Thursday, July 22, 2010

ഇറ്റാലിയൻ വിശേഷങ്ങൾ - പിസ, ഫ്ളോറൻസ്...

കഷ്ടിച്ച് അര മണിക്കൂർ നേരം കൊണ്ട് കണ്ടു തീർക്കാവുന്ന ഒരു കാഴ്ച.. അങ്ങോട്ടേക്കൊന്നു പോയി വരണമെങ്കിലോ യാത്രയ്ക്ക് ചെലവഴിക്കേണ്ട സമയം ഏതാണ്ട്‌ എട്ടു മണിക്കൂർ. ഞങ്ങലുടെ പ്ളാനിനെ പറ്റി കേട്ട ഒരു മാതിരിപ്പെട്ട എല്ലാവരും നിരുത്സാഹപ്പടുത്തി. പക്ഷെ കണ്ടറിയേണ്ടത് കണ്ടു തന്നെ അറിയേണ്ടേ.. വെറുതെ ഒരു സാദാ ബെൽടവറായിരുന്നെങ്കിൽ പോട്ടേന്നു വെയ്ക്കമായിരുന്നു. ഇതങ്ങനെയല്ലല്ലോ.. ഗ്രാവിറ്റിയൊക്കെ എന്നാണ്‌ ഉണ്ടായത് സുഹൃത്തേ എന്നു പുച്ഛിച്ച് ഞാനിപ്പം വീഴും എന്നു ലോകത്തെ കബളിപ്പിച്ചു നില്ക്കുന്ന താന്തോന്നിയായ ചെരിഞ്ഞ ഗോപുരം. അതെ .. വെറുമൊരു കതീഡ്രലിലെ അനുസരണയുള്ള ബെൽടവറായി ഒതുങ്ങിക്കൂടേണ്ടതിനു പകരം കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട്‌ ലോകപ്രശസ്തമായ പിസാ ഗോപുരം.- ലീനിംഗ് ടവർ ഓഫ് പിസാ. അതിനെ നേർക്കു നേർ കാണാൻ വേണ്ടി ഞങ്ങൾ ഒരു ദിവസത്തെ ഉറക്കം കളയാൻ തന്നെ തീരുമാനിച്ചു.

അതിരാവിലെ തന്നെ റോമിൽ നിന്നും പിസയിലേക്കുള്ള ട്രെയിനിൽ കേറിപറ്റി അന്തം വിട്ടുറങ്ങുന്ന ഒരു ചേട്ടന്റെ ചുറ്റുമുള്ള സീറ്റിൽ ഇരിപ്പുറപ്പിച്ചു കലപില തുടങ്ങി.. എന്തായാലും സഹി കെട്ട് ചേട്ടൻ ഉണർന്നു.. ഇപ്പം ആ വായീന്നു വല്ല്ലതും കിട്ടും എന്നു പേടിച്ച് മര്യാദരാമികളായി ഇരുന്ന ഞങ്ങളെ കുറച്ചു നേരം അന്ധാളിച്ചു നോക്കീട്ട് ചേട്ടൻ ചിരിച്ചു കാണിച്ചു..

“ഇന്ത്യാ?”

(അതിലത്ഭുതമൊന്നുമില്ല.. ഇറ്റലിക്കാർക്കിപ്പോ ഇന്ത്യക്കാരേം ചൈനക്കാരേം ഒക്കെ നല്ല പരിചയമാണ്‌.. എത്ര പേരാണെന്നോ ടൂറെന്നും പറഞ്ഞ് ഇറ്റലിയിൽ കൂടെ തെക്കു വടക്കു നടക്കുന്നത്.. രണ്ടു രാജ്യക്കാർടേം കയ്യിൽ കാശു വന്നു തുടങ്ങീതിന്റെ ഗുണം..)

ഞങ്ങൾ ‘സീ’ പറഞ്ഞ് സമ്മതിച്ചു.

അപ്പോൾ ചേട്ടനു പെരുത്ത സന്തോഷം.. ഇന്ത്യ അറിയാമത്രേ..മുംബയിലെ ഏതോ മില്യണറെ അറിയാം പോലും.. ഇതൊക്കെ ഇറ്റാലിയനിലാണു കേട്ടോ പറയുന്നത്.. ഞങ്ങൾ മൂന്നു പേരും കൂടെ അതിൽ മനസിലാവുന്ന എന്തേലുമൊക്കെ പിടിച്ചെടുത്ത് നമ്മടെ ബുദ്ധിയുപയോഗിച്ച് കൂട്ടിക്കെട്ടി ഓരോ നിഗമനത്തിലെത്തുകയാണ്‌. അതേതു മില്യണർ എന്നും വിചാരിച്ച് ഞങ്ങൾ അറിയുന്ന മില്യണേർസിന്റെയൊക്കെ പേരു പറഞ്ഞു നോക്കി.. അതൊന്നും വിജയിക്കുന്നില്ല.. അവസാനം അങ്ങെരു മർമപ്രധാനമായ ഒരു ക്ളൂ തന്നു..“ജേഹോ...”. പടച്ച തമ്പുരാനേ.. ജയ് ഹോ സോംഗ്.. ഞങ്ങളത് രണ്ടു മൂന്നു ലൈൻ പാടിക്കേൾപ്പിച്ചു വെരിഫൈ ചെയ്തു.. അതെ അതു തന്നെ സംഭവം.. അപ്പോ ഇത്രേം നേരോം പറഞ്ഞോണ്ടിരുന്ന ആ മില്യണർ നമ്മടെ സ്ലം ഡോഗ് മില്യണർ സിനിമയാണ്‌!! അതോടെ ഞങ്ങൾ ഭയങ്കര പരിചയക്കാരായി.. അങ്ങോട്ടുമിങ്ങോട്ടും പേരൊക്കെ പറഞ്ഞു പരിചയപ്പെട്ടു. ചേട്ടന്റെ പേര്‌ അന്തോണിയോ.. (ബാക്കി എന്തൊക്കെയോ കൂടി ഉണ്ട്.. മനസിലായില്ല). സാധാരണ യൂറോപ്യൻസ് ഒരു കാലത്തും മര്യാദയ്ക്ക് ഉച്ചരിക്കാത്ത ഞങ്ങൾടെ പേരുകൾ അങ്ങേർ നല്ല ഉച്ചാരണശുദ്ധിയോടെ പറഞ്ഞു.. ഞങ്ങടെ മൂന്നു പേരുടേം പേരിൽ ഇറ്റലിക്കാരുടെ പ്രിയപ്പെട്ട അക്ഷരമായ 'ത'യും 'ധ'യും ഒക്കെ യുള്ളതുകൊണ്ടു മാത്രം.. എന്നാലും പോട്ടെ..അതോടെ പിന്നേം സ്നെഹം കൂടി..

ഇനി ചേട്ടന്‌ ഞങ്ങൾ തമ്മിലുള്ള ബന്ധമറിയണം. സിസ്റ്റർസ് ആണോ എന്നു ചോദിച്ചു.. ഏയ് അല്ല ഞങ്ങൾ ഫ്രണ്ട്സ് ആണെന്നും പറഞ്ഞു തിരുത്തി നോക്കുമ്പോൾ അവിടെയൊരു സ്പെല്ലിംഗ് മിസ്റ്റേക്ക്..അതെന്താ സാധനം എന്ന് ചേട്ടനറിയില്ല.. ഫ്രണ്ട്സ് എന്നുള്ളത് എങ്ങനാ ആംഗ്യം കാണിച്ചു മനസിലാക്കേണ്ടതെന്ന് ഞങ്ങൾക്കും അറിയില്ല . ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും തോളത്തു കയ്യിട്ട് ചിരിച്ചു കാണിച്ചു നോക്കി.. രണ്ടു കൈയുടേം കൈവിരലുകൾ കോർത്ത് ആംഗ്യം കാണിച്ചു നോക്കി.. നോ രക്ഷ.. ഇനിയെന്തു ചെയ്യാം എന്നാലോചിച്ചോണ്ടിരിക്കുമ്പോൾ ചേട്ടന്റെ ചോദ്യം..

“അമിക്ക??”

“ ഏയ് അതെന്തു കുന്തമായാലും ഞങ്ങളതല്ല” എന്നു പറഞ്ഞേക്കാം എന്നു വിചാരിച്ച് വായ തുറന്നപ്പോൾ ഒരു ഓർമ. ഈ വാക്ക് ഞാനെവിടെയോ കണ്ടിട്ടുണ്ട്.. ഒന്നാലോചിച്ചു.. യാത്രയ്ക്കു മുൻപ് ഇറ്റാലിയ റയിൽവേ സൈറ്റിലൂടെ ഊളിയിട്ടു നടക്കുമ്പോ അതിൽ ഒരു ഡിസ്കൌണ്ട് സ്കീം ക്ണ്ടിരുന്നു.. ഇതേ പേരിൽ. അത് ഗ്രൂപ്പായി പോകുന്ന ഫ്രണ്ട്സിനു വേണ്ടിയുള്ള ഒരു സ്കീമായിരുന്നു.. അപ്പോ അമിക്കാന്നു വെച്ചാൽ ഫ്രണ്ട്!! യുറേക്കാ യുറേക്കാ.. ഞാൻ ആകെ എക്സൈറ്റഡായി സമ്മതിച്ചു.. "യെസ് .. വീ ആർ അമിക്കാസ്.." ബാകി രണ്ടെണ്ണവും എന്നെ നോക്കി ‘അതെന്തോന്ന്‌“ എന്നു അന്തം വിടുന്നു.. എന്തായാലും ചേട്ടനു സംഭവം മനസിലായി.. അതോടെ ഞാൻ രണ്ടടി പൊങ്ങി ബാക്കി രണ്ടു വിവരദോഷികൾക്കും വിജ്ഞാനം പകർന്നു കൊടുത്തു.. അതു കഴിഞ്ഞു പിന്നെ ഫ്രാൻസിനെ ചൊല്ലി അടുത്ത കൺഫ്യൂഷൻ.. ഞങ്ങൽ ഫ്രാൻസിൽ പോവുന്നുണ്ടോ എന്ന്‌ ചേട്ടനറിയണം.. ചോദിച്ചും മനസിലാക്കീം ഊഹിച്ചും ഒക്കെ വന്നപ്പോൾ മൻസിലായി.. ചേട്ടന്റെ ഫ്രാൻസല്ല ഞങ്ങടെ ഫ്രാൻസ്.. ചേട്ടൻ ചോദിക്കുന്നത് ഫിറാൻസെ അതായത് ഫ്ളോറൻസിന്റെ ഇറ്റാലിയൻ പേര്‌.. ഒരു വിധത്തിൽ ആ പ്രശ്നവും സോൾവായി..എന്തായാലും ഈ മട്ടിൽ ഒരു അരമുക്കാൽ മണിക്കൂർ കൂടി സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും എല്ലവരും തളർന്നു.. അത്രയ്ക്കും ഭയങ്കര അധ്വാനമായിരുന്നു.. അതോടെ എല്ലാം നിർത്തി വച്ച്‌ നാലു പേരും ഉറക്കത്തിൽ അഭയം പ്രാപിച്ചു.


പതിനൊന്നു മണിയോടെ പിസാ റെയിൽവേ സ്റ്റേഷനിലെത്തി. അവിടെ നിന്ന് അഞ്ചു മിനിട്ട് ബസ് യാത്രയുണ്ട് ടവറിലേക്ക്.. ഫീൽഡ് ഓഫ് മിറാകിൾസ് എന്ന സ്ഥലത്താണ്‌ ടവർ. ഇഷ്ടം പോലെ ബസ് സർവീസുമുണ്ട്.. ടവറിന്റെ സ്റ്റോപ്പിലിറങ്ങി ഗേറ്റും കടന്ന്‌ കതീഡ്രലിന്റെ കോമ്പൌണ്ടിലേക്ക് കടക്കുമ്പോഴേ കാണാം ജനക്കൂട്ടം.. ടവറിനെക്കാളും മുൻപേ കണ്ണിൽ പേടുന്നത് കതീഡ്രലാണ്‌.. പച്ചക്കളർ മൈതാനത്തിനു നടുക്ക് വെണ്ണക്കൽ ശില്പം പോലെ പ്രൌഢഗംഭീരമായ കതീഡ്രൽ..

അതിനു പിന്നിലായി ദാ നില്ക്കുന്നു ടവർ.. എന്തോ ഒരു മിസ്റ്റേക്ക് എന്നേ പെട്ടെന്നു തോന്നൂ.. വീട്ടിൽ വിരുന്നുകാർ വരുമ്പോൾ വാതിനു പിന്നിൽ മറഞ്ഞു നിന്ന്‌ എത്തി നോക്കുന്ന കുസൃതിക്കാരനായ ഒരു കുട്ടിയെ പോലെ.. മുന്നോട്ടു നടക്കുന്തോടും ടവറിന്റെ ചെരിവ് വ്യക്തമാകാൻ തുടങ്ങി


പിന്നെയും മുന്നോട്ടു പോകുമ്പോൾ 'അയ്യോ!!' എന്നു വിളിച്ചു പോകും.. ഉറപ്പ്..‌ ദാ നോക്ക്..



ഇതെന്താ ഇടിഞ്ഞു പൊളിഞ്ഞു വീഴാത്തതു എന്നു അത്ഭുതം തോന്നുന്നില്ലേ.. ചുമ്മാതല്ല ഇതിനെ ഇതിനെ ലോകാത്ഭുതങ്ങളിലൊന്നായി കൂട്ടിയിരിക്കുന്നത് എന്ന് ഇപ്പോൾ മനസിലായല്ലോ...

ടവറവിടെ ബാലൻസ് ചെയ്തു നില്ക്കട്ടെ.. ഞാൻ ഇതിന്റെ ജീവചരിത്രം പറയാം. .

പതിനയ്യായിരം ടണ്ണോളം വെയ്റ്റുള്ള ഒരു മിസ്റ്റേക്കാണ്‌ ദാ മോളിൽ മോഹൻലാൽ നിൽക്കുമ്പോലെ ചെരിഞ്ഞു നില്ക്കുന്നത്.. 1173-ൽ ഈ ടവറിന്റെ പണി തുടങ്ങീപ്പോൾ ഇതു പോലെ ചരിഞ്ഞ സ്വപ്നങ്ങളൊന്നും ആർക്കുമുണ്ടായിരുന്നില്ല. അഞ്ചുവർഷം കഴിഞ്ഞ് മൂന്നാമത്തെ നിലയും തീർന്നു കഴിഞ്ഞപ്പോഴാണ്‌ സംഭവം കൈ വിട്ടു പോവാൻ തുടങ്ങീത്.. കളിമണ്ണും മറ്റും കൂടിക്കുഴഞ്ഞ് ഉറപ്പില്ല്ലാത്ത ബേസിലാണത്രേ അടിത്തറ കെട്ടീത്.. ശകലം വെയ്റ്റ് വന്നപ്പോഴേക്കും അതു കൈവിട്ടു. ടവർ കിട്ടിയ ചാൻസിനു ചരിയാനും തുടങ്ങി. എന്തായാലും എല്ലാരും പേടിച്ച് പണി നിർത്തി വച്ചു. ആ മണ്ണ്‌ ഏതെങ്കിലും കാലത്ത്‌ ഉറച്ച് മര്യാദക്കാരനാവുമെന്ന പ്രതീക്ഷയിൽ.. ഒന്നും രണ്ടുമല്ല .. 100 വർഷം!! അപ്പോഴാണ്‌ ഒരു ആർക്കിടെക്ട് -Giovanni di Simone- ടവറിനെ മര്യാദ പഠിപ്പിക്കാൻ റെഡിയായി വന്നത്.. ചരിവ്‌ നിവർത്താൻ വേണ്ടി ഹരിച്ചു ഗുണിച്ച് എന്തൊക്കെയോ ഉഡായിപ്പൊക്കെ കാണിച്ച്‌ ടിയാൻ നാലു നിലയും കൂടെ പണിതൊപ്പിച്ചു.. വല്യ ഗുണമൊന്നുമുണ്ടായില്ല.. ടവർ അത്രേം കൂടെ ഉയരത്തിൽ നിന്ന് ചരിയൽ തുടർന്നു. പിന്നെ അതിന്റെ മുകളിൽ ഒരു ബെൽചേമ്പർ കൂടെ ഫിറ്റ് ചെയ്ത് ഒരു വിധത്തിൽ അതിനെ ഒരു ബെൽ ടവറാകി മാറ്റി. അതിന്റിടയിൽ ബേസിൽ കോൺക്രീറ്റൊക്കെ ഇട്ട്‌ പൊക്കി ഇതിനെ നേരെയാക്കാനുള്ള ശ്രമമൊക്കെ നടന്നു.. ഒന്നും വിജയിച്ചില്ല.. കൂനിന്മേൽ കുരു പോലെ എല്ലാരും രണ്ടാം ലോക മഹായുദ്ധത്തിൽ ബിസിയായി. ഇറ്റലിയെ കടന്നാക്രമിച്ച അമേരിക്കയാവട്ടെ സർവ ടവറുകളും നശിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു.. പിസാ ടവർ തലനാരിഴയ്ക്കാണത്രേ രക്ഷപെട്ടത്. ഇതിന്റെയൊരു മട്ടും ഭാവവും ഒക്കെ കണ്ട്‌ നമ്മളു കൈവെയ്ക്കതെ തന്നെ ഇതു തറപറ്റിക്കോളും എന്നു അമേരിക്കകാർ വിചാരിച്ചു വെറുതെ വിട്ടതാവാനും വഴിയുണ്ട്.

എന്തായാലും ഇപ്പൊ ഏതാണ്ട് 60 മീറ്റർ നീളത്തിൽ 5.5 ഡിഗ്രീ ചരിഞ്ഞാണ്‌ ടവറിന്റെ നില്പ്പ്.. അതായതു ഇതിന്റെ മുകൾഭാഗം , മര്യാദയ്ക്കായിരുന്നേൽ ഒരു 4.5 മീറ്റർ ഇങ്ങോട്ടു മാറി നിന്നേനേ എന്ന്‌.. വീഴ്ചയിൽ നിന്നും കരകയറ്റാൻ വേണ്ടിയുള്ള പണികളൊക്കെ മുറയ്ക്കു നടക്കുന്നുണ്ട്.. സപ്പോർട്ട് കൊടുത്തും, ബേസിൽ കോൺക്രീറ്റിടുത്തു കൊടുത്തും മറ്റും. എന്തായാലും വീണില്ലെങ്കിൽ ടവറിനു കൊള്ളാം.. നമ്മൾക്കും.. ഇടയ്ക്കിടെ പോയി കാണാമല്ലോ..

പിസയിൽ നിന്ന് അരമണിക്കൂർ ട്രെയിൻ യാത്ര ചെയ്താൽ ഫ്ളോറൻസിൽ എത്താം. ഒരു പക്ഷെ യൂറോപ്പിലെ, അല്ല ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലായി കണക്കാക്കപ്പെടുന്ന ടസ്കനിയുടെ തലസ്ഥാന പ്രദേശം.. അതിലുപരി ചരിത്രത്തിന്റെ താളുകളിൽ പ്രസിദ്ധമായ സ്ഥലം. ഇറ്റാലിയൻ നവോത്ഥനത്തിന്റെ തുടക്കം കുറിച്ചതിവിടെ നിന്നാണ്‌. ലോകപ്രശസ്തരായ നിരവധി വ്യക്തികളുടെ ജൻമഭൂമി- ഡാവിഞ്ചി,ഗലീലിയോ,മൈക്കലാഞ്ചലോ,ഡാന്റേ, വിളക്കേന്തിയ വനിത ഫ്ളോറൻസ് നൈറ്റിംഗേൽ എന്നിവരൊക്കെ അവരിൽ ചിലരു മാത്രം. പക്ഷെ ഇതൊന്നുമായിരുന്നില്ല ഫ്ളോറൻസിലേക്കുള്ള ഞങ്ങളുടെ യാത്രയുടെ ഉദ്ദേശ്യം.. അതൊന്നു മാത്രം.. ഡേവിഡിനെ കാണുക. നവോഥാനശില്പകലയിലെ മാസ്റ്റർ പീസ്.. മൈക്കലാഞ്ചലോയുടെ ‘ഡേവിഡ്’ എന്ന മാർബിൾ ശില്പം!!

ഫ്ളോറൻസിനെ അതിന്റെ പൂർണ്ണതയോടെ കാണാനുള്ള സമയമോ അറിവോ ഞങ്ങൾക്കില്ലാത്തതു കൊണ്ട്, ഡേവിഡിനെ മാത്രം പോയി കാണാൻ തീരുമാനിച്ചു. ട്രെയിനിറങ്ങി കനത്ത മഴയിലൂടെ ഡേവിഡിനെ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയമായ അകാദമിയ ഗലേറിയ തേടി നടപ്പു തുടങ്ങി.. അവിടെ കേറി കാണാനല്ല കേട്ടോ. ഇത്രയും ഇമ്പോർട്ടൻസ് ഉള്ള ആ മ്യൂസിയം പുറത്തു നിന്നെങ്കിലും കാണുക അത്രയുമേയുള്ളൂ ഉദ്ദേശ്യം. അപ്പോൾ ഡേവിഡോ എന്നല്ലേ.. ഫ്ളോറൻസിൽ ഡേവിഡിന്റെ രണ്ടു റെപ്ളിക്കകളുണ്ട്.. രണ്ടു പിയാസകളിലായി സ്ഥാപിച്ചിരിക്കുകയാണ്‌..

ദാ ഫ്ളോറൻസിലെ ചരിത്രമുറങ്ങുന്ന ഒരു വഴി.. (ചുമ്മാ സാഹിത്യം പറഞ്ഞതാണ്‌.. ഈ വഴിക്കെന്തെങ്കിലും പ്രത്യേകതയുണ്ടോ എന്നൊന്നും എനിക്കറിയില്ല..)



അകാദമിയ ഗലേറിയയിലേക്കുള്ള വഴിയിൽ അവിചരിത്മായി എത്തിപ്പെട്ടത് ഫ്ളോറൻസ് കതീഡ്രലിന്റെ മുന്നിൽ. എവിടെ തൊട്ടു തുടങ്ങണമെന്നു മനസിലാവില്ല . അത്ര വലിപ്പം.. നിറയെ കൊത്തു പണികളും പെയിന്റിംസും. ഫ്ളോറൻസിന്റെ മുഖമുദ്രയാണ്‌ ഈ കതീഡ്രൽ. താഴെ നോക്ക്‌.. ഇത്രയുമൊകെയേ എന്റെ ക്യാമറയിൽ കൊള്ളിക്കാൻ പറ്റിയുള്ളൂ.





അകാദമിയ ഗലേറിയയും അതിനു മുന്നിലെ നീണ്ട ക്യൂവും ഒക്കെ കണ്ട് നെടുവീർപ്പിട്ടതിനു ശേഷം ഞങ്ങൾ പിയാസാ-മൈക്കലാഞ്ചലോയിലേക്കു പുറപ്പെട്ടു.. ബസിൽ ഇരുപതു മിനിട്ടോളം യാത്രയുണ്ട്.. ഫ്ളോറൻസിനെ ഏറ്റവും പ്രധാനപ്പെട്ട പിയാസകളിലൊന്നാണ്‌ ഇത്.. ഒരു കുന്നിൻ മുകളിലായതു കൊണ്ട് ഒറ്റയടിക്ക് ഫ്ളോറൻസ് മുഴുവൻ കണ്ടു തീർക്കാം. അതു മാത്രമല്ല.. ഡേവിഡിന്റെ ഒരു റെപ്ലിക്ക ഈ പിയാസയിലാണ്‌..


പിയാസയിൽ ബസിറങ്ങുമ്പോഴേ കാണാം . പുറം തിരിഞ്ഞു നില്ക്കുന്ന ഡേവിഡിന്റെ പൂർണ്ണാകായ പ്രതിമ. പ്രതിമയ്ക്കു നൂല്ബന്ധമില്ല എന്ന ഒറ്റ കാരണം കൊണ്ട് കൂട്ടുകാരികൾ രണ്ടും പ്രതിമയെ കയ്യൊഴിഞ്ഞു. നമ്മക്കങ്ങനെ വിടാൻ പറ്റില്ലാല്ലോ..ചുറ്റും നടന്നു നോക്കി.. ഗോലിയാത്തിനെ നേരിടാൻ പോവുന്ന ദാവീദ്.. ഒരേ സമയം ശാന്തനും എന്നാൽ യുദ്ധസന്നദ്ധനുമായ ഒരു യുവാവിന്റെ ഭാവം. ഒരു പാടു പഠനങ്ങൾ നടന്നിട്ടുള്ള ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രതിമയാണിത്‌..(ഇതല്ല.. ഇതിന്റെ ഒറിജിനൽ)


ദാ ഈ പ്രതിമ സ്ഥിതി ചെയ്യുന്ന പിയാസാ മൈക്കലാഞ്ചലോ

ഞാൻ പറഞ്ഞില്ലേ ഫ്ളോറൻസിനെ മുഴുവനായി കാണണമെങ്കിൽ പറ്റിയ സ്ഥലമാണിതെന്ന്. മഴയും നനഞ്ഞ് നിന്ന്‌ ആ പിയാസയിൽ നിന്ന് ഞങ്ങൾ കണ്ട ഫ്ളോറൻസാണിത്.. മുകളിൽ പറഞ്ഞ ഫ്ളോറൻസ് കതീഡ്രലിന്റെ മകുടവും ആർനോ നദിയും ഒക്കെ കാണാം ഇവിടെ നിന്ന്..


നവോത്ഥാനത്തിന്റെ തൊട്ടിലായ ഫ്ളോറൻസിനോടു വിട പറഞ്ഞ് മഴയത്ത് നനഞ്ഞൊട്ടി ഞങ്ങൾ വീണ്ടും റോമിലേക്കു യാത്ര തിരിച്ചു.. അർദ്ധരാത്രിയോടെ റോമിലെത്തി ക്ഷീണിച്ച് ഉറങ്ങാൻ പോകുമ്പോഴും ഞങ്ങൾ പിസയെയും ഫ്ളോറൻസിനെയും പറ്റി സംസാരിക്കുകയായിരുന്നു.. ലോകത്തിന്റെ ഏതോ കോണിൽ കിടക്കുന്ന, ഒരിക്കൽ കാണാൻ പറ്റില്ലെന്നു ഇത്രയും കാലം വിചാരിച്ചിരുന്ന സംഭവങ്ങൾ ഒടുവിൽ നേരിൽ കണ്ടു എന്ന അമ്പരപ്പു ഇനിയും തീരാതെ..

(തീർന്നിട്ടില്ലാ.... ഇനീമുണ്ട്.. പിന്നാലെ വരും)

Thursday, July 8, 2010

ഇറ്റാലിയൻ വിശേഷങ്ങൾ - വീണ്ടും റോം...

നേരെ കാറിൽ പോയി ഇറങ്ങി ടൂറിസ്റ്റ് അട്രാക്ഷന്റെ മുന്നിൽ നിന്നു പല പോസിൽ ഫോട്ടോയുമെടുത്തു അടുത്ത സ്ഥലത്തെക്കോടുന്ന ടൂറിസ്റ്റാണോ നിങ്ങൾ... എങ്കിൽ റോമിലെക്കു പോവരുത്.. ഇതു പോലൊരു മനോഹര നഗരത്തെ അപമാനിക്കുന്നതിനു തുല്യമാവും അത്‌.. റോം നടന്നു കാണാനുള്ള നഗരമാണ്‌.. ഒരു നല്ല വാക്കിംഗ് ഷൂ ധരിക്കുക.. ടൂറിസ്റ്റ് മാപ്പെടുത്തു കയ്യിൽ പിടിക്കുക.. അത്രയും മതി തയ്യാറെടുപ്പുകൾ..ഇനി എങ്ങാനും വഴി മനസിലാവുന്നില്ലെങ്കിലും പേടിക്കണ്ട. ടൂറിസ്റ്റുകളെ സഹായിക്കാനായി ടൂറിസ്റ്റ് എയ്ഞ്ചൽസ് എന്ന ഗ്രൂപ്പിലെ അംഗങ്ങളുണ്ടത്രേ അവിടിവിടെയായി.. (ഞങ്ങൾക്കു പിന്നെ വഴിയിൽ കണ്ടവരെല്ലാം ടൂറിസ്റ്റ് എയ്ഞ്ചൽസായിരുന്നു ;-))).എന്തായാലും ഇത്രെം നടക്കേണ്ടതല്ലേ എന്നും വിചാരിച്ച്‌ ഒരു ടാങ്ക് വെള്ളവും കൂടി എടുക്കാമെന്നു വിചാരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌.. റോമിലെ എണ്ണിയാലൊടുങ്ങാത്ത ഡ്രിങ്കിംഗ് വാട്ടർ ഫൌണ്ടൈയ്ൻസ് അതിനു വേണ്ടിയുള്ളതാണ്‌.. മലമുകളിൽ നിന്നും നേരിട്ടു വരുന്ന വെള്ളമാണ്‌ മോണിടർ ചെയ്ത്‌ ഈ ഫൌണ്ടൈൻസിലൂടെ വരുന്നത്.നമ്മുടെ നാട്ടിലെ അരുവികളിൽ നിന്നും കുടിക്കുന്ന വെള്ളത്തിന്റെ അതേ തണുപ്പും രുചിയും.എത്ര കുടിച്ചാലും മതിയാവില്ല.. ക്ഷീണവും ദാഹവുമൊക്കെ പമ്പ കടക്കുകയും ചെയ്യും.. ഇതാ നസോനി എന്നറിയപ്പെടുന്ന അത്തരം ഒരു ഫൌണ്ടൈൻ.


ഞങ്ങളുടെ ആദ്യലക്ഷ്യം വത്തിക്കാൻ ആയിരുന്നു.പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നതു പോലെ വത്തിക്കാൻ റോമിന്റെ ഭാഗമല്ല.ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണിത്. സ്വന്തമായി തപാൽ സിസ്റ്റവും സ്റ്റാമ്പുകളും, പാസ്പോർട്ടും എന്തിനു നാണയങ്ങൾ വരെയുണ്ടു പോലും ഈ രാജ്യത്തിന്‌. മറ്റൊരു പ്രത്യേകത, UNESCO യുടെ വേൾഡ് ഹെറിടെജ് സൈറ്റിൽ ആകെയൊരു രാജ്യത്തെയേ മുഴുവനായും ഉൾപ്പെടുത്തിയിട്ടുള്ളൂ.. അതിതാണ്‌!! കതോല്ക്കാ സഭയുടെ ആസ്ഥാനം എന്ന് പ്രത്യേകത കൂടാതെ നല്ലൊരു കലാകെന്ദ്രം കൂടിയാണിത്‌.. ഇവിടുത്തെ വത്തിക്കാൻ മ്യൂസിയത്തെ പറ്റി പറയുന്നതു കേൾക്കണോ.. അവിടുത്തെ ഓരോ പെയിന്റിംഗും ആസ്വദിക്കാൻ ഒരു മിനിട്ടു വച്ചു ചെലവാക്കുകയാണെങ്കിൽ മുഴുവൻ കണ്ടു തീരാൻ നാലു വർഷം വേണ്ടി വരുമത്രേ.. അത്രയ്ക്കു വലുതാണ്‌. എന്തായാലും അത്ര സ്പീഡിലൊന്നും ആസ്വദിക്കാനുള്ള കഴിവില്ലാത്തതു കൊണ്ട്‌ ഞങ്ങൾ മ്യൂസിയം ഒഴിവാക്കി നേരെ സെന്റ് പീറ്റെർസ് ബസിലിക്കയിലേക്കു വിട്ടു.


ഉരുളൻ തൂണുകളുടെ ഇടനാഴിയിൽ നിന്നു കടന്നു ചെല്ലുന്നതു റോമിലെ ഏറ്റവും വലിയ പിയാസയായ സെന്റ് പീറ്റേർസ് സ്ക്വയറിലെക്കാണ്‌. ബെർണിനി ഡിസൈൻ ചെയ്ത ഈ പിയാസയുടെ ഒത്ത നടുക്കായി പേര്‌ അന്വർത്ഥമാക്കികൊണ്ട് ഉയർന്നു നില്ക്കുന്നസാക്ഷി (witness) എന്നറിയപ്പെടുന്ന ഈജിപ്ഷ്യൻ ഒബ്ലിക്സ്.

ദാ താഴെ സെന്റ് പീറ്റേഴ്സ് സ്ക്വയറും 'സാക്ഷി'യും.
(മുൻകൂർ ജാമ്യം.. ചാറ്റൽ മഴയത്ത് ബസിലിക്കയുടെ ടെറസിൽ വലിഞ്ഞു കേറി എടുത്ത പടമാണിത്. ക്ലാരിറ്റി ഇത്രയൊക്കെയേ ഒത്തുവന്നുള്ളൂ)


ഇതാ ബസിലിക്കയും.. ലോകപ്രശസ്തമായ അതിന്റെ മകുടവും (Dome)

രാവിലെ മുതലെ തന്നെ നീണ്ടു നീണ്ടു പോയ ക്യൂവും സെക്യൂരിറ്റി ചെക്കിംഗും ഒക്കെ കഴിഞ്ഞ് ബസിലികയിലേക്കു കയറുമ്പോൾ തന്നെ കണ്ണഞ്ചിപ്പോകും.. ഒരു ആർട്ട്‌ഗ്യാലറിയിലേക്കു കയറി ചെന്ന പ്രതീതി. കൃസ്റ്റ്യാനിറ്റിയുടെ പ്രധാനപ്പെട്ട ആരാധനലയം, സെന്റ്.പീറ്ററിന്നെ അടക്കം ചെയ്തിരിക്കുന്ന സ്ഥലം തുടങ്ങിയ ഭക്തിസംബന്ധിയായ കാര്യങ്ങളൊന്നും തന്നെ എന്റെ മനസിലേക്കു വന്നില്ല.. പകരം മനസു നിറയെ കാണാൻ, കണ്ടാലും കണ്ടാലും തീരാത്തത്ര പെയിന്റിംഗ്സും ശില്പങ്ങളും..അതും ഏതാണ്ട്‌ 60,000-ഓളം പേരെ ഒരേ സമയത്തു ഉൾക്കൊള്ളാൻ വിശാലമായ സ്പേസിൽ.. അക്ഷരാർത്ഥത്തിൽ കലയുടെ ഒരു കലവറ..

ദാ നോക്ക്‌..



ബസിലിക്കയിൽ കയറി അപ്പോൾ മുതൽ തിരയുന്നതാണ്‌ ലാ-പീയറ്റ(La-pieta. മൈക്കലാഞ്ചലോയുടെ മാസ്റ്റർ പീസ്.. കുരിശിലേറിയെ യേശുവിനെ മടിയിൽ കിടത്തി വിലപിക്കുന്ന മേരിയുടെ ശില്പം. മാനസിക വിഭ്രാന്തി ബാധിച്ച ഏതോ ഒരു മനുഷ്യൻ 1970കളിൽ I am Jesus Christ എന്നും പറഞ്ഞ്‌ ചുറ്റിക കൊണ്ട് അടിച്ചു പരിക്കെല്പ്പിച്ച ആ ശില്പം. അന്നു ചിതറി തെറിച്ച മാർബിളൊക്കെ ആൾക്കാരു കൊണ്ടു പോയി.. കുറെയൊക്കെ തിരിച്ചു കിട്ടിയെങ്കിലും മേരിയുടെ മൂക്കു മാത്രം കിട്ടിയില്ല്ല.. അതു പിന്നീട് റീ-കൺസ്ട്രകട് ചെയ്യുകയാണുണ്ടായത്രേ..ഇമ്മാതിരി അക്രമം ഭയന്ന്‌ ഈ ശില്പം ഇപ്പോൾ കണ്ണാടിക്കൂട്ടിലാണ്‌.. സ്പെഷ്യൽ സെക്യൂരിറ്റിയുമുണ്ട്..എന്തായാലും ഒടുവിൽ തിരഞ്ഞു പിടിച്ച്‌ പീയറ്റയുടെ മുന്നിലെത്തിയപ്പോൾ അമിത പ്രതീക്ഷ കൊണ്ടാണോ എന്തോ ചെറിയൊരു നിരാശയാണു തോന്നിയത്‌.. ഇതിനേക്കാൾ നല്ല കലാസൃഷ്ടികൾ റോമിൽ തന്നെയുണ്ട്‌ ങ്ഹാ പിന്നെ എനിക്കീ ശില്പകലയെ പറ്റി വല്യ വിവരമൊന്നുമില്ലത്തതു കൊണ്ടായിരിക്കുംന്ന് അങ്ങാശ്വസിച്ചു.
പീയാറ്റ ഇതാ നിങ്ങൾക്കായി..

ബസിലിക്കയിൽ അധികമാരും സന്ദർശികാത്ത സ്ഥലമാണ്‌ ഡോമും ടെറസും. അങ്ങോട്ടെത്തിപ്പെടാനുള്ള ബുദ്ധിമുട്ടു തന്നെ കാരണം.. എന്തായാലും വന്നതല്ലേ.. ഇതു കൂടെ കാണാം എന്നു തീരുമാനിച്ച്‌ ഞങ്ങൾ സ്റ്റെപ്പ് കയറൽ ആരംഭിച്ചു. സ്പൈറൽ ഷേപ്പിൽ ഡോമിനെ ചുറ്റി ചുറ്റി പോകുന്ന സ്റ്റെപ്പുകൾ.. ഒരു തുരങ്കത്തിലൂടെ കടന്നു പോകുന്നതു പോലെ.ക്രമേണ സ്റ്റെപ്പുകളുടെ വീതി കുറഞ്ഞു കുറഞ്ഞു വന്നു..കഷ്ടിച്ച്‌ ഒരാൾക്കു മാത്രം നടക്കാം.സ്പൈറൽ ഷേപ്പായതു കൊണ്ട്‌ മുന്നിലും പിന്നിലുമുള്ളവരെ കാണില്ല.. മങ്ങിയ വെളിച്ചവും.. എന്റെയുള്ളിലെ ക്ളോസ്ട്രോഫോബിയ പതുക്കെ പതുക്കെ ഉണരാൻ തുടങ്ങി.. അതു കൂടാതെ ചുറ്റി ചുറ്റി തലകറക്കവും..അവിടെ ബോധം കെട്ടു വീഴാനും മാത്രം സ്ഥലമില്ലാത്തതു കൊണ്ടു മാത്രമാണ്‌ ഞാൻ പിടിച്ചു നിന്നത്..പിന്നെ എന്തു സംഭവിച്ചാലും സെക്യൂരിറ്റി ക്യാമറ കാണുന്നുണ്ടല്ലോ എന്ന ധൈര്യവും.. ബസിലിക്ക പോലെ വിശാലമായ ഒരു സ്ഥലത്തിന്റെ ഒട്ടും പ്രതീക്ഷിക്കാത്ത ഇരുട്ടുവഴിയായിരുന്നു ആ ഡോം കയറ്റം. അവസാനം സൈഡ് റെയിലിനു പോലും സ്ഥലമില്ലാതെ അതിനു പകരം ഒരു കയറു തൂക്കിയിട്ടിരിക്കുന്ന സ്റ്റെപ്പുകളും കയറി അവസാനം ഞങ്ങൾ ഡോമിന്റെ തൊട്ടു താഴെയെത്തി.. ഇത്രയും നേരം അനുഭവിച്ച പേടിയും ക്ഷീണവും അധ്വാനവുമെല്ലാം ഒറ്റയടിയ്ക്ക്‌ ആവിയായി പോയി.. തൊട്ടു മുകളിൽ നിറയെ ചിത്രപ്പണികൾ നിറഞ്ഞ ഡോമിന്റെ ഉൾവശം.. താഴെ ഇതു വരെ ഞങ്ങൾ കണ്ടുകൊണ്ടു നടന്നിരുന്ന ബസില്ലിക്കയുടെ താഴത്തെ പോർഷൻ.. ദൈവീകം എന്നൊക്കെയേ ആ അവസ്ഥയെ വിശേഷിപ്പിക്കാൻ പറ്റൂ..ഒരു വലിയ പെയിന്റിംഗിന്റെ ഭാഗമായതു പോലെ സുന്ദരമായ ഒരു അനുഭവം..
ഇതാ ഡോമിന്റെ ഉൾഭാഗം ക്യാമറയിൽ പകർത്താൻ ശ്രമിച്ചത്. ഇതിന്റെ ശരിക്കുമുള ഭംഗിയോടു ഒരു രീതിയിലും നീതി പുലർത്താൽ ഈ ചിത്രത്തിനു കഴിഞ്ഞിട്ടില്ല.. എനനലും ഒരു ഏതാണ്ട് ഒരു ഐഡിയ കിട്ടാൻ സഹായിച്ചേക്കാം.



പിന്നെ എടുത്തു പറയാനുള്ളത് ബസിലിക്കയുടെ ഭിത്തിയിൽ അങ്ങോളമിങ്ങോളം കാണപ്പെടുന്ന മാലാഖമാരുടെ രൂപങ്ങളാണ്‌ .. താഴെ നിന്നു നോക്കുമ്പോൽ തീരെ ചെറിയ പെയിന്റിംഗ് ആയി തോന്നിയെങ്കിലും ശരിക്കും അടുത്തു കാണുമ്പോൾ അതു നല്ല വലുപ്പമുള്ള മൊസൈക് ചിത്രങ്ങളാണ്‌ എന്നു ഡോമിൽ നിന്നു നോക്കിയാലേ മനസിലാവൂ..ദാ അതിലൊരു മാലാഖ..
ഡോമിൽ നിന്നു പിന്നെയും മുകളിലെക്കു കയറിയാൽ ബസിലികയുടെ ടെറസിലെത്താം.. സെന്റ് പീറ്റേർസ് സ്ക്വയറിനെ ഒന്നു മുഴുവനായി കാണണമെങ്കിൽ ഇവിടെ നിന്നു നോക്കിയാലേ പറ്റൂ.. വത്തിക്കാൻ ഗാർഡൻസും ടൈബർ നദിയും എന്തിനു റോമാ നഗരം മുഴുവനും നീണ്ടു നിവർന്നൊഴുകുന്ന ടൈബർ നദിയും ഒക്കെ കാണാൻ ഈ ടെറസിലൂടെ ഒന്നു ചുറ്റി വന്നാൽ മതി..

ബസിലിക്കയോട് വിട പറഞ്ഞ് ഞങ്ങൾ നേരെ സ്പാനിഷ് സ്റ്റെപ്സിലേക്കു വിട്ടു.. പേരു കേൾക്കുമ്പോൾ സംഭവം സ്പെയിനിലാണെന്നു തോന്നുമെങ്കിലും, അല്ല റോമിൽ തന്നെയാണ്‌.. പെട്ടെന്നു കാണുമ്പോൾ യാതൊരു പ്രത്യേകതയും തോന്നില്ല.. മുകളിലെ പള്ളിയിലേക്കുള്ള സ്റ്റെപ്പുകൾ അത്ര തന്നെ. പക്ഷെ യൂറോപ്പിലെ ഏറ്റവും നീളവും വീതിയുമുള്ള സ്റ്റെപ്പുകളാണത്രേ.. മാത്രമല്ല.. സ്റ്റെപ്പുകൾ തുടങ്ങുന്നത്‌ പിയാസാ സ്പാന (piazza spagna)-യിൽ നിന്നാണ്‌ . ബെർനിനിയും മകനും തീർത്ത ഗംഭീരമായ ഒരു ഫൌണ്ടൈൻ ഉണ്ട് ഈ പിയാസയിൽ. വിശാലമായ സ്റ്റെപ്പുകളിൽ വെറുതെയിരുന്ന്‌ ഭംഗിയാസ്വദിക്കുന്ന ജനക്കൂടം ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്‌. മേയ് മാസത്തിലാണ്‌ ഈ സ്റ്റെപ്പുകൾ ഏറ്റവും സുന്ദരമാകുനത്‌.. പടികളിൽ നിറയെ അസെലിയസ് (azeleas) പൂക്കൾ വിരിയും. ദാ നോക്ക്‌.. പറയാൻ മറന്നു.. ഇവിടെവിടെയൊ ഒരു സ്പാനിഷ് അംബാസിഡർ താമസിച്ചതു കൊണ്ടാണത്രേ ഇതിനു സ്പാനിഷ് സ്റ്റെപ്സ് എന്നു പേരു വന്നത്‌..

സൈഡിലുള്ള ആ മഞ്ഞ കെട്ടിടം കണ്ടോ.. അതിലൊരു വീട്ടിലാണ്‌ പ്രസിദ്ധ കവി ജോൺ കീറ്റ്സ് ജീവിച്ചതു മരിച്ചതും.. ഇപ്പോൾ അത്‌ ഒരു മ്യൂസിയം ആയി കണ്‌വേർട്ട്ചെയ്തിരിക്കുകയാണ്‌.


ദാ താഴെ പിയാസയിലെ ഫൌണ്ടൈൻ.. ടൈബർ നദിയിൽ പണ്ടുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ ഒരു മീൻപിടിത്തബോട്ട് കൃത്യം ഈ സ്ഥലത്താണത്രേ അടിഞ്ഞത്. മുങ്ങുന്ന ബോട്ടിന്റെ ഷേപ്പാണ്‌ ഈ ഫൌണ്ടൈനും.

ഇവിടെ നിന്ന്‌ അഞ്ചു മിനിട്ട് നടന്നാൽ ട്രെവി ഫൌണ്ടൈൻൽ എത്തും. ഫോണ്ടൈനുകൾടെ നാടായ റോമിലെ ഏറ്റവും മനോഹരമായ ഫൌണ്ടൈൻ!!ചുമലിനു മുകളിലൂടെ ഈ വെള്ളത്തിലേക്കു കോയിൻ എറിഞ്ഞാൽ അയാൾ റോമിൽ തിരിച്ചെത്തുമത്രേ.. എന്തായാലും ഞങ്ങൾ മൂന്നു പേരും കയ്യിലുള്ളതിൽ വച്ചു ഏറ്റവും കുറഞ്ഞ വാല്യൂ ഉള്ള കോയിനെറിഞ്ഞു.. ഇനി എങ്ങാനും അതു സത്യമായെങ്കിലോ..
ദിവസം മുഴുവൻ കണ്ടു കൊണ്ടിരിക്കാം ഈ ഫൌണ്ടൈനും അതിലെ ശില്പ്പങ്ങളും.. അതിനായി തന്നെ ഇതിനു ചുറ്റും വട്ടത്തിൽ സ്റ്റെപ്പുകൾ കെട്ടിയിട്ടുണ്ട്-ഇരിക്കാൻ.. സാമാന്യം നല്ല ജനക്കൂട്ടവും. ഭംഗിയാണോ വലിപ്പമാണോ അതോ പെർഫക്ഷനാണോ മുന്നിട്ടു നില്ക്കുന്നതെന്നു പറയാൻ പറ്റില്ല.. അത്ര ഗംഭീരം.


ഇതാ നോക്ക്.. സമുദ്ര ദേവനായ നെപ്ട്യൂൺ ആണത്രേ നടുക്കുള്ളത്‌.. രണ്ടു കുതിരകളെ കണ്ടില്ലേ..അ തിലൊന്നു ശാന്തനും മറ്റേതു വികൃതിയും.. സമുദ്രത്തിന്റെ ഫ്ളക്ച്വേറ്റ് ചെയ്യുന്ന സ്വഭാവമാണത്രെ അതു സൂചിപ്പിക്കുന്നത്. ഇങ്ങനെ ഈ ഫൌണ്ടൈൻ-ലെ ഓരോ സംഭവത്തിനും ഓരോ അർത്ഥമുണ്ട്..
(ട്രെവി ഫൌണ്ടൈൻ മുഴുവൻ കവർ ചെയ്യാൻ എന്റെ ക്യാമറ പോര.. ബാക്കിയൊക്കെ നിങ്ങൾ ഇമാജിനേഷൻ വെച്ച് കംപ്ളീറ്റ് ചെയ്തോളൂ :-)) )

ഇനി പാൻതിയോൺ (Pantheon). പുരാതന റോമാക്കാരുടെ ‘എല്ലാ ദൈവങ്ങൾക്കും വേണ്ടിയുള്ള ടെംപിൾ’( Temple of every gods). കാണുമ്പോൾ വല്യ ഒരു കോൺക്രീറ്റ് കെട്ടിടം പോലെ തോന്നുമെങ്കിലും ഇതു അത്ര നിസാരമല്ല .. ഇതിന്റെ ഡോം ഉണ്ടല്ലോ. ഇന്നു വരെ ഒരറ്റകുറ്റപണികളും നടത്തേണ്ടി വന്നിട്ടില്ലാതെ കോൺക്രീറ്റ് മകുടങ്ങളിൽ (Domes ) ലോകത്തിലെ ഏറ്റവും വലുതാണിത്‌ . 2000 വർഷങ്ങൾ പഴക്കമുണ്ടിതിന്‌.. എന്നിട്ടും!!!

ദാ ആ ഭയങ്കരൻ ഡോമിന്റെ ഒരു വശം.. ഇതിന്റെ ഒത്ത നടുക്ക് ഒരു ഓപണിംഗ് ആണ്‌ അതിലൂടെ സൂര്യപ്രകാശം ടെംപിളിനുള്ളിലെക്കു വീഴും.. ഏതാണ്ട് നമ്മുടെ നടുമുറ്റം പോലെ ഒരു ഫീലിംഗ് ആണ്‌..


ഇനി പിയാസാ നവോനയിലെക്ക് (Piazza Navona) മൂന്നു ഫൌണ്ടൈനുകളാണ്‌ ഈ പിയാസയിൽ. അതിൽ ഏറ്റവും വലുതും പ്രധാനവുമാണ്‌ ‘നാലു നദികളുടെ ഫൌണ്ടൈൻ’ (Fontana dei Quattro Fiumi. ലോകത്തിലെ നാലു നദികലെ പ്രതിനിധീകരിക്കുന്ന നാലു രൂപങ്ങളുണ്ടിതില്‌. നൈൽ,ഡാന്യൂബ്,റിയോ ഡെല്ല പ്ളാറ്റാ, ഗംഗ.. അതെ നമ്മുടെ സ്വന്തം ഗംഗയും അതിലൊന്നാണ്‌!!.




ദാ ഈ രൂപമാണ്‌ ഗംഗയെ പ്രതിനിധീകരിക്കുന്നത്
ഇതും ആ പിയാസയിലെ മറ്റൊരു ഫൌണ്ടൈനാണ്‌


ദാ മോളിലത്തെ സംഭവത്തിലെ ഒരു കുഞ്ഞു സെക്ഷന്റെ കോസ്-അപ്. എന്തുമാത്രം ശ്രദ്ധിച്ചാണ്‌ ഓരോ ഡീറ്റെയിൽസും ചെയ്തിരിക്കുന്നതെന്നു കണ്ടോ..
ഇനി റോമിന്റെ മറ്റൊരു മുഖം കാണാനാണ്‌ ഞങ്ങളുടെ യാത്ര. ഏതു മനോഹര നഗരത്തിനും ഒരു ഇരുണ്ട ഭാഗമുണ്ടാവും.. റോമിന്റെ അത്തരമൊരു ഭാവം കണ്ടു പിടിക്കാനുള്ള ശ്രമം അവസാനിച്ചത്‌ കാറ്റെകോംബുകളിലാണ്‌(catacomb- ഭൂഗർഭ ഇടനാഴികലും അറകളും..പ്രധാനമായും ഇവ ഉപയോഗിക്കുന്നത്‌ ശവങ്ങൾ മറവു ചെയ്യാനാണ്‌.. ഇതു റോമിൽ മാത്രമുള്ള പ്രത്യേകതയല്ല.. ഒട്ടു മിക്ക യൂറോപ്യൻ നഗരങ്ങളിലുമുണ്ട്.. അങ്ങനെ ഞങ്ങൾ കപ്പൂച്ചിൻ ബോൺ ചാപലിലെത്തി.. ഒരു സാധാരണ പള്ളി.. ഒരു യൂറോ ഡൊണേഷൻ കൊടുത്താൽ അവർ പള്ളിക്കടിയിലുള്ള അറയിലെക്ക്‌ കയറ്റിവിടും.. പിന്നെ നമ്മൾ മറ്റൊരു ലോകത്താണ്‌.. കേവലം അഞ്ചോ ആറോ റൂമുകളേയുള്ളൂ അവിടെ കാണാൻ. പക്ഷെ കണ്ട്‌ തിരിച്ചെത്തുമ്പോഴെക്കും ഒരു യുഗം കഴിഞ്ഞ പോലെ തോന്നും. ദാ അവിടെ ഏതോ ഭാഷയിൽ ഇങ്ങനെ കുറിച്ചു വച്ചിട്ടുണ്ടത്രേ..

What you are now, we once were; what we are now, you shall be

ഇനി താഴെയുള്ള പടങ്ങളിലൂടെ ഒന്നു കണ്ണോടിക്കൂ...

(രണ്ടും http://en.wikipedia.org/wiki/Santa_Maria_della_Concezione_dei_Cappuccini ഇവിടുന്നെടുത്തതണ്‌..ഇവിടെ ഫോടോഗ്രാഫി സമ്മതിക്കില്ല.. ഇനി സമ്മതിച്ചാൽ തന്നെ ഞാനവിടെ നിന്നു ഫോക്കസും ശരിയാക്കി ഫോടോയെടുക്കുംന്നു വിചാരിച്ചോ... നടന്നതു തന്നെ..)


മനുഷ്യന്റെ എല്ലും പല്ലും തലയോട്ടിയുമൊക്കെയെടുത്ത് അലങ്കരിച്ച വച്ചിരിക്കുന്നതു കണ്ടാൽ ചങ്കു പറിഞ്ഞു വയറ്റിൽ കിടക്കും.. ചുമരിലെ അലങ്കാരങ്ങൾ തൂക്കു വിളക്കുകൾ എന്നു വേണ്ട നോക്കുന്നിടത്തെല്ലാം ഇതു തന്നെ പല പാറ്റേണിൽ..ഹെന്റമ്മോ അതൊരു ഒടുക്കത്തെ അനുഭവമായിരുന്നു.. ഈ സ്ഥലം എന്റെ സജഷനായിരുന്നിട്ടും കൊണ്ടു സഹയാത്രികർ എന്നെ തല്ലിക്കൊല്ലാതിരുന്നത്‌ ഈ എല്ലും പല്ലും ഒക്കെ കണ്ട പേടി കൊണ്ടു മാത്രമായിരുന്നൂന്നു തോന്നുന്നു..

എന്തായാലും ഇതോടെ ഞങ്ങളുടെ റോമാപര്യടനത്തിനു തിരശീല വീഴുകയാണ്‌. പക്ഷെ വെയ്റ്റ്‌,... ഇറ്റലി എന്നു വച്ചാൽ റോം മാത്രമല്ലല്ലോ.. അടുത്ത പോസ്റ്റു മുതൽ ഇറ്റലിയിൽ ഞങ്ങൾ പോയ മറ്റു സ്ഥലങ്ങളെ ഈ ബ്ളോഗിൽ ഞാൻ വിവരിച്ചു വിവരിച്ചു ഒരു പരുവമാക്കുന്നതായിരിക്കും. ജാഗ്രതൈ..

(സ്പെല്ലിംഗ് മിസ്റ്റെക്കിന്റെ ഒരു സൂപർമാർക്കറ്റാണ്‌ ഈ പോസ്റ്റെന്നറിയാം.. ഇതൊക്കെ തിരുത്തണമെങ്കിൽ ആളെ കൂലിക്കെടുക്കേണ്ടി വരും.. അതിനുള്ള് കപാസിറ്റിയില്ലാത്തോണ്ട് എല്ലാരും ക്ഷമി...)

Sunday, June 27, 2010

ഇറ്റാലിയൻ വിശേഷങ്ങൾ -റോം...

റോമിൽ ആദ്യം എങ്ങോട്ടേക്കു പോവണം എന്നകാര്യത്തിൽ ഞങ്ങൾക്ക് ഒരു സംശയവുമില്ലായിരുന്നു..ലോകാദ്ഭുതങ്ങളിലൊന്നായ കൊളോസിയം ..അതു കഴിഞ്ഞേയുള്ളൂ ബാക്കിയെന്തും.ഒരു പിത്സേരിയയിൽ (pizzaria- എന്നു വച്ചാൽ പിത്സ വില്ക്കുന്ന സ്ഥലം. ഇറ്റലീൽ ഏറ്റവും കൂടുതൽ കണ്ടു വരൂന സാധനം പിസ ആണെന്ന് എല്ലാർക്കും അറിയാമായിരിക്കുമല്ലോ.) നിന്നോരോ പിത്സയും വാങ്ങി ചുരുട്ടിപ്പിടിച്ചു ഞങ്ങൾ മെട്രൊയിൽ കയറി പറ്റി.മെട്രോയിൽ കയറിയപ്പോഴേ ആകെയൊരു ഇന്ത്യാ ഫീലിംഗ്. നല്ല തിരക്ക്.. എല്ലാരും നോക്കി ചിരിച്ചു കാണിക്കുന്നു..ഗ്രീറ്റ് ചെയ്യുന്നു.. നമ്മടെ സ്വന്തം നാട്ടിലെത്തിയതു പോലെ. ഇംഗ്ളണ്ടിലെയും ഫ്രാൻസിലെയും ക്രൌഡിനെ പോലെ ശ്വാസം മുട്ടിക്കുന്ന ഫോർമാലിറ്റിയില്ല ഇവർക്ക്‌. മറിച്ച്‌ വളരെ വെൽകമിംഗ് ആയ ആളുകൾ.. ഒന്നു ശരിക്കും കാണുന്നതിനു മുൻപു തന്നെ ഞാൻ റോമിനെ ഇഷ്ടപെട്ടു പോവാൻ ഇതും ഒരു കാരണമായിരുന്നു.

കൊളോസോ മെട്രൊ സ്റ്റേഷനിലിറങ്ങി ഞങ്ങൾ പുറത്തേക്കു നടന്നു. ഇനി കൊളോസിയം കണ്ടു പിടിക്കണം. ഇത്രേം വല്യ സംഭവമല്ലേ..കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല..പിന്നെ പോരാത്തതിനു വായിൽ നാക്കല്ലേ കിടക്കുന്നത്.. വഴി ചോദിച്ചു ചോദിച്ചങ്ങു പോവാം എന്നൊക്കെ വിചാരിച്ചു പുറത്തിറങ്ങീതാണ്‌.. ഒന്നേ നോക്കിയുള്ളൂ.. ശ്വാസം നിന്നു പോയീന്നു പറഞ്ഞാൽ മതിയല്ലോ.. അവിടെ റോഡിനപ്പുറത്തു നീണ്ടു നിവർന്നു നില്ക്കുന്നു.. സാക്ഷാൽ കൊളോസിയം!! കാലത്തെ അതിജീവിച്ചു നില്ക്കുന്ന റോമാക്കാരുടെ വാസ്തുവൈദഗ്ദ്യത്തിന്റെ തെളിവെന്നോ കാലത്തിനു മായ്ക്കാനാവാത്ത ക്രൂരതകളുടെ ഓർമ്മപെടുത്തലെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ആ ലോകാത്ഭുതം!!


ഇതു കൊളോസിയത്തിന്റെ നൈറ്റ് വ്യൂ..


ഇനി അല്പം ചരിത്രം പറയാം.റോമാ നഗരം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ചു എന്നു ദുഷ്പേരു കേട്ട നീറോ ചക്രവർത്തിയെ ഓർമ്മയില്ലേ.സുഖലോലുപനായ നീറോ ആ അഗ്നിബാധയ്ക്കു ശേഷം ഒന്നു റിലാക്സ് ചെയ്യാനാട്ട്‌ റോമിന്റെ ഹൃദയഭാഗത്ത് ഒരു സുഖവാസമന്ദിരം തീർത്തുവത്രേ..ഗോൾഡൻ ഹൌസ്. അതു കഴിഞ്ഞ്‌ ഏകദേശം നാലു വർഷം കഴിഞ്ഞപ്പോൾ, അതായത്‌ A.D 68-ൽ പട്ടാളാക്രമണവും ജനകീയമുന്നേറ്റവും ഒന്നും താങ്ങാനാവാതെ നീറോ ആത്മഹത്യ ചെയ്തു. അതിനു ശേഷം വന്ന ഭരണാധികാരി വെസ്പാവിയസ് തന്റെ ശക്തി തെളിയിക്കാനും നീറോയോടുള്ള വെല്ലുവിളിയാട്ടും ഒരു ആംഫിതീയേറ്റർ പണി കഴിപ്പിക്കാൻ തീരുമാനിച്ചു. നീറോയുടെ ഗോൾഡൻ ഹൌസിന്നു തൊട്ടു മുന്നിൽ അതിനെ നിഷ്പ്രഭമാക്കി കൊണ്ട് തലയുയർത്തി നില്ക്കുന്ന ഒരു വിജയപ്രതീകം.. തന്റെ കുടുംബപേരു വച്ച് ഫ്ളാവിയൻ ആംഫിതീയേറ്റർ എന്നു പേരിട്ട ആ സ്മാരകം പക്ഷെ വെസ്പാവിയസിന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചു. അതിന്റെ അരികത്തുണ്ടായിരുന്ന നീറോയുടെ ഒരു വലിയ ചെമ്പു പ്രതിമ (കോളോസസ്)-യുടെ പേരിൽ ആ സ്മാരകം അറിയപ്പെട്ടു തുടങ്ങുകയും അവസാനം കോളോസിയം എന്ന പേരിൽ ലോകപ്രശസ്തമാവുകയും ചെയ്തു. പിന്നീട് ആ പ്രതിമ നശിപ്പിക്കപ്പെട്ടുവെങ്കിലും ആ പേര്‌ അതു പോലെ തന്നെ നിലനിന്നു. അങ്ങനെ മനപൂർവമല്ലെങ്കിലും ആ വെല്ലുവിളിയിൽ ആത്യന്തികമായി നീറോ തന്നെ വിജയിച്ചു എന്നു പറയാം.

70 AD യിൽ വെസ്പാവിയസ് തുടങ്ങി വച്ച നിർമ്മാണം 80 AD-യിൽ ടിറ്റസ് ആണു പൂർത്തിയാക്കിയത്. ഒരേ സമയം 50000 കാഴ്ചക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന കൊളോസിയം പ്രധാനമായും പൊതുപ്രദർശങ്ങൾക്കായിട്ടാണ്‌ ഉപയോഗിച്ചിരുന്നത്‌.സമൂഹത്തിനെ നിലയനുസരിച്ച്‌ ഓരോരുത്തർക്കും പ്രത്യെകം ഇരിപ്പിടവിഭാഗങ്ങളുണ്ടായിരുന്നു.



കൊളോസിയത്തിനുള്ളിലേക്കു കയറിയാൽ ആദ്യം തന്നെ ശ്രദ്ധയിൽ പെടുന്നത് ഭീമാകാരമായ തൂണുകളാണ്‌. പിന്നെ പഴമയുടെ മണവും തണുപ്പും വന്നു നിറയുന്ന ഇടനാഴികൾ.. വർഷങ്ങളുടേ കാല്പരുമാറ്റം കൊണ്ട്‌ മിനുസമായി തിളങ്ങുന്ന സ്റ്റെപ്പുകൾ.. കൊളോസിയത്തിന്റെ ചരിത്രം ഒന്നുമറിയാത്തവർക്കു പോലും ഇവിടെന്തൊക്കെയോ അരുതാത്തതു സംഭവിച്ചിട്ടുണ്ട്‌ എന്ന ഭയമുണർത്തുന്ന ഒരു തരം മങ്ങിയ അന്തരീക്ഷം.


ജനങ്ങളെ രസിപ്പിക്കാൻ വേണ്ടിയുള്ള (?) പോരാട്ട മത്സരങ്ങൾ, പൊതുശിക്ഷകൾ, മൃഗങ്ങളുമായുള്ള പോരാട്ടങ്ങൾ തുടങ്ങിയ ക്രൂരമായ രക്തച്ചൊരിച്ചിലുകൾക്കു സാക്ഷ്യം വഹിച്ച ഈ വേദി ഏറ്റവും പ്രശസ്തമായതു ഗ്ളാഡിയേറ്ററുകളിലൂടെയാണ്‌. പ്രൊഫണൽ ഫൈറ്റേഴ്സായാ ഗ്ളാഡിയേറ്റർമാർക്ക് തങ്ങലുടെ കഴിവു തെളിയിക്കാനുള്ള വേദിയായിരുന്നു കൊളൊസിയത്തിലെ അറീന. പലരും മൃഗങ്ങളോടും മറ്റു പോരാളികളോടും പോരാടി മരണം വരിച്ചു..കാഴ്ചക്കാർ ഈ ക്രൂരതയെ ആർത്തു വിളിച്ചു പ്രോത്സാഹിപ്പിച്ചിരുന്നു പോലും. ഇതു കണ്ടോ.. ഇതാണ്‌ ആ വേദിയുടെ ബാക്കിപത്രം.. അതിന്റെ തറ പൂർണ്ണമായും നശിച്ചു. വേദിക്കു താഴെയുണ്ടായിരുന്ന ഇടനാഴികളിലൂടെയാണ്‌ പോരാട്ടത്തിനായുള്ള ഗങ്ങളെയും കുറ്റവാളികളെയും മറ്റും കൊണ്ടു വന്നിരുന്നത്. ആ ഇടനാഴികളുടെ ഭിത്തികൾ മാത്രമേ ഇപ്പോൾ ബാക്കിയുള്ളൂ.


ഇതാ അഭിനവ ഗ്ളാഡിയേറ്റർമാർ.. കൊളോസിയത്തിന്റെ ചുറ്റുപാടും ഇവരെ കാണാം. പോരാട്ടമല്ല , ഫോട്ടോയ്ക്കു പോസ് ചെയ്യലാണ്‌ ഇവർടെ ലക്ഷ്യമെന്നേയുള്ളൂ


കാലക്രമേണ ഒരു പ്രദർശനസ്ഥലം എന്ന നിലയിലുള്ള കൊളോസിയത്തിന്റെ പ്രശസ്തി കുറഞ്ഞു വന്നു.ഭൂമികുലുക്കങ്ങളും അവഗണനയും അതിനു ഒരു പരിധി വരെ പരിക്കേല്പ്പിച്ചു. പിന്നീട് കല്ലെടുക്കാനുള്ള ഒരു ക്വാറിയായും ഉപയോഗിക്കപ്പെട്ടു വന്നു. പതുക്കെ പതുക്കെ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിൽ പെട്ടതും ഒരു പാടു കൃസ്ത്യൻ പോരാളികൾ അവിടെ രക്തസാക്ഷിത്വം വഹിച്ചിട്ടുണ്ടെന്നതു കൊണ്ട് പോപ്പ് പ്രത്യേക പരിഗണന കൊടുത്തതും ഒക്കെ കൊണ്ട് കൊളോസിയത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ കേടുകൂടാതെ അവശേഷിച്ചു. കൃസ്റ്റ്യാനിറ്റിയുടെ ഇട പെടലിന്റെ ഭാഗമായി കുരിശു രൂപങ്ങളിപ്പോഴും കാണാം കൊളോസിയത്തിൽ. അതു കൂടാതെ ദുഖവെള്ളിയാഴ്ച പോപ്പ് നട്ത്തുന്ന കുരിശിന്റെ വഴിയിൽ കൊളോസിയവും ഒരു ഭാഗമാണത്രേ..

കൊളോസിയം സ്ഥിതി ചെയ്യുന്നത് റോമൻ ഫോറത്തിലാണ്‌ പുരാതന റോമിന്റെ രാഷ്ട്രീയ-സാമ്പത്തിക സിരാകേന്ദ്രമായിരുന്നു റോമൻ ഫോറം. ഇതാ റോമൻ ഫോറത്തിന്റെ ഇന്നത്തെ ചിത്രം..



കൊളോസിയത്തിനു വളരെ അടുത്താണ്‌ പാലറ്റിൻ ഹിൽ.ഇതിനു രണ്ടിനുമിടയ്ക്ക്‌ അതിമനോഹരമായ കോൺസ്റ്റന്റൈൻ ആർച്ച് കാണാം. റോമൻ കലാവൈദഗ്ദ്യത്തിന്റെ തെളിവാണ്‌ ഈ യുദ്ധവിജയ സ്മാരകം.

പാലറ്റിൻ ഹിൽ. റോമൻ സംസ്കാരത്തിന്റെ ഏറ്റവും പുരാതാനമായ അവശിഷ്ടങ്ങൾ ചിതറികിടക്കുന്ന സ്ഥലങ്ങളിലൊന്ന്. തകർന്നടിഞ്ഞ കെട്ടിടങ്ങളുടെയും റോമൻ ടെമ്പിളുകളുടെയും മാർക്കറ്റുകളുടെയും അവശിഷ്ടങ്ങൾ ഇവിടെ കാണാം. ദാ അവയിൽ ചിലത്..


ഈ പാലറ്റിൻ ഹില്ലിൽ എന്നെ ഏറ്റവുമധികം ആകർഷിച്ചതെന്താണെന്നോ. ഇതിന്റെ മുകളിലാണ്‌ നീറോയുടെ ഗോൾഡൻ ഹൌസ്‌ നില കൊണ്ടിരുന്നത്‌ പോലും. ആ കെട്ടിടത്തിന്റെ അവശിഷടങ്ങൾ (എന്നു വിശ്വസിക്കപ്പെടുന്ന) ഇവിടെ എക്സ്കവേറ്റു ചെയ്തു വച്ചിട്ടുണ്ട്. ദാ ഈ ഫോടോ കൃത്യം ആ സ്ഥലത്തു നിന്നെടുതതാണ്‌. ഒരു പക്ഷെ നീറോ ജീവിച്ചിരിക്കുകയായിരുന്നെങ്കിൽ ഇതാവും എല്ലാ ദിവസവും നീറോ കണി കാണുക. ഒരു പരാജയത്തിന്റെ കയ്പ്പു നിറഞ്ഞ ഓർമ്മ!!

ഇനി കുറച്ചു യൂസ്ഫുൾ ഇൻഫോ..


*കൊളോസിയം പാലറ്റിൻ ഹിൽ,റോമൻ ഫോറം എന്നീ മൂന്നു സ്ഥലങ്ങൾക്കും കൂടി ഒരേ ടിക്കറ്റാണ്‌. സാധാരണ ദിവസങ്ങളിൽ അതു 11 പൌണ്ട് ആണ്‌. ഞങ്ങൾ പോയ ദിവസം മേയ് ഡേ ആയതു കൊണ്ടോ എന്തോ ഒരു പൌണ്ടേ ചാർജ് ചെയ്തുള്ളൂ (:-)))) )


*കൊളോസിയത്തിനു മുന്നിലെ ടിക്കറ്റ് ക്യൂ കണ്ടാൽ ജീവിതം മടുത്തു പോവും. അതു വിട്ടു കുറച്ചൂടെ മുന്നോട്ടു നടന്നാൽ പാലറ്റീൻ ഹില്ലിലും ടിക്കറ്റ് കൌണ്ടർ ഉണ്ട്. അവിടെ തീരെ ചെറിയ ക്യൂവേ ഉണ്ടാവാറുള്ളൂ..


* കൊളോസിയത്തിലെക്കു നാഷണൽ ജ്യാഗ്രഫിക് ചാനൽ പോലുള്ള ചില കമ്പനികൾ എല്ലാ ദിവസവും ഫ്രീ ടൂർ ഓപറേറ്റ് ചെയ്യാറുണ്ട്. അതിന്റെ സമയം നോക്കി പോയാൽ ടൂർ ഗൈഡിന്റെ കാശു ലാഭിക്കാം..


* കഴിവതും വൈകുന്നേരങ്ങളിൽ ഇവിടം വിസിറ്റ് ചെയ്യാൻ ശ്രമിക്കുക .വൈകിട്ടത്തെ സ്വർണപ്രകാശത്തിൽ കൊളോസിയം അതി മനോഹരമാണ്‌.. അവിടുന്നു വരാനേ തോന്നില്ല.. ഞാൻ ഗ്യാരന്റി :-).


അപ്പോൾ ശരി. ബാക്കി റോമൻ വിശേഷങ്ങളുമായി ഞാൻ അടുത്തു തന്നെ തിരികെ വരുന്നതാണ്‌. അതിനുള്ളിൽ ഈ പോസ്റ്റ് മുഴുവൻ വായിക്കാൻ ശ്രമിക്കുക. അടുത്ത പോസ്റ്റിൽ പരീക്ഷ ഉണ്ടാവുന്നതാണ്‌..

സന്ധ്യ മയങ്ങിയാൽ കൊളോസിയം അതിസുന്ദരമാണെന്നതിന്റെ തെളിവായി ഒരു നൈറ്റ് വ്യൂ കൂടി ചേർത്തിട്ടുണ്ട്. ഈ ഫോടോ എനിക്കയച്ചു തന്ന റോബിൻസൺ എന്ന സുഹൃത്തിന്‌ ഒരു പാടു നന്ദി..

Tuesday, May 25, 2010

ഇറ്റാലിയൻ വിശേഷങ്ങൾ..(2)

വിമാനത്തിൽ കയറി രണ്ടു ജ്യൂസ്‌ കുടിച്ചു കഴിഞ്ഞപ്പോഴേക്കും ലാൻഡിംഗ്‌ അനൗൺസ്മന്റ്‌ വന്നു. ഇറ്റലിയിലെ മിലൻ എയർപോർട്ടിലെക്ക്‌ ഉടനെ തന്നെ ലാൻഡ്‌ ചെയ്യുമത്രേ.. ഞാൻ എത്തി വലിഞ്ഞു വിൻഡോയിലൂടെ നോക്കി.. ഇറ്റലിയുടെ വിശ്വപ്രസിദ്ധമായ ആ രൂപമുണ്ടല്ലോ- മെഡിറ്ററേനിയൻ സീയിലേക്കു ചവിട്ടി നിൽക്കുന്ന ഒരു ബൂട്ടിന്റെ രൂപം- അതിന്റെ വല്ല അറ്റവും വാലുമൊക്കെ കാണുമോന്നറിയാൻ.. പക്ഷെ കാര്യമായൊന്നും തടഞ്ഞില്ല.. ചിലപ്പോൾ കുറച്ചു കൂടി മുകളിൽ നിന്നു നോക്കണമായിരുന്നിരിക്കും. എന്തായാലും ദാ ഇറ്റലീടെ പടം താഴെ. ഞാൻ എടുത്തതൊന്നുമല്ല കേട്ടോ..


മിലനിൽ വിമാനമിറങ്ങിയതും ആകെയൊരു സന്തോഷം.. അങ്ങനെ ഞങ്ങൾ ആദ്യമായി ഇറ്റാലിയൻ മണ്ണിൽ കാലു കുത്തിയിരിക്കുകയാണ്‌. പക്ഷെ ഇവിടങ്ങനെ അധികനേരം സന്തോഷിച്ചു നിൽക്കാൻ പറ്റില്ല.. റോമിലേക്കുള്ള കണക്ടിംഗ്‌ ഫ്ളൈറ്റ്‌ അതിന്റെ പാട്ടിനു പോകും. ബാക്കി സന്തോഷപ്രകടനമൊക്കെ റോമിലെത്തിക്കഴിഞ്ഞിട്ടാവാമെന്ന്‌ തീരുമാനിച്ച്‌ ഞങ്ങൾ വേഗം തന്നെ അടുത്ത ഫ്ളൈറ്റിനുള്ളിൽ കയറി പറ്റി.ഒന്നിരുന്നു ലെവലായ പാടെ എയർഹോസ്റ്റസ്‌ ചേച്ചി ദാ ജ്യൂസും കൊണ്ടു വരുന്നു. കഴിഞ്ഞ വിമാനത്തിൽ വച്ചു കഴിച്ചു മതിയായ പൈനാപ്പിൾ ജ്യൂസിനെ മാറ്റി ഇത്തവണ ഓറഞ്ച്‌ ജ്യൂസ്‌ ഓർഡർ ചെയ്തു. ദാ വരുന്നു കഫ്സിറപ്പിന്റെ മാതിരി ചുവപ്പു കളറിലുള്ള ഒരു പാനീയം. അയ്യോ സാധനം മറിപ്പോയി ചേച്ചീ എന്നു പറയാൻ നാവെടുത്തതാണ്‌.. അപ്പോഴാണ്‌ തലചോറിൽ ഒരു ട്യൂബ്‌ലൈറ്റ്‌ ഓണായത്‌.. ദൈവമേ ഇത്‌ ഇത്‌.. ഇതല്ലേ അത്‌.. യൂറോപ്പിന്റെ -പ്രത്യേകിച്ചും ഇറ്റലി,സ്പെയിൻ എന്നിവിടങ്ങളിലെ- സ്പെഷ്യാലിറ്റിയായ ബ്ളഡ്‌ റെഡ്‌ ഓറഞ്ച്‌!! പണ്ടേതോ പാചകബ്ളോഗിൽ ഇതിനെ കണ്ടു കൊതി വിട്ടു നിന്നതാണ്‌.അതിതാ ജീവനോടെ മുന്നിൽ.. ഒരു ഗ്ളാസ്‌ ജ്യൂസും കൂടി മേടിച്ചു കുടിച്ചു.. ടേസ്റ്റൊക്കെ ഏതാണ്ട്‌ സാധാരണ ഓറഞ്ചിന്റേതൊക്കെ തന്നെ. എന്നാലും ഇനിയെപ്പോഴാ ഈ ചാൻസ്‌ കിട്ടുന്നതെന്നറിയില്ലല്ലോ.. ദാ നിങ്ങൾടേയും വിജ്ഞാനം വർദ്ധിപ്പിക്കാനായി അതിന്റെ പടം .

Image Courtesyhttp://timeinthekitchen.com

റോമിൽ നിലം തൊട്ടതും ആദ്യം ചെയ്തത്‌ വാച്ചിലെ സമയം ഒരു മണിക്കൂർ മുന്നോട്ടാക്കുകയാണ്‌. വെറുതെയൊന്നുമല്ല..ഇവിടെ ടൈംസോൺ GMT+1 ആണ്‌.. അതുകൊണ്ടന്താ.. ഒരു മുഴുവൻ മണിക്കൂർ സമയം ആർക്കും ഉപകാരമില്ലാതെ ഒറ്റയടിക്കു പോയിക്കിട്ടി (ഈ ടൈംസോൺ കണ്ടു പിടിച്ചവനെ ഭൂമദ്ധ്യരേഖക്കു ചുറ്റും പത്തു പ്രാവശ്യം ഓടിക്കണം..ഹല്ല പിന്നെ..). എയർപോർട്ടിൽ നിന്നും നേരെ റെയിൽവേസ്റ്റേഷനിലേക്ക്‌..പറയാൻ മറന്നു..റോമിൽ രണ്ടു എയർപ്പോർട്ടുകളുണ്ട്‌ കേട്ടോ.. -Fiumicino-യും Campino-യും (ഇതെങ്ങനെയാണ്‌ ഉച്ചരിക്കുകയെന്നു സത്യമായും എനിക്കറിയില്ല..). ഇതിൽ ആദ്യത്തേതിന്‌ ലിയനാർഡോ ഡാവിഞ്ചി എയർപോർട്ടെന്നും പേരുണ്ട്‌. അവിടെയാണ്‌ വിമാനം ഞങ്ങളെ കൊണ്ടു ചാടിച്ചിരിക്കുന്നത്‌. ഈ രണ്ട്‌ എയർപോർട്ടുകളും നഗരമധ്യത്തിൽനിന്നു കുറച്ചു വിട്ടിട്ടാണ്‌ .. എന്നാലും പേടിക്കാനില്ല.. ഫ്രീക്വന്റ്‌ ട്രെയിൻ സർവീസ്‌ ഉണ്ട്‌ രണ്ടിടത്തേക്കും. അതവിടെ നിൽക്കട്ടെ.. നമ്മക്ക്‌ കഥയിലേക്കു തിരിച്ചു വരാം. ഞങ്ങൾക്കു പോവേണ്ടത്‌ ഓസ്റ്റ്യൻസ്‌ (Osteince) സ്റ്റേഷനിലേക്കാണ്‌. ഏറ്റവും ദരിദ്രവാസി ട്രെയിനായ റീജിയയണൽ ആണ്‌ ഞങ്ങൾ സെലക്ട്‌ ചെയ്തത്‌.പക്ഷെ നല്ല വൃത്തീം വെടിപ്പുമുള്ള ട്രെയിൻ..ഒറ്റ പ്രശ്നമേയുള്ളൂ..ട്രെയിനിന്റെ എല്ലാ ജനലുകളിലും കലാപരമായി പെയിന്റു കൊണ്ടു ഓരോരോ ചിത്രപ്പണികൾ.കംപ്ളീറ്റ്‌ കാഴ്ചയും മറച്ചു കൊണ്ട്‌.. പൊതുജനങ്ങളുടെ വക അവരെക്കൊണ്ടു കഴിയുന്ന പോലുള്ള ഗ്രാഫിറ്റികൾ.. ഒരു മാതിരി എല്ലാ കമ്മ്യൂട്ടർ ട്രെയിനുകളും ഇക്കൂട്ടർടെ പെയിന്റിംഗ്‌ ക്യാൻവാസാണെന്നു തോന്നുന്നു. പക്ഷെ സത്യം പറയാലോ.. കാണാൻ നല്ല ഭംഗിയാണ്‌ ഈ മൾടികളർ ട്രെയിനുകളെ.. വിൻഡോയിൽ ഒക്കെ സ്റ്റൈലൻ നിറങ്ങൾ വാരിപ്പൂശിയിരിക്കുന്നതു കൊണ്ട്‌ ഒരുമാതിരി ഡിസ്കോയിലിരിക്കുന്നതു പോലെ ആണ്‌ ട്രെയിനിനകത്തിരിക്കുമ്പോൾ..എന്തായാലും എനിക്കിഷ്ടപ്പെട്ടു സംഭവം


ട്രെയിനുള്ളിൽ തന്നെ ഓരോ സ്റ്റേഷനുമെത്തുമ്പോൾ അനൗൺസ്‌ ചെയ്യുന്നതു കൊണ്ട്‌ പുറത്തേക്കു നോക്കി സ്റ്റേഷന്റെ പേര്‌ വായിച്ചെടുക്കെണ്ട കാര്യവുമില്ല. സ്റ്റേഷനുകൾടെ പേരു ഡിസ്പ്ളേ ചെയ്യുന്നത്‌ വായിച്ചും കേട്ടുമൊക്കെ ട്രെയിനിൽ വച്ചു തന്നെ ഞങ്ങൾക്ക്‌ ഇറ്റാലിയൻ ഭാഷയിലുള്ള അവഗാഹം അങ്ങോട്ട്‌ അപാരമായി വർദ്ധിച്ചു കേട്ടോ.. ഇറ്റാലിയനിലെ ആദ്യപാഠം ഇതാണ്‌. ഈ ഭാഷയിൽ, നമ്മുടെ അക്ഷരമാലയിലെ ‘ടഠഡഢ’ എന്നീ കഠിന ശബ്ദങ്ങളൊന്നുമില്ല.. അതിനു പകരം ‘തഥദധ’ ഈ ശബ്ദങ്ങളാണ്‌.. അതുപോലെ ‘റ്റ’ക്കു പകരവും ‘ത’ ആണ്‌. അതായത്‌ ഇറ്റലി-ക്ക്‌ അവർ ഇത്തലി എന്നാണു പറയുന്നത്‌ .പിന്നെ, ഓരോ വാക്കിലെയും അക്ഷരങ്ങൾ വള്ളിപുള്ളി വിടാതെ ഉച്ചരിക്കണമെന്നു അവർക്കു നിർബന്ധമാണ്‌.. ഇടക്കിടക്ക്‌ ഓരോ വവൽസിനെ പിടിച്ച്‌ സൈലന്റാക്കുന്ന സാധാരണ ഇംഗ്ളീഷ്‌ ക്രൂരകൃത്യങ്ങളൊന്നും ഇവിടെ പറ്റില്ല .ഒറ്റ അക്ഷരം പോലും വേസ്റ്റാക്കരുതെന്നു ഇറ്റലിക്കാർക്ക്‌ വല്യ നിർബന്ധമാണ്‌. ഒരുദാഹരണത്തിന്‌ Osteince - എന്നതിനെ ഉള്ള വിവരം വച്ച്‌ നമ്മള്‌ 'ഓസ്റ്റ്യൻസ്‌' എന്നു വിളിക്കും.. എന്നാൽ ഇറ്റലിക്കാർ അതിനെ 'ഓസ്തായാൻസെ' എന്നേ വിളിക്കൂ.. അദാണ്‌. അതുപോലെ ചില സ്ഥലപ്പേരിനൊക്കെ ഇത്തിരി മുറുക്കം കൂടുതലാണെന്നു തോന്നീട്ടാണോ എന്തോ, ഓരോ വവൽസൊക്കെ അവിടേം ഇവിടേം ഒക്കെ ഇട്ട്‌ ഒന്നു ലൂസാക്കിയെടുക്കും ഇവിടുത്തുകാർ. അങ്ങനെയാണ്‌ ഇറ്റാലിയനിലേക്കു വരുമ്പോൾ റോം റോമായും, മിലൻ മിലാനോ-യും, നേപിൾസ്‌ നപോളിയുമൊക്കെ ആയി മസിലൊന്ന്‌ അയച്ചു പിടിക്കുന്നത്‌.

ഓ.കെ.. അങ്ങനെ ട്രെയിനിൽ വച്ചു ഫ്രീ ആയി കിട്ടിയ ഇറ്റാലിയൻ പരിജ്ഞാനവും അതിന്റെ ഫലമായുണ്ടായ വാനോളം ആത്മവിശ്വാസവുമായി ഞങ്ങൾ ഓസ്ത്യാൻസെ സ്റ്റേഷനിലിറങ്ങി. ഇനിയൊക്കെ എനിക്കു കാണാപ്പാഠമാണ്‌. സ്റ്റേഷനു മുന്നിലെ പിയാസയിലേക്കു പോണം .716 നംബർ ബസ്‌ പിടിക്കണം.രണ്ടാമത്തെ സ്റ്റോപ്പ്‌ ഞങ്ങൾടെ ഹോട്ടൽ. (പിയാസയോ..അതാര്‌!! എന്നന്ധാളിച്ചിരിക്കുന്ന നിരക്ഷരകുക്ഷികൾക്കായി- പിയാസ (piazza )എന്നു വച്ചാൽ സ്ക്വയർ. അതായതു നമ്മുടെ കോഴിക്കോട്‌ മാനാഞ്ചിറ സ്ക്വയറിനെ ഇറ്റലിക്കാരുടെ കയ്യിൽ കിട്ടിയാൽ അവരതിനെ ‘പിയാസാ മാനാഞ്ചിറേ’ എന്നു വിളിക്കും. ഇപ്പോൾ മനസിലായില്ലേ. ഈ പിയാസകൾ ഇറ്റലിയുടെ ജീവനാഡികളാണ്‌. അതാണ്‌ ഇവിടുത്തെ ലാൻഡ്‌ മാർക്കുകൾ.. ഇറ്റാലിക്കാരുടെ കലാബോധത്തിന്റെ ഉദാഹരണങ്ങളാണ്‌ ഈ സ്ക്വയറുകൾ.. ഓരോന്നിലും എന്തെങ്കിലും ഉണ്ടാകും- നോക്കുന്നവരെ ‘ ശ്ശോ എന്തൊരു ഭംഗി എന്നു പറയിക്കാതെ ഒരു പിയാസയും വിടില്ല. ഒന്നുകിൽ ഒരു ശില്പം, അല്ലെങ്കിൽ ഒരു ഫൌണ്ടെയ്ൻ, ഒന്നുമില്ലെങ്കിൽ ഒരു കൊച്ചു പൂന്തോട്ടം.കണ്ണിനു വിരുന്നായി എന്തങ്കിലുമുണ്ടാകും അവിടെ. ചുമ്മാതല്ല കേട്ടോ.. ഇതിൽ കുറെയെണ്ണം ഡിസൈൻ ചെയ്തിരിക്കുന്നത്‌ ഡാവിഞ്ചിയും ബെർനിനിയും പികാസോയും മൈക്കലാഞ്ചലോയും ഒക്കെയാണ്‌. പിന്നെങ്ങനെ മോശം വരാൻ.).

അപ്പോൾ പറഞ്ഞപോലെ സ്റ്റേഷനു മുന്നിലുള്ള പിയാസയിലെക്ക്‌ ഞങ്ങൾ വലതു കാലു വച്ചിറങ്ങി. അതിനെ ചുറ്റിയാണ്‌ റോഡ്‌. ബസുകൾ വന്നും പോയുമൊക്കെ ഇരിക്കുന്നുണ്ട്‌,. ഞങ്ങൾടെ 716 മാത്രം കാണാനില്ല. അവസാനം ഞങ്ങൾ പൊതുജനങ്ങളുടെ സഹായം തേടാൻ തന്നെ തീരുമാനിച്ചു. ആദ്യം കിട്ടിയത്‌ വയസായ രണ്ടമ്മൂമ്മമാരെ. അവരെ സംബന്ധിച്ചിടത്തോളം ഇംഗ്ളീഷ്‌ എന്നൊരു ഭാഷയേ എക്സിസ്റ്റ്‌ ചെയ്യുന്നില്ല. എന്നാലും ഞങ്ങൾ പ്രതീക്ഷ കൈവിടാതെ 716 എന്നെഴുതികണിച്ചു കൊടുത്തു( അതിനെ റോമൻ അക്കത്തിലേക്കു മാറ്റാൻ ഞാൻ ഒന്നു ശ്രമിച്ചു നോക്കിയതാണ്‌.. പക്ഷെ എന്നെകൊണ്ടു പറ്റിയില്ല). എന്തായാലും അക്കത്തിലെഴുതീപ്പോൾ അമ്മൂമ്മമാർക്കു മനസിലായി. രണ്ടു പേരും മത്സിച്ചു കുറെ ഗൈഡൻസ്‌ തന്നു. അതിൽ ആകെ ഞങ്ങൾക്കു മനസിലായതു ’പിയാസ‘ എന്നതു മത്രം!! താങ്ക്സ്‌ പറഞ്ഞ്‌ അവരെ ഒഴിവാക്കിയതിനു ശേഷം ഞങ്ങൾ അടുത്ത ആളെ പിടികൂടി. അങ്ങേരു പിന്നെ ഞങ്ങളെ കണ്ടതും ’നോ ഇംഗ്ളീഷ്‌ ' എന്നും പറഞ്ഞ്‌ സ്ഥലം കാലിയാക്കി. പിന്നങ്ങോട്ട്‌ കണ്ണിൽ കണ്ടവരോടെല്ലാം വഴി ചോദിക്കൽ യജ്ഞമായിരുന്നു. വഴി കിട്ടിയില്ലെങ്കിലും മർമപ്രധാനമായ മൂന്നു ഇറ്റാലിയൻ വാക്കുകൾ ഞങ്ങൾ പഠിച്ചു- സീ (yes) , ഗ്രാസ്യാസ്‌(thanks), ബോൻജ്യോന്നോ (good day). പിന്നങ്ങോട്ടു ഇതു മൂന്നും വച്ചുള്ള പയറ്റായിരുന്നു. ഞങ്ങൾടെ കുറെ 'സീ'കളും 'ബൊൺജ്യോന്നോ'കളും വേസ്റ്റായതല്ലാതെ കാര്യമായ പുരോഗതി ഒന്നും ഉണ്ടായില്ല. നാലു ദിവസം കൊണ്ടു ഇറ്റലി ഓടിനടന്നു കാണാൻ വന്ന ഞങ്ങളാണ്‌.. ലക്ഷണം കണ്ടിട്ടു നാലു ദിവസവും ഈ പിയാസയെ ചുറ്റുചുറ്റി ജീവിതം പാഴയിപ്പോവാനാണ്‌ എല്ലാ സാധ്യതയും. വെയ്റ്റ്‌.. അവസാനത്തെ കച്ചിതുരുമ്പു പോലെ ദാ നിൽക്കുന്നു രണ്ടു കന്യാസ്ത്രീകൾ. നാടെങ്ങും പോയി പ്രേക്ഷിത പ്രവർത്തനം നടത്താൻ നിയുക്തരായവരല്ലേ.. അപ്പോൾ എന്തായാലും ഇംഗ്ളീഷ്‌ അറിയാമായിരിക്കും. എന്നൊക്കെ ഞങ്ങള്‌ വെറുതേ മനക്കോട്ട കെട്ടീതാണെന്നു സംസാരിച്ചു തുടങ്ങീപ്പോഴേ മനസിലായി. എന്നാലും പ്രതീക്ഷ കൈവിട്ടു പോവാതിരിക്കാൻ ഞാൻ മാക്സിമം ശ്രമിച്ചു. ‘കാതു കുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരൂടീ പെങ്കൊച്ചേ’ എന്ന്‌ എന്റെ വല്യമ്മച്ചി ഇടകിടക്കേ പറയാറുണ്ട്‌.. ആ ഒരു ധൈര്യവും മുറുകെ പിടിച്ചു ഞങ്ങൾ ആ പിയാസയിലൂടെ ഒരിംഗ്ളീഷുകാരൻ/കാരിയെയും തേടി അലഞ്ഞു.അവസാനം കിട്ടി ഒരു ചേട്ടനെ.. അങ്ങേർക്‌ ഇംഗ്ളീഷ്‌ കേട്ടാൽ മനസിലാവും.. പക്ഷെ പറയാൻ അറിയില്ല. കോളമ്പോ ക്രിസ്റ്റഫറോ (ഞങ്ങൾക്കു പോവേണ്ട സ്ഥലം)-ലേക്കു എങ്ങനെ എത്തിച്ചേരുമെന്നുള്ള ചോദ്യം അങ്ങേർക്കു മനസിലായെങ്കിലും പറഞ്ഞ ഉത്തരം ഞങ്ങൾക്കു പിടികിട്ടിയില്ല.കുറ്റം പറയരുതല്ലോ.. ആ ചേട്ടൻ മാക്സിമം ശ്രമിച്ചു. പാവത്തിന്റെ കഷ്ടപ്പാട്‌ കണ്ട്‌ ‘ എന്റെ ദൈവമേ പണ്ട് ഇംഗ്ളീഷുകാർക്കു കൊണ്ടു പോയി പണ്ടാരമടങ്ങുന്നതിനു പകരം ഇന്ത്യയെ ഇറ്റലിക്കാരെ കൊണ്ടു ഭരിപ്പിച്ചൂടായിരുന്നോ’ എന്നു ഞാൻ ദൈവത്തെ വരെ ചോദ്യം ചെയ്തു പോയി.അങ്ങനെയായിരുന്നെങ്കിൽ ഈ ഭാഷാപ്രശ്നമേ ഉദിക്കില്ലയിരുന്നു.. ങ്‌ഹാ.. പണ്ടു നടത്തിയ പ്ളാനിംഗിനെ പറ്റി ഇത്രയും കൊല്ലം കഴിഞ്ഞു പാവം ദൈവത്തെ ക്വസ്സ്റ്റ്യൻ ചെയ്തിട്ടു വല്ല കാര്യവുമുണ്ടോ.. എന്തായാലും അവസാനം മനസിലാക്കിയും മനസിലാക്കിച്ചും ഞങ്ങൾ രണ്ടു കൂട്ടരും അവശരായീന്നു പറഞ്ഞാൽ മതിയല്ലോ. അവസാനം ചേട്ടൻ പറഞ്ഞു ‘‘ബസ്‌ ദ്രൈവർ ബസ്‌ ദ്രൈവർ’’എന്ന്‌. അതെ അതും കറക്ട്‌.. ബസ്‌ ഡ്രൈവർമാരോടു ചോദിച്ചു നോക്കാം.. അവർക്കറിയുമായിരിക്കുമല്ലോ . ഞങ്ങൾ ഏറ്റവും കൂടുതൽ ബസുകൾ നിർത്തുന്ന സൈഡിൽ പോയി നിന്നു.

ഏതു ബസിനെ ആദ്യം തടയണം എന്നു കൂലംകഷമായി ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ അതാ ഞങ്ങൾ കേൾക്കാൻ കൊതിച്ചിരുന്ന ആ വാക്ക്‌..

"ഇംഗ്ളീഷ്‌?"

ഞങ്ങൾ മൂന്നു പേരും ഒരേ സ്പീഡിൽ തിരിഞ്ഞ് നോക്കി.. ദാ നില്ക്കുന്നു ഒരു ജപ്പൻകാരൻ. ഞങ്ങൾടെ പരക്കം പാച്ചിൽ കണ്ടു സഹായിക്കാൻ വന്നതാവും..

“യെസ്” ഞങ്ങൾ

“ഇറ്റാലിയൻ”? അയാൾ

നോ” !! ഞങ്ങൾ

പാവം തെറ്റിദ്ധരിച്ചതാണ്‌.. ആ പയ്യനും ഞങ്ങളെപോലെ ഇംഗ്ളീഷും തേടി നടക്കുകയാണ്‌. അങ്ങേർടെ കൈയിലാണെങ്കിൽ പോവേണ്ട റൂട്ട് ഇറ്റാലിയനിൽ ആണ്‌ എഴുതി വച്ചിരിക്കുന്നത്‌.. ഇങ്ങനെ കുറെ അലഞ്ഞപ്പോൾ ആരെങ്കിലും എഴുതിക്കൊടുത്തതായിരിക്കും. ഞങ്ങൾക്കാണെങ്കിൽ അറ്റ്ലീസ്റ്റ്‌ പോവേണ്ടത്‌ എങ്ങോട്ടണെന്നെങ്കിലും അറിയാം. അപ്പോൾ ഞങ്ങളുടേതിലും ഭീകരമായ അവസ്ഥയിലുള്ളവരും ഉണ്ടെന്നറിഞ്ഞപ്പോൾ ഒരു കുഞ്ഞ്‌ ആശ്വാസം തോന്നി .എന്തായാലും ഞങ്ങള്‌ ഏഷ്യക്കാര്‌ യൂറോപ്പിന്റെ മണ്ണിൽ വച്ചു പരസ്പരം ദുഖങ്ങളൊക്കെ പങ്കു വെയ്ക്കാൻ തുടങ്ങി. പയ്യനും ഞങ്ങളെ പോലെ ഇംഗ്ളീഷുകാരെ തേടിയിറങ്ങാൻ പോവുകയാണ്‌. എന്തായാലും ഞങ്ങൾ കവർ ചെയ്ത ഏരിയയിലൊന്നും ഇംഗ്ളീഷ്‌ അറിയുന്ന ആരുമില്ലെന്ന മഹത്തായ ഇൻഫർമേഷൻ ഞങ്ങൾ പകർന്നു കൊടുത്തു. വെറുതെ അയാൾടെ സമയം കൂടി കളയണ്ടല്ലോ .അതു കേട്ടതും അയാള്‌ ഏതോ ബസിൽ കയറി എങ്ങോട്ടോ പോവുന്നതു കണ്ടു.. മനസു മടുത്തിട്ടു തിരിച്ചു ജപ്പാനിലേക്കായിരിക്കും.. പാവം..

എന്തായാലും ഞങ്ങൾ അതുകൊണ്ടൊന്നും തളർന്നില്ല.. അന്വേഷണം ബസ്‌ഡ്രൈവർമാരിലേക്കു വ്യാപിപ്പിച്ചു.. നിർത്തുന്ന ബസിന്റെയൊക്കെ മുന്നിൽ ചെന്നു നിന്നു ചുമ്മാ ‘ കൊളമ്പോ ക്രിസ്റ്റഫറോ’ എന്നു പറഞ്ഞു നോക്കുക.. ആരെങ്കിലുമൊക്കെ പ്രതികരിക്കാതിരിക്കില്ലല്ലോ .. ഇതായിരുന്നു ഞങ്ങക്കുടെ സ്ട്രാറ്റജി. കുറ്റം പറയരുതല്ലോ.. ഒറ്റ മനുഷ്യരു പോലും ഞങ്ങളെ തിരിഞ്ഞു നോക്കിയില്ല. ഡ്രൈവർമാരുടെ കാര്യമാണെങ്കിൽ പറയാനില്ല..ഒരു മാതിരി കുമ്പസാരക്കൂട്ടിലിരിക്കുന്നതു പോലെയണ്‌ അവർടെ ഇരിപ്പ്‌..ഒരു ഗ്ളാസ് ക്യാബിനിനുള്ളിൽ.. ശ്വാസം കിട്ടാനാണെന്നു തോന്നുന്നു ഇടയ്ക്ക്‌ രണ്ടു മൂന്നു അഴിയിട്ടിട്ടുണ്ട്‌. അതിലൂടെ വേണം ഞങ്ങൾക്ക്‌ ദർശനം തരാൻ..ബസിൽ കയറി ക്യാബിനിൽ മുട്ടിയാലൊക്കെയെ ഡ്രൈവർ മൈൻഡ്‌ ആക്കൂ..അതും നിസംഗഭാവത്തിൽ ഒന്നു നോക്കീട്ട്‌ പിന്നേം മുഖം തിരിച്ചു കളയും. യാത്രക്കാരോടു മിണ്ടിയാൽ ഇവർക്കെന്താ വായിൽ നിന്നും മുത്തു പൊഴിയുമോ.. എന്തായാലും ഞങ്ങള്‌ ‘കൊളംബോ കൊളംബോ’ മുദ്രാവാക്യം നിർവിഘ്നം തുടർന്നു ..(കൊളംബോ ക്രിസ്റ്റഫറോ എന്നൊക്കെ മുഴുവനും വീണ്ടും വീണ്ടും പറയാനുള്ള എനർജി ഇല്ലായിരുന്നു. കൊളംബോ കേട്ട്‌ ആരെങ്കിലും തിരിഞ്ഞു നോക്കിയാൽ മാത്രം ബാക്കിയും കൂടെ പറഞ്ഞാൽ മതിയല്ലോ..യേത്‌).


മൂന്നു പേരും മൂന്ന്‌ സൈഡിലേക്കും നോക്കി കൊളമ്പോ എന്നു പ്രതീക്ഷയോടെ പറഞ്ഞുകൊണ്ടിരിക്കുകയാണ്‌.. അപ്പോഴതാ ഒരു മറുപടി..

“കൊളമ്പോ ക്രിസ്റ്റഫറോ”?

"സീ " "സീ" "സീ" - മൂന്നു പേരും ഓരോരോ സീ-യോടെ ചോദ്യത്തിനുടമയെ നോക്കി. അയാള്‌ ബസിനുള്ളിലെക്കു കയറുകയാണ്‌.. ഞങ്ങളോടും കൂടെ കയറാൻ ആംഗ്യം കാണിച്ചു. ഞങ്ങളും പിന്നാലെ ഓടിക്കയറി.. അയാൾ ബസിലെ തിരക്കിനിടയിളേക്കു അങ്ങു പോയി.. ഒരു ഗ്രാസ്യാസ്‌ പോലും പറയാൻ പറ്റിയില്ല. എന്തായാലും കുറച്ചു കഴിഞ്ഞപ്പോൾ അയാൾ തിക്കിതിരക്കി ഞങ്ങൾടെ അടുതെക്കു വന്നു. എന്നിട്ടു ഒരു സ്റ്റോപ്പിലിറങ്ങി. ഞങ്ങ്ളൊടും ഇറങ്ങാൻ പറഞ്ഞു.‘ഒക്കെ ചേട്ടൻ പറയുമ്പോലേ’ന്നുള്ള മട്ടിൽ ഞങ്ങളും ചാടിയിറങ്ങി. ഏതു ഹോട്ടലിലെക്കാണ്‌ പോവേണ്ടത്‌ എന്നു ചോദിച്ച്‌ അയാൾ ഹോട്ടലും കാണിച്ചു തന്നു. ഞങ്ങൾ മൂന്നു പേരും കൂടി നന്ദി പറഞ്ഞ്‌ അയാളെ കൊന്നില്ലെനേയുള്ളൂ. നോക്കി നില്ക്കേ അയാളങ്ങു നടന്നു പോയി ഒരു തിരിവിൽ മറഞ്ഞു. ഞങ്ങൾ നേരെ ഹോട്ടലിലെക്കും. രണ്ടു സ്റ്റെപ് വച്ചപ്പോഴേക്കും ആകെയൊരാശയക്കുഴപ്പം..മൂന്നു പേരും അങ്ങോട്ടുമിങ്ങോട്ടും നോക്കി..

പുറത്തേക്കു വന്നതു മൂന്നു സൌത്തിന്ത്യൻ ഭാഷകളിലായിരുന്നെങ്കിലും ഞങ്ങൾ മൂന്നു പേരും പറഞ്ഞതിന്റെ സാരാംശം ദാ ഇതായിരുന്നു..

ദൈവമേ അതു ഹിന്ദി അല്ലയിരുന്നോ!! ”

അതെ.. ആ മനുഷ്യം ഞങ്ങളോടു സംസാരിചതു മുഴുവൻ ഹിന്ദിയിലായിരുന്നെന്നു ഇപ്പോഴാണ്‌ മൂന്നു പേർക്കും ഒരേ പോലെ ബോധോദയം ഉണ്ടയത്‌. എന്തായാലും ആ ഹിന്ദിചേട്ടന്റെ സഹായം കൊണ്ടു മാത്രം പ്ളാൻ ചെയ്തതിലും ഒരു മണിക്കൂർ മാത്രം വൈകിയാണെങ്കിലും (ശരിക്കും 5 മിനിട്ടു പോലും എടുക്കില്ലായിരുന്നു) ഞങ്ങൾ വിജയകരമായി ഹോട്ടലിലെത്തിചേർന്നു.. അയ്യോ ഇതുങ്ങൾടെ ഒരു മണിക്കൂർ സമയം പോയല്ലോ എന്നോർത്ത്‌ വിഷമിക്കുന്നവരുടെ ശ്രദ്ധക്ക്‌ .. ഡോണ്ട്‌ വറി.. എല്ലാ ദിവസവും വഴി തെറ്റി നടക്കുന്നതിലേക്കായി ഞങ്ങൽ ഓരോ മണിക്കൂർ വച്ച്‌ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു.. സ്വയം നല്ലതു പോലെ അറിയുനതു കൊണ്ടുള്ള ഒരു ചിന്ന മുൻകരുതൽ... ബു ഹ ഹ...

Sunday, May 16, 2010

ഇറ്റാലിയൻ വിശേഷങ്ങൾ..(1)

യൂ.കെ.യിൽ എത്തിയപ്പോൾ മുതൽ ഞാൻ വളരെ ആത്മാർത്ഥമായി വർക്ക്‌ ചെയ്തു കൊണ്ടിരുന്ന രണ്ടു പ്രോജക്ടുകളാണ്‌ മിഷൻ ഫ്രാൻസും മിഷൻ ഇറ്റലിയും. (കമ്പനി എനിക്കു തന്ന പ്രോജക്ടും മറ്റൊരു വഴിക്കങ്ങനെ നടക്കുന്നുണ്ടു കേട്ടോ..) എത്രയോ കാലങ്ങളായി സ്വപ്നം കണ്ടിരുന്ന സ്ഥലങ്ങളാണെന്നോ.. ഇതിപ്പോ കയ്യെത്തും ദൂരത്ത്‌.. ഈ അവസരം പാഴാക്കിക്കളഞ്ഞാൽ ഞാൻ പോലും എന്നോടു ക്ഷമിക്കില്ല- ദൈവത്തിന്റെ കാര്യം പിന്നെ പറയാനുണ്ടൊ.. എങ്ങനെ അവിടൊന്നു ചെന്നെത്താമെന്നതിനെ പറ്റിയുള്ള അന്വേഷണങ്ങൾ, ഗവേഷണങ്ങൾ, അഭിപ്രായങ്ങൾ, കണക്കുകൂട്ടലുകൾ (ഇമ്മിണി കാശുചെലവുള്ള പരിപാടിയാണേയ്‌..). അങ്ങനെ അവസാനം ഇക്കഴിഞ്ഞ ഈസ്റ്റർ അവധിക്കാലത്ത്‌ മിഷൻ ഫ്രാൻസ്‌ വിജയകരമായി(?) പൂർത്തിയാക്കി. കാണണമെന്നു വിചാരിച്ചതൊക്കെ കണ്ടു.. എന്നാലും ഒരു തൃപ്തിയില്ലായ്മ. ഒരു ടൂർ ഓപറേറ്റർ വഴിയാണ്‌ പോയത്‌. ചുമ്മാ ബസിലിരിക്കും, ഓരോ സ്ഥലവുമെത്തുമ്പോൾ ഇറങ്ങിച്ചെന്ന്‌ 'ശ്ശൊ പറഞ്ഞപോലെത്തന്നെ ഇതു കൊള്ളാലോ'ന്നു ആശ്ചര്യപ്പെടും,കുറെ ഫോടോയെടുക്കും, പിന്നേം തിരികെ ബസിലേക്ക്‌. അതിപ്പോ ടൂർ കമ്പനി വഴിയല്ല, അന്നാട്ടിലെ പരിചയക്കാരുടെ സഹായത്തോടെ പോയാലും ഇതു തന്നെ അവസ്ഥ. നമ്മളായിട്ട്‌ ഒന്നും ചെയ്യേണ്ടതില്ല.ഇങ്ങനാണോ ഒരു യാത്ര പോവേണ്ടത്‌! ഒരു നാടിനെ അറിയേണ്ടത്‌!! അതുകൊണ്ടു തന്നെ ഇറ്റലി യാത്രയ്ക്ക്‌ ഞാൻ രണ്ടും കൽപ്പിച്ച്‌ ആ റിസ്ക്‌ എടുക്കാൻ തീരുമാനിച്ചു. സ്വയം തീരുമാനിച്ച്‌, സ്വയം പ്ലാൻ ചെയ്ത്‌ സ്വന്തമായി നടത്തുന്ന ഒരു യാത്ര...അറിയാത്ത നാട്‌, അറിയാത്ത ഭാഷ..കൂട്ടിക്കൊണ്ടു പോയി സ്ഥലം കാണിച്ചു തരാൻ പരിചയക്കാരില്ല .എല്ലാം കൊണ്ടും പെർഫക്ടായ ഒരു 'സാഹസിക' ഇറ്റാലിയൻ യാത്ര. എല്ലാം വരുന്നിടത്തു വച്ചു കാണാം എന്ന മട്ടിലുള്ള രണ്ടു സഹയാത്രികരെ കൂടി സംഘടിപ്പിച്ചു കഴിഞ്ഞതോടെ മിഷൻ ഇറ്റലി ശരിക്കും ചൂടു പിടിച്ചു.


പിന്നെയങ്ങോട്ടു 3 ആഴ്ചകളോളം പ്ലാനിംഗ്‌ ആയിരുന്നു.പണ്ടു സ്കൂളിലെ ഹിസ്റ്ററി ക്ലാസിൽ പോലും ഞാൻ ഇത്രയും ആത്മാർത്ഥമായി ഒരു നാടിനെപറ്റിയും വായിച്ചു പഠിച്ചിട്ടില്ല. 'ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങൾ' -ഇതായിരുന്നു ഞങ്ങൾടെ പ്ലാനിംഗിന്റെ ബേസ്‌ ലൈൻ. ഇനിയിപ്പോ ഇതൊക്കെ വായിച്ച്‌ ആർക്കെങ്കിലും ഇറ്റലിയിൽ പോകണമെന്നു തോന്നിയാൽ, ദാ ഈ സംഭവങ്ങളൊക്കെ ഒന്നു മനസിലാക്കി വച്ചാൽ മതി.

1)http://www.trenitalia.com

ഇതു ഇറ്റലീടെ റെയിൽവേ വെബ്‌ സൈറ്റ്‌ ആണ്‌. മടിശീലയുടെ കനമനുസരിച്ച്‌ പല ടൈപ്പ്‌ ട്രെയിനുകൾ സെലക്ടു ചെയ്യാം അതിൽ ഏറ്റവും ഡ്യൂക്കിലിയാണ്‌ റീജിയണൽ ട്രെയിനുകൾ. ടിക്കറ്റ്‌ ചാർജ്‌ തീരെ കുറവ്‌, അതുകൊണ്ടെന്താ.. സ്പീഡും അത്‌ പോലെ തന്നെ തീരെക്കുറവ്‌. കൂട്ടത്തിൽ ഏറ്റവും അഹങ്കാരിയാണ്‌ യൂറോസ്റ്റാർ ട്രെയിൻ.(പേരൊന്നാണെങ്കിലും ഇതിനു ഫ്രാൻസ്‌, ബെൽജിയം, നെതർലാൻഡ്‌സ്‌,ലണ്ടൻ ഒക്കെ കണക്ട്‌ ചെയ്തോടുന്ന യൂറോസ്റ്റാറുമായി ഒരു ബന്ധവുമില്ല കേട്ടോ..). മുടിഞ്ഞ ചാർജാണ്‌. പക്ഷെ എത്തേണ്ട സ്ഥലങ്ങളിലൊക്കെ ശടേ പൂക്ക്‌-ന്ന്‌ എത്തിച്ചു തന്നോളും.പിന്നെ ഇതിന്റെ രണ്ടിന്റേം ഇടക്ക്‌ ഇന്റർസിറ്റി ട്രെയിനുകളും തേരാപ്പാരാ ഓടുന്നുണ്ട്‌. ഇനീപ്പോ ഇതിലും സ്പീഡിൽ എത്തണമെന്നു തോന്നിയാൽ ഫ്ലൈറ്റ്‌ പിടിക്കേണ്ടി വരും.(ഇറ്റലിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾടെയെല്ലാം അടുത്തു വിമാനത്താവളങ്ങളുണ്ട്‌.) ട്രെയിൻ ടിക്കറ്റൊക്കെ ഓൺലൈൻ ആയി ബുക്ക്‌ ചെയ്യാം.അല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിൽ തന്നെ 'ടിക്കറ്റിംഗ്‌ മെഷീൻസ്‌' ഉണ്ട്‌. അതിന്‌ അഞ്ചാറു ഭാഷകൾ മനസിലാകും.ദൈവാധീനംകൊണ്ട്‌ നമ്മുടെ ഇംഗ്ലിഷും അതിൽ ഒന്നാണ്‌.

2)http://www.atac.roma.it/

ഇതാണ്‌ റോമിന്റെ ബസ്‌ ഇൻഫർമേഷൻ സൈറ്റ്‌. കംപ്ലീറ്റ്‌ ബസുകളുടെ വിവരങ്ങളും ഇതിലുണ്ട്‌. എന്നാൽ പിന്നെ ഇതിൽ നോക്കി ആവശ്യം വന്നേക്കുമെന്നു തോന്നുന്ന ബസ്‌നമ്പറൊക്കെ കാണാപാഠം പഠിച്ചിട്ടു പോയേക്കാമെന്നു വിചാരിക്കുന്നവരുടെ ശ്രദ്ധക്ക്‌... രാത്രി പന്ത്രണ്ടു മണി കഴിഞ്ഞാൽ റോമിലെ സാധാരണ ബസ്‌ സർവ്വീസ്‌ സ്റ്റോപ്‌ ചെയ്യും. പിന്നെ നേരം വെളുക്കുന്നതു വരെ നൈറ്റ്‌ സർവ്വീസ്‌ ആണ്‌. അതു കൊണ്ട്‌ കാണാപാഠം പഠിക്കുമ്പോൾ നൈറ്റ്‌ സർവ്വീസ്‌ ബസുകൾടെയും കൂടി നമ്പർ ഓർത്തു വച്ചാൽ നല്ലത്‌. ഇനി ടിക്കറ്റിന്റെ കാര്യം. ബസിൽ കയറിയിട്ട്‌ 'ചേട്ടാ ഒരു ടിക്കറ്റു നോക്കട്ടെ' എന്നു പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. അവിടെ കണ്ടക്ടർമാരൊന്നുമില്ല. ഡ്രൈവർമാർക്കാണെങ്കിൽ ഇമ്മാതിരി ഇടപാടുകളിലൊന്നും ഒരു താൽപ്പര്യവുമില്ല താനും. എന്നാൽ പിന്നെ ടിക്കറ്റൊന്നും വേണ്ടായിരിക്കും എന്നൊന്നും ചാടിക്കയറി മോഹിച്ചു പോയേക്കരുത്‌. ബസിൽ കയറുന്നതിനു മുൻപു തന്നെ ടിക്കറ്റ്‌ മേടിച്ചിരിക്കണം. ഒരു മാതിരിപ്പെട്ട എല്ലാ കുഞ്ഞു കടകളിലും ടൊബാക്കൊ ഷോപ്പുകളിലുമൊക്കെ ബസ്‌ ടിക്കറ്റ്‌ കിട്ടും. അതും മേടിച്ചോണ്ട്‌ ബസിൽ കയറിയാൽ പിന്നേം ഒരു പണിയും കൂടി ബാക്കിയുണ്ട്‌-'ടിക്കറ്റ്‌ വാലിഡേഷൻ'.എല്ലാബസിന്റെയും ഉള്ളിൽ ഒന്നു രണ്ടു സ്ഥലത്തു ഒരു കുഞ്ഞു മഞ്ഞ ബോക്സ്‌ കാണാം.ഈ ടിക്കറ്റിനെ അതിന്റെ വായിലേക്കു വച്ചു കൊടുക്കുക. അതു കരകരാന്ന്‌ അപ്പോഴത്തെ ടൈമും ഡേറ്റുമൊക്കെ പ്രിന്റ്‌ ചെയ്തു കഴിഞ്ഞാൽ ടിക്കറ്റ്‌ നമ്മക്കിങ്ങോട്ടു തിരിച്ചെടുക്കാം.പിന്നെ സമാധാനമായി അങ്ങ്‌ യാത്ര ചെയ്തോളുക.. 'ഓ ഇതൊക്കെ ആരു നോക്കാനാ' എന്നും വിചാരിച്ച്‌ ടിക്കറ്റൊന്നുമെടുക്കാതെ ബസിനെ പറ്റിച്ചു കളയാം എന്നൊന്നും വിചാരിക്കണ്ട.നമ്മടെ നാട്ടിലേതു പോലെ തന്നെ ടിക്കറ്റ്‌ ചെക്കേഴ്സ്‌ ഏതു നിമിഷവും പ്രത്യക്ഷപെട്ടേക്കാം. ടിക്കറ്റില്ലെങ്കിലും, ഇനീപ്പം ടിക്കറ്റുണ്ടായിട്ടും അതു വാലിഡേറ്റു ചെയ്യാൻ മറന്നു പോയാലുമൊക്കെ ഫൈനടയ്ക്കേണ്ടി വരും. 'ടൂറിസ്റ്റാണ്‌, വിവരമില്ലാത്തതു കൊണ്ടാണ്‌' എന്നൊന്നും പറഞ്ഞാലൊന്നും ഒരു രക്ഷയുമില്ല. അപ്പോൾ ടിക്കറ്റെടുക്കണം എന്ന കാര്യത്തിൽ ഇനി സംശയമൊന്നുമില്ലല്ലോ. ഇനീപ്പോ ഏതു ടിക്കറ്റെടുക്കണമെന്നാലോചിക്കാം. 3-4 ടൈപ്പ്‌ ടിക്കറ്റുകളുണ്ട്‌. ദാ ലത്‌ താഴെ..

BIT- വാലിഡേറ്റു ചെയ്തു കഴിഞ്ഞാൽ 75 മിനിറ്റു വരെ ഈ ടിക്കറ്റുപയോഗിച്ചു യാത്ര ചെയ്യാം- ബസിലും മെട്രോയിലും..

BIG- ഒരു ദിവസത്തേക്കു മുഴുവൻ വാലിഡാണ്‌.. മതിയാവുന്നതു വരെ ബസിലും മെട്രൊയിലും കയറി ഇറങ്ങാം.

BTI- ഒറ്റ ടിക്കറ്റിൽ 3 ദിവസം മുഴുവൻ കഴിഞ്ഞുകൂടാം.ആരും ചോദിക്കാൻ വരില്ല...

പിന്നേം ഉണ്ട്‌ ഒന്നു രണ്ടു ടിക്കറ്റുകൾ വേറെ. അതിന്റെയൊക്കെ ഡീറ്റെയ്ൽസ്‌ ദാ മോളിൽ പറഞ്ഞ സൈറ്റിൽ പോയാൽ കിട്ടും.


ബസ്‌ മാത്രമല്ല കേട്ടോ, മെട്രോയും റോമിലുണ്ട്‌.ലണ്ടനിലേപ്പോലെ കണ്ടമാനം മെട്രോയൊന്നുമില്ല.. ആകെപ്പാടെ രണ്ടു ലൈനേയുള്ളൂ..Line A-യും B-യും . അതു കൊണ്ടു തന്നെ വളരെ ഈസി. രണ്ടു മെട്രോയും റോമിന്റെ ഹൃദയഭാഗമായ റോമാ ടെർമിനിയിൽ വച്ചു മാത്രമേ കൂട്ടിമുട്ടുന്നുള്ളൂ.അതു കൊണ്ട്‌ ഒരു ലൈനിൽ നിന്നും മറ്റേ ലൈനിലേക്കു മാറണമെങ്കിൽ, റോമാ ടെർമിനിയിൽ ഇറങ്ങി മാറിക്കയറിയാൽ മതി. ങാ പറയാൻ വിട്ടു.. മെട്രൊയ്ക്കുള്ളിൽ ടിക്കറ്റ്‌ വാലിഡേഷനുള്ള ഡിങ്കോൾഫി ഒന്നും ഇല്ല. അതു മെട്രോ സ്റ്റേഷനുകളിൽ അങ്ങിങ്ങായി ഫിറ്റ്‌ ചെയ്തു വച്ചിരിക്കുകയാണ്‌. അതു കൊണ്ട്‌ മെട്രോയിൽ കയറുന്നറ്റിനു മുൻപു തന്നെ ടിക്കറ്റ്‌ വാലിഡേറ്റ്‌ ചെയ്യാനെങ്ങാനും മറന്നാൽ.. പിന്നത്തെ കാര്യം സ്വാഹ..

(ഇനിയൊരു സീക്രട്ട്‌.. നാലു ദിവസം റോമിലൂടെ തേരാപാരാസഞ്ചരിച്ചിട്ടും ഞാൻ എവിടെയും ഒറ്റ ടിക്കറ്റ്‌ ചെക്കറെ പോലും കണ്ടില്ല!!! )


3)http://www.roninrome.com/

ഇതു ഗവൺമന്റ്‌ വെബ്സൈറ്റൊന്നുമല്ല.ഒരു പ്രൈവറ്റ്‌ വെബ്സൈറ്റ്‌. റോമിനെ പറ്റി ഒരു ടൂറിസ്റ്റ്‌ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം അതിലുണ്ട്‌. അത്‌ ഒരു രണ്ടു-മൂന്നാവൃത്തി വായിച്ചു നോക്കിയാൽ പിന്നെ റോമിൽ ജീവിച്ചു പോകേണ്ടതെങ്ങനെ എന്നു റോമാക്കാര്‌ നമ്മളോടു ചോദിച്ചു മനസിലാക്കേണ്ടി വരും. ഒറ്റയടിക്ക്‌ അത്രയും വിവരമാണ്‌ കൂടികിട്ടുന്നത്‌.


4)http://www.ricksteves.com

ടൂർ ഗൈഡിനു കൊടുത്ത കാശുണ്ടായിരുന്നെങ്കിൽ ഒന്നു രണ്ടു സ്ഥലങ്ങളും കൂടി കാണാമായിരുന്നു എന്നു വിചാരിക്കുന്ന എന്നെപ്പോലുള്ള ദരിദ്രവാസി സഞ്ചാരികളുടെ കാണപ്പെട്ട ദൈവമാണിങ്ങേര്‌. യൂറോപ്പിലെ ഒട്ടുമിക്ക സ്ഥലങ്ങളുടെയും ഓഡിയോ ടൂർ ഡൗൺലോഡ്‌ ചെയ്യാൻ പറ്റും. അതും കൊണ്ട്‌ നമ്മക്കു പോവേണ്ട സ്ഥലത്തെത്തുക. ഓഡിയോയുടെ കൂടെ സൈറ്റിലുണ്ടായിരുന്ന മാപ്പ്‌ തുറക്കുക. ഓഡിയോ സ്റ്റർട്ട്‌ ചെയ്യുക. പിന്നൊക്കെ അങ്ങേരു പറഞ്ഞു തന്നോളും. ആ മാപ്പനുസരിച്ചങ്ങു പോയാൽ മാത്രം മതി.


അപ്പോൾ പറഞ്ഞു വന്നത്‌ ഇതൊക്കെയാണ്‌ ഞങ്ങൾ നടത്തിയ തയ്യാറെടുപ്പുകൾ എന്നാണ്‌. ഇതിനിടയ്ക്ക്‌ ഞങ്ങൾടെ പ്ലാനിലൊന്നും പെടാത്ത ഒരു കാര്യവും കൂടി സംഭവിച്ചു. അങ്ങ്‌ ഐസ്‌ലാൻഡിൽ ആർക്കും ഒരുപദ്രവവുംണ്ടാക്കാതെ നിന്ന ഒരു അഗ്നിപരവതം യതൊരു പ്രകോപനവുമില്ലാതെ പൊട്ടിത്തെറിച്ച്‌ ആ പൊഹ മുഴുവൻ നമ്മടെ യു.കെ,യൂറോപ്പ്‌ എയർസ്പേസിലേക്കു പറത്തി വിട്ടു. അതെങ്ങാനും ക്ലിയറായില്ലെങ്കിൽ ഞങ്ങൾടെ ട്രിപ്പിന്റെ കാര്യം കട്ടപ്പൊക!!എന്തായാലും ഞങ്ങളെ കുറച്ചു ദിവസം തീ തീറ്റിച്ച്‌ അവസാനം അഗ്നിപർവതം കലാപരിപടികളൊക്കെ താൽക്കാലികമായി ഒന്നു നിർത്തി വച്ചു. അങ്ങനെ അഖിലലോക തൊഴിലാളി ദിനത്തിൽ ലണ്ടൻ ഹീത്രോവിൽ നിന്നും പറന്നു പൊങ്ങിയ അൽ-ഇറ്റാലിയ വിമാനത്തിൽ ഞങ്ങൾ മൂന്നു ഭാരതീയനാരികൾ ഓരോ ബാക്‌പാക്കും ഒരു കെട്ടു പേപ്പറുകളും (പോവേണ്ട സ്ഥലങ്ങളെപറ്റിയുള പ്രിന്റൗട്ടുകളും മാപ്പുകളും), കുറച്ചു യൂറോകളും (ഇറ്റലിയില്‌ പൗണ്ടിനു പുല്ലുവിലയാണ്‌), പിന്നെ കുന്നോളം ആകംക്ഷയും വാനോളം സ്വപ്നങ്ങളുമായി ഞങ്ങളുടെ ഇറ്റാലിയൻ യാത്ര ആരംഭിച്ചു.


വായനക്കാർക്കായി ഒരു കുഞ്ഞു ഗോമ്പറ്റീഷൻ- : ഐസ്‌ലാൻഡിൽ പൊട്ടിത്തെറിച്ച അഗ്നിപർവ്വതത്തിന്റെ പേര്‌ Eyjafjallajokull എന്നാണത്രെ. ഉച്ചാരണം ദാ ഇങ്ങനെ--yah-FYAHâ€-plah-yer-kuh-duhl. ഇതു തെറ്റിക്കാതെ പത്തുപ്രാവശ്യം ഉറക്കെ പറയുക

മുന്നറിയിപ്പ്‌: സമയവും ആരോഗ്യവും ഉള്ളവർ മാത്രം ഇപ്പണിക്കു പോയാൽ മതി...