റോമിൽ ആദ്യം എങ്ങോട്ടേക്കു പോവണം എന്നകാര്യത്തിൽ ഞങ്ങൾക്ക് ഒരു സംശയവുമില്ലായിരുന്നു..ലോകാദ്ഭുതങ്ങളിലൊന്നായ കൊളോസിയം ..അതു കഴിഞ്ഞേയുള്ളൂ ബാക്കിയെന്തും.ഒരു പിത്സേരിയയിൽ (pizzaria- എന്നു വച്ചാൽ പിത്സ വില്ക്കുന്ന സ്ഥലം. ഇറ്റലീൽ ഏറ്റവും കൂടുതൽ കണ്ടു വരൂന സാധനം പിസ ആണെന്ന് എല്ലാർക്കും അറിയാമായിരിക്കുമല്ലോ.) നിന്നോരോ പിത്സയും വാങ്ങി ചുരുട്ടിപ്പിടിച്ചു ഞങ്ങൾ മെട്രൊയിൽ കയറി പറ്റി.മെട്രോയിൽ കയറിയപ്പോഴേ ആകെയൊരു ഇന്ത്യാ ഫീലിംഗ്. നല്ല തിരക്ക്.. എല്ലാരും നോക്കി ചിരിച്ചു കാണിക്കുന്നു..ഗ്രീറ്റ് ചെയ്യുന്നു.. നമ്മടെ സ്വന്തം നാട്ടിലെത്തിയതു പോലെ. ഇംഗ്ളണ്ടിലെയും ഫ്രാൻസിലെയും ക്രൌഡിനെ പോലെ ശ്വാസം മുട്ടിക്കുന്ന ഫോർമാലിറ്റിയില്ല ഇവർക്ക്. മറിച്ച് വളരെ വെൽകമിംഗ് ആയ ആളുകൾ.. ഒന്നു ശരിക്കും കാണുന്നതിനു മുൻപു തന്നെ ഞാൻ റോമിനെ ഇഷ്ടപെട്ടു പോവാൻ ഇതും ഒരു കാരണമായിരുന്നു.
കൊളോസോ മെട്രൊ സ്റ്റേഷനിലിറങ്ങി ഞങ്ങൾ പുറത്തേക്കു നടന്നു. ഇനി കൊളോസിയം കണ്ടു പിടിക്കണം. ഇത്രേം വല്യ സംഭവമല്ലേ..കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല..പിന്നെ പോരാത്തതിനു വായിൽ നാക്കല്ലേ കിടക്കുന്നത്.. വഴി ചോദിച്ചു ചോദിച്ചങ്ങു പോവാം എന്നൊക്കെ വിചാരിച്ചു പുറത്തിറങ്ങീതാണ്.. ഒന്നേ നോക്കിയുള്ളൂ.. ശ്വാസം നിന്നു പോയീന്നു പറഞ്ഞാൽ മതിയല്ലോ.. അവിടെ റോഡിനപ്പുറത്തു നീണ്ടു നിവർന്നു നില്ക്കുന്നു.. സാക്ഷാൽ കൊളോസിയം!! കാലത്തെ അതിജീവിച്ചു നില്ക്കുന്ന റോമാക്കാരുടെ വാസ്തുവൈദഗ്ദ്യത്തിന്റെ തെളിവെന്നോ കാലത്തിനു മായ്ക്കാനാവാത്ത ക്രൂരതകളുടെ ഓർമ്മപെടുത്തലെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ആ ലോകാത്ഭുതം!!
ഇതു കൊളോസിയത്തിന്റെ നൈറ്റ് വ്യൂ..
ഇനി അല്പം ചരിത്രം പറയാം.റോമാ നഗരം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ചു എന്നു ദുഷ്പേരു കേട്ട നീറോ ചക്രവർത്തിയെ ഓർമ്മയില്ലേ.സുഖലോലുപനായ നീറോ ആ അഗ്നിബാധയ്ക്കു ശേഷം ഒന്നു റിലാക്സ് ചെയ്യാനാട്ട് റോമിന്റെ ഹൃദയഭാഗത്ത് ഒരു സുഖവാസമന്ദിരം തീർത്തുവത്രേ..ഗോൾഡൻ ഹൌസ്. അതു കഴിഞ്ഞ് ഏകദേശം നാലു വർഷം കഴിഞ്ഞപ്പോൾ, അതായത് A.D 68-ൽ പട്ടാളാക്രമണവും ജനകീയമുന്നേറ്റവും ഒന്നും താങ്ങാനാവാതെ നീറോ ആത്മഹത്യ ചെയ്തു. അതിനു ശേഷം വന്ന ഭരണാധികാരി വെസ്പാവിയസ് തന്റെ ശക്തി തെളിയിക്കാനും നീറോയോടുള്ള വെല്ലുവിളിയാട്ടും ഒരു ആംഫിതീയേറ്റർ പണി കഴിപ്പിക്കാൻ തീരുമാനിച്ചു. നീറോയുടെ ഗോൾഡൻ ഹൌസിന്നു തൊട്ടു മുന്നിൽ അതിനെ നിഷ്പ്രഭമാക്കി കൊണ്ട് തലയുയർത്തി നില്ക്കുന്ന ഒരു വിജയപ്രതീകം.. തന്റെ കുടുംബപേരു വച്ച് ഫ്ളാവിയൻ ആംഫിതീയേറ്റർ എന്നു പേരിട്ട ആ സ്മാരകം പക്ഷെ വെസ്പാവിയസിന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചു. അതിന്റെ അരികത്തുണ്ടായിരുന്ന നീറോയുടെ ഒരു വലിയ ചെമ്പു പ്രതിമ (കോളോസസ്)-യുടെ പേരിൽ ആ സ്മാരകം അറിയപ്പെട്ടു തുടങ്ങുകയും അവസാനം കോളോസിയം എന്ന പേരിൽ ലോകപ്രശസ്തമാവുകയും ചെയ്തു. പിന്നീട് ആ പ്രതിമ നശിപ്പിക്കപ്പെട്ടുവെങ്കിലും ആ പേര് അതു പോലെ തന്നെ നിലനിന്നു. അങ്ങനെ മനപൂർവമല്ലെങ്കിലും ആ വെല്ലുവിളിയിൽ ആത്യന്തികമായി നീറോ തന്നെ വിജയിച്ചു എന്നു പറയാം.
70 AD യിൽ വെസ്പാവിയസ് തുടങ്ങി വച്ച നിർമ്മാണം 80 AD-യിൽ ടിറ്റസ് ആണു പൂർത്തിയാക്കിയത്. ഒരേ സമയം 50000 കാഴ്ചക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന കൊളോസിയം പ്രധാനമായും പൊതുപ്രദർശങ്ങൾക്കായിട്ടാണ് ഉപയോഗിച്ചിരുന്നത്.സമൂഹത്തിനെ നിലയനുസരിച്ച് ഓരോരുത്തർക്കും പ്രത്യെകം ഇരിപ്പിടവിഭാഗങ്ങളുണ്ടായിരുന്നു.
കൊളോസിയത്തിനുള്ളിലേക്കു കയറിയാൽ ആദ്യം തന്നെ ശ്രദ്ധയിൽ പെടുന്നത് ഭീമാകാരമായ തൂണുകളാണ്. പിന്നെ പഴമയുടെ മണവും തണുപ്പും വന്നു നിറയുന്ന ഇടനാഴികൾ.. വർഷങ്ങളുടേ കാല്പരുമാറ്റം കൊണ്ട് മിനുസമായി തിളങ്ങുന്ന സ്റ്റെപ്പുകൾ.. കൊളോസിയത്തിന്റെ ചരിത്രം ഒന്നുമറിയാത്തവർക്കു പോലും ഇവിടെന്തൊക്കെയോ അരുതാത്തതു സംഭവിച്ചിട്ടുണ്ട് എന്ന ഭയമുണർത്തുന്ന ഒരു തരം മങ്ങിയ അന്തരീക്ഷം.
ജനങ്ങളെ രസിപ്പിക്കാൻ വേണ്ടിയുള്ള (?) പോരാട്ട മത്സരങ്ങൾ, പൊതുശിക്ഷകൾ, മൃഗങ്ങളുമായുള്ള പോരാട്ടങ്ങൾ തുടങ്ങിയ ക്രൂരമായ രക്തച്ചൊരിച്ചിലുകൾക്കു സാക്ഷ്യം വഹിച്ച ഈ വേദി ഏറ്റവും പ്രശസ്തമായതു ഗ്ളാഡിയേറ്ററുകളിലൂടെയാണ്. പ്രൊഫണൽ ഫൈറ്റേഴ്സായാ ഗ്ളാഡിയേറ്റർമാർക്ക് തങ്ങലുടെ കഴിവു തെളിയിക്കാനുള്ള വേദിയായിരുന്നു കൊളൊസിയത്തിലെ അറീന. പലരും മൃഗങ്ങളോടും മറ്റു പോരാളികളോടും പോരാടി മരണം വരിച്ചു..കാഴ്ചക്കാർ ഈ ക്രൂരതയെ ആർത്തു വിളിച്ചു പ്രോത്സാഹിപ്പിച്ചിരുന്നു പോലും. ഇതു കണ്ടോ.. ഇതാണ് ആ വേദിയുടെ ബാക്കിപത്രം.. അതിന്റെ തറ പൂർണ്ണമായും നശിച്ചു. വേദിക്കു താഴെയുണ്ടായിരുന്ന ഇടനാഴികളിലൂടെയാണ് പോരാട്ടത്തിനായുള്ള ഗങ്ങളെയും കുറ്റവാളികളെയും മറ്റും കൊണ്ടു വന്നിരുന്നത്. ആ ഇടനാഴികളുടെ ഭിത്തികൾ മാത്രമേ ഇപ്പോൾ ബാക്കിയുള്ളൂ.
ഇതാ അഭിനവ ഗ്ളാഡിയേറ്റർമാർ.. കൊളോസിയത്തിന്റെ ചുറ്റുപാടും ഇവരെ കാണാം. പോരാട്ടമല്ല , ഫോട്ടോയ്ക്കു പോസ് ചെയ്യലാണ് ഇവർടെ ലക്ഷ്യമെന്നേയുള്ളൂ
കാലക്രമേണ ഒരു പ്രദർശനസ്ഥലം എന്ന നിലയിലുള്ള കൊളോസിയത്തിന്റെ പ്രശസ്തി കുറഞ്ഞു വന്നു.ഭൂമികുലുക്കങ്ങളും അവഗണനയും അതിനു ഒരു പരിധി വരെ പരിക്കേല്പ്പിച്ചു. പിന്നീട് കല്ലെടുക്കാനുള്ള ഒരു ക്വാറിയായും ഉപയോഗിക്കപ്പെട്ടു വന്നു. പതുക്കെ പതുക്കെ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിൽ പെട്ടതും ഒരു പാടു കൃസ്ത്യൻ പോരാളികൾ അവിടെ രക്തസാക്ഷിത്വം വഹിച്ചിട്ടുണ്ടെന്നതു കൊണ്ട് പോപ്പ് പ്രത്യേക പരിഗണന കൊടുത്തതും ഒക്കെ കൊണ്ട് കൊളോസിയത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ കേടുകൂടാതെ അവശേഷിച്ചു. കൃസ്റ്റ്യാനിറ്റിയുടെ ഇട പെടലിന്റെ ഭാഗമായി കുരിശു രൂപങ്ങളിപ്പോഴും കാണാം കൊളോസിയത്തിൽ. അതു കൂടാതെ ദുഖവെള്ളിയാഴ്ച പോപ്പ് നട്ത്തുന്ന കുരിശിന്റെ വഴിയിൽ കൊളോസിയവും ഒരു ഭാഗമാണത്രേ..
കൊളോസിയം സ്ഥിതി ചെയ്യുന്നത് റോമൻ ഫോറത്തിലാണ് പുരാതന റോമിന്റെ രാഷ്ട്രീയ-സാമ്പത്തിക സിരാകേന്ദ്രമായിരുന്നു റോമൻ ഫോറം. ഇതാ റോമൻ ഫോറത്തിന്റെ ഇന്നത്തെ ചിത്രം..
കൊളോസിയത്തിനു വളരെ അടുത്താണ് പാലറ്റിൻ ഹിൽ.ഇതിനു രണ്ടിനുമിടയ്ക്ക് അതിമനോഹരമായ കോൺസ്റ്റന്റൈൻ ആർച്ച് കാണാം. റോമൻ കലാവൈദഗ്ദ്യത്തിന്റെ തെളിവാണ് ഈ യുദ്ധവിജയ സ്മാരകം.
പാലറ്റിൻ ഹിൽ. റോമൻ സംസ്കാരത്തിന്റെ ഏറ്റവും പുരാതാനമായ അവശിഷ്ടങ്ങൾ ചിതറികിടക്കുന്ന സ്ഥലങ്ങളിലൊന്ന്. തകർന്നടിഞ്ഞ കെട്ടിടങ്ങളുടെയും റോമൻ ടെമ്പിളുകളുടെയും മാർക്കറ്റുകളുടെയും അവശിഷ്ടങ്ങൾ ഇവിടെ കാണാം. ദാ അവയിൽ ചിലത്..
ഈ പാലറ്റിൻ ഹില്ലിൽ എന്നെ ഏറ്റവുമധികം ആകർഷിച്ചതെന്താണെന്നോ. ഇതിന്റെ മുകളിലാണ് നീറോയുടെ ഗോൾഡൻ ഹൌസ് നില കൊണ്ടിരുന്നത് പോലും. ആ കെട്ടിടത്തിന്റെ അവശിഷടങ്ങൾ (എന്നു വിശ്വസിക്കപ്പെടുന്ന) ഇവിടെ എക്സ്കവേറ്റു ചെയ്തു വച്ചിട്ടുണ്ട്. ദാ ഈ ഫോടോ കൃത്യം ആ സ്ഥലത്തു നിന്നെടുതതാണ്. ഒരു പക്ഷെ നീറോ ജീവിച്ചിരിക്കുകയായിരുന്നെങ്കിൽ ഇതാവും എല്ലാ ദിവസവും നീറോ കണി കാണുക. ഒരു പരാജയത്തിന്റെ കയ്പ്പു നിറഞ്ഞ ഓർമ്മ!!
ഇനി കുറച്ചു യൂസ്ഫുൾ ഇൻഫോ..
*കൊളോസിയം പാലറ്റിൻ ഹിൽ,റോമൻ ഫോറം എന്നീ മൂന്നു സ്ഥലങ്ങൾക്കും കൂടി ഒരേ ടിക്കറ്റാണ്. സാധാരണ ദിവസങ്ങളിൽ അതു 11 പൌണ്ട് ആണ്. ഞങ്ങൾ പോയ ദിവസം മേയ് ഡേ ആയതു കൊണ്ടോ എന്തോ ഒരു പൌണ്ടേ ചാർജ് ചെയ്തുള്ളൂ (:-)))) )
*കൊളോസിയത്തിനു മുന്നിലെ ടിക്കറ്റ് ക്യൂ കണ്ടാൽ ജീവിതം മടുത്തു പോവും. അതു വിട്ടു കുറച്ചൂടെ മുന്നോട്ടു നടന്നാൽ പാലറ്റീൻ ഹില്ലിലും ടിക്കറ്റ് കൌണ്ടർ ഉണ്ട്. അവിടെ തീരെ ചെറിയ ക്യൂവേ ഉണ്ടാവാറുള്ളൂ..
* കൊളോസിയത്തിലെക്കു നാഷണൽ ജ്യാഗ്രഫിക് ചാനൽ പോലുള്ള ചില കമ്പനികൾ എല്ലാ ദിവസവും ഫ്രീ ടൂർ ഓപറേറ്റ് ചെയ്യാറുണ്ട്. അതിന്റെ സമയം നോക്കി പോയാൽ ടൂർ ഗൈഡിന്റെ കാശു ലാഭിക്കാം..
* കഴിവതും വൈകുന്നേരങ്ങളിൽ ഇവിടം വിസിറ്റ് ചെയ്യാൻ ശ്രമിക്കുക .വൈകിട്ടത്തെ സ്വർണപ്രകാശത്തിൽ കൊളോസിയം അതി മനോഹരമാണ്.. അവിടുന്നു വരാനേ തോന്നില്ല.. ഞാൻ ഗ്യാരന്റി :-).
അപ്പോൾ ശരി. ബാക്കി റോമൻ വിശേഷങ്ങളുമായി ഞാൻ അടുത്തു തന്നെ തിരികെ വരുന്നതാണ്. അതിനുള്ളിൽ ഈ പോസ്റ്റ് മുഴുവൻ വായിക്കാൻ ശ്രമിക്കുക. അടുത്ത പോസ്റ്റിൽ പരീക്ഷ ഉണ്ടാവുന്നതാണ്..
സന്ധ്യ മയങ്ങിയാൽ കൊളോസിയം അതിസുന്ദരമാണെന്നതിന്റെ തെളിവായി ഒരു നൈറ്റ് വ്യൂ കൂടി ചേർത്തിട്ടുണ്ട്. ഈ ഫോടോ എനിക്കയച്ചു തന്ന റോബിൻസൺ എന്ന സുഹൃത്തിന് ഒരു പാടു നന്ദി..
Sunday, June 27, 2010
Subscribe to:
Post Comments (Atom)
46 comments:
റോമൻ വിശേഷങ്ങളുമായി നിങ്ങളുടെ പ്രതിനിധി..
hey dear, pretty informative post.....
hweva, i felt dat d usual mix of humour is missing from the post...
seems like watchin NatGeo.... (nt dat borin, stil.....) ;)
മാഷേ, നിലവാരമുണ്ട് ....... പോകാന്‍ പ്രേരിപ്പിക്കുന്നതും .................
തുടരുമല്ലോ...
കൊച്ചു ത്രേസിയായോടുള്ള എന്റെ അസുയ ദിവസം തോറും കൂടി കൂടി വരികയാണ് . ഈ സ്ഥലങ്ങളൊക്കെ കാണാന്‍ പറ്റുക എന്ന് പറയുന്നത് ഒരു ഭാഗ്യം തന്നെ !!!
കലക്കന്‍ വിവരണം ... ഇപ്രാവശ്യം ഫോട്ടം ഒക്കെ ഇട്ടതു കൊണ്ട് വായിച്ചിരിക്കാന്‍ രസമുണ്ടായിരുന്നു...
ബൈ ദി ബൈ ..പറ്റിയാല്‍ എന്നെങ്കിലും ഒരു ദിവസം മിലാന്‍ നഗരത്തിലേക്ക് ഒരു യാത്ര നടത്തി എ
സി മിലാന്‍ ന്‍റെ ഹോം ഗ്രൌണ്ടിന്റെ മുന്നില്‍ നിന്ന് ഒരു പടം എടുത്തു അയച്ചു തരണേ...
കൊളോസിയം വിശേഷങ്ങള്‍ വായിച്ചു ...
താങ്ക്സ് ഫോര്‍ ദി efforts ...
പരൂഷ ക്കായി കാത്തിരിക്കുന്നു .. :)
അടുത്ത പോസ്റ്റ് വേഗം പോരട്ടെ ..
ബസ്സുകല്ടെ എണ്ണം കുറഞ്ഞില്ലേലും വിരോധം ഇല്ല .. :)
പോസ്റ്റുകള്‍ ടപേ ടപേ എന്ന് പോന്നോട്ടെ ..
(ചായക്ക് പാല്‍ ഏറിയാലും കുഴപ്പമില്ല.. മധുരം ഒട്ടും കുറയാന്‍ പാടില്ല എന്ന പോലെ .. :)
എന്നതെതും പോലെ ഇതും നന്നായിട്ടുണ്ട്. തമാശ കുറച്ചു കുറഞ്ഞ നല്ല യാത്ര കുറിപ്പ്.
PS:കൊ. ത്രെ. കൊ യുടെ പരൂക്ഷണങ്ങള്‍ സ്ഥിരമായി സഹിക്കുന്ന ഒരാളെന്ന നിലയില്‍, അടുത്ത ലക്കത്തിലെ പരൂക്ഷയില്‍ എനിക്കു പാസ് മാര്‍ക്ക് തന്നു വിടണം. ഇല്ലേല്‍ ഇനി പരൂക്ഷ എഴുതണോ വേണ്ടയോന്ന് ആലോചിക്കേണ്ടി വരും. :D :D :D
പരീക്ഷക്ക് ഞാനും റെഡി...
ബ്ലോഗ് വായിക്കാന്‍ തുടങ്ങിയ അപ്പോള്‍ മുതല്‍ കൊച്ചുവിനെ വായിക്കുന്നു.. ആദ്യം മിസ്സായ പോസ്റ്റുകളൊക്കെ ഒരുമിച്ച് വായിച്ച് ഒറ്റക്ക് ചിരിച്ചിട്ടുണ്ട്..കൂട്ടിനാരുമില്ലല്ലൊ ചിരിക്കാന്‍ എന്ന് സങ്കടപ്പെടുകയും ചെയ്തു...
ഇപ്പൊ ഫോളോവര്‍ ആയതിനാല്‍ അപ്പപ്പൊ വായിക്കും...ജാഗ്രതൈ..!
പ്രതിനിധി കൊഴപ്പല്ല്യ... കാമറാമനോടൊപ്പമാണല്ലൊ ല്ലേ
ഇതാ കൊച്ചു വീണ്ടും വന്നിരിക്കുന്നു..പോരാത്തതിനു അടുത്തതവണ 'പരൂഷയും'
.യൂസ്ഫുൾ ഇൻഫോയ്ക് പ്രത്യേകം നന്ദി.എന്താ ഇത്ര ഇടവേള ഓരോ പോസ്റ്റിനും?കാത്തിരുന്ന് മടുക്കുന്നു..
മോളില്‍ ഒരാള്‍ ഇട്ടിരിക്കുന്ന കമെന്റ് വായിച്ചപ്പോ എഴുതാന്‍ വിചാരിച്ചതൊക്കെ മറന്ന് പൊയി, എന്റെ KTK
അമ്മച്ചിയുടെ ഒരു observation - ഓടു പൂര്‍ണമായി യോജിക്കുന്നു. Europe- il മനുഷ്യരെ കാണുന്നു എന്ന് തോന്നുക Italiy & Spainilumaanu.
@ Elizabeth - ഭാഗ്യം അല്ല കേട്ടോ, യാത്ര ചെയ്യാന്‍ താല്പര്യമുന്ടെങ്ങില്‍ ഇതൊക്കെ പറ്റും. സ്വര്‍ണം, വീട് , വിവാഹം , വാഹനം , ഇങ്ങിനെ ഒക്കെയുള്ള കാര്യങ്ങള്‍ക്ക് പാഴാക്കി കളയുന്ന ലക്ഷങ്ങള്‍ ഇല്ലേ , അതുപയോഗിച്ചാല്‍ മതി . ഇനി ലക്ഷങ്ങള്‍ക്ക് പകരം ആയിരമാനെങ്ങിലും ആയിക്കോട്ടെ - India കാണൂ ,ഒരു ആയുസ്സ് മുഴുവന്‍ കണ്ടാലും തീരതത്രയുണ്ട് നമ്മുടെ indiayil.
"കൊളോസിയം പാലറ്റിൻ ഹിൽ,റോമൻ ഫോറം എന്നീ മൂന്നു സ്ഥലങ്ങൾക്കും കൂടി ഒരേ ടിക്കറ്റാണ്. സാധാരണ ദിവസങ്ങളിൽ അതു 11 പൌണ്ട് ആണ്. ഞങ്ങൾ പോയ ദിവസം മേയ് ഡേ ആയതു കൊണ്ടോ എന്തോ ഒരു പൌണ്ടേ ചാർജ് ചെയ്തുള്ളൂ (:-)))) )"
നാട്ടില്‍ നിന്നുള്ള വല്യ സാഹിത്യകാരിയാണെന്ന് പറഞ്ഞു കാശ് കുറപ്പിച്ചു...സ്മോള്‍ തീഫ്..
"കൊളോസിയത്തിനു മുന്നിലെ ടിക്കറ്റ് ക്യൂ കണ്ടാൽ ജീവിതം മടുത്തു പോവും."
അതിനടുത്ത് ബ്ലാക്കില്‍ ടിക്കറ്റ് വിക്കുന്ന നമ്മുടെ ആള്‍ക്കാരെയാരേം കണ്ടില്ലാരുന്നോ?
വിവരങ്ങള്‍ കലക്കീട്ടുണ്ട്..
പെട്ടന്ന് തന്നെ അടുത്ത വിവരണം പോരട്ടെ..
great!!! thanks a ton!
കൊള്ളാമല്ലോ വിവരണം... ഇങ്ങനെ വിവരിച്ചു ഈ പാവം ഒഴാകാന്‍ ഒടുക്കം കാശ് പലിശക്കെടുത്തു റോമ കണ്ടു മുടിയും കേട്ടോ
യൂസ്ഫുള്‍ ഇന്‍ഫോ .....!
അടുത്ത ഇന്‍ഫോ കൂടി വേഗം ....
അപ്പോൾ കൊച്ചുത്രാസ്യക്ക് കേരള പി.എസ്.സിയിൽ ജോലികിട്ടിയോ പരീക്ഷ നടത്താൻ. കറുപ്പിക്കലല്ലേ. സാരമില്ല.കറക്കികുത്തിക്കോളാം.
റോം കുഴപ്പമില്ല. കൊളോസിയത്തെക്കുറിച്ച് കുറച്ച് പുതിയ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. നന്ദി
കൊളോസിയ കാഴ്ച്ചകളും ത്രേസ്യക്കൊച്ചിന്റെ വിവരണങ്ങളും വായിച്ച് അസൂയപ്പെടുന്നു !!!
പോപ്പ് അപ്പൂപ്പനോടും യേശുകൃസ്തുവിനോടും മൂത്താശ്ശാരിജോസപ്പേട്ടനോടും മറിയേച്ചിയോടും
ചിത്രകാരന്റെ സ്നേഹാശംസകള്‍ പറയാന്‍ മറക്കല്ലേ :)
എന്റെ മാഷെ ഗൂഗ്ലിയില്‍ നിന്നും അടിച്ചുമാറ്റിയ കുറച്ചു ഫോട്ടംസ്
കാണിച്ച് ഇങ്ങനെ പറ്റിക്കരുത് ... ഹൂ വിവരണം കേട്ടപ്പോള്‍ ഞാന്‍ ശരിക്കും
വിചാരിച്ചു ത്രേസ്യ കൊച്ചു ഇറ്റലിയും റോമും എല്ലാം കറങ്ങുകയാണെന്ന്..
ആ ചൈനക്കാരന്റെ കമന്റു വായിച്ചപ്പോഴല്ലേ സത്യം മനസ്സിലായത് ..
(അസൂയ ഒരു രോഗമാണോ ?)
സന്ധ്യ മയങ്ങിയാൽ കൊളോസിയം അതിസുന്ദരമാണെന്നതിന്റെ തെളിവായി ഒരു നൈറ്റ് വ്യൂ കൂടി ചേർത്തിട്ടുണ്ട്. ഈ ഫോടോ എനിക്കയച്ചു തന്ന റോബിൻസൺ എന്ന സുഹൃത്തിന് ഒരു പാടു നന്ദി..
കുറെ കാലം ആയി ഈ വഴി വന്നിട്ട് ... പോസ്റ്റ് മൊത്തം വായിച്ചു .. നന്നായിരിക്കുന്നു ...
ഇന്ന് രാത്രി മൊത്തം ഇരുന്നു ബ്ലോഗ് വായന ആണ് പണി ... എന്തൊക്കെ നടന്നു എന്ന് അറിയണമല്ലോ .... :)
അപ്പൊ അനുസരണയുള്ള കുട്ടി നല്ല കുട്ടി പടമൊക്കെ ഇഷ്ടപ്പെട്ടു
പഠിക്കുന്ന കാലത്ത് ഏറ്റവുമിഷ്ടമല്ലാത്ത വിഷയമായിരുന്നു സാമൂഹ്യപാഠം. അന്നു വായിക്കാത്തതൊക്കെ ഇന്നു വായിപ്പിച്ചു ഹ ഹ :)
കൊള്ളാല്ലോ കൊളോസിയം ... ഹ്മ്മം ഒരു നാള്‍ ഞാനും വളരും വലുതാവും .. അപ്പൊ പോവുല്ലോ .. :P . പരൂഷ പ്യാടിയാ .. ന്നാലും കൊയപ്പമില്ല :)
കൊള്ളാം ത്രേസ്യക്കൊച്ചേ.
nannayittundu keto
njagalkkokke ingane kanane yogamullu
thressyakochu ineem kure sthalathu poyi thuruthura postidoo njanglkkithokke kandu kothi theerkkamallo :)
adutha visheshangal poratte
എഴുത്തുകാരിയുടെ (ഞങ്ങളുടെ പ്രതിനിധി) സമയക്കുറവ് എഴുത്തിനെ വല്ലാതെ ബാധിച്ചു...,
ഫോണ്ട് പ്രശ്നം മാറ്റുവാന്‍ ശ്രമിക്കുമല്ലോ? അല്ലേ?
പഴയ പോസ്ടുകള്‍ക്കൊന്നും ഈ പ്രശ്നം ഇല്ലാ...,
കൂടുതല്‍ എഴുതുക..., വായിക്കാന്‍ ഞങ്ങള്‍ തയ്യാര്‍..,
ഞങ്ങളുടെ പ്രതിനിധിയായ് റൊമില്‍ തുടര്‍ന്നോളൂ... ലക്ഷം ലക്ഷം പിന്നാലെ..
പോരാട്ട മത്സരങ്ങൾ, പൊതുശിക്ഷകൾ, മൃഗങ്ങളുമായുള്ള പോരാട്ടങ്ങൾ തുടങ്ങിയ ക്രൂരമായ രക്തച്ചൊരിച്ചിലുകൾക്കു സാക്ഷ്യം വഹിച്ച ഈ വേദി ഏറ്റവും പ്രശസ്തമായതു ഗ്ളാഡിയേറ്ററുകളിലൂടെയാണ്. പ്രൊഫണൽ ഫൈറ്റേഴ്സായാ ഗ്ളാഡിയേറ്റർമാർക്ക് തങ്ങലുടെ കഴിവു തെളിയിക്കാനുള്ള വേദിയായിരുന്നു കൊളൊസിയത്തിലെ അറീന. പലരും മൃഗങ്ങളോടും മറ്റു പോരാളികളോടും പോരാടി മരണം വരിച്ചു..കാഴ്ചക്കാർ ഈ ക്രൂരതയെ ആർത്തു വിളിച്ചു പ്രോത്സാഹിപ്പിച്ചിരുന്നു പോലും. ഇതു കണ്ടോ.. ഇതാണ് ആ വേദിയുടെ ബാക്കിപത്രം.. അതിന്റെ തറ പൂർണ്ണമായും നശിച്ചു.
യാത്രാ വിവരണവും ചിത്രങ്ങളൂം വളരെ നന്നായിട്ടുണ്ട്.
rahool കൊളോസിയത്തെ പറ്റി കോമഡി പറയാൻ തോന്നിയില്ല.. By the way, Natgeo is one of my favourite channels :-)
പ്രദീപ് നിലവാരമുണ്ട് എന്നെനിക്കു തോന്നുന്നതു മാത്രമേ ബ്ലോഗിൽ ഇടാറുള്ളൂ.. പ്രദീപിനും ഈ പോസ്റ്റ് അങ്ങനെ തോന്നിയെന്നറിഞ്ഞതിൽ സന്തോഷം :-)
മൂർത്തീ എന്തായാലും തുടരും.. ഒരു പാട് ഇഷ്ടപ്പെട്ട ഒരു യാത്രയാണിത്. അതുകൊണ്ടാണ് ഇതിനു മുൻപു നടത്തിയ മറ്റു യാത്രകളൊക്കെ സ്കിപ് ചെയ്ത് ഇതു തന്നെ എഴുതിയേക്കാമെന്നു വച്ചത്..
Elizabeth ചുമ്മാ അസൂയപ്പെട്ടോണ്ടിരിക്കാതെ എങ്ങോട്ടെങ്കിലും ബാഗും തൂക്കിയിറങ്ങെന്നേ :-))
അനൂപ് സ്വാറി.. മിലാൻ എന്റെ ലിസ്റ്റിൽ ഇല്ലാത്ത സ്ഥലമാണ്.. ഇനി പ്ളാനൊന്നും ചെയ്യാതെ എങ്ങാനും അവിടേം എത്തിപ്പെട്ടാൽ എപ്പ ഫോട്ടോയെടുത്തൂന്നു ചോദിച്ചാൽ മതി :-D
ചേച്ചിപ്പെണ്ണേ താങ്ക്സ്.. പരൂക്ഷക്കായി കാത്തിരിക്കുന്ന ഒരാളെ ഞാനാദ്യമായി കാണുകയാ..:-)
വഴിപോക്കാ നന്ദി.. പരീക്ഷയൊക്കെ പുഷ്പം പോലെ പാസാകുമെന്നേ.. കോപ്പിയടിക്കാനുള്ള സൌകര്യം ഞാൻ ചെയ്തു തരാം ;-)
മൈലാഞ്ചീ ഞാനിനി ചറപറാന്നു പോസ്റ്റിടും.. മൈലാഞ്ചീം ജാഗ്രതൈ..
റിസഷൻ കാരണം പ്രതിനിധീം ക്യാമറവുമണും ഒക്കെ ഒരാൾ തന്നെയാണേ :-(
vnkovoor ഇടവേളയല്ലത്.സ്റ്റഡിലീവാണ്.. ആ സമയത്തു കളിച്ചു നടക്കാതെ മര്യാദക്കു പോസ്റ്റു വായിച്ചു പഠിച്ചോണം.. ങ്ഹാ..
കൈതമുള്ളേ അതു സമയം കിട്ടുമ്പോ ചൈനയിലെക്കൊന്നിറങ്ങാമോ ഒന്നു ചോദിച്ചതാ.. പേടിക്കണ്ട..
Rajesh ഞാൻ പോയിട്ടില്ല..ബാർസെലോണയിലേക്കു ഒരു കണ്ണുണ്ട്.. എപ്പഴാ തരപ്പെടുകാന്നറിയില്ല..
junaith ങും തന്നെ തന്നെ അതൊക്കെ ഞൻ വിനയം കൊണ്ടു പറയാതിരുന്നതാണെന്നേ:-D
ക്യാപ്റ്റാ സല്യൂട്ട് :-))
ഒഴാക്കാ വേണ്ടാന്ന്.. നിങ്ങക്കൊക്കെ വേണ്ടീട്ടല്ലേ ഞാനിവിടെ മൈക്കും വച്ച് റോമിന്റെ ദൃൿസാക്ഷിവിവരണം നടത്തുന്നത് :-)
lijen ഇൻഫോ ഇപ്പം വരും.വെയ്റ്റേ..
Manoraj ചുമ്മാ ജാഡ..നമ്മലു വിചാരിച്ചാലും ഒരു പരൂക്ഷയൊക്കെ നടത്താമോന്നൊന്നു നോക്കട്ടെ :-)
ചിത്രകാരാ.. അവിടെ പോയി അവരോടൊക്കെ വിശേഷം പറഞ്ഞ കഥ അടുത്ത പോസ്റ്റിൽ വരുന്നതാണ് :-))
Haari വല്ല ചൈനക്കാരും പറയുന്നതു കേട്ട് എന്നെ സംശയിച്ചാൽ ഞാൻ മൂക്കിടിച്ചു പരത്തും കേട്ടോ :-D
നവരുചിയാ നന്ദി
ഇൻഡ്യാഹെറിറ്റേജേ വായിച്ചു കഴിഞ്ഞപ്പോൾ പണ്ടത്തെ സാമൂഹ്യപാഠം ക്ളാസിൽ ഇരിക്കുന്നതായിരുന്നു ഇതിലും ഭേദം എന്നു തോന്നുന്നുണ്ടോ :-))
ഹാഫ് കള്ളാ പോവാൻ നേരത്ത് ഒന്നു നിർബന്ധിച്ചാൽ ഞാനും കൂടെ വരാം.. ഗൈഡായിട്ട് :-D
Mukil,പിരിക്കുട്ടി thanks
Siju ഫോണ്ടിനെന്താ പ്രശ്നം!! അങ്ങനൊരു പ്രശനത്തെ പറ്റി വേറാരും കംപ്ളൈന്റ് ചെയ്തില്ലല്ലോ..
Sadique thanks
അപ്പോൾ കൊളോസിയ കാഴ്ച്ചകൾ കാണാൻ ചട്ടേം,മുണ്ടും ഉടുത്താ പോയത് അല്ലേ...
പിന്നെ ഇങ്ങനെ വിവരിക്കുന്നതുകൊണ്ട് ,ഇറ്റലീല് പോയപോലെ തോന്നുന്നത് കാരണം ; എന്റെ ഇറ്റലിട്രിപ് ചിലപ്പോൾ ക്യൻസൽ ചെയ്ത് കാശ് ലാഭിക്കും കേട്ടൊ....ഗെഡിച്ചി
അല്ലാ ആരാ ഇത്...കൊ. ത്രെ. കൊ പുത്യേ പോട്ടം ഒക്കെ എടുത്തല്ലോ...കൊള്ളാം നന്നായിട്ടുണ്ട് :)
എന്റെ കൊച്ചു ത്രേസ്സ്യേ എന്നതേലും ഒന്ന് പറയണല്ലോ എന്ന് കരുതി ഒരു കമന്റ് ഇട്ടപ്പോള്‍ ചാടി തലേലോട്ടു കേറിക്കോണം ഹും ........... :) :) സ്വഭാവത്തിന് ഒരു മാറ്റോം ഇല്ല .....)
കൊച്ചുത്രേസ്യയുടെ പോസ്റ്റൊക്കെ ഒടുക്കത്തെ കോമഡിയാണെന്നാ കേട്ടിട്ടുള്ളത്. ഇതൊരുമാതിരി ഏഷ്യാനെറ്റിലെ സഞ്ചാരം പരിപാടിയിലെ വിവരണം പോലുണ്ടല്ലോ മാഡം?
ഇവിടെ ആദ്യമായിട്ടാണ്.വളരെ സരളമായും രസകരമായും പറഞ്ഞ യാത്രാവിവരണം നന്നായിരിക്കുന്നു.
വിവരണം നന്നായി.
പിന്നെ എക്സാമിന് കോപ്പിയടി നിയമ വിധേയമാണ്.
അല്ലെങ്കില്‍ നേരത്തെ പറയണം.
കൊ ത്രേ കൊ.
ഇന്നസെന്റിന്റെ കൂടെ റോമിൽ പോയാൽ എങ്ങനെയുണ്ടാവും എന്ന് ചോദിച്ചാൽ, അത് ഇത്പോലെയുണ്ടാവും എന്നുത്തരം തരാൻ പാകത്തിലാണല്ലോ പോക്ക്.
രസകരമായ രൂപത്തിൽ, ചരിത്രം പറയുക പ്രയാസമാല്ലെന്ന് കെ കെ തെളിയിച്ചു.
ആശംസകൾ.
വളരെ ഇഷ്ടമായി തുടരുക...
റോമില്‍ കൊണ്ട് പോയതിന്‍ നന്ദി
പലരും ചൊല്ലിക്കേട്ട് ഇവിടെ എത്തിയതാണ്, റോമിന്റെ പ്രാചീനത ആവാഹിച്ച പോസ്റ്റ്, ചിത്രങ്ങൾ,
വളരെ നന്നായി. and that's why they call a CD-'ROM Burning' software NERO!
കൊച്ചുത്രേസ്യ കൊച്ചെ, ഇടയ്ക്ക് ജാലകത്തില്‍ കൂടി ഇങ്ങളെ കാണാറുണ്ട്. ഇപ്പോള്‍ നിരക്ഷരനറെ യാത്രകള്‍ ഡോട്ട് കോമില്‍ നിന്നാണ് കൊച്ചിന്റെ ബ്ലോഗ്സ് മൊത്തമായി വായിച്ചത്. നല്ല എഴുത്തു കൊച്ചെ!!!. അതൊക്കെ വായിച്ചപ്പോള്‍ എനിക്കും ഒരു പൂതി ഒന്നു എഴുതിയാലോയെന്ന്. ഇങ്ങള് എന്ത് പറയുന്നു.
കൊളോസിയം കണ്ടതിനേക്കാള്‍
ഫീല്‍ ചെയ്തത് ഇത് വായിച്ചപ്പോഴാണ്.
അതി മനോഹരമായ വിവരണം...
എന്നാലും ഞാനിതുവരെ എന്തേ ഈ ബ്ലോഗ് കണ്ടില്ല ? കഷ്ടം തന്നെ
മനോഹരമയ വിവരണം
ആശംസകള്‍
thresye kalakkan yathra vivranam thmashkal paraunna changathik oppam onnu italy karangiyathupol thonnunnu poyal mothlakumallo
Post a Comment