Tuesday, May 20, 2008
ആന്‍,അനിത,അല്‍ക്കോട്ട്...
എഴുത്തിനെക്കുറിച്ചുള്ള ലേഖനമോ അവലോകനമോ ആവണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ആ പുസ്തകത്തിനെക്കുറിച്ചുള്ള നിങ്ങളുടെ ഓര്‍മ്മക്കുറിപ്പോ, അല്ലെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തെ എങ്ങിനെ മാറ്റിമറിച്ചു, എന്തുകൊണ്ട് അവരെ ഓര്‍ത്തിരിക്കുന്നു എന്നുള്ള കുറിപ്പുകളും സ്വീകരിക്കും.
- എന്ന് ആ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.ആ വാക്കു പാലിക്കും എന്നുള്ള പ്രതീക്ഷയോടെ ഞാന്‍ തുടങ്ങട്ടെ.
Little women by Louisa May Alcott
നിങ്ങള്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഗുഹ സന്ദര്‍ശിക്കുകയാണ്.അവിടെ ആ ഗുഹയുടെ ഭിത്തിയില്‍ ഒരുപാടു ചിത്രങ്ങള്‍.അതില്‍ ഒരു ചിത്രത്തില്‍ നിങ്ങളുടെ കണ്ണുടക്കുന്നു..ഞെട്ടല്‍,അത്ഭുതം,ആശ്ചര്യം,അന്തംവിടല് തുടങ്ങി പലപല ഭാവങ്ങള്‍ നിങ്ങളില്‍ നിറയുന്നു-കാരണം ആ ചിത്രം നിങ്ങളുടേതായിരുന്നു.'ഇതിനെ ഭൂമിയിലെക്കു വിടണോ വേണ്ടയോ' എന്ന് ദൈവം പോലും ചിന്തിക്കാന്‍ തുടങ്ങുന്നതിനു മുന്‍പുള്ള ഒരു കാലത്ത് ഏതോ ഒരു കലാകാരന് നിങ്ങളെ അതേപടി പകര്‍ത്തിവച്ചിരിക്കുന്നു!!
Little women എന്ന ഈ ബുക്ക് വായിക്കുമ്പോള്‍ ഈ പറഞ്ഞതായിരുന്നു എന്റെ അവസ്ഥ.നാലു സഹോദരിമാരുടെ ജീവിതകഥ -അതാണ് ഈ നോവലിന്റെ പ്രമേയം.അതില്‍ രണ്ടാമത്തെകുട്ടിയാണ് ജോ. ജോയുടെ തലതിരിഞ്ഞ ചിന്തകള്‍,പ്രവര്‍ത്തികള്‍,തീരുമാനങ്ങള്‍-എല്ലാം എനിക്കു നല്ല പരിചയമായിരുന്നു.കാരണം ഞാനായിരുന്നു ജോ. ഓരോ സാഹചര്യത്തിലും ഞാന്‍ എങ്ങനെ പെരുമാറുമോ അതുപോലെ തന്നെ ജോയും പെരുമാറി. വിശ്വസിക്കാന്‍ പറ്റാത്തത്രയും സാദൃശ്യം ഞങ്ങളുടെ സ്വഭാവങ്ങള്‍ തമ്മിലുണ്ടായിരുന്നു. ആ കഥാപാത്രം വെറുമൊരു ഭാവനാസൃഷ്ടിയവില്ല എന്നും നോവലിസ്റ്റിന്റെ പരിചയത്തില്‍ ഇതേ സ്വഭാവമുള്ള ആരെങ്കിലും ഉണ്ടായിരുന്നിരിക്കുമെന്നും എനിക്കുറപ്പായിരുന്നു. പക്ഷെ 1868-ല്‍ പ്രസിദ്ധീകരിച്ച ഒരു ബുക്കിന്റെ പിന്നാമ്പുറകഥകള്‍ ആരോടു ചോദിക്കാന്‍!! എന്തായാലും നെറ്റില്‍ നിന്നു തന്നെ ഉത്തരം കിട്ടി.ഇതിലെ 'ജോ' എന്ന കഥാപാത്രം താന്‍ തന്നെയാണെന്ന് നോവലിസ്റ്റ് വെളിപ്പെടുത്തിയിട്ടുണ്ടത്രേ..
ഇത്രേമൊക്കെ കേട്ടിട്ടും ഈ ബുക്ക് വായിക്കണമെന്നാഗ്രഹമുളവര്‍ ദേ ഇങ്ങോട്ടു വിട്ടോ http://www.online-literature.com/alcott/littlewomen/
Island Of blood by Anita Prathap
കുടുംബത്തൊരു മാധ്യമപ്രവര്‍ത്തകനുള്ളതുകൊണ്ട് ഒരു റിപോര്‍ട്ടിംഗിനു പോവുമ്പോഴുള്ള സാഹസികതകളെപറ്റിയുള്ള വിവരണങ്ങളൊക്കെ കേട്ട് കേട്ട് ആകെ ത്രില്ലടിച്ചിരിക്കുകയായിരുന്നു, അനിതാ പ്രതാപിന്റെ ബുക്ക് കണ്ടതും 'ദാണ്ടെ ഒരു പത്രക്കാരി' എന്നോര്‍ത്ത് ചാടിവീണത് അതുകൊണ്ടാണ്. പിന്നെ അതിന്റെ കവര്‍ ചിത്രം- ബുക്ക് ഒന്നു മറിച്ചു പോലും നോക്കാതെ വായിക്കാന്‍ തെരഞ്ഞെടുത്തത് ആ ചിത്രം കാരണമാണ്. ഒരു രാത്രി മുഴുവന്‍ ഞാന്‍ അനിതാ പ്രതാപിന്റെ കൂടെ ശ്രീലങ്കയിലും അഫ്ഗാനിസ്ഥാനിലുമൊക്കെ അലഞ്ഞു തിരിഞ്ഞു നടന്നു. പിന്നെപിന്നെ അനിതാപ്രതാപ് രംഗത്തു നിന്നു മാറി. ഞാന്‍ മാത്രമായി അവിടെ. ആവേശം കൂടിക്കൂടി ഉള്ള ജോലി കളഞ്ഞ് ഒരു പത്രക്കാരിയായാലോ എന്നു വരെ ചിന്തിച്ചു പോയി.ചുരുക്കിപ്പറഞ്ഞാല്‍ വായിച്ചു വായിച്ചു എന്റെ തലയ്ക്കുപിടിച്ച ബുക്ക് എന്ന കാറ്റഗറിയില്‍ പെടുത്താവുന്ന ഒന്നാണിത്.
Anne Frank: The Diary of A Young Girl
ഒരു പിറന്നാള്‍ സമ്മാനമായിട്ടാണ് ആന്‍ ഫ്രാങ്കിന്റെ ഡയറികുറിപ്പുകള്‍ എനിക്കു കിട്ടുന്നത്. 'ഇതു വായിച്ച് നീ കരയുമ്ന്നുറപ്പ്' എന്നൊരു ആമുഖത്തോടെ. ബുക്ക് വായിച്ചും സിനിമ കണ്ടുമൊന്നും കരയുന്ന ടൈപ്പല്ല ഞാന്‍. അതുകൊണ്ടു തന്നെ ആ വെല്ലുവിളിയെ പുച്ഛിച്ചു തള്ളി.വായിച്ചു കുറച്ചെത്തിയിട്ടും കരയാനുള്ള വകയൊന്നും ആ ബുക്കിലില്ല എന്നുറപ്പായി. വിഷമവും 'ഇനിയെന്ത്' എന്ന ആകാംക്ഷയും അത്രമാത്രം..ആന്‍ഫ്രാങ്കിനെയും കുടുംബത്തെയും നാസികള്‍ ഒളിത്താവളത്തില്‍ നിന്നും പിടിച്ചെടുക്കുന്ന ചാപ്ടര്‍ വരെ. അതിനു ശേഷമുള്ള ചാപ്ടര്‍ തുടങ്ങുന്നത് aann franks diary ends here എന്നൊ മറ്റോ ആണ്. അതു വായിച്ചതും വല്ലാത്തൊരു ഷോക്കായിരുന്നു. ഇത്രയും നാള് കൂടെ നടന്ന ഒരാള്‍ കണ്മുന്നില് വച്ച് പെട്ടെന്ന് മറഞ്ഞു പോയതു പോലെ ഒരു അമ്പരപ്പും ശൂന്യതയും. പിന്നീടൊന്നും വായിക്കാന്‍ പറ്റിയില്ല.കണ്ണു നിറഞ്ഞിട്ട് ഒന്നും കാണുന്നില്ലായിരുന്നു.അന്ന് ആ ബുക്കും കയ്യില്‍ പിടിച്ചിരുന്ന് എത്ര സമയം കരഞ്ഞു എന്നോര്‍മ്മയില്ല. അങ്ങനെ എന്നെ കരയിച്ച രണ്ടാമത്തെ ബുക്ക് എന്ന ബഹുമതി ഈ ബുക്ക് നേടിയെടുത്തു.
ക്ഷമാപണം : ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പേരുകളുടെ ശരിയായ ഉച്ചാരണം എനിക്കറിയില്ല. ഒക്കെ തോന്നിയതു പോലെ വെച്ചുകാച്ചിയതാണ്. ആരെങ്കിലും തിരുത്തിതന്നാല്‍ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ഈ പോസ്റ്റ് വീണ്ടും എഡിറ്റ് ചെയ്യ്തു കുറ്റവിമുക്തമാക്കുന്നതാണ്.
Saturday, May 10, 2008
വാണ്ട് കമ്പനി??
ഇങ്ങനൊക്കെയാണെങ്കിലും ചില കാര്യങ്ങളില്‍ എനിക്കു മധൂനെ ഭയങ്കര ഇഷ്ടമായിരുന്നു. കണ്ണൂര്‍ എന്ന കൊച്ചുനാട്ടില്‍ വച്ചു ഞാന്‍ ധാരാളമായി പ്രയോഗിച്ചിരുന്ന പല വാക്കുകളും ഡെല്‍ഹിയില്‍ ഉപയോഗിച്ചാല്‍ ഭീകരമായ അര്‍ത്ഥവ്യത്യാസം വരുമെന്ന് എന്ന് പഠിപ്പിച്ചത് മധുവാണ്. അതില്‍ ആദ്യം പഠിച്ച വാക്കാണ് 'കമ്പനി'. ഒരു സന്ധ്യാ സമയത്ത് ജന്‍പഥ് മാര്‍ക്കറ്റിലൂടെ പ്രത്യേകിച്ചു ലക്ഷ്യമൊന്നുമില്ലാതെ ഞങ്ങള്‍ രണ്ടു പേരും ചുറ്റിത്തിരിഞ്ഞു നടക്കുമ്പോഴാണ് ആ വാക്കും കൊണ്ട് ഒരള് വന്നത്. ഒരു പയ്യന്.. ഞങ്ങള്‍ടെ തൊട്ടടുത്തു വന്ന് 'വാണ്ട് കമ്പനി??' എന്ന് ചോദിച്ചു.അത്രെം ജനത്തിരക്കുള്ള സ്ഥലത്ത് ഇനിയെന്തിനാ ഒരു കമ്പനി എന്നും വിചാരിച്ച് ഞാന്‍ ഒരു 'നോ താങ്ക്സ്' എന്നു പറഞ്ഞു ഒരു ചിരിയും കൂടി പാസ്സാക്കി കൊടുത്തു. ആ ഒരു കുറ്റത്തിന് എനിക്കു മധൂന്റടുത്തുന്ന് ഹിന്ദി,ബംഗാളി ഇംഗ്ലീഷ് എന്നീ മൂന്നു ഭാഷകളിലാണ് ചീത്ത കേള്‍ക്കേണ്ടി വന്നത്. ആ പയ്യന് ചോദിച്ചത് എന്തോ കോഡാണു പോലും. അതു മാത്രമല്ല ആ ചോദ്യത്തിനു മറുപടിയായി ചിരിച്ചു കാണിച്ചാല്‍ പച്ചക്കൊടിയാണെന്നൊരു ഞെട്ടിക്കുന്ന സത്യവും എന്നെ അറിയിച്ചു.ഒരു ഇംഗ്ലീഷ് പത്രത്തില്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയായതു കൊണ്ട് മധൂന് എന്നെക്കാളും സജ്ജനപരിചയവും പൊതുവിജ്ഞാനവും കൂടും.അതുകൊണ്ടു തന്നെ ആ പറഞ്ഞത് സത്യമാവാനേ വഴിയുള്ളൂ. 'നോ താങ്ക്സ്' പറയാന്‍ പാടില്ല, ചിരിച്ചു കാണിക്കാന്‍ പാടില്ല, ഇഗ്നോര്‍ ചെയ്താല്‍ ചിലപ്പോ മൗനം സമ്മതം എന്നു വിചാരിച്ചാല്‍ പിന്നെ അതും പണിയാകും. പിന്നെന്താ ഇങ്ങനെയുള്ളവരോടു മറുപടി പറയേണ്ടതെന്നു ചോദിച്ചപ്പോള്‍ മധൂനും അതു വല്യ പിടിയില്ല.എന്നാലും ഇതെങ്ങനെ ഡീല്‍ ചെയ്യണമെന്ന് ഏതെങ്കിലും സീനിയറിനോടു ചോദിച്ച് പറഞ്ഞുതരാംന്ന് മധു ഉറപ്പു തന്നു.
പക്ഷെ അതിനുത്തരം കിട്ടുന്നതു വരെ കാത്തു നില്ക്കാന് തലേവര തയ്യാറല്ലായിരുന്നു. അടുത്ത ദിവസം ഗൂഗിളില്‍ ഏതോ ടെക്നിക്കല്‍ ഡോക്യുമെന്റ് തപ്പിക്കൊണ്ടിരുന്ന ഞാന്‍ കാടുകയറിക്കയറി ഏതൊക്കെയോ വഴികളിലൂടെ ശ്രീ ശ്രീ രവിശങ്കറിലേക്കും അതു വഴി സുദര്ശന് ക്രിയയിലേക്കുമൊക്കെ എത്തിപ്പെട്ടു.പിന്നെ അതിനെ പറ്റിയായി ഗവേഷണം. അപ്പോഴാണ് ഡെല്ഹീല് ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ക്യാമ്പു വരുന്ന കാര്യം അറിഞ്ഞത്. എന്നാല്‍ പിന്നെ ബാക്കി അവിടെ പോയി നേരിട്ടു തന്നെ ഗവേഷണിച്ചെക്കാംന്നും വിചാരിച്ച് കണ്ണും പൂട്ടി ക്യാമ്പിന് ജോയിന്‍ ചെയ്തു.ക്യാമ്പിന്റെ അവസാനത്തെ ദിവസം. യാത്ര പറച്ചിലും ബഹളവും ഒക്കെ കാരണം ഒരുപാടു വൈകി.കയറിയ ബസ് ബ്രേക്ക്ഡൗണാവുകയും കൂടി ചെയ്തതോടേ ആറാമിന്ദ്രിയത്തില്‍ നിന്ന് ചില അപകടസൂചനകളൊക്കെ കിട്ടാന്‍ തുടങ്ങി. എന്നാലും ഒരു ചിരിയൊക്കെ മുഖത്തൊട്ടിച്ചു വച്ച് (ശ്രീ ശ്രീയെപോലെ അത്രേം വിശാലമായ ചിരിയല്ല;ഒരു കുഞ്ഞ്യേ ചിരി);ക്യാമ്പില്‍ നിന്നും കിട്ടീയ 'ബീ പോസിറ്റിവ്' എന്ന സൂത്രവാക്യോം മനസ്സിലിട്ട് അടുത്ത ബസും പിടിച്ച് ഒരുവിധത്തില്‍ രാത്രി പതിനൊന്നുമണിയോടു കൂടി എന്റെ സ്റ്റോപ്പില്‍ ചെന്നിറങ്ങി.
ഉള്ള സ്ട്രീറ്റ്ലൈറ്റുകളെല്ലാം സെന്‍ട്രല്‍ ഡെല്ഹീല് പാര്‍ലമെന്റിന്റേം മന്ത്രിമാരുടെ വീടിന്റേമൊക്കെ ചുറ്റും കൊണ്ടുപോയി വെച്ചതു കൊണ്ട് നമ്മടെ ദരിദ്രവാസി സ്റ്റോപ്പില്‍ സ്ട്രീറ്റ്ലൈറ്റൊന്നുമില്ല. വല്ലപ്പോഴും കടന്നു പോകുന്ന വാഹനങ്ങള്ടെ വെളിച്ചം മാത്രം.അതും അവിടെ രണ്ടു സൈഡിലേക്കുള്ള വണ്‍വേയും രണ്ടു ലെവലിലാണ്. അതായത് ഞാനിറങ്ങിയ സ്റ്റോപ്പില്‍ നിന്ന് റോഡ് ക്രോസ്സ് ചെയ്ത് സ്റ്റെപ്പു കയറി മുകളിലെത്തിയാല്‍ മറ്റേ സൈഡിലെക്കുള്ള വണ്‍വേയായി. അതും ക്രോസ് ചെയ്ത് സൈഡ്റോഡിലൂടെ കയറി ഒരു അഞ്ചു മിനിട്ട് നടന്നാല്‍ എന്റെ ഹോസ്റ്റലായി. ആ സമയമായപ്പോഴേക്കും റോഡ്സൈഡിലുള്ള ഷോപ്പുകളൊക്കെ അടച്ചിരുന്നു.ട്രാഫിക്കും തീരെയില്ല. ആകെപ്പാടെ നല്ല ഹൊറര്‍ സെറ്റപ്പ് . എങ്ങനേലും പെട്ടെന്നു ഹോസ്റ്റലിലെത്തണംന്നും വിചാരിച്ച് റോഡ് ക്രോസ് ചെയ്യാന്‍ തുടങ്ങീപ്പഴാണ് നമ്മടെ ഹീറോ വന്നത്-ബൈക്കില്‍. ഇങ്ങേരു പോയിട്ടു വേണം റോഡ് ക്രോസ് ചെയ്യാന്‍ എന്നും കരുതി ആ ബൈക്കിനെ തന്നെ തുറിച്ചു നോക്കിക്കൊണ്ട് നില്ക്കുന്നതു കണ്ടിട്ടാണോ എന്തോ.. എന്റടുത്തു വന്ന് ബൈക്ക് സ്ലോ ആക്കി ഒറ്റ ചോദ്യം..അതെ ആ പഴയ ചോദ്യം തന്നെ -"വാണ്ട് കമ്പനി?".
ദൈവമേ ഇതിനുത്തരം മധു ഇതേവരെ പറഞ്ഞു തന്നിട്ടില്ലല്ലോ എന്ന് അപ്പോഴാണ് ഓര്‍ത്തത്. എന്തെങ്കിലുമൊക്കെ ഉത്തരം പറഞ്ഞ് റിസ്കെടുക്കാന്‍ പറ്റില്ല. തിരക്കേറിയ മാര്‍ക്കറ്റിലാരുന്നെങ്കില്‍ തെറ്റുത്തരം പറഞ്ഞാലും വല്യ കുഴപ്പമൊന്നും പറ്റാതെ രക്ഷപെടാം. പക്ഷെ ഇവിടെ ഈ വിജനമായ സ്ഥലത്ത് പ്രത്യാഘാതം രൂക്ഷമായിരിക്കും. ഞാന്‍ ഒന്നും മിണ്ടാതെ സൈഡിലെക്കു മാറി നടന്നു. അതേറ്റു. ഹീറോ ബൈക്കും ഓടിച്ചങ്ങു പോയി. 'അപ്പോ ഇങ്ങനെയാണ് പ്രതികരിക്കേണ്ടത്' എന്നങ്ങു മനസ്സില്‍ ആശ്വസിച്ചതേയുള്ളൂ.. മുന്നോട്ടു പോയ ബൈക്ക് അല്പം ദൂരെ നിര്‍ത്തി തിരിച്ച് എന്റെ നേരെ വരുന്ന നയനമനോഹരമായ കാഴ്ച. ഞാനും ഒന്നു നിന്ന് തിരിഞ്ഞു നടക്കാന്‍ തുടങ്ങി. എന്തിനെന്നു ചോദിക്കരുത്. അപ്പോള്‍ അങ്ങനെ ചെയ്യാനാണു തോന്നിയത്. പുറകില്‍ ബൈക്ക് അടുത്തു വരുന്ന ശബ്ദം കേള്‍ക്കാം. പെട്ടെന്ന് അവിടൊക്കെ ഭയങ്കരമായ ഒരു പ്രകാശം. എന്റെ മുന്നിലായി റോഡ്സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറീടെ ഹെഡ്ലൈറ്റിട്ടതാണ്. അതിന്റകത്ത് ഒരു മനുഷ്യനുമുണ്ട്. ഒരു പക്ഷെ അവിടെ വേറെയും ആളുണ്ടെന്ന് ആ ബൈക്കുകാരന് മനസ്സിലാവാനായിരിക്കും അവര്‍ ലൈറ്റിട്ടത്. പക്ഷെ സാക്ഷാല്‍ ദൈവം തമ്പുരാന് തന്നെ നേരിട്ടു വന്നാലും ഞാനപ്പോള്‍ വിശ്വസിക്കുമായിരുന്നില്ല. എന്തായാലും ആ ഒരു ഞെട്ടലും കൂടി ആയപ്പോള്‍ ഒരു ഗുണം ഉണ്ടായി. എല്ലാ ഞെട്ടലും പോയി എതാണ്ട് ചെസ് കളിക്കുന്നവന്റെ മാനസികാവസ്ഥയിലായി ഞാന്‍. ഓര്‍ക്കാപ്പുറത്തു രണ്ടു സൈഡില്‍ നിന്നും ചെക്ക് വന്നതു പോലെ. ഞാന്‍ നടപ്പൊക്കെ നിര്‍ത്തി ലോറിക്കാരനെയും തുറിച്ചു നോക്കി മനസില്‍ കണക്കു കൂട്ടാന്‍ തുടങ്ങി.മുന്നോട്ടോടിയാല്‍ നേരെ ഫ്ലൈ-ഓവറിന്റെ അടിയിലേക്കാണ് എത്തുക. അതു വല്യ അപകടമാണ്.. അല്ലേങ്കില് പിന്നെ സൈഡിലെ ഷോപ്പുകളിലേക്ക് ഓടിക്കേറണം. അവിടേം ജനങ്ങളൊന്നുമില്ലാത്തതു കൊണ്ട് വല്യ രക്ഷയുണ്ടാവില്ല. പിന്നെ ഒരേയൊരു വഴി നേരെ തിരിച്ചു പോയി അവിടെ എന്നേം കാത്തു നില്ക്കുന്ന ബൈക്കുകാരനെയും കടന്ന് പോയി റോഡ് ക്രോസ് ചെയ്ത് സ്റ്റെപ് കയറി മുകളിലത്തെ റോഡിലെത്തണം. അതു ഇത്തിരൂടി ട്രാഫിക് കൂടുതലുള്ള റോഡാണ്. പിന്നൊന്നും ചിന്തിച്ചില്ല. നേരെ തിരിഞ്ഞ് വെടിച്ചില്ലു പോലെ പാഞ്ഞു. ബൈക്കുകാരന്റെ അടുത്തേക്ക്. ഞാനിങ്ങനെ പാഞ്ഞു വരുന്നത് ബൈക്കില്‍ കയറാനായിരിക്കുംന്നൊക്കെ വ്യാമോഹിച്ചു നില്ക്കുന്ന ഹീറോയെയും കടന്നോടി പറന്നാണ് മുകളിലെത്തെ റോഡിലെത്തിയത്.എന്നിട്ടും ഓട്ടം നിര്‍ത്തീല്ല. തിരിഞ്ഞു നോക്കാതെ ഹോസ്റ്റല്‍ വരെ അതെ സ്പീഡിലോടി. ഇടയ്ക്ക് മധൂനെ വിളിച്ച് ഗേറ്റ് തുറന്നിടാനും ഏര്‍പ്പാടാക്കി. അതിനു മറ്റൊരുദ്ദേശ്യവുവുമുണ്ട്. എങ്ങാനും ബൈക്കുകാരന് എന്നെ പിടികൂടിയാല്‍ അറ്റ്ലീസ്റ്റ് എന്റെ ഡെഡ്ബോഡി കിട്ടാന്‍ ഏത് ഏരിയയില്‍ തപ്പണം എന്നൊരു ക്ലൂ എങ്കിലും മധൂനു കിട്ടുമല്ലോ..
അന്നു രാത്രി മുഴുവന്‍ ഞാനും മധുവും ചിന്തിച്ചു കൂട്ടുകയായിരുന്നു. ഇങ്ങനൊരു ആക്രമണം ഉണ്ടായാല്‍ എങ്ങനെ പ്രതിരോധിക്കണം. എപ്പോഴും ഓടി രക്ഷപെടാന്‍ പറ്റീന്നു വരില്ല .കത്തി,കഠാര,തോക്ക് തുടങ്ങി പല മാരകയുധങ്ങളും പരിഗണനയില്‍ വന്നു. അതൊക്കെ ബാഗില്‍ കൊണ്ടു നടന്നാല്‍ ഡെല്‍ഹീലെ ഒരു സാഹചര്യമനുസരിച്ച് ചുളുവില്‍ ഒരു തീവ്രവാദിപ്പട്ടം കിട്ടാന്‍ അതു ധാരാളം മതി. കരാട്ടേ,കുങ്ങ്ഫൂ ഒക്കെ പഠിക്കാന്‍ പോയാലോന്നായി അടുത്ത ചിന്ത. പക്ഷെ അതൊക്കെ പഠിച്ചു കഴിയുന്നതു വരെ അക്രമികള്‍ വെയ്റ്റ് ചെയ്യണംന്നില്ലല്ലോ. പെട്ടെന്ന് പ്രയോഗത്തില്‍ വരുത്താവുന്ന ഒരു പരിഹാരമാണ് വേണ്ടത്. അങ്ങനെ ഒരു പാടു നേരത്തെ ആലോചലകള്‍ക്കു ശേഷം അവസാനം ഉത്തരം കിട്ടി..പെപ്പര്‍ സ്പ്രേ.. അതാവുമ്പോ ധൈര്യമായി ബാഗില്‍ കൊണ്ടു നടക്കാം. ആവശ്യത്തിനെടുത്തുപയോഗിക്കുകയും ചെയ്യാം. പിന്നെ അതു തേടിയുള്ള അന്വേഷണമായിരുന്നു. ഡെല്‍ഹിയില്‍ ഒറ്റ കടയിലും കിട്ടാനില്ല. മിക്കവരും അങ്ങനൊരു സാധനത്തെ പറ്റി കേട്ടിട്ടു പോലുമില്ല. സാധനം കിട്ടാത്ത നിരാശയെക്കാളും എനിക്കു സഹിക്കാന്‍ പറ്റാതിരുന്നത് മറ്റൊരു കാര്യമാണ്. ഓരോ കടയില്‍ നിന്നിറങ്ങുമ്പോഴും മധൂന്റെ വക പ്രഖ്യാപനമുണ്ടാകും. 'ച്ഛെ ഡെല്‍ഹിയില്‍ ഇതു പോലുമില്ലെന്നോ!! പൂനെയിലായിരുന്നെങ്കില്‍....." ഒരു പത്തുപതിനഞ്ചു പ്രാവശ്യം ഇതേ കാര്യം കേട്ടു കഴിഞ്ഞതോടെ എന്റെ ക്ഷമ അതിന്റെ വഴിക്കു പോയി. ഞാന്‍ വെല്ലുവിളിച്ചു
'എങ്കില്‍ പിന്നെ മധു ഇതു പൂനെയില്‍ പോകുമ്പോള്‍ മേടിച്ചിട്ടു വാ..ഇത്തിരി സമയമെടുത്താലും കുഴപ്പമില്ല. അതു വരെ ആരെങ്കിലും ഉപദ്രവിക്കാന്‍ വന്നാല്‍ തല്ക്കാലം ഞാനോടി രക്ഷപെട്ടോളാം'
അക്കൊല്ലം മധൂനു ലീവ് കിട്ടീപ്പോള്‍ ഏറ്റവും സന്തോഷം എനിക്കായിരുന്നു.രണ്ടിലൊന്ന് ഇപ്പം തീരുമാനമാകും. പൂനെയില്‍ പെപ്പര്‍ സ്പ്രേ കിട്ടിയാല്‍ ഞാന്‍ ഹാപ്പി..കിട്ടീലെങ്കില്‍ അതിനെക്കാളും ഹാപ്പി. ഒരു പെപ്പര്‍ സ്പ്രേ പോലും വാങ്ങാന്‍ കിട്ടാത്ത സ്ഥലമാണ് പൂനെ എന്ന് മധൂന് സമ്മതിക്കേണ്ടി വരും. മധു തിരിച്ചു വരുന്നതും കാത്ത് കണ്ണിലെണ്ണയൊഴിച്ച് ഞാന്‍ കാത്തിരുന്നു. തിരിച്ചു വന്ന് പൂനെ-സ്പെഷ്യല്‍ മധുരപലഹാരങ്ങളൊക്കെ എനിക്കു തന്ന് വിശേഷങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞിട്ടും സ്പ്രേയെ പറ്റി മാത്രം ഒന്നും മിണ്ടുന്നില്ല. സംഭവം കിട്ടീട്ടില്ലാന്നുറപ്പ്. ചുമ്മാ ഒന്നു ശവത്തില്‍ കുത്തി നോക്കിയാലോന്നും വിചാരിച്ച് അവസാനം ഞാന്‍ തന്നെ ചോദിച്ചു.
"സ്പ്രേ കിട്ടീട്ടുണ്ടാവുമല്ലോ അല്ലേ..??"
അല്പസമയം മൗനം. അങ്ങനെ അവസാനവും മധുവും മധൂന്റെ പൂനെയും കേവലമൊരു സ്പ്രേയുടെ മുന്നില്‍ തോല്‍വി സമ്മതിക്കുന്നതും കാത്ത് സന്തോഷത്തോടിരുന്ന എന്റെ ചെവിലെക്ക് ആ വാക്കുകള്‍ വന്നു വീണു
" ഒരു പാടന്വേഷിച്ചു. പക്ഷെ ഒരു ഷോപ്പിലുമില്ല. പൂനെയില്‍ പെണ്ണുങ്ങള്‍ക്കു നേരെ യാതൊരു ഉപദ്രവവുമില്ലല്ലോ. പിന്നെന്തിനാ ഈ സാധനം സ്റ്റോക്ക് ചെയ്യുന്നതെന്നാണ് അവരു ചോദിക്കുന്നത്."
കഴിച്ചുകൊണ്ടിരുന്ന ഗുലാബ്ജാമുന്‍ തൊണ്ടയില്‍ കുടുങ്ങി വിക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു
"ശ്ശൊ നമ്മളത് നേരത്തേ ഓര്‍ക്കേണ്ടതായിരുന്നു അല്ലേ.."
"അതെയതെ..ഇതു പൂനെയില്‍ പോയി ചോദിച്ച ഞാന്‍ നാണം കെട്ടു പോയി"
ഞാന്‍ പിന്നൊന്നും മിണ്ടിയില്ല. അല്ല;മിണ്ടീട്ടും കാര്യമില്ലല്ലോ.. കളിയാക്കിയാലും മനസ്സിലാകാത്ത പെണ്‍കുട്ടി!!!!
Sunday, April 20, 2008
അന്ന് ആ രാത്രിയില്‍...
" ഇയാളെങ്ങോട്ടാ ഈ രാത്രിയ്ക്ക്?? "
"ഇതെന്താ റോഡിലാരുമില്ലാത്തത്?"
ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങളുമായി ഞാനും കുരുട്ടും ആ ചേട്ടനെ തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്നു. എന്താണ് ഇയാള്ടെ ഉദ്ദേശ്യമെന്നറിയണമല്ലോ. അങ്ങേരാണെങ്കില്‍ ഇതൊന്നുമറിയാതെ കൂളായി വണ്ടിയോടിക്കുകയാണ്..
ശനിയാഴ്ച രാത്രി ഞാനും കുരുട്ടും ഉറങ്ങാറില്ല. ഫുള്‍-ടൈം ടിവീടെ മുന്പില് തന്നെ.. ഏഷ്യാനെറ്റിലും ഡി.ഡി ഫോറിലും രാത്രി മുഴുവന്‍ നല്ല നല്ല പാട്ടുകള്‍ കാണിക്കും. ചാനല്‍ മാറ്റിമാറ്റി നേരം വെളുക്കുന്നതു വരെ പാട്ടുകേട്ടുകൊണ്ടിരിക്കും.അങ്ങനെ ചാനല്‍ മാറ്റിക്കൊണ്ടിരിക്കുമ്പോഴാണ് നമ്മടെ സൂര്യാ ടി.വിയില്‍ ഞങ്ങള്‍ടെ കണ്ണുടക്കിയത്.കേബിള്‍ കമ്പനിക്കാരുടെ മൂഡനുസരിച്ച് വല്ലപ്പോഴും മാത്രം കിട്ടുന്ന ചാനലാണ് ഈ സൂര്യാ ടി.വി..അവിടെ ഒരു സിനിമ തുടങ്ങാന്‍ പോവുകയാണ്.ടൈറ്റില്‍സ് എഴുതിക്കാണിക്കുന്ന ആ സ്റ്റെയില്‍ കണ്ടാല്‍ തന്നെ അറിയാം നല്ല പുതു പുത്തന്‍ പുത്തന്‍ സിനിമയാണെന്ന്. ഞങ്ങള്‍ സന്തോഷം കൊണ്ടിരിക്കാന് വയ്യാന്നുള്ള അവസ്ഥയിലായി. ഒരു പുതിയ മലയാളം സിനിമ കണ്ട കാലം മറന്നിരുന്നു. ഇത്തിരി വൈകിപ്പോയതു കൊണ്ട് സിനിമേടെ പേര് കണാന്‍ പറ്റീല്ല. സംവിധായ്കന്റെ പേരാണെങ്കില്‍ ഇതു വരെ കേട്ടിട്ടുമില്ല. എന്നാലും ഞങ്ങള്‍ സിനിമ കാണാന്‍ തന്നെ തീരുമാനിച്ചു. പേരിലല്ലല്ലോ; സിനിമേടെ കഥയിലല്ലേ കാര്യം...
കോഴി കൂവുന്നതും സൂര്യനുദിക്കുന്നതും പ്രഭാതം പൊട്ടിവിടരുന്നതുമൊക്കെ കാണിച്ച് സിനിമ തുടങ്ങുന്ന ആ പതിവു ശൈലിയൊന്നുമല്ല.. നല്ല ഇരുട്ടത്ത് വിജനമായ റോഡിലൂടെ ഒരു ചേട്ടന് വണ്ടിയോടിച്ചു വരുന്നതാണ് തുടക്കം. എന്തായാലും ആ മാറ്റം ഞങ്ങള്‍ക്കിഷ്ടപ്പെട്ടു. പെട്ടന്ന് രംഗം മാറി. വെളുത്ത സാരിയുടുത്ത ഒരു ചേച്ചി പെട്ടെന്ന് സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. ഞങ്ങള്‍ പ്രതീക്ഷിച്ചതു പോലെ തന്നെ ചേച്ചി കറക്ടായി ആ വണ്ടീടെ മുന്നില്‍ തന്നെ വന്നു വീണു. സാധാരണ ആള്‍ക്കാരൊക്കെയാണെകില്‍ പോലീസ് കേസും മറ്റു നൂലാമാലകളും ഒക്കെ ഓര്‍ത്ത് ജീവനും കൊണ്ട് ആ സ്പോട്ടില്‍ നിന്നും രക്ഷപെടും. പക്ഷെ നമ്മടെ നായകന് ആരാ മോന്!! വേഗം ചാടിയിറങ്ങിവന്ന് ചേച്ചീടെ കാറ്റു പോയോന്നൊക്കെ പരിശോധിച്ചു. മട്ടും ഭാവോം കണ്ടിട്ട് ചേച്ചിയെ കാറില്‍ കേറ്റി ഹോസ്പിറ്റലില്‍ കൊണ്ടുപോകാനാണ് പ്ലാനെന്നു തോന്നുന്നു.പക്ഷെ അവിടെ ഒരു പ്രശ്നമുണ്ട്.ആ ചേട്ടന് മെലിഞ്ഞ് ഒരു അശുവാണ്. ചേച്ചി ആ ചേട്ടന്റെ ഒരു 3-4 ഇരട്ടിയുണ്ട്. എങ്ങനെ ആ ചേട്ടന് ചേച്ചിയെ പൊക്കി കാറില്‍ കേറ്റും??സംവിധായകന് ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യുമെന്നു കാണാന്‍ ഞാനും കുരുട്ടും ആകാംക്ഷയോടെ കാത്തിരുന്നു.
പക്ഷെ സംവിധായകന് ഞങ്ങളെ അതിവിദഗ്ദമായി പറ്റിച്ചു. അടുത്ത സീനില്‍ കാണുന്നത് ആ ചേച്ചി ഒരു കട്ടിലില്‍ കിടക്കുന്നതാണ്.ഹോസ്പിറ്റലൊന്നുമല്ല.ഒരു വീടാണ്. ഇപ്പഴും ബോധം വന്നിട്ടില്ല. പക്ഷെ കാണുന്ന ഞങ്ങള്‍ക്ക് ബോധമുണ്ടല്ലോ.അതുകൊണ്ടു തന്നെ ഈ കണ്ടതൊക്കെ അപ്പടി വിശ്വസിക്കാന്‍ എന്റെ മനസ്സു സമ്മതിച്ചില്ല.
"ആ ചേട്ടന് എന്തായാലും ആ ചേച്ചിയെ പൊക്കാനുള്ള ആരോഗ്യമില്ല.ഒരു മനുഷ്യന് താങ്ങനാവുന്ന ഭാരത്തിന് ചില ലിമിറ്റൊക്കെയില്ലേ.അതു പോലെ തന്നെ കാറില്‍ നിന്നും ആ ചേച്ചിയെ പരസഹായമില്ലാതെ വീട്ടിനുള്ളിലെത്തിച്ചല്ലോ..ഇതെങ്ങനെ സാധിച്ചു?? " സംവിധായകന് അവിടില്ലാത്തതു കൊണ്ട് ഞാന്‍ തല്ക്കാലം കുരുട്ടിനോട് ഈ ചോദ്യങ്ങളൊക്കെ ചോദിച്ച് ആശ്വസിക്കാന്‍ ശ്രമിച്ചു.
"കഥയില്‍ ചോദ്യമില്ല.." കുരുട്ട് വളരെ ചുരുങ്ങിയ വാക്കുകളില്‍ എന്റെ അന്തമില്ലാതെ നീളുന്ന സംശയങ്ങള്‍ക്കെല്ലാം ഉത്തരം തന്നു
ആ നല്ലവനായ ചേട്ടന് കട്ടിലിനടുത്ത് ഒരു കസേരയിലിരുന്ന് ചേച്ചിയെ സഹതാപത്തോടെ ഉറ്റു നോക്കാന്‍ തുടങ്ങി. അപ്പഴാണ് ഞങ്ങളും നായികയുടെ മുഖം കാണുന്നത്.അങ്ങനൊരു നടിയെ ഇതു വരെ കണ്ടിട്ടില്ല.
" നല്ല നിഷ്കളങ്കമായ മുഖം.അല്ലേ??" കുരുട്ട് സ്നേഹവത്സല്യങ്ങളോടെ പറഞ്ഞു.
"അതേയതെ. ആരാ ഇത്? വല്ല പുതുമുഖവുമായിരിക്കും"
ചേച്ചി നന്നായി വിയര്‍ക്കുന്നുണ്ട്.അതു കണ്ടിട്ടാണെന്നു തോന്നുന്നു ചേട്ടന് കസേരയില്‍ നിന്നെഴുന്നേറ്റു. ഫാന്‍ ഓണാക്കാനായിരിക്കുംന്നാണ് ഞാന്‍ വിചാരിച്ചത്.അവിടെ സംവിധായകന് വീണ്ടും എന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ചേട്ടന് അത്യാവശ്യപ്പെട്ട് എഴുന്നേറ്റത് ചേച്ചി കിടക്കുന്ന കട്ടിലില്‍ പോയി ഇരിക്കാനായിരുന്നു. എവിടെയോ എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്... വിചാരിച്ചതു പോലെ ഈ ചേട്ടന് അത്ര നല്ലവനൊന്നുമല്ലാന്നു തോന്നുന്നു. ആ പാവം ചേച്ചിയാണെങ്കില്‍ ഇതൊന്നും അറിയുന്നുമില്ല. ഞങ്ങള്‍ക്കാകെ ടെന്‍ഷനായി.
"ഇയാളിതെന്തു തെമ്മാടിത്തരമാ കാണിക്കുന്നത്!!" കുരുട്ട് രോഷം പ്രകടിപ്പിച്ചു. .
"ശരിക്കും... വൃത്തികെട്ട മനുഷ്യന്!!" ഞാനും പ്രതിഷേധിച്ചു.
ഇത്രേം സിനിമയൊക്കെ കണ്ട പരിചയം വച്ച് ഒരു കാര്യം ഉറപ്പാണ്. ആ പാവം നായികയെ അവള്ടെ വിധിയ്ക്ക് വിട്ടുകൊടുത്തിട്ട് ക്യാമറ ഇനി ഫാനിന്റെ മോളിലോ അല്ലെങ്കില്‍ ആകാശത്ത് ചന്ദ്രന്റെ മുകളിലോ ഒക്കെ ഫോക്കസ് ചെയ്യാന്‍ പോകും. തിരിച്ചു വരുമ്പോള്‍ കാണാന്‍ പോകുന്നത് ആ ചേച്ചി യക്ഷിയെപോലെ മുടിയൊക്കെ പടര്‍ത്തിയിട്ട് ഘോരഘോരം കരയുന്നതായിരിക്കും (അപ്പോഴെക്കും ബോധം വന്നിട്ടുണ്ടെങ്കില്‍). "ഹീശ്വരാ.ഞാനിനി എന്തിനു ജീവിച്ചിരിക്കണം..." എന്ന മട്ടില്‍ ചില ഡയലോഗ്സും ഉണ്ടാകും.
കാര്യം സിനിമയൊക്കെയാണെങ്കിലും ധാര്‍മികരോഷം അടക്കാന്‍ വയ്യാതെ ടിവീലെക്കും തുറിച്ചുനോക്കിക്കൊണ്ടിരുന്ന ഞങ്ങള്‍ക്ക് അടുത്ത സീനില്‍ തീരെ പ്രതീക്ഷിക്കാത്തതാണു കാണേണ്ടി വന്നത്.ഞെട്ടീന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞു പോകും..ഏതെങ്കിലും ഒരു സിനിമാ-സീന്‍ കണ്ടിട്ട് ഇത്രയും ശക്തമായി ഞാന്‍ ഞെട്ടീട്ടുള്ളത് ജുറാസിക് പാര്‍ക്കില്‍ ഓര്‍ക്കാപ്പുറത്ത് ദിനോസര്‍ അലറീപ്പഴാണ്.എന്താ സംഭവംന്നു വച്ചാല്‍ ഞങ്ങളു പ്രതീക്ഷിച്ച പോലെ ക്യാമറ എങ്ങും പോയില്ല. അവിടെ തന്നെ ഫോക്കസ് ചെയ്തിരുന്നു. അത്രതന്നെ..
വേഗം റിമോട്ടൊക്കെ തപ്പിപ്പിടിച്ച് ടി.വി ഓഫ് ചെയ്ത് ഞങ്ങള്‍ കുറച്ചു നേരം മൗനം ആചരിച്ചു.
"അയ്യോ ഇതെന്തു സിനിമ!!" കുരുട്ട് പതുക്കെ ഞെട്ടല്‍ രേഖപ്പെടുത്തി
"ഇതിനി മറ്റേ ടൈപ്പ് സിനിമ വല്ലതുമാണോ??" ഞാന്‍ എന്റെ പൊതുവിജ്ഞാനം എടുത്തു പ്രയോഗിച്ചു..
"ഏയ് അതൊന്നും ടി.വീല്‍ കാണിക്കില്ല" കുരുട്ട് ഫുള്‍-കോണ്ഫിഡന്സില് പറഞ്ഞു
"എങ്കില്‍ പിന്നെ വല്ല അവാര്‍ഡ് സിനിമയുമായിരിക്കും..ജീവിതം പച്ചയയി ആവിഷ്കരിക്കുന്ന തരത്തിലുള്ള വല്ലതും"
" ആയിരിക്കും..എന്നാലും ഇതിത്തിരി കൂടിപ്പോയി"
ഞാനും കുരുട്ടിനെ അഭിപ്രായത്തോട് യോജിച്ചു. ഞങ്ങള്‍ പിന്നേം നല്ല കുട്ടികളായി നമ്മടെ പാവം ഡി.ഡി ഫോറിലേക്കു തന്നെ തിരിച്ചു പോയി. അതാവുമ്പോ ഇമ്മാതിരി അപകടങ്ങളൊന്നുമിലല്ലോ..
ഡെല്‍ഹിയില്‍ നടന്ന ഈ സംഭവത്തിന്റെ രണ്ടാം ഘട്ടം അരങ്ങേറിയത് അങ്ങു ദൂരെ തിരുവനന്തപുരത്താണ്.ലീവിനു വീട്ടിലെത്തിയ കുരുട്ട് ടിവിചാനലുകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിന്നതിനിടയില്‍ പെട്ടെന്നൊരു മുഖം- ഞങ്ങള്‍ടെ അന്നത്തെ നായികയുടേത്. ആളെ ആരോ ഇന്റര്‍വ്യൂ ചെയ്യുകയാണ്. ഷക്കീല എന്നാണ് പേരെന്നൊക്കെ കുരുട്ട് നോട്ട് ചെയ്തു.തിരിച്ചു വന്നിട്ട് എന്റെയും സിനിമാപരിജ്ഞാനം വര്‍ദ്ധിപ്പിക്കണമല്ലോ..ഇന്റര്‍വ്യൂന്റെ ഇടയ്ക്കെപ്പോഴോ താന്‍ മോറലുള്ള സിനിമകളില്‍ മാത്രമെ അഭിനയിക്കൂ എന്ന് നായിക ഒരു പ്രഖ്യാപിച്ചത് കുരുട്ടിന് ശരിക്കുമങ്ങ് ബോധിച്ചു.
"നോക്കമ്മാ ഒരു പുതിയ നടി.നല്ല സിനിമകളിലെ അഭിനയിക്കുകയുള്ളൂന്നാണ് പറയുന്നത്"
" പിന്നെ പിന്നെ അതാരാണെന്നു നിനക്കറിയുമോ?"
" പിന്നില്ലേ. ശരിക്കും നല്ല ബോള്‍ഡായ നടിയണ്. അറിയുമോ ഞങ്ങള്‍ ഇവര്ടെ ഒരു സിനിമ കണ്ടിട്ടുണ്ട്.പക്ഷെ ഇത്രയ്ക്കും വല്യ താരമാണെന്ന് അറിയില്ലയിരുന്നു.."
പിന്നങ്ങോട്ട് കുരുട്ടിന് അമ്മയുടെ വക ഉപദേശങ്ങള്‍ടെ പെരുമഴയായിരുന്നു. അതില്‍ ഒരു തരി പോലും ചോര്‍ന്നു പോകാതെ എനിക്കും കിട്ടി-ഫോണ്‍ വഴി. എന്നാലെന്താ.. കണ്ണില്‍ കാണുന്ന എല്ലാ നടീനടന്മാരെപറ്റിയും അഭിപ്രായപ്രകടനം നടത്തുന്ന ഞങ്ങളോട് ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ ഷക്കീലയെപറ്റിയും ധൈര്യമായി അഭിപ്രായിക്കാലോ..അങ്ങനെ ചുമ്മാതൊന്നുമല്ല..അവര്ടെ സിനിമ കണ്ടുള്ള പരിചയം വച്ചു തന്നെ.പക്ഷെ ഒരു ചിന്ന പ്രശ്നം..തല്ക്കാലം ഷക്കീലയുടെ ലുക്കിനെ പറ്റി മാത്രമേ പറയാന്‍ പറ്റൂ. ആക്ടിംഗ് സ്കില്‍സിനെ പറ്റി വല്ലോരും ചോദിച്ചാല്‍ കുടുങ്ങും.. കാരണം ഞങ്ങള്‍ കണ്ട സീനിലെല്ലാം പാവം ഷക്കീല അഭിനയിക്കാന്‍ പറ്റാതെ ബോധം കെട്ടു കിടക്കുകയായിരുന്നല്ലോ.. .
Sunday, March 30, 2008
പരീക്ഷണശാലകളിലൂടെ..
"ഭാവിയില്‍ ആരായിത്തീരണം? എന്തു കൊണ്ട് ?" ഇതായിരുന്നു വിഷയം. കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് ഉത്തരമെഴുതി ടീച്ചര്‍ക്കു കൊടുത്തു.
ലക്ഷ്യം:ഭ്രാന്തിന്റെ ഡോക്ടര്‍
കാരണം : എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നവര്‍ക്കിടയിലിരുന്ന് ജോലി ചെയ്യാമല്ലോ. .
ടീച്ചറിന്റെ പ്രതികരണം ഓര്‍മ്മയില്ലെങ്കിലും മമ്മിയോട് കാര്യം പറഞ്ഞപ്പോള്‍ അത്ര പന്തിയല്ലാത്ത ഒരു നോട്ടമാണ് മറുപടിയായി കിട്ടിയത്. എന്നിട്ടും ഞാന്‍ പിന്മാറിയില്ല. കുറെ രോഗികളുടെ കൂടെ ഞാന്‍ കളിച്ചു ചിരിച്ചു നടക്കുന്ന ഭാവിയും സ്വപ്നം കണ്ട് കുറെക്കാലം നടന്നു. പക്ഷെ പിന്നീടെപ്പോഴോ ആ സ്വപ്നത്തിന്റെയും വെടി തീര്‍ന്നു. ഭ്രാന്താശുപത്രിയില്‍ എപ്പോഴും കളിയും ചിരിയും മാത്രമല്ല; ഭയങ്കര സങ്കടങ്ങളും അവിടുണ്ടെന്ന് ഏതോ സിനിമ കണ്ടപ്പോള്‍ മനസ്സിലായി.സങ്കടപ്പെട്ടിരിക്കുന്നവരെ ആശ്വസിപ്പിക്കുന്ന കാര്യത്തില്‍ ഞാന്‍ പണ്ടേ ഒരു പരാജയമാണ്. അതോടെ ആ ലക്ഷ്യവും ബൈ ബൈ പറഞ്ഞു പോയതാണ്. പിന്നീട് ഇന്നേ വരെ ലക്ഷ്യബോധം എന്നു പറയുന്ന സാധനം എന്റെ സൈഡിലൂടെ പോലും വന്നിട്ടില്ല.
പത്താം ക്ലാസ് കഴിഞ്ഞു പ്രീഡിഗ്രിയ്ക്കു ചേരാനുള്ള അപ്ലികേഷന് ഫോം കയ്യില്‍ കിട്ടിയതോടെ പ്രതിസന്ധിഘട്ടം തുടങ്ങുകയായി. ഭാവിയില്‍ എന്തായി തീരണം എന്നതനുസരിച്ചാണത്രേ ചേരേണ്ട ഗ്രൂപ്പ് സെലക്ട് ചെയ്യേണ്ടത്. ഭാവിയില്‍ എന്തായാലും കുഴപ്പമില്ല എന്ന മട്ടില്‍ നടക്കുന്നവര്‍ക്കായി അതില്‍ ഓപ്ഷന്‍സില്ല.ഏതെങ്കിലും ഗ്രൂപ്പ് മതി എന്നൊക്കെ എഴുതിക്കൊടുത്താല്‍ ചിലപ്പോള്‍ കോളേജുകാര് ഫോം റിജക്ട് ചെയ്യും. അതിലെ നാലു ഗ്രൂപ്പില്‍ നിന്ന് ഒന്നു തിരഞ്ഞെടുക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് പഠിത്തമേ അങ്ങു നിര്‍ത്തിയാലോ എന്നായി എന്റെ ആലോചന. അപ്പോഴണ് പപ്പ ഇടപെട്ടത്.
" മോള്‍ക്കു പഠിക്കാനിഷ്ടമുള്ള വിഷയം എടുത്താല്‍ മതി.ഭാവിയില്‍ എന്താവണംന്നൊന്നും ഇപ്പോഴേ തീരുമാനിച്ചു ബുദ്ധിമുട്ടണ്ട"
അപ്പോള്‍ അത്രേയുള്ളൂ കാര്യം. പക്ഷെ അവിടെയും പ്രശ്നം. എനിക്ക് സുവോളജിയോടും മാത്സിനോടും ഒരേപോലെ ഇഷ്ടമാണ്.കഷ്ടകാലത്തിന് രണ്ടും രണ്ടു ഗ്രൂപ്പിലാണ്.അപ്പാഴാണ് ചാച്ചന്റെ വക ഉപദേശം
"ഇതിനിത്ര ആലോചിക്കാനെന്തിരിക്കുന്നു. മാത്സ് എടുത്താല്‍ മതി.സെക്കന്റ് ഗ്രൂപ്പിന് ആകെ ഡോക്ടറാവുക എന്ന ഒരോപ്ഷനെയുള്ളൂ.അതിനാണെങ്കില്‍ നിന്നെയൊട്ടു കൊള്ളുകയുമില്ല"
മാത്സിനോടുള്ള പ്രേമം മൂത്ത് കണക്കപിള്ള ആയ ആളാണ് ചാച്ചന്. അതേ പറയൂ.മാത്രമല്ല ഒരു ഡോക്ടറാകാനുള്ള വരപ്രസാദമൊന്നും എനിക്കില്ലാന്നുള്ളത് പകല്‍ പോലത്തെ സത്യമാണ്. അതോടെ ഒരു തീരുമാനത്തിലെത്തി. മാത്സിനെ പുറങ്കാലും കൊണ്ടു തട്ടി സെക്കന്റ് ഗ്രൂപ്പുമായി മുന്നോട്ടു പോകാന്‍ തന്നെ തീരുമാനിച്ചു.ചാച്ചന് പറഞ്ഞതു പോലെ ജീവിതം വഴിമുട്ടിപോകുമോ എന്നൊന്നറിയണമല്ലോ. പണ്ടേയതെ.. ആരെങ്കിലും ചെയ്യരുത് എന്നു പറയുന്ന കാര്യങ്ങള്‍ ചെയ്തുനോക്കാന്‍ എനിക്കു വല്യ ഇഷ്ടമാണ്.
മോളെന്തായാലും ജീവിതം വച്ച് പരീക്ഷിക്കാനിറങ്ങിതിരിച്ച സ്ഥിതിയ്ക്ക് പപ്പയ്ക്കും ഒരു കുഞ്ഞു പരീക്ഷണം നടത്തണമെന്നു തോന്നി. ചത്താലും കൊന്നാലും വീട്ടില്‍ നിന്നും മാറി നില്‍ക്കില്ലാന്നു വാശിയുള്ള ഒരാളാണ് ഞാന്‍. ഈ തക്കത്തിന് ഹോസ്റ്റലില്‍ കൊണ്ടു പോയി വിട്ടാല്‍ ചിലപ്പോള്‍ എന്റെ ആ സ്വഭാവം മാറിക്കിട്ടിയാലോ എന്ന് പാവം പപ്പ ചിന്തിച്ചു പോയി. അതുകൊണ്ട് വീടിനു തൊട്ടടുത്തുള്ള കോളേജില്‍ ചേര്‍ക്കാതെ കുറെ ദൂരെയുള്ള പ്രസിദ്ധമായ കോളേജില്‍ എന്നെകൊണ്ടു പോയി പ്രതിഷ്ഠിച്ചു. എന്തായാലും അടുത്ത ആഴ്ച മുതല്‍ മുതല്‍ ഞാനും പപ്പയും മമ്മിയും ഒരു പാട് ആശുപത്രികള്‍ കയറിയിറങ്ങാന്‍ തുടങ്ങി. മറ്റൊന്നുമല്ല.-ഒടുക്കത്തെ ഹോംസിക്ക്നെസ്സും അതിന്റെ ഭാഗമായുള്ള ഓരോ അസുഖങ്ങളും. തരം കിട്ടുമ്പോഴൊക്കെ ഞാന്‍ വീട്ടിലെത്തും പിന്നെ എന്നെ അവിടുന്നു തിരിച്ചു ഹോസ്റ്റലിലെക്കു വിടണമെങ്കില്‍ രണ്ടു ദിവസത്തെ പണിയാണ്. ഈ പ്രശ്നങ്ങള്‍ കൊണ്ട് അത്യാവശ്യത്തിനു മാത്രം തിയറി ക്ലാസ് അറ്റന്‍ഡ് ചെയ്താല്‍ മതിയെന്ന് ഞാനങ്ങു തീരുമാനിച്ചു.പ്രാക്ടിക്കല്‍സ് മാത്രം കൃത്യമായി പോയി ചെയ്യും. അതുകൊണ്ടു തന്നെ പ്രീഡിഗ്രീ എന്ന സംഭവത്തെ പറ്റി ഓര്‍മ്മിക്കാന്‍ എനിക്കാ പ്രാക്ടിക്കല്‍ ക്ലാസുകള്‍ മാത്രമേ ഉള്ളൂ..
അപ്പോള്‍ ഇനി നമുക്ക് ഓരോരോ ലാബുകളിലായി കയറിയിറങ്ങാം..
ലാബുകളിലെ വില്ലന്‍ സുവോളജി ലാബായിരുന്നു. സുവോളജി തിയറിയെ ഞാനെത്രമാത്രം സ്നേഹിച്ചിരുന്നോ അതിന്റെ ഇരട്ടി പേടിയായിരുന്നു എനിക്കാ ലാബിനോട്. പാറ്റയേയും തവളയെയുമൊക്കെ അറപ്പും വെറുപ്പുമൊക്കെയായിരുന്നെങ്കിലും കൊല്ലാനും മാത്രമുള്ള ശത്രുതയൊന്നും എനിക്കതുങ്ങളോടില്ലായിരുന്നു. ആ ലാബില്‍ കയറുമ്പോള്‍ തന്നെ ഒരു മാതിരി വൃത്തികെട്ട മണം വരും. പിന്നെ കുടലും പണ്ടോം പുറത്തു ചാടിക്കിടക്കുന്ന പാറ്റകളും തവളകളും. വാളുവയ്ക്കുക എന്ന കലയില്‍ ഞാന്‍ എക്സ്പേര്‍ട്ടായിതീര്‍ന്നത് ആ ലാബ് കാരണമാണ്. ഡോക്ടറോ നഴ്സോ എന്തിന് ഒരു കമ്പോണ്ടര്‍ പോലുമോ ആവണമെന്നാഗ്രഹമില്ലാത്ത എന്നെക്കൊണ്ട് എന്തിനീ മഹാപാപം ചെയ്യിക്കുന്നെന്റെ യൂണിവേഴ്സിറ്റീ എന്നു പലവട്ടം ചോദിച്ചു പോയിട്ടുണ്ട്. കീറിമുറിക്കുന്നതു പോട്ടേ..കൊല്ലാനുള്ള ഇരയെയും നമ്മള് തന്നെ പിടിച്ചു കൊണ്ടു വരണം. ഞങ്ങള്‍ടെ ഹോസ്റ്റലിലെ സ്റ്റോര്‍റൂം ആയിരുന്നു പാറ്റകളുടെ സങ്കേതം. ലാബിന്റെ തലേദിവസം കുട്ടികളെല്ലാവരും അതില്‍ കയറി പാറ്റവേട്ട തുടങ്ങും.എനിക്കണെങ്കില്‍ ഒരഞ്ചാറു പാറ്റകളെ ഒരുമിച്ചു കണ്ടാല്‍ തന്നെ തല കറങ്ങും. അതുകൊണ്ട് നിവര്‍ത്തിയുണ്ടെങ്കില്‍ ഞാനാ റൂമിനകത്തു കയറില്ല. ഏതെങ്കിലും കുട്ടി പാവം തോന്നി വല്ല വികലാംഗനായ പാറ്റയേയും സംഭാവന തരും. എനിക്കതൊക്കെ ധാരാളം. പിന്നെ അതിനെ സോപ്പു വെള്ളത്തില്‍ മുക്കിവെയ്ക്കണം.ബോധം പോകാന്‍ വേണ്ടി.പിറ്റേ ദിവസം ആഘോഷമായി കൊണ്ടു പോയി കുരിശില്‍ തറയ്ക്കുന്നതു പോലെ തറച്ച് കുടലും പണ്ടോം വലിച്ചു പുറത്തിടണം. ലാബു കഴിഞ്ഞാല്‍ പിന്നെ രണ്ടു ദിവസത്തെയ്ക്ക് ഭക്ഷണം കഴിക്കാന്‍ പറ്റില്ല മര്യാദയ്ക്കുറങ്ങാനും പറ്റില്ല. ഒരു പ്രാവശ്യം ഇതേപോലെ പാറ്റേനെ തറച്ചു വച്ച് പുറംപാളി നീക്കം ചെയ്തതായിരുന്നു. കൃത്യം ആ സമയത്താണ് പാറ്റയ്ക്ക് ബോധം വന്നത്. അത് ഒന്ന് പിടഞ്ഞപ്പോഴെക്കും തറച്ചിരുന്ന മൊട്ടുസൂചിയൊക്കെ ഇളകിപ്പോയി (ബോധം കെടുത്തീതും തറച്ചതുമൊക്കെ ഞാനായിരുന്നതു കൊണ്ട് അത്രേമൊക്കെ ഉറപ്പേ ഉണ്ടായിരുന്നുള്ളൂ- ഞാനെന്തു കൊണ്ട് ഒരു ഡോക്ടറായില്ല എന്ന് ഇനിയെങ്കിലും ആരും ചോദിക്കരുത്..). പുറംപാളിയില്ലാതെ ആ പാറ്റ ഡിഷിലെ വെള്ളത്തിലൂടെ പിടഞ്ഞു പിടഞ്ഞു നീന്തുന്നത് ഒന്നു കണ്ടതേയുള്ളൂ. പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു.ലാബിനു പുറത്തേയ്ക്ക്. പിന്നെ കുറേക്കാലത്തേയ്ക്ക് കണ്ണടച്ചാല്‍ സ്വപ്നത്തില്‍ വരുന്നതൊക്കെ ആ പാവം പാറ്റയായിരുന്നു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ശരിക്കും വിഷമമുണ്ട്. എത്രയോ നല്ല നല്ല സ്വപ്നങ്ങള്‍ കാണാമായിരുന്ന മധുരപ്പതിനാറ്-പതിനേഴ് പ്രായമാണെന്നോ ഇങ്ങനെ പാറ്റേനേം തവളേനേം ഒക്കെ ദുസ്വപ്നം കണ്ട് തീര്‍ത്തത്. ഹെന്റെ വിധി...
അടുത്ത ധൂമകേതു കെമിസ്ട്രി ലാബായിരുന്നു. ഏതു സുന്ദരമായ റോസാപ്പൂവിന്റെയും കൂടെ അതിന്റെ മുള്ളുമുണ്ടാകും എന്നു പറയുന്നതു പോലെയാണ് ഈ കെമിസ്ട്രീടെ കാര്യം. എനിക്കിഷ്ടമുള്ള വിഷയമാണ് ഫിസിക്സ്. ഏതൊക്കെ വഴിക്കു നോക്കിയാലും അതിന്റെ കൂടെ ഒഴിയാബാധ പോലെ ഈ കെമിസ്ട്രിയുമുണ്ടാകും. അതില്‍ ഒരു സംഭവമുണ്ട്. ഓര്‍ഗാനിക് കെമിസ്ട്രി. തേനീച്ചയുടെ അറ പോലെ കുറെ രൂപങ്ങള്‍ അതില്‍ കുറെ കാര്‍ബണും ഹൈഡ്രജനും. ഇതിനെയൊക്കെ അങ്ങോട്ടുമിങ്ങോട്ടും കണക്ട് ചെയ്യിച്ചിട്ട് നമ്മക്കെന്താ ഗുണം എന്ന് ഒരു പിടിയും കിട്ടാത്തതു കൊണ്ട് ഞാന്‍ കെമിസ്ട്രിയെ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത വിഷയമായി പ്രഖ്യാപിച്ചു. ഇതിലെ ഏറ്റവും വലിയ വിരോധാഭാസം എന്താണെന്നു വച്ചാല്‍ സ്കൂളിലും കോളേജിലുമൊക്കെ എനിക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്കു കിട്ടുന്ന വിഷയമാണിത്. ദൈവത്തിന്റെ ഓരോ പരീക്ഷണങ്ങള്‍... അല്ലാതെന്ത്!! ഈ കെമിസ്ട്രി ലാബിലെ ഒരു ചടങ്ങാണ് സാള്‍ട്ട് കണ്ടു പിടിക്കുക എന്നത്. മൂക്കിപ്പൊടി പോലെ കുറച്ചു പൊടി തരും. മണത്തോ കത്തിച്ചോ എന്തിലെങ്കിലുമൊക്കെ കലക്കിയോ എന്നു വേണ്ട മനുഷ്യസാധ്യമായ എന്തു വിദ്യ പ്രയോഗിച്ചും ആ പൊടി എന്താണെന്നു കണ്ടു പിടിക്കണം. വീട്ടില്‍ അടുക്കളയിലെ ഏതു പൊടിയും നക്കി നോക്കി മാത്രം തിരിച്ചറിയുന്ന എന്നെപോലുള്ളവര്‍ക്ക് വല്യ അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഒരു പരിപാടിയാണിത്. അതിന്റെ ആദ്യത്തെ ലാബാണ് സന്ദര്‍ഭം. ഞാനെന്തൊക്കെ ചെയ്തിട്ടും പൊടി പിടി തരുന്നില്ല. യാതൊരവശ്യവുമില്ലാതെ ഈ ബോറ് വിഷയം പഠിക്കുന്ന കലിപ്പിന്റെ കൂടെ പൊടീടെ അഹങ്കാരവും ഇങ്ങനെയൊരു വിഷയം കണ്ടു പിടിച്ചയാളെ വെടിവച്ചു കൊന്നാലോ എന്ന ഒരിക്കലും നടക്കാത്ത ആഗ്രഹവും ഒക്കെ കൂടിയായപ്പോള്‍ എനിക്കു സഹിക്കാന്‍ പറ്റീല്ല. ഏവം വിധം കുട്ടികളെല്ലാം ലാബും കഴിഞ്ഞ് പോയിട്ടും ഞാനവിടെ നിന്ന് പൊടിഗവേഷണത്തിലായിരുന്നു - വിങ്ങിപ്പൊട്ടി കരഞ്ഞു കൊണ്ട്.ടീച്ചര്‍ പേടിച്ചു പോയി. കരയാനും ചിരിക്കാനും ഞാനങ്ങനെ സമയോം കാലോമൊന്നും നോക്കാറില്ലെന്ന് ടീച്ചറിനറിയില്ലല്ലോ. വേഗം അടുത്തു വിളിച്ചിരുത്തി ആശ്വസിപ്പിച്ചു. എന്താണെന്നോ.. ഇപ്പാള്‍ ഈ സാള്‍ട്ട് കിട്ടാത്തതൊന്നും കാര്യമാക്കണ്ട..ഞാന്‍ ഭാവിയില്‍ കെമിസ്ട്രീലെ ഒരു പുലിയാകുംന്ന്. . നടന്നതു തന്നെ.. ഈ പ്രീഡിഗ്രി കഴിഞ്ഞാല്‍ പിന്നെ കെമിസ്ട്രീന്നു പറയുന്ന സാധനം കൈ കൊണ്ടു തൊടില്ലാന്ന് ശപഥം ചെയ്തിട്ടാണ് ഞാനാ ലാബില്‍ നിന്നും ഇറങ്ങിയത്.
അടുത്ത അവതാരം ബോട്ടണിയാണ്. വല്ലപ്പോഴുമൊക്കെയേ ഞാന്‍ തിയറിക്ലാസുകള്‍ക്ക് ഹാജരാവാറുള്ളൂ. അതു ബോട്ടാണീടതാണെങ്കില്‍ മിക്കപ്പോഴും ഞാന്‍ സ്വപ്നലോകത്തായിരിക്കും. ഓരോ പുല്ലിനും എത്ര ലെയറുണ്ട്, അതിന്റകത്ത് വട്ടത്തിലും ചതുരത്തിലുമൊക്കെ എന്തൊക്കെയോ സാമഗ്രികളുണ്ട് - ഇതൊക്കെയാണ് എന്നെ സംബന്ധിച്ചിടത്തോളം ബോട്ടണി. പണ്ടേ എനിക്കീ പുല്ലിനോടും പച്ചക്കറിയോടുമൊന്നും ഒരു താല്പര്യവുമില്ല. പിന്നെന്താന്നു വച്ചാല്‍, ഫിസിക്സിന്റെ കൂടെ കെമിസിട്രീടെ ഉപദ്രവമുള്ളതു പോലെ സുവോളജി പഠിക്കണമെങ്കില്‍ ഈ ബോട്ടണിയെയും സഹിക്കണം. അതു കൊണ്ടു മാത്രമാണ് ഞാന്‍ ക്ഷമിച്ചത്. ബോട്ടണീടെ ലാബില്‍ നമ്മള് പഠിക്കുന്നത് എങ്ങനെ വൃത്തിയായി പുല്ലരിയാം എന്നതാണ്. ഒരു കുഞ്ഞു പുല്‍കഷ്ണം തരും. നമ്മളതിന്റെ മുകളില്‍ നിന്ന് ഒരു ലേയര്‍ മാത്രം ബ്ലേഡുപയോഗിച്ച് വട്ടത്തില്‍ അരിഞ്ഞെടുക്കണം- ഒറ്റ ലെയര്‍ മാത്രം. എന്നിട്ട് അതിനെ സ്റ്റെയിന് ചെയ്ത് മൈക്രോസ്കോപ്പിലൂടെ നോക്കി ക്ലാസ്സില്‍ പഠിപ്പിച്ച വട്ടോം ചതുരോമൊക്കെ അതിന്റകത്തുണ്ടെന്ന് ഉറപ്പു വരുത്തണം. കഴിഞ്ഞു.. ഇത്രേയുള്ളൂ പണി. ഇതില്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി കൃത്യം ഒറ്റ ലേയര്‍ മാത്രം അരിഞ്ഞെടുക്കുക എന്നുള്ളതാണ്. എന്റെ സൂക്ഷ്മത കാരണം അത് ഒന്നുകില്‍ ചരിഞ്ഞുമുറിയും അല്ലെങ്കില്‍ ഒറ്റ വെട്ടില്‍ രണ്ടു മൂന്നു ലേയര്‍ ഒന്നിച്ചിങ്ങു പോരും. അതിനെ കളറില്‍ മുക്കി മൈക്രോസ്കോപ്പിലൂടെ കാണുമ്പോള്‍ ജീവിതം മതിയാകും. ഒരു മാതിരി കുഞ്ഞിപ്പിള്ളാര് കളറ് ചെയ്തു പഠിച്ച പോലുണ്ടാകും. വട്ടോം ചതുരോമൊന്നും വേര്‍തിരിച്ചറിയാനാകാതെ എന്തോ ഒരു രൂപം. പിന്നെ ബുക്കില്‍ കണ്ടതു വച്ച് അങ്ങു വരച്ചൊപ്പിക്കും. അങ്ങനെ ഒരുവിധത്തില്‍ രക്ഷപെട്ടു നടന്ന് അവസാനം ബോട്ടണിയുടെ പ്രാക്റ്റിക്കല്‍ എക്സാം ദിവസമായി. ഞാന്‍ പതിവു പോലെ തന്നെ പുല്ലരിയലില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സാധാരണ ലാബില്‍ മുറിച്ചു മുറിച്ച് പുല്ല് തീര്‍ന്നു പോയാല്‍ വേറെ തരും. പരീക്ഷയ്ക്ക് ആ പരിപാടിയൊന്നുമില്ല. ഉള്ളതു കൊണ്ട് തൃപ്തിപെട്ടോണം. മുറിച്ചു മുറിച്ച് എന്റെ പുല്ല് തീരാനായി.ഭാഗ്യത്തിന് ഒരു പ്രാവശ്യം മാത്രം എനിക്ക് ഒറ്റ ലേയര്‍ ആയി കിട്ടി. ഒരറ്റം മുറിഞ്ഞു പോയിരുന്നു. എന്നാലും ഒപ്പിക്കാം. പെട്ടെന്നാണ് എനിക്ക് ബോട്ടണി ലാബിനോട് പതിവില്ലാത്ത ഒരു സ്നേഹം വന്നത്. ഈ ലാബ് അവസാനത്തേതാണ്. ഇനി ബോട്ടണിയുമായി എനിക്കുള്ള ഏകബന്ധം വീട്ടിലിരുന്ന് പച്ചക്കറിയരിയുമ്പോള്‍ മാത്രമായിരിക്കും. അതിനു മുന്‍പ് ഒരു വട്ടം, ഒരൊറ്റ പ്രാവശ്യം എനിക്ക് പെര്‍ഫക്ടായ ഒരു സാംപിള്‍ എടുക്കണം. ഒരു കുഞ്ഞു കഷ്ണം പുല്ല് ബാക്കിയുണ്ട് . ഞാനതിനെ എടുത്ത് മുറിച്ചു.ശരിയാകുന്നില്ല. അപ്പഴാണ് നമ്മടെ 'ദ്രോണാചാര്യാസ് തിയറി' ഓര്‍മ്മ വന്നത്. ലക്ഷ്യം മാത്രമെ കാണാവൂ. അതായത് പുല്ലിലേക്കു നോക്കുമ്പോള്‍ അതിന്റെ അറ്റം മാത്രമെ കണ്ണില്‍ പെടാവൂ. അല്ലാതെ ചുറ്റുപാടുമുള്ള സംഭവങ്ങളും കൂടി കാണുകയാണെങ്കില്‍ മിഷന് എട്ടുനിലയില്‍ പൊട്ടും. ഞാന്‍ പുല്‍കഷ്ണം സ്ലൈഡിലെടുത്തു വച്ച് കോണ്സണ്ട്രേറ്റ് ചെയ്തു നോക്കി. എവിടെ.. അങ്ങു ദൂരെ നില്ക്കുന്ന ടീച്ചറിനെ വരെ കാണം. പതുക്കെ അദ്ദേഹത്തെ സ്ലൈഡില്‍ നിന്നും പൊക്കി എന്റെ ഇടതുകൈയിലെ ചൂണ്ടു വിരലിന്റെ അറ്റത്തു വച്ചു. എന്നിട്ട് കണ്ണിനോടടുപ്പിച്ചു പിടിച്ചു. പെര്‍ഫക്ട്. ഇപ്പോള്‍ അതിന്റെ അറ്റം മാത്രമേ കഴ്ചയുടെ പരിധിയിലുള്ളൂ. ബ്ലേഡെടുത്ത് 90 ഡിഗ്രീ ആംഗിളില്‍ പിടിച്ചു (ചരിഞ്ഞു പോവരുതല്ലോ). റെഡി.. വണ്‍... ടൂ.. ത്രീ.. ആ പൊസിഷനില്‍ പുല്ലിലേക്ക് ബ്ലേഡിനെ ആഞ്ഞമര്‍ത്തി .
അങ്ങോട്ടു കയറിപ്പോയ ബ്ലേഡിന് തിരിച്ചുവരാന്‍ ഒരു ബുദ്ധിമുട്ട്. പുല്ലിനെ ഒട്ടു കാണ്മാനുമില്ല. ഞാന്‍ ബ്ലേഡിനെ ശക്തിയായി വലിച്ചെടുത്തു. ചൂണ്ടുവിരലിന്റെ അറ്റം പതുക്കെ പതുക്കെ ചുവപ്പുകളറാകാന്‍ തുടങ്ങി.-ചോര... ഞാന്‍ കാണിച്ച മണ്ടത്തരത്തിന്റെ ആഴം അപ്പോഴാണ് മനസ്സിലായത്. അങ്ങോട്ട് തറച്ചു കയറ്റിയ ബ്ലേഡിന് പുല്ലെന്നോ എന്റെ വിരലെന്നോ ഒരു തിരിച്ചുവ്യത്യാസവുമുണ്ടായിരുന്നില്ല. പുതുപുത്തനായിരുന്നതു കൊണ്ട് നല്ല മൂര്‍ച്ചയുമുണ്ടായിരുന്നു. എന്റെ വിരലിന്റെ പകുതിയോളം കയറിയിട്ടാണ് അതു നിന്നത്. ചോരയ്ക്കാണെങ്കില്‍ നില്ക്കാന് ഒരുദ്ദേശ്യവുമില്ല. ആരെങ്കിലും കണ്ടാല്‍ എന്തു സമാധാനം പറയുംന്നാലോചിച്ചിട്ടാണെങ്കില്‍ അതിലേറെ വിഷമം. പതുക്കെ കൈ ചുരുട്ടിപ്പിടിച്ചു. എന്നിട്ട് പേപ്പറില്‍ എഴുത്തും വരയും തുടങ്ങി. അതിന് തല്ക്കാലം ഇടതുകൈയുടെ ആവശ്യമില്ലല്ലോ.ഒരു വിധത്തില്‍ എല്ലാം എഴുതിക്കഴിഞ്ഞ് പേപ്പറില്‍ നൂലുകെട്ടാന്‍ തുടങ്ങിയപ്പോഴാണ് ഇടതുകൈയുടെ മഹത്വം മനസ്സിലായത്. അതിന്റെ സഹായമില്ലാതെ ഇക്കാര്യം നടക്കില്ല. കുറെ തല പുകച്ചിട്ടും ഒരു വഴിയും കിട്ടാത്തതു കൊണ്ട് അവസാനം പേപ്പറും നൂലും ഒക്കെയെടുത്ത് ചുരുട്ടിപ്പിടിച്ച കൈപ്പത്തി ഒരു വിധത്തില്‍ ഒളിപ്പിച്ച് പിടിച്ച് ടീച്ചറിന്റെ അടുത്തു പോയി കാര്യം പറഞ്ഞു. എന്റെ കൈയുടെ അവസ്ഥ കണ്ട ആ ടീച്ചറുടെ ഭാവം--അതു വര്‍ണ്ണിക്കാന്‍ പറ്റില്ല. എന്തിന്.. സ്വന്തം കൈ കണ്ട് എനിക്കു പോലും തലകറങ്ങിപ്പോയി. ചുരുട്ടിപ്പിടിച്ചതു കൊണ്ട് കൈപ്പത്തി മുഴുവന്‍ ചോര ഉണങ്ങിപ്പിടച്ചിരിക്കുകയായിരുന്നു. എവിടെയാണ് മുറിവ് എന്നു കൃത്യമായി പറയാന്‍ പറ്റാത്ത അവസ്ഥ. അതൊരു കണക്കിനു നന്നായി. അബദ്ധത്തില്‍ മുറിഞ്ഞതാണെന്നും ഞാന്‍ ഹോസ്റ്റലില്‍ പോയി വേണ്ട പരിഹാരക്രിയകളൊക്കെ ചെയ്തോളാമെന്നും പറഞ്ഞ് എത്രയും പെട്ടെന്ന് അവിടുന്നു രക്ഷപെട്ടു. എങ്ങനോക്കെ ശ്രമിച്ചാലും അബദ്ധത്തില്‍ ചൂണ്ടു വിരലിന്റെ ആ സ്ഥാനത്ത് മുറിവുണ്ടാകാനുള്ള ഒരു സാധ്യതയുമില്ലല്ലോ. പിന്നെ ആ ടീച്ചര്‍ക്കു വല്ല സംശയോം തോന്നി ചോദ്യം ചെയ്താല്‍ പാവം ദ്രോണാചാര്യര്‍ക്കു വരെ പേരുദോഷമുണ്ടായേനേ..
വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ആ മുറിവിന്റെ പാട് ഇപ്പോഴും വിരലിലുണ്ട്. അതിലേക്കൊന്നു നോക്കിയാല്‍ മതി- ആ പഴയ പാറ്റയും തവളയും വെള്ളക്കളറുള്ള സാള്‍ട്ടുകളും പല ടൈപ്പ് പുല്ലുകളും ഒക്കെ വരിവരിയായി മനസ്സിലൂടെ കടന്നു പോകും. ഒരിക്കലും മറക്കാന്‍ കഴിയാത്തത് എന്നൊക്കെ എല്ലാരും വിശേഷിപ്പിക്കുന്ന പ്രീഡിഗ്രീ കാലഘട്ടത്തെ പറ്റി എനിക്കിത്രയുമൊക്കെയെ ഓര്‍ക്കാനുള്ളൂ എന്ന ഒരു കുഞ്ഞു ദുഖവും..
Sunday, March 23, 2008
എന്റെ കണ്ണൂര്‍..
"നിങ്ങള്ടെ ഒരു സഹപാഠി ബസില്‍ നിന്നു വീണ് രണ്ടു ദിവസമായി ആശുപത്രിയിലാണ്. അത് ഇവിടെ എത്രപേര്‍ക്കറിയാം?" എല്ലാവരും കൈ പൊക്കി.
"എന്നിട്ട് എത്ര പേര് അവിടെ പോയി ആ കുട്ടിയെ കണ്ടു?" ഒരു കൈ പോലും ഉയര്‍ന്നില്ല.പോയികാണേണ്ട ആവശ്യമുണ്ടെന്ന് ഞങ്ങള്‍ക്കാര്‍ക്കും തോന്നിയിരുന്നില്ല എന്നതാണ് സത്യം.
"നിങ്ങളിലൊരാളാണ് ആ കുട്ടിയും. എന്നിട്ടും അവിടെ വരെ പോയി ആ കുട്ടിയെ ആശ്വസിപ്പിക്കണമെന്ന് ഒരാള്‍ക്കു പോലും തോന്നിയില്ലല്ലോ. ആദ്യം പഠിക്കേണ്ടത് നല്ല മനുഷ്യരാവാനാണ്. അതു കഴിഞ്ഞു മതി കണക്കും സയന്‍സുമൊക്കെ.." ദേഷ്യം കൊണ്ട് കൂടുതല്‍ പറയാനാവാതെ ചോക്കും വലിച്ചെറിഞ്ഞ് മാഷ് ക്ലാസില്‍ നിന്നിറങ്ങിപ്പോയി.
അത്രയും ദേഷ്യപ്പെട്ട് മാഷിനെ കാണുന്നത് ആദ്യമായിട്ടായിരുന്നു. മാപ്പുപറഞ്ഞ് തിരിച്ചു വിളിക്കാനുള്ള ധൈര്യം പോലും ആര്‍ക്കുമുണ്ടായിരുന്നില്ല. എന്തായാലും അന്നു വൈകുന്നേരം ഏകദേശം അന്‍പതിലേറെ കുട്ടികള്‍ ഗവണ്‍മെന്റാശുപത്രിയിലെത്തി.ഒരുമിച്ച് കടത്തിവിടാത്തതു കൊണ്ട് ചെറിയ ചെറിയ ഗ്രൂപ്പുകളായി പോയി കൂട്ടുകാരിയെ കണ്ടു.സ്കൂളിലെ കാര്യങ്ങളൊക്കെ സംസാരിച്ചു. ആബ്സന്റായ ദിവസങ്ങളിലെ നോട്സ് ഒക്കെ ഞങ്ങള്‍ എല്ലാരും കൂടി എഴുതിക്കൊടുക്കാം എന്നുറപ്പും കൊടുത്തു. പിറ്റേ ദിവസം സ്റ്റാഫ്റൂമില്‍ പോയി മാഷിനോടു മാപ്പുപറയാന്‍ ആര്‍ക്കും ഒരു ധൈര്യക്കുറവുമില്ലായിരുന്നു. ഞങ്ങള്‍ടെ തെറ്റു തിരുത്തിയല്ലോ. അതു മാത്രമല്ല , എല്ലാവരും മാഷു പറഞ്ഞ പോലെ തന്നെ നല്ല മനുഷ്യരാവുകയും ചെയ്തു. പിന്നെന്താ പേടിക്കാന്‍..
ഈ സംഭവം ഇപ്പോഴും മായാതെ മനസ്സില്‍ കിടക്കുന്നതു കൊണ്ടാവാം, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ വാര്‍ത്തകള്‍ കാണാന്‍ പോലും എനിക്കു ഭയമാണ്. കൊന്നവനാ കൊല്ലപ്പെട്ടവനോ വെട്ടിയവനോ വെട്ടേറ്റവനോ എന്റെ ആ പഴയ സഹപാഠികളിലൊരാളായിരിക്കാം. നല്ല മനുഷ്യനായി മാറി എന്ന അഭിമാനത്തോടെ അന്നു മാഷിന്റെ മുന്പില് നിന്ന ഒരുവന് ഇപ്പോള്‍ പിശാചായി മാറിയെന്ന വാര്‍ത്ത -അതു താങ്ങാന്‍ കഴിയില്ല.
ഇത് അപരിചിതര്‍ തമ്മിലുള്ള പോരാട്ടമല്ല.
ഒരുമിച്ചു കളിച്ചു വളര്‍ന്നവര്‍..
സ്വാതന്ത്ര്യദിനത്തിന്റെ അന്ന് വട്ടത്തിലിരുന്ന് എല്ലാവരുടെയും വീട്ടില്‍ നിന്നു കൊണ്ടുവന്ന ഭക്ഷണം നടുക്കു വച്ച് ഒരേ പാത്രത്തില്‍ നിന്നു കഴിച്ച് പന്തിഭോജനം നടത്തിയവര്‍..
ഒരേ മനസായി സ്കൂള്‍ പരിസരം വൃത്തിയാക്കി സേവനദിനം ആചരിച്ചവര്‍..
കൈയൊടിഞ്ഞ് എഴുതാന്‍ കഴിയാതിരിക്കുന്ന സഹപാഠിക്ക് ഊഴമിട്ട് നോട്സ് എഴുതിക്കൊടുത്തവര്‍..
എങ്ങാനും സ്കൂളില്‍ നിന്നിറങ്ങാന്‍ വൈകിയാല്‍ ഒറ്റയ്ക്കു വിടതെ കൂട്ടു വന്നിരുന്ന സഹോദരതുല്യര്‍..
അതായിരുന്നു ഞങ്ങള്‍. മതമോ രാഷ്ട്രീയമോ ഞങ്ങള്‍ക്കിടയിലില്ലായിരുന്നു.
എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. വെള്ളിയാഴ്ച ദിവസം ഞങ്ങള്‍ടെ ക്ലാസിലെ മുസ്ലീം കുട്ടികള്‍ക്ക് പള്ളിയില്‍ പോകണമായിരുന്നു. ഒരിക്കല്‍ പോലുമാവശ്യപ്പെട്ടിട്ടില്ലെങ്കിലും ആ കുട്ടികള്‍ പോയി വരുന്നതു വരെ ഞങ്ങള്‍ക്ക് ക്ലാസ്സെടുക്കില്ലായിരുന്നു.കാരണം അത്രയും സമയത്തെ ക്ലാസ്സ് അവര്‍ക്കു നഷ്ടപ്പെടരുതെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആ സമയം വെറുതെ കളയാതിരിക്കാന്‍ വേണ്ടി അവര്‍ വരുന്നതു വരെയുള്ള സമയത്ത് ഞങ്ങള്‍ പത്രപാരായണം നടത്തും. അതേ പോലെ തന്നെ അമ്പലത്തില്‍ ഉത്സവത്തിന്റെ കൊടിയേറ്റിനും. പരസ്പരം വിശ്വാസങ്ങളെ സഹിഷ്ണുതയോടെ ആദരിച്ച കുട്ടികളായിരുന്നു ഞങ്ങള്‍. ആ സമയത്ത് നാട്ടില്‍ കൊലപാതകങ്ങളെപറ്റി കേള്‍ക്കുമ്പോള്‍ ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ഞങ്ങളെല്ലാവരും വിഷമിച്ചിരുന്നു. തോളില്‍ കയ്യിട്ടു നടന്നവനെ കൊല്ലാന്‍ തോന്നിക്കുന്ന ഒരു വിശ്വാസപ്രമാണവും ഞങ്ങള്‍ക്കു മനസ്സിലായിരുന്നില്ല. എന്തായാലും ഒന്നുറപ്പായിരുന്നു. ഈ ക്രൂരതകളൊക്കെ അവസാനിക്കും. ഇനിയത്തെ തലമുറ ഞങ്ങളുടേതാണ്. പരസ്പരം കൊല്ലാന്‍ പോട്ടെ വെറുതേ ഒന്നുപദ്രവിക്കാന്‍ പോലും ഞങ്ങള്‍ക്കാവില്ല. കാരണം മാഷു പറഞ്ഞതു പോലെ, ഞങ്ങളെല്ലവരും നല്ല മനുഷ്യരാണല്ലോ..
ഇന്നിപ്പോള്‍ ഓരോ ദിവസവും രാഷ്ട്രീയകൊലപാതകവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഒന്നു മനസ്സിലാകുന്നു. തലമുറ മാറിമറിഞ്ഞിട്ടും ഇത്തരം ക്രൂരതകള്‍ക്ക് ഒരു കുറവുമില്ല. മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും മാത്രം പഠിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് എപ്പഴോ അപകടകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു . നല്ല മനുഷ്യരാകാന്‍ പഠിപ്പിക്കുന്ന അധ്യാപകനെ തന്നെ തുണ്ടുതുണ്ടായി വെട്ടിക്കൊല്ലുന്നു. ഉറ്റചങ്ങാതിയെ പതിയിരുന്ന് ആക്രമിക്കുന്നു. നിറഞ്ഞ സ്നേഹത്തോടെ തനിക്കും കൂടി ഭക്ഷണം കൊടുത്തുവിട്ടിരുന്ന കൂട്ടുകാരന്റെ അമ്മയെ സ്വന്തം മകന്റെ കൊലപാതകത്തിന് ദൃക്സാക്ഷിയാക്കുന്നു. ഒറ്റയ്ക്കു വിട്ടാല്‍ ആരെങ്കിലും ഉപദ്രവിച്ചാലോ എന്നു പേടിച്ച് കൂട്ടു പോയിരുന്ന പെണ്‍കുട്ടികളെ അവരുടെ പ്രിയപ്പെട്ടവരെ കൊന്നൊടുക്കികൊണ്ട് കണ്ണീരിലേക്കു തള്ളിവിടുന്നു. വിശ്വാസങ്ങളുടെ പേരില്‍ ഒരുപാടു ജീവിതങ്ങള്‍ തകര്‍ത്തെറിയുന്നു.
വിശ്വാസപ്രമാണങ്ങള്‍ക്ക് ജീവനേക്കാള്‍ വിലകല്‍പ്പിക്കുന്ന ജനത; ഇവിടെ വിശ്വാസങ്ങള്‍ വികാരങ്ങളും വികാരങ്ങള്‍ വിക്ഷോഭങ്ങളുമാകുന്നു -എന്നു കണ്ണൂരിനെ വിശേഷിപ്പിച്ചു കേട്ടിട്ടുണ്ട്.
എന്റെ സുഹൃത്തുക്കളേ, വിശ്വാസത്തില്‍ നിന്നും വിക്ഷോഭത്തിലേക്കുള്ള ആ മനംമാറ്റത്തിനിടയില്‍ ഒരിക്കലെങ്കിലും ഒന്നു ശാന്തമായി ചിന്തിക്കൂ. മറ്റുള്ളവരുടെ വിശ്വാസങ്ങളെ ആദരിക്കാനല്ലേ നമ്മള് ശീലിച്ചിരുന്നുള്ളൂ. ജീവിതത്തേക്കാള്‍ വലുതാണോ കൊല്ലാനും ചാവാനും തോന്നിപ്പിക്കുന്ന ഈ വിശ്വാസപ്രമാണങ്ങള്‍? ചോരയില്‍ കുതിര്‍ന്ന് ഉയര്‍ന്നു പറക്കുന്ന കൊടികള്‍ക്കപ്പുറം എന്നെന്നേക്കുമായി കണ്ണീരില്‍ മുങ്ങുന്ന ജീവിതങ്ങളുണ്ട്. കൊന്നവനും മരിച്ചവനും ജീവിതം സമര്‍പ്പിച്ച കൊടിയുടെ നിറം എന്തായാലും രണ്ടു കൂട്ടരുടെയും പ്രിയപ്പെട്ടവരുടെ കണ്ണുനീരിന് ഒരെ നിറമാണ്. ഓരോ തവണയും നാട്ടില്‍ ഇത്തരം കൊലപാതകപരമ്പരകള്‍ നടക്കുമ്പോള്‍ വീട്ടുകാര്‍ക്കൊന്നും പറ്റിയിട്ടില്ലാ എന്നോര്‍ത്ത് ആശ്വസിക്കാന്‍ ശ്രമിക്കുന്ന എന്നെപോലുള്ള അനേകായിരം ജനങ്ങളുണ്ടിവിടെ. നിങ്ങളില്‍ ആര് ആരെ വെട്ടിയാലും മുറിവേല്‍ക്കുന്നത് ഞങ്ങളുടെ, നമ്മുടെ നാടിന്റെ സമാധാനത്തിനാണ്.അതുകൊണ്ട് ആരാണ് തുടങ്ങി വച്ചതെന്നോ ആരാണ് ഈ വിദ്വേഷത്തെ വളര്‍ത്തി വലുതാക്കിയതെന്നോ ഉള്ള കണക്കെടുപ്പിലേക്കു പോകാതെ, ലാഭനഷ്ടങ്ങളെ പറ്റി ചിന്തിക്കാതെ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി ഈ നാടിനു വേണ്ടി ദയവു ചെയ്ത് ഇത്തരം ക്രൂരതകള്‍ നിര്‍ത്തണം . വിശ്വാസപ്രമാണങ്ങള്‍ നിങ്ങളുടെ സ്വബോധത്തെ കീഴടക്കുന്നതിനു മുന്‍പ് സമാധാനപൂര്‍ണ്ണമായ ഒരു നല്ല നാളെയെ സ്വപ്നം കണ്ട് കഴിഞ്ഞിരുന്ന നമ്മുടെ ആ പഴയ കാലം ഓര്‍ത്തെങ്കിലും..