Friday, January 11, 2008

മാമലക്കള്‍ക്കപ്പുറത്ത്‌-മൂന്നാം ദിവസം..

വെളുപ്പിന്‌ അഞ്ചുമണിക്ക്‌ കോട്ടയത്തുന്ന്‌ തൊടുപുഴയ്ക്കൊരു ബസുണ്ടെന്ന്‌ രാത്രീല്‌ എന്‍ക്വയറീലിരുന്ന ചേട്ടന്‍ ഉറപ്പു പറഞ്ഞിരുന്നതാണ്‌.അതും വിശ്വസിച്ച്‌ കൃത്യസമയത്തു തന്നെ സ്റ്റാന്‍ഡിലെത്തീപ്പോഴെക്കും തൊടുപുഴവണ്ടി അതിന്റെ പാട്ടിനു പോയിരുന്നു.KSRTC-നെ നന്നാക്കും നന്നാക്കും എന്നു ഗതാഗതമന്ത്രി പറഞ്ഞപ്പോള്‍ ഞാനിത്രയ്ക്ക്‌ പ്രതീക്ഷിച്ചിരുന്നില്ല. സാധാരണ സമയത്തിനും പത്തു മിനിറ്റ്‌ മുന്‍പേ ബസ്സു പോവുക എന്നൊക്കെ പറഞ്ഞാല്‍ അതിത്തിരി ഓവറായിട്ട്‌ നന്നായിപ്പോയില്ലേ!!എന്തായാലും പോയതു പോയി.'ഇനിയെന്തു ചെയ്യുംന്ന്‌ എന്‍ക്വയറി' ചേട്ടനോടു ചോദിച്ചപ്പോള്‍ പോയി പാലാ ബസ്സില്‍ കയറിക്കോളാന്‍ പറഞ്ഞു. അവിടുന്‌ തൊടുപുഴയ്ക്കു ബസ്സ്‌ കിട്ടുമത്രെ.. പാലായെങ്കില്‍ പാല. എനിക്കേതെങ്കിലുമൊരു ബസ്സില്‍ കേറിക്കൂടണമെന്നേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടു വേണമല്ലോ ഇടയ്ക്കു വച്ചു മുറിഞ്ഞു പോയ ഉറക്കം തുടരാന്‍..

ബസൊക്കെ പുറപ്പെട്ട്‌ കുറച്ചു സമയം കഴിഞ്ഞപ്പോഴാണ്‌ ഞാന്‍ പള്ളിയുറക്കത്തില്‍ നിന്നും എഴുന്നേറ്റത്‌.പുറത്തു നല്ല മഞ്ഞ്‌.അതു കണ്ടപ്പോള്‍ ഡെല്‍ഹിയിലെ തണുപ്പുകാലം ഓര്‍മ്മ വന്നു. പിന്നെ കുറേസമയം ഞ്ഞങ്ങള്‍ രണ്ടു പേരും ഗതകാലസ്മരണകള്‍ അയവിറക്കിക്കൊണ്ടിരുന്നു.. ഇത്തിരൂടെ കഴിഞ്ഞപ്പോള്‍ മഞ്ഞൊക്കെ പോയി നന്നായി വെളിച്ചം വരാന്‍ തുടങ്ങി. പോകുന്ന വഴിക്കൊക്കെ ഇഷ്ടം പോലെ കള്ളുഷാപ്പുകള്‍..ഓരോ ഷാപ്പിനും മുന്‍പിലുള്ള ബോര്‍ഡില്‍ 'കള്ള്‌,കപ്പ,കരിമീന്‍,കൊഞ്ച്‌...'എന്നൊക്കെ നല്ല ഭംഗിയായി എഴുതിവച്ചിട്ടുണ്ട്‌.പതുക്കെ പതുക്കെ ബോര്‍ഡിലെ വാക്കുകളൊക്കെ മാറി "കള്ള്‌,കപ്പ,പന്നി,പോത്ത്‌..'എന്നൊക്കെയാകാന്‍ തുടങ്ങി. അതെ..ഞങ്ങള്‍ പാലായിലെത്താന്‍ പോവുകയാണ്‌..

"അപ്പോ ഇതാണ്‌ കെ.എം മാണീടെ സ്വന്തം പാലാ" ഞാന്‍ ബസ്സില്‍ നിന്നിറങ്ങി ചുറ്റുമൊന്നു നോക്കികൊണ്ടു പറഞ്ഞു..

" അതെ..അതെ.. ഇപ്പം വയറു നിറച്ചും കണ്ടോ. തരം കിട്ടിയാല്‍ മാണിയങ്കിള്‍ ഇതിനെ ചിലപ്പോള്‍ ഒരു രാജ്യമായി തന്നെ പ്രഖ്യാപിച്ചേക്കും.പിന്നെ ഇങ്ങോട്ടു വരാന്‍ പാസ്പോര്‍ട്ടും വിസയുമൊക്കെ വേണ്ടി വരില്ലേ" കൂട്ടുകാരി കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ പാദസ്പര്‍ശം കൊണ്ടു ധന്യമാകാന്‍ ഭാഗ്യം സിദ്ധിച്ച അടുത്ത സ്ഥലം തൊടുപുഴയായിരുന്നു.അവിടിറങ്ങി ഒരു ഹോട്ടലില്‍ നിന്ന്‌ നൂല്‍പ്പുട്ടും കടലക്കറീം കഴിച്ചു. ഇനി അടുത്തത്‌ വഴി ചോദിക്കല്‍ യജ്നമാണ്‌. ഒരു ഓട്ടോചേട്ടന്‍ ഞങ്ങളെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നുണ്ട്‌.അങ്ങോട്ടു തന്നെ ചെന്നു..

"ചേട്ടാ അണക്കെട്ട്‌` ഇവിടുന്നെത്ര ദൂരമുണ്ട്‌?"

"ഇവിടുന്നങ്ങോട്ട്‌ കുറ അണക്കെട്ടുകളുണ്ടല്ലോ..കുറച്ചങ്ങോട്ടു പോയാല്‍ കുളമാവ്‌ അണക്കെട്ട്‌..പിന്നെ ചെറുതോണി..ഇടുക്കി..പിന്നേം അങ്ങോട്ടു പോയാല്‍ മുല്ലപ്പെരിയാര്‍..."

"അയ്യോ അത്രേമങ്ങാട്ടു പോകണ്ട.ഞങ്ങള്‍ക്ക്‌ ഇടുക്കി വരെ പോയാല്‍ മതി"

"ഓട്ടോയ്ക്കോ!!" ചേട്ടന്‍ നന്നായിട്ടൊന്നു ഞെട്ടി.

"അല്ലല്ല.. ബസ്സിന്‌..ഏതു ബസ്സിനാ കയറേണ്ടത്‌ എവിടെയാ ഇറങ്ങേണ്ടത്‌ എന്നൊക്കെ അറിയാമോ?"

"ദാ ആ സ്റ്റാന്‍ഡില്‌ പോയാല്‍ അങ്ങോട്ടേയ്ക്ക്‌ ഇഷ്ടം പോലെ ബസ്സു കിട്ടും" ചേട്ടന്‍ ആശ്വാസത്തോടെ പറഞ്ഞു.

ബസ്‌സ്റ്റാന്‍ഡില്‍ ഒരു കൂട്ടം കിളി-കണ്ടക്ടര്‍-ഡ്രൈവര്‍ ചേട്ടന്മാര്‍ അന്താരാഷ്ട്രകാര്യങ്ങളെ പറ്റി ചര്‍ച്ചചെയ്തുകൊണ്ടു നില്‍ക്കുന്നുണ്ടായിരുന്നു.ഞങ്ങള്‍ നേരെ അങ്ങോട്ടു ചെന്ന്‌ വളരെ സിംപിളായി തന്നെ കാര്യമവതരിപ്പിച്ചു...

"അണക്കെട്ടു കാണാനുള്ള പാസ്സ്‌ കൊടുക്കുന്ന സ്ഥലത്തേക്കുള്ള ബസ്‌ ഏതാ?"

ഇവിടെ പെണ്‍കുട്ടികള്‍ക്കായി ഒരു ഉപദേശം: പുരുഷപ്രജകള്‍ ചെവിപൊത്തിപ്പിടിയ്ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു)ഇങ്ങനെ ബസിന്റെയോ വഴീടെയോ ഒക്കെ കാര്യത്തില്‍ നിങ്ങള്‍ക്ക്‌ സംശയമുണ്ടെന്നിരിക്കട്ടെ. സംശയം തീര്‍ക്കാനായി ചുറ്റും നോക്കിയപ്പോള്‍ അവിടെ മാടപ്രാവിന്റെ ആങ്ങളയെ പോലെ നിഷ്കളങ്കനും മര്യാദരാമനുമായ ഒരു ചേട്ടന്‍ ഒറ്റയ്ക്കു നില്‍ക്കുന്നു. അപ്പുറത്തു മാറി നിങ്ങളെ കമന്റടിക്കാന്‍ റെഡിയായി നില്‍ക്കുന്ന ഒരു കൂട്ടം ഞരമ്പുരോഗികളും(?).നിങ്ങള്‍ ആരോടു വഴി ചോദിക്കും??അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാണ്‌ ആ കമന്റടികൂട്ടത്തോടു തന്നെ വഴി ചോദിക്കണം. ആദ്യത്തെ മാടപ്രാവു ചേട്ടന്‍ ഒരുപക്ഷെ നിങ്ങള്‍ക്കു വഴി പറഞ്ഞു തന്നേക്കാം. പക്ഷെ രണ്ടാമത്തെ കൂട്ടരുണ്ടല്ലോ,ഇത്തിരൂടെ കടന്ന്‌ നിങ്ങ്നള്‍ക്ക്‌ പോകേണ്ട സഥലത്തു കൊണ്ടുചെന്നാക്കാനും തയ്യാറാകും.ഇതിനു പിന്നിലെ മനശാസ്ത്രമെന്താണെന്നറിയില്ല. നേരെ ചെന്ന്‌ എന്തെങ്കിലും സഹായം ചോദിച്ചാല്‍ ഇത്രേം ആത്മാര്‍ഥമായി ഹെല്‍പ്‌ ചെയ്യുന്ന വേറൊരു കൂട്ടരില്ലെന്നാണ്‌ എന്റെ അനുഭവം)

അപ്പോ ഉപദേശം കഴിഞ്ഞു. നമ്മക്ക്‌ തൊടുപുഴ ബസ്‌സ്റ്റാന്‍ഡിലേയ്ക്ക്‌ തിരിച്ചു വരാം. മേല്‍പ്പറഞ്ഞ തിയറി അനുസരിച്ച്‌ ഞങ്ങള്‍ക്ക്‌ സുരക്ഷിതമായ യാത്ര ഉറപ്പു വരുത്തുക എന്നുള്ള ഉത്തരവാദിത്വം ഡ്രൈവര്‍-കണ്ടക്ടര്‍-കിളി-കൂട്ടം ഏറ്റെടുത്തു.ചെറുതോണിയിലാണ്‌ പാസ്സ്‌ കിട്ടുന്നതെന്നും അവിടെ ബസ്‌ ഇറങ്ങിയാല്‍ പിന്നെയും കുറച്ചു ദൂരം കൂടി പോകാനുണ്ടെന്നൊക്കെയുള്ള വിവരങ്ങള്‍ തരിക മാത്രമല്ല, അവര്‍ മനസ്സു കൊണ്ട്‌ ഓരോ ബസിന്റെയും സ്പീഡ്‌ കാല്‍ക്കുലേറ്റ്‌ ചെയ്ത്‌ ഏറ്റവും പെട്ടെന്ന്‌ ചെറുതോണിയില്‍ എത്താന്‍ സാധ്യതയുള്ള ഒരു ബസില്‍ ഞങ്ങളെ കേറ്റിയിരുത്തി.കറക്ടായ സ്റ്റോപ്പില്‍ ഞങ്ങളെ ഇറക്കിവിടാനുള്ള ചുമതല ആ ബസ്സിലെ കണ്ടക്ടര്‍ സ്വമേധയാ ഏറ്റെടുക്കുകയും ചെയ്തു.'കുറെ ദൂരമുണ്ട്‌..ഭക്ഷണമൊക്കെ കഴിച്ചിട്ടു ബസ്സില്‍ കേറിയാല്‍ മതി കേട്ടോ' എന്നൊരു ഉപദേശവും ഇതിനിടയ്ക്ക്‌ ഫ്രീയായി കിട്ടി. അവരുടെ നല്ല മനസ്സിന്‌ നന്ദി പറഞ്ഞുകൊണ്ട്‌ ഞങ്ങള്‍ തൊടുപുഴയോട്‌ വിടപറഞ്ഞു.

നല്ല ഭംഗിയുള്ള സ്ഥലത്തൂടെയാണ്‌ യാത്ര.കുറെയങ്ങെത്തിയപ്പോള്‍ കുളമാവ്‌ ഡാം കണ്ടു. സത്യം പറഞ്ഞല്‍ അതു കണ്ടിട്ട്‌ എനിക്കൊരു വികാരോം തോന്നീല്ല. ഒരു സൈഡില്‍ മാത്രം വെള്ളമുള്ള ഒരു പാലം- അത്ര മാത്രം. 'ഇതു കണ്ട്‌ നിരാശപ്പെടാന്‍ വരട്ടെ..ഇടുക്കിയാണല്ലോ ഞങ്ങള്‍ടെ ലക്ഷ്യം' എന്നും പറഞ്ഞ്‌ ഞാന്‍ സ്വയം ആശ്വസിച്ചു.

ചെറുതോണിയില്‍ അണക്കെട്ടിലെക്കു പോകാനുള്ള റോഡിന്റെ അടുത്തു തന്നെ ബസ്‌ നിര്‍ത്തിതന്നു. അവിടെയിറങ്ങി ചുറ്റും നോക്കീട്ടും ഡാമിന്റെ പൊടി പോലും കാണാനില്ല. റോഡിലൂടെ ഒന്നര കിലോമീറ്റര്‍ പോയാല്‍ ഡാമിലെത്തുമെന്ന്‌ ഒരോട്ടോക്കാരന്‍ അറിയിച്ചപ്പോള്‍ ഞങ്ങള്‍ക്കു സമാധാനമായി.അപ്പോള്‍ സ്ഥലമൊക്കെ കറക്ടാണ്‌. നാടു കാണാന്‍ വന്നതല്ലേ; കണ്ടു തന്നെ പോകാമെന്നു കരുതി ആ ഒന്നര കിലോമീറ്റര്‍ ദൂരം നടന്നു പോവാന്‍ തന്നെ തീരുമാനിച്ചു. ഇടയ്ക്കെങ്ങാനും മടുത്തൂന്നു തോന്നിയാല്‍ അപ്പോള്‍ ഓട്ടോ പിടിച്ചാല്‍ മതിയല്ലോ.നടന്നുടങ്ങി ഇത്തിരിയങ്ങു ചെന്നപ്പോഴാണ്‌ അബദ്ധം മനസ്സിലായത്‌. ആ റോഡ്‌ ഒരൊന്നൊന്നര കേറ്റമാണ്‌..പകുതി കയറിയപ്പോഴെക്കും ഞങ്ങള്‍ തളര്‍ന്നു തുടങ്ങി. ഓട്ടോ പോയിട്ട്‌ ഒരുന്തുവണ്ടി പോലും ആ വഴിയ്ക്കു വരുന്നില്ല. കുറച്ചും നടന്നും പിന്നെ കുറച്ച്‌ ഇരുന്നുമൊക്കെ ഞങ്ങള്‍ യാത്ര തുടര്‍ന്നു.കുറച്ചങ്ങോട്ടെത്തീപ്പോ ദൂരെ ഡാം കാണാന്‍ തുടങ്ങി.എന്തോ ഒരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌..കേട്ടതും വായിച്ചതും ഒക്കെ അനുസരിച്ചാണെങ്കില്‍ ഇടുക്കി അണക്കെട്ടു വളഞ്ഞാണിരിക്കുന്നത്‌.ഈ ഡാമാണെങ്കിലോ സ്കെയില്‍ വെച്ചു വരച്ച പോലെ നേര്‍രേഖയും!!

"എന്റെ ദൈവമേ ഇതു വേറേതോ ഡാമാണെന്നു തോന്നുന്നു" ഞാന്‍ എന്റെ കണ്ടുപിടിത്തമൊക്കെ വിവരിച്ച്‌ ഞെട്ടല്‍ കൂട്ടുകാരിയിലേക്കും കൂടി പകര്‍ന്നു കൊടുത്തു.

"നമ്മളെന്തു മന്ദബുദ്ധികളാ..വഴി ചോദിച്ചവരോടൊക്കെ 'വെറും അണക്കെട്ട്‌' എന്നല്ലേ നമ്മള്‍ പറഞ്ഞുള്ളൂ.ഇടുക്കു അണക്കെട്ട്‌ എന്ന്‌ പ്രത്യേകം പറയാണ്മായിരുന്നു "

"അതിനീ നാടു മുഴുവന്‍ അണകെട്ടുകളാണെന്ന്‌ നമ്മളെങ്ങനെ അറിയാനാ.." എന്റെ തളര്‍ച്ച ഇരട്ടിയായി.

ഡാം തുടങ്ങുന്ന അവിടെ തന്നെ ഒരു ടെന്റൊക്കെ കെട്ടി കുറച്ചു ചേട്ടന്മാര്‍ ഇരിക്കുന്നുണ്ടായിരുനു.ടിക്കറ്റ്‌ കൗണ്ടറാണു പോലും.

"ഇതാണോ ഇടുക്കി അണക്കെട്ട്‌?" ഞാന്‍ വെല്യ പ്രതീക്ഷയൊന്നുമില്ലാതെ ചോദിച്ചു.

"ഏയ്‌ ഇതു ചെറുതോണി അണക്കെട്ട്‌" ചേട്ടന്‍ വളരെ കൂളായി പറഞ്ഞു.

എനിക്കു ജീവിതം മതിയായ പോലെ തോന്നി. ഇത്രേം കഷ്ടപ്പെട്ട്‌ ഇവിടെ എത്തീപ്പോ ഇങ്ങനൊരു ചതി തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഇനീപ്പം ഇടുക്കിയിലേക്കൊന്നും പോകാനുള്ള എനര്‍ജിയില്ല. എന്തിന്‌ , തിരിച്ച്‌ ബസ്‌ കിട്ടുന്ന റോഡ്‌ വരെയെത്തണമെങ്കില്‍ പോലും വല്ല ഓട്ടോയും കിട്ടിയാലേ രക്ഷയുള്ളൂ.എന്നാല്‍ പിന്നെ ഈ അണക്കെട്ടു കണ്ടിട്ട്‌ തിരിച്ചു പോയേക്കാംന്നു വെച്ചാല്‍, ഒരു മാതിരി ആനയെ കാണാന്‍ വന്നിട്ട്‌ കുഴിയാനയെ കണ്ട പോലെയാകും ഞങ്ങള്‍ടെ അവസ്ഥ.

"അപ്പോ ഈ ഇടുക്കി ഡാമിലേക്കു പോകാന്‍ എവിടാരുന്നു ഇറങ്ങേണ്ടിയിരുന്നതു" അങ്ങേയറ്റത്തെ നിരാശയോടെ കൂട്ടുകാരി ചോദിച്ചു.

"ഇവിടെ തന്നെ.അല്ലാതെവിടെ!!" ചേട്ടനും ആകെ ഒരു അന്ധാളിപ്പ്‌

"അയ്യോ അതെങ്ങനെ??" ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചു ചോദിച്ചു.

"ഇതു ചെറുതോണി ഡാം..ആ ഡാം കഴിഞ്ഞ്‌ ദാ ആ മല ചുറ്റി അപ്പുറത്തെത്തിയാല്‍ ഇടുക്കി ഡാം"

സന്തോഷം കാരണമാണെന്നു തോന്നുന്നു എന്റെ തളര്‍ച്ചയും ക്ഷീണവുമൊക്കെ ഒറ്റ സെക്കന്റു കൊണ്ട്‌ ആവിയായിപ്പോയി.ഫോണും ക്യാമറയുമൊക്കെ അവിടെ ഏല്‍പ്പിച്ച്‌ (അതൊന്നും കൂടെക്കൊണ്ടു പോകാന്‍ സമ്മതിക്കില്ല.അതുകൊണ്ട്‌ ഈ പോസ്റ്റില്‍ ഫോട്ടോയുമില്ല) ഞങ്ങള്‍ ഡാമിലെത്തി. അവിടെ നല്ല ചെക്കിംഗ്‌.. എന്നു വച്ചാല്‍ ശരിക്കും ആത്മാര്‍ഥമായി തന്നെ പരിശോധിക്കുന്നുണ്ട്‌. തീവ്രവാദികളൊന്നുമല്ലാന്ന്‌ അവരെ ബോധ്യപ്പെടുത്തിയ ശേഷം ഞങ്ങള്‍ ചെറുതോണി ഡാമിലെക്കു വലതുകാല്‍ വച്ചു കേറി.

കൊള്ളാം നല്ല രസമുണ്ട്‌.നല്ല വീതിയുള്ള ഒരു പാലത്തിലൂടെ നടക്കുന്നതു പോലെ. ടൂറിസ്റ്റുകള്‍ടെ തള്ളിക്കയറ്റമൊന്നുമില്ല.വളരെ കുറച്ചാള്‍ക്കാരേ ഉള്ളൂ.ഓരു സൈഡില്‌ നിറയെ വെള്ളം. മറ്റേ സൈഡില്‍ വലിയൊരു താഴ്ച.ഇടയ്ക്കിടയ്ക്ക്‌ മലകള്‍..നല്ല സീനറി. ഹൊ ഇതിത്രയ്ക്കു ഭംഗിയാണെങ്കില്‍ സാക്ഷാല്‍ ഇടുക്കി ഡാം എങ്ങനെയായിരിക്കും!!ഞങ്ങള്‍ ചെറുതോണി ഡാം ക്രോസ്‌ ചെയ്തു മലയിലെത്തി. മലയുടെ ഏതാണ്ടു പകുതി ഉയരത്തിലാണ്‌ ഡാം. ഡാമിന്റെ തുടര്‍ച്ച പോലെ മലയെ ചുറ്റി ഒരു റോഡുണ്ട്‌. അതിന്റെ ഒരു സൈഡില്‍ കമ്പിവേലി കെട്ടീട്ടുണ്ട്‌ . മറ്റേസൈഡില്‍ ഒരു വെല്യ പാറ പോലെ മല ഇങ്ങനെ നീണ്ടു നിവര്‍ന്നു നില്‍ക്കുന്നു.ദൂരേന്നു കണ്ടപ്പോള്‍ ഒരു കുഞ്ഞു മലയാണെന്നാണ്‌ തോന്നിയിരുന്നതു. പക്ഷെ അതു ചുറ്റാന്‍ തുടങ്ങീപ്പഴല്ലേ..നമ്മടെ പാഞ്ചാലീടെ സാരി പോലെ അങ്ങു നീളം.. നടന്നിട്ടും നടന്നിട്ടും മല ചുറ്റിക്കഴിയുന്നില്ല. നല്ല വിജനമായ വഴിയും.കുറച്ചു കഴിഞ്ഞപ്പോള്‍ ബോറടിയ്ക്കാന്‍ തുടങ്ങി. കാഴ്ച കാണുന്നതൊക്കെ ഉപേക്ഷിച്ച്‌ ഞങ്ങള്‍ ഏറ്റവും വലിയ ടൈംപാസ്സായ 'കത്തിവെയ്ക്കല്‍ പരിപാടി' തുടങ്ങി.ഏതാണ്ട്‌ ഒന്നര വര്‍ഷത്തിനു ശേഷമാണ്‌ ഞങ്ങള്‍ തമ്മില്‍ കാണുന്നതു. അത്രേം കാലത്തെ കാര്യങ്ങളു മുഴുവന്‍ പറഞ്ഞുതീര്‍ക്കാനുണ്ടല്ലോ..അങ്ങനെ സംസാരിച്ചു സംസാരിച്ച്‌ ഏതാണ്ട്‌ ഒരു മണിക്കൂറോളം നടന്നു കഴിഞ്ഞപ്പഴതാ വേറൊരു മല മുന്‍പില്‍!! "ദൈവമേ ഇനി ഇതും കൂടി ചുറ്റേണ്ടിവരുമോ?" എന്നും പറഞ്ഞ്‌ തലേല്‌ കൈ വച്ചു പോയി..പക്ഷെ വേണ്ടിവന്നില്ല. ആ മലയിലൂടെ ഒരു തുരങ്കമുണ്ടായിരുന്നു. അതിലൂടെ മിനിറ്റുകള്‍ കൊണ്ട്‌ ആ മല കടന്നു കിട്ടി.പിന്നെം കുറച്ചു ദൂരം കൂടി നടന്നപ്പോള്‍ ഒരു ഗേറ്റ്‌ കണ്ടു. "ഹൊ അവസാനം എത്തിപ്പെട്ടു. അണക്കെട്ടിലേക്കു കയറാനുള്ള ഗേറ്റ്‌".ഞങ്ങള്‍ വര്‍ത്തമാനമൊക്കെ നിര്‍ത്തി ഡാം കാണാന്‍ വേണ്ടി മനസ്സിനെ തയ്യാറാക്കിനിര്‍ത്തി..

ഗേറ്റില്‍ നില്‍ക്കുന്ന ചേട്ടന്‍ ചോദിച്ചപ്പോള്‍ പാസ്സെടുത്ത്‌ കൊടുത്തു. കുറച്ചു കഴിഞ്ഞിട്ടും അങ്ങേര്‍ക്കത്‌ തിരിച്ചു തരാന്‍ ഒരുദ്ദേശ്യവുമില്ലാത്തതു പോലെ.

"അതേയ്‌.. ആ പാസ്സ്‌ കിട്ടിയാല്‍ ഞങ്ങള്‍ക്കങ്ങ്‌ പോകാമായിരുന്നു" അവസാനം ഞാന്‍ ചോദിച്ചു

"പാസ്സോ!! ഏന്തിന്‌..??"

"അപ്പോ ഇനിയങ്ങോട്ട്‌ ആരും പാസ്സ്‌ ചോദിക്കില്ലേ??"

"ഇനിയെങ്ങോട്ട്‌!! നിങ്ങള്‌ ഡാമിന്റെ പുറത്തെത്തി "ചേട്ടന്‍ അറിയിച്ചു.

"അയ്യോ അപ്പോ ഇടുക്കി അണക്കെട്ടെവിടെ!!!" ഞങ്ങള്‍ വായും പൊളിച്ചു നിന്നു പോയി.

"അതു വഴിയല്ലേ നിങ്ങളിങ്ങു വന്നത്‌!!"

ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല. ഇത്രേം വലിയ അണക്കെട്ട്‌" ഞങ്ങള്‍ കാണാതിരുന്നതെങ്ങനെ!!

"സത്യമായും ഞങ്ങള്‌ അണക്കെട്ടു കണ്ടില്ല .അതെവിടാരുന്നു??"ഞാന്‍ വിനീതവിധേയയായി ചോദിച്ചു. കൂട്ടുകാരി ഷോക്കടിച്ച പോലെ നില്‍ക്കുകയാണ്‌.

ചേട്ടന്‍ ഞങ്ങളെ രണ്ടു പേരെയും ഒന്നു സൂക്ഷിച്ചു നോക്കി .എന്നിട്ട്‌ റോഡിന്റെ സൈഡിലേക്കു കൂട്ടിക്കൊണ്ടു പോയി ഞങ്ങളു വന്ന വഴി ചൂണ്ടിക്കാണിച്ചു.. രണ്ടു മലകളെ കണക്ട്‌ ചെയ്തുകൊണ്ട്‌ വളഞ്ഞ ഒരു വെല്യ പാലം പോലെയുള്ള റോഡ്‌. അതായിരുന്നു ഇടുക്കി അണക്കെട്ട്‌.!!.ആ റോഡിന്റെ അങ്ങേയറ്റത്ത്‌ ഞങ്ങളാദ്യം വലംവച്ച ആ മല.അതാണു പോലും കുറവന്‍ മല.ഇങ്ങേയറ്റത്ത്‌ ആ തുരങ്കമുള്ള മല.അതു കുറത്തിമല.എന്തു പറയണമെന്നറിയാതെ നിന്നു പോയി. വര്‍ത്തമാനത്തിന്റെ ഇടയ്ക്ക്‌ മല കഴിഞ്ഞതും പാലത്തിലേക്കു കയറിയതുമൊന്നും ഞങ്ങള്‍ ശ്രദ്ധിച്ചില്ലായിരുന്നു.

ഇപ്പോ കണ്ടില്ലേ..ഇനി ഈ വഴിയെ പോയ്ക്കോ. അവിടുന്നു ബസ്സു കിട്ടും" ചേട്ടന്‍ നല്ല സ്നേഹത്തോടെ പറഞ്ഞു.

"അയ്യൊ അതു പറ്റില്ല. ഞങ്ങള്‍ടെ ഫോണും മറ്റുമൊക്കെ ചെറുതോണി ഡാമിന്റവിടെ കൊടുത്തിരിക്കുകയാ. ഞങ്ങള്‍ക്കു തിരിച്ചു പോണം"

"അതെങ്ങനെയാ..നിങ്ങളീ പാസ്സ്‌ എനിക്കു തന്നില്ലേ..ഇനി അങ്ങോട്ടു തിരിച്ചു കേറാന്‍ പറ്റില്ല"അയാള്‍ പാസ്സു കാണിച്ചു കൊണ്ടു പറഞ്ഞു.

കുറച്ചു നേരത്തേക്ക്‌ ആരും ഒന്നും മിണ്ടിയില്ല. ഞങ്ങളവിടെ ആണിയടിച്ചുറപ്പിച്ച പോലെ നില്‍ക്കുകയാണ്‌.

"ശരി ശരി..നിങ്ങള്‍ തിരിച്ചു പൊയ്ക്കോ.പക്ഷെ ഇപ്പോള്‍ പോകുമ്പോഴെങ്കിലും ഡാമൊക്കെ ശരിക്കു കണ്ടോണ്ടു പോണം കേട്ടോ.." അവസാനം ചേട്ടന്‍ തന്നെ തോല്‍വി സമ്മതിച്ചു.

ഞങ്ങള്‍ ഒരു വെല്യ താങ്ക്സും പറഞ്ഞ്‌ ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തോടെ ഗേറ്റിനകത്തേക്ക്‌ ഓടി. നല്ലൊരു മനുഷ്യന്‍. ആ ഡാമിലെ വെള്ളത്തിന്റത്രേം പുണ്യം ചേട്ടനു കൊടുക്കണേന്ന്‌ ഞാന്‍ ദൈവത്തോടു റെക്കമന്റ്‌ ചെയ്തു. തിരിച്ചുള്ള നടപ്പ്‌ തികച്ചും നിശബ്ധമായിരുന്നു. ഡാമൊക്കെ ശരിക്കും കണ്ടു. കുറവന്മലയും കുറത്തിമലയും മറ്റെല്ലാ കഴ്ചകളും കണ്ടു. ക്യാമറയൊന്നുമില്ലാത്തതു കൊണ്ട്‌ എല്ലാ കാഴ്ചകളും ഓര്‍മ്മയില്‍ തന്നെ സ്‌റ്റോര്‍ ചെയ്തുവച്ചു..

എല്ലാം കഴിഞ്ഞ്‌ ബസില്‍ കയറിയപ്പോഴേക്കും ഞങ്ങള്‍ ക്ഷീണിച്ച്‌ അവശരായിരുന്നു. എന്നാലും ഒരുപാടു സന്തോഷം തോന്നി. അതിപ്രശസ്ത്മായ ഇടുക്കി ഡാം കണ്ടതു കൊണ്ടു മാത്രമായിരുന്നില്ല ആ സന്തോഷം.ആ യാത്രയിലുടനീളം ഒരുപാടു നല്ല മനുഷ്യരെ കാണാന്‍ പറ്റീല്ലോ .ഈ നന്മ എന്നും എല്ലാവരിലും ഉണ്ടായാല്‍ മതി നമ്മുടെ കൊച്ചു കേരളം സഞ്ചാരികളുടെ സ്വപ്നഭൂമിയാവാന്‍...എല്ലാ അര്‍ത്ഥത്തിലും...

(തീര്‍ന്നില്ലാ തീര്‍ന്നില്ലാ..ഇനീമുണ്ട്‌)
45 comments:

 1. പ്രയാസി said...

  ഠ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ഠൊ! ഠപ്പെ..! ഠപ്പോ..
  മൂന്നു തേങ്ങയുണ്ടാരുന്നു..ഒന്നു തറെ വീണു പോയി..:)

 2. ജാസൂട്ടി said...

  എന്റെ സ്വന്തം ഇടുക്കിയെ പറ്റിയാണല്ലോ പോസ്റ്റ്:)

  "ആ യാത്രയിലുടനീളം ഒരുപാടു നല്ല മനുഷ്യരെ കാണാന്‍ പറ്റീല്ലോ ...." അതാണ് ഇടുക്കിക്കാര്‍...:)

  ---പിന്നെയേ എന്താ ഇങ്ങനെ കേരളം ചുറ്റി നടക്കണേ? ബാംഗ്ലൂരിലെ പണി മതിയാക്കിയൊ?

 3. കൊച്ചുത്രേസ്യ said...

  മുന്നറിയിപ്പ്‌..ഇതു വായിക്കാനെടുക്കുന്ന സമയം കൊണ്ട്‌ നിങ്ങള്‍ക്കു കോട്ടയത്തുന്ന്‌ ഇടുക്കി വരെ സൈക്കിളില്‍ പോയി വരാന്‍ പറ്റും..അപ്പോ എല്ലാം പറഞ്ഞ പോലെ...

 4. സാജന്‍| SAJAN said...

  കൊച്ചുത്രേസ്യേ, നമിച്ചു കേട്ടോ
  ഏറ്റവും അത്ഭുദമായി തോന്നിയത്, ആ അണക്കെട്ടിന്റെ മുകളിലൂടെ നടന്നുപ്പോയിട്ടും അത് അണക്കെട്ടാണെന്ന് മനസ്സിലായില്ലേന്നെഴുതിയതാ ഹോ ഗംഭീരം! അപ്പോഴെങ്ങാനും ഓരാന വന്നിരുന്നെങ്കില്‍ ആന നിന്നു ക്ഷീണിച്ചു പോയേനേ, നിങ്ങള്‍ വര്‍ത്തമാനം നിര്‍ത്തിയിട്ട് വേണൊല്ലോ നിങ്ങളെ ഒന്നു പേടിപ്പിച്ചോടിക്കാന്‍:)
  (ആളുകൂടുന്നതിനു മുമ്പ് കമന്റ് പബ്ലീഷ് ചെയ്യട്ടെ)

 5. പ്രയാസി said...

  ഇന്നത്തെ പ്രധാന വാര്‍ത്ത..!

  ഇടുക്കി ഡാമിനു ചോര്‍ച്ച..!

  ഉത്തരം അറിയാവുന്നവര്‍ കേരളാ പോലീസ് കണ്ട്രോള്‍ റൂമിലേക്ക് S.M.S ചെയ്യൂ‍...

 6. പപ്പൂസ് said...

  കൊച്ചേ... ഇടുക്കി ഡാം മൊത്തമങ്ങു കലക്കീത് ഞാനങ്ങു ക്ഷമിച്ചു, കാരണമെന്താ, വിവരണോം കലക്കി.... ചെറുതോണീടെ പടമാകാമായിരുന്നു...

  പിന്നെ, പെങ്കുട്ട്യോള്‍ക്കു മാത്രമായിട്ടു പറഞ്ഞ കാര്യം പപ്പൂസ് ഒളിഞ്ഞു നിന്നൊന്നു കേട്ടു, സോറി! മര്യാദരാമന്‍കളി ഇതോടെ നിര്‍ത്തി. :)

  ഓ.ടോ: തിരിച്ചു വരണ വഴി ആ കോട്ടയം-പാലാ റൂട്ടില് ലാര്‍ജിന്, ശ്ശേ... തെറ്റി, സെന്റിനെങ്ങനെയാ വില എന്നൊക്കെ വ്യക്തമായി ചോദിച്ചു മനസ്സിലാക്കണം ട്ടോ...

 7. ബിന്ദു said...

  എന്നാല്‍ പിന്നെ തൊടുപുഴയുടെ ഫോട്ടോ എടുത്തിടായിരുന്നില്ലേ, ഒന്നുമില്ലെങ്കിലും നല്ല മനുഷ്യരല്ലേ? :)

 8. മൂര്‍ത്തി said...

  ഡാം കാണുന്ന തിരക്കില്‍ സ്പെല്ലിങ്ങ് ശ്രദ്ധിച്ചില്ലേ?
  യജ്ഞമാണ് എന്നല്ലേ? ഒന്നു രണ്ടെണ്ണം കൂടി കണ്ടപോലെ..തിരുത്തുമല്ലോ...
  തുടരുക യാത്രാവിവരണം..

  qw_er_ty

 9. ഹരിത് said...

  ഒരു സത്യം പറഞ്ഞോട്ടെ! ത്രേസ്യാകൊച്ച് നടന്നു ക്ഷീണിച്ചതിന്റെ ലക്ഷണം പോസ്റ്റിലും കാണാനൊണ്ട്. പഴയ പോസ്റ്റുകളിലുള്ള ആ “ശുഷ്കാന്തി” കാണുന്നില്ല. എന്നാലും കൊള്ളാമ്മ്

 10. simy nazareth said...

  സത്യമായിട്ടും കുശുമ്പുവരുന്നു.

  ഒരുനാള്‍ ഞാനും....

 11. ദിലീപ് വിശ്വനാഥ് said...

  ഇത്രേം വലിയ അണക്കെട്ട്‌" ഞങ്ങള്‍ കാണാതിരുന്നതെങ്ങനെ!!
  എങ്ങനെ?
  കൊച്ചുത്രേസ്യ പെണ്ണുതന്നെയാണോ എന്ന് ബ്ലോഗ് വായിച്ച് പലരും സംശയം പറഞ്ഞു കേട്ടിട്ടുണ്ട്.
  ഇനിയിപ്പൊള്‍ ആ സംശയം വേണ്ടല്ലോ...

 12. krish | കൃഷ് said...

  കൊച്ചുത്രേസ്യ അണക്കെട്ടിനു മുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ടും ഡാമിന് കാര്യമായി ഒന്നും സംഭവിച്ചിട്ടില്ലെന്നറിഞ്ഞതില്‍ ആശ്വാസം. മുല്ലപ്പെരിയാര്‍ ഡാം പോലെ വിള്ളലോ ചോര്‍ച്ചയൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലല്ലോ. ഹാവൂ.. കേരളജനത രക്ഷപ്പെട്ടു.!!!

  പിന്നെ തടി എത്ര കിലോ കുറഞ്ഞു എന്ന് പറഞ്ഞില്ല.

  ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ കള്ള് ഷാപ്പിന്റെ ബോര്‍ഡ് കാണുമ്പോള്‍, ബസ്സ് ഒന്ന് നിര്‍ത്തിയെങ്കില്‍ എന്ന് വളരെ ആശിച്ചുകാണും. സോപ്പിട്ട് വെച്ച ഡ്രൈവര്‍ ചേട്ടന്റെടുത്ത് ഒന്ന് പറഞ്ഞാല്‍ പോരാരുന്നില്ലെ, ത്രേസ്യക്ക് വേണ്ടി ഒരു 10 മിനിറ്റ് നിര്‍ത്തി തന്നേനെ.!!!

  :)

 13. Sherlock said...

  എന്തൊരു നീളം...


  "നമ്മളെന്തു മന്ദബുദ്ധികളാ“ ..വഴി ചോദിച്ചവരോടൊക്കെ വെറും അണക്കെട്ട്' എന്നല്ലേ നമ്മള്‍ പറഞ്ഞുള്ളൂ

  ഇപ്പോഴെങ്കിലും മനസിലായല്ലോ?..:)

 14. കൊച്ചുത്രേസ്യ said...

  പ്രയാസീ രണ്ടെങ്കില്‍ രണ്ട്‌..തേങ്ങ ഞാന്‍ സ്വീകരിച്ചു..പിന്നെ ഇടുക്കി ഡാമിന്റെ ചോര്‍ച്ച എന്തിനാ പോലീസിനെ അറിയിക്കുന്നത്‌? അവരാണോ ചോര്‍ച്ച ഒക്കെ അടയ്ക്കാനുള്ള കരാര്‍ ഏറ്റെടുത്തിരിക്കുന്നത്‌??

  ജാസൂട്ടീ ഞാന്‍ തിരിച്ചെത്തി കുഞ്ഞേ..ഇപ്പോള്‍ ബാംഗ്ലൂരിലൂടെ കറങ്ങി നടക്കുന്നു :-(

  സാജാ എന്തു കാര്യം ചെയ്യുമ്പോഴും അതില്‍ മാത്രം ശ്രദ്ധിക്കണമെന്നു പണ്ട്‌ സ്കൂളില്‍ പഠിപ്പിച്ചിട്ടുണ്ട്‌. അതു കൊണ്ട്‌` കമ്പ്ലീറ്റ്‌ ശ്രദ്ധയും വര്‍ത്തമാനത്തിലായി പോയി.

  പപ്പൂസേ പപ്പൂസ്‌ പറഞ്ഞാല്‍ പിന്നെ അപ്പീലില്ലാന്നറിയാല്ലോ..ദാ ചെറുതോണീടെ പടം ഞാന്‍ പോസ്റ്റില്‍ വലിച്ചു കേറ്റീട്ടുണ്ട്‌..

  ബിന്ദൂ ചുമ്മാ ബസ്സ്റ്റാന്‍ഡിലൊക്കെ നിന്നെങ്ങനെയാ ഫോട്ടോയെടുക്കുക.. അതുകൊണ്ടാ വേണ്ടാന്നു വെച്ചത്‌ :-)

  മൂര്‍ത്തീ ഈ വരമൊഴീല്‌ 'ജ്ഞ'എങ്ങനെയാ ടൈപ്പ്‌` ചെയ്യുകാന്ന്‌ എനിക്കൊരു പിടിയുമില്ല. ബാക്കിയുള്ള അച്ചരപ്പിശാശൊക്കെ അശ്രദ്ധ കൊണ്ടാണ്‌. അതിനു മാര്‍ക്കു കുറച്ചോളൂ..

  ഹരിത്‌ താങ്ക്സേ

  സിമീ കുശുമ്പു തോന്നീന്നറിഞ്ഞപ്പോ എനിക്കു സന്തോഷമായി :-))

  വാല്‍മീകീ ഇതു സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവനയാണെന്നു ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ക്കു നിഷേധിക്കാന്‍ കഴിയുമോ..ഫെമിനിസ്റ്റുകളേ ഓടിവായോ..ഇവിടൊരു ഇരയെ കിട്ടീ..

  കൃഷേ അഥവാ ഇനി അങ്ങനെന്തെങ്കിലും സംഭവിച്ചാലും അതു റിപ്പോര്‍ട്ടു ചെയ്തേക്കരുതെന്ന്‌ ഞാന്‍ ഭീഷണിപ്പെടുത്തീട്ടുണ്ട്‌..

  ജിഹേഷേ അതിലെ 'നമ്മള്‍ എന്ന വാക്ക്‌ കൂട്ടുകാരി സ്വയം ബഹുമാനിച്ച്‌ ബഹുവചനത്തില്‍ പറഞ്ഞതാ.അല്ലാതെ അയ്യേ ഞാനാ ടൈപ്പൊന്നുമല്ല..

 15. ദേവന്‍ said...

  "അയ്യോ അപ്പോ ഇടുക്കി അണക്കെട്ടെവിടെ!!!"
  classic :)

 16. Able said...

  കൊള്ളാം ഒബ്സര്‍വേഷന്‍ പവര്‍ ഗംഭീരം തന്നെ. അതുപോലെ തന്നെ പറയാനുള്ള രീതിയും രസകരം.

 17. Viswaprabha said...

  j - ജ്
  nj - ഞ്


  jnja ജ്ഞ
  njja ഞ്ജ
  njnja ഞ്ഞ

 18. ശ്രീ said...

  അപ്പൊ തീര്‍‌ന്നില്ലാല്ലേ? ;)

  ചില ഡൌട്ട്സ്!

  1. എന്നാലും നിശ്ചിത തൂക്കത്തില്‍‌ കൂടുതല്‍‌ ഭാരമുള്ള വസ്തുക്കളൊന്ന്നും ആ അണക്കെട്ടിനു മുകളിലൂടെ കടത്തി വിടാറില്ലല്ലോ. എങ്ങനെ അതിനു മുകളിലൂടെ നടന്നു?
  2. അണക്കെട്ടിന്റെ ഒന്നും ചിത്രങ്ങളെടുക്കാനേ പാടില്ല എന്ന് പ്രത്യേകം അവരു പറയാറുള്ളതാണല്ലോ?
  3. ചെറുതോണി അണക്കെട്ടിനടുത്താണെന്നു തോന്നുന്നു, ചില കാര്യങ്ങളെല്ലാം വിശദീകരിച്ച് പറഞ്ഞു തരാന്‍‌ ചില ആളുകളെ കാണാറുണ്ട്. അവസാനം നമ്മള്‍‌ പോകാന്‍‌ നേരം അവര്‍‌ അവരുടെ കഷ്ടപ്പാടുകളും മറ്റും വിശദീകരിച്ച് സഹായം വല്ലതും ചോദിയ്ക്കാറുണ്ട്. ഒരിക്കല്‍ അങ്ങ്ങനൊരു അനുഭവം ഞങ്ങള്‍‌ക്കും ഉണ്ടായി. അതു പോലെ വല്ലവരെയും കണ്ടോ?


  എന്തൊക്കെ ആയാലും നല്ല വിവരണം, കേട്ടോ.

  :)

 19. SUNISH THOMAS said...

  ഡാമില്‍ കയറിയിട്ടും ഡാമാണെന്നു മനസ്സിലാക്കാതെ പോയ കൊച്ചുത്രേസ്യാ... സത്യം പറ, വണ്ടിനിര്‍ത്തി പാലായിലിറങ്ങിയ സമയത്ത്, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് ഓപ്പസിറ്റ്, മഹാറാണി തീയേറ്ററിനു തൊട്ടടുത്തുള്ള ആ സ്ഥാപനത്തില്‍ കേറിയാരുന്നോ???

  ഈ പോസ്റ്റ് വായിച്ച് ആവേശം ഉള്‍ക്കൊണ്ട് ഇടുക്കി അണക്കെട്ടു കാണാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്

  ഇടുക്കി അണക്കെട്ടിന്‍റെ താഴെ ചെന്ന് അതില്‍ ചാരിനിന്നിട്ടു തല ഉയര്‍ത്തി മേലോട്ടു നോക്കുക. അണക്കെട്ടിന്‍റെ വളവ് ശരിക്കും ബോധ്യപ്പെടും.

  (ഇടുക്കി അണക്കെട്ടിന്‍റെ താഴെ ചെല്ലാനുള്ള വഴി- ചെറുതോണിയിലിറങ്ങാതെ നേരെ ഇടുക്കി സിറ്റിയില്‍ (അവിടെ ഒന്നു രണ്ടു മാടക്കടയേ ഉള്ളൂ. ഒരുപാട് പ്രതീക്ഷിക്കരുത്) വണ്ടിയിറങ്ങി നേരെ ഡാമിലോട്ടുള്ള വഴിയേ നടക്കുക. അവിടെ കാവല്‍ നില്‍ക്കുന്ന പൊലീസുകാരനെ മണിയടിച്ച് അകത്തുകയറുക.

  - ബിപി കൂടുതലുള്ളവര്‍ ഈ പണിക്കു പോവാതിരിക്കുക-

 20. Murali K Menon said...

  മുമ്പും പറഞ്ഞീട്ടുള്ളതാണ് എന്നാലും വീണ്ടും പറയട്ടെ, ശൈലി വളരെ രസകരമാണ്. പറയാനുള്ളത് എത്ര നിസ്സാര കാര്യമാണെങ്കിലും പറയുന്ന രീതിയുണ്ടല്ലോ അത് ഗംഭീരമാണ്. കൊച്ചുത്രേസ്യ സൂചിപ്പച്ചതുപോലെ ഇപ്പോള്‍ വീട്ടിലെ ഡയലപ് ഉപയോഗിച്ച് വായിക്കാനിരുന്നാല്‍ ഇടുക്കിയില്‍ പോയി വരാന്‍ പറ്റും. പഴയ വികൃതികള്‍ വായിച്ചീട്ടില്ല. എല്ലാം സമയവും സൌകര്യവും പോലെ നോക്കുന്നതായിരിക്കും. ഭാവുകങ്ങള്‍!

 21. Sethunath UN said...

  കൂ‌ള്‍!
  പോരട്ടേ....പോരട്ടേ :)

 22. ഉപാസന || Upasana said...

  "ഓരോ ഷാപ്പിനും മുന്‍പിലുള്ള ബോര്‍ഡില്‍ 'കള്ള്‌,കപ്പ,കരിമീന്‍,കൊഞ്ച്‌...'എന്നൊക്കെ നല്ല ഭംഗിയായി എഴുതിവച്ചിട്ടുണ്ട്‌.പതുക്കെ പതുക്കെ ബോര്‍ഡിലെ വാക്കുകളൊക്കെ മാറി കള്ള്‌,കപ്പ,പന്നി,പോത്ത്‌..'എന്നൊക്കെയാകാന്‍ തുടങ്ങി. അതെ..ഞങ്ങള്‍ പാലായിലെത്താന്‍ പോവുകയാണ്‌.."

  അതേറ്റു..!

  പ്രയാസീടെ കമന്റ് അതിനേക്കാളേറെ ഏറ്റു..!!!
  :)
  എന്നും സ്നേഹത്തോടെ
  ഉപാസന

 23. കാര്‍വര്‍ണം said...

  ത്രേസ്യേ സ്വല്പം കടുപ്പം തന്നെ കേട്ടോ ഒരണക്കെട്ട് കാണാതിരിക്കുക എന്നോക്കെ പറഞ്ഞാല്‍. സംസാരിച്ചു കൊണ്ടിരിന്നു സ്റ്റോപ്പ് കഴിഞ്ഞിട്ടും ഇറ്ങ്ങാതിരിക്കുക, നടന്നു നടന്നു എന്റെ ഓഫീസും കഴിഞ്ഞ് കൂടെ വരുന്ന ആളിന്റെ ഓഫീസില്‍ ചെന്നു കയറുക ഒക്കെ സംഭവിച്ചിട്ടുണ്ട് എന്നലും ഇത്.
  സുനീഷ് മാഷു പറഞ്ഞ അനുഭവം, ഇറിഗേഷനില്‍ ജോലിയുള്ള ഒരു ചേച്ചി പറഞ്ഞു കേട്ടപ്പോള്‍ മുതല്‍ ഒന്നറിയണമെന്ന് വലിയ ആശയാ. എന്നെങ്കിലും പോണം.
  ത്രേസ്യാക്കൊച്ചെ ബാക്കി വേഗം പറം

 24. കാര്‍വര്‍ണം said...

  സോറി വേഗം പറയൂ

 25. d said...

  അപ്പോ റീസന്റ്റ് അജണ്ടാസ് ഒക്കെ കമ്പ്ലീറ്റ് ചെയ്തു.. ഇനി ബാക്കി ഒക്കെ എപ്പോളാ?

  (പിന്നെ കണ്ണുര്‍ എക്സ്പ്രസു പിടിച്ച്, രാജധാനി ... അങ്ങനെ ഒടുവില്‍ വീട്ടിലെത്തി, ...അതൊക്കേം നടന്നോ കൂ‍ട്ടത്തില്‍ ?)

 26. കൊച്ചുത്രേസ്യ said...

  ദേവേട്ടാ ,കാരൂരാന്‍ താങ്ക്സ്‌

  വിശ്വപ്രഭ ഒരു പാടു നന്ദി.ഇനീം ഇതു പോലെ എന്നെ കുഴപ്പിക്കുന്ന കുറെ അക്ഷരങ്ങളുണ്ട്‌.ഒന്നു സഹായിച്ചേക്കണേ..

  ശ്രീ അവിടിരിയ്ക്ക്‌ ഉത്തരം തരാം
  1)അത്രേം വെള്ളം തടഞ്ഞു നിര്‍ത്താന്‍ ശക്തിയുള്ള ഡാമല്ലേ..ഒരു അഞ്ചുപത്തു തിമംഗലങ്ങള്‍ ഒരേസമയത്ത്‌ അതിലേ നടന്നു പോയാല്‍ പോലും അതു താങ്ങിക്കോളും. പക്ഷേ ശ്രീയെപ്പോലെ കോലുമുട്ടായിപ്പരുവത്തിലുള്ളവര്‍ക്ക്‌ അവിടെ നോ-എന്‍ട്രിയാണ്‌ കേട്ടോ.ആ കാറ്റിലെങ്ങാനും പറന്ന്‌ വെള്ളത്തില്‍ പോയി വീണാലോന്നു വിചാരിച്ച്‌.. ;-)

  2)അതു ശരിയാണ്‌..ഈ ഫോട്ടോയെടുത്തത്‌ അണക്കെട്ടെത്തുന്നതിനും കുറെ മുന്‍പാണ്‌.

  3)അങ്ങനെ ആരേം അവിടെ കണ്ടില്ല.അതുമല്ല;അവിടെയെത്തിയപ്പോഴുള്ള ഞങ്ങളുടെ ഒരു മട്ടും ഭാവോം കണ്ടാല്‍ സഹായം വേണോന്ന്‌ ഇങ്ങോട്ട്‌ ചോദിച്ചിരുന്നെനേ :-)

  സുനീഷേ ആ കെട്ടിടം തുറന്നിട്ടില്ലായിരുന്നു. ഇനീപ്പം അതു കൊണ്ടാണോ ഡാം കാണാതെ പോയത്‌ എന്നൊരു സംശയം ;-)
  പിന്നെ ആ ഡാമിന്റെ അറ്റത്തുള്ള ഗേറ്റിന്റവിടെ നിന്നു നോക്കിയാലും ശരിക്കും അതിന്റെ ഫുള്‍ വ്യൂ കിട്ടും

  മുരളി മാഷേ താങ്ക്സ്‌

  നിഷ്കൂ വരും വരും

  ഉപാസനേ നന്ദി..

  കാര്‍വര്‍ണ്ണമേ എനിക്കിതൊന്നും പുത്തരിയല്ല.ഇതു പോലെ എത്രയെത്ര സംഭവങ്ങള്‍..

  വീണേ ഇത്രേം നീളത്തിലെഴുതിയതിന്റെ ക്ഷീണമൊന്നു മാറട്ടേ..അടുത്ത ഭാഗം ഉടനേ വരും..

 27. ഏ.ആര്‍. നജീം said...

  ഓഹ്..ഒരു ഇടുക്കി കാണാന്‍ പോയപ്പോ ഇതാണ് അവസ്ഥയെങ്കില്‍ ആ സന്തോഷ് കുളങ്ങരയെപ്പോലെ ലോകപര്യടനമോ മറ്റോ ആയിരുന്നെങ്കില്‍ ഞങ്ങള്‍ ബൂലോക വാസികള്‍ എത്ര സഹിക്കേണ്ടി വന്നേനേ.... (സത്യായിട്ടും അസൂയ കൊണ്ട് പറയുന്നതല്ലട്ടോ )

 28. Inji Pennu said...

  ബാംഗ്ലൂരുണ്ടായിട്ട് ഇന്ത്യന്‍ കോഫിഹൌസ് കണ്ടിട്ടില്ല, അണക്കെട്ടിന്റെ മോളില്‍ കൂടി നടന്നിട്ട് അണക്കെട്ട് കണ്ടില്ല. എന്തോ സ്പെല്ലിങ്ങ് മിസ്റ്റേക്ക് മണക്കുന്നു. ബോധം/കണ്ണ് ഇതൊക്കെ ഓക്കെയാണോ? :)

  (ഇത് നല്ല രസമുണ്ടായിരുന്നു ഈ പോസ്റ്റ്)

 29. വിന്‍സ് said...

  ഇനി അടുത്ത പ്രോഗ്രാം എവിടേക്കാ?

 30. Sathees Makkoth said...

  നന്നായി വിവരണം. എങ്കിലും ഓട്ടോക്കാരന്‍ ചേട്ടന്‍ നിങ്ങള്‍ കയറുന്നില്ലന്നറിഞ്ഞപ്പോള്‍ ആശ്വാസം കൊണ്ടതെന്തിനാ?

 31. കുഞ്ഞായി | kunjai said...

  ആ ഡാമിനെ തന്നെ കാണാതെ പോയല്ലെ ശ്ശൊ..
  പോരട്ടെ ഇങ്ങട്

 32. Kaithamullu said...

  യാത്രാവിവരണമല്ലേ, ഇങ്ങനെയൊക്കെ മതീന്നാണോ മനസ്സിലിരിപ്പ്, കൊച്ച് ത്രേസ്യാക്കൊച്ചേ?

  തുടരുക,
  -രസകരം എന്ന് പറയാര്‍തിരിക്കാന്‍ വയ്യാ ട്ടോ!

 33. അനിയന്‍കുട്ടി | aniyankutti said...

  ചേടത്ത്യാരെ,

  കറങ്ങിക്കറങ്ങി കഴിമ്പ്രത്ത്‌ക്കെത്തുമ്പൊ അറിയിക്കണം... കുറച്ചാള്‍ക്കാരെ റെഡിയാക്കി നിര്‍ത്താനാണ്‌. അവിടെ വന്നിട്ട് കടലു കാണാതെ തിരിച്ചു പോവരുതല്ലൊ... ;)
  വായിച്ചു രസിച്ചൂ. നന്നായിണു.

  അനിയന്‍ (കുട്ടിയൊന്ന്വല്ല) !

 34. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്:

  “ഞാന്‍ വിനീതവിധേയയായി ചോദിച്ചു. കൂട്ടുകാരി ഷോക്കടിച്ച പോലെ നില്‍ക്കുകയാണ്‌.” --- ചക്കിക്കൊത്ത ചങ്കരി...

  പിന്നെ ആ കള്ളുഷാപ്പിനും മുന്‍പിലുള്ള ബോര്‍ഡിന്റെ മാറ്റം. കലക്കി.:)

 35. കാനനവാസന്‍ said...

  ത്രേസ്യച്ചേട്ടത്തീ...വിവരണം നന്നായി..

  ബൂലോകത്തില്‍ പുതുതാണ് ഞാന്‍ ...എല്ലാം വായിച്ചു വരുന്നതേയുള്ളു...ഇടക്ക് സമയമുള്ളപ്പൊ പത്തനംതിട്ടക്കിറങ്ങൂ...പെരുന്തേനരുവി ഒക്കെ സന്ദര്‍ശ്ശിച്ച് ഒരു വിവരണം എഴുതാം.......

 36. ben said...

  ഇന്നലെയും ഇന്നുമായ് കൊച്ചുത്രേസ്യയുടെ ലോകം മുഴുവന്‍ വായിച്ചുതീര്‍ത്തു...
  എന്തുരസായിട്ടാ എഴുതിയിരിക്കണെ ... സൂപ്പര്‍.
  പഴയതും പുതിയതുമായ എല്ലാപോസ്റ്റുകള്‍ക്കും ഈ കമന്റ് ബാധകം.

  അപ്പോള്‍ ഇടുക്കിഡാമിന്റെ മുകളിലെത്തി... താഴെയിറങ്ങിക്കഴിഞ്ഞ് വന്നവഴിക്ക് തിരിച്ചുപോകാതെ ഓപ്പോസിറ്റ് ഡൈറക്ഷനിലേയ്ക്ക് ഒരു പതിനഞ്ചുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഒരു കവലയിലെത്തും. അവിടെ കപ്പയും കരിമീനും (ഏതുതരമീനും കരിച്ച് കരിമീനാക്കും) പനയില്‍നിന്നും അപ്പോള്‍ ചെത്തിയിറക്കിയ കള്ളും ...ഒന്നോരണ്ടോ ദിവസത്തെ താമസ സൗകര്യവും ഫ്രീയായിട്ട് ലഭ്യമാകുന്ന ഒരു സ്ഥാപനമുണ്ട്.

  ആ കവല നാട്ടുകവലയാണ് ആ സ്ഥാപനം എന്റെ വീടാണ് അവിടുത്തെ അന്തേവാസികള്‍ മുടങ്ങാതെ മലയാളം ബ്ലോഗും ബൈബിളും വായിക്കുന്നവരാണ്....

  ബോണ്‍ വിയാജോ...

 37. അപര്‍ണ്ണ said...

  കൊച്കൂ, കൊട്‌ കൈ. ഞാന്‍ എത്ര എണ്ണമാണെന്നോ ഒറ്റ ഇരുപ്പിന്‌ വായിച്ചത്‌. ഡാം കാണാഞ്ഞത്‌ അത്ഭുതം തന്നെ എന്ന് പറയുന്നില്ല. വര്‍ത്തമാനത്തില്‍ മുഴുകി ഇറങ്ങേണ്ട സ്റ്റോപ്പ്‌ ഒക്കെ സ്ധിരം മറക്കുന്ന കക്ഷിയാ ഞാന്‍. ഹൊ, ഒരു സമാനഹൃദയയെ (അതില്‍ കൂടുതല്‍ മണ്ടത്തരം കൈമുതലായുള്ള ഒരു കൂട്ടുകാരിയെ) കണ്ടെത്തിയ സന്തോഷം :)

 38. Visala Manaskan said...

  കിണുക്കന്‍ എഴുത്ത് സ്റ്റാ..

  എന്തിറ്റാ കലക്ക്!

 39. Eccentric said...

  ത്രെസ്യേച്ചി, കലക്കീട്ടാ. ഡാം പൊളിക്കാതെ മടങ്ങി വന്നതിനു എന്റെയും മറ്റ് മലയാളികളുടെയും പേരില്‍ ഈ അവസരത്തില്‍ ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

 40. അനൂപ് said...

  awesome..vivaranam...
  sathyam parayallo..aa nadannathokke vayicha enikundayi oru kotta ksheenam...
  and btw..pedi onnumille thresya koche..annoru divasam njangal kurachu suhruthukal immathiri oru adventure trip nu irangi thirichatha...but pensuhruthukalkku safe alla sthalam ennu ariyippu kitti..and njangal avare ozhivakki..rather trip thanne ozhivaaki..athokke vechu nokkumbo thresyakochinte saahasam commendable...

 41. സുഗതരാജ് പലേരി said...

  കൊച്ചുത്രേസ്യേ വളരെ രസമായി എഴുതിയിരിക്കുന്നു. എന്തൊരു നല്ല ശൈലി.

  ::::ഉപദേശത്തിനു ശേഷമുള്ള പാര അതൊരൊന്നര "പാര" തന്നെ. വനിതാലോകത്തിലും വന്ന ചര്‍ച്ചകള്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ?

  ഈ ഞരമ്പുരോഗികള്‍ നിങ്ങളെ സഹായിക്കുകയായിരുന്നു എന്നാണെഴുത്തില്‍ നിന്നെനിക്കു മനസിലായത്, പക്ഷെ എഴുതി വന്നാപ്പോള്‍ അതിലൊരു നെഗറ്റീവ് മീനിംഗാണ്‍ കണ്ടത് (ഒരു പക്ഷെ എന്‍റെ വായനയുടെ പ്രശ്നമാവാം!).

  ഗുണപാഠം: ഇന്നത്തെ കാലത്ത് ആരെയും ആത്മാര്‍ത്ഥമായി സഹായിക്കാന്‍ ശ്രമിക്കരുത്.::::

 42. കൊച്ചുത്രേസ്യ said...

  നജീം തല്‍ക്കാലം ഞാനെന്റെ യാത്രാസ്വപ്നങ്ങളൊക്കെ ഭൂമിയില്‍ മാത്രമായി ഒതുക്കി നിര്‍ത്തിയിരിക്കുകയാണ്‌. ആ സന്തോഷ്‌ കുളങ്ങരയെ പറ്റിയൊക്കെ ഓര്‍മിപ്പിച്ചാല്‍ എനിക്കെന്റെ സ്വപ്നങ്ങളെ ബഹിരാകാശത്തേക്കും കൂടി വ്യാപിപ്പിക്കേണ്ടി വരും :-)

  ഇഞ്ചീ ഇതു ഞാന്‍ ഇടയ്ക്കിടയ്ക്കു നേരിടാറുള്ള ചോദ്യമാണ്‌..ഉത്തരം എനിയ്ക്കും അറിയില്ല :-(

  അപര്‍ണ്ണേ എനിക്കും സന്തോഷമായി..

  വിശാലേട്ടാ ഡാങ്ക്സ്‌
  വിന്‍സ്‌,സതീഷ്‌,കുഞ്ഞായീ,കൈതമുള്ള്‌ താങ്ക്സേ

  അനിയാ അതിന്‌ ആള്‍ക്കാരെയൊന്നും ഒരുക്കിനിര്‍ത്തണ്ട. അതിനു മുന്‍പില്‍ 'കടല്'‍ എന്നു വെണ്ടക്കാ അക്ഷരത്തില്‍ ബോര്‍ഡു വെച്ചാല്‍ മതി.ഞാന്‍ കണ്ടു പിടിച്ചോളാം :-))

  ചാത്താ താങ്ക്സ്‌

  കാനനവാസാ എല്ലായിടത്തേക്കും വരണമെന്നുണ്ട്‌..ക്ഷണത്തിനു നന്ദി..


  Eccentric @ ഓ നന്ദിയൊന്നും വേണ്ടെന്നേ..വേണംന്നു വെച്ചു പൊളിക്കാതിരുന്നതല്ല. ഞാന്‍ കൊണ്ടുപോയ ബോംബോക്കെ അവിടെ സെക്യൂരിറ്റികാര്‌ മേടിച്ചു വച്ചു. പിന്നെന്തു ചെയ്യാനാ :-(

  Last man standing @ ഏയ്‌ പേടിയൊക്കെയുണ്ട്‌..പക്ഷെ പേടിച്ചിരുന്നാല്‍ യാത്രയൊന്നും നടക്കില്ലല്ലോ..ആരുമില്ലാത്തവര്‍ക്ക്‌ ദൈവം തുണ (സാഹിത്യം സാഹിത്യം)

  ബെന്നീ എന്നാലും നാട്ടുകവല ഞാന്‍ വിട്ടു പോയല്ലോ..ഒരു ചാന്‍സ്‌ നഷ്ടപ്പെടുത്തി ..ഇനി തരം കിട്ടിയാല്‍ ഭൂതത്താന്‍ കെട്ടിലേക്കൊന്നു പോകണംനുണ്ട്‌.ആ ട്രിപ്പില്‍ ഞാന്‍ ചിമ്മാരുമറിയത്തിന്റെ നാട്ടുകവലയും കൂടി ഉള്‍പ്പെടുത്തും..

  സുഗതരാജേ സത്യമായും ഞാന്‍ നല്ല മീനിംഗ്‌ തന്നെയാണ്‌ ഉദ്ദേശിച്ചത്ത്‌..എല്ലാ കമന്റടി വീരന്‍മാരും പരിശുദ്ധരാണെന്നല്ല ഇതിനര്‍ത്ഥം. പക്ഷെ അതില്‍ ഒരു 80 ശതമാനവും ഒന്നുകില്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ അല്ലെങ്കില്‍ വെറുതേയൊരു നേരംപോക്കിന്‌ അങ്ങനെ ചെയ്യുന്നവരാണ്‌. നമ്മളൊന്നു നേരെ നോക്കിയാലോ നേരെ പോയി സംസാരിച്ചാലോ( പോയി ചീത്ത പറയുകയൊന്നും വേണ്ട,അറിയാനുള്ള കാര്യങ്ങള്‍ ചോദിച്ചാലും മതി) അവര്‍ നമ്മളോടും നല്ല രീതിയില്‍ പെരുമാറിക്കോളും.. ഇങ്ങനെയല്ലാത്തവരും ഉണ്ട്‌..പക്ഷെ വളരെ ചെറിയൊരു ശതമാനം മാത്രം.. മതി..ഇതു ഞാന്‍ വിശദീകരിച്ചു കുളമാക്കുംന്നു തോന്നുന്നു.ഇതൊക്കെ എന്റെ മാത്രം നിരീക്ഷണങ്ങളാണ്‌ കേട്ടോ :-)

  പിന്നെ ചര്‍ച്ചകളൊന്നും ഞാന്‍ കണ്ടില്ല..അതിലൊക്കെ പങ്കെടുത്ത്‌ ഒരു അഭിപായം രൂപീകരിക്കുന്നതിനെക്കാള്‍ നല്ലതല്ലേ സ്വന്തം അനുഭവത്തിലൂടെ പാഠങ്ങള്‍ പഠിക്കുന്നത്‌..പിന്നെ ചര്‍ച്ചകളിലൊന്നും കേറി അഭിപ്രായിക്കാനുള്ള ആമ്പിയറൊന്നും എനിക്കില്ലാന്നുള്ളതും ഒരു സത്യം ;-)

 43. ഉണ്ടാപ്രി said...

  അമ്മച്ചീ, അപ്പൊ അതു നിങ്ങളായിരുന്നോ..
  ഒന്നരക്കിലോ പോത്തിറച്ചി ഉലര്‍ത്തിയതും , പന്നിമപ്പാസും ഒരു പെണ്‍കൊച്ച് പാലാ ടൌണ്‍ ഷാപ്പില്‍ നിന്നും വാങ്ങിയെന്ന് കേട്ടപ്പോള്‍ അതിയാളായിരിക്കൂന്നോര്‍ത്തില്ല.

  ബ്ലോഗുതാളുകളിലെ അക്ഷരങ്ങളില്‍ നീ വായിച്ചറിഞ്ഞ പാലാ അല്ല ഇന്നത്തെ പാലാ.
  ആക്ഷേപം വാരി വിതറുന്ന ബെര്‍ളിയുടെ പാലാ..
  ഷാപ്പികളീല്‍ നിന്നും ഷാപ്പുകളിലേക്ക് പ്രണയസന്ദേശമെത്തിക്കുന്ന ഭരണങ്ങാനം ചേട്ടന്റെ പാലാ..
  പിന്നെ മഹാഗുരു എതിരന്‍.ഈ ഞാന്‍ ഹാ ഹാ...
  സെന്‍സിറ്റിവിറ്റി പോയോ..

 44. rajan said...

  ...THODUPUZHA...MUVATTUPUZHA...ENTE NADU....PINNE.... Pala!...Oru nashta nombarathinte kinavukal veenutanja nagaram....

 45. yousufpa said...

  ee mala kayariyappol ithra prayasam!?
  appo parumala kayariyalo?