Wednesday, August 22, 2007

ഒരു ബൈക്കും കുഞ്ഞാങ്ങളയും..

ചോദ്യം : അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌, ജൂലിയസ്‌ സീസര്‍, നെപ്പോളിയന്‍, മുസ്സോളിനി, ഹിറ്റ്‌ലര്‍, കൊച്ചുത്രേസ്യ- ഇതില്‍ കൂട്ടത്തില്‍ പെടാത്തയാളെ കണ്ടുപിടിക്കുക.

ഉത്തരം: കൊച്ചുത്രേസ്യ (അതു പിന്നെ ചോദിക്കാനുണ്ടോ)

കാരണം: മോളില്‍പറഞ്ഞിരിക്കുന്ന പുവര്‍ ബോയ്‌സിനൊക്കെ പൂച്ചയെ പേടിയായിരുന്നു.കൊച്ചുത്രേസ്യയ്ക്ക്‌ പൂച്ചയൊക്കെ വെറും തൃണം.പിന്നെയോ ,ആള്‍ക്ക്‌ എറ്റവും പേടിയുള്ള സാധനം ബൈക്കാണ്‌ (അപ്പോള്‍ പാറ്റേം തവളേമോ എന്നു ചോദിക്കരുത്‌..ഈ കഥയിലെ നായകന്‍ അതുങ്ങളല്ല.ബൈക്കാണ്‌. .ബൈക്കു മാത്രം)

സ്വന്തമായിട്ടു രണ്ടു കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ പറ്റാത്ത സാധനം.എന്തു വിശ്വസിച്ചാണ്‌ അതിന്റെ മോളില്‍ കയറി ഓരോ ലവന്മാര്‌ വ്രൂൂൂൂമ്ന്ന്‌ പാഞ്ഞു പോകുന്നത്‌ !!.കാണുമ്പോള്‍ രോമാഞ്ചം വരും-പേടിച്ചിട്ട്‌. ഇവന്‍മാര്‍ക്കൊന്നും വീട്ടില്‌ നോക്കാനും പറയാനും ആരുമില്ലേ?? അധികം വൈകാതെ തന്നെ ഉത്തരം കിട്ടി.സ്വന്തം വീട്ടില്‍ തന്നെ ബൈക്കെത്തി.അതില്ലാതെ എന്തു ജീവിതം എന്നും പറഞ്ഞ്‌ അനിയന്‍ ഒറ്റക്കാലില്‍ നിന്നതിന്റെ ഫലം.എന്തായാലും ഭാഗ്യത്തിന്‌ അപ്പോഴെക്കും ഞാന്‍ അരിക്കാശു തേടി അന്യനാട്ടിലെത്തിയിരുന്നു.അതുകൊണ്ട്‌ അതിന്റെ മുകളില്‍ കയറി ബുദ്ധിമുട്ടേണ്ടി വന്നില്ല. പക്ഷേ ഓഫിസിലാണെങ്കില്‍ അതിലേറെ പ്രശ്നം.പട പേടിച്ച്‌ പന്തളത്തു ചെന്നപ്പോ പന്തം കൊളുത്തിപ്പടാന്നു പറഞ്ഞ പോലെ---എല്ലാ കൂട്ടുകാര്‍ക്കും ബൈക്കുണ്ട്‌.എങ്ങാനും ഓഫീസിന്നിറങ്ങാന്‍ വൈകിയാല്‍ എല്ലാരും ലിഫ്റ്റ്‌ ഓഫര്‍ ചെയ്തു സ്‌നേഹിക്കും. കേറാന്‍ പേടിയാന്നൊക്കെ പറഞ്ഞാ ഇമേജു പോകും. അതുകൊണ്ട്‌ ഞാന്‍ ഒരു പ്രഖ്യാപനം നടത്തി- 'അന്യപുരുഷന്മാരുടെ കൂടെ ഞാന്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കാറില്ല.അതു കൊണ്ട്‌ ഇനി മുതല്‍ ആരും ലിഫ്റ്റ്‌ ഓഫര്‍ ചെയ്യരുത്‌-സോറി".അതേറ്റു. പിന്നെ ആരും ആ സാഹത്തിനു മുതിര്‍ന്നിട്ടില്ല.

അങ്ങനെ ഒരുവിധത്തില്‍ രക്ഷപെട്ടു നടക്കുമ്പോള്‍, ഒരു ദിവസം വീട്ടീന്നൊരു ഫോണ്‍. അനിയനാണ്‌

"ഡീ ഞാനങ്ങോട്ടു വരുവാ. അവിടെ പഠിക്കാന്‍.."

"അതെനിക്കറിയുന്നതല്ലേ? ഞാനെന്താ ആനേം അമ്പാരീം ഒക്കെ ഏര്‍പ്പാടാക്കണോ നിന്നെ സ്വീകരിക്കാന്‍..."

"ഓ അതൊക്കെ നിനക്കൊരു ബുദ്ധിമുട്ടാവില്ലേ. അതല്ല. ഞാന്‍ നമ്മടെ ബൈക്ക്‌ ഇന്നു അങ്ങോട്ടു കേറ്റി അയക്കുവാ. നിന്റെ ഫ്രണ്ട്‌സിനോടാരോടെങ്കിലും പറഞ്ഞ്‌ അതൊന്ന്‌ വീട്ടിലെത്തിക്കണം"

"അയ്യടാ.ഇനി അതിങ്ങോട്ടു കെട്ടിയെടുക്കാത്ത കുറവേയുള്ളൂ. പൊന്നുമോന്‍ ഒറ്റയ്ക്കു വരാന്‍ പറ്റുവെങ്കില്‍ മാത്രം വന്നാല്‍ മതി.നിങ്ങളു സയാമീസ്‌ ഇരട്ടകളൊന്നുമല്ലലോ എപ്പഴും ഒട്ടിപ്പിടിച്ചു നടക്കാന്‍.."

അല്ല പിന്നെ.. ആജന്മശത്രൂനെ എന്റെ വീട്ടീ കേറ്റി പാര്‍പ്പിക്കനോ. നോ വേ..

"നീ വിചാരിക്കുന്നതു പോലല്ല. ഒന്നാലോചിച്ചു നോക്ക്‌. പെട്ടെന്നെന്തെങ്കിലും സധനമൊക്കെ മേടിക്കാന്‍ പോണമെങ്കില്‌--എന്തുപകാരമാണേന്നോ.. എന്തിനാ കൂടുതല്‍ പറയുന്നത്‌.. ഞാന്‍ ബൈക്കു മേടിക്കുന്നതിനെതിരെ നിരാഹാരസമരം കിടന്ന മമ്മി പോലും ഇപ്പോള്‍ പറയുന്നത്‌ "ഇതില്ലാതെ നമ്മളെങ്ങനെ ജീവിക്കുമെടാ' എന്നാ"

ഞാനൊന്നലോചിച്ചു.ഇപ്പോള്‍ പെട്ടെന്നെന്തെങ്കിലും കഴിക്കണമെന്നു തോന്നിയാല്‍ എന്തു ബുദ്ധിമുട്ടാ. കുപ്പായം മാറണം. റിക്ഷ പിടിക്കണം, ഹോട്ടലിലെത്തണം.. അപ്പഴേക്കും കഴിക്കാനുള്ള മൂഡു പോകും. അവനും ബൈക്കുമുണ്ടെങ്കില്‍ അഗര്‍വാള്‍സിലെ ചൗമീനും,കേരളഭവനിലെ പുട്ടും കടലേമൊക്കെ ശ്ശടേ പൂക്ക്ന്ന്‌ ഡൈനിംഗ്‌ ടേബിളിലെത്തിക്കോളും. അറിയാതെ എന്റെ സൈഡീന്നൊരു പച്ചക്കൊടി പൊങ്ങിപ്പോയി.അങ്ങനെ അധികം താമസിയാതെ തന്നെ ആ രണ്ടുപദ്രവങ്ങളും ഡെല്ലീലെത്തി.

എത്തി ദിവസങ്ങള്‍ കഴിഞ്ഞു.എന്നിട്ടും എനിക്ക്‌ ബൈക്കിനെയോ ബൈക്കിനെന്നെയോ ഒരു മൈന്റുമില്ല. അങ്ങനെ ഒരു ദിവസമാണ്‌ അനിയന്‌ ബോധോദയമുണ്ടായത്‌(എന്റെ കഷ്ടകാലത്തിന്‌) എല്ലാ ദിവസവും ഞാനും അവനും പോകുന്നത്‌ ഒരേ സ്ഥലത്തേക്കാണ്‌. എങ്കില്‍ പിന്നെ എന്തുകൊണ്ട്‌ ഒന്നിച്ചു പൊയ്ക്കൂടാ..

കേട്ട പാതി കേള്‍ക്കാത്ത പാതി ഞാനാ ഐഡിയ നിഷ്‌കരുണം തള്ളിക്കളഞ്ഞു.

"എന്തൊക്കെ പറഞ്ഞാലും ആ ചാര്‍ട്ടേഡ്‌ ബസ്സിന്റെ മുന്‍പില്‌ ഡ്രൈവര്‍ടെ കാബിനിലിരുന്ന്‌ ഫുള്‍ വോളിയത്തില്‌ പാട്ടും കേട്ടു പോകുന്നതിന്റെ ആ ഒരു സുഖം ...അതു നിന്റെ മത്തിവണ്ടീലിരുന്നാല്‍ കിട്ടുമോ?? ഞാനില്ല മോനേ"

അവനാരാ മോന്‍...ജനിച്ച അന്നു മുതല്‍ എന്നെ കാണുന്നതാണ്‌.എടുത്തടിച്ച പോലെ ചോദിച്ചു.

"നിനക്കു ബൈക്കീകേറാന്‍ പേടിയാ അല്ലേ??"

""ങും" ഞാന്‍ തോല്‍വി സമ്മതിച്ചു.അല്ലാതെന്തു ചെയ്യാന്‍..

അവന്‍ ഉപദേശത്തിന്റെ കെട്ടഴിച്ചു.

"നീയിങ്ങനെ പേടിച്ചാലോ. ഇപ്പോള്‍ സര്‍വസാധാരണമായിട്ടുള്ള വാഹനം ബൈക്കാണ്‌. പെട്ടെന്നൊരാവശ്യം വന്നാല്‍ നീ എന്തു ചെയ്യും??."

കാര്യമൊക്കെ ശരിയാണ്‌.സപ്പോസ്‌ ഞാന്‍ വല്ല ആക്സിഡന്റും പറ്റി ചോരേമൊലിപ്പിച്ചു നില്‍ക്കുകയാണ്‌.അപ്പോള്‍ ദൈവദൂതനെ പോലെ ഒരു ബൈക്കുചേട്ടന്‍ വന്ന്‌ ആശുപതിയിലെത്തിക്കാംന്നു ഓഫര്‍ തരുന്നു."ങൂഹും . ഞാന്‍ ബൈക്കില്‍ കേറില്ല..എനിക്കു പേടിയാ" എന്നൊക്കെ ചിണുങ്ങിക്കോണ്ടു നിന്നാല്‍ എപ്പം കാറ്റു പോയീന്നു ചോദിച്ചാല്‍ മതി.

എന്റെ ധര്‍മ്മസങ്കടം അവനു മനസ്സിലായി.

"നീ ഒന്നും പേടിക്കണ്ട.ഞാന്‍ പതുക്കയെ ഓടിക്കൂ,ഇനി എങ്ങാനും അറിയാതെ സ്പീഡിലോടിച്ചാല്‍ നീ എന്നെ ചീത്ത വിളിച്ചോ"

എന്നാലും ഇവനെ വിശ്വസിക്കണോ?? പണ്ടൊരിക്കല്‍ ട്രെയിനിലിരുന്ന്‌ "ഡാ ഞാന്‍ അരമണിക്കൂറിനുള്ളില്‍ അവിടെത്തും"ന്നു പറഞ്ഞപ്പോള്‍ തിരിച്ച്‌ "എന്നു നീയങ്ങനെ ഉറപ്പിക്കാതെ. ലാന്‍ഡു ചെയ്യാന്‍ വെറും മിനിട്ടുകള്‍ മാത്രം ബാക്കിയുള്ളപ്പഴാ നമ്മടെ കൊളംബിയ പൊട്ടിത്തെറിച്ചത്‌" എന്നും പറഞ്ഞ്‌ ആശസിപ്പിച്ചവനാണ്‌.

ഞാന്‍ ആ ചിന്തിച്ചതും അവന്‍ മരത്തില്‍ കണ്ടു.

"നീയെന്നെ ഒന്നു വിശ്വസിക്ക്‌. ഒന്നുമില്ലേലും നമ്മള്‌ ഒരേ പ്ലാനറ്റേറിയത്തില്‍ ജനിച്ചവരല്ലേ??"

അങ്ങനെ പിറ്റേദിവസം മുതല്‍ ഞങ്ങളുടെ യജ്ഞം ആരംഭിച്ചു.രണ്ടുമൂന്നു ദിവസം കൊണ്ട്‌ തന്നെ എന്റെ പ്രശ്നങ്ങളൊക്കെ അവനു മനസ്സിലായി. ബൈക്കിലിരുന്നോണ്ടു പുറകോട്ടു തിരിഞ്ഞു നോക്കി ചുമ്മാ റോഡീക്കൂടെ പോകുന്ന ബസ്സിനേം കാറിനെമൊക്കെ കണ്ട്‌ പേടിക്കുക.അതു ദൂരേന്നു വരുന്ന കാണുമ്പഴേ അവന്റെ തോളിലുള്ള എന്റെ പിടി മുറുകാന്‍ തുടങ്ങും. അതു തൊട്ടടുത്തെമ്പോള്‍ എന്റെ പിടീടെ ശക്തി മാക്സിമത്തിലെത്തും.അതു കഴിയുമ്പോള്‍ ശക്തി കുറഞ്ഞു കുറഞ്ഞു വരും.അപ്പോഴെക്കും പേടിക്കാന്‍ വേണ്ടി അടുത്ത ബസ്‌ ഞാന്‍ കണ്ടുപിടിക്കും(സത്യം പറയാല്ലോ ബൈക്കിലിരുന്നു നോക്കുമ്പോള്‍ ബസ്സിനൊക്കെ എന്തു വലിപ്പമാന്നോ. അതിന്റെ മുന്‍പില്‌ രണ്ടുണ്ടക്കണ്ണും. എന്റമ്മോ എന്തൊരു ജീവി).രണ്ടാമത്തെ പ്രശ്നം..അതിന്റെ മോളില്‍ക്കേറിയാല്‍ ഞാന്‍ ശ്വാസം വിടാന്‍ മറന്നു പോകും (പേടിച്ചിട്ട്‌).പിന്നെ ബൈക്കോടിക്കുമ്പോള്‍ പാട്ടു പാടുക എന്നൊരു ദുശ്ശീലം അവനുണ്ട്‌. പാടുന്നതു പോട്ടെ അവന്‍ ചുമ്മാ മിണ്ടാന്‍ വേണ്ടി വാ തുറന്നാല്‍ പോലും ഞാന്‍ അവനെ മാന്താനും കുത്താനുമൊക്കെ തുടങ്ങും.മിണ്ടുന്ന തിരക്കിലെങ്ങാനും അവന്റെ കോണ്‍സന്‍ട്രേഷന്‍ പോയാലോ.ഇനിയൊരു പ്രതിസന്ധീം കൂടിയുണ്ട്‌. പ്രഗതി മൈതാനിലെ റെയില്‍വേ ഓവര്‍ബ്രിഡ്ജ്‌.കൃത്യമായി അവിടെയെത്തുമ്പോള്‍ ഞങ്ങള്‍ക്ക്‌ റെഡ്‌-ലൈറ്റ്‌ കിട്ടും.തലയ്ക്കു മുകളീകൂടി ചീറിപായുന്ന ട്രെയിന്‍..തൊട്ടു തൊട്ടില്ലാന്നുള്ള മട്ടില്‌ നില്‍ക്കുന്ന ബസ്സുകളും കാറുകളും..ആകെ ഹോണടി ..ബഹളം..എന്റമ്മോ..അപ്പഴത്തെ എന്റെ മുഖഭാവം കണ്ടാല്‍ അവന്‍ എന്നെ ബലമായി തട്ടിക്കൊണ്ടു പോകുന്നതാണെന്ന്‌ വരെ ആരായാലും സംശയിച്ചു പോകും.

അങ്ങനെ ഏകദേശം ഒരു മാസം കഴിഞ്ഞു. എന്റെ അസുഖത്തിനൊരു കുറവുമില്ല.ആകെ നിരാശയായി.അപ്പഴാണ്‌ അവന്‍ ആ സത്യം പറഞ്ഞത്‌..

"നിനക്കു നല്ല ഇംപ്രൂവ്‌മെന്റുണ്ട്‌. ഞാനിപ്പോള്‍ നല്ല സ്പീഡിലാ ഓടിക്കുന്നത്‌. നിനക്കു പേടി തോന്നാറില്ലല്ലോ"

കൊച്ചുകള്ളാ അതെനിക്കു മനസ്സിലായിട്ടില്ലായിരുന്നു.എന്നിട്ടു വേണ്ടേ പേടിക്കാന്‍...എന്തായാലും അണയാന്‍ തുടങ്ങിയ ആവേശം പിന്നെം ആളിക്കത്താന്‍ തുടങ്ങി.

അങ്ങനെ ശാന്തസുന്ദരമായ ഒരു വൈകുന്നേരം ഞങ്ങള്‍ പതിവു കലാപരിപാടികളുമായി (ഇടി,കുത്ത്‌,മാന്തല്‍,ചീത്തവിളി) വീട്ടിലേക്കു വരികയായിരുന്നു.പാര്‍ലമെന്റ്‌ സ്ട്രീറ്റിന്റേം അശോകാറോഡിന്റേം ഇടയ്ക്കുള്ള ഗോല്‍ചക്കര്‍.ഭയങ്കര ട്രാഫിക്ക്‌. പെട്ടെന്നെന്താ സംഭവിച്ചത്‌ എന്നെനിക്ക്‌ മനസ്സിലായില്ല. ഞാന്‍ വായൂക്കൂടെ പറന്നു പൊകുന്നതു പോലെ ഒരനുഭവം.ഒന്നു മിന്നിതെളിഞ്ഞപ്പോള്‍ ബൈക്കിലെന്തോ വന്നിടിച്ചതാന്നു മനസ്സിലായി. എന്തായാലും ആ റോഡില്‍ ആകാശോം നോക്കികിടന്നപ്പോള്‍ എന്റെ മനസ്സീക്കൂടെ പോയത്‌ നമ്മടെ സര്‍ക്കാരിന്റെ അനാസ്ഥയെപറ്റിയായിരുന്നു. അവരൊന്നു മനസ്സു വച്ചിരുന്നെങ്കില്‍ ഇപ്പോള്‍ കണ്ണൂരു വിമാനത്താവളത്തിന്റെ പണി പൂര്‍ത്തിയായിരുന്നേനേ. ഇതിപ്പോ എന്റെ ശവം ആദ്യം കോഴിക്കോടു വിമാനത്തവളത്തിലെത്തിക്കണം-അവിടുന്ന്‌ ബസ്സിലോ ട്രെയിനിലോ ഒക്കെ വീട്ടിലെത്തിക്കുമ്പോഴേക്കും ആകെ ചീഞ്ഞു വൃത്തികേടായിപ്പോകും.ച്ഛെ നാണക്കേടായല്ലോ ദൈവമേ..ഞാന്‍ കിടന്ന കിടപ്പില്‍ ഒന്നു തല ചരിച്ചു നോക്കി. ഞങ്ങടെ ബൈക്കിനെ വന്നിടിച്ച കാറിന്റെ ഡോറും തുറന്ന്‌ ഒരു ആജാനുബാഹു എന്റെ അനിയന്റെ നേരെ രണ്ടും കല്‍പ്പിച്ചു വരികയാണ്‌ ( അവനും ബൈക്കും അവിടെ സ്റ്റെഡിവടിയായി നില്‍ക്കുന്നുണ്ട്‌ കേട്ടോ. പിന്നെ ഞാന്‍ മാത്രമെങ്ങനെ വീണൂന്നാണെങ്കില്‍... അതാണു ഞാന്‍ ബു ഹ ഹ)എന്തായാലും അയാള്‍ടെ വരവു കണ്ടതും മരിച്ചു കിടന്ന ഞാന്‍ സ്പ്രിംഗു തെറിക്കുന്നതു പോലെ എഴുന്നേറ്റ്‌ അവന്റടുത്തേക്കോടി.പിന്നവിടെ നടന്നത്‌ ഏതു കരാളഹൃദയന്റേം കണ്ണു നനയിക്കുന്ന പ്രകടനമായിരുന്നു.അവനെന്റെ കയ്യും തലേമൊക്കെ പരിശോധിക്കുന്നു...ഞാനവന്റെ ഹെല്‍മറ്റിന്റെ പുറത്തു തലോടുന്നു(അതിന്റെ ഉള്ളിലാണ്‌ അവന്റെ തലാന്നൊക്കെ അപ്പം ഓര്‍മ്മ വന്നില്ല).അവിടെ കിടക്കുന്ന പത്തു നൂറു വണ്ടികളെ സാക്ഷിയാക്കി റോഡിന്റെ നടുക്കു വച്ചാണ്‌ ഈ സ്‌നേഹപ്രകടനം എന്നോര്‍ക്കണം. ഏവംവിധം വഴക്കു പറയാന്‍ വന്ന അജാനുബാഹു അങ്കിള്‍ പോലും സോറി പറഞ്ഞ്‌ തിരിച്ചു പോയി.

ഞങ്ങള്‍ പിന്നേം യാത്ര തുടര്‍ന്നു,ഇത്തിരിയങ്ങു പോയതേയുള്ളൂ. അവന്‍ ബൈക്ക്‌ സൈഡിലേയ്‌ക്കൊതുക്കി നിര്‍ത്തി ഇറങ്ങി."ഡീ എനിക്കോടിക്കാന്‍ പറ്റുന്നില്ല. എന്തോ പോലെ. ഞാനിവിടൊന്നിരിക്കട്ടെ" എന്നും പറഞ്ഞ്‌ ആ റോഡ്‌ സൈഡില്‍ ഇരുന്നു.കൂടെ ഞാനും പോയിരുന്നു. എനിക്കാണെങ്കില്‍ എവിടെയൊക്കെയോ വേദനിക്കുന്നുണ്ട്‌.ചെറുതായി വിറയ്ക്കുന്നുമുണ്ട്‌.

"നീ ഒന്നൂടൊന്നു നോക്കിക്കേ. എന്തെങ്കിലും പറ്റിയോന്ന്‌"

"ഇല്ലെടാ.കയ്യിലേം കാലിലേം ഇത്തിരി പെയിന്റു പോയീന്നേയുള്ളൂ..വേറൊന്നുമില്ല"

അവന്‍ ശൂന്യതയിലേക്ക്‌കണ്ണും നട്ട്‌ ഭയങ്കര മൗനം.ആകെമൊത്തം ഒരു വേണുനാഗവള്ളി ലുക്ക്‌.ഇരുന്നിരുന്ന്‌ എനിയ്ക്കു ബോറടിച്ചു.

"ഡാ നീ പേടിക്കണ്ട. ഞാനാരോടും പറയില്ല" ഞാന്‍ മഹാമനസ്കയായി.

"അതൊന്നുമല്ല.നമ്മക്ക്‌ ആശൂപത്രീ പോവാം. നീ വാ" അവന്‍ എഴുന്നേറ്റു.

"ചുമ്മാ ഇത്രേം കുഞ്ഞു പരിക്കുമായി ചെന്നാല്‍ അവരെന്തു വിചാരിക്കും. നമ്മക്കു വീട്ടിലേക്കു വിടാം. എനിക്കു ഭീകരമായി വിശക്കുന്നു"

ഒന്നു സംശയിച്ചു നിന്ന ശേഷം അവന്‍ ബൈക്കു സ്റ്റാര്‍ട്ടു ചെയ്യന്‍ തുടങ്ങി.

"ശ്‌ശെ അല്ലെങ്കിലേ നിനക്കു പേടിയായിരുന്നു. ഞാനാ നിര്‍ബന്ധിച്ചു കേറ്റീത്‌. ഇപ്പം നിനക്കു പിന്നേം പേടികൂടീട്ടുണ്ടാവും അല്ലേ" അവന്‍ എന്നെ നോക്കാതെ ചോദിച്ചു.

അതിനെന്തോ മറുപടി പറയാന്‍ തുടങ്ങീതാ. പക്ഷെ പറ്റിയില്ല. പെട്ടെന്ന്‌ എന്റെ കണ്ണീന്ന്‌ കുടു കുടാന്നു വെള്ളം ചാടാന്‍ തുടങ്ങി. സത്യമായിട്ടും സങ്കടം വരേണ്ട ഒരു കാര്യവുമില്ലവിടെ. എന്നിട്ടും കരച്ചിലടക്കാന്‍ പറ്റുന്നില്ല.ഇനിയിപ്പം ഇതു കണ്ടാല്‍ മതി,അവന്‌ കൂനിന്മേല്‍ കുരു പോലാകും.ഞാന്‍ ന്യൂട്രലില്‌ ദുപ്പട്ടേം കൊണ്ട്‌ കണ്ണൊക്കെ തുടച്ച്‌ ബൈക്കില്‍ കേറിയിരുന്നു.പിന്നങ്ങോട്ട്‌ കരച്ചിലടക്കിപ്പിടിക്കാനുള്ള തത്രപ്പടില്‍ പരിസരമൊന്നും ശ്രദ്ധിക്കാന്‍ പറ്റീല്ല. അങ്ങനെ കുറച്ചു കഴിഞ്ഞ്‌ ഒരു ലെവലായിക്കഴിഞ്ഞപ്പോഴാന്‌ ഞാനൊരു കാര്യം ശ്രദ്ധിച്ചത്‌.ബസ്സുകള്‍ക്കും കാറുകള്‍ക്കുമൊക്കെ അതേ വലിപ്പോം രൂപോമൊക്കെ തന്നെ. എന്നിട്ടും എനിക്കൊരു പേടീം തോന്നുന്നില്ല. ഞാന്‍ ചുമ്മാ ഒന്നു പേടിക്കാന്‍ ശ്രമിച്ചു.ഒരു രക്ഷേമില്ല.ഒരു കുഞ്ഞു പേടി പോലും വരുന്നില്ല. ഇനിയിപ്പോ ഇവന്‍ പാട്ടു പാടാത്തതു കൊണ്ടാണോ? ഞാന്‍ അവനെ തോണ്ടി വിളിച്ചു.

"ഡാ നീയെന്താ പാട്ടു പാടാത്തത്‌?"

"ഒന്നൂല്ല. എനിക്കു പാടാന്‍ തോന്നുന്നില്ല"

"നീ ചുമ്മാ പാട്‌.നിന്റെ അപസ്വരം കേള്‍ക്കാഞ്ഞിട്ട്‌ ഒരു രസോം തോന്നുന്നില്ല"

"ഇല്ലെന്നു പറഞ്ഞില്ലേ. അത്രയ്ക്കും നിര്‍ബന്ധമാണെങ്കില്‍ നീ തന്നെയങ്ങ്‌ പാട്‌" അവന്‍ ചാടിക്കടിയ്ക്കാന്‍ വന്നു. അല്ലെങ്കിലും ഇവനെയൊക്കെ സ്‌നേഹിക്കാന്‍ പോവുന്ന എന്നെ പറഞ്ഞാല്‍ മതീല്ലോ.

എന്തായാലും ആപ്പറഞ്ഞതും പോയിന്റ്‌.ഞാന്‍ ഇരുന്നു പാടാന്‍ തുടങ്ങി.പാടി പാടി പ്രഗതി മൈതാനിലെത്തി. അന്നും തീവണ്ടി തലയ്ക്കു മോളീക്കൂടി പോയി.ഞാനതു ശ്രദ്ധിച്ചുപോലുമില്ല. അന്ന്‌ വീടെത്തും വരെ ഞാന്‍ പാടിക്കൊണ്ടിരുന്നു.

ആ സംഭവമൊക്കെ കഴിഞ്ഞ്‌ ഒത്തിരി നാളുകള്‍ക്കു ശേഷം ഞാനവനോടു ചോദിച്ചു.

"നിനക്കോര്‍മ്മയുണ്ടോ.. അന്നു ഞാന്‍ ബൈക്കീന്ന്‌ ഉരുണ്ടുകെട്ടിവീണത്‌??"

"ഓര്‍മ്മയുണ്ടോന്ന്‌. അന്ന്‌ നിനക്കെന്തെങ്കിലും സംഭവിക്കുമ്ന്ന്‌ പ്രതീക്ഷിച്ചതാ. നീ ചുമ്മാ കൊതിപ്പിച്ചു"

അവനാപറഞ്ഞത്‌ നുണയാണെന്ന്‌ എനിക്കു മനസ്സിലായി.എനിക്കതു മനസ്സിലായീന്ന്‌ അവനും മനസ്സിലായി. അന്നെനിക്ക്‌ അത്രേം കുഞ്ഞു പരിക്കുണ്ടായിട്ടു പോലും അവനെന്തു വിഷമമായിരുന്നു. അപ്പോള്‍ എനിക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ??എന്തായാലും ഞാനന്നു മരിയ്ക്കാത്തത്‌ എന്തുകൊണ്ടും നന്നായി..

ഉള്ളതു പറയാലോ.ആ സംഭവത്തിനു ശേഷം എനിക്കു ഭയങ്കര ധൈര്യമായി.ബൈക്കില്‌ ഏതു ചമ്പല്‍ക്കാട്ടില്‍ കൂടി പോവാനും ഒരു പ്രശ്‌നോമില്ല.പക്ഷെ അതോടിക്കുന്നത്‌ അവനായിരിക്കണംന്നു മാത്രം..

92 comments:

 1. കൊച്ചുത്രേസ്യ said...

  എനിക്കൊരിക്കലും മറക്കാന്‍ പറ്റാത്ത ഒരു സംഭവം. എന്നിട്ടും വായിച്ചതിന്റെ പിന്നാലെ നിങ്ങളിതു മറന്നു പോയെങ്കില്‍ കുറ്റം എന്റെ എഴുത്തിന്റേതു മാത്രം.

 2. കണ്ണൂരാന്‍ - KANNURAN said...

  ഠോ.............

 3. ശ്രീ said...

  കൊള്ളാം ട്ടോ!
  ഈ സംഭവം ഇഷ്ടപ്പെട്ടു. സഹോദരങ്ങള്‍‌ തമ്മിലുള്ള സ്നേഹം ഇതിലൂടെ തന്നെ മനസ്സിലാവുന്നു. ആശംസകള്‍‌! രണ്ടു പേര്‍‌ക്കും
  :)

 4. ഉണ്ണിക്കുട്ടന്‍ said...

  അറിയാതെ എന്റെ സൈഡീന്നൊരു പച്ചക്കൊടി പൊങ്ങിപ്പോയി.അങ്ങനെ അധികം താമസിയാതെ തന്നെ ആ രണ്ടുപദ്രവങ്ങളും ഡെല്ലീലെത്തി.

  ത്രേസ്യാമ്മോ ഇത്രയും നാള്‍ എഴുതിയതില്‍ വച്ചു ഏറ്റവും മികച്ചത്.. അസൂയ തോന്നിപ്പോയി..സത്യം !

 5. Haree said...

  അപ്പോ കെട്ടിയോനോട് ആദ്യം പറയണ ആഗ്രഹം അതാണോ: “എന്നെയൊന്ന് ബൈക്കില്‍ കൊണ്ടുപോയി ഉരുട്ടിയിടണം”ന്ന്. അനിയന്റെ ബൈക്കിന്റെ പിറകിലിരുന്നുള്ള പേടി മാത്രം മാറിയാല്‍ പോരല്ലോ!

  ഇത്രേം വലുപ്പമുള്ള ആന ഇത്തിരിപ്പോന്ന പാപ്പാനേം തോട്ടിയേം വരെ പേടിക്കുന്നു, കൊച്ചുത്രേസ്യ അപ്പോള്‍ മിനിമമൊരു ബൈക്കിനെയെങ്കിലും പേടിച്ചില്ലേലെങ്ങനാ, ധൈര്യമായി പേടിക്കൂന്നേ...

  ഓണാശംസകളോടെ...
  ഹരീ
  --

 6. Dinkan-ഡിങ്കന്‍ said...

  ഇതിനെയാണ്
  “കുളിച്ചാല്‍ കുളിരില്ല” എന്ന് പറയുന്നതല്ലേ, കൊള്ളാം.

  ബൈക്ക് പോസ്റ്റ് കൊള്ളാം കേട്ടോ കൊ.ത്രേ.
  (എന്നാലും ചുമ്മാ കൊതിപ്പിച്ചു, ആക്സിഡെന്റ് എന്നൊക്കെ പറഞ്ഞ്. 4 കമ്യൂണിസ്റ്റ് പച്ചേടെ ഇലപിഴിഞ്ഞ് ഒഴിക്കേണ്ട മുറിവിനെ ഒക്കെ ആക്സിഡെന്റെന്ന് വിളിച്ച് അപമാനിക്കാതെ)

 7. ഉപാസന || Upasana said...

  ത്രേസ്യാമ്മച്ചീ...
  ഞാന്‍ പറഞ്ഞില്ല്യോ ഇയാള്‍ തിരിച്ച് വരുമെന്ന്.
  ഇത്തവണ വളരെ നന്നായി. "Independance exper" എഴുതിയ ആളാണെന്ന് പറയത്തില്ല. അത്ര ഒഴുക്ക്. ഞാന്‍ “രണ്ടും കയ്യും പൊക്കി”(*) അഭിനന്ദിക്കുന്നു.
  :)
  സുനില്‍

  (*) ഉപകാരസ്മരണ ഉമ്മന്‍ ചാണ്ടിക്ക്

 8. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്:“ നീ പേടിക്കണ്ട. ഞാനാരോടും പറയില്ല" ഞാന്‍ മഹാമനസ്കയായി”

  ഒരു സംശയം ഉരുണ്ടു വീണതാരാ?

  ഇടിവാള്‍കഥകള്‍ വായിച്ച് മിന്നലിന്റെ ഫാനായപോലെ..
  അനിയന്റെ ഫാന്‍ ക്ലബ്ബ് പെട്ടന്ന് തുടങ്ങാം എന്നാ മറുപടികള്‍!!!..

 9. സാജന്‍| SAJAN said...

  ഇത് വണ്ടര്‍ ഫുള്‍:)
  ത്രേസ്യയുടെ എഴുത്തില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്, ഹാസ്യത്തിനു വേണ്ടിയുള്ള ഹാസ്യമില്ല, എന്നാല്‍ നര്‍മത്തിന്റെ മേമ്പോടി വേണ്ടുവോളം ചാലിച്ചെഴുതിയ ഈ സുന്ദരരചന ഇഷ്ടപ്പെട്ടു:)

 10. SUNISH THOMAS said...

  തകര്‍ത്തു. കിടിലോല്‍ക്കിടിലം. നല്ലയൊഴുക്ക്. അടുത്ത കാലത്തെഴുതിയവയില്‍
  സൂപ്പര്‍.

  കഥയെക്കാളുപരി നിങ്ങള് ആങ്ങള പെങ്ങളു റിലേഷന്‍റെ ആ ഇഴയടുപ്പം വായിക്കാന്‍ നല്ല ശേലുണ്ട്.

  ആ ചങ്ങാതിയാണോ കൊച്ചുതൊമ്മന്‍??????

  :)

 11. കുട്ടന്‍സ്‌ | S.i.j.i.t.h said...

  വളരെ നന്നായിട്ടുണ്ട് ത്രേസ്യേ..
  മനസ്സില്‍ തട്ടുന്നത്..
  :)

  ഒ.ടോ : ന്നിട്ടിപ്പൊ അനിയന്‍ ഡല്‍ഹീ തന്നാണോ അതോ മ്മടെ ബാംഗ്ലൂരെത്തിയോ..???

 12. ദിവാസ്വപ്നം said...

  ഏറ്റവും ഇഷ്ടപ്പെട്ട പോസ്റ്റ്. നര്‍മ്മവും നോവും വളരെ നന്നായി മിക്സ് ചെയ്തിരിക്കുന്നു.

  (ഒരു വെറും സാധാരണ വായനക്കാരന്‍)

  ആദ്യത്തെ ബൈക്കില്‍ നിന്ന് ആദ്യത്തെ വീഴ്ച വീണപ്പോള് “ഈ ബൈക്ക് നമുക്ക് വിറ്റേക്കാം ഡാഡീ”ന്നാണ് ഞാന്‍ അപ്പനോട് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ ബൈക്ക് വിറ്റപ്പോള് കണ്ണു നിറഞ്ഞു താനും. (ബോറായെങ്കില്‍ സോറി)

 13. കുഞ്ഞന്‍ said...

  കൃത്രിമ ഹാസ്യം കുത്തികേറ്റാതെ,വളരെ സുന്ദരമായി വായനക്കാരെ തന്റെ അനുഭവകഥയിലൂടെ, ബൈക്കില്‍ സുരക്ഷിതമായി കൊണ്ടുപോകുന്നു. അഭിനന്ദനങ്ങള്‍..

 14. ഗിരീഷ്‌ എ എസ്‌ said...

  കൊച്ചുത്രേസ്യേ...
  നന്നായിട്ടുണ്ട്‌...
  "ദീപ്ത"മായ രചന...
  അനുഭവക്കുറിപ്പുകളില്‍ ഹാസ്യത്തിന്റെ മേമ്പൊടിയിട്ട്‌
  അതിമനോഹരമായി എഴുതിയിരിക്കുന്നു...
  സത്യം പറയാലോ..അസൂയ തോന്നുന്നുട്ടോ...

  എല്ലാ ഭാവുകങ്ങളും
  ഒപ്പം ഓണാശംസകളും...

 15. Inji Pennu said...

  ഉഗ്രനായിട്ടുണ്ട്. ആ കണ്ണ് നനഞ്ഞതും അനിയന്റെ സ്നേഹൊം ഒക്കെ കൂടി വായിച്ചപ്പൊ ആകെ സെന്റിയായൊപ്പോയി.

  എന്നാലും കണ്ണൂര്‍ വിമാനത്താവളം വരണ്ടത് തന്ന്യാ. :)

  നന്നായിട്ടുണ്ട്. ആകെയൊരു ഗദ്ഗദ് ഫീലിങ്ങ്.

 16. സുനീഷ് said...

  ച്ച്‌ ചേട്ടായിയേയും, അനിയന്‍ കുട്ടനേയും ഇപ്പം കാണണം. ങീ....

 17. ഗുപ്തന്‍ said...

  കൊച്ചുത്രേസ്യേ ഇയ്യാള്‍ടെ ഇതുവരെയുള്ളതില്‍ ബെസ്റ്റ് പോസ്റ്റ് .... ഇവിടെ വരാറുള്ള ഹാസ്യപ്പൊസ്റ്റുകളില്‍ പൊതുവേയും മികച്ച ഒരെണ്ണം. പതിവു ക്ലീഷേകളില്ലാതെ വായിച്ചുമടുത്ത ശൈലികള്‍ ഇല്ലാതെ സുന്ദരമായ ഹാസ്യം. ഒപ്പം ഉള്ളില്‍തൊടുന്ന സഹോദരസ്നേഹത്തിന്റെ സാക്‍ഷ്യവും. നന്നായി

 18. Unknown said...

  നല്ല എഴുത്ത്. ഇതെനിക്ക് ഭയങ്കര ഇഷ്ടമായി. ഇതിന്റെ നേരെ വിപരീതം ഒരുത്തി ഉണ്ട്. എന്റെ പെങ്ങള്‍. എന്ത് കാര്യത്തിനായാലും ഏട്ടന്റെ കൂടെ എന്നും പറഞ്ഞ്. പൊന്നനിയത്തീ ഞാന്‍ തന്നെ ജീവിച്ച് പോകാന്‍ പെടുന്ന പാട് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല ഭയങ്കര വിശ്വാസമാണ്. നമ്മള്‍ക്ക് അത്രയും തന്നെ ടെന്‍ഷന്‍. :-(

 19. വിന്‍സ് said...
  This comment has been removed by the author.
 20. വിന്‍സ് said...
  This comment has been removed by the author.
 21. Satheesh said...

  ബൈക്കീന്ന് വീണപ്പം തലയടിച്ചിട്ടാണ്‍ വീണത്‌ല്ലേ. തലക്കടി കിട്ടിയാല്‍ പിന്നെ ചിലര്‍ക്ക് പെട്ടെന്ന് സ്വഭാവത്തില്‍ വന്‌മാറ്റം വരാം! :)
  തകര്‍ത്തെഴുതിയിരിക്കുന്നു! അഭിനന്ദങ്ങള്‍..അനിയന്‍സിനും!

 22. A Cunning Linguist said...

  വിശാലമനസ്കൈസേഷന്‍ എന്നാണ് ഈ പ്രതിഭാസത്തിന്റെ പേര്.... കൊള്ളാം... നന്നായിട്ടുണ്ട്.... [കൂടുതല്‍ പറഞ്ഞ് ഓവറാക്കുന്നില്ല]

 23. aneeshans said...

  ചിരിപ്പിച്ചിട്ട് സങ്കടം വരുത്തുന്ന പരിപാടി.

 24. Mubarak Merchant said...

  സൂപ്പറായി പെങ്ങളേ..
  സംഭവങ്ങള്‍ വളരെ ലൈവായി അവതരിപ്പിച്ചു.
  അഭിനന്ദനങ്ങള്‍.

 25. ഒരു ഇന്‍ഡ്യന്‍ പൌരന്‍ said...

  കലക്കി... കലക്കി...

  ഇതു വായിച്ചപ്പോള്‍ എനിക്ക് ഒരു പഴയ ട്രിപ് ഓര്‍മ്മയാണുണ്ടായത്. അന്ന് ഞാനും എന്നെപ്പോലെ തടിയനായ എന്‍റെ ഒരു സുഹ്രുത്തും (അവന്‍ ഇപ്പൊള്‍ അറിയപ്പെടുന്ന ഒരു business magnet ആയതിനാല്‍ പേര് വെളിപ്പെടുത്തുന്നില്ല)കൂടി ഗോവയില്‍ വച്ച് പാരഷ്യൂട്ട് ഗ്ലൈഡിങ്ങിന് (പാരഷ്യൂട്ടില്‍ നമ്മളെ ബന്ധിച്ച്, അത് ഒരു വടം കൊണ്ട് സ്പീട് ബോട്ടില്‍ ഘടിപ്പിക്കും. എന്നിട്ട് ബോട്ട് സ്പീടില്‍ കടലിലേക്ക് പോകും. അപ്പോള്‍ നമ്മള്‍‍ മുകളിലേക്ക് പറന്ന് കടലിന് സമാന്തരമായി മുമ്പോട്ട് പോകും) പോയതാണ്. ഏകദേശം 100/150 മീറ്റര്‍ കരയില്‍ നിന്നും അകലെയായപ്പോള്‍ ഞങ്ങള്‍ നല്ല ഉയരത്തിലുമായി. പെട്ടെന്നാണ് ബോട്ട് നിന്നിട്ട് ഞങ്ങള്‍ താഴേക്ക് പോരുന്നത്. കുറച്ച് ദൂരം താഴേക്ക് വന്നപ്പോള്‍ പെട്ടെന്ന് ബോട്ട് മുമ്പോട്ട് എടുത്തു. അപ്പോള്‍ ഞങ്ങള്‍ പരസ്പരം പറഞ്ഞു അവര്‍ നമ്മളെ പേടിപ്പിക്കാന്‍ നോക്കിയതാണെന്ന്. പക്ഷെ ഞങ്ങളെ വീണ്ടും പേടിപ്പിച്ചുകൊണ്ട് ബോട്ട് വീണ്ടും നിന്നു, എന്നു മാത്രമല്ല, പിന്നെ അനങ്ങിയുമില്ല. അങ്ങിനെ ഞങ്ങള്‍ ഞങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കളുമായി (മൊബൈല്‍, പേര്‍സ്, വാച്ച്, തുടങ്ങിയവ) നിലയില്ലാ കടലില്‍ ലാന്‍റ് ചെയ്തു. താഴേക്ക് വന്ന സ്പീട് കാരണം ഞങ്ങള്‍ മുങ്ങി കുറച്ചു താഴേക്ക് പോയെങ്കിലും, ലൈഫ് ജായ്ക്കറ്റ് ഉണ്ടായിരുന്നതിനാല്‍ പൊങ്ങിവന്ന് കിടന്നു. പെട്ടെന്നുതന്നെ കരയില്‍നിന്ന് സ്പീട് ബോട്ടും, വാട്ടര്‍ സ്കൂട്ടറും ഒക്കെ വന്ന് ഞങ്ങളെ പൊക്കിയെടുത്ത് കരയില്‍ കൊണ്ടുപൊയി ഇറക്കി...

  ഇപ്പൊള്‍ ഇത്രയും ഞാന്‍ പറഞ്ഞത്, അന്നു വൈകിട്ട് എന്‍റെ കൂടെയുണ്ടായിരുന്ന ആ സുഹ്രുത്ത് ഹൃദയം തുറന്നു. അവന്‍ ആ 3/4 സെക്കെന്‍റ് സമയം കൊണ്ട്, ഞങ്ങള്‍ രണ്ട്പേരും മരിച്ച് പെട്ടിയില്‍ കിടക്കുന്നതായും, ഞങ്ങളുടെ ബന്ധുക്കളും, സുഹ്രുത്തുക്കളും ഒക്കെ കരഞ്ഞുകൊണ്ട് നില്‍ക്കുന്നതായും, അവന്‍റെ അപ്പന്‍ അവനെ വഴക്ക് പറയുന്നതായും ഒക്കെ കണ്ടത്രെ. അന്ന് ഞങ്ങളെല്ലാവരും കൂടി അവനെ കളിയാക്കി കൊന്നു. പക്ഷെ അങ്ങിനെ ശരിക്കും മറ്റുള്ളവര്‍ക്കും കാണാന്‍ പറ്റുമെന്ന് ഇപ്പോള്‍ കൊച്ച് ത്രേസ്സ്യ പറഞ്ഞപ്പോളാണ് മനസ്സിലായത്.

  എന്തായലും നന്നായിരുന്നു...

 26. ബയാന്‍ said...

  "നീയെന്നെ ഒന്നു വിശ്വസിക്ക്‌. ഒന്നുമില്ലേലും നമ്മള്‌ ഒരേ പ്ലാനറ്റേറിയത്തില്‍ ജനിച്ചവരല്ലേ??"

  എന്തോരു സൌന്ദര്യം; ഈ വാക്കിനു നന്ദി.

 27. Vanaja said...

  പലരും പറയുന്ന പോലെ എനിക്ക്‌ അസൂയയൊന്നും വരുന്നില്ല കേട്ടോ.

  ഇതൊക്കെയൊരെഴുത്താണോ? ഒരനിയനും ബൈക്കുമൊന്നും എനിക്കില്ലാഞ്ഞിട്ടാ.. അല്ലെങ്കില്‍ ഇതിലും നല്ല കിടിലോല്‍ക്കിടിലമായി ഞാന്‍ എഴുതിവിട്ടേനെ. ആ.. നിങ്ങടെയൊക്കെ ഭാഗ്യമെന്നു കരുതിയാല്‍ മതി.


  O.T

  പിന്നെ, ആരോടും പറയല്ലെ.. ഞാനിങ്ങനെ ചോദിച്ചെന്ന്.
  ഇതെങ്ങനെയാ ഇങ്ങനെയെഴുതു..
  അല്ലെങ്കില്‍ വേണ്ട.

 28. ഉണ്ടാപ്രി said...

  കിടിലമായിട്ടുണ്ട്‌..
  എല്ലാവിധ ആശംസകളും...

  ഈ പോസ്റ്റ്‌ എന്താണേലും പ്രിന്റ്‌ എടുത്ത്‌ എന്റെ പെങ്ങള്‍ക്ക്‌ കൊണ്ടെ കൊടുക്കണം.

  കൊളബിയ തകര്‍ന്ന ഉപമ കിടിലന്‍..ലവന്‍ പുപ്പുലി..

 29. d said...

  വളരെ ഇഷ്ടമായി കൊച്ചുത്രേസ്യാ ഈ പോസ്റ്റ്..

 30. Cartoonist said...

  ഇന്നലെ കണ്ട സ്വപ്നം...

  തൃപ്പൂണ്ത്ര-വയ്ക്കം റൂട്ടിലൂടെ ഒരു ലാംബി വണ്ടി നൂറേനൂറില്‍ എവിടേയ്ക്കെന്നില്ലാതെ പായുകയാണ്. എതിരെ, അതാ, 101-102 ഇല്‍ മറ്റൊരു വണ്ടി (ഏതായാലെന്താ) പാഞ്ഞുവരുന്നു. എന്തും സംഭവിയ്ക്കാം. ഈ വണ്ടി.. ആ വണ്ടി... ആ വണ്ടി ... ഈ വണ്ടി. അയ്യോ അതാ ...
  ഘോരമായ ഒരു സ്ഫോടനം

  ബിശ്ക്കാ !

  ഡ്രൈവരുകള്‍ രണ്ടും ഒന്നു മുഖത്തോടു മുഖം നോക്കി ആസ്വദിച്ച്, വീണ്ടും എങ്ങോട്ടെന്നില്ലാതെ പാഞ്ഞുപോയി.
  വയ്ക്കം ദിശയിലേയ്ക്ക് പാഞ്ഞുപോയവന്‍ ഒറ്റ്യ്ക്ക് സംസാരിച്ചുകൊണ്ട് പറപറക്കുന്നത് കണ്ട് വീണുകിടന്ന ഒരാള്‍ക്ക് പൊട്ടിക്കരച്ചില്‍‍ വന്നു ...
  1 മിനിറ്റു മുന്‍പ് അവന്റെ വണ്ടീടെ പില്യണില്‍ സുഖിച്ചിരുന്നവനായിരുന്നു ആ ഹതഭാഗ്യന്‍.
  സങ്കടോം നടുവേദനേം സഹിയ്ക്കാണ്ടായപ്പൊ അവനൊരു ബ്ലോഗ്ഗ് തുടങ്ങി- കേരളഹഹഹ .

  കൊച്ചുത്രേസ്യേ, ഇതാണ് ഞാന്‍ ഈ കഥ വായിച്ചപ്പോള്‍ ഓര്‍ത്തത്.

  എനിയ്ക്കു സഹോദരങ്ങളില്ല. എങ്കിലും,
  അസ്സലായിരിയ്ക്കുന്നു. അഭിനന്ദനങ്ങള്‍ !
  സജ്ജീവ്

 31. myexperimentsandme said...

  നല്ല പത്താം ക്ലാസ്സ് വിവരണം. നര്‍മ്മവും സെന്റിയും സമാസമമായി നര്‍മ്മാന്റിയോ നന്റിയോ എന്തൊക്കെയോ ആയി.

  നല്ല എഴുത്ത്. ഇഷ്ടപ്പെട്ടു.

 32. പ്രിയംവദ-priyamvada said...

  KSRTC bus പിന്നില്‍ വന്നു ഇരപ്പികുമ്പോള്‍ എനിക്കും ഈ പേടി ഉണ്ടായിരുന്നു..എന്റെ മുറിക്കിപ്പിടുത്തം സഹിക്കാന്‍ വയ്യാതെ ,ഒന്നു അടങി ഇരിക്കുമൊ എന്നു ചോദിക്കാറുണ്ടായിരുന്നു ..അതൊക്കെ കൊചു ഒറ്മിപ്പിച്ചു..
  ഓണാശംസകള്‍!
  qw_er_ty

 33. റീനി said...

  നര്‍മ്മത്തിനെ അതിന്റെ അതിരുകള്‍ക്കുള്ളില്‍ നിര്‍ത്തി, വായിക്കുവാന്‍ രസമുള്ള ശൈലിയില്‍ എഴുതിയിരിക്കുന്നു.

 34. പുള്ളി said...

  നന്നായീ കൊച്ചുത്രേസ്യേ... വീണതല്ല എഴുത്ത് നന്നായീന്ന്.

 35. Kalesh Kumar said...

  ത്രേസ്യക്കൊച്ചേ, വായിച്ചപ്പം എന്റെ അനിയത്തിയെ ഓര്‍മ്മ വന്നു.
  ഞങ്ങള്‍ ഓര്‍മ്മ വച്ച കാലം തൊട്ട് ഭീകര ജഗഡ ആയിരുന്നു - ഒന്ന് പറഞ്ഞ് രണ്ടിന്‍ അടി! ഞാന്‍ ഡിഗ്രി പഠിക്കാനായി വീട് വിട്ട് ഹോസ്റ്റലില്‍ പോയി നിന്നപ്പഴാ ഞങ്ങള്‍ തമ്മില്‍ പിരിയുന്നത്. പക്ഷേ, അതിനു ശേഷം അവളുടെ എന്നോടുള്ള പെരുമാറ്റത്തില്‍ വ്യത്യാസങ്ങളുണ്ടായി. അടികൂടല്‍ നിന്നു.
  ഞാന്‍ ഡിഗ്രി കഴിഞ്ഞ് അവളെ ഡിഗ്രി പഠിക്കാന്‍ കോയമ്പത്തൂര്‍ കൊണ്ടുപോയി. അവളെ ഹോസ്റ്റലില്‍ വിട്ടിട്ട് പോരാന്‍ നേരം , അത്രേം നേരം എന്നെയും എന്റെ അളിയനേയും കളിയാക്കികൊണ്ടിരുന്ന പെണ്ണ് വന്ന് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഞാനും കരഞ്ഞു! അതു കണ്ട് ആ മുറീല്‍ ഉണ്ടായിരുന്ന മറ്റ് പേരന്റ്സ് എല്ലാരും കരഞ്ഞു! ഫുള്‍ കരച്ചിലായിരുന്നു അവിടം - ആകാശദൂത് സിനിമ കളിച്ച തീയറ്ററ് പോലെ!

  ടച്ചിംഗ് പോസ്റ്റ്!

 36. സാല്‍ജോҐsaljo said...

  നല്ല വിവരണം.

  എന്തെല്ലാം ഓര്‍മ്മകളാ വന്നേന്നോ?
  ഡെല്‍ഹി ഇപ്പഴും മിസ് ചെയ്യുന്നു.


  ശരിക്കും ഇഷ്ടപ്പെട്ടു. വണ്ടര്‍ഫുള്‍!

 37. വേണു venu said...

  നല്ല എഴുത്തു്. ഇഷ്ടപ്പെട്ടു.:)

 38. rustless knife said...

  ശ്ശോ.. ഞാന്‍ ഫാനായി...

 39. നന്ദന്‍ said...

  ഞാന്‍ ആദ്യമായിട്ടാണേ ഈ വഴിക്ക്‌.. ബൂലോകത്തിലെ ഒരു പുതുമുഖമാണേ.. ഗൂഗിളമ്മാവന്‍ റീഡര്‍ ഒക്കെ കണ്ടു പിടിച്ചത്‌ എന്തു നന്നായി.. :) വിവരണം എനിക്കൊത്തിരി ഇഷ്ടമായി..
  ഓണാശംസകള്‍ :)

 40. G.MANU said...

  ചാര്‍ട്ടേഡ്‌ ബസില്‍ തലകുലുക്കി പാട്ടുപാടിയിരുന്ന ത്രേസ്യക്കുട്ടീ..ഫുട്ബോഡില്‍ തൂങ്ങിയാടുന്ന ദില്ലിവാല ആണ്‍കൊചുങ്ങടെ ധര്‍മ്മം സങ്കടം അറിഞ്ഞിട്ടുണ്ടാവില്ല..

  ബൈ ദി വേ..വീണ വര്‍ഷം?..

 41. പഥികന്‍ said...

  കൊച്ചു ത്രേസ്യയുടെ പൊന്നാങ്ങള ഒരു സംഭവം തന്നെ.ഞാന്‍ കൊച്ചു ത്രേസ്യയുടെ എല്ലാ പോസ്റ്റും പ്രിന്റ്‌ എടുത്ത്‌ friendsനെ കാണിക്കാറുണ്ട്‌ അവരും തന്റെ ഫാന്‍സാ........ഓണാശംസകള്‍

 42. ദീപു : sandeep said...

  നീ പേടിക്കണ്ട. ഞാനാരോടും പറയില്ല ... എന്നിട്ടാണീ ബ്ലോഗില്‍ കൊണ്ടിട്ട്‌ നാട്ടുകാരെ മുഴുവന്‍ അറിയിച്ചത്... :)

  വളരെ നന്നായിട്ടുണ്ട്‌...

 43. തമനു said...

  എഴുത്തു കണ്ട് സത്യത്തില്‍ അസൂയ തോന്നുന്നു കൊച്ചു ത്രേസ്യേ... :)

  കിടിലന്‍ .. :)

 44. ഏറനാടന്‍ said...

  അഛാ ബഹുത്തഛാ ഹേയ്‌ ഹാ ഹൂം ഹോ! :)

 45. ജിം said...

  മനോഹരമായി എഴുതി. ചിരിച്ചു, ചിന്തിപ്പിച്ചു.
  ഈ അവതരണ ശൈലിക്ക് നൂറില്‍ നൂറു മാര്‍ക്ക്.

 46. krish | കൃഷ് said...

  കുഞ്ഞാങ്ങളയും ബൈക്കും സെന്റിമെന്റും. കൊള്ളാം കൊച്ചുത്രേസ്യേ.. നന്നായിട്ടുണ്ട്.

 47. മനോജ് കുമാർ വട്ടക്കാട്ട് said...

  നന്നായെഴുതിയിരിക്കുന്നു, കൊച്ചുത്രേസ്യാക്കൊച്ച്.

  (ആരുടെയെങ്കിലും ബൈക്കിന്റെ പിന്നില്‍ ധൈര്യത്തിലിരിക്കണമെങ്കില്‍ ആദ്യമൊന്ന് തള്ളിത്താഴെയിടണം. അല്ലേ?:)

 48. Rasheed Chalil said...

  ആദ്യം ബൈക്കോടിക്കാന്‍ ശ്രമിച്ചതിന്റെ പിറ്റേന്ന് കാലില്‍ ഓട്ടോ കേറി സെറ്റപ്പായി. രണ്ടാമത് പഠിക്കാന്‍ ശ്രമിച്ച പിറ്റേ ദിവസം വിസ കിട്ടി. ഇനി ഒരു ശ്രമം കൂടി നടത്തിയാല്‍ ... (ഒന്ന് ശ്രമിക്കണം)

  കൊച്ചുത്രേസ്യാവേ നന്നായിട്ടുണ്ട്.

 49. Rasheed Chalil said...

  കൊറേ കാലമായി ഒരു അമ്പതടിച്ചിട്ട്...

  വ്യാഴാഴ്ച... വീക്കെന്റ്... രണ്ടു ദിവസം സുഖനിദ്ര... കിടക്കട്ടേ ഒരു അമ്പത് ഇവിടെ.

 50. ജാസൂട്ടി said...

  സര്‍ക്കാര്‍ വിചാരിച്ചാല്‍ പോലും നടക്കാത്ത കണ്ണൂര്‍ വിമാനത്താവളം ഇഷ്ട്ടമായി...
  (കണ്ണൂരുകാരെല്ലാം എനിക്കെതിരെ കൊടി എടുക്കുമോ ആവോ? )
  വായിച്ചു രസിച്ചു.
  ഇമ്മാതിരി ഒരു ചാച്ചിയെ സഹിക്കുന്ന അനിയനെ കുറിച്ചോര്‍ത്ത് സഹതപിച്ചു . :)

 51. Unknown said...

  എന്റെ ദൈവമേ ഒന്നു സെന്റിയടിച്ചപ്പോള്‍ ആശ്വസിപ്പിക്കാന്‍ ഇത്രം പേരോ!!! എന്തായാലും ബൈക്കീന്നു വീണ എന്നേയും വീഴ്ത്തിയ അവനേയും സപ്പോര്‍‌ട്ട്‌‌ ചെയ്യാനെത്തിയ എല്ലാവര്‍ക്കും നന്ദി.പിന്നൊരു കാര്യം.ഈ സംഭവമൊന്നും എന്റെ വീട്ടുകാര്‍‌ക്കറിയില്ല. ആരും പോയി കൊളുത്തിക്കൊടുത്തേക്കരുത്‌. അവനും ഞാനും അവന്റെ മത്തിവണ്ടീം ഒക്കെ ഇവിടെ സമാധാനമായിട്ടൊന്നു ജീവിച്ചോട്ടെ :-)

 52. അരവിന്ദ് :: aravind said...

  കൊച്ചുത്രേസ്യേ ഈ ബൂലോഗം എത്ര ലോലഹൃദയന്മാരെ (തെറ്റിദ്ധരിക്കരുത്..ലോലന്റെ ഹൃദയം എന്നല്ല ഉദ്ദേശിച്ചത്..സോഫ്റ്റ് സോഫ്റ്റ്)കൊണ്ട് നിറഞ്ഞതാണെന്ന് നോക്കൂ..അതാണ്..അതാണ്!

  കഥ രസിച്ചു..സെന്റി ഒഴിവാക്കാരുന്നു-ഏശിയില്ല.

  ബൈ ദ ബൈ, അന്ന് ആ വീഴ്ചക്ക് ശേഷം, ബൈക്കിന് പിന്നിലിരുന്ന് കണ്ണു നിറഞ്ഞ് പാടിയ ആ പാട്ട് "അംഗോപാംഗം ചതഞ്ഞൊടിഞ്ഞൂ......" അല്ലേ?

  ആ സീന്‍ ഓര്‍ത്ത് ഞാന്‍ കുറേ ചിരിച്ചൂ ട്ടാ.

  :-)

 53. sandoz said...

  ത്രേസ്യ മകളേ..വീണിട്ട്‌ ആ റോഡിനു വല്ലതും പറ്റിയോ....
  സെന്റി എനിക്കങ്ങട്‌ ഏറ്റില്ല.
  പെങ്ങന്മാരില്ല..അതാ കാരണം...

  ഇടിവാള്‍ ആണു ഇതിനു മുന്‍പ്‌ അനിയനെ ഇത്രക്ക്‌ രസകരമായിട്ടു അവതരിപ്പിച്ചത്‌....

 54. കൊച്ചുത്രേസ്യ said...

  ഇതിന്റെ മോളില്‍ കമന്റിയിരിക്കുന്ന രണ്ടു ക്രൂരമനസ്കന്മാരോടും- ഈ മാതിരി സെന്റിയൊക്കെ മനസ്സിലാകുന്ന പ്രായം നിങ്ങള്‍ക്കായിട്ടില്ല. സാരമില്ല വഴിയേ മനസ്സിലായിക്കൊള്ളും.അരവിന്ദാ പാട്ടു കൊള്ളാം.ഈ സെന്റിക്കിടേലും ഞാന്‍ ചിരിച്ചു പോയി.
  സാന്‍ഡോ നമ്മടെ നാട്ടിലെപോലെ തൊട്ടാല്‍ പൊട്ടുന്ന റോഡുകളല്ല അവിടുള്ളത്‌.അതു പറഞ്ഞപ്പഴാ ഓര്‍ത്തത് , റിച്ചര്‍ സ്കയിലിന്റെ അടപ്പു തെറിപ്പിച്ച ഒരു ഭൂമികുലുക്കം അന്ന്‌ ഉത്തരേന്ത്യയെ പിടിച്ചുകുലുക്കിയിരുന്നു :-)

 55. ബിന്ദു said...

  വളരെ നന്നായിട്ടുണ്ട്‌ (വീണതല്ല,എഴുത്ത്‌ ).വീഴുമ്പോഴാണ്‌ എല്ലാവര്‍ക്കും പേടി കൂടുന്നത്‌, ഇതു നേരെ തിരിച്ചാണല്ലൊ.
  ഞാന്‍ കരുതിയതു അനിയനെന്തെങ്കിലും പറ്റിയതുകൊണ്ടാണോ വേണു നാഗവള്ളിയായതെന്ന്‌. ചുമ്മാ പറ്റിച്ചു. :)

 56. ജിസോ ജോസ്‌ said...

  കൊച്ചുത്രേസ്യാ,
  നന്നായി എഴുതിയിരിക്കുന്നു.... നല്ല പോസ്റ്റ്...

  കണ്ണുരു വിമാനതാവളം വന്നിട്ടു മരിക്കാം എന്നു വെറുതെ ആശിക്കണ്ട കേട്ടോ.... :)

 57. Navi said...

  ഉഗ്രനായി..

 58. Pramod.KM said...

  നന്നായിരിക്കുന്നു വിവരണം::)

 59. Aravishiva said...

  കൊച്ചു,

  വളരെ നല്ല പോസ്റ്റ്..ഇതിലെ സെന്റി നമക്ക് മനസ്സിലാവൂട്ടോ..മൂത്ത സഹോദരിയുമായി ചെറുപ്പത്തില്‍ ഞാന്‍ ഭയങ്കര വഴക്കായിരുന്നു.ഒരിയ്ക്കല്‍ ദേഷ്യം വന്നപ്പോള്‍ ഇരുമ്പു പഴുപ്പിച്ച് ദേഹത്തുവയ്ക്കുകയും ചെയ്തിട്ടുണ്ട്(ഹെന്ത്!..ക്രൂരന്‍)..പക്ഷേ പരസ്പരം ഭയങ്കര സ്നേഹമാണു കേട്ടോ..ചെറുപ്പത്തില്‍ എന്നെ തല്ലിയ ഒരു ചെറുക്കനെ കോളറിന് പിടിച്ച് നല്ല കിഴുക്ക് കൊടുത്ത് വിട്ടിട്ടുണ്ട് എന്റെ പൊന്നേച്ചി...

  ഇപ്പോള്‍ വലുതായതിനു ശേഷം വഴക്കൊന്നുമില്ല..ഭയങ്കര സ്നേഹം മാത്രം...അതുകൊണ്ടു തന്നെ ഇതിലെ സെന്റി നന്നായിട്ടുള്‍ക്കൊള്ളാന്‍ പറ്റിയെന്നെറിയിച്ചുകൊള്ളട്ടെ..

  പിന്നെ നര്‍മ്മം...അതെന്തോന്നു പറയാന്‍...കൊല്ലക്കുടിയിലാ സൂചി വില്‍ക്കണെ..?

 60. സജീവ് കടവനാട് said...

  നല്ല എഴുത്ത്. ഓണാശംസകള്‍

 61. സജീവ് കടവനാട് said...

  നല്ല എഴുത്ത്. ഓണാശംസകള്‍

 62. Praju and Stella Kattuveettil said...

  കൊച്ചുത്രേസ്യേ...വളരെ നല്ല പോസ്റ്റ്..

  കണ്ണൂര്‍ വിമാനത്താവളം Dialouge ഭയങ്കര ഇഷ്ടമായി..

 63. ഉപാസന || Upasana said...

  "Senti" in this post..!!!
  If yes, itho senti.
  Thresyakke senti aavishkarikkaanariyumO ennariyilla.
  you have to proove it
  Iam taking this as a comedy.
  :)
  sunil

 64. കൊച്ചുത്രേസ്യ said...

  എന്റുപാസനേ എന്നെ നന്നാക്കിയെ അടങ്ങൂ അല്ലേ .നടക്കില്ല മോനേ :-)

  ഇനി ഒരു സത്യം പറയട്ടെ.ഞെട്ടരുത്‌..

  ഏതു വല്യ സെന്റിയായാലും അത്‌ തമാശയിലൂടെ കാണാനാണ്‌ എനിക്കിഷ്ടം.അതു മറ്റുളവരോട്‌ എക്സ്പ്രസ്സ്‌ ചെയ്യുമ്പോഴും അങ്ങനെ തന്നെ നമ്മടെ വിഷമം ആരോടെങ്കിലും തുറന്നുപറഞ്ഞല്ലോ എന്നാശ്വാസോം കിട്ടും എന്നാല്‍ കേള്‍ക്കുന്നയാള്ക്ക്‌ അതൊരു തമാശയായി തോന്നുകയും ചെയ്യും രണ്ടു കൂട്ടരും ഹാപ്പി..എപ്പടി??? അതുകൊണ്ടു തന്നെ ഇതൊരു സെന്റിപോസ്റ്റായി ഉപാസനയ്ക്കു തോന്നീലെങ്കില്‍ ഒരു പരിധിവരെ എന്റെ ശ്രമം വിജയിച്ചൂന്നര്‍ത്ഥം :-))

 65. Visala Manaskan said...

  "അപ്പഴത്തെ എന്റെ മുഖഭാവം കണ്ടാല്‍ അവന്‍ എന്നെ ബലമായി തട്ടിക്കൊണ്ടു പോകുന്നതാണെന്ന്‌ വരെ ആരായാലും സംശയിച്ചു പോകും"

  നന്നായിട്ടുണ്ട് ട്ടാ!

 66. myexperimentsandme said...

  ഇടിവാള്‍ ആണു ഇതിനു മുന്‍പ്‌ അനിയനെ ഇത്രക്ക്‌ രസകരമായിട്ടു അവതരിപ്പിച്ചത്‌....

  സാന്‍ഡുവിനോട് അതിഭീകരമായി വിയോജിക്കുന്നു.

  ഒരനിയനെ ഇതിലും രസകരമായി ലോകത്ത് ആരും ഇതുവരെ അവതരിപ്പിച്ചിട്ടില്ല :)

 67. ഉപാസന || Upasana said...

  ത്രേസ്യാമ്മച്ചീ,
  എനിക്ക് സെന്റി ആയി തോന്നിയില്ലന്നേ. പക്ഷേ “അരവിശിവ” പറഞ്ഞിരിക്കുന്നു “ഇതിലെ സെന്റി ആള്‍ക്ക് മനസ്സിലാകും എന്ന്” (മോളില്‍ ചിലരും സെന്റി ആയി കമന്റ് ചെയ്തിരിക്യുണൂന്ന്, അമ്മച്ചി ഉള്‍പ്പെടെ) അപ്പോ ഞാന്‍ സ്വയം ചോദിച്ചു ഇതില്‍ സെന്റി ഉണ്ടോ എന്ന്. അപ്പോ അവര്‍ തലക്ക് മുകളിലിരുന്ന് എന്നോട് കയര്‍ത്തു “കിം സന്ദേഹ സുനില്‍”.പിന്നെ താമസിച്ചില്ല ഞാന്‍ പോസ്റ്റ് മുഴ്വോന്‍ തപ്പി,സെന്റിയെ അന്വേഷിച്ച്... എന്നിട്ടും കണ്ടില്ല. ന അസ്തി.

  “ഏതു വല്യ സെന്റിയായാലും അത്‌ തമാശയിലൂടെ കാണാനാണ്‌ എനിക്കിഷ്ടം.അതു മറ്റുളവരോട്‌ എക്സ്പ്രസ്സ്‌ ചെയ്യുമ്പോഴും അങ്ങനെ തന്നെ നമ്മടെ വിഷമം ആരോടെങ്കിലും തുറന്നുപറഞ്ഞല്ലോ എന്നാശ്വാസോം കിട്ടും എന്നാല്‍ കേള്‍ക്കുന്നയാള്ക്ക്‌ അതൊരു തമാശയായി തോന്നുകയും ചെയ്യും രണ്ടു കൂട്ടരും ഹാപ്പി..എപ്പടി??? “

  മോളിലെ വാക്യത്തില്‍ അപകതയുണ്ട്. സെന്റി സെന്റിയായി തന്നെ ആവിഷ്കരിക്കണം. അല്ലെങ്കിലെന്തിനാ മാഡം ജീവിതത്തില്‍ സെന്റി. സെന്റി തമാശയില്‍ കൂടി ആവിഷ്കരിക്കാനാണ് താല്പര്യമെന്ന് ഇദ്ദേഹം പറയുന്നു. ഞാന്‍ പറയുന്നു അത് ഒരു ഒളിച്ചോ‍ാട്ടമാണെന്ന്. കാരണം ഈ പോസ്റ്റില്‍ തമാശയിലൂടെ ഒരു സെന്റി ആവിഷ്കരിച്ചതാണല്ലോ അമ്മച്ചി. എന്നിട്ട് സെന്റി യുടെ പൊടി പോലുമില്ല കണ്ടു പിടിക്കാന്‍, ഫുള്‍ കോമഡിയാണ്, അതിലാണെങ്കില്‍ ഇയാള്‍ പ്രണയകലകളുടെ കാര്യത്തിലുള്ള ഇമ്രാന്‍ ഖാന്‍ നെ പോലെ Supereb ആണ്. :)

  പിന്നെ ഇതില്‍ ചില ക്രൂരമായ ചില ഭാഗങ്ങളും ഉണ്ടെന്നുള്ളതാണ് സത്യം. നാസ... പോലുള്ള ചില ഭാഗങ്ങള്‍ ഒഴിവാക്കുകയാണ് നല്ലത്. പെറ്റമ്മ കണ്ടാല്‍ സഹിക്യോ ത്രേസ്യാമ്മച്ചി. സത്യം പറ.
  :)
  എനിക്കുറപ്പാ, ത്രേസ്യാമ്മച്ചി നന്നാവും, നന്നാക്കും...
  :)
  സുനില്‍

 68. കൊച്ചുത്രേസ്യ said...

  എന്റുപാസനേ...ഇനിയിക്കാര്യത്തില്‍ നമ്മള്‍ തമ്മില്‍ ഒരു തര്‍ക്കം വേണ്ട.ഇതെവിടെയും എത്താന്‍ പോവുന്നില്ല അതാ. ഒളിച്ചോട്ടമാണ് ഓടിപ്പിടുത്തമാണ് എന്നതൊക്കെ ഓരോരുത്തരുടെ കാഴ്‌ചപ്പാട്‌.അതു പരസ്പരം അടിച്ചേല്‍പ്പിക്കുന്നതിനെക്കാള്‍ എളുപ്പം അതിനെ അംഗീകരിക്കുന്നതല്ലേ.
  പിന്നെ ഇതിലെ ക്രൂരമായ ഭാഗങ്ങള്‍-എന്റെ പെറ്റമ്മ കണ്ടാല്‍ സഹിച്ചോളും ഉറപ്പ്‌.. കാരണം ഞാന്‍ കുട്ടിക്കാലം മുതലേ ഭയങ്കര ക്രൂരയാണ് :-)
  അപ്പോള്‍ ശരി എല്ലാം പറഞ്ഞപോലെ.

 69. Sands | കരിങ്കല്ല് said...

  വരാന്‍ വൈകിപ്പോയി! സാരമില്ല... shall catch up!

  anyway എനിക്കിഷ്ടായി!

 70. ഷാഫി said...

  ചേച്ചീ.... ഞാന്‍ ഏറെ വൈകിപ്പോയി.
  എന്‍റെ പിഴ, എന്‍റെ ഏറ്റവും ചെറിയ പിഴ.
  പെങ്ങള്‍ശാപങ്ങള്‍ കഴിഞ്ഞാല്‍ കൊച്ചു ത്രേസ്യയുടെ ഏറ്റവും മികച്ച പോസ്റ്റ്. കണ്‍ഗ്രാറ്റ്സ്.
  (ഇനിയെങ്ങാനും മറ്റേ കണ്ണീകണ്ട ചവറുകളുമായി വന്നാലുണ്ടല്ലോ... അപ്പക്കാണാം)

 71. yetanother.softwarejunk said...

  kollam valare nannayittuntu :-)

 72. ഉപാസന || Upasana said...

  :)
  ആ.. ശരി.
  എന്നെ അരുക്കാക്കിയില്ലെ. ഇനി ഈ വിഷയത്തില്‍ കമന്റ് ഇടരുതെന്ന് പറഞ്ഞാ പിന്നെ ഞാന്‍ എന്തുവാ ചെയ്യാ. :)
  അടുത്ത സെന്റി ഉടന്‍ പ്രതീക്ഷിക്കുന്നു. If you feel disturbed, i am sorry.
  :)

  സുനില്‍

 73. Shine said...

  കൊച്ചെ ഈ കുന്ത്രാണ്ടം നോക്കി നോക്കി കണ്ണൊരു പരുവമായി! ഇനി അധികം നോക്കില്ലാ എന്നു ശപഥവും ചെയ്തു!
  പക്ഷെ താനിങ്ങനെയൊക്കെ എഴുതിയാ ഞാന്‍ നോക്കിപ്പോകും, ആരൊക്കെ എന്തൊക്കെ കമന്‍‌റ്റിയാലും ഒരു കാര്യം ഉറപ്പാ
  സാക്ഷാല്‍ ചാര്‍ളി ചാപ്ലിനും പറഞ്ഞു പോകും
  “എനിക്കു പിറക്കാതെ പോയ നേര്‍പെങ്ങളല്ലെ ഇജ്ജെന്നു!“
  ബു ഹ ഹ ഈ ചിരി കലക്കി

 74. പി.സി. പ്രദീപ്‌ said...

  ത്രേസ്യ (കൊച്ച്‌)

  നര്‍മത്തില്‍ ചാലിച്ച വിവരണങ്ങള്‍.
  കീപ്‌ ഇറ്റ്‌ അപ്പ്‌.
  അല്ലാ ഒരു സംശയം. മത്തി വണ്ടിയുമായി വന്നു എന്ന്ന്നൊക്കേ എഴുതിയിരിക്കുന്നു... എന്താ ദെല്‍ഹിയില്‍ മത്തി കച്ചവടമാ.......?

 75. കൊച്ചുത്രേസ്യ said...

  സന്ദീപ്,ഷാഫി,ഷൈന്‍ പ്രദീപ്‌,yasj വന്നതിലും വായിച്ചതിലും സന്തോഷം
  എന്റുപാസനേ ഒരു സ്പെഷ്യല്‍ താങ്ക്സ്‌ :-)

  പ്രദീപേ മത്തിവണ്ടി = മത്തി കൊണ്ടുപോയി വില്ക്കാന്‍ മാത്രം യോഗ്യതയുള്ള വണ്ടി :-)

 76. Sethunath UN said...
  This comment has been removed by the author.
 77. Sethunath UN said...

  നന്നായിരിയ്ക്കുന്നു. സ്വാഭാവികമായ എഴുത്ത്. അഭിനന്ദനങ്ങള്‍!

 78. സഹയാത്രികന്‍ said...

  "നിനക്കോര്‍മ്മയുണ്ടോ.. അന്നു ഞാന്‍ ബൈക്കീന്ന്‌ ഉരുണ്ടുകെട്ടിവീണത്‌??"

  "ഓര്‍മ്മയുണ്ടോന്ന്‌. അന്ന്‌ നിനക്കെന്തെങ്കിലും സംഭവിക്കുമ്ന്ന്‌ പ്രതീക്ഷിച്ചതാ. നീ ചുമ്മാ കൊതിപ്പിച്ചു"

  അവനാപറഞ്ഞത്‌ നുണയാണെന്ന്‌ എനിക്കു മനസ്സിലായി.എനിക്കതു മനസ്സിലായീന്ന്‌ അവനും മനസ്സിലായി."

  നന്നായി എഴുതി.... മനോഹരം. ആശംസകള്‍

 79. സൂര്യോദയം said...

  കൊച്ചുത്രേസ്യേ... കിടിലമാന പോസ്റ്റ്‌.... തകര്‍പ്പന്‍ ഡയലോഗ്സ്‌... കൂടെ അല്‍പം സെന്റിയും.....

 80. അഭിലാഷങ്ങള്‍ said...

  കൊച്ചുത്രേസ്യേ ,

  ഞാന്‍ പലരോടും പണ്ടേ പറഞ്ഞിട്ടുണ്ട്.. ‘ശുദ്ധ ഹാസ്യം‘ എന്ന് പറഞ്ഞ സാധനം കാണണമെങ്കില്‍ ബൂലോകം മുഴുവന്‍‌ തപ്പിനടക്കണമെന്നില്ല.. രണ്ടോ മൂന്നോ ബ്ലോഗ്ഗ് സൈറ്റുകള്‍ വായിച്ചാല്‍ മതി, അതിലൊന്ന് ‘കൊച്ചുത്രേസ്യ’ എന്ന ബ്ലോഗറിന്റെതാണ്, എന്ന്.

  ഈ പോസ്റ്റ് എന്റെ അഭിപ്രായത്തെ സിമന്റ് ഇട്ട് ഉറപ്പിക്കുന്ന തരത്തിലുള്ളതാണ്. യാതൊരു വിധ കൃത്രിമത്വങ്ങളുമില്ലാതെ, ഹാസ്യം നല്ല ഒഴുക്കോടെ അവതരിപ്പിച്ചിരിക്കുന്നു. നര്‍മ്മത്തിനും സ്നേഹത്തിനും തുല്യപ്രധാന്യം നല്‍കി എഴുതിയ ഈ പോസ്റ്റ് വായിച്ചാല്‍ ആരും കൊച്ചുത്രേസ്യായുടെ ഫാനായിപ്പോകും...! ഞാനും ഒരു ഫാനാ, തുരുമ്പ് പിടിച്ചുപോയി, പഴക്കം കാരണം, പണ്ടേ ഫാനായതല്ലേ, അതാവും... :-)

  പിന്നെ, ഇത് വായിക്കാന്‍ ഒരുപാട് വൈകിയതില്‍ വിഷമമുണ്ട്. ലീവില്‍ നാട്ടില്‍ പോയിരുന്നു. ഞാനും ഒരു കണ്ണൂര്‍ക്കാരനാണേ..! താന്‍ പറഞ്ഞത് പോലെ, ആ ഒടുക്കത്തെ വിമാനത്താവളം ഇതുവരെ കണ്ണൂരില്‍ വരാത്തതു കാരണം ... എന്തൊരു കഷ്ട്മാ .. !!

  ഇനിയും എഴുതൂ....ഒരുപാട് !....... ഞങ്ങള്‍ ചിരിക്കട്ടെ ഒരുപാടൊരുപാട്...!!

  അഭിലാഷ് (ഷാര്‍ജ്ജ)

 81. ശ്രീവല്ലഭന്‍. said...

  എഴുത്തു വളരെ ഇഷ്ടപ്പെട്ടു. എന്റെ ബ്ലോഗ് വിസിറ്റ് ചെയ്തതിനു നന്ദി. മലയാളം വളരെ ഇഷ്ടമാണെങ്കിലും ടൈപ്പ് ചെയ്യുവന്‍ ബുദ്ധിമുട്ടാണ്.നോക്കട്ടെ...

 82. തോമാച്ചന്‍™|thomachan™ said...

  kochu thresiaa chechi (atho aniyathiyo)... ippozha ee blog kanune...nannyitundutooo

 83. neermathalam said...

  :))))))))))))))))))))........kidilan...ella..postum oronnayi vayiichondirikka..valiya commentittu time waste akkan njan ella...

 84. yousufpa said...

  kittendidathu kittiyalundallo ethu maaraa(vyadhi)pediyum pampayalla thoothappuzhayum kadakkum

 85. jense said...

  ഹൃദയസ്പര്‍ശിയായ ഒരു വിവരണം...

 86. ഷിബിന്‍ said...

  kochu tresia... my siter is far away from me.. she in gulf and me in cochi....
  we see only once in a year.....

  karayippichu... sharikkum.....
  aadyamaayittaa oru blog vaayichu karayunnathu...

 87. Manu Somasekhar said...

  അന്തരാത്മാവിനെ തഴുകി പന്റ്റാരമദക്കിയല്ലൊ കൊച്ചെ....

 88. Pyari said...

  ആഹാ... കൊള്ളാല്ലോ...
  sendiments ഒക്കെ ഉള്ള ഒരു പാവം കൊച്ചാണല്ലേ? ഞാന്‍ വിചാരിച്ചു വെറും ഒരു വികൃതിക്കുട്ടിയാണെന്ന്... (ഒരു female ഉണ്ണിക്കുട്ടന്‍ ആണ് ഇത് വരെ എന്റെ മനസ്സിലുണ്ടായിരുന്നത്.. )

  Btw, the last portion was very touching...

 89. Pyari said...

  ഈ കൊച്ച് ത്രെസ്സ്യാ കൊച്ചിന് ഇത്രേം ഹുമൌര്‍ എവിടന്നു കിട്ടുന്നൂന്നായിരുന്നു ഇത്രേം നേരത്തെ സംശയം..
  ഇത് കുടുംബത്തില്‍ തന്നെ രക്തത്തില്‍ ഉള്ളതാണ്ന്നു columbia യുടെ കാര്യം പറഞ്ഞു അനിയന്‍ പേടിപ്പിച്ച ഭാഗം വായിച്ചപ്പോ മനസ്സിലായി.. :)

 90. Pyari said...

  last commentil "humour" ennanu mean cheythathu..

 91. സ്നേഹിതന്‍ said...

  പറയാതിരിക്കാന്‍ വയ്യാ.. നാടന്‍ ശൈലി .. വായിക്കാന്‍ നല്ല സുഖം ... ഒത്തിരി എഴുതണം കേട്ടോ ..അഭിനന്ദനങ്ങള്‍ ....

 92. Unknown said...

  enikkithu valare ishttayi ttoooo