Friday, August 17, 2007

എന്റെ സ്വാതന്ത്ര്യദിന പരീക്ഷണങ്ങള്‍

ഒരു സ്വാതന്ത്ര്യദിനം കഴിഞ്ഞിട്ട്‌ ഇങ്ങോട്ടു വന്നുകേറീല്ല, ദാ വന്നിരിക്കുന്നു അടുത്തത്‌. ശ്‌ശൊ എന്തു സ്പീഡിലാ ദിവസങ്ങളു പാഞ്ഞു പോകുന്നത്‌. ഈ ഒരു വര്‍ഷം കൊണ്ട്‌ ആകെയുണ്ടായ ഒരു മാറ്റം ഡെല്ലീന്ന്‌ കൂടും കുടുക്കേമെടുത്ത്‌ ബാംഗ്ലൂരെത്തീന്നുള്ളതു മാത്രമാണ്‌.അടുത്ത വര്‍ഷം എവിടെയായിരിക്കുമോ എന്തോ. (ദീര്‍ഘനിശ്വാസം )

പക്ഷെ ഒന്നുണ്ട്‌. എവിടെയായാലും നമ്മടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്കൊന്നും ഒരു മാറ്റവുമില്ല. രാവിലെ 8-9 മണിയാവുമ്പോള്‍ എഴുന്നേല്‍ക്കും,ടിവി കണ്ട്‌ ദേശസ്നേഹം വര്‍ദ്ധിപ്പിക്കും , വച്ചുണ്ടാക്കാന്‍ മൂഡുണ്ടെങ്കില്‍ മാത്രം വല്ലതും കഴിക്കും. ഇല്ലെങ്കില്‍ ഡീസന്റായി പട്ടിണി കിടക്കും,പിന്നെ രണ്ടു പ്രതിജ്ഞേമെടുക്കും. ഇത്തവണേം ഒരു വ്യത്യാസവുമില്ല. എല്ലാ ചടങ്ങുകളും യാതൊരു തടസ്സങ്ങളുമില്ലാതെ യഥാവിധി പൂര്‍ത്തിയാക്കി. എന്തിന്‌, പ്രതിജ്ഞ എടുക്കാന്‍ പോലും ആലോചിച്ചു ബുദ്ധിമുട്ടേണ്ടിവന്നില്ല.കഴിഞ്ഞ വര്‍ഷം എടുത്ത പ്രതിജ്ഞകള്‍ രണ്ടും-- യോഗാക്ലാസ്സിനു ജോയിന്‍ ചെയ്യും, കല്യാണം കഴിക്കും--പുത്തന്‍ പുതിയതു പോലെ അവിടിരിപ്പുണ്ട്‌. (വല്ലപ്പോഴുമൊക്കെ പാലിക്കാന്‍ ശ്രമിച്ചാലല്ലേ തേയ്‌മാനമൊക്കെ സംഭവിക്കൂ).അതെടുത്ത്‌ ഒന്ന്‌ റിന്യൂ ചെയ്ത്‌ ഭദ്രമായി തിരിച്ചു വച്ചു.ഇനി അടുത്ത വര്‍ഷോം എടുക്കേണ്ടതാണ്‌.

ഈ പറഞ്ഞതൊക്കെ ചുമ്മാ ഒരാമുഖം. സ്വതന്ത്ര്യദിനോം ഇനി പറയാന്‍ പോകുന്ന സംഭവോമായിട്ട്‌ ഒരു ബന്ധോമില്ല. രണ്ടും ഒരേ ദിവസം സംഭവിച്ചു. അത്രേയുള്ളൂ.

അങ്ങനെ മേല്‍പറഞ്ഞ ഭാരിച്ച പണികളൊക്കെ ചെയ്ത്‌ തളര്‍ന്ന്‌ ഒരു പാക്കറ്റ്‌ ബിസ്കറ്റും ഒരു പുസ്തകവുമായി ഞാന്‍ കട്ടിലിലേക്കു ചരിഞ്ഞു.പിന്നെ ഉണരുന്നത്‌ ചെവീല്‌ വണ്ടു മൂളുന്നതു പോലെ എന്തോ ഒരു ശബ്ദം കേട്ടിട്ടാണ്‌. നോക്കുമ്പം നമ്മടെ സന്തതസഹചാരിയായ മൊബൈല്‍ കിടന്നു നിലവിളിക്കുകയാണ്‌. വൈബ്രേറ്ററിലിട്ട്‌ മ്യൂട്ടാക്കി വച്ചതു കൊണ്ട്‌ ഒരു മൂളലേ പുറത്തേക്കു വരുന്നുള്ളൂ. എടുത്തു ഞെക്കി ചെവീലേക്കു വച്ചു.പകുതി ഉറക്കത്തിലാണ്‌ ഇനിയുള്ള സംഭാഷണങ്ങളെല്ലാം.

"ഹല്ലോ"

"ങാ നിനക്കെന്താ ഫോണെടുക്കാന്‍ ഇത്ര താമസം"

"യ്യോ ആരിത്‌?"

"നിനക്കു മനസ്സിലായില്ലേ!!"

"ഇല്ല"

"എന്റെ ദൈവമേ ഈ പെണ്ണിനിതെന്തു പറ്റി.ഇപ്പഴും മനസ്സിലായില്ലേ??"

(എന്റെ തനിസ്വഭാവം വച്ചാണെങ്കില്‍ ഇമ്മാതിരി ക്വിസ്‌ പ്രോഗ്രാം കേട്ടാലുടന്‍ 'സോറി റോംഗ്‌ നമ്പര്‍' എന്നും പറഞ്ഞ്‌ നിഷ്കരുണം കോള്‍ കട്ടു ചെയ്യുകയാണ്‌ പതിവ്‌.പക്ഷെ ബാംഗ്ലൂര്‍ ബ്ലോഗ്ഗെര്‍സ്‌ മീറ്റ്‌ കഴിഞ്ഞ ശേഷം ഇക്കാര്യത്തില്‍ ഞാന്‍ ഭയങ്കര ഡീസന്റായി. അക്കൂട്ടത്തിലാരെങ്കിലുമാണ്‌ വിളിക്കുന്നതെന്നറിയില്ലല്ലോ)

"ഇല്ലെന്നു പറഞ്ഞില്ലേ ഇതാരാന്നു പറ"

"ശ്ശൊ ഇവള്‍ടെ ഒരു കാര്യം.കൊച്ചേ ഞാന്‍ ശാലിനിയാ"

ഓ ശാലിനി.എന്റെ ജീവാത്മാവും പരമാത്മാവുമായ കൂട്ടുകാരി.ഇതിന്റെ ശബ്ദം ഇങ്ങനെയായിരുന്നോ !!!

"അതു ശരി ഇതെന്നാല്‍ നേരത്തേ തന്നെ അങ്ങു മൊഴിഞ്ഞൂടെ.ചുമ്മാ മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാന്‍ വേണ്ടീട്ട്‌... എന്താ വേണ്ടത്‌??കയ്യീ പൈസ ഇല്ല അല്ലേ??"

പറയുമ്പം എല്ലാം പറയണമല്ലോ. മഹതീടെ ഏറ്റവും വലിയ ഹോബിയാണ്‌ കയ്യില്‍ പത്തു പൈസയില്ലാതെ കറങ്ങാന്‍ പോവുക എന്നുള്ളത്‌. (ആളൊരു ബുദ്ധിജീവിയായതു കൊണ്ട്‌ മറന്നു പോകുന്നതാണ്‌ കേട്ടോ). എന്നിട്ട്‌ എന്നെ വിളിച്ചിട്ട്‌ എണ്ണിപ്പെറുക്കും "അയ്യോ ഞാനെങ്ങനെ വീടെത്തും?ആരെയെങ്കിലും വിളിച്ചു പറ ഇതു വഴി വന്ന്‌ എന്നെ ഒന്നു ലിഫ്റ്റിക്കൊണ്ട്‌ പോവാന്‍" .

"പൈസയോ ? എന്തു പൈസ?? നീയെന്താ ഉറക്കത്തില്‍ പിച്ചും പേയും പറയുകയാണോ??ഒരു കാര്യം ചെയ്യ്‌ പോയി വാതിലു തുറന്നിട്‌. ഞാനിതാ വരുന്നു."

പണ്ടാരം ഇനി എഴുന്നേറ്റു പോയി വാതിലു തുറന്നു കൊടുക്കണം. ഈശ്വരാ എന്തെല്ലാം ബുദ്ധിമുട്ടാ ഒന്നു ജീവിച്ചു പോണേല്‌!!!

"ങാ സ്ലോ-മോഷനില്‍ വന്നാല്‍ മതി.ഞാന്‍ വാതില്‍ക്കലെത്തുമ്പോഴെക്കും ഒരു സമയമാകും."

എഴുന്നേറ്റ്‌ തല നേരെയായപ്പോഴാണ്‌ ബോധം വന്നത്‌.അല്ല ശാലിനി ഡെല്ലീലല്ലേ.ഞാന്‍ ബാംഗ്ലൂരും.ശ്ശൊ ആകെ കണ്‍ഫൂഷനായല്ലോ. ഇനിയിപ്പോ എന്നെ ഞെട്ടിക്കാന്‍ വേണ്ടി മുന്‍കൂട്ടി അറിയിക്കാതെ വന്നതാണോ. ആളാണെങ്കില്‍ ഉണ്ടായിരുന്ന ജോലിയൊക്കെ ഉപേക്ഷിച്ച്‌ ഇന്ത്യ മുഴുവന്‍ ഓടി നടന്ന്‌ ഡാന്‍സ്‌ പ്രോഗ്രാം അവതരിപ്പിക്കുകയാണ്‌.അതു വഴി ഇവിടെ എത്തീതായിരിക്കും. എന്നാലും ഒന്നറിയിച്ചില്ലല്ലോ..ഭീകരി.

"എന്റെ മന്ദബുദ്ധീ അതിനിങ്ങോട്ടുള്ള വഴിയറിയുമോ.വല്ല വീട്ടിലും ചെന്നു കേറി തല്ലു മേടിക്കാനാണോ പ്ലാന്‍?"

"നീയിതെന്നതൊക്കെയാ കൊച്ചേ പറയുന്നത്‌!!!"

അപ്പുറത്തു നിന്നുള്ള ശബ്ദത്തില്‍ ഞെട്ടല്‍,ആശങ്ക ,അത്ഭുതം തുടങ്ങി എല്ലാ നവരസങ്ങളും.അപ്പോഴാണ്‌ എന്റെ തലയിലും വെളിച്ചം വീണത്‌.തിരുവനന്തപുത്തെ നല്ലൊന്നാന്തരം നായര്‍ തറവാട്ടിലെ കുട്ടിയെങ്ങനാ തനി നസ്രാണി ഭാഷയില്‍ സംസാരിക്കുന്നത്‌.അതു മാത്രമല്ല ,ഞങ്ങള്‍ തമ്മില്‍ ഇന്നേ വരെ എടീ,നീ എന്നൊന്നും സംബോധിച്ചിട്ടുമില്ല.എവിടെയോ എന്തോ ഒരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌. ചോദിച്ചു നോക്കുക തന്നെ

"അതേ ഇതേതു ശാലിനിയാ??"

"അല്ലാ നീ ദിവ്യേടെ അനിയത്തിയല്ലേ?"

"അതെല്ലോ" അപ്പം ആളതു തന്നെ.

"നിനക്കിതെന്നതാ പറ്റീത്‌!!അതു പോട്ടേ നീ തുണി മേടിയ്ക്കാന്‍ പോയില്ലേ ഇതു വരെ??"

ഞാന്‍ അത്ഭുതം കൊണ്ട്‌ വാ പൊളിച്ചു പോയി. കര്‍ത്താവെ ഇതെന്തൊരു മറിമായം!!!ഇതൊക്കെ എങ്ങനെ അറിഞ്ഞു.ഒരു കുപ്പായം തയ്ക്കാന്‍ കൊടുത്തിട്ട്‌ ഒരു മാസമായി.ആദ്യം പറഞ്ഞ രണ്ടവധീം തയ്യല്‍ക്കാരന്‍ തെറ്റിച്ചപ്പോള്‍ പിന്നെ വാശിയായി.അയാളതവിടെ സൂക്ഷിച്ച്‌ സൂക്ഷിച്ച്‌ ബുദ്ധിമുട്ടട്ടെ.എനിക്കു സൗകര്യമുള്ളപ്പഴേ പോയി വാങ്ങൂന്നൊക്കെ വീട്ടില്‍ നിന്ന്‌ ഘോരഘോരം പ്രഖ്യാപിച്ചതാണ്‌.പക്ഷെ അതെങ്ങനെ ശാലിനി അറിഞ്ഞു.ഇനി എന്റെ സ്വഭാവം നന്നായിട്ടറിയുന്നതു കൊണ്ട്‌ ചുമ്മാ ഒരു നമ്പറിട്ടതാണോ??പക്ഷെ അതല്ലല്ലോ പ്രധാന പ്രശ്നം.. ഈ നായര്‍പെണ്‍കൊടിയ്ക്ക്‌ എങ്ങനെ അച്ചായത്തീടെ ബാധ പിടികൂടി???

"ദിവ്യേമുണ്ടോ അവിടെ??"

"ഇല്ല. അയ്യോ ആരുണ്ടോന്നാ ചോദിച്ചത്‌??"

"ദിവ്യ"

"അതാരാ?? അയ്യോ ഇയാള്‍ക്കാളു തെറ്റീതാ..റോംഗ്‌ നമ്പര്‍"

"അപ്പോള്‍ നേരത്തേ പറഞ്ഞതോ ദിവ്യേടെ അനിയത്തിയാന്ന്‌??"

"സോറി എന്റെ ചേച്ചീടെ പേരും ഏതാണ്ടതു പോലെയാ. പെട്ടെന്നു കേട്ടപ്പോള്‍ തെറ്റിപ്പോയതാ."

അപ്പുറത്ത്‌ ഡും എന്ന്‌ ഫോണ്‌ കട്ടു ചെയ്തു.റോംഗ്‌നമ്പര്‍ വിളിച്ചതിന്‌ ഇങ്ങോട്ടു കിട്ടേണ്ട സോറി അങ്ങോട്ടു പറയേണ്ടിവന്നു. എന്റൊരു ഗതികേട്‌.എന്നാലും പോട്ടെ ഈ കണ്‍ഫൂഷന്‍ തീര്‍ന്നു കിട്ടീലോ.സത്യം പറയാലോ ഞാന്‍ എന്റെ സ്വന്തം മാനസികനിലയെ തന്നെ സംശയിച്ചു തുടങ്ങിയിരുന്നു.

ഇവിടം കൊണ്ട്‌ പ്രശ്നങ്ങളൊക്കെ തീരേണ്ടതായിരുന്നു. പക്ഷെ സംഭവാമീ യുഗേ യുഗേന്നല്ലേ. ഞാന്‍ ആലോചിച്ചു. എന്തു സംഭവിക്കുന്നതിനും ഒരു കാരണമുണ്ട്‌.ഇതും എന്തോ ഒരു നിമിത്തമാണ്‌.എന്തായിരിക്കും?? യുറേക്കാ...യുറേക്കാ...പിടികിട്ടി.. ഇന്ന്‌ ശാലിനീടെ ബര്‍ത്ത്ഡേ ആണ്‌.അതോര്‍മ്മിപ്പിക്കാന്‍ വേണ്ടി ദൈവം റോംഗ്‌നമ്പറിന്റെ രൂപത്തില്‍ വന്നതാണ്‌.ശ്ശൊ ചില സമയത്ത്‌ ഈ ദൈവത്തിന്റെ കാര്യം പറഞ്ഞാല്‍ നോവലെഴുതാനുണ്ട്‌.

പിന്നെ ഒട്ടും സമയം കളഞ്ഞില്ല.ഒരു ഗംഭീരന്‍ SMS വിട്ടു.'കണ്ടാ കണ്ടാ കൂടെ താമസിക്കുമ്പോള്‍ ഒരിക്കല്‍ പോലും ഓര്‍മ്മിക്കാന്‍ പറ്റീട്ടില്ലെങ്കിലെന്താ, നമ്മള്‍ പിരിഞ്ഞ ശേഷം ഇയാളുടെ ഒരു കാര്യവും ഞാന്‍ മറന്നിട്ടില്ല. അതാണു കുഞ്ഞേ സ്നേഹം' എന്നീ ലൈനിലൊരു വികാരഭരിതമായ മെസേജ്‌ കാച്ചി കൃതാര്‍ഥയായി.അവിടംകൊണ്ടും തീര്‍ന്നില്ല അഹങ്കാരം..നേരെ ചേച്ചിയെ വിളിച്ചു.

"ഡീ നീ ശാലിനിയെ വിഷ്‌ ചെയ്തോ??"

"ചെയ്തു"

"അയ്യോ അപ്പോള്‍ നിനക്കോര്‍മ്മയുണ്ടായിരുന്നോ??" ഈ ചോദ്യം തികച്ചും അപ്രസക്തമാണ്‌. ഈ വക കാര്യങ്ങളുടെ സഞ്ചരിക്കുന്ന ഒരു ഡാറ്റാബേസാണ്‌ അവള്‍.

"എന്ത്‌?? സ്വാതന്ത്ര്യദിനമോ??"

"ശ്ശൊ. ഇന്നു നമ്മടെ ശാലിനീടെ പിറന്നാളല്ലേ.ഞാന്‍ മെസ്സേജയച്ചിട്ടുണ്ട്‌.കണ്ടോ കണ്ടോ നീ മറന്നു ..ബു ഹ ഹ"

"നിനക്കു വട്ടായോ. ശാലിനീടെ പിറന്നാളു നവംബറിലാ"

അയ്യോന്നൊരു ശബ്ദത്തോടെ ഞാന്‍ ഫോണ്‌ കട്ടു ചെയ്തു.ഇനി എന്തു ചെയ്യും.എറിഞ്ഞ കല്ലും അയച്ച മെസ്സെജും തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ..എന്നാലും എന്റെ ദൈവമേ നീയിക്കാണിച്ചത്‌ കൊലച്ചതിയായിപ്പോയി. സ്വാതന്ത്ര്യദിനത്തിന്റന്നെങ്കിലും ഈ അബദ്ധങ്ങളീന്ന്‌ എനിക്കൊരു മോചനം തരാരുന്നു.

എന്തായാലും ദൈവം സഹായിച്ചില്ലെങ്കിലും ഹച്ച്‌ കനിഞ്ഞു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട്‌ അങ്ങേര്‍ക്കു ബോധിച്ച മെസ്സേജും കോളുമൊക്കെയേ കടത്തിവിടാറുള്ളൂ.നെറ്റ്‌വര്‍ക്ക്‌ പ്രോബ്ലമാണത്രേ. എന്റെ സാഹിത്യം സഹിക്കാതെ ഈ മെസ്സേജും എടുത്ത്‌ ചവറ്റുകൊട്ടയിലിട്ടു എന്നു തോന്നുന്നു.കാരണം അങ്ങേ സൈഡീന്ന്‌ ഇതുവരെ പ്രതികരണമൊന്നും വന്നിട്ടില്ല..ങ്‌ഹാ അബദ്ധം പറ്റുന്നവര്‍ക്ക്‌ ഹച്ച്‌ തുണ. അല്ലാതെന്തു പറയാന്‍....

50 comments:

 1. Unknown said...

  സ്വാതന്ത്ര്യദിനമായാലെന്ത്‌ ..സാധാരണദിനമായാലെന്ത്‌.. തലേലെഴുത്ത്‌ നടക്കാതെ വരുമോ ?? വിധി വിധി..അല്ലാതെന്തു പറയാന്‍..

 2. -B- said...

  ഹി...ഹി..

 3. ഉറുമ്പ്‌ /ANT said...

  കൊച്ചുത്രേസ്യക്കൊച്ചേ,
  ഇങ്ങിനെ നിലംതൊടാന്ടെഴുതാന്‍ എങ്ങിനെ സമയം കിട്ടുന്നു?
  എന്തായാലും സംഗതി ഉഷാറായി.
  :)

 4. ശ്രീ said...

  ഏപ്രില്‍‌ ഫൂള്‍ അപ്പോ ആഗസ്തിലുമുണ്ടോ?

  സംഗതി കൊള്ളാട്ടോ... അബദ്ധം പറ്റീത് വിളിച്ചു പറയേണ്ട വല്ല കാര്യവുമുണ്ടോ.... ഇനീപ്പോ വരുന്നത് അനുഭവിച്ചോ...

  പിന്നേയ്...
  “സത്യം പറയാലോ ഞാന്‍ എന്റെ സ്വന്തം മാനസികനിലയെ തന്നെ സംശയിച്ചു തുടങ്ങിയിരുന്നു.”

  ഇപ്പോഴെങ്കിലും തോന്നീല്ലോ...
  :)

 5. ഉണ്ണിക്കുട്ടന്‍ said...

  സംഭവം കൊള്ളാലോ..അബദ്ധങ്ങളുടെ ഒരു സിനിമാറ്റിക് ഡാന്‍സാ അപ്പോ ജീവിതം അല്ലേ....ഈ വര്‍ഷം തന്നെ കല്യാണം കഴിച്ചോളൂ..നമുക്കതൊരു
  കേരളാ-ചെന്നൈ-ബാംഗ്ലൂര്‍-ഗള്‍ഫ്-അമേരിക്കന്‍ മീറ്റാക്കാം..എന്ത്യേ..?

 6. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ് : ഇതാണല്ലേ “ശാലിനി എന്റെ കൂട്ടുകാരി” എന്ന പഴേ സിനിമേടെ കഥ.

  എന്നാലും സ്വാതന്ത്ര്യ ദിനം നവംബറിലല്ല എന്നെങ്കിലും ഓര്‍ക്കേണ്ടതായിരുന്നു.

 7. മൂര്‍ത്തി said...

  കൊള്ളാം..
  qw_er_ty

 8. ദീപു : sandeep said...

  അറ്റ്ലീസ്റ്റ്‌ ഇക്കൊല്ലം യോഗയ്ക്കെങ്കിലും ചേരണം പ്ലീസ്... [ഞാന്‍ ഇവിടെ ഇല്ല ഓടിപ്പോയി]

  :)

 9. സൂര്യോദയം said...

  കിലുക്കം സിനിമയില്‍ മോഹന്‍ലാല്‍ ആരതിയോട്‌ ചോദിച്ച ചോദ്യം പ്രസക്തമാകുന്നു.... 'വട്ടാണല്ലേ??" :-)

  (ഞാനൊന്നും പറഞ്ഞിട്ടും ഇല്ല, ത്രേസ്യക്കൊച്ചൊന്നും കേട്ടിട്ടും ഇല്ല)

 10. ഉപാസന || Upasana said...

  ഞാന്‍ നുണ പറയുന്നില്ല...
  മുന്‍പത്തെ പോസ്റ്റിന്റെ നിലവാരം ഇല്ല. ശരിയല്ലെ*
  മധ്യഭാഗത്ത് എത്തിയപ്പോ കുറച്ച് സസ്പെന്‍സ് ഉണ്ടായിരുന്നു. പിന്നെ ഒക്കെ പോയി.
  :)
  പൊട്ടന്‍
  (*) At sometimes you may be right when others were saying you are wrong.

 11. kalesh said...

  തടി കുറയ്ക്കല്‍ ആണ് ലക്ഷ്യമെങ്കില്‍ യോഗയ്കൊന്നും ചേരണ്ടാ. ദേവഗുരു ഉപദേശിച്ചു തന്ന കുമ്പള്‍ തെറാപ്പിയുണ്ട്. അതൊന്ന്‍ പരീക്ഷിച്ച് നോക്ക്. http://www.kumbalanga.blogspot.com/ ല്‍ പോയി നോക്ക്.
  (എന്നിട്ട് എനിക്ക് തടി കുറഞ്ഞോന്ന് ചോദിച്ചാല്‍, ഞാന്‍ ത്രേസ്യക്കൊച്ചിനെക്കാളും വല്യ മടിയനായതുകൊണ്ട് - ഇല്ല്ല.

  പി.എസ്: എഴുത്ത് നന്നാകുന്നു!

 12. ഷാനവാസ്‌ ഇലിപ്പക്കുളം said...

  സത്യം പറ ഇത്‌ എപ്രില്‍ ഒന്നാം തിയതി പോസ്റ്റാന്‍ എഴുതിവെച്ചതല്ലേ? ആര്‍ക്കായാലും ഇത്രയും ധൃതിപാടില്ല. ഇത്രയും പട്ടിണി കിടന്നിട്ടും...വേണ്ട്‌ ഞാനൊന്നും പറഞ്ഞില്ല!

 13. ഷാഫി said...

  ഞാനും.നുണ പറയുന്നില്ല...
  മുന്‍പത്തെ പോസ്റ്റിന്റെ നിലവാരം ഇല്ല.
  പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരണേ.

 14. sandoz said...

  അത്‌ ശരി..ഇവിടേണല്ലേ ത്രേസ്യേടെ അങ്കം വെട്ട്‌ നടക്കണ സ്ഥലം...
  ഞാന്‍ പ്രതിജ്ഞ എടുക്കാറു സാധാരണ ന്യൂ ഈയറിനാ....
  ഒന്നിനും മുപ്പത്തൊന്നിനും ഒന്നുമല്ലാട്ടോ..മൂന്നിനാ...
  അപ്പോഴേ ബോധം വരൂ...
  [വരാനും പോകാനും എന്തിരുന്നിട്ടാ എന്നു തിരിച്ച്‌ ചോദിക്കരുത്‌]

 15. അഞ്ചല്‍ക്കാരന്‍ said...

  ബാംഗ്ലൂര്‍ മീറ്റിലെന്താ സംഭവിച്ചേ?
  :)

 16. മെലോഡിയസ് said...

  വരാന്‍ ഉള്ളത് വഴിയില്‍ തങ്ങൂല്ലാ ത്രേസ്യേ..എഴുത്ത് നന്നായിട്ടുണ്ട് ട്ടാ...

  ഒരു ഓഫ് അടിക്കട്ടെ..
  കുമ്പള്‍ തെറാപ്പി നല്ല മരുന്നാ..പക്ഷെ..ഇപ്പ ഒന്നും പറയുന്നില്ല. കൊച്ച് ത്രേസ്യ പരീക്ഷിച്ച് നോക്കു..

  ഇനി അങ്ങിനെ തന്നെ പരിക്ഷിച്ച് തടി കുറക്കണൊ? ഒടേതമ്പുരാന്‍ തരുന്നതല്ലേ..എന്തിനാ അതില്ലാതാക്കാന്‍ നോക്കുന്നേ?

 17. SUNISH THOMAS said...

  ത്രേസ്യാക്കൊച്ചേ...
  കൊള്ളാം. പോസ്റ്റ് മൊത്തത്തില്‍ പഴയതിന്‍റെ നിലവാരമില്ലെങ്കിലും അതിലെ ചില പ്രയോഗങ്ങള്‍ക്ക് മുന്‍പത്തേതിന്‍റെ പത്തിരട്ടി മികവുണ്ട്.
  ദൈവത്തെപ്പറ്റി പറയുകാണേല്‍ നോവലെഴുതും എന്നൊക്കെ പറഞ്ഞാല്‍ ഒരു വലിയ കൈ തരാതെ തരമില്ല.

  :)
  ഓഫ്
  ഞാന്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടെ പറഞ്ഞത്-
  തടി കുറയ്ക്കലിനെക്കുറഇച്ച് കലേഷേട്ടനും മെലോഡിയസും തന്നെ ആധികാരികമായി പറയണം. രണ്ടും മഴയിത്തിറങ്ങി നടന്നാല്‍ പോലും നനയില്ല.

  :)

 18. സഹയാത്രികന്‍ said...

  ത്രേസ്യാക്കൊച്ചേ... തലവര, അനുഭവിച്ചേ പറ്റൂ...

 19. കൊച്ചുത്രേസ്യ said...

  ഉണ്ണിക്കുട്ടാ അതിന്‌ എന്റെ സമ്മതം മാത്രം മതിയായിരുന്നേല്‌ ഞാനിതിനോടകം തന്നെ ഒരു പത്തുപതിനഞ്ച്‌ കല്യാണം കഴിച്ചിരുന്നേനേ :-(

  ശ്രീ,ഷാനവാസേ ഏപ്രിലില്‌ മാത്രമേ അബദ്ധം പറ്റാവൂന്ന്‌ എനിക്കങ്ങനെ വാശിയൊന്നുമില്ല :-)

  കലേഷണ്ണാ ഇതാ മീറ്റിന്റന്നേ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇപ്പഴെക്കും ഐശ്വര്യാറായി പരുവത്തിലായിരുന്നേനേ. ഈ കുമ്പളങ്ങയ്ക്ക്` കന്നടേലെന്താണോ പറയുക?? ബൈ ദിബൈ അതിന്റെ കൂടെ രണ്ടു സ്കൂപ്പ്‌ ഐസ്ക്രീം കൂടിയിട്ടാല്‍ കുഴപ്പമുണ്ടോ (ഒരു ടേസ്റ്റിന്‌)

  സാന്‍ഡോസേ ഈ മൂന്നിന്റന്ന്‌ എഴുന്നേല്‍ക്കുന്നത്‌ പിന്നേം രണ്ടു ദിവസത്തേയ്ക്ക്‌ ബോധം കെടാനല്ലേ ;-)

  മെലോഡിയസേ എന്റെ ആത്മധൈര്യം തകര്‍ക്കരുത്‌.നോക്കിക്കോ വിത്തിന്‍ വണ്‍ മന്ത്‌ ഞാന്‍ കോലുമുട്ടായി പോലാകും

  എന്റുപാസനേ ഷാഫീ സുനീഷേ നിലവാരമുള്ളതു മാത്രം എഴുതി ബോറടിച്ചു. ഇടയ്ക്കൊക്കെ ഒരു മാറ്റമൊക്കെ വേണ്ടേ.

  അന്ചല്ക്കരാ ഇങ്ങനെയൊരു ചോദ്യത്തിനു പിന്നിലെ വികാരം????

  ചാത്താ ഞാനാരുന്നു അതിന്റെ തിരക്കഥ എഴുതീത്‌

  സൂര്യോദയമേ എല്ലാരും അങ്ങനെ ചോദിക്കുന്നു. അതെന്താ??

  ബിക്കൂ,ഉറുമ്പ്‌,മൂര്‍ത്തി,ദീപു,സഹയാത്രികാ വായിച്ചു ബോറടിച്ചതിന്‌ നന്ദി.

 20. Dinkan-ഡിങ്കന്‍ said...

  ഇതിന് പഴയ പോസ്റ്റുകളുടെ അത്ര മുറുക്കം പോരാ.
  എന്നാലും അഡ്ജസ്റ്റബിള്‍സ് ആണ് :)

 21. സാബു ജോസഫ്. said...

  കൊച്ചുത്രേസ്യാ കൊച്ചേ....."എന്റെ സ്വാതന്ത്ര്യദിന പരീക്ഷണങ്ങള്‍" അത്ര അങ്ങട്‌‌ ക്ലച്ച്‌‌ പിടിച്ചില്ല അല്ലേ...?

  മാറ്റി വച്ച പ്രതിജഞകള്‍ ഈക്കൊല്ലം അങ്ങ്‌‌ നടപ്പാക്ക്‌... ഒന്നുമില്ലേലും ആ കല്യാണമെങ്കിലും...പ്രായം പത്തുമുപ്പത്‌‌ ആയില്ലയോ...?

  ഞാനൊരു marriage buero തുടങ്ങിയിട്ടുണ്ട്‌‌. profile അയ്‌ച്ച്‌‌ തന്നാല്‍ മാച്ച്‌ ചെയ്യുന്ന ഏതെങ്കിലും കോന്തന്മാര്‍ ഉണ്ടോ എന്ന്‌ നോക്കാം...(സാഹത്യകാരികള്‍ക്ക്‌‌ demand ഇത്തിരി കുറവാണ്‌..profile-ല്‍ ഇങ്ങേരുടെ സ്ഥാവര ജംഗമ വസ്‌തുക്കളുടെ കണക്കുകൂടി വച്ചേക്കണേ....)

  അതൊക്കെ പോട്ടെ...ഓണം എവിടെയാ...? നാട്ടിലോ.... അതോ..ബാഗ്ലൂരിലോ..? നാ‍ട്ടിലാണങ്കില്‍ ഓണം കഴിയുബോള്‍ നാടിന്റെ മണമുള്ള കുറച്ച്‌‌ കഥകള്‍ കിട്ടിയേനേ.....

 22. Areekkodan | അരീക്കോടന്‍ said...

  ഹി...ഹി..

  ഹി...ഹി..

  സംഗതി ഉഷാറായി.

 23. ദിവാസ്വപ്നം said...

  "ങാ സ്ലോ-മോഷനില്‍ വന്നാല്‍ മതി.ഞാന്‍ വാതില്‍ക്കലെത്തുമ്പോഴെക്കും ഒരു സമയമാകും."

  :-)

 24. ജാസൂട്ടി said...

  എന്തിരൊക്കെയോ സംഭവിക്കുന്നു...:)

 25. ഞാന്‍ ഇരിങ്ങല്‍ said...

  ബൂലോകത്തിലെ ഹാസ്യറാണിപട്ടം സ്വന്തമാക്കിയല്ലോ അല്ലേ...
  അഭിനന്ദനങ്ങള്‍.
  ഹാസ്യമെഴുത്തിലും സ്ത്രീകള്‍ ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുന്ന താങ്കളുടെ എഴുത്ത് വീണ്ടും ഉയരങ്ങള്‍ വെട്ടിപ്പിടിക്കട്ടെ.
  സ്വാതന്ത്യ്ര ദിനാഘോഷം ഇഷ്റ്റപ്പെട്ടു
  സ് നേഹപൂര്‍വ്വം
  ഇരിങ്ങല്‍

 26. ഉപാസന || Upasana said...

  മാറ്റങ്ങള്‍ നല്ലതു തന്നെ...
  Positive ആയുള്ള മാറ്റങ്ങള്‍.
  :)
  പൊട്ടന്‍

 27. ഷാഫി said...

  ചേച്ചീടേക്കന്ന് നിലവാരമുള്ളത് മാത്രം വായിച്ചും ബോറടിച്ചു. ഇങ്ങനെ എത്രയെണ്ണം ഉണ്ട് കയ്യില്‍? (അല്ല, അത് തീരണ വരെ നോക്കാതിരുന്നാ മതിയല്ലോ)

 28. ഗിരീഷ്‌ എ എസ്‌ said...

  കൊച്ചുത്രേസ്യേ നന്നായിട്ടുണ്ട്‌....

 29. ഉപാസന || Upasana said...

  ഷാഫി അത്ര വേണോ..?
  വേണ്ടാന്ന് തോന്നി. വേണമെങ്കില്‍ ഇത് സ്വീകരിക്കാം.
  സീനിയറാണ്. എഴുതാന്‍ നല്ല ആമ്പിയറുമുണ്ട്. ഒരു തവണയൊക്കെ ആര്‍ക്കും പറ്റും.
  So take care.
  :)
  പൊട്ടന്‍
  Productive critics are healthy. but...

 30. തമനു said...

  അതേ രണ്ടു സ്വാതന്ത്ര്യ ദിനം പെട്ടെന്നു വന്നതല്ല ... കഴിഞ്ഞപ്രാവശ്യം വന്നത് റിപ്പബ്ലിക്ക് ദിനമാരുന്നു .... :)

  യോഗായുടെ കാര്യമെങ്കിലും നടത്താന്‍ നോക്ക്..:)

 31. Ziya said...

  :)
  ആദ്യായിട്ടാ ഇവിടെ ...
  ബാക്കി പോസ്റ്റുകളും കൂടി സൌകര്യം പോലൊന്നു വായിക്കട്ടെ :)

 32. കൊച്ചുത്രേസ്യ said...

  തമനൂ ഇപ്പഴല്ലേ എനിക്കും കാര്യം പുടികിട്ടീത്‌.'യോഗേടെ കാര്യമെങ്കിലും' എന്നെടുത്തു പറഞ്ഞത്‌ മറ്റേ കാര്യം നടക്കൂലാന്നുറപ്പുള്ളതു കൊണ്ടല്ലേ.. ഞാന്‍ ഡെസ്പായി. ഇനി താടി നീട്ടി വളര്‍ത്തി 'മാനസമൈനേ ' പാടി നടക്കട്ടെ :-(

  ഷാഫീ ഇങ്ങനത്തെ ഒരഞ്ചെണ്ണോം കൂടിയുണ്ട്‌ അലമാരയില്‍. അതു പോസ്റ്റിക്കഴിയാല്‍ ഏകദേശം രണ്ടര മാസമെടുക്കും. അപ്പോഴേക്കും വന്നാല്‍ മതി :)

  എന്റുപാസനേ എന്നെപറ്റി ഇത്രേം പ്രതീക്ഷയൊന്നും വേണ്ട കേട്ടോ. നമ്മള്‌ അതിനും മാത്രമൊന്നുമില്ല (വിനയം)

  ഡിങ്കാ പറ്റിയ ഒരു സ്പാന്നര്‍ കിട്ടുമോ എന്നു നോക്കട്ടെ. ഒന്നു മുറുക്കാന്‍.അഡ്ജസ്റ്റബിള്‍ എന്നു പറഞ്ഞതിന്‌ ടാങ്ക്സ്‌. ഞാന്‍ പ്രതീക്ഷിച്ചത്‌'അണ്‍സഹിക്കബിള്‍' എന്നാണ്‌ :-)

  സാബൂസേ ഞാനങ്ങനെ ക്ലച്ചും ബെല്ലും ബ്രെയ്ക്കുമൊന്നും നോക്കാറില്ല.പിന്നെ ബാക്കി കാര്യങ്ങള്‍; അതിനു വേണ്ടി ഇപ്പോള്‍ തന്നെ ഒരു ടാസ്ക്‌ ഫോര്‍സ്‌ രൂപം കൊണ്ടിട്ടുണ്ട്‌.എന്താവും എന്നു നോക്കട്ടെ :-)

  അരീക്കോടന്‍, ദിവ,ജാസു, ഇരിങ്ങല്‍ മാഷ്‌,സിയ ഇനീം വരുമ്ന്നുറപ്പു തരാമെങ്കില്‍ മാത്രം ദാ നന്ദി പിടിച്ചോ.

  ഓടോ:ഈ സിയേടെ തലയ്ക്കു ചുറ്റുമെന്താ ഒരു പ്രകാശവളയം??

 33. വിന്‍സ് said...

  Kochu Thresya bhayankara oru van sambavam aanalley. Kollaam ithum valarey ishtta pettu.

 34. ഒരു ഇന്‍ഡ്യന്‍ പൌരന്‍ said...

  വളരെ, വളരെ നന്നായി...

 35. Unknown said...

  അന്നെന്നാ ചേച്ചി പറ്റായിരുന്നോ...ബിസ്ക്ക്റ്റു തന്നെയല്ലേ കഴിച്ചേ...അതോ അതു വെറും ടച്ചിംഗ്സ് ആയിരുന്നോ....എന്തൊക്കെ കാണണം ..എന്തൊക്കെ കേള്‍ക്കണം...

 36. Unknown said...

  ബാംഗ്ലൂര്‍ ബ്ലോഗേഴ്സ് മീറ്റ് കഴിഞ്ഞ് ഡീസന്റായീന്നോ.. ഹെന്റമ്മോ...

 37. Sathees Makkoth | Asha Revamma said...

  :)

 38. SUNISH THOMAS said...

  അടുത്ത പോസ്റ്റിട്.

 39. ഉപാസന || Upasana said...

  തീര്‍ച്ചയായും എനിക്ക് പ്രതീക്ഷയുണ്ട്.
  ദില്‍ബന്‍ ഭായിയെ തിരിച്ചടിച്ച ആ ശൈലിയുണ്ടല്ലൊ..!
  അക്കാ പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരും...
  സോപ്പൊന്നുമല്ല... അങ്ങനത്തെ ഒരാളോടാണ് ഞാന്‍ Deal ചെയ്യുന്നതെന്നും ഞാന്‍ കരുതുന്നില്ല...
  :)
  പൊട്ടന്‍

 40. ഏറനാടന്‍ said...

  കൊച്ചുത്രേസ്യാജീ.. സ്വാതന്ത്യദിനം ഒരു വട്ടമെങ്കിലും ഏപ്രീല്‍ ഒന്നിന്‌ ആക്കണമായിരുന്നു എന്നു തോന്നിയോ അന്നേരം? :)

  ഹച്ച്‌ കവറേജ്‌ നല്ലോം ഉണ്ടെന്നത്‌ തെളിഞ്ഞ സ്ഥിതിക്ക്‌ നാട്ടീ വരുമ്പം ഹച്ച്‌ കണക്ഷന്‍ ആക്കാന്‍ ഉറപ്പിച്ചു.

 41. Blogger said...

  ചേച്ചി നന്നായെഴുതുന്നുണ്ട്. എനിക്കിഷ്ടമായി. എന്റെയൊക്കെ വീട്ടിലെ ആരോ പോലെ..

 42. Anonymous said...

  എന്റെ മാതാവേ.. ഈ കൊച്ചുത്രേസ്യയുടെ കാര്യം പറഞ്ഞാല്‍ ഒരു നോവലെഴുതാനുണ്ട്...
  നിരീക്ഷണപാടവവും വിശകലനങ്ങളിലെ തെളിമയും അവതരണത്തിലെ നാടകീയതയും അസൂയാവഹം..

 43. payyans said...

  hey...
  really charming style...
  cheers to you...
  :)

 44. കുട്ടന്‍സ്‌ | S.i.j.i.t.h said...

  ത്രേസ്യേ,

  പോരാ..കുറേക്കൂടി നന്നാക്കണം..

  :)

  അടുത്തത് പോരട്ട്...

 45. ഒരു ഇന്‍ഡ്യന്‍ പൌരന്‍ said...

  Next please...

 46. G.MANU said...

  സ്വാതന്ത്ര്യം തന്നെ അമൃതം എസ്‌.എം. എസ്‌ തന്നെ ജീവിതം
  പാരതന്ത്ര്യം മാനികള്‍ക്ക്‌ 'ശാദി' യേക്കാള്‍ ഭയാനകം

  കൊച്ചുത്രേസ്യേ.. നല്ല കോട്ടയം അയ്മനം സ്റ്റയില്‍ എഴുത്ത്‌.... അരുന്ധതീ റൊയ്ക്ക്‌ ഒരു പിന്‍ഗാമിയായിക്കോട്ടെ.. ആശംസകള്‍

 47. നിഷ said...

  ത്രേസ്യച്ചേച്ി നന്നായിരിക്കു്ന്നു. :)

 48. അഭിലാഷങ്ങള്‍ said...
  This comment has been removed by the author.
 49. അഭിലാഷങ്ങള്‍ said...

  കൊച്ചുത്രേസ്യേ..

  നന്നായിരിക്കുന്നു,
  ബട്ട്, കുറച്ച് കൂടി നര്‍മ്മം വേണം ട്ടാ..
  അടുത്തപോസ്റ്റിനായി കാത്തിരിക്കുന്നു..

  അഭിലാഷ് (ഷാര്‍ജ്ജ)

 50. Anonymous said...

  wow gold!All wow gold US Server 24.99$/1000G on sell! Cheap wow gold,wow gold,wow gold,Buy Cheapest/Safe/Fast WoW US EUwow gold Power leveling wow gold from the time you World of Warcraft gold ordered!fanfan980110

  wow power leveling wow power leveling power leveling wow power leveling wow powerleveling wow power levelingcheap wow power leveling wow power leveling buy wow power leveling wow power leveling buy power leveling wow power leveling cheap power leveling wow power leveling wow power leveling wow power leveling wow powerleveling wow power leveling power leveling wow power leveling wow powerleveling wow power leveling buy rolex cheap rolex wow gold wow gold wow gold wow goldfanfan980110
  sdfs