Friday, January 11, 2008

മാമലക്കള്‍ക്കപ്പുറത്ത്‌-മൂന്നാം ദിവസം..

വെളുപ്പിന്‌ അഞ്ചുമണിക്ക്‌ കോട്ടയത്തുന്ന്‌ തൊടുപുഴയ്ക്കൊരു ബസുണ്ടെന്ന്‌ രാത്രീല്‌ എന്‍ക്വയറീലിരുന്ന ചേട്ടന്‍ ഉറപ്പു പറഞ്ഞിരുന്നതാണ്‌.അതും വിശ്വസിച്ച്‌ കൃത്യസമയത്തു തന്നെ സ്റ്റാന്‍ഡിലെത്തീപ്പോഴെക്കും തൊടുപുഴവണ്ടി അതിന്റെ പാട്ടിനു പോയിരുന്നു.KSRTC-നെ നന്നാക്കും നന്നാക്കും എന്നു ഗതാഗതമന്ത്രി പറഞ്ഞപ്പോള്‍ ഞാനിത്രയ്ക്ക്‌ പ്രതീക്ഷിച്ചിരുന്നില്ല. സാധാരണ സമയത്തിനും പത്തു മിനിറ്റ്‌ മുന്‍പേ ബസ്സു പോവുക എന്നൊക്കെ പറഞ്ഞാല്‍ അതിത്തിരി ഓവറായിട്ട്‌ നന്നായിപ്പോയില്ലേ!!എന്തായാലും പോയതു പോയി.'ഇനിയെന്തു ചെയ്യുംന്ന്‌ എന്‍ക്വയറി' ചേട്ടനോടു ചോദിച്ചപ്പോള്‍ പോയി പാലാ ബസ്സില്‍ കയറിക്കോളാന്‍ പറഞ്ഞു. അവിടുന്‌ തൊടുപുഴയ്ക്കു ബസ്സ്‌ കിട്ടുമത്രെ.. പാലായെങ്കില്‍ പാല. എനിക്കേതെങ്കിലുമൊരു ബസ്സില്‍ കേറിക്കൂടണമെന്നേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടു വേണമല്ലോ ഇടയ്ക്കു വച്ചു മുറിഞ്ഞു പോയ ഉറക്കം തുടരാന്‍..

ബസൊക്കെ പുറപ്പെട്ട്‌ കുറച്ചു സമയം കഴിഞ്ഞപ്പോഴാണ്‌ ഞാന്‍ പള്ളിയുറക്കത്തില്‍ നിന്നും എഴുന്നേറ്റത്‌.പുറത്തു നല്ല മഞ്ഞ്‌.അതു കണ്ടപ്പോള്‍ ഡെല്‍ഹിയിലെ തണുപ്പുകാലം ഓര്‍മ്മ വന്നു. പിന്നെ കുറേസമയം ഞ്ഞങ്ങള്‍ രണ്ടു പേരും ഗതകാലസ്മരണകള്‍ അയവിറക്കിക്കൊണ്ടിരുന്നു.. ഇത്തിരൂടെ കഴിഞ്ഞപ്പോള്‍ മഞ്ഞൊക്കെ പോയി നന്നായി വെളിച്ചം വരാന്‍ തുടങ്ങി. പോകുന്ന വഴിക്കൊക്കെ ഇഷ്ടം പോലെ കള്ളുഷാപ്പുകള്‍..ഓരോ ഷാപ്പിനും മുന്‍പിലുള്ള ബോര്‍ഡില്‍ 'കള്ള്‌,കപ്പ,കരിമീന്‍,കൊഞ്ച്‌...'എന്നൊക്കെ നല്ല ഭംഗിയായി എഴുതിവച്ചിട്ടുണ്ട്‌.പതുക്കെ പതുക്കെ ബോര്‍ഡിലെ വാക്കുകളൊക്കെ മാറി "കള്ള്‌,കപ്പ,പന്നി,പോത്ത്‌..'എന്നൊക്കെയാകാന്‍ തുടങ്ങി. അതെ..ഞങ്ങള്‍ പാലായിലെത്താന്‍ പോവുകയാണ്‌..

"അപ്പോ ഇതാണ്‌ കെ.എം മാണീടെ സ്വന്തം പാലാ" ഞാന്‍ ബസ്സില്‍ നിന്നിറങ്ങി ചുറ്റുമൊന്നു നോക്കികൊണ്ടു പറഞ്ഞു..

" അതെ..അതെ.. ഇപ്പം വയറു നിറച്ചും കണ്ടോ. തരം കിട്ടിയാല്‍ മാണിയങ്കിള്‍ ഇതിനെ ചിലപ്പോള്‍ ഒരു രാജ്യമായി തന്നെ പ്രഖ്യാപിച്ചേക്കും.പിന്നെ ഇങ്ങോട്ടു വരാന്‍ പാസ്പോര്‍ട്ടും വിസയുമൊക്കെ വേണ്ടി വരില്ലേ" കൂട്ടുകാരി കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ പാദസ്പര്‍ശം കൊണ്ടു ധന്യമാകാന്‍ ഭാഗ്യം സിദ്ധിച്ച അടുത്ത സ്ഥലം തൊടുപുഴയായിരുന്നു.അവിടിറങ്ങി ഒരു ഹോട്ടലില്‍ നിന്ന്‌ നൂല്‍പ്പുട്ടും കടലക്കറീം കഴിച്ചു. ഇനി അടുത്തത്‌ വഴി ചോദിക്കല്‍ യജ്നമാണ്‌. ഒരു ഓട്ടോചേട്ടന്‍ ഞങ്ങളെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നുണ്ട്‌.അങ്ങോട്ടു തന്നെ ചെന്നു..

"ചേട്ടാ അണക്കെട്ട്‌` ഇവിടുന്നെത്ര ദൂരമുണ്ട്‌?"

"ഇവിടുന്നങ്ങോട്ട്‌ കുറ അണക്കെട്ടുകളുണ്ടല്ലോ..കുറച്ചങ്ങോട്ടു പോയാല്‍ കുളമാവ്‌ അണക്കെട്ട്‌..പിന്നെ ചെറുതോണി..ഇടുക്കി..പിന്നേം അങ്ങോട്ടു പോയാല്‍ മുല്ലപ്പെരിയാര്‍..."

"അയ്യോ അത്രേമങ്ങാട്ടു പോകണ്ട.ഞങ്ങള്‍ക്ക്‌ ഇടുക്കി വരെ പോയാല്‍ മതി"

"ഓട്ടോയ്ക്കോ!!" ചേട്ടന്‍ നന്നായിട്ടൊന്നു ഞെട്ടി.

"അല്ലല്ല.. ബസ്സിന്‌..ഏതു ബസ്സിനാ കയറേണ്ടത്‌ എവിടെയാ ഇറങ്ങേണ്ടത്‌ എന്നൊക്കെ അറിയാമോ?"

"ദാ ആ സ്റ്റാന്‍ഡില്‌ പോയാല്‍ അങ്ങോട്ടേയ്ക്ക്‌ ഇഷ്ടം പോലെ ബസ്സു കിട്ടും" ചേട്ടന്‍ ആശ്വാസത്തോടെ പറഞ്ഞു.

ബസ്‌സ്റ്റാന്‍ഡില്‍ ഒരു കൂട്ടം കിളി-കണ്ടക്ടര്‍-ഡ്രൈവര്‍ ചേട്ടന്മാര്‍ അന്താരാഷ്ട്രകാര്യങ്ങളെ പറ്റി ചര്‍ച്ചചെയ്തുകൊണ്ടു നില്‍ക്കുന്നുണ്ടായിരുന്നു.ഞങ്ങള്‍ നേരെ അങ്ങോട്ടു ചെന്ന്‌ വളരെ സിംപിളായി തന്നെ കാര്യമവതരിപ്പിച്ചു...

"അണക്കെട്ടു കാണാനുള്ള പാസ്സ്‌ കൊടുക്കുന്ന സ്ഥലത്തേക്കുള്ള ബസ്‌ ഏതാ?"

ഇവിടെ പെണ്‍കുട്ടികള്‍ക്കായി ഒരു ഉപദേശം: പുരുഷപ്രജകള്‍ ചെവിപൊത്തിപ്പിടിയ്ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു)ഇങ്ങനെ ബസിന്റെയോ വഴീടെയോ ഒക്കെ കാര്യത്തില്‍ നിങ്ങള്‍ക്ക്‌ സംശയമുണ്ടെന്നിരിക്കട്ടെ. സംശയം തീര്‍ക്കാനായി ചുറ്റും നോക്കിയപ്പോള്‍ അവിടെ മാടപ്രാവിന്റെ ആങ്ങളയെ പോലെ നിഷ്കളങ്കനും മര്യാദരാമനുമായ ഒരു ചേട്ടന്‍ ഒറ്റയ്ക്കു നില്‍ക്കുന്നു. അപ്പുറത്തു മാറി നിങ്ങളെ കമന്റടിക്കാന്‍ റെഡിയായി നില്‍ക്കുന്ന ഒരു കൂട്ടം ഞരമ്പുരോഗികളും(?).നിങ്ങള്‍ ആരോടു വഴി ചോദിക്കും??അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാണ്‌ ആ കമന്റടികൂട്ടത്തോടു തന്നെ വഴി ചോദിക്കണം. ആദ്യത്തെ മാടപ്രാവു ചേട്ടന്‍ ഒരുപക്ഷെ നിങ്ങള്‍ക്കു വഴി പറഞ്ഞു തന്നേക്കാം. പക്ഷെ രണ്ടാമത്തെ കൂട്ടരുണ്ടല്ലോ,ഇത്തിരൂടെ കടന്ന്‌ നിങ്ങ്നള്‍ക്ക്‌ പോകേണ്ട സഥലത്തു കൊണ്ടുചെന്നാക്കാനും തയ്യാറാകും.ഇതിനു പിന്നിലെ മനശാസ്ത്രമെന്താണെന്നറിയില്ല. നേരെ ചെന്ന്‌ എന്തെങ്കിലും സഹായം ചോദിച്ചാല്‍ ഇത്രേം ആത്മാര്‍ഥമായി ഹെല്‍പ്‌ ചെയ്യുന്ന വേറൊരു കൂട്ടരില്ലെന്നാണ്‌ എന്റെ അനുഭവം)

അപ്പോ ഉപദേശം കഴിഞ്ഞു. നമ്മക്ക്‌ തൊടുപുഴ ബസ്‌സ്റ്റാന്‍ഡിലേയ്ക്ക്‌ തിരിച്ചു വരാം. മേല്‍പ്പറഞ്ഞ തിയറി അനുസരിച്ച്‌ ഞങ്ങള്‍ക്ക്‌ സുരക്ഷിതമായ യാത്ര ഉറപ്പു വരുത്തുക എന്നുള്ള ഉത്തരവാദിത്വം ഡ്രൈവര്‍-കണ്ടക്ടര്‍-കിളി-കൂട്ടം ഏറ്റെടുത്തു.ചെറുതോണിയിലാണ്‌ പാസ്സ്‌ കിട്ടുന്നതെന്നും അവിടെ ബസ്‌ ഇറങ്ങിയാല്‍ പിന്നെയും കുറച്ചു ദൂരം കൂടി പോകാനുണ്ടെന്നൊക്കെയുള്ള വിവരങ്ങള്‍ തരിക മാത്രമല്ല, അവര്‍ മനസ്സു കൊണ്ട്‌ ഓരോ ബസിന്റെയും സ്പീഡ്‌ കാല്‍ക്കുലേറ്റ്‌ ചെയ്ത്‌ ഏറ്റവും പെട്ടെന്ന്‌ ചെറുതോണിയില്‍ എത്താന്‍ സാധ്യതയുള്ള ഒരു ബസില്‍ ഞങ്ങളെ കേറ്റിയിരുത്തി.കറക്ടായ സ്റ്റോപ്പില്‍ ഞങ്ങളെ ഇറക്കിവിടാനുള്ള ചുമതല ആ ബസ്സിലെ കണ്ടക്ടര്‍ സ്വമേധയാ ഏറ്റെടുക്കുകയും ചെയ്തു.'കുറെ ദൂരമുണ്ട്‌..ഭക്ഷണമൊക്കെ കഴിച്ചിട്ടു ബസ്സില്‍ കേറിയാല്‍ മതി കേട്ടോ' എന്നൊരു ഉപദേശവും ഇതിനിടയ്ക്ക്‌ ഫ്രീയായി കിട്ടി. അവരുടെ നല്ല മനസ്സിന്‌ നന്ദി പറഞ്ഞുകൊണ്ട്‌ ഞങ്ങള്‍ തൊടുപുഴയോട്‌ വിടപറഞ്ഞു.

നല്ല ഭംഗിയുള്ള സ്ഥലത്തൂടെയാണ്‌ യാത്ര.കുറെയങ്ങെത്തിയപ്പോള്‍ കുളമാവ്‌ ഡാം കണ്ടു. സത്യം പറഞ്ഞല്‍ അതു കണ്ടിട്ട്‌ എനിക്കൊരു വികാരോം തോന്നീല്ല. ഒരു സൈഡില്‍ മാത്രം വെള്ളമുള്ള ഒരു പാലം- അത്ര മാത്രം. 'ഇതു കണ്ട്‌ നിരാശപ്പെടാന്‍ വരട്ടെ..ഇടുക്കിയാണല്ലോ ഞങ്ങള്‍ടെ ലക്ഷ്യം' എന്നും പറഞ്ഞ്‌ ഞാന്‍ സ്വയം ആശ്വസിച്ചു.

ചെറുതോണിയില്‍ അണക്കെട്ടിലെക്കു പോകാനുള്ള റോഡിന്റെ അടുത്തു തന്നെ ബസ്‌ നിര്‍ത്തിതന്നു. അവിടെയിറങ്ങി ചുറ്റും നോക്കീട്ടും ഡാമിന്റെ പൊടി പോലും കാണാനില്ല. റോഡിലൂടെ ഒന്നര കിലോമീറ്റര്‍ പോയാല്‍ ഡാമിലെത്തുമെന്ന്‌ ഒരോട്ടോക്കാരന്‍ അറിയിച്ചപ്പോള്‍ ഞങ്ങള്‍ക്കു സമാധാനമായി.അപ്പോള്‍ സ്ഥലമൊക്കെ കറക്ടാണ്‌. നാടു കാണാന്‍ വന്നതല്ലേ; കണ്ടു തന്നെ പോകാമെന്നു കരുതി ആ ഒന്നര കിലോമീറ്റര്‍ ദൂരം നടന്നു പോവാന്‍ തന്നെ തീരുമാനിച്ചു. ഇടയ്ക്കെങ്ങാനും മടുത്തൂന്നു തോന്നിയാല്‍ അപ്പോള്‍ ഓട്ടോ പിടിച്ചാല്‍ മതിയല്ലോ.നടന്നുടങ്ങി ഇത്തിരിയങ്ങു ചെന്നപ്പോഴാണ്‌ അബദ്ധം മനസ്സിലായത്‌. ആ റോഡ്‌ ഒരൊന്നൊന്നര കേറ്റമാണ്‌..പകുതി കയറിയപ്പോഴെക്കും ഞങ്ങള്‍ തളര്‍ന്നു തുടങ്ങി. ഓട്ടോ പോയിട്ട്‌ ഒരുന്തുവണ്ടി പോലും ആ വഴിയ്ക്കു വരുന്നില്ല. കുറച്ചും നടന്നും പിന്നെ കുറച്ച്‌ ഇരുന്നുമൊക്കെ ഞങ്ങള്‍ യാത്ര തുടര്‍ന്നു.കുറച്ചങ്ങോട്ടെത്തീപ്പോ ദൂരെ ഡാം കാണാന്‍ തുടങ്ങി.എന്തോ ഒരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌..കേട്ടതും വായിച്ചതും ഒക്കെ അനുസരിച്ചാണെങ്കില്‍ ഇടുക്കി അണക്കെട്ടു വളഞ്ഞാണിരിക്കുന്നത്‌.ഈ ഡാമാണെങ്കിലോ സ്കെയില്‍ വെച്ചു വരച്ച പോലെ നേര്‍രേഖയും!!

"എന്റെ ദൈവമേ ഇതു വേറേതോ ഡാമാണെന്നു തോന്നുന്നു" ഞാന്‍ എന്റെ കണ്ടുപിടിത്തമൊക്കെ വിവരിച്ച്‌ ഞെട്ടല്‍ കൂട്ടുകാരിയിലേക്കും കൂടി പകര്‍ന്നു കൊടുത്തു.

"നമ്മളെന്തു മന്ദബുദ്ധികളാ..വഴി ചോദിച്ചവരോടൊക്കെ 'വെറും അണക്കെട്ട്‌' എന്നല്ലേ നമ്മള്‍ പറഞ്ഞുള്ളൂ.ഇടുക്കു അണക്കെട്ട്‌ എന്ന്‌ പ്രത്യേകം പറയാണ്മായിരുന്നു "

"അതിനീ നാടു മുഴുവന്‍ അണകെട്ടുകളാണെന്ന്‌ നമ്മളെങ്ങനെ അറിയാനാ.." എന്റെ തളര്‍ച്ച ഇരട്ടിയായി.

ഡാം തുടങ്ങുന്ന അവിടെ തന്നെ ഒരു ടെന്റൊക്കെ കെട്ടി കുറച്ചു ചേട്ടന്മാര്‍ ഇരിക്കുന്നുണ്ടായിരുനു.ടിക്കറ്റ്‌ കൗണ്ടറാണു പോലും.

"ഇതാണോ ഇടുക്കി അണക്കെട്ട്‌?" ഞാന്‍ വെല്യ പ്രതീക്ഷയൊന്നുമില്ലാതെ ചോദിച്ചു.

"ഏയ്‌ ഇതു ചെറുതോണി അണക്കെട്ട്‌" ചേട്ടന്‍ വളരെ കൂളായി പറഞ്ഞു.

എനിക്കു ജീവിതം മതിയായ പോലെ തോന്നി. ഇത്രേം കഷ്ടപ്പെട്ട്‌ ഇവിടെ എത്തീപ്പോ ഇങ്ങനൊരു ചതി തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഇനീപ്പം ഇടുക്കിയിലേക്കൊന്നും പോകാനുള്ള എനര്‍ജിയില്ല. എന്തിന്‌ , തിരിച്ച്‌ ബസ്‌ കിട്ടുന്ന റോഡ്‌ വരെയെത്തണമെങ്കില്‍ പോലും വല്ല ഓട്ടോയും കിട്ടിയാലേ രക്ഷയുള്ളൂ.എന്നാല്‍ പിന്നെ ഈ അണക്കെട്ടു കണ്ടിട്ട്‌ തിരിച്ചു പോയേക്കാംന്നു വെച്ചാല്‍, ഒരു മാതിരി ആനയെ കാണാന്‍ വന്നിട്ട്‌ കുഴിയാനയെ കണ്ട പോലെയാകും ഞങ്ങള്‍ടെ അവസ്ഥ.

"അപ്പോ ഈ ഇടുക്കി ഡാമിലേക്കു പോകാന്‍ എവിടാരുന്നു ഇറങ്ങേണ്ടിയിരുന്നതു" അങ്ങേയറ്റത്തെ നിരാശയോടെ കൂട്ടുകാരി ചോദിച്ചു.

"ഇവിടെ തന്നെ.അല്ലാതെവിടെ!!" ചേട്ടനും ആകെ ഒരു അന്ധാളിപ്പ്‌

"അയ്യോ അതെങ്ങനെ??" ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചു ചോദിച്ചു.

"ഇതു ചെറുതോണി ഡാം..ആ ഡാം കഴിഞ്ഞ്‌ ദാ ആ മല ചുറ്റി അപ്പുറത്തെത്തിയാല്‍ ഇടുക്കി ഡാം"

സന്തോഷം കാരണമാണെന്നു തോന്നുന്നു എന്റെ തളര്‍ച്ചയും ക്ഷീണവുമൊക്കെ ഒറ്റ സെക്കന്റു കൊണ്ട്‌ ആവിയായിപ്പോയി.ഫോണും ക്യാമറയുമൊക്കെ അവിടെ ഏല്‍പ്പിച്ച്‌ (അതൊന്നും കൂടെക്കൊണ്ടു പോകാന്‍ സമ്മതിക്കില്ല.അതുകൊണ്ട്‌ ഈ പോസ്റ്റില്‍ ഫോട്ടോയുമില്ല) ഞങ്ങള്‍ ഡാമിലെത്തി. അവിടെ നല്ല ചെക്കിംഗ്‌.. എന്നു വച്ചാല്‍ ശരിക്കും ആത്മാര്‍ഥമായി തന്നെ പരിശോധിക്കുന്നുണ്ട്‌. തീവ്രവാദികളൊന്നുമല്ലാന്ന്‌ അവരെ ബോധ്യപ്പെടുത്തിയ ശേഷം ഞങ്ങള്‍ ചെറുതോണി ഡാമിലെക്കു വലതുകാല്‍ വച്ചു കേറി.

കൊള്ളാം നല്ല രസമുണ്ട്‌.നല്ല വീതിയുള്ള ഒരു പാലത്തിലൂടെ നടക്കുന്നതു പോലെ. ടൂറിസ്റ്റുകള്‍ടെ തള്ളിക്കയറ്റമൊന്നുമില്ല.വളരെ കുറച്ചാള്‍ക്കാരേ ഉള്ളൂ.ഓരു സൈഡില്‌ നിറയെ വെള്ളം. മറ്റേ സൈഡില്‍ വലിയൊരു താഴ്ച.ഇടയ്ക്കിടയ്ക്ക്‌ മലകള്‍..നല്ല സീനറി. ഹൊ ഇതിത്രയ്ക്കു ഭംഗിയാണെങ്കില്‍ സാക്ഷാല്‍ ഇടുക്കി ഡാം എങ്ങനെയായിരിക്കും!!ഞങ്ങള്‍ ചെറുതോണി ഡാം ക്രോസ്‌ ചെയ്തു മലയിലെത്തി. മലയുടെ ഏതാണ്ടു പകുതി ഉയരത്തിലാണ്‌ ഡാം. ഡാമിന്റെ തുടര്‍ച്ച പോലെ മലയെ ചുറ്റി ഒരു റോഡുണ്ട്‌. അതിന്റെ ഒരു സൈഡില്‍ കമ്പിവേലി കെട്ടീട്ടുണ്ട്‌ . മറ്റേസൈഡില്‍ ഒരു വെല്യ പാറ പോലെ മല ഇങ്ങനെ നീണ്ടു നിവര്‍ന്നു നില്‍ക്കുന്നു.ദൂരേന്നു കണ്ടപ്പോള്‍ ഒരു കുഞ്ഞു മലയാണെന്നാണ്‌ തോന്നിയിരുന്നതു. പക്ഷെ അതു ചുറ്റാന്‍ തുടങ്ങീപ്പഴല്ലേ..നമ്മടെ പാഞ്ചാലീടെ സാരി പോലെ അങ്ങു നീളം.. നടന്നിട്ടും നടന്നിട്ടും മല ചുറ്റിക്കഴിയുന്നില്ല. നല്ല വിജനമായ വഴിയും.കുറച്ചു കഴിഞ്ഞപ്പോള്‍ ബോറടിയ്ക്കാന്‍ തുടങ്ങി. കാഴ്ച കാണുന്നതൊക്കെ ഉപേക്ഷിച്ച്‌ ഞങ്ങള്‍ ഏറ്റവും വലിയ ടൈംപാസ്സായ 'കത്തിവെയ്ക്കല്‍ പരിപാടി' തുടങ്ങി.ഏതാണ്ട്‌ ഒന്നര വര്‍ഷത്തിനു ശേഷമാണ്‌ ഞങ്ങള്‍ തമ്മില്‍ കാണുന്നതു. അത്രേം കാലത്തെ കാര്യങ്ങളു മുഴുവന്‍ പറഞ്ഞുതീര്‍ക്കാനുണ്ടല്ലോ..അങ്ങനെ സംസാരിച്ചു സംസാരിച്ച്‌ ഏതാണ്ട്‌ ഒരു മണിക്കൂറോളം നടന്നു കഴിഞ്ഞപ്പഴതാ വേറൊരു മല മുന്‍പില്‍!! "ദൈവമേ ഇനി ഇതും കൂടി ചുറ്റേണ്ടിവരുമോ?" എന്നും പറഞ്ഞ്‌ തലേല്‌ കൈ വച്ചു പോയി..പക്ഷെ വേണ്ടിവന്നില്ല. ആ മലയിലൂടെ ഒരു തുരങ്കമുണ്ടായിരുന്നു. അതിലൂടെ മിനിറ്റുകള്‍ കൊണ്ട്‌ ആ മല കടന്നു കിട്ടി.പിന്നെം കുറച്ചു ദൂരം കൂടി നടന്നപ്പോള്‍ ഒരു ഗേറ്റ്‌ കണ്ടു. "ഹൊ അവസാനം എത്തിപ്പെട്ടു. അണക്കെട്ടിലേക്കു കയറാനുള്ള ഗേറ്റ്‌".ഞങ്ങള്‍ വര്‍ത്തമാനമൊക്കെ നിര്‍ത്തി ഡാം കാണാന്‍ വേണ്ടി മനസ്സിനെ തയ്യാറാക്കിനിര്‍ത്തി..

ഗേറ്റില്‍ നില്‍ക്കുന്ന ചേട്ടന്‍ ചോദിച്ചപ്പോള്‍ പാസ്സെടുത്ത്‌ കൊടുത്തു. കുറച്ചു കഴിഞ്ഞിട്ടും അങ്ങേര്‍ക്കത്‌ തിരിച്ചു തരാന്‍ ഒരുദ്ദേശ്യവുമില്ലാത്തതു പോലെ.

"അതേയ്‌.. ആ പാസ്സ്‌ കിട്ടിയാല്‍ ഞങ്ങള്‍ക്കങ്ങ്‌ പോകാമായിരുന്നു" അവസാനം ഞാന്‍ ചോദിച്ചു

"പാസ്സോ!! ഏന്തിന്‌..??"

"അപ്പോ ഇനിയങ്ങോട്ട്‌ ആരും പാസ്സ്‌ ചോദിക്കില്ലേ??"

"ഇനിയെങ്ങോട്ട്‌!! നിങ്ങള്‌ ഡാമിന്റെ പുറത്തെത്തി "ചേട്ടന്‍ അറിയിച്ചു.

"അയ്യോ അപ്പോ ഇടുക്കി അണക്കെട്ടെവിടെ!!!" ഞങ്ങള്‍ വായും പൊളിച്ചു നിന്നു പോയി.

"അതു വഴിയല്ലേ നിങ്ങളിങ്ങു വന്നത്‌!!"

ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല. ഇത്രേം വലിയ അണക്കെട്ട്‌" ഞങ്ങള്‍ കാണാതിരുന്നതെങ്ങനെ!!

"സത്യമായും ഞങ്ങള്‌ അണക്കെട്ടു കണ്ടില്ല .അതെവിടാരുന്നു??"ഞാന്‍ വിനീതവിധേയയായി ചോദിച്ചു. കൂട്ടുകാരി ഷോക്കടിച്ച പോലെ നില്‍ക്കുകയാണ്‌.

ചേട്ടന്‍ ഞങ്ങളെ രണ്ടു പേരെയും ഒന്നു സൂക്ഷിച്ചു നോക്കി .എന്നിട്ട്‌ റോഡിന്റെ സൈഡിലേക്കു കൂട്ടിക്കൊണ്ടു പോയി ഞങ്ങളു വന്ന വഴി ചൂണ്ടിക്കാണിച്ചു.. രണ്ടു മലകളെ കണക്ട്‌ ചെയ്തുകൊണ്ട്‌ വളഞ്ഞ ഒരു വെല്യ പാലം പോലെയുള്ള റോഡ്‌. അതായിരുന്നു ഇടുക്കി അണക്കെട്ട്‌.!!.ആ റോഡിന്റെ അങ്ങേയറ്റത്ത്‌ ഞങ്ങളാദ്യം വലംവച്ച ആ മല.അതാണു പോലും കുറവന്‍ മല.ഇങ്ങേയറ്റത്ത്‌ ആ തുരങ്കമുള്ള മല.അതു കുറത്തിമല.എന്തു പറയണമെന്നറിയാതെ നിന്നു പോയി. വര്‍ത്തമാനത്തിന്റെ ഇടയ്ക്ക്‌ മല കഴിഞ്ഞതും പാലത്തിലേക്കു കയറിയതുമൊന്നും ഞങ്ങള്‍ ശ്രദ്ധിച്ചില്ലായിരുന്നു.

ഇപ്പോ കണ്ടില്ലേ..ഇനി ഈ വഴിയെ പോയ്ക്കോ. അവിടുന്നു ബസ്സു കിട്ടും" ചേട്ടന്‍ നല്ല സ്നേഹത്തോടെ പറഞ്ഞു.

"അയ്യൊ അതു പറ്റില്ല. ഞങ്ങള്‍ടെ ഫോണും മറ്റുമൊക്കെ ചെറുതോണി ഡാമിന്റവിടെ കൊടുത്തിരിക്കുകയാ. ഞങ്ങള്‍ക്കു തിരിച്ചു പോണം"

"അതെങ്ങനെയാ..നിങ്ങളീ പാസ്സ്‌ എനിക്കു തന്നില്ലേ..ഇനി അങ്ങോട്ടു തിരിച്ചു കേറാന്‍ പറ്റില്ല"അയാള്‍ പാസ്സു കാണിച്ചു കൊണ്ടു പറഞ്ഞു.

കുറച്ചു നേരത്തേക്ക്‌ ആരും ഒന്നും മിണ്ടിയില്ല. ഞങ്ങളവിടെ ആണിയടിച്ചുറപ്പിച്ച പോലെ നില്‍ക്കുകയാണ്‌.

"ശരി ശരി..നിങ്ങള്‍ തിരിച്ചു പൊയ്ക്കോ.പക്ഷെ ഇപ്പോള്‍ പോകുമ്പോഴെങ്കിലും ഡാമൊക്കെ ശരിക്കു കണ്ടോണ്ടു പോണം കേട്ടോ.." അവസാനം ചേട്ടന്‍ തന്നെ തോല്‍വി സമ്മതിച്ചു.

ഞങ്ങള്‍ ഒരു വെല്യ താങ്ക്സും പറഞ്ഞ്‌ ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തോടെ ഗേറ്റിനകത്തേക്ക്‌ ഓടി. നല്ലൊരു മനുഷ്യന്‍. ആ ഡാമിലെ വെള്ളത്തിന്റത്രേം പുണ്യം ചേട്ടനു കൊടുക്കണേന്ന്‌ ഞാന്‍ ദൈവത്തോടു റെക്കമന്റ്‌ ചെയ്തു. തിരിച്ചുള്ള നടപ്പ്‌ തികച്ചും നിശബ്ധമായിരുന്നു. ഡാമൊക്കെ ശരിക്കും കണ്ടു. കുറവന്മലയും കുറത്തിമലയും മറ്റെല്ലാ കഴ്ചകളും കണ്ടു. ക്യാമറയൊന്നുമില്ലാത്തതു കൊണ്ട്‌ എല്ലാ കാഴ്ചകളും ഓര്‍മ്മയില്‍ തന്നെ സ്‌റ്റോര്‍ ചെയ്തുവച്ചു..

എല്ലാം കഴിഞ്ഞ്‌ ബസില്‍ കയറിയപ്പോഴേക്കും ഞങ്ങള്‍ ക്ഷീണിച്ച്‌ അവശരായിരുന്നു. എന്നാലും ഒരുപാടു സന്തോഷം തോന്നി. അതിപ്രശസ്ത്മായ ഇടുക്കി ഡാം കണ്ടതു കൊണ്ടു മാത്രമായിരുന്നില്ല ആ സന്തോഷം.ആ യാത്രയിലുടനീളം ഒരുപാടു നല്ല മനുഷ്യരെ കാണാന്‍ പറ്റീല്ലോ .ഈ നന്മ എന്നും എല്ലാവരിലും ഉണ്ടായാല്‍ മതി നമ്മുടെ കൊച്ചു കേരളം സഞ്ചാരികളുടെ സ്വപ്നഭൂമിയാവാന്‍...എല്ലാ അര്‍ത്ഥത്തിലും...

(തീര്‍ന്നില്ലാ തീര്‍ന്നില്ലാ..ഇനീമുണ്ട്‌)




Sunday, January 6, 2008

വെള്ളം വെള്ളം സര്‍വത്ര -രണ്ടാം ദിവസം..

രാവിലെ തന്നെ ഞങ്ങള്‍ കോട്ടയം ബോട്ട്‌ജെട്ടിയില്‍ ഹാജരായി.കുറെ ബോട്ടുകളൊക്കെ അവിടവിടെയായി പാര്‍ക്ക്‌ ചെയ്തിട്ടിട്ടുണ്ട്‌. ബോട്ടൊക്കെ വാടകയ്ക്കു കൊടുക്കുന്ന ഒരു ചേട്ടന്റെ അടുത്തു പോയി ഞങ്ങള്‍ ആവശ്യം അറിയിച്ചു

"ഒരു കുഞ്ഞു ബോട്ടു മതി ചേട്ടാ"
എന്നലല്ലേ ബോട്ടോടുമ്പോള്‍ വെള്ളത്തില്‍ കയ്യിടാന്‍ പറ്റൂ..എന്റെയൊരു ദീര്‍ഘവീഷണം!!

"ഇപ്പോ ടൂറിസ്റ്റ്‌ സീസണല്ലേ..ചെറുതൊന്നും ഒഴിവില്ല..വലുതു വേണമെങ്കില്‍ തരാം"ചേട്ടന്‍ എന്തോ ഔദാര്യം ചെയ്യുന്ന മട്ടില്‍ പറഞ്ഞു.

ഇവര്‍ക്കൊക്കെ ഇപ്പഴേ ഇങ്ങോട്ടെഴുന്നെള്ളാന്‍ തോന്നിയുള്ളോ..ഞാന്‍ എല്ലാ ടൂറിസ്റ്റുകളെയും മനസ്സില്‍ ശപിച്ചു.എന്തായാലും ഉള്ളതു കൊണ്ട്‌ ഓണം പോലേന്നുള്ള മട്ടില്‍ ഞങ്ങള്‍ യാത്ര തുടങ്ങി
ഇന്നലെ ഇങ്ങോട്ടു വന്നപ്പോള്‍ രാത്രിയായതു കൊണ്ട്‌ ഒന്നും കാണാന്‍ പറ്റിയിരുന്നില്ല. ഇന്ന്‌ ഒരു കാഴ്ചയും വിട്ടുപോവാന്‍ പാടില്ല. ഞാനും കൂട്ടുകാരിയും ബോട്ടിന്റെ ടെറസില്‍(അതിന്റെ മുകള്‍ ഭാഗത്തിനെന്താണോ പറയുക??)ഇരിപ്പുറപ്പിച്ചു.. ആദ്യം കുറെഭാഗം തോടു പോലെയാണ്‌. അതിന്റെ തീരത്തിരുന്നു കുറെപേര്‍ അലക്കുകയും മീന്‍ വെട്ടുകയും ഒക്കെ ചെയ്യുന്നുണ്ട്‌.

"ശ്ശൊ എന്തൊരു ഭാഗ്യം ചെയ്ത മനുഷ്യര്‌.ഇവിടെ ജീവിക്കാന്‍ പറ്റിയല്ലോ" ഞങ്ങള്‍ ചുമ്മാ അസൂയപ്പെട്ടു.
പുട്ടിനിടയ്ക്കു തേങ്ങ പോലെ ഞാന്‍ ഒന്നുരണ്ടു ഫോട്ടോ ഇവിടെ പോസ്റ്റിക്കോട്ടെ..നോക്ക്‌ ..നോക്ക്‌.



ങാ..അങ്ങനെ ബോട്ട്‌ മുന്നോട്ടു പോവുകയാണ്‌. ഞാനാണെങ്കില്‍ ക്യാമറയും കൊണ്ട്‌ സര്‍ക്കസ്‌ കളിക്കുകയാണ്‌..ഒരു ഫോട്ടോയെടുക്കാന്‍ ഇങ്ങനെ റെഡിയായി വരുമ്പോഴായിരിക്കും അതിനേക്കാള്‍ ഭംഗിയുള്ള കാഴ്ച കാണുന്നത്‌. എന്നാല്‍ പിന്നെ അതിന്റെ ഫോട്ടോയെടുക്കാംന്നുവച്ചാല്‍ അപ്പോഴെക്കും വെള്ളോം പാടോം തെങ്ങുമൊക്കെയായി അതിലും സ്റ്റെയിലന്‍ സീനറി അപ്പുറത്ത്‌. ചുരുക്കത്തില്‍ മര്യാദയ്ക്കുള്ള ഒരു ഫോട്ടൊയും കിട്ടുന്നില്ല..

"നീലവാനിന്നു കീഴിലായ്‌..അലയാഴിതന്‍ തീരഭൂവിതാ"കാസറ്റ്‌ വലിഞ്ഞ ശബ്ദത്തില്‍ കൂട്ടുകാരി പാട്ടു തുടങ്ങി.

"ഛെ ഛെ അതിനെക്കാളും ചേരുന്നത്‌ ശ്യാമസുന്ദര കേരകേദാരഭൂമിയാ" ഞാന്‍ തിരുത്തികൊടുത്തു.

പിന്നെ ഞങ്ങള്‍ടെ വക ഗ്രൂപ്പ്‌ സോംഗ്‌.ദൈവം സഹായിച്ച്‌ ബോട്ടിന്റെ ശബ്ദം കാരണം വേറാര്‍ക്കും ഞങ്ങള്‍ടെ ഗാനാമൃതം കേള്‍ക്കാനുള്ള ഭാഗ്യമുണ്ടായില്ല.

"യ്യോ അതു കണ്ടോ" കൂട്ടുകാരി പാട്ടു നിര്‍ത്തി.

മുന്‍പില്‍ ഒരു പാലം. ഇന്നലെ വന്നപ്പോള്‍ ഇരുട്ടു കാരണം ഈ പാലം കണ്ണില്‍ പെട്ടില്ലായിരുന്നു.അല്ലേങ്കിലും ഈ പാലം ഇന്നലെ ഇവിടെയുണ്ടാകാന്‍ ഒരു വഴിയുമില്ലാ. ഇത്രേം താഴ്‌ന്ന ഒരു പാലം ഇവിടുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ടെ ഇന്നലത്തെ ബോട്ട്‌ ഇവിടെ സ്റ്റക്കായി കിടന്നിരുന്നേനേ..ഇതു രാത്രിയ്ക്‌` ആരോ പണിതതാവും.ഇനിയിപ്പം ഞങ്ങള്‍ടെ ബോട്ട്‌ എങ്ങനെ പോകും?? ഞാന്‍ ആ പാലം പണിത കാലമാടന്‍/മാടിയുടെ ഏഴെട്ടു തലമുറകളെ വരെ ഒറ്റയടിയ്ക്കു ശപിച്ചു.ബോട്ട്‌ ഡ്രൈവര്‍ക്ക്‌ ഒരു കുലുക്കവുമില്ല.അങ്ങേര്‌ തുരുതുരാ ഹോണടിച്ചു കൊണ്ട്‌ മുന്നോട്ടു തന്നെ പോവുകയാണ്‌. നമ്മടെ പണ്ടത്തെ ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിലെ "പോം പോം" ഹോണില്ലേ..അതുപോലൊന്ന്‌...
ദാ ആ പാലം താഴെ. ഫോട്ടോ ഇത്തിരി ഷെയ്ക്കായിപ്പോയി. 'ഞങ്ങള്‍ടെ പാവം ടൈറ്റാനിക്ക്‌ ഇപ്പം ഇതില്‍ പോയി ഇടിക്കൂലോ'ന്നുള്ള പേടി ഫോട്ടോയില്‍ പ്രതിഫലിച്ചതാണ്‌.


ഞങ്ങള്‍ ശ്വാസമടക്കിപ്പിടിച്ച്‌ നോക്കികൊണ്ടിരുന്നു. കുറെ സ്കൂള്‍ പിള്ളേര്‍ വന്ന്‌ ആ പാലത്തിലെക്ക്‌ ഓടിക്കയറി.എന്നിട്ട്‌ ഒരു കയറില്‍ പിടിച്ച്‌ വലിക്കാന്‍ തുടങ്ങി.അ വില്ലന്‍ പാലം ഒരറ്റത്തുന്ന്‌ പൊങ്ങിപ്പോകുന്നു. പൊങ്ങിപൊങ്ങി അത്‌ കുത്തനെ നിന്നു.ആ വിടവിലൂടെ ഞ്ഞങ്ങള്‍ടെ ബോട്ട്‌ പുഷ്പം പോലെ കടന്നു പോയി. അത്രയും സമയം ആ കുട്ടികള്‍ ആ കയറും പിടിച്ചു നിന്നു. അതു പോലുള്ള പാലങ്ങള്‍ പിന്നെയുമുണ്ടായിരുന്നു. ഹോണടി കേള്‍ക്കുമ്പോള്‍ അതു വഴി പൊകുന്ന ആരെങ്കിലും വന്ന്‌ പാലം മാറ്റിത്തരും- എന്തു നല്ല നാട്ടുകാര്‌!!

ഇനി ഞങ്ങളുടെ അടുത്ത ലക്ഷ്യം കപ്പയും കരിമീനുമാണ്‌. ഒരു കുഞ്ഞു വീടിന്റെ മുന്‍പിലേക്ക്‌ ബോട്ടടുപ്പിച്ചു.അതൊരു ഷാപ്പാണെന്നാണ്‌ ബോട്ടുകാരന്‍ പറഞ്ഞത്‌. ഞങ്ങള്‍ നേറെ ചെന്നു കയറിയത്‌ അടുക്കളയിലെക്കാണ്‌.കുറെ ചെമ്മീനും കരിമീനും കപ്പയും ഒക്കെ പാര്‍സലാക്കി.കുറച്ചു മധുരക്കള്ളു ടെയ്സ്റ്റു ചെയ്തു നോക്കി.ഇഷ്ടപ്പെടാത്തതു കൊണ്ട്‌ അതു വാങ്ങിയെയില്ല.ദാ താഴെ. കപ്പേടെ സൈഡീന്ന്‌ ആരോ തോണ്ടിയെടുത്ത പോലെ തോന്നിയെങ്കില്‍ അതു തികച്ചും യാദൃശ്ചികം മാത്രമാണ്‌.

ബോട്ട്‌ വീണ്ടും നീങ്ങിത്തുടങ്ങി. നല്ല വെണ്ണ പോലെയുള്ള കപ്പ.കരിമീനിനാണെങ്കില്‍ ഒടുക്കത്തെ മുള്ള്‌.അപാര രുചി കാരണം ഉപേക്ഷിക്കാനും തോന്നിയില്ല. എല്ലാവരും കഴിച്ചുകഴിഞ്ഞിട്ടും ഞാന്‍ എന്റെ കരിമീനുമായി മല്‍പ്പിടുത്തം നടത്തികൊണ്ടിരിക്കുകയാണ്‌. പെട്ടെന്ന്‌ മുകളില്‍ നിന്ന്‌ 'ഓടിവായോ ഓടിവായോ'ന്നൊരു നിലവിളി. ഞാന്‍ ഓടി മുകളിലെത്തി.എവറസ്റ്റ്‌ കീഴടക്കിയ അഹങ്കരത്തോടെ കൂട്ടുകാരി നില്‍ക്കുന്നു.

" മരിക്കുന്നതിനു മുന്‍പ്‌ ഒരു വട്ടമെങ്കിലും കായലിലൂടെ നീന്തുന്ന താറാവുകളെ കാണണമ്ന്നു പറഞ്ഞിട്ടില്ലേ.ദാ നോക്ക്‌.ഇനി ഇതു കാണാത്തതിന്റെ പേരില്‍ മരിക്കാതിരിക്കണ്ട"

കൂട്ടുകാരി ചൂണ്ടിക്കാണിച്ച സ്ഥലത്തെക്കു നോക്കി. നിറയെ താറാവുകള്‍.. കരയിലൂടെ ഓടിവന്നു വെള്ളത്തിലെക്കു ചാടുകയാണ്‌.എണ്ണീട്ടും എണ്ണീട്ടും തീരാത്തത്ര താറാവുകള്‍!!




"അങ്ങോട്ടു ചാടണ്ട.ബോട്ടങ്ങോട്ട്‌ അടുപ്പിക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്‌." ബോട്ടിന്റെ അറ്റത്തേക്കോടിയ എന്നെ പിടിച്ചുവലിച്ചു കൊണ്ട്‌ കൂട്ടുകാരി പറഞ്ഞു.

പക്ഷെ ബോട്ട്‌ അടുപ്പിക്കുന്തോറും താറവുകള്‍ ദൂരേയ്ക്കു ദൂരേയ്ക്കു നീന്തിപ്പോയി. പേടിച്ചിട്ടായിരിക്കും..അപ്പഴെക്കു കുറെ ചേട്ടന്മാരും ഓടിവന്നു ഞങ്ങളെ തുറിച്ചു നോക്കാന്‍ തുടങ്ങി."താറാവിനെ കട്ടോണ്ടു പോവാനൊന്നുമല്ല;ചുമ്മാ ഒന്നു കാണാന്‍ വന്നതാ" എന്നൊക്കെ ഞ്ഞങ്ങള്‍ വിളിച്ചു പറഞ്ഞു. അവര്‌ കേട്ടോ എന്തോ..

പിന്നേം കായല്‌. ദൂരെ ഒരു തുരുത്തു പോലെ കുമരകം.ആ ഏരിയ കെ.ടി.ഡി.സീടേതാണു പോലും. അവിടെ ഇറങ്ങണമെങ്കില്‍ അവര്‍ടെ പെര്‍മിഷന്‍ വേണമ്ന്ന്‌ ഡ്രൈവര്‍ ചേട്ടന്‍ അറിയിച്ചു.



കുറെ നേരം കൂടി അതു വഴി ചുറ്റിക്കറങ്ങി ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു.നല്ല ശാന്തമായ കായല്‍. ഒരു ചെറിയ കാറ്റും.ഞാന്‍ ബോട്ടിന്റെ മുകളില്‍ ഒരു കസേര ഇട്ട്‌ ചുരുണ്ടിരുന്നുറങ്ങാന്‍ തുടങ്ങി.കുറെക്കഴിഞ്ഞ്‌ ഏതോ ബോട്ടിന്റെ ഹോണ്‍ കേട്ടാണ്‌ ഞെട്ടിയെഴുന്നേറ്റത്‌ നോക്കുമ്പോള്‍ അപ്പുറത്ത്‌ ഹൗസ്‌ ബോട്ടിലിരിക്കുന്ന ഒരു സായിപ്പുകുട്ടി ഒടിഞ്ഞുവളഞ്ഞിരുന്നുറങ്ങുന്ന എന്റെ ഫോട്ടൊ എടുക്കുകയാണ്‌. ഞാനും എന്റെ ക്യാമറയെടുത്ത്‌ ഒറ്റ ക്ലിക്കു ക്ലിക്കി. നമ്മള്‌ ലോക്കല്‍സും അത്ര മോശമൊന്നുമല്ലാന്നു തെളിയിക്കണല്ലോ. അവസാനം അങ്ങോട്ടുമിങ്ങോട്ടും കൈ വീശിക്കാണിച്ച്‌ ഞങ്ങള്‍ കോംപ്രമൈസായി.



ബോട്ട്‌ പതുക്കെ ആ തോടു പോലുള്ള സ്ഥലത്തെക്കു പ്രവേശിച്ചു. യാത്ര അവസാനിക്കാന്‍ പോകുന്നതിന്റെ വിഷമം ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും.

"അടുത്ത വര്‍ഷോം നമ്മളിവിടെ വരും.വീട്ടുകാരെയൊക്കെ കൂട്ടിക്കൊണ്ട്‌.എന്നിട്ട്‌ ഒരു ഹൗസ്‌ ബോട്ടെടുത്ത്‌ ഫുള്‍ടൈം കായലിലൂടെ സഞ്ചരിക്കും" ഞങ്ങള്‍ പരസ്പരം വാക്കുകൊടുത്തു.

മൂന്നുമണിയോടു കൂടി ഞങ്ങള്‍ കോട്ടയത്ത്‌ തിരിച്ചെത്തി.ഇനീം രാത്രിയാവാന്‍ ഒരു പാടു സമയമുണ്ട്‌.
"നമ്മള്‍ക്ക്‌ സിനിമയ്ക്കു പോകാം.എനിക്കു കഥ പറയുമ്പോള്‍' കാണണം" ഞാന്‍ അറിയിച്ചു.

"അതിനിവിടെ ആ സിനിമ ഓടുന്നുണ്ടോ? ഉണ്ടെങ്കില്‍ തന്നെ എവിടെയാണെന്ന്‌ നമ്മള്‍ എങ്ങനെ അറിയും"

"ഡോണ്ട്‌ വറി" എന്നും പറഞ്ഞ്‌ ഞാന്‍ നമ്മടെ ഭരണങ്ങാനം ഹീറോയെ വിളിച്ചു.കോട്ടയത്തെ സിനിമാതീയേറ്ററുകള്‍ടെ ഒരു ഡാറ്റാബേസ്‌ തന്നെ അവിടെയുണ്ടാകുമെന്ന്‌ എനിക്കുറപ്പായിരുന്നു. എന്റെ ഊഹം തെറ്റിയില്ല. തീയേറ്റര്‍,സ്ഥലം,ഷോ-ടൈം തുടങ്ങി സര്‍വ്വ വിവരങ്ങളും ആ ഒരൊറ്റ ഫോണ്‍-കോളിലൂടെ കിട്ടി.

സിനിമയുടെ ടൈം ആകുന്നതു വരെ കോട്ടയം ടൗണിലൂടെ വെറുതെ ചുറ്റിക്കറങ്ങി. സിനിമ കഴിഞ്ഞ്‌ പിന്നെയും കുറച്ച്‌ അലഞ്ഞു തിരിയല്‍.കോട്ടയത്ത്‌ നൈറ്റ്‌ ഷോപ്പിംഗ്‌ തുടങ്ങീന്നൊക്കെ ഒരു വാര്‍ത്ത കേട്ടിരുന്നു. എന്താണെന്നറിയില്ല; ഒറ്റ കട പോലും തുറന്നു കണ്ടില്ല. അവസാനം ഒരു തട്ടുകടയില്‍ പോയി ഭക്ഷണം കഴിച്ച്‌ തിരിച്ചെത്തി. ഒരു നല്ല ദിവസം അങ്ങനെ അവസാനിച്ചു.
ഇനി നാളെ..ഇടുക്കി..

Tuesday, January 1, 2008

അതിവേഗം ബഹുദൂരം-ഒന്നാം ദിവസം..

തിരുവനന്തപുരത്തിയപ്പോഴെക്കും വിശപ്പ്‌ അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയിരുന്നു. ഒരോട്ടൊയും പിടിച്ച്‌ കൂട്ടുകാരിയുടെ വീട്ടിലെത്തി. ബാഗു പോലും താഴെ വെയ്ക്കാതെയാണ്‌ അപ്പോം സ്റ്റൂവും വെട്ടിവിഴുങ്ങിയത്‌.
"ഒരു കാര്യമറിയുമോ..കൊല്ലത്തു നിന്ന്‌ ആലപ്പുഴയ്ക്ക്‌ ബോട്ട്‌ സര്‍വ്വീസുണ്ട്‌.."ഗൂഗിളില്‍ നിന്നു കിട്ടിയ വിവരം കൂട്ടുകാരി പങ്കുവച്ചു.
"സാമദ്രോഹീ എന്നിട്ടാണോ നമ്മള്‌ അങ്ങോട്ടു ബസില്‍ പോകാന്‍ തീരുമാനിച്ചത്‌. ഇനി ജലഗതാഗതം വിട്ടൊരു കളിയില്ല.അറിയാല്ലോ..കണ്ണൂരുന്നിങ്ങോട്ട്‌ ബോട്ട്‌ സര്‍വ്വീസുണ്ടായിരുന്നെങ്കില്‍ അതിലു വന്നിരുന്നേനെ ഞാന്‍"
"അതിനു നമ്മള്‍ ആലപ്പുഴ എത്തീലല്ലോ..ഇവിടുന്ന്‌ നേരെ കൊല്ലത്തേക്കു പോകാം..എന്നിട്ട്‌ ബോട്ടില്‍ ആലപ്പുഴയ്ക്ക്‌..പോരേ" കൂട്ടുകാരി ആശ്വസിപ്പിച്ചു.

ഞങ്ങള്‍ കൊല്ലത്തെത്തിയപ്പോഴെക്കും നട്ടുച്ചയായിരുന്നു.ബസ്‌സ്റ്റാന്‍ഡിനടുത്തു തന്നെയാണ്‌ ബോട്ട്‌ജെട്ടിയും. അവിടുത്തെ എന്‍ക്വയറിയില്‍ ചോദിച്ചപ്പോഴാണ്‌ ഞെട്ടിപ്പിക്കുന്ന ഒരു സത്യം മനസ്സിലായത്‌. ആലപ്പുഴയിലെക്ക്‌ ആകെ ഒരു ബോട്ടെ ഉള്ളൂ എന്നും അതു രാവിലെ 8 മണിക്കു പോയി എന്നും..ഇനി കൊല്ലത്തു നിന്നിട്ട്‌ കാര്യമൊന്നുമില്ല. ഞങ്ങള്‍ മനസ്സില്ലാമനസ്സോടെ ആലപ്പുഴ ബസ്സില്‍ കേറി.
(അല്ലെങ്കിലും എനിക്കു കൊല്ലം ബോട്ട്‌ജെട്ടി ഇഷ്ടപ്പെട്ടില്ല. ഒരു ബോട്ടു പോലും ഇല്ലാത്ത എന്തോന്നു ബോട്ട്‌ജെട്ടി!!)


വൈകുന്നേരം 4 മണിയോടെ ആലപ്പുഴയെത്തി.അവിടെയിറങ്ങിയപ്പോള്‍ ആദ്യം തോന്നിയത്‌ നിരാശയായിരുന്നു. എന്റെ സ്വപ്നങ്ങളിലെ ആലപ്പുഴയെവിടെ.. ഈ കുഞ്ഞു ടൗണെവിടെ..എവിടെ നോക്കിയാലും ചെറിയ ചെറിയ കെട്ടിടങ്ങള്‍..കായലിന്റെ പൊടി പോലും കാണുന്നില്ല. വഴിയില്‍ കണ്ട ഒരാളോട്‌ "കായലെവിടെ ചേട്ടാ..സോറി ബോട്ട്‌ജെട്ടിയെവിടെ ചേട്ടാ" എന്നു ചോദിച്ചപ്പോള്‍ അങ്ങേര്‌ കെട്ടിടങ്ങിള്‍ക്കിടയിലുള്ള ഒരു ഇടുക്കുവഴി ചൂണ്ടിക്കാണിച്ചു തന്നു.കൊല്ലത്തു നിന്നുണ്ടായ തിക്താനുഭവം മനസ്സിലുള്ളതു കൊണ്ട്‌ തീരെ പ്രതീക്ഷയില്ലാതെയാണ്‌ അങ്ങോട്ടിറങ്ങിയത്‌.പക്ഷെ അങ്ങു ചെന്നു കണ്ടപ്പോള്‍ എന്റെ മനസ്സു നിറഞ്ഞു പോയി.ബോട്ടുകളൊക്കെ ചുമ്മാ അങ്ങു നിരന്നു കിടക്കുന്നു. എന്തിനാ അധികം പറയുന്നത്‌..ദാ താഴത്തെ ഫോട്ടൊ കണ്ടോ..


ഞങ്ങള്‍ക്കു പോവേണ്ടത്‌ കോട്ടയത്തേക്കാണ്‌.ചോദിച്ചപ്പോള്‍ കോട്ടയത്തേക്കും ബോട്ടുണ്ട്‌.

"ബോട്ടൊക്കെയുണ്ട്‌..പക്ഷെ അതിനു ചെറിയ ഒരു റിപ്പയറിംഗ്‌ വേണം. ചിലപ്പോള്‍ പോവില്ല" അങ്ങോട്ടു വന്ന ഒരു ചേട്ടന്‍ അറിയിച്ചു.

"പോവുമോ ഇല്ലയോന്ന്‌ എപ്പോള്‍ അറിയാന്‍ പറ്റും?" ഇതുകൊണ്ടൊന്നും ഞങ്ങള്‍ പിന്നോട്ടു പോവില്ല മക്കളേ..

"അഞ്ചു മണിയാവുമ്പോള്‍ പറയാം.അതിലു പുറപ്പെട്ടാലും 8 മണിയായാലേ നിങ്ങള്‍ കോട്ടയത്തെത്തൂ.ഇവിടുന്നു ബസ്സുണ്ട്‌ അതിലു പൊയ്ക്കോ"

ആലപ്പുഴ വരെ വന്നിട്ട്‌ ബസ്സില്‍ പോവാനോ!!

"വൈകിയാലും ഒന്നും പേടിക്കാനില്ല.ആലപ്പുഴയില്‍ എനിക്കൊരു ബ്ലോഗര്‍ഫ്രണ്ടുണ്ട്‌" ഞാന്‍ കൂട്ടുകാരിയെ ആശ്വസിപ്പിച്ചു.
(ആലപ്പുഴയെ പറ്റി ചോദിച്ചു ചോദിച്ചു നമ്മടെ ബ്ലോഗ്ഗര്‍ ആഷേനെ ഞാന്‍ ക്ഷമേടെ നെല്ലിപ്പലക കാണിച്ചു കഴിഞ്ഞിരിക്കുകയാണ്‌. ഇനീം വല്ല സഹായോം ചോദിച്ചാല്‍ ചിലപ്പോള്‍ ആ പലകേം കൊണ്ട്‌ എന്റെ തലയ്ക്കിട്ടൊന്നു കിട്ടാനും ചാന്‍സുണ്ടെന്ന കാര്യം ഞാന്‍ സൗകര്യപൂര്‍വ്വം അങ്ങു മറന്നു..)

അഞ്ചു മണി വരെ എങ്ങനെയെങ്കിലും സമയം കളയണം. ഞങ്ങള്‍ റോഡിലെക്കിറങ്ങി.

"ഹോ എന്തോരം വിപ്ലവങ്ങള്‍ കണ്ട നാടാണിത്‌" ഞാന്‍ ആത്മഗതിച്ചു.

"അതു ശരിയാണല്ലോ..വാ അതിന്റെ ഒരോര്‍മ്മയ്ക്ക്‌ നമ്മക്കിവിടുന്ന്‌ ചായേം പരിപ്പുവടേം കഴിക്കാം" കൂട്ടുകാരീടെ വക സജഷന്‍.

ഒരു കുഞ്ഞു ഹോട്ടലില്‍ കയറി ഉള്ളു വേവാത്ത പരിപ്പുവടയും പഴുക്കാത്ത പഴം കൊണ്ടുള്ള പഴംപൊരിയും കഴിച്ചു.'ഇമ്മാതിരി ഭക്ഷണമാണ്‌ ഇവിടെ കഴിക്കാന്‍ കിട്ടുന്നതെങ്കില്‍ ഇത്രേം വിപ്ലവമുണ്ടായതില്‍ ഒരതിശയവും ഇല്ല' എന്നും പറഞ്ഞ്‌ സമാധാനിച്ച്‌ തിരിച്ചു ബോട്ട്‌ജെട്ടിയിലെത്തി.

ബോട്ട്‌ റിപയറൊക്കെ കഴിഞ്ഞ്‌ മിടുക്കനായി അവിടെ കിടപ്പുണ്ടായിരുന്നു.ഞങ്ങള്‍ മുന്‍സീറ്റില്‍ തന്നെ ഇരിപ്പുറപ്പിച്ചു.കാഴ്ചകളൊന്നും വിട്ടു പോകരുതല്ലോ..ബോട്ട്‌ സ്റ്റാര്‍ട്ടാവുന്നതും കാത്തിരിക്കുമ്പോഴാണ്‌ ഒരു ചേട്ടന്‍ ഒരു കുഞ്ഞു തോണിയും തുഴഞ്ഞ്‌ അങ്ങോട്ടു വന്നത്‌.ദാ താഴെ..(കണ്ട പാടെ ചേട്ടനെ അവിടുന്നു മാറ്റി ഞാന്‍ തുഴയും പിടിച്ചിരുന്നു -സ്വപ്നത്തില്‌)


ഞങ്ങളുടെ ബോട്ടു നീങ്ങിത്തുടങ്ങി. ഇനിയുള്ള കാഴ്ചകള്‍ എങ്ങനെ വിവരിക്കണം എന്നെനിക്കറിയില്ല.അത്രയ്ക്കു ഭംഗി.ഫോടോസ്‌ നോക്ക്‌..ഇതൊക്കെ ഞാനെങ്ങനെ വിവരിച്ചു തരാനാണ്‌?




പതുക്കെ പതുക്കെ സന്ധ്യയായി..ഇത്രയ്ക്കു മനോഹരമായ ഒരുകാഴ്ച ഞാന്‍ ജീവിതത്തിലിന്നു വരെ കണ്ടിട്ടില്ല. സ്വര്‍ണക്കളറിലുള്ള കായലും ആകാശവും അതില്‍ ഇടയ്ക്കിടയ്ക്കു പ്രത്യക്ഷപ്പെടുന്ന കുഞ്ഞു കുഞ്ഞു തോണികളും..സത്യം പറഞ്ഞാല്‍ ഒരു ഭീമാകാരമായ പെയിന്റിംഗിന്റെ മുന്‍പില്‍ നില്‍ക്കുന്നതു പോലെയാണ്‌ അപ്പോള്‍ തോന്നിയത്‌..







രാത്രിയായി..ബോട്ടില്‍ ലൈറ്റിട്ടു.പൊട്ടിമുളച്ചതു പോലെ ബോട്ടില്‍ നിറയെ പ്രാണികള്‍..പിന്നെ അതിനെ ഓടിക്കുന്ന തിരക്കിലായിരുന്നു. അതു കൊണ്ട്‌ പുറത്തെ ഇരുട്ടിലേക്കും നോക്കി പേടിയ്ക്കാന്‍ സമയം കിട്ടീല.





എട്ടുമണിയോടു കൂടി ഞങ്ങളുടെ ബോട്ട്‌ കോട്ടയത്തെത്തി.നാളെ നേരം വെളുക്കുന്ന പാടെ വന്നേക്കാംന്ന്‌ ഉറപ്പു കൊടുത്ത്‌ ഞങ്ങള്‍ കായലിനോട്‌ തല്‍ക്കാലം വിടപറഞ്ഞു

ഇനി പോയി ഉറങ്ങട്ടെ..ബാക്കി നാളെ..

Saturday, December 29, 2007

ഒരു യാത്ര തുടങ്ങുന്നു..


"ദിവസം മുഴുവന്‍ കായലു കാണണം, ബോട്ടിലിരുന്ന്‌ വെള്ളത്തില്‍ കയ്യിടണം,കായലിലൂടെ നീന്തുന്ന താറാവിന്‍ കൂട്ടത്തെ കാണണം,പിന്നെ കള്ളുഷാപ്പിലെ കപ്പേം കരിമീനും കഴിക്കണം.ഇത്രേം സാധിച്ചു കഴിഞ്ഞാല്‍ പിന്നെ എനിക്കു മരിച്ചാലും കുഴപ്പമില്ല"

ഞാന്‍ ജീവിതകാലം മുഴുവനുമുള്ള ആഗ്രഹങ്ങള്‍ അക്കമിട്ട്‌ അവതരിപ്പിച്ചു.

"അയ്യോ എനിക്ക്‌ ഇടുക്കി അണക്കെട്ടു കൂടി കാണണംന്നുണ്ട്‌.കണ്ടാല്‍ മാത്രം പോര..അതിന്റെ മോളില്‍ കേറണം.ഞാനുണ്ടാക്കിയ പ്ലാന്‍ പറയാം. അവിടുന്ന്‌ കണ്ണൂര്‍ എക്സ്പ്രസ്സില്‍ കേറിയാല്‍ രാവിലെ അഞ്ചു മണിക്ക്‌ തിരുവനന്തപുരത്തെത്തും. അഞ്ചരയാകുമ്പോള്‍ എന്റെ രാജധാനി എക്സ്പ്രസ്സും അവിടെയെത്തും.റെയില്‍വേ സ്റ്റേഷനില്‍ നമ്മള്‍ കണ്ടുമുട്ടുന്നു. പിന്നെ രണ്ടു പേരും എന്റെ വീട്ടിലെക്കു പോകുന്നു.അമ്മയുണ്ടാക്കുന്ന അപ്പോം സ്റ്റൂവും കഴിക്കുന്നു. എന്നിട്ട്‌ ഒറ്റപ്പോക്ക്‌..ആലപ്പുഴയ്ക്ക്‌...ഇപ്പം ഇത്രേം മതി. ബാക്കിയൊക്കെ പിന്നെ തീരുമാനിക്കാം ?"

ടു-ബി-സഹയാത്രിക പറഞ്ഞു നിര്‍ത്തി."മിടുക്കീ..അടിപൊളി പ്ലാന്‍.ചുമ്മാ അതുവഴി നടക്കാതെ ആ പ്ലാനിംഗ്‌ കമ്മീഷനില്‍ പോയി ഒരു കസേര വലിച്ചിട്ടിരിയ്ക്ക്‌.അത്രയ്ക്കു കഴിവുണ്ട്‌." ഞാന്‍ ആത്മാര്‍ത്ഥമായി തന്നെ അഭിനന്ദിച്ചു പോയി.

പിന്നെ ഒട്ടും സമയം കളഞ്ഞില്ല. നടക്കുന്ന വഴിക്കൊക്കെ ആലപ്പുഴയും വെള്ളോം വള്ളോമൊക്കെ സ്വപ്നം കാണാന്‍ തുടങ്ങി.

"ഡീ നീ തിരുവന്തപുരത്തേക്കു ടിക്കറ്റു ബുക്ക്‌ ചെയ്യുന്നില്ലേ??'"അടുക്കളയില്‍ വെറും തറയിലിരുന്ന്‌ എന്റെ കായല്‍സ്വപ്നങ്ങളെ പറ്റി ഇടതടവില്ലാതെ പറയുന്നതിനിടയ്ക്കാണ്‌ മമ്മീടെ വക ഓരോരോ സംശയങ്ങള്‍.

"അതിന്റെയൊന്നും ആവശ്യമില്ലെന്നേ. കണ്ണൂരുന്ന്‌ തിരുവനന്തപുരത്തെക്കു പോകാന്‍ ഈ സമയത്ത്‌ ഞാന്‍ മാത്രമേ ഉണ്ടാവുകയുള്ളൂ മമ്മീ. ടിക്കറ്റൊക്കെ പുഷ്പം പോലെ കിട്ടും."
"ങും അങ്ങു ചെന്നാല്‍ മതി.." മമ്മി പുച്ഛിച്ചു.

ചില സമയത്ത്‌ അമ്മമാര്‍ പ്രവചിക്കുന്നത്‌ സത്യമായിത്തീരാറുണ്ടെന്ന്‌ പിറ്റേ ദിവസം ടിക്കറ്റ്‌കൗണ്ടറിലെത്തിയപ്പോള്‍ എനിക്കു മനസ്സിലായി. കണ്ണൂര്‍ എക്സ്പ്രസ്സിന്‌ ഒരു സ്ലീപ്പര്‍' എന്നു മുഴുവന്‍ പറയാന്‍ പോലും കൗണ്ടറിലെ ചേട്ടന്‍ എന്നെ സമ്മതിച്ചില്ല.

"ഇപ്പോ സീസണാ..എല്ലാം ഫുള്ളാണ്‌"

"അയ്യോ സ്ലീപ്പര്‍ തന്നെ വേണമ്ന്നില്ല.. ഏതെങ്കിലും ക്ലാസ്സില്‍ ഒരു സിംഗിള്‍ സീറ്റ്‌ ഒഴിവുണ്ടോ?"
ഇത്രേം തങ്കപ്പെട്ട ഒരു യാത്രക്കാരിയെ ഇന്ത്യന്‍ റെയില്‍വെക്ക്‌ ഇനി കിട്ടാനില്ല എന്ന മട്ടില്‍ ഞാന്‍ ചേട്ടനെ ഒന്നു നോക്കി.

"9 മണിക്കുള്ള മലബാറില്‍ ഒരു ഫസ്റ്റ്‌ ക്ലാസ്സ്‌ ടിക്കറ്റുണ്ട്‌. വേണോ?"


"വേണം.. വേണം..അതിനെത്രയാ?" അതെങ്കില്‍ അത്‌. പ്ലാന്‍ ചെയ്തതിലും നാലു മണിക്കൂര്‍ വൈകും എന്നല്ലേയുള്ളൂ.


"3rd AC-യ്ക്കും 2nd AC-യ്ക്കും ഇടയ്ക്കായി വരും"

ടിക്കറ്റിനു പൈസ കൊടുക്കാന്‍ കയ്യിലുള്ള ചില്ലറപൈസ വരെ എടുക്കേണ്ടി വന്നു.'എന്നാലും ഇതു വെല്യ ചതിയായിപ്പോയി എന്റെ ലാലൂപ്രസാദേ' എന്നു മനസ്സില്‍ പറഞ്ഞോണ്ടാണ്‌ ടിക്കറ്റ്‌ വാങ്ങിയത്‌.

ഈ ഫസ്റ്റ്‌ ക്ലാസ്സ്‌ ഫസ്റ്റ്‌ക്ലാസ്സ്‌ എന്നു കേട്ടിട്ടുള്ളതല്ലാതെ സംഭവം ഞാനിതു വരെ കണ്ടിട്ടില്ല.ചെന്നു കേറി കണ്ടപ്പോ ആകെമൊത്തം ഇഷ്ടപ്പെട്ടു.2nd AC-യെക്കാളും സൗകര്യമുണ്ട്‌.നാലു പേര്‍ക്കിരിക്കാവുന്ന ഒരു റൂം. മൂന്നു ചേട്ടന്മാര്‍ ഓള്‍റെഡി അവിടെ സ്ഥാനം പിടിച്ചിട്ടുണ്ട്‌. നാലാമത്തേതാണ്‌ ഞാന്‍. എന്നുവച്ചാല്‍ ഞാനൊരു പെണ്ണു മാത്രം. ചെറിയൊരു പേടി പോലൊരു ഫീലിംഗ്‌."എയ്‌ എന്തു പേടിക്കാന്‍..നമ്മടെ സ്വന്തം ട്രെയിനല്ലേ,ഭാരതീയരൊക്കെ നമ്മടെ സഹോദരീസഹോദരന്‍മാരല്ലേ' എന്നൊക്കെ ഒന്നാശ്വസിക്കാന്‍ ശ്രമിച്ചിരിക്കുമ്പോഴാണ്‌ അതു കണ്ടത്‌.ആ റൂമിനൊരു വാതില്‍!! അതെങ്ങാനും അടച്ചാല്‍ പിന്നെ ആന പിടിച്ചാലും തുറക്കാന്‍ പറ്റില്ല. വാതിലടയ്ക്കണ്ടാ എന്നു പറഞ്ഞാലോ? ഛേ ..ഇനിയിപ്പോ ഇവരൊക്കെ നല്ല മനുഷ്യന്മാരാണെങ്കില്‍ അങ്ങനെയൊക്കെ പറയുന്നത്‌ മോശമല്ലേ.ചുമ്മാ ഒരു ദുരുദ്ദേശ്യവുമില്ലാത്ത മനുഷ്യരെ സംശയിക്കുന്നത്‌ തീരെ ശരിയല്ല.പക്ഷെ ഇവര്‌ നല്ലവരാണോന്ന്‌ എങ്ങനെ അറിയും??. പുറത്തെ ഇരുട്ടിലെക്കും നോക്കി ഞാന്‍ തലപുകച്ച്‌ ആലോചിക്കാന്‍ തുടങ്ങി.അപ്പോഴാണ്‌പെട്ടെന്ന്‌ മനസ്സിലെക്ക്‌ ആ സിനിമ വന്നത്‌. നമ്പര്‍ 20 മദ്രാസ്‌ മെയില്‍..അതില്‍` സുചിത്രയൊക്കെ സഞ്ചരിക്കുന്നത്‌ ഇതെ പോലെ ഒരു ഫസ്റ്റ്‌ക്ലാസ്സിലാണ്‌.എന്നിട്ട്‌ ആ കൊച്ചിനെ ആരോ കൊല്ലുന്നുണ്ട്‌.ഇപ്പം ഇതാലോചിക്കേണ്ട ഒരു കാര്യവുമില്ല.അല്ലേലും വേണ്ടാത്ത സമയത്താണല്ലോ ഇതു പോലുള്ള രംഗങ്ങളൊക്കെ ഓര്‍ക്കാന്‍ തോന്നുന്നത്‌. ഞാന്‍ കഷ്ടപ്പെട്ട്‌ അതില്‌ ഇന്നസെന്റ്‌ വെള്ളമടിച്ച്‌ 'ടോണിക്കുട്ടാ'-ന്നു പാടുന്ന രംഗം ഓര്‍ക്കാന്‍ ശ്രമിച്ചു. എവിടെ..ഇന്നസെന്റിന്റെ തള്ളിമാറ്റി പിന്നെം മുന്‍പില്‍ വരുന്നത്‌ സുചിത്രയാണ്‌..'എന്റെ പറശ്ശിനിമുത്തപ്പാ നീയാ അമ്പലത്തിലിരുന്നുറങ്ങാതെ ഇവിടെ വന്ന്‌ എന്നെയൊന്നു രക്ഷിക്ക്‌' ഞാന്‍ സര്‍വ്വശക്തിയുമേടുത്ത്‌ പ്രാര്‍ത്ഥിച്ചു.

കുറച്ചങ്ങു കഴിഞ്ഞതേയുള്ളൂ..കറുത്ത കോട്ടുമിട്ട്‌ മുത്തപ്പന്‍ വന്നു. ടിടീടെ രൂപത്തില്‍. എന്നെ തേടി വന്ന പോലെ."കുട്ടി സിംഗിള്‍ ടിക്കറ്റല്ലേ. B-ലെക്കു പൊയ്ക്കോളൂ.

ഹൊ..അങ്ങനെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിച്ചു.സത്യം പറഞ്ഞാല്‍ എനിക്കാ മുത്തപ്പന്‍-ടീടിയ്ക്ക്‌ ഒരുമ്മ കൊടുക്കാന്‍ തോന്നിപ്പോയി.ആ തോന്നല്‍ ഉടനടി ക്യാന്‍സല്‍ ചെയ്ത്‌ എന്റെ സ്ഥാവരജംഗമ വസ്തുക്കളുമായി ഞാന്‍ B-ലേക്കു വിട്ടു.

അവിടെ വാതില്‍ തുറന്ന്‌ അകത്തെക്കു കടന്ന എന്നെ എതിരേറ്റത്‌ ആറു ജോഡി കണ്ണുകളായിരുന്നു.ആ റൂം നിറച്ച്‌ ആള്‍ക്കാരുള്ളതു പോലെ.ഒന്നൂടി നോക്കിയപ്പോള്‍ മനസ്സിലായി-മൂന്നു മുതിര്‍ന്ന സ്ത്രീകളും മൂന്നു കുട്ടികളുമാണ്‌.

"ഹാവൂ രക്ഷപെട്ടു.ഇനിയിപ്പോ ടെന്‍ഷനില്ല"

ഞാന്‍ മനസ്സില്‍ പറഞ്ഞ കാര്യം തന്നെ അതില്‍ ഒരു സ്ത്രീ ഉറക്കെ പറയുന്നു.
"എന്റെ മോളേ, ഇങ്ങോട്ടിനി വരാന്‍ പോകുന്നത്‌ വല്ല ആണുങ്ങളുമാണോന്നോര്‍ത്ത്‌ ആകെ ടെന്‍ഷനായിരുന്നു. മോളെ കണ്ടപ്പോള്‍ സമാധാനമായി"

സത്യം പറഞ്ഞാല്‍ എനിക്കു ചിരിക്കാനാണ്‌ തോന്നിയത്‌. രക്ഷപെട്ടോടി വന്ന ഞാനിപ്പോ ഇവിടെ രക്ഷകയായിരിക്കുകയാണ്‌.

"നിങ്ങള്‌ മൂന്നാളില്ലേ. ഒരാണ്‌ ഇങ്ങോട്ടു വന്നാലും എന്താ പേടിക്കാനുള്ളത്‌"

കിട്ടിയ തക്കത്തിന്‌ ഒരു ഡയലോഗുമടിച്ച്‌ ഞാന്‍ ഒരു വിധത്തില്‍ മോളില്‍ വലിഞ്ഞു കേറിക്കിടന്നുറക്കമായി.പിന്നെ രാവിലെ ആരോ കുലുക്കിവിളിച്ചപ്പോഴാണ്‌ ഉണര്‍ന്നത്‌. സഹമുറിയര്‍ അവിടെ ഇറങ്ങുകയാണ്‌.വാതില്‍ ലോക്കു ചെയ്യണമ്ന്നു പറയാന്‍ വേണ്ടി വിളിച്ചതാണ്‌.നല്ല സ്നേഹമുള്ള ചേച്ചിമാര്‍..വാതിലൊക്കെ ലോക്ക്‌ ചെയ്തു ഞാന്‍ താഴെ ലോവര്‍ബര്‍ത്തില്‍ തന്നെ കിടന്നുറങ്ങി.പിന്നെ ഉണര്‍ന്ന്‌ പുറത്തേക്കു നോക്കിയപ്പോള്‍ കണ്ട കാഴ്ചയാണ്‌ ഏറ്റവും മുകളില്‍ ഒട്ടിച്ചു വച്ചിരിക്കുന്നത്‌.കായലും സ്വപ്നം കണ്ടുറങ്ങിയ എനിക്ക്‌ ഇതിലും നല്ലൊരു കണി കിട്ടാനില്ല.ആകെപ്പാടെ ഒരുന്മേഷം തോന്നി.ഇനിയങ്ങോട്ടുള്ള യാത്ര മോശമാവില്ലാന്നൊരു തോന്നല്‍.അതു സത്യമായിരുന്ന.ഒരുപാടാസ്വാദിച്ച കുറച്ചു ദിവസങ്ങളായിരുന്നു പിന്നീടു വന്നത്‌..അതിനെ പറ്റി പിന്നെ....



(ഫോട്ടോയ്ക്കു തലയില്ല ;വാലില്ല എന്നൊന്നും ആരും കുറ്റം പറയരുത്‌.ജനലിലൂടെ പുറത്തേയ്ക്ക്‌ ഇതിലും കൂടുതല്‍ എന്റെ കൈ നീളില്ലായിരുന്നു.)

Thursday, December 13, 2007

വീണ്ടും കാണും വരെ വിട...

ഉണങ്ങി വരണ്ട്‌ സഹാറാമരുഭൂമി പോലെയുള്ള ഒരു വര്‍ഷമാണ്‌ കടന്നു പോകുന്നത്‌.ബ്ലോഗിംഗ്‌ തുടങ്ങി എന്നതൊഴിച്ചാല്‍ പ്രത്യേകിച്ച്‌ എടുത്തു പറയാനായി ഒന്നുമില്ല.ഇക്കൊല്ലം നടപ്പില്‍ വരുത്തണമെന്നാഗ്രഹിച്ചിച്ചിട്ടും നടക്കാതെ പോയ ഒരു പാട്‌ ആഗ്രഹങ്ങള്‍, പ്രതീക്ഷകള്‍, സ്വപ്നങ്ങള്‍... എല്ലാമൊന്നും പറ്റില്ലെങ്കിലും അതില്‍ കുറച്ചെങ്കിലും ഇനി ശേഷിക്കുന്ന പത്തിരുപത്‌ ദിവസങ്ങള്‍ കൊണ്ട്‌ എനിക്കു ചെയ്തു തീര്‍ക്കണം.അതിന്റെ ആദ്യപടിയായിട്ടാണ്‌ പണ്ടെങ്ങോ ഉപേക്ഷിച്ച പെയിന്റ്‌ ബ്രഷ്‌ കൈയിലെടുത്തത്‌.കുറെക്കാലമായി നിര്‍ത്തി വച്ചിരുന്ന ഒരു ഹോബി.ഒരു പുതിയ തുടക്കത്തിന്റെ പ്രതീകമാവട്ടേന്നു കരുതി ആദ്യം തന്നെ പെയിന്റ്‌ ചെയ്തത്‌ ഒരു ഫീനിക്സ്‌ പക്ഷിയെ (ദാ താഴെ)
(പാറ്റേണ്‍ നെറ്റില്‍ നിന്നും കോപ്പിയടിച്ചതാണ്‌)

ഇനി ഒരു യാത്രയാണ്‌. പ്ലാനിംഗൊക്കെ ഏകദേശം പൂര്‍ത്തിയായി.'ആലിന്‍ കായ പഴുത്തപ്പോള്‍ കാക്കയ്ക്കു വായ്‌പ്പുണ്ണ്‌' എന്നൊക്കെ പറയുന്ന പോലെ ഒരു പനി വന്നു കയറിയിട്ടുണ്ട്‌. അതിനെ എങ്ങനെയെങ്കിലും തള്ളിപ്പുറത്താക്കണം.എന്നിട്ടു വേണം യാത്ര തുടങ്ങാന്‍..എല്ലാം മനസ്സില്‍ വിചാരിച്ച പോലെ തന്നെ പൂര്‍ത്തിയാക്കാന്‍ പറ്റിയാല്‍ മതിയായിരുന്നു


അപ്പോ എല്ലാം പറഞ്ഞ പോലെ.. വീണ്ടും കാണും വരെ വിട....