Saturday, October 13, 2007

ബാംഗ്ലൂര്‍ റൗണ്ട്‌ -ഒരു വിലാപകാവ്യം..

ഓരോ അവധിദിവസവും തുടങ്ങുന്നത്‌ ഒരു പാടു പ്രതീക്ഷകളോടെയാണ്‌. പെന്റിംഗിലുള്ള കാര്യങ്ങളെല്ലാം ആ ഒരൊറ്റ ദിവസം കൊണ്ട്‌ ചെയ്തു തീര്‍ക്കുമെന്ന്‌ ചുമ്മാ ഒരു പ്രതീക്ഷ. എന്നിട്ടോ ഒന്നും ചെയ്യാതെ തെക്കുവടക്കു നടന്നിട്ട്‌ രാത്രി കിടക്കാന്‍ പോകുമ്പോള്‍ സാമാന്യം മോശമല്ലാത്ത ഒരു നിരാശയും.

“ഡീ നിനക്കു നാളെ അവധിയല്ലേ. നമ്മക്ക്‌ ബിഗ്‌ ബസാറില്‍ പോകാം. സാധനങ്ങളൊക്കെ തീര്‍ന്നു” മാതാശ്രി പറഞ്ഞു തുടങ്ങീപ്പഴേ മനസ്സിലായി എന്റെ അവധി കുളമാക്കാനുള്ള പരിപാടിയാണ്‌.

"ഹും കഴിഞ്ഞ ദിവസം മേടിച്ചതല്ലേയുള്ളൂ. മമ്മി ഇവിടുള്ളപ്പോള്‍ മാത്രമാ സാധനങ്ങളൊക്കെ ഇത്ര പെട്ടെന്നു തീര്‍ന്നു പോകുന്നത്‌. ഞങ്ങളു മാത്രമുള്ളപ്പോള്‍ രണ്ടു മാസത്തിലൊരിക്കലൊക്കെയാ വാങ്ങാറുള്ളത്‌"

അതിനു മറുപടിയായി ‘ഞാനിവിടുള്ളപ്പോഴല്ലെ മര്യാദക്കു വല്ലതും വച്ചുണ്ടാക്കുന്നുള്ളൂ’ എന്നുള്ള ലോകസത്യം പറയുന്നതിനു പകരം തികച്ചും പ്രകോപനപരമായി മമ്മി പ്രതികരിച്ചു.

‘അതെങ്ങനാന്നാറിയില്ലേ?? നിങ്ങളിവിടുന്ന്‌ ഓഫീസിലേക്കിറങ്ങിയാലുടനെ ഞാനീ സാധനങ്ങളൊക്കെ മറിച്ചു വില്‍ക്കുകയാ..അല്ല പിന്നെ..”

എന്നിട്ട്‌ മുഖം കലം പോലെ വീര്‍പ്പിച്ച്‌ അടുക്കളയിലേക്ക്‌ കയറിപ്പോയി. അതോടു കൂടി ബാക്കിയുള്ളവരുടെ സഹതാപവോട്ടും കൂടി അങ്ങോട്ടു പോയി. പിന്നെ രക്ഷയില്ലാതെ അവിടെ നിന്ന്‌ ആരോടെന്നില്ലാതെ ഞാന്‍ ചുമ്മാ പ്രഖ്യാപിച്ചു.

"നാളെ എന്തായാലും പുറത്തു പോകാന്‍ പറ്റില്ല. എത്രയാ തുണി അലക്കാന്‍ കിടക്കുന്നത്‌. നാളെ അതു മുഴുവന്‍ അലക്കി ഉണങ്ങീ തുണിക്കടേലു വെക്കുന്നതു പോലെ മടക്കി അലമാരയില്‍ വെക്കണം. "

"‘പിന്നെ.. പിന്നെ.. നാളെ കണ്ടോണേ.." അടുക്കളയില്‍ നിന്ന്‌ ഒരു വെല്ലുവിളി.അതു ഞാന്‍ കേട്ടില്ലാന്നു നടിച്ചു.

പിറ്റേദിവസമായി. രാവിലത്തെ ചായകുടി , ടി.വി, നെറ്റ്‌ തുടങ്ങി ഒഴിച്ചു കൂടാനാവത്ത പ്രാഥമികകൃത്യങ്ങളെല്ലാം കഴിഞ്ഞപ്പോഴെക്കും പത്തു-പത്തരയായി. ഇനി അലക്കണം. പക്ഷെ ഒരു മൂഡു വരുന്നില്ല. ആദ്യം തന്നെ മഴ പെയ്യാന്‍ സാധ്യതയുണ്ടോ എന്നു നോക്കി.. ഒരു ലക്ഷണവുമില്ല.. പിന്നെ അലക്കുന്ന സ്ഥലത്തു പോയി അവിടെ വെയിലു വന്നോ എന്നു നോക്കി…അതുമില്ല.. അവസാനത്തെ ആശ്രയം സോപ്പുപൊടിയാണ്‌.. അതാണെങ്കില്‍ ആവശ്യത്തില്‍ കൂടുതലുണ്ട്‌. ചുരുക്കത്തില്‍ അലക്കാതിരിക്കാനുള്ള ഒരു ഒഴിവുകഴിവും കിട്ടുന്നില്ല. ഇനിയെന്തു ചെയ്യുംന്ന്‌ തലപുകഞ്ഞാലോചിച്ചപ്പോള്‍ ഐഡിയ കിട്ടി.. 'ബാംഗ്ലൂര്‍ റൗണ്ട്‌...'

പറഞ്ഞപ്പോള്‍ മമ്മിക്കും വിരോധമില്ല. പക്ഷെങ്കില്‌ ‘ഉച്ചകഴിഞ്ഞ്‌ മഴ പെയ്യുമോ’ എന്നൊരാശങ്ക.

"അതൊന്നുമില്ല.ഇനിയിപ്പോ പെയ്താല്‍ തന്നെയെന്താ?? മഴേടെ അയ്യരുകളിയുള്ള നാട്ടീന്നു വരുന്ന നമ്മളൊക്കെ ഇങ്ങനെ പേടിച്ചാലോ" ഞാന്‍ ധൈര്യം കൊടുത്തു.

"എങ്ങോട്ടാണ്‌ നമ്മള്‌ പോകുന്നത്‌??" അടുത്ത ചോദ്യം.

"അങ്ങനൊന്നുമില്ല. ഇവിടുന്ന്‌ നേരെ എം.ജി റോഡ്‌. അതിനടുത്ത്‌ ബ്രിഗേഡ്‌ റോഡുണ്ട്‌. അവിടെ പോയി കുറച്ചു സാധനങ്ങള്‍ വാങ്ങണം.പിന്നെ അവിടുന്ന്‌ റിച്മണ്ട്‌ സര്‍ക്കിളിലേക്കു പോകാം. അതിനടുത്തെവിടെയോ ഒരു ഗവണ്മെന്റ്‌ അക്വേറിയമുണ്ടെന്ന്‌ കേട്ടു. അതും കഴിഞ്ഞ്‌ അപ്പോള്‍ തോന്നുന്ന പോലെ എങ്ങോട്ടെങ്കിലും പോകാം" പ്ലാനൊക്കെ വ്യക്തമായി പറഞ്ഞു കൊടുത്തു.

ഇപ്പറഞ്ഞതില്‍ എം.ജി റോഡും ബ്രിഗേഡ്‌ റോഡും മാത്രമെ ഞാന്‍ ഒരു പ്രാവശ്യമെങ്കിലും കണ്ടിട്ടുള്ളൂ എന്ന കാര്യം അതിവിദഗ്ദമായി മറച്ചു വച്ചു.

ഞങ്ങള്‍ ബസില്‍ കയറി. എം.ജി റോഡു വരെ പോവൂലാന്ന്‌ കണ്ടക്ടര്‍ കണ്ണില്‍ ചോരയില്ലാതെ പറഞ്ഞു. ഞാനെന്തായാലും 10 രൂപേടെ ടിക്കറ്റെടുത്തു. ബസ്സു പോവുന്നിടത്തേക്കു നമ്മളും പോവും . അല്ല പിന്നെ. ബസ്‌ പോയി പോയി എനിക്കു പരിചയമുള്ള അല്‍സൂരൊക്കെ കഴിഞ്ഞു . അടുത്ത സ്റ്റോപ്പ്‌, അതിനടുത്ത സ്റ്റോപ്പ്‌ എന്നൊക്കെ പറഞ്ഞ്‌ അവസാനം മമ്മിക്കും ചെറിയ സംശയം തോന്നിത്തുടങ്ങി. ഇനി കുറച്ചു കൂടി കഴിഞ്ഞാല്‍ സംശയം ടെന്‍ഷനു വഴിമാറും . എന്തായാലും അടുത്ത സ്റ്റോപ്പിലിറങ്ങിയേക്കാം. ഞാന്‍ തീരുമാനിച്ചു. നമ്മക്ക്‌ എല്ലാ സ്റ്റോപ്പും ഒരുപോലാണല്ലോ.. ബസ്‌ ഒരു ട്രാഫിക്‌ സിഗ്നലില്‍ കുടുങ്ങി. നോക്കുമ്പോള്‍ ‘തേടിയ വള്ളി കാലില്‍ ചുറ്റി’ന്നൊക്കെ പറയുമ്പോലെ അവിടൊരു ബോര്‍ഡ്‌-‘റിച്മണ്ട്‌ റോഡ്‌!!!' ഞാന്‍ മമ്മിയേം വലിച്ചു കൊണ്ട്‌ അവിടെ ചാടിയിറങ്ങി. എന്നിട്ട്‌ ഒരോട്ടോയില്‍ കയറി അക്വേറിയത്തിലെക്കു പുറപ്പെട്ടു.

"നീയാദ്യം വേറെങ്ങാണ്ടോ പോണം എന്നല്ലേ പറഞ്ഞത്‌??" മമ്മി വിടുന്ന മട്ടില്ല.

"അതുകൊണ്ടെന്താ?? അവിടെ ആദ്യം പോണംന്ന്‌ നിയമമൊന്നുമില്ലല്ലോ? മമ്മീ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ മാറാന്‍ നമ്മള്‍ പഠിക്കണം" പറഞ്ഞ എനിക്കു പോലും മനസ്സിലാവാത്ത ഒരെക്സ്പ്ലനേഷന്‍ കൊടുത്തു.

അക്വേറിയത്തിന്റെ മുന്‍പിലതാ സ്വീകരണ കമ്മിറ്റി പോലെ ആള്‍ക്കാരു നില്‍ക്കുന്നു. ‘വേഗം വാ മമ്മീ ഭയങ്കര തിരക്കാണെന്നു തോന്നുന്നു എന്നും പറഞ്ഞ്‌’ ഞാന്‍ ടിക്കറ്റ്‌ കൗണ്ടറിലേക്കോടി. എന്തായാലും അവിടെ വരെ ഓടി ബുദ്ധിമുട്ടേണ്ടിവന്നല്ല. കരുണാമയനായ ഒരു ചേട്ടന്‍ വിളിച്ചു പറഞ്ഞു. ‘അക്വേറിയം ക്ലോസ്‌ അക്വേറിയം ക്ലോസ്‌’

"സാരമില്ല തുറക്കുന്നതു വരെ ഞങ്ങള്‍ വെയ്‌റ്റ് ചെയ്തോളാം" ഞാന്‍ വിനീതയായി.

" രണ്ടു ദിവസമെങ്കിലും കഴിഞ്ഞാലെ തുറക്കൂ. കണ്ടില്ലെ മരം പൊട്ടി വീണിരിക്കുന്നത്‌"

കണ്ടു..മനസ്സു നിറയെ കണ്ടു..കൃത്യം അക്വേറിയത്തിലെക്ക്‌ കയറുന്ന സ്റ്റെപ്പില്‍ തന്നെ ഭീമാകാരനൊരു മരം വീണു കിടക്കുന്നു. ഇതിനൊക്കെ വീഴാന്‍ കണ്ട സമയം..

"ഇതിനടുത്തെവിടെയെങ്കിലും ഏതെങ്കിലും ടൂറിസ്റ്റ്‌ സ്പോട്ടുണ്ടോ??" ഞാന്‍ ചോദിച്ചു.

"ദാ ഇതിന്റെ പുറകില്‍ കൊച്ചുകുട്ടികള്‍ക്കായുള്ള ഒരു പാര്‍ക്കുണ്ട്‌" ഉത്തരവും കിട്ടി.

ഞാന്‍ ഉത്തരകര്‍ത്താവിനെ ഒന്നു നോക്കി. ‘ഇയാളെന്താ ആളെ കളിയാക്കുകയാണോ?എന്നെ കണ്ടാല്‍ കൊച്ചുകുട്ടിയാണെന്നു തോന്നുമോ ; അതോ എനിക്കൊരു കൊച്ചു കുട്ടിയുണ്ടെന്നു തോന്നുമോ’ ..അതായിരുന്നു എന്റെ നോട്ടത്തിലൂടെ ഞാനുദ്ദേശിച്ചത്‌.

"ഇതിലൂടെ എളുപ്പവഴിയുണ്ടായിരുന്നു. ഇതിപ്പോ മരം വീണ്‌ അതും ബ്ലോക്കായിരിക്കുകയാ. ഇനിയിപ്പോ പുറത്തൂടെ തന്നെ പോവേണ്ടി വരും" സഹതാപത്തോടെയുള്ള ആ മഹദ്‌വചനങ്ങള്‍ കേട്ടപ്പോള്‍ ഒരു കാര്യം ഉറപ്പായി. ചേട്ടന്‍ തമാശിച്ചതല്ല. സീരിയസാണ്‌. ചുമ്മാ ഒരു നോട്ടം വെയ്സ്റ്റായി. അല്ലാതെന്ത്‌..

"ഇനിയെങ്ങോട്ടാ?" ഞാന്‍ മനസ്സില്‍ ചോദിച്ച ചോദ്യം തന്നെ മമ്മി ഉറക്കെ ചോദിച്ചു.

ഇവിടുന്ന്‌ എം.ജി റോഡിലേക്ക്‌ എങ്ങനെ പോകുമെന്ന്‌ ഒരു പിടിയുമില്ല. വല്ല ഓട്ടോയിലും കേറാമെന്നു വച്ചാല്‍ എത്ര ദൂരമുണ്ടെന്ന്‌ അറിയില്ല. ഓട്ടോക്കൂലി തികയാത്തതു കൊണ്ട്‌ അവസാനം ഓട്ടോ കഴുകികൊടുക്കേണ്ട ഗതികേട്‌ വന്നാലോ..

"നല്ല ശാന്തമായ സ്ഥലം. നമ്മക്ക്‌ കുറച്ചു നേരം വെറുതെ നടക്കാം." ചീറിപ്പായുന്ന വാഹങ്ങളുടെ ശബ്ദത്തിനു മുകളില്‍ കേള്‍ക്കാന്‍ വേണ്ടി അല്‍പ്പം ഉറക്കേ തന്നെ പറയേണ്ടി വന്നു.

നാലു വശത്തേക്കും റോഡുള്ളതു കൊണ്ട്‌ ഏതു റോഡില്‍ കൂടി നടക്കണം എന്ന്‌ ടോസ്സിട്ടു നോക്കിയാലോ എന്നാലോചിച്ചു നില്‍ക്കുമ്പോഴാണ്‌ അപ്പുറത്തെ സൈഡില്‍ ഒരു എമണ്ടന്‍ പള്ളി കണ്ടത്‌. പള്ളിയെങ്കില്‍ പള്ളി. അങ്ങോട്ടു വിട്ടു. കുറച്ചു നേരം നേരം അതിനകത്തിരുന്നു. വേറെ വിശ്വാസികളൊന്നുമില്ലതിരുന്നതു കൊണ്ട്‌ കര്‍ത്താവ്‌ ഫ്രീയായിരുന്നു. കാര്യങ്ങളൊക്കെ അങ്ങോട്ടു പറഞ്ഞേല്‍പ്പിച്ചു. അപ്പഴേക്കും പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു ഫീലിംഗ്‌. കുറച്ചു നേരം ആലോചിച്ചപ്പോള്‍ മനസ്സിലായി –വിശപ്പാണ്‌ സംഭവം. മമ്മിയാണെങ്കില്‍ പ്രാര്‍ത്ഥനയോട്‌ പ്രാര്‍ത്ഥന. വിശപ്പു മറക്കാന്‍ വേണ്ടി അവിടൊക്കെ ചുറ്റിനടന്ന്‌ ഫോട്ടോയേടുത്ത്‌ ഒരു വിധത്തില്‍ സമയം കളഞ്ഞു. എന്നിട്ട്‌ ‘ഇനിയെങ്ങോട്ട്‌’ എന്നൊരു വെല്യ ചോദ്യചിഹ്നവുമായി അവിടുന്നിറങ്ങി.

ദൈവം അയച്ചതാണോ എന്തോ പള്ളീടെ ഗേറ്റിന്റവിടെ ഒരാളു നില്‍ക്കുന്നു. നേരെ പോയി അയാളോട്‌ 'എം.ജി റോഡിലെക്ക്‌ എങ്ങനെയാ പോകുന്നത്‌?' എന്നു ചോദിച്ചു. ഹൊ!! അയാളൊരു നോട്ടം നോക്കി ഒന്നല്ല രണ്ടു നോട്ടം.. ആദ്യം എന്നെ. പിന്നെ പള്ളീടെ ബോര്‍ഡിലേക്ക്‌. അവിടതാ വെണ്ടക്കാ അക്ഷരത്തില്‍ എഴുതി വച്ചിരിക്കുന്നു- St. Marks church,1,M.G.Road. പിന്നെ ചോദ്യോം പറച്ചിലുമൊന്നുമില്ല. താങ്ക്സു പോലും പറയാതെ ഞാനവിടുന്ന്‌ നടന്നു തുടങ്ങി.

കുറച്ചങ്ങോട്ടു നടന്നപ്പോഴെക്കും ഇത്തിരി പരിചയമുള്ള സ്ഥലങ്ങളൊക്കെ കണ്ടു തുടങ്ങി. കാലുവേദന, വിശപ്പ്‌ , അഭിമാനക്ഷതം എല്ലാം തീര്‍ക്കാന്‍ എന്തെങ്കിലും വഴി കാണണം. പോവുന്ന വഴിക്ക്‌ ഒരു ‘കോഫീ ഹൗസ്‌’. അവിടെ കേറി ഭക്ഷണം കഴിക്കാന്ന്‌ മമ്മി പറഞ്ഞപ്പഴേ ഞാന്‍ അതു തള്ളിക്കളഞ്ഞു. കാരണവും പറഞ്ഞു. ഇതൊക്കെ നമ്മടെ നാട്ടിലും കിട്ടും. ഇപ്പോള്‍ വേണ്ടത്‌ എന്തെങ്കിലും പ്രത്യേകതയുള്ള,, അങ്ങനെ എല്ലായിടത്തുമൊന്നും കിട്ടാത്ത എന്തെങ്കിലും ഭക്ഷണമാണ്‌. കെ.എഫ്‌.സി ചിക്കന്‍ എന്നൊരൊറ്റ വാക്കില്‍ പറഞ്ഞാലും മമ്മിക്കു മനസ്സിലാകും. പക്ഷെ അവിടെ കേറാന്‍ സമ്മതിക്കില്ല. ചിക്കന്‍ ദഹിക്കുമെങ്കിലും അതിന്റെ വില മമ്മിക്ക്‌ തീരെ ദഹിക്കില്ല. അതാണ്‌ ഞാന്‍ അത്രേം വളഞ്ഞ വഴിയെടുത്തത്‌. കെ.എഫ്‌.സീല്‍ കേറീപ്പഴേക്കും മമ്മീടെ ഭാവം മാറി.

"ഇതാ ഗുണോം മണോമില്ലാത്ത കോഴി കിട്ടുന്ന സ്ഥലമല്ലേ.എനിക്കൊന്നും വേണ്ട. അത്ര നിര്‍ബന്ധമാണെങ്കില്‍ നീ കഴിച്ചോ." മമ്മി പിണങ്ങി.

ഞാനെന്തായാലും മെനു മുഴുവന്‍ അരിച്ചു പെറുക്കി ഏറ്റവും വില കുറഞ്ഞ ഐറ്റം വാങ്ങി കഴിച്ചു. എന്നിട്ടും വിശപ്പിനൊരു മാറ്റവുമില്ല. ഞാന്‍ കീഴടങ്ങി.

"നമ്മക്കു കോഫീ ഹൗസിലേക്കു പോകാമല്ലേ" മമ്മീടെ ‘ആക്കിയ’ ചിരി ഞാന്‍ കണ്ടില്ലാന്നു വച്ചു.

കോഫീ ഹൗസിലെത്തീപ്പോ ഒരു സമാധാനം. തലേല്‌ ഞൊറി വച്ച വെള്ളതൊപ്പിയൊക്കെയിട്ട അണ്ണന്മാരെ കണ്ടപ്പഴേ ഒരു കുളിര്‍കാറ്റു വീശിയതു പോലെ.

"ദോ മീല്‍സ്‌"

‘മീല്‍സ്‌ നഹി’ ഞാന്‍ ഞെട്ടിപ്പോയി. മനുഷ്യര്‍ക്ക്‌ ഇത്രേം ദുഷ്ടന്മാരാകാന്‍ പറ്റുമോ!!

അവിടെ കോഫീം സ്നാക്സും മാത്രമെയുള്ളൂന്ന്‌ പറഞ്ഞപ്പോ പിന്നൊന്നും പറയാന്‍ തോന്നീല. എന്തങ്കിലും പറയാനുള്ള എനര്‍ജി ഇല്ലായിരുന്നൂന്നുള്ളതാ സത്യം.

"ഓകെ. രണ്ടു മട്ടണ്‍ കട്‌ലേറ്റ്‌."

കട്‌ലേറ്റു വന്നു. ഉണക്കമീന്‍ ചുട്ടതു പോലെ ആകൃതിയും നിറവും. ഇന്ത്യന്‍ കോഫീ ഹൗസിലെ മട്ടണ്‍- കട്‌ലേറ്റിനെ പ്രാണനേക്കാള്‍ സ്നേഹിക്കുന്ന എനിക്ക്‌ സഹിക്കാന്‍ പറ്റുന്നതിനപ്പുറമായിരുന്നു ആ കാഴ്ച.

"ഇത്‌ ഇന്ത്യന്‍ കോഫീ ഹൗസൊന്നുമല്ല. അവിടത്തെ കട്‌ലെറ്റ്‌ ഇങ്ങനെയല്ല" മമ്മി എരിതീയില്‍ എണ്ണയൊഴിച്ചു.

"ഇതു ബാംഗ്ലൂരാണ്‌. അപ്പോള്‍ ഇവിടുത്തെ ടെയ്സ്റ്റിനു ചേരാന്‍ വേണ്ടി ചെറിയ മാറ്റം വരുത്തീതായിരിക്കും"
ഞാന്‍ എന്നെ തന്നെ ആശ്വസിപ്പിച്ചു.

ഒരു കുഞ്ഞു പീസെടുത്ത്‌ വായില്‍ വച്ചപ്പഴെ എന്റെ മുഖം ഒരു മാതിരി കോടിപ്പോയി. അത്ര വൃത്തികെട്ട രുചി. എന്തോ ഒരു കയ്പ്പ്‌.

"വിശന്നു പോയിട്ടാന്നു തോന്നുന്നു. കഴിക്കാന്‍ പറ്റുന്നില്ല.എനിക്കു വേണ്ട." ഞാന്‍ പാത്രം നീക്കി വച്ചു.

‘‘അതൊന്നുമല്ല.. ഇതെന്തോ കേടായതാ" മമ്മി വിധിയെഴുതി.

ഞാന്‍ ഒരു വെള്ളത്തൊപ്പിചേട്ടനെ വിളിച്ച്‌ ബില്ലിനു പറഞ്ഞു. കാര്യമായ പരിക്കുകളൊന്നും തട്ടതെ പ്ലേറ്റിലിരിക്കുന്ന കട്‌ലെറ്റുകളെ നോക്കി ‘എന്താ കഴിക്കാത്തത്‌’ എന്നു ചോദിച്ചപ്പോള്‍ ഞാന്‍ മാക്സിമം ചിരിച്ചു കൊണ്ട്‌ ‘വേണ്ട, അത്രേയുള്ളൂ’ എന്നു പറഞ്ഞു. ഇതു കൊള്ളൂലാന്നൊക്കെ എങ്ങനെ പറയും .കന്നടടേസ്റ്റ്‌ എന്റെ മലയാളി നാവിന്‌ പിടിക്കാത്തതിന്‌ അവരെ കുറ്റം പറയാന്‍ പറ്റുമോ.

ചേട്ടന്‍ പൈസേം മെടിച്ചു പോയി. കൗണ്ടറില്‍ പോയി എന്തൊക്കെയോ ഡിസ്കസ്‌ തിര്‍ച്ചു വന്ന്‌ ബാക്കി പൈസ എനിക്കു തന്നു. എത്രയും പെട്ടെന്ന്‌ വീട്ടിലെത്തി വല്ല മാഗിയും ഉണ്ടാക്കി തിന്നണം എന്നൊരൊറ്റ ചിന്തയോടെ കിട്ടിയ പൈസ എണ്ണി പോലും നോക്കാതെ ബാഗിലേക്കിടുമ്പോള്‍ ആ മാലാഖ ചേട്ടന്‍ കന്നട,ഹിന്ദി,തമിഴ്‌ സങ്കര ഭാഷയില്‍ പറഞ്ഞു.

"നിങ്ങളുടെ ചായേടെ മാത്രമെ പൈസ എടുത്തിട്ടുള്ളൂ. രുചി ഇഷ്ടപ്പെടാത്തതു കൊണ്ടാ കഴിക്കാത്തതെന്ന്‌ ഞങ്ങള്‍ക്കു മനസ്സിലായി. അതുകൊണ്ട്‌ കട്‌ലേറ്റിന്റെ പൈസ എടുത്തിട്ടില്ല"

ഞാന്‍ അയാളെ അന്തംവിട്ടു നോക്കി നിന്നുപോയി. കംപ്ലീറ്റ്‌ കുളംചളമായ ഒരു അവധിദിവസത്തില്‍ ഇത്തിരിയെങ്കിലും സന്തോഷിക്കാന്‍ ഒരു കാരണം കിട്ടീലോ. കുറേ താങ്ക്സ്‌ പറഞ്ഞിട്ടും മതിവരാത്തതു കൊണ്ട്‌ ഒരു പത്തു രൂപയെടുത്ത്‌ നിര്‍ബന്ധിച്ചയാളെ കൊണ്ടു മേടിപ്പിച്ചു.

ഇനിയൊരടി പോലും നടക്കാന്‍ പറ്റില്ല എന്നു മമ്മി പ്രഖ്യാപിച്ചതോടെ 'ബാംഗ്ലൂര്‍-റൗണ്ട്‌ പ്രൊജക്ട്‌' അവസാനിച്ചു. തിരിച്ച്‌ വീട്ടിലേക്കുള്ള ബസില്‍ വിശന്നു തളര്‍ന്നിരികുമ്പോള്‍ ഒരാശ്വാസത്തിനു വേണ്ടി ‘വീട്ടില്‌ മാഗിയില്ലേ’ എന്ന്‌ മമ്മിയോടു ചോദിച്ചു പോയി.

"ഇല്ല. അതല്ലേ നിന്നോടു ഞാന്‍ ഇന്നലെ പറഞ്ഞത്‌ സാധനങ്ങളൊക്കെ തീര്‍ന്നു.. ബിഗ്ബസാറില്‍ പോകാമെന്ന്‌"

മതി. തൃപ്തിയായി. ഇതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ.

"ശവത്തില്‍ കുത്തുന്നത്‌ ശിക്ഷാര്‍ഹമാണെന്ന്‌ ഇന്ത്യന്‍ പീനല്‍കോഡിലെവിടെയോ ഉണ്ട്‌" എന്നു മാത്രം മറുപടി പറഞ്ഞ്‌ എല്ലാം മറക്കാന്‍ വേണ്ടി സൈഡിലെ കമ്പിയില്‍ ചാരിയിരുന്ന്‌ ഞാന്‍ ഉറങ്ങാന്‍ തുടങ്ങി

86 comments:

  1. കൊച്ചുത്രേസ്യ said...

    ബാംഗ്ലൂരിന്റെ പശ്ചാത്തലത്തിലുള്ള ഒരു വിലാപകാവ്യം...

  2. sandoz said...

    തേങ്ങ വേണ്ടാ...അതൊക്കെ വേറെ ആരെങ്കിലും ഒടച്ചോളും....

    ഒരു ബീയര്‍ കുപ്പി പൊട്ടിച്ചേക്കാം...

    'ഠേ...'

    മകാളേ..വായിച്ചിട്ട്‌ അഭിപ്രയിക്കാട്ടാ...

  3. uthpreksha said...

    good one!

  4. മൂര്‍ത്തി said...

    രസമുണ്ട്.....

  5. സഖാവ് said...

    സാന്‍ഡോസ് ബിയര്‍ കൊണ്ടു വന്നു

    മൂര്‍ത്തി അണ്ണന്‍ രസം കൊണ്ട് വ്ന്നു

    ഇതാ ‘സഖാവ്’ മാഗി കൊണ്ട് വ്ന്നു

    തേങ്ങയും എന്റെ വക

    ഇതാണ് സഖാക്കളെ സഖാവ് ആണ് യഥാര്‍ത്ത ‘സഖാവ്’

  6. K.P.Sukumaran said...

    ജയ് ഹനുമാന്‍ !

  7. Haree said...

    എന്തരോ എന്തോ, ഒന്നും മനസിലായില്ല. ആക്ച്വലി, ബാംഗ്ലൂര്‍ ആദ്യം കാണാനെത്തുന്നവര്‍ക്കു മാത്രമല്ല ഈ പെരുവഴി മനസിലാവാത്ത പ്രശ്നം; അവിടെ സ്ഥിരതാമസക്കാര്‍ക്കും ആ പ്രോബ്ലം ഉണ്ട്... അല്ലേ? സന്തോഷം. :)

    ഏതോ പള്ളിയില്‍ കേറി ഫോട്ടോയെടുത്തൂന്നൊക്കെ എഴുതി വിട്ടിട്ടുണ്ടല്ലോ, എങ്കിലതൊക്കെ കൂടെ ചേര്‍ത്ത് ഇതങ്ങുഷാറാക്കാന്‍ വയ്യായിരുന്നോ?

    ഒരു ചിക്കന്‍ തട്ടിയിട്ടും വിശപ്പു മാറിയില്ലെന്നൊക്കെ പറയുമ്പോള്‍!!! ഹെന്റമ്മേ, ആ സ്ത്രീധനം ചോദിച്ച പയ്യനെ കുറ്റം പറയാനൊക്കൂല്ല, കേട്ടാ...
    --

  8. കുഞ്ഞന്‍ said...

    ഹഹ ഇതിലും ഭേദം ആ തുണിയലക്കുന്നതായിരുന്നു. അമ്മാത്തുനിന്ന് ഇറങ്ങേം ചെയ്തു ഇല്ലത്തൊട്ടു എത്തിയുമില്ല...!

  9. വിന്‍സ് said...

    kochu thresya ezhuthi ezhuthi lohitha das style aaaya???

  10. ഉപാസന || Upasana said...

    “ചേട്ടന്‍ തമാശിച്ചതല്ല. സീരിയസാണ്‌. ചുമ്മാ ഒരു നോട്ടം വെയ്സ്റ്റായി. അല്ലാതെന്ത്‌...”

    ആ ചേട്ടന് ദ്രുതവാട്ടം ഉണ്ടാകരുതേ പെരുമാളേ..!

    ബാംഗ്ലൂരിന്റെ പശ്ചാത്തലത്തിലുള്ള ഈ വിലാപകാവ്യത്തിന് ഉപാസന നല്ല മാര്‍ക്കിടുന്നു.
    :)
    ഉപാസന

  11. ഗിരീഷ്‌ എ എസ്‌ said...

    ഞാന്‍ ഒരു വെള്ളത്തൊപ്പിചേട്ടനെ വിളിച്ച്‌ ബില്ലിനു പറഞ്ഞു. കാര്യമായ പരിക്കുകളൊന്നും തട്ടതെ പ്ലേറ്റിലിരിക്കുന്ന കട്‌ലെറ്റുകളെ നോക്കി ‘എന്താ കഴിക്കാത്തത്‌’ എന്നു ചോദിച്ചപ്പോള്‍ ഞാന്‍ മാക്സിമം ചിരിച്ചു കൊണ്ട്‌ ‘വേണ്ട, അത്രേയുള്ളൂ’ എന്നു പറഞ്ഞു. ഇതു കൊള്ളൂലാന്നൊക്കെ എങ്ങനെ പറയും .കന്നടടേസ്റ്റ്‌ എന്റെ മലയാളി നാവിന്‌ പിടിക്കാത്തതിന്‌ അവരെ കുറ്റം പറയാന്‍ പറ്റുമോ.

    കൊച്ചുത്രേസ്യേ..
    ഇഷ്ടങ്ങളുടെ പട്ടിക നിറഞ്ഞ്കവിയുന്നു...അതില്‍ 90 ശതമാനവും ത്രേസ്യയുടെതാണ്‌...ഇതും ഒരുപാടിഷ്ടമായി...
    ആര്‍ത്തിപുരണ്ടിരിക്കുന്ന ആ മുഖത്തേക്ക്‌ നോക്കി കട്ലറ്റുകള്‍ നെടുവീര്‍പ്പിട്ടപ്പോള്‍ അതിന്റെ ദുഖം കണ്ട്‌ വേദനിപ്പിക്കാതെ പിന്‍തിരിഞ്ഞ ആ മനസിന്‌ 100 മാര്‍ക്ക്‌...
    പിന്നെ പരിഭവങ്ങളില്‍ ഹാസ്യം വിതറുന്ന മമ്മി...
    പറഞ്ഞാല്‍ കാടുകയറി പോകും...ത്രേസ്യാകൊച്ച്‌ പൊങ്ങി പൊങ്ങി ആകാശം മുട്ടും...
    അതുകൊണ്ട്‌ ഒന്ന്‌ മാത്രം പറഞ്ഞ്‌ ദ്രൗപതി പിന്‍മാറുന്നു...

    ഞാന്‍ കൊച്ചുത്രേസ്യയെ ആരാധിക്കുന്നു...
    എനിക്കൊരിക്കലും വഴങ്ങാത്ത തമാശയെന്ന വിഷയം അനായാസമായി കൈകാര്യം ചെയ്യുന്നതിനാലാവാം....
    നന്മകള്‍ നേരുന്നു...ആരാധിക്കുന്ന ദൈവം അനുഗ്രഹിക്കട്ടെ...

  12. Anonymous said...

    വിശാലമനസ്‍കനെയും സുനീഷ് തോമസിനെയും അല്ലാതെ വേറെ ആരെയും ബ്ലോഗില്‍ ഞാനിത്ര അസൂയയോടെ വായിച്ചിട്ടില്ല. ആരെയും ആരാധിച്ചു ശീലമില്ലാത്തതിനാലാണ് അസൂയ എന്നു പറയുന്നത്. (എംടിയോടും ബഷിറീനോടും വികെഎന്നിനോടും തകഴിയോടും ഒക്കെ അസൂയ മാത്രം)

    കൊച്ചുത്രേസ്യേ... താങ്കളിത്തിരി വല്യ ത്രേസ്യയാണ്... ഈ പോസ്‍റ്റ് മൂന്നുവട്ടം വായിച്ചു. നിങ്ങളുടെ രചനാരീതിയും ഭാഷയിലെ അനായാസതയും പിന്നെ ചെറിയ കാര്യങ്ങള്‍ പോലും അവതരിപ്പിക്കുന്ന ശൈലിയും അവയെ വിഷ്വലൈസ് ചെയ്യാന്‍ വായനക്കാരനു ലഭിക്കുന്ന സ്‍പേസും ... എല്ലാം ഗംഭീരം.

    ബ്ലോഗില്‍ കമന്റിടല്‍ നിര്‍ത്തിയതായിരുന്നു. എന്റെ ബ്ലോഗില്‍ പോലും ഇടാറില്ല, കുറെ നാളായിട്ട്. എന്നിട്ടും ഇട്ടുപോയി. മേലില്‍ ആവര്‍ത്തിക്കില്ല....

  13. Anonymous said...

    സോറി, നിങ്ങളോടെനിക്കു കടുത്ത അസൂയയാണെന്നു മുകളില്‍ പറയാന്‍ വിട്ടുപോയി !

  14. Mr. K# said...

    :-) നന്നായിട്ടുണ്ട്.

  15. ദിലീപ് വിശ്വനാഥ് said...

    ഇതാരാ വിശാലത്രേസ്യയോ? അതേ ശൈലി, അതേ നര്‍മ്മം.
    നന്നായി വായിച്ചു. നന്നായി ഇഷ്ടപ്പെട്ടു.

  16. ശ്രീ said...

    “വേറെ വിശ്വാസികളൊന്നുമില്ലതിരുന്നതു കൊണ്ട്‌ കര്‍ത്താവ്‌ ഫ്രീയായിരുന്നു.”

    കൊള്ളാം... വീണ്ടും സമ്പൂര്‍‌ണ്ണ ഹാസ്യം.
    :)

  17. Sherlock said...

    നന്നായിരിക്കുന്നു.....
    ബാഗ്ലൂരിലെ വഴിയൊന്നും അറിയില്ലാലേ?..കഷ്ടം..കഷ്ടം.:)
    പിന്നെ ഈ St. Marks church ശിവാജി നഗറിലല്ലേ? ഇതെപ്പോഴാ എംജി റോഡിലേക്ക് മാറ്റിയത്?

  18. സഹയാത്രികന്‍ said...

    ഹ ഹ ഹ...
    കൊച്ചു തേസ്യാ കൊച്ചേ... കൊള്ളാലോ ഐ വിലാപകാവ്യം...!

    :)

    ഓ : ടോ : ജിഹേഷ് ജി പറഞ്ഞതില്‍ വല്ല കാര്യവും ഉണ്ടോ...?

  19. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: തുടക്കം പതുക്കെയായിരുന്നെങ്കിലും തീരാനായപ്പോഴേക്ക് തമാശ ടോപ്പ് ഗിയറിലെത്തി.

    “ദാ ഇതിന്റെ പുറകില്‍ കൊച്ചുകുട്ടികള്‍ക്കായുള്ള ഒരു പാര്‍ക്കുണ്ട്‌“ കണ്ണുപൊട്ടന്‍ ആയിരുന്നല്ലേ?
    കൊച്ചുകുട്ടിയാനകള്‍ക്കായി ഒരു സര്‍ക്കസ് കൂടാരമുണ്ട് എന്നായിരുന്നേല്‍ അയ്യാള്‍ക്ക് ഒരു കൈ കൊടുത്തേനേ.

  20. അജിത്ത് പട്ടാഴി said...

    നന്നായിരിക്കുന്നു..
    3 മണി കഴിഞു ബാംഗ്ലൂരില്‍ എങും മീത്സ് കിട്ടുമെന്നു തോന്നുന്നില്ല..
    ഈ St. Marks church ശിവാജി നഗറിലല്ലേ?
    അതു St. Marks roadil അല്ലെ ??

  21. simy nazareth said...

    കൊച്ചുത്രേസ്യേ, ബാംഗ്ലൂരിനെ എന്നാലും..

    എം.ജി. റോഡിനടുത്ത് അവിടെ എവിടെയോ ഒരു ഡാന്‍സിങ്ങ് ഫൌണ്ടന്‍ ഉണ്ട്.

    പിന്നെ എം.ജി. റോഡില്‍ സെന്റ്. തോമസ് ചര്‍ച്ച് അല്ലേ.

    ഇന്ത്യന്‍ കോഫി ഹൌസിലെ കാപ്പി നല്ലതാണ്.. പിന്നെ ഇത്തിരി അപ്പുറത്തു പോയാല്‍ (ബ്രിഗേഡിനു തൊട്ടപ്പുറം) ബ്രിന്ദാവന്‍ എന്ന നല്ല ഹോട്ടലുണ്ട്. ചിലവും കുറവാണ്.

    പിന്നെ കബേണ്‍ പാര്‍ക്ക്, ലാല്‍ ബാഗ്, ജെ. നഗര്‍ 5-ത് ബ്ലോക്കു മുതല്‍ 2-nd ബ്ലോക്ക് വരെ അഞ്ചു കിലോമീറ്ററോളം നീണ്ടുകിടക്കുന്ന മനോഹരമായ പാര്‍ക്ക് (ഇതാണ് എന്റെ ഫേവരിറ്റ്), അതി സുന്ദരമായ അള്‍സൂര്‍ ലേക്ക്, സാങ്കി റ്റാങ്ക്, മഡിവാള മാസ്, പബ്ബുകള്‍!!!

    നമ്മ സ്വച്ഛ ബംഗളൂരു.

  22. ഏ.ആര്‍. നജീം said...

    ഇടി വെട്ടിയവന്റെ തലേല്‍ പാമ്പു കടിച്ചു .... എന്ന് പറഞ്ഞത് പോലായല്ലോ...
    വന്ന് വന്ന ഇപ്പോ ഈ ബഗ്ലൂരില്‍ ഇറങ്ങി നടക്കാന്‍ വയ്യെന്നായിരിക്കുണൂ ശിവ ശിവാ...

  23. കൊച്ചുത്രേസ്യ said...

    സാന്‍ഡോസേ കയ്യിലുള്ള സാധനമല്ലേ തരാന്‍ പറ്റൂ അല്ലേ.ബിയര്‍ ഞാന്‍ സ്വീകരിച്ചു. അതിലിടാന്‍ ഐസ്‌ക്യൂബ്‌സിനു വേണ്ടി ഒരു ഫ്രിഡ്‌ജ്‌ കൂടി തരാമായിരുന്നു :-)

    ഉത്പ്രേക്ഷ,മൂര്‍ത്തീ താങ്ക്സ്‌

    സഖാവെ തേങ്ങ വേണ്ട;മാഗി മതി..ലാല്‍ സലാം

    ജയ്‌ ഹനുമാനേ ഇവിടാര്‍ക്കാ ജയ്‌ വിളിച്ചത്‌??

    ഹരീ കണ്ണില്‍ ചോരയില്ലാതെ സംസാരിക്കരുത്‌. കെ.എഫ്‌.സീല്‌ കേറി ഏറ്റവും വില കുറഞ്ഞ ഐറ്റം കഴിച്ചൂന്നു പറഞ്ഞപ്പോഴേ ഊഹിച്ചൂടേ അതിന്റെ ക്വാണ്ടിറ്റി എത്രയുണ്ടാവുമെന്ന്‌...ഫുള്‍ ചിക്കന്‍ പോലും ഹും..
    പള്ളീന്നെടുത്ത ഫോട്ടോയൊക്കെ ഒരു വകയാ. ക്യാമറ നന്നായിട്ടു കാര്യമില്ല അതുപയോഗിക്കുന്നവരുടെ കലാബോധവും പ്രധാനമാണല്ലോ:-(

    കുഞ്ഞാ സത്യം. തുണിയലക്ക്‌ ഇതിലും എത്രയോ ഭേദം.

    വിന്‍സേ അതെന്തു സ്റ്റെയില്‍??

    ഉപാസനേ നല്ല മാര്‍ക്കിന്‌ നന്ദി.

  24. കൊച്ചുത്രേസ്യ said...

    ദ്രൗപദീ എന്റെ വയറു നിറഞ്ഞു. ഞാന്‍ ഒരു പാടു പൊങ്ങിപ്പോകുമെന്നൊന്നും പേടിക്കണ്ട. കുറച്ചു പൊങ്ങിക്കഴിയുമ്പോള്‍ തന്നെ ഈ മുടിഞ്ഞ വെയ്റ്റ്‌ കാരണം തിരിച്ചു താഴെക്കു പോരും :-)

    ബെര്‍ളീ എല്ലാ മറുപടിയും ഒറ്റ വാക്കിലൊതുക്കുന്നു -നന്ദി.

    കുതിരവട്ടന്‍,ശ്രീ,വാത്മീകി താങ്ക്സ്‌

    ജിഹേഷ്‌,സഹയത്രികന്‍,അജിത്‌ വല്ലപ്പോഴുമൊക്കെ പള്ളീല്‍ പോണം. എന്നാലേ അതിന്റെ ശരിക്കും അഡ്രസ്‌ അറിയാന്‍ പറ്റൂ .ദാ ഇവിടെ നോക്ക്‌
    http://www.indiantemplesportal.com/karnataka/st.marks-cathedral-bangalore.html

    കുട്ടിച്ചാത്താ ഗ്‌ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍.
    (ബാംഗ്ലൂരില്‍ ക്വട്ടേഷന്‍ ടീമുകളാരെങ്കിലുമുണ്ടോന്ന്‌ ഒരു ഗൂഗിള്‍ സെര്‍ച്ചു നടത്തീട്ടേയുള്ളു ബാക്കി കാര്യം)

    സിമീ ഈ സംഭവം കഴിഞ്ഞ്‌ അടുത്ത ദിവസം തന്നെ മര്യാദരാമിയായി BMTC-ടെ വണ്‍ഡേ ടൂറിന്‌ ബുക്ക്‌ ചെയ്ത്‌ ഇപ്പറഞ്ഞ സ്ഥലങ്ങളൊക്കെ പോയി കണ്ടു. അല്ലെങ്കിലും കിട്ടേണ്ടതു കിട്ടുമ്പം തോന്നേണ്ടതു തോന്നുമ്ന്നല്ലേ :-)
    പിന്നെ അത്‌ ഇന്ത്യന്‍ കോഫീ ഹൗസല്ല;വെറും കോഫീ ഹൗസായിരുന്നു. ഇതു രണ്ടും രണ്ടാണെന്ന്‌ ആരറിഞ്ഞു..

    നജീം ഇത്തിരി വിവരോം കോമണ്‍സെന്‍സുമുണ്ടെങ്കില്‍ ബാംഗ്ലൂരിലൂടെ ഇറങ്ങി നടക്കുന്നതിന്‌ ഒരു പ്രശ്നവുമില്ല (സെല്‍ഫ്‌ഗോളാണെന്നറിയാം..എന്നാലും സാരമില്ല)

  25. കുറുമാന്‍ said...

    ആ മാലാഖ ചേട്ടന്‍ - ഇതാ കലക്കിയിരിക്കുന്നത്

  26. SUNISH THOMAS said...

    ഗംഭീരം. ഇന്നലെ രാത്രി വായിച്ചു മുഴുവനാക്കാന്‍ പറ്റിയില്ല. ഇന്നു രാവിലെ കുളിക്കാതെ, പല്ലുതേക്കാതെ (സോറി, ശീലമില്ലാത്തതുകൊണ്ടാണ്, ഇതുവായിക്കാനുള്ള തിടുക്കം കൊണ്ടൊന്നുമല്ല!) വന്നിരുന്നു വായിച്ചു. വയറു നിറഞ്ഞു. ഇനി ബ്രേയ്ക്ക് ഫാസ്റ്റ് പോലും വേണ്ട.......

    എന്നാലും കൊച്ചുത്രേസ്യേടെ അമ്മച്ചീ... സാധാരണ മരുമക്കളു തരുന്ന പണി മകളായിട്ടു തന്നെ തന്നോണ്ടിരിക്കാവണല്ലിയോ......!!!!

  27. Sherlock said...

    എന്താ ചെയ്യാ ഞാന്‍ ചുമ്മാ ഒരു നമ്പര്‍ ഇറക്കിയതല്ലേ :) ഈ സെന്റ് മാര്‍ക്ക്സ് ചര്‍ച്ച് എംജി റോഡിലാണെന്ന് ആര്‍ക്കാ അറിയാത്തെ..:):)‌


    പിന്നെ ഒരു പട്ടാഴിക്കാരന്‍ അവിടെയിരുന്നു ഗോളടീച്ച പോസ്റ്റില്‍ വീണ്ടും ഗോളടീക്കുന്നുണ്ട് :)

  28. ഞാന്‍ ഇരിങ്ങല്‍ said...

    കൊച്ചുത്രേസ്യയുടെ പോസ്റ്റ് വായിച്ചാല് ഒരു കമന് റിടാതെ പോകന് പറ്റാത്ത അവസ്ഥ വന്നിരിക്കുന്നു.
    പൊക്കിപ്പറയുകയാണെന്നൊന്നും വിചാരിക്കേണ്ട.
    താങ്കളുടെ രചന ബൂലോകത്ത് മറ്റൊരു കൃതിയും തരാത്ത ആശ്വാസം തരുന്നു. ചിരിക്കാന് മാത്രമല്ല് ബെര്‍ലി പറഞ്ഞതു പോലെ മനോഹരമായ വിഷ്വല് മനസ്സില് നിറയ്ക്കുന്നു. ഓരോ സ്ഥലവും അത് അടുക്കളയായാലും പൂമുഖമായാലും ട്രാഫിക് ബ്ലോക്ക് ആയാലും മരം വീണ അക്വേറിയം ആയാലും വഴി പറഞ്ഞു തരുന്ന ചേട്ടനായാലും എല്ലാം വായനക്കാരന് രെ മുമ്പില് കോഫീ ഹൌസിലെ ഭക്ഷണപാത്രങ്ങള് നിരത്തിയതു പോലെ തെളിയുന്നു.

    ഒരുപക്ഷെ ബൂലോകത്തിലെ മറ്റ് രചനകളേക്കാളും വായനാഗുണമുള്ളതാണിത്. മാതൃഭൂമി അഭിമുഖത്തില് വിശാലന് പറഞ്ഞതു പോലെ രോഗിയായ് കിടക്കുന്ന ഒരാള്‍ക്ക് ഈ വായന തീര്‍ച്ചയാ‍യും ഒരു മരുന്നായ് ഫലിക്കും എന്നതില് തര്‍ക്കമില്ല.

    താങ്കളുടെ രചനകള് ഒരു പക്ഷെ ഒരു കുസൃതിക്കുറിപ്പുകള് എന്ന് താങ്കള് വിളിച്ചേക്കും. പക്ഷെ വായനക്കാരില് വല്ലാതെ സ്വാധീനം ചെലുത്തുന്ന രചനാപാടവം താങ്കളെ വീണ്ടും വീണ്ടും വായിക്കാന് പ്രേരിപ്പിക്കുന്നു.

    ഒരു പാട് ഇനിയും എഴുതാന് സാധിക്കട്ടെ. വായിക്കുവാനും.

    അഭിനന്ദനങ്ങള്.

    സ്നേഹപൂര്‍വ്വം
    ഇരിങ്ങല്

  29. Kaithamullu said...

    കൊച്ചു ത്രേസ്സ്യാ വിലാപം - ഭാഗം 1 : വായിച്ചെന്നും
    രസിച്ചെന്നും ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

  30. Sathees Makkoth said...

    കൊച്ചുത്രേസ്യേ,
    നന്നായിരിക്കുന്നു.


    സതീശന്‍&ആഷ

  31. അരവിന്ദ് :: aravind said...

    തകര്‍ത്തിരിക്കുന്നു! :-)

    ഈ കുട്ടി എന്തിറ്റാ അലക്ക്! (തുണി അലക്കല്ല)

    :-)

  32. പ്രയാസി said...

    കന്നട നാടിന്റെ സ്റ്റൈല്‍ അതൊരു പ്രത്യേക സ്റ്റൈല്‍ തന്നെയാണെ..
    ബിഡുതിയില്‍ കുറച്ചു കാ‍ലം ഉണ്ടായിരുന്നു, തേന്മാവിന്‍ കൊമ്പത്തിലെ എന്തൊ ഒരു ഹള്ളിയില്ലെ അവിടം തോറ്റു പോകും!
    രാവിലെ ടോയ്‌ലറ്റീന്നു വരണ കണ്ടാലും കനേഡിയന്‍ ചോദിക്കും സാമീ.. ഊട്ട‌ആയിത്താ..(ശാപ്പാടു കഴിച്ചോന്നു.)അത്ര നല്ല ആള്‍ക്കാര്‍, ഇടക്കു ആ നിഷ്കളങ്കരായ ഗ്രാമീണരുടെ വീടുകളില്‍ ചെന്നു ഭക്ഷണം കഴിക്കാറുണ്ടായിരുന്നു.
    അതിലേറ്റവും വിശേഷപ്പെട്ടതു മുദ്ധ..!(കളിമണ്ണു കുഴച്ചപോലൊരു സാധനം)
    ചവക്കാന്‍ പാടില്ല വിഴുങ്ങണം!വിഴുങ്ങി വിഴുങ്ങി കണ്ണുതള്ളുമ്പോള്‍ കനേഡി ചോദിക്കും ഇനിയും ബേക്കാ..?
    ബേഡാ..ബേഡാ..
    എങ്ങനെയെങ്കിലും അവിടുന്നു രക്ഷപ്പെടും..രണ്ടു ദിവസത്തേക്കു ഒന്നും കഴിക്കേണ്ടി വരില്ല! ഇടക്കു സെറ്റാകാന്‍ വെള്ളം ഒഴിച്ചു കൊണ്ടിരുന്നാല്‍ മതി..
    ഇതിവിടെ പറയാന്‍ കാര്യം..

    1.വിശപ്പിന്റെ ആക്രാന്തം കൊണ്ടുണ്ടായ പോസ്റ്റല്ലെ! മുദ്ധ ഒന്നു പരീക്ഷിച്ചു നോക്കൂ..
    2.സ്വന്തം തുണി പോലും അലക്കില്ലെന്നും ആഹാരം പാകം ചെയ്യില്ലെന്നും ഇങ്ങനെ ബ്ലോഗു വഴി വിളിച്ചു പറയരുത്!(അതെല്ലാവര്‍ക്കും അറിയാമെന്നെ)
    3.ആ പാവം മമ്മിക്കു സമാധാനത്തിനുള്ള ഖേല്‍‌രത്ന എത്രയും പെട്ടെന്നു കൊടുക്കണം..
    4.എന്നെ ഒരു സ്ഥിരബ്ലോഗു വായനക്കാരന്‍ ആക്കിയതു ത്രേസ്യയുടെ പോസ്റ്റുകളാണു, അതിനുള്ള പ്രത്യുപകാരമായി ഈ മുദ്ധയെ കരുതുക!
    5.ത്രേസ്യ നല്ലോണം നോര്‍മ്മലായി, കൊള്ളാട്ട്രാ.. പ്രയാസിയുടെ അഭിനന്ദനങ്ങള്‍..

  33. sandoz said...

    അത്‌ കാലിക്കുപ്പിയായിരുന്നു മകളേ...കാലിക്കുപ്പിക്കെന്തിനാ ഫ്രിഡ്ജും ഐസും....
    [കുപ്പീം പാട്ടേം പറക്കണ പണിയാണിവനു എന്ന പേരുംകൂടിയേ ബ്ലോഗീന്ന് ഇനി കേള്‍ക്കാനുള്ളൂ..]

    ബൈ ദ ബൈ....ഈ അമ്മച്ചിയെന്തിനാ ഇടക്കിടക്ക്‌ ബംഗ്ലുരു വന്ന് നില്‍ക്കണത്‌...
    മകളേ നല്ല വിശ്വാസാ അല്ലേ...
    .
    ആ കുറ്റബോധത്തെക്കുറിച്ച്‌ പറഞ്ഞത്‌ എനിക്കങ്ങട്‌ ബോധിച്ചു...

  34. കൊച്ചുത്രേസ്യ said...

    കുറുമാനേ ചേട്ടന്‍ മാലാഖയായിരുന്നെങ്കിലും ചേട്ടന്റെ കട്‌ലേറ്റ്‌ &#@$&@@#

    സുനീഷേ മമ്മിയോടെനിക്കു ഭയങ്കര സ്നേഹമാ. പക്ഷെ എന്തു ചെയ്യാം ആരാന്റമ്മയ്ക്ക്‌ ഇരുമ്പിടിക്കാം അവനോന്റമ്മയ്ക്ക്‌ അരിയിടിക്കൂലാന്നുള്ള സ്വഭാവമായിപ്പോയി :-)

    ജിഹേഷേ ങും ങും

    ഇരിങ്ങല്‍ മാഷേ ഒരുപാടു നന്ദി

    കൈതമുള്ളേ ആ പറഞ്ഞ തെര്യ..തെര്യ... ആ സാധനം ഞാന്‍ സ്വീകരിച്ചിരിക്കുന്നു

    സതീഷ്‌ ആഷേ എന്തൊരു സ്നേഹം!! ഒന്നിച്ചു നിന്നേ കമന്റിടൂള്ളൂ അല്ലേ. എന്തായാലും താങ്ക്സേ..

    അരവിന്ദേ ആ തുണി അലക്കിനെ പറ്റി അല്ല എന്നെടുത്തു പറഞ്ഞതിന്റെ ഉദ്ദേശ്യശുദ്ധിയില്‍ എനിക്കു സംശയമുണ്ട്‌ (ഞാന്‍ ഇട്യ്ക്കൊക്കെ അലക്കാറുണ്ട്‌)

    പ്രയാസി അറബിനാട്ടിലെക്കു പോകാന്‍ വേണ്ടി മെഡിക്കല്‍ടെസ്റ്റും കഴിഞ്ഞിരിക്കുന്നവര്‍ ഞങ്ങടെ കന്നട നാടിനെ പറ്റി പറയുന്നോ?? അടി
    അടി.. മുദ്ധ എന്നൊക്കെ കേട്ടപ്പോള്‍ ഞാന്‍ തെറ്റിദ്ധരിച്ചു പോയി- വല്ല കന്നടഹുഡുഗിയുമായിരിക്കുമെന്ന്‌..ക്ഷമി..
    പിന്നെ നിങ്ങളു വിചാരിക്കുന്നതു പോലെയല്ല;അലക്കുക,ഭക്ഷണമുണ്ടാക്കുക എന്നൊക്കെ പറയുന്നത്‌ എന്റെ ഏറ്റവും പ്രിയപ്പെട്ട പണികളാണ്‌ (ഇവിടടുത്തെവിടെങ്കിലും ഒരു കുമ്പസാരക്കൂടു കിട്ടുമോ എന്തോ..)

    സാന്‍ഡോസേ എനിക്കെന്തിനാ കാലിക്കുപ്പി.വിഷൂന്‌ വാണം വെച്ചു കത്തിക്കാനോ??
    അമ്മച്ചി ഇവിടെ വരുന്നത്‌ എന്നോടുള്ള സ്നേഹം കൊണ്ടാ. അല്ലതെ വിശ്വാസക്കുറവു കൊണ്ടൊന്നുമല്ല. ഈ പോസ്റ്റ്‌ മുഴുവന്‍ വായിച്ചിട്ടും ഞങ്ങള്‍ തമ്മിലുള്ള സ്നേഹത്തിന്റെ ആഴം മനസ്സിലായില്ലേ... ഇതു പോലെ സ്നേഹം മൂത്തു പഴുത്തിരുന്ന സമയത്ത്‌ എന്റെ ഒരു കൂട്ടുകാരിയോട്‌ അവള്‍ടമ്മ പറഞ്ഞതാ 'നിനക്ക്‌ നിന്റെ സ്വഭാവത്തിലുള്ള നാല്‌ പെണ്‍മക്കളുണ്ടാവൂടീ;എന്നാലെ നീയൊക്കെ പഠിക്കൂ' എന്ന്‌. അതാണ്‌ ഒരമ്മേം മകളും തമ്മിലുള്ള സ്നേഹം. ഇപ്പം മനസ്സിലായില്ലേ ??

  35. റീനി said...

    കൊച്ചുത്രേസ്യ, രസം പിടിച്ച്‌ വായിച്ചു. നല്ല എഴുത്ത്‌.

    അവധിദിവസം വയറുകാളല്‍, അമ്മയോട്‌ അമിതമായ സ്നേഹം, ധനനഷ്ടം, ബുദ്ധിമോശം, എന്നീ വാരഫലം വായിക്കാതെയാണോ രാവിലെ ഇറങ്ങിപ്പുറപ്പെട്ടത്‌?

  36. Anoop Technologist (അനൂപ് തിരുവല്ല) said...

    ത്രേസ്യച്ചേടത്തീടെ ഒരു കാര്യം !
    പതിവു പോലെ നന്നായി എഴുതിയിരിക്കുന്നു. ഒട്ടും ബോറടിപ്പിക്കാതെയുള്ള ഈ ശൈലി എനിക്കേറെയിഷ്ടമാണ്.

  37. ശുദ്ധന്‍ said...

    ത്രേസ്യാമ്മേ,

    നന്നായിട്ടുണ്ട്..എഴുത്തിലെ ആ ശൈലി അങ്ങട് പിടിച്ചു..
    (ആദ്യായിട്ടാണിവിടെ വരണേ..)

  38. ദീപു : sandeep said...

    ഞാന്‍ വിചാരിച്ചു ബാംഗ്ലൂരില്‍ അലക്കാന്‍ മടിയുള്ള മലയാളി ഞാന്മാത്രമേ കാണൂന്ന്‌... എന്റെ ഓരോരോ തെറ്റിദ്ധാരണകള്‍...


    ഇതു സൂപ്പര്‍ ആയിരുന്നൂട്ടൊ..

  39. Rasheed Chalil said...

    ശവത്തില്‍ കുത്തുന്നത്‌ ശിക്ഷാര്‍ഹമാണെന്ന്‌ ഇന്ത്യന്‍ പീനല്‍കോഡിലെവിടെയോ പറഞ്ഞത് കോണ്ട്... ഒന്നും പറയുന്നില്ല.

    :)

  40. ഉണ്ണിക്കുട്ടന്‍ said...

    ത്രേസ്യാ.. ഞാന്‍ വേറെ ആരുടേം ഫാനാകില്ലെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കറിനു വാക്കു കൊടുത്തു പോയി.. അല്ലെങ്കില്‍ ഒരു കൈ ഞാന്‍ നോക്കിയേനെ..:) എഴുത്തങ്ങു ഞെരിച്ചു ! യാതൊരു ഏച്ചു കെട്ടലുമില്ലാത്ത ശൈലി. ആ പറഞ്ഞ സ്ഥലങ്ങളൊക്കെ വെറും ആറു മാസം അവിടെ താമസിച്ച എനിക്കറിയാല്ലോ.. എന്നിട്ടും കാലാ കാലങ്ങളായി അവിടെ താമസിക്കുന്ന ത്രേസ്യക്കറിയില്ലേ..ഷേം ഷേം :)

  41. കൊച്ചുത്രേസ്യ said...

    റിനീ ഇതിനു വാരഫലമൊന്നും നോക്കേണ്ട കാര്യമില്ല. കുറച്ചു കാലമായിട്ട്‌ എല്ലാ ദിവസവും ഇങ്ങനൊക്കെ തന്നെയാ :-(

    അനൂപ്‌,ശുദ്ധാ താങ്ക്സേ..

    ദീപൂ അയ്യേ എനിക്ക്‌ മടിയൊന്നുമല്ല. അലക്കോഫോബിയാന്നു പറയുന്ന ഒരസുഖമാ. ചികിത്സിച്ചു മാറ്റാന്‍ പറ്റില്ലെന്നാ വൈദ്യന്മാര്‍ പറയുന്നത്‌ :-(

    ഇത്തിരീ താങ്ക്സേ

    ഉണ്ണിക്കുട്ടാ എനിക്കിനീം ഫാന്‍ വേണ്ട. കറന്റു ബില്ലടച്ചടച്ചു മുടിഞ്ഞിരിക്കുകയാ. പിന്നെ ഞാനേ ഉണ്ണിക്കുട്ടനെ പോലെ അലഞ്ഞു തിരിഞ്ഞു നടക്കുകയല്ലായിരുന്നു. വീടു വിട്ടാല്‍ ഓഫീസ്‌;ഓഫീസ്‌ വിട്ടാല്‍ വീട്‌- തറവാട്ടില്‍ പിറന്ന പെണ്‍കുട്ടിയാ ഞാന്‍..

  42. ഉണ്ണിക്കുട്ടന്‍ said...

    ബാംഗ്ലൂരു മുഴുവന്‍ കറങ്ങിത്തിരിഞ്ഞു നടന്ന കഥ എഴുതി വച്ചിട്ടു കറങ്ങീട്ടില്ലന്നോ.. അടി. ബാംഗ്ലൂര്‍ ആയിരുന്നപ്പോ എല്ലാ ദിവസവും ഞാന്‍ രാവിലെ എണീറ്റു പള്ളീപ്പോകുമായിരുന്നു. സത്യായിട്ടും.. :) അതു കൊണ്ടു പള്ളികള്‍ എല്ലാം അറിയാം. ബാംഗ്ലൂരിലെ കമ്പനികള്‍ക്കു എന്നെ പോലെ അതി ഭയങ്കരനായ ഒരു പ്രോഗ്രാമറെ കിട്ടാന്‍ ഭാഗ്യമില്ലാതായിപ്പോയി.. ചെന്നൈക്കയിരുന്നു അതിനുള്ള യോഗം ..:)

  43. ഷാഫി said...

    മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോ ഒരൊറ്റ സംശയം മാത്രം.
    അത് ശെരിക്കും ത്രേസ്യേച്ചീടെ സ്വന്തം മമ്മി തന്നാണോ?

  44. അജിത്ത് പട്ടാഴി said...

    njanum correct aanu churchinte oru sidil st.marks road aanu kochuthresya,gehesh

  45. കുടുംബംകലക്കി said...

    പോസ്റ്റിന്റെ താളത്തിനൊത്ത കമന്റായി സഖാവിന്റേത്. ഹരീയുടെയും ബെര്‍ലിയുടെയും അതെ.
    പ്രതിഭാസം എന്നൊരു ബ്ലോഗറുടെ ശൈലിയുമായി സാദൃശ്യം തോന്നുന്നു.
    ഈ സുന്ദര സൃഷ്ടിയിലേയ്ക്ക് ലിങ്കുതന്ന് സഹായിച്ച പ്രിയ മൂര്‍ത്തിയെപ്പോലെ, ‘രസമുണ്ട്!’

  46. Murali K Menon said...

    വന്ന് ഒപ്പ് വച്ചു.
    ഹോ ആ കട്‌ലെറ്റ് തിന്നാത്തതോണ്ട് ഇങ്ങനെയൊരെണ്ണം വായിക്കാന്‍ കിട്ടി.

  47. payyans said...

    കൊച്ചു ത്രേസ്യയായെ...ഇനി ഔട്ടിങ്ങിനു പോകുബോള്‍ ഒരു കാര്യം മറക്കല്ല്. അവിടെ ആ ബ്രിഗേഡ് റോഡില്‍,ചര്‍ച്ച് റോഡ് ക്രോസില്‍.ഒരു നാരങ്ങ വെള്ളക്കടയുണ്ട്. അവിടെ മുട്ടന്‍ പിടിയുള്ള ചില്ലു ക്ലാസ്സില്‍ നാരങ്ങ വെള്ളം കിട്ടും. NASA എന്നെങ്കാണ്ട് ആണ് ആ നാരങ്ങക്കടയുടെ പേരെ... എത്ര പേരുടെ ചീറ്റിയ ഔട്ടിങ്ങുകള്‍ അവസാനം അവിടത്തെ നാരങ്ങ വെള്ളം കുടിച്ചു Reformat ചെയ്യപ്പെട്ടു സ്വര്‍ഗ്ഗീയ സന്തോഷങ്ങള്‍ നേടിയിരിക്കുന്നു. പിന്നെയാ..നമ്മുടെ ഈ 50-50 brittanica model chinna outings!!
    പിന്നെ കന്നഡ പണ്ഠിതന്‍ എന്ന നിലയില്‍ കുറച്ചു വാക്കുകള്‍ പഠിപ്പിച്ചു തരാം.ഓര്‍ത്തു വയ്ക്കണെ..
    നാരങ്ങക്കട- Pub
    നാരങ്ങവെള്ളം-Beer.
    മറക്കല്ലെ...
    -Cheers..- :)

  48. തമനു said...

    അലക്കിപ്പൊളിച്ച എഴുത്ത് മാഷേ..

    ഗംഭീരം, മനോഹരം.. :)

  49. ജാസൂട്ടി said...

    കൊള്ളാട്ടോ...ത്രേസ്യ ചേച്ചീടെ ഹാസ്യമൊക്കെ പൂര്‍വാധികം ശക്തിയോടെ സട കുടഞ്ഞെഴുനേറ്റല്ലോ ..:)

  50. ഇട്ടിമാളു അഗ്നിമിത്ര said...

    50 അടിക്കാനുള്ള യോഗമുണ്ടല്ലെ...:)

  51. Ziya said...

    നല്ല രസായീണ്ട്....
    ഇപ്പളാ വായിക്കാന്‍ കഴിഞ്ഞത് :)

  52. കൊച്ചുത്രേസ്യ said...

    ഉണ്ണിക്കുട്ടാ ആ 'എല്ലാ ദിവസവും പള്ളിയില്‍ പോകും'എന്നുള്ള പ്രസ്താവന പിന്‍വലിക്കണം.നുണ പറയുന്നതിന്‌ ഒരു ലിമിറ്റൊക്കെ വേണ്ടേ ;-)

    ഷാഫീ കുടുംബകലഹം ഉണ്ടാക്കരുത്‌.ഒരു സത്യം പറയട്ടേ, എനിക്കും ഇക്കാര്യത്തില്‍ കേട്ടറിവേ ഉള്ളൂ. 5 വയസ്സിനു പിന്നിലേക്കുള്ള കാര്യങ്ങള്‍ ശരിക്കങ്ങോട്ടോര്‍മ്മയില്ല:-(

    അജിത്തേ എനിക്കതെപ്പഴേ മനസ്സിലായി. ജിഹേഷിനാ സംശയം തീരാത്തത്‌ :-)

    കുടുംബംകലക്കീ വന്നതിനും വായിച്ചതിനും നന്ദി.

    മുരളി മാഷേ ആ കട്‌ലേറ്റ്‌ എങ്ങാനും കഴിച്ചിരുന്നെല്‍ ഞാനിപ്പോ ടോയ്‌ലെറ്റില്‍ അഡ്‌മിറ്റായിരുന്നേനേ.. കഷ്‌ടിച്ച്‌ രക്ഷപെട്ടു..

    പയ്യന്‍സേ പബ്ബോ!!!ബാറോ!!! ശിവ ശിവ... സത്ഗുണസമ്പന്നയായ ഒരു പെണ്‍കുട്ടിയോട്‌` പറയാവുന്ന കാര്യമാണോ ഇത്‌?

    ബൈ ദ ബൈ കറക്ട്‌ അഡ്രസ്‌ എന്താണെന്നാ പറഞ്ഞത്‌ ??

    തമനൂ ജാസൂ ഇട്ടിമാളൂ സിയേ താങ്ക്സേ

  53. asdfasdf asfdasdf said...

    മീല്‍സ്‌ നഹി’ ഞാന്‍ ഞെട്ടിപ്പോയി. മനുഷ്യര്‍ക്ക്‌ ഇത്രേം ദുഷ്ടന്മാരാകാന്‍ പറ്റുമോ!!
    .. ഹ ഹ ഹ..ഇതിപ്പഴാ വായ്ച്ചത്. രസികന്‍ വിവരണം.

  54. Vempally|വെമ്പള്ളി said...

    കൊച്ചു ത്രേസ്യായുടെ ബ്ലോഗില്‍ ആദ്യമാണു വരുന്നത് - കുറച്ചു വായിച്ചപ്പോ ഇന്‍ററസ്റ്റ് കേറി പിന്നെ മുഴുവനുമങ്ങ് വായിച്ചു. കൊച്ചുത്രേസ്യയുടെ മമ്മീടെ കാര്യം ഓര്‍ത്തു വിഷമമായി - പാവം ഇങ്ങനുള്ള പിള്ളാരുണ്ടെങ്കില്‍ കറങ്ങിപ്പോവത്തേ ഉള്ളു.

    നന്നായിട്ടുണ്ടു കേട്ടൊ.

  55. മെലോഡിയസ് said...

    എന്തിന് ബിഗ് ബസാറ് ? ഇവിടെ പറ്റ് കടയില്‍ പോകണമെന്ന് പറയുമ്പോള്‍ തന്നെ മനുഷ്യന് എന്തോ പോലെയാ. എന്നാലും ഞാന്‍ പോവും ട്ടാ..അല്ലെങ്കില്‍ കഞ്ഞികുടി മുട്ടും.

    ബാംഗ്ലൂരിലെ ഓട്ടോക്കാര്..അവരെ ചിലപ്പോള്‍ വിളിച്ചാല്‍ വണ്ടി മുഴുവന്‍ കഴുകികൊടുക്കേണ്ടി വരൂല്ലാ. ചിലപ്പൊ അത് പോലൊന്ന് വാങ്ങി തരാന്‍ പറഞ്ഞേക്കും :(


    ത്രേസ്യാ കൊച്ചേ സംഭവം നന്നായിട്ടുണ്ട് ട്ടാ..

  56. Inji Pennu said...

    അയ്യോ കര്‍ത്താവേ! ബാഗ്ലൂറ് റിച്ച്മണ്ട് റോഡ്, സെന്റ് മാര്‍ക്സ് ചര്‍ച്ച്, എം.ജി റോഡിലെ കോഫി ഹൌസിന്റെ കട്ടലറ്റ്...ഇതൊന്നും അറിയാണ്ട് ബാംഗ്ലൂറില്‍ ഇത്രേം ദിവസം കഴിഞ്ഞോ? ഒറപ്പാണോ ബാംഗ്ലൂരാ താമസിക്കാണേയെന്ന്? അതോ മഡിവാള കഴിഞ്ഞാലുള്ള തമിഴ്നാട് ബോര്‍ഡറാണോ? :)

    അതോ രാജേഷ് വര്‍മ്മേന്റെഭുവനേശ്വര്‍ കഥ പോലെ വേറെ വല്ലോ സ്റ്റേഷനിലാണോ ട്രെയിനില്‍ നിന്ന് ഇറങ്ങിയത്? :)

  57. ശോണിമ said...
    This comment has been removed by the author.
  58. ശെഫി said...

    ഒരാഴ്ച്‌ ഈദ്‌ അവധി കാരണം ബ്ലൊഗ്ഗൊന്നും കാര്യമായി ശ്രദ്ധിക്കാത്തതു കാരണമാവാം ഈ പോസ്റ്റു മുന്നേ കാണാത പോയത്‌ . കൊച്ചു ത്രേസ്യാ നന്നയിട്ടുണ്ട്‌ കെട്ടോ

  59. ശോണിമ said...
    This comment has been removed by the author.
  60. ഏറനാടന്‍ said...

    ത്രേസ്യാകൊച്ചോ.. വിലാപകാവ്യം ചൊല്ലിയിട്ട്‌ ഞാനും ഖിന്നനായിപോയ്‌.. അന്ന് വെളുപ്പാന്‍ കാലത്ത്‌ കണ്ണാടിക്കുമുന്നില്‍ പെട്ടുപോയോ? സ്വന്തം മൊഖം കണികണ്ടാലിങ്ങനെ സംഭവിക്കുമെന്ന് ഏതോ മുനിവര്യന്‍ മൊഴിഞ്ഞിട്ടുണ്ടത്രേ.. കൊള്ളാംട്ടാ.. ബ്ലോഗിലെ സൂപ്പര്‍ ഹാസ്യം/വല്ലപ്പോഴും സീരിയസ്സുമായ താരം ത്രേസ്യാകൊച്ച്‌ ആയിമാറുന്നതില്‍ അഭിമാനിക്കാമല്ലേ..

    എന്ന്‌,
    കോയിക്കോട്ടെ മെഡിക്കല്‍ കോളേജ്‌ നാല്‍കവലയില്‍ നിന്നും,
    ഏറനാടന്‍

  61. Raji Chandrasekhar said...

    അങ്ങനെ കൊച്ചുത്രേസ്യയുടെ ലോകത്തെത്തി.
    ഇതു കൊള്ളാമല്ലൊ കൊച്ചേ..

    രജി മാഷ്.

  62. Vanaja said...

    ഹ ഹ ഹ അങ്ങനെതന്നെ വരണം..അങ്ങനെയെങ്കിലും 10 ഗ്രാം ഭാരം കുറഞ്ഞുകാണുമല്ലോ

  63. Sapna Anu B.George said...

    കൊച്ചുത്രേസ്യ, ഒരു തേങ്ങയടിച്ചാലോ ഒരു ബിയര്‍ പൊട്ടിച്ചാലോ മാത്രം പോര ഒരു വെടിക്കെട്ടിനുള്ള വകയുണ്ട്. താമസിച്ചു പോയി എന്നറിയാം എങ്കിലും എന്റെ കുശുമ്പു നിറഞ്ഞ അനുമോദനങ്ങള്‍, ഇത്ര നല്ല ഉപന്യാസത്തിനു.

  64. d said...

    വിലാപകാവ്യം കലക്കി കൊച്ചുത്രേസ്യാ..

  65. സാല്‍ജോҐsaljo said...

    “ഇപ്പോ മനസിലായില്ലേ? ദൈവം ചോദിക്കുമെടോ!മമ്മിയെ കഷ്ടപ്പെടുത്തിയതിന്.“

    നൊണയാണേലും കേള്‍ക്കാന്‍ രസമൊണ്ട്... കൊള്ളാം..! നൈസ്..

  66. ഹരിശ്രീ (ശ്യാം) said...

    നേരത്തെ വായിച്ചതായിരുന്നു. കമന്റ് ഇടാന്‍ വിട്ടുപോയി. പുതിയത് വല്ലോം വന്നോന്ന്‍ എന്റെ ബ്ലോഗ്-ലെ കമന്റ്-ല്‍ തൂങ്ങി ഇപ്പുറത്ത് വന്നോന്നെത്തി നോക്കീതാ . കലക്കിയിട്ടുണ്ട്. അടുത്തത് ഉടന്‍ പ്രതീക്ഷിക്കുന്നു.

  67. ഡി .പ്രദീപ് കുമാർ said...

    കൊച്ചുത്രേസ്യേ.
    മുഖമ്മൂടി ഇനിയും അഴിച്ച് വെയ്ക്കരുതോ?മറഞ്ഞിരിക്കാന് ഒരു രസ്സമുണ്ടെന്നറിയാം.ഒരു അനുഭവസ്ഥനാണിത്. ത്രേസ്യേ,വെളിച്ചപ്പെടൂ.

  68. കൊച്ചുത്രേസ്യ said...

    കുട്ടന്‍മെനോനേ നന്ദി

    വെമ്പള്ളീ ഇനീം വരണേ..

    മെലോഡീ മടി പാടില്ല കുഞ്ഞേ. പിന്നെ ഓട്ടോക്കാര്‌.. എന്റമ്മേ അവരെപറ്റി ഞാനൊന്നും പറയുന്നില്ല.. ഇത്തിരി കാശുണ്ടായിരുന്നെങ്കില്‍ ഒരു ഓട്ടോ വാങ്ങി അവര്‍ടെ മുഖത്തെക്കു വലിച്ചെറിയാന്‍ തോന്നീട്ടുണ്ട്‌ പലപ്പോഴും..

    ഇഞ്ചീ എന്റെ പൊതുവിജ്നാനത്തെ ചോദ്യം ചെയ്യരുത്‌. ഞാന്‍ തോറ്റുപോകും പറഞ്ഞെക്കാം :-(

    ശെഫീ ഈദൊക്കെ കഴിഞ്ഞ്‌ വെറും കയ്യോടെയാണോ വന്നിരിക്കുന്നത്‌??

    ഏറനാടാ കോയിക്കോട്ടെ കവലയ്ക്കു നിന്ന്‌ ഈ പോസ്റ്റ്‌ വായിച്ചതിന്‌ ഒരു സ്പെശ്യല്‍ കോയിബിരിയാണി :-)

    രജിമാഷേ വന്ന കാലില്‍ നില്‍ക്കാതെ ഇരിക്കൂ. ഇഷ്ടപ്പെട്ടുന്നറിഞ്ഞതില്‍ സന്തോഷം.

  69. കൊച്ചുത്രേസ്യ said...

    വനജേ അങ്ങനെ അത്ര ഈസിയായിട്ടൊന്നും എന്റെ 10 കിലോ എന്നെ വിട്ടു പോകില്ല . അങ്ങനെയാ ഞാനതിനെ പരിപാലിക്കുന്നത്‌ :-)

    സ്വപ്നച്ചേച്ചീ താങ്ക്സേ. കാലം പോയൊരു പോക്കേ..എന്നോടു കുശുമ്പിക്കാനും ഒരാള്‌

    വീണേ താങ്ക്സ്‌

    സാല്‍ജോ ഇതു നുണയാണെന്ന്‌ പറഞ്ഞാല്‍ എന്റെ പെറ്റ തള്ള പോലും സഹിക്കില്ല. സംശയമുണ്ടെങ്കില്‍ ചോദിച്ചു നോക്കിക്കോ..

    ഹരിശ്രീ വന്നതിലും വായിച്ചതിലും നന്ദി.

    പ്രദീപേ വെളിച്ചപ്പെടാനൊന്നും എനിക്കു വയ്യ..വെളിച്ചപ്പാടു തുള്ളാന്നാണെങ്കില്‍ ഓകെ. അല്ല ഞാന്‍ മറ്റാരോ ആണെന്നു സംശയമുണ്ടോ??

  70. സാല്‍ജോҐsaljo said...

    കൊച്ചുത്രേസ്യേ.
    മുഖമ്മൂടി ഇനിയും അഴിച്ച് വെയ്ക്കരുതോ?“

    ഇങ്ങനെ കൂടെക്കൂടെ ഫേഷ്യല്‍ ചെയ്യരുത്... വെളുക്കത്തില്ല..

  71. സാല്‍ജോҐsaljo said...

    സ്മൈലി മറന്നു

    :)

  72. തെന്നാലിരാമന്‍‍ said...

    സത്യത്തില്‍ ശവത്തില്‍ കുത്തുന്നത്‌ ശിക്ഷാര്‍ഹമാണോ? അല്ലെങ്കില്‍ ഒന്നു കുത്താനായിരുന്നു. മര്യാദക്ക്‌ പറഞ്ഞതല്ലേ ബിഗ്‌ ബസാറില്‍ പോകാമെന്നു? :-)

  73. sreeshanthan said...

    gambheeram!!!!!!

  74. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

    :))

  75. ഉണ്ടാപ്രി said...

    ഇനിയിപ്പം ഞാനായിട്ടെന്തിനു പറയാതിരിക്കണം.
    കൊള്ളാം കൊച്ചേ...കൊച്ചിന്റെ ചുറ്റിക്കളി..(അയ്യോ..ചുറ്റിക്കറക്കോം വിവരണോം).
    കാര്യമില്ലാതെ മനുഷ്യരെ ചിരിപ്പിക്കുന്നത്‌ ഏത്‌ വകുപ്പുപ്രകാരമാ( എന്താണേലും പീനല്‍കോഡ്‌ കാണാപ്പാഠമല്ലേ.?)

  76. G.MANU said...

    ഞാന്‍ ഒരു വെള്ളത്തൊപ്പിചേട്ടനെ വിളിച്ച്‌ ബില്ലിനു പറഞ്ഞു. കാര്യമായ പരിക്കുകളൊന്നും തട്ടതെ പ്ലേറ്റിലിരിക്കുന്ന കട്‌ലെറ്റുകളെ നോക്കി ‘എന്താ കഴിക്കാത്തത്‌’ എന്നു ചോദിച്ചപ്പോള്‍ ഞാന്‍ മാക്സിമം ചിരിച്ചു കൊണ്ട്‌ ‘വേണ്ട, അത്രേയുള്ളൂ’ എന്നു പറഞ്ഞു

    ithinu kidakkatte mark

  77. അഭിലാഷങ്ങള്‍ said...

    കൊച്ചുത്രേസ്യേ,

    ഒരുപാട് ചിരിച്ചു..

    കലക്കന്‍‌ അവതരണം, ഏസ് യൂഷ്വല്‍‌, & 916 പ്യൂരിറ്റിയുള്ള ശുദ്ധ ഹാസ്യം!

    പലരും പറഞ്ഞത് പോലെ, ഒരു അവിശ്വസനീയമായ വിഷ്വല്‍ ഇഫക്റ്റ് വായനക്കാരില്‍ ഉണ്ടാകുന്നു..

    നിന്നെ സമ്മതിച്ചിരിക്കുന്നു, നീ ഒരു വ്യക്തിയല്ല പ്രസ്ഥാനമാണ് എന്നൊക്കെ ആരെങ്കിലും നിന്നോട് പറഞ്ഞാല്‍‌ അത് വെറും പൊള്ളയായ പ്രശംസയല്ല, സത്യമാണ് എന്ന് മനസ്സിലാക്കും എന്നു കരുതട്ടെ..

    ദേ, ഇപ്പൊ ഞാന്‍ പറഞ്ഞു. :-)

    എനിക്കിഷ്ടപ്പെട്ട വരികള്‍ ഒന്ന് കമന്റായി എടുത്തെഴുതാം എന്നാണ് ആദ്യം കരുതിയത്. ആ ഇമാജിനേഷന്‍‌ ഇം‌പ്ലിമെന്റ് ആക്കുന്ന സമയത്താണ് ഒരു കാര്യം വ്യക്തമായത്. ഞാന്‍‌ തന്റെ മുഴുവന്‍‌ വരികളും ‘റീടെലിക്കാസ്റ്റ്’ ചെയ്യുകയാണ് എന്ന്. എനിക്കിഷ്ടപ്പെട്ട വരികള്‍ കോട്ടണമെന്നുണ്ടെങ്കില്‍ മുഴുവന്‍‌ പോസ്റ്റും കോപ്പിചെയ്ത് കമന്റാ‍യി ഇടേണ്ടിവരും എന്നുള്ളതുകൊണ്ട് ആ പരിപാടിയില്‍ നിന്ന് ഞാന്‍ ഇതാ പിന്‍‌വാങ്ങുന്നു.

    പിന്നെ, കൊച്ചുത്രേസ്യേ, ഞാന്‍‌ ഇപ്പൊ, ഒരു സ്വപ്‌നം കണ്ടു തുടങ്ങിയിരിക്കുന്നു. നിന്റെ പോസ്റ്റുകള്‍ ഒരു പുസ്തകമായി പുറത്ത് വരുന്ന അതിവിദൂരമല്ലാത്ത ഒരു ഭാവിയെ! [കടപ്പാട്: ദേവാസുരം! :-) ]

    അത് തീര്‍ച്ചയായും ഉണ്ടാകും, ഉണ്ടാകണം, ഉണ്ടാകേണ്ടിയിരിക്കുന്നു..!

    ഉണ്ടായാല്‍‌ നമ്മളെയൊന്നും മറക്കാതിരുന്നാല്‍ മതി :-)

    അതു പറഞ്ഞപ്പഴാ ഓര്‍ത്തത്, ഞാന്‍ ഇതുവരെ ‘ഉണ്ടില്ല’, സമയമായി, അടുത്തപോസ്റ്റില്‍‌ കാണം..ബൈ..!

    ഷാര്‍ജ്ജയില്‍ നിന്നും,
    സസ്നേഹം,

    അഭിലാഷ്

  78. പി.സി. പ്രദീപ്‌ said...

    കൊച്ചു ത്രേസ്യേ,

    വളരെ നന്നായിട്ടുണ്ട്‌.

    നര്‍മത്തില്‍ ചാലിച്ച ഈ അവതരണ രീതിയ്ക്ക്‌ ഞാനും പൊട്ടിച്ചോട്ടെ അഭിനന്ദനങ്ങളുടെ ഒരു മാലപ്പടക്കം:)

  79. ജൈമിനി said...

    സംഗതി കൊള്ളാം. ഒരു ഒന്നൊന്നാര വിലാപം തന്നെ. നാട്ടീന്നു ഫ്രണ്ട്സ് ബാംഗ്ലൂരു കാണാന്‍ വരുന്പോ ഇത്തരം അനുഭവങ്ങള്‍ ധാരാളമുണ്ടാവാറുള്ളതു കൊണ്ട് ഈ നര്‍മ്മത്തിലെ വേദന ശരിക്കും മനസ്സിലായി. ഒരല്പം സഹതാപവും തോന്നുന്നു.

    ആരെങ്കിലും നാട്ടീന്നു വന്നാല്‍ ആദ്യം കാണിച്ചു കൊടുക്കാവുന്ന സ്ഥലം എന്നെ സംബന്ധിച്ചിടത്തോളം ബന്നാര്‍ഘട്ടയാണ്. അതേ റോഡില്‍ തന്നെ താമസിക്കുന്നതു കൊണ്ടു വഴി വലിയ പ്രശ്നമില്ല. പക്ഷേ ആദ്യത്തെ തവണ ചീറ്റിപ്പോയി.

    ബസ്സില്‍ കയറിയ ശേഷം സുഹൃത്തുക്കളോട് വലിയ വായില്‍ കാടിനെപ്പറ്റിയൊക്കെ വച്ചു കാച്ചി. ഒരു നാലു കി.മീ കഴിഞ്ഞപ്പോള്‍ ഒരു സംശയം, എത്തിയോ...?? തീര്‍ക്കാനായി അടുത്തു കണ്ട ചേട്ടനോട് അറിയാവുന്ന കന്നഡയും ഇംഗ്ളീഷും കലര്‍ത്തി ഒരലക്കലക്കി.

    "ബന്നാര്‍ഘട്ട എശ്‍റ്റു ഡിസ്‍റ്റന്‍സ്??"

    പുള്ളി ഒരു സംശയവും കൂടാതെ പറഞ്ഞു, "ഇപ്പെത്തു"

    ഹോ... സമാധാനമായി, മലയാളം അല്പാല്പം അറിയാവുന്ന പുള്ളിയാണ്. അറിയാവുന്ന ഭാഷയില്‍ തന്നെ തന്നെ മറുപടി കിട്ടി. ഇപ്പോ എത്തും! മലയാളമറിയാവുന്ന ആ ചേട്ടനോടു ഒന്നു രണ്ടു വിശേഷമൊക്കെ ചോദിച്ചു. പുള്ളി മറുപടിയൊന്നും തന്നില്ല. ചമ്മലൊതുക്കി, തിരിഞ്ഞ് എല്ലാവരെയും നോക്കി പച്ചച്ചിരിയോടെ പറഞ്ഞു, "വാ, ഇറങ്ങാറായി."

    തൊട്ടടുത്ത സ്റ്റോപ്പില്‍ തന്നെ ഇറങ്ങി. കണ്ടിട്ടു കാടെത്തിയ ലക്ഷണമൊന്നുമില്ല. അടുത്തു കണ്ട ചേട്ടനോടു ചോദിച്ചു, "ഫോറസ്റ്റ് എവിടെയാ"

    അയാളെന്നെയൊന്നു നോക്കി, "വിച്ച് ഫോറസ്റ്റ്?"
    "ബന്നാര്‍ഘട്ട", ആവുന്നത്ര ഭവ്യതയോടെ, പ്രതീക്ഷയോടെ പറഞ്ഞു.

    "ട്വന്‍റി കിലോമീറ്റര്‍" ഇടത്തോട്ടു വിരല്‍ ചൂണ്ടി അദ്ദേഹം മുഴുമിപ്പിച്ചില്ല, കൂട്ടുകാരു കേള്‍ക്കാതിരിക്കാന്‍ വേണ്ടി ആളെ അപ്പുറത്തേക്കു വിളിച്ചോണ്ടു പോയി നടന്ന സംഭവങ്ങളൊക്കെ വിവരിച്ചു. ഒരു പൊട്ടിച്ചിരിയോടെ അത്യാവശ്യം മലയാലം വശമുള്ള ആ മാന്യദേഹം എന്നോടാ ഹൃദയഭേദകമായ വാര്‍ത്ത പറഞ്ഞു... "കന്നഡയില്‍ ’ഇപ്പത്തു’ എന്നു പറഞ്ഞാല്‍ ട്വന്‍റി എന്നാണര്‍ത്ഥം...!!!"

    ചമ്മലഡ്ജസ്റ്റ് ചെയ്ത ഈ സംഭവം ഓര്‍ത്തു പോയി.

    മനോഹരമായ അവതരണം... ഭാവുകങ്ങള്‍...

  80. സിനോജ്‌ ചന്ദ്രന്‍ said...

    വളരെ രസകരം. നന്നായി അവതരിപ്പിച്ചിരിക്കുന്നു.

  81. retarded said...

    ത്രേസ്യാക്കൊച്ചേ, സംഗതി കൊള്ളാം കേട്ടോ.... :)





    [കേട്ടോ???? ]

  82. jense said...

    "ചുമ്മാ ഒരു നോട്ടം വെയ്സ്റ്റായി. അല്ലാതെന്ത്‌.."
    ഇതാണ് പറയുന്നത് ആവശ്യമില്ലാതെ നോക്കരുതെന്നു...

    ‘വീട്ടില്‌ മാഗിയില്ലേ’ എന്ന്‌ മമ്മിയോടു ചോദിച്ചു പോയി."ഇല്ല. അതല്ലേ നിന്നോടു ഞാന്‍ ഇന്നലെ പറഞ്ഞത്‌ സാധനങ്ങളൊക്കെ തീര്‍ന്നു.. ബിഗ്ബസാറില്‍ പോകാമെന്ന്‌"
    മതി. തൃപ്തിയായി. ഇതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ.

    തൃപ്തിയായി ത്രേസ്യചേട്ടത്തി തൃപ്തിയായി...

  83. Unknown said...

    കൊച്ചു ത്രേസ്യകൊച്ചേ ഒരുപാടു രസിച്ചു വായിച്ചു - ഇതാണ് ഒരുപാടു ഇഷ്ടപ്പെട്ട പോസ്റ്റ്, വനിതയില്‍ കണ്ടപ്പോള്‍ ആണ് അറിഞ്ഞത് - മുമ്പു വിശാലന്‍റെ ബ്ലോഗ് വായിച്ചിരുന്നു - പക്ഷെ എത്ര രസമായി ബ്ലോഗ്സ് എഴുതുന്ന പെണ്‍കുട്ടികള്‍ ഉണ്ടെന്നു അറിഞ്ഞിരുന്നില്ല. ഞാന്‍ UAE യില്‍ നിന്നും ഒരു പഴയ bglre കാരിയാണ്. കൊത്രുന്റെ പോലെ ഒരു പാടു bglre രൌണ്ട്സ് അടിച്ച് പരിചയം ഉണ്ട് - അമ്മേടെ കൂടെയും ഒരുപാടു ഫ്രണ്ട്സ് ന്റെ കൂടെയും അനിയന്റെ കൂടെയും ഒക്കെ. തന്‍റെ ഭാഷയും എഴുത്തും വളരെ enjoyable ആണ് കേട്ടോ. വല്ലാത്ത ഒരു നൊസ്റ്റാള്‍ജിയ തോന്നുന്നു... ഞാന്‍ ഇനിയും എഴുതാം - will send u my mail id. എന്നെങ്കിലും UAE യില്‍ വച്ചോ bglre വച്ചോ കാണാം എന്ന് പ്രതീക്ഷിക്കുന്നു.
    സ്നേഹത്തോടെ ഏലിക്കുട്ടി (എന്റെയും മാമ്മോദീസ പേരു കിടക്കട്ടെ!)

  84. The Fifth Question Tag...????? said...

    "നല്ല ശാന്തമായ സ്ഥലം. നമ്മക്ക്‌ കുറച്ചു നേരം വെറുതെ നടക്കാം." ചീറിപ്പായുന്ന വാഹങ്ങളുടെ ശബ്ദത്തിനു മുകളില്‍ കേള്‍ക്കാന്‍ വേണ്ടി അല്‍പ്പം ഉറക്കേ തന്നെ പറയേണ്ടി വന്നു.


    കൊള്ളാം കൊച്ചുത്രേസ്സ്യ കൊച്ചെ..I liked that one...there is originality of humour in it

  85. Anonymous said...

    Hi kothru..

    what should i say.. you are funny...
    Almost all the incidents happend to me also.. especially the ones in childhood.. nice writing style.. see you later.

  86. സുധി അറയ്ക്കൽ said...

    ഹാ ഹാ ഹാാാ.കൊള്ളാരുന്നു.