Thursday, May 22, 2014

ന്നാലും എന്റപ്പൂപ്പാ...

ഒന്നുരണ്ടു തവണ ഓൺസൈറ്റ് വന്നു കഴിയുമ്പഴേക്കും നമ്മളെ എല്ലാരും കൂടെ പിടിച്ചങ്ങൊരു ഓണസൈറ്റ് എൻസോക്ളോപീഡിയ ആക്കും. നമ്മളായിട്ട് ഒന്നും ചെയ്തിട്ടല്ല. മുൻപു വന്നിട്ടുള്ളതു കൊണ്ട് സ്ഥലത്തെപറ്റീം അവിടുത്തെ രീതികളെപറ്റീം ഒക്കെ അന്നാട്ടുകാരെക്കാൾ കൂടുതൽ നമ്മക്കറിയാം എന്ന്‌ ജനത്തിന്റെ തെറ്റിദ്ധാരണ.എന്നാൽ ഈ തെറ്റിദ്ധാരണ തിരുത്തി ഉള്ള സത്യം അങ്ങ് പറഞ്ഞേക്കാം എന്നങ്ങ് വെയ്ക്കാൻ പറ്റുമോ.. അതില്ല. വെർതേ കിട്ടീതാണെങ്കിലും കിട്ടിയ ഗ്ളാമർ വേണ്ടന്നു വെയ്ക്കാനുള്ള മനക്കട്ടിയൊന്നും ആർക്കും ഉണ്ടാവില്ലല്ലോ. എനിക്കും അതില്ല. അതോണ്ട് ഉള്ള വിവരമില്ലായ്മ നൈസായി മറച്ചു വച്ച് ആവശ്യക്കാർക്കൊക്കെ ഉപദേശ്ങ്ങളും നിർദ്ദേശങ്ങളുമൊക്കെ ലാവിഷായി വാരിവിതറിക്കൊണ്ടാണ്‌  ഇത്തവണത്തെ ഓൺസൈറ്റ് ജീവിതം മുന്നേറിക്കൊണ്ടിരിക്കുന്നത്. എവിടൊക്കെ നല്ല ഫുഡ് കിട്ടും, വാടകയ്ക്ക് വീടെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ലണ്ടൻ റ്റ്യൂബ് ട്രാവൽ ഫോർ ഡമ്മീസ്, ഓരോ സാധനങ്ങളും വാങ്ങാനുള്ള ബെസ്റ്റ് ഷോപ്പുകൾ എന്നിവയൊക്കെയാണ്‌ പ്രധാനമായും എന്റെ ഉപദേശനിർദ്ദേശങ്ങൾക്ക് ഇരയാവുന്ന വിഷയങ്ങൾ. ഇതിൽ തന്നെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്‌ വാടകവീട് കണ്ടുപിടിക്കാനായി നവ-ഓൺസൈറ്റുകാരെ സഹായിക്കുക എന്നത്. മറ്റുള്ളവരെ സഹായിച്ച് ചുളുവിലിത്തിരി പുണ്യം അടിച്ചെടുക്കാംന്നു മാത്രമല്ല, നമ്മളെക്കൊണ്ട് ഇതിനൊക്കെ പറ്റും എന്ന കുഞ്ഞ് അഹംഭാവ ഫീലിംഗും അനുഭവിക്കാലോ.

വല്യ തട്ടുകേടില്ലാതെ ഈ കലാപരിപാടികളൊക്കെ മുന്നേറിക്കൊണ്ടിരിക്കുമപ്ഴാണ്‌ ഒരു പുതിയ ഇര വന്നു പെട്ടത്. ആവശ്യം സിമ്പിൾ . കൊച്ച് വാടകയ്ക്ക് വീടെടുക്കാൻ പോവുകയാണ്‌. എന്തൊക്കെ കര്യങ്ങളാണ്‌ ഹൗസേ​‍ാണറോട് ചോദിച്ച് ഉറപ്പു വെരുത്തേണ്ടതെന്ന്ന്. ഞാൻ പതിവു പോലെ ഉപദേശക്കെട്ടഴിച്ചു. ഉപദേശത്തിന്റെ കുത്തൊഴുക്കു കണ്ട് കൊച്ച് പേടിച്ചു പോയീന്നു തോന്നുന്നു. ഒക്കേം കേട്ടുകഴിഞ്ഞപ്പോൾ വീട് കാണാനും കാര്യങ്ങളൊക്കെ ചോദിക്കാനും കൂടെ വരാമോന്ന് ഒരപേക്ഷ. അതു കേട്ടതും എന്റെയുള്ളിലെ സഹായമനസ്ക സടകുടഞ്ഞെഴുന്നേറ്റു. അതിനെന്താ..ഇപ്പോ തന്നെ പോകാലോ എന്നായി ഞാന്‍. സത്യം പറഞ്ഞാല്‍  സഹായിക്കാന്‍ മുട്ടീട്ടൊന്നുമല്ല. ഇക്കാര്യം പറഞ്ഞ് കുറെ നേരത്തേക്ക് ഓഫീസില്‍ നിന്നും മുങ്ങാലോ. പിന്നെ സത്യസന്ധമായി മനസാക്ഷിയെ ഒന്നൂടെ സ്കാൻ നോക്കീപ്പോ ഒരു കാര്യം കൂടി കിട്ടി .പോയിക്കണ്ട് വല്ലവന്റേം വീടിനെ പറ്റി നാലു കുറ്റം പറയുമ്പോഴുള്ള ആ ഒരു ആത്മനിർവൃതി.അതും ഇല്ലാതില്ല..

പിന്നെ ഒക്കെ ശടുപിടേന്നായിരുന്നു. കൊച്ച് ഉടനെ തന്നെ ഹൗസോണറെ വിളിച്ച് വീടുകാണല്‍ ചടങ്ങിന്‌ മുഹൂര്‍ത്തം കുറിച്ചു. ഞാന്‍ സീക്രട്ടായി ഗൂഗിള്‍ മാപ്പ് നോക്കി പോകേണ്ട വഴിയൊക്കെ മനപ്പാഠമാക്കി. സ്ഥിരം വീട്ടിലേക്കു പോകുന്ന വഴി വരെ തെറ്റിക്കുന്ന ഒരാളാണു ഞാന്‍.. അപ്പോപ്പിന്നെ ഈ നാട്ടിലെ ഓരോ ഊടുവഴികളും എനിക്കെന്റെ കൈരേഖ പോലെ ഹൃദിസ്ഥമാണെന്ന് ബാക്കിയുള്ളോരെ തെറ്റിദ്ധരിപ്പിക്കാന്‍ അതേ വഴിയുള്ളൂ. അതും പോരാതെ കൊച്ചിനെ ഇമ്പ്രസ് ചെയ്യിക്കാനായി ആ സ്ഥലത്തെ പറ്റി ശകലം പൊതുവിജ്ഞാനവും  സെര്‍ച്ച് ചെയ്ത് സംഘടിപ്പിച്ചു വച്ചു.  അങ്ങനെ എല്ലാ തയ്യാറെടുപ്പും കഴിഞ്ഞ് യുദ്ധസന്നദ്ധയായി പുറത്തേക്കിറങ്ങുമ്പഴതാ എന്റെ പ്ലാനിലൊക്കെ മണ്ണു വാരിയിട്ടോണ്ട് ഒരു ഫോണ്‍ കോള്‍. ഹൗസോണറാന്റീടെ വക.അവരപ്പോ ഞങ്ങടെ ഓഫീസിനടുത്തെവിടെയൊ ഉണ്ടെന്നും ഞങ്ങളേം കാറില്‍ കേറ്റിക്കൊണ്ടു പോയി വീടു കാണിച്ചു തിരിച്ചുകൊണ്ടെത്തിക്കാമെന്നും. എന്റെ സ്ഥലപൊതുവിജ്ഞാനം പ്രകടിപ്പിക്കാനുള്ള അവസരം പോകുംന്നുള്ളതു കൊണ്ടു മാത്രമല്ല, സെക്യൂരിറ്റി കാരണം കൊണ്ടും എനിക്കാ ഐഡിയ തീരെ ബോധിച്ചില്ല. ഒരു പരിചയവുമില്ലാത്ത ആള്‍ക്കാര്‍ടെ കൂടെ അങ്ങനങ്ങ് പോകാന്‍ പറ്റുമോ. പക്ഷെ ഒരു രക്ഷയുമില്ല. ആ ആന്റി നിര്‍ബന്ധത്തോട് നിര്‍ബന്ധം. ഞങ്ങളേം കൂട്ടിക്കൊണ്ടേ പോവൂന്ന്. ഒടുക്കം ഞങ്ങള്‍ കീഴടങ്ങി. ഒരു നോര്‍ത്തിന്ത്യന്‍ ആന്റിയാണ്‌ ഡ്രൈവിംഗ് സീറ്റില്‍. പത്തറുപത് വയസ് പ്രായം കാണും. ഈ വീടന്വേഷി കൊച്ചും നോര്‍ത്തിന്ത്യനാണ്‌. അതു കൊണ്ടാവും ആന്റി ആകെ ആവേശത്തിലാരുന്നു. കൊച്ചിനെ അങ്ങ് ഏറ്റെടുത്ത മട്ടായി.  നിന്നെപ്പൊലൊരാളെയാണ്‌ താന്‍ തേടിനടക്കുന്നതെന്നും, ഈ വീട് ഇനി നിനക്കു മാത്രമേ തരൂ എന്നുമൊക്കെ പറഞ്ഞ് ആകെപ്പാടെ ഓവറാക്കാനും തുടങ്ങി. ഇതൊന്നും പോരാതെ അടുത്തു നിന്ന എന്നെ മൈന്‍‌ഡ് പോലും ചെയ്യാതെ കൊച്ചിനെ കാറില്‍ വലിച്ചു കേറ്റി മുന്നില്‍ ആന്റീടടുത്ത് തന്നെ പ്രതിഷ്ഠിച്ചു. ഞാനിങ്ങനെ ബ്ലിങ്കസ്യാന്നു നിന്നു പോയെങ്കിലും പെട്ടെന്നു തന്നെ ആകെ ബാക്കിയുള്ള ഓപ്ഷനായ ബാക്ക്സീറ്റിലേക്ക് വലിഞ്ഞു കേറി. സഞ്ചരിക്കുന്ന ഒരു സ്റ്റോര്‍‌രൂമിലേക്കാണ്‌ കേറാന്‍ പോകുന്നതെന്ന് എനിക്കൊരു ക്ലൂ പോലുമില്ലാരുന്നു. പിന്‍സീറ്റിലും തറേലും നിറയെ എന്തൊക്കെയോ സാധനങ്ങള്‍. കൂട്ടത്തില്‍ ഒരു സൈഡില്‍ നല്ലോണം പ്രായമായ ഒരു അപ്പൂപ്പനും. അപ്പൂപ്പനാവട്ടെ ഞാന്‍ കേറീത് തീരെ പിടിച്ച മട്ടില്ല. ഞാന്‍ ഒരു വിധത്തില്‍ ഇത്തിരിപ്പോരം സ്ഥലമുണ്ടാക്കി അവിടെ ഒടിഞ്ഞുമടങ്ങിയിരുന്നു. അതോടെ എന്റെ ജീവിതത്തിന്റെ ഒരേ ഒരു ലക്ഷ്യം കൈയിനും കാലിനും നട്ടെല്ലിനും ഷേപ്പു വ്യത്യാസമൊന്നും വരാതെ ആ യാത്ര ഒന്നു തീര്‍ക്കാന്‍ പറ്റണംന്നതു മാത്രമായി.

കൂടുതലൊന്നും പറയുന്നില്ല. ആ യാത്ര തീര്‍ന്നു. ഞാന്‍ ചാടി കാറിനു പുറത്തിറങ്ങി വളഞ്ഞുപോയിരുന്ന എല്ലെല്ലാം നിവര്‍ത്തിവച്ച് എന്റെ മനുഷ്യക്കോലം വീണ്ടെടുത്തു. വീടു കണ്ടു. ആന്റീടെ വീരവാദങ്ങളൊക്കെ സഹിച്ചു. മടക്കയാത്രയ്ക്കായി പിന്നേം കാറില്‍ കേറി. പക്ഷെ ഇത്തവണ റിസ്കെടുക്കാന്‍ തയ്യാറല്ലാരുന്നു. അപ്പൂപ്പന്റെ കലിപ്പു നോട്ടം വകവെയ്ക്കാതെ ഞാന്‍ കുറെ സാധനങ്ങളെടുത്ത് മടിയില്‍ വച്ച് അത്യാവശ്യം നേരെ ഇരിക്കാനുള്ള സൗകര്യം ഉണ്ടാക്കിയെടുത്തു. ഇതോടെ പീഢാനുഭവമൊക്കെ കഴിഞ്ഞു എന്നു ആശ്വസിച്ചിരിക്കുമ്പഴാണ്‌ ആന്റീം അപ്പൂപ്പനും തമ്മില്‍ ഒരു ഭീകര വഴക്ക് പൊട്ടിപ്പുറപ്പെട്ടത്. എന്താണ്‌ പ്രകോപനം എന്നൊന്നും പിടി കിട്ടീല. അറിയാത്ത ഭാഷയില്‍ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും ഇഞ്ചോടിച്ച് വിട്ടുകൊടുക്കാതെ ഷൗട്ട് ചെയ്യുകയാണ്‌. അതൊക്കെ അവര്‍ടെ കുടുംബകാര്യം. പക്ഷെ സ്റ്റിയറിംഗ് വീലില്‍ നിന്ന് വഴക്കിലേക്ക് ആന്റീടെ ഫുള്‍ശ്രദ്ധ തെന്നിപ്പോയാല്‍ ഞങ്ങള്‍ രണ്ടു നിരപരാധികള്‍ടെ കാര്യം കട്ടപ്പൊകയാവും. ഞാന്‍ സീറ്റില്‍ അള്ളിപ്പിടിച്ചിരുന്നു.  കാറില്‍ നിന്നു ചാടുന്നതാവുമോ കാറില്‍ തന്നെ ഇരിക്കുന്നതാവുമോ കൂടുതല്‍ സേഫ് എന്ന് ഞാന്‍ മനക്കണക്ക് കൂട്ടുന്ന അവസ്ഥ വരെയായി.

പെട്ടെന്ന് കാറു നിന്നു. എന്തൊക്കെയോ വിളിച്ചു പറഞ്ഞോണ്ട് ആന്റി ഇറങ്ങി റോഡരികില്‍ ഒരു കെട്ടിടത്തിലേക്കു പോയി. അപ്പൂപ്പന്‍ പുറകില്‍ നിന്നും ഇറങ്ങി ഡ്രൈവിംഗ് സീറ്റില്‍ കേറി. രണ്ടു മൂന്നു പ്രാവശ്യം കുലുങ്ങി കാര്‍ സ്റ്റാര്‍ട്ടായി. കാറ് റോഡിന്റെ ഡിവൈഡറു ലക്ഷ്യമാക്കി ഒറ്റപ്പാച്ചില്‍. അതിന്റെ തൊട്ടടുത്തെത്തി ടപ്പോന്ന് നിന്നെങ്കിലും പേടിച്ച് ഞാന്‍ പകുതി ചത്ത അവസ്ഥയിലായിപ്പോയി. പ്രായക്കൂടുതല്‍ കൊണ്ടാവാം അപ്പൂപ്പന്റെ ഡ്രൈവിംഗ് ആകെ അലങ്കോലമാണ്‌. അപ്പൂപ്പന്‍ സീറ്റ് ബെല്‍റ്റിടാത്തതിന്റെ അലാറം മരണമണി പോലെ കാറിനകത്തു കുഴങ്ങുന്നുമുണ്ട്. സീറ്റ് ബെല്‍റ്റ് കുത്താന്‍ അപ്പൂപ്പന്‍ തിരിഞ്ഞതോടെ സ്റ്റിയരിംഗ് പിന്നെം കൈയീന്നു പോയി. അടുത്തൂടെ വന്ന ഒരു വണ്ടി ജീവനും കൊണ്ട് ഓടിപ്പോവുന്നതും കണ്ടു. ഇത്തിരി നേരോം കൂടി ഇതിനകത്തിരുന്നാല്‍ ഒന്നുകില്‍ ആക്സിഡന്റില്‍ മരിക്കും അല്ലെങ്കില്‍ ഈ പൈശാചിക ഡ്രൈവിംഗ് കണ്ടു കണ്ട് ഹാര്‍ട്ടറ്റാക്ക് വന്നു മരിക്കും.അതുറപ്പായി. ഇടയ്ക്കിടയ്ക്ക് 'ഇവിടെ നിര്‍ത്തിക്കോ,ഞങ്ങളങ്ങ് പൊയ്ക്കോളാം' എന്നൊക്കെ ഞങ്ങളു പറയുന്നുണ്ട്. യെവടെ..  വിനയം കാരണം പറയുന്നതാണെന്ന് തെറ്റിദ്ധരിച്ച് അപ്പൂപ്പന്‍ അതൊക്കേം ഇഗ്നോര്‍ മോഡില്‍ ഇടുകയാണ്‌.അതോണ്ട് അങ്ങനേം രക്ഷപെടാനും വഴിയില്ല. ടെന്‍‌ഷന്‍ താങ്ങാന്‍ വയ്യാതെ ,ഒരിത്തിരി ക്ലോറോഫാം കിട്ടുകയാരുന്നെങ്കില്‍ അതു സ്വയം മണപ്പിച്ച് ബോധം കെട്ടു കിടക്കാരുന്നല്ലോന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോയി..

എങ്ങാനും വല്ല ആക്സിഡന്റുമുണ്ടായാലുള്ള കാര്യമാണ്‌ കോമഡി. പണ്ട് നമ്മടെ ഡയാനാ രാജകുമാരി ആക്സിഡന്റില്‍ മരിച്ചപ്പോ എന്തൊക്കെ കോണ്‍സ്പിരസി തിയറികളാരുന്നു ഇറങ്ങീത്. ഞങ്ങടെ കാര്യോം ഏതാണ്ടതു പോലെ ആവാന്‍ സാധ്യതയുണ്ട്. തമ്മില്‍ യാതൊരു ബന്ധവുമില്ലാത്ത മൂന്നു പേര്‌ ഒരു കാറിനുള്ളില്‍. ഈ സമയത്ത് ഓഫീസില്‍ ഇരിക്കേണ്ട ഞാന്‍ എങ്ങനെ ഇങ്ങനൊരു അപകടാവസ്ഥയിലെത്തിയെന്ന് ആര്‍ക്കും ,എന്റെ സ്വന്തം കെട്ട്യോനു പോലും, ഒരു ക്ലൂവും കാണില്ല. എങ്ങാനും വല്ലതും സംഭവിച്ചു പോയാല്‍,'മലയാളി ഐ-ടിക്കാരി യൂക്കേയില്‍ വടിയായി.. ഭീകര ദുരൂഹത' എന്നും പറഞ്ഞ് കഥകളുണ്ടാക്കി പത്രക്കാരും ചാനലുകാരുമൊക്കെ ആഘോഷിച്ച് ചളമാക്ക്വേം ചെയ്യും.

അങ്ങനെ ഒക്കേം ആലോചിച്ച് ഏതാണ്ടൊക്കെ കാറ്റു പോയി ഇരിക്കുമ്പഴാണ്‌ അങ്ങ് റോഡ്സൈഡില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് കാണുന്നത്. എന്നെ രക്ഷിക്കാന്‍ വേണ്‍റ്റി മാത്രമാണ്‌ ആ സൂപ്പര്‍മാര്‍ക്കറ്റ് അവിടെ പ്രത്യക്ഷപ്പെട്ടത് എന്നു തോന്നിപ്പോയി. " വണ്ടി നിര്‍ത്ത്.. എനിക്കവിടുന്നു സാധനം വാങ്ങാനുണ്ട്" എന്ന് പറ്റാവുന്നത്ര അത്യാസന്നഭാവത്തോടെ പറഞ്ഞു. അതെന്തായാലും ഏറ്റു. അപ്പൂപ്പന്‍ വണ്ടി നിര്‍ത്തി തന്നു. ഞങ്ങള്‍ ബാക്കിയുള്ള ജീവനും കൊണ്ട് ചാടിയിറങ്ങി. താങ്ക്സ് പറഞ്ഞ് രക്ഷപെടാന്‍ നോക്കുമ്പഴാണ്‌ അപ്പൂപ്പന്റെ വക ചങ്കു തകര്‍ക്കുന്ന ആ ഓഫര്‍. "പെട്ടെന്ന് സാധനം മേടിച്ചു വാ, ഞാനിവിടെ വെയ്റ്റ് ചെയ്യാം. ഇല്ലെങ്കില്‍ ഓഫീസിലെത്താന്‍ ലേറ്റ് ആവില്ലേന്ന്. "Better late than never".എന്നല്ലേ അപ്പൂപ്പാ എന്നാണ്‌ പെട്ടെന്ന് നാവിലേക്ക് വന്നതെങ്കിലും ഞാനതങ്ങ് വിഴുങ്ങി.പകരം കുറെ നന്ദിവാക്കുകളൊക്കെ വാരിക്കോരി ഉപയോഗിച്ച് ഒരു വിധത്തില്‍ ആ ഓഫറില്‍ നിന്നും തലയൂരി അപ്പൂപ്പനെ യാത്രയാക്കി. ഒന്നൂല്ലേലും  ഞങ്ങള്‌ സമയത്തിനും കാലത്തിനും ഓഫീസിലെത്തണമെന്ന കാര്യത്തില്‍ ഞങ്ങളെക്കാളും ആത്മാര്‍ത്ഥതയുള്ള അപ്പൂപ്പനല്ലേ. അതും സ്വന്തം (കൂട്ടത്തില്‍ ഞങ്ങടേം കൂടെ ) ജീവന്‍  തൃണവത്കരിച്ചോണ്ട്..

18 comments:

 1. Anonymous said...

  പുണ്യാളനു ഒരു കൂട് മെഴുക് തിരി നേർന്നോ.. കൂടെ മുത്തപ്പനു കള്ളും മീനും :)

 2. കാഴ്ചകളിലൂടെ said...

  hahahaha

 3. © Mubi said...

  ഇനി സഹായം ഓഫര്‍ ചെയ്യുമ്പോള്‍ ഇതുപോലെയുള്ള പ്രത്യുപകാരം തിരികെ കിട്ടാതെ സൂക്ഷിച്ചോളൂട്ടോ...:) :)

 4. ജിമ്മി ജോൺ said...

  "ടെന്‍‌ഷന്‍ താങ്ങാന്‍ വയ്യാതെ ,ഒരിത്തിരി ക്ലോറോഫാം കിട്ടുകയാരുന്നെങ്കില്‍ അതു സ്വയം മണപ്പിച്ച് ബോധം കെട്ടു കിടക്കാരുന്നല്ലോന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോയി.."

  അപ്പൂപ്പാ.. ആത്മാർത്ഥത ഒട്ടും കുറയ്ക്കേണ്ട.. ഇടയ്ക്കിടെ അവിടെ ചെന്ന് നുമ്മടെ കൊച്ചൂന്റെ കാര്യങ്ങളൊക്കെ അന്വേഷിണേ.. :)

 5. ഉണ്ടാപ്രി said...

  "മലയാളി ഐ-ടിക്കാരി യൂക്കേയില്‍ വടിയായി.. ഭീകര ദുരൂഹത"

  ഹോ..അപ്പം ങ്ങളാണല്ലേ ലണ്ടനിലുള്ള സ്വന്തം ലേഖിക......അമറന്‍ തലക്കെട്ട് തന്നെ..

 6. kARNOr(കാര്‍ന്നോര്) said...

  എവിടെ പോയാലും ഈ അലുഗുലുത്ത് കേസെല്ലാം കൊച്ചുത്രേസ്യയെ പിന്തുടരുകയാണല്ലോ.. !! ബെസ്റ്റ് ടൈം :)

 7. ഓര്‍മ്മകള്‍ said...

  എന്തായാലും ജീവന്‍ തിരികെ കിട്ടിയല്ലോ... മഹാഭാഗ്യം.. എന്നാലും ജോലിയോടുള്ള അപ്പൂപ്പന്റെ ഒരു ആത്മാര്‍ത്ഥതയെ...

 8. Gini said...

  he he.. :D

 9. Echmukutty said...

  കൊള്ളാം. കൊച്ചുവേ...

 10. Manickethaar said...

  good one!!!!!!!!

 11. ശ്രീ said...

  അപ്പൂപ്പന്റെ പിടിയില്‍ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടല്ലോ, ഭാഗ്യം!

 12. ajith said...

  അദ്ദാണ് കൊച്ചൂ ദകിരിയം വേണം ദകിരിയം വേണംന്ന് പറയണത്. ഞാന്‍ ഡ്രൈവ് ചെയ്യുമ്പോ എന്റെ കാറില്‍ ഒരു മണിക്കൂര്‍ യാത്ര ചെയ്യൂ, പിന്നെ ഒന്നിനേം പേടീണ്ടാവില്യ!

 13. krishnakumar513 said...

  good..

 14. Pyari said...

  എന്നിട്ട് നോർത്ത് ഇന്ത്യക്കാരി കൊച്ചിനെ ആ വീട്ടിൽ താമസിപ്പിച്ചോ, കൊച്ചൂ?

 15. Unknown said...

  Nice

 16. Unknown said...

  Nice

 17. Unknown said...

  വളരെ നല്ല കഥ
  Inspiring videos കാണുവാൻ ഈ chanel subscribe ചെയ്യുക. https://youtu.be/_KZLPV4ycQI

 18. kerala jobs online said...

  good