Sunday, March 23, 2008

എന്റെ കണ്ണൂര്‍..

ഏഴിലോ എട്ടിലോ പഠിക്കുന്ന കാലം. കണക്കുമാഷ്‌ ക്ലാസ്സിലേക്ക്‌ കയറിവന്നത്‌ പതിവില്ലാത്ത ഗൗരവത്തോടെയായിരുന്നു.

"നിങ്ങള്‍ടെ ഒരു സഹപാഠി ബസില്‍ നിന്നു വീണ്‌ രണ്ടു ദിവസമായി ആശുപത്രിയിലാണ്‌. അത്‌ ഇവിടെ എത്രപേര്‍ക്കറിയാം?" എല്ലാവരും കൈ പൊക്കി.

"എന്നിട്ട്‌ എത്ര പേര്‍ അവിടെ പോയി ആ കുട്ടിയെ കണ്ടു?" ഒരു കൈ പോലും ഉയര്‍ന്നില്ല.പോയികാണേണ്ട ആവശ്യമുണ്ടെന്ന്‌ ഞങ്ങള്‍ക്കാര്‍ക്കും തോന്നിയിരുന്നില്ല എന്നതാണ്‌ സത്യം.

"നിങ്ങളിലൊരാളാണ്‌ ആ കുട്ടിയും. എന്നിട്ടും അവിടെ വരെ പോയി ആ കുട്ടിയെ ആശ്വസിപ്പിക്കണമെന്ന്‌ ഒരാള്‍ക്കു പോലും തോന്നിയില്ലല്ലോ. ആദ്യം പഠിക്കേണ്ടത്‌ നല്ല മനുഷ്യരാവാനാണ്‌. അതു കഴിഞ്ഞു മതി കണക്കും സയന്‍സുമൊക്കെ.." ദേഷ്യം കൊണ്ട്‌ കൂടുതല്‍ പറയാനാവാതെ ചോക്കും വലിച്ചെറിഞ്ഞ്‌ മാഷ്‌ ക്ലാസില്‍ നിന്നിറങ്ങിപ്പോയി.

അത്രയും ദേഷ്യപ്പെട്ട്‌ മാഷിനെ കാണുന്നത്‌ ആദ്യമായിട്ടായിരുന്നു. മാപ്പുപറഞ്ഞ്‌ തിരിച്ചു വിളിക്കാനുള്ള ധൈര്യം പോലും ആര്‍ക്കുമുണ്ടായിരുന്നില്ല. എന്തായാലും അന്നു വൈകുന്നേരം ഏകദേശം അന്‍പതിലേറെ കുട്ടികള്‍ ഗവണ്‍മെന്റാശുപത്രിയിലെത്തി.ഒരുമിച്ച്‌ കടത്തിവിടാത്തതു കൊണ്ട്‌ ചെറിയ ചെറിയ ഗ്രൂപ്പുകളായി പോയി കൂട്ടുകാരിയെ കണ്ടു.സ്കൂളിലെ കാര്യങ്ങളൊക്കെ സംസാരിച്ചു. ആബ്സന്റായ ദിവസങ്ങളിലെ നോട്സ്‌ ഒക്കെ ഞങ്ങള്‍ എല്ലാരും കൂടി എഴുതിക്കൊടുക്കാം എന്നുറപ്പും കൊടുത്തു. പിറ്റേ ദിവസം സ്റ്റാഫ്‌റൂമില്‍ പോയി മാഷിനോടു മാപ്പുപറയാന്‍ ആര്‍ക്കും ഒരു ധൈര്യക്കുറവുമില്ലായിരുന്നു. ഞങ്ങള്‍ടെ തെറ്റു തിരുത്തിയല്ലോ. അതു മാത്രമല്ല , എല്ലാവരും മാഷു പറഞ്ഞ പോലെ തന്നെ നല്ല മനുഷ്യരാവുകയും ചെയ്തു. പിന്നെന്താ പേടിക്കാന്‍..

ഈ സംഭവം ഇപ്പോഴും മായാതെ മന‍സ്സില്‍ കിടക്കുന്നതു കൊണ്ടാവാം, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ വാര്‍‍ത്തകള്‍‍ കാണാന്‍ പോലും എനിക്കു ഭയമാണ്‌. കൊന്നവനാ കൊല്ലപ്പെട്ടവനോ വെട്ടിയവനോ വെട്ടേറ്റവനോ എന്റെ ആ പഴയ സഹപാഠികളിലൊരാളായിരിക്കാം. നല്ല മനുഷ്യനായി മാറി എന്ന അഭിമാനത്തോടെ അന്നു മാഷിന്റെ മുന്‍പില്‍ നിന്ന ഒരുവന്‍ ഇപ്പോള്‍ പിശാചായി മാറിയെന്ന വാര്‍ത്ത -അതു താങ്ങാന്‍ കഴിയില്ല.

ഇത്‌ അപരിചിതര്‍ തമ്മിലുള്ള പോരാട്ടമല്ല.

ഒരുമിച്ചു കളിച്ചു വളര്‍ന്നവര്‍..

സ്വാതന്ത്ര്യദിനത്തിന്റെ അന്ന്‌ വട്ടത്തിലിരുന്ന്‌ എല്ലാവരുടെയും വീട്ടില്‍ നിന്നു കൊണ്ടുവന്ന ഭക്ഷണം നടുക്കു വച്ച്‌ ഒരേ പാത്രത്തില്‍ നിന്നു കഴിച്ച്‌ പന്തിഭോജനം നടത്തിയവര്‍..

ഒരേ മനസായി സ്കൂള്‍ പരിസരം വൃത്തിയാക്കി സേവനദിനം ആചരിച്ചവര്‍..

കൈയൊടിഞ്ഞ്‌ എഴുതാന്‍ കഴിയാതിരിക്കുന്ന സഹപാഠിക്ക്‌ ഊഴമിട്ട്‌ നോട്സ്‌ എഴുതിക്കൊടുത്തവര്‍..

എങ്ങാനും സ്കൂളില്‍ നിന്നിറങ്ങാന്‍ വൈകിയാല്‍ ഒറ്റയ്ക്കു വിടതെ കൂട്ടു വന്നിരുന്ന സഹോദരതുല്യര്‍..
അതായിരുന്നു ഞങ്ങള്‍. മതമോ രാഷ്ട്രീയമോ ഞങ്ങള്‍ക്കിടയിലില്ലായിരുന്നു.

എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്‌. വെള്ളിയാഴ്ച ദിവസം ഞങ്ങള്‍ടെ ക്ലാസിലെ മുസ്ലീം കുട്ടികള്‍ക്ക്‌ പള്ളിയില്‍ പോകണമായിരുന്നു. ഒരിക്കല്‍ പോലുമാവശ്യപ്പെട്ടിട്ടില്ലെങ്കിലും ആ കുട്ടികള്‍ പോയി വരുന്നതു വരെ ഞങ്ങള്‍ക്ക്‌ ക്ലാസ്സെടുക്കില്ലായിരുന്നു.കാരണം അത്രയും സമയത്തെ ക്ലാസ്സ്‌ അവര്‍ക്കു നഷ്ടപ്പെടരുതെന്ന്‌ ഞങ്ങള്‍ക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു. ആ സമയം വെറുതെ കളയാതിരിക്കാന്‍ വേണ്ടി അവര്‍ വരുന്നതു വരെയുള്ള സമയത്ത്‌ ഞങ്ങള്‍ പത്രപാരായണം നടത്തും. അതേ പോലെ തന്നെ അമ്പലത്തില്‍ ഉത്സവത്തിന്റെ കൊടിയേറ്റിനും. പരസ്പരം വിശ്വാസങ്ങളെ സഹിഷ്ണുതയോടെ ആദരിച്ച കുട്ടികളായിരുന്നു ഞങ്ങള്‍. ആ സമയത്ത്‌ നാട്ടില്‍ കൊലപാതകങ്ങളെപറ്റി കേള്‍ക്കുമ്പോള്‍ ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ഞങ്ങളെല്ലാവരും വിഷമിച്ചിരുന്നു. തോളില്‍ കയ്യിട്ടു നടന്നവനെ കൊല്ലാന്‍ തോന്നിക്കുന്ന ഒരു വിശ്വാസപ്രമാണവും ഞങ്ങള്‍ക്കു മനസ്സിലായിരുന്നില്ല. എന്തായാലും ഒന്നുറപ്പായിരുന്നു. ഈ ക്രൂരതകളൊക്കെ അവസാനിക്കും. ഇനിയത്തെ തലമുറ ഞങ്ങളുടേതാണ്‌. പരസ്പരം കൊല്ലാന്‍ പോട്ടെ വെറുതേ ഒന്നുപദ്രവിക്കാന്‍ പോലും ഞങ്ങള്‍ക്കാവില്ല. കാരണം മാഷു പറഞ്ഞതു പോലെ, ഞങ്ങളെല്ലവരും നല്ല മനുഷ്യരാണല്ലോ..

ഇന്നിപ്പോള്‍ ഓരോ ദിവസവും രാഷ്ട്രീയകൊലപാതകവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഒന്നു മനസ്സിലാകുന്നു. തലമുറ മാറിമറിഞ്ഞിട്ടും ഇത്തരം ക്രൂരതകള്‍ക്ക്‌ ഒരു കുറവുമില്ല. മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും മാത്രം പഠിച്ചു വളര്‍ന്ന കുട്ടികള്‍ക്ക്‌ എപ്പഴോ അപകടകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു . നല്ല മനുഷ്യരാകാന്‍ പഠിപ്പിക്കുന്ന അധ്യാപകനെ തന്നെ തുണ്ടുതുണ്ടായി വെട്ടിക്കൊല്ലുന്നു. ഉറ്റചങ്ങാതിയെ പതിയിരുന്ന്‌ ആക്രമിക്കുന്നു. നിറഞ്ഞ സ്നേഹത്തോടെ തനിക്കും കൂടി ഭക്ഷണം കൊടുത്തുവിട്ടിരുന്ന കൂട്ടുകാരന്റെ അമ്മയെ സ്വന്തം മകന്റെ കൊലപാതകത്തിന്‌ ദൃക്‌സാക്ഷിയാക്കുന്നു. ഒറ്റയ്ക്കു വിട്ടാല്‍ ആരെങ്കിലും ഉപദ്രവിച്ചാലോ എന്നു പേടിച്ച്‌ കൂട്ടു പോയിരുന്ന പെണ്‍കുട്ടികളെ അവരുടെ പ്രിയപ്പെട്ടവരെ കൊന്നൊടുക്കികൊണ്ട്‌ കണ്ണീരിലേക്കു തള്ളിവിടുന്നു. വിശ്വാസങ്ങളുടെ പേരില്‍ ഒരുപാടു ജീവിതങ്ങള്‍ തകര്‍ത്തെറിയുന്നു.

വിശ്വാസപ്രമാണങ്ങള്‍ക്ക്‌ ജീവനേക്കാള്‍ വിലകല്‍പ്പിക്കുന്ന ജനത; ഇവിടെ വിശ്വാസങ്ങള്‍ വികാരങ്ങളും വികാരങ്ങള്‍ വിക്ഷോഭങ്ങളുമാകുന്നു -എന്നു കണ്ണൂരിനെ വിശേഷിപ്പിച്ചു കേട്ടിട്ടുണ്ട്‌.

എന്റെ സുഹൃത്തുക്കളേ, വിശ്വാസത്തില്‍ നിന്നും വിക്ഷോഭത്തിലേക്കുള്ള ആ മനംമാറ്റത്തിനിടയില്‍ ഒരിക്കലെങ്കിലും ഒന്നു ശാന്തമായി ചിന്തിക്കൂ. മറ്റുള്ളവരുടെ വിശ്വാസങ്ങളെ ആദരിക്കാനല്ലേ നമ്മള്‍ ശീലിച്ചിരുന്നുള്ളൂ. ജീവിതത്തേക്കാള്‍ വലുതാണോ കൊല്ലാനും ചാവാനും തോന്നിപ്പിക്കുന്ന ഈ വിശ്വാസപ്രമാണങ്ങള്‍? ചോരയില്‍ കുതിര്‍ന്ന്‌ ഉയര്‍ന്നു പറക്കുന്ന കൊടികള്‍ക്കപ്പുറം എന്നെന്നേക്കുമായി കണ്ണീരില്‍ മുങ്ങുന്ന ജീവിതങ്ങളുണ്ട്‌. കൊന്നവനും മരിച്ചവനും ജീവിതം സമര്‍പ്പിച്ച കൊടിയുടെ നിറം എന്തായാലും രണ്ടു കൂട്ടരുടെയും പ്രിയപ്പെട്ടവരുടെ കണ്ണുനീരിന്‌ ഒരെ നിറമാണ്‌. ഓരോ തവണയും നാട്ടില്‍ ഇത്തരം കൊലപാതകപരമ്പരകള്‍ നടക്കുമ്പോള്‍ വീട്ടുകാര്‍ക്കൊന്നും പറ്റിയിട്ടില്ലാ എന്നോര്‍ത്ത്‌ ആശ്വസിക്കാന്‍ ശ്രമിക്കുന്ന എന്നെപോലുള്ള അനേകായിരം ജനങ്ങളുണ്ടിവിടെ. നിങ്ങളില്‍ ആര്‌ ആരെ വെട്ടിയാലും മുറിവേല്‍ക്കുന്നത്‌ ഞങ്ങളുടെ, നമ്മുടെ നാടിന്റെ സമാധാനത്തിനാണ്‌.അതുകൊണ്ട്‌ ആരാണ്‌ തുടങ്ങി വച്ചതെന്നോ ആരാണ്‌ ഈ വിദ്വേഷത്തെ വളര്‍ത്തി വലുതാക്കിയതെന്നോ ഉള്ള കണക്കെടുപ്പിലേക്കു പോകാതെ, ലാഭനഷ്ടങ്ങളെ പറ്റി ചിന്തിക്കാതെ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി ഈ നാടിനു വേണ്ടി ദയവു ചെയ്ത്‌ ഇത്തരം ക്രൂരതകള്‍ നിര്‍ത്തണം . വിശ്വാസപ്രമാണങ്ങള്‍ നിങ്ങളുടെ സ്വബോധത്തെ കീഴടക്കുന്നതിനു മുന്‍പ്‌ സമാധാനപൂര്‍ണ്ണമായ ഒരു നല്ല നാളെയെ സ്വപ്നം കണ്ട്‌ കഴിഞ്ഞിരുന്ന നമ്മുടെ ആ പഴയ കാലം ഓര്‍ത്തെങ്കിലും..

69 comments:

  1. കൊച്ചുത്രേസ്യ said...

    വിശ്വാസപ്രമാണങ്ങള്‍ക്ക്‌ ജീവനേക്കാള്‍ വിലകല്‍പ്പിക്കുന്ന ജനത; ഇവിടെ വിശ്വാസങ്ങള്‍ വികാരങ്ങളും വികാരങ്ങള്‍ വിക്ഷോഭങ്ങളുമാകുന്നു..

  2. Viswaprabha said...

    കൊച്ചുത്രേസ്യേ,

    ഈ ഒരു പോസ്റ്റ് എഴുതിക്കഴിഞ്ഞതോടെ കൊച്ചുത്രേസ്യ ഒട്ടും കൊച്ചല്ലാതെയായി.

    ഉള്ളില്‍നിന്നൂറിവരുന്ന ആത്മാര്‍ത്ഥതയുടെ, സഹാനുഭൂതിയുടെ, വിവേകത്തിന്റെ ഈ വാക്കുകള്‍ക്ക് പ്രണാമം!

  3. യരലവ~yaraLava said...

    “......ഇപ്പോള്‍ പിശാചായി മാറിയെന്ന.....”,

    ത്രേസ്യ പിശാചിനെ ചീത്ത പറയരുത്, ഞാനാണു പിശാച് , ഞാന്‍ നല്ലവനാ , എന്റെ പേരും പറഞ്ഞ് നിങ്ങളുടെ ചെയ്തികള്‍ക്ക് നിറം പകരരുത്,നിങ്ങളെല്ലാം സ്വാഭാവികമായും ജന്മനാ തന്നെ നല്ല മനുഷ്യരായല്ലെ ജനിച്ചതു, ഞാനും അതെ.. പ്ലീസ് എന്നെ നാണംകെടുത്തല്ലേ..

  4. വിന്‍സ് said...

    കൊച്ചു ത്രേസ്യേ...വളരെ നന്നായി കേട്ടോ.

  5. Haree said...

    നന്നായി എഴുതിയിരിക്കുന്നു.
    പക്ഷെ, അന്നത്തെ കുട്ടികളല്ലേ ഇന്നത്തെ പൌരന്മാരായി ഈ പേക്കൂത്തുകളാ‍ടുന്നത്? എവിടെയാണ് മാറ്റം സംഭവിച്ചത്? കൂട്ടുകാരന്‍ ഏതു മതക്കാരനാണെങ്കിലും ഉണ്ടായിരുന്ന സഹാനുഭൂതിയും, അനുകമ്പയും, സ്നേഹവുമൊക്കെ എവിടെയാണ് കൈമോശം വന്നത്? എന്തുകോണ്ടാണ് അങ്ങിനെയൊരു മാറ്റം സംഭവിച്ചത്? ഇതൊക്കെയും തേടി കണ്ടെത്തേണ്ട ഉത്തരങ്ങളാണെന്നു തോന്നുന്നു.
    --

  6. പാമരന്‍ said...

    ഈ നോവ്‌ ഞാനും പങ്കു വെക്കുന്നു...

  7. എതിരന്‍ കതിരവന്‍ said...

    കൊച്ചുത്രേസ്യ:
    ഞാന്‍ ഇക്കാര്യം ഒരു കഥയായി എഴുതാന്‍ ആലോചിച്ചിരുന്നു. അന്യോന്യം കൊന്നവര്‍ ഹിന്ദുക്കളാണ്. അന്നു രാവിലെ അവര്‍ ഒരേ അമ്പലത്തില്‍ നിന്നും ഒരേ ദൈവത്തെ പ്രാര്‍ത്ഥിച്ചിട്ട് ഒരേ പൂജാരിയില്‍ നിന്നും പ്രസാദവും വാങ്ങിച്ചിറങ്ങിയവര്‍ (യഥാര്‍ത്ഥത്തില്‍ ദൈവവിശ്വാസികളല്ലെങ്കിലും , കഥയ്ക്കു വേണ്ടി)
    ഉച്ചകഴിഞ്ഞ് വീശിയ ഒരു കാറ്റിന്റെ ആവേശത്താല്‍ അന്യോന്യം വെട്ടി കൊല്ലുന്നതായ ഒരു കഥ.

    ഏറെ അദ്ഭുതപ്പെടുത്തുന്നതും എന്നെ ദേഷ്യം കൊള്ളിയ്ക്കുന്നതും ആയ സംഗതി നാട്ടിലെ “സാംസ്കാരിക നായകന്മാര്“‍, സാഹിത്യകാരന്മാര്‍ ഉള്‍പ്പെടെ ഒട്ടും പ്രതികരിക്കാതിരിക്കുന്നതാണ്. അത്തരത്തിലൊരു ‘നായക’നുമായി ഈയിടെ സംസാരിക്കാനിടയായി. “അതങ്ങനെയൊക്കെ നടക്കും” എന്നൊക്കെയെ അദ്ദേഹത്തിനു പറയാനുണ്ടായിരുന്നുള്ളു!

    പട്ടാളത്തെ ഇറക്കി എല്ലാത്തിനേം പിടിച്ച് അകത്താക്കാതിരിക്കുന്നത് നേതാക്കന്മാരുടെ ആവശ്യമാണ്.

  8. അല്ഫോന്‍സക്കുട്ടി said...

    അണ്ണാറക്കുഞ്ഞനും തന്നാല്ലായത്. നന്നായി കൊച്ചുത്രേസ്യ, പ്രതികരിക്കണം, ശക്തമായി തന്നെ പ്രതികരിക്കണം ഈ ആക്രമങ്ങള്‍ക്കെതിരെ. നമ്മുടെ നാട് നമ്മളല്ലാണ്ട് ആരാ നന്നാക്കാ?

  9. Priya Venugopal said...

    കണ്ണൂരുകാരെല്ലാം വളരെ നിഷ്ക്കളങ്കരാണെന്നു കേട്ടിട്ടുണ്ട്.. എല്ലാ‍കാര്യങ്ങളിലും ആത്മാര്‍ത്ഥതയുള്ള അവറ് രാഷ്ട്രീയം എന്ന വിഷയത്തിലേക്കു വരുമ്പോള്‍ മാത്രം പിശാചുക്കളായി മാറുന്നു... ചാവേറുകളാവാന്‍.. അവരെ അങ്ങനെ ആക്കുന്ന യഥാറ്ത്ഥകള്ളന്മാരെ എല്ലാവരും വെറുതെ വിടുന്നു...ഇതു കലാലയ രാഷ്ട്രീയത്തിന്റെ കാര്യം പറയുന്നതു പോലെത്തന്നെയല്ലേ...ആവോ!

    പിന്നെ..‘സാംസ്കാരികനായക‘ന്മാരുടെ കാര്യം... അവറ്ക്കു നേരിട്ടറിയുന്ന വിഷയങ്ങളേക്കുറിച്ചല്ലേ അവറ്ക്കു പ്രസംഗിക്കാന്‍ കഴിയൂ... ഇറാഖ് യുദ്ധത്തേപറ്റിയോ സദ്ദാമിന്റെ ദാരുണമായ അന്ത്യത്തേപറ്റിയോ പാലസ്തീന്‍-ഇസ്രായേല്‍ കലാപത്തേപറ്റിയോ ചോദിക്കൂ....അവറ് വാചാലരാകും... പലരും കേരളത്തേപ്പറ്റി ഇനിയും പഠിച്ചു കഴിഞ്ഞട്ടില്ലാ.. പിന്നേ, ഈ സറ്ക്കാരും ഇനി വരുന്ന സറ്കാരുകളും ‘സാംസക്കരികനായക‘പ്പട്ടം നല്‍കി ആദരിക്കണമെങ്കില്‍...മിണ്ടാതിരിക്കുന്നതല്ലേ മാഷേ ‘ബുത്തി’!!!

    കൊച്ചുത്രേസ്യയുടെ ചുരുക്കം ലേഖനങ്ങളേ വായിച്ചിട്ടുള്ളൂ.. ഇത് ഈയാഴ്ച്ചത്തേയ്ക്കായി...നന്ദി...

  10. അങ്കിള്‍ said...

    വേറിട്ട്‌ ചിന്തിക്കുന്ന കണ്ണൂര്‍ക്കാരി കൊച്ചേ, അഭിനന്ദനങ്ങള്‍.

  11. Rejinpadmanabhan said...

    നന്നായി , വളരെ ഗൌരവമുള്ള ഒരു കാര്യം
    നന്നായി എഴുതി.നന്മയുള്ള എഴുത്തായിരുന്നു.

  12. അനില്‍ശ്രീ... said...

    കൊച്ചു ത്രേസ്യാ,

    ഒരു കണ്ണൂരുകാരിയില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന തരത്തിലുള്ള നല്ല ലേഖനം.

    തെക്കന്‍ കേരളത്തില്‍ ഇരുന്നു നോക്കുന്നവര്‍ പറയും ..ഓ, അതങ്ങ് കണ്ണൂരല്ലേ നടക്കുന്നത്, നമുക്കെന്താ... എന്ന്. അതാണ് ഇന്നത്തെ കണ്ണൂരിന്റെ അവസ്ഥ. കണ്ണൂര്‍ കൊലപാതകങ്ങള്‍ ഇപ്പോള്‍ മറ്റുള്ളവര്‍ക്ക് ഒരു സാധാരണ സംഭവം പോലെയായി. പക്ഷേ വിങ്ങുന്ന കണ്ണൂരിന്റെ മനസ്സ് കണ്ണൂരുകാര്‍ക്ക് അറിയാമല്ലോ. അത് ഇത്ര തീവ്രമായി മനസ്സിലേക്ക് എത്തിച്ചതിന് അഭിനന്ദനങ്ങള്‍.

    ഇവിടെ ഞങ്ങളുടെ ഇടയില്‍ എല്ലാവരുമുണ്ട്. പാറശാലക്കാരനായാലും, മഞ്ചേശ്വരത്തുള്ളവനായാലും ഞങ്ങള്‍ക്ക് അവന്‍ മലയാളിയാണ്. അവന്റെ ദു:ഖം മലയാളികളുടെ ദു:ഖമാണ്. (എല്ലാവര്‍ക്കും ആ ഫീലിങ് ഉണ്ടോ എന്നറിയില്ല, പക്ഷേ ഭൂരിപക്ഷവും അങ്ങനെ ചിന്തിക്കുന്നവര്‍ ആണെന്ന് വിശ്വസിക്കാനാനെനിക്കിഷ്ടം). അപ്പോള്‍ കണ്ണൂരില്‍ വീഴുന്ന ഒരോ തുള്ളി കണ്ണുനീരും ഈ മലയാളികളുടെ മനസ്സില്‍ ഒരു പോറല്‍ ഏല്പ്പിക്കാതിരിക്കില്ല.

    എന്നെങ്കിലും ഇതിനൊക്കെ ഒരു അറുതി ഉണ്ടാകുമോ? ആഗ്രഹിക്കാനല്ലാതെ, അത് നടപ്പില്‍ വരുന്നത് ഈ ജന്മത്ത് കാണാന്‍ കഴിയുമോ? അത് രാഷ്ട്രീയക്കാരും മതനേതാക്കളും തീരുമാനിക്കണം, അല്ലാതെ ജനങ്ങള്‍ക്ക് അതിനെതിരെ ഒന്നും ചെയ്യാനാവില്ലല്ലോ. അതല്ലേ ഇന്നത്തെ സ്ഥിതി?

    കുട്ടിക്കുരങ്ങന്‍‌മാരെ കൊണ്ട് ചോറു വാരിക്കുന്ന നേതാക്കന്മാര്‍ക്കും, മതത്തിന്റെ പേരില്‍ അക്രമം അഴിച്ചു വിടുന്ന വിഷവിത്തുകള്‍ക്കും അതിനു താല്പര്യം കാണില്ലല്ലോ. അവര്‍ക്ക് അവരുടേതായ വിജയം അല്ലേ ആവശ്യം....

    ഇതൊന്നും വായിക്കാനോ മനസ്സിലാക്കാനോ ത്രേസ്യയുടെ ആ കണ്ണൂര്‍ "സഹപാഠികള്‍ക്ക് " താല്പര്യം കാണില്ല എന്നറിയാമെങ്കിലും, അവര്‍ എന്നെങ്കിലും ഇതൊന്നു കണ്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു കൊണ്ട്, ഒരിക്കല്‍ കൂടി ഇങ്ങനെ ഒരു ലേഖനം എഴുതിയതിന് അഭിനന്ദനങ്ങള്‍? ...

  13. G.MANU said...

    കുഞ്ഞേയിതു കണ്ണൂര്‍ ഇടനെഞ്ചിന്‍
    കൊഴിയും ചുടുകണ്ണീര്‍
    തുടലുപറിച്ച നരാധമ സംസ്കൃതി
    പിടയും ചുടുവെണ്ണീര്‍..

    ഒരു കവിതയ്ക്കുള്ള പണിപ്പുരയില്‍ ആയിരുന്നു കുറെനാളായി..പക്ഷെ ഈ പോസ്റ്റിലെ ആദ്യഭാഗം വായിച്ചപ്പോ അതുപേക്ഷിച്ചു..

    മനസില്‍ തട്ടിയ പോസ്റ്റ് ത്രേസ്സ്യേ

  14. അഭിലാഷങ്ങള്‍ said...

    ഈ ലേഖനം കൂടുതല്‍ ഹൃദയസ്പര്‍ശിയായി തോന്നുന്നു.

    അത് എനിക്ക് രാഷ്ട്രീയമില്ലാത്തതുകൊണ്ടോ കൊലപാതകരാഷ്ട്രീയത്തിനെതിരായുള്ള ലേഖനങ്ങള്‍ ഇഷ്ടപ്പെടുന്നതു കൊണ്ടോ മാത്രമല്ല; അത് ഞാന്‍ കണ്ണൂര്‍കാരനായതുകൊണ്ടോ ത്രേസ്യ നന്നായി എഴുതിയിരിക്കുന്നത് കൊണ്ടോ മാത്രമല്ല; മറിച്ച്, സുഹൃത്തുക്കള്‍ ഈ രീതിയില്‍ നഷ്ടപ്പെടുമ്പോഴുള്ള വേദന എന്തെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ടും കൊല്ലപ്പെട്ടവന്റെ കുടുമ്പം പിന്നീട് എങ്ങിനെ ജീവിക്കുന്നു എന്ന ചോദ്യത്തിനുത്തരമായി ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങള്‍ എന്റെ സമീപത്തുള്ളത്കൊണ്ടും കൂടിയാണ്.

    പണ്ട് കോളജില്‍ പഠിക്കുന്ന കാലത്ത് പ്രസംഗവേദികളിലൂടെയും വിവിധമാഗസിനുകളിലൂടെയും ലേഖനങ്ങളിലൂടെയും രാഷ്ട്രീയഭേതമന്യേ എല്ലാ വിദ്യാര്‍ത്ഥികളുടെയും സ്നേഹം പിടിച്ചുപറ്റിയ ഒരു വിദ്യാര്‍ത്ഥിയുണ്ടായിരുന്നു എന്റെ കോളജില്‍. ഇത്രയും ചെറുപ്പത്തില്‍ തന്നെ അസാമന്യ വിജ്ഞാനവും വാക്ക്‍ചാതുരിയും പ്രകടമാക്കിയ ആ വാഗ്മിയോടെനിക്ക് ആരാധനയായിരുന്നു. കോളജിനെ റപ്രസന്റ് ചെയ്ത് സ്ഥിരമായി ക്വിസ് പ്രോഗ്രാമിന് ഞാന്‍ പങ്കെടുക്കാറുണ്ടായിരുന്നു. ഫിസിക്സ് മൈന്‍ എടുത്ത ഞാനും ഷിബു എന്ന മറ്റൊരുകൂട്ടുകരനും കൂടി ലൈബ്രറിയില്‍ ഇരുന്ന് ഹിസ്റ്ററിബുക്കുകളും ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രവും ദിവസങ്ങളായി ഗവേഷണം നടത്തുന്നത് കണ്ട അശ്വിനി കുമാര്‍ എന്ന ആ പ്രതിഭ, “നിങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് മാറിയോ?” എന്ന് ചോദിച്ച് ഞങ്ങളുടെ അടുത്തേക്ക് വന്നു. ഓള്‍-ഇന്ത്യ-റേഡിയോയുടെ ഇന്റെര്‍ കോളജിയ്റ്റ് ക്വിസ് മത്സരത്തിന് പങ്കെടുക്കാനുള്ള ഗവേഷണമാണെന്ന് മനസ്സിലാക്കിയ അവന്‍ ഞങ്ങളുടെ ടോപ്പിക്കായ ഇന്ത്യന്‍ ഇന്റിപ്പെന്റന്‍സ് മൂവ്മെന്റ്നെപറ്റിയുള്ള ഒരുപാട് പുസ്തകങ്ങള്‍ പിറ്റേദിവസം വീട്ടില്‍ നിന്ന് കൊണ്ടുവന്നു തന്നു. അന്ന് ഞങ്ങള്‍ക്ക് ആ മത്സരത്തില്‍ സമ്മാനം ലഭിച്ചു. അതിന്റെ സന്തോഷത്തില്‍ അവന്‍ അവന്റെ ബുക്കുകളല്ലാം ഞങ്ങള്‍ക്ക് സമ്മാനമായി തന്നു. അന്ന് മുതല്‍ ഒരു നല്ല സുഹൃത്തിനെകൂടി ലഭിക്കുകയായിരുന്നു....

    കോളജില്‍ നിന്നും പുറത്തേക്ക് വളര്‍ന്ന ആ പ്രതിഭയുടെ കോരിത്തരിപ്പിക്കുന്ന പ്രസംഗങ്ങളെപറ്റി പത്രങ്ങളില്‍ വായിക്കാറുണ്ടായിരുന്നു. വര്‍ഷങ്ങള്‍ കടന്നുപോയി. ഒരിക്കല്‍ ഷാര്‍ജ്ജയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ ആദ്യസാലറിഡേയും, വീക്ക് എന്‍ഡും, പ്രമാണിച്ച് പാട്ടും കൂത്തുമായി ആഘോഷിക്കുന്ന വേളയില്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ഒരു വാര്‍ത്ത കണ്ടു. ഇരിട്ടിയില്‍ വച്ച് കോളജധ്യാപകനെ ബസ്സില്‍ വച്ച് വെട്ടിക്കൊന്നു!! കണ്ണൂര്‍ ജില്ലയില്‍ നടന്ന സംഭവം എന്ന നിലയില്‍ എന്റെ ശ്രദ്ധ ടി.വി യിലേക്ക് മാത്രമായി. മറ്റുള്ളവര്‍ “ദാ നോക്കെടാ നിന്റെ നാട്ടിലെ ‘ഹെഡ് ബോള്‍ മാച്ച്’ വീണ്ടും തുടങ്ങി“ എന്ന് പറഞ്ഞ് കളിയാക്കുമ്പോള്‍ ഞാന്‍ ആ അവിശ്വസനീയമായ സത്യം മനസ്സിലാക്കുകയായിരുന്നു. രാഷ്ട്രീയത്തിനതീതമായി ഞാന്‍ ആരാധിച്ചിരുന്ന, എന്റെ പഴയ സുഹൃത്ത്, വളര്‍ന്നുവരുന്ന ആ പ്രതിഭയെയാണ് ബസ്സില്‍ വച്ച് വെട്ടിനുറുക്കിയിരിക്കുന്നത്. ഞാന്‍ അന്ന് അനുഭവിച്ച മാനസികവേദന ഈ ലേഖനം വായിക്കുന്നവര്‍ക്ക് അനുഭവിക്കാനാകുമോ എന്നെനിക്കറിയില്ല...

    വിരലിലെണ്ണാവുന്ന സാമൂഹ്യദ്രോഹികള്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ കാരണം കളങ്കപ്പെടുന്നത് ഒരു നാടിന്റെ സംസ്കാരമാണ്.

    രാഷ്ട്രീയത്തിന്റെ പേരില്‍ തച്ചുടക്കപ്പെടുന്ന ജീവിതങ്ങള്‍ ഒരു കുടുമ്പത്തിന്റെ വിളക്കായി, കാവലായി, ഏകആശ്രയമായ ആണ്‍‌തരിയായിരിക്കാം. രാഷ്ട്രീയത്തിലെ അധികാരത്തിന്റെ കസേരകളിലിരിക്കുന്ന നേതാക്കള്‍ ചമഞ്ഞ് നടക്കുന്ന ആളുകളുടെ ജല്പനകള്‍ കേട്ട് ആ വിളക്കണയ്ക്കുമ്പോള്‍ അണയുന്നത് ഒരു കുടുമ്പത്തിന്റെ മൊത്തം വെളിച്ചമാണ് എന്ന കാര്യം മനസ്സിലാക്കാന്‍ ഇവരെക്കെ എന്നാണ് ശ്രമിക്കുക? ഉത്തരം കിട്ടാത്ത ചോദ്യം......

  15. അപ്പു ആദ്യാക്ഷരി said...

    കൊച്ചുത്രേസ്യക്കൊച്ച് തീരെ “കൊച്ചല്ല“ എന്നു തെളിയിക്കുന്നു ഈ പോസ്റ്റ്. പോസ്റ്റിന്റെ തുടക്കത്തില്‍ വിവരിച്ചിരിക്കുന്ന സന്ദര്‍ഭം മനസ്സില്‍ തറച്ചു. കണ്ണൂര്‍ എന്നു കേള്‍ക്കുമ്പോള്‍ കേരളത്തിന്റെ മറ്റുഭാഗങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് അതൊരു ഭീകരസ്ഥലമായി തോന്നുമെങ്കിലും ശരിക്കും എങ്ങനെയാണ്? എനിക്ക് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരുപാടു സുഹൃത്തുക്കളുണ്ട് - കൂത്തുപറമ്പ്, മട്ടന്നൂര്‍, ഇരിട്ടി, ചൊവ്വ, കക്കാട്, പഴയങ്ങാടീ, വളപട്ടണം തുടങ്ങിയ ഭാഗങ്ങളില്‍നിന്ന്. പലപ്രാവശ്യം അവരുടെയൊക്കെ വീടുകളില്‍ പോയിട്ടുണ്ട്, താമസിച്ചിട്ടുണ്ട്. അപ്പോഴൊക്കെ എനിക്കു തോന്നിയിട്ടുണ്ട്, ഞങ്ങള്‍ തെക്കന്മാരെക്കാള്‍ എത്രയോ നല്ല ആള്‍ക്കാരാണ് ഇവിടെയുള്ളതെന്ന്. ശരിക്കും അതേ, മലയാളിയുടെ സ്വന്തമായ ഹൃദയവിശാലതയും, നല്ലമനസ്സും ഇന്നും വടക്കോട്ട്, പ്രത്യേകിച്ച് കണ്ണൂര് ഉണ്ട്. പക്ഷേ അതിനിടയ്ക്ക് എങ്ങനെ ഈ കട്ടുറുമ്പുകള്‍ കടന്നുകൂടി? രാഷ്ട്രീയലാഭങ്ങള്‍ക്കായി പാവങ്ങളെ, അണികളെ ബ്രെയിന്‍ വാഷ് ചെയ്യുന്ന നേതാക്കള്‍ അവര്‍തന്നെയാണ് ഇവിടെ കുറ്റക്കാര്‍. ഇത്രയും അക്രമങ്ങളും കൊലപാതകങ്ങളും അവിടെ നടന്നപ്പോഴും നേതാക്കളെല്ലാം പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കാനും എതിര്‍ കക്ഷികളുടെ കുറ്റമാണിതെല്ലാം എന്നു പറയാനുമല്ലേ മുതിര്‍ന്നുള്ളൂ, അവരിലെത്രപേര്‍ ഇതിനെ അപലപിച്ചു? ഈ നേതാക്കള്‍ ശരിയാകാതെ ഈ പ്രശ്നങ്ങള്‍ തീരില്ല. കണ്ണൂര്‍ ജില്ലയിലുള്ളവരില്‍ ഭൂരിഭാഗവും ഇതിലൊന്നും പെടാത്ത, നന്മ മനസ്സിലുള്ളവരാണെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു.

    ഓ.ടോ: ഒരു സംശയം കൊച്ചുത്രേസ്യേ. “എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്‌. വെള്ളിയാഴ്ച ദിവസം ഞങ്ങള്‍ടെ ക്ലാസിലെ മുസ്ലീം കുട്ടികള്‍ക്ക്‌ പള്ളിയില്‍ പോകണമായിരുന്നു. ഒരിക്കല്‍ പോലുമാവശ്യപ്പെട്ടിട്ടില്ലെങ്കിലും ആ കുട്ടികള്‍ പോയി വരുന്നതു വരെ ഞങ്ങള്‍ക്ക്‌ ക്ലാസ്സെടുക്കില്ലായിരുന്നു.കാരണം അത്രയും സമയത്തെ ക്ലാസ്സ്‌ അവര്‍ക്കു നഷ്ടപ്പെടരുതെന്ന്‌ ഞങ്ങള്‍ക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു“ കേരളത്തിലെ സ്കൂളുകള്‍ വെള്ളിയാഴച മാത്രം രാവിലെ 9:30 ന് ആരംഭിച്ച് ഉച്ചയ്ക്ക് ഒന്നരമണിക്കൂറോളം ബ്രേക്ക് ടൈം ആയല്ലേ ക്രമീകരിച്ചിരിക്കുന്നത്, ജുമാ നമസ്കാരത്തിന് സൌകര്യം ഒരുക്കാന്‍. ഞാന്‍ പഠിക്കുമ്പോള്‍ അങ്ങനെയായിരുന്നു എല്ലാ സ്കൂളുകളിലും. ഇപ്പോഴും അതങ്ങനെതന്നെയല്ലേ?

  16. നാട്ടുകാരന്‍... said...

    കൊച്ചു ത്രേസ്സ്യ ഇപ്പറഞ്ഞ കാര്യങ്ങള്‍ വളരെ ശരിയാണു..എന്റെ അനിയന്റെ കമ്പനിയിലും കുറെ കണ്ണൂരുകാര്‍ ജോലി ചെയ്യുന്നുണ്ട്‌.അതില്‍ രാഷ്ട്രീയ ചായ്‌ വുള്ളവരുടെ അമ്മമാര്‍ കണ്ണൂര്‍ രക്തക്കളമാകുമ്പോള്‍ ഞങ്ങളെ വിളിച്ചു മക്കളെ നാട്ടിലേക്കു അയക്കരുതെ എന്നു പറയാറുണ്ട്‌..ദിനവും മൂന്നും നാലും വട്ടം വിളിക്കുകയും ചെയ്യും..ഈ മാതാപിതാക്കളുടെയും സഹോദരി കളുടെയും കണ്ണീര്‍ ഈ കൊലപാതകികള്‍ കാണാറില്ലെ??അതൊ അവര്‍ മനുഷ്യര്‍ക്കു ജനിച്ചതല്ലെ എന്ന തോന്നല്‍ പലപ്പൊഴും ഞങ്ങള്‍ക്ക്‌ ഉണ്ടാകാറുണ്ട്‌..എന്റെ കയ്യില്‍ ഈ കഴിഞ്ഞ കണ്ണൂര്‍ കൊലപതകങ്ങിളില്‍ മരിച്ചവരുടെ പടങ്ങള്‍ കിട്ടി..അതു കാണുന്ന ഒരാള്‍ക്കും ഈ കൊലപാതകങ്ങള്‍ നടത്തിയവരെ മനുഷ്യരായി കാണാന്‍ പറ്റില്ല..മാതാപിതാക്കളുടെ മുന്നിലിട്ട്‌ മകനെ അല്ലെങ്കില്‍ അഛനെ കൊല്ലുമ്പൊള്‍ എന്താണു അവരുടെ വികാരം...അതുകൊണ്ടു എന്തു നേട്ടമാണുവര്‍ക്കും അവരുടെ പാര്‍ട്ടിക്കും ഉണ്ടാകുന്നത്‌??? ഈദി അമീനെയും മറ്റു സ്വേഛാധിപതികളെയും കുറ്റം പറഞ്ഞ നമ്മുടെ നാട്ടില്‍ എങ്ങിനെ ഈ രാക്ഷസര്‍ ഉടലെടുത്തു???..കൊലക്കും കൊള്ളിവെപ്പിനും പോകുന്നവര്‍ ഒരു നിമിഷം ചിന്തിക്കുക..നിങ്ങള്‍ കൊല്ലുന്ന ആളുകളുടെ പിന്‍ഗാമികളിലേക്ക്‌ നിങ്ങളുടെ മൃഗീയതയാണു നിങ്ങള്‍ കുത്തിവെക്കുന്നത്‌...നിങ്ങള്‍ സസുഖം വാഴുന്ന ഒരു നാള്‍ അവനും വരും നിങ്ങളെ തേടി..നിങ്ങളെയോ, നിങ്ങളുടെ മകനെയോ വേണ്ടപ്പെട്ടവരുടെ മുന്‍പിലിട്ട്‌...........അങ്ങിനെ ഇതൊരിക്കലും അവസാനിക്കാത്ത ഒരു താണ്ടവം ആക്കണോ?? ഈ രാക്ഷസീയത നമുക്ക്‌ നിര്‍ത്താം സഹോദരങ്ങളെ...എന്നെന്നേക്കുമായി...
    (പടങ്ങള്‍ അത്രക്കും മൃഗീയമായതു കൊണ്ടു ഇവിടെ പോസ്റ്റ്‌ ചെയ്യുന്നില്ല..വേണ്ടവര്‍ക്കു മെയില്‍ ആയി അയച്ചു തരാം)..

  17. konchals said...

    ‘വിശ്വാസപ്രമാണങ്ങള്‍ക്ക്‌ ജീവനേക്കാള്‍ വിലകല്‍പ്പിക്കുന്ന ജനത; ഇവിടെ വിശ്വാസങ്ങള്‍ വികാരങ്ങളും വികാരങ്ങള്‍ വിക്ഷോഭങ്ങളുമാകുന്നു‘


    വളരുംതോറും മനുഷ്യനിലെ മാനുഷികത മരിച്ചുപോയിക്കൊണ്ടിരിക്കുന്നു.. അതാണല്ലൊ കണ്ണൂരിലും പിന്നെ പലയിടത്തും തുടര്‍ന്നുകൊണ്ടു ഇരിക്കുന്നെ...

    നന്നയിരിക്കുന്നുപോസ്റ്റ്...

  18. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: ഈ പോസ്റ്റിന്റെ പേരു മാറ്റി “ഞങ്ങളുടെ കണ്ണൂര്‍” എന്നാക്കുവോ എന്റെ കണ്ണൂര്‍ എന്ന് ആളുകള്‍ ചിന്തിക്കുന്നതു തന്നാ ഈ തല്ലിനും വഴക്കിനും കാരണം. മതത്തിന്റെ പേരില്‍ ഇപ്പോള്‍ തല്ലും വഴക്കും ഇല്ലാ, രാഷ്ട്രീയ കൊലപാതങ്ങള്‍ മാത്രം. അതിന്റെ കാരണമെന്താന്ന് ആരോടു ചോദിച്ചാലും ഞങ്ങടെ പാര്‍ട്ടിക്കാരനെ കൊന്നതിനു പകരം എന്നേ മറുപടിയുണ്ടാവൂ. എന്നാല്‍ കൊലപാതകത്തിനു പകരം കൊലപാതകം അല്ലാതെ എന്ത് എന്ന ചോദ്യത്തിന് ഉത്തരമൊട്ട് കിട്ടുന്നില്ല. അതും അഹിംസകൊണ്ട് ഒരു സാമ്രാജ്യത്തെ അടിയറവു പറയിച്ച ഗാന്ധീടെ നാട്ടുകാര്‍ക്ക്!!!!

    ഓടോ: അഭീ, അശ്വിന്‍ കുമാര്‍ എന്റൂടെ സ്കൌട്ടിലുണ്ടായിരുന്നു(ആ സമയത്ത് ആകെ 5-6 പേര്‍ മാത്രമാ സ്കൌട്ടില്‍ 1500ഓളം പേരുള്ള സ്കൂളീന്ന്!!! ബാക്കി മൊത്തം എന്‍സിസിയില്‍(അതിനു പൊറോട്ട കിട്ടും)),

    ഡിവിഷന്‍ വേറെയാണെലും ഒരേക്ലാസ് ഒരേ സ്കൂള്‍. ഒരു നല്ല നേതാവ്, വാഗ്മി. ആ പത്രവാര്‍ത്ത പോലും വായിച്ചില്ല.. ആ പഴയ കണ്ണടയിട്ട മുഖം ഇപ്പോഴും ഓര്‍മ്മയിലുണ്ട്.
    അതു മതി എത്രയോ സുഹൃത്തുക്കള്‍ ഇപ്പോഴും എവിടെയൊക്കെയോ ജീവിച്ചിരിക്കുന്നു, നമ്മള്‍ അറിയാതെ, അങ്ങനെവിടേലും ഉണ്ടെന്ന് കരുതാം...

  19. ശ്രീ said...

    കണ്ണൂരിന്റെ അവസ്ഥ കണ്ണു നനയിയ്ക്കുന്നു. ഈ പോസ്റ്റ് നന്നായി.

  20. nandakumar said...

    പാര്‍ട്ടിയാഫീസില്‍ തലച്ചോറ് പണയം വെച്ചവര്‍ പാര്‍ട്ടിക്കുവേണ്ടി കുരുതികൊടുക്കും, സഹോദരനെ, അച്ഛനെ, കുടുംബത്തിനെയൊന്നാകെ.തലയറുത്ത കബന്ധങ്ങള്‍ നാട്ടില്‍ വീണാലും ഭരണകൂടവും, മന്ത്രിമാരും, സാംസ്ക്കാരിക നായകളും മിണ്ടാതിരിക്കും എന്നിട്ട് പാര്‍ട്ടി നേതാവിന്റെ കാറിന്റെ ചില്ലു തകരുന്‍പോള്‍ മാത്രം പ്രതികരിക്കും, പ്രസ്താവന ഇറക്കും. കൂടപ്പിറപ്പുകളെ കൊന്നൊടുക്കിയിട്ട് ഇവര്‍ ഏതു സോഷ്യലിസമാണ് നടപ്പിലാക്കുന്നത്? ഏതു രാമരാജ്യമാണ് കെട്ടിയുയര്‍ത്താന്‍ പോകുന്നത്?

    നന്നായി കൊച്ചു ത്രേസ്യേ, ഈയവസരത്തില്‍ ഇങ്ങിനെയൊരു പോസ്റ്റിന് ഏറെ പ്രസക്തിയുണ്ട്. പ്രതികരണശേഷി നഷ്ടപ്പെടാത്തവര്‍ ഇപ്പോഴുമുണ്ടല്ലോ. ആശ്വാസം.

    http://nandaparvam.blogspot.com

  21. മുസ്തഫ|musthapha said...

    ത്രേസ്യാ, ഉള്ളുരുക്കുന്ന ഈ കുറിപ്പ് വളരെ നന്നായി.

    വിശ്വാസപ്രമാണങ്ങളല്ല ഇവിടെ ജീവനെടുക്കാന്‍ പ്രേരിപ്പിക്കുന്നത്, തങ്ങളുടെ നിലനില്പിന് വേണ്ടി കരുക്കള്‍ നീക്കുന്ന രാഷ്ട്രീയ നേതാക്കാളാണ് ആയുധം കയ്യിലേക്കിട്ടു കൊടുക്കുന്നത്. ഉന്നത നേതാക്കന്മാരറിയാതെ ഏതെങ്കിലും രാഷ്ട്രീയ കൊലപാതങ്ങള്‍ നടന്നിട്ടുണ്ടോ നമ്മുടെ നാട്ടില്‍!

    എല്ലാവരും എവിടേയും സ്നേഹിക്കാനെ പഠിച്ചിട്ടുള്ളൂ, പിന്നെ എവിടെവെച്ചാണ് പഠിച്ചത് മറക്കാനും പഠിക്കാത്തത് പ്രവര്‍ത്തിക്കാനും തുടങ്ങിയത്!

  22. asdfasdf asfdasdf said...

    കൊച്ചുത്രേസ്യേ,
    സാംസ്കാരിക നായകന്മാരൊന്നും പ്രതികരിക്കാതിരുന്നിടത്ത് ഈ പ്രതികരണം വിലമതിക്കുന്നു.
    കണ്ണൂര്‍
    ചോരതെറിച്ച ഇലക്കീറുകളില്‍ ചോണനുറുമ്പരിക്കുന്നത് കാണാതെ പോകാന്‍ ആര്‍ക്കുമാവില്ല. എന്നിട്ടും ..

  23. ശാലിനി said...

    കൊച്ചേ,
    അഭിനന്ദനങ്ങള്‍, അത്ര നന്നായിട്ട് എഴുതി.

    എനിക്ക് പരിചയമുള്ള കണ്ണൂര്‍കാര്‍ എത്ര നിഷ്കളന്കരാണ്. ആ സ്ഥലത്ത് ഇത്രയും ക്രൂരരായ മനുഷ്യര്‍ ഉണ്ടാവുമോ?

    എനിക്കേറ്റവും വേദനിച്ചത്, ആ അദ്ധ്യാപകനെ കുട്ടികളുടെ കണ്മുന്നിലിട്ട് കൊന്നപ്പോഴും, പിന്നീട് ആ കൊലയാളികളെ വലിയ ജനകൂട്ടം ആര്‍പ്പുവിളികളോടെ എതിരേറ്റപ്പോഴും, ഇനിയും വേണമെന്‍കില്‍ ഞങ്ങള്‍ ഇത് ആവര്ത്തിക്കും എന്നു അവര്‍ പറഞ്ഞപ്പോള്‍ ജനം കൈയ്യടിച്ച് പ്രോത്സാഹിച്ചപ്പോഴുമാണ്.
    കമന്‍റിലൂടെ അശ്വിനികുമാറിനെ കുറിച്ച് വായിച്ചപ്പോള്‍ ഉള്ളം ഒന്നു പിടഞ്ഞു.

    കൊല്ലപ്പെട്ടവരുടെ പ്രിയപ്പെട്ടവരുടെ കണ്ണുനീരിന്‍റെ ശാപത്തില്നിന്ന് ഈ കൊലയാളികള്‍ക്ക് എവിടെപോയി ഒളിക്കാന്‍ കഴിയും. ഇവരുടെ പുറകില്‍ കളിക്കുന്ന നേതാക്കളുടെ മക്കളും പ്രിയപ്പെട്ടവരുമൊക്കെ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിയിട്ടായിരിക്കുമല്ലോ ഈ കളികള്‍. നേതാക്കളുടെ ദേഹത്തൊന്നു തൊട്ടുനോക്കൂ, അവരുടെ പ്രിയപ്പെട്ടവരെ ഒന്നു മുറിവേല്പ്പിക്കൂ, അപ്പോഴറിയും ജീവന്‍റെ വില.

    അടുത്തപ്രാവശ്യം നേതാക്കള്‍ തമ്മിലാവട്ടെ കുത്തും വെട്ടും, കുറേയെണ്ണം അങ്ങനെ തീരുമല്ലോ.

  24. 123456 said...

    ജനിച്ചതും വളര്‍ന്നതും ഒക്കെ മധ്യ (മദ്യ എന്നും പറയാം) തിരുവിതാകൂറാണെങ്കിലും എന്റെ ഏറ്റവും നല്ല നാലു സ്നേഹിതരും കണ്ണൂര്‍കാരാണ്‌. എപ്പോള്‍ അവധിക്കു വന്നാലും ഞാന്‍ കണ്ണൂരില്‍ വരും. കുറച്ചുദിവസം അടിച്ചുപൊളിച്ചു തിരികെപ്പോകും.

    എന്റെ തിയറി പ്രകാരം, "ദ മോസ്റ്റ്‌ ഡിസാസ്റ്ററസ്‌ ക്രീച്ചര്‍ ഇന്‍ ദ വേള്‍ഡ്‌ ഈസ്‌ ഹ്യൂമന്‍ ബീയിങ്ങ്സ്‌". അതിന്റെ കാരണം നമ്മുടെ തലച്ചോറാണ്‌. എന്തിനേയും, എതിനേയും "ജസ്റ്റിഫൈ" ചെയ്യുന്ന "ബ്ലഡി ഓര്‍ഗന്‍".

  25. The Common Man | പ്രാരബ്ധം said...

    തെക്കന്‍ കേരളീയരേക്കാള്‍ നല്ല മനുഷ്യരാണു വടക്കന്‍മാര്‍ എന്നാണു അനുഭവം. എന്നിട്ടും...

    പ്രത്യയശാസ്ത്രമെന്നാല്‍ ഒരു പാര്‍ട്ടി മാത്രമാണെന്നും, ദൈവവിശ്വാസമെന്നാല്‍ ഒരു മതം/സമുദായം മാത്രമാണെന്നുമുള്ള വിചാരം നിലനില്‍ക്കുന്നിടത്തോളം, ഇതൊക്കെ പ്രതീക്ഷിച്ചേ പറ്റൂ...

  26. കണ്ണൂരാന്‍ - KANNURAN said...

    കൊച്ചു ത്രേസ്യ എല്ലാം പറഞ്ഞിരിക്കുന്നു.. കുഴപ്പങ്ങള്‍ കണ്ണൂരില്‍ എല്ലായിടത്തും ഇല്ല, പ്രധാനമായും തലശ്ശേരി താലൂക്കിലെ ചില പ്രദേശങ്ങളില്‍ മാത്രമേ ഉള്ളൂ. അതുകൊണ്ടു കുഴപ്പം പിടിച്ച സ്ഥലം കണ്ണൂരെന്ന് മൊത്തത്തില്‍ മുദ്രകുത്തുന്നതു തന്നെ ശരിയല്ല.പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്നവര്‍ തീരുമാനിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങള്‍ മാത്രമെ ഇവിടെ ഉള്ളുവെന്ന് ഇപ്പൊ തന്നെ തെളിഞ്ഞില്ലെ. പ്രതിപട്ടികയില്‍ ആദ്യം ചേര്‍ക്കേണ്ടത് ഈ നേതാക്കന്‍മാരാണ്.

  27. Mary said...

    pandu, entrance selection kitty option kodukkan TVM poyappol ente thottu munnilathe ranku karane kandu...nadevida ennu chodichappol avan madichu madichu "KANNUR" ennu paranjathum , bakki ellarum koode ayyo vachathum onnicharunnu...

    annu thamasha mattil eduthenkilum, innu sankadamanu...

    Kannur mathram alla..Rashtriya karkku nettangal undakkan vendi nadathunna nadakangal aanu ellam ennu aarum enthey manassilakkathathu?

    Harthal dinathil ammaye achane bharthavine nashtapetta ethrayo per! harthal nirodikkan ethelum rashtriya party sammathikkumo!

    "mattullavarde sankadam kandu kannu nirayunna manassu undakunnathanu ettavum valya punyam" ennanu nammal padichittullathu...ennittum nammalokke enthe ingane?

  28. Aadityan said...

    blog vaikkarundu malayalathil type cheyyan oru confidence ellathathinnal comment cheyathathanu.

    Regarding Kannoor do you honesly think its all because of people who are blindly following political views? I dont think so.Evide jeevitha chilavu dinam parthi koodunna kalathu (IT karkku matramalle athinne kurichu botheration ellathullu) ethinokke nadakkan etra perkku samayam undu? Unless its not financially benificial? So all these activities might be funded by their political god fathers (ethil politics ella ellarum kanakka).So its more of a proffesion now.(I belive)

    Blog nanakunnundu.all the best

  29. Riaz Hassan said...

    Zindagi maut na ban jaaye, sambhaalo yaaron...
    Kho raha chain-o-aman, Kho raha chain-o-aman...
    Haan, mushkilon mein hai watan..Mushkilon mein hai watan..
    Sarfaroshi ki shama dil mein jala lo yaaron.....

    whn i read the post i just remember this song from "SARFAROSH ". NOthing more to say..me also a telicherian..(thalashery)

  30. കൊച്ചുത്രേസ്യ said...

    പ്രതികരണം അറിയിച്ച എല്ലാവര്‍ക്കും നന്ദി. മനസ്സില്‍ തോന്നുന്ന സങ്കടവും അമര്‍ഷവും ആശങ്കയും
    മുഴുവന്‍ പകര്‍ത്തിവയ്ക്കാനായോ എന്നു സംശയമുണ്ട്‌. ഈ കൊലപാതകപരമ്പരയുടെ തുടക്കം അനേഷിച്ചു നടക്കുന്ന പഠനങ്ങള്‍ ചെന്നെത്തി നില്‍ക്കുന്നത്‌ ചാവേര്‍ സംസ്കാരത്തിലെക്കും പൊയ്ത്തിലേക്കുമൊക്കെയാണ്‌. എനിക്കറിയെണ്ടത്‌ അതൊന്നുമല്ല. തുടക്കം എവിടെയുമാകട്ടെ.എങ്ങനെയാണ്‌ സമാധാനം കൈവരിക്കാന്‍ പറ്റുക? നല്ല മനസ്സോടെ ജീവിക്കുന്ന കുട്ടികളില്‍ എങ്ങനെയാണ്‌/ആരാണ്‌ ഇത്ര ശക്തിയോടെ വിഷം കുത്തിവെയ്ക്കുന്നത്‌. ധനലാഭമോ മറ്റെന്തെങ്കിലും നേട്ടങ്ങളോ ഒന്നും ഇതില്‍ നിന്നു ഈ പാവങ്ങള്‍ക്കു കിട്ടാനില്ല. ഇതറിഞ്ഞിട്ടും ഈ ക്രൂരതയ്ക്ക്‌ സജ്ജരാകാന്‍ മാത്രം എന്തു മായാജാലമാണിവിടെ പ്രയോഗിക്കപ്പെടുന്നത്‌!! ഇതിനെ തടയാന്‍ വഴികളൊന്നുമില്ലേ..ഇതിനെപറ്റി പഠനങ്ങള്‍ നടന്നിട്ടുണ്ടോ!!'ഞങ്ങളല്ല അവരാണ്‌ തുടങ്ങിയതെന്നു തെളിയിക്കാനുള്ള കണക്കു നിരത്തലുകള്‍ കാണുമ്പോള്‍ പേടിയാണ്‌. അതിലെവിടെയെങ്കിലും തീര്‍ക്കാതെ വിട്ടുപോയ ഏതെങ്കിലും കണക്ക്‌ കണ്ണില്‍പെട്ടാലോ.. അടുത്ത ചോരക്കളിക്ക്‌ തുടക്കമിടാന്‍ അതു ധാരാളം മതി.

    അപ്പൂ എല്ലാ സര്‍ക്കാര്‍സ്കൂളുകളിലും വെള്ളിയാഴ്ച പഠനസമയത്തില്‍ മാറ്റമുണ്ടെന്നാണ്‌ തോന്നുന്നത്‌. ഞങ്ങളുടെ സ്കൂളിന്‌ കുറച്ചകലെയായിരുന്നു പള്ളി. മുസ്ലീം കുട്ടികള്‍ക്ക്‌ ഉച്ചയ്ക്ക്‌ ഊണും കഴിഞ്ഞ്‌ പ്രാര്‍ത്ഥനയും നടത്തി വരാന്‍ മിക്കപ്പോഴും ആ ഒന്നരമണിക്കൂര്‍ കൊണ്ടു പറ്റാറില്ലായിരുന്നു.

    കണ്ണൂരാനേ ശരിയാണ്‌. കണ്ണൂരിന്റെ ചില സ്ഥലങ്ങളില്‍ മാത്രമേ ഇത്തരം അക്രമങ്ങളുള്ളൂ. എന്നു കരുതി ആശ്വസിച്ചിരിക്കാന്‍ പറ്റില്ലാല്ലോ.. ഒരുതരത്തിലല്ലെങ്കില്‍ ഈ സ്ഥലങ്ങളുമായി നമുക്കെല്ലാവര്‍ക്കും ബന്ധമുണ്ട്‌.കണ്ണൂര്‍ ജില്ലയില്‍ എവിടെ അക്രമം നടന്നാലും ജില്ല മുഴുവനുള്ള ജനജീവിതം സ്തംഭിക്കാറില്ലേ.കടകളും വ്യാപാരസ്ഥാപനങ്ങളും അടയാറില്ലേ. അക്രമ സ്ഥലത്തു നിന്ന്‌ എത്ര ദൂരെയാണെങ്കിലും അതു സ്വന്തം സ്ഥലത്തേക്കു പടരില്ല എന്ന ഉറപ്പ്‌ നമുക്കാര്‍ക്കെങ്കിലുമുണ്ടോ. ഇരിട്ടിയില്‍ ഒരു കൊലപാതകം നടന്ന്‌ അടുത്ത ദിവസം തന്നെ എനിക്ക്‌ അവിടെ പോവേണ്ട ആവശ്യമുണ്ടായിരുന്നു. അവിടെയുള്ള ബന്ധുക്കള്‍ തന്നെ എന്നെ തടഞ്ഞു. ആ കൊലപാതകത്തിന്റെ പ്രതികാരം എതു നിമിഷവുമുണ്ടായേക്കും. അതു കഴിഞ്ഞിട്ടു വന്നാല്‍ മതി എന്നും പറഞ്ഞ്‌.ലാന്‍ഡ്‌മൈനുകള്‍ പോലെയാണ്‌ കണ്ണൂരിലെ അക്രമങ്ങള്‍. എപ്പോള്‍ പൊട്ടിത്തെറിക്കുമെന്ന്‌ ആര്‍ക്കും പ്രവചിക്കാനാവില്ല. അത്‌ ആസൂത്രണം ചെയ്യുന്നവര്‍ക്കൊഴികെ..

  31. ലേഖാവിജയ് said...

    കുറേനാളായി ഈ വഴി വന്നിട്ട്.ചിരിച്ചതിന്റെയൊക്കെ ഈ പോസ്റ്റില്‍ തീര്‍ത്തു.ഓരോ കൊലപാതക പരമ്പരക്കും ശേഷം സര്‍വകക്ഷി സമ്മേളനങ്ങളും ശാന്തിയാത്രകളുമൊക്കെ പതിവുപോലെ..എന്താ പ്രയോജനം?കണ്ണൂരില്‍ സമാധാനം പുലരട്ടെ എന്നു ഏതൊരാളേയും പോലെ പ്രാര്‍ത്ഥിക്കാം.

  32. Aadityan said...

    one more comment.Eee situationu arra sharikkkum utaravadikkal.Nammal thanne alle.padikkunna kalathu diciplined students ayyi classum tution um entrance um okkeyyyi nadanna nammal orikkallengilum padikkunna schoolino collegino vendi enthengilum cheithithundo? (cheithavarundengil kashamikkukaa.ennikariyunna mikkavarum njaanadakkam cheithitilla) so naturally unsocila elements avide kayarikkudunnu. atalle satyam?nammal mikkavarum students politics moshapetta oru kariyam annenuu karuthi athil ninnum mari ndannavaralle.nall reetiliyi upayogichaal management, team work, co ordinating work, leadership qualities,communication skills thudangi eppozhathe management enadassukaal manasillakkanulla etthavum nalloru opportunity ayirunnille athu?veruthe alochichu poyathanu.kutham parayunatinenna pole alochikunnathinum mudakkonnum ellalo alle !!!

  33. അപ്പു ആദ്യാക്ഷരി said...

    യുവാക്കള്‍ക്കും യുവതികള്‍ക്കും സൈനിക സേവനം നിര്‍ബന്ധമാക്കിയാല്‍ ദേശസ്നേഹവും ദേശഭക്തിയും കൂടുമോ? അങ്ങനെയെങ്കില്‍ മത, രാഷ്ട്രീയ, വികാരങ്ങള്‍ക്കതീതരായ, ദേശബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടൂക്കാന്‍ സാധിക്കില്ലേ? നമ്മുടേതുപോലെ ജനസംഖ്യയുള്ള ഒരു രാജ്യത്ത് അത് പ്രായോഗികമല്ലായിരിക്കാമെങ്കില്‍ കൂടി!

  34. Unknown said...

    കൊച്ചുത്രേസ്യേ,

    നല്ല ലേഖനം. പറയാനുള്ളതു് ഏറെയാണു്. അതുകൊണ്ടു് ഒന്നും പറയുന്നില്ല.

  35. തോന്ന്യാസി said...

    കൊച്ചുത്രേസ്യാ, പോസ്റ്റ് നന്നായിരിക്കുന്നു , ഇന്ന് എന്റെ സുഹൃത്ത് കുറച്ച് ഫോട്ടോകള്‍ അയച്ചു തന്നു,അതിന്റെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല....

    ഇതൊക്കെ വായിച്ച് നമ്മള്‍ കുറേപ്പേര്‍ സങ്കടപ്പെടുന്നു, കുറേപ്പേര്‍ സഹതപിക്കുന്നു, പക്ഷേ ഒരു കൂട്ടം തെണ്ടിപ്പരിഷകള്‍ കണക്കെടുപ്പു നടത്തുകയായിരിക്കും, തിരിച്ചടിക്കുള്ള സമയവും സന്ദര്‍ഭവും കുറിക്കുന്ന തിരക്കിലായിരിക്കും...അവരുടെ മക്കള്‍ വിദേശ രാജ്യങ്ങളിലെ പട്ടുമെത്തകളില്‍ സുഷുപ്തിയിലായിരിക്കും, നഷ്ടം... അവരുടെ കണക്കില്‍ വരുന്നതേയില്ല..

    ഒരിലക്ഷന്‍ കാലത്ത് രാത്രി 11 മണിക്ക് കുത്തേറ്റ പ്രവര്‍ത്തകന്‍ 1 മണിയോടെ രക്തസാക്ഷിയായി,പുലര്‍ച്ചെ 5 മണിക്ക് മുന്‍പേ മലപ്പുറം ജില്ലയുടെ മുക്കിലും മൂലയിലും ആദരാഞ്ജലികള്‍ എന്നെഴുതിയ പോസ്റ്ററുകള്‍ അച്ചടിപ്പിച്ച് ഒട്ടിച്ച് ആ മരണത്തെ ഇലക്ഷന്‍ മാര്‍ക്കറ്റിംഗിന് ഉപയോഗിച്ചത് നേരിട്ടറിഞ്ഞതാണ്, അന്ന് കുത്തു കിട്ടിയ വിവരമറിഞ്ഞ പാര്‍ട്ടിയിലെ ഉന്നതന്‍ ചോദിച്ചത് സ്കോപ്പുണ്ടോ എന്നായിരുന്നുവത്രെ, ജീവന്‍ തിരിച്ചു കിട്ടാനല്ല, ഒരു രക്തസാക്ഷിയെ കൂടെ കിട്ടാനുള്ള സ്കോപ്.

  36. Kaithamullu said...

    -ധാര്‍മികരോഷം പങ്ക് വയ്ക്കുനന്നു!

  37. Anonymous said...

    സ്കൂളില്‍ പഠിക്കുന്ന കാലത്തു മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന മത / രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോള്‍ വിചാരിക്കാറുണ്ടായിരുന്നു, നമ്മുടെ കേരളത്തില്‍ ഇതൊന്നും ഉണ്ടാവില്ലെന്ന് ... ഇപ്പൊ നമ്മള്‍ മറ്റു സംസ്ഥാനക്കാരെ കടത്തി വെട്ടാന്‍ തുടങ്ങിയിരിക്കുന്നു :(

    തോന്ന്യാസി പറഞ്ഞ ചിത്രങ്ങള്‍ ഞാനും കണ്ടിരുന്നു. ഭീകരം! എങ്ങനെ ഇങ്ങനെ ചെയ്യാന്‍ കഴിയുന്നു? എന്ത് വിശ്വാസങ്ങളുടെ പേരിലായാലും?

  38. ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

    സന്തോഷത്തിന്റെ സമാധാനത്തിന്റെ ഒരു പുലരിപിറക്കും
    പക്ഷെ അതിന്‍ മുന്‍പ്‌ മനുഷ്യ മനസ്സില്‍ മനുഷ്യത്വം പിറക്കണമെന്നു മാത്രം
    നമുക്ക്‌ നമ്മളില്‍ നിന്നു തുടങ്ങാം....

  39. ഭ്രാന്തനച്ചൂസ് said...

    കൊച്ച് വായില്‍ വലിയ വാക്കുകള്‍..............
    ഈ നോവില്‍ ഈ കൊച്ച് പ്രധിഷേധത്തില്‍ ഞാനും പങ്ക് ചേരുന്നു.

  40. Unknown said...

    Though a novice here this touching posting compells me to comment, pardon me for my english. As a fellow human being I can't differ from the points and emotions raised here.

    I have no party, no politics and away from all dirty religious minds. Each death, each injury has an impact on me too just like you all.

    I do condemn these barbaric acts but I love the people of Kannoor(RSS/CPM or any other party)for their amazing sincerity and courage to submit themselves for their ideologies. "Vishwasa pramanangalku jeevanekkaal vila kalpikkuna janatha" Just for this simple reason i will love you always.

  41. 123456 said...

    ത്രേസ്യാമ്മച്ചി,

    എണ്റ്റെ അഭിപ്രായത്തില്‍ നാട്ടിലെ പോലീസിനെ ഇവിടെ അമേരിക്കയിലെ പോലീസിനെപ്പോലെ ആക്കിയാല്‍ മതി. മൊത്തത്തില്‍ ഇന്‍ഡിപെന്‍ഡണ്റ്റ്‌. പിന്നെ ഇപ്പോള്‍ ഉപയോഗിക്കുന്ന പൊട്ട .൩൦൩ റൈഫിളിനു പകരം ഓരോ എ.അര്‍.൧൫ അല്ലെങ്കില്‍ എം-൪ സെമൈ-ഓട്ടൊമാറ്റിക്‌ തോക്കും കൊടുക്കണം. വെട്ടാന്‍ നടക്കുന്ന ഒരു ൧൦ എണ്ണത്തിനെ നടു റൊഡില്‍ ഇട്ടു വെടിവെച്ചു കൊന്നു കഴിയുമ്പോള്‍ കൊല്ലുന്നതിനു മുന്‍പേ മിക്കവരും ഒന്നൂടെ ചിന്തിക്കും. വെറുതെയാണോ പബ്ളിക്‌ ഹാങ്ങിംഗ്‌ ഉണ്ടായിരുന്ന കാലത്ത്‌ ആള്‍ക്കാര്‍ക്ക്‌ പേടി ഉണ്ടായിരുന്നത്‌.

  42. ദിലീപ് വിശ്വനാഥ് said...

    വളരെ നല്ല ലേഖനം. മനുഷ്യജീവന്റെ വിലയേയും അവന്റെ വിശ്വാസപ്രമാണങ്ങളേയും താരതമ്യം ചെയ്യുമ്പോള്‍ വിശ്വാസപ്രമാണങ്ങള്‍ക്ക് കൂടുതല്‍ മൂല്യം തോന്നുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ ഉണ്ടാവുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മനുഷ്യനെ മൃഗമാക്കി വളര്‍ത്തിയെടുക്കുന്ന ഇന്നത്തെ രാഷ്ട്രീയ തന്ത്രങ്ങളുടെ ഇരകളാണ് ഇവര്‍.

  43. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    വിശ്വാസപ്രമാണങ്ങളുടെ മൂല്ല്യത്തിനിതില്‍ പങ്കില്ല. മറിച്ച് നിസ്സഹായതയെ മുതലെടുക്കുന്ന വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ബാക്കിപത്രമാണെല്ലാം.

  44. ഭൂമിപുത്രി said...

    കൊച്ചുത്രേസ്യയുടെ ഈ ഉള്ളുരക്കം പങ്കുവെയ്ക്കുന്നവരാകും കണ്ണൂരില്‍ അധികവും എന്നാണെന്റെ തോന്നല്‍-ഒരു നീശ്ശബ്ദ ഭൂരിപക്ഷം-അവറ്ക്കാണ്‍ ഈ ചോരക്കൊതി ശമിപ്പിയ്ക്കാനായി എന്തെങ്കിലു ചെയ്യാന്‍ കഴിയുക.
    അതോ അതിനൊക്കെയിറങ്ങാനുള്ള ധൈര്യവും
    ആറ്ക്കുമുണ്ടാകില്ലേ?

  45. ശ്രീവല്ലഭന്‍. said...

    കൊച്ചുത്രെസ്സിയ,
    ലേഖനം വളരെ നല്ലത്. മനസ്സിലെ രോഷവും വേദനയും കൃത്യമായ്‌ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്.

  46. ശ്രീവല്ലഭന്‍. said...

    :-( for comment tracking

  47. ശ്രീലാല്‍ said...

    ത്രേസ്യ, വളരെ നല്ല കുറിപ്പ്. തലച്ചോര്‍ മാറ്റിവെക്കപ്പെട്ട ഒരു യുവത്വത്തെക്കൊണ്ട് നേതൃത്വം ചെയ്യിപ്പിക്കുന്നതാണ് ഇതെല്ലാം എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. ഒരു ആദര്‍ശ്ശത്തിനും വേണ്ടിയല്ല അവര്‍ ചെയ്യുന്നത് - ഒരു ഭീകരനെയും തടുക്കാനല്ല -
    മയക്കുമരുന്നിനടിമപ്പെട്ടവര്‍ ചെയ്യുന്നില്ലേ അതു തന്നെ ?

    ചിന്ത എന്നൊരു കഴിവ് ഒരിക്കലും തിരിച്ചുവരാത്ത വിധം മായ്ക്കപ്പെട്ട തലച്ചോറുകള്‍. കളിപ്പാവകളാണു പലരും. ബുദ്ധിയും വിവേകവും ചിന്തയും എല്ലാം ഊറ്റിക്കളഞ്ഞ് വിട്ട പാവങ്ങള്‍.

    അവര്‍ക്ക് അനുസരിക്കാനേ അറിയൂ.

    ദയ, മനുഷ്യത്വം,സ്നേഹം, സഹിഷ്ണുത - സ്കൂളിലൊക്കെ വച്ചു പഠിച്ചു തുടങ്ങിയ ഇവയെല്ലാം എപ്പൊഴാണ്, ആരാണ് നമ്മുടെ മനസ്സില്‍ നിന്ന് മായ്ച്ചു തുടങ്ങുന്നത് എന്ന് പലപ്പൊഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്.

  48. കൊച്ചുത്രേസ്യ said...

    Aadityan നമ്മള്‍ പഠിക്കുന്ന സ്കൂളിനും കോളേജിനും വേണ്ടി നമ്മളെ കൊണ്ടു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം 'മര്യാദയ്ക്കു പഠിക്കുക' എന്നുള്ളതാണെന്നു വിശ്വസിക്കുന്ന ഒരാളാണ്‌ ഞാന്‍. പിന്നെ സ്റ്റുഡന്റ്‌ പൊളിറ്റിക്സ്‌ കൊണ്ട്‌ ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കാം എന്നൊന്നും തോന്നുന്നില്ല.ഈ സ്റ്റുഡന്റ്‌ യൂണിയന്‍സെല്ലാംനിയന്ത്രിക്കുന്നത്‌ പുറമേനിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയല്ലേ..

    വാല്മീകീ വിശ്വാസപ്രമാണങ്ങളുടെ പേരിലല്ലെങ്കില്‍ പിന്നെന്തിന്റെ പേരിലാണ്‌ ഇവര്‍ നേതാക്കളെ ഇങ്ങനെ അന്ധമായി അനുസരിക്കുന്നത്‌?പിന്നെ പാവപ്പെട്ടവരായ ഇവരെ സ്വധീനിക്കാനുള്ള ഏറ്റവും ശക്തമായ മാര്‍ഗം പണമാണ്‌. പക്ഷെ ഇക്കൂട്ടരുടെ വീട്ടിലെ അവസ്ഥ കണ്ടിട്ട്‌ ആ ഒരു നേട്ടവും ഇക്കാര്യത്തിലില്ല എന്നാണ്‌ മനസ്സിലായത്‌.

    ഭൂമിപുത്രീ കണ്ണൂരുള്ള വളരെ ചെറിയ ശതമാനം ആള്‍ക്കാരേ ഈ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നുള്ളൂ. പക്ഷെ ബാക്കിയുള്ളവര്‍ക്ക്‌` എന്താണു ചെയ്യാന്‍ കഴിയുക. വെട്ടിക്കൊല്ലാന്‍ പ്ലാനിട്ടു വന്നവനെ കിട്ടാത്തതു കൊണ്ട്‌ ആ വീട്ടിലെ വേറൊരാളെ കൊന്നു കലിയടക്കിയ സംഭവങ്ങളുണ്ടിവിടെ. സ്വന്തം ജീവന്‍ തന്നെയല്ലേ നമുക്കോരോത്തര്‍ക്കും വലുത്‌.രക്ഷിക്കേണ്ട രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നോ പോലീസില്‍ നിന്നോ ഒരു പിന്തുണയും കിട്ടുകയുമില്ല.ഈയിടെ വായിച്ചു, ഈ സ്ഥലങ്ങളില്‍ പോലീസ്‌ വാഹനങ്ങളെ ശവവണ്ടികള്‍ എന്നാണത്രേ വിളിക്കുക. കാരണം ഈ വാഹനങ്ങള്‍ ശവങ്ങളെയും മുറിവേറ്റവരെയും കൊണ്ടുപോകാനാണതെ ഉപയോഗിക്കുന്നത്‌.ഈ ഒരവസ്ഥയില്‍ ആരാണ്‌ എതിര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെടുക..

    അഭിപ്രായങ്ങളറിയിച്ച എല്ലാവര്‍ക്കും നന്ദി.

  49. Sharu (Ansha Muneer) said...

    വളരെ നല്ല പോസ്റ്റ്...കൂടുതല്‍ എന്ത് പറയാന്‍...

  50. കാവലാന്‍ said...

    കൊച്ച്വേസ്യേയ്... വളരെ നന്നായിരിക്കുന്നു.
    പ്രവൃത്തിയ്ക്കു മേല്‍ വികാരങ്ങള്‍ ആധിപത്യം നേടുമ്പോള്‍ അത്യാഹിതങ്ങള്‍ ആവര്‍ത്തിക്കുന്നു.
    വികാരത്തില്‍നിന്ന് വിചാരത്തിലേയ്ക്കുള്ള വഴി രാഷ്ട്രീയ നേതാക്കന്മാര്‍ മുദ്രാവാക്യങ്ങളും കൊടികളും ‍കൊണ്ടും,പുരോഹിതര്‍ മത പ്രഭാഷണങ്ങള്‍കൊണ്ടും, പുസ്തകങ്ങളെക്കൊണ്ടും മറച്ചു പിടിച്ചിരിക്കുന്നു.വെട്ടേറ്റ മുറിവുകളില്‍ പൊറ്റന്‍ അടര്‍ന്നു തുടങ്ങിയിട്ടുണ്ടാവും.വിചിന്തനങ്ങള്‍ക്കു പകരം പ്രതികാരത്തിന്റെ പുതു മുദ്രാവാക്യങ്ങള്‍ നേതാക്കന്മാര്‍ അവരുടെ ചെവിയില്‍ മന്ത്രിച്ചു തുടങ്ങിയിട്ടുണ്ടാവും.ഒരോ വെട്ടിനും ശേഷം രക്തപാനം ചെയ്ത് ചീര്‍ത്ത നേതാവിന്റെ, കൊഴുത്ത പന്നിത്തടി മൈക്കിനു പിറകില്‍ കാണുമ്പോള്‍ ഒരു വേട്ടക്കാരനായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോവുന്നു.

  51. yetanother.softwarejunk said...

    simple and touching !

  52. jense said...

    ആര്‍ക്ക് വേണ്ടി എന്തിന് വേണ്ടി എന്ത് നേടി???കരുക്കള്‍ നീക്കുന്നതാരൊക്കെയോ ബലിയാടുകള്‍ ആവുന്നത് മറ്റാരൊക്കെയോ...

  53. ഹരിശ്രീ said...

    കൊച്ചു ത്രേസ്യാ,

    വളരെ നല്ല പോസ്റ്റ്...

    പൈതൃകവും, സംസ്കാരസമ്പന്നവും, രാഷ്ട്രീയ പരമായും, ചരിത്രപ്രധാനവുമായ നല്ലൊരു ജില്ലയാണ് കണ്ണൂര്‍....മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നതൊഴിച്ചാല്‍....അനേകം അമ്മമാരുടേയും, സ്ത്രീകളുടേയും കണ്ണു(നീ)ര്‍ വീഴുന്നത് ഇനിയെങ്കിലും അവസാനിക്കട്ടെ...
    രാഷ്ട്രീയക്കൊലപാതകങ്ങള്‍ ഇനിയെങ്കിലും ഉണ്ടാകാതിരിക്കട്ടെ...


    :(

  54. യാരിദ്‌|~|Yarid said...

    വാ‍ലും കുഴലും പന്തീരായിരം കൊല്ലവും..:( ഇത്രയെ പറയാനുള്ളൂ..;)

  55. Roby said...

    കൊച്ചുത്രേസ്യയുടെ ബ്ലോഗില്‍ എന്റെ ആദ്യകമന്റാണിതെന്നു തോന്നുന്നു.
    വായിച്ചപ്പോള്‍ ‘പഞ്ചാബ്’ ഓര്‍മ്മ വന്നു.

    ഒരു തായ്‌‌വയറ്റിലെ ചുരുണ്ടു കിടന്നവര്‍
    ഒരു വെണ്മുലപ്പാലേ ക്കുടിച്ചു വളര്‍ന്നവര്‍
    കെട്ടിപ്പിടിച്ചൊരുമ്മിച്ചുറങ്ങിയോര്‍
    ഒന്നിച്ചു കളിച്ചവര്‍
    ഒരു വീട്ടിലെ മക്കള്‍ നമ്മളിന്നലെയോളം...

    നല്ല പോസ്റ്റ്..

  56. വേതാളം.. said...
    This comment has been removed by the author.
  57. വേതാളം.. said...

    കൊച്ചു ത്രേസ്സ്യ കൊച്ചേ , ശരിക്കും ചിന്തിപ്പിക്കുന്ന ഒരു ലേഖനം, അതിന്റേതായ തീവ്രത ഉള്ള ഭാഷ. കുറച്ചു ദിവസം മുന്പേ എന്റെ ഒരു സുഹൃത്ത് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചില ചിത്രങ്ങള്‍ എനിക്ക് അയച്ചു തന്നിരുന്നു. ശരിക്കും നമ്മെ പേടിപ്പിക്കുന്ന ഇന്നിന്റെ ക്രൂരമായ ഒരു മുഖം. അത് ഞാന്‍ ഉടനെ ഇവിടെ ഒരു പോസ്റ്റ് ആക്കിയിരുന്നു.തല http://vethalamquestionsu.blogspot.com/2008/03/blog-post.html എന്നപേരില്‍. എന്നാല്‍ അതിനടുത്ത ദിവസം തന്നെ എന്റെ സുഹൃത്ത് ഇനി ആ ഫോട്ടോസ് ആര്ക്കും അയച്ചു കൊടുക്കരുത്‌, പ്രശ്നമാണ് എന്നൊക്കെ പറഞ്ഞു വീണ്ടും മെയില് വിട്ടു. എന്തിനാണ് അങ്ങനെ ഒരു പേടി , അല്ലെന്കില്‍ ആരാണ് പേടിക്കുന്നത്‌ എന്നെനിക്കു ഇതുവരേം മനസ്സിലായില്ല പക്ഷെ. നിഷ്കളങ്കരായ ഒരു കൂട്ടം ജനങ്ങളെ കൊടിയുടെ നിറം പറഞ്ഞു ഭിന്നിപ്പിക്കുന്നവര്‍ തന്നെയാകാം ഒരുപക്ഷെ. പക്ഷെ ഒരു സമൂഹത്തിന്റെ മൊത്തം വേദന എന്നാണ് ഇവര്‍ മനസ്സിലാക്കുക?

  58. Pongummoodan said...

    സന്തോഷം സ്നേഹിതേ...

  59. വിന്‍സ് said...

    ലേഖനം നന്നെങ്കിലും ചിന്തിക്കേണ്ടതു മറ്റൊന്നാണു. നിരപരാധികള്‍ അല്ല കൊല്ലുന്നതും കൊല്ലപ്പെടുന്നതും. ചുമ്മ ഒരാള്‍ കമ്യൂണിസ്റ്റാ അല്ലേല്‍ ബിജെപ്പീയാ അവനെ തട്ടിയേക്കാം എന്നൊന്നും അല്ലല്ലോ?? ജയക്രിഷ്ണനെ കൊന്നതോടെ കണ്ണൂരു ഒരുപാടു കൊലപാതകങ്ങള്‍ അവസാനിച്ചു എന്നു ഞാന്‍ കേട്ടിട്ടുണ്ട്. കൊന്ന രീതി ശരിയായോ എന്നുള്ളതവിടെ നില്‍ക്കട്ടെ, പക്ഷെ അദ്ധേഹം ആയിരുന്നു അവിടെ കമ്യൂണിസ്റ്റുകാരുടെ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത് എന്നാണു ഞാന്‍ കേട്ടിടത്തോളം മനസ്സിലാക്കിയത് (എനിക്കു കേട്ടറിവു മാത്രമേ ഉള്ളൂ). ഒരു കൊലപാതകത്തിനുത്തരം മറ്റൊരു കൊലപാതകം ആണോ എന്ന ചോദ്യത്തിനു അല്ല എന്നേ എനിക്കു പറയാന്‍ ഉള്ളു.

    പക്ഷേ വെറും നിരപരാധികള്‍, ചുമ്മാ വഴിയിലൂടെ പോവുന്നവര്‍ ആണോ കൊല്ലപ്പെടുന്നത്??? അവരെ ഓര്‍ത്തു അത്ര മാത്രം സഹതപിക്കാന്‍ ഒന്നും ഇല്ല എന്നാണു എനിക്കു പറയാന്‍ ഉള്ളത്. പിന്നെ അവരുടെ ഫാമിലി. അതിപ്പം അവരു പോലും ചിന്തിക്കാത്തപ്പോള്‍ നമ്മളെന്നാത്തിനു വിഷമിക്കുന്നു?? അവരെ പാര്‍ട്ടി നോക്കി കൊള്ളുമായിരിക്കും.

    കണ്ടവനു വോട്ട് കിട്ടാന്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോവുന്നവനും സിന്ദാബാദ് വിളിച്ചു തല്ലൊണ്ടാക്കാന്‍ പോവുന്നവനും ഒരിക്കലും ഒരു ലോകത്തും നേതാവായിട്ടില്ല, ആ പോസ്റ്ററൊട്ടിക്കുന്ന ലെവലില്‍ നിന്നും മുകളിലോട്ടും പോയിട്ടില്ല. ഇവരെ കൊണ്ട് പൊസ്റ്റര്‍ ഒട്ടിക്കുന്നവരും, തല്ലൊണ്ടാക്കിക്കുന്നവരുമേ യഥാര്‍ത്ഥ ലീഡേര്‍സ്. അതോ‍ര്‍ത്താല്‍ ഈ വിവരം കെട്ട പന്നികള്‍ക്കും അവരുടെ കുടുമ്പത്തിനും കൊള്ളാം.

  60. സഞ്ചാരി @ സ്വര്‍ഗ്ഗീയം said...

    ചിന്തയും വികാരവും പ്രായോഗികതയില്‍ വേറിട്ടുനില്‍ക്കുന്നു... മനുഷ്യചരിത്രമാണിത്.
    വികാരങ്ങളെ ചിന്ത കൊണ്ട് കടിഞാണിടാന്‍ കഴിഞ്ഞാല്‍ അവിടെ ശാന്തിയും സമാധാനവും നിലനില്‍ക്കും. ചിന്തിക്കാന്‍ പ്രേരിപ്പിക്കേണ്ടവര്‍ ‘വികാരിമാര്‍’ ആയാലോ... വികാരത്തിന്റെ രക്തപൂഴ ഇനിയുമൊഴുകും.
    ചിന്തിപ്പിക്കാന്‍ പരിശ്രമിച്ച കൊച്ചുത്രേസ്യയോട് ആദരപൂര്‍വ്വം

  61. Unknown said...

    കൊച്ചു ത്രേസ്യ... എന്റെ കണ്ണൂര്‍ വായിച്ചു... മറ്റൊരു കണ്ണൂരുകാരനറിയില്ല എന്ത് അഭിപ്രായം ഇവിടെ രെഖപ്പെടുത്തണമെന്ന്.. കാരണം തേങ്ങുന്ന കണ്ണൂരിന്റെ ഉള്‍ച്ചൂര് എനിക്കറിയാം. എന്റെ ബ്ലോഗില്‍ ഞാന്‍ കഴിഞ്ഞ തവണ(ഫെബ്രുവരിയില്‍) ഇട്ട ഒരു പോസ്റ്റുണ്ട് “പന്തയക്കോഴി”, കണ്ണൂരിലെ കലാപത്തിന്റെ ഒരു ഇരയുടെ കഥ. കഴിയുമെങ്കില്‍ ഒന്ന് വായിക്കുക
    http://pudayoors.blogspot.com/2008/02/blog-post.html
    ആശംസകള്‍...

  62. കൊച്ചുത്രേസ്യ said...

    വിന്‍സ്‌ ഇവരിലാരെങ്കിലും സഹതാപമര്‍ഹിക്കുന്നുടോ എന്ന ചോദ്യം. മനസ്സിന്റെ താളം തെറ്റിയവരോടു തോനുന്ന സഹതാപമാണ്‌ എനിക്കിവരോട്‌. ഞാന്‍ അറിഞ്ഞിടത്തോളം ' ഏതു പാര്‍ട്ടിക്കാരനാണ്‌' എന്നതു മാത്രമാണ്‌ കൊല്ലുന്നവനെയും ചാകുന്നവനെയും തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം. എതിര്‍പാര്‍ട്ടിയില്‍ കൊല്ലേണ്ടതാരെ എന്നുള്ളതിന്റെ ലിസ്റ്റ്‌ ഓരോ പാര്‍ട്ടിക്കാരുടെ കയ്യിലുമുണ്ടത്രേ. അതുകൂടാതെ മുന്‍പു നടന്ന കൊലപാതകങ്ങളുടെ പകപോക്കലുകളും- ഇതിലാണ്‌ 'ഗുണ്ടകള്‍' കൊല്ലപ്പെടുന്നത്‌.ഇപ്പോള്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലമുള്ള കൊലപാതകങ്ങള്‍ വരെ രാഷ്ട്രീയകൊലപാതകമായി വളച്ചൊടിക്കപ്പെടുന്നുണ്ടെന്നും കേള്‍ക്കുന്നു.
    (ഇപ്രാവശ്യത്തെ ഇന്ത്യാ ടുഡേയിലും മലയാളത്തിലും ഇതെ പറ്റി ലേഖങ്ങളുണ്ട്‌)


    ഇവിടെ അപരാധികള്‍ മാത്രമാണ്‌ കഷ്ടപ്പാട്‌ അനുഭവിക്കേണ്ടി വരുന്നത്‌ എന്നും പറയാന്‍ പറ്റില്ല. അവരുടെ വീട്ടുകാര്‍ എന്തു തെറ്റു ചെയ്തു. മിക്കവാറും കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഈ രക്ത്സാക്ഷികളും ബലിദാനികളുമെല്ലാം.അതു കൂടാതെ മറ്റൊരു കൂട്ടരുണ്ട്‌.. ഈ കൊലപാതകങ്ങളിലെ പ്രതികള്‍..നിയമത്തിനു മുന്നില്‍ നിന്നും രക്ഷപെടാന്‍ കഴിഞ്ഞേക്കുമെങ്കിലും മരണം എപ്പോഴും അവര്‍ക്കു ചുറ്റുമുണ്ട്‌. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും എതിര്‍പാര്‍ട്ടിയുടെ പകയില്‍ നിന്നും അവര്‍ക്കു മോചനമുണ്ടാവില്ല. ഇനി ഈ പ്രശ്നങ്ങളുടെ അനന്തരഫലങ്ങളനുഭവിക്കുന്ന മറ്റു നിരപരാധികളുണ്ട്‌. നാട്ടുകാര്‍.. ഇത്തരം സംഭവങ്ങളുണ്ടാവുമ്പോള്‍ പേടിച്ചിട്ട്‌ ജനങ്ങള്‍ പുറത്തിറങ്ങാറില്ല. കുട്ടികള്‍ടെ പഠിപ്പു മുടങ്ങുന്നു,മുതിര്‍ന്നവര്‍ക്ക്‌ ജോലിക്കു പോവാന്‍ പറ്റാതാവുന്നു,കച്ചവടസ്ഥാപങ്ങള്‍ തുറക്കാത്തതു കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ എന്തിനു ഈ പ്രദേശങ്ങളിലെ ആളുകള്‍ടെ കല്യാണം നടക്കാന്‍ പോലും ബുദ്ധിമുട്ടാണു പോലും.ഇതെപറ്റി കൂടുതല്‍ വിവരങ്ങള്‍ തലശ്ശേരിക്കാര്‍ക്കു തരാന്‍ പറ്റുമായിരിക്കും.
    ഒരു കാര്യം എനിക്കറിയാം. തലശേരിയില്‍ ആരെയെങ്കിലും വെട്ടി എന്നോ മറ്റോ കേട്ടലുടനെ മറ്റു സ്ഥലങ്ങളില്‍)പ്രത്യെകിച്ചും ടൗണുകളില്‍) അപ്രഖ്യാപിത ഹര്‍ത്താലുണ്ടാകും.കടകളടയ്ക്കും. അതില്‍ നിന്നു മാത്രം കിട്ടുന്ന വരുമാനം കൊണ്ടു ജീവിച്ചു പോകുന്ന എത്ര കുടുംബങ്ങളെയാണ്‌ അതു ബാധിക്കുക എന്നു കൂടി ചിന്തിക്കേണ്ടതാണ്‌.ചെയ്യാത്ത തെറ്റിനല്ലേ ഇക്കൂട്ടര്‍ ശിക്ഷയനുഭവിക്കുന്നത്‌?

  63. അരവിന്ദ് :: aravind said...

    താരതമ്യം ചെയ്യുമ്പോള്‍‍ വെട്ടു കിട്ടാനും, വെടി കൊള്ളാനും തീരേ ചാന്‍സില്ലാത്തത് കണ്ണൂരാണെന്ന് തോന്നുന്ന ഒരു സ്ഥലത്ത് ജീവിക്കുന്ന ഞാനെന്ത് പറയാന്‍!
    അല്ല, അല്ലെങ്കിലും മലയാളികള്‍ക്ക് എന്തിന്റെ കുറവുണ്ടായിട്ടാണ് ഈ ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കി വയ്കുന്നത്!
    അല്പം വിവേചനബുദ്ധിയും, വാശിയും(തല്ലാനല്ല), അച്ചടക്കവും, സാമൂഹികബോധവും ഉണ്ടെങ്കില്‍ എവടെ എത്തേണ്ട കേരളമാ! പറഞ്ഞിട്ടെന്ത് കാര്യം!

  64. വിന്‍സ് said...

    കൊച്ചു ത്രേസ്യയുടെ വികാരം എനിക്കു മനസ്സിലാകുന്നു.

  65. Suraj said...

    പോസ്റ്റ് വായിച്ചു. വളരെ നന്നായിട്ടുണ്ട്.. പാര്‍ട്ടി ഓഫീസുകള്‍ റൈഡ് ചെയ്യാനുള്ള സ്വാതന്ത്ര്യവും, പ്രശ്നം ഉണ്ടാക്കുന്നവരെ കൊടിയുടെ നിറം നോക്കാതെ അറസ്റ്റ് ചെയ്യാനുള്ള സമ്മതവും കൊടുത്താല്‍ പ്രശ്നങള്‍ തീര്‍ക്കാം എന്നു അണ് ഒഫീഷ്യലായി ഒരു ഉന്നത പോലീസ് ഉദ്യോഗസ്തന്‍ പത്രക്കാരോടു പറഞ്ഞതായി വാര്ത്ത വായിച്ചതു ഓര്‍ക്കുന്നു.. വിവരവും വിദ്യാഭാസവും ഉണ്ടെന്ന് അഹങ്കരിക്കുന്ന നമ്മുടെ സ്വന്തം കേരളത്തില്‍ തന്നെ ഇങ്ങനെ നടക്കുന്നതു കാണുമ്പോള്‍....

  66. Peelikkutty!!!!! said...

    ചിന്തിപ്പിക്കുന്ന പോസ്റ്റ്!... എന്തൊക്കെയോ പറയണം‌ന്നു തോന്നുന്നു... .. പക്ഷേ ഇതിന് എന്തു ചെയ്യാന്‍‌ പറ്റും‌ ! ത്രേസ്യേടെ ഈ ലേഖനം‌ മാതൃഭൂമീല് കൊടുത്താലോ..അല്ലെങ്കി Pamphlet ആയി വിതരണം‌ ചെയ്താലോ.. :(

  67. Anonymous said...

    Njaan kurachu perkku forward cheyyan povvaa..

  68. ,, said...

    ചിന്തിപ്പിക്കുന്ന പോസ്റ്റ്. നന്നായി എഴുതിയിരിക്കുന്നു കൊച്ച് ത്രേസ്യ

  69. Mithun Varma said...

    ഒരു കുറി വൈകിയാണ് ഞാൻ “കൊച്ചുത്രേസ്യയുടെ ലോകത്ത്” എത്തുന്നത്..പല പോസ്റ്റുകളും ശരിക്കും ചിരിപ്പിക്കുന്നു.. പലതും ചിന്തിപ്പിക്കുന്നു.. പക്ഷേ ഈ പോസ്റ്റ് കുറച്ച് കൂടുതൽ ഹൃദയത്തെ സ്പർശിക്കുന്നു..കാരണം,എന്റെ നാടായ കൊടുങ്ങല്ലൂരിലും സ്ഥിതി വ്യത്യസ്തമല്ല എന്നതു തന്നെ..ഈ വരികളിൽ നിറയുന്ന ദുഖം എന്റേതു കൂടെ ആണ്..സാഹോദര്യത്തിന്റേയും സമാധാനത്തിന്റേയും ഒരു നല്ല ദിവസം വിദൂരമാവാതിരിക്കാൻ പ്രാർഥിക്കാം..

    ഈ പോസ്റ്റിന് അഭിനന്ദനങ്ങൾ!