Sunday, September 21, 2014

വാല്മീകി..



അർമ്മാദിച്ച് വാണിരുന്ന വീടും തേരാപാരാ തേരോട്ടമോടിച്ചോണ്ടിരുന്ന ശകടങ്ങളും മറ്റു സ്ഥാവരജംഗമങ്ങളും ഒക്കെ വിട്ട് ഓൺസൈറ്റ് വനവാസത്തിനായി ഫ്ളൈറ്റ് കേറീപ്പോ മനസിന്റെ കോർണറിലെവിടെയോ ശകലം ഒരു പേടിയുണ്ടായിരുന്നു. ഗ്ളോബൽ, എക്സ്പോഷറ്‌, പൗണ്ടില്‌ ദുട്ട്, ചുറ്റിക്കറങ്ങാനുള്ള അനന്തസാധ്യതകൾ- സംഭവമൊക്കെ കൊള്ളാം. പക്ഷെ പണ്ട് ഒറ്റത്തടിയായിരുന്നപ്പഴത്തേ പോലല്ല. അന്നൊക്കെ സ്വന്തം സാധനസാമഗ്രികൾ മൊത്തം തൂത്തുപെറുക്കിയാലും കഷ്ടിച്ച് ഒരു സ്യൂട്ട്കേസിൽ കൊള്ളാനുള്ളതേ ഉള്ളൂ.. അതും തൂക്കീയടുത്തങ്ങ് പോയാൽ മതി. അതു പോലാണോ ഇപ്പോ.. അതു മാത്രമല്ല.. പുതിയ സ്ഥലത്ത് വീടു കണ്ടുപിടിക്കണം, അത്യാവശ്യമൊന്നു കഞ്ഞീം കറീം വച്ചു ജീവിക്കാനുള്ള സെറ്റപ്പൊക്കെ ഒരുക്കണം,വണ്ടീം വള്ളോമൊക്കെ കണ്ടുപിടിക്കണം..എല്ലാം ഒന്നേന്നു പറഞ്ഞ് തുടങ്ങണം.. ചുരുക്കിപ്പറഞ്ഞാൽ ലൈഫിന്റെ സ്റ്റാർട്ടിംഗ് പോയിന്റിലേക്കു തിരിച്ചു പോയി പിന്നേം ഓടിത്തുടങ്ങുന്ന പോലൊരു അവസ്ഥയിലേക്കാണ്‌ എടുത്തുചാടാൻ പോകുന്നത്.

വീടിന്റെ കാര്യത്തിൽ ആദ്യം കുറച്ച് ബുദ്ധിമുട്ടിയെങ്കിലും വല്യ കുഴപ്പമില്ലാത്ത ഒന്ന് ഒത്തു കിട്ടി. വീടെന്നൊന്നും തികച്ചങ്ങോട്ടും പറയാൻപറ്റില്ല. ഞങ്ങ രണ്ടു പേർക്ക് കഷ്ടി പെരുമാറാൻ പറ്റുന്നത്രേം മാത്രം വലിപ്പമുള്ള ഒരു കൊച്ചു മുറീം അതിനോട് അറ്റാച്ച് ചെയ്ത് രണ്ടിരട്ടി വലിപ്പത്തിലൊരു ബാത്റൂമും. പിന്നെ അത്യാവശ്യം കരിക്കാനും പുകയ്ക്കാനുമൊക്കെയുള്ള സെറ്റപ്പുള്ള ഒരു കൊച്ചടുക്കളയുമുണ്ട്. മുറീടെ വലിപ്പം കണ്ടപ്പോൾ ഒരു പ്ളിഞ്ഞ്യാസമുണ്ടായെങ്കിലും ഞങ്ങളങ്ങോട്ടു തന്നെ അങ്ങു കുടിയേറി.. സ്വയം ആശ്വസിപ്പിക്കാനായി ഇരുമെയ്യാണെങ്കിലും നമ്മളൊറ്റക്കരളല്ലേ, ആ ഒരു സിംഗിൾ കരളിനു താമസിക്കാൻ ഇത്രക്കൊക്കെ സ്ഥലം മതി എന്നൊരു ന്യായീകരണവും കണ്ടെത്തി. ആകെമൊത്തം ലൈഫ് വല്യ കുഴപ്പമില്ലാതെ മുന്നോട്ടു പോവുകയാരുന്നു. ഒറ്റ പ്രശ്നമൊഴിച്ച്. ദിവസേനയുള്ള യാത്ര. വീട്ടിൽ നിന്ന് ടൗൺ സെന്ററിലേക്ക് കുറച്ചധികം നടക്കാനുണ്ട്. അതു ഞങ്ങൾ ആദ്യമേ തന്നെ ശ്രദ്ധിച്ചതാണ്‌. പക്ഷെ നമ്മ ഭീകര ആരോഗ്യമല്ലേ,, ഇതു വല്ലോം ദൂരമാണോ.. ഞാനൊക്കെ എന്തോരം നടന്നിട്ടാ സ്കൂളിൽ പോയിക്കൊണ്ടിരുന്നത്, അല്ലെലും നടക്കുന്നതു നല്ലതാഎന്നൊക്കെ പുച്ഛിച്ച് അതങ്ങു തള്ളിക്കളഞ്ഞതാണ്‌. ദിവസേനയുള്ള നടപ്പ് പിന്നേം സഹിക്കാം. പക്ഷെ വല്ല ഷോപ്പിംഗോ ഒക്കെ കഴിഞ്ഞ് കനത്തിൽ വല്ലതും തൂക്കിക്കൊണ്ടാണു നടപ്പെങ്കിൽ വീട്ടിലെത്തുമ്പഴേക്കും നടുവൊടിയും. അമ്മാതിരി കയറ്റമാണ്‌. നമ്മക്കീ ഭാരം പൊക്കലൊന്നും ശീലമില്ലല്ലോ.. ഷോപ്പിംഗ് കഴിഞ്ഞ് ട്രോളീം തള്ളിക്കോണ്ടു വന്ന് നേരെ വണ്ടീടെ ഡിക്കീലോട്ടു തള്ളി ലിഫ്റ്റിൽ കേറ്റി വീട്ടിലെത്തിക്കലല്ലേ പതിവ്. എന്നാപ്പിന്നെ ഇവിടെ ഒരു വണ്ടി വാങ്ങിച്ചേക്കാംന്നു വച്ചാൽ, എപ്പഴാണ്‌ തിരിച്ച് ഇന്ത്യയിലേക്കു പോവാനുള്ള ആഹ്വാനം വരുന്നതെന്നറിയില്ല.. അല്ലേൽ പിന്നെ വല്യ വിലയൊന്നുമില്ലാത്ത,ചുമ്മാ കളഞ്ഞിട്ടു പോകേണ്ടി വന്നാലും നെഞ്ചുവേദനയുണ്ടാക്കാത്ത വല്ല വണ്ടീം വേണം.. അതെങ്ങനെ ഒപ്പിക്കാംന്ന് തലപുകച്ച് തലപുകച്ച് അവസാനം ഞങ്ങൾ ഒരു ഉത്തരത്തിലെത്തിച്ചേർന്നു..

സൈക്കിൾ.. അതെ.. നമ്മടെ ഡ്യൂക്കിലി സൈക്കിൾ. അത്യാവശ്യം കാര്യങ്ങളൊക്കെ നടക്കും.എഞ്ചിനും ഡോറും പകിട്ടും പത്രാസൊന്നുമില്ലെങ്കിലും  സൈക്കിളും വണ്ടിഫാമിലിയിൽ പെട്ടതാണല്ലോ. ചുമ്മാ ചവിട്ടിക്കോണ്ടു പോയാൽ മതി.ഷോപ്പിംഗ് ബാഗൊക്കെ അതിന്റെ ഹാൻഡിലിൽ തൂക്കിയിടാം.. സൈക്കിൾ ചവിട്ടുന്നത് ആരോഗ്യത്തിനും നല്ലതാണ്‌.രണ്ടു പാസഞ്ചേർസിനെ വരെ താങ്ങിക്കോളും... പാർക്കിംഗ് സ്ലോട്ടിനായി ബുദ്ധിമുട്ടണ്ട . അങ്ങനെ എങ്ങനൊക്കെ നോക്കിയാലും ഞങ്ങൾടെ യാത്രാപ്രശ്നങ്ങൾക്കെല്ലാമുള്ള പരിഹാരവുമായി ഭൂമിയിൽ അവതരിച്ച പോലൊരു സാധനം.ആകെയുള്ളൊരു സാങ്കേതിക പ്രശ്നം , എനിക്ക് സൈക്കിൾ ചവിട്ടാനറിയില്ല എന്നുള്ളതാണ്‌ (ഇരുചക്ര വാഹങ്ങൾ പേടിയായതു കൊണ്ട്,നേരിട്ട് ഫോർ വീലറിലേക്കാണ്‌ ഞാൻ കേറീത്). കെട്ട്യോൻ എപ്പോഴും സൈക്കിളിന്റെ ഡ്രൈവറായിക്കോളാം,ഞാൻ കാരിയർ സീറ്റിൽ താഴെപ്പോവാതെ അള്ളിപ്പിടിച്ചിരുന്നാൽ മാത്രം മതീന്നുള്ള ഉടമ്പടിയിൽ ആ പ്രശനവും പരിഹരിച്ചു. പിന്നെ സെകൻഡ്ഹാൻഡ്/ തേഡ്ഹാൻഡ്/ എതേലുംഹാൻഡ് സൈക്കിളിനുള്ള അന്വേഷണമായി. അവസാനം ഒന്നു ഒത്തു കിട്ടീപ്പോ അതിന്‌ കാരിയർ സീറ്റേയില്ല. പരിഹാരങ്ങളൊകെ ടപ്പേ ടപ്പേന്ന് ചുട്ടെടുക്കുന്ന ടീംസെന്ന നിലയിൽ ആ പ്രശ്നത്തിനും പരിഹാരം കണ്ടെത്തി.അതു വാങ്ങി ഞാനാ സൈക്കിളിൽ ഡ്രൈവിംഗ് പഠിച്ചെടുത്ത്, അതേ പോലെ ഒന്ന് എനിക്കും കൂടി വേണ്ടി വാങ്ങുക. ഉവ്വ നടന്നതു തന്നെഎന്നു മനസിൽ പറഞ്ഞ് ഞാനും ഭാഗ്യം അവളെ ഡബിളെടുടുത്ത് നടുവൊടിക്കണ്ടല്ലോഎന്നു മനസിൽ പറഞ്ഞ് കെട്ട്യോനും ആ പരിഹാരം കൈയടിച്ച് പാസാക്കി. അങ്ങനെ സൈക്കിൾ ഞങ്ങടെ വീട്ടിലെത്തുകേം ചെയ്തു.

ഏതാണ്ടൊരു മാസം കഴിഞ്ഞപ്പഴാരുന്നു സൈക്കിളിന്റെ പേരിടീൽ കർമ്മം... വാല്മീകി.. അതായിരുന്നു സൈക്കിളിനു ഞാനിട്ട പേര്‌. പുണ്യപുരാതന സൈക്കിളായതു കൊണ്ടു മാത്രമല്ല, കെട്ട്യോനിട്ടൊരു കൊട്ടും കൂടെയായിരുന്നു. വാങ്ങിച്ച ഉടനെ ലുട്ടാപ്പി കുന്തോം കൊണ്ടു നടക്കുന്നതു പോലെ അങ്ങേരു സൈക്കിളിൽ തന്നെയായിരുന്നു. സ്വന്തമായി സൈക്കിളൊന്നുമില്ലാത്ത പാവം ഞാൻ അതിന്റെ പുറകിൽ ഓടുകേമല്ലാ, നടക്കുകേമല്ലാത്ത പരുവത്തിൽ നടക്കും. എന്നും സൈക്കിളിനെ തൂക്കല്‌ തുടയ്ക്കല്‌, ഓരോരോ ആക്സസറീസ് വാങ്ങിക്കല്‌ ആകെ ബഹളം. ഒരു മാസം കഴിഞ്ഞപ്പോ സൈക്കിളിനു ബോറടിച്ചു. അതു ടയറിന്റകത്തെ ട്യൂബ് പഞ്ചറാക്കി . അതോടെ അത് കട്ടപ്പുറത്തായി..എന്നേലും നന്നാക്കിയെടുക്കും എന്ന ദൃഢപ്രതിജ്ഞയോടെ കെട്ട്യോൻ അതിനെ  വീടിന്റെ മതിൽ കുത്തിച്ചാരി വച്ചു.. ഓരോ ആഴ്ചേം അങ്ങേരു പ്രതിജ്ഞ പുതുക്കീതല്ലാതെ സൈക്കിളിന്റെ തപസിനൊരു അവസാനോം ഉണ്ടായില്ല..അങ്ങനെ വസന്തം വന്നു. അതിന്റൊപ്പം വന്ന വള്ളികളൊക്കെ സമയം കളയാതെ സൈക്കിളിന്റെ മോളിൽ കേറിച്ചുറ്റി. അങ്ങനെ ചിതല്പുറ്റ് മൂടിയ വാല്മീകിയെപ്പോലെ സൈക്കിൾ വള്ളികൾക്കുള്ളിൽ മറഞ്ഞു. അതോടെ ഞാനതിനു വാല്മീകി എന്നു പേരുമിട്ടു. വീട്ടിലേക്കു കേറുമ്പഴും ഇറങ്ങുമ്പഴൊക്കെ ഞാൻ വാല്മീകീന്നു വിളിച്ച് വിഷ് ചെയ്യും. അത് വാല്മീകി കേട്ട് തിരിച്ചു വിഷ് ചെയ്യാനല്ല. മറിച്ച് ആ വിളിയിലൂടെ ഇപ്പം ശരിയാക്കാംന്നു പറഞ്ഞ് വാല്മീകിയെ ആ അവസ്ഥയിലെത്തിച്ച മഹാനെ ഒന്നു കുത്തി നോവിക്കാനും അതു വഴി ഒരു ചൊറിച്ചിൽ സുഖം കിട്ടാനുമാരുന്നു.

അങ്ങനെ മാസങ്ങൾ കഴിഞ്ഞു. ഞങ്ങൾ കുറച്ചൂടെ വല്യ ഒരു വീട്ടിലേക്കു മാറി. കഷ്ടിച്ച് ഒരു ടാക്സിക്കുള്ളിൽ കൊണ്ടു വരാനുള്ള സാധനമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും വാല്മീകിയെ ഉപേക്ഷിച്ചു പോകാൻ തോന്നിയില്ല.ഒന്നൂല്ലേലും ഇവിടുത്തെ ഞങ്ങടെ ആദ്യത്തെ വണ്ടിയല്ലേ..അതിനെ കൊണ്ടു പോകാൻ വേണ്ടി മാത്രം ഞങ്ങൾ ടാക്സി മാറ്റി ഒരു പത്തായം വണ്ടി ബുക്ക് ചെയ്തു വാല്മീകിയടക്കം എല്ലാത്തിനേം പുതിയ വീട്ടിലെതിക്കുകേം ചെയ്തു. പുതിയ വീട്ടിലെത്തീതും വാല്മീകിറിപ്പയർ പ്രതിജ്ഞ ഇത്തിരൂടെ സ്ട്രോംഗ് ആയി.  റിപ്പയർ ചെയ്യാനുള്ള മൂഡ് വരുമ്പഴേ ഓടിപ്പോയി റിപ്പയറാനുള്ള സൗകര്യത്തിന്‌ വാല്മീകിയെ വീടിനു മുന്നിൽ തന്നെ ചാരിവച്ചു. വാല്മീകീടെ ലൈഫ് പിന്നേം പഴേ പോലെ തന്നെ. പിന്നെ ഒരു ഗുണമുള്ളതെന്താന്നു വച്ചാ, സിമന്റ് തറയായതു കൊണ്ട് വള്ളികളൊന്നുമില്ല. അതോണ്ടെ വള്ളികൾടെ ശല്യമൊന്നുമില്ലാതെ മഴേം വെയിലും കൊണ്ട് വാല്മീകി ശാപമോക്ഷം കാത്ത്‌ അവിടങ്ങനെ ഒരേ നില്പ്പ് നിന്നു. അങ്ങനെ ഒരു ദിവസം നേരം വെളുത്തപ്പോൾ ഒരു ക്ളൂ പോലും തരാതെ വാല്മീകി അപ്രതക്ഷ്യനായി. ഗാംഭീര്യം കണ്ട് ആരേലും അടിച്ചു മാറ്റിക്കൊണ്ടു പോയതാരിക്കും. അല്ലെങ്കിൽ ആക്രിയാണെനും വിചാരിച്ച് വേസ്റ്റുകാര്‌ എടുത്തോണ്ടു പോയിരിക്കും. സംഭവിച്ചതെന്തായാലും സ്വന്തം അഭിമാനപ്രശ്നം കാരണം ആദ്യത്തേതായിരിക്കും നടന്നിട്ടുണ്ടാവുക എന്ന് ഞങ്ങളങ്ങ് ആശ്വസിച്ചു.  അങ്ങനെ ഒടുക്കം  ഇത്തിരി തലതിരിഞ്ഞ രീതീലാണെങ്കിലും വാല്മീകിക്ക് ശാപമോക്ഷം കിട്ടി.

കാര്യം ഞങ്ങൾടെ കൂടെയുണ്ടായിരുന്ന കാലഘട്ടത്തിൽ മിക്ക സമയത്തും വാല്മീകി കട്ടപ്പുറത്താരുന്നെങ്കിലും നല്ല കുറെ ഓർമ്മകളും സമ്മാനിച്ചാണ്‌ വാല്മീകി പോയത്. പണ്ടത്തെ സില്മേൽ വേണു നാഗവള്ളീം ജലജേം നടക്കുന്ന പോലെ വാല്മീകിയേം തള്ളിക്കൊണ്ട് അപ്രത്തും ഇപ്രത്തുമായി വർത്തമാനം പറഞ്ഞ് നടന്നിരുന്ന ആ നല്ല കാലം. ഡീസലിന്റേം പെട്രോളിന്റേം വില കൂടുതലൊന്നും ഞങ്ങളെ ബാധിച്ചിരുന്നേയില്ല. വാല്മീകീടെ ഹാൻഡിലിനു താങ്ങാൻ പറ്റുന്നത്രേം മാത്രം ഭാരമുള്ള ഷോപ്പിംഗ് നടത്തീരുന്നുതു കൊണ്ട് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതൊഴിവായി. സാമ്പത്തിക അച്ചടക്കം കൂടി. മിണ്ടാപ്രാണിയായിരുന്നെങ്കിലും മിനിമം റിസോർസിൽ ആരോടും ഒന്നും പരാതിപറയാതെ എങ്ങനെ ജീവിക്കാംന്ന് വാല്മീകി സ്വന്തം ജീവിതം കൊണ്ട് ഞങ്ങളെ പഠിപ്പിച്ചു. ഇപ്പോ ഏതേലും ഒരു വീട്ടിൽ റിപ്പയർ ചെയ്യപ്പെട്ട് കുട്ടപ്പനായി ഇഷ്ടം പോലെ എണ്ണേം ഗ്രീസുമൊക്കെ കിട്ടി ജില്ല് ജില്ലെന്നുള്ള ട്യൂബും ടയറുമൊക്കെയായി വാല്മീകി വിരാജിക്കുന്നുണ്ടാവാം. ഇനി അതല്ല , കാലക്കേടിന്‌ ആക്രിക്കാര്‌ തന്നെയാണ്‌ വാല്മീകിയെ കൊണ്ടു പോയതെങ്കിൽ ആ പാവം ഇപ്പോൾ വല്ല റീസൈക്ളിംഗ് യൂനിറ്റിലും പീസ് പീസായിട്ടുണ്ടാവും... അങ്ങനെയെങ്കിൽ ഞങ്ങൾക്കൊന്നു മാത്രമേ ആശംസിക്കാനുള്ളൂ...

പ്രിയ വാല്മീകീ, റെസ്റ്റ് ഇൻ പീസ് പീസ്..

സന്തപ്ത എക്സ്-ഓണേർസ് (ഒപ്പ്)

Thursday, May 22, 2014

ന്നാലും എന്റപ്പൂപ്പാ...

ഒന്നുരണ്ടു തവണ ഓൺസൈറ്റ് വന്നു കഴിയുമ്പഴേക്കും നമ്മളെ എല്ലാരും കൂടെ പിടിച്ചങ്ങൊരു ഓണസൈറ്റ് എൻസോക്ളോപീഡിയ ആക്കും. നമ്മളായിട്ട് ഒന്നും ചെയ്തിട്ടല്ല. മുൻപു വന്നിട്ടുള്ളതു കൊണ്ട് സ്ഥലത്തെപറ്റീം അവിടുത്തെ രീതികളെപറ്റീം ഒക്കെ അന്നാട്ടുകാരെക്കാൾ കൂടുതൽ നമ്മക്കറിയാം എന്ന്‌ ജനത്തിന്റെ തെറ്റിദ്ധാരണ.എന്നാൽ ഈ തെറ്റിദ്ധാരണ തിരുത്തി ഉള്ള സത്യം അങ്ങ് പറഞ്ഞേക്കാം എന്നങ്ങ് വെയ്ക്കാൻ പറ്റുമോ.. അതില്ല. വെർതേ കിട്ടീതാണെങ്കിലും കിട്ടിയ ഗ്ളാമർ വേണ്ടന്നു വെയ്ക്കാനുള്ള മനക്കട്ടിയൊന്നും ആർക്കും ഉണ്ടാവില്ലല്ലോ. എനിക്കും അതില്ല. അതോണ്ട് ഉള്ള വിവരമില്ലായ്മ നൈസായി മറച്ചു വച്ച് ആവശ്യക്കാർക്കൊക്കെ ഉപദേശ്ങ്ങളും നിർദ്ദേശങ്ങളുമൊക്കെ ലാവിഷായി വാരിവിതറിക്കൊണ്ടാണ്‌  ഇത്തവണത്തെ ഓൺസൈറ്റ് ജീവിതം മുന്നേറിക്കൊണ്ടിരിക്കുന്നത്. എവിടൊക്കെ നല്ല ഫുഡ് കിട്ടും, വാടകയ്ക്ക് വീടെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ലണ്ടൻ റ്റ്യൂബ് ട്രാവൽ ഫോർ ഡമ്മീസ്, ഓരോ സാധനങ്ങളും വാങ്ങാനുള്ള ബെസ്റ്റ് ഷോപ്പുകൾ എന്നിവയൊക്കെയാണ്‌ പ്രധാനമായും എന്റെ ഉപദേശനിർദ്ദേശങ്ങൾക്ക് ഇരയാവുന്ന വിഷയങ്ങൾ. ഇതിൽ തന്നെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്‌ വാടകവീട് കണ്ടുപിടിക്കാനായി നവ-ഓൺസൈറ്റുകാരെ സഹായിക്കുക എന്നത്. മറ്റുള്ളവരെ സഹായിച്ച് ചുളുവിലിത്തിരി പുണ്യം അടിച്ചെടുക്കാംന്നു മാത്രമല്ല, നമ്മളെക്കൊണ്ട് ഇതിനൊക്കെ പറ്റും എന്ന കുഞ്ഞ് അഹംഭാവ ഫീലിംഗും അനുഭവിക്കാലോ.

വല്യ തട്ടുകേടില്ലാതെ ഈ കലാപരിപാടികളൊക്കെ മുന്നേറിക്കൊണ്ടിരിക്കുമപ്ഴാണ്‌ ഒരു പുതിയ ഇര വന്നു പെട്ടത്. ആവശ്യം സിമ്പിൾ . കൊച്ച് വാടകയ്ക്ക് വീടെടുക്കാൻ പോവുകയാണ്‌. എന്തൊക്കെ കര്യങ്ങളാണ്‌ ഹൗസേ​‍ാണറോട് ചോദിച്ച് ഉറപ്പു വെരുത്തേണ്ടതെന്ന്ന്. ഞാൻ പതിവു പോലെ ഉപദേശക്കെട്ടഴിച്ചു. ഉപദേശത്തിന്റെ കുത്തൊഴുക്കു കണ്ട് കൊച്ച് പേടിച്ചു പോയീന്നു തോന്നുന്നു. ഒക്കേം കേട്ടുകഴിഞ്ഞപ്പോൾ വീട് കാണാനും കാര്യങ്ങളൊക്കെ ചോദിക്കാനും കൂടെ വരാമോന്ന് ഒരപേക്ഷ. അതു കേട്ടതും എന്റെയുള്ളിലെ സഹായമനസ്ക സടകുടഞ്ഞെഴുന്നേറ്റു. അതിനെന്താ..ഇപ്പോ തന്നെ പോകാലോ എന്നായി ഞാന്‍. സത്യം പറഞ്ഞാല്‍  സഹായിക്കാന്‍ മുട്ടീട്ടൊന്നുമല്ല. ഇക്കാര്യം പറഞ്ഞ് കുറെ നേരത്തേക്ക് ഓഫീസില്‍ നിന്നും മുങ്ങാലോ. പിന്നെ സത്യസന്ധമായി മനസാക്ഷിയെ ഒന്നൂടെ സ്കാൻ നോക്കീപ്പോ ഒരു കാര്യം കൂടി കിട്ടി .പോയിക്കണ്ട് വല്ലവന്റേം വീടിനെ പറ്റി നാലു കുറ്റം പറയുമ്പോഴുള്ള ആ ഒരു ആത്മനിർവൃതി.അതും ഇല്ലാതില്ല..

പിന്നെ ഒക്കെ ശടുപിടേന്നായിരുന്നു. കൊച്ച് ഉടനെ തന്നെ ഹൗസോണറെ വിളിച്ച് വീടുകാണല്‍ ചടങ്ങിന്‌ മുഹൂര്‍ത്തം കുറിച്ചു. ഞാന്‍ സീക്രട്ടായി ഗൂഗിള്‍ മാപ്പ് നോക്കി പോകേണ്ട വഴിയൊക്കെ മനപ്പാഠമാക്കി. സ്ഥിരം വീട്ടിലേക്കു പോകുന്ന വഴി വരെ തെറ്റിക്കുന്ന ഒരാളാണു ഞാന്‍.. അപ്പോപ്പിന്നെ ഈ നാട്ടിലെ ഓരോ ഊടുവഴികളും എനിക്കെന്റെ കൈരേഖ പോലെ ഹൃദിസ്ഥമാണെന്ന് ബാക്കിയുള്ളോരെ തെറ്റിദ്ധരിപ്പിക്കാന്‍ അതേ വഴിയുള്ളൂ. അതും പോരാതെ കൊച്ചിനെ ഇമ്പ്രസ് ചെയ്യിക്കാനായി ആ സ്ഥലത്തെ പറ്റി ശകലം പൊതുവിജ്ഞാനവും  സെര്‍ച്ച് ചെയ്ത് സംഘടിപ്പിച്ചു വച്ചു.  അങ്ങനെ എല്ലാ തയ്യാറെടുപ്പും കഴിഞ്ഞ് യുദ്ധസന്നദ്ധയായി പുറത്തേക്കിറങ്ങുമ്പഴതാ എന്റെ പ്ലാനിലൊക്കെ മണ്ണു വാരിയിട്ടോണ്ട് ഒരു ഫോണ്‍ കോള്‍. ഹൗസോണറാന്റീടെ വക.അവരപ്പോ ഞങ്ങടെ ഓഫീസിനടുത്തെവിടെയൊ ഉണ്ടെന്നും ഞങ്ങളേം കാറില്‍ കേറ്റിക്കൊണ്ടു പോയി വീടു കാണിച്ചു തിരിച്ചുകൊണ്ടെത്തിക്കാമെന്നും. എന്റെ സ്ഥലപൊതുവിജ്ഞാനം പ്രകടിപ്പിക്കാനുള്ള അവസരം പോകുംന്നുള്ളതു കൊണ്ടു മാത്രമല്ല, സെക്യൂരിറ്റി കാരണം കൊണ്ടും എനിക്കാ ഐഡിയ തീരെ ബോധിച്ചില്ല. ഒരു പരിചയവുമില്ലാത്ത ആള്‍ക്കാര്‍ടെ കൂടെ അങ്ങനങ്ങ് പോകാന്‍ പറ്റുമോ. പക്ഷെ ഒരു രക്ഷയുമില്ല. ആ ആന്റി നിര്‍ബന്ധത്തോട് നിര്‍ബന്ധം. ഞങ്ങളേം കൂട്ടിക്കൊണ്ടേ പോവൂന്ന്. ഒടുക്കം ഞങ്ങള്‍ കീഴടങ്ങി. ഒരു നോര്‍ത്തിന്ത്യന്‍ ആന്റിയാണ്‌ ഡ്രൈവിംഗ് സീറ്റില്‍. പത്തറുപത് വയസ് പ്രായം കാണും. ഈ വീടന്വേഷി കൊച്ചും നോര്‍ത്തിന്ത്യനാണ്‌. അതു കൊണ്ടാവും ആന്റി ആകെ ആവേശത്തിലാരുന്നു. കൊച്ചിനെ അങ്ങ് ഏറ്റെടുത്ത മട്ടായി.  നിന്നെപ്പൊലൊരാളെയാണ്‌ താന്‍ തേടിനടക്കുന്നതെന്നും, ഈ വീട് ഇനി നിനക്കു മാത്രമേ തരൂ എന്നുമൊക്കെ പറഞ്ഞ് ആകെപ്പാടെ ഓവറാക്കാനും തുടങ്ങി. ഇതൊന്നും പോരാതെ അടുത്തു നിന്ന എന്നെ മൈന്‍‌ഡ് പോലും ചെയ്യാതെ കൊച്ചിനെ കാറില്‍ വലിച്ചു കേറ്റി മുന്നില്‍ ആന്റീടടുത്ത് തന്നെ പ്രതിഷ്ഠിച്ചു. ഞാനിങ്ങനെ ബ്ലിങ്കസ്യാന്നു നിന്നു പോയെങ്കിലും പെട്ടെന്നു തന്നെ ആകെ ബാക്കിയുള്ള ഓപ്ഷനായ ബാക്ക്സീറ്റിലേക്ക് വലിഞ്ഞു കേറി. സഞ്ചരിക്കുന്ന ഒരു സ്റ്റോര്‍‌രൂമിലേക്കാണ്‌ കേറാന്‍ പോകുന്നതെന്ന് എനിക്കൊരു ക്ലൂ പോലുമില്ലാരുന്നു. പിന്‍സീറ്റിലും തറേലും നിറയെ എന്തൊക്കെയോ സാധനങ്ങള്‍. കൂട്ടത്തില്‍ ഒരു സൈഡില്‍ നല്ലോണം പ്രായമായ ഒരു അപ്പൂപ്പനും. അപ്പൂപ്പനാവട്ടെ ഞാന്‍ കേറീത് തീരെ പിടിച്ച മട്ടില്ല. ഞാന്‍ ഒരു വിധത്തില്‍ ഇത്തിരിപ്പോരം സ്ഥലമുണ്ടാക്കി അവിടെ ഒടിഞ്ഞുമടങ്ങിയിരുന്നു. അതോടെ എന്റെ ജീവിതത്തിന്റെ ഒരേ ഒരു ലക്ഷ്യം കൈയിനും കാലിനും നട്ടെല്ലിനും ഷേപ്പു വ്യത്യാസമൊന്നും വരാതെ ആ യാത്ര ഒന്നു തീര്‍ക്കാന്‍ പറ്റണംന്നതു മാത്രമായി.

കൂടുതലൊന്നും പറയുന്നില്ല. ആ യാത്ര തീര്‍ന്നു. ഞാന്‍ ചാടി കാറിനു പുറത്തിറങ്ങി വളഞ്ഞുപോയിരുന്ന എല്ലെല്ലാം നിവര്‍ത്തിവച്ച് എന്റെ മനുഷ്യക്കോലം വീണ്ടെടുത്തു. വീടു കണ്ടു. ആന്റീടെ വീരവാദങ്ങളൊക്കെ സഹിച്ചു. മടക്കയാത്രയ്ക്കായി പിന്നേം കാറില്‍ കേറി. പക്ഷെ ഇത്തവണ റിസ്കെടുക്കാന്‍ തയ്യാറല്ലാരുന്നു. അപ്പൂപ്പന്റെ കലിപ്പു നോട്ടം വകവെയ്ക്കാതെ ഞാന്‍ കുറെ സാധനങ്ങളെടുത്ത് മടിയില്‍ വച്ച് അത്യാവശ്യം നേരെ ഇരിക്കാനുള്ള സൗകര്യം ഉണ്ടാക്കിയെടുത്തു. ഇതോടെ പീഢാനുഭവമൊക്കെ കഴിഞ്ഞു എന്നു ആശ്വസിച്ചിരിക്കുമ്പഴാണ്‌ ആന്റീം അപ്പൂപ്പനും തമ്മില്‍ ഒരു ഭീകര വഴക്ക് പൊട്ടിപ്പുറപ്പെട്ടത്. എന്താണ്‌ പ്രകോപനം എന്നൊന്നും പിടി കിട്ടീല. അറിയാത്ത ഭാഷയില്‍ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും ഇഞ്ചോടിച്ച് വിട്ടുകൊടുക്കാതെ ഷൗട്ട് ചെയ്യുകയാണ്‌. അതൊക്കെ അവര്‍ടെ കുടുംബകാര്യം. പക്ഷെ സ്റ്റിയറിംഗ് വീലില്‍ നിന്ന് വഴക്കിലേക്ക് ആന്റീടെ ഫുള്‍ശ്രദ്ധ തെന്നിപ്പോയാല്‍ ഞങ്ങള്‍ രണ്ടു നിരപരാധികള്‍ടെ കാര്യം കട്ടപ്പൊകയാവും. ഞാന്‍ സീറ്റില്‍ അള്ളിപ്പിടിച്ചിരുന്നു.  കാറില്‍ നിന്നു ചാടുന്നതാവുമോ കാറില്‍ തന്നെ ഇരിക്കുന്നതാവുമോ കൂടുതല്‍ സേഫ് എന്ന് ഞാന്‍ മനക്കണക്ക് കൂട്ടുന്ന അവസ്ഥ വരെയായി.

പെട്ടെന്ന് കാറു നിന്നു. എന്തൊക്കെയോ വിളിച്ചു പറഞ്ഞോണ്ട് ആന്റി ഇറങ്ങി റോഡരികില്‍ ഒരു കെട്ടിടത്തിലേക്കു പോയി. അപ്പൂപ്പന്‍ പുറകില്‍ നിന്നും ഇറങ്ങി ഡ്രൈവിംഗ് സീറ്റില്‍ കേറി. രണ്ടു മൂന്നു പ്രാവശ്യം കുലുങ്ങി കാര്‍ സ്റ്റാര്‍ട്ടായി. കാറ് റോഡിന്റെ ഡിവൈഡറു ലക്ഷ്യമാക്കി ഒറ്റപ്പാച്ചില്‍. അതിന്റെ തൊട്ടടുത്തെത്തി ടപ്പോന്ന് നിന്നെങ്കിലും പേടിച്ച് ഞാന്‍ പകുതി ചത്ത അവസ്ഥയിലായിപ്പോയി. പ്രായക്കൂടുതല്‍ കൊണ്ടാവാം അപ്പൂപ്പന്റെ ഡ്രൈവിംഗ് ആകെ അലങ്കോലമാണ്‌. അപ്പൂപ്പന്‍ സീറ്റ് ബെല്‍റ്റിടാത്തതിന്റെ അലാറം മരണമണി പോലെ കാറിനകത്തു കുഴങ്ങുന്നുമുണ്ട്. സീറ്റ് ബെല്‍റ്റ് കുത്താന്‍ അപ്പൂപ്പന്‍ തിരിഞ്ഞതോടെ സ്റ്റിയരിംഗ് പിന്നെം കൈയീന്നു പോയി. അടുത്തൂടെ വന്ന ഒരു വണ്ടി ജീവനും കൊണ്ട് ഓടിപ്പോവുന്നതും കണ്ടു. ഇത്തിരി നേരോം കൂടി ഇതിനകത്തിരുന്നാല്‍ ഒന്നുകില്‍ ആക്സിഡന്റില്‍ മരിക്കും അല്ലെങ്കില്‍ ഈ പൈശാചിക ഡ്രൈവിംഗ് കണ്ടു കണ്ട് ഹാര്‍ട്ടറ്റാക്ക് വന്നു മരിക്കും.അതുറപ്പായി. ഇടയ്ക്കിടയ്ക്ക് 'ഇവിടെ നിര്‍ത്തിക്കോ,ഞങ്ങളങ്ങ് പൊയ്ക്കോളാം' എന്നൊക്കെ ഞങ്ങളു പറയുന്നുണ്ട്. യെവടെ..  വിനയം കാരണം പറയുന്നതാണെന്ന് തെറ്റിദ്ധരിച്ച് അപ്പൂപ്പന്‍ അതൊക്കേം ഇഗ്നോര്‍ മോഡില്‍ ഇടുകയാണ്‌.അതോണ്ട് അങ്ങനേം രക്ഷപെടാനും വഴിയില്ല. ടെന്‍‌ഷന്‍ താങ്ങാന്‍ വയ്യാതെ ,ഒരിത്തിരി ക്ലോറോഫാം കിട്ടുകയാരുന്നെങ്കില്‍ അതു സ്വയം മണപ്പിച്ച് ബോധം കെട്ടു കിടക്കാരുന്നല്ലോന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോയി..

എങ്ങാനും വല്ല ആക്സിഡന്റുമുണ്ടായാലുള്ള കാര്യമാണ്‌ കോമഡി. പണ്ട് നമ്മടെ ഡയാനാ രാജകുമാരി ആക്സിഡന്റില്‍ മരിച്ചപ്പോ എന്തൊക്കെ കോണ്‍സ്പിരസി തിയറികളാരുന്നു ഇറങ്ങീത്. ഞങ്ങടെ കാര്യോം ഏതാണ്ടതു പോലെ ആവാന്‍ സാധ്യതയുണ്ട്. തമ്മില്‍ യാതൊരു ബന്ധവുമില്ലാത്ത മൂന്നു പേര്‌ ഒരു കാറിനുള്ളില്‍. ഈ സമയത്ത് ഓഫീസില്‍ ഇരിക്കേണ്ട ഞാന്‍ എങ്ങനെ ഇങ്ങനൊരു അപകടാവസ്ഥയിലെത്തിയെന്ന് ആര്‍ക്കും ,എന്റെ സ്വന്തം കെട്ട്യോനു പോലും, ഒരു ക്ലൂവും കാണില്ല. എങ്ങാനും വല്ലതും സംഭവിച്ചു പോയാല്‍,'മലയാളി ഐ-ടിക്കാരി യൂക്കേയില്‍ വടിയായി.. ഭീകര ദുരൂഹത' എന്നും പറഞ്ഞ് കഥകളുണ്ടാക്കി പത്രക്കാരും ചാനലുകാരുമൊക്കെ ആഘോഷിച്ച് ചളമാക്ക്വേം ചെയ്യും.

അങ്ങനെ ഒക്കേം ആലോചിച്ച് ഏതാണ്ടൊക്കെ കാറ്റു പോയി ഇരിക്കുമ്പഴാണ്‌ അങ്ങ് റോഡ്സൈഡില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് കാണുന്നത്. എന്നെ രക്ഷിക്കാന്‍ വേണ്‍റ്റി മാത്രമാണ്‌ ആ സൂപ്പര്‍മാര്‍ക്കറ്റ് അവിടെ പ്രത്യക്ഷപ്പെട്ടത് എന്നു തോന്നിപ്പോയി. " വണ്ടി നിര്‍ത്ത്.. എനിക്കവിടുന്നു സാധനം വാങ്ങാനുണ്ട്" എന്ന് പറ്റാവുന്നത്ര അത്യാസന്നഭാവത്തോടെ പറഞ്ഞു. അതെന്തായാലും ഏറ്റു. അപ്പൂപ്പന്‍ വണ്ടി നിര്‍ത്തി തന്നു. ഞങ്ങള്‍ ബാക്കിയുള്ള ജീവനും കൊണ്ട് ചാടിയിറങ്ങി. താങ്ക്സ് പറഞ്ഞ് രക്ഷപെടാന്‍ നോക്കുമ്പഴാണ്‌ അപ്പൂപ്പന്റെ വക ചങ്കു തകര്‍ക്കുന്ന ആ ഓഫര്‍. "പെട്ടെന്ന് സാധനം മേടിച്ചു വാ, ഞാനിവിടെ വെയ്റ്റ് ചെയ്യാം. ഇല്ലെങ്കില്‍ ഓഫീസിലെത്താന്‍ ലേറ്റ് ആവില്ലേന്ന്. "Better late than never".എന്നല്ലേ അപ്പൂപ്പാ എന്നാണ്‌ പെട്ടെന്ന് നാവിലേക്ക് വന്നതെങ്കിലും ഞാനതങ്ങ് വിഴുങ്ങി.പകരം കുറെ നന്ദിവാക്കുകളൊക്കെ വാരിക്കോരി ഉപയോഗിച്ച് ഒരു വിധത്തില്‍ ആ ഓഫറില്‍ നിന്നും തലയൂരി അപ്പൂപ്പനെ യാത്രയാക്കി. ഒന്നൂല്ലേലും  ഞങ്ങള്‌ സമയത്തിനും കാലത്തിനും ഓഫീസിലെത്തണമെന്ന കാര്യത്തില്‍ ഞങ്ങളെക്കാളും ആത്മാര്‍ത്ഥതയുള്ള അപ്പൂപ്പനല്ലേ. അതും സ്വന്തം (കൂട്ടത്തില്‍ ഞങ്ങടേം കൂടെ ) ജീവന്‍  തൃണവത്കരിച്ചോണ്ട്..

Saturday, May 10, 2014

ബ്ലോഗില്‍ നിന്ന് ബുക്കിലേക്ക്..


 ഓണ്‍‌ലൈനില്‍ എഴുതിയെഴുതി ഞാനിപ്പോ ഇന്റര്‍നെറ്റില്ലാതേം എഴുത്തുതുടങ്ങി. എന്നു വച്ചാല്‍ ബ്ലോഗെഴുത്തു കാരണം ബുക്കില്‍ കേറീന്ന്. ഗിന്നസ് ബുക്കിലല്ല, മ്മടെ സ്വന്തം ബുക്കില്‍.
 ദേണ്ട്, മാതൃഭൂമി ബുക്ക്സ് കൊച്ചുത്രേസ്യയുടെ ലോകം പുസ്തകരൂപത്തിലാക്കിയിരിക്കുന്നു.

ഈ ലിങ്കുകള്‍ വഴിയൊക്കെ പോയാല്‍ ബുക്കിനെപറ്റി ഏതാണ്ടൊക്കെ വിവരം കിട്ടും.  വാങ്ങിച്ചു വായിച്ചാല്‍ അതിലും കൂടുതല്‍ വിവരം കിട്ടും..അപ്പോ എല്ലാം പറഞ്ഞ പോലെ :-))

http://www.mathrubhumi.com/books/article/nostalgia/2846/
https://www.facebook.com/mathrubhumibooks
http://www.indulekha.com/kochuthresiayude-lokam-blog-wriitng-kochuthresia


Wednesday, December 11, 2013

ദോശ!!

അരീം ഉഴുന്നും തമ്മിലുള്ള ഒരു ഫോര്‍സ്ഡ് മാര്യേജാണ്‌ ദോശ. രണ്ടിനേം വെവ്വേറെ അരച്ച് പതം വരുത്തി മര്യാദ പഠിപ്പിച്ച് ഒരു മുന്നൊരുക്കവുമില്ലാതെ ഒരു പാത്രത്തിലേക്കിടും. രണ്ടു പേര്‍ക്കും ഒന്നു പരിചയപ്പെടാനുള്ള സമയം പോലും കൊടുക്കാതെ ചറപറാ ഇളക്കി യോജിപ്പിക്കും. ന്നിട്ട് ആ പാത്രത്തില്‍ തന്നെ ബന്ധനസ്ഥരാക്കി ഒരു രാത്രി മുഴുവന്‍ വെയ്ക്കും. എന്തിന്‌..ഇത്രേം നേരം ആരുടേം ശല്യമില്ലാതെ ഇരുന്ന് രണ്ടാളും നല്ല കൂട്ടാവാന്‍ വേണ്ടി. പാവങ്ങള് ... രണ്ടും കൂടി തല്ലും പിടീമായി ആ രാത്രി കഴിക്കും. എങ്ങനെലും മറ്റെയാള്‍ടെ സാമീപ്യത്തില്‍ നിന്ന് രക്ഷപെട്ട് ..എന്തിന്‌.. ആ പാത്രത്തില്‍ നിന്നു തന്നെ രക്ഷപെട്ടോടാന്‍ വേണ്ടി രണ്ടു പേരും മാക്സിമം ശ്രമിക്കും. എന്നാലതീന്നു രക്ഷപെടാന്‍ പറ്റ്വോ.. അതില്ല.. അത്രെം ആഴത്തിലുള്ള പാത്രത്തിലല്ലേ കൊണ്ടിട്ടിരിക്കുന്നത്. തങ്ങളെ കൊണ്‍റ്റു പറ്റാവുന്നത്ര എത്തിപ്പിടിച്ചു കേറി കുറച്ചു കഴിയുമ്പോല്‍ രണ്‍റ്റിനും മനസിലാവും. ഇതില്‍ നിന്നൊരു മോചനമില്ല എന്ന്. ഇനിയുള്ളതെല്ലം വിധിക്കു വിട്ടുകൊടുത്ത് അവര്‍ കാത്തിരിക്കും. രാവിലെ ആവുമ്പോ ചുറ്റും ആളുകളുടെ അഭിനന്ദനങ്ങള്‍ കേട്ട് അവര്‍ അന്തം വിടും.' ' ഹാ എന്തു നല്ല ജോഡി, എന്തൊരൊരുമ, എന്തു നന്നായി കൂട്ടുകൂടിയിരിക്കുന്നു' എന്നൊക്കെ. അവരുടെ എതിര്‍പ്പാവട്ടെ ആരുമൊട്ടു മനസിലാക്കെമില്ല.എന്നിട്ടും തീര്‍ന്നില്ല.. ഈ ബന്ധത്തെ ഇനിയും ഊട്ടിയുറപ്പികേണ്ടതുണ്ട് എന്നു നിശ്ചയിച്ച് അവരെ കോരിയെടുത്ത് ചൂടായ ദോശക്കല്ലിലേക്കൊഴിച്ച് പരത്തും. ശീ ശീ എന്ന ശബ്ദത്തോടെ അവര്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കും. ആരു കേള്‍ക്കാന്‍?? അവരുടെ ഉയരുന്ന വിലാപങ്ങള്‍ ഉപരിതലത്തിലെക്കു വന്ന് തുളകളായി അമര്‍ന്നു പോകുന്നു. ദീര്‍‌ഘനിശ്വാസങ്ങല്‍ മാത്രം ചൂടു പറക്കുന്ന ആവിയായി മുകളിലേക്ക് ഉയരുന്നു. പതിയെ പതിയെ അവരാ വിധിയ്ക്ക് പൂര്‍‌ണ്ണമായും കീഴ്പ്പെടുന്നു. ഇനി മുതല്‍ എന്തോക്കെ സം‌ഭവിച്ചാലും ഒരാളില്‍ നിന്നും മറ്റെയാള്‍‌ക്ക് മോചനമില്ലാത്തവിധം അവര്‍ ബന്ധിപ്പിക്കപ്പെട്ടു കഴിഞ്ഞു. മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാ വിധ ആശീര്വാദങ്ങളും അര്‍പ്പിച്ച് കാര്‍മ്മികര്‍ പല വഴിക്കു പോകുന്നു‌. ഇനി യാത്രയാണ്‌.. ആഞ്ഞു ഞെരിക്കുന്ന പാറക്കെട്ടുള്‍ക്കിടയിലൂടെ, മുക്കിതാഴ്ത്തുന്ന വെള്ളച്ചാട്ടങ്ങളിലൂടെ വളവും തിരിവും കുഴികളും നിറഞ്ഞ ഇടുങ്ങിയ വഴികളിലൂടെ, സത്തു മുഴുവന്‍ ഊറ്റിയെടുക്കപ്പെട്ട്.. ആരോടും പരാതി പറയാനാവാതെ....

(ഗുണപാഠം: ദോശ കല്ലെലിട്ട് പരത്തിക്കഴിഞ്ഞാല്‍ പിന്നെ അതു തന്നെ വെന്തോളും.ആ സമയത്ത് പോയി ചമ്മന്തിയുണ്ടാക്കണം. അല്ലാതെ ചട്ടുകത്തില്‍ താടീം വച്ച് ദോശ വേവുന്ന മൊത്തം സമയോം അതിലേക്കു തുറിച്ചു നോക്കിക്കൊണ്ടിരുന്നാല്‍ ഇതേ പോലെ പല ആന്ദോളനങ്ങളും തലേലേക്കു വന്നു പോവും.)

Thursday, November 28, 2013

മടി ഈസ് ദ മദര്‍ ഓഫ് മുടന്തന്‍‌ന്യായങ്ങള്‍...

സമയം അതിരാവിലെ ആറര.

പിരമിഡിന്റുള്ളില്‍ മമ്മി കിടക്കുന്നതു പോലെ,പുതപ്പു കൊണ്ട് ആടമൂടം മൂടി ഉറങ്ങുന്ന നായിക.  കുട്ടിനിക്കറും കുട്ടിസോക്സും കളറ്‌ ശൂസും വിക്രമന്‍ ടീഷര്‍ട്ടുമിട്ട് നായികയെ തുറിച്ചു നോക്കുന്ന ഒരു  ഭീകരപ്രശ്നം, അഥവാ നായകന്‍.

നായകന്റെ ലക്ഷ്യം - നായികയെ എങ്ങനേലും ജിമ്മിലെക്കു വലിച്ചോണ്ടു പോകുക
നായികയുടെ ലക്ഷ്യം- എന്തു ജുദ്ദം ചെയ്തിട്ടായാലും ശരി, കിടക്കയില്‍ അള്ളിപ്പിടിച്ചു കിടന്നുറങ്ങുക

നായകന്റെ പഞ്ചാരവാക്കുകള്‍, വഴക്ക്, കളിയാക്കല്‍,ഭീഷണി തുടങ്ങിയ യുദ്ധതന്ത്രങ്ങളെ ഒക്കെ നായിക തന്റെ നിശ്ചയദാര്‍‌ഢ്യം കൊണ്ട് അതിജീവിച്ചു. നായകന്‍ പത്തൊന്‍പതാമത്തെ അടവിലേക്ക്.. പ്രലോഭനം

" നീ ഒന്നാലോചിച്ചു നോക്കിക്കേ. മെലിഞ്ഞു കഴിഞ്ഞാല്‍ എന്തു സുന്ദരിയാവുമെന്ന്"

"എനിക്ക് സൗന്ദര്യം വേണ്ട. ബാഹ്യമായ സൗന്ദര്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല"

" നീ ഒന്നു മെലിഞ്ഞിട്ടു വേണം നിനക്ക് ചെറിയ സൈസിലുള്ള കുറച്ച് സ്റ്റൈലന്‍ കുപ്പായങ്ങള്‍ വാങ്ങിച്ചു തരാന്‍"

"എനിക്കാരും കുപ്പായം മേടിച്ചു തരണ്ട.  മെലിഞ്ഞു കഴിയുമ്പോ ഇടാനുള്ള ചെറിയ കുപ്പായങ്ങള്‍ ഇപ്പോ തന്നെ ഞാന്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്"

"ആഹാ അപ്പോള്‍ പകുതി പണി കഴിഞ്ഞു,. ഇനി മെലിയുകേം കൂടി ചെയ്താല്‍ മതീലോ. എണീക്ക്..ബാ പൂവാം"

"ഇങ്ങനെ ക്രൂരനാവരുത്. കഷ്ടപ്പെട്ട് പകുതി പണി വരെ ഞാന്‍ ചെയ്തു തീര്‍‌ത്തില്ലേ. ഇനി ഞാനൊന്നു ഉറങ്ങിവിശ്രമിച്ചിട്ട് ബാക്കി പണി ചെയ്യാംന്നേ. പ്ലീസ്.."


ശേഷം:
നായകന്‍ കണ്‍ഫ്യൂഹ: നായിക ബാക്ക് റ്റു സ്ലീപ്പഹ:

Wednesday, November 13, 2013

ക്ഷണിക്കാതെ വന്ന അതിഥി...


പപ്പയ്ക്കും മമ്മിയ്ക്കും അങ്ങനൊരു യോഗമുണ്ട്. വീടും പൂട്ടി എവിടെങ്കിലും ചുറ്റിക്കറങ്ങാന്‍ പോയാലോന്ന് വിചാരിമ്പോഴേക്കും അതു മണത്തറിഞ്ഞ പോലെ മക്കളില്‍ ഏതെങ്കിലും ഒരുത്തന്‍/ഒരുത്തി വീട്ടില്‍ ഹാജരാകും. അതോടെ അവര്‍ടെ യാത്ര കുന്തസ്യ. ഇത്തവണ ആദ്യമെത്തീത് അനിയനായിരുന്നു. ഒരു ജോലിയില്‍ നിന്നിറങ്ങി അടുത്ത ജോലിക്ക് അട വെയ്ക്കുന്നതു വരെയുള്ള വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ അവന്‍ തെരഞ്ഞെടുത്തത് വീടാണ്‌. അതാവുമ്പൊ മമ്മി അവനിഷ്ടമുള്ളതൊക്കെ ഉണ്ടാക്കി കൊടുത്ത് സ്നേഹിച്ചോളും. അങ്ങനെ മമ്മീടെ സ്നേഹം ഫുഡിന്റെ രൂപത്തിലെത്തിയെത്തി അവനൊരു ശീമപ്പന്നി പോലെ ചീര്‍ത്തുവരുമ്പോഴാണ്‌ ഞാനവിടെ ലാന്‍‌ഡ് ചെയ്യുന്നത്. പക്ഷെ അവനെ പോലെ വെറും കൈയോടെയല്ല ഞാനെന്റെ വീട്ടിലെത്തീത്, ഉരുണ്ടു വീണ്‌ കൈയൊടിഞ്ഞ് ആ കൈ ഒരു സഞ്ചീലിട്ടു തൂക്കി കഴുത്തില്‍ കെട്ടിക്കൊണ്ടാണ്‌. അതോടെ വീട്ടിലെ ശീമപ്പന്നിസ്ഥാനം എനിക്കായി.ഇങ്ങനെ മമ്മിയ്ക്ക് അടുക്കളപ്പണിയൊഴിഞ്ഞ നേരവും ഞങ്ങല്‍ക്ക് വായൊഴിഞ്ഞ നേരവും ഇല്ലാതിരുന്ന ആ കാലയളവിലാണ്‌ ആ വീടിനെ പിടിച്ചു കുലുക്കിയ ചില സം‌ഭവങ്ങള്‍ നടന്നത്.

 പപ്പയുടെ കണ്ണും കരളുമായ ലാപ്പ്ടോപ്പ്തിരോധാനത്തിലായിരുന്നു തുടക്കം. ആ ലാപ്ടോപ് ചില്ലറക്കാരനല്ല. ജനിക്കുവാണെങ്കില്‍ പപ്പയുടെ ലാപ്റ്റോപ്പായി ജനിക്കണം എന്ന് തോന്നിപ്പോകും പപ്പ അതിനെ താലോലിക്കുന്നതു കണ്ടാല്‍. എന്നും എടുത്ത് തൂത്തുതുടച്ച് ഉള്ള ഡാറ്റയും വാണിംഗ് മെസേജും ഡിസ്ക് സ്പേസും ഒക്കെ ചെക്ക് ചെയ്യുക മാത്രമല്ല   'ഇതിന്റെ ഫ്രീ സ്പേസില്‍ ഇന്നലെ ഇത്രയുണ്ടായിരുന്നു. ഇന്നു രാവിലെ ആയപ്പൊള്‍ ഇത്ര കെ.ബി കുറവുണ്ട്. അതെവിടെ പോയി' - ഈ ലൈനിലുള്ള ഡവുട്ട് ചോദിച്ച് നമ്മള്‍ടെ വിവരമില്ലായ്മ ടെസ്റ്റ് ചെയ്ത് ആനന്ദിക്കുകയും ചെയ്യും. ലാപ്റ്റോപ്പിനെ പുന്നാരിക്കുന്നതു പോട്ടെ, അതിന്റെ സര്‍‌വമാന കിടുതാപ്പുകളും- പെന്‍‌ഡ്റൈവ്, ഡോംഗിളുകള്‍ ഒക്കെ- ഒരു കുഞ്ഞു ആഭരണസഞ്ചീലിട്ട് ലാപ്ടോപ്പിന്റെ കൂടെ തന്നെ കൊണ്ടു നടക്കും. ഇതിലേതെങ്കിലും കുറച്ചു നേരത്തേക്ക് ഒന്നു തരാമൊ എന്നു ചോദിച്ചാല്‍ പപ്പയുടെ കരളു മുറിച്ചു തരാമോ ചോദിച്ചപോലാണ്‌. അങ്ങനെ വിരാജിക്കുന്ന ആ വി.ഐ.പി ലാപ്ടോപ്പുമായി നേരം ഇരുട്ടിയ സമയത്ത് തിണ്ണയിലിരുന്നു പതിവ് ബ്രൗസിംഗ് മഹാമഹം നടത്തുകയായിരുന്നു പപ്പ. അപ്പഴാണ്‌ അനിയന്‍ അവന്റെ കാറും തെളിച്ചോണ്ടു വന്നത്. കാര്‍ ഷെഡിലേക്കു കയറാന്‍ വേണ്ടി അവന്‍ വണ്ടി റിവേഴ്സ് എടുക്കലും പപ്പ മിന്നാമിനുങ്ങു പോലെ വെട്ടമുള്ള ഒരു ടോര്‍ച്ചുമായി മുറ്റത്തേക്കു ചാടി. ലവന്റെ വണ്ടിക്ക് വഴി കാണിച്ചു കൊടുക്കാന്‍. വണ്ടീടെ മുന്നിലും പിന്നിലുമൊക്കെ ഈ ഒരു പര്‍പസിലേക്കായി ലൈറ്റുകള്‍ ഫിറ്റ് ചെയ്തിട്ടുണ്ട് എന്ന സത്യം പല വട്ടം പപ്പയെ അറിയിച്ചിട്ടുള്ളതാണ്‌. എന്നാലും ടോര്‍ച്ചും കൊണ്ടു പോയി വണ്ടിക്ക് വഴി കാണിച്ചില്ലെങ്കില്‍ പപ്പയ്ക്ക് ഒരു സമാധാനവും കിട്ടില്ല. എന്തായാലും പപ്പേടെ ടോര്‍ച്ചിന്റെ ബലത്തില്‍ വണ്ടി വിജയകരമായി ഷെഡില്‍ കയറി, വണ്ടി റിവേഴ്സെടുക്കുമ്പൊള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തെ പറ്റി തര്‍ക്കിച്ചോണ്ട് അവരു രണ്ടു പേരും വീട്ടില്‍ കയറി, ഞങ്ങളെല്ലാരും കഞ്ഞി കുടിച്ചു കിടന്നുറങ്ങി, തിണ്ണയില്‍ മറന്നു വച്ച ലാപ്ടോപ്പും ആക്സസറി കിഴിക്കെട്ടും ഏതൊ കള്ളന്‍ കൊണ്ടു പോവുകയും ചെയ്തു.

പിറ്റേദിവസം രാവിലെ പപ്പ വീടു മുഴുവന്‍ പരതിപ്പരതി നടക്കുന്നതു കണ്ട് ചോദിച്ചപ്പഴാണ്‌ സംഭവം ഞങ്ങളറിയുന്നത്. കിട്ടിയ ചാന്‍സു കളയാതെ ഞാനും അനിയനും പപ്പയെ അടിമുടി ഗുണദോഷിക്കാന്‍ തുടങ്ങി. ലാപ്ടോപ്പും അതിന്റെ കിടുതാപ്പുകളും ഇങ്ങനെ അടുക്കിപ്പെറുക്കി ഒരുമിച്ചു കൊണ്ടു നടക്കുന്നതു കൊണ്ടാണ്‌ പ്രശ്നംന്ന് ഞാന്‍ വാദിച്ചു. ഒരുദാഹരണത്തിന്‌ ഇപ്പോ എന്റെ ലാപ്ടോപ്പെങ്ങാനും കള്ളന്‌ മോഷ്ടിക്കണംന്നു തോന്നിയാല്‍ അങ്ങേരതിന്റെ പല കഷ്ണങ്ങളും തേടി വീടു മുഴുവന്‍ നടക്കണമായിരുന്നു. ഒടുക്കം മനസു മടുത്ത് മോഷ്ടിക്കാതെ പോവേം ചെയ്യുമാരുന്നു. ഇതിപ്പോ പപ്പ എല്ലാം ഒരുമിച്ചു വച്ചതു കൊണ്ടല്ലേ കള്ളന്‍ ഈസിയായി അടിച്ചു മാറ്റീത്. അനിയനാണെങ്കില്‍ ഇതിനെ പറ്റി പോലീസില്‍ പരാതിപ്പെടേണ്ടതിന്റെ ആവശ്യകതയെ പറ്റിയായിരുന്നു പ്രസംഗം മുഴുവന്‍. ആ അടിച്ചുമാറ്റിക്കൊണ്ടു പോയവന്‍ അതു തീവ്രവാദികള്‍ക്ക് മറിച്ചു വില്‍ക്കുന്നതും അതിന്റെ ഓണറേ ട്രേസ് ചെയ്ത് പോലീസ്  വരുന്നതും പപ്പയെ അറസ്റ്റ് ചെയ്യുന്നതും ഞങ്ങള്‍ കുടുംബത്തോടെ കണ്ണൂര്‍ ജെയിലില്‍ പപ്പയെ വിസിറ്റ് ചെയ്യാന്‍ പോകുന്നതും ഒക്കെ അവന്‍ ഹൃദയഭേദകമായി തന്നെ അവതരിപ്പിച്ചു.  അതോടെ "എന്തിനാ പോലീസിനെയൊക്കെ ബുദ്ധിമുട്ടിക്കുന്നത്' എന്ന പപ്പയുടെ സ്റ്റാന്‍‌ഡ് ഇത്തിരി അയഞ്ഞു. സ്റ്റേഷനിലെക്കു പോവാനായി രണ്ടു പേരു റെഡിയാകാന്‍ പോവുകയും ചെയ്തു. അപ്പഴാണ്‌ അനിയന്റെ മുറിയില്‍ നിന്ന് ഒരു നിലവിളി. ' എന്റെ പേഴ്സും കൊണ്ടോയേ" എന്ന്. അവന്‍ ജനലിന്റെ പടിയില്‍ ഭദ്രമായി വച്ച പഴ്സും കള്ളന്‍ കൊണ്ടോയത്രേ. ലാപ്റ്റോപ്പ് തിണ്ണേല്‍ സൂക്ഷിക്കുന്ന അച്ഛനുണ്ടേല്‍ പണപ്പെട്ടി ജനലിന്റടുത്തു സൂക്ഷിക്കുന്ന ഒരു മകനും ആ വീട്ടിലുണ്ടാവുമെന്ന് ബുദ്ധിമുനായ കള്ളന്‍ ഊഹിച്ചു കണ്ടുപിടിച്ചിരിക്കുന്നു.  എന്തായാലും "ശ്ശൊ അതിന്റകത്ത് മുന്നൂറ് രൂപയുണ്ടായിരുന്നു" എന്ന് ഇച്ഛാഭംഗിച്ചോണ്ടിരുന്നവന്‍ സംഭവമറിഞ്ഞ് അടുത്ത വീട്ടുകാരും കൂടി എത്തിയതോടെ നിന്ന നില്‍‌പില്‍ ' ശ്ശൊ എന്നാലും അതിന്റാത്തുണ്ടായിരുന്ന മൂവായിരം രൂപാ" എന്നാക്കി മാറ്റി. എന്തയാലും പഴ്സ് പോയി, ഇനീപ്പം അതില്‍ മൂന്നുലക്ഷമുണ്ടാരുന്നൂന്നു പറഞ്ഞാലും നമ്മള്‍ വിശ്വസിച്ചല്ലേ പറ്റൂ.

എന്തായാലും പരാതി കൊടുക്കലൊക്കെ കഴിഞ്ഞ് പോലീസ് ഇന്നു വരും നാളെ വരും എന്നൊക്കെ ഞങ്ങളും അടുത്തവീട്ടുകാരും കണ്ണിലെണ്ണേമൊഴിച്ചു കാത്തിരിക്കാന്‍ തുടങ്ങി. കൃത്യം ആ സമയം നോക്കിയായിരുന്നു സെക്രട്ടറിയേറ്റ് ഉപരോധവും തുടങ്ങിയത്. അതോടെ ഞങ്ങടെ വീട്ടിലേക്കു വരാനായി ജീപ്പു സ്റ്റാര്‍ട്ടാക്കിയ പോലീസുകാരൊക്കെ അവരെ തടയാന്‍ വേണ്ടി പല വഴിക്കു പോയി. അങ്ങനെ പോലീസുകാര്‍ പോലും കൈയൊഴിഞ്ഞ ഞങ്ങളുടെ വീടിനു കാവലായി ഒരു സുപ്രഭാതത്തില്‍ അവള്‍ എത്തി.  ചളീടെ കളറുള്ള ഒരു പട്ടി! പപ്പ രാവിലെ പത്രം എടുക്കാനായി പുറത്തേക്കിറങ്ങയതാണ്‌. പട്ടി ഓടി വന്ന് പപ്പേടെ ദേഹത്തേക്കു ചാടി ആലിംഗനം ചെയ്തു. ഇറങ്ങിയതിന്റെ പത്തിരട്ടി സ്പീഡില്‍ പപ്പ തിരിച്ചോടി അകത്തു കയറുകയും ചെയ്തു. " ഓ  അതീ വീടിനെപ്പറ്റി ഒന്നും അറിയാത്തതു കൊണ്ട് വന്നതാണ്‌. സത്യം അറിഞ്ഞു കഴിയുമ്പോള്‍ അതങ്ങ് പൊക്കോളും" സംഭവമറിഞ്ഞതോടെ മമ്മി പ്രസ്താവനയിറക്കി. ഒറ്റ കേള്വിയില്‍ നിരുപ്രദ്രവമെന്നു തോന്നാമെങ്കിലും ജന്തുസ്നേഹം തൊട്ടുതീണ്ടിയിട്ടില്ലാത്ത പപ്പയ്ക്കും ഞങ്ങള്‍ മക്കള്‍ക്കും നേരെയുള്ള ഒളിയമ്പുകളാരുന്നു ആ പ്രസ്താവന.ഏതുസമയത്തും മിനിമം നാലു പട്ടികളെങ്കിലും റോന്തുചുറ്റുന്ന വീട്ടിലാണ്‌ മമ്മി ജനിച്ചു വളര്‍‌ന്നത്. പപ്പയുടെ ഫാമിലിയാവട്ടെ, നാലുകാലുള്ള എന്തു ജീവിയുമായും മിനിമം ഒരു കിലൊമീറ്റര്‍ എങ്കിലും അകലം കാത്തു സൂക്ഷിക്കണമെന്നു നിര്‍‌ബന്ധമുള്ളവര്‍. പപ്പയുടെ ആ പട്ടിപ്പേടി ഞങ്ങള്‍ മക്കളുടെ രക്തത്തിലും സാമാന്യം നന്നായി കലര്‍ന്നിരുന്നു. അങ്ങനെയുള്ള ആ വീട്ടിലേക്കാണ്‌ ഭീകരമായി തെറ്റിദ്ധരിക്കപ്പെട്ട് ആ പട്ടി അഭയം തേടി വന്നിരിക്കുന്നത്. ഞങ്ങടെ സ്വഭാവം മനസിലായിക്കഴിയുമ്പോള്‍ അത് അതിന്റെ വഴിക്കു പൊക്കോളും എന്ന മമ്മിയുടെ കണക്കുകൂട്ടലുകള്‍ തെറ്റി. അതിന്റെ കുഴപ്പമല്ല. സ്വഭാവം മനസിലാക്കിക്കാനായി ഞങ്ങള്‍ വീടിനു പുറത്തിറങ്ങിയിട്ടു വേണ്ടേ..


             എങ്ങനെ പുറത്തിറങ്ങും. എങ്ങാനും വാതില്‍ തുറന്നാല്‍ ഉടനെ " മാറിക്കേ ഞാനങ്ങു കേറട്ടേ' എന്ന മട്ടില്‍ പട്ടി പാഞ്ഞു വരും. അതിനെ പേടിച്ച് ഞങ്ങള്‍ സ്വയം ഹൗസ് അറസ്റ്റ് വരിച്ചു. എന്നിട്ട് വീട്ടിലെ വിവിധ ജനാലകളിലൂടെ അതിന്റെ നീക്കങ്ങള്‍ ജാഗ്രതയോടെ വീക്ഷിച്ചു കൊണ്ടിരുന്നു. നിരീക്ഷണങ്ങളുടെ ആകെത്തുക ഇങ്ങനായിരുന്നു. 1) ഇത് ഏതോ കൊള്ളാവുന്ന വീട്ടില്‍ വളര്‍ത്തിയിരുന്ന പട്ടിയാണ്‌ 2) ആ വീട്ടില്‍ വെള്ള നിറത്തിലുള്ള മിഡ് സെഗ്മെന്റ് കാറുണ്ട്. റോഡിലൂടെ വെള്ളക്കാറുകള്‍ പോകുമ്പോഴെല്ലാം പട്ടി അതിന്റെ പുറകെ ഓടും. ന്നിട്ട് നിരാശയായി തിരിച്ചു വന്ന് അനിയന്റെ കാറിന്റെ കീഴെ കാവലിരിക്കും. എന്നാല്‍ സേം കളറായിട്ടും പപ്പയുടെ ഡ്യൂക്കിലി ആള്‍ടോയെ അതിനു മൈന്‍‌ഡില്ല 3) ആരെയും ഉപദ്രവിക്കുന്നില്ല. വീട്ടില പത്രക്കാരനും പാലുകാരനും വന്നപ്പോള്‍ പട്ടി അവരെ ഇഗ്നോര്‍ മോഡിലിട്ടു. അതായത് ഹൂ ഇസ് ഹൂ എന്ന് വക തിരിവുള്ള പട്ടിയാണ്‌ 4)അങ്ങനെയിങ്ങനെ വഴിയില്‍ കിടക്കുന്നതൊന്നും പട്ടി കഴിക്കില്ല. മഴ പെയ്തു വെള്ളം തളം കെട്ടികിടന്നിട്ടും അവിടുന്നു കുടിക്കാതെ ടാപ്പിലെ ഇറ്റിറ്റു വീഴുന്ന വെള്ളം കുടിച്ചാണ്‌ അത് ദാഹം മാറ്റുന്നത് 5) അതിന്‌ നന്നായി വിശക്കുന്നുണ്ട്. ഇത് അതിന്റെ ആര്‍ത്തീം പരവേശോം കണ്ടപ്പോല്‍ പിടികിട്ടീതാണ്‌.

എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായാലും ആ വിശക്കുന്ന ജീവിക്ക് ഭക്ഷണം കൊടുക്കുമെന്ന് മമ്മി പ്രഖ്യാപിച്ചു. എന്തേലും കൊടുത്താല്‍ പിന്നെ അതീ വീട് വിട്ടു പോവുകയേ ഇല്ല , അതു കൊണ്ട് നോ ഫുഡ്&അകൊമഡേഷന്‍ എന്ന് പപ്പയും യുദ്ധകാഹളം മുഴക്കി. "ശ്ശൊ പതുക്കെ പറ. അതെങ്ങാനും കേട്ടാല്‍ എന്തു വിചാരിക്കും ' എന്നും പറഞ്ഞ് ഞങ്ങളും ആ യുദ്ധത്തിന്‌ മാധ്യസ്ഥം വഴിച്ചു. ഒടുക്കം പട്ടിക്ക് ഒരു പ്രാവശ്യം മാത്രം ഫുഡ് കൊടുക്കുമെന്നും അതിനു ശേഷം അതിനെ വീട്ടില്‍ നിന്നോടിക്കാനുള്ള കടുത്ത നടപടികള്‍ സ്വീകരിക്കും എന്നുമുള്ള തീരുമാനത്തിലെത്തി. മമ്മിയാണ്‌ ഫുഡ് പുറത്തെടുത്തു വെയ്ക്കാനുള്ള ദൗത്യം ഏറ്റെടുത്തത്. കുറച്ച് ചോറും മീന്‍കറീം ഒരു പാളപ്പാത്രത്തിലെടുത്ത് മമ്മി പുറത്തെക്കിറങ്ങി. ഞങ്ങളെല്ലാവരും ശ്വാസമടക്കിപ്പിടിച്ചു നിന്നു.

അടുക്കളവാതിലില്‍ തുറക്കുന്ന ശബ്ദം കേട്ടതും ശരം വിട്ടതു പോലെ പട്ടി മുന്‍‌വശത്തു നിന്നും പുറകു വശത്തെത്തി. മമ്മി ആ പാത്രം താഴെ വെയ്ക്കലും അത് അതിലെക്കു കമഴ്ന്നു വീണു. ഒറ്റ സെക്കന്റിലാണ്‌ ആ പാത്രം കാലിയായത്. പട്ടി വന്ന പാടേ ഓടി വീട്ടില്‍ കയറാന്‍ പ്ലാന്‍ ചെയ്ത മമ്മി ആ കാഴ്ച കണ്ട് അസ്ത്രപ്രജ്ഞയായി നിന്നു പോയി. ഞങ്ങളും. ഒരു ജീവിയുടെ വിശപ്പിന്റെ ആഴം ഇത്രയടുത്ത് ഇതു വരെ കണ്ടിട്ടില്ലാരുന്നു. അതു നക്കി വടിച്ച് "കുറച്ചൂടെ തരൂ പ്ലീസ്' എന്ന മട്ടില്‍ അത് മമ്മിയെ നോക്കി. ആ നോട്ടം കണ്ട് സത്യം പറഞ്ഞാല്‍ കണ്ണു നിറഞ്ഞു പോയി. അപ്പഴാണ്‌ മന്നാ പൊഴിയുന്നതു പോലെ കുറച്ച് ഇഡ്ഡലികള്‍ എന്റടുത്തൂന്ന് പട്ടിയെ ലക്ഷ്യമാക്കി പായുന്നത് കണ്ടത്. അതിന്റെ ദയനീയാവസ്ഥ കണ്ടിട്ട് സഹിക്കാതെ പപ്പയും അനിയനും കാസറോളിലിരുന്ന ഇഡ്ഡലികള്‍ കൊടുക്കുന്ന കാഴ്ചയായിരുന്നു അത്. ഒടും മടിക്കാതെ ഞാനും അവരുടെ കൂടെ കൂടി. ഡിസ്കസ് ത്രോ പോലെ ഞങ്ങള്‍ മത്സരിച്ചെറിഞ്ഞു. ഓരൊന്നും നിലം തൊടുന്നതിനു മുന്‍പേ പട്ടി അതൊക്കെ പിടിച്ചെടുത്തു ശാപ്പിട്ടു. എന്താണു സംഭവിക്കുന്നതെന്ന് പിടികിട്ടാതെ അന്തം വിട്ടു നിന്ന മമ്മിക്ക് പൊടുന്നനെ ബോധം തിരിച്ചു കിട്ടി. "അയ്യോ അത് ബ്രേക്ക്ഫാസ്റ്റിനുണ്ടാക്കീതാ.. കളയല്ലേ.." എന്നു നിലവിളിച്ചോണ്ട് മമ്മി ഞങ്ങളെ തടയാന്‍ ശ്രമിച്ചു. ആരു കേള്‍ക്കാന്‍.. "മമ്മി ഇത്ര ക്രൂരയാവരുത്" എന്നും പറഞ്ഞ് ഞങ്ങള്‍ ഇഡ്ഡലിയെറു തുടര്‍ന്നു. ആദ്യം അതിനു ഭക്ഷണം കൊടുക്കണമെന്നു വാദിച്ച മമ്മിക്ക് അവിടെ ശശിയായി നോക്കി നില്‍ക്കാനേ പറ്റിയുള്ളൂ.

ഈ ഒരു സം‌ഭവത്തോടെ പട്ടിക്ക് ഫുഡിന്‌ മുട്ടില്ലാതായി. മമ്മീടെ വക സ്ഥിരം ചോറും മീന്‍‌കറീം. ഞങ്ങള്‍ടെ വക ഇടയ്ക്ക് കൊറിയ്ക്കാനായി ഇനത്തിലേക്ക് ബിസ്കറ്റ് മിക്സ്ചര്‍ ഇത്യാദികള്‍. ഞങ്ങള്‍ അത് ജനല്‍ വഴി പുറത്തേക്ക് എറിഞ്ഞു കൊടുക്കും. അതിനുള്ള നന്ദിസൂചകമായി ആ വീടിന്റെ കാവല്‍ അതങ്ങേറ്റെടുത്തു. പത്രം/പാല്‍/പച്ചക്കറി  എന്നീ അവശ്യസാധനങ്ങളുമായല്ലാതെ അപരിചിതരായ ആരെങ്കിലും വന്നാല്‍ കുരച്ച് ബഹളമുണ്ടാക്കും. പപ്പ പുറത്തെങ്ങെനാനും ഇറങ്ങിയാല്‍ പട്ടി ബസ് സ്റ്റാന്‍ഡ് വരെ പപ്പക്ക് കൂട്ടു പോകും. പപ്പയെ യാത്രയാക്കീട്ട് അതെ പോലെ തിരിച്ചു വരും. മമ്മീടെ ചെടികള്‍ കൊത്തിപ്പറിക്കാന്‍ വരുന്ന കോഴികളെയൊക്കെ കുരച്ചുപായിക്കും. പട്ടീയെ പേടിച്ച് കള്ളന്‍‌മാരുടെ ശല്യവുമില്ല.അങ്ങനെ ഒരു സ്വയം‌പ്രഖ്യാപിതകാവല്‍‌മാലാഖയായി അതങ്ങ് അവരൊധിച്ചു. അതിന്റെ ഡെഡിക്കേഷന്‍ കണ്ട് പപ്പെടെ ലാപ്റ്റോപ്പ് മോഷണം പോയതറിഞ്ഞ് ഞങ്ങടെ നെയ്ബര്‍ ദൈവമായ പറശ്ശിനി മുത്തപ്പന്‍ അദ്ദേഹത്തിന്റെ പട്ടികളിലൊന്നിനെ വീട്ടിലെക്കയച്ചതാണെന്ന് ചില അയല്‍‌ക്കാര്‍ വിധിയെഴുതി. ഞാന്‍ നിയമത്തിന്റെ വഴിയിലൂടെയാണ്‌ ചിന്തിച്ചത്. സെക്രട്ടറിയേറ്റ് ഉപരോധം കാരണം പോലീസുകാര്‍ക്കൊന്നും കൈയൊഴിവില്ലാത്തതിനാല്‍ ഒരു മുട്ടുശാന്തിക്കായി അവര്‍ടെ പട്ടിയെ അയച്ചാതിരിക്കും‌ന്ന് ഞാനും പ്രഖ്യാപിച്ചു.അയച്ചത് ആരായാലും അതിന്റെ കൂടെ ഫുഡിനുള്ള വകേം കൂടെ കൊടുത്ത് അയക്കാമായിരുന്നു, ഇതിപ്പോ ഇതിന്‌ തീറ്റ കൊടുത്ത് വീടു കടക്കെണീലാവും എന്ന് മമ്മീടെ വക മറുപടിപ്രഖ്യാപനവുമുണ്ടായി.


കാര്യങ്ങളൊക്കെ പരസ്പരം തീരുമായ സ്ഥിതിയ്ക്ക് ഇതങ്ങനെ തന്നെ അങ്ങു മുന്നൊട്ടു പോട്ടെ എന്നു വെയ്ക്കാനും പറ്റില്ല. എനിക്കും അനിയനും തിരിച്ചു പോകണം. ഞങ്ങളെ പായ്ക്ക്പ്പ് ആക്കീട്ട് പപ്പ്യ്ക്കും മമ്മിയ്ക്കും വീടു പൂട്ടി ഹൈദരാബാദിനു പോകണം. അതിനു മുന്‍പേ പട്ടിയെ സുരക്ഷിതമായി എവിടെയെങ്കിലും ആക്കണം. വെള്ളക്കാറിനോടുള്ള അതിന്റെ ആക്രാന്തം കണ്ട് പപ്പ അതിനെയും കൂട്ടി മെയിന്‍ ജം‌ഗ്ഷനില്‍ പോയി. എതേലും കൊള്ളാവുന്ന വെള്ളക്കാറു കണ്ടാല്‍ അത് കാറിന്റെ പുറകെയോടുമെന്നും കാറുകാരന്‍ പാവം തോന്നി കൂട്ടിക്കൊണ്ടു പോയി അതിനൊരു നല്ല ജീവിതം കൊടുക്കുമെന്നും പപ്പ കണക്കു കൂട്ടി. ഒന്നും നടന്നില്ല, കാറുകളൊക്കെ സ്പീഡ് ഒന്നൂടെ കൂട്ടി പാഞ്ഞു പോയി. പട്ടീം പപ്പേം പഴതു പോലെ പിന്നേം ഞങ്ങടെ വീട്ടിലേക്കും. ചില ശുനകപ്രേമികളെ കോണ്ടാക്റ്റ് ചെയ്ത് ഇതിനെക്കൂടി വളര്‍‌ത്താമോ എന്നു ചോദിച്ചു നോക്കി. പെണ്‍‌പട്ടിയാണ്‌, എന്തേലും പേരുദോഷമുണ്ടാക്കീതു കൊണ്ട് വഴീലിറക്കി വിട്ടതാവും എന്നും പറഞ്ഞ് അവരൊക്കെ കൈയൊഴിഞ്ഞു. "എതോ നല്ല ഇനത്തില്‍ പെട്ട പട്ടിയാണ്‌, ഇനീപ്പോ ഗര്‍ഭിണിയാണെങ്കില്‍ തന്നെ അതിനുണ്ടാവുന്ന കുഞ്ഞുങ്ങളെ വിറ്റാല്‍ നല്ല കാശു കിട്ടില്ലേ" എന്ന മാര്‍ക്കറ്റിംഗ് തന്ത്രങ്ങളൊക്കെ ഞാന്‍ പയറ്റി നോക്കി. സത്യം പറഞ്ഞാല്‍ ഇതെന്തിനമാണെന്നു പോലും എനിക്കറിയില്ലായിരുന്നു. എന്റെ ശുനവിജ്ഞാനമനുസരിച്ച് സാദാ പട്ടി, പൊമറേനിയന്‍ എന്നീ രണ്ടു കാറ്റഗറിയേ ഉള്ളൂ.അറ്റകൈക്ക് കാറില്‍ കേറ്റി ദൂരെ എവിടെയെങ്കിലും കൊണ്ടുകളയാനും ആളുകള്‍ ഉപദേശിച്ചു. അതിനീം പഴയ പോലെ പട്ടിണീലെക്കു പോയാലോ എന്നു വിചാരിച്ച് അതിനും മനസു വന്നില്ല. ഒടുക്കം ദൂരെയുള്ള ഒരു ബന്ധൂനെ വിളിച്ച് ഞങ്ങക്കും പട്ടിക്കും ഒരെ പൊലെ സ്വീകാര്യമായ രീതിയില്‍ എങ്ങനെ ഇതിനെ ഒഴിവാക്കാം എന്ന കാര്യത്തില്‍ ഉപദേശം തോന്നി. അനിയനാണ്‌ വിളിച്ചത്.

"എന്തു പട്ടിയാ"

" ആ അറിയില്ല. പൊമറെനിയന്‍ അല്ലാന്ന് അവളു പറയുന്നു"

"എത്ര പ്രായം വരും"

"ആ അറിയില്ല. അതെവിടെ നോക്കിയാലാ കണ്ടുപിടിക്കാന്‍ പറ്റുക"

"എന്താ കളറ്?"

'ആ അറിയില്ല. കുളിപ്പിച്ചാലേ കറക്ട് അറിയാന്‍ പറ്റൂ. അവളു പറയുന്നു ചെളീടെ കളറാണെന്ന്"


ഈ രീതിയിലാണ്‌ സംഭാഷണം മുന്നോട്ടു പോയത്. ഈ നിരക്ഷരകുക്ഷികളോട്‌ വര്‍ത്ത്മാനം  പറഞ്ഞ് സമയം കളയണ്ടാന്നും വിചാരിച്ച് ഒരുമാതിരിപ്പെട്ടവരൊക്കെ ഫോണും വച്ച് പോകും. പക്ഷെ ആ ബന്ധു ഒരു യഥാര്‍‌ത്ഥപട്ടി പ്രേമിയായിരുന്നു. അതു കൊണ്ട് ഞങ്ങളുടെ കൊക്കിലൊതുങ്ങുന്ന ടൈപ്പ് ഇന്‍ഫര്‍മേഷനൊക്കെ ചോദിച്ച് (വാലു വളഞ്ഞാണോ ഇരിക്കുന്നത്, ഭക്ഷണം എത്ര കഴിക്കും അങ്ങനെയങ്ങനെ) മനസിലാക്കി ഒടുക്കം അത് അവനിഷ്ടപ്പെട്ട ഡോബര്‍‌മാന്‍ ഇനത്തില്‍ പെട്ട പട്ടിയാണെന്ന് കണ്ടു പിടിച്ചു. സമയം കളയാതെ അങ്ങൂന്നു വണ്ടീമോടിച്ച് അതിനെ കൊണ്ടുപോകാനായി വരുകയും ചെയ്തു.

പട്ടീടെ വിടവാങ്ങല്‍ ചടങ്ങ് വികാരനിര്‍ഭരമായിരുന്നു. പപ്പ ഒരു കഷ്ണം ബ്രെഡ് അതിന്റെ വായില്‍ വച്ചു കൊടുത്തു. മമ്മീടെ വക അവസാനമായി ചോറും മീന്‍‌കറീം. അനിയന്റെ വക കപ്കേക്ക്. എന്റെ വക ബിസ്കറ്റും അതിന്റെ മൂക്കേലൊരു തലോടലും. വഴീന്ന് കഴിക്കാനായി ബാക്കിയുള്ള കേക്കും ബിസ്കറ്റും പൊതിഞ്ഞു കൊടുക്കുകേം ചെയ്തു.അവന്‍ ഒരു ഡോഗ് കോളര്‍ എടുത്ത് കാണിച്ചപ്പോഴെക്കും പട്ടി അതിന്റെ കഴുത്ത് കാണിച്ചു കൊടുത്തു. ഇത്രേം അനുസരണയുള്ള ഒരു ജീവിയെ ആണല്ലൊ ഞങ്ങളിത്രേം നാളും പേടിച്ചു വീട്ടിലൊളിച്ചിരുന്നത്! അവന്റെ കാറില്‍ കേറാന്‍ മാത്രമാണ്‌ അതിത്തിരി പ്രതിഷേധിച്ചത്. മാരുതി സെന്‍ ആയിരുന്നു അത്. പട്ടീടെ സ്റ്റാന്‍‌ഡേഡിനതു പോരല്ലോ. സാരം‌ല്ല അവന്‌ ഒരു വല്യ കാറു വാങ്ങാല്‍ പ്ലാനുണ്ട് എന്നൊക്കെ പറഞ്ഞു നോക്കീട്ടും രക്ഷയില്ല. ഒടുക്കം അതിനെ കാറിലേക്ക് ബലം പ്രയോഗിച്ചു കയറ്റി. കാറിന്റെ ബാക്ക്സീറ്റില്‍ ഇരുന്ന് ഞങ്ങളെയൊക്കെ നോക്കിക്കൊണ്ട് അത് ആ വീടു വിട്ടു പോയി.

പ്രിയപ്പെട്ട ആരെയോ യാത്രയാക്കിയതു പോലെ ഞങ്ങളെല്ലാവരും കുറച്ചു നേരം കൂടെ മുറ്റത്തു നിന്നു. അനിയന്‍ പതുക്കെ പറഞ്ഞു.

"അവനെ വിളിച്ചു പറയണം. അതിന്‌ എന്നെങ്കിലും കുഞ്ഞുണ്ടായാല്‍ ഒന്നിനെ എനിക്കു തരണംന്ന്"

"എനിക്കും വേണം ഒന്ന്" ഞാനും പറഞ്ഞു

"ഒരു കുഞ്ഞിനെ ഇങ്ങോട്ടും വേണം‌ന്നു പറയാരുന്നു" മമ്മി പറഞ്ഞു.

എല്ലാവരും പപ്പയെ നോക്കി. നിനക്കൊന്നും വേറെ ഒരു പണീമില്ലേ എന്ന സ്ഥിരം സ്റ്റേറ്റ്മെന്റാണ്‌ ഞങ്ങള്‍ പ്രതീക്ഷിച്ചത്. പക്ഷെ ഒന്നും പറയാതെ പപ്പ വീട്ടിനകത്തേക്കു കയറിപ്പോയി...

Thursday, November 29, 2012

പൂവ്വാ റൈറ്റ്....

തന്റേതല്ലാത്ത കാരണത്താൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടിയ ആളാണു ഞാൻ. അവരു തന്നു ഞാൻ മേടിച്ചു എന്നല്ലാതെ എനിക്കാകാര്യത്തിൽ യാതൊരു മനസറിവുമില്ല.സത്യം പറഞ്ഞാൽ ഞാൻ ആകെപ്പാടെ ഇച്ചിരിയെങ്കിലും മര്യാദയ്ക്ക് വണ്ടിയെടുത്തത് ലൈസൻസ് ടെസ്റ്റിന്റന്നു മാത്രമാണ്‌. പൊതുവെ ഡ്രൈവിംഗിന്റെ ടെൻഷനൊന്നുമില്ലാതെ പാസഞ്ചർ സീറ്റിലിരുന്നു വായ്നോട്ടവും കമന്റടീം ഒക്കെയായി യാത്ര ചെയ്യാൻ ഇഷ്ടമുള്ളൊരു കുഴിമടിച്ചിയാണു ഞാൻ. പിന്നെന്തിനാ എത്തിക്കേറി ലൈസൻസിന്‌ അപ്ളൈ ചെയ്തതെന്നല്ലേ. ഉള്ളതു പറയാലോ, ബാംഗ്ളൂർ നഗരത്തിൽ സ്വന്തമായി ഒരു അഡ്രസ് പ്രൂഫുണ്ടാക്കുക എന്നതല്ലാതെ യാതൊരു ദുരുദ്ദേശ്യോം എനിക്കില്ലാരുന്നു. പക്ഷേങ്കിൽ ലൈസൻസ് കിട്ടിക്കഴിഞ്ഞപ്പോൾ എന്താന്നറിയില്ല, ശരിക്കും വണ്ടി ഓടിക്കാൻ പഠിച്ചാലോന്ന് ഭയങ്കര അത്യാഗ്രഹം. ഡ്രൈവിംഗ് സ്കൂളിലെ കാറിൽ ആശാന്റടുത്തു ഒരു ജോഡി ക്ളച്ചും ബ്രേക്കുമുള്ളതു കൊണ്ടു മാത്രമാണ്‌ എന്റേം നാട്ടുകാരുടേം തടി കേടാക്കാതെ ഞാൻ ക്ളാസൊക്കെ കംപ്ളീറ്റ് ചെയ്തത് എന്നൊരു തിരിച്ചറിവ് ഉള്ളതു കൊണ്ട് നല്ല പേടീം. തന്നെ ഓടിക്കുമ്പോ ഈ കുന്തമൊക്കെ നമ്മളു തന്നെ ആലോചിച്ചു പിടിച്ചു ചവിട്ടണമല്ലോ.അതു മാത്രമാണേൽ പോട്ടെ, ഇതിപ്പോ അതിന്റെ കൂടെ സ്റ്റിയറിംഗ് തിരിക്കുകേം വേണം ഗിയറു മാറ്റുകേം വേണം.ഒരാളു തന്നെ ഇതൊക്കേം ചെയ്യുകാന്നു വച്ചാൽ....


അങ്ങനെയിരിക്കേ കസിൻ ചെക്കൻ വീട്ടിൽ വന്നു. അവനാണെങ്കിൽ കണ്ണു വിരിഞ്ഞ പ്രായം മുതൽക്കേ വണ്ടീം തള്ളിക്കൊണ്ടു നടക്കുന്നവൻ. എന്റെ അത്യാഗ്രഹം കേട്ട പാടേ ‘ഒന്നും പേടിക്കണ്ട ചേച്ചീ, ചേച്ചിയെ ഒരു ഡ്രവിംഗ് പുലിയാക്കീട്ടേ ഇനി വിശ്രമമുള്ളൂ’ എന്ന് അവൻ. കൂടാതെ എന്നെക്കാളും മണ്ടികളും/മണ്ടൻമാരുമായ ആരെയൊക്കെയോ ഡ്രൈവിംഗ് പഠിപ്പിച്ചെടുത്ത ട്രാക്ക് റെക്കോഡും കൂടി അവനുണ്ടെന്നു കേട്ടാതോടെ ഞാനും എന്തൊക്കെയോ പ്രതീക്ഷിച്ചു പോയി. . ആദ്യം തന്നെ എന്റെ ഇപ്പോഴത്തെ ഡ്രൈവിംഗ് പരിജ്ഞാനനിലവാരം അവനറിയണമത്രേ. അതു ന്യായം. എന്നാലല്ലേ എവിടെ തുടങ്ങണമെന്ന് തീരുമാനിക്കാൻ പറ്റൂ. അതിലേക്കായി എന്റെ സ്വന്തം ചേച്ചി അവളുടെ കാറ്‌ സംഭാവന തന്നു. അങ്ങനെ ഞങ്ങൾ കന്നിയങ്കത്തിനു പുറപ്പെട്ടു. ഞാൻ ഡ്രൈവിംഗ് സീറ്റിൽ. അവൻ പാസഞ്ചർ സീറ്റിൽ. ചേട്ടൻ ബാക്ക് സീറ്റിൽ. എന്തായാലും അര മണിക്കൂർ കഴിഞ്ഞു തിരിച്ചെത്തിയ പാടേ അവൻ രാജി വച്ചൊഴിഞ്ഞു. ചേട്ടൻ കാർ  ഷെഡ്ലിട്ടു കവറിട്ടു മൂടുകേം ചെയ്തു. കൂടുതലൊന്നും പറ്റീല്ല. അവൻ നിരന്തരമായി ഹാൻഡ് ബ്രേക്ക്ട്ടതു കൊണ്ട് (ഞാൻ ബ്രേക്ക് ചവിട്ടാത്തതു കൊണ്ടാണെന്നു പ്രത്യേകം പറയേണ്ടല്ലോ) അതിന്റകത്തെ ഏതോ വള്ളി പറിഞ്ഞു പോയീന്ന്!!


അടുത്ത ഗുരു പപ്പയായിരുന്നു. പപ്പ ഒരു സാത്വികനും സർവ്വോപരി ആ ഒരു പൊസിഷനിലിക്കുന്നതു കൊണ്ടു മാത്രം എന്റെ തന്തയ്ക്കു വിളിക്കാൻ പറ്റാത്തതു കൊണ്ടും ആ ഡ്രൈവിംഗ് പഠനം സമാധാനപൂർണ്ണമായിരുന്നു. പക്ഷെ ഒരു പ്രശ്നമേയുള്ളൂ. ആദ്യത്തെ അരമണിക്കൂർ പപ്പേടെ വക തിയറി ക്ളാസാണ്‌ . യന്ത്രങ്ങളുടെ പ്രവർത്തന രീതിയെ പറ്റി. എനിക്കാണെങ്ക്ല് തിയറിയൊന്നും വേണ്ട. എവിടെയാ എപ്പഴാ പിടിച്ചു വലിക്കേണ്ടത് ,ചവിട്ടേണ്ടത്‌ എന്നു മാത്രം അറിഞ്ഞാൽ മതി. അങ്ങനെ ഇത്തിരി അഭിപ്രായവ്യത്യാസങ്ങളൊക്കെയായി പഠനം പുരോഗമിക്കുമ്പോഴാണ്‌ ആ അത്യാഹിതം സംഭവിച്ചത്. ഞനൊരു ദിവസം വണ്ടി റിവേർസെടുത്തു. രണ്ടു സൈഡിലും മതിലുള്ള ഒരു റോഡിൽ വച്ച്. വണ്ടി റോഡിനു പെർപെൻഡിക്കുലറായി പൊസിഷൻ ചെയ്തു എന്നു മാത്രമല്ല കൃത്യമായി മുന്നോട്ടെടുത്ത് മുന്നിൽത്തെ മതില്ലും ഇടിച്ചു, പിന്നോട്ടോടി പിന്നിൽത്തെ മതില്ലും ഇടിച്ചു. എന്തായാലും അതോടെ പപ്പേടെ വണ്ടീം ഷെഡിലായി ആ പഠനോം സഡൻ ബ്രേക്കിട്ടു.അതും പോരാതെ ഞാൻ ലീവിനു വരുന്നൂന്നറിഞ്ഞാൽ പപ്പ ആ വണ്ടി ചങ്ങലയിട്ടു കെട്ടി വെയ്ക്ക്വേം ചെയ്യും. പപ്പേം ഞാനുമായി ജനറേഷൻ ഗ്യാപ്പുള്ളതു കൊണ്ടാവും ഈ പ്രശ്നമൊക്കെയുണ്ടായതെന്നും സമാധാനിച്ച് ഞാൻ അടുത്തതായി സമീപിച്ചത്  അനിയനെയാണ്‌. അവൻ ആകെ ഒറ്റ ദിവസമേ എന്നെ പഠിപ്പിച്ചുള്ളൂ. ‘ഡീ ഗിയറു മാറ്റുക എന്നു പറഞ്ഞാൽ ഗിയറു പറിച്ചെടുത്തു മാറ്റുക എന്നല്ല’ എന്ന വിലയേറിയ ഉപദേശം തന്നോണ്ട് അവനും ജീവനും കൊണ്ടോടി. പതിയെ പതിയെ ഞാൻ വീട്ടിലുണ്ടെന്നറിഞ്ഞാൻ ഗസ്റ്റുക്കളൊന്നും വരാതായി. എന്തിന്‌ “മാമാ എന്നെ ഒന്നു ഡ്രൈവിംഗ് പഠിപ്പിക്കാമോ?” എന്ന എന്റെ ചോദ്യം ഭയന്ന് അമ്മാവന്മാരു ഫോൺ പോലും വിളിക്കാതായി. അങ്ങനെ  എല്ലാർക്കും ഒരു പേടിസ്വപ്നമായി എന്ന തിരിച്ചറിവിൽ ഞാൻ എന്റെ ഡ്രൈവിംഗ് സ്വപ്നങ്ങൾ കുഴിച്ചു മൂടി.



അങ്ങനെയിരിക്കേ എന്റെ കല്യാണം കഴിഞ്ഞു. ഉള്ള സ്വപ്നങ്ങളെല്ലാം പങ്കു വച്ച കൂട്ടത്തിൽ ഞാനെന്റെ ഡ്രൈവിംഗ് സ്വപ്നങ്ങളെ പറ്റീം പറഞ്ഞു. “അത്രേയുള്ളോ നമ്മക്കിപ്പം ശരിയാക്കാം” എന്ന മറുപടി കേട്ടപാടേ ഞാൻ വാൺ ചെയ്തതാണ്‌. ഇങ്ങനെ പറഞ്ഞ പല ഗുരുക്കൻമാരും അവസാനം ഡ്രൈവിംഗ് തന്നെ മതിയായി വണ്ടി ഷെഡിൽ കേറ്റിയ കാര്യം. അപ്പോ വാശി. എന്നാപ്പിന്നെ ആയ്ക്കോട്ടെ എന്നു ഞാനും വച്ചു. അങ്ങനെ ഡ്രൈവിംഗ്പഠനത്തിന്റെ  രണ്ടാം ഘട്ടം ആരംഭിച്ചു. എന്നും രാവിലെ അഞ്ചു മണിക്ക് ഉണർന്ന് പഠനം. എനിക്കാണെങ്കില്‌ ഏഴുമണിയാവാതെ സെൻസറുകളൊന്നും പ്രവർത്തിച്ചു തുടങ്ങൂല്ല. ആ ഞാൻ അഞ്ചു മണിക്ക് ഡ്രൈവിംഗ് പഠിക്കുന്നതൊന്നാലോചിച്ചു നോക്ക്. അതും പോരാതെ എനിക്കൊരു വല്യ പ്രശ്നമുണ്ട്. ആരേലും എന്തേലും പറഞ്ഞാൽ അങ്ങു ബ്ളൈൻഡായി അതനുസരിക്കില്ല. ആ പറഞ്ഞതു ശരിയാണോ എന്നൊക്കെ കാര്യകാരണസഹിതം ആലോചിച്ചുറപ്പു  വരുത്തിയതിനു ശേഷമേ അനുസരിക്കൂ. സാധാരണ ലൈഫിൽ ഇത് വല്യ കുഴപ്പമുള്ള സ്വഭാവമല്ല. പക്ഷെ ഡ്രൈവിംഗ്ല് ഇതു വല്യ പ്രശ്നമാണ്‌. ഒരുദാഹരണത്തിന്‌ ‘ബ്രേക്ക് ചവിട്ട്’ എന്ന് പറഞ്ഞാൽ ഞാൻ അതിന്റെ കാര്യകാരണങ്ങളൊക്കെ ആലോചിച്ചതിനു ശേഷമേ ചവിട്ടൂ. അപ്പഴ്ത്തേക്കും ആ സിറ്റ്വേഷനൊക്കെ കഴിഞ്ഞു പോയിട്ടാവും. പിന്നെ ജന്മനാ ഉള്ള ലെഫ്റ്റും റൈറ്റും കൺഫ്യൂഷൻ. അതും പോരാതെ വെപ്രാളോം. എന്തായാലും ഇതിനെയൊക്കെ ഓവർകം ചെയ്ത് രണ്ടു മൂന്ന് ട്രാഫിക് ജാം ഒക്കെ ഉണ്ടാക്കിക്കഴിഞ്ഞപ്പോഴേക്കും ഏതാണ്ടൊക്കെ ശരിയായി.ഏറ്റോം വല്യ പ്രശ്നം കേറ്റത്തീന്നു വണ്ടി നിർത്തീട്ടെടുക്കുന്നതായിരുന്നു. എങ്ങനൊക്കെ നോക്കിയാലും കുറച്ചു ദൂരം പിന്നോട്ടുരുണ്ടിട്ടേ വണ്ടി മുന്നോട്ടു കേറൂ. ഒരു ദിവസം ഒരു കേറ്റത്തിൽ ഹമ്പ്. ഞാൻ സ്പ്പീഡൊക്കെ കുറച്ചു വന്നപ്പോഴേക്കും വണ്ടി നിന്നു പോയി. തൊട്ടു പുറകിൽ  ഒരു ബസ്. വണ്ടിയെടുക്കാൻ  ശ്രമിച്ചാൽ പിന്നോട്ടുരുണ്ട് ബസിനിടിയ്ക്കും എന്നുറപ്പ്. എടുത്തില്ലേൽ പിന്നിലുള്ള വണ്ടിക്കാരുടെ ചീത്ത കേട്ട് കണ്ണു പൊട്ടും. എന്തും വരട്ടെ എന്നും വിചാരിച്ച് വണ്ടി ഒരെടുക്കലങ്ങെടുത്തു. അന്ന് എന്റെ ലൈഫിൽ ആദ്യമായിട്ട് കേറ്റത്തീന്ന് പിന്നോട്ടുരുളാതെ ഞാൻ വണ്ടിയെടുത്തു!!


അങ്ങനെ പുരോഗമിച്ച് പുരോഗമിച്ച് ലോംഗിനു പോവുമ്പോ പത്തുനൂറു കിലോ മീറ്റർ ഒക്കെ ഓടിക്കാൻ തുടങ്ങിയെങ്കിലും ഇൻസിറ്റി  ഡ്രൈവിംഗ് അപ്പോഴും ശരിയായിട്ടില്ല. കാര്യം വേറൊന്നുമല്ല. കാല്കുലേഷൻ മിസ്റ്റേക്ക്. ഒരു സൈക്കിളുകാരൻ വന്നാൽ ഞാൻ കാർ ഒതുക്കി  സൈഡ് കൊടുക്കും. കാറാണു വരുന്നതെങ്ക്ല് ഞാൻ ചിലപ്പോ എന്റെ കാറ്‌ സൈഡിൽത്തെ കാനയിലേക്ക് മാറ്റിക്കൊടുക്കും. ലോറിയോ ബസോ ഒക്കെയാണെങ്കിൽ  ഞാൻ അതൊക്കെ പോവുന്നതു വരെ എന്റെ വണ്ടി നിർത്തിയിടും. ആ ഞാനെങ്ങനെ സിറ്റി ട്രാഫിക്കിലൂടെ തുഴയാനാണ്‌. അങ്ങനെ ലോംഗ് ഡ്രൈവുകളായി എന്റെ വിഹാരരംഗം. സാധാരണ അതിരാവിലെ തന്നെ ഞങ്ങൾ യാത്ര തുടങ്ങും. ഞാൻ പൂട്ടിയ കണ്ണു തുറക്കാതെ അങ്ങനെ തന്നെ പോയി കാറിന്റെ പിൻസീറ്റിലേക്കു ചരിയും.. അതില്‌ തലയിണയും  ബ്ളാങ്കറ്റും ഒക്കെ സ്റ്റോക്ക് ചെയ്തു വച്ചിട്ടുണ്ട്. ഒരു എട്ടു മണി ഒക്കെ ആവുമ്പോഴേ ഞാൻ കണ്ണു തുറക്കൂ. അപ്പോഴേക്കും വണ്ടി വല്യ തിരക്കില്ലാത്ത വല്ല ബൈപാസിലോ ഹൈവേയിലോ ഒക്കെ എത്തീട്ടുണ്ടാവും. അവിടുന്നു ഞാൻ സ്റ്റിയറിംഗ് വീൽ  ഏറ്റെടുക്കും. ഇത്തിരികുഴപ്പം പിടിച്ച റോഡാണെന്നു തോന്നുമ്പോ ഞാൻ വണ്ടി തിരിച്ചേൽപ്പിച്ച്  പാസഞ്ചർ സീറ്റിൽ വന്നിരുന്ന് പ്രകൃതിനിരീക്ഷണം നടത്തും.പത്രം വായിച്ചു കേൾപ്പിക്കും, കലപിലാ വർത്തമാനം പറയും, കറുമുറാ തിന്നോണ്ടിരിക്കും അങ്ങനെ ആകെ ബിസിയാവും. ഡ്രൈവ് ചെയ്യാത്തതു കൊണ്ട് ആ സമയത്ത്  എന്നെക്കൊണ്ട് ഒരുപദ്രവുമില്ലാന്നു വിചാരിക്കരുത്. സത്യം പറഞ്ഞാൽ ഡ്രൈവു ചെയ്യുന്ന എന്നെക്കാൾ അപകടകാരിയാണ്‌ ഡ്രൈവ് ചെയ്യാത്ത ഞാൻ.പ്രധാന കാരണം ഡ്രൈവ് ചെയ്യുമ്പോ ഞാൻ ടെൻഷൻ കാരണം റോഡിൽ മാത്രമേ നോക്കൂ. ഡ്രൈവ് ചെയ്യാത്തപ്പോ ഫുൾ റിലാക്സ്ഡ് ആണല്ലോ. ആ ഏരിയേലുള്ള സർവ്വ കാഴ്ചകളും കാണും. അതു കൊണ്ട് ലാവിഷായി പ്രശ്നങ്ങളുണ്ടാക്കുകേം ചെയ്യും.

അതിന്‌ ഒരു സാമ്പിളായി മാണ്ഡ്യ സംഭവം പറയാം. ഞങ്ങള്‌ പതിവു പോലെ അതിരാവിലെ തുടങ്ങിയ യാത്രയാണ്‌. ഉച്ചയാവുമ്പോഴേക്കും കണ്ണൂരെത്തുക എന്നതാണു ലക്ഷ്യം. ഞാൻ ബ്രേക്ക്ഫാസ്റ്റൊക്കെ കഴിഞ്ഞ്  പതിവു  വാചകമടീം വായ്നോട്ടോമൊക്കെയായി ഇരിക്കുന്നു.വണ്ടി ബാംഗ്ളൂർ- മൈസൂർ ഹൈവേയിലെ മാണ്ട്യയിലെത്തുന്നു. ഞാൻ ഒരു കരളലിയിപ്പിക്കുന്ന കാഴ്ച കാണുന്നു. റോഡിന്റെ  അങ്ങേ സൈഡിൽ ഒരു വൃദ്ധൻ ആൾകാരോട് വണ്ടി നിർത്താൻ അഭ്യർത്ഥിക്കുന്നു. അങ്ങേർക്ക് റോഡ് ക്രോസ് ചെയ്യാനാണെന്ന് ഒറ്റയടിക്ക് മനസിലായി. ഒറ്റ ദുഷ്ടൻമാരും വണ്ട് നിർത്തുന്നില്ല. ചീറിപ്പായുന്ന വണ്ടികൾക്കിടയിലൂടെ
 ആ വൃദ്ധൻ ഞങ്ങളുടെ റോഡിലേക്കുള്ള ഡിവൈഡർ വരെ എത്തി. എന്റെ സഹജീവിസ്നേഹം വഴിഞ്ഞൊഴുകാൻ തുടങ്ങി. ‘വണ്ടി നിർത്ത്’ ഞാൻ അലറി. വണ്ടി സഡൻ ബ്രേക്കിട്ടു. ഞങ്ങടേതു മാത്രമല്ല, അതിനു പിന്നിൽ വന്ന വണ്ടികളും . ‘ഒരു പാവം മനുഷ്യൻ, അങ്ങേരു ക്രോസു ചെയ്തിട്ടു മതി വണ്ടി പോവുന്നത്’ ഞാൻ പ്രഖ്യാപിച്ചു.. ‘ഡീ അങ്ങേരു ക്രോസ് ചെയ്തു വരുമ്പോഴേക്കും ഒരു സമയമാകും. നമ്മക്കാ സമയം കൊണ്ട് കുറെ ദൂരം ഓടിപ്പിടിക്കാം’. ഡ്രൈവിംഗ് സീറ്റിൽ നിന്ന് ക്രൂരമായ സജഷൻ. ‘ അങ്ങനെ എല്ലാരും വിചാരിച്ചാൽ അയാൾക്ക് ഒരിക്കലും ക്രോസ് ചെയ്യാൻ പറ്റില്ല. നമുക്കു നഷ്ടപ്പെടാൻ ഏതാനും മിനിട്ടുകൾ മാത്രം. ആ വൃദ്ധനോ.. ഇതിപ്പോ നമ്മളു നിർത്തീതു കൊണ്ടാ പിന്നിലുള്ള വണ്ടികൾക്കൊക്കെ നിർത്തേണ്ടി  വന്നത്. അല്ലെങ്കിൽ ഒറ്റയൊരുത്തൻ നിർത്തുമായിരുന്നോ’ എന്റെ ധാർമ്മികരോഷം അണപൊട്ടിയൊഴുകി. പുറകിലുള്ള വണ്ടിക്കാരൊക്കെ ഹോണടീം ചീത്തവിളീം. ഞാൻ ഒക്കേം സഹിച്ചു. ഒരു നല്ലകാര്യത്തിനല്ലേ. അങ്ങനെ ആ വൃദ്ധൻ ,അയാളുടെ ഒപ്പം റോഡ് ക്രോസ് ചെയ്യുന്ന കുറച്ച് ആൾക്കാരുമുണ്ട് മന്ദം മന്ദം വന്ന് ഞങ്ങളുടെ വണ്ടിക്കു മുന്നിലെത്തി. ‘സാർ ക്ഷമിക്കണം കുറച്ചു സമയം ഒന്നു നിർത്തിത്തരണം’ ആ പാവം അപേക്ഷിച്ചു. ആയ്ക്കോട്ടെ അങ്ങേരു ക്രോസ് ചെയ്യാനെത്ര സമയം വേണം. അത്രെം നേരമൊക്കെ വണ്ടി നിർത്തിയിടുന്നതു  കൊണ്ട് വല്യ നഷ്ടമൊന്നുംല്ലല്ലോ. ആ വൃദ്ധനും കൂടെ വന്നവരും റോഡില്‌  നില്ക്കുകയാണ്‌. കൂടെ കുറച്ചു പേർ കൂടി വന്നു. പതിയെ പതിയെ അവിടെ ഒരു ജനക്കൂട്ടം രൂപപ്പെട്ടു. സംഭവം പന്തിയല്ലാന്ന്
 എനിക്കും തോന്നിത്തുടങ്ങി. കാര്യമന്വേഷിച്ചപ്പോഴെന്താ കാവേരിനദീഇഷ്യൂവിന്റെ എന്തോ വിധിയിൽ പ്രതിഷേധിച്ച്  അവര്‌ ഹൈവേ ഉപരോധിക്കുന്നതാണത്രേ. ആരും വണ്ടി നിർത്താത്തതു കൊണ്ട് തടയാൻ പറ്റാതെ അവരു വിഷമിച്ചു നിൽക്കുമ്പോഴാണ്‌  ’എന്നെ തടയൂ പ്ളീസ്‘ എന്ന മട്ടിൽ ഞങ്ങൾ വണ്ട് നിർത്തി റോഡ് ബ്ളോക്കാക്കിക്കൊടുത്തത്. റോഡു തടയലും ഉപരോധോം കുത്തിയിരിപ്പും  സമ്മേളനോം പ്രസംഗോം പോലീസുവരലും അറസ്റ്റു ചെയ്യലും ഫോടോയെടുപ്പും ഒക്കെ യഥാവിധി കഴിഞ്ഞ് രാത്രി ഒരു എട്ടര-ഒൻപതു മണിയോടെ ഞങ്ങള്‌ കണ്ണൂരെത്തി. പിന്നിലെ വണ്ടികളിൽ നിന്ന് പലഭാഷകളിൽ അപ്പനു വിളി  കേട്ട്  എന്റെ പാവം പപ്പ കണ്ണൂരെ വീട്ട്ലിരുന്ന് എന്തോരം പ്രാവശ്യം ചുമച്ചിടുണ്ടാവുംന്നുള്ളതിന്‌ കൈയും കണക്കുമില്ല. പിന്നെ ഏതു സംഭവത്തിനും ഒരു പോസ്റ്റീവ് സൈഡുണ്ടല്ലോ. ആദ്യമായിട്ട്
 ഞാൻ ഒരു പ്രതിഷേധപ്രകടനം ഇത്രേം അടുത്തുന്നു ലൈവായി കണ്ടു എന്നതാണ്‌ ഇതിലെ ആ ഏക  പോസ്റ്റീവ് വശം.


എല്ലാം കഴിഞ്ഞ് തളർന്നവശരായി വീട്ടിലെത്തീപ്പോ അവ്ടുത്തെ ഇൻ-ഹൗസ് വ്യാകുലമാതാവിന്റെ വക കുത്തുവാക്കുകൾ ‘“എന്തോരം നേരമായെടീ. നീയാണോ വണ്ടി ഓടിച്ചത് ഇത്രേം ലേറ്റാവാൻ?” എന്ന്

അല്ല മമ്മീ അവളു വണ്ടി ഓടിക്കാതെ ഫ്രീ ആയി രുന്നതു കൊണ്ടു മാത്രമണ്‌ ഇത്രേം വൈകീത്”
മരുമകന്റെ വക ഉത്തരം.

ഞാൻ എല്ലാം സഹിച്ച് ചവിട്ടിത്തുള്ളി അകത്തേക്കു പോയി. ഹല്ല പ്ന്നെ. ഡ്രൈവ്
ചെയ്താൽ പ്രശ്നം ചെയ്തില്ലേൽ പ്രശ്നം. ഈ ലോകം മുഴുവൻ എനിക്കെതിരാണ്‌.. കപടമീ ലോകത്തിൽ ശകലം മനുഷ്യത്വമുണ്ടായിപ്പോയാതാണെന്റെ ഏറ്റോം വല്യ പരാജയം...

Thursday, November 15, 2012

ഇന്നത്തെ സ്പെഷ്യൽ - പഴങ്കഞ്ഞി...

          

    



 കുക്കറി ഷോകൾ , അതിപ്പോ ഏതു ഭാഷയായാലും കുഴപ്പമില്ല, ആരെങ്കിലും തവീം ചട്ടീമായി ടിവി സ്ക്രീനിൽ തിരിഞ്ഞു കളിക്കുന്നതു കണ്ടാലുടനെ സവ്വ പണീം വിട്ട് 20-20 മാച്ച് കാണുന്നത്രേം ആവേശത്തിൽ അതു കണ്ടു തീക്കുന്ന ഒരാളെന്ന നിലയ്ക്കു പറയട്ടെ. കുക്കിംഗിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഘട്ടങ്ങളുണ്ടല്ലോ. ആശയരൂപീകരണം (conception), നിർവഹണം (execution, അവതരണം presentation) എന്നിവ. ഈ മൂന്നിനേം ഒരു സൊല്ലയുമില്ലാതെ തരണം ചെയ്യാൻ പറ്റിയ ഏറ്റോം ഈസിയായ ഒരു വിഭവമുണ്ട്, അത് ഇന്നേ വരെ ഒരു കുക്കറി ഷോകളിലും വിളമ്പിയൊട്ടു കണ്ടിട്ടുമില്ല. പൊതുവെ വീടുകളിൽ മാത്രം കാണപ്പെടുന്ന ഈ വിശിഷ്ട വിഭവമാണ്‌ സാക്ഷാൽ കഞ്ഞി. ഇതുണ്ടാക്കാൻ വേണ്ടി മണിക്കൂറുകളോളം ഇരുന്ന് പ്ളാൻ ചെയ്യേണ്ട കാര്യമില്ല. പെട്ടെന്ന് ഒരോളത്തിനു പോയി ഉണ്ടാക്കാം. ഇനീപ്പോ പാചകമാണെങ്കിലോ. ഇത്തിരി അരീം വെള്ളോമുണ്ടായായാൽ കഞ്ഞിയായി. ഇത്ര സമയമേ അടുപ്പത്തിരിക്കാവൂ എന്നുള്ള പിടിവാശിയൊന്നും കഞ്ഞിക്കില്ല.കുറെ കൂടി വെന്തു പോയാലും ശരി, കഞ്ഞിക്ക് അതിന്റെ ആ ഒരുകഞ്ഞിത്തംനഷ്ടപ്പെടില്ല.ഈ ഒരു പ്രത്യേകത കാരണമാണ്‌ ബാച്ചിലർ മടകളുടെ ദേശീയഭക്ഷണമായി കഞ്ഞി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത്. ഇനീപ്പോ അവസാനത്തെ കടമ്പ- അവതരണം- അതാണെങ്കിൽ കഞ്ഞിക്ക് പുല്ലുവിലയാണ്‌. പൊന്നു കൊണ്ടുണ്ടാക്കിയ പാത്രത്തിൽ വിളമ്പിയാലും കഞ്ഞി കഞ്ഞിക്കു തോന്നുന്നതു പോലെ ഒഴുകിപരന്നു കിടക്കും. യാതൊരു വിധ വെച്ചുകെട്ടലുകളുമില്ല, കൃത്രിമത്വമില്ല, അലങ്കാരങ്ങളുമില്ല. .അതാണ്‌ നമ്മടെ കഞ്ഞി. ഈ കഞ്ഞി പോലെ plain & simple ആയ ഒരു കഞ്ഞിസ്പെഷ്യൽ ഹോട്ടലിനെയാണ്‌ ഇവിടിപ്പോ പരിചയപ്പെടുത്തുന്നത്.

    


  
       എം.സി റോഡ് വഴി കൊല്ലം ജില്ലയിലൂടെ പോവുമ്പോൾ ചടയംഗലത്തിനും നിലമേനും കൃത്യം നടുക്കാണ്‌ (രണ്ടു സ്ഥലങ്ങളിലേക്കും ഏതാണ്ട് 3 കി. മീ.) ഈ കഞ്ഞി സ്പെഷ്യൽ ജനാദ്ദന ഹോട്ടൽ. ഒരു വല്യ വളവും തിരിഞ്ഞങ്ങു ചെല്ലുന്ന പാടേ റോഡ്സൈഡിൽ തന്നെ ഒരു കൊച്ചു വീട്. മുൻപിലുള്ള ബോഡില്ലെങ്കി അതൊരു ഹോട്ടലാണെന്നു പോലും മനസിലാവില്ല. ഇനിയങ്ങോട്ട് കേറിച്ചെന്നാലോ.. ശരിക്കും ഒരു വീട്ടിലേക്കു കേറുന്നതു പോലെ. ആകപ്പാടെ രണ്ടു വല്യ മേശകളും അതിനു ചുറ്റും കുറെ സ്റ്റൂളുകളും. ഒരു സൈഡിൽ വിറകടുപ്പിൽ കരിക്കലത്തി വെള്ളമോ പാലോ എന്തോ തിളയ്ക്കുന്നു. സാധാരണ ഹോട്ടലുകളിലേതു പോലെ നമ്മളെ സേവിച്ചേ അടങ്ങൂ എന്ന മട്ടിലുള്ള വെയ്റ്റർമാരില്ല. ആകെയുള്ളത് ജനാർദ്ദന ചേട്ടനും ഭാര്യ ശശികല ചേച്ചിയും. ചേട്ടാ ശകലം കഞ്ഞിയെടുത്തേഎന്നു പറഞ്ഞാലുടനെ ഒരു സ്റ്റീൽ പാത്രത്തി കഞ്ഞി മുന്നിലെത്തും. അതും സാദാ കഞ്ഞിയല്ല. പൊറോട്ടയുടെയും ചപ്പാത്തിയുടെയുമൊക്കെ കടന്നുകയറ്റം കാരണം വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാക്ഷാൽ പഴങ്കഞ്ഞി. ഒറ്റയ്ക്കല്ല, കൂടെ കുറച്ച് പരിവാരങ്ങളുമായിട്ടാണ്‌ കഞ്ഞിയുടെ വരവ്. മോളിൽ ഒഴുകിപരന്നിരിക്കുന്ന മോര്‌, കൂടെ കപ്പപുഴുക്കിന്റെ ഒരു കൊച്ചു കൂന, തൊട്ടു നക്കാൻ അച്ചാറ്, കടിച്ചു തിന്നാൻ പച്ച മുളക് അങ്ങനെയങ്ങനെ. ഇത്തിരൂടെ  ലാവിഷായേക്കാം എന്നുണ്ടെങ്കിൽ ജനാദ്ദന സ്പെഷ്യ മീറിയോ ച്ക്കകറിയോ കൂട ഓർ ചെയ്യുകേം ചെയ്യാം. ഇത്തിരി തിരക്കൊഴിഞ്ഞ സമയമാണെങ്കിൽ നാട്ടുവർത്തമാനവും ഹോട്ട ചരിത്രവുമൊക്കെയായി ജനാദ്ദന ചേട്ട കൂടെ ഇരിക്കും. കൂടെ നമ്മളെ ഭക്ഷണം കഴിപ്പിക്ക്വേം  ചെയ്യും. വയറ്റില് ഇത്തിരി പോലും സ്ഥലമില്ലാത്തതു കൊണ്ടു മാത്രം കപ്പപ്പുഴുക്കിനോട് തോറ്റു പിൻമാറാ ശ്രമിച്ച എന്നെ അത് കുറച്ചേയുള്ളൂ, അങ്ങിനെ വിളമ്പീതു കൊണ്ട് കുറെ ആയി തോന്നുന്നതാണ്‌ എന്നുമ്പറഞ്ഞ്  പ്രോൽസാഹിപ്പിച്ച് കഴിപ്പിച്ച് പിന്നേം ഞാ വലിയാൻ തുടങ്ങീപ്പോ അവിയ കൊണ്ടു വന്ന്‌ പാത്രത്തിലേക്കു തട്ടീട്ട് ഇനി ടേസ്റ്റൊന്നു മാറ്റിയാൽ കുറച്ചൂടെ കഴിക്കാൻ പറ്റും. ആ മീൻകറി മാറ്റീട്ട് ഇനി കുറച്ച് അവിയൽ കൂട്ടി കഴിച്ച് നോക്ക്. അതു മടുക്കുമ്പോ അടുത്ത കറി കൂട്ടി കഴിച്ചാൽ മതിഎന്നായി. ഇത്രേം സ്നേഹത്തോടെം ആത്മാർത്ഥതയോടെം ആരെങ്കിലും ഭക്ഷണം കഴിപ്പിക്കാൻ നോക്കുകയാണെങ്കി നമ്മള്‌ കപ്പയല്ല , കപ്പ വിളമ്പിയ പാത്രം വരെ കഴിച്ചു പോകും.ഇല്ലേ??


  
വർത്തമാനകാലത്തി നിന്ന് ഭൂതകാലത്തിലേക്കു പോവാം. ഏതാണ്ടൊരു പത്തു വർഷം മുപു വരെ പൊറോട്ടയും ചപ്പാത്തിയുമൊക്കെ മെയിൻ ഭക്ഷണമായിരുന്ന ഒരു സാദാ ഹോട്ടാലായിരുന്നു ഇതും. ഒരു ദിവസം ഭക്ഷണം തികയാതെ വന്നപ്പോൾ അറ്റകൈക്ക് തലേന്നത്തെ കഞ്ഞി ബാക്കിയുണ്ടായിരുന്നത് ഉള്ള കറീം കൂട്ടി അങ്ങു വിളമ്പി. അതോടെ കഞ്ഞി കേറി ക്ളിക്കായി. കഞ്ഞിക്ക് ഫാൻസ് കൂടിക്കൂടി വന്നപ്പോ ജനാദ്ദന ചേട്ട ഹോട്ടലിന്റെ മെയിൻ ഐറ്റം പഴങ്കഞ്ഞി ആക്കി മാറ്റുകേം ചെയ്തു. രാവിലെ  ഏഴു മണി മുതൽ പതിനൊന്നു വരെയാണ്‌ ഈ പഴങ്കഞ്ഞി വിളമ്പൽ. കഞ്ഞി പോലെ തന്നെ സൂപ്പർസ്റ്റാറായ വേറൊരു സംഭവമുണ്ട് ഇവിടെ .മീൻകറി. ഉപ്പും മുളകുമൊക്കെ നന്നായി ചേർന്ന്, വിരലു കടിച്ചു പോകുന്നത്രേം ടേസ്റ്റാണിതിന്‌. കിട്ടിയാലൊരു റെസിപ്പീ പോയാലൊരു വാക്ക് എന്നും വച്ച് അതിന്റെ റെസിപ്പീകൈക്കലാക്കാൻ ഞാനൊരു ശ്രമം നടത്തി. സോറി, ഞങ്ങളിത് പാരമ്പര്യമായി കൈമാറി വരുന്നതാണ്‌, ന്യൂക്ളിയർ ബോംബിന്റെ ഫോമുല പോലെ സൂക്ഷിക്കുന്നതാണ്‌ .ഷെയർ ചെയ്യാ പറ്റില്ല എന്നൊരു മറുപടിയാണ്‌ പ്രതീക്ഷിച്ചത്. പക്ഷെ എന്നെ അമ്പരപ്പിച്ചു കൊണ്ട് ചേട്ടൻ അവിടിരുന്ന് ഒക്കേം വിശദമായി പറഞ്ഞു തരാ തുടങ്ങി. ഇനി ഞങ്ങളുടെ റെസിപ്പീ-കൈമാറ്റ സംഭാഷണത്തിലേക്ക്.

ചേട്ടൻ : മീൻ വെട്ടിക്കഴുകി വാരി കുട്ടയി വെള്ളം വാന്നു പോകാനായ് വെയ്ക്കും.

(
മീൻകറി ഉണ്ടാക്കി ബാംഗ്ളൂ രാജ്യത്തെ പ്രജകളെ ഞെട്ടിക്കണമെന്ന ദുഷ്ടലാക്കോടെ ഞാൻ ഒക്കേം കുറിച്ചെടുക്കാ തുടങ്ങി. കുട്ടയ്ക്കു പകരം അരിപ്പ മതീന്നു തീരുമാനിക്കുകയും ചെയ്തു)


ചേട്ടൻ: മീൻ മുളകും മഞ്ഞപ്പൊടീം ഉപ്പുമിട്ട് വെള്ളം നന്നായി വെട്ടി തിളയ്ക്കണം

(
ഇത്​‍ ഈസി. ഇപ്പറയുന്ന സാധങ്ങളൊക്കെ ബാംഗ്ളൂരും കിട്ടും)

ചേട്ടൻ: തിള നന്നായി വന്നു കഴിയുമ്പോൾ ഉടനെ അടുപ്പി നിന്ന് വിറകു വലിക്കണം

(
ഇതും ഈസി. അയ്യോ വെയ്റ്റ്.. വിറകു വലിക്കാനോ. എന്റെ ഗ്യാസടുപ്പിൽ നിന്നെങ്ങനെ വിറകു വലിയ്ക്കും??)

ഞാൻ: ചേട്ടാ ഗ്യാസടുപ്പാണെങ്കിൽ സിമ്മിലിട്ടാ മതിയാവും അല്ലേ?

ചേട്ടൻ: ഇവിടെ ഗ്യാസും ഫ്രിഡ്ജുമൊന്നുമില്ല. വിറകടുപ്പേ ഉള്ളൂ. വിറകു വലിച്ചാൽ പിന്നെ ഒന്നര മണിക്കൂറോളം അതിലെ  കനലു കൊണ്ട്‌ മീൻ വെന്ത് വെള്ളം വറ്റണം.

(
അഞ്ചാം നിലയിലുള്ള ഫ്ളാറ്റില് വിറകടുപ്പു കൊണ്ടു വച്ച് സ്മോക്ക് അലാം അടിപ്പിച്ച് അന്നാട്ടിലെ ഫയർ- എഞ്ചിനുകൾക്ക് ഓട്ടം കൊടുക്കണോ എന്ന് ആലോചിച്ച് കൊണ്ടിരുന്ന ഞാൻ ആ ഒന്നര മണിക്കൂ പാചക സമയം കൂടി കേട്ടതോടെ മിഷൻ-മീൻകറി ടപ്പേന്നു ഡ്രോപ് ചെയ്തു)

എന്റെ ഉള്ളിലെ ധർമ്മസങ്കടം മനസിലാക്കാതെ ചേട്ടൻ മുഴുവ റെസിപീം പറഞ്ഞു തരികയും ചെയ്തു. ഒക്കേം കൈയളവായതു കൊണ്ട് ടീസ്പൂൺ/ടേബിൾസ്പൂൺ/ലിറ്റർ അളവുകോലിലൊന്നും അല്ലാന്നു മാത്രം. എന്നാലും കിട്ടിയ റെസിപീ ഞാൻ ഇവിടെ പങ്കു വെയ്ക്കാം. വിറകടുപ്പും സമയവും സർവ്വോപരി നല്ലോണം ക്ഷമയും ഉള്ളവർ മാത്രം പരീക്ഷിച്ചു നോക്കുക.

ഒക്കേം കേട്ടു കഴിഞ്ഞപ്പോഴാണ്‌ എനിക്കൊരു സംശയം ഉണ്ടായത്. ഈ മീൻകറി പത്തു ദിവസം വരെ കേടാകാതിരിക്കും എന്നാണ്‌ എനിക്കു കിട്ടിയ വിവരം. ഫ്രിഡ്ജില്ലാത്തെ ചേട്ടൻ ഇതെങ്ങനെയാണ്‌ കേടാവാതെ സൂക്ഷി ക്കുന്നത്. സംഭവം എന്താണെന്നോ. മീൻചട്ടി  വച്ച പാത്രം (ഏതു കറി ആയാലും ഇതു ബാധകം) അടച്ചു വച്ചിരിക്കുന്ന മൂടി/അടപ്പ് പെട്ടെന്നെടുത്ത് മാറ്റണം പോലും. കറിയിലെ ആവി കാരണം അടപ്പില് തങ്ങി നില്ക്കുന്ന വെള്ളത്തുള്ളികൾ കറിയിലേക്കു വീഴാതിരിക്കാനാണത്രേ ഇത്. അല്ലെങ്കിൽ ന്യൂസ് പേപ്പർ വച്ച് അടച്ചാലും മതി. എന്തായാലും ഇങ്ങനെ ആവിച്ചു വീഴുന്ന വെള്ളത്തുള്ളികളാണത്രേ കറികളെ പെട്ടെന്നു കേടാക്കുന്ന വില്ലൻ. വീട്ടിൽ വയറു വിശക്കുമ്പോ എന്തേലുന്മൊക്കെ തട്ടി ക്കൂട്ടി കഴിച്ചു ബാക്കിയുള്ളത് ഫ്രിഡ്ജിലെടുത്തു വെയ്ക്കാൻ സുന്ദരമായി മറന്ന്  പിറ്റേ  ദിവസം രാവിലെ വളിച്ചു പുളിച്ച കറിയും നോക്കി ഇതു ചീത്തയാക്കിയ ബാക്ടീരിയകളെ ഞാനിപ്പോ തല്ലിക്കൊല്ലുംഎന്നു കൊലവിളി നടത്തുന്ന എനിക്ക് കിട്ടിയ വിലയേറിയ ഒരു അറിവായിരുന്നു ഇത്.


എല്ലാ ദിവസവും എന്തിന്‌ ബന്ദു ദിവസം പോലും ഈ ഹോട്ടൽ തുറക്കും. ഇത്രേം ഫേമസ് ആണെങ്കിൽ പുറത്ത് വല്യ ഓഡറുക ഒക്കെ എടുക്കാലോ എന്നൊരു ബിസിനസ് ലാക്കു ചോദ്യത്തിന്‌ ചേട്ടൻ ഉള്ള കാര്യം പറഞ്ഞു. "ഇവിടാകെ ഞങ്ങൾ രണ്ടു പേരുമേ ഉള്ളൂ വെയ്ക്കാനും വിളമ്പാനുമൊക്കെ. ഞങ്ങളെ കൊണ്ട് പറ്റുന്നത്രയേ ഉണ്ടാക്കാറുള്ളൂ എന്ന്‌. ഇങ്ങനെ ആണെങ്കിലും  നേരത്തെ വിളിച്ചു പറഞ്ഞാൽ നല്ലൊന്നാന്തരം മീ അച്ചാ ഉണ്ടാക്കി വെയ്ക്കും കേട്ടോ. കഞ്ഞി കൂടാതെ മറ്റു വിഭവങ്ങളുമുണ്ട് ഇവിടെ. രാത്രി പതിനൊന്നു-പതിനൊന്നര വരെയൊക്കെ കട തുറന്നിരിക്കേം ചെയ്യും


മൂക്കറ്റം വെട്ടിവിഴുങ്ങി റെസിപീകളും പൊടിക്കൈകളുമൊക്കെ വശത്താക്കി ഇറങ്ങുമ്പോൾ ഞാ ഒരു സങ്കടം പങ്കു വച്ചു. പലപ്പോഴും രാവിലെ  റൂട്ടിൽ പോവാറുണ്ട്, പക്ഷെ ഏഴു മണി ആവാതെ കട തുറക്കാത്തതു കൊണ്ട് കേറി പഴങ്കഞ്ഞി കഴിക്കാൻ പറ്റില്ലാന്ന്. അതിനെന്ത് , വന്നു മുട്ടി വിളിച്ചാൽ മതി കഞ്ഞി തരാംന്നു ചേട്ടനും. ഇത്രേം ഷോട് നോടീസില്‌ ഒക്കേം എങ്ങനെ റെഡിയാക്കും എന്നായി ഞാൻ. അതിനു കിട്ടിയ മറുപടിയിലെ ആ സ്നേഹം ഒന്നു മതി , ആരായാലും ആ കടയിൽ സീസടിക്കറ്റെടുത്തു പോവും. 

പഴങ്കഞ്ഞി ഇവിടെപ്പോഴുമുണ്ടല്ലോ, പിന്നെ അതിനു കൂട്ടിനൊരു ചമ്മന്തി അരക്കാനല്ലേ. അതിനിപ്പോ ഒത്തിരി സമയമൊന്നും വേണ്ടല്ലോഎന്ന്

ഇനി പറ. ഇതിനെ ഹോട്ടലെന്നു വിളിക്കണോ അതോ വീടെന്നു വിളിക്കണോ?



===============
ഇന്നാ പിടി അഡ്രസും ഫോൺ നമ്പറും. വഴി കിട്ടീലെങ്കിൽ ഫോൺ വിളിച്ച് ചോയ്ച്ചു ചോയ്ച്ചു പോയാൽ മതി :

ജനാർദ്ദന ഹോടൽ
നിലമേൽ,കുരിയോട്
ചടയമംഗലം
കൊല്ലം
ഫോൺ:9746422764
================
ഇത്‌ മീൻകറീടേ റെസിപീ. ഓർത്തെടുത്തത് ഞാനായതു കൊണ്ട് അവ്ടിടേം ഇവിടേം എന്തേലുമൊക്കെ വിട്ടു പോവാൻ സാധ്യതയുണ്ട്. അതൂടെ മനസിൽ വച്ചിട്ടു വേണം ഇതു ട്രൈ ചെയ്യാൻ:


മീൻ വെട്ടിക്കഴുകി കുട്ടയിലിട്ട് കുറച്ചു സമയം വെയ്ക്കുക. വെള്ളം വാർന്നു പോവാനാണിത്. അതിനു ശേഷം വെള്ളത്തിൽ അല്പം ഉപ്പും മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപൊടിയുമിട്ട് മീൻ വേവിക്കുക. വെള്ളം നന്നായി തിളച്ചു കഴിയൂമ്പോൾ അടുപ്പിൽ നിന്നു വിറകു വലിക്കുക. അടുപ്പിലെ കനലിന്റെ ചൂടിൽ ഒന്നരമണിക്കൂറോളം മീൻ വേവാൻ വയ്ക്കുക. അപ്പോഴേക്കും മീനിൽ നിന്നിറങ്ങിയ വെള്ളമൊക്കെ വറ്റി മീനിൽ പിടിച്ചിട്ടുണ്ടാവും. ഇങ്ങനെ വെന്ത മീൻലേക്ക് അല്പം തേങ്ങാ വറുത്തരച്ചതും  വാളൻ പുളിയും കുടമ്പുളിയും ഉലുവയും ചേർത്ത് നന്നായി വേവിക്കുക. ഇനി ഒരല്പം എണ്ണയിൽ കടുകു വറുത്ത് അതിലേക്ക് വെളുത്തുള്ളി ഇടണം. വെളുത്തുള്ളി നന്നായി ചുവന്നു വരുമ്പോൾ ഇതിലേക്ക് എരിവിനും കളറിനും ആവശ്യാനുസരണം മുളകു പൊടി ഇട്ട് പച്ചമണം മാറുന്നതു വരെ  ഇളക്കുക. ഇത് നേരത്തെ തയ്യാറാക്കി വച്ചിർക്കുന്ന മീൻകറിയിലേക്ക് യോജിപ്പിക്കുക. ഇങ്ങനെ തയ്യാറാക്കിയ മീൻകറി മിനിമം ഒരു രാത്രിയെങ്കിലും കഴിഞ്ഞ്‌ എരിവും പുളിയുമൊക്കെ നന്നായി പിടിച്ചു കഴിഞ്ഞിട്ട് വേണം വിളമ്പാൻ