മൊട്ടേന്നങ്ങോട്ട് ജസ്റ്റ് വിരിഞ്ഞ പ്രായത്തില്‍ എന്റെ ആഗ്രഹം ഭാവിയില്‍ ഒരു വനിതാപോലീസാവണം എന്നായിരുന്നു. അതാവുമ്പോ എല്ലാവര്‍ക്കിട്ടും ഇഷ്ടം പോലെ ഇടി കൊടുക്കാം; ഇങ്ങോട്ടാരും ഇടി തരുകയുമില്ല.കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ഗാന്ധിജിയെ പറ്റിയൊക്കെ പഠിച്ച് അഹിംസാവാദിയായതു കൊണ്ടോ എന്തോ ആ മോഹം അങ്ങുപേക്ഷിച്ചു. പിന്നീടെപ്പോഴോ ഒരു ഉപന്യാസരചന മത്സരത്തിലാണ് എന്റെയുള്ളില്‍ ഞാന്‍ പോലുമറിയാതെ കിടന്ന ഒരു മോഹം പെന്‍ വഴി പേപ്പറിലേക്കു വന്ന് വെളിച്ചം കണ്ടത്.
"ഭാവിയില്‍ ആരായിത്തീരണം? എന്തു കൊണ്ട് ?" ഇതായിരുന്നു വിഷയം. കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് ഉത്തരമെഴുതി ടീച്ചര്‍ക്കു കൊടുത്തു.
ലക്ഷ്യം:ഭ്രാന്തിന്റെ ഡോക്ടര്‍
കാരണം : എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നവര്‍ക്കിടയിലിരുന്ന് ജോലി ചെയ്യാമല്ലോ. .
ടീച്ചറിന്റെ പ്രതികരണം ഓര്‍മ്മയില്ലെങ്കിലും മമ്മിയോട് കാര്യം പറഞ്ഞപ്പോള്‍ അത്ര പന്തിയല്ലാത്ത ഒരു നോട്ടമാണ് മറുപടിയായി കിട്ടിയത്. എന്നിട്ടും ഞാന്‍ പിന്മാറിയില്ല. കുറെ രോഗികളുടെ കൂടെ ഞാന്‍ കളിച്ചു ചിരിച്ചു നടക്കുന്ന ഭാവിയും സ്വപ്നം കണ്ട് കുറെക്കാലം നടന്നു. പക്ഷെ പിന്നീടെപ്പോഴോ ആ സ്വപ്നത്തിന്റെയും വെടി തീര്‍ന്നു. ഭ്രാന്താശുപത്രിയില്‍ എപ്പോഴും കളിയും ചിരിയും മാത്രമല്ല; ഭയങ്കര സങ്കടങ്ങളും അവിടുണ്ടെന്ന് ഏതോ സിനിമ കണ്ടപ്പോള്‍ മനസ്സിലായി.സങ്കടപ്പെട്ടിരിക്കുന്നവരെ ആശ്വസിപ്പിക്കുന്ന കാര്യത്തില്‍ ഞാന്‍ പണ്ടേ ഒരു പരാജയമാണ്. അതോടെ ആ ലക്ഷ്യവും ബൈ ബൈ പറഞ്ഞു പോയതാണ്. പിന്നീട് ഇന്നേ വരെ ലക്ഷ്യബോധം എന്നു പറയുന്ന സാധനം എന്റെ സൈഡിലൂടെ പോലും വന്നിട്ടില്ല.
പത്താം ക്ലാസ് കഴിഞ്ഞു പ്രീഡിഗ്രിയ്ക്കു ചേരാനുള്ള അപ്ലികേഷന് ഫോം കയ്യില്‍ കിട്ടിയതോടെ പ്രതിസന്ധിഘട്ടം തുടങ്ങുകയായി. ഭാവിയില്‍ എന്തായി തീരണം എന്നതനുസരിച്ചാണത്രേ ചേരേണ്ട ഗ്രൂപ്പ് സെലക്ട് ചെയ്യേണ്ടത്. ഭാവിയില്‍ എന്തായാലും കുഴപ്പമില്ല എന്ന മട്ടില്‍ നടക്കുന്നവര്‍ക്കായി അതില്‍ ഓപ്ഷന്‍സില്ല.ഏതെങ്കിലും ഗ്രൂപ്പ് മതി എന്നൊക്കെ എഴുതിക്കൊടുത്താല്‍ ചിലപ്പോള്‍ കോളേജുകാര് ഫോം റിജക്ട് ചെയ്യും. അതിലെ നാലു ഗ്രൂപ്പില്‍ നിന്ന് ഒന്നു തിരഞ്ഞെടുക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് പഠിത്തമേ അങ്ങു നിര്‍ത്തിയാലോ എന്നായി എന്റെ ആലോചന. അപ്പോഴണ് പപ്പ ഇടപെട്ടത്.
" മോള്‍ക്കു പഠിക്കാനിഷ്ടമുള്ള വിഷയം എടുത്താല്‍ മതി.ഭാവിയില്‍ എന്താവണംന്നൊന്നും ഇപ്പോഴേ തീരുമാനിച്ചു ബുദ്ധിമുട്ടണ്ട"
അപ്പോള്‍ അത്രേയുള്ളൂ കാര്യം. പക്ഷെ അവിടെയും പ്രശ്നം. എനിക്ക് സുവോളജിയോടും മാത്സിനോടും ഒരേപോലെ ഇഷ്ടമാണ്.കഷ്ടകാലത്തിന് രണ്ടും രണ്ടു ഗ്രൂപ്പിലാണ്.അപ്പാഴാണ് ചാച്ചന്റെ വക ഉപദേശം
"ഇതിനിത്ര ആലോചിക്കാനെന്തിരിക്കുന്നു. മാത്സ് എടുത്താല്‍ മതി.സെക്കന്റ് ഗ്രൂപ്പിന് ആകെ ഡോക്ടറാവുക എന്ന ഒരോപ്ഷനെയുള്ളൂ.അതിനാണെങ്കില്‍ നിന്നെയൊട്ടു കൊള്ളുകയുമില്ല"
മാത്സിനോടുള്ള പ്രേമം മൂത്ത് കണക്കപിള്ള ആയ ആളാണ് ചാച്ചന്. അതേ പറയൂ.മാത്രമല്ല ഒരു ഡോക്ടറാകാനുള്ള വരപ്രസാദമൊന്നും എനിക്കില്ലാന്നുള്ളത് പകല്‍ പോലത്തെ സത്യമാണ്. അതോടെ ഒരു തീരുമാനത്തിലെത്തി. മാത്സിനെ പുറങ്കാലും കൊണ്ടു തട്ടി സെക്കന്റ് ഗ്രൂപ്പുമായി മുന്നോട്ടു പോകാന്‍ തന്നെ തീരുമാനിച്ചു.ചാച്ചന് പറഞ്ഞതു പോലെ ജീവിതം വഴിമുട്ടിപോകുമോ എന്നൊന്നറിയണമല്ലോ. പണ്ടേയതെ.. ആരെങ്കിലും ചെയ്യരുത് എന്നു പറയുന്ന കാര്യങ്ങള്‍ ചെയ്തുനോക്കാന്‍ എനിക്കു വല്യ ഇഷ്ടമാണ്.
മോളെന്തായാലും ജീവിതം വച്ച് പരീക്ഷിക്കാനിറങ്ങിതിരിച്ച സ്ഥിതിയ്ക്ക് പപ്പയ്ക്കും ഒരു കുഞ്ഞു പരീക്ഷണം നടത്തണമെന്നു തോന്നി. ചത്താലും കൊന്നാലും വീട്ടില്‍ നിന്നും മാറി നില്‍ക്കില്ലാന്നു വാശിയുള്ള ഒരാളാണ് ഞാന്‍. ഈ തക്കത്തിന് ഹോസ്റ്റലില്‍ കൊണ്ടു പോയി വിട്ടാല്‍ ചിലപ്പോള്‍ എന്റെ ആ സ്വഭാവം മാറിക്കിട്ടിയാലോ എന്ന് പാവം പപ്പ ചിന്തിച്ചു പോയി. അതുകൊണ്ട് വീടിനു തൊട്ടടുത്തുള്ള കോളേജില്‍ ചേര്‍ക്കാതെ കുറെ ദൂരെയുള്ള പ്രസിദ്ധമായ കോളേജില്‍ എന്നെകൊണ്ടു പോയി പ്രതിഷ്ഠിച്ചു. എന്തായാലും അടുത്ത ആഴ്ച മുതല്‍ മുതല്‍ ഞാനും പപ്പയും മമ്മിയും ഒരു പാട് ആശുപത്രികള്‍ കയറിയിറങ്ങാന്‍ തുടങ്ങി. മറ്റൊന്നുമല്ല.-ഒടുക്കത്തെ ഹോംസിക്ക്നെസ്സും അതിന്റെ ഭാഗമായുള്ള ഓരോ അസുഖങ്ങളും. തരം കിട്ടുമ്പോഴൊക്കെ ഞാന്‍ വീട്ടിലെത്തും പിന്നെ എന്നെ അവിടുന്നു തിരിച്ചു ഹോസ്റ്റലിലെക്കു വിടണമെങ്കില്‍ രണ്ടു ദിവസത്തെ പണിയാണ്. ഈ പ്രശ്നങ്ങള്‍ കൊണ്ട് അത്യാവശ്യത്തിനു മാത്രം തിയറി ക്ലാസ് അറ്റന്‍ഡ് ചെയ്താല്‍ മതിയെന്ന് ഞാനങ്ങു തീരുമാനിച്ചു.പ്രാക്ടിക്കല്‍സ് മാത്രം കൃത്യമായി പോയി ചെയ്യും. അതുകൊണ്ടു തന്നെ പ്രീഡിഗ്രീ എന്ന സംഭവത്തെ പറ്റി ഓര്‍മ്മിക്കാന്‍ എനിക്കാ പ്രാക്ടിക്കല്‍ ക്ലാസുകള്‍ മാത്രമേ ഉള്ളൂ..
അപ്പോള്‍ ഇനി നമുക്ക് ഓരോരോ ലാബുകളിലായി കയറിയിറങ്ങാം..
ലാബുകളിലെ വില്ലന്‍ സുവോളജി ലാബായിരുന്നു. സുവോളജി തിയറിയെ ഞാനെത്രമാത്രം സ്നേഹിച്ചിരുന്നോ അതിന്റെ ഇരട്ടി പേടിയായിരുന്നു എനിക്കാ ലാബിനോട്. പാറ്റയേയും തവളയെയുമൊക്കെ അറപ്പും വെറുപ്പുമൊക്കെയായിരുന്നെങ്കിലും കൊല്ലാനും മാത്രമുള്ള ശത്രുതയൊന്നും എനിക്കതുങ്ങളോടില്ലായിരുന്നു. ആ ലാബില്‍ കയറുമ്പോള്‍ തന്നെ ഒരു മാതിരി വൃത്തികെട്ട മണം വരും. പിന്നെ കുടലും പണ്ടോം പുറത്തു ചാടിക്കിടക്കുന്ന പാറ്റകളും തവളകളും. വാളുവയ്ക്കുക എന്ന കലയില്‍ ഞാന്‍ എക്സ്പേര്‍ട്ടായിതീര്‍ന്നത് ആ ലാബ് കാരണമാണ്. ഡോക്ടറോ നഴ്സോ എന്തിന് ഒരു കമ്പോണ്ടര്‍ പോലുമോ ആവണമെന്നാഗ്രഹമില്ലാത്ത എന്നെക്കൊണ്ട് എന്തിനീ മഹാപാപം ചെയ്യിക്കുന്നെന്റെ യൂണിവേഴ്സിറ്റീ എന്നു പലവട്ടം ചോദിച്ചു പോയിട്ടുണ്ട്. കീറിമുറിക്കുന്നതു പോട്ടേ..കൊല്ലാനുള്ള ഇരയെയും നമ്മള് തന്നെ പിടിച്ചു കൊണ്ടു വരണം. ഞങ്ങള്‍ടെ ഹോസ്റ്റലിലെ സ്റ്റോര്‍റൂം ആയിരുന്നു പാറ്റകളുടെ സങ്കേതം. ലാബിന്റെ തലേദിവസം കുട്ടികളെല്ലാവരും അതില്‍ കയറി പാറ്റവേട്ട തുടങ്ങും.എനിക്കണെങ്കില്‍ ഒരഞ്ചാറു പാറ്റകളെ ഒരുമിച്ചു കണ്ടാല്‍ തന്നെ തല കറങ്ങും. അതുകൊണ്ട് നിവര്‍ത്തിയുണ്ടെങ്കില്‍ ഞാനാ റൂമിനകത്തു കയറില്ല. ഏതെങ്കിലും കുട്ടി പാവം തോന്നി വല്ല വികലാംഗനായ പാറ്റയേയും സംഭാവന തരും. എനിക്കതൊക്കെ ധാരാളം. പിന്നെ അതിനെ സോപ്പു വെള്ളത്തില്‍ മുക്കിവെയ്ക്കണം.ബോധം പോകാന്‍ വേണ്ടി.പിറ്റേ ദിവസം ആഘോഷമായി കൊണ്ടു പോയി കുരിശില്‍ തറയ്ക്കുന്നതു പോലെ തറച്ച് കുടലും പണ്ടോം വലിച്ചു പുറത്തിടണം. ലാബു കഴിഞ്ഞാല്‍ പിന്നെ രണ്ടു ദിവസത്തെയ്ക്ക് ഭക്ഷണം കഴിക്കാന്‍ പറ്റില്ല മര്യാദയ്ക്കുറങ്ങാനും പറ്റില്ല. ഒരു പ്രാവശ്യം ഇതേപോലെ പാറ്റേനെ തറച്ചു വച്ച് പുറംപാളി നീക്കം ചെയ്തതായിരുന്നു. കൃത്യം ആ സമയത്താണ് പാറ്റയ്ക്ക് ബോധം വന്നത്. അത് ഒന്ന് പിടഞ്ഞപ്പോഴെക്കും തറച്ചിരുന്ന മൊട്ടുസൂചിയൊക്കെ ഇളകിപ്പോയി (ബോധം കെടുത്തീതും തറച്ചതുമൊക്കെ ഞാനായിരുന്നതു കൊണ്ട് അത്രേമൊക്കെ ഉറപ്പേ ഉണ്ടായിരുന്നുള്ളൂ- ഞാനെന്തു കൊണ്ട് ഒരു ഡോക്ടറായില്ല എന്ന് ഇനിയെങ്കിലും ആരും ചോദിക്കരുത്..). പുറംപാളിയില്ലാതെ ആ പാറ്റ ഡിഷിലെ വെള്ളത്തിലൂടെ പിടഞ്ഞു പിടഞ്ഞു നീന്തുന്നത് ഒന്നു കണ്ടതേയുള്ളൂ. പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു.ലാബിനു പുറത്തേയ്ക്ക്. പിന്നെ കുറേക്കാലത്തേയ്ക്ക് കണ്ണടച്ചാല്‍ സ്വപ്നത്തില്‍ വരുന്നതൊക്കെ ആ പാവം പാറ്റയായിരുന്നു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ശരിക്കും വിഷമമുണ്ട്. എത്രയോ നല്ല നല്ല സ്വപ്നങ്ങള്‍ കാണാമായിരുന്ന മധുരപ്പതിനാറ്-പതിനേഴ് പ്രായമാണെന്നോ ഇങ്ങനെ പാറ്റേനേം തവളേനേം ഒക്കെ ദുസ്വപ്നം കണ്ട് തീര്‍ത്തത്. ഹെന്റെ വിധി...
അടുത്ത ധൂമകേതു കെമിസ്ട്രി ലാബായിരുന്നു. ഏതു സുന്ദരമായ റോസാപ്പൂവിന്റെയും കൂടെ അതിന്റെ മുള്ളുമുണ്ടാകും എന്നു പറയുന്നതു പോലെയാണ് ഈ കെമിസ്ട്രീടെ കാര്യം. എനിക്കിഷ്ടമുള്ള വിഷയമാണ് ഫിസിക്സ്. ഏതൊക്കെ വഴിക്കു നോക്കിയാലും അതിന്റെ കൂടെ ഒഴിയാബാധ പോലെ ഈ കെമിസ്ട്രിയുമുണ്ടാകും. അതില്‍ ഒരു സംഭവമുണ്ട്. ഓര്‍ഗാനിക് കെമിസ്ട്രി. തേനീച്ചയുടെ അറ പോലെ കുറെ രൂപങ്ങള്‍ അതില്‍ കുറെ കാര്‍ബണും ഹൈഡ്രജനും. ഇതിനെയൊക്കെ അങ്ങോട്ടുമിങ്ങോട്ടും കണക്ട് ചെയ്യിച്ചിട്ട് നമ്മക്കെന്താ ഗുണം എന്ന് ഒരു പിടിയും കിട്ടാത്തതു കൊണ്ട് ഞാന്‍ കെമിസ്ട്രിയെ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത വിഷയമായി പ്രഖ്യാപിച്ചു. ഇതിലെ ഏറ്റവും വലിയ വിരോധാഭാസം എന്താണെന്നു വച്ചാല്‍ സ്കൂളിലും കോളേജിലുമൊക്കെ എനിക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്കു കിട്ടുന്ന വിഷയമാണിത്. ദൈവത്തിന്റെ ഓരോ പരീക്ഷണങ്ങള്‍... അല്ലാതെന്ത്!! ഈ കെമിസ്ട്രി ലാബിലെ ഒരു ചടങ്ങാണ് സാള്‍ട്ട് കണ്ടു പിടിക്കുക എന്നത്. മൂക്കിപ്പൊടി പോലെ കുറച്ചു പൊടി തരും. മണത്തോ കത്തിച്ചോ എന്തിലെങ്കിലുമൊക്കെ കലക്കിയോ എന്നു വേണ്ട മനുഷ്യസാധ്യമായ എന്തു വിദ്യ പ്രയോഗിച്ചും ആ പൊടി എന്താണെന്നു കണ്ടു പിടിക്കണം. വീട്ടില്‍ അടുക്കളയിലെ ഏതു പൊടിയും നക്കി നോക്കി മാത്രം തിരിച്ചറിയുന്ന എന്നെപോലുള്ളവര്‍ക്ക് വല്യ അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഒരു പരിപാടിയാണിത്. അതിന്റെ ആദ്യത്തെ ലാബാണ് സന്ദര്‍ഭം. ഞാനെന്തൊക്കെ ചെയ്തിട്ടും പൊടി പിടി തരുന്നില്ല. യാതൊരവശ്യവുമില്ലാതെ ഈ ബോറ് വിഷയം പഠിക്കുന്ന കലിപ്പിന്റെ കൂടെ പൊടീടെ അഹങ്കാരവും ഇങ്ങനെയൊരു വിഷയം കണ്ടു പിടിച്ചയാളെ വെടിവച്ചു കൊന്നാലോ എന്ന ഒരിക്കലും നടക്കാത്ത ആഗ്രഹവും ഒക്കെ കൂടിയായപ്പോള്‍ എനിക്കു സഹിക്കാന്‍ പറ്റീല്ല. ഏവം വിധം കുട്ടികളെല്ലാം ലാബും കഴിഞ്ഞ് പോയിട്ടും ഞാനവിടെ നിന്ന് പൊടിഗവേഷണത്തിലായിരുന്നു - വിങ്ങിപ്പൊട്ടി കരഞ്ഞു കൊണ്ട്.ടീച്ചര്‍ പേടിച്ചു പോയി. കരയാനും ചിരിക്കാനും ഞാനങ്ങനെ സമയോം കാലോമൊന്നും നോക്കാറില്ലെന്ന് ടീച്ചറിനറിയില്ലല്ലോ. വേഗം അടുത്തു വിളിച്ചിരുത്തി ആശ്വസിപ്പിച്ചു. എന്താണെന്നോ.. ഇപ്പാള്‍ ഈ സാള്‍ട്ട് കിട്ടാത്തതൊന്നും കാര്യമാക്കണ്ട..ഞാന്‍ ഭാവിയില്‍ കെമിസ്ട്രീലെ ഒരു പുലിയാകുംന്ന്. . നടന്നതു തന്നെ.. ഈ പ്രീഡിഗ്രി കഴിഞ്ഞാല്‍ പിന്നെ കെമിസ്ട്രീന്നു പറയുന്ന സാധനം കൈ കൊണ്ടു തൊടില്ലാന്ന് ശപഥം ചെയ്തിട്ടാണ് ഞാനാ ലാബില്‍ നിന്നും ഇറങ്ങിയത്.
അടുത്ത അവതാരം ബോട്ടണിയാണ്. വല്ലപ്പോഴുമൊക്കെയേ ഞാന്‍ തിയറിക്ലാസുകള്‍ക്ക് ഹാജരാവാറുള്ളൂ. അതു ബോട്ടാണീടതാണെങ്കില്‍ മിക്കപ്പോഴും ഞാന്‍ സ്വപ്നലോകത്തായിരിക്കും. ഓരോ പുല്ലിനും എത്ര ലെയറുണ്ട്, അതിന്റകത്ത് വട്ടത്തിലും ചതുരത്തിലുമൊക്കെ എന്തൊക്കെയോ സാമഗ്രികളുണ്ട് - ഇതൊക്കെയാണ് എന്നെ സംബന്ധിച്ചിടത്തോളം ബോട്ടണി. പണ്ടേ എനിക്കീ പുല്ലിനോടും പച്ചക്കറിയോടുമൊന്നും ഒരു താല്പര്യവുമില്ല. പിന്നെന്താന്നു വച്ചാല്‍, ഫിസിക്സിന്റെ കൂടെ കെമിസിട്രീടെ ഉപദ്രവമുള്ളതു പോലെ സുവോളജി പഠിക്കണമെങ്കില്‍ ഈ ബോട്ടണിയെയും സഹിക്കണം. അതു കൊണ്ടു മാത്രമാണ് ഞാന്‍ ക്ഷമിച്ചത്. ബോട്ടണീടെ ലാബില്‍ നമ്മള് പഠിക്കുന്നത് എങ്ങനെ വൃത്തിയായി പുല്ലരിയാം എന്നതാണ്. ഒരു കുഞ്ഞു പുല്‍കഷ്ണം തരും. നമ്മളതിന്റെ മുകളില്‍ നിന്ന് ഒരു ലേയര്‍ മാത്രം ബ്ലേഡുപയോഗിച്ച് വട്ടത്തില്‍ അരിഞ്ഞെടുക്കണം- ഒറ്റ ലെയര്‍ മാത്രം. എന്നിട്ട് അതിനെ സ്റ്റെയിന് ചെയ്ത് മൈക്രോസ്കോപ്പിലൂടെ നോക്കി ക്ലാസ്സില്‍ പഠിപ്പിച്ച വട്ടോം ചതുരോമൊക്കെ അതിന്റകത്തുണ്ടെന്ന് ഉറപ്പു വരുത്തണം. കഴിഞ്ഞു.. ഇത്രേയുള്ളൂ പണി. ഇതില്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി കൃത്യം ഒറ്റ ലേയര്‍ മാത്രം അരിഞ്ഞെടുക്കുക എന്നുള്ളതാണ്. എന്റെ സൂക്ഷ്മത കാരണം അത് ഒന്നുകില്‍ ചരിഞ്ഞുമുറിയും അല്ലെങ്കില്‍ ഒറ്റ വെട്ടില്‍ രണ്ടു മൂന്നു ലേയര്‍ ഒന്നിച്ചിങ്ങു പോരും. അതിനെ കളറില്‍ മുക്കി മൈക്രോസ്കോപ്പിലൂടെ കാണുമ്പോള്‍ ജീവിതം മതിയാകും. ഒരു മാതിരി കുഞ്ഞിപ്പിള്ളാര് കളറ് ചെയ്തു പഠിച്ച പോലുണ്ടാകും. വട്ടോം ചതുരോമൊന്നും വേര്‍തിരിച്ചറിയാനാകാതെ എന്തോ ഒരു രൂപം. പിന്നെ ബുക്കില്‍ കണ്ടതു വച്ച് അങ്ങു വരച്ചൊപ്പിക്കും. അങ്ങനെ ഒരുവിധത്തില്‍ രക്ഷപെട്ടു നടന്ന് അവസാനം ബോട്ടണിയുടെ പ്രാക്റ്റിക്കല്‍ എക്സാം ദിവസമായി. ഞാന്‍ പതിവു പോലെ തന്നെ പുല്ലരിയലില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സാധാരണ ലാബില്‍ മുറിച്ചു മുറിച്ച് പുല്ല് തീര്‍ന്നു പോയാല്‍ വേറെ തരും. പരീക്ഷയ്ക്ക് ആ പരിപാടിയൊന്നുമില്ല. ഉള്ളതു കൊണ്ട് തൃപ്തിപെട്ടോണം. മുറിച്ചു മുറിച്ച് എന്റെ പുല്ല് തീരാനായി.ഭാഗ്യത്തിന് ഒരു പ്രാവശ്യം മാത്രം എനിക്ക് ഒറ്റ ലേയര്‍ ആയി കിട്ടി. ഒരറ്റം മുറിഞ്ഞു പോയിരുന്നു. എന്നാലും ഒപ്പിക്കാം. പെട്ടെന്നാണ് എനിക്ക് ബോട്ടണി ലാബിനോട് പതിവില്ലാത്ത ഒരു സ്നേഹം വന്നത്. ഈ ലാബ് അവസാനത്തേതാണ്. ഇനി ബോട്ടണിയുമായി എനിക്കുള്ള ഏകബന്ധം വീട്ടിലിരുന്ന് പച്ചക്കറിയരിയുമ്പോള്‍ മാത്രമായിരിക്കും. അതിനു മുന്‍പ് ഒരു വട്ടം, ഒരൊറ്റ പ്രാവശ്യം എനിക്ക് പെര്‍ഫക്ടായ ഒരു സാംപിള്‍ എടുക്കണം. ഒരു കുഞ്ഞു കഷ്ണം പുല്ല് ബാക്കിയുണ്ട് . ഞാനതിനെ എടുത്ത് മുറിച്ചു.ശരിയാകുന്നില്ല. അപ്പഴാണ് നമ്മടെ 'ദ്രോണാചാര്യാസ് തിയറി' ഓര്‍മ്മ വന്നത്. ലക്ഷ്യം മാത്രമെ കാണാവൂ. അതായത് പുല്ലിലേക്കു നോക്കുമ്പോള്‍ അതിന്റെ അറ്റം മാത്രമെ കണ്ണില്‍ പെടാവൂ. അല്ലാതെ ചുറ്റുപാടുമുള്ള സംഭവങ്ങളും കൂടി കാണുകയാണെങ്കില്‍ മിഷന് എട്ടുനിലയില്‍ പൊട്ടും. ഞാന്‍ പുല്‍കഷ്ണം സ്ലൈഡിലെടുത്തു വച്ച് കോണ്സണ്ട്രേറ്റ് ചെയ്തു നോക്കി. എവിടെ.. അങ്ങു ദൂരെ നില്ക്കുന്ന ടീച്ചറിനെ വരെ കാണം. പതുക്കെ അദ്ദേഹത്തെ സ്ലൈഡില്‍ നിന്നും പൊക്കി എന്റെ ഇടതുകൈയിലെ ചൂണ്ടു വിരലിന്റെ അറ്റത്തു വച്ചു. എന്നിട്ട് കണ്ണിനോടടുപ്പിച്ചു പിടിച്ചു. പെര്‍ഫക്ട്. ഇപ്പോള്‍ അതിന്റെ അറ്റം മാത്രമേ കഴ്ചയുടെ പരിധിയിലുള്ളൂ. ബ്ലേഡെടുത്ത് 90 ഡിഗ്രീ ആംഗിളില്‍ പിടിച്ചു (ചരിഞ്ഞു പോവരുതല്ലോ). റെഡി.. വണ്‍... ടൂ.. ത്രീ.. ആ പൊസിഷനില്‍ പുല്ലിലേക്ക് ബ്ലേഡിനെ ആഞ്ഞമര്‍ത്തി .
അങ്ങോട്ടു കയറിപ്പോയ ബ്ലേഡിന് തിരിച്ചുവരാന്‍ ഒരു ബുദ്ധിമുട്ട്. പുല്ലിനെ ഒട്ടു കാണ്മാനുമില്ല. ഞാന്‍ ബ്ലേഡിനെ ശക്തിയായി വലിച്ചെടുത്തു. ചൂണ്ടുവിരലിന്റെ അറ്റം പതുക്കെ പതുക്കെ ചുവപ്പുകളറാകാന്‍ തുടങ്ങി.-ചോര... ഞാന്‍ കാണിച്ച മണ്ടത്തരത്തിന്റെ ആഴം അപ്പോഴാണ് മനസ്സിലായത്. അങ്ങോട്ട് തറച്ചു കയറ്റിയ ബ്ലേഡിന് പുല്ലെന്നോ എന്റെ വിരലെന്നോ ഒരു തിരിച്ചുവ്യത്യാസവുമുണ്ടായിരുന്നില്ല. പുതുപുത്തനായിരുന്നതു കൊണ്ട് നല്ല മൂര്‍ച്ചയുമുണ്ടായിരുന്നു. എന്റെ വിരലിന്റെ പകുതിയോളം കയറിയിട്ടാണ് അതു നിന്നത്. ചോരയ്ക്കാണെങ്കില്‍ നില്ക്കാന് ഒരുദ്ദേശ്യവുമില്ല. ആരെങ്കിലും കണ്ടാല്‍ എന്തു സമാധാനം പറയുംന്നാലോചിച്ചിട്ടാണെങ്കില്‍ അതിലേറെ വിഷമം. പതുക്കെ കൈ ചുരുട്ടിപ്പിടിച്ചു. എന്നിട്ട് പേപ്പറില്‍ എഴുത്തും വരയും തുടങ്ങി. അതിന് തല്ക്കാലം ഇടതുകൈയുടെ ആവശ്യമില്ലല്ലോ.ഒരു വിധത്തില്‍ എല്ലാം എഴുതിക്കഴിഞ്ഞ് പേപ്പറില്‍ നൂലുകെട്ടാന്‍ തുടങ്ങിയപ്പോഴാണ് ഇടതുകൈയുടെ മഹത്വം മനസ്സിലായത്. അതിന്റെ സഹായമില്ലാതെ ഇക്കാര്യം നടക്കില്ല. കുറെ തല പുകച്ചിട്ടും ഒരു വഴിയും കിട്ടാത്തതു കൊണ്ട് അവസാനം പേപ്പറും നൂലും ഒക്കെയെടുത്ത് ചുരുട്ടിപ്പിടിച്ച കൈപ്പത്തി ഒരു വിധത്തില്‍ ഒളിപ്പിച്ച് പിടിച്ച് ടീച്ചറിന്റെ അടുത്തു പോയി കാര്യം പറഞ്ഞു. എന്റെ കൈയുടെ അവസ്ഥ കണ്ട ആ ടീച്ചറുടെ ഭാവം--അതു വര്‍ണ്ണിക്കാന്‍ പറ്റില്ല. എന്തിന്.. സ്വന്തം കൈ കണ്ട് എനിക്കു പോലും തലകറങ്ങിപ്പോയി. ചുരുട്ടിപ്പിടിച്ചതു കൊണ്ട് കൈപ്പത്തി മുഴുവന്‍ ചോര ഉണങ്ങിപ്പിടച്ചിരിക്കുകയായിരുന്നു. എവിടെയാണ് മുറിവ് എന്നു കൃത്യമായി പറയാന്‍ പറ്റാത്ത അവസ്ഥ. അതൊരു കണക്കിനു നന്നായി. അബദ്ധത്തില്‍ മുറിഞ്ഞതാണെന്നും ഞാന്‍ ഹോസ്റ്റലില്‍ പോയി വേണ്ട പരിഹാരക്രിയകളൊക്കെ ചെയ്തോളാമെന്നും പറഞ്ഞ് എത്രയും പെട്ടെന്ന് അവിടുന്നു രക്ഷപെട്ടു. എങ്ങനോക്കെ ശ്രമിച്ചാലും അബദ്ധത്തില്‍ ചൂണ്ടു വിരലിന്റെ ആ സ്ഥാനത്ത് മുറിവുണ്ടാകാനുള്ള ഒരു സാധ്യതയുമില്ലല്ലോ. പിന്നെ ആ ടീച്ചര്‍ക്കു വല്ല സംശയോം തോന്നി ചോദ്യം ചെയ്താല്‍ പാവം ദ്രോണാചാര്യര്‍ക്കു വരെ പേരുദോഷമുണ്ടായേനേ..
വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ആ മുറിവിന്റെ പാട് ഇപ്പോഴും വിരലിലുണ്ട്. അതിലേക്കൊന്നു നോക്കിയാല്‍ മതി- ആ പഴയ പാറ്റയും തവളയും വെള്ളക്കളറുള്ള സാള്‍ട്ടുകളും പല ടൈപ്പ് പുല്ലുകളും ഒക്കെ വരിവരിയായി മനസ്സിലൂടെ കടന്നു പോകും. ഒരിക്കലും മറക്കാന്‍ കഴിയാത്തത് എന്നൊക്കെ എല്ലാരും വിശേഷിപ്പിക്കുന്ന പ്രീഡിഗ്രീ കാലഘട്ടത്തെ പറ്റി എനിക്കിത്രയുമൊക്കെയെ ഓര്‍ക്കാനുള്ളൂ എന്ന ഒരു കുഞ്ഞു ദുഖവും..
Sunday, March 30, 2008
Subscribe to:
Post Comments (Atom)
82 comments:
കടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.. ഞാനും കോളേജിലൊക്കെ പോയിട്ടുണ്ടന്ന് തെളിയിക്കുകയാണ് ഈ പോസ്റ്റിന്റെ പ്രധാനമായ ഉദ്ദേശ്യം :-)
എന്റമ്മോ...ത്രെസ്സ്യാകൊച്ചിന്റെ പോസ്റ്റിനു തേങ്ങ അടിക്കാന്‍ കിട്ടിയ അവസരം...((((((((((((((((((((((((((((ഠേ)))))))))))))))))))))))))..ഇനി വായിച്ചിട്ട് കമന്റാം
അതു മനസ്സിലായി..;)
കൊള്ളാം കെട്ടൊ..;)
ഇന്റെ ദൈവേ... ഈ കൊച്ചെങ്ങാനും ഡാക്കിട്ടരായിരുന്നേല്...ആപ്പറേഷന്‍ ചെയ്യണ സമയത്ത് വല്ല രോഗികളുടെയും കരളോ, കണ്ണോ കയ്യില്‍ വച്ച് ഇതു പോലെ എങ്ങാനും കോണ്‍സെന്‍ട്രേറ്റ് ചെയ്യൂലാരുന്നാ...ഇതാണു ദൈവത്തിന്റെ ഓരോ ക്രിപാ കടാക്ഷം എന്നൊക്കെ പറേണത്..അല്ല കൊച്ചുകുഞ്ഞെ..നിങ്ങക്കടെ കോളേജീ റാഗിംഗ് ഒന്നും ഇല്ലാരുന്നാ???
ഹഹഹ..
ഇപ്പോഴും ആ ദ്രോണാചാര്യരുടെ വാക്കുകള്‍ ഉപയോഗിക്കാറുണ്ടൊ?
"ഏതെങ്കിലും കുട്ടി പാവം തോന്നി വല്ല വികലാംഗനായ പാറ്റയേയും സംഭാവന തരും" :) :)
ഒരു ഡോക്ടറാകണമെന്നായിരുന്നു എന്റെയും ആഗ്രഹം. അതിനാല്‍ സെക്കന്റ് ഗ്രൂപ്പെടുത്ത് പാറ്റയേയും തവളയേയും കീറിയിട്ടുമുണ്ട്. കുരിശില്‍ തറച്ചിട്ടിരിക്കുന്ന തവളയുടെ മിടിക്കുന്ന ഹൃദയം നോക്കി ഹൃദയവേദനയോടെ ഞാനിരുന്നിട്ടുണ്ട്.
തവളേടേം പാറ്റേടേമൊക്കെ പ്രാര്‍ത്ഥനകൊണ്ടായിരിക്കാം. ജനം രക്ഷപ്പെട്ടു. ഞാന്‍ ഡോക്ടറായില്ല.
കുറേ നല്ല ഓര്‍മ്മകള്‍ ഈ പോസ്റ്റ് തന്നു. നന്നായിരിക്കുന്നു.
കൊള്ളാം.......
ഞാനും ഇതൊക്കെ അനുഭവിച്ചത് ഓര്‍ത്തുപോയി.... പക്ഷെ മെഡിക്കല്‍ ഫീല്ടിലായത് കൊണ്ട് അവിടം തീര്നില്ല... ഇവിടെ അനാടമി ലാബുകലുണ്ടേ... :-) ചേച്ചി, വിവരണം നന്നായിരിക്കുന്നു...
"വീട്ടില്‍ അടുക്കളയിലെ ഏതു പൊടിയും നക്കി നോക്കി മാത്രം തിരിച്ചറിയുന്ന എന്നെപോലുള്ളവര്‍ക്ക്" ഇവിടെ എത്തിയപ്പോഴേക്കും എല്ലാ കണ്ട്റോളും പോയി... കടിച്ചു പിടിച്ച ചിരിയൊക്കെ ഒരു ഓപണിങ്ങ് കിട്ടിയ സന്തോഷത്തില്‍ പുറത്ത് ചാടി :)
ഞങ്ങള്‍ക്ക് PCMB ആയിരുന്നു. അതുകൊണ്ട് ബയോളജിയും മാത്സും ഒക്കെ ഒരുമിച്ച് പഠിക്കാം; പത്ത് കഴിഞ്ഞാല്‍ സയന്‍സ് വേണോ കൊമേഴ്സ് വേണോ എന്ന് മാത്രം തീരുമാനിച്ചാല്‍ മതി.
എന്റെ കൊച്ചു ത്രേസ്യാ, മനുഷ്യനെ എങ്ങിനെ ഇങ്ങിനെ ചിരിപ്പിക്കാന്‍ കഴിയുന്നു. എഴുത്തിനെ അല്പം കൂടി സീരിയസായി കണ്ടു നോക്കൂ, സഞ്ജയനും ഇ.വി കൃഷ്ണപിള്ളക്കുമൊക്കെ ശേഷം നല്ല ഹാസ്യാ സാഹിത്യകാരിയെ മലയാളത്തിന് കിട്ടട്ടെ. ഇടക്കാലത്ത പൈങ്കിളി വാരികകളില്‍ ജെ. ഫിലിപ്പോസ് തിരുവല്ലയും മറ്റും എഴുതിയ ചില്ലറ ഹാസ്യമല്ലാതെ കുറേക്കാലമായി ഈ ഫീല്‍ഡ് കാലിയാണ്.
കൊച്ചു ത്രേസ്യയുടെ എഴുത്തില്‍ സംഗതികളൊക്കെയുണ്ട്. കോമഡി ഷോകളുടെ ഇക്കാലത്ത് ഇങ്ങിനെ എഴുതി ചിരിപ്പിക്കാന്‍ കഴിയുന്നത് വലിയ കാര്യം തന്നെ.
ഭാവിയില്‍ എന്തായാലും കുഴപ്പമില്ല എന്ന മട്ടില്‍ നടക്കുന്നവര്‍ക്കായി അതില്‍ ഓപ്ഷന്‍സില്ല.
ഞാനീ കാറ്റഗറിയിലായിരുന്നതു കൊണ്ട് ഫസ്റ്റും സെകന്റും ഗോംബിനേഷനെടുത്തൂ +2വിന്.
+1ല്‍ പഠിക്കുമ്പോള്‍ കെമിസ്ട്രി വെറുപ്പായിട്ട് ലാബിലെ ഗ്ലാസ്വെയേഴ്സ് പൊട്ടിച്ചു കളഞ്ഞിട്ടുണ്ട് ആരുമറിയാതെ..
+2വില്‍ പിന്നെ കെമിസ്ട്രി പഠിക്കാന്‍ തുടങ്ങി. ഇന്നും തുടരുന്നു:)
നന്നായിരിക്കുന്നു...........
എത്രയോ നല്ല നല്ല സ്വപ്നങ്ങള്‍ കാണാമായിരുന്ന മധുരപ്പതിനാറ്-പതിനേഴ് പ്രായമാണെന്നോ ഇങ്ങനെ പാറ്റേനേം തവളേനേം ഒക്കെ ദുസ്വപ്നം കണ്ട് തീര്‍ത്തത്. ഹെന്റെ വിധി...
ഹഹഹ.. ചിരിച്ചു.. ശരിക്കും.
ഏതോ ഒരു സിനിമയില്‍ ദിലീപ് പറഞ്ഞത് ഓര്‍മ്മയുണ്ട്.
ദിലീപ്: അച്ഛനെപ്പോലെ ഒരു ഡോക്ടറാവണമെന്നാണ് എനിക്കും ആഗ്രഹം.
ചോദ്യം: അച്ഛന് ഡോക്ടറാണോ?
ദിലീപ്: അല്ല, അച്ഛനും അതായിരുന്നു ആഗ്രഹം.
"എത്രയോ നല്ല നല്ല സ്വപ്നങ്ങള്‍ കാണാമായിരുന്ന മധുരപ്പതിനാറ്-പതിനേഴ് പ്രായമാണെന്നോ ഇങ്ങനെ പാറ്റേനേം തവളേനേം ഒക്കെ ദുസ്വപ്നം കണ്ട് തീര്‍ത്തത്. ഹെന്റെ വിധി..."
ആരാ പാറ്റ ? ആരാ തവള ?
ത്രേസ്യാ, ലാബ്പുരാണം നന്നായി ട്ടൊ
:) ഉം... പരീക്ഷണങ്ങളൊക്കെ ഇപ്പോഴും തുടരുകയാണോ? ബാക്കി എപ്പോ പറയും?
ആക്ച്വലി ഇപ്പോളെന്താ ചെയ്യുന്നേ?
ഓഫ്: മൊട്ടേന്നങ്ങോട്ട് ജസ്റ്റ് വിരിഞ്ഞ പ്രായത്തില്‍... - അതേത് മുട്ട! :D
--
ന്റെ കൊച്ച്രേസ്സ്യെ, ഞാന്‍ ദേ ഓഫീസില്‍ എത്തിയേഉള്ളു. ആദ്യമേ തന്നെ നി വല്ലതും പോസ്ടിയിട്ടുണ്ടോ ന്നാ നോക്കിയെ. അപ്പൊ ദാ കിടക്കുന്നു ഒരു ലാബ് പുരാണം. സംഭവം കൊള്ളാം ട്ടോ. പലതും എഴുതാന്‍ പ്രേരിപ്പിക്കുന്നത് ഇങ്ങനെ കൊച്ച്രേസ്സ്യയുടെ കുഞ്ഞു കുഞ്ഞു തമാശകള്‍ ആണിഷ്ടാ
ഞാന്‍ ഈ ബൂലോകത്ത് പുതിയ ഒരു വിഷമായത് കൊണ്ടു ഇന്നലെ കുറെ നേരം ഇരുന്നു നിന്റെ പോസ്റ്സ് മൊത്തത്തില്‍ വായിക്കാന്‍ ഒരു ശ്രമ നടത്തി നോക്കി. പക്ഷേന്കില് മുഴുവനും അങ്ങോട്ട് കഴിഞ്ഞില്ല. ബി എസ് എന്‍ എല്‍ ഡൌണ്‍ലോഡ് ലിമിറ്റ് കഴിഞ്ഞു എന്ന് പറഞ്ഞു ചുമ്മാ പേടിപ്പിച്ചു, ഒന്നു പേടിച്ചെക്കാം എന്ന് ഞാനും കരുതി. അപ്പൊ പിന്നെ നാളെ മുതല്‍ വീണ്ടും ശ്രമിക്കണം. എന്തായാലും ഈ നര്‍മ ഭാവനയ്ക്ക് മുന്പില് എന്റെ നമോ വാകം , യേത്??
"ഞാന്‍ പുല്‍കഷ്ണം സ്ലൈഡിലെടുത്തു വച്ച് കോണ്സണ്ട്രേറ്റ് ചെയ്തു നോക്കി. എവിടെ.. അങ്ങു ദൂരെ നില്ക്കുന്ന ടീച്ചറിനെ വരെ കാണം".
ഇപ്രാവശ്യത്തെ ദ്രോണാചാര്യ കം അര്‍ജുന കം വനിതാരത്ന അവാര്‍ഡ് കൊച്ചുത്രേസ്യാ കൊച്ചിന് എന്റെ വക. അവാര്‍ഡ് നിരസിക്കരുത് പ്ലീസ്.
പ്രീഡിഗ്രി കാലത്തെ ഒരുപാട് ഓര്‍മ്മകള്‍ പങ്കുവച്ച പോസ്റ്റ്.. കുറേ ലാബ് കാര്യങ്ങള്‍ ഞാനും ഓര്‍ത്തുപോയി..
ഈശോയേ! കൊച്ചിനു ഡാക്കിട്ടര് ആകാനായിരുന്നോ ആഗ്രഹം... :-)
ഞാനും ലാബിന്റെ ആളാ... ബാറ്റെറിയുടെ രണ്ടു സൈഡും കൂട്ടി മുട്ടിച്ചു കൈ പൊള്ളിയതു മുതല്‍ ലാബില്‍ ഒരു പൊട്ടിതെറി നടത്തിയതു വരെയുള്ള പൊന്തൂവലുകളോടെയാണു ഫിസിക്സില്‍ ബിരുധമെടുത്തതു...
ഹൊ, അപ്പോ നമ്മള് ചിലകാര്യത്തിലെങ്കിലും സ്വരച്ചേര്ച്ചയുള്ളവരാണല്ലേ.........
പാറ്റയെത്തേടി ഹോസ്റ്റലിനു സമീപത്തുള്ള വീടിന്റെ അടുക്കളയില്‍ വരെ പോയതും, തവളയെപ്പിടിക്കാന്‍ രാത്രി പാടത്തുപോയതും,കെമിസ്ട്രി ലാബില്‍ ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ നാറ്റം കാരണം മൂക്കു പൊത്തി നിന്നതുമെല്ലാം ഓര്‍മവന്നു.....
പക്ഷേ എന്നെ ആശ്ചര്യപ്പെടുത്തിയത് അതല്ല, കൊച്ചുത്രേസ്യ കോളേജിലൊക്കെ പോയിട്ടുണ്ടെന്ന അറിവാണ്.......
ങ്ഹും, കൊള്ളാം.
നന്നായിരിക്കുന്നു അനുഭവക്കുറിപ്പുകള്‍. പത്താം ക്ലാസ്സില്‍ എനിക്ക് ഗംഭീര മാര്ക്കായതുകൊണ്ട് പ്രീഡിഗ്രിക്ക് തേര്‍ഡ് ഗ്രൂപ്പാണ് കിട്ടിയത്. അതുകൊണ്ടു ഈ ലാബും മറ്റും ഇതുവരേ കാണാന്‍ പോലും പറ്റിയിട്ടില്ല. എന്തായാലും ഒരു ലാബു നേരില്‍ കണ്ട പ്രതീതി. ഒഴുക്കുള്ള എഴുത്തും.
http://nandaparvam.blogspot.com
ജനങ്ങള്‍ക്കു് സഹിക്കാന്‍ അവസരം ലഭിക്കാതെപോയ ശസ്ത്രക്രിയാവിദഗ്ദ്ധയാണല്ലോ കൊച്ചേ നീ ത്രേസ്യേ!! :)
പ്രൈമറിയില്‍ പഠിക്കുമ്പോഴാണു് ഞാന്‍ ഒരു തവളയുടെ വയറുകീറി അതിന്റെ ചങ്കിടിപ്പു് കണ്ടു് അത്ഭുതപ്പെട്ടതു്. ഇടതുകയ്യിലെ പെരുവിരല്‍ നെടുകെ വെട്ടിമുറിച്ചതു് മുരിക്കിന്റെ മുള്ളുകൊണ്ടു് എന്റെ പേരെഴുതിയ ഒരു സീലുണ്ടാക്കാന് ശ്രമിച്ചപ്പോഴും!
:(
ഭഗ്യം ! കൊച്ചുത്രേസ്യാ ഒരു ഡോക്ടറ് ആകാഞ്ഞത്. അല്ലെങ്കില്‍ ഒപ്പറേഷന്റെ ഇടയില്‍ രോഗി എണീറ്റ് ഓടിയേനേ.
പിന്നെ പുല്ലിനോടോപ്പം വിരലും അരിഞ്ഞത് കഷ്ടമായി.
രസകരമായ കൂടുതല്‍ കോളേജു വിശേഷങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്
പുസ്തക പുഴു.
‘ഭാവിയില്‍ “ഭ്രാന്തിന്റെ ഡോക്ടര്‍“ ആകുക‘ എന്ന ത്രേസ്യേടെ ‘സിന്ദഗി കാ മക്സ്ത്ത്‘ പൂര്‍ണ്ണമായി നടപ്പാക്കാന്‍ സാധിക്കാത്തതില്‍ വിഷമിക്കണ്ട. പകുതി ലക്ഷ്യം സാധിച്ചതില്‍ സമാധാനിക്കൂ ബേഠീ..! “ഡോക്ടര്‍“ ആയില്ല എങ്കിലും “ഭ്രാന്ത്” ആയല്ലോ...!! ഇസ്ലിയേ, അഫ്സോസ് കീ കോയീ ബാത്ത് നഹീ, ജോ തുമ്ഹേ പാനാ ഥാ, കുച്ച് തോ തുംനേ പായാ ഹേ....!! :-)
ആദ്യം, മിനിമം, സ്കൂളില്‍ എങ്കിലും പഠിച്ചിട്ടുണ്ട് എന്ന് തെളിയിക്കേണ്ടത് എന്റെ ആവശ്യമായതുകൊണ്ട് ഞാന്‍ +2 വിലെ ലാബ് വിശേഷങ്ങള്‍ ഷേര്‍ ചെയ്യട്ടെ! (ഞാന്‍ എട്ടാം ക്ലാസും ഗുസ്തിയുമാണ് എന്ന പറയുന്ന കശ്മലന്മാര്ക്ക് വേണ്ടി...)
ഞാന്‍ അനസ്തേഷ്യ കൊടുത്ത് ബോധം കെടുത്തുന്ന ഒരു കോക്ക്രൂച്ചും തവളയും ഓപ്പറേഷന് ടൈമില്‍ ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല. ന്താ കാരണം? കൈപ്പുണ്യം! :-) തവളകളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സകല ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുന്ന ‘സംസ്കാരസമ്പന്നനായ‘ ലാബ് അറ്റന്ററെ ഞങ്ങള്‍ തവളച്ചേട്ടന്‍ എന്ന് സ്നേഹപൂര്‍വ്വം വിളിച്ചുപോന്നു. പോസ്റ്റുമോര്‍ട്ട വേളകളില്തന്നെ എന്റെയും, അടുത്ത് നിന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന സുഹൃത്തുക്കളുടെയും തവളകള്‍ക്ക് സൌന്ദര്യമനുസരിച്ച് (മീന്‍സ്, തവളയുടെ സൌന്ദര്യം.. മിസ്സണ്ടര്സ്റ്റാന്റണ്ട..) ഞാന്‍ പേരിടാറുണ്ട്. ഉദാഹരണം: ഇതാണ് മോനേ “ജൂഹി തവള”, എഡാ നിന്റേത് “വേലുത്തമ്പികുഞ്ഞിത്തവള”.. അങ്ങിനെയങ്ങിനെ...
ബോട്ടണിയുടെ ലാബിലാണേല് കോപ്പിലെ മൈക്രോസ്കോപ്പിന്റെ എണ്ണം അല്പം കുറവായതിനാല്‍ രണ്ടാള്‍ക്ക് കൂടി ഒരു മൈക്രോസ്കോപ്പാ തരിക. ഒരു മൈക്രോസ്കോപ്പിലൂടെ നോക്കിയാല്‍ കാണുന്നതിനേക്കള്‍ വ്യക്തമായി കാണാം ചുമ്മാ നമ്മുടെ കണ്ണുകള്‍ കൊണ്ട് നോക്കിയാല്‍, അത് വേറെ കാര്യം. പിന്നെ, നീ പറഞ്ഞ പുല്ലുചെത്ത്, അതുപോലെ തണ്ട് ചെത്ത്, പരിപാടിയില്‍ മൈക്രോസ്കോപ്പിലൂടെ നോക്കി അതില്‍ ‘ഫാന്റത്തിന്റെ’ മുഖം കണ്ടുപിടിക്കാനുള്ള എന്റെ ഗവേഷണത്തിനിടയില്‍ കൂടെയുള്ള പാര്ട്ട്ണര്ക്ക് അവസരം വിട്ടുകൊടുക്കാതെ, നോം, ഫുള്‍ ശുഷ്കാന്തികാണിച്ചപ്പോള് കാത്തിരുന്ന് തളര്‍ന്ന് അവശനിലയില്‍, പരിപൂര്‍ണ്ണമായി പരിതാപകരമായ ഫേഷ്യല്‍ എക്സ്പ്രഷനോട്കൂടി, അജിത്ത് എന്ന എന്റെ കൂട്ടുകാരന് മൈക്രോസ്കോപ്പ് ചൂണ്ടിക്കൊണ്ട് ഗത്യന്തരമില്ലാതെ എന്നോട് ചോദിച്ചു. “ഡാ, ഇതിനെത്ര വിലവരുമെടാ?”
(ഹി ഹി... പാവം, സ്വന്തമായി മൈക്രാസ്കോപ്പ് വാങ്ങുന്ന കാര്യം വരെ ചിന്തിക്കണമെങ്കില്‍ എന്റെ പരാക്രമം എത്രയായിരുന്നു എന്ന് ചുമ്മാ ഗസ്സിക്കൂടെ?) :-)
അയ്യോ..., ഫിസിക്സ്, കെമിസ്ട്രി, തുടങ്ങി ‘കോളജ് ലാബിലെ‘ വിശേഷങ്ങള്‍ കൂടി കുറേ എഴുതാനുണ്ടല്ലോ ഈശ്വരാ! ഇതിപ്പോ സ്കൂളില്‍ പോയി എന്ന് തെളിയിക്കാന്‍ മാത്രമേ ഈ കമന്റിലൂടെ സാധിക്കൂ.. കമന്റ് ബോക്സ് ആയതിനാല്‍ കൂടുതല്‍ എഴുതാനും മൂഡില്ല. തല്ക്കാലം എല്ലാരും വിശ്വസിക്കണം പ്ലീസ്.. ഞാന്‍ കോളജില്‍ പോയിട്ടുണ്ട്... പ്ലീസ്... ബിലീവ് മീ.... പ്ലീസ് പ്ലീസ്..! ബിലീവണേ... ബിലീവൂല്ലേ? ബിലീവും എന്ന പൂര്‍ണ്ണവിശ്വാസത്തോടെ മീ സൈനിങ്ങ് ഓഫ്...
ഓഫ്: എഴുത്ത് ഇഷ്ടമായി ത്രേസ്യേ... കുറച്ചുകൂടി നര്‍മ്മം മിക്സ് ചെയ്യൂ... സാധാരണ നീ നിന്റെ പോസ്റ്റുകളില്‍ നര്‍മ്മം മിക്സ് ചെയ്യുന്ന അവസരങ്ങളില്‍ അടുക്കളയില്‍ ചെയ്യുന്നതുപോലെ നക്കിനോക്കാറുണ്ടോ? ചുമ്മാ നര്‍മ്മത്തിന്റെ ടെയ്സ് അറിയാന്‍?! അല്ല, ഡൌട്ട് വന്നപ്പോ ചോദിച്ചൂന്നേ ഉള്ളൂ..
:-)
ഹ ഹ ഹ ഞാനും ഒരു സെക്കന്റ് കാരിയാ. പക്ഷെ എനിക്ക് ലാബുകളൊക്കെ നല്ല രസമായിരുന്നു കേട്ടോ. സുവോളജി അല്പം മനപ്രയാസമുണ്ടാക്കിയെങ്കിലും ബാക്കിയൊക്കെ നല്ലതായിരുന്നു.
:)
എത്രയെത്ര തവളാ-പാറ്റാസുകളെ കാലപുരിക്കയച്ചുവല്ലേ, അതും കീറി തുണ്ടം തുണ്ടം ആക്കിയിട്ട്. അനുഭവിക്കും. :)
"ലക്ഷ്യം:ഭ്രാന്തിന്റെ ഡോക്ടര്‍
കാരണം : എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നവര്‍ക്കിടയിലിരുന്ന് ജോലി ചെയ്യാമല്ലോ."
ഹല്ല, ഭ്രാന്തമാരൊക്കെ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നവരാണെന്ന് ആരാ പറഞ്ഞു തന്നെ?
ഈ ഞാന്‍ തന്നെ ഒന്ന് ചിരിച്ചിട്ട് നാളുകളേറേയയി!
ഞാനിത് എന്റെ ഒരു സുഹൃത്തിന് പി.ഡി.എഫ് ആക്കി അയച്ചുകൊടുത്തു...(കോപ്പി റൈറ്റോ? ഹഹ..അതെന്താണ് സംഭവം?)ലാബ് അനുഭവങ്ങള്‍ കറകറക്ടായി ആ സുഹൃത്തിന്റെ കോളേജ് കാലത്തും ഉണ്ടായിട്ടുണ്ടത്രേ..ചാടിപ്പോയത് തവള..പിന്നെ സെക്കണ്ട് ഗ്രൂപ്പിനോട് വിടവാങ്ങി സോഷ്യോളജി തുടങ്ങിയ മനുഷ്യപ്പറ്റുള്ള സബ്ജക്ടിലേക്ക് മാറി...:)
ഒരു നന്ദി പറയാന്‍ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്..നൊസ്റ്റാള്‍ജിയ ആയിപ്പോയത്രെ..വായിച്ചിട്ട്..
നല്ല എഴുത്ത്.എന്റെ സുവോളജി ലാബ് ഓര്‍മ്മ വന്നു...+2 വിന് ഞങ്ങള്‍ക്ക് blood test ചെയ്യണമായിരുന്നു.സ്വന്തം രക്തം കുത്തിയെടുക്കാനുള്ള ഒരു ഇതില്ലായിരുന്നു...(പേടിയല്ലാ.....ഒരു ഒരു ഭയം...) അവസാനം ചെയ്തില്ല...എക്സാമിനു ചോദിച്ചതും ഇല്ലാ...അതു കൊണ്ട് എന്തു സംഭവിച്ചു.??ഞാന്‍ രക്ഷപ്പെട്ടു..അത്ര തന്നെ...
കൊച്ചൂ..ഈ പോസ്റ്റ് വായിച്ചപ്പോള്‍ എന്റെ +2 ലാബുകളിലേക്കു ഞാനും ഒരു ഓട്ടപ്രദക്ഷിണം നടത്തി..ഫിസിക്സ് ഒഴികെ ബാക്കി ലാബുകളൊടു എനിക്കും വലിയ പ്രതിപത്തി ഇല്ലായിരുന്നു..പക്ഷേ..സുവോളജി..അതെനിക്കൊട്ടും പറ്റില്ലാരുന്നു....അതിലെ പാറ്റാ..എനിക്കെന്നും ഒരു ദുസ്വപ്നം തന്നെയാരുന്നു...ആകപ്പാടെ 3 ക്ലാസ്സിലാണു പാറ്റാപരീക്ഷണം ചെയ്യിപ്പിച്ചതു..ആ സമയമെല്ലാം അതിവിദഗ്ദമായി എന്റെ പാറ്റയെ പാറ്റയില്ലാത്ത കുട്ടികളുമായി ഞാന്‍ പങ്കുവയ്ക്കും..എന്റെ ത്യാഗമനസ്ഥിതിയില് മനം നിറഞ്ഞു നില്ക്കുന്ന അവരെക്കൊണ്ടു തന്നെ ഞാന്‍ മൊത്തം പരിപാടിയും ചെയ്യിക്കും.. ഇതൊക്കെ എത്ര നിസാരം എന്ന ഭാവത്തില്‍ ഞാന്‍ പാട്ടും പാടി ചുമ്മയിരിക്കും..അവസാനം പബ്ലിക് പരീക്ഷ അടുത്തപ്പോഴല്ലേ എന്റെ ചങ്കിടിക്കാന്‍ തുടങ്ങിയതു..കാര്യങ്ങള്‍ അമ്മയോടു വെട്ടിതുറന്നുപറഞ്ഞ ഞാന്‍ സുവോളജി പരീക്ഷക്കു നിസംശയം പൊട്ടുമെന്നു ഉറക്കെ പ്രഖ്യാപിച്ചു..ആധി പിടിച്ച അമ്മ പണ്ടു തവളയെ കീറിമുറിച്ച ആത്മവിശ്വാസം മുതലാക്കി അങ്കത്തിനിറങ്ങി..പാറ്റായെ കാണുമ്പോഴേ എന്റെ കയ്യുകള്‍ വിറക്കാന്‍ തുടങ്ങും..പിന്നെ യാണു ചെയ്യല്‍..അവസാനം അമ്മ തന്നെ ആ പാറ്റയെ ചെയ്യേണ്ടി വന്നു...അമ്മയുടെ ദേഷ്യം ഭീഷണിക്കു വഴി മാറിയപ്പോള്‍ ഞാന്‍ കണ്ണൂകളൊക്കെ ഇറുക്കിപിടീച്ചും,സകല ദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ചും അങ്ങു ചെയ്തു..ചിറകുകളൊക്കെ മുറിച്ചു,ഒരു കണക്കിനു ആന്തര അവയവങ്ങളൊക്കെ തോണ്ടിപുറത്തെടുത്തിട്ടു.ഇതുകൊണ്ടു തൃപ്തയാവാത്ത അമ്മ ഒരു 5 പാറ്റയെയുടെ കൂടി കഥ കഴിച്ചു ,വീണ്ടും എന്നെക്കൊണ്ടു ഈ ക്രൂരകൃത്യം ചെയ്യിപ്പിച്ചു..അങ്ങനെ ഒറ്റയടിക്കു ഇത്രെം പാറ്റയെ ചെയ്ത ആത്മവിശ്വാസവുമായി ഞാന്‍ പരീക്ഷയെഴുതി ജയിച്ചു..പക്ഷേ പരീക്ഷ കഴിഞ്ഞതും ധൈര്യം മുഴുവനും ചോര്‍ന്നു പോയി..ഇപ്പോഴും പാറ്റകളോടു അറപ്പും വെറുപ്പും കലര്‍ന്ന ഭയഭക്തിബഹുമാനമാണു എനിക്കു:-)
പ്രീഡിഗ്രിയ്ക്ക് ഞാനും പഠിച്ചിട്ടുണ്ട്.. പക്ഷേ ലാബില്‍ പോയിട്ടില്ല, ഹ്യുമാനിറ്റീസ് ആയിരുന്നു. (ഞാനും കോളെജില്‍ പോയിട്ടുണ്ടെന്നു നാലാളെ അറിയിക്കയാകുന്നു ഈ കമന്റിന്റെ ഉദ്ദേശ്യം.. !)
ചേച്ചീ,വളരേ നന്നയിട്ടുണ്ടു വിവരണം...എനിക്കും പാറ്റയെ ഭയങ്കര പേടിയാ...വളരേ ഇഷ്റ്റായി ചേച്ചീടെ നര്‍മം.......:)...:)
well done
Post kalalli.PDC kuu (angane pandoru sadanam undayirunnu)first group ayathinnal pullu vattalum patha keeralum anubhavikendi vanithilla.Pinne chemistry,nangalude collegille nathu nadappanusarichu attenderinu something koduthu podiyude peru manasillaki ezhuthikodukkyayirunnu.Etraydaikkam malayalam commentsinidayil enthe mangilish comment kandithu enniku thanne deshyam varunnu.April kazinjithu malayalathil commentan sramikkunathanu.(Appozhe nathilethu)
Kodakarapuranam vazhiyau thangalude blogil ethiyathu.Muzhuvan vaichu uptodate akki.Nannayithundu.It reminds me the long letters my sister used to send me when I was away.All the best.Keep writhing
പ്രീഡിഗ്രീ കാലം മനസിലൂടെ കടന്നു പോയി...
അന്നൊക്കെ ലാബില്‍ തവളയെ കീറുന്ന സമയത്ത് ക്യാന്റീല് ഇറച്ചിക്കറിക്ക് വിലക്കുറവായിരുന്നു ..:)
കൊള്ളാം. ഫോര്‍ത്ത് ഗ്രൂപ്പായിരുന്നതു (കിട്ടിയതിനു ചേര്‍ന്നു എന്നു മാത്രം) കൊണ്ടു ഈ വക അഭ്യാസത്തിനൊന്നും പോവേണ്ടി വന്നിട്ടില്ല.
വിന്‍സ്: താങ്കള്‍ എഴുതിയതുപോലെ ഫോര്‍ത്ത് ഗ്രൂപ്പായിരുന്നതു കൊണ്ടു ഈ വക അഭ്യാസത്തിനൊന്നും പോവേണ്ടി വന്നിട്ടില്ല.
(കിട്ടിയതിനു ചേര്‍ന്നു എന്നു മാത്രം): എന്റെ കാര്യത്തിലും എത്ര സത്യം!!!!
ആരോ ഒരാളേ എല്ലാം മനസ്സിലാക്കിയതിനു നന്ദി..
നാട്ടുകാരാ കോണ്‍സന്‍ട്രേഷന്‍ കൂടിപ്പോയാല്‍ ചിലപ്പോള്‍ ചങ്കും കരളുമൊക്കെ വലിച്ചുപറിച്ചെടുത്ത് ഉള്ളംകൈയില്‍ വച്ചു നോക്കിയെന്നിരിക്കും. ഞാനൊക്കെ ഡോക്ടറായാല്‍ അതിലും വലിയ മറ്റൊരപകടമുണ്ട്..ഓപ്പറേഷന്റെ ഇടയ്ക്കു വച്ച് 'ബോറടിച്ചു ഇനി ബാക്കി നാളെ ചെയ്യാം 'എന്നും പറഞ്ഞ്` ഇറങ്ങിവരുന്നതൊന്നോര്ത്തു നോക്കിക്കേ :-)
കുഞ്ഞാ ഇല്ലില്ല..ദ്രോണാചാര്യരെ ഒരു പ്രാവശ്യം എടുത്തുപ്രയോഗിച്ചതോടെ തന്നെ മതിയായി. അല്ലെങ്കിലും അന്ത കാലത്തിലെ തിയറിയൊന്നും ഈ കാലഘട്ടത്തില്‍ ഫിറ്റാവില്ലെന്നേ..
പാമരാ കൊല്ലാന്‍ കൊണ്ടുപോകുന്ന പാറ്റയ്ക്ക് കയ്യുണ്ടോ കാലുണ്ടോ എന്നൊക്കെ നോക്കീട്ട് എന്തു കാര്യം :-(
സതീശേ അതെയതെ നമ്മളൊക്കെ ഡോക്ടര്‍മാരായിരുന്നെങ്കില്‍ ഇന്നാട്ടിലെ ആതുരസേവനരംഗത്തിന്റെ പൊഹ കണ്ടേനേ. മുജ്ജന്മസുകൃതം(രോഗികള്‍ടെ) :-))
ഞാനേ നന്ദി.(ശ്ശൊ ഇതിപ്പോ ആകെ കണ്‍ഫ്യൂഷനായല്ലോ..ഈ ഞാനാണോ ആ ഞാനാണോ ഒറിജിനല്‍ ഞാന്‍!!)
നാസ് മെഡിക്കല്‍ ശരിക്കും നല്ലൊരു ഫീല്‍ഡാണ്- നല്ല ക്ഷമയും മനസ്സാന്നിധ്യവുമുള്ളവര്ക്ക് ;-)
ജയരാജ് എന്നിട്ടെല്ലാം കൂടി എടുത്തിട്ടെന്തായി? ഒറ്റയടിക്ക് ഡോക്ടരും എഞ്ചിനീയരും ഒക്കെ ആയോ!!
സാദിഖ് നന്ദി. ഇത്രേമൊക്കെ പുകഴ്ത്തിയാല്‍ ഞാന്‍ ചിലപ്പോള്‍ പൊങ്ങിപ്പോകും. നമ്മളിതുവഴിയൊക്കെ തന്നെ ചിരിച്ചും ചിരിപ്പിച്ചുമൊക്കെ നടന്നോളാമേ :-)
റോബീ ഞാനെന്തായാലും പ്രീഡിഗ്രീയോടെ കെമിസ്ട്രിയോടു സലാം പറഞ്ഞു. അല്ല ഹയര്‍ സ്റ്റഡീസിന് കെമിസ്ട്രി എടുത്തിരുന്നെങ്കില്‍ എനിക്കും റോബീടെ ഗതി തന്നെ വരുമായിരുന്നു- ഇത്രേം കാലം കഴിഞ്ഞിട്ടും പഠിച്ചു തീരില്ലായിരുന്നൂന്ന് ;-)
സഗീര്‍ നന്ദി
വാല്മീകീ ചിരിച്ചോ ചിരിച്ചോ..നഷ്ടപ്പെട്ടു പോയ എന്റെ സ്വപ്നങ്ങള്‍(ദീര്‍ഘനിശ്വാസം)
ബയാനേ പാറ്റയല്ലാത്തതു തവള;തവളയല്ലാത്തതു പാറ്റ. എല്ലാം ക്ലിയറായില്ലേ :-)
പ്രിയാ നന്ദി
ഹരീ ഇപ്പോ ആക്ച്വലി ജീവിതം വച്ചു പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു :-)
പിന്നേ 'ഏതു മുട്ട?' എന്ന ചോദ്യത്തിന് 'ആനമുട്ട' എന്ന ഉത്തരമാണ് പെട്ടെന്നു വായില്‍ വന്നത്. സെല്ഫ്ഗോളാകും എന്നുറപ്പുള്ളതു കൊണ്ട് എന്തായാലും ആ ഉത്തരം പറയുന്നില്ല :-))
വേതാളം ഒക്കെ പതുക്കെ വായിച്ചാല്‍ മതി. ഒറ്റ് ദിവസം കൊണ്ട് വായിച്ചു തീര്‍ക്കുന്നവര്‍ക്ക് ഞാന്‍ പ്രത്യേകിച്ചു സമ്മാനമൊന്നും തരാന്‍ ഉദ്ദേശിക്കുന്നില്ല.ആ ബി.എസ്. എന്‍. എല്ലിന് പണ്ടേ എന്നോടെന്തോ വിരോധമുണ്ട്. അതാ ഇമ്മാതിരി പരിപാടിയൊക്കെ കാണിക്കുന്നത് :-(
അല്ഫോന്സക്കുട്ടീ അവാര്‍ഡുകളൊക്കെ വരിവരിയായിങ്ങു പോരട്ടെ.പിന്നേ അവാര്‍ഡുകള്‍ ക്യാഷായിട്ടു മാത്രമേ ഇപ്പോള്‍ സ്വീകരിക്കുന്നുള്ളൂ.അറിയാമല്ലോ അല്ലേ..
ബിന്ദൂ നന്ദി
മഞ്ഞുതുള്ളീ പൊട്ടിത്തെറികളിലൂടെയൊക്കെയാണ് പല കണ്ടുപിടിത്തങ്ങളും നടന്നിട്ടുള്ളത്. എളുപ്പവഴിയില്‍ കൈപൊള്ളിക്കുന്നതെങ്ങനെ എന്ന വിഷയത്തില്‍ ഗവേഷണം നടത്തിക്കൂടായിരുന്നോ..
തോന്ന്യാസീ ഹാവൂ ഞാന്‍ കോളേജില്‍ പോയിട്ടുണ്ടെന്ന് ഒരാളെങ്കിലും വിശ്വസിച്ചു.ഞാന്‍ വയോജനവിദ്യാഭ്യാസത്തിന് പേര് റജിസ്ട്രര്‍ ചെയ്തു കാത്തിരിക്കുകയാണെന്ന കുപ്രചരണം തെറ്റാണെന്ന് തോന്ന്യാസിക്കെങ്കിലും മനസ്സിലായല്ലോ. ധാരാളം മതി..
അങ്കിള്‍ നന്ദി
നന്ദകുമാറേ ഇതൊക്കെ വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായില്ലേ ഈ ലാബ് എന്നു പറയുന്നത് കാണാന്‍ പോലും കൊള്ളാത്ത ഒരു സംഭവമാണെന്ന് :-)
ബാബൂ അപ്പോള്‍ വളരെ ചെറുപ്പം മുതലേ ഒരു 'പാവം ക്രൂരന്' ആയിരുന്നല്ലേ.. എന്നിട്ടിപ്പോഴും കൈവിരല്‍ മുറിച്ചിട്ടു തന്നെയാണോ സീലടിക്കുന്നത് (ഒരു മാതിരി പണ്ടത്തെ രാജാക്കന്മാരെ പോലെ)
പുസ്തകപ്പുഴൂ അത്ര വരെയൊന്നും കാത്തിരിക്കേണ്ടി വരില്ലായിരുനു. ഞാനാണ് ഓപറേഷന് ചെയ്യാന്‍ വരുന്നതെന്നറിയുമ്പോള്‍ തന്നെ രോഗികള്‍ ഓടിയെനേ..
അഭിലാഷേ ചുറ്റും കാണുന്നവര്‍ക്കെല്ലാം ഭ്രാന്തുണ്ടെന്നു തോന്നുന്നതാണ് ഏറ്റവും വലിയ ഭ്രാന്തെന്ന് എതോ ഭ്രാന്തന് പറഞ്ഞിട്ടുണ്ട്. ഈ +2 വിശേഷങ്ങളൊക്കെ ഗൂഗിള്‍ സെര്‍ച്ച് നടത്തിയപ്പോള്‍ കിട്ടീതല്ലേ. അതോ നിങ്ങടെ നാട്ടില്‍ അഞ്ചാം ക്ലാസില്‍ തോറ്റവര്‍ക്കും +2 ന് ചേരാന്‍ പറ്റുമായിരുന്നോ?കോളെജില്‍ പോയി എന്നു തെളിക്കാന്‍ ഈ തെളിവൊന്നും പോര കുഞ്ഞേ.. നീ കണ്ട ഇന്ത്യയല്ല കുഞ്ഞേ അനുഭവങ്ങളിലെ ഇന്ത്യ..(ബാക്കി മമ്മൂട്ടിയോടു ചോദിച്ചാല്‍ പറഞ്ഞു തരും)
കാര്‍വര്‍ണ്ണം എന്റേം ലാബൊക്കെ നല്ല രസമായിരുന്നു. എനിക്കല്ല; ഞാന്‍ ലാബു ചെയ്യുന്നതു കണ്ടുകൊണ്ടിരിക്കുന്നവര്‍ക്ക് ;-)
ഏറനാടാ മനസു കൊണ്ട് മാപ്പു ചോദിക്കലും പരിഹാരപ്രാര്‍ത്ഥനയും ഒക്കെ കഴിച്ചിട്ടായിരുന്നു ഓരോന്നിനെയും കാലപുരിക്കയക്കയച്ചത്. അതുകൊണ്ട് ശിക്ഷയില്‍ ചെരിയ ഇളവു കിട്ടുമായിരികും..
മറ്റൊരാളെ എപ്പോഴും ചിരിക്കുന്ന ടൈപ്പ് മാത്രമല്ല; ഇയാളെ മൂഡ്-ഓഫ് ആയവരും ഈ കൂട്ടത്തിലുണ്ടെന്ന് എനിക്കു പിന്നെയല്ലേ മനസ്സിലായത് :-)
മൂര്‍ത്തീ നന്ദി പറഞ്ഞ സുഹൃത്തിന് എന്റെ വക അങ്ങോട്ടും നന്ദി. പിന്നെ; അയച്ചു കൊടുത്ത പി.ഡി.എഫ് ന്റെ ഫോട്ടോകോപ്പി,അതയച്ചു കൊടുത്തതിന്റെ രണ്ടു സാക്ഷികള്‍,മൂര്‍ത്തിയുടെ sent items പേജിന്റെയും സുഹൃത്തിന്റെ ഇന്‍ബോക്സിന്റെയും സ്ക്രീന്‍ ഷോട്ട്സ്- ഇത്രയും രേഖകള്‍ ഉടനടി അയച്ചു തരേണ്ടതാണ്. കോപിറൈറ്റ് കേസില്‍ മൂര്‍ത്തിയെ അകത്താക്കാന്‍ പറ്റുമോന്ന് ഞാനൊന്നു നോക്കട്ടെ :-)
കുട്ടീ ഭാഗ്യത്തിന് ഞങ്ങള്‍ക്ക് രക്തരൂക്ഷിതപരീക്ഷണങ്ങളൊന്നും ഇല്ലായിരുന്നൂന്നു തോന്നുന്നു.ഇനി അഥവാ ഉണ്ടെങ്കിലും ഞാന്‍ അത് അറ്റന്‍ഡ് ചെയ്തിട്ടില്ല..
റോസ് ഇതൊക്കെ തന്നെയായിരുന്നു എന്റെയും അവസ്ഥ. മട്ടും ഭാവോം കണ്ടാല്‍ തോന്നും പാറ്റ എന്നെയാണ് ഡിസക്ട് ചെയ്യാന്‍ പോകുന്നതെന്ന് :-)
വെള്ളെഴുത്തേ ഞാന്‍ കീഴടങ്ങി. കോളേജില്‍ പോയിട്ടുള്ള ഒരേയൊരാള്‍ ഞാനാണെന്ന അഹങ്കാരമുണ്ടായിരുന്നു.ഗംപ്ലീറ്റ് തീര്‍ന്നു കിട്ടി :-)
സഗ്ഗര്‍ നന്ദി
കടവന്‍ താങ്ക്സ്
aadithyan എന്തൊക്കെ പറഞ്ഞാലും മാത്സ് ഒരു വരണ്ടുണങ്ങിയ സബ്ജക്ട് ആണെന്നാണ് എനിക്കു തോന്നിയിട്ടുളത് .പിന്നെ മംഗ്ലീഷ് കമന്റ് കണ്ട് ദേഷ്യം വരികയൊന്നും വേണ്ട. മലയാളമില്ലാത്തവര്ക്കും ഇന്നാട്ടില് ജീവിക്കന്‍ അവകാശമുണ്ടെന്നേ :-)
ജിഹേഷ് ഇതിനിടയ്ക്ക് ഇങ്ങനെയും ഒരു സംഭവമുണ്ടോ. ങ്ഹാ ഒരു കണക്കിനു നന്നായി- കൊന്നാല്‍ പാപം തിന്നാല്‍ തീരുമെന്നല്ലേ..
വിന്‍സ്/മറ്റൊരാള്‍ എനിക്കാ ഭാഗ്യമില്ലായിരുന്നു .. ഏതു ഗ്രൂപ്പ് ചോദിച്ചാലും കിട്ടുന്ന ഒരു തരം വല്ലാത്ത അവസ്ഥയിലായിരുന്നു ഞാന്‍ ;-)
കൊച്ച് ത്രേസ്യാ വല്യേത്രേസ്യാവേ..
ട്രെയിന്‍ യാത്രയും, ജിമ്മും, പരീക്ഷണശാലയും ഒറ്റയടിക്ക് ഇന്നലെ രാത്രിയിലാ വായിച്ചത്. മൂന്നും ഒന്നിനൊന്നും മെച്ചം. എന്നാലും ഇമ്മാതിരി കൈമുറിച്ചുള്ള പരീക്ഷണം.......അതിത്തിരി കടുപ്പം തന്ന്യാണേ..
കണ്ണൂരിനിയും വായിക്കാന്‍ ഭാക്കി.
യൂഷ്വല്‍ പൊട്ടിച്ചിരി നടന്നില്ലെങ്കിലും നന്നായിരിക്കുന്നു പോസ്റ്റ്.
ചിരിക്കാന്‍ സാധിക്കാഞ്ഞത് എന്റെ ബയോളജി പഠനം ഒര്‍ത്തു പോയത് കൊണ്ടാകണം.
അക്കൊല്ലം സി ബി എസ് സി ബോര്‍ഡ് പന്ത്രണ്ടാം ക്ലാസ്സ് ബയോളജി പരീക്ഷയില്‍ മൊത്തം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് എനിക്കായിരുന്നു!!-സത്യം.
എന്നിട്ടല്ലേ, കേരള സൊഉഭാഗ്യ ലോട്ടറി റ്റിക്കറ്റ് നമ്പര്‍ പോലൊരു റാങ്കുമായി മെഡിക്കല്‍ എന്ട്രന്സിനു പൊട്ടിയത്! കോണ്‍വെന്റിന്റെ മതിലിനു പുറത്തിറങ്ങി ആദ്യകൊല്ലം അര്മ്മാദിച്ചതാണ് പ്രശ്നമായതെങ്കിലും, വീട്ടിലിരുന്ന് ഒന്നു മര്യാദക്ക് പഠിച്ച് ഒന്നു കൂടി ട്രൈ ചെയ്യാനുള്ള സാഹചര്യം അന്ന് ഇല്ലാതെ പോയി.
അല്ല, എന്നിട്ടിപ്പോ അതില്‍ എനിക്ക് പ്രശ്നം ഒന്നും ഇല്ലാ...ഡോക്റ്ററായാലും ഇഞ്ചിനീരായാലും നമ്മക്ക് മാസാവസാനം ശമ്പളം കിട്ടിയാല്‍ മതി. വെര്‍തെ ഓര്‍ത്തു പോയി എന്നു മാത്രം.
ഞാന്‍ കുറച്ചു നാളായി ത്രേസ്യാമ്മയെ ലൈന്‍ അടിച്ചാലോ എന്നു കൂലംകൂഷമായി ചിന്തിക്കുകയായിരുന്നു. പക്ഷെ, ഇനി ലൈന്‍ മൂത്ത് എങ്ങാനും കെട്ടേണ്ടി വന്നാല്‍, ഫാവി ജീവിതത്തില്‍ ഉണ്ടായെക്കാവുന്ന കുട്ടികളുടെ "ഇന്റലിജന്‍സ് ലെവലിനെ" പറ്റി ഓര്‍ത്തപ്പോല്‍ ഞാന്‍ വേണ്ടാ എന്നു വെച്ചൂ. ഇനി നാളെ ത്രേസ്യാമ്മച്ചിക്ക് ബുദ്ധിയും ബോധവും വെച്ചു എന്നു തോന്നിയാല്‍ അഭിപ്രായം മാറാനുള്ള ചാന്‍സും ഇല്ലാതില്ല കെട്ടോ.. ബു ഹ ഹ ഹ ഹ
അന്നു പുല്ലരിഞ്ഞത് നാക്കിന്റെ മുകളില്‍ വെച്ചായിരുന്നെങ്കില്‍ നാട്ടുകാര്‍ക്ക് ചെവിതല കേള്‍ക്കാമായിരുന്നു. ഛെ, ഒരു ചാന്‍സ് മിസ്സ് ആയി.. ഹി ഹി.
കൊച്ചു ത്രേസ്യാ,
ഉഗ്രന്‍ പോസ്റ്റ്...... ഇപ്പോളും അടുക്കളേല് പച്ചകറി അരിയുമ്പോള്‍ -അരിയുമ്പോള്‍ 'ദ്രോണാചാര്യാസ് തിയറി' ഓര്‍മ്മ വരാറുണ്ടൊ ?
എന്നാലും ത്രേസ്യാകൊച്ചേ..
ഇപ്പോഴണല്ലോ നീയിത് പറഞ്ഞത്
ല്ലേ..പൂട്ടാലു എങ്ങനെ സഹിച്ചേനേ
ആ കൈമുറിഞ്ഞൂന്നൊക്കെ കേക്കുമ്പോ പൂട്ടാലൂന്റെ കണ്ണുനിറയാ...
ത്രേസ്യാകൊച്ചേ...
ചിരിക്കാന്‍ തോന്നിയേയില്ല
സങ്കടാവന്നത്
ഇനി എന്ന കരയിക്കരുത്..
പ്ലീസസസസസസസസസസ്
50.....
ജീവിതത്തില്‍ ചെയ്തിട്ടുള്ള തെറ്റുകളില്‍ വച്ച് ഏറ്റവും വലുതായിരുന്നു ഫസ്റ്റ് ഗ്രൂപ്പെടുത്ത് പ്രീഡിഗ്രീ പഠിച്ചത്. ഇപ്പറഞ്ഞ സാള്‍ട്ട് അനാലിസിസ് ചെയ്യുമ്പോള്‍ വെറുതെ ഒന്നു നക്കി നോക്കി. രാസവളത്തിന്റെ ചുവ (അതും നക്കി നോക്കീട്ടുണ്ടോ എന്നു ചോദിക്കരുത്, മറ്റൊരു വല്യ അനുഭവമാണത്). കണ്ടു കൊണ്ടു വന്ന സാറ് കുറച്ചു നേരം എന്റെ മുഖത്തേക്ക് നോക്കി.
"ഇതെന്താന്നറിയ്വോ?"
"ഇല്ല!" (ചിരി)
"പൊട്ടാസ്യം ക്ലോറൈഡ്" (ഒന്നു നിര്‍ത്തിയ ശേഷം)
"പൊട്ടാസ്യം സയനൈഡ് ആയിരുന്നെങ്കിലോ?"
കൃഷ്ണമണി പുറകോട്ടു മറിഞ്ഞു. അറ്റന്‍ഡര്‍ ബാലേട്ടന് എന്നെ താങ്ങിയെടുത്തു കൊണ്ടു പോയി എന്നാണ് പിന്നീടുള്ള സീന്‍ കണ്ടവര്‍ പറഞ്ഞത്...
ഒക്കെ ഓര്മ്മിപ്പിച്ചല്ലോ കൊച്ചേ.... :-)
ചാത്തനേറ്: ചിരിയുടെ ഡോസ് പോരാ.. ചുരുങ്ങിയ പക്ഷം ലാബിലൊന്ന് ബോധം കെട്ട് വീഴുകയെങ്കിലും ചെയ്യാരുന്നു.
അപ്പോള്‍ ഇങ്ങേര് കോളേജില്‍ കേറീട്ടുണ്ടെന്ന് പറഞ്ഞത് മഴ വന്നപ്പോള്‍ മാത്രമല്ലായിരുന്നോ!!!!! പാവം ആ കോളേജ് ആ കൊല്ലത്തോടെ പൂട്ടിയോ?
കൊച്ഛെ...
ഇതു ആ പാറ്റകളുടെയും തവളകളുടെയും പ്രക്കു തന്നെയാ, സംശയം വെണ്ടാ. എന്തായലും കൊച്ഛു ഡൊക്റര് ആകഞ്ഞതു എത്രയോ നന്നയി, സ്വന്തം കൈ പോലും നോക്കാന്‍ അറിയാന്‍ മേലാത്ത കൊച്ഛ് ഡൊക്റര് ആയലുള്ള അവസത ഞാന്‍ പറയേണ്ടതില്ലല്ലോ??????? ഏത്.......
അസൂയ കൊണ്ട് ചോതിക്ക്യാണ്-
ഇയ്യാക്ക് വേറെ പണിയൊന്നൂല്യേ...?
ബാക്കിയുള്ളോര്‍ക്ക് ഒഴിഞ്ഞ നേരോല്യ.
ഒരു പക്ഷെ ത്രേസ്സ്യാകൊച്ച് ചോദിച്ചേക്കാം...!?
ഇങ്ങേരോടാരെങ്കിലും പറഞ്ഞോ ഇത്ര ബുദ്ധിമുട്ടാന്‍ എന്ന്..!
ഉത്തരല്യ......
എഴുത്ത് നന്നാവുന്നുണ്ട്...
എല്ലാം ഓര്‍ത്തെടുത്ത് എഴുതുക എന്നത് അത്ഭുതകരമാണ്.
വിവരണം രസകരം തന്നെ.
ആ തവളകളുടേയും പാറ്റകളുടേയുമൊക്കെ ശാപം എവിടെ കൊണ്ടു പോയി കഴുകി കളയുമോ എന്തോ...
പ്രൊഫ.എം.കൃഷ്ണന് നായര്‍ക്ക് കൊച്ചിലെ ഡ്രൈവര്‍ ആകനാരുന്നു ഇഷ്ടം. ഒടുവില്‍ താന്‍ സാഹിത്യത്തിലെ ഡ്രൈവര്‍ ആയി, കുറെ എണ്ണത്തിനെ എത്തിക്കേണ്ടിടത്തൈച്ചു, കുറെ ചീളുകളെ ഇടിച്ചിട്ടു എന്നൊക്കെ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ത്രേസ്യ ഇപ്പോ ബൂലോകത്തെ പോലീസല്ലേ... എഴുത്തിലൂടെ സൂപ്പര്‍ സ്റ്റ്രോംഗ് ഇടിയല്ലേ നടത്തുന്നെ
ഇതും കലക്കീസ്
കുറുമാനേ നന്ദി. വേണംന്നു വച്ചു ചെയ്യുന്നതല്ലല്ലോ..'ആല്മാര്ത്തത' കൂടിപ്പോവുമ്പോ അങ്ങു മുറിഞ്ഞു പോകുന്നതാണ്..
അരവിന്ദ് എനിക്കും അതേ പോളിസിയാണ്. എന്തായാലും കുഴപ്പമില്ല, മാസാവസാനം ബാങ്കിലേക്ക് തുട്ട് വീണാല്‍ മതി :-)
പെണ്ണുപിടിയാ ലൈനടിക്കാനൊക്കെ പറ്റിയ പേര്!! എന്തായാലും ആലോചന ക്യാന്‍സല്‍ ചെയ്തത് നിര്‍ഭാഗ്യകരമായിപ്പോയി.. ഈ കമന്റു കണ്ട ഉടനേ തന്നെ ഞാന്‍ പോയി ബുദ്ധിയും ബോധവും കൂടാനുള്ള അഞ്ചാറു കിലോ മരുന്നു വാങ്ങിയിട്ടുണ്ട് :-)
പ്രവീണ്‍ എങ്ങാനും ആ തിയറി ഓര്‍മ്മ വന്നാലോന്നു പേടിച്ചിട്ട് ഇപ്പോ അടുക്കളയില്‍ കയറാറുമില്ല പച്ചക്കറി അരിയാറുമില്ല :-)
പുട്ടാലൂ അല്ല എന്റെ കൈ മുറിഞ്ഞതിന് പുട്ടാലു എന്തിനാ കണ്ണു നിറയ്ക്കുന്നത്. സ്വന്തമായി കൈ മുറിച്ച് അതിനു വേണ്ടി കരയൂ..അതല്ലേ അതിന്റെ ഒരു ശരി :-)
പപ്പൂസ് പൊട്ടാസ്യം സയനൈഡൊന്നും നമ്മടെ നാട്ടിലെ ലാബുകളിലില്ലെന്നേ.. എന്നലും നല്ല വെളുവെളുവെളാ വെളുത്ത പൊടി കാണുമ്പോള്‍ ഒന്നു നക്കി നോക്കാനൊക്കെ തോന്നിയതിനെ ഞാന്‍ കുറ്റം പറയില്ല. എനിക്കും പലപ്പോഴും തോന്നീട്ടുണ്ട്..
ചാത്താ ഇല്ലാത്ത ബോധം എങ്ങനാ കെടുത്താന്‍ പറ്റുക!!ആ കോളേജ് എല്ലാ കൊല്ലവും പൂട്ടാറുണ്ട്. എന്നിട്ട് വെക്കേഷന് കഴിയുമ്പോള്‍ പിന്നേം തുറക്കും (പാര വയ്ക്കുന്നോ.. ഡോണ്ടൂ ഡോണ്ടൂ)
ചേര്‍ത്തലക്കാരാ സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരെ ശുശ്രൂഷിക്കുക എന്നുള്ളതതല്ലേ ഒരു നല്ല ഡോക്ടറിന്റെ ലക്ഷണം..
അത്ക്കാ എനിക്കു വേറെയും പണിയുണ്ട്.കഷ്ടപ്പെട്ട് ബുദ്ധിമുട്ടി സമയമുണ്ടാക്കി മലയാളഭാഷയെ വളര്‍ത്തുമ്പോള്‍ ഇങ്ങനെയുള്ള ചോദ്യങ്ങളൊക്കെ ചോദിച്ച് എന്റെ ആത്മവീര്യം തകര്‍ക്കരുത് :-)
ശ്രീ ആ പാപങ്ങളൊക്കെ ലാബ് കഴിഞ്ഞ ഉടനെ ഡെറ്റോളിട്ട് നല്ല വൃത്തിയായി കഴുകിക്കളയാറുണ്ടായിരുന്നു..
ജിമനു ബൂലോകത്തെ പോലീസ് എന്നു വിശേഷിപ്പിച്ചതു നന്നായി. പക്ഷെ എന്റെ രണ്ടാമത്തെ ആഗ്രഹം--ഭ്രാന്തിന്റെ ഡോക്ടര്‍- അതും കൂടി ഈ ബൂലോകവുമായി ഒന്നു കണക്ട് ചെയ്തു തരാമോ??
ബ്ലേഡ് നയം വ്യക്തമാക്കുന്നു.
"റെഡി.. വണ്‍... ടൂ.. ത്രീ.. ആ പൊസിഷനില്‍ പുല്ലിലേക്ക് ബ്ലേഡിനെ ആഞ്ഞമര്‍ത്തി."
ബ്ലേഡ്: ഫ ഫുല്ലേ... കണ്ട പുല്ലന്മാരേ മുറിക്കലല്ലാ എന്റെ ജന്മോദ്ദേശ്യം, അതു ആദ്യം അങ്ങട്ട് മനസ്സിലാക്കിക്കോ. അപ്പോ കൊച്ചേ, ഇനി കണ്ട പുല്ല്ല് നഖം എന്നൊക്കെ പറഞ്ഞ് എന്റടുത്തു വന്നാല്‍ അമ്മച്ചിയാണേ വിരല്ലല്ലാ ആ കൈ തന്നെ ഞാന്‍ മുറിച്ചെടുക്കും.. ഹും!!!
ജസ്റ്റ് ഡിസംബര്‍ ദാറ്റ്
അല്ലാ പിന്നെ!!!
ഈ കൊച്ചിപ്പൊ ഞാന്‍ വിചാരിച്ചപോലെ ഉണ്ണിയാറ്ച്ചയൊന്നുമല്ലേ :(
ഞാന്‍ ഫസ്റ്റ് ഗ്രൂപ്പ് ആയിരുനെങ്ങില്ലും കുട്ടുകാരിക്ക് വേണ്ടി പാറ്റ വേട്ടയ്ക്കു ഒപ്പം കുടിയിട്ടുണ്ട് ...
പാറ്റ യെ കീറാന്‍ വയ്യാത്തത് കൊണ്ടാണ് സെക്കന്റ് ഗ്രൂപ്പ് എടുക്കാ തത് .
പിന്നെ ഡോക്ടര്‍ ആവലും പാറ്റയെ കീറലും തമ്മില്‍ വലിയ ബന്ധം ഉണ്ടെന്നു തോന്നുന്നില്ല. വേന്നമെങ്ങില് മനുഷ്യനെ കീറാം പാറ്റ യെ വയ്യ എന്ന് പറയുന്ന ഒരു ഡോക്ടര്‍ കണവന് ആണ് എനിക്കുള്ളത്.
എഴുത്ത് അസലായിട്ടുണ്ട്.
Hi kochuthresia
Was in First group
Nattil Waqar Younus, Wasim Akram, sachin Tendulkar ethinu padikunna thirakkil palapoozhum labl pokan pattiyilla
avasam athu sampavichu
kooduthal vivaram vakum ennu prathheshikshithu Kerala University oru varsham koode padikan paranju
athra thanne
pinne aduthun ninnna penmkochu cheytahahu pole oka cheydadukondo enganaeyo jayikan patti
good post
malayalathil bloggar paranja link pala vazhuyum alojichu
thankal ayacha linkum down load cheythu
nammal parayunnathonnum computerinu manasilavunnilaa
waltaire
ബോധം കെടുത്തീതും തറച്ചതുമൊക്കെ ഞാനായിരുന്നതു കൊണ്ട് അത്രേമൊക്കെ ഉറപ്പേ ഉണ്ടായിരുന്നുള്ളൂ- ഞാനെന്തു കൊണ്ട് ഒരു ഡോക്ടറായില്ല എന്ന് ഇനിയെങ്കിലും ആരും ചോദിക്കരുത്..).
കൊച്ചുത്രേസ്യ,
പതിവുപോലെ നല്ല പോസ്റ്റ്.....
ആശംസകള്‍....
( പിന്നെ കോളേജിലൊക്കെ പോയിട്ടുണ്ടെന്ന് ഇപ്പോള്‍ ബോദ്ധ്യമായിട്ടോ...(ചുമ്മാ എഴുതിയതാണേ)... )
വര്‍ക്കിച്ചാ ബ്ലേഡിന്റെ മനസ്സു വായിക്കാനും ഒരാളുണ്ടായല്ലോ..നന്നായി..
ഭൂമിപുത്രീ അങ്ങനെയങ്ങു നിരാശയാവാന്‍ വരട്ടെ. എത്രയെത്ര പാറ്റകളും തവവളകളുമാണെന്നോ എന്നോടു പോരാടി വീരചരമം വരിച്ചിട്ടുള്ളത്.. അതെന്താ അത്ര ചെറിയ കാര്യമാണോ?
aswathi നന്ദി
sakthikulangarabloggers എങ്ങനൊക്കെയായാലും ജയിച്ചല്ലോ..അതു മതീന്നേ.. പിന്നേ ഇയാള്‍ മലയാളത്തിലൊന്നു ടൈപ്പുന്നതു കണ്ടിട്ട് എനിക്കു മരിക്കണമ്ന്നുണ്ട്.ആ പറഞ്ഞാല്‍ കേള്‍ക്കാത്ത കമ്പ്യൂട്ടര്‍ മാറ്റി നല്ല അനുസരണാശീലമുള്ള ഒന്നു വാങ്ങൂ..
ഹരിശ്രീ നന്ദി
sakthikulangarabloggers പ്ലീസ് എത്രയും പെട്ടെന്ന് ഒന്നു മലയാളത്തില്‍ ടൈപ്പൂ... എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ കൊച്ചു ത്രേസ്യയുടെ കത്തി സഹിക്കാന്‍ പറ്റാതെ സഹികെട്ടിരിക്കുന്ന ബ്ലോഗ്ഗേഴ്സ് പിരിവെടുത്ത് സഹായിക്കുന്നതായിരിക്കും. (എന്താന്നറിയില്ല ഓപ്പണ്‍ പോസ്റ്റ് കണ്ടപ്പോ ഒന്ന് ഗോളടിച്ചേക്കാം എന്ന് വച്ചു. ഞാന്‍ വണ്ടി വിട്ടു; ഇനി എന്നെ അന്വേഷിക്കണ്ട... ) :) :) :)
പ്രീഡിഗ്രി കാലത്തെ ഒരുപാട് ഓര്‍മ്മകള്‍ പങ്കുവച്ച പോസ്റ്റ്...:)
ഓര്‍മ്മകള്‍ ....ഓര്‍മ്മകള്‍
ഓടക്കുഴലൂതുന്നു.....
എഴുതിയത് നന്നായിരിക്കുന്നു..
നന്മകള്...
പരീക്ഷണശാലകളിലെ ഓര്‍മ്മകള്‍ കിടിലനായിട്ടുണ്ട് ത്രേസ്യേ. പോട്ടാസ്യം പെര്മംഗനേറ്റ് കലര്‍ന്ന ദ്രാവകം പിപ്പറ്റ് ചെയ്ത് കൊടലും കൊരവള്ളീം വരെ വാള് വെച്ചിട്ടൊണ്ട്. (വെള്ളമടിച്ചിട്ട് പോലും അങ്ങനെ വാളായിട്ടില്ല). പിന്നെ “പുല്ല്”... പുല്ല് നല്ലതാ.. അരിയാന്‍ അല്ല പിന്നെ?
:)
ലാബുകള്‍ ശരിക്കും നോസ്ടല്ജിക് ആയിട്ടുണ്ട് കേട്ടോ. പോസ്റ്റ് വളരെ അതികം ഇഷ്ടപെട്ടു
അയ്യോ..... കൊച്ച് സീരിയസ്സായൊ...?
ഞാനങ്ങനെയൊന്നും ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല.
കൊച്ചിന്റെ ശൈലിയോടുള്ള ആരാധന മൂത്ത് എഴുതിയതാണ്.
അറിവിലും എഴുത്തിലും ശിശു ആണെന്ന ബോധം ഈയുള്ളവന്നെപ്പോഴും ഉണ്ട്.
ഇങ്ങനെ സംഭവിച്ചതില്‍ ക്ഷമ ചോദിക്കുന്നു.
ഇതു ഞാനൊരു പാഠമായെടുത്തോളാം .
ജയരാജാ ഒരു ചാന്‍സും വെറുതെ കളയരുത് കേട്ടോ :-))
ഉഗാണ്ടേ നന്ദി
മുഹമ്മദ് ശിഹാബ് കുഴലൂത്തിനു നന്ദി
ഡിങ്കാ പിപ്പറ്റ് ചെയ്യുമ്പോ നല്ല ആത്മനിയന്ത്രണമുണ്ടെങ്കില്‍ ഇമ്മാതിരി അപകടങ്ങളൊന്നും സംഭവിക്കില്ല.ഭാഗ്യത്തിന് ലാബില്‍ എന്റെ സ്ഥലം വാഷ് ബേസിനു തൊട്ടടുത്തായിരുന്നു :-))
സുനീഷ് പുഞ്ചിരിക്കു നന്ദി
ജിഷാദ് നന്ദി
അത്ക്കാ ഇയാളെന്റെ കയ്യില്‍ നിന്നും വാങ്ങിക്കും. അതു ഞാന്‍ സീരിയസായതൊന്നുമല്ല. വന്ന് വന്ന് തമാശിച്ചാല്‍ പോലും ആര്‍ക്കും മനസ്സിലാവില്ലെന്നായോ!! ചുമ്മാ ശിശുവാണ്,പശുവാണെന്നൊക്കെ സെന്റിയടിക്കുന്നോ..ആ പഠിച്ച പാഠമൊക്കെ കമ്പ്ലീറ്റ് മറന്നിട്ട് ഇവിടുന്ന് പോയാല്‍ മതി :-))
ഹാവൂ..കൊച്ചിപ്പം ശെരിക്കും നോര്‍മലായി..
ഇനിയെനിയ്ക്ക് സമാധാനായിട്ടുറങ്ങാം.
സത്യം പറയാലൊ,ഞാന്‍ ശെരിക്കും വല്ലാതായി..കേട്ടോ.?
ഈ വാര്‍ത്ത വായിച്ചപ്പോള്‍ കൊച്ചുത്രേസ്യയുടെ ഈ ബ്ലോഗിനെ ഓര്‍ത്തു p:)
sorry!! malayalam font illa..english kondu thripthipeduu..
'malayALa'ththile lEkhanam kaNTu. nannAyirikkunnu. [congratulations!!!]. ellA ' njAn seeriyassaayi' yum ayakkuu. oru paaTu sahrdayar vaayanaKAr aayuLLa vArika ANu.
ente oru kunjabhiprAyam [:-] thAngaL iviTe onnum janikkEnTavaLalla. :-)
ലാബു പുരാണം കൊള്ളാലോ.. കെമിസ്ട്രി ലാബില്‍ നിന്നു എന്നെ രണ്ടു പ്രാവശ്യം പുറത്താക്കീട്ടുണ്ട്..ഒരു പ്രാവശ്യം റാക്കില്‍ നിന്നു സോഡിയം നൈട്രേറ്റ് എടുക്കാന്‍ പറഞ്ഞു ടീച്ചര്‍, ഞാന്‍ നോക്കീട്ടു കണ്ടില്ല...കണ്ടതു സോഡിയം ക്രോമൈഡ്..അതു മതിയോ എന്നു ചോദിച്ചു ..ഉടനെ വന്നു ..."ഗെറ്റ് ഔട്ട്" പിന്നെ ഒരു ദിവസം ലാബില്‍ നിന്നു ഇറങ്ങി പോകുമ്പോള്‍ ഗ്യാസ് ലൈറ്റ് ഓഫ് ചെയ്തിട്ടു പോകാന്‍ പൊകാന്‍ പറഞ്ഞു .. ഞാന്‍ വളരെ സിമ്പിള്‍ ആയി അതു ഊതി ഓഫാക്കി ദേ വന്നു അടുത്ത ഗെറ്റ് ഔട്ട്..
അത്ക്കാ അപ്പോ എല്ലാം പറഞ്ഞപോലെ. ഇനി സംശയമൊന്നുമില്ലല്ലോ :-))
മെര്‍കുഷിയോ ഈ ന്യൂസ് കൊള്ളാല്ലോ..ഈ വിവരം നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ എത്രയെത്ര തവളകള്‍ രക്ഷപെട്ടേനേ. കീറാന്‍ വേണ്ട് വച്ചിരിക്കുന്ന തവളയെ ഒന്നു സൂക്ഷിച്ചു നോക്കീട്ട് ടീച്ചറിനോട് ഒറ്റ ഡയലോഗ് 'ടീച്ചറേ ഇതു മറ്റേ തവളയാ. ചങ്കും കരളുമില്ലാത്ത ആ ടൈപ്പേ' എന്ന്.തെളിവിനായി ഈ ലിങ്കും കൊടുക്കും. അപ്പോള്‍ പിന്നെ പാവം തവളയെ കൊല്ലേണ്ടി വരില്ലല്ലോ..
മനസേ thanks (ഇതൊക്കെ വായിക്കുന്ന ആള്‍ക്കാരും ഉണ്ടല്ലേ...)
എനിക്കും പലവട്ടം തോന്നീട്ടുണ്ട് ഇവിടെങ്ങും ജനിക്കേണ്ടതായിരുന്നില്ലാ എന്ന്. ങ്ഹാ എന്തു ചെയ്യാം.. ജനിച്ചു പോയില്ലേ..ഇനീപ്പം അങ്ങു ജീവിച്ചു തീര്‍ക്കാം..
ഉണ്ണിക്കുട്ടാ നന്ദി. ടീച്ചറ് ഗെറ്റൗട്ടടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ :-))
കൊച്ചുത്രേസ്യ ബ്ളോഗിനപ്പുറത്ത് ഒരു അതിഭയങ്കര സംഭവം ആകാന്‍ പോകുന്നു.
കാത്തിരിക്കുക.......
കൊച്ചു ത്രേസ്യാ, പണ്ടത്തെ ലാബ് കഥകളൊക്കെ ഇതു വായിച്ചപ്പോള്‍ ഓര്‍മ്മവന്നു..
കെമിസ്ട്രി ലാബു ചെയ്ത് തുള വീണ ഉടുപ്പുകളും, ഹോസ്റ്റലിന്റെ മെസ്സിലേക്ക് ചെല്ലുമ്പോള്‍ നാറ്റം കാരണം ഓടുന്ന ജൂനിയേഴ്സും ഒക്കെ (നാറ്റം കെമിക്കത്സിന്റെയാണേ, തെറ്റിദ്ധരിക്കല്ലേ).. ഇതൊക്കെ കൊച്ചുത്രേസ്യേടെ ‘പ്രിയപ്പെട്ട’ തേനീച്ചക്കൂട് വിഷയം എനിക്ക് പ്രിയപ്പെട്ടതായിരുന്നതിനാല്‍ :P
ENTESWAPNANGAL
വളരെ നന്നായിരിക്കുന്നു.
എന്റെ കൊച്ചേ എന്തോരം പരീക്ഷണങ്ങളാ നീ നടത്തിയിരിക്കുന്നെ, അതും പോരാഞ്ഞു നിന്റെയോരോ ആഗ്രഹങ്ങള്‍ !!!!!!!!!!
i really like ur blog yar ,actually i wnt to sy my feelings thru this langauge
പ്രീ ഡിഗ്രിക്കാലം ഒാർമ്മ വന്നു ചേച്ചീ!!!!
Post a Comment