡിന്റെ രൂപത്തിലെത്തിയെത്തി അവനൊരു ശീമപ്പന്നി പോലെ ചീര്‍ത്തുവരുമ്പോഴാണ്‌ ഞാനവിടെ ലാന്‍‌ഡ് ചെയ്യുന്നത്. പക്ഷെ അവനെ പോലെ വെറും കൈയോടെയല്ല ഞാനെന്റെ വീട്ടിലെത്തീത്, ഉരുണ്ടു വീണ്‌ കൈയൊടിഞ്ഞ് ആ കൈ ഒരു സഞ്ചീലിട്ടു തൂക്കി കഴുത്തില്‍ കെട്ടിക്കൊണ്ടാണ്‌. അതോടെ വീട്ടിലെ ശീമപ്പന്നിസ്ഥാനം എനിക്കായി.ഇങ്ങനെ മമ്മിയ്ക്ക് അടുക്കളപ്പണിയൊഴിഞ്ഞ നേരവും ഞങ്ങല്‍ക്ക് വായൊഴിഞ്ഞ നേരവും ഇല്ലാതിരുന്ന ആ കാലയളവിലാണ്‌ ആ വീടിനെ പിടിച്ചു കുലുക്കിയ ചില സം‌ഭവങ്ങള്‍ നടന്നത്.

 പപ്പയുടെ കണ്ണും കരളുമായ ലാപ്പ്ടോപ്പ്തിരോധാനത്തിലായിരുന്നു തുടക്കം. ആ ലാപ്ടോപ് ചില്ലറക്കാരനല്ല. ജനിക്കുവാണെങ്കില്‍ പപ്പയുടെ ലാപ്റ്റോപ്പായി ജനിക്കണം എന്ന് തോന്നിപ്പോകും പപ്പ അതിനെ താലോലിക്കുന്നതു കണ്ടാല്‍. എന്നും എടുത്ത് തൂത്തുതുടച്ച് ഉള്ള ഡാറ്റയും വാണിംഗ് മെസേജും ഡിസ്ക് സ്പേസും ഒക്കെ ചെക്ക് ചെയ്യുക മാത്രമല്ല   'ഇതിന്റെ ഫ്രീ സ്പേസില്‍ ഇന്നലെ ഇത്രയുണ്ടായിരുന്നു. ഇന്നു രാവിലെ ആയപ്പൊള്‍ ഇത്ര കെ.ബി കുറവുണ്ട്. അതെവിടെ പോയി' - ഈ ലൈനിലുള്ള ഡവുട്ട് ചോദിച്ച് നമ്മള്‍ടെ വിവരമില്ലായ്മ ടെസ്റ്റ് ചെയ്ത് ആനന്ദിക്കുകയും ചെയ്യും. ലാപ്റ്റോപ്പിനെ പുന്നാരിക്കുന്നതു പോട്ടെ, അതിന്റെ സര്‍‌വമാന കിടുതാപ്പുകളും- പെന്‍‌ഡ്റൈവ്, ഡോംഗിളുകള്‍ ഒക്കെ- ഒരു കുഞ്ഞു ആഭരണസഞ്ചീലിട്ട് ലാപ്ടോപ്പിന്റെ കൂടെ തന്നെ കൊണ്ടു നടക്കും. ഇതിലേതെങ്കിലും കുറച്ചു നേരത്തേക്ക് ഒന്നു തരാമൊ എന്നു ചോദിച്ചാല്‍ പപ്പയുടെ കരളു മുറിച്ചു തരാമോ ചോദിച്ചപോലാണ്‌. അങ്ങനെ വിരാജിക്കുന്ന ആ വി.ഐ.പി ലാപ്ടോപ്പുമായി നേരം ഇരുട്ടിയ സമയത്ത് തിണ്ണയിലിരുന്നു പതിവ് ബ്രൗസിംഗ് മഹാമഹം നടത്തുകയായിരുന്നു പപ്പ. അപ്പഴാണ്‌ അനിയന്‍ അവന്റെ കാറും തെളിച്ചോണ്ടു വന്നത്. കാര്‍ ഷെഡിലേക്കു കയറാന്‍ വേണ്ടി അവന്‍ വണ്ടി റിവേഴ്സ് എടുക്കലും പപ്പ മിന്നാമിനുങ്ങു പോലെ വെട്ടമുള്ള ഒരു ടോര്‍ച്ചുമായി മുറ്റത്തേക്കു ചാടി. ലവന്റെ വണ്ടിക്ക് വഴി കാണിച്ചു കൊടുക്കാന്‍. വണ്ടീടെ മുന്നിലും പിന്നിലുമൊക്കെ ഈ ഒരു പര്‍പസിലേക്കായി ലൈറ്റുകള്‍ ഫിറ്റ് ചെയ്തിട്ടുണ്ട് എന്ന സത്യം പല വട്ടം പപ്പയെ അറിയിച്ചിട്ടുള്ളതാണ്‌. എന്നാലും ടോര്‍ച്ചും കൊണ്ടു പോയി വണ്ടിക്ക് വഴി കാണിച്ചില്ലെങ്കില്‍ പപ്പയ്ക്ക് ഒരു സമാധാനവും കിട്ടില്ല. എന്തായാലും പപ്പേടെ ടോര്‍ച്ചിന്റെ ബലത്തില്‍ വണ്ടി വിജയകരമായി ഷെഡില്‍ കയറി, വണ്ടി റിവേഴ്സെടുക്കുമ്പൊള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തെ പറ്റി തര്‍ക്കിച്ചോണ്ട് അവരു രണ്ടു പേരും വീട്ടില്‍ കയറി, ഞങ്ങളെല്ലാരും കഞ്ഞി കുടിച്ചു കിടന്നുറങ്ങി, തിണ്ണയില്‍ മറന്നു വച്ച ലാപ്ടോപ്പും ആക്സസറി കിഴിക്കെട്ടും ഏതൊ കള്ളന്‍ കൊണ്ടു പോവുകയും ചെയ്തു.

പിറ്റേദിവസം രാവിലെ പപ്പ വീടു മുഴുവന്‍ പരതിപ്പരതി നടക്കുന്നതു കണ്ട് ചോദിച്ചപ്പഴാണ്‌ സംഭവം ഞങ്ങളറിയുന്നത്. കിട്ടിയ ചാന്‍സു കളയാതെ ഞാനും അനിയനും പപ്പയെ അടിമുടി ഗുണദോഷിക്കാന്‍ തുടങ്ങി. ലാപ്ടോപ്പും അതിന്റെ കിടുതാപ്പുകളും ഇങ്ങനെ അടുക്കിപ്പെറുക്കി ഒരുമിച്ചു കൊണ്ടു നടക്കുന്നതു കൊണ്ടാണ്‌ പ്രശ്നംന്ന് ഞാന്‍ വാദിച്ചു. ഒരുദാഹരണത്തിന്‌ ഇപ്പോ എന്റെ ലാപ്ടോപ്പെങ്ങാനും കള്ളന്‌ മോഷ്ടിക്കണംന്നു തോന്നിയാല്‍ അങ്ങേരതിന്റെ പല കഷ്ണങ്ങളും തേടി വീടു മുഴുവന്‍ നടക്കണമായിരുന്നു. ഒടുക്കം മനസു മടുത്ത് മോഷ്ടിക്കാതെ പോവേം ചെയ്യുമാരുന്നു. ഇതിപ്പോ പപ്പ എല്ലാം ഒരുമിച്ചു വച്ചതു കൊണ്ടല്ലേ കള്ളന്‍ ഈസിയായി അടിച്ചു മാറ്റീത്. അനിയനാണെങ്കില്‍ ഇതിനെ പറ്റി പോലീസില്‍ പരാതിപ്പെടേണ്ടതിന്റെ ആവശ്യകതയെ പറ്റിയായിരുന്നു പ്രസംഗം മുഴുവന്‍. ആ അടിച്ചുമാറ്റിക്കൊണ്ടു പോയവന്‍ അതു തീവ്രവാദികള്‍ക്ക് മറിച്ചു വില്‍ക്കുന്നതും അതിന്റെ ഓണറേ ട്രേസ് ചെയ്ത് പോലീസ്  വരുന്നതും പപ്പയെ അറസ്റ്റ് ചെയ്യുന്നതും ഞങ്ങള്‍ കുടുംബത്തോടെ കണ്ണൂര്‍ ജെയിലില്‍ പപ്പയെ വിസിറ്റ് ചെയ്യാന്‍ പോകുന്നതും ഒക്കെ അവന്‍ ഹൃദയഭേദകമായി തന്നെ അവതരിപ്പിച്ചു.  അതോടെ "എന്തിനാ പോലീസിനെയൊക്കെ ബുദ്ധിമുട്ടിക്കുന്നത്' എന്ന പപ്പയുടെ സ്റ്റാന്‍‌ഡ് ഇത്തിരി അയഞ്ഞു. സ്റ്റേഷനിലെക്കു പോവാനായി രണ്ടു പേരു റെഡിയാകാന്‍ പോവുകയും ചെയ്തു. അപ്പഴാണ്‌ അനിയന്റെ മുറിയില്‍ നിന്ന് ഒരു നിലവിളി. ' എന്റെ പേഴ്സും കൊണ്ടോയേ" എന്ന്. അവന്‍ ജനലിന്റെ പടിയില്‍ ഭദ്രമായി വച്ച പഴ്സും കള്ളന്‍ കൊണ്ടോയത്രേ. ലാപ്റ്റോപ്പ് തിണ്ണേല്‍ സൂക്ഷിക്കുന്ന അച്ഛനുണ്ടേല്‍ പണപ്പെട്ടി ജനലിന്റടുത്തു സൂക്ഷിക്കുന്ന ഒരു മകനും ആ വീട്ടിലുണ്ടാവുമെന്ന് ബുദ്ധിമുനായ കള്ളന്‍ ഊഹിച്ചു കണ്ടുപിടിച്ചിരിക്കുന്നു.  എന്തായാലും "ശ്ശൊ അതിന്റകത്ത് മുന്നൂറ് രൂപയുണ്ടായിരുന്നു" എന്ന് ഇച്ഛാഭംഗിച്ചോണ്ടിരുന്നവന്‍ സംഭവമറിഞ്ഞ് അടുത്ത വീട്ടുകാരും കൂടി എത്തിയതോടെ നിന്ന നില്‍‌പില്‍ ' ശ്ശൊ എന്നാലും അതിന്റാത്തുണ്ടായിരുന്ന മൂവായിരം രൂപാ" എന്നാക്കി മാറ്റി. എന്തയാലും പഴ്സ് പോയി, ഇനീപ്പം അതില്‍ മൂന്നുലക്ഷമുണ്ടാരുന്നൂന്നു പറഞ്ഞാലും നമ്മള്‍ വിശ്വസിച്ചല്ലേ പറ്റൂ.

എന്തായാലും പരാതി കൊടുക്കലൊക്കെ കഴിഞ്ഞ് പോലീസ് ഇന്നു വരും നാളെ വരും എന്നൊക്കെ ഞങ്ങളും അടുത്തവീട്ടുകാരും കണ്ണിലെണ്ണേമൊഴിച്ചു കാത്തിരിക്കാന്‍ തുടങ്ങി. കൃത്യം ആ സമയം നോക്കിയായിരുന്നു സെക്രട്ടറിയേറ്റ് ഉപരോധവും തുടങ്ങിയത്. അതോടെ ഞങ്ങടെ വീട്ടിലേക്കു വരാനായി ജീപ്പു സ്റ്റാര്‍ട്ടാക്കിയ പോലീസുകാരൊക്കെ അവരെ തടയാന്‍ വേണ്ടി പല വഴിക്കു പോയി. അങ്ങനെ പോലീസുകാര്‍ പോലും കൈയൊഴിഞ്ഞ ഞങ്ങളുടെ വീടിനു കാവലായി ഒരു സുപ്രഭാതത്തില്‍ അവള്‍ എത്തി.  ചളീടെ കളറുള്ള ഒരു പട്ടി! പപ്പ രാവിലെ പത്രം എടുക്കാനായി പുറത്തേക്കിറങ്ങയതാണ്‌. പട്ടി ഓടി വന്ന് പപ്പേടെ ദേഹത്തേക്കു ചാടി ആലിംഗനം ചെയ്തു. ഇറങ്ങിയതിന്റെ പത്തിരട്ടി സ്പീഡില്‍ പപ്പ തിരിച്ചോടി അകത്തു കയറുകയും ചെയ്തു. " ഓ  അതീ വീടിനെപ്പറ്റി ഒന്നും അറിയാത്തതു കൊണ്ട് വന്നതാണ്‌. സത്യം അറിഞ്ഞു കഴിയുമ്പോള്‍ അതങ്ങ് പൊക്കോളും" സംഭവമറിഞ്ഞതോടെ മമ്മി പ്രസ്താവനയിറക്കി. ഒറ്റ കേള്വിയില്‍ നിരുപ്രദ്രവമെന്നു തോന്നാമെങ്കിലും ജന്തുസ്നേഹം തൊട്ടുതീണ്ടിയിട്ടില്ലാത്ത പപ്പയ്ക്കും ഞങ്ങള്‍ മക്കള്‍ക്കും നേരെയുള്ള ഒളിയമ്പുകളാരുന്നു ആ പ്രസ്താവന.ഏതുസമയത്തും മിനിമം നാലു പട്ടികളെങ്കിലും റോന്തുചുറ്റുന്ന വീട്ടിലാണ്‌ മമ്മി ജനിച്ചു വളര്‍‌ന്നത്. പപ്പയുടെ ഫാമിലിയാവട്ടെ, നാലുകാലുള്ള എന്തു ജീവിയുമായും മിനിമം ഒരു കിലൊമീറ്റര്‍ എങ്കിലും അകലം കാത്തു സൂക്ഷിക്കണമെന്നു നിര്‍‌ബന്ധമുള്ളവര്‍. പപ്പയുടെ ആ പട്ടിപ്പേടി ഞങ്ങള്‍ മക്കളുടെ രക്തത്തിലും സാമാന്യം നന്നായി കലര്‍ന്നിരുന്നു. അങ്ങനെയുള്ള ആ വീട്ടിലേക്കാണ്‌ ഭീകരമായി തെറ്റിദ്ധരിക്കപ്പെട്ട് ആ പട്ടി അഭയം തേടി വന്നിരിക്കുന്നത്. ഞങ്ങടെ സ്വഭാവം മനസിലായിക്കഴിയുമ്പോള്‍ അത് അതിന്റെ വഴിക്കു പൊക്കോളും എന്ന മമ്മിയുടെ കണക്കുകൂട്ടലുകള്‍ തെറ്റി. അതിന്റെ കുഴപ്പമല്ല. സ്വഭാവം മനസിലാക്കിക്കാനായി ഞങ്ങള്‍ വീടിനു പുറത്തിറങ്ങിയിട്ടു വേണ്ടേ..


             എങ്ങനെ പുറത്തിറങ്ങും. എങ്ങാനും വാതില്‍ തുറന്നാല്‍ ഉടനെ " മാറിക്കേ ഞാനങ്ങു കേറട്ടേ' എന്ന മട്ടില്‍ പട്ടി പാഞ്ഞു വരും. അതിനെ പേടിച്ച് ഞങ്ങള്‍ സ്വയം ഹൗസ് അറസ്റ്റ് വരിച്ചു. എന്നിട്ട് വീട്ടിലെ വിവിധ ജനാലകളിലൂടെ അതിന്റെ നീക്കങ്ങള്‍ ജാഗ്രതയോടെ വീക്ഷിച്ചു കൊണ്ടിരുന്നു. നിരീക്ഷണങ്ങളുടെ ആകെത്തുക ഇങ്ങനായിരുന്നു. 1) ഇത് ഏതോ കൊള്ളാവുന്ന വീട്ടില്‍ വളര്‍ത്തിയിരുന്ന പട്ടിയാണ്‌ 2) ആ വീട്ടില്‍ വെള്ള നിറത്തിലുള്ള മിഡ് സെഗ്മെന്റ് കാറുണ്ട്. റോഡിലൂടെ വെള്ളക്കാറുകള്‍ പോകുമ്പോഴെല്ലാം പട്ടി അതിന്റെ പുറകെ ഓടും. ന്നിട്ട് നിരാശയായി തിരിച്ചു വന്ന് അനിയന്റെ കാറിന്റെ കീഴെ കാവലിരിക്കും. എന്നാല്‍ സേം കളറായിട്ടും പപ്പയുടെ ഡ്യൂക്കിലി ആള്‍ടോയെ അതിനു മൈന്‍‌ഡില്ല 3) ആരെയും ഉപദ്രവിക്കുന്നില്ല. വീട്ടില പത്രക്കാരനും പാലുകാരനും വന്നപ്പോള്‍ പട്ടി അവരെ ഇഗ്നോര്‍ മോഡിലിട്ടു. അതായത് ഹൂ ഇസ് ഹൂ എന്ന് വക തിരിവുള്ള പട്ടിയാണ്‌ 4)അങ്ങനെയിങ്ങനെ വഴിയില്‍ കിടക്കുന്നതൊന്നും പട്ടി കഴിക്കില്ല. മഴ പെയ്തു വെള്ളം തളം കെട്ടികിടന്നിട്ടും അവിടുന്നു കുടിക്കാതെ ടാപ്പിലെ ഇറ്റിറ്റു വീഴുന്ന വെള്ളം കുടിച്ചാണ്‌ അത് ദാഹം മാറ്റുന്നത് 5) അതിന്‌ നന്നായി വിശക്കുന്നുണ്ട്. ഇത് അതിന്റെ ആര്‍ത്തീം പരവേശോം കണ്ടപ്പോല്‍ പിടികിട്ടീതാണ്‌.

എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായാലും ആ വിശക്കുന്ന ജീവിക്ക് ഭക്ഷണം കൊടുക്കുമെന്ന് മമ്മി പ്രഖ്യാപിച്ചു. എന്തേലും കൊടുത്താല്‍ പിന്നെ അതീ വീട് വിട്ടു പോവുകയേ ഇല്ല , അതു കൊണ്ട് നോ ഫുഡ്&അകൊമഡേഷന്‍ എന്ന് പപ്പയും യുദ്ധകാഹളം മുഴക്കി. "ശ്ശൊ പതുക്കെ പറ. അതെങ്ങാനും കേട്ടാല്‍ എന്തു വിചാരിക്കും ' എന്നും പറഞ്ഞ് ഞങ്ങളും ആ യുദ്ധത്തിന്‌ മാധ്യസ്ഥം വഴിച്ചു. ഒടുക്കം പട്ടിക്ക് ഒരു പ്രാവശ്യം മാത്രം ഫുഡ് കൊടുക്കുമെന്നും അതിനു ശേഷം അതിനെ വീട്ടില്‍ നിന്നോടിക്കാനുള്ള കടുത്ത നടപടികള്‍ സ്വീകരിക്കും എന്നുമുള്ള തീരുമാനത്തിലെത്തി. മമ്മിയാണ്‌ ഫുഡ് പുറത്തെടുത്തു വെയ്ക്കാനുള്ള ദൗത്യം ഏറ്റെടുത്തത്. കുറച്ച് ചോറും മീന്‍കറീം ഒരു പാളപ്പാത്രത്തിലെടുത്ത് മമ്മി പുറത്തെക്കിറങ്ങി. ഞങ്ങളെല്ലാവരും ശ്വാസമടക്കിപ്പിടിച്ചു നിന്നു.

അടുക്കളവാതിലില്‍ തുറക്കുന്ന ശബ്ദം കേട്ടതും ശരം വിട്ടതു പോലെ പട്ടി മുന്‍‌വശത്തു നിന്നും പുറകു വശത്തെത്തി. മമ്മി ആ പാത്രം താഴെ വെയ്ക്കലും അത് അതിലെക്കു കമഴ്ന്നു വീണു. ഒറ്റ സെക്കന്റിലാണ്‌ ആ പാത്രം കാലിയായത്. പട്ടി വന്ന പാടേ ഓടി വീട്ടില്‍ കയറാന്‍ പ്ലാന്‍ ചെയ്ത മമ്മി ആ കാഴ്ച കണ്ട് അസ്ത്രപ്രജ്ഞയായി നിന്നു പോയി. ഞങ്ങളും. ഒരു ജീവിയുടെ വിശപ്പിന്റെ ആഴം ഇത്രയടുത്ത് ഇതു വരെ കണ്ടിട്ടില്ലാരുന്നു. അതു നക്കി വടിച്ച് "കുറച്ചൂടെ തരൂ പ്ലീസ്' എന്ന മട്ടില്‍ അത് മമ്മിയെ നോക്കി. ആ നോട്ടം കണ്ട് സത്യം പറഞ്ഞാല്‍ കണ്ണു നിറഞ്ഞു പോയി. അപ്പഴാണ്‌ മന്നാ പൊഴിയുന്നതു പോലെ കുറച്ച് ഇഡ്ഡലികള്‍ എന്റടുത്തൂന്ന് പട്ടിയെ ലക്ഷ്യമാക്കി പായുന്നത് കണ്ടത്. അതിന്റെ ദയനീയാവസ്ഥ കണ്ടിട്ട് സഹിക്കാതെ പപ്പയും അനിയനും കാസറോളിലിരുന്ന ഇഡ്ഡലികള്‍ കൊടുക്കുന്ന കാഴ്ചയായിരുന്നു അത്. ഒടും മടിക്കാതെ ഞാനും അവരുടെ കൂടെ കൂടി. ഡിസ്കസ് ത്രോ പോലെ ഞങ്ങള്‍ മത്സരിച്ചെറിഞ്ഞു. ഓരൊന്നും നിലം തൊടുന്നതിനു മുന്‍പേ പട്ടി അതൊക്കെ പിടിച്ചെടുത്തു ശാപ്പിട്ടു. എന്താണു സംഭവിക്കുന്നതെന്ന് പിടികിട്ടാതെ അന്തം വിട്ടു നിന്ന മമ്മിക്ക് പൊടുന്നനെ ബോധം തിരിച്ചു കിട്ടി. "അയ്യോ അത് ബ്രേക്ക്ഫാസ്റ്റിനുണ്ടാക്കീതാ.. കളയല്ലേ.." എന്നു നിലവിളിച്ചോണ്ട് മമ്മി ഞങ്ങളെ തടയാന്‍ ശ്രമിച്ചു. ആരു കേള്‍ക്കാന്‍.. "മമ്മി ഇത്ര ക്രൂരയാവരുത്" എന്നും പറഞ്ഞ് ഞങ്ങള്‍ ഇഡ്ഡലിയെറു തുടര്‍ന്നു. ആദ്യം അതിനു ഭക്ഷണം കൊടുക്കണമെന്നു വാദിച്ച മമ്മിക്ക് അവിടെ ശശിയായി നോക്കി നില്‍ക്കാനേ പറ്റിയുള്ളൂ.

ഈ ഒരു സം‌ഭവത്തോടെ പട്ടിക്ക് ഫുഡിന്‌ മുട്ടില്ലാതായി. മമ്മീടെ വക സ്ഥിരം ചോറും മീന്‍‌കറീം. ഞങ്ങള്‍ടെ വക ഇടയ്ക്ക് കൊറിയ്ക്കാനായി ഇനത്തിലേക്ക് ബിസ്കറ്റ് മിക്സ്ചര്‍ ഇത്യാദികള്‍. ഞങ്ങള്‍ അത് ജനല്‍ വഴി പുറത്തേക്ക് എറിഞ്ഞു കൊടുക്കും. അതിനുള്ള നന്ദിസൂചകമായി ആ വീടിന്റെ കാവല്‍ അതങ്ങേറ്റെടുത്തു. പത്രം/പാല്‍/പച്ചക്കറി  എന്നീ അവശ്യസാധനങ്ങളുമായല്ലാതെ അപരിചിതരായ ആരെങ്കിലും വന്നാല്‍ കുരച്ച് ബഹളമുണ്ടാക്കും. പപ്പ പുറത്തെങ്ങെനാനും ഇറങ്ങിയാല്‍ പട്ടി ബസ് സ്റ്റാന്‍ഡ് വരെ പപ്പക്ക് കൂട്ടു പോകും. പപ്പയെ യാത്രയാക്കീട്ട് അതെ പോലെ തിരിച്ചു വരും. മമ്മീടെ ചെടികള്‍ കൊത്തിപ്പറിക്കാന്‍ വരുന്ന കോഴികളെയൊക്കെ കുരച്ചുപായിക്കും. പട്ടീയെ പേടിച്ച് കള്ളന്‍‌മാരുടെ ശല്യവുമില്ല.അങ്ങനെ ഒരു സ്വയം‌പ്രഖ്യാപിതകാവല്‍‌മാലാഖയായി അതങ്ങ് അവരൊധിച്ചു. അതിന്റെ ഡെഡിക്കേഷന്‍ കണ്ട് പപ്പെടെ ലാപ്റ്റോപ്പ് മോഷണം പോയതറിഞ്ഞ് ഞങ്ങടെ നെയ്ബര്‍ ദൈവമായ പറശ്ശിനി മുത്തപ്പന്‍ അദ്ദേഹത്തിന്റെ പട്ടികളിലൊന്നിനെ വീട്ടിലെക്കയച്ചതാണെന്ന് ചില അയല്‍‌ക്കാര്‍ വിധിയെഴുതി. ഞാന്‍ നിയമത്തിന്റെ വഴിയിലൂടെയാണ്‌ ചിന്തിച്ചത്. സെക്രട്ടറിയേറ്റ് ഉപരോധം കാരണം പോലീസുകാര്‍ക്കൊന്നും കൈയൊഴിവില്ലാത്തതിനാല്‍ ഒരു മുട്ടുശാന്തിക്കായി അവര്‍ടെ പട്ടിയെ അയച്ചാതിരിക്കും‌ന്ന് ഞാനും പ്രഖ്യാപിച്ചു.അയച്ചത് ആരായാലും അതിന്റെ കൂടെ ഫുഡിനുള്ള വകേം കൂടെ കൊടുത്ത് അയക്കാമായിരുന്നു, ഇതിപ്പോ ഇതിന്‌ തീറ്റ കൊടുത്ത് വീടു കടക്കെണീലാവും എന്ന് മമ്മീടെ വക മറുപടിപ്രഖ്യാപനവുമുണ്ടായി.


കാര്യങ്ങളൊക്കെ പരസ്പരം തീരുമായ സ്ഥിതിയ്ക്ക് ഇതങ്ങനെ തന്നെ അങ്ങു മുന്നൊട്ടു പോട്ടെ എന്നു വെയ്ക്കാനും പറ്റില്ല. എനിക്കും അനിയനും തിരിച്ചു പോകണം. ഞങ്ങളെ പായ്ക്ക്പ്പ് ആക്കീട്ട് പപ്പ്യ്ക്കും മമ്മിയ്ക്കും വീടു പൂട്ടി ഹൈദരാബാദിനു പോകണം. അതിനു മുന്‍പേ പട്ടിയെ സുരക്ഷിതമായി എവിടെയെങ്കിലും ആക്കണം. വെള്ളക്കാറിനോടുള്ള അതിന്റെ ആക്രാന്തം കണ്ട് പപ്പ അതിനെയും കൂട്ടി മെയിന്‍ ജം‌ഗ്ഷനില്‍ പോയി. എതേലും കൊള്ളാവുന്ന വെള്ളക്കാറു കണ്ടാല്‍ അത് കാറിന്റെ പുറകെയോടുമെന്നും കാറുകാരന്‍ പാവം തോന്നി കൂട്ടിക്കൊണ്ടു പോയി അതിനൊരു നല്ല ജീവിതം കൊടുക്കുമെന്നും പപ്പ കണക്കു കൂട്ടി. ഒന്നും നടന്നില്ല, കാറുകളൊക്കെ സ്പീഡ് ഒന്നൂടെ കൂട്ടി പാഞ്ഞു പോയി. പട്ടീം പപ്പേം പഴതു പോലെ പിന്നേം ഞങ്ങടെ വീട്ടിലേക്കും. ചില ശുനകപ്രേമികളെ കോണ്ടാക്റ്റ് ചെയ്ത് ഇതിനെക്കൂടി വളര്‍‌ത്താമോ എന്നു ചോദിച്ചു നോക്കി. പെണ്‍‌പട്ടിയാണ്‌, എന്തേലും പേരുദോഷമുണ്ടാക്കീതു കൊണ്ട് വഴീലിറക്കി വിട്ടതാവും എന്നും പറഞ്ഞ് അവരൊക്കെ കൈയൊഴിഞ്ഞു. "എതോ നല്ല ഇനത്തില്‍ പെട്ട പട്ടിയാണ്‌, ഇനീപ്പോ ഗര്‍ഭിണിയാണെങ്കില്‍ തന്നെ അതിനുണ്ടാവുന്ന കുഞ്ഞുങ്ങളെ വിറ്റാല്‍ നല്ല കാശു കിട്ടില്ലേ" എന്ന മാര്‍ക്കറ്റിംഗ് തന്ത്രങ്ങളൊക്കെ ഞാന്‍ പയറ്റി നോക്കി. സത്യം പറഞ്ഞാല്‍ ഇതെന്തിനമാണെന്നു പോലും എനിക്കറിയില്ലായിരുന്നു. എന്റെ ശുനവിജ്ഞാനമനുസരിച്ച് സാദാ പട്ടി, പൊമറേനിയന്‍ എന്നീ രണ്ടു കാറ്റഗറിയേ ഉള്ളൂ.അറ്റകൈക്ക് കാറില്‍ കേറ്റി ദൂരെ എവിടെയെങ്കിലും കൊണ്ടുകളയാനും ആളുകള്‍ ഉപദേശിച്ചു. അതിനീം പഴയ പോലെ പട്ടിണീലെക്കു പോയാലോ എന്നു വിചാരിച്ച് അതിനും മനസു വന്നില്ല. ഒടുക്കം ദൂരെയുള്ള ഒരു ബന്ധൂനെ വിളിച്ച് ഞങ്ങക്കും പട്ടിക്കും ഒരെ പൊലെ സ്വീകാര്യമായ രീതിയില്‍ എങ്ങനെ ഇതിനെ ഒഴിവാക്കാം എന്ന കാര്യത്തില്‍ ഉപദേശം തോന്നി. അനിയനാണ്‌ വിളിച്ചത്.

"എന്തു പട്ടിയാ"

" ആ അറിയില്ല. പൊമറെനിയന്‍ അല്ലാന്ന് അവളു പറയുന്നു"

"എത്ര പ്രായം വരും"

"ആ അറിയില്ല. അതെവിടെ നോക്കിയാലാ കണ്ടുപിടിക്കാന്‍ പറ്റുക"

"എന്താ കളറ്?"

'ആ അറിയില്ല. കുളിപ്പിച്ചാലേ കറക്ട് അറിയാന്‍ പറ്റൂ. അവളു പറയുന്നു ചെളീടെ കളറാണെന്ന്"


ഈ രീതിയിലാണ്‌ സംഭാഷണം മുന്നോട്ടു പോയത്. ഈ നിരക്ഷരകുക്ഷികളോട്‌ വര്‍ത്ത്മാനം  പറഞ്ഞ് സമയം കളയണ്ടാന്നും വിചാരിച്ച് ഒരുമാതിരിപ്പെട്ടവരൊക്കെ ഫോണും വച്ച് പോകും. പക്ഷെ ആ ബന്ധു ഒരു യഥാര്‍‌ത്ഥപട്ടി പ്രേമിയായിരുന്നു. അതു കൊണ്ട് ഞങ്ങളുടെ കൊക്കിലൊതുങ്ങുന്ന ടൈപ്പ് ഇന്‍ഫര്‍മേഷനൊക്കെ ചോദിച്ച് (വാലു വളഞ്ഞാണോ ഇരിക്കുന്നത്, ഭക്ഷണം എത്ര കഴിക്കും അങ്ങനെയങ്ങനെ) മനസിലാക്കി ഒടുക്കം അത് അവനിഷ്ടപ്പെട്ട ഡോബര്‍‌മാന്‍ ഇനത്തില്‍ പെട്ട പട്ടിയാണെന്ന് കണ്ടു പിടിച്ചു. സമയം കളയാതെ അങ്ങൂന്നു വണ്ടീമോടിച്ച് അതിനെ കൊണ്ടുപോകാനായി വരുകയും ചെയ്തു.

പട്ടീടെ വിടവാങ്ങല്‍ ചടങ്ങ് വികാരനിര്‍ഭരമായിരുന്നു. പപ്പ ഒരു കഷ്ണം ബ്രെഡ് അതിന്റെ വായില്‍ വച്ചു കൊടുത്തു. മമ്മീടെ വക അവസാനമായി ചോറും മീന്‍‌കറീം. അനിയന്റെ വക കപ്കേക്ക്. എന്റെ വക ബിസ്കറ്റും അതിന്റെ മൂക്കേലൊരു തലോടലും. വഴീന്ന് കഴിക്കാനായി ബാക്കിയുള്ള കേക്കും ബിസ്കറ്റും പൊതിഞ്ഞു കൊടുക്കുകേം ചെയ്തു.അവന്‍ ഒരു ഡോഗ് കോളര്‍ എടുത്ത് കാണിച്ചപ്പോഴെക്കും പട്ടി അതിന്റെ കഴുത്ത് കാണിച്ചു കൊടുത്തു. ഇത്രേം അനുസരണയുള്ള ഒരു ജീവിയെ ആണല്ലൊ ഞങ്ങളിത്രേം നാളും പേടിച്ചു വീട്ടിലൊളിച്ചിരുന്നത്! അവന്റെ കാറില്‍ കേറാന്‍ മാത്രമാണ്‌ അതിത്തിരി പ്രതിഷേധിച്ചത്. മാരുതി സെന്‍ ആയിരുന്നു അത്. പട്ടീടെ സ്റ്റാന്‍‌ഡേഡിനതു പോരല്ലോ. സാരം‌ല്ല അവന്‌ ഒരു വല്യ കാറു വാങ്ങാല്‍ പ്ലാനുണ്ട് എന്നൊക്കെ പറഞ്ഞു നോക്കീട്ടും രക്ഷയില്ല. ഒടുക്കം അതിനെ കാറിലേക്ക് ബലം പ്രയോഗിച്ചു കയറ്റി. കാറിന്റെ ബാക്ക്സീറ്റില്‍ ഇരുന്ന് ഞങ്ങളെയൊക്കെ നോക്കിക്കൊണ്ട് അത് ആ വീടു വിട്ടു പോയി.

പ്രിയപ്പെട്ട ആരെയോ യാത്രയാക്കിയതു പോലെ ഞങ്ങളെല്ലാവരും കുറച്ചു നേരം കൂടെ മുറ്റത്തു നിന്നു. അനിയന്‍ പതുക്കെ പറഞ്ഞു.

"അവനെ വിളിച്ചു പറയണം. അതിന്‌ എന്നെങ്കിലും കുഞ്ഞുണ്ടായാല്‍ ഒന്നിനെ എനിക്കു തരണംന്ന്"

"എനിക്കും വേണം ഒന്ന്" ഞാനും പറഞ്ഞു

"ഒരു കുഞ്ഞിനെ ഇങ്ങോട്ടും വേണം‌ന്നു പറയാരുന്നു" മമ്മി പറഞ്ഞു.

എല്ലാവരും പപ്പയെ നോക്കി. നിനക്കൊന്നും വേറെ ഒരു പണീമില്ലേ എന്ന സ്ഥിരം സ്റ്റേറ്റ്മെന്റാണ്‌ ഞങ്ങള്‍ പ്രതീക്ഷിച്ചത്. പക്ഷെ ഒന്നും പറയാതെ പപ്പ വീട്ടിനകത്തേക്കു കയറിപ്പോയി...

34 comments:

  1. Ashly said...

    :) like !

  2. Rajesh said...

    Was wondering, if it would be possible to read your post ever again, and here it is. Thanks KochuThresia.

    Wonderful as always.

  3. അനൂപ്‌ said...

    :)

  4. കല്യാണി said...

    കൊച്ചൂനു കിട്ടുന്ന പട്ടിക്കുഞ്ഞിനെ വെറുതെ കളയാൻ തോന്നിയാൽ എന്നെ വിളിക്കണേ :)

  5. Echmukutty said...

    എത്ര കാലമായീ കൊച്ചൂനെ വായിച്ചിട്ട്... സന്തോഷം കൊണ്ട് പശുക്കുട്ടി മ്പേ മ്പേ...

    ഇഷ്ടപ്പെട്ടു കേട്ടോ ... അഭിനന്ദനങ്ങള്‍.

  6. Pramod said...

    Very happy to read you again.
    Mood out ayittu irikuvayirunnu
    Vayichathode athangu mari kitti.
    Thanks Kochu..

  7. Unknown said...

    എല്ലാര്‍ക്കും നന്‍‌ട്രികള്‍..

  8. Satheesh said...

    :)

  9. vettathan said...

    ഈ കുറിപ്പ് മനോഹരമായി.

  10. Soudh said...

    Kochu etra naalayi....supr kto...

  11. ചേച്ചിപ്പെണ്ണ്‍ said...

    നന്ദി :)

  12. ajith said...

    കഴിഞ്ഞ നവംബറില്‍ പൂവാം റൈറ്റ് എന്ന് പറഞ്ഞ് പോയ ത്രേസ്യാക്കുട്ടി തിരിച്ച് വരാന്‍ ഒരു വര്‍ഷം എടുത്തു. ഇനി പൂവാം റൈറ്റ് വേണ്ട കേട്ടോ. വല്ലതും അല്പം ഹാസ്യമായി എഴുതുന്ന ബ്ലോഗര്‍മാരൊക്കെ രാജിവച്ചു. കൊച്ചുത്രേസ്യ എങ്കിലും ഇവിടെ തുടരൂ. ആശംസകള്‍

  13. ചാര്‍ളി (ഓ..ചുമ്മാ ) said...

    എവിടായിരുന്നു ഇത്രേം കാലം..?
    തിരിച്ചു വരവിനു കളമൊരുക്കിയ ആ പട്ടിക്കുട്ടനോടുള്ള അകൈതവമായ (ആ..?) നന്ദി രേഖപ്പെടുത്തുന്നു.

  14. mini//മിനി said...

    നന്നായിട്ടുണ്ട്,, വർഷത്തിൽ ഒന്ന് ആയാലും ഇതുപോലെ ചിരിക്കാനുള്ള വക മതിയാവും.

  15. mini//മിനി said...

    നന്നായിട്ടുണ്ട്,, വർഷത്തിൽ ഒന്ന് ആയാലും ഇതുപോലെ ചിരിക്കാനുള്ള വക മതിയാവും.

  16. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    ഹേയ് കൊച്ചുവിനെ കണ്ടിട്ടു കുറെ ഏറെക്കാലമായല്ലൊ എവിടെ ആയിരുന്നു?

    സാരമില്ല മാവേലിയെ പോലെ എങ്കിലും വരൂ

  17. ശ്രീ said...

    ഓ... ഇതിപ്പോ എത്ര നാളിനു ശേഷമാ ഇവിടെയൊരു പോസ്റ്റ്!!!

    "ലാപ്റ്റോപ്പ് തിണ്ണേല്‍ സൂക്ഷിക്കുന്ന അച്ഛനുണ്ടേല്‍ പണപ്പെട്ടി ജനലിന്റടുത്തു സൂക്ഷിക്കുന്ന ഒരു മകനും ആ വീട്ടിലുണ്ടാവുമെന്ന് ബുദ്ധിമുനായ കള്ളന്‍ ഊഹിച്ചു കണ്ടുപിടിച്ചിരിക്കുന്നു."

    പട്ടിയല്ല, ഇതാണ് ഈ പോസ്റ്റിന്റെ ഹൈലൈറ്റ്!!!
    :)

  18. ചെലക്കാണ്ട് പോടാ said...

    ചുരുക്കി പറഞ്ഞാല്‍ ലാപ്ടോപ്പും പഴ്സും മാത്രമല്ല പട്ടിയും പോയി ല്ലേ...

  19. Elakkadan said...

    ഹോ കാലങ്ങള്‍ക്ക് ശേഷം ഇതാ....
    സ്ഥിരമായിട്ട് എഴുതിക്കൂടെ?

  20. കാഴ്ചകളിലൂടെ said...

    +++++++++++++++++++++++

  21. ഫൈസല്‍ ബാബു said...

    ലാപിന്റെ കഥ പറഞ്ഞു വന്നു പട്ടിയില്‍ അവാസനിപ്പിച്ചു അല്ലെ ,അല്‍പ്പം ചുരുക്കി പറഞ്ഞാല്‍ ഒന്ന് കൂടെ മനോഹരമാക്കാമായിരുന്നു എന്ന് തോന്നി, തിരിച്ചു വരവില്‍ സന്തോഷം.

  22. Unknown said...

    Thirichu varavu kalakki.
    Missed you.. :(

  23. Unknown said...
    This comment has been removed by the author.
  24. Unknown said...

    ബ്ലോഗ് വായന നിര്‍ത്തിയിട്ടും, എഴുത്ത് കുറച്ചിട്ടും കുറച്ചു നാളുകളായിരുന്നു.എങ്കിലും കൊച്ചേച്ചിയുടെ വിശേഷങ്ങളൊക്കെ ഒരു സോഴ്സില്‍ നിന്നു അറിയുന്നുണ്ടായിരുന്നു :)

    ഇന്നു വളരെ യാദൃശ്ചികമായി ആണു ഇവിടെ എത്തീത്.ദേ കിടക്കണു,പെടക്കണ ഐറ്റം ഒന്നു.

    വായിച്ചു..പതിവു പോലെ പരിസരം മറന്നു ചിരിച്ചു :) :)

  25. Gini said...

    Kure kaalathinu sheshamaanu malabar-expressil kayarunnathu...

    Comedy aanelum, sathyam parayaamallo, kannu nananju... aa last line.. :)

  26. അരുൺ said...

    ഹൊ, അതിഭീകരമായ രീതിയിൽ കൊച്ചുവിന്റെ അലമാരയിൽ നിന്ന് ആ പൊന്നാര ലാപ്പ് പട്ടി കണ്ടെടുക്കുന്ന ഷെർലക് ഹോംസ് രംഗം പ്രതീക്ഷിച്ചിരുന്നു. അത് മിസ്സായതൊഴികെ ബാക്കിയൊക്കെ കിടു.

  27. © Mubi said...

    ഇഷ്ടായി :)

  28. കീരി said...
    This comment has been removed by the author.
  29. കീരി said...

    കലക്കി കൊച്ചുത്രേസ്യേ .. അസ്സലായി.. പഴയ പോസ്റ്റുകളെപ്പോലെത്തന്നെ തകർത്തു.

  30. Anonymous said...

    Touchung..

  31. Rayoon kuttamballi said...

    Chechide post ini vaykan pattillanna karuthye... Thanks alottt.. For coming back.. Blessed writing style.. Ithrem hridayahariyaya ezhuth evdem vaychittilla...

  32. സുധി അറയ്ക്കൽ said...

    നല്ല രസികൻ വായനയായിരുന്നു.

  33. Unknown said...

    അടിപൊളി

  34. സിനിമ, എഴുത്ത്, യാത്ര said...

    ഒരൊഴുക്കില്‍ മികച്ച വായനാനുഭവം സമ്മാനിച്ച എഴുത്ത്. ഭാഷാ ശൈലി നര്‍മ്മത്തിന്റേതെങ്കിലും ഇമോഷണിലി ഫീല്‍ ചെയ്യുന്നുണ്ട്.
    കുത്തിക്കുറിക്കുന്ന തോന്ന്യാക്ഷരങ്ങള്‍