"ഡീ ഇവിടെ കൊച്ചീല് നല്ല അടിപൊളി കരിമീന്‍-പൊള്ളിച്ചതു കിട്ടുന്ന ഒരു സ്ഥലമുണ്ട്. രാത്രീല് അവിടുന്നാകാം ഭക്ഷണം. നിനക്ക് എവിടെയെങ്കിലും പോവാനുണ്ടെങ്കില് വേഗം പോയിട്ടു വാ.."
ദാ പിന്നെം മീന്‍..ഈ മനുഷ്യന് ആരെങ്കിലും മീനില്‍ കൈവിഷം വെച്ചു കൊടുത്തിട്ടുണ്ടോ!!
"ചാച്ചാ പ്ലീസ് എനിക്കിനി ഒരാഴ്ച്കത്തേയ്ക്ക് ഭക്ഷണമേ വേണ്ട..എന്നെയൊന്നു വെറുതേ വിടൂ പ്ലീീീസ്.."
"ശരി..നീയൊന്ന് മറൈന്‍ ഡ്രൈവിലൊക്കെ ചുറ്റിക്കറങ്ങീട്ടു വാ..എന്നിട്ടു നമ്മക്കു തീരുമാനിക്കാം"
ഇനി രക്ഷയില്ല..ഒരു സ്ഥലത്തെത്തിയാല്‍ അവിടെ അടച്ചുപൂട്ടിയിരിക്കാനൊന്നും ചാച്ചന് സമ്മതിക്കില്ല. പുറത്തിറങ്ങി നടന്നാലേ ആത്മവിശ്വാസമുണ്ടാകൂന്നാണ് ആള്‍ടെ പോളിസി. ഇങ്ങനൊരു നാടുചുറ്റലിനു പോലും ഏറ്റവും സപ്പോര്‍ട്ട് ചാച്ചനായിരുന്നു.ഒറ്റയ്ക്കു പോകാനൊരു മൂഡില്ല. കപ്പലു കാണിച്ചു കൊടുക്കാംന്നുള്ള പ്രലോഭനമൊക്കെ നന്ദൂം പോപ്പൂം നിര്‍ദ്ദയം തള്ളിക്കളഞ്ഞു. അവരു പറയുന്നതും ശരിയാണ്..ഹോട്ടലിന്റെ ജനലിലൂടെ നോക്കിയാല്‍ കപ്പലോക്ക് നല്ല ക്ലിയറായിട്ടു കാണാം.പിന്നെന്തിന് അങ്ങു വരെ പോയി ബുദ്ധിമുട്ടണം!!അവസാനം കല്യാണ്‍ സില്‍ക്സില്‍ പോകാന്‍ കൂട്ടുവരാംന്നുള്ള മോഹനവാഗ്ദാനത്തില്‍ ആന്റി വീണു.
ഞങ്ങള്‍ ആദ്യം തന്നെ പോയത് മറൈന്‍ഡ്രൈവിലെക്കാണ്..നല്ല സന്ധ്യാ സമയം. കാണാനൊക്കെ നല്ല ഭംഗിയുണ്ട്. പക്ഷെ സ്ഥലം കാണാന്‍ ഭംഗിയുണ്ടായതു കൊണ്ടു മാത്രമായില്ലല്ലോ;വല്ലാതെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷം..എപ്പോള്‍ വേണമെങ്കിലും ഒരാക്രമണം ഉണ്ടായേക്കാം എന്നു തോന്നിക്കുന്ന തരം പെരുമാറ്റങ്ങള്‍..ഞങ്ങള്‍ പെട്ടെന്നു തന്നെ അവിടുന്നു പുറത്തേക്കു കടന്നു.
അവിടെ തന്നെ ഒരു ചില്‍ഡ്രന്‍സ് പാര്‍ക്ക്. കുറെ ഊഞ്ഞാലുകളും റൈഡ്സും ഒക്കെയുണ്ട്.ഞങ്ങള്‍ കുറച്ചു സമയം അതു വഴി ചുറ്റി നടന്നു.പെട്ടെന്നാണ് അതെന്റെ കണ്ണില്‍ പെട്ടത്. ഇട്ടാവട്ടത്തില്‍ ഒരു പൂള്..അതില്‍ ബോട്ടിംഗ് സൗകര്യവുമുണ്ട്.ഞാന്‍ ആന്റിയെയും വലിച്ചു കൊണ്ട് അങ്ങോട്ടു പോയി.
"ഇത്രേം വെള്ളം കണ്ടിട്ടും നിന്റെ കൊതി മാറീല്ലേ. നാലു ചാണ് വലിപ്പമില്ലാത്ത ഇതില്‍ എന്തോന്നു ബോട്ടിംഗ്!!"
ആന്റി പറയുന്നതിലും കാര്യമുണ്ട്. തൊട്ടപ്പുറത്ത് കൊച്ചിക്കായല്‍ നീണ്ടു നിവര്‍ന്നു കിടക്കുമ്പോഴാണ് ഈ പൊട്ടക്കുളം പോലുള്ള പൂള്..
"എന്നാലും പ്ലീസാന്റീീ..ഇന്നും കൂടി കഴിഞ്ഞാല്‍ ഞാനിവിടം വിടില്ലേ..ഇനി ഞാനീ നാട്ടിലേയ്ക്ക് ഒരിക്കലും വന്നില്ലെങ്കിലോ"
സെന്റിയില്‍ വീഴാത്ത ഒരാന്റിമാരും ഇന്നേ വരെ ലോകത്തുണ്ടായിട്ടില്ല.ഞങ്ങള്‍ ടിക്കറ്റെടുക്കാന്‍ ചെന്നു.
"പത്തു മിനിറ്റു നേരത്തെക്കാണ് ബോട്ടിംഗ്. പക്ഷെ അതിന് ഇപ്പോള്‍ തന്നെ ഒരുപാടാള്ക്കാര് ക്യൂവിലുണ്ട്.ഒരു അര മണിക്കൂര്‍ വെയ്റ്റ് ചെയ്യേണ്ടി വരും". കൗണ്ടറിലെ ചേട്ടന് എന്റെ മോഹങ്ങളുടെ മേല്‍ മണ്ണു വാരിയിട്ടു.
അത്രെമൊന്നും കാത്തിരിക്കാനുള്ള സമയമില്ല. ഞങ്ങള്‍ പിന്തിരിഞ്ഞു.
"കൊച്ചുത്രേസ്യേ.."
പെട്ടെന്നു പുറകില്‍ നിന്നൊരു വിളി. ഇതാരപ്പാ ഈ പേരിലൊക്കെ എന്നെ വിളിക്കുന്നത്!!അന്തംവിട്ട് ഞാന്‍ തിരിഞ്ഞു നോക്കി.
പിന്നിലൊരു കൊച്ചുകുടുംബം സന്തുഷ്ടകുടുംബം നില്ക്കുന്നു. അച്ഛന്. അമ്മ,പിന്നെയൊരു ചെറിയ മോനും.(എണ്ണത്തില്‍ മാത്രമാണു കേട്ടോ 'കൊച്ചു കുടുംബം', വലിപ്പത്തിലല്ല)അതില്‍ അച്ഛന്റെ തല ഏതോ ഒരു ബ്ലോഗില്‍ കണ്ടു നല്ല പരിചയമുണ്ട്.
"ദൈവമേ ഇതു കാര്‍ട്ടുവല്ലേ!!"
"കാര്‍ട്ടുവോ..അതാര്??" പേരു കേട്ടപ്പോള്‍ തന്നെ ആന്റിക്കെന്തോ ഒരു മിസ്റ്റേക്ക് തോന്നി.. അപ്പോഴെയ്ക്കും അവരും അടുത്തെത്തി.
"ആന്റീ ഇതു കാര്‍ട്ടൂണിസ്റ്റ് ..അല്ലല്ല സജീവേട്ടന്..നന്നായി വരയ്ക്കും..ഞാന്‍ അന്നു കാണിച്ചില്ലെ.എന്റെ ചട്ടേം മുണ്ടുമൊക്കെയിട്ട പടം..അതു കാര്‍ട്ടു വരച്ചതാ" ഞാന്‍ ഒറ്റ സ്വാസത്തില് ഗമ്പ്ലീറ്റ് കാര്യങ്ങളും പറഞ്ഞു കൊടുത്തു.
പിന്നെ അവിടെ നിന്ന് മാരത്തോണ്‍ സംസാരം.ഞങ്ങള്‍ രണ്ടു പേരും സാമാന്യത്തിലധികം സ്പീഡില്‍ സംസാരിക്കുന്നവരായതു കൊണ്ട് ആ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഒരു പാടു കാര്യങ്ങള്‍ പറയാന്‍ പറ്റി. അവസാനം സജ്ജീവേട്ടന് വാങ്ങി തന്ന ഐസ്ക്രീമും കഴിച്ച് അവിടുന്നു വിട വാങ്ങി. തികച്ചും അവിചാരിതമായ ഒരു കണ്ടുമുട്ടലായിരുന്നു അത്. ശരിക്കും ഭയങ്കര സന്തോഷം തോന്നി.
അടുത്തത് കല്യാണ്‍ സില്‍ക്സിലെക്ക്. ഏഴെട്ടു നില പലവട്ടം കയറിയിറങ്ങി.എന്തായാലും വന്നതല്ലേന്നു കരുതി ആന്റി എന്തൊക്കെയോ വാങ്ങിച്ചു. എനിക്കു പിന്നെ അങ്ങനത്തെ നല്ല സ്വഭാവമൊന്നുമില്ലത്തതു കൊണ്ട് ഒരു തൂവാല പോലും വാങ്ങിയില്ല. എല്ലാം കഴിഞ്ഞപ്പോഴെക്കും നന്നായി വൈകി. പിന്നെ അധികം ചുറ്റിക്കറങ്ങാതെ ഹോട്ടലിലെക്കു തന്നെ വിട്ടു.
പിറ്റെ ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ അടുത്ത പ്രതിസന്ധി. ചാച്ചന്റെയൊക്കെ പ്ലാന്‍ വീഗാലാന്‍ഡില്‍ പോവാനാണ്. സത്യം പറഞ്ഞാല്‍ ഞാനും കൂട്ടുകാരിയും കൂടി ഇങ്ങനൊരു യാത്ര പുറപ്പെട്ടപ്പോള്‍ തന്നെ പലരും സജസ്റ്റ് ചെയ്തതാന് ഈ വീഗാലാന്‍ഡ്. ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും അതു തീരെ താല്പര്യമില്ലാതിരുന്നതു കൊണ്ടാണ് അതുപേക്ഷിച്ചത്.
"ഇത്രേമൊക്കെ പ്രകൃതിദത്തമായ സ്ഥലങ്ങളും കായലുകളുമൊക്കെ കണ്ടു കഴിഞ്ഞിട്ടും നിങ്ങള്‍ക്ക്` ആ കൃത്രിമസ്ഥലത്തേക്കു പോവാന്‍ തോന്നുന്നുണ്ടല്ലോ ചാച്ചാ!! നിങ്ങളു പൊയ്ക്കോ..ഞാനിവിടൊക്കെ ചുറ്റി നടന്ന് വൈകുന്നേരമാവുമ്പോള്‍ ബാംഗ്ലൂരെയ്ക്കു പൊയ്ക്കോളാം.." ഞാനങ്ങു പ്രകൃതിസ്നേഹിയായി.
"ഡീ നീ ഒരു പ്രാവശ്യമെങ്കിലും വന്നു കാണ്.എന്നിട്ടു തീരുമാനിക്ക് നല്ലതാണോ ചീത്തയാണോ എന്ന്" ചാച്ചനും വിട്ടില്ല..
"ശരി ശരി..പക്ഷെ അവിടെ വെള്ളത്തിലിറങ്ങാനൊന്നും എന്നെ ആരും നിര്‍ബന്ധിക്കരുത്..ഇത്രെം ദിവസാം നല്ല നല്ല കായലുകളൊക്കെ കണ്ടിട്ട് ഇനി ആ ക്ലോറിന്‍ വെള്ളത്തില്‍ പോയി ചാടാന്‍ ഞാനില്ല" ഞാന്‍ ഒരു ഒത്തുതീര്‍പ്പിനു തയ്യാറായി.
വീഗാലന്‍ഡിലെത്തി.വാക്കു പറഞ്ഞ പോലെ തന്നെ വെള്ളത്തില്‍ ചാടാന്‍ ആരും എന്നെ നിര്‍ബന്ധിച്ചില്ല.അല്ല അതു വേണ്ടീം വന്നില്ല.. എല്ലാരെക്കാളും മുന്‍പെ തന്നെ ഞാനാണാദ്യം വെള്ളത്തില്‍ ചാടിയത്. പിന്നെ ആക്രാന്തമായിരുന്നു. കണ്ട വാട്ടര്‍റൈഡ്സിലെല്ലാം വലിഞ്ഞു കേറി. അവസാനം വൈകുന്നേരമായപ്പോഴാണ് ഞങ്ങള്‍ വെള്ളത്തില്‍ നിന്നും കയറിയത്.
തിരിച്ചു വരുമ്പോള്‍ ശരിക്കും തളര്‍ന്നിരുന്നു.ഭയങ്കര വിഷമവും തോന്നി. ഇതോടു കൂടി യാത്ര അവസാനിക്കുകയാണ്. .എന്റെ ബസ് രാത്രി 8 മണിയ്ക്കെ പുറപ്പെടൂ. ഇനിയും രണ്ടു മൂന്നു മണിക്കൂറുണ്ട്. എനിക്കിഷ്ടമുള്ള സ്ഥലത്ത് കൊണ്ടു പോയി ഇറക്കാന്‍ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം കൊടുത്ത് ചാച്ചനും കുടുംബവും റെയില്‍വേസ്റ്റേഷനിലിറങ്ങി.അവരും അന്നു തന്നെ തിരുവനന്തപുരത്തേയ്ക്കു തിരിച്ചു പോവുകയാണ്. 'എങ്ങോട്ടാണ് പോവേണ്ടത്" എന്നു ഡ്രൈവര്‍ ചോദിച്ചപ്പോള്‍ അറിയാതെ പറഞ്ഞു പോയത്` 'മറൈന്‍ ഡ്രൈവ്' എന്നായിരുന്നു. പിന്നെ തിരുത്താനൊന്നും പോയില്ല. പക്ഷെ തലേ ദിവസത്ത അനുഭവം കൊണ്ട് മറൈന്‍ഡ്രൈവിലേക്കു പോവാന്‍ എനിക്കു തീരെ താല്പര്യമുണ്ടായിരുന്നില്ല.ആ സമയത്ത് കൊച്ചിയിലൂടെ ഒറ്റയ്ക്കു നടക്കാനും തീരെ വിശ്വാസമില്ല.
കുറച്ചങ്ങു ചെന്നപ്പോള്‍ റോഡ്സൈഡില്‍ തന്നെ കുട്ടികള്‍ക്കായുള്ള ഒരു പാര്‍ക്ക്..ദൂരെ കായലും കാണാം.."ഇതു മറൈന്‍ ഡ്രൈവിന്റെ തന്നെ ഒരറ്റമാണ്. കുട്ടികള്‍ക്കുള്ള പാര്‍ക്കാണിത്" ഡ്രൈവര്‍ അറിയിച്ചു.എത്ര കണ്ടാലും മതിവരാത്ത രണ്ടു സംഭവങ്ങളാണ് കുട്ടികളും കായലും. അതു രണ്ടും കൂടി ഇതേ പോലെ ഒരു സ്ഥലത്തു തന്നെ ഒത്തു വരികാന്നു വച്ചാല്‍ പിന്നെ വേറെയൊന്നും വേണ്ട..ഞാന്‍ അവിടെ ഇറങ്ങി.സൂര്യനിങ്ങനെ അസ്തമിക്കാന്‍ റെഡിയായി വരികയായിരുന്നു.അത് അസ്തമിച്ചു തീരുന്നതു വരെ അവിടെതന്നെ ഇരുന്നു.
ഇതോടു കൂടി ഈ നെടുനീളന്‍ യാത്രാവിവരണത്തിനും ഇവിടെ ഫുള്‍സ്റ്റോപ്പിടുകയാണ്.
42 comments:
യാത്രാവിവരണം അവസാനിച്ചു .ഇനി ഞാനീ കീബോര്ഡൊന്നു താഴെ വെയ്ക്കട്ടെ :-)
“സ്ഥലം കാണാന്‍ ഭംഗിയുണ്ടായതു കൊണ്ടു മാത്രമായില്ലല്ലോ;വല്ലാതെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷം..എപ്പോള്‍ വേണമെങ്കിലും ഒരാക്രമണം ഉണ്ടായേക്കാം എന്നു തോന്നിക്കുന്ന തരം പെരുമാറ്റങ്ങള്‍..ഞങ്ങള്‍ പെട്ടെന്നു തന്നെ അവിടുന്നു പുറത്തേക്കു കടന്നു”
ശരിക്കും കൊച്ചിയും പരിസരങ്ങളും ഇങ്ങനെ തന്നെയായീ! എല്ലാ നഗരങ്ങളീലും “ഒരാക്രമണം ഉണ്ടായേക്കാം“ എന്നു കരുതി വേണം ഇപ്പോള്‍ സഞ്ചരിക്കാന്‍
കൊള്ളാം. നല്ല കുറച്ച് ദിവസങ്ങള്‍ അങ്ങനെ അങ്ങു തീര്‍ന്നല്ലെ.
എല്ലാം വായിച്ചു. ഒരു മുഷിപ്പുമില്ലാതെ വായിക്കാന്‍ പറ്റുന്നു. അതു തന്നെയല്ലെ ഒരു യാത്രാവിവരണത്തിന്റെ വിജയം. കമന്റിവിടെ മാത്രമെ ഇട്ടുള്ളൂ.
കൊച്ചിയില്‍ ഇത്രമാത്രം അരക്ഷിതബോധം തോന്നുവെന്നത് ചിന്തിപ്പിക്കുന്നു. മറ്റൊരു പോസ്റ്റിന്റെ കമന്റിലും കൊച്ചു ത്രേസ്യ അതെഴുതിയത് ഓര്‍ക്കുന്നു.
അയ്യോ യാത്ര തീര്‍ന്നോ.
അവസാനിപ്പിക്കാനുള്ള വെപ്രാളം കാരണമാണോ.എഴുത്ത് ഒരു വഴിക്കായ് പോയ്. ആ ഒരു പതിവു ത്രെസ്സ്യാ ടച്ച് കിട്ടിയില്ല.
“കൊച്ചു” ത്രേസ്യെ, നാട്ടില്‍ വരുന്ന പല മദാമ്മമാര്ക്കും ഈ “പന്തികേട്” പിടികിട്ടാറില്ലെന്നു തോന്നുന്നു അങ്ങനെയാണല്ലോ നമ്മുടെ “ദൈവത്തിന്റെ സ്വന്തം“ പ്രവര്‍ത്തികള്‍ അവരൊക്കെ അനുഭവിക്കുന്നത്. കാര്ട്ടുവിനെയും കണ്ടുമുട്ടി ല്ലെ? കൊച്ചീല് ചെന്നാല്‍ കാര്ട്ടുവിനെ എങ്ങിനെ കണ്ടുമുട്ടാം എന്ന് ആലോചിക്കാറുണ്ടായിരുന്നു ഞാന്‍ ഇനീപ്പൊ എളുപ്പായല്ലൊ. അവിടെ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ പോയി കുത്തിപ്പിടിച്ച് നിന്നാ മതീല്ലൊ.
വിവരണം മൊത്തം കലക്കി കേട്ടൊ - തമാശ പറഞ്ഞതല്ല
ഹൊ. തീര്‍ന്നല്ലോ.
"എപ്പോള്‍ വേണമെങ്കിലും ഒരാക്രമണം ഉണ്ടായേക്കാം എന്നു തോന്നിക്കുന്ന തരം പെരുമാറ്റങ്ങള്‍"
മറൈന്‍ഡ്രൈവിലെക്കാണ് പോയതെന്ന് എഴുതിയപ്പോള്‍ തന്നെ ഞാനത് അങ്ങോട്ട് ചോദിയ്ക്കാന്‍ ഇരിക്കുകയായിരുന്നു.
നല്ല പോട്ടങ്ങള്. ഉദയസുര്യന്‍ ഉജ്ജ്വലിച്ചു അസ്തമിക്കാനായി നില്ക്കുന്നു!
വിവരണം മൊത്തത്തില്‍ നന്നായിരുന്നു.
ചിത്രങ്ങളും കിടിലന്‍!
"എന്നാലും പ്ലീസാന്റീീ..ഇന്നും കൂടി കഴിഞ്ഞാല്‍ ഞാനിവിടം വിടില്ലേ..ഇനി ഞാനീ നാട്ടിലേയ്ക്ക് ഒരിക്കലും വന്നില്ലെങ്കിലോ"
വെറുതേ പറഞ്ഞതാണെങ്കിലും ശരിയായിരിയ്ക്കും എന്ന ആ ഒരു വിശ്വാസത്തിലായിരിയ്ക്കും പാവം ആന്റി കൂടെ വരാന്‍ സമ്മതിച്ചത്.
അവസാനം വിവരിച്ചു തീര്‍ക്കന്‍ ചെയ്തതുപോലെ ആയിപ്പോയി എഴുത്ത്.
“പിന്നെ ആക്രാന്തമായിരുന്നു. കണ്ട വാട്ടര്‍റൈഡ്സിലെല്ലാം വലിഞ്ഞു കേറി”...
അപ്പോ ഇനി വീഗാലാന്‍ഡില്‍ റൈഡുകള്‍ ഒന്നും ബാക്കിയില്ലേ?
കൊച്ചുത്രേസ്യാ മാഡം :-) ഇങ്ങനെ പൊട്ടിപ്പുറപ്പെട്ട് യാത്ര ചെയ്യാനും മറ്റും ഉള്ള ആ ഗപ്പാസിറ്റിയെ നമിക്കുന്നു... പിന്നെ, എല്ലാ വാല്ല്യങ്ങളും ഇപ്പോഴാണ് വായിച്ചത്... കൊച്ചുത്രേസ്യയുടെ സാധാരണ ഐറ്റംസിന്റെ അത്ര ഭയങ്കര കിടിലന്‍ ഒന്നുമായിട്ടില്ലാ.. യാത്രാവിവരണമായതുകൊണ്ട് ക്ഷമിച്ചു..... അതുകൊണ്ട് ഗൊള്ളാം :-)
അപ്പൊ കൊച്ചിലും പോയി അല്ലെ .. ഇതു പണ്ടു ഞാന്‍ വീട്ടില്‍ വന്നത് പോലെ ആയല്ലോ .. ആറു ദിവസം ലീവ് അതിന്റെ ഇടയില്‍ കേരളം ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ ചുറ്റി അവസാനം അമ്മ ചോദിച്ചു ഇവിടെ ഉള്ളവര്‍ നിന്റെ ആരെങ്ങിലും ആണോ എന്ന് .
കൊച്ചി സാഹിത്യം അത്രക്ക് പോരാട്ടോ .... പിന്നെ കൊച്ചിലും ആലപ്പുഴ യിലും വന്നാല്‍ കൊതുകു കടി കൊള്ളാതെ പോകരുത് . അതും ഈ യാത്രയുടെ ഒരു ഭാഗം ആണ് .
ഓടോ : ഞാനും ഒരു ആലപ്പുഴകാരന് ആണെ ....
.....ഞാനീ കീബോര്ഡൊന്നു താഴെ വെയ്ക്കട്ടെ"
-കാര്വര്ണി പറഞ്ഞത് ശര്യാ ...:)
ചാത്തനേറ്:“ചാച്ചാ പ്ലീസ് എനിക്കിനി ഒരാഴ്ച്കത്തേയ്ക്ക് ഭക്ഷണമേ വേണ്ട..എന്നെയൊന്നു വെറുതേ വിടൂ ”-- ഇത് പറഞ്ഞതാര്് തന്റെ പ്രേതമോ?
കാര്‍ട്ടു!!! കാര്‍ത്തൂ ന്ന് വിളിക്കാത്തത് ഭാഗ്യം സജീവേട്ടോ.
ആ പടങ്ങള്‍ക്ക് ശേഷമുള്ള രണ്ട് മൂന്ന് വരികള്‍ അങ്ങ് കളഞ്ഞേക്കാമോ..
“അത് അസ്തമിച്ചു തീരുന്നതു വരെ അവിടെതന്നെ ഇരുന്നു.” അതാ ഒരു പെര്‍ഫെക്റ്റ് ക്ലാസിക് എന്‍ഡിങ്. അല്ലേ?
തട്ടുകേടു കുടാതെ തിരിച്ചെത്തിയല്ലോ ..
കറ്ത്താവിനെ ക്രുപ …
ആ പറഞ്ഞ മെഴുകുതിരിയങ്ങ് കത്തിച്ചേര് …
"ഇത്രേം വെള്ളം കണ്ടിട്ടും നിന്റെ കൊതി മാറീല്ലേ. നാലു ചാണ് വലിപ്പമില്ലാത്ത ഇതില്‍ എന്തോന്നു ബോട്ടിംഗ്!!"
"വെള്ളത്തില്‍ ചാടാന്‍ ആരും എന്നെ നിര്‍ബന്ധിച്ചില്ല.അല്ല അതു വേണ്ടീം വന്നില്ല.. എല്ലാരെക്കാളും മുന്‍പെ തന്നെ ഞാനാണാദ്യം വെള്ളത്തില്‍ ചാടിയത്. പിന്നെ ആക്രാന്തമായിരുന്നു."
വെള്ളം കണ്ടാല്‍ ശരിക്കും ത്രേസ്യാക്ക് ആക്രാന്തം തന്നെയല്ലെ.
ഈ നീണ്ട യാത്ര കഴിഞ്ഞ് ശരീരമെല്ലാം ഒന്നു ശോഷിച്ചുകാണുമല്ലോ ത്രേസേ.. ഒന്നു പുഷ്ടിപ്പെടുത്തണ്ടേ.. എന്ത് തൊടങ്ങിയെന്നോ?
:)
(കൊച്ചുകുടുംബത്തിലെ ‘കൊച്ചു’കുട്ടി കാര്‍ട്ടു ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ എന്നും പോക്വോ..)
"എത്ര കണ്ടാലും മതിവരാത്ത രണ്ടു സംഭവങ്ങളാണ് കുട്ടികളും കായലും."
എനിക്കിതിലേറ്റവും ഇഷ്ടപ്പെട്ട വാക്യം...
ആശംസകള്‍! :)
കലക്കി..!
നന്നായി..!
അഭിനന്ദനങ്ങള്‍..!
ഇതൊക്കെ നിര്‍ത്തിയതിനാ, സമാധാനമായി......;)
ഒടുവില്‍ ഓടിച്ചിട്ട് അവസാനിപ്പിച്ചു അല്ലേ? ഇനി ബാംഗ്ലൂര്‍ കഥകള്‍ പോരട്ടേ..
("ചാച്ചാ പ്ലീസ് എനിക്കിനി ഒരാഴ്ച്കത്തേയ്ക്ക് ഭക്ഷണമേ വേണ്ട..എന്നെയൊന്നു വെറുതേ വിടൂ പ്ലീീീസ്.." ഇങ്ങനെ പറഞ്ഞത് കൊച്ചുത്രേസ്യ തന്നെയോ? വിശ്വാസം വരുന്നില്ല.. :P)
ഹാവൂ. കൊച്ചി കൊണ്ട് നിര്‍ത്തിയല്ലോ. ഭാഗ്യം.
(ചുമ്മാ പറഞ്ഞതാട്ടോ)
പാവം സജീവേട്ടന്. എന്തോ കണ്ട് പേടിച്ച് ഒരാഴ്ച പനി പിടിച്ച് കിടപ്പായിരുന്നത്രേ..
ഹല്ല. അതെന്തിനാ ഞാന്‍ ഇവിടെ പറഞ്ഞത്?
കൊച്ചേ, യാത്രാവിവരണം കലക്കി. പക്ഷെ അവസാനിപ്പിക്കാന്‍ ഇത്ര തിടുക്കം വേണമയിരുന്നോ?
വെള്ളം വെള്ളം സര്‍വത്രവെള്ളം ഹൊ ഇന്നെങ്കിലും ഒന്നവസാനിച്ചല്ലൊ...
ഇനിയിപ്പൊ സ്ഥലം പറഞ്ഞു പറഞ്ഞു എന്റെ കീബോര്‍ഡ് കളയണ്ടാ..
ആലപ്പുഴ കായലീന്ന് ചാടാന്‍ തോന്നിയിട്ട് ആരും പിടിച്ച് തള്ളിയിട്ടില്ലെ ഹിഹി..
ശ്ശൊ അങ്ങനെങ്ങാന്‍ പറ്റിയിരുന്നെങ്കില്‍ ഈ ചക്രവാളം കാണാന്‍ പറ്റുമായിരുന്നാ ഹെന്റമ്മൊ...............
കണ്ടാ കണ്ടാ... സൂര്യതേജ്ജസ് കണ്ടൊ..
ചക്രവാളം ചുവന്നപ്പോള്‍ എന്താ അതിന്റെ ഒരു ഭംഗി
അങ്ങനെ ഓടി ഓടി ഒരു കരയ്ക്കടിഞ്ഞൂ ഹൊ സമാധാനമായി..
ഇനി അടുത്ത യാത്രാവിവരണങ്ങള്ക്കായ് കാത്തിരിക്കല്ലൊ വരട്ടെ.............
പിന്നെ കാണാം റ്റാറ്റാ...
എല്ലാവരും പറഞ്ഞപോലെ കൊ.ത്രേ.ടച്ച് ഇല്ല
"ഞാന്‍ ആന്റിയെയും വലിച്ചു കൊണ്ട് അങ്ങോട്ടു പോയി!"
:)
ഡൈനിങ്ങ് ഹാളില്‍ ആരോ ഓണാക്കി വെച്ച്രിരിക്കുന്ന ടി വി യില്‍ ഭാര്‍ഗ്ഗവീനിലയം നടക്കുകയാണ്. ആ മുറി കടന്നു വേണം കിടക്കയിലേയ്ക്കു വീഴാന്‍. ഇന്നേതായാലും ഉറങ്ങണ്ടാന്ന് വെച്ചു.
അങ്ങന്യാണ് ഇവിടെ എത്തിപ്പെട്ടത്.
പത്തടിപ്പൊക്കത്തിലെ സ്ലൈഡറില്‍ നിന്ന് കൊ.ത്രേ.യും ഉസ്ക്കീ ആന്റിയും ഇടിഞ്ഞു പൊളീഞ്ഞു വീഴുന്നതു കണ്ട് ഞാന്‍ ‘അരുതേ, വീഴരുതേ’ എന്നു നിലവിളീച്ചാളെക്കൂട്ടിയത് പറയാമായിരുന്നു.
അപ്പുറത്ത്, മറൈന്‍ഡ്രൈവിലെ യമണ്ടന്‍ കെട്ടിടത്തിന്റെ മണ്ടേന്ന് കൊ.ത്രേ. യെ നോക്കി ഇടതടവില്ലാതെ ലൈനടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവരെ തുരത്തിയിട്ടു വരട്ടെ എന്ന് ഉത്സാഹത്തോടെ ചോദിച്ചത് എഴുതാമായിരുന്നു.
ഈ ലേഖകന്‍ സ്പോണ്സര് ചെയ്ത അനേകമനേകം ഐസ്ക്രീമുകളെ കൊ.ത്രേ. കൂള്‍-കൂളായി കൈകാര്യം ചെയ്യുന്നതു കണ്ട് എന്റെ ഡിസംബറിലെ കുടുംബബജറ്റ് അത്ര തന്നെ തവണ ഞന്‍ ഉടച്ചുവാര്‍ത്തതും പിന്നെ, ഗത്യന്തരമില്ലാതെ, ഇടിച്ചുപൊളിച്ചിട്ടതും പിന്നെ, നിങ്ങളാവശ്യപ്പെട്ടപ്പോള്, ‘ആത്മവിദ്യാലയമേ.... മന്നവനാട്ടേ... യാചകനാട്ടേ’, ഞങ്ങള്‍ ഫാമില്യായി പാടി ഒരുവിധം അവിടന്ന് സ്കൂട്ടായതും സൂചിപ്പിക്കാമായിരുന്നു.
അല്ലാ, ആല്ലാ, എവിടെപ്പോയി ആ കൊ.ത്രേ. ടച്ച് ?
“സെന്റിയില്‍ വീഴാത്ത ഒരാന്റിമാരും ഇന്നേ വരെ ലോകത്തുണ്ടായിട്ടില്ല”
:):):)
ഹാവൂ കഴിഞ്ഞൂ ല്ലേ...
ഓഹ് തീര്‍ന്നല്ലോ സന്തോഷം.. :)
തിരികെ പോകുന്ന ടെന്ഷനില് ആയതു കൊണ്ടാകും എല്ലാവരും പറയുന്നത് പോലെ ത്രേസ്യ ടച്ച് ഇല്ല്യാ... :)
"എനിക്കു പിന്നെ അങ്ങനത്തെ നല്ല സ്വഭാവമൊന്നുമില്ലത്തതു കൊണ്ട് ഒരു തൂവാല പോലും വാങ്ങിയില്ല."
അതേയ്.... കല്യാണ്‍ സില്‍ക്കില്‍ നിന്നൊക്കെ എന്തെങ്കിലും വാങ്ങണമെങ്കില്‍ ഗാന്ധി കൊടുക്കണം....ഈ അര്‍ക്കീസ് സ്വഭാവം ജെനറ്റിക്കയി ഇങ്ങു പോന്നതാണോ?
കൊച്ചുത്രേസ്യ ബാംഗ്ലൂരിലെത്തി. ബസ്സില്‍ മീഞ്ചന്തയിലെ ഒരു മൊശട് മണം മാത്രം ബാക്കി.
ഹാവൂ! രക്ഷപെട്ടു.
..ഞാന്‍ അവിടെ ഇറങ്ങി.സൂര്യനിങ്ങനെ അസ്തമിക്കാന്‍ റെഡിയായി വരികയായിരുന്നു.അത് അസ്തമിച്ചു തീരുന്നതു വരെ അവിടെതന്നെ ഇരുന്നു.
(അവിടെ നിര്‍ത്താമായിരുന്നു എന്നു തോന്നി. ബസ്സുവരാന്‍ രവി കാത്തുകിടന്നു..)
ദേശാഭിമാനീ അഭിപ്രായത്തിനു നന്ദി..
വിന്‍സേ ശരിക്കും നല്ല ദിവസങ്ങളായിരുന്നു..ഇനിയെന്നാണോ ഇങ്ങനെയൊരവസം കിട്ടുക..
കണ്ണൂരാനേ നന്ദി
കാര്‍വര്‍ണ്ണമേ ആ ടച്ചിന്റെ കാര്യം ഞാന്‍ സീരിയസ്സായി പരിഗണിക്കുന്നുണ്ട് കേട്ടോ..
വെമ്പള്ളീ മദാമ്മമാര്ക്കൊക്കെ എങ്ങനെ പിടി കിട്ടാനാ. നമ്മളൊക്ക്കെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജനിച്ചു വളര്‍ന്നതു കൊണ്ടല്ലേ പെട്ടെന്നു തന്നെ ഇങ്ങനെയുള്ള സിഗ്നല്‍ കിട്ടുന്നത്..
ശ്രീവല്ലഭാ എങ്ങനെ എങ്ങ്നെ ഉദയസൂര്യം അസ്തമിക്കാനായി നില്ക്കുന്നൂന്നോ!(ദൈവമെ എന്തോ ഉത്തരാധുനിക കമന്റാണെന്നാ തോന്നുന്നത്)
ശ്രീ താങ്ക്സ്..
ഗുപ്താ ഇതു ഞാനൊരു നവീന എഴുത്തു രീതി പരീക്ഷിച്ചു നോക്കിയതല്ലേ..ഗുപ്തനെങ്കിലും അതു മനസ്സിലാവുംന്നു പ്രതീക്ഷിച്ചു ;-)
സൂര്യോദയം നന്ദി
നവരുചിയാ കൊച്ചിയേ എനിക്കിഷ്ടപ്പെട്ടില്ല..അപ്പോ കൊച്ചീ സാഹിത്യവും അത്രയ്ക്കൊക്കെയല്ലെ ഉണ്ടാവൂ :-)
കൈതമുള്ളേ അല്ലേലും നിങ്ങളൊക്കെ ഒരു ഗ്രൂപ്പാ..എനിക്കറിയാം :-)
ചാത്താ പറഞ്ഞതില്‍ കാര്യമുണ്ട്. എന്നാലും ആ വരികളൊക്കെ ഞാന്‍ കഷ്ടപ്പെട്ടു ടൈപ്പീതല്ലേ.. അവിടിരുന്നോട്ടെന്നേ..എല്ലാമങ്ങു പെര്ഫക്ടായാല് ശരിയാകുമോ..
സാക്ഷരാ മെഴുകുതിരിയൊക്കെ എപ്പഴേ കത്തിച്ചു.ഞാനല്ല എന്റെ വീട്ടുകാര്‍ :-)
കൃഷേ സത്യം..ഇതൊരു രോഗമാണോന്നാ ഇപ്പോള്‍ എന്റെ സംശയം..
പപ്പൂസേ താങ്ക്സ്
പ്രയാസീ അടി ങ്ഹാ..
വീണെ അതു ഞാന്‍ തന്നെയാ പറഞ്ഞത്.. എന്താന്നറിയില്ല ചില സമയത്ത് ഇങ്ങനെ ചില അബദ്ധങ്ങള്‍ പറഞ്ഞു പോകും :-(
വിനോദ് നിങ്ങള്‍ക്കൊക്കെ വേണ്ടി ഇത്രയൊക്കെയല്ലേ എന്നെക്കൊണ്ടു ചെയ്യാന്‍ പറ്റൂ :-)
വാല്മീകീ അപ്പോ അന്നു സജ്ജീവേട്ടനെ കണ്ടതിനു ശേഷം ഞാന്‍ രണ്ടാഴ്ച്ക പനിച്ചു കിടന്നതോ!!
സജീ നന്ദി
ജിഹേഷെ യൂ ടൂൂ..
വിശാലാ താങ്ക്സ്
കാര്ട്ടൂ അങ്ങനെ എല്ലാ സീക്രട്ടുമൊന്നും ബ്ലോഗിലൂടെ പറയാന്‍ പാടില്ല. കണ്ടോ അന്നു നമ്മള് ഗമ്പ്ലീറ്റ് ബ്ലോഗ്ഗേര്സിനെം കുറ്റം പറഞ്ഞതൊക്കെ ഞാന്‍ വിദഗ്ദമായി ഒളിച്ചുവെച്ചില്ലേ :-)
അജേഷ് താങ്ക്സ്
പ്രിയേ കഴിഞ്ഞു കഴിഞ്ഞു
നജീമേ അഭിപ്രായത്തിനു നന്ദി
ഹരിതേ ഒരു ഗാന്ധിയയായതു കൊണ്ടായിരിക്കാം പണ്ടേ ഗാന്ധിത്തല വിട്ടൊരു കളിയ്ക്കും ഞാനില്ല ;-)
വനജേ ഞാനും രക്ഷപെട്ടു :-)
ഹരിപ്രസാദ് വന്നതിനും വായിച്ചതിനും നന്ദി
കൊച്ചു ത്രെസ്യോടു ഭയങ്കര ബഹുമാനം തോനുന്നു...ഒറ്റക്ക് ഇത്രേം ഒക്കെ സഞ്ചരിക്കാന്‍ കാണിച്ച ധൈര്യം + initiative ഒന്ന്...പക്ഷെ ഏറ്റവും പ്രധാനം... കമ്പനി ഇല്ല എന്നാ കാരണം കൊണ്ട് യാത്ര ചെയ്യേണ്ട എന്ന് പലപ്പോളും വിചാരിക്കാറുള്ള ഒരു മനുഷ്യന് ആണ് ഞാന്‍....എന്തായാലും ത്രെസ്യെടെ ഈ ബ്ലോഗ് വായിച്ചതിനു ശേഷം "എനിക്ക് ഞാന്‍ തന്നെ ഏറ്റവും വല്യ കമ്പനി എന്ന് ഒരു പെരുത്ത പ്രഖ്യാപനം തന്നെ ഞാന്‍ നടത്തി കഴിഞ്ഞു"...
എന്റെ അന്നദാതാവായ കമ്പനി (ജോലി ചെയ്യുന്ന കമ്പനി) കനിഞ്ഞു ഞാന്‍ ഇപ്പൊ ദക്ഷിണാഫ്രിക്കന്‍ വന്നന്തരങ്ങളില് ഇങ്ങനെ അലഞ്ഞു നടക്കുകയാണ്...ഇത് വരെ ഒറ്റക്കയതിനാല് എങ്ങട്ടും പോവാന്‍ ഒരു മൂട് ഉണ്ടായില്ല...ഇതിപ്പോ ത്രെസ്യെടെ ബ്ലോഗ് വായിച്ചതിനു ശേഷം..."ആഹ അത്രക്കായോ...എന്നാ കാണിച്ചു തരാം" എന്നാ മനോഭാവം ആയിട്ടുണ്ട്.... :)...അതിനു നന്ദി...weekends ഹോട്ടല്‍ മുറിയില്‍ ഇരുന്നു ബോര് അടിച്ചിരുന്ന നേരത്ത് മലബാര്‍ എക്സ്പ്രസ്സ് അങ്ങു വായിച്ചു തീര്‍ത്തു...ഇപ്പൊ മൊത്തത്തില്‍ എഴുത്ത് കാരിയെയും എഴുത്തിനെയും കുറിച്ചു വമ്പന്‍ മതിപ്പായി...
ഇനീം പോരട്ടെ...വായിചിരിക്കാന്‍ നല്ല രസം...ഹിഹി ഒരു ചെലവുമില്ലലോ... :)
അങ്ങനെ കേരള പര്യടനം അവസാനിച്ചു. നല്ല വിവരണം.
അപ്പൊ യാത്ര മുതലാക്കി അല്ലേ...നെക്സ്റ്റ് എപ്പിസോഡ്?
ശൊ, അവസാനിക്കേണ്ടായിരുന്നു. :(
കൊച്ചിയെപ്പറ്റി പറഞ്ഞത് അക്ഷരംപ്രതി സത്യം. അവിടെയാണ് ഞാന്‍ പഠിച്ചത്. മറൈന്‍ ഡ്രയ്വിലൊക്കെ ഞങ്ങള്‍ കൂട്ടം ചേര്‍ന്നു മാത്രമേ പോകാറുള്ളൂ.
ത്രേസ്യേ,, എല്ല ഭാഗവും വായിക്കുനുണ്ടായിരുന്നു.കമ്മന്റിയതു ഇപ്പൊഴാണെന്നു മാത്രം..കൊള്ളാം.നല്ല വിവരണം.
വീഗാലാണ്ട് ഒരു ആഴ്ചത്തെക്കു അറ്റകുറ്റ പണികള്‍ക്കായി അടച്ചിടുകയാണെന്നു പത്രത്തില്‍ കണ്ടു.ഇപ്പൊഴല്ലേ കാര്യം മനസ്സിലായത് :-)
പിന്നെ കൊച്ചി കണ്ടെന്നു കേട്ടപ്പോള്‍ ഓര്‍മ്മ വന്നതു "കൊച്ചി കണ്ടവനു അച്ചി വേണ്ടെന്നെ" പഴംചൊല്ലാണ്. അതൊക്കെ പണ്ടത്തെ കൊച്ചി. ഇപ്പൊഴത്തെ കൊച്ചി ഒക്കെ എന്തിരു കൊച്ചികള്‍..
പൊറ്റെക്കാടിന്റെ ആത്മാവ് ഇപ്പോ ആശ്വസിക്കുന്നുണ്ടാകും..!
ആശംസകള്‍
:)
എന്നും സ്നേഹത്തോടെ
ഉപാസന
l.s.m. കണ്ണും പൂട്ടി അങ്ങോട്ടിറങ്ങെന്നേ.. ഇതു പോലുള്ള അവസരങ്ങളൊന്നും വെറുതെ കളയരുത്..
കുതിരവട്ടാ അവസാനിപ്പിച്ചു എന്നു പറയുന്നതാവും ശരി. താങ്ക്സുണ്ടേ..
മനു നെക്സ്റ്റ് എപിസോഡ് ഇനി അടുത്ത പ്രാവശ്യം ലീവ് കിട്ടുമ്പോള്‍..
അപണ്ണര് ശരിയാണ്.അവിടെ കൂട്ടം കൂടി പോകുന്നതു തന്നെയാ നല്ലത്.
സുമുഖാ വീഗാലാന്ദിന്റെ ചില പോരായ്മകളൊക്കെ ഞാന്‍ ചിറ്റിലപ്പള്ളി അങ്കിളിന് കാണിച്ചു കൊടുത്തിരുന്നു. ആള്‍ക്കത് ചങ്കീ കൊണ്ടു കാണും. അതല്ലേ ഇത്ര പെട്ടെന്ന് അറ്റകുറ്റപണികള്‍.. :-)
ഉപാസനേ പൊറ്റക്കാടിന്റെ ആത്മാവിപ്പോള്‍ നെഞ്ചത്തടിച്ചു നിലവിളിക്കുന്നുണ്ടാകും.'ഇങ്ങനെയും യാത്രാവിവരണമോ!!' എന്നും ചോദിച്ച്.. :-)
: )
(വീണ്ടും രണ്ടുകുത്ത് വളഞ്ഞവര)
oru smasana mookatha........
vayikkukayayirunnilla.......
anubhavikkukayayirunnu......
കടപ്പാടു :
ആലപ്പുഴയും ഇടുക്കിയുമൊക്കെ കാണാന്‍ കൊതിക്കാത്ത മലയാളിയുണ്ടോ? കപ്പയും മീനും തിന്നാന്‍ കൊതിക്കാത്ത മനുഷ്യനുണ്ടോ? ഒരു ചില്ലിക്കാശു പോലും മുടക്കില്ലാതെ ഇത്രയും എനിക്കു വെറും 1 മണിക്കൂറില്‍ സാധ്യമാക്കിത്തന്ന കൊച്ചുത്രേസ്യക്കു ഒരായിരം നന്ദി രേഖപെടുത്തുന്നു ഇവിടെ അനന്ദ ബ്ലോഗത്തില്‍
Post a Comment