Tuesday, January 15, 2008

കുമരകം,ചേര്‍ത്തല - നാലാം ദിവസം..

ഇനി നമ്മള്‍ മാത്രം ...
നമുക്കൊരുള്‍ചൂടിന്റെ കനിവുറവു മാത്രം..

എന്റെ പച്ചബാഗിനെ കെട്ടിപ്പിടിച്ചിരുന്ന്‌ മുദ്രാവാക്യം വിളിക്കുന്നതു പോലെ ഒരു മൂന്നു താലു തവണ ഈ വരികള്‍ പറഞ്ഞു കഴിഞ്ഞിട്ടും ഒരൈഡിയയും കത്തിയില്ല.കാര്യമെന്താണെന്നു വെച്ചാല്‍, ഞാനുണരുന്നതിനു മുന്‍പു തന്നെ ഒരു യാത്രാമൊഴി പോലും പറയാതെ കൂട്ടുകാരി തിരുവനന്തപുരത്തേയ്ക്കു തിരിച്ചു വണ്ടി കേറിയിരുന്നു.കുറ്റം പറയാന്‍ പറ്റില്ല; എന്നെ ഉറക്കത്തില്‍ നിന്നെങ്ങനും എഴുന്നെല്‍പ്പിച്ച്‌ സ്നേഹിച്ചിരുന്നെങ്കില്‍ തീവണ്ടിക്കു പകരം ആംബുലന്‍സ്‌ വേണ്ടി വന്നിരുന്നേനേ എന്ന കാര്യമറിയാന്‍ നാലു വര്‍ഷത്തെ സഹവാസമൊക്കെ ധാരാളം മതീല്ലോ...എന്തായാലും അതോടെ അന്നത്തെ ദിവസത്തേക്കുള്ള പ്ലാനൊക്കെ തകര്‍ന്നു. ഇനിയിപ്പോ നേരെ ബസു പിടിച്ച്‌ എറണാകുളത്തേയ്ക്കു വിടാം;അല്ലെങ്കില്‍ കോട്ടയത്തു തന്നെ ബോട്ടില്‍ കറങ്ങാം,അതുമല്ലെങ്കില്‍ ആലപ്പുഴയിലെക്കു പോകാം ഇങ്ങനെയിങ്ങനെ ഒരുപാടോപ്ഷന്‍സുണ്ട്‌.. ഇതുപോലുള്ള ആശയക്കുഴപ്പങ്ങളുണ്ടാവുമ്പോള്‍ സാധാരണയായി ഞാന്‍ ചെയ്യാറുള്ളത്‌ പുതച്ചു മൂടിക്കിടന്നുറങ്ങുകയാണ്‌. എഴുന്നേല്‍ക്കുമ്പോഴെക്കും എന്തെങ്കിലുമൊരു തീരുമാനത്തിലെത്തിച്ചേര്‍ന്നിട്ടുണ്ടാകും. പക്ഷെ എട്ടു മണിയ്ക്കെഴുന്നേറ്റ ഞാന്‍ എട്ടരയ്ക്ക്‌ പിന്നേം കിടന്നുറങ്ങുകാന്നൊക്കെ പറഞ്ഞാല്‍..എനിക്കു ബുദ്ധിമുട്ടുണ്ടായിട്ടല്ല;കോട്ടയത്തു ഞാന്‍ താമസിക്കുന്ന വീട്ടില്‍ അമ്പലവും പൂജയുമൊക്കെയായി കഴിയുന്ന വയസ്സായ രണ്ട്‌ അമ്മമാരാണുള്ളത്‌- അവര്‍ക്കു ചിലപ്പോള്‍ സഹിക്കാന്‍ പറ്റീന്നു വരില്ല. ഒരു തീരുമാനത്തിലെത്താനുള്ള അടുത്ത വഴി മധുസൂദനന്‍ നായര്‍ കവിതകളെ പാടി പാടി കശാപ്പുചെയ്യലാണ്‌. ആ അമ്മമാരുടെ മുഖഭാവം കണ്ടിട്ട്‌ അതും അധികനേരം തുടരാന്‍ പറ്റുമെന്നു തോന്നുന്നില്ല.അപ്പോഴാണ്‌ ഫോണ്‍ കിടന്നു കരഞ്ഞത്‌.

"ഡീ നീ കേരളം വിട്ടോ??" ചാച്ചനാണ്‌ ലൈനില്‍.(ചാച്ചന്‍=അച്ഛന്റനിയന്‍)
"ഇല്ല..ഞാന്‍ കോട്ടയത്തുണ്ട്‌"



"എന്നാല്‍ ശരി..വേഗം ഒരു ടാക്സി പിടിച്ച്‌ ഇങ്ങോട്ടു വാ.പെട്ടെന്നു വരണം..ഞങ്ങളിപ്പോ ഇവിടം വിടും"

" എന്റമ്മോ കോട്ടയത്തുന്ന്‌ തിരുവനന്തപുരത്തിന്‌ ടാക്സിയ്ക്കോ!! ചാച്ചാ ഞാനിപ്പഴും നിങ്ങള്‍ടെ ഫാമിലീല്‍ തന്നെയല്ലേ..അതോ കൊച്ചീരാജാവെങ്ങാനും എന്നെ ദത്തെടുത്തോ? "അല്ലെങ്കില്‍ തന്നെ ഒരു എ.റ്റി.എം കണ്ടുപിടിച്ചില്ലെങ്കില്‍ കോട്ടയത്തൂടെ പിച്ചതെണ്ടി നടക്കേണ്ട അവസ്ഥയിലാണ്‌ ഞാന്‍.


"അല്ലല്ല ഞങ്ങളിപ്പോ കുമരകത്തുണ്ട്‌. നീ അഡ്രസ്‌ എഴുതിയെടുക്ക്‌ "

ഇനീപ്പോ അതൊക്കെ എഴുതിപ്പഠിച്ച്‌ സമയം കളയാനൊന്നും പറ്റില്ല. അതൊക്കെ വിശദമായി മെസ്സേജയച്ചാല്‍ മതീന്നും പറഞ്ഞ്‌ ഫോണും കട്ട്‌ ചെയ്ത്‌ ആദ്യം കിട്ടിയ ഓട്ടോയ്ക്കു തന്നെ കുമരകത്തേയ്ക്കു വിട്ടു.


KTDC- ടെ Water scapes- എന്ന ഒരു റിസോര്‍ട്ട്‌.കേവലം രണ്ടു ദിവസം മുന്‍പ്‌ ഇതു വഴി ബോട്ടില്‍ കറങ്ങീപ്പോള്‍ പെര്‍മിഷനില്ലാന്നും പറഞ്ഞ്‌ ഞങ്ങളെ നിലം തൊടീക്കാതിരുന്ന അതേ കെ.ടി.ഡി.സി ഇപ്പോള്‍ എനിക്കു വേണ്ടി വാതായനങ്ങള്‍ തുറന്നു പിടിച്ചിരിക്കുന്നു. ഇത്രേയുള്ളൂ മനുഷ്യന്റെ കാര്യം. ബാഗെടുത്ത്‌ പുറത്തു തൂക്കിയിട്ട്‌ ആകെപ്പാടെ ഒരു 'കാലിക്കുപ്പീ..പാട്ട..പഴയസാധനങ്ങള്‍..' സ്‌റ്റെയിലില്‍ ഞാന്‍ അകത്തേക്കു പ്രവേശിച്ചു.ഒറ്റ നോട്ടത്തില്‍ കാടു പിടിച്ചു കിടക്കുന്ന ഒരു സ്ഥലം പോലെ തോന്നും. ഇത്തിരി അങ്ങു നടന്നാല്‍ മരങ്ങള്‍ക്കിടയില്‍ അങ്ങിങ്ങായി കുറെ കുടിലുകള്‍.. മുന്‍പിലായി കായല്‍..എല്ലാം കൊണ്ടും എന്റെസങ്കല്‍പ്പത്തിലുള്ള ഒരു സെറ്റപ്പ്‌. ഇതിലൊരെണ്ണം സ്വന്തമാക്കാന്‍ പറ്റിയാല്‍ ജീവിതം ധന്യം. ദാ എന്റെ സ്വപ്നക്കൂട്‌താഴെ.. ..



ഇത്‌ അതിന്റെ മുന്‍പില്‍ നിന്നുള്ള വ്യൂ



"ചാച്ചാ ഈ കെ.ടി.ഡി.സീ-ടെ ഇപ്പഴത്തെസ്ഥിതിയെങ്ങനെയാ?നഷ്ടത്തിലാണോ?"
അങ്ങനെയാണെങ്കില്‍ കടം മൂത്ത്‌ ഇതു വില്‍ക്കൂലോ.അപ്പോ വന്ന്‌ വങ്ങാം..ഞാന്‍ വെറുതേയങ്ങ്‌ ആഗ്രഹിച്ചു.


"നിനക്കെന്തു പറ്റി.സുഖമില്ലേ..ഇങ്ങനെ വിവരം വെയ്ക്കുന്ന കാര്യങ്ങളൊന്നും നീ ചോദിക്കാറില്ലല്ലോ"

ചാച്ചന്റെ കളിയാക്കല്‍ തികച്ചും ന്യായം. തറവാട്ടില്‍ എല്ലാരും കൂടുമ്പോള്‍ ഇമ്മാതിരി വല്ല ചര്‍ച്ചേം നടക്കുകയാണെങ്കില്‍ ഞാന്‍ ശ്രദ്ധിക്കാറു പോലുമില്ല.ആ സമയത്ത്‌ കസിന്‍പിള്ളേരുടെ കൂടെയിരുന്ന്‌ ബാലരമേലേം പൂമ്പാറ്റേലേം വഴി കണിച്ചു കൊടുക്കല്‍,ഇരട്ടകളെ കണ്ടു പിടിക്കല്‍,കുത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നയാളെ കണ്ടുപിടിക്കല്‍ തുടങ്ങിയ ഇന്റര്‍നാഷണല്‍ പ്രശ്നങ്ങള്‍ സോള്‍വ്‌ ചെയ്യുന്ന തിരക്കിലായിരിക്കും.

"ഏയ്‌ ചുമ്മാ.. നല്ല സ്ഥലം..ഞാനിവിടെ വല്ല പണീം ചെയ്തു കൂടിയാലോന്നു വിചാരിക്കുവാ.. പുല്ലു പറിയ്ക്കുന്ന പണിയായാലും മതി"


"അതിനൊക്കെ നിന്നെക്കാള്‍ കഴിവുള്ള ആള്‍ക്കാരാണ്‌ ഇപ്പോഴിവിടുള്ളത്‌.ഇപ്പോ നീ ഞങ്ങള്‍ടെ കൂടെ ബോട്ടില്‌ ചേര്‍ത്തലയ്ക്കു വരുന്നോ ഇല്ലയോ?" അതിലെ ബോട്ട്‌ എന്ന വാക്ക്‌ ഇത്തിരി കട്ടി കൂട്ടിയാണ്‌ ചോദിക്കുന്നത്‌. പ്രലോഭനങ്ങളെ അതിജീവിക്കുന്ന കാര്യത്തില്‍ ഞാന്‍ പണ്ടേ ഒരു പരാജയമാണെന്ന്‌ ചാച്ചനറിയാം.

"എപ്പ വന്നൂന്നു ചോദിച്ചാല്‍ പോരേ" ഞാന്‍ എലി പുന്നെല്ലു കണ്ട പോലെ ഒന്നു ചിരി പാസ്സാക്കി.

ഒരു കുഞ്ഞു ബോട്ടായിരുന്നു.അതു കൊണ്ട്‌ എന്റെ പെന്‍ഡിംഗ്‌ ലിസ്റ്റിലുണ്ടായിരുന്ന അവസാനത്തെ ആഗ്രഹവും സാധിച്ചു കിട്ടി- ബോട്ടോടുമ്പോള്‍ വെള്ളത്തില്‍ കയ്യിടുകാന്നുള്ളത്‌.ഞാനും പോപ്പൂം നന്ദൂം കൂടി അങ്ങോട്ടുമിങ്ങോട്ടും വെള്ളമൊക്കെ തെറിപ്പിച്ചും പോകുന്ന വഴിക്കുള്ള പായലും ചപ്പും ചവറുമെല്ലാം വലിച്ചു പറിച്ചുമൊക്കേ ശരിക്കും അടിച്ചുപൊളിച്ചു.അതിനിടയ്ക്കുംഞാന്‍ ക്യാമറയെടുത്തു അവിടെം ഇവിടെമൊക്കെ ക്ലിക്കാന്‍ മറന്നില്ല കേട്ടോ.. ദാ നോക്ക്‌.

ഇവിടെങ്ങാനുമൊരു പക്ഷിസങ്കേതമില്ലേ..അതെവിടാ?" പെട്ടന്നാണോര്‍മ്മ വന്നത്‌.

"ഇതൊക്കെ അതിന്റെ ഭാഗമാ..ദാ ആ കാണുന്ന പക്ഷികളൊക്കെദേശാടനപ്പക്ഷികളാ.." ഡ്രൈവര്‍ അറിയിച്ചു.

സംഭവം ശരിയാണ്‌. കുറെ പക്ഷികളൊക്കെ തലങ്ങും വിലങ്ങും പറന്നുനടക്കുന്നുണ്ട്‌.നമ്മടെ ലോക്കല്‍ കാക്കേം പരുന്തുമൊക്കെയാണെന്നു കരുതി ഞാന്‍ മൈന്‍ഡാക്കാതിരുന്നതാണ്‌.ഇതിപ്പോ ടൂറിസ്റ്റുപക്ഷികളാണെന്നറിഞ്ഞിട്ടും വെല്യ പ്രത്യേകതയൊന്നും തോന്നീല്ല.എന്നാലും ഒന്നിനെ ഞാന്‍ കഷ്ടപ്പെട്ട്‌ ക്യാമറേലാക്കീട്ടുണ്ട്‌. വല്ല ആഫ്രിക്കന്‍ കാക്കയും ആയിരിക്കും. അതോ നമ്മടെ ഡ്യൂക്കുലി കാക്കയോ..ആവോ..ആര്‍ക്കറിയാം..കുറേയങ്ങു ദൂരെ വലിയൊരു പാലം. അതാണത്രേ തണ്ണീര്‍മുക്കം ബണ്ട്‌!!

കായലില്‍ കുറച്ചപ്പുറത്തു പച്ചയും ചുവപ്പും കളറിലുള്ള രണ്ടു ചെറിയ തൂണുകള്‍. കായലില്‌ ഏറ്റവും ആഴമുള്ള ഭാഗം മാര്‍ക്കു ചെയ്തിരിക്കുന്നതാണെന്ന്‌ ഡ്രൈവര്‍ അറിയിച്ചു.


"ഇവിടപ്പോ ആരെങ്കിലും മുങ്ങിപ്പോയാല്‍ രക്ഷിക്കാനുള്ള സംവിധാനമൊക്കെയുണ്ടായിരിക്കും അല്ലേ?" ചോദിക്കേണ്ട കാര്യമൊന്നുമില്ല. അതൊക്കെ ഉറപ്പല്ലേ..

"ഏയ്‌ ഇവിടങ്ങനൊന്നുമില്ല. മുങ്ങിയാല്‍ മുങ്ങി..അത്ര തന്നെ.ആരെങ്കിലും ഇപ്പോള്‍ ബോട്ടില്‍ നിന്നു വീണാലും 50 മീറ്ററെങ്കിലും മുന്നോട്ടു പോയേ ബോട്ടു നില്‍ക്കൂ. ഇവിടെ അന്‍പതടി താഴ്ചയുണ്ട്‌. സഹായമൊക്കെ എത്തി വരുമ്പോഴെക്കും ആള്‌ അടിത്തട്ടിലെത്തീട്ടുണ്ടാകും" ഡ്രൈവര്‍ കൂളായി പറഞ്ഞു.

ശരിയാണോ എന്തോ..എന്തായാലും ഭീകരമായിപ്പോയി.


ഞങ്ങളെ തണ്ണീര്‍മുക്കം കെ.ടി.ഡി.സി-യില്‍ ഇറക്കിയിട്ട്‌ ബോട്ട്‌ തിരിച്ചു പോയി. ചേര്‍ത്തലയ്ക്കു പോവാനുള്ള വണ്ടി എത്തിയിട്ടില്ലായിരുന്നു. അതു കൊണ്ട്‌ കുറെ സമയം കൂടി അവിടിരുന്ന്‌ കായലിന്റെ ഭംഗി ആസ്വദിക്കാന്‍ പറ്റി. ചേര്‍ത്തലയ്ക്കു പോയിക്കൊണ്ടിരിക്കുമ്പോഴാണ്‌ എനിക്കു ബോധോദയമുണ്ടാകുന്നത്‌. അങ്ങോട്ടെന്തിനാ‍ണ്‌ പോകുന്നതെന്ന്‌ ഞാനിതു വരെ ചോദിച്ചില്ലല്ലോ..


"ഇപ്പഴാണോ നീയിതു ചോദിക്കുന്നത്‌!!നമ്മളിപ്പോ കായിപ്പുറം എന്ന ഒരു സ്ഥലത്തെക്കാണ്‌ പോകുന്നത്‌."


"അവിടെന്താ കാണാനുള്ളത്‌?"


"അവിടെ കാണാനല്ല;കഴിയ്ക്കാനാണ്‌ പോകുന്നത്‌."

ചാച്ചന്റെ വല്ല സുഹൃത്തുക്കള്‍ടേം വീട്ടിലായിരിക്കുമ്ന്നു കരുതി ഞാന്‍ പിന്നൊന്നും ചോദിച്ചില്ല.
കായിപ്പുറത്ത്‌ ഒരു കുഞ്ഞു ചായക്കടയുടെ മുന്‍പില്‍ വണ്ടി നിര്‍ത്തി. രണ്ടു ബെഞ്ചും ഡെസ്കുമൊക്കെയിട്ട്‌ ഒരു നാടന്‍ ചായക്കട. എന്നെ കണ്ടതും (പിന്നെ പിന്നെ ) അതിന്റെ ഓണര്‍ ഓടിവന്നു ഞങ്ങള്‍ടെ അയാള്‍ടെ വീട്ടിലെക്കു കൊണ്ടു പോയി.എനിക്കു സത്യം പറഞ്ഞാല്‍ ഒന്നും മനസ്സിലായില്ല.


"ഓരോ നാടു കാണുന്നതു പോലെ തന്നെ പ്രധാനമാണ്‌ അവിടുത്തെ ഭക്ഷണത്തിന്റെ സ്വാദറിയുക എന്നതും. ഇവിടെ ഏറ്റവും നല്ല മീന്‍കറി കിട്ടുന്ന സ്ഥലമാണിത്‌" ഞാനിങ്ങനെ അന്തം വിട്ടു നില്‍ക്കുന്നതു കണ്ട്‌ ചാച്ചന്‍ പറഞ്ഞു.


എന്തായാലും ഭക്ഷണത്തിന്റെ കാര്യമല്ലേ. സംഭവമൊക്കെ എനിക്കും ഇഷ്ടപ്പെട്ടു. പിന്നെ അവിടെ നടന്നതൊന്നും ഞാന്‍ വിവരിക്കുന്നില്ല. കരിമീന്‍,കൊഞ്ച്‌,ചെമ്മീന്‍.കാലാഞ്ചി,പിന്നെ വേറെന്തോ ഒരു മീന്‍ (മുന്‍ഷി പോലെ എന്തോ ഒരു പേരാണ്‌) പല തരത്തില്‌ വറുത്തും കറിവെച്ചുമൊക്കെ .അതിന്റെ ടെയ്സ്റ്റൊന്നും പറഞ്ഞറിയിക്കാന്‍ പറ്റില്ല. അവസാനം ഞാന്‍ ചോറൊക്കെ മാറ്റി വെച്ച്‌ മീന്‍ തന്നെ കഴിക്കാന്‍ തുടങ്ങി.(ഓര്‍ക്കുമ്പോല്‍ തന്നെ വായില്‌ വെള്ളം വരുന്നു).

എന്തായാലും അവിടെ നിന്നിറങ്ങുമ്പോള്‍ ഞാന്‍ ശരിക്കും തളര്‍ന്നിരുന്നു. അമ്മാതിരി അങ്കമല്ലായിരുന്നോ!വണ്ടീല്‍ കയറിയതേ ഓര്‍മ്മയുള്ളൂ.പിന്നെ ബോധം കെട്ട പോലെ ഒരുറക്കമായിരുന്നു. കുറേ സമയം കഴിഞ്ഞ്‌ ആന്റി വിളിച്ചപ്പോഴാണ്‌ എഴുന്നേറ്റത്‌. അപ്പോഴേക്കും ഞങ്ങള് ‍കൊച്ചിയിലെത്തിയിരുന്നു.

45 comments:

  1. കൊച്ചുത്രേസ്യ said...

    സഞ്ചാരസാഹിത്യം -നാലാം ദിവസം. ഭക്ഷണം കഴിയ്ക്കാന്‍വേണ്ടി മാത്രം ഒരു യാത്ര :-))

  2. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:“ശരിയാണോ എന്തോ..എന്തായാലും ഭീകരമായിപ്പോയി” അതേ ചുമ്മാ പറഞ്ഞ് കൊതിപ്പിച്ചതല്ലേയുള്ളൂ ..

    കൂട്ടുകാരി മുങ്ങിയതെന്തിനാ?

  3. Shades said...

    :)

  4. അനൂപ് said...

    kalakki...vamban aayittundu...
    inganoru yaathra orkaapurathu vannathum athinu udane chaadipurappetathum aavanam ithile ettavum exciting elements...valare adhikam meticulous planning nadathiya anekamanekam yaathrkal cheetipoya sankadathil jeevitham thalli neekunna oru paavam aathmaavanu njan...

  5. ശ്രീ said...

    വിവരണം പതിവു പോലെ നന്നായിട്ടുണ്ട്.
    പിന്നെ, അവസാ‍നം മിനിന്റെ കാര്യം പറഞ്ഞ് കൊതിപ്പിക്കാന്‍‌ നോക്കി,ല്ലേ?

    :)

  6. Anonymous said...

    ലോ ഇല്ല കോയിക്കൂടാരുന്നാ ത്ര്യേസ്യേടെ സൊപ്പനക്കൂട്....

    മാര്യേജ് ബ്യൂറോക്കാരെ വെറുതെ കൊതിപ്പിക്കല്ലേ. ചെലവുകുറഞ്ഞ വണ്ടിക്കൊക്കെ ഇപ്പം എന്താ മാര്‍ക്കറ്റ്!!

    പോസ്റ്റ് പതിവുപോലെ :)

  7. Sherlock said...

    ഇപ്രാവശ്യം വളരെ സൂക്ഷിച്ചാണു എഴുതിയതല്ലേ...

    കൊട്ടാനുള്ളതൊന്നും കിട്ടിയില്ല :( അടുത്ത തവണ വീട്ടിക്കോളാം

  8. simy nazareth said...

    മുന്‍ഷിയല്ല മുഷി :)

    പിന്നെ ഇനി കുമരകത്തു പോവുമ്പൊ പക്ഷിസങ്കേതത്തില്‍ പോവണം.. കുമരകം ജട്ടിയില്‍ നിന്നും ബസ്സില്‍ ഒരു മൂന്നാലു സ്റ്റോപ്പ് അപ്പുറത്ത് - പണ്ടു പോയപ്പൊ പക്ഷികളുടെ ഒരു ബഹളമായിരുന്നു. പാതിരാമണല്‍ ദ്വീപിലും കുറെ പക്ഷികളുണ്ട്.

    എന്തായാലും കലക്കി

  9. പപ്പൂസ് said...

    അങ്ങനെ നാലാം ഖണ്ഡം കഴിഞ്ഞു. എന്നാലും കൊച്ചേ, ചില കാര്യങ്ങള്‍ പറയാതെങ്ങനെ പപ്പൂസിനുറക്കം വരും?

    മധുസൂധനന്‍നായരുടെ ഏതു കവിതയാണു പാടാറുള്ളതെന്ന് എല്ലാര്‍ക്കുമറിയാവുന്നത് കൊണ്ട് അതൊഴിവാക്കിയതു നന്നായി.

    സ്വപ്നക്കൂട് സൂപ്പര്‍... മരങ്ങളും മറ്റും ഒരുപാടുള്ള സ്ഥിതിക്ക് സങ്കല്പങ്ങളിലെപ്പോലെ മരഞ്ചാടി നടക്കാ... സോറി, മഞ്ചാടി പെറുക്കാനും മറ്റും സൌകര്യമായി.

    ഫോട്ടോയിലെ കാക്ക വരെ തിരിഞ്ഞു നോക്കിപ്പോയ ആ ആമ്പലിനെപ്പറ്റി കൊച്ച് രണ്ടു കൊച്ചുവാക്കു പറഞ്ഞില്ലല്ലോ...

    ഒരു കാര്യം മാത്രം പപ്പൂസിനു മനസ്സിലായില്ല, ഡ്രൈവര്‍ചേട്ടന്‍ അമ്പതടീടേം അമ്പതു മീറ്ററിന്റേം കഥ പറഞ്ഞ ശേഷം തണ്ണീര്‍മുക്കം വരേ ബോട്ടില്‍ സംഭവിച്ച കാര്യങ്ങളൊക്കെ എന്തേ അങ്ങു വിഴുങ്ങി? ;)

    ഇതും കലക്കി... ഇനി കൊച്ചിക്കഥ പോരട്ടെ... :)

  10. ദിലീപ് വിശ്വനാഥ് said...

    എന്റമ്മോ കോട്ടയത്തുന്ന്‌ തിരുവനന്തപുരത്തിന്‌ ടാക്സിയ്ക്കോ!! ചാച്ചാ ഞാനിപ്പഴും നിങ്ങള്‍ടെ ഫാമിലീല്‍ തന്നെയല്ലേ..അതോ കൊച്ചീരാജാവെങ്ങാനും എന്നെ ദത്തെടുത്തോ? "

    അപ്പൊ ഇതാണല്ലേ കൊച്ചിരാജാവിന്റെ കൊച്ചുമോള്‍?
    നല്ല രസ്യന്‍ വിവരണം. ഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നെങ്കില്‍ വിളിച്ചു നാലു തെറി വിളിച്ചേനേ, ഇങ്ങനെയൊക്കെ എഴുതി മനുഷ്യനെ കൊതിപ്പിക്കുന്നതിന്. നാട്, നാട്ടിലെ ഫുഡ്.. എനിക്കു വയ്യ.

  11. പൈങ്ങോടന്‍ said...

    ആഫ്രിക്കാന്‍ കാക്കയെക്കുറിച്ച് എന്തോ പറയുന്നതുകേട്ടു..വേണ്ടാ..വേണ്ടാ..ആഫ്രിക്കയെ തൊട്ടു കളി വേണ്ടാ. :)
    വിവരണം നന്നായിട്ടുണ്ട്..

  12. കുഞ്ഞായി | kunjai said...

    ഇതും കലക്കി

    പിന്നെ ആ പടത്തിലെ സ്വപ്നക്കൂട് അങ്ങട് ഇഷ്ടായിട്ടാ

  13. അനംഗാരി said...

    എന്റെ നാട്ടില്‍ കിടന്നുള്ള അഭ്യാസം നിര്‍ത്തി വേഗം സ്ഥലം വിട്ടോ.ഇല്ലെങ്കില്‍ വിവരം അറിയും.ഇത് കാര്‍ത്യായനിയുടെ നാടാ..മറക്കണ്ട...

    ഓ:ടോ:കായിപ്പുറം വരെ പോയിട്ട് നല്ല കള്ള് കിട്ടിയില്ലേ?അതോ കഴിച്ചിട്ട് മിണ്ടാത്തതാണോ?:)

  14. ഭൂമിപുത്രി said...

    കൊച്ചുത്രേസ്യേനെ ഇടയ്ക്ക് വന്നുകാണണമെന്നു ഒരു
    മനക്കുറിപ്പിട്ടതായിരുന്നു,മുന്‍പ്.പിന്നെയതു വിട്ടുപോയി.ദാ,ഇപ്പോനാലാം പാദത്തിലാണുകേറിപ്പിടിച്ചതു..
    പുറകെഅപ്ഡേറ്റ്ചെയ്തോളാം

  15. മിന്നാമിനുങ്ങുകള്‍ //സജി.!! said...

    മുഹമ്മയും തണ്ണിര്‍മുക്കവുമൊക്കെ ഹെന്റമ്മൊ എനിക്കോര്‍ക്കാന്‍ വയ്യാ.
    ഓര്‍മയിലെ ചില സുന്ദര മുഹൂര്‍ത്തങ്ങള്‍ എനിക്ക് സമ്മാനിച്ച ദിനങ്ങള്‍,
    ഓര്‍ക്കാനും ഓമനിയ്ക്കാനും അതൊക്കെയാ ഈ പ്രവാസ വിരഹത്തില്‍ കൂട്ട്,
    കൊച്ചുത്രേസ്യകൊച്ചെ ഈ ഫോട്ടൊസൊക്കെ കാണീച്ച് ഗൃഹാതുരത ഒന്നൂടെ ഉണര്‍ത്തല്ലെ ഒന്നാമതെ ഓര്‍മകളുടെ തീരാപ്രവാഹത്തിലാ മനസ്സ്..
    എന്നാ പിന്നെ ഇനിയും കറങ്ങിതിരിഞ്ഞ് വരാം

  16. Vivek said...

    Ennalum Kottayathu ninnum Kumarakathinu Auto vilichu poyathu kadanna kayyayi poyi. Kottayam -Kumarakom thuruthura bus ille?

  17. നാടോടി said...

    നല്ല വിവരണം
    അഭിനന്ദനങ്ങള്‍

  18. Eccentric said...

    ഇക്കുറി വളരെ കിടിലം ആയിട്ടുന്ട്ട്. ഒരു പക്ഷെ ഭക്ഷണ കാര്യങ്ങള്‍ ആയത് കൊണ്ടാകും.

  19. കാര്‍വര്‍ണം said...

    "പിന്നെ അവിടെ നടന്നതൊന്നും ഞാന്‍ വിവരിക്കുന്നില്ല. കരിമീന്‍,കൊഞ്ച്‌,ചെമ്മീന്‍.കാലാഞ്ചി,പിന്നെ വേറെന്തോ ഒരു മീന്‍ (മുന്‍ഷി പോലെ എന്തോ ഒരു പേരാണ്‌"
    venda njangalkkoohikkamallo
    karimpin kattil ana keriya pole alle.

  20. krish | കൃഷ് said...

    ത്രേസ്യാചരിതം നാലാദിവസം. അപ്പോ ഇതും വെള്ളത്തില്‍ തന്നെ.
    വെള്ളം കാണുമ്പോള്‍ ത്രേസ്യാക്കൊച്ചിന് എന്തോരു ആര്‍ത്തിയാ. തമിഴന്മാര്‍ കേരളത്തില്‍ വന്ന് കുളവും കായലും കാണുമ്പോളുള്ള ആ ഒരു അത്ഭുതപ്രകടനം പോലെ.

    കായിപ്പുറത്തെ ചായക്കടക്കാരന്‍ ത്രേസ്യാടെ തീറ്റ കണ്ട് അന്തംവിട്ടുകാണുമല്ലോ, മീനുകളോടുള്ള ആ ആക്രമണം കണ്ടിട്ടേ. (ചാച്ചന്‍ കൂടെയുള്ളതുകൊണ്ട് കള്ള് ടേസ്റ്റ് ചെയ്യാന്‍ പറ്റിയില്ലാരിക്കുമല്ലേ, കഷ്ടമായിപ്പോയി!!)

  21. Unknown said...

    ഇതും അടിപൊളിയാരുന്നു.
    അതു കാക്കയല്ലല്ലോ..എരണ്ടയല്ലേ?
    ഇന്ദൂചൂഢാ..ഞാനീ നാട്ടുകാരിയല്ല..

  22. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    " എന്റമ്മോ കോട്ടയത്തുന്ന്‌ തിരുവനന്തപുരത്തിന്‌ ടാക്സിയ്ക്കോ!! ചാച്ചാ ഞാനിപ്പഴും നിങ്ങള്‍ടെ ഫാമിലീല്‍ തന്നെയല്ലേ..അതോ കൊച്ചീരാജാവെങ്ങാനും എന്നെ ദത്തെടുത്തോ? "


    ഹ ഹ ഹ ചിരിക്കാതിരിക്കാന്‍ വയ്യെന്റെ കൂട്ടത്തില്‍ പിറക്കാതെപ്പോയ പെങ്ങളേ...

  23. നവരുചിയന്‍ said...

    നടക്കട്ടെ ...
    അപ്പൊ കായലില്‍ ഉള്ള മീന്‍ മുഴുവന്‍ വന്നു തിന്നു അല്ലെ ...
    ഇനി പാവം ദേശാടന കിളികള്‍ എന്തോനു എടുത്തു തിന്നും ??

  24. ഏ.ആര്‍. നജീം said...

    ശോ, അവസാനത്തെ വരികള്‍ വായിച്ചപ്പോ വായില്‍ ക്യൂന്‍ മേരി ഓടിക്കാനുള്ള വെള്ളം നിറഞ്ഞു..
    നല്ല വിവരണം ..
    കഴിഞ്ഞോ അതോ ഇനിയും ഉണ്ടൊ അങ്കം..?

    "ചാച്ചാ ഈ കെ.ടി.ഡി.സീ-ടെ ഇപ്പഴത്തെസ്ഥിതിയെങ്ങനെയാ?നഷ്ടത്തിലാണോ?"
    അങ്ങനെയാണെങ്കില്‍ കടം മൂത്ത്‌ ഇതു വില്‍ക്കൂലോ.അപ്പോ വന്ന്‌ വങ്ങാം..ഞാന്‍ വെറുതേയങ്ങ്‌ ആഗ്രഹിച്ചു."


    ങാ..പഷ്ട ആഗ്രഹം..! KSRTC നഷ്ടത്തിലായത് കൊണ്ട് അവര് തമ്പാനൂര്‍ ബസ്റ്റാന്റ് വില്‍ക്കാന്‍ ‍ പോകുന്നു എന്ന് കേട്ടു..എന്താ വാങ്ങുന്നോ... :)

  25. പ്രയാസി said...

    "കരിമീന്‍,കൊഞ്ച്‌,ചെമ്മീന്‍.കാലാഞ്ചി,പിന്നെ വേറെന്തോ ഒരു മീന്‍ (മുന്‍ഷി പോലെ എന്തോ ഒരു പേരാണ്‌) പല തരത്തില്‌ വറുത്തും കറിവെച്ചുമൊക്കെ"

    ഇത്രെം ഇഷ്ടപ്പെട്ടു.

    വേറെ എഴുതിയതൊന്നും ഇഷ്ടപ്പെട്ടില്ല..;)

  26. സാക്ഷരന്‍ said...

    "ഏയ് ചുമ്മാ.. നല്ല സ്ഥലം..ഞാനിവിടെ വല്ല പണീം ചെയ്തു കൂടിയാലോന്നു വിചാരിക്കുവാ.. പുല്ലു പറിയ്ക്കുന്ന പണിയായാലും മതി"

    നല്ല തീരുമാനം … ആള് ദി ബെസ്റ്റേ …

  27. കാനനവാസന്‍ said...

    അയ്യോ അത് മുന്‍ഷി അല്ല,‘മുഷി‘ ആരിക്കും..ശുദ്ധജലത്തില്‍ കാണപ്പെടുന്ന ഒരു മത്സ്യമാ.

    എന്തായാലും വിവരണം നന്നായി..

  28. കൊച്ചുത്രേസ്യ said...

    ചാത്താ കൂട്ടുകാരി എന്തോ അത്യാവശ്യം വന്നതു കൊണ്ടു തിരിച്ചു പോയതാ.അല്ലാതെ എന്റെ ശല്യം സഹിക്കാതെ ഒളിച്ചോടീതൊന്നുമല്ല :-(

    shades നന്ദി..വീണ്ടും വരിക

    l.s.m @ സത്യം..അല്ലെങ്കിലും യാത്രകളില്‍ വെല്യ പ്ലാനിംഗ്‌ ഒന്നും ഇല്ലാതിക്കുന്നതാണ്‌ രസം. ടൈം-ടേബിളൊക്കെ അനുസരിച്ച്‌ യാത്ര ചെയ്താല്‍ ഒരു ത്രില്ലുമുണ്ടാവില്ല :-)

    ശ്രീ എന്നാലും ആ മീന്‍കറിയ്ക്കൊക്കെ എന്തൊരു ടേസ്റ്റായിരുന്നെന്നോ!ഹി ഹി

    ഗുപ്താ എന്താ ആ കൂടിനൊരു കുഴപ്പം..എനിയ്ക്കും എന്റെ താറാവുകള്‍ക്കും(ഇപ്പോഴില്ല ഭാവിയില്‍ മേടിയ്ക്കും) ഇതു ധാരാളം പോരേ..
    പിന്നെ ആ ചെലവു കുറഞ്ഞ വണ്ടി ഇങ്ങു വരട്ടെ..ഇവിടെ പലതും നടക്കും ;-)


    ജിഹേഷേ ഒന്നൂടൊന്നു മുങ്ങിത്തപ്പി നോക്കെന്നേ..എന്തെങ്കിലുമൊക്കെ തടയുമായിരിക്കും..

    സിമീ എന്റെ പൊതുവിജ്ഞാനം വര്‍ദ്ധിപ്പിച്ചതിനു നന്ദി. പിന്നെ ഈ പക്ഷികളോടൊന്നും എനിക്കു വെല്യ സ്നേഹമൊന്നുമില്ല കേട്ടോ.. വല്ല വറുത്തോ പൊരിച്ചോ ഒക്കെയാണെങ്കില്‍ അരക്കൈ നോക്കാംന്നല്ലാതെ.. ;-)

    പപ്പൂസേ വന്നു പാര വെച്ചു പോയതിനു താങ്ക്സ്‌..പിന്നേ ആ അമ്പതടിയ്ക്കും തണ്ണീര്‍മുക്കത്തിനുമിടയ്ക്ക്‌ ഒന്നും സംഭവിച്ചില്ല. പണ്ടേ ഇങ്ങനെയാ..അപാരമായ ധൈര്യം വന്നു കഴിഞ്ഞാല്‍ എനിക്കു പിന്നെ മിണ്ടാന്‍ പറ്റില്ല..ശ്വാസമെടുക്കുക, ഹൃദയമിടിയ്ക്കുക തുടങ്ങിയ പരിപാടികളൊക്കെ താല്‍ക്കാലികമായി ഞാനങ്ങു നിര്‍ത്തിവെയ്ക്കും..ഇതൊക്കെ എഴുതിയാല്‍ ചുമ്മാ ആത്മപ്രശസയാവൂല്ലോന്നു വായനക്കാര്‍ വിചാരിച്ചാലോന്നു കരുതിയാണ്‌ അതങ്ങു വിഴുങ്ങിക്കളഞ്ഞത്‌ :-)

    വാല്മീകീ സോണി എറിക്സണ്‍ W810i -ഇതാ എന്റെ നമ്പര്‍..ഇനി ഇതില്ലാത്തതിന്റെ പേരില്‍ തെറി വിളിയ്ക്കാതിരിക്കണ്ടാ..

    പൈങ്ങോടാ കാണുമ്പോ ഒരാഫ്രിക്കന്‍ലുക്കെണ്ടീനു കരുതി ആഫ്രിക്കായോട്‌ ഇത്രയ്ക്കു സ്നേഹമൊന്നും വേണ്ട കേട്ടോ..

    കുഞ്ഞായീ നന്ദി..

    അനാംഗരീ ആരാ ഈ കാര്‍ത്ത്യാനി..അവിടുത്തെ പ്രധാനമന്ത്രിയാണോ!! സത്യമായും ഞാന്‍ കള്ളു കുടിച്ചില്ല..ആ സമയത്ത്‌ മധുരക്കള്ളു കിട്ടാനില്ലായിരുന്നു.. ആ കയ്പ്പുള്ള കള്ളാണെങ്കില്‍ എനിക്ക്‌ ഇഷ്ടവുമല്ല..

    ഭൂമിപുത്രീ മതി മതി പതുക്കെ വായിച്ചാല്‍ മതി..

    ബെന്നി രണ്ടു കുത്തിനും വളഞ്ഞ വരയ്ക്കും താങ്ക്സ്‌..

    സജീ ആ കമന്റിലെ ആദ്യത്തെ ഡയലോഗുണ്ടല്ലോ..ഏതാണ്ട്‌ അതു തന്നെയാ ആ നാട്ടുകാരും പറയുന്നത്‌-' സജി തിരി‍ച്ചു വരികയോ!! ഹെന്റമ്മോ അതോര്‍ക്കാന്‍ കൂടി വയ്യാ'-ന്ന്‌ അതെന്താ അങ്ങനെ?

    വിവേക്‌ ബസൊക്കെ കണ്ടു പിടിച്ചു വരുമ്പോഴെയ്ക്കും ഒരു സമയമാകുമായിരുന്നു.. റോമിംങ്ങിലുള്ള ഫോണില്‍ കൂടി ചാച്ചന്റെ ചീത്ത കേള്‍ക്കുന്നതിനെക്കാള്‍ സാമ്പത്തികലാഭം ഓട്ടോ പിടിച്ച്‌ കൃത്യസമയത്തു തന്നെ അവിടെയെത്തുന്നതായിരുന്നു:-)

  29. കൊച്ചുത്രേസ്യ said...

    ബാജീ നന്ദി

    കാര്‍വര്‍ണ്ണമേ ഊഹമൊക്കെ കറകറക്ടാണ്‌ കേട്ടോ..

    കൃഷ്‌,ആഗ്നേയ,പ്രിയ താങ്ക്സ്‌

    നവരുചിയാ ദേശാടനക്കിളികളൊക്കെ തന്നിഷ്ടത്തിനു വന്നതല്ലേ..വയറു നിറയെ മീന്‍ തരാംന്ന്‌ ഇവിടുന്ന്‌ ആരും വാക്കൊന്നും കൊടുത്തിട്ടില്ലല്ലോ..അതു കൊണ്ട്‌ അതോര്‍ത്ത്‌` വിഷമിയ്ക്കണ്ട :-)

    നജീം കരഗതാഗതത്തോട്‌ എനിക്കൊരു താല്‍പ്പര്യവുമില്ല..KSWTC എങ്ങാനും വില്‍ക്കാനുണ്ടെങ്കില്‍ ഒന്നറിയിക്കണേ..

    പ്രയാസി അതെനിക്കറിയാം..ഭക്ഷണത്തിന്റെ കാര്യം കണ്ടാല്‍ പിന്നെ അവിടുന്നു കണ്ണു മാറ്റാന്‍ പറ്റാത്തത്‌ എന്തോ ഒരസുഖമാണ്‌ ;-)

    സാക്ഷരാ ഞാന്‍ സ്വപ്നം കണ്ടതു കൊണ്ടു മാത്രമായില്ലല്ലോ.അവരൂടെ സമ്മതിയ്ക്കേണ്ടേ :-(

    കാനനവാസാ അപ്പോ നിങ്ങളും മീന്‍ സ്പെഷ്യലിസ്റ്റാ അല്ലേ..താങ്ക്സുണ്ടേ :-)

  30. ഉണ്ടാപ്രി said...

    യീ തള്ളച്ചി(പിന്നേ.. കൊച്ചുത്രേസ്യക്കൊച്ചേന്നു വിളിക്കാന്‍ ഇതെന്നാ മനസ്സിനക്കരയോ..) മനുഷ്യേനെ കൊതിപ്പിച്ചു കൊല്ലും.

    എന്റെ തീറ്റപ്രാന്ത് തിരിച്ചു വന്നേ..
    ശ്ശൊ..സമയമില്ല.
    ഇത്തിരി പാചക പരീക്ഷണം നടത്തട്ടേ..

  31. വിന്‍സ് said...

    ഇതെപ്പം എഴുതി....മറ്റേ ഭാഗങ്ങളേക്കാലും നന്നായി. കോട്ടയത്തിനു കൂട്ടുകാരെ കാണാന്‍ പോവുമ്പോള്‍ കുമരകത്തിനൊക്കെ പോണം എന്നു കരുതി ഇറങ്ങും. പക്ഷെ അവസാനിക്കുന്നത് ആര്‍ക്കാഡിയയിലോ വിന്‍സ്റ്റണ്‍ കാസ്റ്റിലോ ആയിരിക്കും. ജൂണില്‍ നാട്ടില്‍ പോവുന്നുണ്ട്, ഈ വിവരണം കൂടി ആയപ്പം എന്തായാലും കുമരകത്തിനു പോയേ പറ്റൂ.

  32. വിന്‍സ് said...

    ബൈ ദ ബൈ (തെറ്റിദ്ധരിക്കണ്ട ജോസ് പ്രകാശിന്റെ ആ ബൈ അല്ല) ആ ഹോട്ടലിന്റെ പേരു ഓര്‍മ്മ ഒണ്ടോ??

  33. കൊച്ചുത്രേസ്യ said...

    ഉണ്ടാപ്രീ തിരിച്ചു വന്നൂന്നൊക്കെ പറയാന്‍ ഈ തീറ്റപ്രാന്ത്‌ എപ്പോഴെങ്കിലും ഉണ്ടാപ്രിയെ വിട്ടു പോയിട്ടുണ്ടോ :-)

    വിന്‍സേ ഹോട്ടല്‍ എന്നു പറയാനും മാത്രമൊന്നുമില്ല..
    കായിപ്പുറത്താണീ കട.. വൈദ്യര്‍ടെ കട എന്നാണത്രേ അതറിയപ്പെടുന്നത്‌..

  34. പ്രിയ said...

    ഒരു ആറു വര്ഷം മുന്പത്തെ യാത്ര ഓര്മിപ്പിച്ചു. കൊച്ചികായലില് കൂടെ ബോട്ടില് കുമരകം വരെ . ബോട്ട് ജെട്ടിയില് നിന്നു രാവിലെ 6:30 നു തുടങ്ങി ഒരു പകല് മുഴുവന് കായലില്. കൊച്ചിക്കായലും വേമ്പനാട്ടു കായലും . കൂടെ മുഴുവന് സഹപ്രവര്ത്തകര് . ഉച്ചക്ക് കായല്തീരത്തെ ഒരു resortil മൂക്ക് മുട്ടെ ശാപ്പാട്. അടിച്ച് പൊളിച്ചു .
    കൊച്ചു ത്രെസ്യയുടെ വിവരണം ഒരു rewind ഇട്ടു എന്നെ കുറെ ഇരുത്തി.ഇനി പാടട്ടെ "ഓര്മകളെ കൈവള ചാര്ത്തി വരൂ ...."

  35. ~nu~ said...

    ത്രേസ്യാമ്മേ, നന്നായിട്ടുണ്ട്. പുതുമുഖമാണ്...ബാക്കിയുളളതെല്ലാം വായിച്ചു തുടങ്ങുന്നേയുള്ളൂ...

  36. Peelikkutty!!!!! said...

    ... ബെഞ്ചും ഡെസ്കുമൊക്കെയിട്ട്‌ ഒരു നാടന്‍ ചായക്കട...
    ...ഇവിടെ ഏറ്റവും നല്ല മീന്‍കറി കിട്ടുന്ന സ്ഥലമാണിത്‌" ..കരിമീന്‍,കൊഞ്ച്‌,ചെമ്മീന്‍.കാലാഞ്ചി,പിന്നെ വേറെന്തോ ഒരു മീന്‍ (മുന്‍ഷി പോലെ എന്തോ ഒരു പേരാണ്‌) പല തരത്തില്‌ വറുത്തും കറിവെച്ചുമൊക്കെ .... ഈ പാര അഞ്ചാറു പ്രാവശ്യം‌ വായിച്ചെന്റെ ത്രേസ്യേ :(

  37. Cartoonist said...

    കൊ.ത്രേ.,

    ഇത്രയും ദിവസം ഞന്‍ ‘കമാ’ന്ന്
    മിണ്ട്യോ ? ഒന്നും പറയാനില്ലാഞ്ഞിട്ടാന്നു വെച്ചോ, ജനം ?

    ആ ‘ദി തേഡ് കൊച്ചി ബ്ലോഗ്ഗേഴ്സ് മീറ്റ്’ ഞാന്‍ പോസ്റ്റാക്കീര്‍ന്നെങ്കില്‍ ഇപ്പൊ 1000-ഇലധികം കമന്റ് സമ്പാദിക്കാമായിരുന്നു. ഏറനും ദി ആലപ്പുഴക്കാരനും ഈയുള്ളോനും മാത്രം പങ്കെടുത്ത ആ ‘ദി സെക്കന്‍ഡ് കൊച്ചി ബ്ലോഗ്ഗേഴ്സ് മീറ്റ്’-ഇനു തന്നെ എന്തായിരുന്നു ഒരു നടവരവ് !

    അഞ്ചാം ദിവസം കൊച്ച്യാണല്ലൊ. ചില്‍ഡ്രണ്‍സ് പാര്‍ക്കിലെ സ്ലൈഡിന്റെ മുകളില്‍ ആര്‍മ്മാദിക്കുന്ന രണ്ടടിക്കാര്‍ പിള്ളേര്‍ക്കൊപ്പം വിഷാദമൂകയായി സുഭഗയായ ഒരു യുവതിയെ കോണി കയറി രക്ഷപ്പെടുത്താനാഞ്ഞപ്പോഴേയ്ക്കും ‘അരുത് ഭവാന്‍’ എന്നു പറഞ്ഞ് എന്റെ നല്ല പാതി വഴി തടഞ്ഞില്ലായിരുന്നെങ്കില്‍ നമ്മള്‍ സ്ലൈഡിന്റെ മുകളില്‍ വെച്ചുതന്നെ പരിചയപ്പെട്ടേനെ. ഇതിപ്പൊ, തിരിഞ്ഞു നടന്ന എന്നെ നോക്കി ‘കാര്‍ട്ടൂ‍ൂ‍ൂ‍ൂ’ എന്ന പരിചയവിളി കേട്ട് തിരിഞ്ഞപ്പളല്ലെ കണ്ടത് - കൊച്ചുത്രേസ്സ്യയും കുട്ട്യോളും !

    ‘മുന്‍ഷി’ എന്ന കുളമത്സ്യത്തെ പിടിക്കാന്‍ വക്രബുദ്ധി എന്നൊരു സാത്വിക മുക്കുവന്‍ തോര്‍ത്തുമുണ്ടുമായി നടപ്പു തുടങ്ങിയിട്ട് മൂന്നാഴ്ച്ചയായി. മത്സ്യം മാപ്പു പറയണം.

    ങ്ഹാ, അതു പോട്ടെ, തല്‍ക്കാലം ധാരാളം ആശംസകള്‍ !

  38. കൊച്ചുത്രേസ്യ said...

    കാര്‍ട്ടൂ ഇതിനേക്കാള്‍ ഭേദം 'ക' 'മാ'ന്നു തന്നെ മിണ്ടുന്നതായിരുന്നു. നാട്ടുകാരേ ഇതൊന്നും വിശ്വസിക്കല്ലേ..ഞാന്‍ സ്ലൈഡിലൊന്നും കേറീട്ടില്ല.. ഞാന്‍ നോക്കുമ്പോള്‍ ഒരു പൊടിക്കൊച്ചിനെ തള്ളിമാറ്റി അതിന്റെ ഊഞ്ഞാലില്‍ കേറിയിരിക്കുന്ന ഒരു ക്രൂരന്‍..പിള്ളേരെ ദ്രോഹിക്കുന്നതു കണ്ടാല്‍ പണ്ടേ എനിക്കു സഹിക്കില്ല. ഞാന്‍ ഓടിച്ചെന്നു നോക്കുമ്പോള്‍ ആരാ ആ ക്രൂരന്‍!!! കാര്‍ട്ടൂ അന്നു വാങ്ങി തന്നെ ഐസ്ക്രീമിന്റെ നന്ദി ഇപ്പഴും മനസ്സിലുള്ളതു കൊണ്ട്‌ ഞാന്‍ കൂടുതലൊന്നും പറയുന്നില്ല :-))

  39. Vempally|വെമ്പള്ളി said...

    കൊച്ചുത്രേസ്യേഡെ ഈ കൂള്‍ ആറ്റിറ്റ്യൂഡ് കാണുമ്പോഴാണ് കഴിഞ്ഞ ദിവസം ഒരു സുഹ്രുത്തിന്റെ വീട്ടില്‍ നടന്ന കാര്യം ഓര്‍ത്തത്. ഇളയ രണ്ടു പിള്ളാരുടെ കഥ പറ കഥ പറ എന്ന ശല്യം കാരണം അങ്ങേര്‍ മിണ്ടാതെ അനങ്ങാതെ കിടന്നു രണ്ടാ‍മത്തെ ആണ്‍കുട്ടി(9) വന്ന് മൂക്കിന്റെ മുന്‍പിലും ചങ്കിലും ഒക്കെ കൈവച്ച് നോക്കി എന്തോ പന്തികേടാണെന്നു തോന്നീട്ട് ചേച്ചീനെ (11) വിളിച്ചിട്ട് പറഞ്ഞു - പപ്പ അനങ്ങുന്നും മിണ്ടുന്നുമില്ല ചേച്ചീ.
    ചേച്ചി ഇരുന്നിടത്തുനിന്നനങ്ങാതെ ഒന്നു തിരിഞ്ഞു പോലും നോക്കാതെ ഫുള്‍ ഗൌരവത്തില്‍ ഫുള്‍ ഇന്നസെന്റായി പറഞ്ഞു “ഡെഡ് ആയോന്ന് നോക്കിക്കേടാ”

  40. Mr. K# said...

    കാക്കേടെ പടമെടുത്ത് ദേശാടനപ്പക്ഷി എന്നു പറഞ്ഞ് ബ്ലോഗിലിട്ടതൊഴിച്ഛ് ബാക്കിയെല്ലാം ക്ഷമിച്ചു. :-)

  41. ചേര്‍ത്തലക്കാരന്‍ said...

    കൊള്ളാം, ഇഷ്ടപെട്ടൂ.
    എന്റെ വീട് ച്ചെര്‍ത്തലയില്‍ ആണു. ഏനിക്കു പോലും വിവരിക്കാന്‍ പറ്റാത്തതാ കുഞ്ഞൂ വിവരിച്ചതു. കൊള്ളാംകൊള്ളാംകൊള്ളാംകൊള്ളാം

  42. Unknown said...

    ദൈവമേ,ഈ സംഭവം ഞങ്ങളുടെ നാട്ടിലൂടെയും പോയി കാണണമല്ലോ..അതേ കൊച്ചേ,പോകുന്ന വഴിയെങ്ങാനും മൂന്നു പുഴകള്‍ ഒരുമിക്കുന്നതു വല്ലതും കണ്ടായിരുന്നോ..മൂവാറ്റുപുഴ എന്നു പറയും...എന്താണേലും ഇതു കലക്കി...

    പിന്നെ,ഈ ചാച്ചനെ എനിക്കു പരിചയമുണ്ടോ ചേച്ചി...ചുമ്മാ ചോദിച്ചതാ...

  43. കൊച്ചുത്രേസ്യ said...

    വെമ്പള്ളീ ആ കൊച്ചു പറഞ്ഞതിനേക്കാളും കട്ടീല്‌ ഞാനും പറഞ്ഞിട്ടുണ്ട്‌ :-)

    കുതിരവട്ടാ അത്‌ ആഫ്രിക്കന്‍ കാക്ക തന്നെയാണ്‌. കണ്ടില്ലേ കറുത്തിരിക്കുന്നത്‌..

    ശ്യാമേ ചെര്‍ത്തലയിലേക്കിറങ്ങൂ..മീന്‍ കഴിയ്ക്കൂൂ..എന്നിട്ട്‌ ഒരു കിടിലന്‍ പോസ്റ്റിടൂ..

    മൃദുല്‍ ഇല്ലാ ഞാനാ വഴിയ്ക്കു മാത്രം പോയില്ല.ഈ ചാച്ചനെ മൃദുലിനു നല്ല പരിചയമുണ്ട്‌ :-)

  44. yousufpa said...

    undillelum vendilla,undapoley vayaru niranjhu.....birrrrrrrrrrrrrrrrreu

  45. കൊച്ചുത്രേസ്യ said...

    ഈ പോസ്റ്റിൽ വിവരിച്ച 'വൈദ്യർടെ കട'-യെ പറ്റി വിശദമായി വനിതയിലുണ്ട്‌ (Sep 15-30 ലക്കം). മീൻ കഴിക്കാൻ ആർത്തി മൂത്തിരിക്കുന്നവർക്ക്‌ അങ്ങോട്ടു വെൽക്കം :-)