Saturday, January 26, 2008

ഒരു പാചക പരാക്രമം..

"വായിച്ചു വളരൂ ചിന്തിച്ചു പ്രബുദ്ധരാകൂ എന്നല്ലേ മഹാന്‍മാര്‍ പറഞ്ഞിട്ടുള്ളത്‌ .ഞാനൊന്നു പ്രബുദ്ധയായിക്കോട്ടെന്റെ മമ്മീ.."

"ആയിടത്തോളം മതി. നേരം നട്ടപ്പാതിരയായി...ബാക്കി നാളെ വായിച്ചാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല." എന്റെ എതിര്‍പ്പിനെ വകവെയ്ക്കാതെ മമ്മി പോയി ടി.വി. ഓഫ്‌ ചെയ്തു.

അവധിക്ക്‌ വീട്ടിലെത്തിയാലുള്ള എന്റെ പ്രധാനപരിപാടിയാണ്‌ 'മാസിക പെറുക്കല്‍'.എന്നു വച്ചാല്‍ ഞാന്‍ വീട്ടിലില്ലാതിരുന്ന സമയത്തുള്ള മാസികകള്‍,സണ്‍ഡേ സപ്ലിമെന്റുകള്‍, കസിന്‍പിള്ളേര്‍ വീട്ടിലിട്ടിട്ടു പോകുന്ന ബാലരമ-പൂമ്പാറ്റ ഇത്യാദികള്‍, എന്തിന്‌ ;കടയില്‍ നിന്ന്‌ സാധനം പൊതിഞ്ഞു തരുന്ന മംഗളത്തിന്റെയും മനോരമയുടെയും പേജുകള്‍ വരെ സമാഹരിക്കും. പക്ഷെ അതു മുഴുവനുമൊന്നും പകല്‍ വായിച്ചു തീര്‍ക്കാന്‍ പറ്റില്ല. വാചമടീം വായനയും കൂടി ഒന്നിച്ചു നടത്തിക്കൊണ്ടുപോകാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്‌.അതുകൊണ്ട്‌ രാത്രിയിലിരുന്നാണ്‌ മാരത്തോണ്‍ വായന. ഒരു കമ്പനിയ്ക്കു വേണ്ടി ടി.വീം ഓണ്‍ ചെയ്തു വെയ്ക്കും.ആകെമൊത്തം സംഭവം കുശാല്‍.അതാണ്‌ മമ്മി ഗുണ്ടായിസം കാണിച്ചു തടസ്സപ്പെടുത്തിയിരിക്കുന്നത്‌. ഇനീം പോയിക്കിടന്നുറങ്ങിയില്ലെങ്കില്‍ പ്രശ്നം ചിലപ്പോള്‍ പപ്പയുടെ അടുത്തേക്ക്‌ എസ്‌കലേറ്റ്‌ ചെയ്യപ്പെട്ടേക്കും. അതു കൊണ്ട്‌ ഞാന്‍ മനസ്സില്ലാമനസ്സോടെ ചാരുകസേരയില്‍ നിന്നെഴുന്നേറ്റ്‌ സ്ലോ-മോഷനില്‍ ഒന്നു നടു നിവര്‍ത്തി.എന്നിട്ടും മമ്മിയ്ക്കു പോകാനുള്ള ഭാവമൊന്നുമില്ല.എന്നെ വിശ്വാസമില്ലാത്തതു കൊണ്ടാവാം ; അവിടെ തന്നെ നില്‍ക്കുകയാണ്‌.ഞാന്‍ പോയീന്നുറപ്പു വരുത്തണമല്ലോ..

"മക്കളെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍..എന്തുകൊണ്ടെന്നാല്‍ സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാകുന്നു.." ഞാന്‍ ആരോടെന്നില്ലാതെ ഒരു ഉപദേശി സ്‌റ്റൈലില്‍ പറഞ്ഞു.

എന്നിട്ടും മമ്മീടടുത്തുന്ന്‌ ഒരനക്കവുമില്ല. എന്തോ ഒരു പന്തികേടുണ്ട്‌. ഇങ്ങോട്ടു വന്നപ്പോഴുള്ള ആ രൗദ്രഭാവമല്ല ഇപ്പോള്‍ ആ മുഖത്തുള്ളത്‌.നവരസങ്ങളിലൊന്നും പെടാത്ത ഏതോ ഒരു ഭാവം..അതും പോരാഞ്ഞ്‌ തളര്‍ന്ന പോലെ കസേരയിലേക്ക്‌ അങ്ങിരിക്കുകയും കൂടി ചെയ്തപ്പോള്‍ എനിക്കു ശരിക്കും ടെന്‍ഷനായി..

"എന്തു പറ്റി..മമ്മീ സുഖമില്ലേ?"

"നീ മിണ്ടരുത്‌..ഓരോന്നൊക്കെ വന്നു കേറിയാല്‍ പിന്നെ ബാക്കിയുള്ളവരുടെ പണിയൊന്നും നടക്കില്ല.." മമ്മി ഒറ്റ പൊട്ടിത്തെറിക്കല്‍.

എന്നെയാണുദ്ദേശിച്ചതെന്ന്‌ പകല്‍ പോലെ വ്യക്തം.

"അതിനു ഞാനെന്തു മഹാപാപമാ ചെയ്തത്‌!!!"

"നിന്നോടു വര്‍ത്തമാനം പറഞ്ഞിരുന്നിട്ടല്ലേ ഞാനതങ്ങു മറന്നു പോയത്‌"

"ഏത്‌??"

"ഇഡ്ഡലിയ്ക്ക്‌ അരച്ചു വെയ്ക്കാന്‍.." എന്തോ അത്യാഹിതം സംഭവിച്ചതു പോലെയാണ്‌ പറച്ചില്‍..

സത്യം പറഞ്ഞാല്‍ എനിക്കു ചിരി കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റീല്ല.അതും കൂടി കണ്ടപ്പോള്‍ മമ്മീടെ ദേഷ്യം ഇരട്ടിയായി.

"മതീടീ ചിരിച്ചത്‌..എന്നാപിന്നെ നീ ആ അടുക്കള വഴിയൊക്കെ കറങ്ങി നടക്കുന്നുണ്ടായിരുന്നല്ലോ..അതൊന്നെടുത്ത്‌ അരച്ചു വെച്ചുകൂടായിരുന്നോ?"

"വെയ്കാമായിരുന്നു..പക്ഷെ ഞാന്‍ അരച്ചിട്ട്‌ ആ മാവുംകൊണ്ടുണ്ടാക്കുന്ന ഇഡ്ഡലിയ്ക്ക്‌ മമ്മിയുണ്ടാക്കുന്നതിനേക്കാള്‍ ടേസ്റ്റ്‌ വന്നാലോ!!അതിന്റെ പേരില്‍ മമ്മിയ്ക്കൊരു പെരുന്തച്ചന്‍ കോംപ്ലക്സുണ്ടാകുന്നത്‌ എനിക്കു സഹിക്കാന്‍ പറ്റില്ല.." പണിയെടുക്കാതിരിക്കാന്‍ ഇതല്ല ഇതിനപ്പുറത്തെ കാരണവും ഞാന്‍ കണ്ടുപിടിയ്ക്കും.

അതിനു മറുപടിയൊന്നും കിട്ടിയില്ല.

"സാരമില്ലെന്നേ.. നമ്മളു മാത്രമല്ലേയുള്ളൂ..നാളെ എന്തെങ്കിലുമൊക്കെ ഉണ്ടാക്കിയാല്‍ മതി." ഞാന്‍ മമ്മിയെ ആശ്വസിപ്പിച്ചു.

"എന്നാലും നീ ഇഡ്ഡലി വേണമ്ന്നു പറഞ്ഞിട്ട്‌...."മമ്മി സെന്റി മോഡിലെക്കു പോവുകയാണ്‌

"അയ്യോ..അത്‌ ഇന്നു മൂന്നു നേരോം പുട്ടു കഴിച്ചതു കൊണ്ട്‌ ഒരു ചെയ്ഞ്ചായിക്കോട്ടേന്നു കരുതി പറഞ്ഞതാണേ. ഞാന്‍ നാളെ വല്ല ബ്രഡും കഴിച്ചോളാം..:"

"എന്നാലും എന്റെയൊരു മറവി.. എടീ ഇതിനി ആ മറന്നു പോകുന്ന അസുഖമില്ലേ,അതെങ്ങാനുമാണോ? " മമ്മിയ്ക്ക്‌ ടെന്‍ഷനടിയ്ക്കാന്‍ ഒരു കാരണവും കൂടി കിട്ടി.

"ഏയ്‌ അതൊന്നുമല്ല..ഇതു മറ്റേ അസുഖമാ.."ഞാന്‍ വളരെ സീരിയസായി പറഞ്ഞു.

"ഏത്‌??"

"അതു തന്നെ..പക്ഷപാതം.അതായത്‌ ഇപ്പോള്‍ എന്റെ സ്ഥാനത്ത്‌ മമ്മീടെ പുന്നാരമോനോ പുന്നാരമോളോ ആണ്‌ ഇഡ്ഡലി ചോദിക്കുന്നതെന്നു വിചാരിക്ക്‌..നാളെ വരെ കാത്തു നില്‍ക്കാതെ മമ്മി വേണമെങ്കില്‍ ഇന്നു രാത്രീലേ ഉണ്ടാക്കി വെയ്ക്കുമായിരുന്നില്ലേ..ങ്‌ഹാ..ആര്‍ക്കും വേണ്ടാതെ ആ രണ്ടെണ്ണത്തിന്റേയും ഇടയ്ക്ക്‌ 'ഫില്‍ ഇന്‍ ദ ബ്ലാങ്‌ക്‍സ്‌' പോലെ വന്നുണ്ടായതല്ലേ ഞാന്‍.ഇത്രേമൊക്കെയെ ഞാന്‍ പ്രതീക്ഷിക്കുന്നുള്ളൂ മമ്മീ.."ഡയലോഗിനു ശേഷം ഒരു ദീര്‍ഘനിശ്വാസവും കൂടി വിട്ടപ്പോള്‍ സംഭവം ജോറായി.

ഇതു സ്ഥിരം നടക്കുന്ന കലാപരിപാടിയായതു കൊണ്ട്‌ മമ്മിയ്ക്ക്‌ വെല്യ ഭാവവ്യത്യാസമൊന്നുണ്ടായില്ല.

"അതേടീ നിന്നെ ഞാനിവിടെ പട്ടിണിക്കിടുവല്ലായിരുന്നോ..ചുമ്മാ വാചകമടിയ്ക്കാതെ നാളെയെന്തുണ്ടാക്കുംന്ന്‌ പറ.."

"ഒന്നു പോയി കിടക്കെന്റെ മമ്മീ..നാളത്തെ കാര്യം നാളെയല്ലേ..അതിന്‌ ഇന്നേ ആലോചിച്ച്‌ തല പുണ്ണാക്കുന്നതെന്തിനാ..അല്ലെങ്കിലും ഈ അമ്മവര്‍ഗം ഇങ്ങനെയാ.ഒരു പ്രതിസന്ധിഘട്ടം വന്നാല്‍ എന്തു ചെയ്യണമെന്നറിയില്ല" ഞാന്‍ വെറുതേ ഒരു പ്രസ്താവന നടത്തി.

"എന്നലൊരു കാര്യം ചെയ്യ്‌.. എന്റെ പൊന്നുമോള്‌ രാവിലെ എഴുന്നേറ്റ്‌ വല്ലതുമുണ്ടാക്ക്‌. പ്രതിസന്ധിഘട്ടത്തില്‍ എങ്ങനെയാ പെരുമാറേണ്ടതെന്നു ഞാനൊന്നു കണ്ടുമനസ്സിലാക്കട്ടെ.."

ഇതിപ്പോ വെളുക്കാന്‍ തേച്ചതു പാണ്ടായതു പോലെയായി.പക്ഷെ പിന്‍മാറാന്‍ പറ്റില്ല.ഈ വെല്ലുവിളിയേറ്റെടുത്ത്‌ മകള്‍വര്‍ഗത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കേണ്ട ചുമതലയെനിക്കുണ്ട്‌.

"ശരി നമുക്കു കാണാം.."

ഞാനങ്ങനെ ചുമ്മാ പറഞ്ഞതല്ല.. എന്റെ പാചകഗുരുക്കള്‍ - . കൈരളി ടി.വീലെ ലക്ഷ്മിച്ചേച്ചിയും ഏഷ്യാനെറ്റിലെ പാചകപരിപാടി നടത്തുന്ന ഒരിത്താത്തയും- എന്നെ കൈവിടില്ലെന്നുറപ്പായിരുന്നു. പറ്റുമ്പോഴൊക്കെ അവര്‍ടെ പ്രോഗ്രാംസ്‌ ഞാന്‍ വായും പൊളിച്ചിരുന്ന്‌ കാണാറുണ്ട്‌..അതില്‌ ഇത്താത്ത ഒരിക്കല്‍ ഉണ്ടാകിയ വിഭവം ഇവിടെ കറക്ടായി ഫിറ്റാകും.ഞാന്‍ എല്ലം തീരുമാനിച്ചുറപ്പിച്ചു.

"നീയെന്താ ഉണ്ടാക്കാന്‍ പോകുന്നത്‌?" എന്റെ കോണ്‍ഫിഡന്‍സ്‌ കണ്ടപ്പോള്‍ മമ്മിയ്ക്ക്‌ ആകാംക്ഷ സഹിക്കാന്‍ പറ്റീല്ല.

"അതു നാളെ കണ്ടാല്‍ മതി..ഇപ്പഴെ പറഞ്ഞാല്‍ എന്നെ തോല്‍പ്പിക്കാന്‍ വേണ്ടി മമ്മി വല്ല പാരേം പണിതാലോ"

"എന്നാലും ഒന്നു പറയെടീ.."

"ഡോണ്ട്‌ വറി. ഒന്നുമില്ലേലും ഒരു ദിവസത്തെ പരിപ്പുകറിയെ പിറ്റേദിവസം സാമ്പാറാക്കി മാറ്റാനും ബാക്കിവരുന്ന ദോശയെ ഒരു കുഞ്ഞു പോലുമറിയാതെ ഉപ്പുമാവാക്കിമാറ്റാനുമൊക്കെ കഴിവുള്ള ഒരമ്മേടെ മോളല്ലേ ഞാന്‍..ആ കഴിവില്‍ ഒരു തരിയെങ്കിലും എനിക്കു കിട്ടാതിരിക്കുമോ.." ഞാന്‍ മമ്മിയെ ആശ്വസിപ്പിച്ചു..

"അതേടീ ഞാനിങ്ങനെയൊക്കെ പറ്റിക്കല്‍പരിപാടി കാണിച്ചിട്ടും നീയൊക്കെ ഒരു കുഴപ്പവുമില്ലാതെ ഇത്രേം വരെയൊക്കെയെത്തിയല്ലോ.." മമ്മി പിണങ്ങി.

"കളിയാക്കീതല്ല മമ്മീ.അതൊക്കെ കൊണ്ടല്ലേ ഞങ്ങള്‍ മൂന്നുപേര്‍ക്കും ഇത്ര പ്രതിരോധശക്തി..വിഷം കഴിച്ചാല്‍ പോലും ഏല്‍ക്കില്ല.."

അതിന്റെ മറുപടിയ്ക്കൊന്നും ഞാന്‍ കാത്തുനിന്നില്ല. ഓടി റൂമില്‍ കയറി കതകടച്ചു.

പിറ്റേ ദിവസം രാവിലെ തന്നെ മമ്മി വന്നു വിളിച്ചു.

"മമ്മീ പ്ലീസ്‌ കുതിര്‍ത്തു വെച്ച അരീം ഉഴുന്നുമൊക്കെ ഒന്നരച്ചുവെയ്ക്ക്‌..ഇഡലിയ്ക്കരയ്ക്കുന്നതു പോലെ..അപ്പഴെക്കും ഞാനങ്ങെത്തിയേക്കാം..." അത്രേം സമയം കൂടി ഉറങ്ങാലോ..

എന്തായാലും ഞാനടുക്കളയില്‍ പ്രവേശിച്ചപ്പോഴേക്കും പാവം മമ്മി ഇഡലിമാവൊക്കെ റെഡിയായാക്കിവെച്ചിട്ടുണ്ടായിരുന്നു.സമയം കളയാതെ ഞാന്‍ ഭരണം ഏറ്റെടുത്തു. ആദ്യം തന്നെ ഒരു കസേര വലിച്ചിട്ട്‌ മമ്മിയെ അവിടിരുത്തി.ശരിക്കും കണ്ടു പഠിക്കണമല്ലോ..

"ഏഷ്യാനെറ്റ്‌-ഇത്താത്തയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട്‌ പാചകം ആരംഭിച്ചു.. ആദ്യം തെന്നെ അരച്ചുവച്ച മാവിനെ കൃത്യം രണ്ടായി പകുത്ത്‌ രണ്ടു പാത്രങ്ങളിലായി സ്ഥാപിച്ചു. ഒരു ക്യാരറ്റെടുത്ത്‌ മിക്സീലടിച്ച്‌ ഒരു പാത്രത്തിലെ മാവില്‍ കലക്കി. പിന്നെ ഒരു ബീറ്റ്‌റൂട്ടെടുത്ത്‌ അരച്ച്‌ ബാക്കിയുള്ള മാവിലും കലക്കി.(അതിന്റെയൊക്കെ ജ്യൂസെടുത്തു ചേര്‍ക്കാനാണ്‌ ഇത്താത്ത പറഞ്ഞിരുന്നത്‌.. അതൊക്കെ ചിരണ്ടിപ്പിഴിഞ്ഞു ജ്യൂസെടുക്കാലൊക്കെ വെല്യ പാടല്ലേ..എളുപ്പവഴിയില്‍ ക്രിയ ചെയ്യുന്നതിന്റെ ഭാഗമായിട്ടണ്‌ അതിനെ മിക്സിയില്‍ അരച്ചെടുത്തത്‌)ഓകെ..ഇപ്പോള്‍ രണ്ടു കളറിലുള്ള മാവു കിട്ടി. ഇഡലി പാത്രമെടുത്ത്‌ അടുപ്പത്തു വച്ച്‌ അതിന്റെ കുഴിയിലൊക്കെ കുറച്ച്‌ എണ്ണ തടവി..(ഇങ്ങനെ ചെയ്തിലെങ്കില്‍ പാത്രത്തീന്നു വിട്ടു പോരാനൊക്കെ ഇഡലിയ്ക്കൊരു വിഷമമായിരിക്കും)

ആദ്യം ഒരു സ്പൂണ്‍ മാവെടുത്ത്‌ കുഴിയിലൊഴിച്ചു. അതു പകുതി വേവായപ്പോള്‍ ,അതായത്‌ വേവണോ വേണ്ടയോ എന്നുള്ള ആശയക്കുഴപ്പത്തില്‍ മാവിരിക്കുമ്പോള്‍ ,അതിന്റെ മുകളിലേക്ക്‌ കുറച്ചു ചിരവിയ തേങ്ങയും പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും മിക്സ്‌ ചെയ്ത്‌ സ്നേഹത്തോടെ വിതറി. എന്നിട്ട്‌ മറ്റേ കളറിലുള്ള മാവെടുത്ത്‌ അതിന്റെ മുകളിലെക്കൊഴിച്ച്‌ കുഴി നിറച്ചു..കഴിഞ്ഞു..സംഭവം പെട്ടെന്നു തന്നെ വെന്തു കിട്ടി. ഇഡലിതട്ടില്‍ നിന്ന്‌ ഒരു പാത്രത്തിലേക്കിട്ടിട്ട്‌` മനോഹരമായി നിരത്തി വച്ചു.കാണാനൊക്കെ നല്ല ഭംഗിയുണ്ട്‌.അതുകൊണ്ട്‌ ഞാനതിന്‌ 'സുന്ദരി ഇഡ്ഡലി' എന്നു പേരിട്ടു. ദാ താഴെ അതിന്റെ പോട്ടം.ഞാനിട്ട പേരു കറക്ടല്ലേ..ലുക്കില്‍ മാത്രമല്ലല്ലോ കാര്യം..വായില്‍ വെയ്ക്കാന്‍ കൊള്ളുന്നതാണോന്നു കൂടി നോക്കണ്ടേ.ഞാന്‍ ഒന്നെടുത്ത്‌ മമ്മിയ്ക്കു കൊടുത്ത്‌ അവിടെ മുഖത്തു വിരിയുന്ന ഭാവങ്ങളൊക്കെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരുന്നു. കഴിച്ചു കഴിഞ്ഞിട്ടും അവിടുന്ന്‌ അഭിപ്രായങ്ങളൊന്നും വരുന്നില്ല.

"നല്ല ടേസ്റ്റുണ്ടല്ലേ...അതല്ലേ, 'ഇത്രേം നല്ല ഒരു മോളെ കിട്ടാന്‍ മമ്മി എന്തു പുണ്യമായിരിക്കും ചെയ്തിട്ടുണ്ടാവുക' ആലോചിച്ചുകൊണ്ടിരിക്കുന്നത്‌. എനിക്കു മനസിലായി." ഞാന്‍ വെറുതേയൊന്ന്‌ മമ്മിയെ പ്രകോപിപ്പിച്ചു നോക്കി.

"കൊള്ളം കേട്ടോ..എനിക്കിഷ്ടപ്പെട്ടു.." വിധിപ്രഖ്യാപനം വന്നു.

ഹാവൂ അപ്പോള്‍ അതു സക്സസ്‌.പൊതുവേ മധുരമുള്ള സാധനങ്ങളെപറ്റിയൊന്നും മമ്മി അങ്ങനെ നല്ല അഭിപ്രായം പറയാത്തതാണ്‌.ഞാനും കുറച്ചെടുത്ത്‌ രുചി നോക്കി. 'കാക്കയ്ക്കും തന്‍കുഞ്ഞ്‌ പൊന്‍കുഞ്ഞ്‌' എന്ന പ്രതിഭാസം കൊണ്ടാണോന്നറിയില്ല;സംഭവം എനിയ്ക്കും ഇഷ്ടപ്പെട്ടു.വൈകുന്നേരം ചായേടെ കൂടെയൊക്കെ കഴിയ്ക്കാന്‍ പറ്റിയ സാധനം.

ഇനീം ഒന്നു രണ്ട്‌ ആള്‍ക്കാരിലും കൂടി ടെസ്റ്റ്‌ ചെയ്യണം. ഒരിഡ്ഡലിയെടുത്ത്‌ അടുത്ത വീട്ടിലെ രോഹിണിയേച്ചിക്കു കൊടുത്തു.അവിടുന്ന്‌ രണ്ട്‌ ഇരകളെ കൂടി ഒത്തുകിട്ടി. രോഹിണിയേച്ചീടെ പേരക്കുട്ടികളായ അപ്പൂം കുഞ്ഞാണീം ..സ്കൂളില്‍ പോകാനിറങ്ങിയ വഴിയ്ക്ക്‌ രണ്ടിനേം പിടിച്ചു നിര്‍ത്തി പരീക്ഷിച്ചു.

ഇനി ഫലപ്രഖ്യാപനം:

ഇഷ്ടപ്പെട്ടവര്‍ : 4 (മമ്മി,അപ്പു,രോഹിണിയേച്ചി,ഞാന്‍)

ഇഷ്ടപ്പെടാത്ത മൂരാച്ചികള്‍ : 1(കുഞ്ഞാണി).അത്‌ ഇഡ്ഡലിയോടുള്ള വിരോധം കൊണ്ടല്ല, എന്നോടുള്ള്‌ വിരോധം കൊണ്ടാണ്‌.ടി വി.റിമോട്ടിനെ ചൊല്ലി ഞങ്ങള്‍ക്കിടയില്‍ സാമാന്യം നല്ലൊരു പിണക്കം നിലവിലുണ്ട്‌.അതൊകൊണ്ട്‌ ആ വോട്ട്‌ ഞാന്‍ അസാധുവായി പ്രഖ്യാപിച്ചു. അല്ലെങ്കിലും 5 വയസ്സില്‍ താഴെയുള്ളവര്‍ക്കെവിടെയാ വോട്ടവകാശം!!

അങ്ങനെ അവസാനം ഒരു പീക്കിരി-അസാധുവോട്ടിനെതിരെ നാല്‌ യമണ്ടന്‍ വോട്ടുകളോടെ എന്റെ സുന്ദരി ഇഡ്ഡലി വിജയശ്രീലാളിതയായി..

അപ്പോള്‍ ശരി..ഇതു വായിച്ചു കഴിഞ്ഞാലുടനെ എല്ലാരും പോയി അരീം ഉഴുന്നും വെള്ളത്തിലിടൂ..അരച്ചുവെയ്ക്കാന്‍ മറക്കൂ.. എന്നിട്ട്‌ അടുത്ത ദിവസം രാവിലെ സുന്ദരി ഇഡ്ഡലികള്‍ ഉണ്ടാക്കൂ..എല്ലാര്‍ക്കും എന്റെ വക വിജയീ ഭവ..

എന്റെ പരാക്രമം കണ്ട്‌ മനസു മടുത്ത്‌ നമ്മുടെ അംന ഇതിന്റെ മറ്റൊരു വേര്‍ഷന്‍ ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. ഉപയോഗിച്ച ചേരുവകളൊക്കെ കണ്ടിട്ട്‌ അതിനു നല്ല രുചിയുണ്ടാകുമെന്ന്‌ ഉറപ്പാണ്‌.(ദൈവമേ ഇനിയിപ്പോ ഉഴുന്നിനു പകരം ബിരിയാണി അരി ഉപയോഗികണം എന്ന്‌ ഏഷ്യാനെറ്റിലെ ഇത്താത്ത പ്രത്യേകം പറഞ്ഞിരുന്നോ പോലും!!)

57 comments:

 1. കൊച്ചുത്രേസ്യ said...

  ഒരു വഴിയ്ക്കു പോകുന്നതല്ലേ..ഇതും കൂടി ഇവിടിരുന്നോട്ടെ..വിശക്കുകയാണെങ്കില്‍ എടുത്തു കഴിയ്ക്കാലോ :-)

 2. അനില്‍ശ്രീ... said...

  ഠേ..

  ഇനി ഇഢലി ഉണ്ടാക്കുംമ്പോള്‍ ഈ കളര്‍ പരീക്ഷണം നടത്താന്‍ ഭാര്യയോട് പറയാം,,,

  അല്ലെങ്കിലും സുന്ദരി എന്നു കേട്ടാല്‍ ആരാ വീണു പോകാത്തത്. കഴിക്കുന്ന ഇഢലി കൂടി സുന്ദരി ആയാല്‍ പിന്നെന്തു വേണം...

 3. Satheesh said...

  ഹൊ ആ ഫോട്ടോ കണ്ട് പേടിച്ച് പോയി.. തമിഴന്‍ ജിലേബി ഉണ്ടാക്കിയ മാതിരി തോന്നി!
  എന്തായാലും പാചകക്കുറിപ്പിനേക്കാളും ആ വോട്ടെടുപ്പും ഫലപ്രഖ്യാപനവുമാണ്‍ എനിക്കിഷ്ടപ്പെട്ടത്!

 4. കണ്ണൂരാന്‍ - KANNURAN said...

  സ്പീക്കര്‍ക്ക് വോട്ടോ? ഇതു ഫൌള്‍.. വീണതു വിദ്യയാക്കല്‍ കൊള്ളാം.

 5. Mr. K# said...

  കാരന്റും ബീറ്റ് റൂട്ടും മിക്സീലടിക്കുമ്പോള്‍ അതിന്റെ കൂടെ പഞ്ചസാര ചേര്‍ത്താല്‍ പോരേ. രണ്ടു കളറിലുള്ള മാവിനിടയില്‍ തൂവുന്നതിനേക്കാള്‍ അതല്ലേ എളുപ്പം.

 6. ശ്രീവല്ലഭന്‍. said...

  സുന്ദരി ഇഡ്ഡലി വളരെ photogenic ആണ് (photoക്ക് വേണ്ടി ജനിച്ചതെന്ന് മലയാളം). കൊള്ളാം പരീക്ഷണം...

 7. രാജഗോപാൽ said...

  there-is-a koche, sangathi adipoli..kurachu flat aayonnoru doubt.. costumes and expression colourful..

  i am an ardent fan of you, kochu thresia(others in my list are vishalji and briju and older kurumanji, and Rvind and idiwal. i didnt know that women can write humor - exceptions are priyamvada,kuttyedathi and bee-kochu) the day i write a comment in malayalam is somewhere around the corner..(held up in a jam!)

 8. Peelikkutty!!!!! said...

  ത്രേസ്യെ..കൊച്ചേ..നമിച്ചു മാഷേ!.. കുഞ്ഞുകാര്യം‌ ഇങ്ങനെ സുന്ദരമായി എഴുതിപിടിപ്പിക്കണേന്!!!..
  ഇഡ്ലി ഫോട്ടോജനിക് ആണ് പക്ഷെ ടേസ്റ്റ് ഉണ്ടാവോ എന്നൊരു ഡൌട്ട് ഉണ്ട് ;-)

 9. Unknown said...

  ഇതിനൊക്കെ എന്നാ പറയാനാ..കലികാലം..

  ആ പടം കൊള്ളാം കേട്ടോ..ഞാനും ഒന്നു പരീക്ഷിച്ചു നോക്കട്ടെ.ഇതിനു മുന്നത്തെ പരീക്ഷണങ്ങളുടെ കൊണവതികാരം കാരണം,അടുക്കളയുടെ ഏഴയലത്തു കേറ്റത്തില്ല.അടുത്ത സ്റ്റ്ഡിലീവിനു സുഹൃത്തിന്റെ വീട്ടീല്‍ കംബൈന്‍ സറ്റ്ഡിക്ക് പോകുമ്പോഴാട്ടെ..ഞാന്‍ തകര്‍ക്കും..

 10. പ്രയാസി said...

  ഐസുകട്ടേല്‍ പെയിന്റടിക്കുന്ന പാര്‍ട്ടിയാന്നു അറിയാരുന്നു..!

  ഇഡ്ഡലീല്‍ ഇങ്ങനൊരു കടും കൈ..!?

  നാലുപേരും എത്ര ദിവസം ആസൂത്രി കിടന്നു..!

  നന്നായി അവതരിപ്പിച്ചു..ഹാപ്പിയായ്..:)

 11. Unknown said...

  ഉമ്മയുടെ കയ്യും കാലും പിടിച്ചിട്ടാണെങ്കിലും അതുപോലെ ഞങ്ങളും ഒന്നുണ്ടാക്കി നോക്കി...സംഗതി തരക്കേടില്ല......ബട്ട്‌ ഒരു പ്രശ്നം......ഒരിത്തിരി കളര്‍ഫുള്‍ ആയോന്നൊരു ഡൗട്ട്‌.......ഒരു മാതിരി ബന്‍ഗാളികള്‍ നട്ടില്‍ പോകുംബോള്‍ ഉടുക്കുന്ന ഡ്രസ്സ്‌ പോലെ........പച്ച വിത്‌ കടും മഞ്ഞ ഷര്‍ട്ടില്‍ കാള പൊലും വിരണ്ടോടുന്ന ചുവപ്പ്‌ പാന്റ്സ്‌........

  മൊത്തത്തില്‍ നന്നായിരുന്നു ട്ടാ.....

 12. Teena C George said...

  ഹാവൂ... അവസാ‍നം കൊച്ചുത്രേസ്യ നോര്‍മ്മലായി!

  സഞ്ചാരസാഹിത്യങ്ങള്‍ മോശം എന്നല്ലാ... ഏങ്കിലും ഇതാ അടിപോളി... കുറച്ചുകൂടി നോര്‍മ്മലായിക്കോട്ടെ!!!

 13. krish | കൃഷ് said...

  "ഡോണ്ട്‌ വറി. ഒന്നുമില്ലേലും ഒരു ദിവസത്തെ പരിപ്പുകറിയെ പിറ്റേദിവസം സാമ്പാറാക്കി മാറ്റാനും ബാക്കിവരുന്ന ദോശയെ ഒരു കുഞ്ഞു പോലുമറിയാതെ ഉപ്പുമാവാക്കിമാറ്റാനുമൊക്കെ കഴിവുള്ള ഒരമ്മേടെ മോളല്ലേ ഞാന്‍..ആ കഴിവില്‍ ഒരു തരിയെങ്കിലും എനിക്കു കിട്ടാതിരിക്കുമോ.."

  ആഹാ.. ആ കഴിവാണല്ലേ ഇത്. ഇങ്ങനെ കഴിവ് കാണിച്ചാല്‍ ഇനി വരാന്‍ പോകുന്നോന്റെ കാര്യം കട്ടപ്പൊഹ!!!

  ആ ഇഡ്ഡ്ലലിയുടെ കളര്‍ കുറച്ച് കൂടിപ്പോയില്ലേ.. ഇത് നോര്‍ത്ത് ഇന്ത്യന്‍ പെണ്ണുങ്ങളുടെ ചുണ്ടില്‍ തേച്ച് പിടിപ്പിച്ച ചായം പോലെ !!!

 14. siva // ശിവ said...

  oh........

 15. ബിന്ദു said...

  കാണാനൊക്കെ ചുന്ദരി
  തന്നെ, :)പക്ഷേ ഒരു സംശയം. മാവു പുളിക്കാതെ ഇഡ്ഡലി ഉണ്ടാക്കിയാല്‍ അതിനു കല്ലുപോലെയിരിക്കില്ലേ?

 16. Anonymous said...

  ഈ ബിന്ദുവിന്റെ ഒരു കാര്യം .. അതിനിടയില്‍ കൊച്ചുത്രേസ്യ ഉറങ്ങാന്‍ പോയത് വായിച്ചില്ലേ... ഒന്നൊന്നര ദെവസം ഇടയ്ക്ക് ലാപ്സ് ആയത് റെക്കോഡില്‍ ഇല്ലാത്തതാ...

  കൊച്ചുത്രേസ്യാമ്മോ പാചകക്കുറിപ്പ് നന്നായി. കാര്യമായിട്ട് വല്ല സമരത്തിനും ഒക്കെ പോകുന്നവര്‍ക്ക് ബെസ്റ്റാ... ഈ കല്ലേറൊക്കെ ഔട്ട് ഓഫ് ഫാഷന്‍ ആയില്ലേ....


  എഴുത്ത് പതിവുപോലെ കിടു ;)

 17. പപ്പൂസ് said...

  തേങ്ങയും പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും മിക്സ്‌ ചെയ്ത്‌ സ്നേഹത്തോടെ വിതറി....

  കഴിക്കാന്‍ കൊള്ളാവുന്ന എന്തു കാര്യമായാലും നല്ല സ്നേഹമാണല്ലോ? വായും പൊളിച്ചിരുന്നു കാണുന്ന ഒരേയൊരു പരിപാടീം പാചകം തന്നെ, ല്ലേ? :)

  പരീക്ഷണം കസറി. ഫോട്ടോ കണ്ട് വിധി പറയാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ട് ഒന്നു പരീക്ഷിച്ചു നോക്കാം. പപ്പൂസും ആശുപത്രി കണ്ടിട്ട് കുറേ നാളായി...

 18. Eccentric said...

  4kollam thresyechy
  pakshe enikkaa iddali venda...pareekhanam swayam mathy :)

 19. ഭൂമിപുത്രി said...

  ത്രേസ്യയ്ക്കൊച്ചടുക്കളേല്‍ക്കേറീന്ന് കേട്ടപ്പളേഞാനിതു
  കണക്കാക്കിയതാ..
  തുമ്പപ്പൂപോലത്തെ ഇഡ്ഡലി
  മത്താപ്പുകത്തിയപോലെയാക്കിയെടുക്കൂന്നു

 20. ദിലീപ് വിശ്വനാഥ് said...

  സുന്ദരി ഇഡ്ഡലി.. ഹഹഹ.. ആപേര് എനിക്ക് ഇഷ്ടപ്പെട്ടു.
  എന്തായാലും ഒരു തെറ്റ് ഞാന്‍ കണ്ടുപിടിച്ചു. ഇന്നു മൂന്നു നേരം പുട്ട് ആയതുകൊണ്ട് നാളെ ഇഡ്ഡലി ആയിക്കോട്ടെ എന്നുള്ളിടത്ത് ആ സംഖ്യ തെറ്റിയോ?

 21. ഞാന്‍ ഇരിങ്ങല്‍ said...

  ത്രേസ്യയുടെ എഴുത്തിനെ ഇനിയും വര്‍ണ്ണീക്കാന്‍ ശ്രമിക്കുന്നില്ല.

  “ഇതോ ഇഡ് ലി..ചെറുബാല്യം വിടാത്ത കുഞ്ഞു പിള്ളേര്‍ക്ക് ആദ്യമായിട്ട് പഠിപ്പിക്കാന്‍ തുനിഞ്ഞതോ ..ഇഡ് ലി. കൊച്ചു ത്രേസ്യയെ ഇഡ് ലി ഉണ്ടാക്കിപഠിപ്പിക്കാന്‍.. ബൂലോകരായ ബൂലോകത്ത് ആരുമില്ല. ആരുമില്ല മക്കളേ.. മടങ്ങിപ്പോ.. വേണമെങ്കില്‍ ഒരു ഇഡ് ലികൂടെ കഴിച്ച് കൈയ്യും മുഖവും കഴുകി മടങ്ങിപ്പോ...”

  സ്നേഹപൂര്‍വ്വം
  ഇരിങ്ങല്‍

 22. മന്‍സുര്‍ said...

  കൊച്ചു ത്രേസ്യാകൊച്ചേ

  നന്നായിട്ടുണ്ട്‌......

  നന്‍മകള്‍ നേരുന്നു

 23. പ്രിയംവദ-priyamvada said...

  divorce അനുവദിച്ചുകിട്ടാനുള്ള കാരണങ്ങളില്‍ ഇനി പാചകപീഡനം കൂടി ചേര്‍ക്കുമായിരിക്കുമോ? ഭയമാവുന്നു k.ത്രേസ്യാ :)))

 24. കൊച്ചുത്രേസ്യ said...

  അനില്‍ശ്രീ ധൈര്യമായി പരീക്ഷിച്ചു നോക്കൂ..ഇങ്ങനെയൊക്കെയല്ലേ നമുക്ക്‌ ഓരോ പുതിയ പാഠങ്ങള്‍ പഠിക്കാന്‍ പറ്റൂ :-)

  സതീഷേ ശരിയാണ്‌..കണ്ണിന്റെ ഫ്യൂസടിച്ചു പോകുന്ന തരം കളറാണ്‌.. ഉപമ കൊള്ളാം ഹി ഹി ..

  കണ്ണൂരാനേ വോട്ടര്‍മാരുടെ എണ്ണം കുറവായതു കൊണ്ടാണ്‌ സ്പീക്കര്‍ക്കും ഒരു വോട്ടാറായി അധപതിക്കേണ്ടി വന്നത്‌ :-(

  കുതിരവട്ടാ അങ്ങനെം ചെയ്യാമായിരിക്കും. പക്ഷെ ആ തേങ്ങ അതിനിടയ്ക്കിരികുന്നതു കാണാം ഒരു പ്രത്യേക ഭംഗിയാണു കേട്ടോ..

  ശ്രീവല്ലഭാ, rajji താങ്ക്സുണ്ടേ

  പീലി ടേസ്റ്റിന്റെ കാര്യത്തില്‍ ഇതിനെ നമ്മടെ പഴമ്പൊരീടെം ഉണ്ണിയപ്പത്തിന്റേം ഒക്കെ വാലില്‍ പോലും കെട്ടാന്‍ കൊള്ളില്ല..പക്ഷെ അടേം കൊഴുക്കട്ടേം ഒക്കെയായി കംപയര്‍ ചെയ്യുകയാണെങ്കില്‍ അത്ര പിന്നോട്ടല്ല..

  മൃദുല്‍ ഒന്നു രണ്ടു പരീക്ഷണങ്ങള്‍ പരാജയപ്പെട്ടൂന്നു കരുതി പിന്‍മാറരുത്‌.പതറാതെ മുന്നോട്ടു പോകൂ..ബൈ ദെ ബൈ, ആ സുഹൃത്തിനോടുള്ള വിരോധം പറഞ്ഞു തീര്‍ത്താല്‍ പോരേ..ഇങ്ങനെയൊരു കടുംകൈ വേണോ ;-)

  പ്രയാസീ വേണമ്ന്നു വച്ചാല്‍ ഐസുകട്ടേലും പെയിന്റടിയും എന്നു കേട്ടിട്ടില്ലേ..

  ജാബു താങ്ക്സ്‌..കളറിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. ആ ബീറ്റ്‌റൂട്ട്‌ ചുമ്മാ ഒന്നു സൈഡിലൂടെ പോയാല്‍ പോലും നല്ല കളറായിരിക്കും..അപ്പോള്‍ അത്‌ അരച്ചു ചേര്‍ത്താലുള്ള കാര്യം ഊഹിച്ചൂടേ..

  ടീനാ താങ്ക്സേ

  കൃഷേ ഡോണ്ടൂ ഡോണ്ടൂ ..കേട്ടാന്‍ പോകുന്നവന്റെ മഹാഭാഗ്യം എന്നു പറയൂ :-(

  ശിവകുമാര്‍ ഇതെന്താ..ഞെട്ടല്‍ രേഖപ്പെടുത്തീതാണോ??

  ബിന്ദു ശരിയാണ്‌ ഇത്‌ അത്ര സോഫ്റ്റ്‌ ആയിരിക്കില്ല.. എതാണ്ട്‌ ഉഴുന്നപ്പത്തില്‍(പെസഹാ അപ്പം) മധുരം ചേര്‍ത്ത മാതിരിയാണ്‌..

  ഗുപ്താ അടി അടി ഒരു പാചകറാണിയെ കളിയാക്കുന്നോ..ഇതിലും ഭീകരമായ പരീക്ഷണങ്ങള്‍ക്ക്‌ ഇരയാകാനുള്ള ഭാഗ്യം ഗുപ്തനുണ്ടാവട്ടേന്ന്‌ ഞാന്‍ ശപിക്കുന്നു..

  പപ്പൂസേ ഭക്ഷണത്തെ സ്‌നേഹിച്ചില്ലെങ്കില്‍ ജീവിക്കാന്‍ പറ്റുമോ..പിന്നെ ടി.വീലെ പാചകപരിപാടികള്‍ എനിക്കു ശരിക്കും ഒരുപാടിഷ്ടമാണ്‌.കാണുമ്പോള്‍ തന്നെ വയറു നിറയും :-)

  eccentric നന്ദി

  ഭൂമിപുത്രീ ആ തുമ്പപ്പൂ-മത്താപ്പ്‌ സംഭവം എനിക്കിഷ്ടപ്പെട്ടു കേട്ടോ :-)

  വാല്‍മീകീ നമ്പര്‍ ഒക്കെ കറക്ടാണ്‌..രാവിലെ പുട്ടും കടലേം,ഉച്ചയ്ക്ക്‌ പുട്ടും ചെമ്മീന്‍ചമ്മന്തീം, രാത്രിയ്ക്ക്‌ പുട്ടും വാഴയ്ക്കാ തോരനും- മൂന്ന്‌ ആയില്ലേ..

  ഇരിങ്ങലേ എന്താ ഡയലോഗ്‌!!ഒരു കടത്തനാടന്‍ ഇഡ്ഡലി ഉണ്ടാക്കാന്‍ പഠിപ്പിച്ചിട്ടു പോകൂന്നേ..

  മന്‍സൂര്‍ നന്ദി..

  പ്രിയംവദാ പാചകപീഡനം അവിടെ നില്‍ക്കട്ടേ, 'വാചക'പീഡനം divorce-ന്റെ പരിധിയില്‍ വരുമോ?? ഇതറിഞ്ഞിട്ടു വേണം കല്യാണം കഴിക്കണോ വേണ്ടയോന്ന്‌ തീരുമാനിക്കാന്‍ :-)

 25. കാട്ടുപൂച്ച said...

  കൊച്ചുത്രേസ്യക്കൊച്ചെ, അറിയാന്മേലാഞ്ഞിട്ട് ചോദിക്കുവ പപ്പടം വറുക്കാൻ അറിയാമോ?? :))))

 26. മറ്റൊരാള്‍ | GG said...

  "കൊള്ളം കേട്ടോ..എനിക്കും ഇഷ്ടപ്പെട്ടു.."

 27. ഷാഫി said...

  ഇതു പാചകമോ
  പാതകമോ?

 28. കുഞ്ഞായി | kunjai said...

  ഇഡ്ഡലിയുടെ ആഫ്റ്ററിഫക്റ്റ്:മമ്മിയുടെ മറവിരോഗം ഗമ്പ്ലീറ്റ് മാറികിട്ടി..ഇനി അഥവാ മറന്നാല്‍ (ദു)സ്വപ്നത്തില്‍ സുന്ദരി ഇഡ്ഡലി വന്ന് വിളിച്ചുണര്‍ത്തും ..

 29. Vidheyan said...

  പിഞ്ചുമനസ്സില്‍ കള്ളമില്ലെന്നാണ്‍ പഴം ചൊല്ല് ,നാലു വോട്ട് കിട്ടിയതിനേക്കാള്‍ ഉപരി ആ പിഞ്ചു മനസ്സിന്റെ വോട്ടിനാണോ കൂടുതല്‍ പ്രാധാന്യം...ഈ ഉള്ളോന്റെ എളിയ ബുദ്ധിയില്‍ ഉദിച്ച ഒരു സംശയം മാത്രമാണ്

 30. d said...

  ഹയ്യോ! സുന്ദരിയെ കണ്ടിട്ട് കണ്ണ് അടിച്ചുപോയെന്നാ തോന്നുന്നെ.. എന്തൊരു കളറ്!!

 31. Sethunath UN said...

  കൊടു കൈ!
  ഹം! :)

 32. കാര്‍വര്‍ണം said...

  ഇത് ഇഡ്ഡലി അല്ല ഇതാണു സൂഡ്ഡലി

 33. വിന്‍സ് said...

  എന്താ കൊച്ചുത്രേസ്യേ ഇതു? അവധിക്കു വല്ല എല്ലും കപ്പയുമോ, പോട്ടി ഉലത്തുകയോ ഒക്കെ ചെയ്യാന്‍ ഉള്ളതിനു ഇതെന്നാതാ കളറിഡ്ഡിലി.

  പിന്നെ ‘അവധിക്ക്‌ വീട്ടിലെത്തിയാലുള്ള എന്റെ പ്രധാനപരിപാടിയാണ്‌ 'മാസിക പെറുക്കല്‍' :) :) :)

  നാട്ടില്‍ ചെല്ലുമ്പോള്‍ ആണു മാസങ്ങളോളം പഴക്കം ഉള്ള മനൊരമ വീക്കിലി ഒക്കെ വായിക്കുക. എന്നിട്ടു പോവുന്നതു വരെ ഉള്ള വെള്ളികളില്‍ പുതിയ ലക്കവും വാങ്ങും.

 34. Murali K Menon said...

  കൊച്ചുത്രേസ്യയുടെ പാചകങ്ങള്‍ എന്ന ഒരു ബുക്ക് അടുത്തു തന്നെ പ്രസിദ്ധീകരിക്കുമോ?
  :))

 35. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്: പരാക്രമം അല്ല അതിക്രമം. പേര് വേണേല്‍ ‘ഇഡ്ഡജിലേബി ‘ എന്നോ ‘ഇഡ്ഡലിജേബി’ എന്നോ ഇട്ടോ..

  “കൊള്ളം കേട്ടോ..എനിക്കിഷ്ടപ്പെട്ടു.." വിധിപ്രഖ്യാപനം വന്നു.

  എന്നാലും മമ്മിയെ സമ്മതിച്ചിരിക്കുന്നു. മുഖത്ത് നോക്കി കള്ളം പറയാനുള്ള കഴിവേ!!!!!

 36. നവരുചിയന്‍ said...

  ഈ കളര്‍ മാറ്റാന്‍ എന്താ വഴി ???
  ഒരു പച്ച നിറത്തിന് പാവയ്ക ഒന്ന് പരിഷിചാലോ ??

 37. കൊച്ചുത്രേസ്യ said...

  കാട്ടുപൂച്ചേ പിന്നില്ലേ..ആദ്യത്തെ രണ്ടു-മൂന്നു പപ്പടമൊക്കെ സ്‌റ്റെയിലായി വറുക്കും..അതു കഴിയുമ്പോള്‍ പിന്നെ മിക്കതും നീഗ്രോപപ്പടങ്ങളായിപ്പോകും :-(

  മറ്റൊരാളേ താങ്ക്സ്‌

  ഷാഫീ ഇഷ്ടമുള്ളതു വിളിച്ചോളൂ :-)

  കുഞ്ഞായീ അതെനിക്കിഷ്ടപ്പെട്ടു..

  നിഷാദ്‌ കാര്യമൊക്കെ ശരി തന്നെ..പക്ഷെ ആ പിഞ്ചുമനസ്സിന്റെ ഉദ്ദേശ്യശുദ്ധിയില്‍ എനിക്കു സംശയമുണ്ടായിരുന്നു. അതാ വോട്ട്‌ അസാധുവാക്കീത്‌..

  വീണേ അത്രെം കളറൊക്കെ വേണം.എന്നാലല്ലേ എല്ലാരുമൊന്ന്‌ ശ്രദ്ധിക്കൂ..

  നിഷ്കൂ കൈയൊന്നും തരാന്‍ പറ്റില്ല ഇതാ ഒരു താങ്ക്സ്‌ പിടിച്ചോ :-)

  കാര്‍വര്‍ണ്ണമേ സ്നേഹത്തോടെ അങ്ങനേം വിളിക്കാം..

  വിന്‍സേ എന്തായിത്‌ !!ഞാന്‍ മാംസാഹാരം തൊടുക പോലുമില്ലെന്ന്‌ അറിയില്ലേ (ഗ്ലും ഗ്ലും)

  മുരളിമാഷേ അങ്ങനൊരു കടുംകൈ വേണോ..

  ചാത്താ അങ്ങനെയെങ്കിലും ഞാനൊന്ന്‌ അടുക്കളയില്‍ കയറിക്കോട്ടേന്നു കരുതിയല്ലേ മമ്മി പ്രോത്സാഹിപ്പിച്ചത്‌..

  നവരുചിയാ പാവയ്ക്ക വേണ്ട കയ്പ്പാകും. ഏഷ്യന്‍ പെയിന്റ്സിന്റെ പച്ചപ്പെയിന്റെടുത്തൊന്ന്‌ പരീക്ഷിച്ചാലോ.അതാവുമ്പോ ഇഷ്ടമുള്ള ഷെയ്ഡ്‌സും കിട്ടും :-)

 38. Mary said...

  Dear,

  Luv reading ur blog. Sorry, I dont have malayalam installed in my PC.
  waiting for the next one.

 39. ശ്രീ said...

  ഇവിടെ വരാന്‍‌ ലേറ്റായതൊന്നുമല്ല, മന:പൂര്‍‌വ്വമാ.

  കാരണം പരീക്ഷണമാണല്ലോ. ആദ്യം കമന്റിട്ട് ഇഡ്ഢലിയും വിഴുങ്ങി പോയ ബ്ലോഗേഴ്സ് രണ്ടു മൂന്നു ദിവസത്തേയ്ക്ക് എങ്ങനാ പെരുമാറുന്നേ എന്നറിഞ്ഞിട്ടാകാം എന്റെ പങ്ക് ശാപ്പിടുന്നതെന്നു കരുതി.

  എന്തായാലും മൂന്നാം പക്കവും കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി മനസ്സമാധാനത്തോടെ രണ്ട് ദൊഡ്ഢലി (എന്തൂട്ടാ ഇതിന്റെ പേര് ആവോ) പോരട്ടേ...
  (തരില്ല, സ്റ്റോക്ക് തീര്‍ന്നു എന്നൊന്നും പറയാന്‍‌ പാടില്യാട്ടോ)

  ഇനി ഒരു ഡൌട്ട്:
  എന്നാലും സോഫ്റ്റ് ആയ ഇഡ്ഢലിയാണ്‍ സ്വാദ്. പക്ഷേ തലേ ദിവസം അരച്ചു വച്ച മാവ് ഉപയോഗിച്ചാല്‍- പുളി രസം ഉണ്ടാകുമായിരിയ്ക്കുമല്ലേ? അതാണോ അപ്പോ തന്നെ മാവ് അരച്ചെടുത്ത് ഉപയോഗിയ്ക്കുന്നത്?

 40. ഗീത said...

  ചിരിയുണര്‍ത്തും ബ്ലോഗുകളിലൊന്നാണ് കൊച്ചുത്രേസ്യയുടേതെന്ന് എവിടെയോ വായിച്ചു.
  സംഗതി പാചകമാണെങ്കിലും ഈ പോസ്റ്റ് ചിരിയുണര്‍ത്തുകതന്നെ ചെയ്തു.

  ആദ്യ സന്ദര്‍ശനമാണിവിടെ.
  രസിച്ചു.

 41. അനൂപ് said...

  പത്തു നൂറു രൂപേടെ അരീം ഉഴുന്നും മാത്രല്ല...ഒരു പത്തു നാല്പതു രൂപേടെ കാരറ്റ് ഉം ബീറ്റ്രൂടും പോരാത്തതിന് പഞ്ചാരേം എണ്ണയും ഗ്യാസും ഒക്കെ ആവി ആയി ഇഡ്ഡലി കുട്ടകത്തീന് പോണത് കണ്ടിട്ടു സഹിക്കാഞ്ഞിട്ടവും അമ്മ "കസറി മോളെ" എന്ന് പറഞ്ഞത്...പാവം...
  ഇതിപ്പോ തന്നെ അടുക്കളെ കേറി പരീക്ഷിക്കാന്‍ നിര്‍വാഹമില്ല... തിരിചെത്തിയിട്ടു ഞാനും അനിയന്‍ കുട്ടി അദ്ദേഹവും ഒന്ന് അവലോകനം നടത്തട്ടെ... (എന്ന് പറഞ്ഞാല്‍ സംഗതി അവനോട് അവതരിപിക്കട്ടെ..) എന്റെ അടുക്കള ട്രാക്ക് റെക്കോഡ് ഇത്തിരി മോശാ...അടുക്കലേല്‍ അവന്മാര്‍ ഒരു വര വരച്ചിട്ടുണ്ട്‌...അതു കടന്നാല്‍ ചെരവക്ക് തലക്കടിക്കും എന്നാ പറഞ്ഞെക്കുന്നെ...:(..."അതൊന്നും വക വെക്കണ്ട...കണ്ണും പൂട്ടി കേറിക്കോ എന്ന് പറയല്ലേ ത്രേസ്യെ"...അവന്മാര്‍ അടിക്കും ന്നു പറഞ്ഞ അടിക്കും...:(

 42. Mohanam said...

  ഇതു കൊള്ളാല്ലൊ......

 43. മൃദുല said...

  kochuthresyaayude oaachakam ishtapettu

 44. ഷാനവാസ്‌ ഇലിപ്പക്കുളം said...

  ത്രേസ്യക്കൊച്ചേ, സത്യം പറ ഈ ഫോട്ടം സത്യത്തില്‍ ആരുണ്ടാക്കിയ സുന്ദരി ഇഡ്ഡലിയുടേതാ? :) പാചകക്കുറിപ്പ്‌ അസ്സലായിട്ടുണ്ട്‌. പരീക്ഷിച്ചുനോക്കാം, വല്ല വൈരാഗ്യമുള്ളവരും വിരുന്നുകാരായി വരട്ടെ.

  പിന്നെ ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ അറിയുന്നതുപോലെ അവിടെ മറുപടി ഇട്ടിട്ടുണ്ട്‌, അപ്പോള്‍ മേട്ടൂരേക്ക്‌ പോയി വന്ന് ഒരു യാത്രാവിവരണവും കൂടി പ്രതീക്ഷിക്കട്ടേ?

 45. Unknown said...

  .

  “വ്യത്യസ്തയായൊരു ‘കുക്കായ‘ ത്രെസ്യയെ.....
  സത്യത്തിലാരും തിരിച്ചറിഞ്ഞില്ല....“

  എന്നാലും മമ്മിയെ സമ്മതിച്ചിരിക്കുന്നു.... എന്തൊക്കെ സഹിക്കണം..... പാവം മമ്മി...

  .

 46. കാനനവാസന്‍ said...

  മള്‍ട്ടിക്കളര്‍ ഇഡ്ഡലി കൊള്ളാം....സൂപ്പറായി.
  ഇതൊന്നു പരീക്ഷിച്ചുനോക്കീട്ട് തന്നെ കാര്യം....
  :)

 47. കുറുമാന്‍ said...

  കളറിഡലി കൊള്ളാല്ലോ.........പഞ്ചസാരക്ക് പകരം, പച്ചമുളം, ചെറിയുള്ളിയും ഉടച്ചത് ചേര്‍ത്ത് ഞാനുമൊന്ന് പരീക്ഷിക്കൂന്നുണ്ട്. അല്പം പാലക്ക് അരച്ച് ചേര്‍ത്ത് പച്ചകളറിഡ്ഡലിയും ഞാന്‍ ഉണ്ടാക്കും.

 48. G.MANU said...

  ട്വന്‍‌റി ഏയ്‌ട്തിനു ട്രൈ ചെയ്തു... ഓണ്‍ ലീവ് ഓണ്‍ ട്വന്‍‌റി നൈന്‍..

  ബോസ് : മണ്ഡേ ബ്ലൂസ് മനൂ..........
  ഞാന്‍ : ത്രേസ്യക്ക് മണ്ഡേ എന്നൊരു പേരുണ്ടോ എന്നറിയില്ല മാഡം..മണ്ടി എന്നൊന്നുണ്ടെന്നറിയാം....

 49. ലേഖാവിജയ് said...

  കൊച്ചുത്രേസ്യയുടെ എഴുത്ത് രസകരം.മാവ് അരച്ച് കഴിഞ്ഞാല്‍ പുളിക്കാന്‍ അനുവദിക്കാതെ ഉടനെ ഉണ്ടാക്കണമെന്നുണ്ടോ?എന്തായാലും ഇതൊന്നു പരീക്ഷിക്കണമെന്നുണ്ട്..പക്ഷേ..
  പിന്നെ,പാലക്കും തക്കാളിക്കയും സാമ്പാര്‍പൊടിയും ചേര്‍ത്ത് വഴറ്റിയതില്‍ ഇഡ്ഡലി മിക്സ് ചെയ്യുന്ന കാര്യമാണോ ശ്രീ കുറുമാന്‍ ഉദ്ദേശിച്ചത്?

 50. Shoji Mathew said...

  luck of ur would be husband of good idly of color and of red rice etc of and of

 51. കൊച്ചുത്രേസ്യ said...

  Mary thanks

  ശ്രീ കമന്റിനു മറുപടി പറയാന്‍ മനപൂര്‍വ്വം താമസിച്ചതാ..ഇഡ്ഡലീടെ ഗുണങ്ങളും ദോഷങ്ങളുമെല്ലാം ഇപ്പോഴേക്കും മനസ്സിലായിക്കാണുമല്ലോ ;-)
  പിന്നെ ഒരുപാടു ചോദ്യങ്ങളൊന്നും ഇങ്ങോട്ടു വേണ്ട..പറഞ്ഞ പോലെ അങ്ങു ചെയ്താല്‍ മതി

  ഗീതാഗീതികള്‍ നന്ദി

  അനൂപേ ഇങ്ങനെ പല നഷ്ടങ്ങളും സഹിച്ചിട്ടു തന്നെയാണ്‌ ലോകപ്രശസ്ത്രായ കുക്കുകളും കുക്കിണികളുമൊക്കെ ഇന്നത്തെ നിലയിലെത്തിയതെന്ന്‌ മമ്മിക്കറിയാം.പിന്നെ അടുക്കളേലെ വരയൊന്നും വകവെയ്ക്കണ്ട. എങ്ങാനും അടികിട്ടിയാല്‍ കണ്ണും പൂട്ടി നിന്നു കൊണ്ടാല്‍ മതി :-)

  കാടന്‍,മോഹനം നന്ദി

  ഷാനവാസ്‌ അതിന്റെ കോലം കണ്ടാല്‍ അറിയില്ലെ..അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങള്‍ എന്റേതു തന്നെയാണെന്ന്‌..

  മാത്യൂ എന്റെ വീട്ടില്‍ എല്ലാരും പാവങ്ങളാ..പാവം മമ്മി,പാവം ഞാന്‍..

  കാനനവാസാ എല്ലാ ആശംസകളും

  കുറുമാനേ ആ പാലക്‌ ഐഡിയ കൊള്ളാം.ഇങ്ങനെ അരച്ച ഉടനേ ഉണ്ടാക്കാതെ നമ്മടെ സാധാരണ പുളിച്ച ഇഡ്ഡലീലും ഈ കളറുകളൊക്കെ കേറ്റിയാലും നന്നായിരിക്കില്ലേ..

  ജിമനൂ അവിടേം നമ്മക്കിട്ടു വച്ചു അല്ലേ.ങും എനിക്കും ഒരവസരം കിട്ടും..

  ലേഖാ മാവു പുളിക്കാതെയാണ്‌ ഞാനുണ്ടാക്കിയത്‌..ഇതു സാധാരണ ഇഡ്ഡലീലും പരീക്ഷിക്കാനെന്നു തോന്നുന്നു..പഞ്ചസാരയിടാതിരുന്നാല്‍ മതി. കുറുമാന്‍ പറഞ്ഞത്‌ പാലക്കിന്റെ ജ്യൂസ്‌ ചേര്‍ക്കുന്ന കാര്യമാണെന്നു തോന്നുന്നു. അപ്പോള്‍ പച്ചക്കളര്‍ കിട്ടൂലോ.

  തൊരപ്പാ താങ്ക്സുണ്ടേ. ആ കമന്റ്‌ അവസാനിച്ചില്ലല്ലോ.ബാക്കി ഞാന്‍ പൂരിപ്പിക്കണോ..

 52. അപ്പു ആദ്യാക്ഷരി said...

  കൊള്ളാം ഇതൊന്നു പരീക്ഷിച്ചിട്ടുതന്നെ കാര്യം.

 53. ഉപാസന || Upasana said...

  പരാക്രമങ്ങള്‍ ഇഷ്ടമായ്
  :)
  ഉപാസന

 54. ~nu~ said...

  തല്‍ക്കാലം ഞാന്‍ എന്റെ ഫാര്യക്ക് ഫോര്‍വാഡ് ചെയ്തോളാം... എനിക്ക് ആ സോഫ്റ്റ് ഇഡ്ലിയും, മുളകു ചട്നിയും, ഇഡ്ലിപ്പൊടിയും ഒക്കെത്തന്നെയാ ഇപ്പോഴും ഇഷ്ടം...

 55. തോന്ന്യാസി said...

  ബ്ലോഗ് വായിക്കാന്‍ ഇത്തിരി വൈകി

  ഇതിലെ ആദ്യഭാഗം വല്ലാണ്ട് പിടിച്ചു. വായനേടെ കാര്യേയ്, ലീവു കഴിഞ്ഞ് തിരിക്കുമ്പോള്‍ അമ്മ പറയണ കേള്‍ക്കാം, ഇതൊക്കെ പഴേപോലെ വക്കാന്‍ തന്നെ വേണം രണ്ട് മാസം, അപ്പ്ഴേക്കും അടുത്ത ലീവെടുത്ത് ആളിങ്ങെത്തുമല്ലോന്ന്


  സന്തോഷായി എന്റെ സ്വഭാവഗുണങ്ങളുള്ള ഒരാള്‍ കൂടി ഇവിടെ ഉണ്ടല്ലോന്നോര്‍ത്തപ്പോള്‍.....

 56. അഭിലാഷങ്ങള്‍ said...

  കൊച്ചുത്രേസ്യേ..

  ഇത് ‘പാചകപരാക്രമം‘ മാത്രമല്ല..

  “പാചക-പാര-ക്രമം“ കൂടിയാണ്..!

  ഇവിടെ അഭിപ്രായം പറയാന്‍ വൈകിയതിന് കാരണം, വല്ലോരും ഈ കുന്ത്രാണ്ടം ഉണ്ടാക്കിത്തിന്നിട്ട് (ആള് തട്ടിപ്പോയില്ലേല്‍..) ആ പാവങ്ങള്‍ അഭിപ്രായം പറഞ്ഞ് കണ്ടിട്ടാവാം എന്റെ വക പ്രതികരണം എന്ന് കരുതിയാണ്..

  ബട്ട്, കാത്തിരിപ്പ് വേസ്റ്റായി! ദേ, ഒരാള്‍പോലും സാഹസത്തിന് മുതിര്‍ന്നില്ല.. അഥവാ ഈ പറഞ്ഞ ‘ക്രമ’ത്തില്‍ ‘പാചകം’ ചെയ്ത് ‘പാര’ യില്‍ വീണവരാരും ഈ വഴി പിന്നെ വന്നിട്ടേയില്ല എന്നതും ശ്രദ്ധേയമാണ്.. ഹി ഹി..

  ത്രേസ്യേ, നിന്റെ ഈ കളര്‍ ഇഡലി കഷ്ടപ്പെട്ടുണ്ടാക്കി ‘സ്ലോമോഷനില്‍‘ തിന്ന (അല്ല, അങ്ങിനെയേ തിന്നാന്‍ പറ്റൂ..) ആളുകള്‍ ഉറപ്പായും നേരിടേണ്ടിവരുന്ന ‘ലൂസ്‌മോഷന്‍’ എന്ന പ്രതിഭാസത്തെ പ്രതിരോധിക്കാനാവശ്യമായ ‘ഗുളികകളുടെയും ടോണിക്കുകളുടെയും’ പേര് വിവരംകൂടി ഒരു ഓഫ് ടോപ്പിക്കായെങ്കിലും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നേല്‍ ഉപകാരപ്രദമായേനേ..

  പിന്നെ, ഈ സാധനം ഉണ്ടാക്കിത്തിന്ന് പരീക്ഷിച്ച മഹാന്മാരും മഹതികളും നിന്നെ കണ്ടാല്‍ ആദ്യമായി പറയാന്‍ സാധ്യതയുള്ള വാചകം:

  “ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കരുത് മോളേ..!”

  ഇതോടുകൂടി ഈ മഹത്തായ പാചകപരാക്രമത്തിനുള്ള എന്റെ അഭിപ്രായ പാരക്രമം സമാപിക്കുന്നു..

  നന്ദി... നമസ്‌കാരം..

  ഓഫ് ടോപ്പിക്ക്:

  കാര്യമിതൊക്കെയാണേലും ഈ അതിക്രമം വിവരിച്ചിരിക്കുന്ന രീതി ഗംഭീരമായികുട്ടീ... ഗംഭീരമായി! പാചകവിവരണത്തില്‍പോലും നര്‍മ്മത്തിന്റെ മധുരം ചേര്‍ത്ത് ഫലപ്രദമായി എഴുതി, വായനക്കരെ ആസ്വദിപ്പിക്കാന്‍ നിനക്കുള്ള ഒടുക്കത്തെ കഴിവ് സമ്മതിക്കാ‍തെ വയ്യ.

  അഭിയുടെ അഭിനന്ദനങ്ങള്‍..!

  കീപ്പിറ്റപ്പൂ.. കീപ്പിറ്റപ്പണം..കീപ്പിറ്റപ്പിയേപറ്റൂ..!

  :-)

 57. vanz said...

  sangathi adi poli....