എന്നെപറ്റി വല്യ പ്രതീക്ഷയൊന്നും വേണ്ടാന്ന് ഞാന്‍ ജനിക്കുന്നതിനു മുന്‍പു തന്നെ പപ്പയ്ക്കും മമ്മിയ്ക്കും അറിയാമായിരുന്നു..ജീവനോടെ കിട്ടാനുള്ള സാധ്യത വളരെ കുറവാണെന്നും ഇനി അഥവാ കിട്ടിയാല്‍ തന്നെ ആരോഗ്യപ്രശ്നങ്ങള്‍ടെ ഒരു സൂപ്പര്‍മാര്‍ക്കറ്റായിരിക്കും ഈ കുഞ്ഞെന്നുമൊക്കെ ഡോക്ടര്‍ മുന്നറിയിപ്പു കൊടുത്തിരുന്നതാണ്. എന്നിട്ടും 'എന്റെ കാര്യം തീരുമാനിക്കാന്‍ താനാരെടോ' എന്നൊരു വെല്ലുവിളി പോലെ ഡോക്ടര്‍ കണക്കുകൂട്ടിയതിലും ഒരു മാസം മുന്‍പേ ഞാന്‍ ഈ ഭൂമിയിലേക്കു ലാന്‍ഡ് ചെയ്തു. വന്ന ഉടനെ ഒരുമാതിരി അലമ്പുപിള്ളേരെ പോലെ കരച്ചിലും ബഹളോമൊന്നുണ്ടാക്കീല; എന്തിന് ശ്വാസം വിടുന്നു പോലുമുണ്ടായിരുന്നില്ല (അന്നേ ഞാനൊരു ശാന്തശീലയായിരുന്നൂന്നര്‍ത്ഥം).ഡോക്ടര്‍ പഠിച്ച പണി പതിനെട്ടും നോക്കി.അവസാനം സഹികെട്ട് എന്നെ കാലില്‍തൂക്കിയെടുത്ത് ഒറ്റ കുടച്ചില്‍.ഞാനങ്ങനെ വവ്വാലു പോലെ തലയും കീഴായി തൂങ്ങിക്കിടക്കുന്ന ശുഭമുഹൂര്‍ത്തതിലാണ് മമ്മിയ്ക്കു ബോധം തെളിയുന്നതും എന്നെ ആദ്യമായി കാണുന്നതും.എന്തായാലും അതേറ്റു. ഞാന്‍ നല്ല മിടുക്കിയായി ശ്വാസം വിടാനും കരയാനുമൊക്കെ തുടങ്ങി. അങ്ങനെ ആദ്യകടമ്പ കഴിഞ്ഞു കിട്ടി.പക്ഷെ ഈ ലോകത്തു ജീവിച്ചുപോകാന്‍ വേണ്ട മിനിമം ആരോഗ്യവും പൊക്കവും തൂക്കവുമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഏതുനിമിഷവും ഞാന്‍ റ്റാറ്റാ ബൈ ബൈ പറഞ്ഞു പോയേക്കാം എന്നൊരു പേടി ഡോകടറടക്കം എല്ലാര്‍ക്കുമുണ്ടായിരുന്നു.
അവിടെ ഞാന്‍ പിന്നെയും തന്നിഷ്ടം കാണിച്ചു. എല്ലാരെയും ഞെട്ടിച്ചുകൊണ്ട് ഞാന്‍ പെട്ടെന്നു തന്നെ ഉരുണ്ടുപിരണ്ട്-നീന്തി- ഇരുന്ന്-നിന്ന്-എഴുന്നേറ്റു നടക്കാനും വര്‍ത്തമാനം പറയാനുമൊക്കെ തുടങ്ങി-സമപ്രായക്കാരൊക്കെ അപ്പഴും ഇടയ്ക്കുള്ള എതൊക്കെയോ സ്‌റ്റേജുകളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
പക്ഷെ അവിടം മുതല്‍ ഒരു പുതിയ പ്രശ്നം തുടങ്ങുകയായിരുന്നു. ഞാന്‍ ഒരു സമയത്തും വീട്ടിലിരിക്കുകയില്ല. ഏതു നേരവും പറമ്പിലൂടെ കറങ്ങി നടക്കും. സാധാരണ കുട്ടികളൊക്കെ അച്ഛനെയും അമ്മയെയുമൊക്കെ കണ്ടുപഠിക്കുമ്പോള്‍ എന്റെ റോള്‍-മോഡല്‍സ് വീട്ടിലെ പശുവും ആടുമൊക്കെയാണ്. വിശക്കുമ്പോള്‍ പോയി ഏതെങ്കിലും കാട്ടുചെടീടെ ഇലയും കായുമൊക്കെ പറിച്ചു തിന്നും(അതില്‍ തന്നെ ഏറ്റവും പ്രിയപ്പെട്ടതു മുറ്റത്തു നില്‍ക്കുന്ന കാന്താരിയായിരുന്നൂന്ന് ഒരു ഞെട്ടലോടെ മമ്മി ഇപ്പഴും അനുസ്മരിക്കാറുണ്ട്). ദാഹിക്കുകയാണെങ്കില്‍ പശൂനു വച്ചിരിക്കുന്ന കാടിവെള്ളം കുടിയ്ക്കും. തളര്‍ന്നുകഴിഞ്ഞാല്‍ എവിടെയെങ്കിലും-തൊഴുത്തിലോ വിറകുപുരയിലോ ഒക്കെ- പോയി കിടന്നുറങ്ങും. ആര്‍ക്കും ഒരു ശല്യവുമില്ല ആകെമൊത്തം ഒരു മൗഗ്ലി സ്‌റ്റെയില്‍. അവസാനം എന്നെ നോക്കാന്‍ വേണ്ടി തന്നെ വീട്ടുകാര്‍ ഒരു ഫുള്‍-ടൈം ചാരയെ നിയോഗിച്ചു- എന്റെ ചേച്ചിയെ. അവളാണെങ്കില്‍ ഓള്‍-റെഡി, എക്സ്ട്രാഡീസന്റ് എന്ന സര്‍ട്ടിഫിക്കറ്റും കിട്ടി വാഴുകയാണ്. ഒരു ദിവസം അറിയാതെ റോഡിലിറങ്ങിയതിന് പപ്പേടെ തല്ലു കൊണ്ടതില്‍ പിന്നെ ആരെങ്കിലും വലിച്ചുകൊണ്ടു പോയാലും റോഡില്‍ ചവിട്ടില്ല എന്നു മാത്രമല്ല അതു വഴി പോകുന്നവര്‍ക്കൊക്കെ 'അങ്കിളേ/ആന്റീ റോഡിലിറങ്ങല്ലേ..പപ്പ തല്ലും' എന്നു ഫ്രീയായി വാണിംഗും കൊടുത്തുകൊണ്ടിരിക്കുന്നവള്‍. കുറ്റം പറയരുതല്ലോ,ഫുള്‍-ടൈം എന്റെ പുറകേ നടന്നോണ്ട്-അവള്‍ കാന്താരി പറിച്ചു, ദാ പേരയുടെ ചുവട്ടിലേക്കു പോകുന്നു, ആട്ടിന്‍കൂട്ടില്‍ തലയിടുന്നു- എന്ന ലൈനിലുള്ള റണ്ണിംഗ് കമന്ററി കൊടുത്തുകൊണ്ട് ഏല്‍പിച്ച ഡ്യൂട്ടി വളരെ ആത്മാര്‍ത്ഥമായി തന്നെ അവള്‍ ചെയ്തു.
ഏതാണ്ടൊരു മൂന്നുവയസ്സാകുന്നതു വരെ വീട്ടുകാരുടെ പീഡനം ഞാനനുഭവിച്ചു. അതിനു ശേഷം അങ്ങോട്ട് സുവര്‍ണ്ണകാലമായിരുന്നു. ചേച്ചിയെ ഒന്നാംക്ലാസ്സില്‍ കൊണ്ടു ചേര്‍ത്തതോടെ ആ ശല്യം തീര്‍ന്നു.അപ്പഴേയ്ക്കും അനിയന്‍ ഉണ്ടായതു കൊണ്ട് നാട്ടുകാരും വീട്ടുകാരുമൊക്കെ അവന്റെ പുറകെ ബിസിയായി (ഒരു സൈന്യം മുഴുവനുണ്ടായലും അവനെ കണ്ട്രോള്‍ ചെയ്യാന്‍ പറ്റുമായിരുന്നില്ല.അമ്മാതിരി കുരുത്തക്കേടായിരുന്നു).അങ്ങനെ ഒടുവില്‍ എനിക്കെന്റെ സ്വാതന്ത്ര്യം തിരിച്ചു കിട്ടി. കുട്ടാപ്പീടെ പുറകെ ഓടുന്നതിനൊപ്പം തന്നെ ഇടയ്ക്കിടയ്ക്ക് അപ്രതക്ഷ്യയായിക്കൊണ്ടിരിക്കുന്ന എന്നെ കണ്ടുപിടിക്കേണ്ട പണീം കൂടിയായപ്പോള്‍ മമ്മിയ്ക്ക് ജീവിതം ഏതാണ്ടൊക്കെ മതിയായി. അങ്ങനെ ഒരുഗതീം പരഗതീമില്ലാതെവന്നപ്പോഴാണ് എന്നെ വീട്ടില്‍ തന്നെ തളച്ചിടാനുള്ള മാര്‍ഗങ്ങളെപറ്റി മമ്മി ആലോചിച്ചുതുടങ്ങിയത്. വീട്ടിനുള്ളില്‍ കയറിയാല്‍ ഞാന്‍ ആകെ താല്‍പ്പര്യം കാണിക്കുന്നത് ആരെങ്കിലും വര്‍ത്തമാനം പറയുമ്പോഴാണ്. അതുകൊണ്ട് മമ്മി എന്നോട് നോണ്‍-സ്റ്റോപ്പായി സംസാരിക്കാന്‍ തുടങ്ങി.ഇടയ്ക്കിടയ്ക്ക് ഓരോ ചോദ്യങ്ങളൊക്കെ ചോദിച്ച് എന്നെക്കൊണ്ടും വര്‍ത്ത്മാനം പറയിച്ചു. പിന്നെപിന്നെ ഞാനായി ലീഡ്‌റോളില്‍. കണ്ടതും കേട്ടതുമായ എല്ലാ കാര്യങ്ങളെപറ്റിയും ഞാന്‍ സംസാരിച്ചു തുടങ്ങി.അതു പിന്നെ ഒരു ശീലമായി. സ്കൂളില്‍ പോയി തുടങ്ങിയിട്ടും അതിനൊരു മാറ്റവും വന്നില്ല. രാവിലെ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ മുതല്‍ തിരിച്ചു കേറുന്നതു വരെ സംഭവിച്ച ഓരോ കുഞ്ഞു കാര്യങ്ങള്‍ പോലും ഞാന്‍ മമ്മിയ്ക്ക് വിശദീകരിച്ചുകൊടുത്തുകൊണ്ടിരുന്നു. സ്കൂളും കഴിഞ്ഞ് കോളെജിലെത്തിയപ്പോഴും ആ പതിവു തുടര്‍ന്നു. എന്റെ ക്ലാസ്സ്‌റൂമിലുള്ള സാധനനങ്ങള്‍,ടീച്ചേര്‍സ്,പോകുന്ന വഴിക്കുള്ള വീടുകള്‍,അവിടുത്തെ ചെടികളുടെ സ്റ്റാറ്റസ്,വഴിയില്‍ കാണുന്ന ആളുകള്‍ -ഒരിക്കല്‍ പോലും കണ്ടിട്ടില്ലെങ്കിലും ഇതെല്ലാം മമ്മിയ്ക്ക് നല്ല പരിചയമായി.
അങ്ങനെ പഠിത്തമൊക്കെ കഴിഞ്ഞ് ഇനിയേതായാലും വല്ല പുഴയോരത്തും കുടിലും കെട്ടി എന്തെങ്കിലുമൊക്കെ കൃഷീം ചെയ്തു ജീവിക്കാം എന്നൊക്കെ മനക്കോട്ട കെട്ടിയിരിക്കുമ്പോഴാണ് ഒരു ഐ-ടി.ഭീകരന്‍ വന്ന് എന്നെ തൂക്കിയെടുത്തു ഡെല്‍ഹിയില്‍ ഒരു കമ്പ്യൂട്ടറിന്റെ മുന്‍പില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചത്.അറിയാത്ത നാട്,ഭാഷ,വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നതിന്റെ വിഷമം-ഇതിനെക്കാളൊക്കെ എനിക്ക് അസഹനീയമായി തോന്നിയത് സംസാരിക്കാനാരുമില്ല എന്നതായിരുന്നു.സീരിയസായി ഇന്റര്‍നാഷണല്‍ പ്രശ്നങ്ങളെപറ്റിയൊക്കെ ഡിസ്കസ് ചെയ്യാന്‍ നൂറാളുകളെ കിട്ടും. പക്ഷെ എനിക്കു വേണ്ടിയിരുന്നത് എന്റെ പൊട്ടത്തരങ്ങളും കുഞ്ഞുകുഞ്ഞുകാര്യങ്ങളുമൊക്കെ ക്ഷമയോടെ കേള്‍ക്കുന്ന ആരെയെങ്കിലുമായിരുന്നു. അവസാനം എന്റെ പ്രാര്‍ത്ഥന കേട്ടിട്ടെന്നപോലെ ദൈവം ഒരു കൂട്ടുകാരിയെ തന്നു. ബാംഗ്ലൂര്‍ നിന്നും ട്രാന്‍സ്ഫറായി വന്ന ഒരു മലയാളിക്കുട്ടി. മന്ദബുദ്ധിത്തരത്തില്‍ എന്നെ കവച്ചുവെയ്ക്കും.എന്തു പൊട്ടത്തരവും പറയാം. അതിലും വലുത് കേള്‍ക്കേണ്ടി വരുമെന്നു മാത്രം.
മമ്മിയോടുള്ള സംസാരം മിക്കപ്പോഴും വണ്‍-വേ ആയിരുന്നെങ്കില്‍ കൂട്ടുകാരീമായിട്ടുള്ളത് 2-വേ സംസാരമായിരുന്നു.കണ്ടതും കേട്ടതുമായ എല്ലാ കാര്യങ്ങളെപറ്റിയും ഞ്ഞങ്ങള്‍ കത്തിവച്ചു.അവധിദിവസങ്ങളിലൊക്കെ ഡെല്‍ഹിയിലൂടെ വെറുതെ കറങ്ങി നടന്നു. ഓരോ ഓളം കേറുന്നതു പോലെ ഇടയ്ക്കിടയ്ക്ക് ആഗ്രയ്ക്കു പോയി. ലീവ് പ്ലാന്‍ ചെയ്ത് രണ്ടു പേരുടെ വീടുകളിലും ഒരുമിച്ചു പോയി..ബന്ധുക്കളെയൊക്കെ കണ്ടു. കേട്ടു കേട്ട് നല്ല പരിചയമായിരുന്നതു കൊണ്ട് ആരോടും ഒരപരിചിതത്വവും തോന്നിയില്ല. സമാനമനസ്കരായ സുഹൃത്തുക്കളെ കിട്ടുകയെന്നത് ഒരു വലിയ ഭാഗ്യമാണ്.ശരിക്കും ആസ്വദിച്ച കുറെ വര്‍ഷങ്ങളായിരുന്നു അത്.
ജോലി മാറി ബാംഗ്ലൂരേയ്ക്കു വന്നപ്പോഴെക്കും എല്ലാം കീഴ്മേല്‍ മറിഞ്ഞതുപോലെ തോന്നി. വല്ലാത്തൊരു കാലമായിരുന്നു അത്. ജീവിതത്തിലെ അല്ലറചില്ലറപ്രശ്നങ്ങളുടെ ഒപ്പം ഒന്നു മിണ്ടാന്‍ പോലും ആരുമില്ല എന്ന അവസ്ഥയും കൂടിയായപ്പോള്‍ ശരിക്കും ശ്വാസംമുട്ടി തുടങ്ങിയിരുന്നു. ഈ അവസ്ഥയില്‍ നിന്ന് എന്തെങ്കിലും ഒരു മാറ്റമുണ്ടായില്ലെങ്കില്‍ എന്റെ കാര്യത്തില്‍ അധികം താമസിയാതെ തന്നെ തീരുമാനമായേക്കും എന്നു തോന്നിയതു കൊണ്ട് ഒരു മാറ്റത്തിനു വേണ്ടി പല വഴികളും ആലോചിച്ചു. അങ്ങനെയൊരു തിരച്ചിലിലാണ് ബ്ലോഗിംഗ് എന്ന സംഭവത്തെ പറ്റി അറിയുന്നത് .എന്തൊക്കെയോ ടെക്നിക്കല്‍ ഡോക്യുമെന്റ്സ് തപ്പിപ്പോയപ്പോള്‍ വഴി തെറ്റി ആരുടെയോ ബ്ലോഗിലെത്തിയതാണ്.ഫ്രീയാണെന്നു കണ്ടതും പിന്നൊന്നും ആലോചിച്ചില്ല. കേറി രെജിസ്റ്റര്‍ ചെയ്തു.പിന്നങ്ങോട്ടു കംപ്ലീറ്റ് പരീക്ഷണങ്ങളായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ ഏതെങ്കിലും ബ്ലോഗുകളൊക്കെ തപ്പിപ്പിടിച്ച് വായിച്ചു. ആരും വായിക്കില്ലാന്നുറപ്പുള്ളതു കൊണ്ട് സ്വന്തമായി പോസ്റ്റിട്ടു തുടങ്ങി.മലയാളത്തിലും ബ്ലോഗാന്‍ പറ്റും എന്നുള്ള കാര്യം അറിയില്ലാതിരുന്നതു കൊണ്ട് ഇംഗ്ലീഷിലായിരുന്നു പയറ്റിയിരുന്നത്. ആദ്യമൊക്കെ ഒരു റിലീഫ് തോന്നിയിരുന്നു എന്നതു സത്യം. പക്ഷെ ഇത്തിരി കഴിഞ്ഞപ്പോള്‍ ബ്ലോഗിംഗ് എന്നത് ഒരു ബാധ്യതയായി തോന്നാന്‍ തുടങ്ങി.അറിയാത്ത ഭാഷയില്‍ നാലു വാക്കെഴുതുന്നതിന്റെ ആ ഒരു അദ്ധ്വാനവും ബുദ്ധിമുട്ടും. ആദ്യമുണ്ടായിരുന്ന താല്‍പ്പര്യമൊക്കെ പതുക്കെ ചോര്‍ന്നു പോകാന്‍ തുടങ്ങി.
അങ്ങനെ ഒരു ദിവസം എന്റെ സുഹൃത്തുമായി ഞാന്‍ ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയെപറ്റി ഘോരഘോരം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു-ഫോണില്.എന്തിനു വേണ്ടി ജീവിക്കണം,ആര്‍ക്കു വേണ്ടി ജീവിക്കണം..എന്നാപിന്നെ മരിക്കാംന്നു വെച്ചാല്‍ എന്തിനു വേണ്ടി മരിക്കണം, ആര്‍ക്കു വേണ്ടി മരിക്കണം-എന്നൊക്കെ വല്ലോരും പറഞ്ഞ ഡയലോഗൊക്കെ എടുത്തു പ്രയോഗിച്ച് പാവത്തിനെ ബോറടിപ്പിച്ചു കൊന്നോണ്ടിരിക്കുമ്പോള്‍ എങ്ങനെയെങ്കിലും രക്ഷപെടാന്‍ വേണ്ടിയാണ് അവന്‍ ഒരു ലിങ്ക് അയച്ചു തന്നത്.
ഏതോ ഒരു മലയാളം ലിങ്ക്.ഞാന്‍ അതുവരെ ആകെ വായിച്ചിട്ടുള്ള മലയാളം ബ്ലോഗ് കുറുമാന്റെ യൂറോപ്യന്‍ സ്വപ്നങ്ങളാണ്. വേറൊന്നും എന്റെ കണ്ണില്‍ പെട്ടിരുന്നില്ല. എങ്ങനെയൊക്കെ ആലോചിച്ചിട്ടും കുറുമാന്‍ ഇതെങ്ങനെ മലയാളത്തിലെഴുതി എന്നു മാത്രം പിടികിട്ടീല്ല. എന്നാല്‍ അങ്ങേരോടു മെയില്‍ അയച്ചെങ്ങാനും ചോദിക്കാമെന്നു വച്ചാല്‍, ഇത്രേം വല്യ എഴുത്തുകാരനോട് ഇതൊക്കെ ചോദിക്കുന്നത് മോശമല്ലേ എന്നും വിചാരിച്ച് ആ ജിജ്ഞാസ ഞാനങ്ങ് അടക്കിയതാണ്.അപ്പോഴാണ് ഈ മലയാളം ബ്ലോഗിന്റെ വരവ്.എന്തായാലും അതു വായിച്ചു തുടങ്ങുന്നതിനു മുന്‍പു തന്നെ എന്റെ ബുദ്ധിജീവിലിസ്റ്റിലെ എണ്ണം ഒന്നൂടി കൂട്ടി .മലയാളത്തില്‍ ടൈപ്പാന്‍ പറ്റുന്ന എല്ലാരും എന്നെ സംബന്ധിച്ചിടത്തോളം അതിബുദ്ധിമാന്മാരാണല്ലോ.
വല്യ ഉത്സാഹമൊന്നുമില്ലാതെയാണ് വായിച്ചു തുടങ്ങീത്. പക്ഷെ വായിച്ചു വായിച്ചു പോകവേ എനിക്കതു ഭയങ്കരമായി ഇഷ്ടപ്പെടാന്‍ തുടങ്ങി. അത്ര സിംപിളായി എഴുതിയിരിക്കുന്നു. കുറുമാന്റെ ബ്ലോഗ് വായിക്കുമ്പോള്‍ ഒരു സിനിമ കാണുന്ന പോലെയാണു തോന്നിയിരുന്നതെങ്കില്‍ ഈ പോസ്റ്റ് വായിക്കുമ്പോള്‍ ബ്ലോഗറുടെ കൂടെ നടക്കുന്നതു പോലെയാണ് തോന്നിയത്. മമ്മിയോടും കൂട്ടുകാരിയോടും ഒക്കെ സംസാരിക്കുമ്പോള്‍ കിട്ടുന്ന ആ ഒരു അടുപ്പം തോന്നി. വല്ലാത്ത ഒരു സന്തോഷമായിരുന്നു അത്. ആ ഒരു പോസ്റ്റ് തന്നെ ഞാന്‍ എത്ര പ്രാവശ്യം വായിച്ചു എന്നെനിക്കറിയീല്ല. ഒരുപാടു പരിചയമുള്ള ആരോ പറയുന്നതു കേട്ടിരിക്കുന്നതു പോലെ ഒരു ഫീലിംഗ്.ഞാനിരുന്ന് ആ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും വായിച്ചു.പല പ്രാവശ്യം. അങ്ങനെ കുറെ വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കും മലയാളത്തില്‍ എഴുതണം എന്ന് അടക്കാനാവാത്ത ആഗ്രഹമായി. പിന്നെ അതിനുള്ള തിരച്ചിലായിരുന്നു.ഒട്വില്‍ വരമൊഴിയും അനുബന്ധസാധനങ്ങളുമൊക്കെ കണ്ടു പിടിച്ച് ഞാന്‍ മെയ്മാസത്തില്‍ മലയാളം ബ്ലോഗിംഗ് തുടങ്ങി.ഒരു ചെന്നൈ യാത്ര കഴിഞ്ഞു വന്ന ഉടനേ ആയിരുന്നു ആദ്യത്തെ മലയാളം പോസ്റ്റിട്ടത്. എങ്ങനെയാണ് തുടങ്ങേണ്ടതെന്നതെന്നോ എന്താണെഴുതേണ്ടതെന്നോ ഒരൂഹവുമുണ്ടായിരുന്നില്ല. അവസാനം ഞാന്‍ ആ യാത്രയെ പറ്റി മമ്മിയോടു പറയുന്ന അതെ സ്‌റ്റെയിലില്‍ തന്നെ എഴുതിവിട്ടു. എവിടെയും നിര്‍ത്തി ആലോചിക്കേണ്ടി വന്നില്ല.അത്ര അനായാസമായിരുന്നു ആ എഴുത്ത്. ഇടയ്ക്കിടയ്ക്ക് സംശയം തോന്നിയ അക്ഷരങ്ങളൊക്കെ മേല്‍പ്പറഞ്ഞ ബ്ലോഗില്‍ പോയി നോക്കി. അവിടെ മുഴുവന്‍ തിരഞ്ഞ്‌പിടിച്ചു കോപ്പി ചെയ്തു.അങ്ങനെ എന്റെ ആദ്യത്തെ മലയാളം പോസ്റ്റ് വെളിച്ചം കണ്ടു.
അതെഴുതിക്കഴിഞ്ഞപ്പോള്‍ എനിക്കു കിട്ടിയ ആശ്വാസം പറഞ്ഞറിയിക്കന്‍ പറ്റില്ല. ആരും വായിക്കില്ലെന്നു ഞാന്‍ ഇട്ട ആ പോസ്റ്റിന് കുറച്ചു കമന്റ്സും കൂടി കിട്ടിയപ്പോള്‍ ആ സന്തോഷം ഇരട്ടിയായി. ഇടതടവില്ലതെ സംസാരിക്കാന്‍ ഇങ്ങനെ ഒരു മാധ്യമം കിട്ടുക എന്നുള്ളത് അന്നത്തെ ഒരവസ്ഥയില്‍ എനിക്ക് അത്യാവശ്യമായിരുന്നു. ഞാന്‍ അതിലൂടെ സംസാരിച്ചു തുടങ്ങി. മമ്മിയോടും കൂട്ടുകാരിയോടും ഒക്കെ പറയുന്നതു പോലെ അത്ര ഫ്രീയായിട്ട്. ഒരു പാടു പേര്‍ പ്രോത്സാഹിപ്പിച്ചു.ചിലര്‍ വിമര്‍ശിച്ചു. പ്രതികരണമെന്തായാലും ഒരാളെങ്കിലും എന്റെ പോസ്റ്റ് വായിച്ചൂന്നറിഞ്ഞാല്‍ ഭയങ്കര സന്തോഷമായിരുന്നു-ഇപ്പോഴും അതെ. അതു പോലെ തന്നെയാണ് എനിക്കു കിട്ടുന്ന മെയിലുകള്‍. ഇപ്പോഴും ബ്ലോഗില്‍ എഴുതാന്‍ എനിക്കറിയില്ല; സംസാരിക്കാനെ അറിയൂ. എന്റെ ബ്ലോഗ് വായിക്കുന്നവരില്‍ എന്റെ പൊട്ടത്തരങ്ങളും ആശങ്കകളുമെല്ലാം ക്ഷമയോടെ കേട്ടിരിക്കുന്ന മമ്മിയെയും ,വാക്കിന് വാക്കിന് കളിയാക്കുന്ന കൂട്ടുകാരിയെയും ചേച്ചിയെയും അനിയനെയും, ഒരു പ്രതികരണവുമില്ലാതിരിക്കുകയും എന്നാല്‍ ഞാന്‍ മിണ്ടാതിരിക്കുമ്പോള്‍ 'വല്ലതും പറയ് മോളേ' എന്നു പറയുകയും ചെയ്യുന്ന പപ്പയെയും ഒക്കെ എനിക്കു കാണാന്‍ കഴിയുന്നുണ്ട്. മലയാളം ബ്ലോഗിംഗിന് എന്നെകൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ലായിരിക്കാം; പക്ഷെ ഒരു വിഷമഘട്ടം തരണം ചെയ്യാന്‍,ഇപ്പോഴും ചെയ്തുകൊണ്ടിരിക്കാന്‍ ഈ മീഡിയം എന്നെ ഒരുപാടു സഹായിച്ചിട്ടുണ്ട്. എല്ലാരോടും വല്യ വല്യ വാക്കുകളില്‍ നന്ദി പറയണംന്നുണ്ട്. അതിനുള്ള കപ്പാസിറ്റിയില്ലാത്തതിനാല്‍ ഒരു കുഞ്ഞു നന്ദി മാത്രം പറഞ്ഞു കൊണ്ട് ഈ മഹാഭാരതത്തിന് ഫുള്‍സ്റ്റോപ്പിടുന്നു
എന്റെ ഈ വാര്‍ഷികപോസ്റ്റ് ഞാന്‍ എന്റെ ബ്ലോഗിംഗ് ഗുരുവിന് സമര്‍പ്പിക്കുന്നു.
പൂട്ടികെട്ടിപോകാന്‍ തുടങ്ങിയ എന്റെ ബ്ലോഗിന് വീണ്ടും ജീവന്‍ വെയ്ക്കാന്‍ കാരണം ഈ പോസ്റ്റാണ്. ദ്രോണാചാര്യരുടെ അടുത്തുന്ന്ന് പണ്ട് ഏകലവ്യന്‍ ഒളിച്ചിരുന്ന് എന്താണ്ടൊക്കെയോ പഠിച്ചതു പോലെ അങ്ങയുടെ ബ്ലോഗില്‍ നിന്നാണ് ഞാനും ബ്ലോഗാന്‍ പഠിച്ചത്. അരവിന്ദഗുരോ ഗുരുദക്ഷിണയായി എന്തു ചോദിച്ചാലും ഈ ശിഷ്യ തരും. ആവശ്യപ്പെട്ടാല്‍ എന്റെ കീബോര്‍ഡിലെ 'എന്റര്‍ കീ' പോലും.... (തള്ളവിരലൊക്കെ ഇപ്പോള്‍ ഔട്ട്-ഓഫ്-ഫാഷനായില്ലേ..)
Sunday, February 3, 2008
Subscribe to:
Post Comments (Atom)
104 comments:
ഇന്നാ പിടിച്ചോ ചൂടോടെ ഒരായിരം ആശംസകള്.......
ഒരു വര്‍ഷം എന്റമ്മേ..
ആംഗലേയത്തിലാണെങ്കിലും എന്റെ ആദ്യത്തെ പോസ്റ്റിന് ഒരു വയസ്സു തികയുകയാണ്. അതിന്റെ ഹാപ്പി ബര്‍ത്ഡേ പ്രമാണിച്ച് പടച്ചുവിട്ട ഈ മഹാഭാരതം എന്റെ ബ്ലോഗിംഗ് ഗുരുവിന് സമര്‍പ്പിക്കുന്നു :-)
ഹൊ!പേടിച്ചു പോയി..പോസ്റ്റിന്റെ ആദ്യത്തെ രണ്ട് മൂന്ന് പാര വായിച്ചപ്പോള്‍ കരുതി ഈ കൊച്ച് ഇതൊക്കെ മതിയാക്കി പോകാനുള്ള പോക്കാണോന്ന്. വാര്‍ഷികപോസ്റ്റായിരുന്നല്ലേ.. അഭിനന്ദനങ്ങള്‍!
ഇനിയും ഇനിയും എഴുതാന്‍ സര്‍വശക്തന്‍ കൂടെയുണ്ടാവട്ടെ!
PS:ആ ലേബല്‍ വായിച്ചപ്പോ, പോയ പേടി തിരിച്ച് വന്നു..നോര്മലായാ ബാക്കിയുള്ളോര്‍ടെ കാര്യം എന്താവും?
ത്രേസ്യാമ്മേ... വാര്‍ഷികമായി അല്ലേ. ഒരായിരം ആശംസകള്‍. പോസ്റ്റുകള്‍ക്ക് പഞ്ഞമൊന്നും ഉണ്ടാവില്ല എന്ന് ഇതുവരെയുള്ളത് നോക്കിയാല്‍ത്തന്നെ അറീയാമല്ലോ. സംസാരിക്കുന്നതപ്പടി അങ്ങ് റ്റൈപ്പുചെയ്താല്‍ കാര്യം റെഡി. മലയാളം ബ്ലോഗിലെ നല്ല ഒരു എഴുത്തുകാരിയായി ഇനിയും ഉയരങ്ങള്‍ താണ്ടട്ടെ ഈ ത്രേസ്യാക്കൊച്ചെന്ന ആശംസയോടെ
സസ്നേഹം
അപ്പു
ഓ.ടോ. വനജേച്ചീ, പോസ്റ്റ് വായിക്കാതെ തേങ്ങയടിച്ചാല്‍ ഇങ്ങനെയിരിക്കും, രണ്ടാമത്തെ കമന്റ് ലേഖികയുടെ...ഹി..ഹി..ഹി.
ബ്ലോഗണതൊക്കെ കൊള്ളാം. ബുക്കെങ്ങാനും പ്രകാശിപ്പിയ്കണമെന്ന് തോന്നിയാലു! (എന്നൊട് ആദ്യേ പറയണം, സാരീന്റെ ബ്ലൌസൊക്കെ 3 മാസം കൊണ്ടാന്ന് തയ്പ്പീച്ച് തരണത്, കൊച്ചീലു!,ഞാന്‍ വരും തീര്‍ച്ചയായും !)
ഇങ്ങനെ ഒക്കെ മിണ്ടീം പറഞും ഇരിയ്കണതൊക്കേനുമേ ബാക്കിയുണ്ടാവുള്ള് എന്റെ കൊച്ചേ.. ചുമ്മാ മിണ്ട്.
"അതെഴുതിക്കഴിഞ്ഞപ്പോള്‍ എനിക്കു കിട്ടിയ ആശ്വാസം പറഞ്ഞറിയിക്കന്‍ പറ്റില്ല. ആരും വായിക്കില്ലെന്നു ഞാന്‍ ഇട്ട ആ പോസ്റ്റിന് കുറച്ചു കമന്റ്സും കൂടി കിട്ടിയപ്പോള്‍ ആ സന്തോഷം ഇരട്ടിയായി. ഇടതടവില്ലതെ സംസാരിക്കാന്‍ ഇങ്ങനെ ഒരു മാധ്യമം കിട്ടുക എന്നുള്ളത് അന്നത്തെ ഒരവസ്ഥയില്‍ എനിക്ക് അത്യാവശ്യമായിരുന്നു. ഞാന്‍ അതിലൂടെ സംസാരിച്ചു തുടങ്ങി."
സത്യമാ കൊച്ചെ..
വെറുതെ നെറ്റിലെ “ഡിബാല്‍ഡിഫിക്കേഷനും“ നോക്കി മന്ദബുദ്ധിപ്പരുവത്തിലായ ഞാനും നോര്‍മ്മലായത്(എന്റെ അഭിപ്രായത്തില്‍!) ഈ ബ്ലോഗിംഗ് വഴിയാ..
ഒരു വര്‍ഷം തികച്ച കൊച്ച് ഒരായിരം വര്‍ഷങ്ങള്‍ (അതി മോഹമാ..) തികക്കട്ടേന്ന് സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു..
എന്റെ വാര്‍ഷിക പോസ്റ്റിനു ഞാനുമെന്റെ ഗുരുവിനെ പരിചയപ്പെടുത്താം..:)
ഓ:ടോ:
തന്നെപ്പോലെ ഒരു മബുവിന്റെ ഗുരുവെന്ന് പറഞ്ഞ് ആ അരവിന്ദാക്ഷ ഗുരുക്കളെ ഇങ്ങനെ ക്രൂരമായി പീഡിപ്പിക്കരുത്..!
എന്റെ ഒടേ തമ്പുരനേ.. ഒരു വര്‍ഷം സഹിച്ച ബൂലോകത്തിന് ഇനിയും ആ സഹനശക്തി കൊടുക്കേണമേ..എല്ലാരും ചേര്‍ന്നു ചൊല്ലൂ..
ആമേന്‍.
വിശ്വസിക്കാന്‍ കഴിയുന്നില്ല.
പണ്ട് മറ്റൊരു ബ്ലോഗര്‍, ത്രേസ്യ എന്റെ ബ്ലോഗ് വായിച്ചാണ് എഴുത്ത് തുടങ്ങിയെതെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും, ചില്ലറ ഇത്രയും സ്വാധീനിച്ചിരുന്നെന്ന് സ്വപ്നേപി നിരീച്ചിരുന്നില്ല!
ബ്ലോഗിംഗ് തുടങ്ങിയ കാലത്ത്, പത്രത്തിലും മറ്റും ബ്ലോഗുകളുടെ പേരു വരുമ്പൊള്‍ മിക്കവാറൂം
ചില്ലറയുടെ പേര് കാണില്ല, പക്ഷേ കമന്റും ഹിറ്റും അഭിനന്ദനങ്ങളും ഫോര്വേഡുകള്‍ക്കും ഒന്നും ഒരു കുറവുമില്ല..അതെന്താ അങ്ങനെ, എന്നു എപ്പൊഴും വിചാരിച്ചിരുന്നു..ഇനി ആള്‍ക്കാര്‍ വെറുതേ നല്ലതാണ് എന്ന് പറയുന്നതാണോ എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു.
പണ്ട് കോണ്‍വെന്റില്‍ പഠിക്കുമ്പോള്‍ എന്നെ ഏറ്റവും ഇഷ്ടമുള്ളത് സയന്‍സ് ടീച്ചര്‍ക്കാണ്, പക്ഷേ മൂപ്പത്തിയാര് മെസ്സില്‍ ചിക്കണ്‍ കറീ വിളമ്പി കൊടുക്കുകയാണെങ്കില്‍, എനിക്ക് ഏറ്റവും ചെറിയ കഷ്ണമേ തരൂ..അതെന്താ അങ്ങനെ എന്ന്‍ അന്നും വിചാരിച്ചിരുന്നു. അതു പോലെ.
പറഞ്ഞ് വന്നത്, അന്ന് (ബാലിശമായിരിക്കാം) തോന്നിയ , ബൂലോഗത്താരുമല്ല എന്ന ചെറിയ ഒരു സങ്കടം കൊച്ചു ത്രേസ്യ എന്നെ ഗുരു എന്നൊക്കെ വിളിച്ച്, ചില്ലറ കാരണമാണ് ബ്ലോഗിംഗ് തുടങ്ങിയതന്നൊക്കെപ്പറഞ്ഞ് അപ്പാടെ തീര്‍ത്തിരിക്കുന്നു.
പല പോസ്റ്റുകളിലും, വെറുതേ, ഇനി ഞാനായിട്ട് എതിര് പറയണ്ടല്ലോ എന്ന് കരുതി, കണ്ണു നിറഞ്ഞു, തൊണ്ട വരണ്ടു എന്നൊക്കെ കമന്റിട്ടിട്ടുണ്ട്. എന്നാല്‍ ദാ ആദ്യായി ശരിക്കും കണ്ണു നിറഞ്ഞത് ഈ പോസ്റ്റ് വായിച്ചിട്ടാണ്.
മൊത്തം ചില്ലറ എന്ന ബ്ലോഗിനെ ദൈവം സൃഷ്ടിച്ചത്, ചിലപ്പോ കൊച്ചു ത്രേസ്യയെ ബൂലോഗത്തിന് കൊടുക്കുവാനായിരിക്കാം.
പണ്ട് കൊച്ചു ത്രേസ്യയെ ജീനിയസ്സ് എന്ന് ഞാന്‍ വിളിച്ചിരുന്നു..അങ്ങനെ ഒരാള്‍ ഞാനാണ് പ്രചോദനം എന്നൊക്കെ പറയുമ്പോള്‍....ഞാനെന്താ പറയാ.സന്തോഷം , അഭിമാനം വളരെ വളരെ, പിന്നെ ഒരു നിമിത്തമായതിന്റെ സംതൃപ്തിയും....
അപ്പോ മറ്റു ഗഡ്യോളെ, കൊച്ചു ത്രേസ്യ എന്ന സൂപ്പര്‍സ്റ്റാറിനെ അവതരിപ്പിച്ചതിന്റെ "ബാലചന്ദ്രമേനോന്‍ ക്രെഡിറ്റ്" ഞാന്‍ മൊത്തായി എടുത്തൂ ട്ടോ. :-)
മുടങ്ങാതെ എഴുതൂ ത്രേസ്യശിഷ്യേ. ബാംഗ്ലൂരിലായിരുന്നെങ്കില്‍ ഇന്നു ഞാന്‍ എല്ലാരേം കൊണ്ടു പോയി, ഒബറോയിയില്‍..അത്ര വേണോ...ഒന്നോടാലോചിക്ക്...വേണ്ട..അതിന്റെ സൈഡിലുള്ള തട്ടു കടയില്‍ നിന്ന് ദോശ വാങ്ങി തന്നേനെ.
വളരെ സന്തോഷം, നന്ദി, സ്നേഹം. :-)
ആശംസകള്..
ഇംഗ്ലീഷ് ബ്ലോഗില്‍ ഞാന്‍ കമന്റ് ഇട്ടിട്ടുണ്ട് എന്നാനെന്റെ ഓര്‍മ്മ.
നല്ല നല്ല പോസ്റ്റുകള്‍ ഇനിയും ഇടുക..
:)
വാര്‍ഷികത്തിന് കേക്ക് മുറിക്കലില്ലേ.. അല്ലാ, മുറിച്ചാലും മറ്റുള്ളവര്‍ക്ക് കിട്ടുമെന്നെന്താ ഉറപ്പ്, മുറിച്ചാള്‍ക്ക് തികഞ്ഞിട്ട് വേണ്ടേ.
കൊച്ചുത്രേസ്യേടെ സംസാരത്തിന് തീരെ സ്പീഡ് പോരാന്ന് ആരാ പറഞ്ഞത്..രാജധാനി എക്സ്പ്രെസ്സിന് സ്പീഡ് പോരാന്ന് പറയുന്നതുപോലായി ഇത്.
കുഞ്ഞുന്നാളിലെ, 3-4 വയസ്സുവരെയുള്ള വീരശൂരപരാക്രമങ്ങള്‍ ഇപ്പഴും ഇത്രേം ഓര്‍മ്മയോ.. സമ്മതിക്കണം.
വാര്‍ഷികപോസ്റ്റിന് ആശംസകള്‍.
(ഇനിയും വായടിച്ചുകൊണ്ടിരിക്കുക!)
അരവിന്ദങ്കുട്ട്യേ.. നീ ഒരു അച്ഛനായീന്നൊന്നും ഞാന്‍ നോക്കില്ല. നിന്റെ ചെക്കനുണ്ടായിട്ട്, പിന്നെം ഒക്കെ പോസ്റ്റ് ഒക്കെയിട്ട് കമന്റ് ഒക്കെ പുട്ടി കെട്ടിയപ്പോ അതിനെ ഒക്കെ കുറിച്ച് എത്ര ആളുകള്‍ വേവലാതിപെട്ടന്ന് അറിയ്യോ? നിന്റെ ബഞ്ചി ജമ്പിനെ പരാക്രമം കണ്ടിട്ട് ദേഷ്യം സഹിക്കാതെ ആണു ഞാന്‍ അവിടേ കമന്റിടാണ്ടേ ഇരുന്നത്.അമ്മയ്ക് സഹിക്കണ കാര്യാണോ നീ ചെയ്തത്? ദിലബുവും, ശ്രീജിത്തും, അരവിന്ദനുമൊക്കെ എന്നുമെന്നും സംസാരവിഷയമാണെനിക്കും, ഞങ്ങള്‍ക്കും. ഇന്നലേം കൂടി, ദോഹയിലെ ഫസല്‍ രാത്രി, ഷാര്‍ജ എയര്‍പ്പൊട്ടീന്ന് വിളിച്ചപ്പോ, അതുല്യേച്ചി ആ അരവിന്ദന്റെ ബഞ്ചീ ജമ്പ് കണ്ടോ എന്നൊക്കെ ചോദിച്ചതാണു. പോസ്റ്റുകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലുമൊക്കെ നിങ്ങളൊക്കേനും പ്രിയപ്പെട്ടവരാണു. ചിലപ്പോ സമയ കുറവില്‍ ചിലരുടേ ഒക്കെ പോസ്റ്റുകളില്‍ കമന്റാണ്ടേ പോവുമ്പോ, ആ പോസ്റ്റുകളൊക്കെ/ബ്ലോഗറേ ഒക്കെ നിഗ്ലറ്റ് ചെയ്യുന്നു എന്ന ഒരു തോന്നല്‍ പരയ്യ്കെ ഉണ്ട്. ബ്ലോഗിനെ കുറിച്ച് അറിയാവുന്ന നെറ്റുള്ള ഏത് മലയാളീംബ്ലോഗ്ഗുകള്‍ വായിയ്കുന്നുണ്ട് എന്നും ചിലതെങ്കിലും എന്നാണു എന്റെ നിഗമനം. പറയുമ്പോ പറയും... ഏയ് ബ്ലോഗ്ഗോ.. ഹേയ്.. കൊച്ച് വര്‍ത്താനോമ്ം അടീം ഒക്കെ അല്ലേ ന്ന്. സ്റ്റില്‍ ദേ റീഡ്. അതീന്ന് ഇനി അറ്റ്ലീസ്റ്റ് എനിക്ക് കര കേറാന്‍ പറ്റില്ല. കൊച്ച് ത്രേസ്യേഡേ ഒരു പോസ്റ്റിനു പോലും ഞാന്‍ കമന്റിയിട്ടില്ലാന്നാണ് എന്റെ അറിവ് അത് പോലെ ജി മനുവിന്റേയും. സ്ഥിരം ചാറ്റിലുള്ള തമനുവിന്റേയും എന്റേയും ഹിസ്റ്ററി എടുത്താല്‍, ഇവരുടേ എഴുത്തിനെ പറയാത്ത ദിവസങ്ങളില്ല ഞങ്ങള്‍. അത് കൊണ്ട്, വരിയ്ക് വരി പരാമര്‍ശിയ്കപെടുമ്പോഴോ, മിടായി കൂട്ടി തരുമ്പോഴോ, ഫോണ്‍ വിളിച്ച് അളിയാന്ന് പറയുമ്പോഴോ മറ്റോ ആണു സ്നേഹംന്ന് അരവിന്ദേ നീ എങ്ങിനെ കരുതി? ദേവന്‍ ഒരിയ്കല്‍, യൂ ആര്‍ സോ റിയാല്‍ മാന്‍ ന്ന് ഒരു നിന്റെ ഒരു പോസ്റ്റില്‍ എഴുതിയില്ലേ? അത് ഞാന്‍ ഇപ്പോഴുമോര്‍ക്കണമെങ്കില്‍? അമ്മയേ പറ്റിച്ച് ബ്രിക്ക് ഗെയിംസ് കളിക്കാന്‍ പെങ്ങള്‍ടേ മാല പണയം വച്ച് നീ കമ്പ്യൂട്ടര്‍ വാങ്ങിയില്ലേ? അതും എനിക്ക് ഓര്‍മ്മയുണ്ടല്ലോ അല്ലേ? അതോണ്ട് മിണ്ടാണ്ടേ ഇരുന്നോ മൂലയ്ക്. വല്ല ബഞ്ചി ജമ്പിങിനും കാണട്ടെ ഇനി ഞാന്‍ നിന്നെ... ങ്ഹും!
ത്രേസ്യേ.. നൂറ്റമ്പത് ഗ്രാം അണ്‍ഗ്രാബിള്‍ട് മാപ്പ്..
ഗുരു ഒട്ടും മോശക്കാരനല്ല!
ഗുരുവിനൊപ്പം നില്‍ക്കുന്ന ശിഷ്യ!
ആശംസകള്!
സെന്റിയാക്കിയല്ലോ ത്രേസ്യാക്കൊച്ചേ.
ഒരായിരം ആശംസകള്‍..... ഇനിയും തുടരട്ടെ...ഞങ്ങള്‍ക്ക് രസിച്ചു വായിക്കാമല്ലൊ... ഭാവുകങ്ങള്‍
തുടങ്ങിയതും, മുന്നോട്ട് പോയതും ഒക്കെ എങ്ങിനെയാണെങ്കിലും അവസാനം കേറി അലക്കിപ്പൊളിച്ചുകളഞ്ഞല്ലോ കൊച്ചേ..
“ഗുരുദക്ഷിണയായി എന്തു ചോദിച്ചാലും ഈ ശിഷ്യ തരും. ആവശ്യപ്പെട്ടാല്‍ എന്റെ കീബോര്‍ഡിലെ 'എന്റര്‍ കീ' പോലും.... (തള്ളവിരലൊക്കെ ഇപ്പോള്‍ ഔട്ട്-ഓഫ്-ഫാഷനായില്ലേ“
ബ്ലോഗ് വാര്‍ഷികാശംസകള്‍.
തുടരട്ടെ ഈ ജൈത്രയാത്ര, ഈ അശ്വമേധം.
:) വായിക്കുന്നുണ്ടേയ് (കേള്‍ക്കുന്നുണ്ടേയ്)
ബ്ലോഗിങ്ങില്‍ ഒന്നാം വാര്‍ഷികം കൊണ്ടാടുന്ന കൊച്ചുത്രേസ്സ്യക്ക് ആശംസകള്‍!
മലയാളം ബ്ലോഗിങ്ങ് എന്താണെന്നു യാതൊരു പിടിയുമില്ലാതെ, ഏതോ രണ്ട് ഇംഗ്ലിഷ് ബ്ലോഗു മാത്രം കണ്ടിട്ട് ഒരു ബ്ലോഗ് തുടങ്ങി, ഇംഗ്ലീഷിലും വെറുതെ മലയാളത്തിലും സ്വാഗതം എഴുതിവിട്ടപ്പോള്‍ കൊച്ചുത്രെസ്സിയ എന്റെ ബ്ലോഗില്‍ എഴുതിയ കമന്റ് താഴെക്കൊടുക്കുന്നു.
" എന്റെ വകേം ഇരിക്കട്ടെ ഒരു സ്വാഗതം.
ഒരു സംശയം.ഇങ്ങനെ എല്ലാ പോസ്റ്റും ഇംഗ്ലീഷിലും മലയാളത്തിലും ഇടുമോ.ചുറ്റിപ്പോകും.. പറഞ്ഞില്ലാന്നു വേണ്ട :-)"
അതോടെ ആ പണി നിര്‍ത്തി ഫുള്‍ ടൈം മലയാളത്തില്‍ എഴുതാന്‍ തുടങ്ങി.....കൊച്ചു ത്രേസ്സിയുടെ ആ ഒരു കമന്റാണ് ഞാന്‍ മലയാളത്തില്‍ എഴുതാന്‍ തുടങ്ങിയതിനു പ്രധാന കാരണം. കമന്റ് കണ്ടതോടെ വന്നെത്തിയത് താങ്കളുടെ ബ്ലോഗിലും! അപ്പം പറഞ്ഞു വന്നത് ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഗുരുവിനു ദക്ഷിണ എന്താ വേണ്ടതെന്നു വച്ചാല്‍ പറയ്..........
ചിയേഴ്സ്!
ആശംസ
അപ്പൂനോടു രണ്ടു വര്‍ത്തമാനം പറയാതെ മനസമാധാനം കിട്ടില്ല.
ഈ ലേഖിക ആരാന്നോര്‍ക്കാതെ ചുമ്മാ ആരോപണമുന്നയിക്കരുത്. പോസ്റ്റിട്ടേന്റെ ക്ഷീണം തീര്‍ക്കാന്‍ പബ്ലീഷ് ചെയ്തിട്ട് എന്തെങ്കിലും എടുത്ത് വെട്ടി വിഴുങ്ങാന്‍ പോയിക്കാണും.( ദാ, നോക്കിയേ, ഞങ്ങടെ രണ്ടിന്റേയു കമന്റുകള്‍ തമ്മില്‍ 3 മിനുട്ടിന്റെ വ്യത്യാസം) റീഡറില്‍ 5 minute ago എന്നു കിടക്കുന്നതു കണ്ടോണ്ടാ ഞാന്‍ വന്നത്. കമന്റൊന്നും വന്നിട്ടില്ല.നോക്കിയപ്പോ പിള്ളേരൊന്നും അടുത്തില്ല.(അപ്പൂന്റെ വാര്‍ഷിക പോസ്റ്റില്‍ നാലു പ്രാവശ്യമെങ്കിലും വന്നിട്ടും അതൊന്നു മുഴുവന്‍ വായിക്കാന്‍ പോലും പറ്റീട്ടില്ലേ.. )പിന്നെ ശ്വാസം പിടിച്ച് ഒരു വായനേം അത്രേം എഴുതി വച്ചിട്ട് പബ്ലീഷ് കമന്റു ബട്ടണേല്‍ ഒരൊറ്റ ഞെക്കുമാരുന്നു. (പാവം മൌസിനു ജീവനുണ്ടാരുന്നേല്‍ അതെനിക്കിട്ടു രണ്ടെണ്ണം പൊട്ടിച്ചേനേ!) അങ്ങനെ എന്റേതല്ലാത്ത ഒരു പോസ്റ്റില്‍ ആദ്യമായി കമന്റിടുക എന്ന ജീവിതാഭിലാഷം സഫലമായി!
മാനനഷ്ടത്തിന്‍ എന്റെ വഹയായി ഒരു വക്കീല്‍ നോട്ടീസ് ഉടന്‍ പ്രതീക്ഷിച്ചോളൂ..;))ഹീ. ഹീ.
good :)
ബ്ലോഗ് വാര്‍ഷികമാഘോഷിക്കുന്ന ത്രേസ്യക്ക് ആശംസകള്‍.
വളരെ പ്രിയപ്പെട്ട എഴുത്തുകാരനായ അരവിന്ദ് ത്രേസ്യാമ്മക്ക് പ്രചോദനമായയെന്നറിയുന്നതില്‍ അതീവ സന്തോഷമുണ്ട്.
ഗുരുവും ശിഷ്യയും ഒന്നിനൊന്ന് മെച്ചം തന്നെ.
എന്തായാലും മഹഭാരതത്തിനു എന്റെ വക ആശംസകള്‍ കൂടി
കൊച്ച് ത്രേസ്യാക്കൊച്ചേ,
ദാ പിടിച്ചോ ആശംസ...ക..ള്‍, മൊത്തം ചില്ലറയായി!
ഞാനങ്ങനെ വവ്വാലു പോലെ തലയും കീഴായി തൂങ്ങിക്കിടക്കുന്ന ശുഭമുഹൂര്‍ത്തതിലാണ് മമ്മിയ്ക്കു ബോധം തെളിയുന്നതും എന്നെ ആദ്യമായി കാണുന്നതും.
എന്റെ ബോധം പോയി :)
മെനി മിനി ഹാപ്പി റിട്ടേണ്‍സ് ആപ്പ് ദ ഡേയ് ...
കഥ തുടരട്ടെ... :)
അപ്പോള്‍ കറങ്ങിതിരിഞ്ഞ് എത്തിയല്ലെ..
ഗൊള്ളാം ഗൊള്ളാം,, ഇത്തവണ ഫോട്ടൊയൊന്നും ഇല്ലല്ലൊ സ്ഥലം പറയാന്‍.ഹിഹി...
ഏതായാലും വാര്‍ഷിക പതിപ്പ് കലക്കിയിട്ടുണ്ട്...
3-4 വയസ്സുവരെയുള്ള വീരശൂരപരാക്രമങ്ങള്‍ ഇപ്പഴും ഇത്രേം ഓര്‍മ്മയോ. എങ്ങനെ ഓര്‍മകാണാതിരിക്കും അല്ലെ പരാക്രമങ്ങള്‍ അല്ലെ കയ്യില്‍ ഉള്ളെ.എന്നാപിന്നെ ചില്ലറയായ് ആശംസകളും നേരുന്നൂ..
:)ഓടെയ് നോട്ടില്ലടെയ്..
ഒന്ന് രണ്ടു സത്യങ്ങള്‍ മനസിലായി അങ്ങനെ...
അപ്പൊ ആ അരവിന്ദന്‍ ആണ് ഈ അരവിന്ദന്‍...
ത്രേസ്യ കൊച്ചെ...ഗുരു ഒട്ടും മോശക്കാരന്‍ അല്ല...
ഈ പോസ്റ്റ് വായിച്ചപ്പോ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജയിച്ച ഷരപോവ ബില്ലി ജീന്‍ കിംഗ് ന്‍റെ പ്രചോദനം ഉള്‍ക്കൊണ്ടു കളിച്ചത് കൊണ്ടാ കിരീടം കിട്ടിയേ എന്ന് പറയണ പോലുണ്ടായിരുന്നു....കൊച്ചു ത്രേസ്യ കൊച്ചിനെ മലയാളത്തിനു സമ്മാനിച്ച (ഞാനിത് അലംബാകും!!!) അരവിന്ദ ബാലചന്ദ്ര മേനോന്‍ അവര്കള്‍ക്കും അദ്ദേഹത്തിന്റെ സ്വന്തം ശോഭനമ്മക്കും അഭിനന്ദനങ്ങള്‍....ങ്ങട് പോരട്ടെ...ഞങ്ങള് ദേ ഇവിടെ പേജ് refresh ചെയ്തിരിപ്പുണ്ട്ട്ടാ...
കൊള്ളാം കേട്ടോ ....
ഇന്നലെയാണ് ഈ ബ്ലോഗ് ആദ്യമായിട്ടു കാണുന്നെ... ഒറ്റയിരുപ്പിനു ജനുവരിയിലെ പോസ്റ്റ് മുഴുവന്‍ വായിച്ചുതീര്‍ത്തു. കിടിലന്‍... ആദ്യമായിട്ടാണ് ഇത്രയും ഹ്യൂമര്‍സെന്‍സ് ഉള്ള ഒരു “ലേഡി“ബ്ലോഗറെ കാണുന്നെ... (വേറെ ആരേലും ഉണ്ടോ എന്നെനിക്കറിയില്ല... പക്ഷെ വിശാലന്‍, അരവിന്ദന്‍ റേഞ്ചില്‍ ഇതൊരെണ്ണേ കാണൂ.. :) ) ... ഇപ്പൊ എന്റെ ഫേവ്സ് ലിസ്റ്റില്‍ ഒരെണ്ണം കൂടി... കീപ്പിറ്റപ്പ് വാഴ്ത്തപ്പെട്ട ത്രേസ്യാമ്മേ... :D
ത്രേസ്യാ കൊച്ചേ ആശംസകള്
കൊച്ചുത്രേസ്യ പറഞ്ഞ സത്യത്തില്‍ക്കൂടിയാണ്‍ ഞാനും ബ്ലോഗ് വായനയില്‍ കയറിക്കൂടീയത്. അരവിന്ദന്റെ മൊത്തം ചില്ലറ. അന്നു ഞാന്‍ പലര്‍ക്കും അത് ലിങ്ക് ആയി അയച്ചിരുന്നു. ബ്ലോഗിന്റെ നിര്‍വചനം മൊത്തം ചില്ലറയായിരുന്നു എനിയ്ക്ക്.
ബ്ലോഗ് എഴുത്ത് ( എഴുത്ത് തന്നെ) എന്താണെന്നറിയാതെ വെറുതെ വന്നു കയറിയവനാ ഞാനും.
നീണാള്‍ വാഴട്ടെ കൊ. ത്രേ. ബ്ലോഗ്!
വാര്‍ഷികപ്പതിപ്പിനു എന്റേയും ആശംസകള്.
വാര്‍ഷികആശംസകള്‍..!`
അഭിനന്ദനങ്ങള്‍!
(വാചകപീഡനത്തെ പറ്റി ചോദിച്ചതിന്റെ രഹസ്യം ഇപ്പോഴാണു മനസിലായതു...ധൈര്യമായിരിക്കു കൊച്ചെ..സ്ത്രീധനമായി അനേകം അനേകം ear plugs കൊടുക്കപ്പെടുമ്ന്നു പറയാംന്നെ..:))
കൊച്ചുത്രേസ്യേ...വാര്ഷികാശംസകള്
ഹൊ! നടക്കാന്‍ തുടങ്ങിയപ്പം മൊതല്‍ നിര്‍ത്താതെ നടന്ന്, മുണ്ടാന്‍ തുടങ്ങീപ്പോള്‍ മൊതല്‍ നിലയില്ലാതെ മുണ്ടി ഇവിടെത്തിയ കൊച്ചു ത്രേസ്യയ്ക്ക് ആശംസകള്‍. ഇനി ഈ നടപ്പുരീതി മാറ്റരുതെന്നൊരപേക്ഷ. സ്റ്റയിലാന്നേ!
ഒന്നാം വാര്‍ഷികാശംസകള്‍! ഒരുപാടെഴുതുക. ഗുരുവിനഭിനന്ദനങ്ങള്‍!
കൊച്ചുത്രേസ്യാ, കൂട്ടുകാരീ ഹൃദയം നിറഞ്ഞ ആശംസകള്‍...
ഓ.ടോ:അപ്പൊ തല കീഴായാ കൊച്ചിനെ ആദ്യം അമ്മ കണ്ടതല്ലെ???
വാര്ഷികാശംസകള്. ഒരു പരിധി വരെ ഞാനും ബ്ലോഗ് തുടങ്ങിയത് മൊത്തം ചില്ലറയുടെ ഇംപാക്ട് ആണ്. എനിക്ക് കീട്ടിയത് ഒരു പി.ഡി.എഫ്. കോപ്പി ആണെന്ന് മാത്രം.
എന്തായാലും ഞാന്‍ നന്ദി പറയുന്നത് അരവിന്ദിനോടാണ്. ഇങ്ങനെയൊരു പുലിയെ വായിക്കാന്‍ എനിക്ക് അവസരം ഉണ്ടാക്കിത്തന്നതിന്. (ബൂലോകത്തിന് അവസരം ഉണ്ടാക്കിത്തന്നതിന് എന്ന് പറയണം എന്നുണ്ടായിരുന്നു, പക്ഷേ ശ്രീജിത്ത് കണ്ടാല്‍ താനാരാടോ ബൂലോകത്തിനെ മൊത്തമായി പ്രതിനിധീകരിക്കാന്‍ എന്ന് ചോദിക്കും. അത്തുകൊണ്ട് അതു പറയുന്നില്ല.)
തുടക്കം വളരെ നന്നായിരുന്നു....
അപ്പോള്‍ കൊച്ചുത്രേസ്യയുടെ ബ്ലോഗിങ്ങിനും വയസ്സൊന്നായി. ഒരുപാട് ആശംസകള്‍!
അപ്പോള്‍ മൊത്തം ചില്ലറയില്‍ നിന്ന് തുടങ്ങിയതാണല്ലേ? വെറുതെയല്ല!!
എന്നും എപ്പോഴും എനിക്കേറ്റവും ഇഷ്ടപ്പെട്ട ബ്ലോഗ് ‘മൊത്തം ചില്ലറ’ തന്നെയാണ്. അരവിന്ദ് എഴുതിയത് വായിച്ച് ചിരിച്ചത്രക്കും മറ്റൊരു ബ്ലോഗ് വായിച്ച് ഞാന്‍ ചിരിച്ചിട്ടില്ല.
ബ്ലോഗില്‍ നിന്നും ബ്ലോഗിനു പുറത്തുനിന്നും അര്‍ഹിക്കുന്നതില്‍ ഒരുപാട് കൂടുതല്‍ വാഴ്ത്തുമൊഴികള്‍ കിട്ടിയവനാണ് ഞാന്‍.
വെറും നാലും മൂന്ന് ഏഴ് വാക്കുകളും ചില സ്വയനിര്‍മ്മിത കഥകളും നമ്പറുകളും മാത്രമറിയുന്ന എനിക്ക് ചിലതൊക്കെ കേള്‍ക്കുമ്പോള്‍ ഒന്നാന്തരം ചമ്മല്‍ പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും അങ്ങിനെയൊരു അവസ്ഥക്ക് ഞാന്‍ ബ്ലോഗില്‍ എഴുതുക എന്നതിലപ്പുറം ഒന്നും തന്നെ ചെയ്തിട്ടില്ല എന്നതിനാല്‍ വല്യ കുറ്റബോധം ഒന്നും തോന്നിയിട്ടില്ല.
പണ്ട് ഇവിടെ വന്ന കാലത്ത് ഒരു അറബിയുടെ ഓഫീസില്‍ ജോലിക്ക് ചേര്‍ന്നതിന്റെ പിറ്റേ ദിവസം അവിടത്തെ പ്രിന്റര്‍ വര്‍ക്ക് ചെയ്യുന്നില്ല. അവിടെ ഞാനൊറ്റക്കായിരുന്നു. കമ്പ്യൂട്ടറിന് ചുറ്റും ഞാനൊന്ന് നടന്നു നോക്കി. കേബിളുകള്‍ എല്ലാം സ്ഥാനത്തുണ്ട്. കമ്പ്യൂട്ടര്‍ ഒരു അഞ്ചുപത്ത് തവണ.. ഷട്ട് ഡൌണാക്കലും ഓണാക്കലും.. ഷ. ഡൌണാക്കലും ഓണാക്കലും ചെയ്തുനോക്കി. പ്രിന്റുന്നില്ല. എന്തൊരു കുരിശ്! എന്നോര്‍ത്ത് ഞാന്‍ പ്രിന്ററിന്റെ പിറകില്‍ നോക്കിയപ്പോള്‍ പാരലല്‍ പോര്‍ട്ട് കേബിള്‍ പകുതി ഇളകി ഇരിക്കുന്നു. ആദ്യം നോക്കിയപ്പോള്‍ മനസ്സിലായില്ലായിരുന്നു.
ഇത്രയും നേരം പണിതല്ലേ... ഹേതു അമരാതെ പോയ കേബിളാണെന്ന് പറയാനുള്ള ചമ്മല്‍ കൊണ്ട്, തിരിച്ച് വന്നിരുന്ന് ഒരര മണിക്കൂറും കൂടി ഞാന്‍ ചുമ്മാ കമ്പ്യൂട്ടറില്‍ പണിതു. എന്നിട്ട് ഒരു പ്രിന്ററിന്റെ ‘ഡിക്കി‘ തുറന്ന് കാറ്റ്രിഡ്ജ് എടുത്ത് ഒന്ന് കുലുക്കി. ഒന്ന് ഊതി.. എന്നിട്ട് തിരിച്ച് വച്ചു. കൂട്ടത്തില്‍ കേബിളില്‍ അറിയാതെ ഒന്ന് പ്രസ്സും ചെയ്തു.
ക്രും ക്രും എന്ന ശബ്ദത്തോടെ പ്രിന്റററിന്റെ ഉള്ളില്‍ നിന്ന് പേപ്പറുകള്‍ ഊര്‍ന്ന് വരുമ്പോള്‍, പാവം അറബി, കണ്ണടയുടെ മുകളിലൂടെ എന്നെ നോക്കി ‘ഒരു പ്രസ്ഥാനം ആണപ്പോള്‍!!’ എന്ന ഭാവേനെ പുരികമുയര്‍ത്തി തലയാട്ടുന്നത് ഞാന്‍ വലതുകണ്ണിന്റെ റൈറ്റ് കോര്‍ണറിലൂടെ കണ്ടു.
അന്നത്തോടെ ഞാനവിടത്തെ ജോലി ഉപേക്ഷിച്ചു. വേറൊന്നും കൊണ്ടല്ല. ചക്ക വീണല്ലല്ലോ മുയലുകള്‍ മുഴുവന്‍ ചാകുന്നത്! നാളെ ഇയ്യാളുടെ വീട്ടിലെ കമ്പ്യൂട്ടര്‍ ശരിയാക്കാന്‍ പറഞ്ഞ് വിളിച്ചാല്‍ എന്ത് പറയും??
ഏറെക്കുറെ ഇതേ പോലെയാണ് ബ്ലോഗിലും എന്റെ കവറേജ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ, ഇതുപേക്ഷിക്കു വയ്യ. സന്തോഷത്തിന്റെയും സൌഹൃദത്തിന്റെയും ഒരു കടലാണ് ബ്ലോഗ്. ഏറ്റവും ഇഷ്ടമുള്ള കാര്യം എഴുത്തും.
കൊച്ചുത്രേസ്യ എഴുതിയ ബോട്ടുയാത്രയുടെ ഓരോ അദ്ധ്യായം വായിക്കുമ്പോഴും ഇവിടെ ഒരു കായലില്ലാത്തതില്‍ എനിക്ക് വിഷമം തോന്നിയിട്ടുണ്ട്.
കൊച്ചുത്രേസ്യക്കും ഈ ലോകത്തിനും എല്ലാവിധ ആശംസകളും നേരുന്നു.
സമയക്കുറവു കാരണം കമന്റ് ഇടാറില്ലെന്കിലും എല്ലാം വായിക്കാറുണ്ട്. അഭിനന്ദനങ്ങള്‍.
ത്രേസ്യേച്ചി, കിടിലം. പോസ്റ്റ് അതിമനോഹരം ആയിരിക്കുന്നു. ഒപ്പം അഭിമാനവും തോന്നുന്നു. ഇത്ര ഓപ്പണായി, ഇത്ര സ്നേഹത്തോടെ സംവദിക്കുന്ന ഈ ബൂലോഗത്തെ ബ്ലോഗര്‍മാര്‍ക്കിടയില്‍ ഒരു കുഞ്ഞു ബ്ലോഗ്ഗാറാകാന്‍ കഴിഞ്ഞതില്‍.
എഴുതാന്‍ ഒന്നും അറിയില്ലെങ്കിലും ബ്ലോഗ് തുടങ്ങണം എന്തേലും ഒക്കെ എഴുതണം എന്നു എനിക്കും പ്രചോദനം നല്‍കിയ്യതു ‘മൊത്തം ചില്ലറ’ യിലെ സ്കൂള്‍ തമാശകള്‍ ആണു. അതോടൊപ്പം കൊടകരപുരാണവും. അരവിന്ദന്റെ തമാശകള്‍ക്ക് സത്യത്തില്‍ മറ്റു പലരുടേയും പോസ്റ്റുകളില്‍ ഉള്ളതിനേക്കാളും ക്വാളിറ്റി ഉണ്ടെന്നുള്ളതാണു വാസ്തവം.
പിന്നെ പത്രത്തില്‍ പടവും പേരും വരാത്തതിന്റെ ഒക്കെ കാരണം പി ആര്‍ ഓ യുടെ കുറവായിരിക്കും :) :) :) ഈ മമ്മൂട്ടിയെ കുറിച്ചോക്കെ പത്രത്തില്‍ എന്തോരുമാ നല്ല കാര്യം എഴുതി പടച്ചു വിടുന്നത്, അതൊക്കെ ഇപ്പം അങ്ങേര്‍ക്കു അഭിനയിച്ചു മല മറിക്കാന്‍ കഴിയും എന്നൊക്കെ ഉള്ളതു കൊണ്ടാണോ?? പബ്ലിസിറ്റി ഉണ്ടാക്കി എടുക്കാന്‍ ഉള്ള അങ്ങേരുടെ കഴിവു...അത്ര തന്നെ :)) അതു പോലെ തന്നെ ലോകത്ത് ഒരു മനുഷ്യനും ഉപകാരം ഇല്ലാത്ത കേന്ദ്ര മന്ത്രി അന്തപ്പന്‍ രാവിലെ എഴുന്നേറ്റാല്‍ വിളിക്കുന്നത് സകല പത്രക്കാരെയും ആണെന്നാണു ‘ലീഡര്‍‘ മനൊരമയിലെ ഇന്റര്‍വ്യൂവില്‍ പറഞ്ഞത്.
ഇതിനൊക്കെ മൊത്തം ചില്ലറ എഴുതുന്ന അരവിന്ദനു പറ്റാത്തത് കൊണ്ട് പത്രത്തില്‍ പേരു വരുന്നില്ല. അതിന്റെ അര്‍ത്ഥം അരവിന്ദന്റെ ‘മൊത്തം ചില്ലറ’ ആരും വായിക്കുന്നില്ല എന്നാണോ??
മാത്രവുമല്ല....എഴുതി എഴുതി വെടി തീര്‍ന്നിരിക്കുന്ന ‘ലോഹിതദാസിന്റെ’ അവസ്ഥയില്‍ ആണു കൊടകര പുരാണം എഴുതുന്ന വിശാല മനസ്കനും, കുറുമാനുമൊക്കെ. പഴയ സ്റ്റാന്‍ഡേര്‍ഡ് വച്ചു നോക്കുമ്പോള്‍ ലോഹിയും ഇവരും ഒക്കെ എന്തൊക്കെയോ പടച്ചു വിടുന്നു എന്നു മാത്രം. അരവിന്ദന്‍ പെട്ടന്ന് എഴുത്ത് നിര്‍ത്തിയതു കൊണ്ട് തമാശകള്‍ എഴുതി സ്റ്റോക്ക് തീര്‍ന്നതാണോ എന്നു വ്യക്തം അല്ല. ജി മനു എന്ന ബ്രിജ് വിഹാരത്തിന്റെ ആറാ, തംമ്പുരാന്‍ മാത്രം ആണു കത്തി കത്തി നില്‍ക്കുന്നത്.
ഇതൊക്കെ എഴുതണം എന്നു കരുതിയതല്ല പക്ഷെ അരവിന്ദന്റെ വിഷമം കണ്ടപ്പം പറഞ്ഞു പോയെന്നു മാത്രം.
കൊച്ചു ത്രേസ്യാക്ക് ഒരു പാടു പേരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും, ഇമോഷണല്‍ (പപ്പ എഴുതിയ പഴയ കത്തിന്റെ പോസ്റ്റ്) ആക്കുകയും ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിനു എന്റെ അഭിനന്ദനങ്ങള്‍.
Vince
അപ്പോള്‍ അങ്ങനെയാണ് കാര്യങ്ങള്‍.
nannaayirikkunnu
ഹമ്മോ ദേ കുഞ്ഞ്യേ , ഇങ്ങനെ ശ്വാസം പിടിച്ചിരുന്ന് വായിച്ച് എനിക്ക് വല്ലോം പറ്റ്യാ എറ്റെ ഭര്‍ത്താവു വിധവനായിപ്പോവില്ല്യേ.
ത്രേസ്സ്യാമ്മടെ അമ്മയ്ക്ക് നേരം പോവാണ്‍റ്റെ വെഷമായിരിക്കിണ്ടാവും,പാവം. ഇങ്ങനെ ഒരു നോണ്‍-സ്റ്റോപ് എഫ് എം വീട്ടിലുണ്ടായിരുന്നതങ്ങട്ട് പോയതല്ലെ.
ഒരുപാടൊരുപാടു സന്തോഷം.അരവിന്ദാ , എന്താ പറയാ.അഭിനന്ദനങ്ങള്‍.ഇനീം ഇനീം എത്ര ശിഷ്യഗണങ്ങല് എവട്യൊക്കെണ്ടോ എന്തോ. അരവിന്ദന്റെ ശിഷ്രര്‍ക്കൊരു പ്രത്യേക അറിയിപ്പ് - നിങ്ങളൊക്കെം അരവിന്ദനു കൊടുക്കാനുദ്ദെശിക്കണ ദക്ഷിണ നേരിട്ട് സ്വീകരിക്കാന്‍ നിവൃത്തില്ല്യാത്തോണ്ട് തല്‍ക്കാലം എന്റ്റടുത്ത് ഏല്പ്പിക്കാന്‍ പറഞ്ഞു, ഇല്ല്യേ അരവിന്ദാ?ഉവ്വ്. ഞാനിവടെണ്ട്. എപ്പളാച്ചാല്‍ വന്നോളു, തന്നോളു (ഇരുട്ടട്യല്ല , ദച്ചിണ)
ഗുരൂന്റേം ശിഷ്യടേം കൂടുതല്‍ കൂടുതല്‍ പോസ്റ്റുകള്‍ വന്നോണ്ടിരിക്കട്ടെ.
സ്നേഹം
സമാധാനം
ഉമ്മ.
ആശംസകള്. 'അര'ക്കും :)
മൃഗങ്ങള്‍ക്ക് ബുദ്ധി വെച്ചാല്‍ മനുഷ്യനായി എന്ന് പറയും. തുടക്കമൊക്കെ വായിച്ചപ്പോള്‍ അത് എത്ര് സത്യം എന്നെനിക്ക് തോന്നി.
കലക്കന്‍ വിവരണം!!!!
വനജേച്ചീ..എനിക്കുള്ള മറുപടികമന്റുവായിച്ചു. കുറേ ചിരിക്കുകയും ചെയ്തു. ഏതായാലും മാനനഷ്ടക്കേസ് കോടതിയില്‍ നിലനിക്കില്ല. ത്രേസ്യാമ്മ പോസ്റ്റ് പബ്ലിഷ് ചെയ്ത സമയമേ മാറ്റി 3:05 PM. നമ്മളെല്ലാം കമന്റിയത് 1:47 PM നും...2:28 PMനും, ഏത്? എന്തുമനസ്സിലായി? പോസ്റ്റ് പബ്ലിഷ് ചെയ്യുന്നതിനുമുമ്പേ നമ്മളൊക്കെ കമന്റിക്കഴിഞ്ഞൂന്ന്. അതിനാല്‍ കേസ് തള്ളി!!!
പോസ്റ്റ് നാളെ വായിക്കാം. ആശംസകള്‍ മുന്‍കൂറായി സ്വീകരിക്കൂ കൊച്ചുത്രേസ്യേ.. :)
എന്തായിത്...ഒരു വയസ്സായെന്നോ? എന്റമ്മോ കണ്ടാല്‍ പറയൂലാട്ടാ...;)
ഇനിയും വളരെ നല്ല പോസ്റ്റുകള്‍ ആ കീ ബോര്‍ഡില്‍ നിന്നും വിരിയട്ടെ...ആ വരികള്‍ എല്ലാവരെയും ചിരിപ്പിക്കട്ടെ...ചിന്തിപ്പിക്കട്ടെ...എല്ലാവിധ ആശംസകളും...ശിഷ്യക്കും ഗുരുവിനും അഭിനന്ദനങ്ങള്‍...
ഓ.ടോ: ഒരു ദിവസം രാവിലെ വന്ന് മെയില്‍ ബോക്സ് തുറന്നപ്പോള്‍ സുഹൃത്തിന്റെ വക ഒരു മെയില്‍...സബ്ജക്റ്റ് 'ഒരു നവോദയന്റെ ബ്ലോഗ്' , കൂടെയുണ്ടായിരുന്ന അറ്റാച്ച്മെന്റ് 'മൊത്തം ചില്ലറ' യുടെ p.d.f. ചുമ്മാ ഒന്നു നോക്കി...ശേഷം ആ ബ്ലോഗ് തപ്പി പിടിച്ചു. പിന്നെ ഒന്നും പറയണ്ട അരവിന്ദേട്ടാ...ഉറങ്ങി കിടക്കുന്ന എന്റെ നവോദയ ഓര്‍മകള്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കുന്നത് ആ ബ്ലോഗിലെ പഴയ പോസ്റ്റുകള്‍ വായിക്കുമ്പോഴാണ്...ഇവിടെ ഒരു ചെറിയ നവോദയ കൂട്ടം തന്നെയുണ്ട് മൊത്തം ചില്ലറയുടെ ഫാന്‍സ് ആയിട്ട്. ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍...
ആശംസകള് കൊച്ചൂ...എന്നും ഇങ്ങനെ വായിട്ടലച്ചോണ്ട് ബൂലോകം നിറഞ്ഞുനില്‍ക്കട്ടെ..
ഈ പോസ്റ്റ് കാരണം മൊത്തം ചില്ലറേം കാണാന്‍ പറ്റി..
കൊച്ചുത്രേസ്യേ, ബ്ലോഗ് വാര്‍ഷികാശംസകള്‍....ചിരിക്കാനുള്ള ഒരുപാട് പോസ്റ്റുകള്‍ ഇതിനകം എഴുതി ചില പോസ്റ്റിലെല്ലാം തലയറഞ്ഞ് ചിരിച്ചു. ഇനിയും എഴുതികൊണ്ടേയിരിക്കൂ.
ഇനി അത്പം ആത്മഗതം (ചുമ്മാ)
എന്റെ റോള്‍-മോഡല്‍സ് വീട്ടിലെ പശുവും ആടുമൊക്കെയാണ്. വിശക്കുമ്പോള്‍ പോയി ഏതെങ്കിലും കാട്ടുചെടീടെ ഇലയും കായുമൊക്കെ പറിച്ചു തിന്നും(അതില്‍ തന്നെ ഏറ്റവും പ്രിയപ്പെട്ടതു മുറ്റത്തു നില്‍ക്കുന്ന കാന്താരിയായിരുന്നൂന്ന് ഒരു ഞെട്ടലോടെ മമ്മി ഇപ്പഴും അനുസ്മരിക്കാറുണ്ട്) - ദൈവമേ വീട്ടില്‍ ഉമ്മത്തിന്‍ കായ ഇല്ലായിരുന്നത് ഞങ്ങളുടെ ഭാഗ്യം. അല്ലെങ്കില്‍ ഈ പോസ്റ്റുകളൊക്കെ മിസ്സായേനെ.
ഞാന്‍ അതുവരെ ആകെ വായിച്ചിട്ടുള്ള മലയാളം ബ്ലോഗ് കുറുമാന്റെ യൂറോപ്യന്‍ സ്വപ്നങ്ങളാണ്. വേറൊന്നും എന്റെ കണ്ണില്‍ പെട്ടിരുന്നില്ല. എങ്ങനെയൊക്കെ ആലോചിച്ചിട്ടും കുറുമാന്‍ ഇതെങ്ങനെ മലയാളത്തിലെഴുതി എന്നു മാത്രം പിടികിട്ടീല്ല. എന്നാല്‍ അങ്ങേരോടു മെയില്‍ അയച്ചെങ്ങാനും ചോദിക്കാമെന്നു വച്ചാല്‍, ഇത്രേം വല്യ എഴുത്തുകാരനോട് ഇതൊക്കെ ചോദിക്കുന്നത് മോശമല്ലേ എന്നും വിചാരിച്ച് ആ ജിജ്ഞാസ ഞാനങ്ങ് അടക്കിയതാണ്. -- ഇത്രയും വലിയ എഴുത്തുകാരന്‍........ബൂ ഹ ഹ ഹ........വാരാം, ,പക്ഷെ വാരി തലപൊളിയുന്നത് പോലെ നിലത്തടിക്കല്ലെ കൊച്ചു ത്രേസ്യകൊച്ചേ.....:)
പൂട്ടികെട്ടിപോകാന്‍ തുടങ്ങിയ എന്റെ ബ്ലോഗിന് വീണ്ടും ജീവന്‍ വെയ്ക്കാന്‍ കാരണം ഈ പോസ്റ്റാണ്. - അതെ അരവിന്ദന്റെ ചില ബ്ലോഗുകള്‍ വായിച്ച് ചിരിച്ച് മരിച്ചിട്ടുണ്ട്. ഈയിടെയായി അരവിന്ദ് എഴുത്തു നിറുത്തിയതില്‍ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു.
ഒരിക്കല്‍ കൂടി ആശംസകള്.
ഇനിയും വളരെ നല്ല പോസ്റ്റുകള്‍ ആ കീ ബോര്‍ഡില്‍ നിന്നും വിരിയട്ടെ...
ആ വരികള്‍ എല്ലാവരെയും ചിരിപ്പിക്കട്ടെ...
ചിന്തിപ്പിക്കട്ടെ...
എല്ലാവിധ ആശംസകളും...
ഒന്നാം വാറ്ഷിക ആശംസകള്
പ്രസ്ഥാനം നന്നായി മുന്നോട്ടു പോട്ടേ …
ആശംസകളാശംസകള്‍.........! ഗുരുവിനും ശിഷ്യക്കും!
ഞാന്‍ മലയാളം ബ്ലോഗിനെക്കുറിച്ച് ആദ്യമായി കാണുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ലേഖനത്തിനില്‍ നിന്നാണ്. അന്നു തന്നെ നെറ്റ് തുറന്ന് ഈ പുരാണമൊന്നു നോക്കാമെന്നു കരുതി. മാതൃഭൂമിയില്‍ കണ്ട അഡ്രസ്സ് ടൈപ്പ് ചെയ്തു. വിതിന്‍ മിനിറ്റ്‍സ്, നെറ്റും കമ്പ്യൂട്ടറും മൊത്തം ജാം. ഒരു മണിക്കൂര്‍ പണിപ്പെട്ട് ഒക്കെ ശരിയാക്കി റീസ്റ്റാര്‍ട്ട് ചെയ്തു. ഗൂഗിളില്‍ മലയാളം ബ്ലോഗ്സ് എന്നു സേര്‍ച്ച് ചെയ്തു. ആദ്യം കണ്ടത് പ്രാണിലോകം എന്ന ബ്ലോഗ്. അതിലും കേറാന്‍ പറ്റുന്നില്ല. വിട്ടു. രണ്ടാം ദിവസവും കൊടകരപുരാണം ജാം. സേര്‍ച്ച് ചെയ്ത് സേര്‍ച്ച് ചെയ്ത് കിട്ടിയത് കൊച്ചുത്രേസ്യയുടെ ബാംഗ്ലൂര്‍ പുരാണം. എല്ലാ പോസ്റ്റുകളും ഒറ്റയടിക്ക് വായിച്ചു. വെറുതെയിരുന്ന് ചിരിക്കുന്ന എന്നെക്കണ്ട് വന്ന അമ്മക്ക് ഇതെല്ലാം കാണിച്ചു കൊടുത്തു. സ്ഥിരം വായനക്കാരനായി, ബ്ലോഗുകളുടെ. അങ്ങനെ പിന്നെപ്പോഴോ ഞാനും പഠിച്ചു ഇതൊക്കെ.
ആശംസകളോടൊപ്പം ഒരു നന്ദിവാക്കു കൂടെ. ഇനിയുമിനിയും വരട്ടെ. :-)
സൂപ്പര്‍ ആയിട്ടുണ്ട്... അടിപൊളി...മൊത്ത് ചില്ലാറയും വായിച്ചു..
ഈ ആംഗളേയത്ല്‍ എഴുതീന്ന് പറഞ്ഞത് എവിടെയാ? അതും കൂടെ ഒന്നും വായിക്കാനാ....
കുറച്ചു വൈകിയാനെങ്കിലും,
എന്റെ ആശംസകള്‍.......
ആശംസകള്
ഒന്നാം പിറന്നാളാശംസകള്‍ ....
കമന്റിയില്ലെങ്കിലും ‘ലിറ്റില്‍ ഫ്ലവറി’ന്റെ (അങ്ങിനെ വിളിക്കാമോന്നു അറിയില്ല) എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട്. റീഡറില്‍ 'unread' ഐറ്റംസില്‍
ആദ്യം വായിക്കുന്നതു കുറുവിനെയും അരയെയും ലിറ്റില്‍ ഫ്ലവറിനെയുമൊക്കെ ആണ്
ആദ്യത്തെ നാലഞ്ചു പാരഗ്രാഫ് വായിച്ചപ്പോ, ലാത്തിയടിക്കാന്‍ ഒരു കൂട്ടുകാരനെ കിട്ടി എന്ന് അനൗണ്‍സ് ചെയ്യാന്‍ പോവുകയാണ് കൊച്ചു ത്രേസ്യ എന്നാ വിചാരിച്ചത്. :)
അതുല്യാമ്മ പറഞ്ഞ പോലെ, കമന്റിട്ടാലും ഇല്ലെങ്കിലും ഒരിക്കലും വിട്ടു പോവാതിരിക്കാന്‍ ശ്രദ്ധിക്കാറുള്ള ബ്ലോഗുകളിലൊന്നാണ് കൊച്ചു ത്രേസ്യായുടേത്. പിന്നേയും അങ്ങിനെ കുറേയെണ്ണമുണ്ട്. ജി.മനു, സുനീഷ് തോമസ് എന്നിവരുടെയൊക്കെ ഉദാഹരണം.
അരവിന്ദാ, ഇനി ഞാനും ഒരു സത്യം പറയാം. എടക്ക് തലക്ക് തീ പിടിക്കുമ്പോള്‍ ഒന്ന് റിലാക്സ് ചെയ്യാന്‍ ഞാനും കരുതി വെക്കുന്ന പോസ്റ്റുകളാണ് മൊത്തം ചില്ലറയിലേത്. പോസ്റ്റ് മാത്രമല്ല, കമന്റുകളും വായിക്കും. :) (ഇതു വായിച്ചിട്ടും കണ്ണു നിറഞ്ഞൂന്ന് ഒന്ന് പറ, പ്ലീസ്).
അപ്പോ ആശംസകള്‍, മലബാര്‍ എക്സ്‌പ്രസ്സേ.
വാര്‍ഷിക പോസ്റ്റിന്‍ ആശംസകള്‍!
:)
ഈ കഥ ഇനിയും ഒരുപാടൊരുപാട് തുടാരാനാകട്ടെ എന്ന് ആശംസിയ്ക്കുന്നു.
കൊച്ചുത്രേസ്യക്ക് വാര്‍ഷികാശംസകള്‍
:)
ഉപാസന
വാര്ഷികാശംസകള്...ഇനിയും എഴുതുക..
(പാരവയ്ക്കാനുള്ള മൂഡിലല്ല..സോ നോ പാര)
ത്രേസ്സ്യക്കു എന്റേയും ആശംസകള്‍.ഇനിയുമിനിയും ഒരുപാട് എഴുതൂ.(ഒരു ചെറിയ കുട്ടി അടുത്ത് വന്നു നിന്നു കലപിലാ പറയണ ഒരു ഫീല്‍ ഉണ്ട് ത്രേസ്സ്യയെ വായിക്കുമ്പോള്‍;ഒട്ടും മുഷിയാത്ത വര്‍ത്തമാനങ്ങള്‍ )
:-) കൊച്ചു ത്രേസ്യാക്കും ഒരു ദ്രോണാചാര്യരോ. എന്നാ ഇനി മൊത്തം ചില്ലറ മൊത്തം വായിച്ചിട്ടു തന്നെ കാര്യം.
ഹോ..അങ്ങിനെ ഒരു വര്‍ഷമായി...!!
ഇനിയും എത്രനാള് ഈ കത്തി സഹിക്കാന്‍ കിടക്കുന്നു... എന്നാലും ഈ ത്രേസ്യകൊച്ചിന്റെ ഒരു അമ്പതിനായിരം പോസ്റ്റെങ്കിലും വായിക്കാനുള്ള ആയുസ്സും ആരോഗ്യവും എനിക്ക് തരണേ ദൈവമേ..എഴുതാന്‍ ആ കൊച്ചിനും ഈ പറഞ്ഞതൊക്കെ അല്പം അങ്ങ് കൊടുത്തേക്കണേ... :)
കൊച്ചുത്രേസ്യക്ക് സ്നേഹം നിറഞ്ഞ ബ്ലോഗാശംസകള്‍!!
ഒരു കൊച്ചുവര്‍ത്തമാനം പോലുള്ള കൊച്ചുത്രേസ്യയുടെ ബ്ലോഗിം ശൈലി ഏറെ വായനക്കാരെനേടിയിരിക്കുന്നു.
ഇനിയും പറഞ്ഞോണ്ടിരിക്കുക....
ആശംസകള്... ആശംസകള്‍..
ലേറ്റായി...ലേറ്റായി..
വരാന്‍ അല്പം താമസിച്ചതുകൊണ്ട് ലേശം ലേറ്റായതാണ് ഇവിടെയിച്ചിരി വൈകിയെത്താന്‍ കാരണം ത്രേസ്യേ.. അല്ലാതെ ഞാന്‍ ബിസ്സിയായതുകൊണ്ടൊന്നുമല്ല!
ഇന്ന് ഫുള്‍ ഫ്രീയാ.. കമന്റി തളര്‍ന്നിട്ടേ ഇന്ന് വിശ്രമമുള്ളൂ..
അപ്പോള്‍ കഥ ഇതുവരെ അല്ലേ?
നീ ബ്ലോഗ് ലോകത്ത് വന്ന് ബ്ലാ ബ്ലാ ബ്ലാ പറയാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമേ ആയുള്ളൂ എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം! ഐ കാണ്ട് ബിലീവിറ്റേ..! എന്നെ കൊന്നാലും ഞാന്‍ ബിലൂവൂല്ല... ബിക്കോസ്, എനിക്ക് ഈ കൊച്ച് ബ്ലോഗില്‍ വന്നിട്ട് ഒരു ഒരു ഒരു യുഗം..അല്ല.. ഒരു ഒരു ഒരു മഹായുഗം തന്നെയായീന്നാ ഫീല്‍ ചെയ്യുന്നത്..
ഈശ്വരാ.. അതല്പം കൂടിപ്പോയോ?
ഒരു മിറ്റിറ്റേ... ഒന്ന് കാല്‍ക്കുലേറ്റട്ടേ...
(വണ്‍സ് അപ്പോണേ ടൈം, സാവിത്രി ടീച്ചര്‍ പറഞ്ഞുതന്നത് ഓര്‍ത്തുനോക്കട്ടെ.. മറക്കാന്‍ വഴിയില്ല.. അന്ന് പിടിച്ച് തിരിച്ച ചെവിയുടെ വേദന ഇപ്പഴും മാറീട്ടില്ല...)
60 നാഴിക= 1 ദിവസം
30 ദിവസം= 1മാസം
12 മാസം=1 വര്‍ഷം
432000 വര്‍ഷം= കലിയുഗം
432000*2 വര്‍ഷം= ദ്വാപര യുഗം
432000*3 വര്‍ഷം= ത്രേതായുഗം
432000*4 വര്‍ഷം= കൃതയുഗം
കലി+ദ്വാപര+ത്രേതാ+കൃതയുഗങ്ങള്‍ = ഒരു ‘മഹായുഗം’ = 4320000 വര്‍ഷം!!
അയ്യേ...... ഞാന്‍ നേരത്തേ പറഞ്ഞത് കമ്പ്ലീറ്റ് പിന്‍വലിച്ചു..
നീ ബ്ലോഗില്‍ വന്നിട്ട് വെറും 12 മാസമേ ആയുള്ളൂ...
ഛേയ്..ഛേയ്.. കല്ലി..വല്ലി.സില്ലി ഗേള്‍...
ബട്ട് നിന്റെ ബള ബള ബള (ബ്ലാ ബ്ലാ ബ്ലാ അല്പം ലൂസായതാ) കേള്‍ക്കാന്‍ തുടങ്ങിയിട്ട് സത്യായിട്ടും കുറേകാലായെന്ന തോന്നലാ.. ഞാന്‍ പണ്ടേ നിന്റെ പണ്ടാരഫാനാന്ന് നാഴികയ്‌ക്ക് നാല്പതുവട്ടം പറയുമായിരുന്നെങ്കിലും കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് അരവിന്ദേട്ടന്റെ ബ്ലോഗ് പരിചയപ്പെട്ട ശേഷം അതുവരെ എന്റെ ടോപ്പ് 5 ല്‍ ആയിരുന്ന നീ ആറാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും അരവിന്ദേട്ടന്‍ എന്റെ ലിസ്റ്റിലെ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ഞാന്‍ പുള്ളിയോട് ഈ കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട് എന്നാണ് എന്റെ ഓര്‍മ്മ..
എന്തായാലും, ഇനിയും ഒരുപാടുകാലം സ്വതസിദ്ധമായ ശൈലിയില്‍ (എന്ന്വച്ചാ, മണ്ടത്തരങ്ങള്‍ + പൊട്ടത്തരങ്ങള്‍+ ബ്ലാ ബ്ലാ ഇന്‍ സിംപിള്‍ വേ) വായനക്കാരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ബൂലോകത്ത് ഒരു നിറഞ്ഞ സാന്നിദ്ധ്യമാകാന്‍ നിനക്ക് കഴിയട്ടെ..
ഹൃദയത്തിന്റെ ഭാഷയിലെഴുതിയ ഈ വാര്‍ഷിക പോസ്റ്റും നന്നായി...
ത്രേസ്യക്ക് ബ്ലോഗ് വാര്‍ഷികാശംസകള്‍!!”
-അഭിലാഷ്
അയ്യോ.....
ഒരു കാര്യം ചോദിക്കാന്‍ മറന്നുപോയേ...
[കണക്കുകൂട്ടിയതിലും ഒരു മാസം മുന്‍പേ ഭൂമിയിലേക്ക് ലാന്റ് ചെയ്‌ത കൊച്ചല്ലേ, ഇടയ്ക്കിടെ ഒരോ പാരസെറ്റാമോള്‍ കൊടുത്തില്ലേല്‍ വല്ല അസുഖവും വന്നാലോ..]
:-)
കൊച്ചുത്രേസ്യേ,
ഇപ്പോ കണ്ണൂരും ബാംഗ്ലൂരുമൊക്കെ പിണ്ണാക്കിനൊക്കെ എന്നതാ വില കൊച്ചേ?
അല്ല.. നിനക്ക് പിന്നെ ഇതിന്റെയൊക്കെ കമ്പോളനിലവാരം കൃത്യമായി അറിയാമായിരിക്കുമല്ലോ...
“ചൊട്ടയിലേ ശീലം ചുടലവരെ” എന്നല്ലേ കമുകറ പുരുഷോത്തമന്‍ പറഞ്ഞത്?
കുട്ടിക്കാലത്ത് തന്നെ പശൂന് കൊടുക്കാന്‍ വച്ചിരുന്ന കാടിവെള്ളം അടിച്ചുമാറ്റിക്കുടിച്ച വകയില്‍ കിട്ടിയതാണ് നിന്റെയീ ഒടുക്കത്തെ തടി എന്ന സീക്രട്ട് അറിഞ്ഞത് മുതല്‍, ന്റെ മനസ്സിലൊരു നൈരാശ്യം! ന്റെ ആന്റീന്റെ വീട്ടിലും ഉണ്ടായിരുന്നു പണ്ട് പണ്ട് ഒരു ബ്ലാക്ക് & വൈറ്റ് പശു! കാടിവെള്ളവും സുലഭം!! ബട്ട്, അത് അടിച്ച്മാറ്റി കുടിക്കാനുള്ള ബുദ്ധിമാത്രം ത്രേസ്യേടത്ര കിട്ടിയില്ല.. കിട്ടിയിരുന്നേല്‍ ഞാന്‍ ‘തടിക്കുന്നില്ല.. തടിക്കുന്നില്ല..’ -എന്ന വീട്ടുകാരുടെ പരാതി മാറുകയും, ഇപ്പോള്‍ തടികൂട്ടാന്‍ വേണ്ടി ഒരുമിച്ചിടുന്ന 3 ഷര്‍ട്ടുകളില്‍ 2 എണ്ണം ഊരിക്കളയുകയും ചെയ്യാമായിരുന്നു!
ങാ..പോട്ട്..! നമ്മളൊക്കെ പാവങ്ങള്‍..
വല്ല കഞ്ഞീം ചമ്മന്തീം കുടിച്ച് ജീവിച്ചോളാം...
നിന്റെയൊക്കെ ടൈമല്ലേ..
കുടി..കുടി.. കാടിവെള്ളമെങ്കില്‍ കാടിവെള്ളം...
ലൈഫ് അടിച്ച് പൊളിച്ചാഘോഷിക്ക് ട്ടാ..
ത്രേസ്യയുടെ വിട്ടിലേം, അയല്‍വീട്ടിലേം, പട്ടിണികിടന്ന് ഇതുവരെ ചത്ത എല്ലാ പശുക്കളുടെയും ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട്..
വിടവാങ്ങുന്നു.....
ന്നാ ഞാ പോട്ടാ.. :-)
[അറിയിപ്പ്: സ്വന്തം ബ്ലോഗില്‍ ഒന്നില്‍ കൂടുതല്‍ പോസ്റ്റിടാന്‍ തീരെ ഇന്‍ട്രസ്റ്റില്ലേലും ആരാന്റെ ബ്ലോഗുകളിലെ കമന്റ് ഏറിയായില്‍ പോസ്റ്റിനേക്കാള്‍ നീളം കൂടിയ കമന്റുകളിട്ട് നടന്ന വകയില്‍ 2007 ല്‍ പ്രഖ്യാപിച്ച ബ്ലോഗശ്രീ, ബ്ലോഗഭൂഷണ്‍, ബ്ലോഗവിഭൂഷണ്‍ ബഹുമതികള്‍ എനിക്ക് ലഭിച്ചിരിക്കുന്ന വിവരം സന്തോഷ പുരസരം അറിയിക്കട്ടെ. ഞാന്‍ മാത്രം ഉള്‍പ്പെട്ട ജൂറി എന്നെത്തന്നെ ഈ അവാര്‍ഡിലേക്ക് സെലക്റ്റ് ചെയ്തതിലൂടെ എന്റെ ‘അഭിലാഷങ്ങളില്‍’ മറ്റൊന്നുകൂടി ഫുള്‍ഫില്ലായി..! അതിലൂടെ ഞാന്‍ ഹാപ്പിയായി... ]
:-) -അഭിലാഷ്
ചാത്തനേറ്:അതുശരി പൊട്ടക്കമന്റിടാന്‍ കീമാന്‍ കൊണ്ടു തന്ന സഹപാഠിയെ മറന്നൂല്ലേ..:(
നല്ല രസികന്‍ വാര്‍ഷീക കുറിപ്പ്... അഭിനന്ദനങ്ങള്‍ കൊച്ചുത്രേസ്യാ... (ഇതിലൊതുക്കുന്നു... ചിലസമയത്തിങ്ങനാ... തോട്ടിയിടാന്‍ പറ്റിയ വരികളൊന്നും മനസ്സില്‍ വരില്ല...)
:)
ആശംസകള്!
അഭിനന്ദങ്ങള്‍... ഇനിയും ഒത്തിരി പോസ്റ്റുകള്‍ ഉണ്ടാവട്ടേ എന്ന് ആശംസിക്കുന്നു.
ഒന്നാം വാര്‍ഷിക ആഘോഷമൊക്കെ കഴിഞ്ഞോ? ഗംഭീരമായെന്നു കരുതട്ടേ?
കാണാന്‍ വൈകി.. എന്നാലും ആശംസകള്
ആശംസകള്..ആശംസകള്‍..
പിന്നെ പണ്ടു ഇംഗ്ലീഷില്‍ എഴുതിയ പോസ്റ്റുകള്‍ ഒക്കെ ഇപ്പൊ ഇവിടെ കാണുന്നില്ലല്ലൊ.നെരത്തേ ഇവിടെ എവിടെയോ കണ്ടതായി ഒരോര്‍മ പോലെ(ത്രേസ്യയെ കണ്ടിട്ടു എല്ലാവരും റിമിറ്റോമി യെ പൊലെ ഒക്കെ ഇരിക്കുന്നു എന്നൊക്കെ പറഞ്ഞ ആ പഴയ പോസ്റ്റേ..--)).)
എന്റെ കര്‍ത്താവെ .. ഒരു കൊല്ലം ... ആഘോഷികാന്‍ എന്തെങ്ങിലും കാരണം നോക്കി ഇരിക് വാരുന്നു ഞാന്‍ . ഇനി ഇന്നു പൊട്ടിക്കുന്ന കുപ്പി ഈ ബ്ലോഗിന്റെ ഒന്നാം വാര്‍ഷികത്തിനു സമര്‍പിക്കുന്നു .
ഭാവുകങ്ങള്‍ ആശംസകള്‍ അഭിനന്ദനങ്ങള്‍ മൊത്തം നേരുന്നു...
ഏതായാലും മൊത്തം ചില്ലറ നിമിത്തമായിട്ട് ഞങ്ങള്‍ക്ക് നല്ലൊരു ബ്ലോഗറെ കിട്ടീലോ ...അതുമതി.
ബ്ലോഗില്‍ എന്നും തിളങ്ങുന്ന ഒരു നക്ഷത്രമാവട്ടെ
ആശംസകള്
എല്ലാ നല്ലകാര്യങ്ങളുടേയും തുടക്കങ്ങള്‍ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കും അല്ലെ?
ആശംസകള്‍ നേരുന്നു.
ബ്ലോഗിന് ഒന്നാം പിറന്നാളാശംസകള്‍........ :)
ഒപ്പം ത്രേസ്യേട്ടത്തിക്കും അരവിന്ദ ഗുരുക്കള്‍ക്കും അഭിനന്ദനങ്ങള്‍....................
ഒന്നാം വാര്‍ഷിക ആശംസകള്‍... ഞങ്ങളെയൊക്കെ അങ്ങ് മനസ്സില്‍ ധ്യാനിച്ച് അങ്ങ് തുടര്‍ന്നോളൂ...
എന്നെപ്പോലെ ചിലരെങ്കിലും ശിഷ്യയിലൂടെ ഗുരുവിനെ പരിചയപ്പെട്ടു കാണും...
അത് ഗുരുവിനും ശിഷ്യക്കും
അഭിമാനിക്കാവുന്ന കാര്യം തന്നെ!
അഭിനന്ദനങ്ങള്‍... ആശംസകള്‍...
ഗുരുവിനും ശിഷ്യക്കും...
വാര്ഷികാശംസകള് കൊച്ചുത്രേസ്യാ..
അവതാരകഥ വായിച്ചു ത്രേസ്യക്കൊച്ചേ, നല്ല എഴുത്തുമായി എക്കാലത്തും നിറഞ്ഞു നില്‍ക്കട്ടെ ..
കണ്ണൂരെന്നു കേട്ടാല്‍ ബ്ലോഗെഴുത്തുകാരി കൊച്ചു ത്രേസ്യയുടെ നാട് എന്നറിയപ്പെടട്ടെ ഒരു കാലത്ത്...
മലബാര്‍ എക്സ്പ്രസ് എന്നു കേട്ടാല്‍, തീവണ്ടിയല്ല, കൊച്ചിന്റെ ബ്ലോഗ് എല്ലാവരുടെയും മനസ്സില്‍ വരുന്ന കാലം വരട്ടെ....
ഇത്രേം പോരേ...;)
കൊച്ചുത്രേസ്സ്യേ,
അഭിനന്ദനങ്ങള്‍!
അരവിന്ദിന് നന്ദി. :)
ഒരുപാടെഴുതൂ (പറയൂ.. ചിലയ്ക്കൂ). അഗ്രഗേറ്ററില്ലാതെ തന്നെ വായിയ്ക്കുന്ന ബ്ലോഗാണ് ത്രേസ്സ്യയുടേത്.
കൊച്ചുത്രേസ്സ്യാ കൊച്ചേ എന്തൂട്ടാ ഇപ്പെ പറയാ, എല്ലാ അഭിനന്ദനങ്ങളും കൊച്ചുത്രേസ്സ്യ്യുടെ അമ്മക്കിരിക്കട്ടെ ഇതുപ്പോലൊരെണണത്തിനെ വളര്‍ത്തി വലുതാക്കീല്ലോ അതിനു കുറച്ചൊന്നുമല്ല പാവം കഷ്ടപ്പെട്ടിട്ടുണ്ടാവുക. എന്തായാലും കൊച്ചിനും ആശംസകളുടെ വിടര്‍ന്ന പൂക്കളിതാ
Kochu Tressia,
Kollatto...
ചേച്ചിയേ..
നമ്മളൊക്കെ എതാണ്ടൊരേ പ്രായമാണല്ലേ..കൊള്ളാല്ലോ..കൊച്ചുത്രേസ്യ എവിടെ കിടക്കുന്നു,ഈ പാവം ഞാന്‍ എവിടെ???
ആശംസകള് !!!!
" എന്നിട്ടും 'എന്റെ കാര്യം തീരുമാനിക്കാന്‍ താനാരെടോ' എന്നൊരു വെല്ലുവിളി പോലെ ഡോക്ടര്‍ കണക്കുകൂട്ടിയതിലും ഒരു മാസം മുന്‍പേ ഞാന്‍ ഈ ഭൂമിയിലേക്കു ലാന്‍ഡ് ചെയ്തു. വന്ന ഉടനെ ഒരുമാതിരി അലമ്പുപിള്ളേരെ പോലെ കരച്ചിലും ബഹളോമൊന്നുണ്ടാക്കീല; എന്തിന് ശ്വാസം വിടുന്നു പോലുമുണ്ടായിരുന്നില്ല "
കൊള്ളാം...കൊച്ചുത്രേസ്യ
നന്‍മകള്‍ നേരുന്നു
:)
'എന്റെ കാര്യം തീരുമാനിക്കാന്‍ താനാരെടോ' എന്നൊരു വെല്ലുവിളി പോലെ ഡോക്ടര്‍ കണക്കുകൂട്ടിയതിലും ഒരു മാസം മുന്‍പേ ഞാന്‍ ഈ ഭൂമിയിലേക്കു ലാന്‍ഡ് ചെയ്തു. വന്ന ഉടനെ ഒരുമാതിരി അലമ്പുപിള്ളേരെ പോലെ കരച്ചിലും ബഹളോമൊന്നുണ്ടാക്കീല; എന്തിന് ശ്വാസം വിടുന്നു പോലുമുണ്ടായിരുന്നില്ല (അന്നേ ഞാനൊരു ശാന്തശീലയായിരുന്നൂന്നര്‍ത്ഥം).
Soooppperr.. Innannu ivide ethiyathu.. sthiramaayi vaayikkan theerumanichu kazhinju :)
kollam kto,
ചില്ലിനു പകരം ൪(4), ൯(9) ഒക്കെ ഉപയോഗിക്കുന്ന ഒരു ആഫ്രിക്കക്കാരന്‍ ബ്ലോഗറെ അന്നേ കാര്യമായി ശ്രദ്ധിച്ചിരുന്നു. മൊത്തം ചില്ലറയല്ലാത്ത ഒരു ബ്ലോഗിന് ഒട്ടും നിരക്കാതെ അങ്ങനെതന്നെ പേരിട്ടതില്‍ കുറച്ചൊരു നീരസമുണ്ടായിരുന്നു എന്നു തോന്നുന്നു മനസ്സില്‍. ഞാന്‍ ഏറ്റവും മനസ്സിരുത്തി വായിച്ചിട്ടും ഏറ്റവും കുറച്ചുകമന്റുകള്‍ ഇട്ട ഒരു ബ്ലോഗാണ് അരവിന്ദന്റേത്.(ഏറ്റവും ആരാധനയോടെ അകന്നുമാറിനിന്നു തൊഴുമ്പോളാണങ്ങനെ പതിവ് - മികച്ച ചില ബ്ലോഗുകളിലൊക്കെ കമന്റിടാന്‍ പോലും സ്വയം അര്‍ഹതയില്ലെന്നുതോന്നും, അതുകൊണ്ട് മൌനമായി കട്ടുവായിച്ചുപോവും.) എന്നിട്ടും, പകുതി എഴുതി വല്ലാതെ ദീര്‍ഘിച്ചുപോയതിനാല്‍ പബ്ലിഷ് ചെയ്യാഞ്ഞ ഒരു പാടു കമന്റുകള്‍ എന്റെ ഡ്രാഫ്റ്റ് ഫോള്‍ഡറില്‍ ഇപ്പോഴും ഉറങ്ങിക്കിടക്കുന്നു.
ഇടയ്ക്കെവിടെയൊ വെച്ച് 1/2വിന്ദ൯ എഴുത്തുതീരെ നിര്‍ത്തി എന്നുതോന്നി.സങ്കടവും വന്നു. പൊതുവേ എഴുതാന്‍ മടിയനായ ഈയുള്ളവനുണ്ടോ പരാതി പറയാന്‍ അവകാശം?
എന്നാലും ഉറപ്പുണ്ടായിരുന്നു. എത്രനാള്‍ കഴിഞ്ഞാലും തേച്ചുമിനുക്കിയാല്‍ വീണ്ടും വെട്ടിത്തിളങ്ങുന്ന സ്വര്‍ണ്ണത്തളികകളുണ്ട് ആ ബ്ലോഗില്‍.
കൊച്ചുത്രേസ്യ ഗദ്ഗദത്തോടെ എഴുതിയിരിക്കുന്ന പ്രിമച്ച്വേര്‍ഡ് ആത്മകഥയുടെ ഒടുവിലെ ഭാഗം മനോഹരമായി മുഴുവിന്ദനിലേക്ക് സംക്രമിപ്പിച്ചതുകണ്ടപ്പോള്‍ എന്തോ ഒരു സന്തോഷം മനസ്സില്‍. മത്തയില്‍ നിന്നും മുളക്കുന്ന മത്തപോലെ, നല്ല എഴുത്ത് തിരിയില്‍ നിന്നും തിരി മാറി തീപ്പന്തങ്ങളായി ജ്വലിച്ചുയരുന്നതിന് ഇതിലും നല്ല വേറെ എന്തുണ്ട് ഉദാഹരണം!
1/2വിന്ദനോടു തുടര്‍ന്ന് എഴുതിക്കൊണ്ടേയിരിക്കാന്‍ പറയാനുള്ള ധൈര്യം
ഇനിയെങ്കിലും ഞാന്‍ സ്വരൂപിച്ചെടുക്കട്ടെ. ഒരു വായനക്കാരന്‍ എന്ന നിലയ്ക്കെങ്കിലും എന്റെ അപേക്ഷ മാനിയ്ക്കണേ അരവിന്ദേ!
ഒരുപാട് എഴുതുക ത്രേസ്യാകൊച്ചേ!!!!!
ആശംസകള്‍....
ഒന്നു കൂടി, ആളു ചുള്ളനാണെങ്കിലും അരവിന്ദേട്ടന്റെ ആ post എനിക്കത്ര ഇഷ്ടായില്ല :-(
എന്റെ ആസ്വാദനത്തിന്റെ കുറ്റമാവാം :-(
പക്ഷേ, ആ പോസ്റ്റ് മാത്രം :-)
നാട്ടിലായിരുന്നതിനാല്‍ സ്വല്പം താമസിച്ചു പോയ വാര്‍ഷികാശംസകള്‍ ത്രേസ്യേ..
എഴുത്തിന്റെ കാര്യത്തില്‍ ഞാനും ആരാധിക്കുന്നൊരു കക്ഷിയാണ് അരബിന്ദഗുരു. ദുബൈ അബുദാബി റോഡ് പോലെ നീണ്ട് കിടക്കുന്ന പോസ്റ്റുകള്‍ വായിക്കുമ്പൊഴെല്ലാം ചിരിച്ചു ചിരിച്ചു കണ്ണു നിറഞ്ഞിട്ടുമുണ്ട്..
:)
Aadyamaayanu evidam. ee post bhayankara eshtaayi. ullil thatti parayya ennokke parayaarillea.. athupole orithu. bhayankara eshtaayi ezhuthu. aasamsakal.
By
Malyalaathil eniyum type cheyyan padichittillatha ghaddi.
hello mam
kochuthresyakutiiiiiiiii
i love you sp much............
njanum oru blogokke star cheythittunde
ezhuthan mutti swhasavum pidichu nilkuvaaaaaaaaaa
malayalathil blogan ariyilledo?
avidnnum ividunnomokke.........
vamozhim varamozhim okke download cheythittundu......
ithine munpil kuthiyirunnu samayam kalayan tim illathathinal
menakkedan vayya allelum njanoru madichi kothayane
pinne oru laptop vangeetu thudangam blogging nna vichariche.......
thresyakuttikkenne help pannan pattumo?
pirikkutti ഇത്രേം വല്യ മടിച്ചിയായ ഞാന്‍ വരെ ബ്ലോഗുന്നു. പിന്നെയാ..
http://howtostartamalayalamblog.blogspot.com/
ദാ ഈ ലിങ്കില്‍ പോയാല്‍ മലയാളത്തില്‍ ബ്ലോഗാനുള്ള സൂത്രപ്പണിയൊക്കെ കിട്ടും. പിന്നേം സംശയമുണ്ടെങ്കില്‍ ധൈര്യമായി ചോദിക്കൂ..എന്തു സഹായത്തിനും ഞങ്ങളൊക്കെ ഇവിടില്ലേ :-))
ആരോഗ്യപ്രശ്നങ്ങള്‍ടെ ഒരു സൂപ്പര്‍മാര്‍ക്കറ്റോ, ഇപ്പോഴും അങ്ങനെ തന്നെയാ ? :))
അയ്യടാ 99 ഓ .. അപ്പൊ ദാാ 100 എന്റെ വക :)
Nannayi.. Keep the god spirit.Best of luck for your future posts also.
Good one.
ഞാനും ആദ്യം വായിച്ചത് അരവിന്ദേട്ടന്റെ ഒരു ബ്ലോഗ് ആയിരുന്നു... അതാണ് പിന്നീട് ബ്ലോഗിനെ കുറിച്ച് കൂടുതല്‍ അറിയണം എന്ന ചിന്ത എന്നില്‍ ഉണ്ടാക്കിയത്.. ഞാന്‍ അന്ന് വായിച്ചിരുന്നത് വേറെ വല്ല ബ്ലോഗും ആയിരുന്നെങ്കില്‍ ഒരുപക്ഷെ ഞാന്‍ അന്നേ നിര്‍ത്തിയേനെ... എങ്കില്‍ അതും എന്റെ നഷ്ടം ആയേനെ (ഞാന്‍ വന്നില്ല എന്ന് വെച്ച് അത് ബ്ലോഗിന് വല്യ നഷ്ടം ഒന്നും അല്ല എന്നറിയാം)... ഇവിടെ എത്തിയപ്പോള്‍ ഒരുപാട് നല്ല ബ്ലോഗുകള്‍ കണ്ടു...
കുട്ടാപ്പീടെ പുറകെ ഓടുന്നതിനൊപ്പം തന്നെ ഇടയ്ക്കിടയ്ക്ക് അപ്രതക്ഷ്യയായിക്കൊണ്ടിരിക്കുന്ന എന്നെ കണ്ടുപിടിക്കേണ്ട പണീം കൂടിയായപ്പോള്‍ മമ്മിയ്ക്ക് ജീവിതം ഏതാണ്ടൊക്കെ മതിയായി.
eniyku vayya. malayalathilezhuthanum, ithu vayichu chirichittum :)
Post a Comment